അമ്മമാരെ തിന്നു വളരുന്ന പെൺമക്കൾ

അലീനയുടെ കവിതകളിൽ കേരളത്തിലെ ലിബറൽ സ്ത്രീവാദങ്ങൾ ഉന്നയിക്കുന്ന തരത്തിലുള്ള സംഘർഷങ്ങൾ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ അപരവത്കരണത്തെ പറ്റിയും, അവരുടെ സ്വതന്ത്രമായ കർതൃത്വം വികസിക്കുന്നതിനെ കുറിച്ചുമുള്ള സൂചനകളാണ് കൂടുതലുള്ളത്. അലീന ആകാശമിട്ടായിയുടെ കവിതാ സമാഹാരത്തിന് കെ.കെ ബാബുരാജ് എഴുതിയ അവതാരിക.

അലീന ആകാശമിഠായിയുടെ ചില കവിതകൾ ഫെയ്സ്ബുക്കിൽ വായിച്ചപ്പോൾ എനിക്കു തോന്നിയത്, അവർ ഫിക്ഷനുകളോ ഷോർട്ട് സ്റ്റോറികളോ എഴുതിയാൽ നന്നായിരിക്കുമെന്നാണ്. കവിത എഴുതുന്നത് മോശമാണെന്നോ, അതുകൊണ്ട് കാര്യമില്ലെന്നോ ഉദ്ദേശിച്ചല്ല ഇങ്ങനെ ആഗ്രഹിച്ചു പോയത്. മറിച്ച് കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ടുകളായി ലോക സാഹിത്യത്തിൽ അരികുവത്കരിക്കപ്പെട്ട സമുദായങ്ങളെ സംബന്ധിച്ചിടത്തോളം വിജ്ഞാന സാഹിത്യത്തിനൊപ്പം നോവലുകളും ചെറുകഥകളുമാണ് ഏറ്റവും സംവാദപരമായിട്ടുള്ളത്. അതായത്, സങ്കീർണവും വേറിട്ടതുമായ ഭാവനകളെയും, അപരിചതമോ അജ്ഞയമോ ആയ ഇടങ്ങളെയും പ്രതിപാദിക്കാൻ മാത്രമല്ല, നവീനമായ ശിൽപ ഘടനകളിലൂടെ ആവിഷ്കാരങ്ങൾക്കു പുതുമയും ഒഴുക്കും നൽകാൻ മേൽപ്പറഞ്ഞ തരത്തിലുള്ള പ്രതിപാദ്യങ്ങളാണ് കൂടുതൽ സഹായകരമായിട്ടുള്ളത്.

ഇതിനുകാരണം, ഗദ്യത്തിന്റെ സവിശേഷമായ അനുഭവപരതയാണ്. പഴയ ക്ലാസ്സിക്കൽ സാഹിത്യം കൂടുതലും പദ്യത്തിലായിരുന്നു. അതെഴുതാനും വായിക്കാനും ഉയർന്ന ഭാഷാ സ്വാധീനവും അനുശീലനവും വേണം. എന്നാൽ ഗദ്യമാകട്ടെ, സാധാരണക്കാരുടെ വിനിമയോപാധിയാണ്. സാമൂഹിക വിപ്ലവങ്ങളും പുറന്തള്ളപ്പെട്ടവരുടെ കലാപങ്ങളുമാണ് ഗദ്യത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിച്ചത്. ഇപ്രകാരം ഗദ്യത്തിൽ നിന്നും വികസിച്ച് പുതുസാഹിത്യ ഭാവുകത്വത്തിൽ ആധുനികോത്തര കാലത്ത് പോപുലർ ഫിക്ഷൻ പോലുള്ള ആഖ്യാനങ്ങൾക്ക് കൂടുതൽ ഒഴുക്കും ബഹുജന സ്വീകാര്യതയും ഉണ്ടായിട്ടുള്ളതായി കാണാം.

