പൗരത്വ നിഷേധത്തിന്റെ സാംസ്കാരിക യുക്തി

February 2, 2020

കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പങ്കുവെച്ചത് ഒരു അഖണ്ഡഭാരതമെന്ന സ്വപ്നമാണ്. അഖണ്ഡഭാരത സങ്കൽപം പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത് ഹിന്ദു ചിഹ്നങ്ങളിലൂടെയാണ് അതു നിലനിൽക്കുന്നത് എന്നാണ്. പക്ഷേ അഖണ്ഡഭാരതമല്ല ബഹുസ്വരതയുടെ സഹവർത്തിത്വമാണ് ഇൻഡ്യയുടെ ആത്മാവ് എന്ന് പറഞ്ഞതാണ് ഡോ. അംബേഡ്ക്കറുടെ സവിശേഷത. എല്ലാ മനുഷ്യരെയും എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന ചേർത്ത് പിടിക്കുന്ന സിദ്ധാന്തം.
കോഴിക്കോട് നടന്ന വാച്ചൗട്ട് അഖില ഭാരതീയ ആന്റി-നാസി ഫിലിം ഫെസ്റ്റിവലിൽ ഡോ. എ.കെ.വാസു നടത്തിയ പ്രഭാഷണം.

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ ഇൻഡ്യയിലുടനീളം വലിയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. സിനിമയാക്കമുള്ള കലകൾ വീണ്ടും കാണുന്നതിലൂടെ ഒരു വേറിട്ട പ്രതിഷേധമാണ് നമ്മൾ രൂപപ്പെടുത്തുന്നത്. അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇവിടെ പലരും സംസാരിച്ചപ്പോൾ മനസിലാവുന്നത് ‘മത രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് ഹിന്ദുത്വ അജണ്ട’ എന്ന നിലക്കാണ് ചർച്ചകളൊക്കെ പോയിക്കൊണ്ടിരിക്കുന്നത്. ഇൻഡോനേഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ജീവിക്കുന്ന രാജ്യമാണ് ഇൻഡ്യ. ഭരണഘടനയും ദേശീയ പതാകയും എന്നു തുടങ്ങി രാജ്യത്തിൻ്റെ തന്നെ മുദ്രകൾ തന്നെ ഉയർത്തിയാണ് ഇവിടെ ജനങ്ങൾ സമരത്തിനു മുന്നോട്ട് വരുന്നത്. അംബേഡ്ക്കർ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട ഒരു കാര്യം കൊളോണിയലാനന്തര വിഭജനത്തിനു ശേഷം ഇൻഡ്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ് ഭാരതമെന്ന ഇൻഡ്യൻ ദേശീയത രൂപപ്പെടുത്തി എടുക്കുന്നത്. അംബേഡ്ക്കർ അടിവരയിട്ട് പറഞ്ഞൊരു കാര്യം പാക്കിസ്ഥാൻ ഒരുപക്ഷേ മത രാഷ്ട്രമായി മാറിയേക്കാമെങ്കിലും ഇൻഡ്യ ഒരു മതേതര രാഷ്ട്രമാവണം എന്നാണ്. സിഖ്, പാർസി, ബുദ്ധ തുടങ്ങി ഇൻഡ്യയിലുള്ള എല്ലാ മതങ്ങളും മതവിശ്വാസികൾ അല്ലാത്ത എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ള ലോകത്തിലെ തന്നെ വ്യത്യസ്ത മതങ്ങൾ ജീവിക്കുന്ന ഏത് രാജ്യത്തിനും മാത്യക ആകാവുന്ന പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളായുള്ള വിഭാഗങ്ങൾ വളരെ സൂക്ഷ്മ തലത്തിലാണെങ്കിൽ പോലും ‘ഈ രാജ്യം എൻ്റേത് കൂടിയാണ് എന്ന് തോന്നുന്ന തരത്തിൽ ഭരണകൂടവും അവിടുത്തെ രാഷ്ട്രവും പ്രവർത്തിക്കുമ്പോഴാണ് അവിടെ ജനാധിപത്യം അതിൻ്റെ യഥാർഥ വിജയത്തിലെത്തുന്നതെന്ന് അംബേഡ്ക്കർ സൂചിപ്പിക്കുകയുണ്ടായി.

