വിമോചനാത്മകമാവുന്ന അപരചിന്തകൾ

അപരങ്ങളെ അഭിമുഖീകരിക്കുന്ന നൈതിക സമീപനത്തിലൂടെ, നിലനിൽക്കുന്ന വ്യക്തിസങ്കൽപ്പത്തെ വിഘടിപ്പിക്കുകയും, കർതൃത്വത്തിന്റെ മറ്റൊരു സാധ്യതയെപ്പറ്റി അന്വേഷിക്കുകയുമാണ് കെ.കെ ബാബുരാജിന്റെ ‘അപരചിന്തനങ്ങൾ’. നിലനിൽക്കുന്ന ജ്ഞാന സിദ്ധാന്തത്തിന്റെ വർഗീകരണ യുക്തികളെ നിരസിക്കുന്നതും സമൂഹത്തിന്റെ ചലനാത്മകതയെ ആശ്ലേഷിക്കുന്നതുമാണ് ഇതിലെ എഴുത്തുകൾ. സന്തോഷ്‌. സി എഴുതുന്നു.

വ്യത്യസ്തമായ നിരീക്ഷണങ്ങളും അനുഭവങ്ങളും മുന്നോട്ടു വെക്കുന്നു എന്നതാണ് ‘അപരചിന്തനം’ എന്ന പുസ്തകത്തെപ്പറ്റിയുള്ള പൊതു അഭിപ്രായം. കെ.കെ ബാബുരാജിന്റെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകളൊക്കെ വായിക്കപ്പെടുന്നതും അങ്ങനെ തന്നെയാണ്. അത് ശരിയുമാണ്. എന്നാൽ കേവലം വ്യത്യസ്തമായത് എന്നു പറഞ്ഞൊഴിയാൻ സാധിക്കുന്ന ഒന്നായിട്ടാണോ ഇതിനെ കാണേണ്ടത്? ‘വ്യത്യസ്തമായത്’ എന്നു പറയുമ്പോൾ പലതിൽ ഒന്ന് എന്ന ഒരു അവസ്ഥ കൂടി ഉണ്ട്. അതായത്, പലതും നിലനിൽക്കുന്നു; അതിനൊപ്പം മറ്റൊന്നുകൂടി ചേരുന്നു എന്നർത്ഥം. ഇവിടെ, നിൽക്കുന്ന ഇടം അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാറ്റിനും പൊതുവായതിനാൽ, അതിനുള്ളിലുള്ള നിയന്ത്രിത ചലനങ്ങൾക്കപ്പുറം ആർക്കും സവിശേഷമായി ഒന്നുമില്ല എന്നും പറയാം. ഇത്തരത്തിൽ കേവലം മറ്റൊന്ന് എന്നതിനപ്പുറത്തേക്ക് ഈ ചിന്തകളെ സ്ഥാനപ്പെടുത്താനാകുമോ?

