എസ്. ജോസഫ്: എഴുത്തച്ഛൻ അടിച്ചേൽപ്പിച്ച ക്രമക്കണക്കുകൾ തെറ്റിച്ചിട്ട ഭാഷാകവി
നോവലിന്റെയും ചെറുകഥയുടെയും ഭാഷ, അതിലേക്ക് ബഹുജനങ്ങൾ വരാത്തതുകൊണ്ട് തന്നെ തികച്ചും സവർണമാണ്. മലയാള കവിതയിൽ മാത്രമാണ് തദ്ദേശീയ മനുഷ്യരുടെ ഭാഷ ഇപ്പോൾ തെളിച്ചമായിട്ടുള്ളത്. കവിതയിൽ ഭാഷാ ജനാധിവത്കരണത്തിന് മുഖ്യവഴി തെളിച്ചിട്ടത് കവി എസ്. ജോസഫ് തന്നെയാണ്. അദ്ദേഹത്തിനെതിരെ ശത്രുത ഉണ്ടാവുന്നതിന്റെ മുഖ്യകാരണം ഭാഷയിലും സാഹിത്യത്തിലും അദ്ദേഹം നിർമിച്ചിട്ടുള്ള, പാരമ്പര്യവാദികൾക്ക് ഇനിയും തളക്കാൻ കഴിയാത്ത പുതുവഴികൾ തന്നെയാണ്. ഡോ. എ.കെ വാസു എഴുതുന്നു.
തൊണ്ണൂറുകൾക്ക് ശേഷമാണ് ഗദ്യത്തിലെഴുതുന്ന കവിതകൾക്ക് മലയാള സാഹിത്യത്തിൽ സവിശേഷസ്ഥാനം ലഭിക്കുന്നത്. സംഗീതത്തെ കുടഞ്ഞെറിഞ്ഞ ഗദ്യകവിതാ പ്രവേശം പദ്യത്തിൽ മാത്രം കവിതയെ കണ്ടെത്തിയിരുന്ന നമ്മുടെ ആസ്വാദന ഭാവുകത്വത്തിൽ മറ്റൊരു ജീവിതം സാധ്യമാക്കി.
വീടില്ലാതെ അലയുന്നവരുടെയും അശരണരുടെയും തെറിച്ചുവരുന്ന വാക്കായിരുന്നു എ. അയ്യപ്പന്റെ ഗദ്യത്തെ കവിതയാക്കിയത്. കാര്യങ്ങൾ പറഞ്ഞങ്ങനെ പോകുന്നതിനിടയിൽ മിന്നൽ വെട്ടം പോലെ വരുന്ന പൊളിറ്റിക്കൽ സറ്റയറുകളാണ് കെ.ജി ശങ്കരപ്പിള്ളയുടെ ഗദ്യത്തെ കവിതയാക്കിയത്. ചരിത്രവും അനുഭൂതിയും ചേർന്ന ലയമാണ് സച്ചിദാനന്ദന്റെ ഗദ്യത്തിൽ കവിത തെളിച്ചത്. ഭാഷാശാസ്ത്രത്തിന്റെ ട്വിസ്റ്റുകളാണ് അയ്യപ്പപണിക്കരുടെ ഗദ്യത്തിൽ കവിത ചേർത്തത്. ബിംബങ്ങളുടെ സന്നിവേശമായിരുന്നു ആറ്റൂരിന്റെ ഗദ്യത്തിലെ കവിത.
ആധുനീകരായ മേൽചൊന്നവരുടെയെല്ലാം കാവ്യവഴിയിൽ രൂപപരമായ ഇടർച്ച കാണാമെങ്കിലും ഭാഷാവ്യന്യാസം പാരമ്പര്യവഴികളുടെ തുടർച്ച തന്നെയാണ്. ഉദാഹരണത്തിനായി ആറ്റൂരിന്റെ സംക്രമണം എന്ന കവിതാ ഭാഗം ചേർക്കുന്നു.
പുരങ്ങളും ജന-
പദങ്ങളും ചൂഴും വനവഹ്നികളി-
ലവൾതന്നുഗ്രമാം
വിശപ്പ് ചേർക്കാവൂ, കലർത്തിടാവുഞാ-
നവൾതൻ വേദന
ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപമണയ്ക്കാവൂ
വിളനിലങ്ങളെയുണക്കിടുന്ന സൂര്യനിൽ
വസൂരിമാല കൊരുത്ത വ്യോമത്തിൽ
ബലിമൃഗമായി-ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി (സംക്രമണം, ആറ്റൂർ രവിവർമ്മയുടെ കവിതകൾ).
