ലൈംഗിക ഫാന്റസികൾ, അപര സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ: ബെൽ ഹൂക്സിലൂടെ ആലോചിക്കുമ്പോൾ

സ്ത്രീവാദ ചിന്തകളിൽ ഏറെ പ്രധാനപ്പെട്ട ധാരയായ പശ്ചാത്യൻ ഫെമിനിസത്തിൽ വെളുത്ത വംശീയതക്കൊപ്പം അവസരവാദവും സ്വാധീനമുറപ്പിക്കുന്നതായി ബെൽ ഹൂക്സ് എഴുതിയിട്ടുണ്ട്. സാമൂഹികതയെയും സാംസ്‌കാരിക ബഹുത്വങ്ങളെയും ഉൾക്കൊള്ളാത്ത ഏതാനും വ്യക്തിവാദികൾ സമകാലീന ഫെമിനിസത്തെ ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് ഈ സ്ഥിതി രൂപപ്പെട്ടത്. കെ.കെ ബാബുരാജ് എഴുതുന്നു.

ചുംബന സമരങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ ഭാഗമായി 2015 ഫെബ്രുവരിയിൽ എഴുതിയ ലേഖനം.

ലോകത്തെ മാറ്റുന്ന, ജീവിതത്തെ പുതുക്കിപ്പണിയുന്ന വലിയൊരു ഏജന്‍സിയാണ് ആധുനിക സ്ത്രീവാദങ്ങള്‍. അവയില്‍തന്നെ വളരെയധികം ചരിത്ര പ്രാധാന്യമുള്ളതാണ് പാശ്ചാത്യൻ ഫെമിനിസം. ഇതില്‍ വെളുത്ത വംശീയതക്കൊപ്പം അവസരവാദവും (oppertunism) സ്വാധീനമുറപ്പിക്കുന്നതായി പ്രമുഖ ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയായ ബെല്‍ ഹൂക്‌സ് നിരീക്ഷിച്ചിട്ടുണ്ട്. വ്യക്തിവാദികളായ ചിലര്‍ സമകാലീന ഫെമിനിസത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഈ സ്ഥിതി രൂപപ്പെട്ടത്. പുരുഷകേന്ദ്രീകൃതമായ മാധ്യമങ്ങള്‍ക്കു വേണ്ടി രംഗത്തുവരുന്ന ഇവരില്‍ പലരും, സാമൂഹികതയെയും സാംസ്‌കാരിക ബഹുത്വങ്ങളെയും (multiculturalism) ഉള്‍ക്കൊള്ളാത്തവരാണ്. തങ്ങളുടെ മാധ്യമ പ്രതിച്ഛായ ഉയരുകയാണെങ്കില്‍ ബലാത്സംഗം സ്ത്രീവിമോചനത്തിന് ഉപകരിക്കുമെന്നു പോലും പറയാന്‍ മടിക്കാത്ത തരത്തില്‍ ആത്മബോധമില്ലാത്തവരാണ് ഇക്കൂട്ടരെന്നും ബെല്‍ ഹൂക്‌സ് തുറന്നെഴുതിയിട്ടുണ്ട് (1).

1960-70ൽ സാമ്രാജ്യത്വ യുദ്ധപരതക്കും വംശീയതക്കും ലിംഗാധിപത്യത്തിനുമെതിരെ ലോകമെമ്പാടുമുള്ള പിന്നാക്ക ജനതകളില്‍ നിന്നും സ്ത്രീകളില്‍ നിന്നും വമ്പിച്ച മുന്നേറ്റങ്ങള്‍ ഉയര്‍ന്നിരുന്നു. അവയെ മൊത്തത്തില്‍ അദൃശ്യമാക്കിക്കൊണ്ട് ചില വ്യക്തിവാദ ഗ്രൂപ്പുകള്‍ നടത്തിയ അടഞ്ഞ സമരമുറകളെയും, കമ്യൂണിസ്റ്റ് തീവ്രവാദികളുടെ പക്ഷത്തു നിന്നുമുണ്ടായ അട്ടിമറി പ്രവര്‍ത്തനങ്ങളെയും മാത്രമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. ഏത് അവസരത്തിലായാലും സാമൂഹികത പിന്തള്ളപ്പെടുകയും വ്യക്തിവാദം ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ഇക്കാരണത്താലാണ് ടോണി മോറിസണും ബെല്‍ ഹൂക്‌സും അടക്കമുള്ളവര്‍ വ്യക്തിവാദത്തോടും അവസരവാദത്തോടുമെല്ലാം അതീവജാഗ്രത പുലര്‍ത്തിയതെന്നു തോന്നുന്നു.