കേരളത്തിലെ സമീപ ഭൂതകാല സാഹിത്യചരിത്രം നോക്കിയാൽ, കീഴാള എഴുത്തുകളും വായനകളും കുറേയൊക്കെ മുഖ്യധാരയിൽ ഇടം നേടിയിട്ടുള്ളതായി കാണാം. ഇവയിൽ തന്നെ വരേണ്യർക്കു കടുത്ത അലോസരമുണ്ടാകുന്ന സൈദ്ധാന്തിക വിശകലനങ്ങളും സൗന്ദര്യശാസ്ത്ര ചർച്ചകളും ഉണ്ടായിട്ടുണ്ട് എന്നതും പ്രധാനമാണ്. ഇത്തരമൊരു ബലതന്ത്രമേഖല മുഖ്യധാരയിൽ രൂപപ്പെടുത്താൻ കീഴാള എഴുത്തുകാർക്കു കഴിഞ്ഞതിനു കാരണം, പരമ്പരാഗത എഴുത്തു രീതികളെ ഉപേക്ഷിച്ചതിനൊപ്പം ഭാഷയുടെ വൈവിധ്യങ്ങളെയും, ചെറുതുകളെയും പലതുകളെയും ഉൾക്കൊള്ളാനും ശ്രമിച്ചതിന്റെ ഫലം കൂടിയാണ്.

അലീന ആകാശമിട്ടായി

പല സമയങ്ങളിലായി പ്രിന്റ് മീഡിയയിലും പിന്നീട് സോഷ്യൽ മീഡിയയിലും തുടർന്നുവരുന്ന കീഴാള എഴുത്തുകളുടെ പ്രതി-അതിസാന്നിധ്യം വരേണ്യ ഭാവുകത്വത്തിനേൽപ്പിച്ച വിള്ളൽ ചെറുതല്ല. ഇതപര്യന്തം തുടർന്നുവന്നിരുന്ന നിരവധി കനോനകളെയാണ് ഇവ അസ്ഥിരപ്പെടുത്തിയത്. ഈ പ്രതിസന്ധി ഉയർത്തിയ വെല്ലുവിളികളെ മുഖ്യധാര മറികടന്നത് പോപ്പുലർ കൾച്ചറിലും ജനപ്രിയ സാഹിത്യത്തിലും നവസാങ്കേതികതയിലും കടന്നുകയറ്റം നടത്തിക്കൊണ്ടാണ്.

ഉദാഹരണമായി, അടുത്ത കാലത്ത് നോവൽ, ചെറുകഥ, തിരക്കഥ പോലുള്ള ആഖ്യാനങ്ങളിൽ ജനപ്രിയത നേടിയിട്ടുള്ളവരാണ് ഉണ്ണി. ആർ, സന്തോഷ് ഏച്ചിക്കാനം, കെ.ആർ മീര, ടി.ഡി രാമകൃഷ്ണൻ, ടി.പി രാജീവൻ, ഇന്ദു മേനോൻ, എസ്. ഹരീഷ് മുതലായ എഴുത്തുകാർ. ഇവരുടെ രചനകളെ ഡി.സി ബുക്സ്, മാതൃഭൂമി പോലുള്ള സ്ഥാപനങ്ങളും ന്യൂജനറേഷൻ സിനിമാ സംവിധായകരും നന്നായി പ്രചരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും വിവിധ പുരസ്കാര സമിതികളും നൽകുന്ന അവാർഡുകൾ മിക്കവാറും കിട്ടുന്നത് ഇവർക്കു തന്നെയാണ്.