ഇന്നലെകളിൽ മുഖ്യധാരാ രംഗത്തെ ചർച്ചകളിൽ ദൃശ്യത കിട്ടാതിരുന്ന ഒരു നേതാവാണ് ഡോ.ബി.ആർ. അംബേഡ്ക്കർ. പലപ്പോഴും അദ്ദേഹത്തെ കോട്ട് ധരിച്ച ഒരു ബ്രിട്ടീഷ് ഏജന്റ് എന്ന നിലക്ക് ചുരുക്കി കാണാൻ ശ്രമിച്ചിട്ടുണ്ട്.  അല്ലെങ്കിൽ ഹരിജനങ്ങൾക്ക് വേണ്ടി സംവരണത്തിനു ശ്രമിച്ച ദലിതനായ ഒരാൾ എന്ന് ചുരുക്കി കാണാൻ ഒരു ഇരുപത് വർഷങ്ങൾക്ക് മുമ്പുവരെയെങ്കിലും ശ്രമിച്ചിട്ടുണ്ട്. ഇൻഡ്യ എന്നു പറയുന്ന ഈ രാജ്യം ഇന്ന് നിലനിൽക്കുന്നത് തന്നെ ഈ പറയുന്ന ബഹുസ്വരതകൾക്ക് അകത്താണ്.

പൗരത്വ പ്രക്ഷോഭത്തിൽ നിന്ന്

കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പങ്കുവെച്ചത് ഒരു അഖണ്ഡഭാരതമെന്ന സ്വപ്നമാണ്. അഖണ്ഡഭാരത സങ്കൽപം പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത് ഹിന്ദു ചിഹ്നങ്ങളിലൂടെയാണ് അതു നിലനിൽക്കുന്നത് എന്നാണ്. പക്ഷേ അഖണ്ഡഭാരതമല്ല ബഹുസ്വരതയുടെ സഹവർത്തിത്വമാണ് ഇൻഡ്യയുടെ ആത്മാവ് എന്ന് പറഞ്ഞതാണ് ഡോ. അംബേഡ്ക്കറുടെ സവിശേഷത. എല്ലാ മനുഷ്യരെയും എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന ചേർത്ത് പിടിക്കുന്ന സിദ്ധാന്തം. ലോകത്തിനു തന്നെ പുതിയ അറിവ് മുന്നോട്ട് വെക്കാൻ അംബേഡ്ക്കറിനു കഴിഞ്ഞു. സത്യത്തിൽ അതു വരെ ഉണ്ടായിരുന്നേ ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയുടെ അധികാരങ്ങളെ മറിച്ചിട്ടാണ് ഇൻഡ്യൻ ഭരണഘടന അധികാരത്തിൽ വരുന്നത്. അതായത് മനുസ്മൃതി മാത്രമായിരുന്നു അതുവരെയുള്ള ഭരണഘടന. അതിനെ മാറ്റിവെച്ചുകൊണ്ട് എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന ഒരു ഭരണഘടന ഉണ്ടാക്കിക്കൊണ്ടാണ് ഇൻഡ്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ തുടക്കം. കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും മുഴുവൻ ബഹുസ്വരതകളെയും ഉൾകൊള്ളിച്ച് കൊണ്ടുള്ള ഒരു ഭരണഘടന നിശിതമായി ഒരു നാട്ടിൽ നിലനിന്നു എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. പക്ഷേ ചില കവികളൊക്കെ പറയുന്നത് പോലെ ഏത് വീടും കാടാക്കാനുള്ള പ്രവണത ഉണ്ട്. അത് അടിച്ചു വാരിയില്ലെങ്കിൽ, ആൾതാമസമില്ലങ്കിൽ അതിൽ വേരും പുല്ലും കയറി കാടായി മാറും. കാടായി മാറാനുള്ള പ്രണത എതു വീടിനുമുള്ള പോലെ തന്നെ പ്രാചീനമായ അധികാരങ്ങൾക്കുമുണ്ട്. അത് തീർച്ചയായും ബ്രാഹ്മണ്യ അധികാരമാണ്.