ബെൽ ഹൂക്സ്

കേരളത്തില്‍ നടന്ന ചുംബന സമരത്തെപ്പറ്റിയുള്ള എന്റെ വിയോജിപ്പ് രൂപപ്പെട്ടത് വ്യക്തിവാദത്തോടും അവസരവാദത്തോടുമുള്ള ആഫ്രോ-അമേരിക്കന്‍ ഫെമിനിസ്റ്റുകളുടെ ആകാംഷകളെ മാത്രം കണക്കിലെടുത്തു കൊണ്ടായിരുന്നില്ല. മറിച്ച്, ഡല്‍ഹിയില്‍ നടന്ന ബലാത്സംഗവിരുദ്ധ പ്രക്ഷോഭം ആരെയാണ് അപരസ്ഥാനത്ത് നിർത്തുന്നത് എന്ന വിഷയം ദലിത്-ബഹുജന്‍-സ്ത്രീപക്ഷത്തു നിന്നുകൊണ്ട് അനു രാംദാസ്, ജെനി റൊവീന, മാധുരി സ്വലോ മുതലായവര്‍ ഉന്നയിച്ചിരുന്നു. കൂടാതെ, ബദാവൂരില്‍ നടന്ന ബലാത്സംഗ കൊലപാതകങ്ങള്‍ക്കു ശേഷമുണ്ടായ മാധ്യമ ചിത്രീകരണങ്ങളെയും പ്രതികരണ സമരങ്ങളെയും പറ്റി വളരെ പ്രധാനപ്പെട്ട ചില വിമര്‍ശനങ്ങള്‍ ശ്രുതി ഹെര്‍ബര്‍ട്ട് നടത്തുകയുണ്ടായി. ഇത്തരം വിമര്‍ശനങ്ങള്‍ക്കൊപ്പം ‘പിങ്ക് ഷഡ്ഢി ക്യാമ്പയിന്റെ പ്രതിനിധാന രാഷ്ട്രീയത്തെ കുറിച്ച് നിഖില ഹെന്റിയും, ‘ഫെമ’ന്റെ വംശീയ സ്വരൂപത്തെപ്പറ്റി ഉമ്മുല്‍ ഫായിസയും ചൂണ്ടിക്കാട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ചുംബനസമരത്തെ വിലയിരുത്തിയത്.

‘മുഖ്യധാരയില്‍’ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വ്യക്തിവാദം, സാമൂഹികത, സ്ഥല-സമുദായ രാഷ്ട്രീയം, സദാചാരപരത എന്നിവയെക്കുറിച്ച് ആരും ഒന്നും പറഞ്ഞതായി കണ്ടില്ല. നേരെമറിച്ച്, ഞാനൊരു ‘ചുംബന അസഹിഷ്ണുവാണ്’, ‘മൗദൂദിസ്റ്റാണ്’ മുതലായ ആരോപണങ്ങളാണ് ഉയര്‍ന്നു കേട്ടത്. ചുംബന സമരത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന ചിലര്‍ ‘പച്ചക്കുതിര മാസിക’യിലൂടെ (ലക്കം 5) നടത്തിയ ചര്‍ച്ചയും വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ഉണ്ടാക്കിയ ഉപജാപങ്ങളും ശ്രദ്ധിച്ചാല്‍ പുതു സാമൂഹികതയോട് ആര്‍ക്കാണ് അസഹിഷ്ണുതയുള്ളതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനോ, യുവജനങ്ങളുടെ പുത്തന്‍ അവകാശങ്ങള്‍ സ്ഥാപിക്കാനോ, ഫാഷിസത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനോ താല്‍പര്യമില്ലാതെ, മാധ്യമ പ്രതിച്ഛായക്കനുസരിച്ച് അഭിപ്രായം പറയുന്ന ഇവരില്‍ പലരെയും തിരിച്ചറിയേണ്ടത് വ്യക്തിവാദികളും അവസരവാദികളുമായി തന്നെയാണ്. ഇക്കൂട്ടര്‍ ചുമ്മാ നിഴല്‍യുദ്ധം നടത്തിയാലൊന്നും എന്റെ വിലയിരുത്തലിലെ ഒരു വാക്കു പോലും റദ്ദാവുകയില്ല.

ടോണി മോറിസൺ

പലരേയും പോലെ കെ.എം സലിംകുമാറും, ഞാന്‍ എഴുതിയ മുഖലേഖനത്തോടു പ്രതികരിക്കാതെ ദുഷ്പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാനാണ് രംഗത്തു വന്നിട്ടുള്ളത്. ഇതിനുവേണ്ടി ഫെയ്‌സ്ബുക്കില്‍ ഞാനെഴുതിയ ചെറുകുറിപ്പുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി പരാമര്‍ശിക്കുന്നു. നീതീകരിക്കപ്പെടാവുന്ന ഒരു രീതിശാസ്ത്രമാണോ ഇതെന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെ. ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന പ്രതിനിധാനങ്ങളെ ദലിത് സാംസ്‌കാരിക വിമര്‍ശകര്‍ ഉള്‍ക്കൊള്ളുകയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയില്‍ ഉള്ളടങ്ങിയ ചരിത്രപരമായ വസ്തുതകളെ കാണാതെ, സ്ത്രീ വിമോചനത്തിന്റെ എതിര്‍പക്ഷത്താണ് ശ്രീനാരായണഗുരു എന്ന കപടയുക്തി ഉന്നയിച്ചു കൊണ്ടാണ് കേരളത്തില്‍ കുറേ പേര്‍ കൃത്രിമ ഫെമിനിസ്റ്റ് ലൈംഗിക ഫാന്റസികള്‍ ഉണ്ടാക്കിയിട്ടുള്ളത്. ജനപ്രിയമായ ഇത്തരം വ്യാജ ബോധ്യങ്ങളെ ചിന്താശൂന്യമായി പിന്‍പറ്റുകയാണ് സലിംകുമാര്‍ ചെയ്യുന്നത് (2). മാത്രമല്ല ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ദേശീയവാദ കൽപ്പനക്കു ബദലായി അംബേഡ്കറെപ്പോലുള്ള കീഴാള ജ്ഞാനികള്‍ അടിത്തറയിട്ട സാമൂഹിക ഭാവനയാണ് ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’. അതിനെ ബ്രാഹ്മണിക യുക്തിയായി അദ്ദേഹം ചിത്രീകരിക്കുന്നു. കേരളത്തില്‍ ചരിത്രപരമായി തുടര്‍ന്നുവന്നിരുന്ന നിരവധി നിശബ്ദതകള്‍ തകര്‍ക്കപ്പെട്ടത് ദലിത് സാംസ്‌കാരിക വിമര്‍ശനം ഉയര്‍ന്നു വന്നപ്പോഴാണ്. അത് ദലിത് സ്ത്രീകള്‍ക്ക് എതിരാണെന്നു പറയുക. സെമറ്റിക് മതങ്ങളോട് പക പുലര്‍ത്തുക, ബുദ്ധിസത്തോടും ദ്രാവിഡ മതങ്ങളോടും അവജ്ഞ കാണിക്കുക, അയ്യങ്കാളിയെ ഗോത്രമുഖ്യനായി ചിത്രീകരിക്കുക, കുടുംബം മുതല്‍ സ്ത്രീകളുടെ ചാരിത്ര്യം വരെയുള്ള കാര്യങ്ങളെപ്പറ്റി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ കുറിച്ച ഗ്രഹനില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് ഉറച്ചു വിശ്വസിക്കുക. ഇപ്രകാരമുള്ള നിലപാടുകളിലൂടെ പഴയ വര്‍ഗ മൗലികവാദത്തില്‍ നിന്നും പുതിയ ജാതി മൗലികവാദത്തിലേക്കുള്ള ‘വളര്‍ച്ച’യാണ് സലിംകുമാര്‍ രേഖപ്പെടുത്തുന്നത്.