മേൽപ്പറഞ്ഞ എഴുത്തുകാരുടെ രചനകളിലൂടെ കടന്നുപോകുമ്പോൾ പെട്ടെന്നു തിരിച്ചറിയാവുന്ന ഒരു പൊതുസൂചന, ഇവ കേരളത്തിൽ നടന്നതും നടക്കുന്നതുമായ കീഴാള സംവാദങ്ങളെ എഴുത്തിലേക്കു സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നതാണ്. മാത്രമല്ല, ദലിത് ആത്മകഥകളുടെയും സമരങ്ങളുടെയും അനുഭവപരതകളെ സ്വാംശീകരിക്കുന്നതായും കാണാം. ഈ ‘സ്വാംശീകരണത്തിന്റെ’ (assimilation) വാസ്തവികതയെ മറച്ചുപിടിക്കാൻ കഴിയുന്നത് പോപുലർ നരേറ്റീവുകളുടെയും സിനിമകളുടെയും പൊതു സ്വീകാര്യതയെ ഉപയോഗപ്പെടുത്തുന്നതു മൂലമാണ്.

പറഞ്ഞുവരുന്നത്, ആധുനികതയിൽ വെള്ളക്കാരായ എഴുത്തുകാരും ചിത്രകാരന്മാരും സിനിമാ പ്രവർത്തകരും അപര ജീവിതങ്ങളെയും അറിവുകളെയും തങ്ങളുടെ ബ്രഹദാഖ്യാനങ്ങളുടെ ഭാഗമായി മാറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം, കേരളത്തിലെ സവർണ ഭാവുകത്വവും കീഴാള സംഘർഷ ഭൂമികകളെ സ്വാംശീകരിച്ചുകൊണ്ടാണ് തങ്ങളുടെ ആഖ്യാനങ്ങൾക്കു വശ്യത വർദ്ധിപ്പിക്കുന്നത്. ഈ സ്വാംശീകരണം ഒരു പരിധിവരെ അധിനിവേശവും അപഹരണവും തന്നെയാണ്. എന്നാൽ, ഇതിന്റെ പേരിൽ എഴുത്തുകാരെ പഴിപറയുന്നത് ന്യായമാണെന്നു തോന്നുന്നില്ല. നേരേമറിച്ച്, ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാൻ കീഴാള എഴുത്തുകാർ പഴയ വാർപ്പുമാതൃകകൾ ഉപേക്ഷിച്ചും, ചലനവും ശക്തിയുമില്ലാത്ത പരമ്പരാഗത പ്രതിപാദന രീതികളെ ഒഴിവാക്കിയും, തങ്ങളുടെ ആവിഷ്കാരങ്ങളെ സമകാലീനവത്കരിക്കുന്നതിനൊപ്പം മുഖ്യധാരയിൽ ഇടം നേടുകയെന്നതുമാണ് അഭികാമ്യം എന്നു തോന്നുന്നു.

കേരളത്തിലെ ദലിത് എഴുത്തുകളിൽ മുഖ്യധാരയോട് കിടപിടിക്കാവുന്ന കവിതാ സമാഹാരങ്ങളും ചരിത്ര രചനകളും പഠന ഗ്രന്ഥങ്ങളും ആത്മകഥകളുമുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, നോവലിലും ചെറുകഥയിലും അകക്കാമ്പുള്ള ആധുനികോത്തര രചനകൾ അധികമൊന്നും ഉള്ളതായി തോന്നുന്നില്ല. സി. അയ്യപ്പനു ശേഷം ശക്തമായ പാഠാന്തര സ്വഭാവമുള്ള ചെറുകഥകൾ ചൂണ്ടിക്കാട്ടാൻ വിഷമമാണ്. നോവലിൽ പ്രദീപ് പാമ്പിരിക്കുന്നിന്റെ ‘എരിയും’ എം.ബി മനോജിന്റെ ‘ജഗയും’ എടുത്തുപറയാമെങ്കിലും, പ്രതിപാദന രീതിയിലും ഉള്ളടക്കത്തിലും അവ ആധുനികതയിൽ തന്നെ ചുരുണ്ടുകൂടുന്ന പ്രശ്നം അവശേഷിക്കുന്നു.