നമുക്കറിയാം ഇൻഡ്യ – കേരളത്തിൽ കുറച്ച് വ്യത്യാസം ഉണ്ടെങ്കിലും – തീർച്ചയായും ആണധികാരങ്ങളുടെ അകത്ത് തന്നെയാണ് അന്നും ഇന്നും. ഋഷികൾ അല്ലെങ്കിൽ ആർഷഭാരത ബ്രാഹ്മണനു വേണ്ടി ക്ഷത്രിയൻ രാജ്യം ഭരിക്കുക അല്ലെങ്കിൽ ശൂദ്രർ അവരുടെ കർമ്മങ്ങൾ ചെയ്യുക തുടങ്ങിയ ബ്രാഹ്മണ്യ പ്രിവിലേജിനു അകത്താണ് ഭരണഘടന നിലനിന്നിരുന്നത്. നമുക്ക് പലപ്പോഴും തോന്നും ഹിന്ദു എന്ന ഭൂരിപക്ഷ സമൂഹത്തിൻ്റെ താൽപര്യങ്ങളാണ് ഇത്തരം ചിന്തകളിൽ വർക് ചെയ്യുന്നതെന്ന്. അവിടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പ്രസക്തി ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നത്. നിങ്ങൾക്കറിയാമായിരിക്കും, നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തീവ്രവാദികളുടെയും മിതവാദികളുടെയും രണ്ടു ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. അതിൽ തീവ്രവാദികളുടെ ഗ്രൂപ്പിൽ പെട്ട ഒരാളായിരുന്നു ബി.എസ്.മൂഞ്ചെ. അദ്ദേഹം ഒടുവില്‍ ഹിന്ദുക്കളുടെ രാജ്യം എന്ന നിലക്ക് ഹിന്ദു രാഷ്ട്ര സങ്കൽപം രൂപപ്പെടുത്തി. അതിനു വേണ്ടി ഇറ്റലിയിൽ പോയി മുസോളിനിയെ നേരിട്ട് കാണുകയും അവിടെയുള്ള സ്ഥാപനങ്ങൾ ഓരോന്നായി സന്ദർശിക്കുകയും അവിടുത്തെ ആറ് മുതൽ പതിനഞ്ചവരെയുള്ള കുട്ടികൾ എങ്ങിനെയാണ് മിലിറ്റന്റായി വളരുന്നത് എന്നും അവരുടെ വികാരമെന്താണ് എന്നിങ്ങനയുള്ള കാര്യങ്ങൾ നേരിട്ടു കണ്ട് മനസിലാക്കുകയും ഒരു മാസത്തോളം അവിടെത്തന്നെ നിന്ന് ഈ പരിപാടികളൊക്കെ നേരിട്ടു കണ്ട് പഠിച്ച് ഇൻഡ്യയിൽ വരികയും ചെയ്തു. ഇൻഡ്യയിലേക്ക് അയാൾ തിരിച്ചുവരുന്നത്, അവിടെ ആര്യൻ വംശീയതയാണെങ്കിൽ ഇവിടെ ബ്രാഹ്മണിക വംശീയത അഥവാ ബ്രാഹ്മണിക ശുദ്ധവാദത്തെ എങ്ങനെ നിലനിർത്തും, അതിനെന്തെല്ലാം ചെയ്യാൻ പറ്റുമെന്ന ചിന്തയിലാണ്. അങ്ങനെയാണ് നാഗ്പൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന രൂപo കൊള്ളുന്നത്. നമ്മൾ നോക്കിയാൽ മനസിലാവുന്ന സംഗതി, രൂപം കൊണ്ടിട്ട് ഇത്രയും കാലം ആർഎസ്എസിന് അഖിലേന്ത്യാ തലത്തിൽ ഒരു നേതാവുണ്ടെങ്കിൽ അതൊരു ബ്രാഹ്മണൻ മാത്രമേ ആവൂ. ബ്രാഹ്മണികമായ അധികാരങ്ങളെ ക്ഷത്രിയനിലൂടെയും ശൂദ്രനിലൂടെയും ദലിതനിലൂടെയും പിന്നാക്കക്കാരനിലൂടെയും എങ്ങനെയാണ് സ്ഥിരമായി സ്ഥാപിച്ചെടുക്കുന്നത്, എങ്ങിനെയാണ് അവരുടെ വംശശുദ്ധി രാജ്യത്തിൻ്റെ ഈ അവസ്ഥയിൽ നിലനിർത്താൻ കഴിയുന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ആ കാലങ്ങളിൽ ഇന്നോളം സംഘടനകൾ എടുത്തിട്ടുള്ളൂ. 