ഏതാനും നക്‌സല്‍ കാൽപ്പനികരും ദലിതരിലെ ചില ജാതിവാദികളുമല്ലാതെ മറ്റാരും സലിംകുമാറിന്റെ ചിന്തയുടെ തണുപ്പു പങ്കിടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനുള്ള മറുപടി എന്നതിനുപരി, മറ്റു പലരും വിവിധ മാധ്യമങ്ങളിലൂടെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള വിശദീകരണമാണ് ഈ കുറിപ്പ്

അപരങ്ങളുടെ അപ്രത്യക്ഷീകരണം

കേരളത്തിലെ പൊതു-ഇടങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള അധികാര കേന്ദ്രങ്ങളാണെന്നും, അവയിലേക്ക് കടന്നുകയറുകയെന്നത് സ്ത്രീവിമോചനത്തെ സംബന്ധിച്ചെടുത്തോളം അടിയന്തിര പ്രാധാന്യമുള്ളതാണെന്നുമുള്ള ചിന്ത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വാദത്തെ അംഗീകരിച്ചുകൊണ്ട്, ഒരുവിഭാഗം ഫെമിനിസ്റ്റുകള്‍ പൊതു ഇടങ്ങളിലെ ആണധികാരത്തെ തകര്‍ക്കുന്നതിന്റെ ഒരു ഘട്ടമായി ചുംബന സമരത്തെ കാണുന്നു. യൂറോപ്പിലെ നിയോ മാര്‍ക്‌സിസ്റ്റ് അക്കാദമിക പണ്ഡിതര്‍ വളരെയധികം പ്രാധാന്യം കൽപ്പിച്ചിട്ടുള്ള പൊതു ഇടം/സ്വകാര്യ ഇടം എന്ന വിഭജനം, വൈരുദ്ധ്യ ചിന്തയുടെ ഉല്‍പ്പന്നമാണ്. വൈരുദ്ധ്യങ്ങളുടെ സ്ഥാനത്ത് വൈവിധ്യങ്ങള്‍, സാംസ്‌കാരിക ബഹുത്വങ്ങള്‍, വ്യത്യസ്ത സ്വത്വങ്ങള്‍ മുതലായവ നിര്‍ണായകമായി മാറിയിട്ടുള്ള സമകാലീനാവസ്ഥയില്‍, പൊതു ഇടം/സ്വകാര്യ ഇടം എന്ന വിഭജനത്തിനു പഴയ നിലയിലുള്ള പ്രാധാന്യമുണ്ടോ എന്നതില്‍ സംശയമുണ്ട്. എന്തായാലും, ഇത്തരം ദ്വന്ദ്വാത്മക വിഭജനങ്ങള്‍ അപരങ്ങളെ ഉള്‍ക്കൊള്ളുന്നവയല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആധുനികതയില്‍ അധികാരം കൈയ്യാളിയവര്‍ അപരങ്ങളെ സ്വാംശീകരിച്ചുകൊണ്ട്, അല്ലെങ്കില്‍ തങ്ങളിലേക്ക് വലിച്ചെടുത്തുകൊണ്ട് (assimilate) ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. അതേ തുടര്‍ച്ചയില്‍ ‘അപരങ്ങളെ അപ്രത്യക്ഷരാക്കുക’ എന്ന സാങ്കേതികതയാണ് പൊതുവിടം/സ്വകാര്യ ഇടം’ എന്ന വിഭജനവും ഉള്‍ക്കൊള്ളുന്നത്. അതിനാല്‍തന്നെ പാര്‍ശ്വവല്‍കൃതരേയും കീഴാള-ന്യൂനപക്ഷ സ്ത്രീകളേയും സംബന്ധിച്ചു പ്രാധാന്യമുള്ളത്; ഉഭയാവസ്ഥകള്‍, അരികുകളും കേന്ദ്രവും തമ്മിലുള്ള അധികാര വടംവലികള്‍, മുഖ്യധാരയിലെ വിടവുകളും അനൈക്യങ്ങളും, പൊതുവിലുള്ള അനിശ്ചിതാവസ്ഥകള്‍ മുതലായ സാഹചര്യങ്ങള്‍ക്കാണ്.

വൈരുദ്ധ്യ ചിന്തയുടെ ഏറ്റവും വലിയ പരിമിതി, മിക്കവാറും ഏകസ്വരമായ (സവര്‍ണ) സ്ത്രീവാദത്തേയും അതേനിലയിലുള്ള ആണത്തങ്ങളേയും മാത്രമേ അതിനു ഉള്‍ക്കൊള്ളാനാവൂ എന്നതാണ്. അപര-ന്യൂനപക്ഷ സ്ത്രീകള്‍, അതേ നിലയിലുള്ള ആണുങ്ങള്‍, അരികു ജനതകള്‍ എന്നിവയെല്ലാം ഇവിടെ മുന്‍കൂറായി അപ്രത്യക്ഷമാക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്.