സി. അയ്യപ്പൻ

ഈ കാര്യങ്ങൾ വിശദമായി എഴുതിയത്, കീഴാള എഴുത്തുകാർ നോവൽ, ചെറുകഥ, തിരക്കഥ പോലുള്ള വലിയ ക്യാൻവാസുകൾ ഉൾക്കൊള്ളുന്ന പ്രതിപാദന മണ്ഡലങ്ങളിലേക്ക് കൂടുതലായി കടന്നുവരേണ്ടതുണ്ട് എന്നു സൂചിപ്പിക്കാനാണ്. തീർച്ചയായും ആവിഷ്കാരങ്ങളുടെ വൈവിധ്യങ്ങളിലേക്കു കടന്നുവരികയും, പോപ്പുലർ കൾച്ചറിൽ ഇടപെടുകയും ചെയ്യുന്നതിലൂടെ മാത്രമേ സവർണ ഭാവുകത്വത്തിന്റെ സ്വാംശീകരണ തന്ത്രങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാൻ അവർക്കു കഴിയൂ.

അലീന ആകാശമിഠായി മാത്രമല്ല, നിരവധി കീഴാള സ്ത്രീകൾ വളരെ ശ്രദ്ധേയമായ കവിതകൾ പ്രിന്റ് മീഡിയയിലും സോഷ്യൽ മീഡിയയിലും എഴുതുന്നുണ്ട്. അവർക്ക് ഗൗരവതരമായ നിരൂപക പിന്തുണയോ അംഗീകാരമോ കിട്ടുന്നില്ല. കവിതയിൽ പലരും പലവിധത്തിലാണ് കാര്യങ്ങൾ പറയുന്നതെങ്കിലും, പറയുന്ന വിഷയങ്ങൾ പലപ്പോഴും ഏകതാനമാണെന്ന പരിമിതിയും പ്രകടമാണ്. അതിനാലാണ് ഉന്നതമായ സർഗശേഷിയും നല്ല വായനാ പരിചയവുമുള്ള കീഴാള സ്ത്രീകൾ കവിതയെ മാത്രം ആധാരമാക്കാതെ, മറ്റു പലതരത്തിലുള്ള ആവിഷ്കാരങ്ങളിലേക്കും കടന്നുവരണമെന്നു സൂചിപ്പിക്കുന്നത്.

അമ്മമാരെ തിന്നു വളരുന്ന പെൺമക്കൾ

അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നും വരുന്ന എഴുത്തുകാരെ/എഴുത്തുകളെ സംബന്ധിച്ചിടത്തോളം സ്വത്വവും സമുദായവും പ്രതിനിധാനവും പ്രധാനമാണ്. ഇവ സ്ഥായിയായ പ്രതിഭാസങ്ങൾ എന്ന നിലയിൽ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നല്ല പറയുന്നത്.

ദേശം, ജാതി, വർണം, തൊഴിൽ, സാമൂഹിക പദവി മുതലായ പലതരത്തിലുള്ള മേൽക്കോയ്മകളുടെ ചിഹ്ന വിന്യാസത്തിലൂടെയാണ് മുഖ്യധാരാ സാഹിത്യം ചിരപ്രതിഷ്ഠ നേടുന്നത്. തദ്ഫലമായി ‘സപ്ലിമെന്റുകൾ’ അഥവാ അനുബന്ധങ്ങളായിട്ടാണ് കീഴാള സാമുദായികത, അവയിലെ ആണുങ്ങളും പെണ്ണുങ്ങളും, ട്രാൻസ്ജെൻഡർ സമുദായം, വിവിധ ന്യൂനപക്ഷങ്ങൾ എന്നിവ മുഖ്യധാരയിൽ പ്രതിനിധാനപ്പെടുന്നത്. ഇവയുടെ സ്വതന്ത്രമായ നിലനിൽപ്പും, ചലനക്ഷമതയും, വിമോചനാഭിലാഷങ്ങളും രേഖപ്പെടുത്താൻ സ്വത്വവും സമുദായവും സവിശേഷമായി സൂചിപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് മുഖ്യധാരയുടെ ‘സാർവജനീയത’ എന്ന അവകാശവാദത്തെ തുരങ്കം വെക്കുന്നതിനാൽ, അതിനോടുള്ള വെറുപ്പും അകൽച്ചയും പൊതുഭാവുകത്വത്തിൽ ഉരുണ്ടുകൂടുക സ്വാഭാവികമാണ്.