എക്കാലത്തും വംശശുദ്ധിയുടെ അപരങ്ങളായിട്ട്, പുറങ്ങളായിട്ട് അതിനെ കളങ്കപ്പെടുത്തുന്ന അൽപ ജീവികളായി അല്ലെങ്കിൽ മൃഗങ്ങളായിട്ടൊക്കെയാണ് അവർ മറ്റു വിഭാഗങ്ങളെ മനസിലാക്കുന്നത്. ആര്യസംസ്കൃതിയിൽ യഹൂദന്മാരാണ് ആര്യവംശത്തെ കളങ്കപ്പെടുത്തുന്നവർ അല്ലെങ്കിൽ ആ ‘വംശത്തിൻ്റെ ശുദ്ധിയെ ഇല്ലാതാക്കുന്നത്’. പലപ്പോഴും ഇൻഡ്യ എന്ന് പറയുന്ന രാജ്യത്ത് ബ്രാഹ്മണികമായ അധികാരങ്ങളെ ആത്മീയമായോ രാഷ്ട്രീയമായോ ചോദ്യം ചെയ്യുന്ന, അതിന് പ്രതിരോധ ശേഷിയുള്ള ഒരു വിഭാഗം തീർച്ചയായും മുസ്‌ലിംകൾ തന്നെയാണ്.

കേരളത്തിൽ തന്നെയുള്ള മുന്നേറ്റങ്ങൾ എടുത്തു നോക്കിയാൽ മനസിലാകും, കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ കീഴാള പെൺക്കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പ്രതിരോധമായി വരുന്നത് കായംകുളം കൊച്ചുണ്ണിയാണ്. ബ്രാഹ്മണിക്കലായ അധികാര വ്യവസ്ഥിതികൾ കീഴാളങ്ങളെ തോൽപിക്കുമ്പോൾ പ്രതിരോധങ്ങൾ ഉണ്ടാക്കുന്നത് മുസ്‌ലിംകളാണ്. പലപ്പോഴും ബ്രാഹ്മണനെ അനുസരിക്കാതിരിക്കുന്നതും പുച്ഛിക്കുന്നതും ദൈവകോപമാണ് എന്ന ബോധത്തെ ഏതെങ്കിലും തരത്തിൽ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത് ഇസ്‌ലാമിനാണ്. 

ബി.എസ്.മൂഞ്ചെ, ബെനീറ്റോ മുസോളിനി

ഒറ്റനോട്ടത്തിൽ ബ്രാഹ്മണിക്കൽ ബോധങ്ങളോട് പ്രതിപക്ഷമായി, പ്രതിരോധമായി ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിംകൾ. അതായത് കൃസ്ത്യൻ വംശീയവാദികൾക്ക് യഹൂദരെങ്ങനെ എതിരാളികളായി വരുന്നോ, അതേപോലെ ബ്രാഹ്മണ്യ ബോധങ്ങളിൽ തീർച്ചയായും മുസ്‌ലിംകൾ, മുസ്‌ലിം ആത്മീയത, അവരുടെ പ്രവർത്തനങ്ങൾ, ചിന്താഗതികൾ, കലകൾ തുടങ്ങിയവ എതിരായി വരികയും അതിനെ ഏതൊക്കെ തരത്തിൽ ഉന്മൂലനം ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് കാണുന്ന പ്രതിസന്ധികളൊക്കെ ഉത്ഭവിക്കുന്നത്. നമ്മൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വന്ന പഠനങ്ങൾ എടുത്ത് വായിച്ചാൽ മനസിലാകും ഒരുപക്ഷേ ലോകത്ത് തന്നെ ഇത്രയും കാലം കണ്ടതിൻ്റെ എത്രയോ ഇരട്ടി മനുഷ്യരെ രാജ്യമില്ലാത്തവരായി പ്രഖ്യാപിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ആസന്നമായിരിക്കുന്നതെന്ന്. പക്ഷേ അതിനെ വളരെ നിസ്സാരമായി കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. എങ്ങിനെയെന്ന് ചോദിച്ചാൽ, എസ്.ജോസഫിൻ്റെ ഒരു കവിതയിൽ അദ്ദേഹം ആദിവാസികളെ കുറിച് പറയുന്നുണ്ട്. വേറൊരു ഗ്രഹത്തിലുള്ള ഒരാൾ ചോദിക്കുന്നത് നീ ഭൂമിയിലാണോ ജനിച്ചത് എങ്കിൽ ഭൂമിയില്ല എന്നാണ്. അതേപോലെ ഏതൊരു രാജ്യത്താണോ ജനിച്ചത് ആ രാജ്യക്കാരനല്ലാതാവുന്ന അവസ്ഥ. ഒരിക്കലും ഇൻഡ്യയിലെ മുസ്‌ലിംകളെ വേറൊരു രാഷ്ട്രവും അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ കീരി എന്ന കവിതയിൽ പറയുന്നത് “മൃഗമെന്ന് മനുഷ്യൻ എന്നെ പേടിക്കുന്നു, മനുഷ്യൻ എന്നെ മൃഗമെന്ന് മറക്കുന്നു” എന്നാണ്. മൃഗങ്ങളുടെ ഭാഗത്തോ മനുഷ്യരുടെ ഭാഗത്തോ നിൽക്കാൻ പറ്റാതെ പാതി മനുഷ്യരായി പോകുന്ന ആളുകളെ കുറിച്ചാണ് അദ്ദേഹം കീരി എന്ന കവിതയിൽ പറയുന്നത്. ഇൻഡ്യയിലെ തന്നെ പൗരൻമാരായിരിക്കുകയും ഇവിടത്തെ ഭരണകൂടം തന്നെ നിങ്ങളുടെ പൗരത്വത്തെ കുറിച്ച് സംശയിക്കുകയും  ചെയ്യുന്ന തരത്തിലുള്ള ചിന്താഗതി രൂപപ്പെടുത്തുകയും ചെയ്യുന്ന സമയത്താണ് ഇത്തരം വിഷയം സംവദിക്കുന്നത്. 