സംസ്കൃതഭക്തി വിടാത്തൊരു “അക്ബർനാമാ” ഗദ്യപൂരം ഇത്തരം കവിതകളിൽ പലരും തുടരുന്നതാണ് അധുനീകരുടെ ഗദ്യകവിതയിലും ശ്രദ്ദേയം. മനുഷ്യർക്ക് സംസാരിക്കാൻ ഒരു ഭാഷയും കവിതക്ക് സംസാരിക്കാൻ മറ്റൊരു ഭാഷയും വേണമെന്ന് ഒട്ടേറെ കവികളും ധരിച്ചു വെച്ചിരിക്കുന്നെന്നു കാണാം. ഈ ശ്രേണിയിലുള മലയാള കവികളിലെല്ലാം “എഴുത്തച്ഛൻ എടുത്ത ഭാഷാക്രമക്കണക്കായ മണിപ്രവാള ഭാഷാ ശബ്ദങ്ങളുടെ തുടർച്ച തന്നെയായിരുന്നു. “പാദജനായ” എഴുത്തച്ഛനെടുത്ത ഈ ക്രമക്കണക്കിൽ ആധുനികതക്ക് തൊട്ടു മുൻപുള്ളവർ അഭിമാനം കൊള്ളുന്നത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കൊടുങ്ങല്ലൂർ കളരിയടക്കമുള്ള ത്രൈവർണീകരുടെ (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ) സങ്കേതങ്ങളിൽ നിന്ന് ശൂദ്രരായ കവികൾക്ക് വീണുകിട്ടിയ അംഗീകാരം എന്നതിനാലാണ് ഈ അഭിമാനം മഹത്തരമാവുന്നതും. ഈ പ്രശ്നമേഖലയെ ഡോ. എം. ലീലാവതി ഇങ്ങനെയെഴുതുന്നു. “സംസ്കൃത ഭാഷയിൽ അത്ഭുതകരമായ പാണ്ഡിത്യം നേടിയിട്ടും, നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കേ ശരണം എന്ന സിദ്ധാന്തത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉറച്ചുനിന്നു” (പുറം 136, മലയാള കവിതാസാഹിത്യ ചരിത്രം). എഴുത്തച്ഛൻ ശൂദ്രനായ കവിയായിട്ടുപോലും എഴുത്തച്ഛന്റെ കാവ്യഭാഷയിൽ ക്ഷത്രീയനായ “തമ്പുരാൻ” ഉറച്ചുനിന്നതിലെ നാലാംവർണക്കാരുടെ അഭിമാനമാണ് ഡോ.എം. ലീലാവതി ഇവിടെ പ്രഖ്യാപിക്കുന്നത്.
സേയം ദ്വിത: ഉൽകൃഷ്ടാപകൃഷ്ട ചാ: എന്ന കേരളഭാഷ സംബന്ധിച്ച ലീലാതിലക വാക്യം നാലു വർണക്കാർക്കു (സവർണർക്ക്) മാത്രം ബാധകമായ ഭാഷയെന്നതാണ് പറഞ്ഞു വെക്കുന്നത്. അതായത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വിഭാഗത്തിനൊപ്പം അൽപ്പം വൈകിയെങ്കിലും ശൂദ്രവിഭാഗങ്ങളെയും ചേർത്തുള്ള സമ്പൂർണ സവർണ ഭാഷ.
മണിപ്രവാളം മിശ്രമാക്കുന്നത് സംസ്കൃതവും മലനാട്ടുഭാഷയും ആയിരുന്നുവെന്ന് സിദ്ധാന്തിക്കുമ്പോൾ തന്നെ, നാട്ടുഭാഷ എന്നതിൽ കേരളത്തിൽ ജീവിച്ചിരുന്ന ബഹുജനങ്ങളുടെ മൊത്തമായ ഭാഷയായിരുന്നില്ല എന്ന കാര്യം ഇനിയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും സാഹിത്യമെഴുത്തിലൂടെ തുടരുന്ന വരമൊഴി എല്ലാവരുടെയും ഭാഷയായിരുന്നെന്ന് സാഹിത്യചരിത്ര അദ്ധ്യയനങ്ങൾ അതിവിദഗ്ധമായി കേരളത്തിലെ മനുഷ്യരെ തെറ്റുദ്ധരിപ്പിച്ചു. മണിപ്രവാള കാലഘട്ടത്തിൽ സാമാന്യ ജനതകളിൽ ഭൂരിഭാഗംപേർ സാഹിത്യ ലോകത്തിന്റെ എന്നല്ല, സാമൂഹിക ജീവിതത്തിന്റെ പോലും ദൃഷ്ടിയിൽ പെട്ടിരുന്നില്ല എന്ന വസ്തുതയും തമസ്കരിച്ചു.
സംസ്കൃതവും കേരള ഭാഷയും കൂടിച്ചേർന്ന് ആധുനിക മലയാള ഭാഷയുണ്ടായെന്നു സാഹിത്യ ചരിത്രമെഴുത്തുകൾ വാദിച്ചുറപ്പിച്ചിട്ടുണ്ട്. ആ കേരള ഭാഷയിൽ എല്ലാ കേരളീയരുമുണ്ടെന്നാണ് പറഞ്ഞു വെക്കുന്നത്. ഇവിടുത്തെ നമ്പൂതിരി ജീവിതത്തോട് ദാസ്യഭാവേന ചേർന്നു നിൽക്കാൻ അവസരം സിദ്ധിച്ച സാമൂഹിക വിഭാഗങ്ങളുടേതു മാത്രമായ വ്യവഹാര ഭാഷയാണെന്ന കാര്യവും സാഹിത്യചരിത്ര പഠനങ്ങൾ ഒളിച്ചു. സംസ്കൃത ഭാഷയിൽ നിപുണരായ നമ്പൂതിരിമാരുടെ “അസാധാരണത്വത്തിനു” തൊട്ടിപ്പുറം എന്ന കാഴ്ച്ചയിൽ നിന്നാണ് നായർ ഭാഷക്ക് സാധാരണജന ഭാഷയെന്ന ഖ്യാതി ചാർത്തിക്കിട്ടുന്നത്. കുഞ്ചൻ നമ്പ്യാരുടെ ഭടജനങ്ങൾ എന്ന പരികൽപ്പന പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്.