അലീന ആകാശമിഠായിയുടെ കവിതകളിൽ സ്വത്വവും സമുദായവും കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഇവയിലെ ‘കവിത പറച്ചിലുകാരി’ അഥവാ കവിതകളുടെ സ്പീക്കർഷിപ്പ് നിലനിൽക്കുന്നത് ഒരു കീഴാള സ്ത്രീയുടെ സ്വത്വത്തിൽ ഊന്നിയാണ്. കുറച്ചുകൂടെ അടുത്തുനിന്നു നോക്കിയാൽ, ഈ സ്പീക്കർഷിപ്പ് കേരളത്തിലെ ഏതോ മലയോര ഗ്രാമത്തിൽ താമസിക്കുന്ന ഒരു ദലിത് ക്രിസ്ത്യൻ പണിയാള കുടുംബത്തിലെ സ്ത്രീ അംഗത്തിന്റേതാണെന്നു മനസ്സിലാവും. അതായത്, ജാതീയവും മതപരവുമായ പിന്നാക്കാവസ്ഥയും, കൂലിവേലക്കാരുടെ ജീവിത സാഹചര്യവുമുള്ളവളാണ് ഈ കവിതകളുടെ പറച്ചിലുകാരി. എന്നാൽ, ഇതേ സ്വത്വത്തിൽ നിന്നും കുതറിക്കൊണ്ട് പുതുനാഗരിക ഭാവനകളും, നവസാങ്കേതിക ലോകത്തിന്റെ അനുഭവപരതയും ഉൾക്കൊള്ളുന്ന ഒരു എഴുത്തുകാരിയുടെ നോട്ടങ്ങൾക്കൊപ്പം, തന്റെ ജീവിതാവബോധത്തെ നിരന്തരം പരീക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന തൃഷ്ണാ മണ്ഡലങ്ങളാണ് ഈ കവിതകളിലുള്ളത്.

ഒരു ദലിത് ക്രിസ്ത്യൻ സ്ത്രീയുടെ സ്വത്വത്തിൽ ഊന്നുകയും, അതിൽ നിന്നും ചാഞ്ചാടുകയും ചെയ്തുകൊണ്ടുള്ള സാഹിത്യ ഭാവനകൾ ആവിഷ്കരിക്കുന്നത് അത്ര ലളിതമായ കാര്യമാണോ? കീഴാള സ്ത്രീകളുടെ സ്വത്വത്തെയും തിരിച്ചറിവുകളെയും വെറുതെയങ്ങ് അടയാളപ്പെടുത്താൻ കഴിയുന്ന വിധത്തിലാണോ സാഹിത്യത്തിലെ പ്രതിഷ്ഠാപനങ്ങൾ നിലനിൽക്കുന്നത്?