ഫാസിസത്തെ പറ്റി ആളുകൾ പറയുമല്ലോ വഴിക്ക് നിൽക്കുവാണ് എത്തിയിട്ടില്ല വരുന്നേ ഉള്ളൂ എന്നൊക്കെ. അതേ പോലെയാണ് പലരും ഇൻഡ്യയിലെ ഹിന്ദുരാഷ്ട്ര വാദത്തെ നോക്കിക്കാണുന്നത്. യഥാർഥത്തിൽ ഇത് ഒരു ഹിന്ദു രാഷ്ട്രമായി മാറിക്കഴിഞ്ഞു. ഉത്തർപ്രദ്ദേശ് നോക്കിയാൽ ഇതൊക്കെ വ്യക്തമായി മനസിലാക്കാം.

ഹിന്ദു രാഷ്ട്രം വരുന്നേ ഉള്ളൂ എന്നൊക്കെ പറയുന്നത് നമ്മുടെ ഭാവനയാണ്. ഇനി അവിടുത്തെ അപരനെ അല്ലെങ്കിൽ മുസ്‌ലിംകളെയും ആദിവാസികളെയും ദലിതരെയും പിന്നോക്കക്കാരെയും പാഴ്സി എന്ന പറയുന്ന വംശത്തെ തന്നെയും ഇല്ലായ്മ ചെയ്തു കൊണ്ട് വംശശുദ്ധി നിലനിർത്തിക്കൊണ്ടാണ് കാര്യങ്ങൾ പോയ്കൊണ്ടിരിക്കുന്നത്. 