‘വ്യത്യസ്തത’ എന്ന പൊതു പ്രയോഗത്തെത്തന്നെ കവിഞ്ഞു നിൽക്കുന്ന, പലതിൽ ഒന്ന് എന്ന ‘അംഗീകാരത്തിന്’ മെരുക്കാനാവാത്ത ചിന്താജീവിതമാണ് കെ.കെ ബാബുരാജിന്റെ ഇടപെടലുകൾക്കുള്ളത് എന്നാണു ഞാൻ കരുതുന്നത്. കാരണം വ്യത്യസ്തമായതെന്ന് സാംസ്‌കാരിക/രാഷ്ട്രീയ മുഖ്യധാര വിലയിരുത്തുന്ന മിക്കതും വിമർശനാത്മക സ്വഭാവം പുലർത്തുന്നു എന്നു പുറമേക്ക് തോന്നിപ്പിക്കുമെങ്കിലും, ആന്തരികമായി വിധേയപ്പെട്ട ഒരു നിയമ വ്യവസ്ഥക്കുള്ളിലാകും വിന്യസിക്കപ്പെട്ടിരിക്കുക. എന്നാൽ, ഘടനാപരമായ ആ അധീശ നിയമ വാഴ്ചയെത്തന്നെ പ്രശ്നവൽക്കരിക്കുന്ന വ്യവഹാരങ്ങൾ വ്യത്യസ്തമാകുന്നത് പൊതുവിന്യാസ ക്രമങ്ങളോട് വിമർശനാത്മകമായി സംവദിക്കാൻ പുതിയ ഭാഷയും വ്യാകരണവും നിർമിക്കുന്നതിലൂടെയാണ്. ഭാഷയുടെ ഒരുതരം മൈനർവൽക്കരണ¹ (minorization)മാണത്. അതായത്, ഭൂരിപക്ഷ ക്രമങ്ങളുടെ സ്ഥിരതയും അതിർത്തികളും ഭേദിച്ച്, ആ സ്ഥാനത്ത് സ്വയം അവരോധിക്കുകയോ അല്ലെങ്കിൽ സ്വയം പുതിയ അതിർത്തികൾ നിർമിച്ച് അവയ്ക്ക് ശത്രുപക്ഷം നിൽക്കുകയോ അല്ല മൈനർവൽക്കരണത്തിലൂടെ സാധ്യമാകുന്നത്. പകരം അധീശ ക്രമത്തിന്റെ അതിരുകളെ ഭേദിക്കുന്നതിനോടൊപ്പം സ്വയം അതിരുകളിൽ തളക്കാതെ നിരന്തരം വികസിക്കാൻ സന്നദ്ധമാകുകയാണ് ചെയ്യുന്നത്. ചലനാത്മകതയിലും പരസ്പരബന്ധാവസ്ഥ (intersectionality)യിലും ഊന്നുന്ന ദ്രവാത്മകതയാണ് (fluidity) അതിന്റെ ഒരു സവിശേഷത എന്ന് പറയാം. അതുകൊണ്ടുതന്നെ, ഭാഷയിൽ നിലനിൽക്കുന്ന മർദ്ദകമായ സൗന്ദര്യശാസ്ത്ര ഉപാധികളോട് സന്ധി ചെയ്യുന്നതിനു പകരം, ചരിത്രപരമായ ഉപദാനങ്ങളെ വീണ്ടെടുത്തും സമകാലീനവത്കരിച്ചും രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം (Politics& Aesthetics) എന്നിവയെത്തന്നെ പുനർനിർമിക്കുക എന്ന അത്യന്തം ശ്രമകരവും അപകടകരവുമായ ദൗത്യം അവയ്ക്ക് ഏറ്റെടുക്കേണ്ടതുണ്ട്. എഴുത്തിനെയും വായനയെയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന തിരച്ചറിവുകളെയും (cognition) പ്രചാരണപരം, അല്ലെങ്കിൽ ഉപകരണവാദപരമായി കാണുന്നതിലെ കുഴപ്പത്തെപ്പറ്റിയും മറിച്ചൊരു സമീപനം സ്വീകരിച്ചതിനാൽ തനിക്ക് ‘ശാപഗ്രസ്തനായ എഴുത്തുകാരൻ’ ആകേണ്ടി വന്നതിനെപ്പറ്റിയും പഴയൊരു ലേഖനത്തിൽ ബാബുരാജ് സൂചിപ്പിക്കുന്നുണ്ട്². അധീശ മുഖ്യധാരയിലെ സുരക്ഷിതമായ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ഏറെപ്പേരൊന്നും തെരഞ്ഞെടുക്കാത്ത ഈ രാഷ്ട്രീയ വഴിയാണ് അദ്ദേഹത്തിന്റെ എഴുത്തുകളെ സമകാലികവും (contemporary) വിമോചനാത്മകവുമാക്കുന്നത് എന്നാണു ഞാൻ മനസിലാക്കുന്നത്.

നിലനിൽക്കുന്ന വൈജ്ഞാനിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്ന ചിന്തകളുടെ വിമോചനപരതയെ പാടേ വിസ്മരിച്ചു കൊണ്ടാകും ‘വ്യത്യസ്തമായത്’ എന്ന ലേബൽ മുഖ്യധാര ഉപയോഗിക്കുക.