ചുംബന സമരത്തിലൂടെ സ്ത്രീവിമോചന സൂചകമായി ഉയര്‍ന്നുവന്ന ഒരു പദം ശ്രദ്ധിക്കുക, “അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം”. ഇതേ സൂചകത്തിന്റെ അനുബന്ധങ്ങള്‍ മാത്രമാണ് ദലിത്‌ സ്ത്രീകളുടെ പേരിലും മുസ്‌ലിം സ്ത്രീകളുടെ പേരിലും ഉന്നയിക്കപ്പെട്ടിട്ടുള്ളതായി കാണുന്നത്. ഇതിനര്‍ത്ഥം, സവര്‍ണ (ഹിന്ദു) സ്ത്രീയുടെ ഏകപക്ഷീയമായ അധികാരത്തില്‍/അധികാരമില്ലായ്മയിലാണ് ഈ സമരം ഊന്നുന്നതെന്നതാണ്. അതനുസരിച്ചുള്ള ലൈംഗിക ഫാന്റസികളാണ് പ്രക്ഷേപിക്കപ്പെടുകയും ചെയ്യുന്നത്.

നവോത്ഥാന ഘട്ടത്തിലെ കീഴാള ദര്‍ശനങ്ങള്‍ മുതല്‍ സമകാലീന ദലിത് വ്യവഹാരങ്ങള്‍ വരെ ഈ ഫാന്റസികളെ തടസ്സപ്പെടുത്തുന്നു എന്ന ഭയം പൊട്ടിപ്പുറപ്പെടാന്‍ കാരണവും മറ്റൊന്നല്ല. കീഴാളരും ന്യൂനപക്ഷങ്ങളുമായ ആണുങ്ങളും പെണ്ണുങ്ങളും ഈ സമരത്തിന്റെ അരങ്ങിലും അണിയറയിലും ഉണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ വൈരുദ്ധ്യചിന്ത സര്‍വ്വാധിപത്യപരമായി തുടരുകയും ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ’ പറ്റിയുള്ള സംവാദത്തെ വിലക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അവരുടെ കര്‍തൃത്വ സ്ഥാനത്തില്‍ മാറ്റം ഉണ്ടായിട്ടില്ല. പാശ്ചാത്യ നാടുകളില്‍ കുലീനര്‍ക്ക് ഒപ്പം ‘വഷളര്‍’ എന്ന ഒരു വിഭാഗവും കൂടെ ഉണ്ടായിരുന്നു. അതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു വെല്ലുവിളിയാണ് ‘അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം’ എന്ന പ്രഖ്യാപനത്തിലുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം, യൂറോപ്പിലെ കുലീനത ഒരു സദാചാര നിര്‍മിതി മാത്രമായിരുന്നില്ലെന്നതാണ്.അതിനെ വെല്ലുവിളിച്ചതും അട്ടിമറിച്ചതും ‘വഷള’ന്മാരും ‘വഷളത്തി’കളുമല്ലായിരുന്നു. നേരെമറിച്ച്, തീര്‍ത്തും അപരസ്ഥാനത്തുണ്ടായിരുന്ന കാര്‍ഷിക സമുദായങ്ങളും വേലക്കാരുടെ മുന്നേറ്റങ്ങളുമാണ് വിക്‌ടോറിയന്‍ അധികാര-ജ്ഞാന-സദാചാര കൽപ്പനകളെ തകര്‍ത്തെറിഞ്ഞത്. ഈ മുന്നേറ്റങ്ങളാവട്ടെ പഴയ ലോകബോധത്തെ നിരാകരിച്ചുകൊണ്ട് പുതിയവയെ ഉല്‍പ്പാദിപ്പിച്ചു.

ഹന്നാ ആരന്റ്

കേരളത്തിലെ ഉടലുകളുടെ നിര്‍മിതിക്കും ലൈഗികതയെ പറ്റിയുള്ള ആലോചനകള്‍ക്കും കാരണമായത് കുലീനര്‍ തമ്മിലുള്ള നീക്കുപോക്കുകള്‍ മാത്രമല്ല. മറിച്ച്, അപര സമുദായങ്ങളുടെ മുന്‍കൈയ്യിലുണ്ടായ ജാതിവിരുദ്ധ സമരങ്ങളും, മനുഷ്യ പദവിയില്‍ അവര്‍ നടത്തിയ അഴിച്ചുപണികളുമാണ് കുറച്ചുകൂടെ തുറന്ന ഒരു സമൂഹത്തെയും അയിത്തം കുറഞ്ഞ ശരീരങ്ങളെയും ഇവിടെ സാധ്യമാക്കിയത്. വെറും ജാതികലഹങ്ങളായി മാത്രം അവയെ ലഘൂകരിക്കുന്നത് അസ്ഥാനത്താണ്. ബ്രാഹ്മണ്യമടക്കമുള്ള തത്വചിന്തകളേയും സദാചാര കൽപ്പനകളെയും തകിടംമറിച്ച പുതുജ്ഞാന-ധാര്‍മിക വ്യവഹാരങ്ങളും ഇത്തരം അപര മുന്നേറ്റങ്ങളിലൂടെ സാധ്യമായി.