മലയാള സിനിമകൾ എടുക്കുകയാണെങ്കിൽ നവോത്ഥാന കാലത്തിനു ശേഷം, തൊണ്ണൂറുകൾക്ക് ശേഷം ഈ സിനിമാക്കാർ ശ്രമിക്കുന്നത് ഈ വംശീയതയെ വീണ്ടും വീണ്ടും എങ്ങിനെ ശരിയാക്കി എടുക്കാമെന്നാണ്. പുറമേയ്ക്ക് ഊ ശുദ്ധിവാദം നല്ലതായി തോന്നാം. ബ്രാഹ്മണർ ബാഹ്മണരെ മാത്രമായും നായർ നായരെയും മുസ്‌ലിം മുസ്‌ലിമിനെയും കീഴാളർ കീഴാളരെ മാത്രവും കല്ല്യാണം കഴിക്കുന്നു. പക്ഷേ കലർപ്പാണ് ശരി. കലർപ്പാണ് ജനാധിപത്യം. ഈ കലർപ്പിനെ എതെങ്കിലും തരത്തിൽ അംഗീകരിക്കുന്ന ഒരു സിനിമയും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. കെ.കെ.ബാബുരാജ് തന്റെ ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്ന പുസ്തകത്തിൽ ‘ആറാം തമ്പുരാൻ’ എന്ന സിനിമയെയാണ് വിശകലനം ചെയ്യാനെടുത്തിരിക്കുന്നത്. ആ സിനിമയിൽ രണ്ടു ബ്രാഹ്മണരാണുള്ളത്. ഒന്ന് അവിടുത്തെ പ്രശ്നക്കാരനായ ബ്രാഹ്മണൻ. മറ്റൊരാൾ പുറത്ത് പോവുകയും കലാപങ്ങളെല്ലാം പഠിച്ചിട്ട് നാട്ടിലേക്ക് വരുന്ന മറ്റൊരു തമ്പുരാൻ. അവിടെ ക്ഷേത്രങ്ങൾ പുനസ്ഥാപിക്കണo എന്നു പറഞ്ഞാണ് നായർ വിഭാഗങ്ങളെല്ലാം ഇയാളുടെ അടുത്തേക്കാണ് വരുന്നത്. അതിൽ അഗസ്റ്റിൻ്റെ ഒരു മുസ്‌ലിം കഥാപാത്രത്തെ, ഏറ്റവും മെരുക്കപ്പെട്ട കഥാപാത്രമായിട്ടാണ് കാണിക്കുന്നത്. ‘ഞാൻ ഇവിടെ നിന്നോളാം’ എന്നു പറയുന്ന, കോവിലകം തീണ്ടുന്നത് തെറ്റാണ് എന്ന് മനസിലാക്കുന്ന നല്ല മുസ്‌ലിം എന്ന നിലക്കാണ് ആ കഥാപാത്രം നിൽക്കുന്നത്. ഇങ്ങിനെ എങ്ങനെയാണ് ഒരു സമൂഹത്തിനെ ശുദ്ധിക്കനുസൃതമായി പാറ്റേൺ ചെയ്യേണ്ടുന്ന തരത്തിലുള്ള ആറാം തമ്പുരാന്റെ പലതരത്തിലുള്ള രൂപങ്ങളാണ് മലയാളത്തിൽ രൂപംകൊണ്ടിട്ടുള്ളത്.

അതുപോലെ തന്നെ മറ്റൊരു കാര്യം ഗ്രാമം എന്ന് പറയുന്ന സങ്കൽപത്തെ കുറിച്ചാണ്. “നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” എന്നാണ് പറയുന്നത്. കേരളത്തിൽ ഇത്രമാത്രം നന്മയുള്ള ഏതെങ്കിലും ഗ്രാമങ്ങൾ കാണിച്ചു തരാൻ കഴിയുമോ? ഒരിക്കലുമില്ല. കേരളത്തിലെ ഒരു ഗ്രാമവും നന്മയായി നിലനിൽക്കുന്നില്ല എന്നതാണ്. ജാതിയെ അങ്ങനെ തന്നെ നിലനിർത്തുന്നത് കേരളത്തിലെ ഗ്രാമങ്ങളാണ്. ഇപ്പോഴും ഗ്രാമത്തിലെ എൻ്റെ സ്വത്വം എന്ന് പറയുന്നത് ഇയാളുടെ മകൻ ഈ ജാതി എന്നാണ്. പേര് അന്വേഷിക്കുമ്പോ ഏത് ജാതിയാണ് എന്നാണ് ചോദിക്കുന്നത്. ജാതിയാണ് ഒരാളുടെ സ്വത്വം. ജാതീയതയെ അതേ നിലക്ക് നിലനിർത്തുന്ന ഗ്രാമങ്ങളെയാണ് നന്മയാൽ സമൃദ്ധം എന്ന് വിശേഷിപ്പിക്കുന്നത്.  കുറ്റിപ്പുറത്തു കേശവൻ നായരുടെ കവിതയെ അങ്ങിനെ തന്നെ സിനിമയാക്കുകയാണ് സത്യൻ അന്തിക്കാട് ചെയ്തിട്ടുള്ളത്. അമൽ നീരദിന്റെ സിനിമകളിലേക്ക് വരുമ്പോഴേക്കും അതിൽ ദുഷ്ട കഥാപാത്രങ്ങളായിട്ട് മുസ്‌ലിംകളെ തന്നെയാണ് കണ്ടത്. ഈയോബിൻ്റെ പുസ്തകത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന ഒരു മുസ്‌ലിം കഥാപാത്രം വലിയ കുഴപ്പക്കാരനായിട്ടാണ് വരുന്നത്. ഇവർക്ക് പോലും ഇതിനേ കഴിയൂ എന്നതാണ് കാണിക്കുന്നത്. ആഷിക്ക് അബുവിൻ്റെ സിനിമയിൽ കാണിക്കുന്നത് “ഞാൻ തീവ്രവാദികൾക്കൊപ്പമല്ല, പക്ഷേ ഞാൻ അവിടെ അറിയാതെ അവിടെ നിന്നു പോയി” എന്നു പറയേണ്ടി വരുന്ന കഥാപാത്രത്തെയാണ്.