വെളുത്ത പൊതുധാരയുടെ സാഹിത്യ ഭാവനകളിൽ അരികുവത്കരിക്കപ്പെട്ട സ്ത്രീകൾ പൊതുവേ പ്രതിനിധാനം ചെയ്യപ്പെടുന്നത് പിശാചുക്കളെ പെറ്റിടുന്ന ദുരാചാരികളായിട്ടാണ്. ഹോമറിന്റെ ഒഡീസിയിലെ സില്ലയും ചാരിബിനും കാഴ്ചയിൽ തന്നെ വെറുപ്പുളവാക്കുന്നവരും, സകല തിന്മകളുടെയും ഉറവിടവുമാണ്. ടെംപെസ്റ്റിലെ കാലിബാന്റെ അമ്മയായ സൈക്കോറാക്സിനെ “ആ നശിച്ച പിശാച്” എന്നാണല്ലോ ഷേക്സ്പിയർ തന്നെ വിളിപ്പിക്കുന്നത്. ഇവരുടെ സാന്നിധ്യം അഴുക്കിനെ/ദുർഗന്ധത്തെ ഉളവാക്കുമ്പോൾ, ഇവരുടെ ശബ്ദം കലപിലയൊച്ചകളായി, നിലവിളികളായി ഉയർന്നു കേൾക്കുന്നു.

ഇപ്രകാരം, സാഹിത്യ ഭാവനകളുടെ ഓരങ്ങളിൽ പിശാചുക്കൾ പോലെയോ, നിഴലുകൾ പോലെയോ നിന്ന് അരികുവത്കരിക്കപ്പെട്ട സ്ത്രീകൾ വിഷയികളായി മാറുന്നത് പല നാടുകളിലും സമയങ്ങളിലും നടന്ന കീഴാള സ്ത്രീകളുടെ ഉയിർപ്പുകളുടെ ഫലമായിട്ടാണ്.

മലയാളത്തിൽ മുട്ടത്തുവർക്കിയുടെ നോവലിനെ ആസ്പദമാക്കി ‘വെളുത്ത കത്രീന’ എന്നൊരു സിനിമയുണ്ട്. അതിലെ സുന്ദരിയും വെളുത്ത നിറമുള്ളവളുമായ ദലിത് ക്രിസ്ത്യൻ സ്ത്രീയുടെ ദുരന്ത ജീവിതം ചിത്രീകരിക്കുന്നതു തന്നെ, അവളുടെ സ്വന്തം സമുദായത്തെയും അതിലെ ‘കുറഞ്ഞവരായ’ ആണുങ്ങളെയും മൃഗവത്കരിക്കാനുള്ള ഉപകരണമായിട്ടാണ്. വെളുത്ത കത്രീനക്ക് അധികമായിട്ടുള്ള നിറവും ബുദ്ധിശക്തിയും സവർണരക്ഷക ആണുങ്ങൾക്കു സമർപ്പിച്ചില്ലെങ്കിൽ, അത് കീഴാള ആണുങ്ങളാൽ ദുർവ്യയം ചെയ്യപ്പെടുമെന്ന സന്ദേശമാണ് സിനിമ നൽകുന്നത്.

എം.ബി മനോജ്‌

ഇതേസമയം, എസ്. ജോസഫിന്റെ ‘പെങ്ങളുടെ ബൈബിൾ’, ‘പോക്കിടമില്ലേ’ പോലുള്ള കവിതകളിൽ ദലിത് ക്രൈസ്തവ സമുദായാംഗങ്ങളായ സ്ത്രീകളെ ചരിത്രത്തിന്റെ ദുരാചരണികൾ എന്ന കൽപ്പനയിൽ നിന്നും വിമോചിപ്പിച്ചു കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