ഇങ്ങിനെ നോക്കുമ്പോള്‍ ‘കുലീനര്‍’ ‘വഷളര്‍’ ‘കുലസ്ത്രീ’ ‘അഴിഞ്ഞാട്ടക്കാരി’ മുതലായ വിഭജനങ്ങള്‍ സവര്‍ണതയുടെ ഇരുപുറങ്ങളാണെന്നു വരുന്നു. ജാതിപരവും മതപരവുമായ അപരത്വങ്ങളെയോ മറ്റനവധി ഉഭയാവസ്ഥകളെയോ ഉള്‍ക്കൊള്ളാന്‍ മേല്‍പ്പറഞ്ഞ ഇരുപുറങ്ങളും നിര്‍വീര്യമാണ്. അതിനാലാണ് ബഹുജനങ്ങള്‍ക്ക് ഈ സമരം അപ്രാപ്യമാണെന്നു ഞാന്‍ വിലയിരുത്തിയത്.

ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിലെ സ്ത്രീ നിര്‍വചനങ്ങളില്‍ പലവിധത്തിലും അധികാരസ്ഥാനത്തുള്ള സവര്‍ണ ഹിന്ദുസ്ത്രീ ‘അഴിഞ്ഞാട്ടക്കാരിയുടെ’ രൂപത്തില്‍ വന്ന് ‘ഡബിള്‍’ ആയതാണ് പുരുഷകേന്ദ്രീകൃതമായ മാധ്യമങ്ങളെയും, ആനന്ദ് മുതല്‍ ബി. രാജീവന്‍ വരെയുള്ള ആധുനികരെയും ആനന്ദഭരിതരാക്കിയത്. ഇതേസമയം, അപരസ്ത്രീകള്‍ കേന്ദ്രത്തില്‍ വന്നിരുന്നെങ്കില്‍ ഈ മാധ്യമങ്ങളും ആധുനികരും തിരിഞ്ഞുനോക്കുകപോലും ചെയ്യില്ലെന്നും തീര്‍ത്തുപറയാവുന്നതാണ്.

ഈ പറഞ്ഞതിനര്‍ത്ഥം, കേരളത്തില്‍ പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും ഇല്ലെന്നല്ല. അവയില്‍ രണ്ടിടത്തും സ്ത്രീകള്‍ ‘കീഴാളത്വം’ (deprivation) അനുഭവിക്കുന്നുണ്ടെന്നതും വസ്തുതയാണ്. എന്നാല്‍ ഡിപ്രിവേഷന് ഒപ്പം ‘ഡിഗ്രേഡേഷനും’ (തരംതാഴ്ത്തൽ) കൂടി അനുഭവിക്കുന്നവരാണ് കീഴാള-അപരസ്ത്രീകള്‍.

കേരളത്തില്‍ നടന്ന മാറുമറക്കല്‍ സമരം പോലുള്ളവയെ കീഴാള സ്ത്രീകളുടെ ആത്മാഭിമാന സമരത്തിന്റെ ചിഹ്നങ്ങളായിട്ടാണ് കാണേണ്ടത്. അവയെ സവര്‍ണ സ്ത്രീകള്‍ അനുഭവിക്കുന്ന ഡിപ്രിവേഷനുമായി കണ്ണിചേര്‍ക്കുന്നത് ലഘൂകരണത്തിന് കാരണമാകും. അതുകൊണ്ടാണ് സ്ത്രീ അവസ്ഥകളെ ഏകവചനത്തിലൊതുക്കാതെ, സ്ഥലത്തേയും സമുദായത്തേയും ഉള്‍ക്കൊള്ളുന്ന പുത്തന്‍ കാറ്റഗറിയായി കാണണമെന്ന് ഞാന്‍ എഴുതിയത്. (സമുദായം എന്ന സംജ്ഞയെ ജാതി പ്രമാണിമാര്‍ കൈവശം വെച്ചിരിക്കുന്ന ഇടമായി പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആധുനികോത്തരമായ ഒരു ഭാവനയായി സമുദായത്തെ തിരിച്ചറിയേണ്ടതുണ്ട്). അപരസ്ത്രീകളെ സംബന്ധിച്ച് ‘ആത്മാഭിമാനം’ എന്ന കാര്യത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ഒന്നുകൂടെ വിശദീകരിക്കാം.

പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകളോട് സമ്പൂര്‍ണ്ണമായി വിയോജിച്ചിട്ടുള്ള സാമൂഹിക ചിന്തകയാണ് ഹന്നാ ആരന്റ്. വെള്ളക്കാരായ കമ്മ്യൂണിസ്റ്റുകളുടെ പ്രശ്‌നം ഡിപ്രിവേഷനാണ്. എന്നാല്‍ വിവേചനങ്ങളും വിലയില്ലായ്മയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജൂതസ്ത്രീയെ സംബന്ധിച്ചിടത്തോളം ‘ബഹുമാനിത’യാവുകയാണ് പ്രധാനം എന്ന മറുവാദമാണ് അവര്‍ ഉന്നയിച്ചത് (3). ഹന്നാ ആരന്റിന്റെ വിയോജിപ്പുകളിലൂടെ നോക്കുമ്പോള്‍; പൊതുസ്ഥലത്തെ ചുംബനത്തിലൂടെ ഒരു ദലിത് സ്ത്രീയോ ന്യൂനപക്ഷ സ്ത്രീയോ മറ്റിതര കീഴാള സ്ത്രീയോ ബഹുമാനിതയായി മാറുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ അവള്‍ കൂടുതല്‍ ‘ഡിഗ്രേഡ്’ ആയെന്നും വരാം. ഇതേസമയം, നിഷിദ്ധമായത് തിരിച്ചുപിടിച്ചതിലൂടെ സവര്‍ണ സ്ത്രീകള്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടവരായി മാറുകയും ചെയ്‌തേക്കാം. പൊതുബോധത്തിന്റെ സുരക്ഷിതത്വം അപര സ്ത്രീകള്‍ക്ക് ഇല്ലാത്തതിനാല്‍ മാത്രമല്ല ഈ പിളര്‍പ്പ് രൂപപ്പെടുന്നത്. മറിച്ച്, സവര്‍ണ സ്ത്രീകളുടെ ‘സ്ഥല’മെന്നത് ഉന്നതമായ വിദ്യാഭ്യാസ കേന്ദ്രങ്ങളോ, പത്രമോഫീസുകളോ, പ്രഫഷണല്‍-ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളോ ആണെന്നുതും, അവരുടെ ‘സമുദായ’മെന്നത് സുഹൃദ് സംഘങ്ങളോ ആക്ടിവിസ്റ്റ് കേന്ദ്രങ്ങളോ ആരാധകരുടെ കൂട്ടായ്മകളോ ആണെന്നതുമാണ് വ്യത്യാസം. ഇതേസമയം, അപര സ്ത്രീകളുടെ സ്ഥലവും സമുദായവും ഇപ്പോഴും പ്രധാനമായും കുടുംബവും, ജാതിയും, മതവും തുടങ്ങിയ ഇടങ്ങളാണ്. അവയെ പരിവര്‍ത്തനപ്പെടുത്താന്‍ ചുംബനസമരങ്ങള്‍ നടത്തുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നേരേമറിച്ച്, വലിയ തോതിലുള്ള തിരിച്ചടികള്‍ ഉണ്ടാകാനാണ് സാധ്യത. അതാണ് സംഭവിച്ചതും.