സാഹിത്യ ചരിത്ര കർത്താക്കളെല്ലാം സാധാരണ ജനങ്ങൾക്കായുള്ള കല എന്ന ബഹുമതി തുള്ളലിനും, ജകീയകവി, ബഹുജനകവിത തുടങ്ങിയ വിശേഷണങ്ങൾ നമ്പ്യാർക്കും ചാർത്തിക്കൊടുത്തിട്ടുണ്ട്. അതിനെയെല്ലാം പിൻപറ്റി, കൂത്ത്, കൂടിയാട്ടം, കഥകളി മുതലായ കലകൾ അമ്പലമതിൽകെട്ടിൽ ഉള്ളവർക്ക് മാത്രമേ മനസ്സിലാവൂ എന്നതിനാൽ കുഞ്ചൻ നമ്പ്യാർ സാധാരണക്കാർക്കുവേണ്ടി ഉണ്ടാക്കിയ ജനകീയ കലയാണ് തുള്ളൽ എന്ന് ഡോ. എം. ലീലാവതി സ്ഥാപിക്കുന്നുണ്ട് (പുറം 110, മലയാള കവിതാസാഹിത്യ ചരിത്രം, 1980). അതിനായി മുഴുവൻ സാഹിത്യ ചരിത്ര രചയിതാക്കളും ഉദാഹരിക്കുന്ന കവിതാ ഭാഗങ്ങൾ നോക്കുക.
ഭടജനങ്ങളുടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു
ചാരുകേരള ഭാഷതന്നെ ചിതംവരൂ
കടുകടെപ്പടു കഠിന സംസ്കൃത വികട
കടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല
തിരിക്കുമൊക്കെയുമേറ്റുടൻ” (സഭാപ്രവേശം).
ചിരിക്കുന്ന കഥ കേട്ടാലിരിക്കു-
മായതല്ലെങ്കിൽ
തിരിക്കുമിങ്ങനെ ഭാവിച്ചിരിക്കുന്ന ഭടൻമാരെ
ചിരിക്കാതെ രസിപ്പിക്കാ-
നൊരിക്കലുമെളുതല്ല (കുംഭകർണവധം)
വലിപ്പമുള്ളവർക്കും
വയസ്സുചെന്നവർക്കും
നൽകുലത്തിലുള്ളവർകൾക്കും നാരിമാർക്കും
ശിശുക്കൾക്കും ഇരിപ്പാൻ സംഗതിയുള്ള
കവികൾ ചൊല്ലിയെങ്കിൽ
കേട്ടിരിപ്പാനാഗ്രഹമുണ്ടാമെന്നിയേസൽക്കഥ കേട്ടാൽ
തിരിപ്പാനെന്തൊരു മാർഗ്ഗമെന്നു
നോക്കുന്നവരേറും (ഹനുമദുത്ഭവം)
ഇത്രയും ഭാഗങ്ങൾ ചേർക്കാൻ കാരണം ഇവിടെയെല്ലാം ആവർത്തിച്ചു വരുന്ന “ഭടജനങ്ങൾ” എന്ന പദം ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ്. ഭടജനങ്ങൾക്ക് എന്ന പദം വിപുലീകരിച്ച്, സാധാരണ ജനങ്ങൾക്കായുള്ളതാണ് തന്റെ കവിതയെന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞിരിക്കുന്നതെന്ന അധ്യാപക വചനം ശ്രവിക്കാത്ത മലയാളം വിദ്യാർത്ഥികൾ ഉണ്ടാവില്ല.
എന്നാൽ ആരാണ് ഈ ഭടജനം? ആ നാമപദം കേരളീയ സമൂഹത്തിലെ മുഴുവൻ സാധാരണ ജനസമൂഹത്തേയും ഉൾക്കൊള്ളുന്നുണ്ടോ ഇല്ലെന്നാണുറപ്പ്. ഭടജൻ എന്ന പദത്തിനർഥം ബഹുജൻ എന്നല്ല. ഘോഷയാത്ര എന്ന തുള്ളൽ കൃതിയിൽ കുഞ്ചൻ നമ്പ്യാർ തന്നെ പറയുന്നത് “ജാതിക്കർഹതയില്ലാതുള്ളതു ചെയ്തിടുന്ന ജനങ്ങളുമില്ലാ” എന്നാണ്.