ഇത് അധീശ ഘടനക്ക് പരിക്കേൽക്കാത്ത വിധം സുരക്ഷിതവും എന്നാൽ ‘പുരോഗമന’ മുഖത്തോടെ എല്ലാറ്റിനെയും ഒരു കേന്ദ്രത്തിലേക്ക് ഉൾച്ചേർക്കുന്ന സ്വാംശീകരണ (assimilation) തന്ത്രവുമാണ്. ഉദാഹരണത്തിന്, കീഴാള വൈജ്ഞാനികതയും മറ്റു ന്യൂനപക്ഷ വ്യവഹാരങ്ങളും മേൽ-കീഴ്/അകം-പുറം വ്യത്യാസമില്ലാതെ സമൂഹത്തിന്റെ സമൂലമായ പരിഷ്കരണത്തിനും ജനാധിപത്യവത്കരണത്തിനുമാണ് ശ്രമിക്കുന്നത്. എന്നാൽ, വ്യത്യസ്ത സമീപനമായി കാണുകയും നിലനിൽക്കുന്ന ശ്രേണീ വ്യവസ്ഥയുടെ സംവർഗങ്ങളിലേക്കുതന്നെ ചേർത്ത് രക്ഷാധികാര-പുരോഗമന നാട്യത്തിലൂടെ അവയെ നിശബ്ദമാക്കുകയും, എതിരിടങ്ങളെ പൈശാചികവത്കരിക്കുകയുമാണ് മുഖ്യധാര ചെയ്യുന്നത്. അതായത്, ബ്രാഹ്മണികമായ ജ്ഞാനവ്യവസ്ഥയുടെ കേന്ദ്രത്തെ അസ്ഥിരപ്പെടുത്തുന്ന പുതുജ്ഞാന നിർമിതികളെ അപഹരിച്ച് (appropriate) അതേ കേന്ദ്രത്തിനുള്ളിൽത്തന്നെ ഉൾപ്പെടുത്തുകവഴി, വ്യവസ്ഥയെ ബലപ്പെടുത്തുന്ന വരേണ്യ വായനകളായാണ് പൊതുബോധത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ വിമർശനം നിലനിൽക്കുന്നത്. സ്വയംവിമർശന/നവീകരണത്തിനു പകരം ഈ അധീശ കേന്ദ്രത്തിനു വിധേയപ്പെട്ടുകൊണ്ടാണ് അവ പരിവർത്തനോന്മുഖമായ കീഴാള ജ്ഞാന വ്യവഹാരങ്ങളുടെ വിധ്വംസക സാധ്യതയെ (subversive potential) നിഷേധിക്കുന്നത്.

ഒരു അഭിമുഖത്തിൽ ബാബുരാജ് ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട് ³. “ദലിത് എന്ന പരികൽപ്പന/സാമുദായികത നിലനിൽക്കുന്നത് ജാതി വ്യവസ്ഥിതിയുടെ “അകത്താക്കൽ-പുറത്താക്കൽ” തന്ത്രങ്ങളെയും, “പൊതുവായവ-പ്രത്യേകമായവ” എന്ന സവർണ മേധാവിത്വത്തെയും വർഗീകരണത്തെയും പൊളിക്കുന്ന ഒരു വിഷയി എന്ന നിലയിലാണ്. കേരളത്തിലെ ദലിത് വാദങ്ങളെ വെറും സ്വത്വവാദമായോ, സവർണ വിരുദ്ധതയായോ, ഭൂതകാല പീഡനങ്ങളായോ, വർത്തമാനകാല ദാരിദ്ര്യത്തിന്റെ കേവല പ്രതിനിധാനങ്ങളായോ കാണാൻ കഴിയില്ല. മറിച്ച് നാഗരികതയുടെ മുന്നോട്ടു പോക്കാണ് അതിനെ തൃഷ്ണാഭരിതവും ജീവിത പ്രലോഭനം നിറഞ്ഞതുമാക്കുന്നത്. അത് ദളിതരെ മാത്രം ഉൾക്കൊള്ളുന്നതും അല്ല”. മറ്റൊരിടത്ത് ഇങ്ങനെ സൂചിപ്പിക്കുന്നു ⁴: “നമ്മുടേത് സ്വത്വവാദമല്ല. സ്വത്വവാദം ഒരു പരിധിവരെ പരസ്പരം അവിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സോഷ്യലിസ്റ്റാനന്തര ഘട്ടത്തിലെ സാമൂഹിക സംഘർഷങ്ങൾക്കകത്ത് പുതിയ തരം കർതൃത്വങ്ങൾ എങ്ങനെ ഉണ്ടായി വരുന്നു, അതെങ്ങനെ പുതിയ രാഷ്ട്രീയം പറയുന്നു എന്നുള്ളതാണ് യഥാർഥത്തിൽ നാം പറഞ്ഞു കൊണ്ടിരുന്നത്. മതേതരാനന്തര (post-secular) സമൂഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണത്. അതിനെ സ്വത്വവാദമെന്ന് എതിരാളികള്‍ വിളിക്കുന്നതാണ്. സമൂഹത്തിന്റെ ഒഴുക്കിലാണ് നാം കേന്ദ്രീകരിക്കേണ്ടത്, അല്ലാതെ സ്വത്വത്തിന്റെ നിർണയവാദങ്ങളിലല്ല (fixation). എന്തായാലും കേവല സ്വത്വരാഷ്ട്രീയം മാറ്റങ്ങൾ സൃഷ്ടിക്കാനോ മുന്നോട്ടു പോകാനോ നമ്മളെ സഹായിക്കുന്നില്ല”.