മതവും സാധചാരവും

അപരവല്‍ക്കരണത്തെ പറ്റിയുള്ള സമകാലീന പഠനങ്ങള്‍ക്ക്‌വേണ്ടി ഒട്ടേറെ പ്രമുഖര്‍ റഫറന്‍സായി ഉപയോഗിക്കുന്നതാണ് സാന്‍ഡര്‍.എല്‍ ഗില്‍മാന്‍ എന്ന അമേരിക്കന്‍ പണ്ഡിതന്‍ എഴുതിയ ‘ബ്ലാക്ക് ബോഡീസ് വൈറ്റ് ബോഡീസ്’ എന്നപുസ്തകം. അദ്ദേഹം തന്നെ എഴുതിയ ചെറിയൊരു പഠനമാണ് ”പ്ലേഗ് ഇന്‍ ജര്‍മ്മനി 1939/1989- കള്‍ച്ചറല്‍ ഇമേജസ് ഓഫ് റേസ്, സ്‌പേസ് ആന്റ് ഡീസിസ്” (4). ജര്‍മനിയില്‍ ഫാഷിസ്റ്റ്‌ സാന്നിധ്യം ശക്തമായിരുന്ന 1939ല്‍ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ ഡിക്ടറ്റീവ് നോവലും, 1989ല്‍ പുറത്തിറക്കിയ മറ്റൊരു ജനപ്രിയ ഡിക്ടറ്റീവ് നോവലും തമ്മിലുള്ള താരതമ്യമാണ് ഈ പഠനം. ആദ്യത്തെ നോവലില്‍, ജര്‍മന്‍ രാഷ്ട്രത്തിലെ അധികപറ്റാണ് ജൂതസമൂഹമെന്നും അവരുടെ മതവും സദാചാരവും വ്യത്യസ്തമായതിനാല്‍ ജനങ്ങള്‍ തമ്മിലുള്ള ഐക്യം അസാധ്യമാണെന്നും തുറന്നു എഴുതിയിരിക്കുന്നു. പ്ലേഗിനെ ഉല്‍പ്പാദിപ്പിക്കുന്ന വിധത്തില്‍ ജീവശാസ്ത്രപരമായി അധഃപതിച്ച ഒരു വിഭാഗമാണ് ജൂതര്‍ എന്ന മുന്നറിയിപ്പാണ് നോവല്‍ നല്‍കുന്ന പാഠം.

1989ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ജനപ്രിയ നോവലില്‍, ജൂതര്‍ എന്ന മതവിഭാഗമോ അവരെ സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പോലുമോ ഇല്ല. എന്നാല്‍, ഈ നോവലില്‍ അസന്നിഹിതവും സന്നിഹിതവുമായ കാര്യങ്ങളെ അപനിര്‍മിച്ചുകൊണ്ട് സാന്‍ഡല്‍ ഗില്‍മാന്‍ തെളിയിക്കുന്നത്, ആദ്യനോവലില്‍ എന്നപോലെ ഈ നോവലിലും ഉള്ള അധികപ്പറ്റുകളും അധപതിച്ചവരും ജൂത മതസ്ഥര്‍ ആണെന്നാണ്. ചുംബന സമരത്തെ അപനിര്‍മിച്ചാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.

സാൻഡർ എൽ. ഗിൽമാൻ

1984ല്‍ കേരളത്തിലുണ്ടായ ശരീഅത്ത് വിരുദ്ധ പ്രചാരണം പുരോഗമനകാരികളുടെ മുന്‍കൈയ്യിലാണ് നടന്നത്. യുക്തിവാദികള്‍, കമ്യൂണിസ്റ്റുകള്‍, സ്വതന്ത്ര ബുദ്ധിജീവികള്‍, മതേതര മാധ്യമങ്ങള്‍ തുടങ്ങി ‘പരിഷ്‌കാരത്തെ’ സ്വാഗതം ചെയ്യുന്ന മുഴുവന്‍ ആള്‍ക്കാരെയും ഉള്‍ക്കൊണ്ട ഈ പ്രചാരണത്തിന്റെ കേന്ദ്ര പ്രമേയം മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ മതയാഥാസ്ഥിതികരില്‍ നിന്നും വിമോചിപ്പിക്കുകയായിരുന്നു. മാത്രമല്ല, ആ സമുദായത്തെ ആധുനികവല്‍ക്കരിച്ച് പുതുലോകത്തിന്റെ സംസ്‌കാര സമ്പന്നതയിലേക്ക് ‘ഉയര്‍ത്തുക’ എന്നതും ലക്ഷ്യമായിരുന്നു.