അപ്പോൾ “ഭടജനമാകാൻ” ജാതികൊണ്ട് അർഹത നിഷ്കർഷിച്ചിരുന്ന സാമൂഹിക വിഭാഗം ഏതെന്നു ചരിത്രം പരിശോധിച്ചാൽ അത് നായർ വിഭാഗം മാത്രമായിരുന്നു എന്നു കാണാം. നമ്പ്യാരുടെ കൃതികളിൽത്തന്നെ പടയാളികൾ നായന്മാരായിരുന്നു എന്നതിനെക്കുറിച്ച് നിരവധി തെളിവുകളുണ്ട്.
നായന്മാരെ കൊണ്ടൊരു ഫലമി-
ല്ലായുധമുള്ളവർ തന്നെ ചുരുക്കം
കള്ളുകുടിക്കാനല്ലാതൊന്നിനു-
കൊള്ളരുതാത്ത ജളന്മാരേറും (കിരാതൻ തുള്ളൽ).
കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമേറിയ മലയാള കൃതിയെന്ന് പറയപ്പെടുന്ന രാമചരിതത്തിൽ മുതൽ “ഊഴിയിൽ ചെറിയവർ” പടയാളികളാണെന്ന് പറയുന്നത് കാണാം. രാമചരിതത്തിൽ യുദ്ധകാണ്ഡം മാത്രം വർണിക്കുന്നത് പടയാളികൾക്ക് വായിക്കാൻ ഉണ്ടായതു കൊണ്ടാണ്. സാഹിത്യചരിത്രം വിലയിരുത്തിയിട്ടുണ്ട് “ഊനമറ്റെഴുമിരാമചരിതത്തിൽ നിന്നൊരു തെല്ലൂഴിയിൽ ചെറിയവർക്കറിയുമാറുരചെയ് വാൻ” എന്നതിലെ ചെറിയവർ ഭടജനങ്ങളായ നായർ വിഭാഗങ്ങൾ തന്നെ.
“മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ” എന്ന കൃതിയിൽ എരുമേലി പരമേശ്വരൻ പിള്ളയെഴുതുന്നു: ത്രൈവർണികരിൽ (ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവർ ഉൾപ്പെട്ട വിഭാഗം) പെടാത്ത ജനസാമാന്യ (ശൂദ്രർ)മാണ് ഊഴിയിൽ ചെറിയവർ. ക്ഷേത്രങ്ങളുടെയും രാജ്യങ്ങളുടെയും സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സർവ്വാധിപത്യം ത്രൈവർണ്ണീകർക്കായിരുന്നു. അവരുടെ ആശ്രിതരായി കളരികൾ സ്ഥാപിച്ച്, യുദ്ധമുറകൾ അഭ്യസിച്ച് ആവശ്യം നേരിടുമ്പോൾ യുദ്ധത്തിൽ പങ്കെടുത്ത്, അധികാര വർഗത്തെ സേവിച്ചവരാണ് ഈ ചെറിയവർ. അവർക്ക് യോജിച്ച ഒരു പടപ്പാട്ട്തന്നെ രാമചരിതം.
രാമായണത്തിന്റെ ആന്തരിക സത്ത ചെറിയവരുടെ മുൻപിൽ അനാവരണം ചെയ്യാതെ യുദ്ധകാണ്ഡംമാത്രം അവതരിപ്പിച്ച ചീരാമകവി രാജപക്ഷക്കാരനായിരുന്നു എന്നത് വ്യക്തം. ഇക്കാര്യം ഡോ.സി. അച്യുത മേനോനും അടിവരയിടുന്നു. “രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളുടെ സമ്മർദ്ദം മൂലം മാനസികമായ സജ്ജീകരണങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സൈനിക പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നായന്മാർ നിർബന്ധിതരായി തീർന്നിരുന്നു. ഇതിന്റെ ഫലമായി പൊതുവിൽ ജനങ്ങളെ ആകമാനം ഒരു ബുദ്ധിപരമായ ഊഷര അവസ്ഥ വലയം ചെയ്യുമെന്ന അന്തരീക്ഷം ഉളവായി. ഈ സാംസ്കാരികമായ ആപൽ ഗർത്തത്തിൽ നിന്നാണ് തന്റെ നാട്ടുകാരെ, വിശേഷിച്ചും നായന്മാരിൽ ഭൂരിഭാഗത്തെയും സാധാരണക്കാരെയും എഴുത്തച്ഛൻ രക്ഷപ്പെടുത്തിയത് (പുറം 164, എഴുത്തച്ഛൻ ആൻഡ് ഹിസ് എയ്ജ്, ഡോ. സി. അച്യുതമേനോൻ).