മുസ്‌ലിംകളെ വലിയ തിന്മയുടെ പ്രതീകങ്ങളായും ദലിതരെ കറുത്ത നിറമുള്ള ഗുണ്ടകളായും ബ്രാഹ്മണരെയും നായൻമാരെയും ഏറ്റവും ശുദ്ധിയുള്ളവരായും ബ്രാഹ്മണ്യ വംശീയത നിറഞ്ഞ മലയാള സിനിമ അടയാളപ്പെടുത്തി എന്നതാണ് ഏറ്റവും വലിയ ദുരന്തം. 

കെ.കെ.ബാബുരാജ് പറയുന്നൊരു കാര്യമുണ്ട്, ബ്രാഹ്മണരുടെ സ്വത്ത് ഏതെങ്കിലും തരത്തിൽ കൈമാറ്റം ചെയ്ത് കുറച്ചൊക്കെ ഇവിടുത്തെ കീഴ്ജാതിക്കാർക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബ്രാഹ്മണർ ദരിദ്രരാണ് എന്ന കുറ്റബോധമാണ് ഷാജി കൈലാസിനെയും രഞ്ജിത്തിനെയും പോലുള്ളവർക്ക്. ആറാം തമ്പുരാനിലെ മഞ്ചു വാര്യർ ചെയ്ത കഥാപാത്രത്തിന് ഭയങ്കര ദാരിദ്രമാണ്. പാട്ട് പഠിപ്പിക്കാൻ മാത്രമേ അച്ഛനായിട്ടുള്ള ഒടുവിൽ ഉണ്ണികൃഷണനു പറ്റുള്ളൂ. മഞ്ചു വാര്യർ എന്ന കഥാപാത്രം ടെക്സ്റ്റയിൽസിൽ ജോലിക്ക് പോകുന്ന ഒരു സ്ത്രീ ആയിക്കൂടെ എന്ന് ചിന്തിക്കാൻ പോലും പറ്റില്ല. അവരുടെ ശുദ്ധിബോധത്താലുള്ള ദാരിദ്ര്യത്തെ വല്ലാണ്ട് ദൈന്യമായി ചിത്രീകരിക്കുകയാണ് സിനിമ. ബ്രാഹ്മണ ജീവിതങ്ങളെ തിരിച്ചെടുക്കാനുള്ള പ്രക്രിയയാണ് മലയാള സിനിമ കുറേകാലമായി ചെയ്തുകൊണ്ടിരുന്നത്. ഓരോ സിനിമ കണ്ടാലും ദലിതരും പിന്നോക്കക്കാരും മുസലിംകളും ഏറ്റവും മോശക്കാരായി മാറുന്ന, അർദ്ധ മനുഷ്യരായി മാറുന്ന, മൃഗമായി പോലും കലാമണി അഭിനയിച്ചിട്ടുണ്ട്. ഇത്തരമൊരു ലോകത്തെയാണ് മലയാള സിനിമ എപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്. തമിഴ് സിനിമ എടുത്ത് നോക്കുകയാണെങ്കിൽ ഞെട്ടിപ്പിക്കുന്നതാണ് കാര്യങ്ങൾ. ‘വേലായുധം’ സിനിമയിൽ മുസ്‌ലിം തീവ്രവാദി അപ്പുറം നിൽക്കുന്നു. അവരെ കൊല്ലലാണ് തൻ്റെ പണി എന്നും ഓരോരുത്തരും വേലായുധനായിട്ട് വരണം എന്നും പറയുന്ന വിജയുടെ കഥാപാത്രമാണ് തമിഴിൽ ഉള്ളത്. ഇങ്ങിനെ മൊത്തത്തിൽ മുസ്‌ലിം എന്നു പറയുന്നത് തിന്മയുടെ, അല്ലെങ്കിൽ പരിഷ്കരിക്കേണ്ട, പൂർണ മനുഷ്യനായിട്ട് പരിഗണിക്കാൻ പറ്റാത്ത അർധ മനുഷ്യർ എന്നാക്കെ പറയുന്ന തരത്തിലുള്ള വംശീയ നന്മയാണ് മലയാള സിനിമയിൽ കൊണ്ടു നടക്കുന്നത്. 