ഈ പ്രചാരണ പദ്ധതിയുടെ ചുക്കാന്‍പിടിച്ചത് മാര്‍ക്‌സിസ്റ്റ് നേതാവായിരുന്ന ഇ.എം.എസ് ആയിരുന്നെങ്കിലും മുസ്‌ലിം സമുദായത്തിലെ കുറച്ചു വിദ്യാസസമ്പന്നരും പുരോഗമനപക്ഷക്കാരും മുന്‍നിരയിലുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍, ശരീഅത്ത്‌വിരുദ്ധ പ്രചാരണം ലക്ഷ്യം കണ്ടില്ലെന്നും, പകരം മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികര്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്നും പുരോഗമനകാരികള്‍ വിലപിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍, കേരളത്തിലെ ഹൈന്ദവ പൊതുബോധം മുസ്‌ലിംവിരുദ്ധമാകാനുള്ള സാഹചര്യമുണ്ടാക്കി എന്നതുമാത്രമാണ് ശരീഅത്ത് വിരുദ്ധ പ്രചാരണത്തിന്റെ അന്തിമഫലമെന്ന് പില്‍ക്കാലത്ത് ടി.ടി ശ്രീകുമാറിനെ പോലുള്ളവര്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ന് ശരീഅത്ത് വിരുദ്ധ പ്രചാരണം അറിയപ്പെടുന്നത് പുരോഗമനകാരികള്‍ നയിച്ച ഒരു ‘ശാസ്ത്രീയ വംശീയവാദ’ പ്രചാരണ പദ്ധതിയായിട്ടാണ്.

ചുംബന സമരത്തെയും കേരളത്തിലെ യുക്തിവാദികള്‍ മുതല്‍ മാവോവാദികള്‍ വരെ പിന്തുണച്ചു. ഒറ്റ ഉമ്മകൊണ്ട് ലോകവിപ്ലവ ഭൂപടത്തില്‍ കേരളത്തിന് ഇടംലഭിച്ചതായും, യുവശക്തിയുടെ ഉണര്‍ച്ചയില്‍ ദേശത്തിന്റെ പുതുമ വീണ്ടെടുത്തതായും വർണിക്കപ്പെട്ടു. ഇതേസമയം, 1984ലെ ശരീഅത്ത് വിരുദ്ധ പ്രചാരണ ഘട്ടത്തില്‍ ഉണ്ടായതിന് സമമോ കൂടുതലോ ആയ സങ്കീര്‍ണതയാണ് മുസ്‌ലിം സമുദായം അനുഭവിച്ചതെന്ന വസ്തുത ആര്‍ക്കും വ്യക്തമാകുന്നതായിരുന്നു.

ചുംബന സമരത്തില്‍ മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പ്രത്യക്ഷ സൂചകങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ് ആ സമുദായം ഇത്രമാത്രം സംഘര്‍ഷഭരിതമായത്?യൂറോപ്പിലെ ജൂതരെ പോലെ ഇന്ത്യയിലേയും കേരളത്തിലേയും മുസ്‌ലിംകളെയും വ്യത്യസ്തരാക്കി മാറ്റുന്നത് അവരുടെ മതപരതയും സദാചാരപരതയുമാണ്. ഈ രണ്ട് അടയാളങ്ങളെയും സ്പര്‍ശിക്കുമ്പോഴാണ് ആ സമുദായം പൊതുവേ സംഘര്‍ഷഭരിതമാകാറുള്ളത്. ചുംബനസമരത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കാം.

കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലുള്ള കാല്‍പ്പനിക അവകാശവാദങ്ങള്‍ ചുംബന സമരത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, സമരത്തിന് കാരണമായ ഏറ്റവും സുപ്രധാനമായ ചില ഘടകങ്ങള്‍ അപ്രത്യക്ഷമായി. ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റോറന്റില്‍ അടുത്തിടപെടുകയോ ചുംബിക്കുകയോ ചെയ്ത യുവജനങ്ങളാണ്/ആള്‍ക്കാരാണ് ഇപ്രകാരം അപ്രത്യക്ഷരായത്. ‘സദാചാര പോലീസുകാരുടെ’ പ്രകോപനത്തിന് കാരണക്കാരായ അവര്‍ സമരത്തിന്റെ ഒരു ഘട്ടത്തിലും രംഗപ്രവേശം ചെയ്യുകയുണ്ടായില്ല. അവര്‍ നേരിട്ടു വന്നില്ലെങ്കില്‍കൂടി, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായ പ്രമേയങ്ങളോ അവകാശ പത്രികകളോ ഉയര്‍ന്നുവന്നില്ല. മണ്ഡല്‍ അനന്തരഘട്ടത്തിലെ കീഴാള യുവത്വത്തെപ്പറ്റി ആരും ഓര്‍ക്കാത്തതിന് സമാനമായ മറവിയാണ് അവർക്കു മേല്‍ ഉണ്ടായതെന്ന് പറയാം. രണ്ടാമതായി അപ്രത്യക്ഷമായ പ്രതിനിധാനം ഹോട്ടല്‍ ഉടമയുടേതാണ്. ഹിന്ദുത്വവാദികള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളോടുള്ള ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണ്.