ഇവിടെയാണ് വ്യത്യസ്തമായ ചിന്ത/ നിരീക്ഷണങ്ങൾ എന്നതിനെ ആഴത്തിൽ വായിക്കേണ്ടതും സ്ഥാനപ്പെടുത്തേണ്ടതും. അത് മുഖ്യധാര ഉപയോഗിക്കുന്ന ദലിത്‌വാദം, സ്വത്വവാദം തുടങ്ങിയ അനുബന്ധ സംവർഗങ്ങളിൽ കുരുക്കിയിട്ടുകൊണ്ട് മുഖ്യധാരാ ബോധത്തിന് രക്ഷധികാരം ഏൽപ്പിച്ചു കൊടുക്കുന്ന മറ്റൊരു ചിന്താ സംരംഭമല്ല എന്നത് സവിശേഷമായും പറയേണ്ടതുണ്ട്. ഒരു സമാന്തര/എതിർ ലോകം സൃഷ്ടിക്കുന്നതിനു പകരം, നാഗരികതയുടെ ചലനങ്ങൾക്കൊപ്പം ചേരുകയും, അതേസമയം നിലനിൽക്കുന്ന അധീശ വ്യവഹാരങ്ങൾക്ക് സ്വയം പരിഷ്കരിക്കുവാനുള്ള ഇടം ഒരുക്കുകയാണ് അത് ചെയ്യുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അപരങ്ങളെ അഭിമുഖീകരിക്കുന്ന നൈതിക സമീപനത്തിലൂടെ, നിലനിൽക്കുന്ന വ്യക്തിസങ്കൽപ്പത്തെ വിഘടിപ്പിക്കുകയും, കർതൃത്വത്തിന്റെ മറ്റൊരു സാധ്യതയെപ്പറ്റി അന്വേഷിക്കുകയുമാണ് ഇവിടെ. അതായത്, വിഷയം-വിഷയി ദ്വന്ദ്വത്തിൽ എതിർപാതിയായി നിൽക്കുന്ന വിഷയിക്കു പകരം, ആ ദ്വന്ദ്വത്തെത്തന്നെ മറികടക്കാനുള്ള ശ്രമം.

കെ.കെ. ബാബുരാജ്

രണ്ട്

മാനവികത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ പശ്ചാത്യ ആധുനികതാ സങ്കൽപ്പനങ്ങളെ പക്ഷ-താൽപര്യാനുസരണം നിർവചിച്ചുകൊണ്ട്, നിരന്തരം അപരങ്ങളെ സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയോട് ഇടയുക എന്നത് കേവല പുരോഗമനത്തിന്റെ പൊതുധാരയിൽ ഒട്ടുമേ ഇടം തരുന്ന പ്രവൃത്തിയല്ല. അത്തരം പ്രതികരണങ്ങൾ സാമാന്യ ബോധത്തിന് അപരിചിതവുമായിരിക്കും. അഖണ്ഡതക്കു വിഘാതമുണ്ടാക്കുന്നത്, അപരിഷ്കൃതം തുടങ്ങിയ ഭൂരിപക്ഷ ആകുലതകൾ പ്രചരിപ്പിക്കുന്നതിലൂടെ അവയോട് സംവാദാത്മകമാവാനുള്ള സാധ്യതയും അടച്ചു കളയുന്നു. എന്നാൽ, ഉറച്ചുപോയ നമ്മുടെ കാഴ്ച, കേൾവി, അഭിരുചി ശീലങ്ങളാണ് ഈ അപരിചിതത്വത്തെ സൃഷ്ടിക്കുന്നത് എന്നതിനാൽ, മരവിപ്പിക്കപ്പെട്ട നമ്മുടെ വൈകാരിക ഭൂമികയെ (sensorium) തന്നെ വീണ്ടെടുക്കേണ്ടതിന്റെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ ആവശ്യകത തന്റെ ഇടപെടലുകളിലൂടെ സൂക്ഷ്മമായി ബോധ്യപ്പെടുത്തുക കൂടിയാണ് കെ.കെ ബാബുരാജ് ചെയ്യുന്നതെന്നു പറയാം. ആ വിധത്തിൽ, പരിഹാര നിർദ്ദേശങ്ങൾക്കു പകരം, കൂടുതൽ സംവാദങ്ങൾക്കായി തന്റെ ഇടപെടലുകളെ തുറന്നുവെക്കുന്ന പരിവർത്തനോന്മുഖമായ (transformative) സമീപനമാണ് അദ്ദേഹത്തിന്റേതെന്നാണ് ഞാൻ കരുതുന്നത്.

ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളിലും, പ്രത്യേകിച്ച് ഇടപെടലുകൾ എന്ന ഭാഗത്ത് ചേർത്തിട്ടുള്ള എല്ലാ ലേഖനങ്ങളിലും, വിവിധ സാമൂഹിക ചലനങ്ങളോടും- പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ- നടത്തുന്ന പ്രതികരണങ്ങൾ പ്രാധാന്യമർഹിക്കുന്നത്, അതു മുന്നോട്ടു വെക്കുന്ന വിമോചനാത്മക കാഴ്ചപ്പാടിലാണ്. കേവലം നിരീക്ഷണങ്ങൾ എന്ന നിലയിലോ, ഏതെങ്കിലും പക്ഷം ചേർന്നുള്ള അഭിപ്രായ പ്രകടനങ്ങൾ എന്ന നിലയിലോ, എന്തിനോടെങ്കിലുമുള്ള ശത്രുതാപരമായ എതിർപക്ഷം എന്ന നിലയിലോ, ഭവശാസ്ത്രപരമായ ശാഠ്യങ്ങളോടെയോ, സത്താവാദപരമായോ അല്ല ഇതിലെ വാദമുഖങ്ങൾ എന്നതുകൊണ്ടുതന്നെ, അവ പൊതു പരിചിതമായ ‘വിമർശന ഫ്രെയിമുകൾ’ക്ക് പാകമാകുന്നതല്ല എന്നു പറയാം. ദ്വന്ദാത്മകതയുടെയും അപരവത്കരണത്തിന്റെയും ആന്തരവത്കരിച്ച വരേണ്യ ബോധങ്ങളുടെയും മുകളിലാണ് മുഖ്യധാരാ വിമർശനം രൂപപ്പെടുന്നത്. ഇതു പൊതുബോധത്തെ രൂപപ്പെടുത്തിക്കൊണ്ടും, അതിനനുകൂലമായ നിലപാടുകളെടുത്തു കൊണ്ടുമാണ് ബൗദ്ധികാധീശത്വം നിലനിർത്തുന്നത്. എന്നാൽ നിലനിൽക്കുന്ന ജ്ഞാന സിദ്ധാന്തത്തിന്റെ (epistemology) വർഗീകരണ യുക്തികളെത്തന്നെ നിരസിക്കുന്നതും സമൂഹത്തിന്റെ ചലനാത്മകതയെ ആശ്ലേഷിക്കുന്നതുമാണ് ഇതിലെ എഴുത്തുകൾ.