‘ഇയ്യോബിന്റെ പുസ്തക’ത്തിൽ ജയസൂര്യ

ഈയൊരു സാഹചര്യത്തിൽ മുസ്‌ലിംകളെ തീവ്രവാദികളും കുഴപ്പക്കാരും അതിസമ്പന്നരുമായി മാത്രം കാണിച്ചതിൽ നിന്നും വിഭിന്നമായി ചിത്രീകരിച്ച സുഡാനി ഫ്രം നൈജീരിയ, മമ്മൂട്ടിയിലൂടെ ഒരു കീഴാളനെ കേന്ദ്രകഥാപാത്രമാക്കിയ ‘ഉണ്ട’ എന്നിങ്ങനെയുള്ള പുതിയകാല സിനിമകൾ തീർച്ചയായും പ്രതീക്ഷയാണ്. കഥയും കവിതയും ഒരുപാട് പേർ എഴുതുന്നുവെങ്കിലും ചുരുക്കം ആളുകളിൽ മാത്രമേ അതു എത്തുന്നുള്ളൂ എന്നതിനാൽ സിനിമയിലൂടെ തന്നെ ഇത്തരം കാര്യങ്ങളെ പ്രധിരോധിക്കേണ്ടിയിരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ ‘ഞാൻ വൈക്കത്ത് നിന്നു കൊണ്ട് ഒരുപാട് നോവലുകൾ വായിച്ചിട്ടുണ്ട്. എല്ലാ നോവലുകളിലും കള്ളന്മാരോ കൊള്ളക്കാരോ കൊലപാതകികളോ ആണ് മുസ്‌ലിംകൾ. എൻ്റെ ബാപ്പയോ കൊച്ചാപ്പയോ ജ്യേഷ്ഠന്മാരോ ഒന്നും ഈ പറയുന്ന ഗണത്തിൽ പെടുന്നവരല്ല. നല്ലവരായിട്ടുള്ള കുറേ മുസ്‌ലിംകളെയും എനിക്കറിയാം. അവരെ പറ്റിയും കഥ എഴുതിയേ പറ്റൂ.. അതുകൊണ്ടാണ് ഞാൻ കഥ എഴുതുന്നത്’ എന്ന് പറയും പോലെ നമ്മളും സിനിമ പോലുള്ള മാധ്യമങ്ങൾ ഉപയോഗിക്കണം.

ജാതി വംശീയതയുടെ പേരിൽ കെവിൻ കൊല്ലപ്പെട്ടു. അത് വംശീയത അടയാളപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. ഈ സംവിധാനം മാറ്റാൻ കഴിയുമോ എന്നതാണ് നാം അന്വേഷിക്കേണ്ടത്. ജനാധിപത്യവും കലർപ്പിൻ്റെ രാഷ്ട്രീയവും പറയുന്ന സിനിമകൾ വരണം. രോഹിത് വെമുലയുടെ ആത്മബലിക്ക് ശേഷം വലിയ മുന്നേറ്റങ്ങളുണ്ടായിട്ടും എബിവിപിയാണ് പലയിടങ്ങളിലും ജയിച്ചത്. പിന്നെയും പിന്നെയും അവർ തന്നെ ജയിക്കും. ഇപ്പോൾ വലിയ മൂവ്മെൻറ് എന്ന തരത്തിൽ യോജിപ്പുകളാക്കെ ഉണ്ടായിട്ടുണ്ട്. പല തരത്തിലും പല മനുഷ്യരും ഒന്നിക്കുകയാണ്. പക്ഷേ ഇവരുടെ വിയോജിപ്പ്, പ്രതിപക്ഷങ്ങൾക്കുണ്ടാകുന്ന വിയോജിപ്പുകളാണ്, അവരുടെ തന്നെ പ്രശ്നങ്ങളിലൂടെയാണ് ഫാസിസ്റ്റ് സംഖ്യങ്ങൾ അധികാരത്തിൽ വീണ്ടും വീണ്ടും വരുന്നത്. പ്രതിരോധങ്ങൾ കൊണ്ടുണ്ടാകുന്ന ഊർജങ്ങൾ പിരിഞ്ഞു പോകാത്ത വലിയ കൂട്ടങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നമ്മളിനി ഏറ്റെടുക്കേണ്ടത് എന്ന് പറഞ്ഞ് കൊണ്ട് ഈ വലിയൊരു പരിപാടിയിൽ സംസാരിക്കാൻ അവസരം തന്നതിന് എല്ലാവർക്കും പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. 

Top