ഇ.എം.എസ് നമ്പൂതിരിപ്പാട്

ഒരുപക്ഷേ സമരത്തില്‍ സവിശേഷ വിഭാഗമെന്ന നിലയില്‍ അവകാശം സ്ഥാപിക്കേണ്ടവര്‍ അസന്നിഹിതരായപ്പോള്‍, അതേ സ്ഥാനത്ത് സന്നിഹിതരായവര്‍ ആരാണ്? ശരീഅത്ത് വിരുദ്ധ പ്രക്ഷോഭണ കാലത്ത് മുസ്‌ലിമിന്റെ മതപരയെ ഇളക്കി സംഘര്‍ഷപ്പെടുത്താന്‍ ശ്രമിച്ച അതേ ആള്‍ക്കാര്‍ തന്നെയാണ് ഇവിടെയും പ്രത്യക്ഷപ്പെട്ടവര്‍. അന്ന് അവര്‍ പ്രത്യക്ഷ സൂചകങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മുസ്‌ലിംകളെ സിവിലൈസ്ഡ് ആക്കാന്‍ വന്നതെങ്കില്‍, ഇന്ന് പരോക്ഷ സൂചകങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ് വ്യത്യാസം. സദാചാര പോലീസ് എന്ന ‘കോഡുഭാഷ’ മുസ്‌ലിം മൊബിലിറ്റിയോട് ഇടയുന്നത് എങ്ങനെയെന്ന കാര്യം എന്റെ മുന്‍ലേഖനത്തില്‍ വിശദീകരിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

ചുംബനസമരത്തെ ബഹുജനങ്ങള്‍ തിരസ്‌ക്കരിച്ചപ്പോള്‍, സമരത്തിന്റെ വക്താക്കള്‍ പറഞ്ഞ ചില ന്യായവാദങ്ങളെ പറ്റി സൂചിപ്പിച്ചുകൊണ്ട് ഈ വിശദീകരണം അവസാനിപ്പിക്കാം. ”കേരളം വോയറിസ്റ്റുകളുടേതാണ്”, “ലോകത്തില്‍ രണ്ടുതരം മനുഷ്യരേയുള്ളു. ചുംബിക്കാനറിയാവുന്നവരും, ചുംബിക്കാനറിയാത്തവരും”, എന്നാണവര്‍ പറയുന്നത്. ഈ രണ്ടു വാദങ്ങളും സോഷ്യല്‍ ഡാര്‍വിനിസ്റ്റു മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. ചുംബന സമരത്തില്‍ ശാസ്ത്രീയ വംശീയവാദത്തിന്റെ അടിയൊഴുക്കുണ്ടെന്ന വിമര്‍ശനം സാധൂകരിക്കപ്പെടുകയാണ് ഇതിലൂടെ.

മറ്റൊരു പ്രചാരണം, മുസ്‌ലിം വര്‍ഗീയവാദികളും ഹിന്ദു വര്‍ഗീയവാദികളും ഭരണകൂടവും ഒന്നിച്ചു എന്നതാണ്. 1936ല്‍ പ്രസിദ്ധീകരിച്ച ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന പ്രബന്ധത്തെ ഇവിടെ ഓര്‍മപ്പെടുത്തുകയാണ്. മനുഷ്യരുടെ സാമൂഹികതയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം സാമ്പത്തിക ബന്ധങ്ങളാണെന്ന് സോഷ്യലിസ്റ്റുകള്‍ വിശ്വസിക്കുന്നു. അവരെ തിരുത്തിക്കൊണ്ട് അംബേഡ്കര്‍ പറഞ്ഞത്, ഇൻഡ്യയും പൂര്‍വ യൂറോപ്പും പോലുള്ള സ്ഥലങ്ങളില്‍ മതത്തിനും ഇതേ പ്രാധാന്യമുണ്ടെന്നാണ്. കേരളത്തിലെ പൂരോഗമനകാരികളും തിരിച്ചറിയേണ്ടത്, സമ്പത്തും മതവും പോലെ സദാചാരവും നിര്‍ണായകമായ ഒരു സാമൂഹികതയാണെന്നതാണ്. ഈ വസ്തുതയെ അലംഭാവത്തോടെ കാണുന്നതിനാലാണ് ഹിന്ദുത്വസംഘടനകളും മുസ്‌ലിം സംഘടനകളും ഒന്നിച്ചതായി അവര്‍ക്കു തോന്നുന്നത്. അവരുടെ അലംഭാവത്തിന് കാരണമാകട്ടെ, ഭരണകൂട സുരക്ഷയിലുള്ള അമിത വിശ്വാസമാണ്. യഥാര്‍ത്ഥത്തില്‍ നടന്നതെന്താണ്? ‘പുരോഗമന’ക്കാരുടെ ഏകീകരണത്തിനു മുന്‍പില്‍ മുസ്‌ലിം സംഘടനകള്‍ നിര്‍വ്വീര്യമായപ്പോള്‍, സദാചാര സംരക്ഷകരായി ഹനുമാന്‍സേനകള്‍ രംഗത്തുവന്നു. ഈ തിരിച്ചടിക്കു കാരണക്കാര്‍ മുസ്‌ലിം സംഘടനകളോ ബഹുജനങ്ങളോ അല്ല. അപരങ്ങളോടു സംവദിക്കാന്‍ തയ്യാറല്ലാത്ത നമ്മുടെ പുരോഗമനക്കാര്‍ തന്നെയാണ്.

  • Bell Hooks, Outlaw culture: Resisting Representations, (Routledge- 1994)
  • ചുംബനസമരത്തെ പറ്റി ഒരു പുസ്തകം എഡിറ്റ്‌ചെയ്ത ആര്‍. ഉണ്ണി എഴുതിയ ‘കാളി’ എന്ന സാഹിത്യഅക്കാദമി അവാര്‍ഡ്‌ലഭിച്ച ചെറുകഥ, ഇപ്രകാരത്തിലുള്ള ഒരു വ്യാജ ഫെമിനിസ്റ്റു ഫാന്റസിയാണ്
  • Modernity and Racism – Richard H King (Writing and Race- edited by Tim Youngs- Logman- 1997)
  • Nationalism and Sexualities – Edited by Andrew Parker, Mary Russo, Dories Sommer band Patricia Yaeger (Routledge- 1998)
Top