ഇതേകാര്യം സാമൂഹിക ചിന്തകനും ചരിത്രകാരനുമായ കെ.കെ കൊച്ച് അംബേഡ്കറുടെ ഭാഷാ സംസ്ഥാന രൂപീകരണത്തിലെ നിലപാടുകൾ ഉദ്ധരിച്ചു കൊണ്ട് “ഭാഷയും ജനതയും” എന്ന ലേഖനത്തിൽ ഇങ്ങനെ വിലയിരുത്തുന്നു:
“ഭാഷാ ദേശീയവാദത്തിൽ ഉൾക്കൊണ്ടിരുന്ന സാമുദായിക മേധാവിത്വ താൽപര്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് 1936ൽ ഡോക്ടർ ബി.ആർ അംബേഡ്കർ പറഞ്ഞു. ഒരു ഭാഷാ സംസ്ഥാനത്ത് കൊച്ചുകൊച്ചു സമുദായങ്ങൾക്ക് ഉറ്റുനോക്കാൻ എന്താണുള്ളത്. നിയമസഭകളിലേക്ക്തെരഞ്ഞെടുക്കപ്പെടുമെന്ന് അവർക്ക് ആശിക്കാനാവുമോ? സർക്കാർ സർവീസിൽ ഉദ്യോഗം ലഭിക്കുമെന്ന് ആഗ്രഹിക്കാനാവുമോ? തങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് ശ്രദ്ധയർഹിക്കപ്പെടുമെന്ന് കരുതാനാവുമോ?ഈ സാഹചര്യങ്ങളിൽ ഭാഷാസംസ്ഥാന രൂപീകരണത്തിന്റെയർഥം, സ്വരാജ്യം ഭൂരിപക്ഷ സമുദായത്തിന് കൈമാറുക എന്നതായിത്തീർന്നു. ഗാന്ധിജിയുടെ സ്വരാജ്യത്തിന്റെ എന്തൊരന്ത്യം പ്രശ്നത്തിന്റെ ഈവശം മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഭാഷാ പ്രവിശ്യകൾ എന്നുപറയാതെ, ഒരു റെഡ്ഡി സംസ്ഥാനം എന്നോ ഒരു മറാത്താ സംസ്ഥാനം എന്നോ പറഞ്ഞാൽ മനസ്സിലാകും”. കേരളത്തിൽ ഭാഷാദേശീയവാദം നായർ സമുദായത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങളിലൂടെയാണ് ഉയർത്തപ്പെട്ടത്. അവരാകട്ടെ ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷമായിരുന്നില്ല, ന്യൂനപക്ഷമായിരുന്നു. ഈ സമുദായത്തിൽ നടന്ന നവോത്ഥാനങ്ങളുടെ ലക്ഷ്യം, ഇതര സമുദായങ്ങളെ ഏകോപിപ്പിച്ചൊരു ജനതയാക്കുകയിരുന്നില്ല, മറിച്ച് സ്വന്തമായൊരു സാമുദായിക സ്വത്വമാർജിക്കുകയായിരുന്നു. ഇതാകട്ടെ സാമ്പത്തിക ഘടങ്ങളിലൂടെ എന്നതിലുപരി സാംസ്കാരികമായിട്ടായിരുന്നു.”
ചുരുക്കത്തിൽ നായർ നമ്പൂതിരി വേഴ്ച്ചയിലുണ്ടായ സന്തതിയാണ് ആധുനീകമെന്നു നാം ഇന്നുവിളിക്കുന്ന മലയാളം. മുല്ലപ്പൂചൂടിയ നായർ പെൺകൊടി എന്ന രവിവർമചിത്രം, മുല്ലപ്പൂചൂടിയ മലയാളി പെൺകൊടി എന്ന് തിരുത്തി സ്കൂളുകളിൽ പഠിപ്പിച്ചിട്ടുള്ളത് ഓർമിക്കുന്നു. അതുപോലെ നായർ അവകാശങ്ങൾക്കായി തിരുവിതാംകൂർ സർക്കാരിനു സമർപ്പിച്ച നായർ മെമ്മോറിയലിന്റെ പേര് മലയാളി മെമ്മോറിയൽ എന്നുമായിരുന്നു. സവർണ മേധാവിത്വമുള്ള ഭാഷയെ ആധുനിക മലയാളം എന്ന് സ്ഥാപനവത്കരിച്ചിട്ട്, ആ വരമൊഴിയിൽത്തന്നെയാണ് ആധുനിക കവികളും ഉത്തരാധുനിക കാലത്തെ കവികളിൽ പലരും കാവ്യസൃഷ്ടി നടത്തിയിട്ടുള്ളത്.