ഇതിനു മുൻപ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇരുട്ടിലെ കണ്ണാടി’ എന്ന പുസ്തകത്തിന്റെ ഉപശീർഷകം “സമകാലീന ജ്ഞാനസിദ്ധാന്തത്തിന്റെ തകരാറുകൾ” എന്നാണ്. മുഖ്യധാരാ സാഹിത്യ-സാംസ്‌കാരിക വിമർശനങ്ങളിൽ നിന്നും ജ്ഞാനപരമായിത്തന്നെ വിച്ഛേദപ്പെട്ടു നിൽക്കുന്ന ഈ വിമർശന സമീപനം അടിസ്ഥാനപരമായി കെ.കെ ബാബുരാജിന്റെ എല്ലാ പുസ്തകങ്ങളിലും ദൃശ്യമാണ്. ‘പൊതു’വിന്റെ ശരികൾ ‘വരേണ്യ ശരികൾ’ മാത്രമാണെന്നും, എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ശരികൾ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും, അതിനു നിലവിലെ ജ്ഞാനസിദ്ധാന്തം അപര്യാപ്തമാണെന്നുമുള്ള ബോധ്യമാണ് ആഴമുള്ള ചിന്തകളെ ആവശ്യപ്പെടുന്നത്. അത് ജ്ഞാനപരമായ ഒരു പിളർപ്പു തന്നെ സൃഷ്ടിക്കുന്നു. ശ്രേണീ-രഹിതവും (non-hierarchical) മർദ്ദകവുമല്ലാത്ത (non oppressed), സമത്വാധിഷ്ഠിതമായ (egalitarian) ഒരു ലോകാഭിവാഞ്ജയാണ് ആ പിളർപ്പിനെ ഉത്തേജിപ്പിക്കുന്നത്. പക്ഷങ്ങളോട് വിമർശനാത്മകമായി കലഹിച്ചും, അതിരുകളെ അസ്ഥിരപ്പെടുത്തുന്ന പരസ്പരബന്ധാവസ്ഥ (intersectionality)യുടെ സാധ്യതകളെ തിരിച്ചറിഞ്ഞും സ്വീകരിച്ചും സഹവർത്തിക്കുന്ന ഉൾക്കൊള്ളലിന്റെ രാഷ്ട്രീയമാണത്. വംശീയതയുടെയും, ന്യൂനപക്ഷ ഹിംസയുടെയും, സവർണാധിപത്യത്തിന്റെയും സങ്കീർണമായ സമകാലിക യഥാർഥ്യങ്ങളോടുള്ള നൈതികമായ ഇടപെടൽ ഇത്തരമൊരു ഫ്ലൂയിഡിറ്റി ആവശ്യപ്പെടുന്നുണ്ട്.

‘മൈനോരിറ്റി’ എന്നത് നിലവിലുള്ളത് മാത്രമല്ല, ഏതിടങ്ങളിലും അവസരത്തിലും സൃഷ്ടിക്കപ്പെടാവുന്നതുമായ ഒന്നായിരിക്കെ, മൈനോറിറ്റേറിയൻ (minoritarian) സമീപനത്തിന് ഒരു സ്ഥിരസത്തയുടെ വക്താവാകുക നൈതികമായി അസാധ്യമാണ്. ഭവ (being)പരമായ സ്ഥിരതയെക്കാൾ ആയിത്തീരലിന്റെ (becoming) തലമാണത്. അതുകൊണ്ടുതന്നെ, പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും സാധ്യതകൾ നിരന്തരം തുറന്നിട്ടു കൊണ്ടുള്ള ‘അപരചിന്തനം’ ഘടനാപരമായ സാമൂഹിക പരിവർത്തനവും ജനാധിപത്യവത്കരണവും കാംക്ഷിക്കുന്ന ചിന്തയും വ്യാകുലതയും തന്നെയാണെന്ന് ആവർത്തിക്കുന്നതാണ് ഈ അനുഭവ, സംവാദ, ഇടപെടലുകളുടെ കാതൽ.

സന്തോഷ്. സി: ഗവേഷകൻ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി

  • 1. Gilles Deleuze & Felix Guattari, Kafka: Toward a Minor Literature, 2003, London: University of Minnesota Press
  • ബാബുരാജ് കെ.കെ, ശാപഗ്രസ്തനായ ഒരെഴുത്തുകാരന്റെ അനുഭവക്കുറിപ്പ്, ഉത്തരകാലം, നവംബർ 18, 2018
  • നാഗരികതയുടെ മുന്നേറ്റമാണ് ദലിത് വാദം', പ്രകാശ് മാരാഹിയുമായുള്ള അഭിമുഖം, കറന്റ് ബുക്സ് ബുള്ളറ്റിൻ, സെപ്റ്റംബർ 2021
  • ബാസിൽ ഇസ്‌ലാമുമായുള്ള അഭിമുഖം, ഉത്തരകാലം, ഏപ്രിൽ 1, 2021
Top