രാജ്യഭരണാധികാരവും സാഹിത്യ രചനാധികാരവും കുത്തകയാക്കിയ സാമൂഹിക വിഭാഗത്തിന്റെ ജീവിതവും വികാരവിചാരങ്ങളും ഭാഷയും എല്ലാവരുടേയുംമേൽ അടിച്ചേൽപ്പിക്കുക മാത്രമല്ല, എല്ലാവരും ഉൾച്ചേർന്നതാണ് അതെന്ന പെരുംനുണ ഒളിച്ചുകടത്തുകയും ചെയ്തു. “ഭാരതീയ കവിതയിലെ പ്രതിരോധ പാരമ്പര്യം” എന്ന ലേഖനത്തിൽ ഇക്കാര്യം കെ.കെ ബാബുരാജ് എഴുതുന്നുണ്ട്. “പത്തൊമ്പതാം നൂറ്റാണ്ടിൽ അച്ചടി വ്യാപകമായപ്പോൾ വരമൊഴിയിലേക്ക് കൂടുതലായി പ്രവേശിച്ചത് സവർണ/മധ്യമ ജാതികളാണ്. അവരുടെ സ്വത്വപരമായ പുനർനിർമിതികൾ അധികാര വ്യവസ്ഥയിൽ നിർണായകമായയതിലൂടെ, കീഴാളരുടെയും സ്ത്രീകളുടെയും സന്നിഗ്ദ്ധതകൾ അമൂർത്തമാവുകയോ പുറന്തള്ളപ്പെടുകയോ ചെയ്തു. ഈഘട്ടത്തിൽ സവിശേഷമായ പിതൃരൂപങ്ങൾ ഭാഷയിൽ സ്ഥാപനവത്കരിക്കുകയുമുണ്ടായി. “മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛൻ” മുതലായ പിതൃസ്വരൂപങ്ങൾ ഇൻഡ്യയെമ്പാടുമുള്ള പ്രാദേശിക ഭാഷകളിൽ രൂപപ്പെട്ട പശ്ചാത്തലമിതാണ്. ഇത്തരം പിതൃസ്വരൂപകങ്ങളാൽ മറക്കപ്പെട്ട രൂപകങ്ങളാണ് നമ്മുടെ സംസ്കാരത്തിന്റെ പ്രതിരോധ ധാരകളെ ചലനാത്മകമാക്കിയതെന്നതാണ് യാഥാർത്ഥ്യം” (പുറം- 45, മറ്റൊരു ജീവിതം സാധ്യമാണ്, കെ.കെ ബാബുരാജ്- സബ്ജറ്റ് ആന്റ് ലാംഗേജ് പ്രസ്, 2008)
നവോത്ഥാനകാലത്ത് കുമാരനാശാന്റെ മലയാള കവിതയിലെ അനിഷേധ്യമായ കർത്തൃത്വം മുൻചൊന്ന കാര്യങ്ങൾക്ക് അപവാദമാണ്. ചണ്ഡാല ഭിക്ഷുകി ദുരവസ്ഥ തുടങ്ങി നിരവധി എഴുത്തുകൾ കീഴാളലോകത്തെ ദൃശ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അവയിലെയെല്ലാം ഭാഷാ സ്വീകരണത്തിൽ എഴുത്തച്ഛൻ ക്രമക്കണക്കിന്റെ വക്‌താവായിരിക്കുന്നതിൽ കുമാരനാശാനും അതീവതാൽപര്യംതന്നെ പുലർത്തുന്നു. അതിന്റെ മകുടോദാഹരണമാണ് പ്രരോദനത്തിന്റെ ഭാഷാരീതി.
സവർണ്ണയ്ക്ക് തൃപ്തമായൊരു വർണ്ണനാരീതിയും ആശാനിൽ രൂഢമൂലമായിരുന്നു. പായുന്ന ഉടലുകളും പതിക്കുന്നഉടലുകളും എന്ന ലേഖനത്തിൽ കെ. കെ ബാബുരാജ് ഇത് വിശദമായി എഴുതുന്നുണ്ട് “ചണ്ഡാലഭിക്ഷുകിയുടെ ഉടലിന്റെ വർണ്ണന കീഴ്ജാതിക്കാരുടെ ജീവിതാവസ്ഥയെ ഒരുവിധത്തിലും പ്രതിനിധാനം ചെയ്യുന്നതല്ല. ബ്രാഹ്മണ സാഹിത്യത്തിലെ സവർണ്ണകാമ ശരീരങ്ങളുടെ പെരുക്കങ്ങളിലൂടെ സങ്കൽപ്പിച്ച് എടുത്തതാണ് അവളുടെ ശരീരം.
ദുരവസ്ഥയിലെ ചാത്തനെ റോബിൻസൺ ക്രൂസോയെ പോലെ ഏകാകിയാക്കി കാണിച്ചതിലൂടെ അയാളുടെ സമുദായത്തെയും അമ്മപെങ്ങൻമാരുൾക്കൊള്ളുന്ന സ്ത്രീകളെയും ഒഴിവാക്കാനായി അപരങ്ങളെ സന്നിഹിതമാക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നതായും യഥാർത്ഥത്തിൽ പുറന്തള്ളുന്നതുമാണീ സൂചകവ്യവസ്ഥ. (പുറം – 212 മറ്റൊരു ജീവിതം സാധ്യമാണ്. കെ. കെ .ബാബുരാജ്)
കോവിലുകൊട്ടാരങ്ങളുടെ അകത്തളത്തിൽ നടന്ന ഭാഷാ സംസ്കൃത യോഗത്തിൽ പുറത്താക്കപ്പെട്ടത് ഭൂരിപക്ഷമായ ബഹുജനങ്ങളുടെ വ്യവഹാരഭാഷയാണ്. വ്യവസ്ഥാപിത കാവ്യരചനക്കു വെളിയിൽ നാടൻപാട്ടിലും നാടോടിക്കഥകളിലും മാത്രമായി ആ ജീവൽഭാഷ വേറിട്ട വഴികളിലൂടെ വളരുക തന്നെ ചെയ്തു.
മുഖ്യധാരയെന്നു പേരെടുത്ത സവർണ കാവ്യധാരയെ അലോസരപ്പെടുത്തിക്കൊണ്ട് ബഹുജനഭാഷയും ബഹുജന ജീവിതവും കവിതയിലേക്ക് കൊണ്ടുവന്നു എന്നതാണ് ദലിത് കവിതയുടെ സവിശേഷത. അത് ആശയപരമായി മാത്രമല്ല ഭാഷാപരമായും മലയാള കവിതയെ തിരുത്തുകയും ജനാധിപത്യവത്ക്കരിക്കുകയും ജനകീയമാക്കുകയും ചെയ്തു.
ദലിത്, ആദിവാസി, മുസ്‌ലിം, സ്ത്രീ, ഇതര മതന്യൂനപക്ഷങ്ങൾ, മത്സ്യത്തൊഴിലാളിസമൂഹം, ലാറ്റിൻ ക്രൈസ്തവ വിഭാഗം, തുടങ്ങിയവരുടേതായ കവിതകൾ താന്താങ്ങളുടെ ഭാഷയിലൂടെ എഴുതപ്പെട്ടപ്പോൾ മാത്രമാണ് മലയാള കാവ്യഭാഷ അതിന്റെ ജനാധിപത്യം പൂർത്തിയാക്കുന്നത്. കവിതയുടെ ലോകം മുൻപില്ലാത്ത വിധം സംവാദാത്മകവും ബഹുസ്വരവും ആയിത്തീർന്നിരിക്കുന്നു.
ചുരുക്കത്തിൽ എഴുത്തച്ഛൻ എടുത്ത ഭാഷാ ക്രമക്കണക്ക് ലംഘിക്കാൻ സാധിച്ചപ്പോൾ മാത്രമാണ് മലയാളഭാഷ ജനാധിപത്യപരവും ബഹുസ്വരവും ആകുന്നത്. അതിൽ ആശയപരമായി മാത്രമല്ല, ഭാഷാപരവുമായി ഇടപെട്ടു എന്നതിലാണ് എസ്. ജോസഫിന്റെ കവിതാ ഇടപെടൽ ചരിത്രപരമാകുന്നത്. ‘ധ്വനി’ എന്ന കവിത അത്തരം ഇടപെടലുകളുടെ മാനിഫെസ്റ്റോയാണ്.
ദൂരാന്വയ സങ്കീർണതകളും സംസ്കൃത ബാഹുല്ല്യ പദാവലികളും സംസ്കൃതസാഹിത്യം അടിച്ചേൽപ്പിച്ച പുരാണേതിഹാസങ്ങളും ആധുനികരെ മാത്രമല്ല, ഉത്തരാധുനിക കവികളിൽ പോലും ഒഴിയാബാധയായി നിൽക്കുന്നത് കാണാം. തീവ്രവിപ്ലവം അവതരിപ്പിക്കുമ്പോഴും മഹാഭാരതത്തിലെ ധൃതരാഷ്ട്ര സഞ്ജയ സംവാദമാണല്ലോ കെ.ജി ശങ്കരപ്പിളളയുടെ ‘ബംഗാൾ’ എന്ന കവിതയിൽ പരിസരമൊരുക്കുന്നത്. ആധുനികതക്ക് തുടക്കം കുറിച്ചെന്നു സ്ഥാപിക്കുന്ന അയ്യപ്പപണിക്കരുടെ കവിതയും ഇതിഹാസത്തിലെ കാൽപനികമായ കുരുക്ഷേത്രത്തിൽ തന്നെയാണ് കാലുറപ്പിക്കുന്നത്.
ഹൈന്ദവീകമായ ക്ഷേത്രപരിസരവും തറവാടു കേന്ദ്രീകൃത മഹത്വ പ്രഘോഷണങ്ങളും, പാനിന്ത്യൻ പുരാണേതിഹാസങ്ങളുമായിരുന്നു ആധുനികതക്ക് പോലും വിളനിലമാകുന്നത്. അവയുടെ ആധിപത്യം പൂർണമായി നിഷേധിച്ചത് ഉത്തരാധുനിക കവിതകളാണെന്നു പറയാൻ കഴിയും. സവർണ കേന്ദ്രീകൃതമായ കാവ്യബിംബ സന്നിവേശങ്ങളിൽ നിന്നും സവിശേഷമായി വേറിടാൻ കഴിഞ്ഞത് എസ്. ജോസഫ് കവിത തുറന്നിട്ട പുതുവഴികളാണ്. നാട്ടുജീവിതവും സാധാരണ തൊഴിലാളികളുടെയും മീൻകാരുമടങ്ങുന്ന കാവ്യബിംബങ്ങൾ കവിതയിൽ എസ്. ജോസഫ് സ്ഥാനപ്പെടുത്തി. കവി എന്നത് ഒരു അധികാര പദവിയാണെന്ന് വിശ്വസിച്ചുകൊണ്ട് സംസാരിക്കുന്നൊരു രീതിയും ആധുനിക കവികളിൽ കാണാം. സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ എന്ന കവിത നോക്കുക.
എനിക്ക് നിന്റ കരുണ വേണ്ടാ
ഉപഗുപ്തൻ.
നിന്റെ കണ്ണുനീരഭിഷേകം
ഈ മാംസപിണ്ഡത്തെ
ദേവതയാക്കി മാറ്റുകയില്ല
നിനക്കത് കഴിയുമായിരുന്നു എന്റെ ഉടൽ
വസന്തമായപ്പോൾ, എന്റെ
രക്തം തേനായിരുന്നപ്പോൾ
പൂമ്പൊടി വാരിപ്പൂശി കാറ്റിലുലഞ്ഞ്
ഞാൻ നിന്നെ മാടിവിളിച്ചപ്പോൾ” (പുറം 55, വാസവദത്ത ഉപഗുപ്തനോട്, സമുദ്രങ്ങൾക്ക് മാത്രമല്ല, സച്ചിദാനന്ദൻ, ഡി.സി ബുക്സ് 2017)
കെ.ജി ശങ്കരപ്പിള്ളയുടെ കാവ്യശൈലി നോക്കുക.
വസന്തത്തിന്റെ ഇടിമുഴക്കം
സ്വപ്നം കേൾപ്പിച്ചകാലം
ഭാവി കാണിച്ച കാലം
ഞങ്ങൾ വന്നു
വാഗ്പുലരിയായി കണ്ടു തെരുവുകളിൽ
ഓടിയാർക്കുന്ന കുഞ്ഞുങ്ങളുടെ ചോര
സൗമ്യമായി വീണുപോയിട്ടും സ്വപ്നത്തിൻ
എതിർ ജീവനോടെ (പുറം 24, വരൂ കാണൂ ഈ രക്തത്തിലെ തെരുവ്, കെ.ജി ശങ്കരപ്പിള്ള, ഓർമകൾകൊണ്ടു തുറക്കാവുന്ന വാതിലുകൾ, മനോരമ-പെൻഗ്വിൻ ബുക്സ് 2008).
മുൻകാണിച്ച രണ്ടു ഗദ്യകവിതകളിലും എഴുത്തച്ഛനെടുത്ത ക്രമകണക്കു മാത്രമല്ല, കവി ഒരു അധികാര സ്ഥാനമായും പ്രവർത്തിക്കുന്നത് വ്യക്തമാണ്.
ഭാഷയിൽ മാത്രമല്ല, അനുഭവ ലോകത്തിന്റെ തിരഞ്ഞെടുപ്പിലും കവിയുടെ ഭാഷക സ്ഥാനത്തിലും വേറിടൽ സാധ്യമായതു കൊണ്ടാണ് എസ്. ജോസഫിന്റെ കവിത ഭാവുകത്വപരമായ സവിശേഷ വ്യതിയാനമാകുന്നത്. ഒരാൾ മറ്റൊരാളോട് പറയുന്നതിനെ തിരിച്ചിടാതെ, നേരെയങ്ങ് പറയുന്നത് നോക്കുക.
നിങ്ങൾ എന്താണ് കരുതുന്നത്, കോംപ്ലക്സ് എന്നോ?
ഒരു പാവപ്പെട്ടവൻ, താണവൻ പോരെങ്കിൽ
കറുമ്പൻ കേരളത്തിലെങ്ങനെ ജീവിക്കുന്നു
എന്ന് നിങ്ങൾക്കറിയാമോ? അതെ, ഇതെല്ലാം പലയിടങ്ങളിലുമുള്ള
പലരുടെയും അനുഭവമാണ്
പെണ്ണുങ്ങളുടേതുൾപ്പെടെ
എന്നെച്ചേർത്ത് എപ്പോഴും വായിക്കല്ലേ (പുറം 61, ഗ്രൂപ്പ് ഫോട്ടോ, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, 2009).
ഇവിടെ കരുതുന്നതെന്താണ് നിങ്ങൾ എന്നോ വായിക്കല്ലേ എന്നെച്ചേർത്ത് എപ്പോഴും എന്നോ വാക്യം മറിച്ചിടാതെ നേരേയൊരാൾ വർത്തമാനം പറയുന്നതിനെ അതേപടി കവിതയിൽ എഴുതുകയും ചെയ്തിരിക്കുന്നു. ‘ധ്വനി, മലയാള കവിതക്കൊരു കത്ത്’ തുടങ്ങിയ കവിതകൾ ഇത്തരം സവിശേഷ വേറിടലിനെ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
കുമാരനാശാൻ കാവ്യത്തിന്റെ പ്രമേയ സ്വീകരണത്തിൽ മാത്രം വ്യതിയാനം കൊണ്ടു വന്നെങ്കിൽ, പ്രമേയത്തിനൊപ്പം ഭാഷയിലും, കവിതാ ഭാവുകത്വത്തിലും സവിശേഷമായ വേറിടൽ നടത്തിയതിനാലാണ്, കുമാരനാശാനു ശേഷം തത്തുല്ല്യമായ കവിവ്യക്തിത്വമാണ് എസ്. ജോസഫ് എന്ന് ഉറപ്പിച്ചു പറയുന്നത്.