അലീനയുടെ കവിതകളിൽ തന്റെ കുടുംബത്തെയും ബന്ധുക്കളെയും സമുദായത്തെയും കുറ്റാരോപിത സൂചകങ്ങളാക്കി മാറ്റിക്കൊണ്ട്, അവരെ പിന്നെയും അരികുവത്കരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. മറിച്ച്, അവരെ കേന്ദ്രത്തിലേക്കു തന്നെ കൊണ്ടുവരികയാണ് ചെയ്യുന്നത്. അവരനുഭവിക്കുന്ന ജാതീയമായ പുറന്തള്ളലുകളും, മതപരമായ വിവേചനങ്ങളും, തൊഴിൽപരമായ അനിശ്ചിതത്വങ്ങളും സൂക്ഷ്മതലത്തിൽ തന്നെ ആവിഷ്കരിക്കുന്നുണ്ട്. ഈ ജനതയുടെ അവസ്ഥകളുടെ, ദൈനംദിന ജീവിത പ്രശ്നങ്ങളുടെ ഭാഗമാണ് തന്റെ സ്വത്വമെന്നു തന്നെ സൂചിപ്പിക്കുന്നു. ഇതേസമയം കീഴാള അവസ്ഥകളെ കാൽപനികവത്കരിക്കാനോ, കൗതുക കാഴ്ചകളാക്കി മാറ്റിക്കൊണ്ട് പൊതുബോധത്തിന്റെ പ്രീതി പിടിച്ചുപറ്റാനോ ശ്രമിക്കുന്നുമില്ല.

ഈ കവിതകളിൽ സവിശേഷമായി പ്രതിപാദിക്കപ്പെടുകയല്ല, വിഷയികളായി പരിവർത്തനപ്പെടുകയാണ് സ്വന്തം അമ്മയും, ബന്ധുക്കളും, അയൽപക്കക്കാരികളുമായ മുതിർന്ന കീഴാള സ്ത്രീകളും. ഇവർ കഠിനമായ ദൈനംദിന ജീവിത വിഷമങ്ങൾ അനുഭവിക്കുന്നവരും, അപമാനവും കളിയാക്കലുകളും, ചിലപ്പോൾ കുടുംബവഴക്കിനെ തുടർന്ന് പീഡനങ്ങൾ പോലും ഏറ്റുവാങ്ങുന്നവരുമാണ്.

ഈ സ്ത്രീകളുടെ ‘ചെറു ജീവിതങ്ങളെ’ കവിതയിലൂടെ വിഷയീ സ്ഥാനത്തേക്ക് ഉയർത്തുന്നത് ആരുടെയെങ്കിലും അനുതാപം കിട്ടണമെന്ന ആഗ്രഹത്താലല്ല. മറിച്ച്, അവഗണിക്കപ്പെട്ടവരും, വിദ്യാഭ്യാസം കുറഞ്ഞവരുമായ ഇവരിൽ തന്നെയാണ് ജീവിത തൃഷ്ണയുടെ ചൈതന്യം, ഉൾക്കാഴ്ചകൾ, കരുത്ത്, അതിജീവനശേഷി, ആത്മീയത, ഭാവനാപരത എന്നിവയെല്ലാം നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യത്തെ വെളിപ്പെടുത്താനാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കീഴാള സ്ത്രീകളുടെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ അരികുജീവിതത്തെ പഴയ റിയലിസ്റ്റ് സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നതിനു പകരം, അവരുടെ നഗ്നന ജീവിതത്തെ പുതു കീഴാള സ്ത്രീവാദങ്ങളുടെ ഉൾക്കാഴ്ചകളിലൂടെ മാറ്റിമറിച്ചു പുനർനിർമിക്കുകയാണ് ഈ കവിതകൾ ചെയ്യുന്നത്.

തന്റെ സമപ്രായക്കാരായ കൂട്ടുകാരികളെക്കാൾ, മുതിർന്ന കീഴാള സ്ത്രീകളെയും അമ്മമാരെയുമാണ് ഈ കവിതകൾ കൂടുതലായി ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. ഈ സ്ത്രീകളുടെ സഹനങ്ങളെയും, സമരങ്ങളെയും, ഫലിത ബോധത്തെയും, മത വിശ്വാസത്തെയും, വീണ്ടുവിചാരങ്ങളെയും, അസംതൃപ്തികളെയും, ശാരീരികവും ലൈംഗീകവുമായ അവസ്ഥാന്തരങ്ങളെയും, പൊതുബോധത്തിൽ നിന്നുള്ള തിരിച്ചടികളെയും, ചെറുത്തുനിൽപ്പുകളെയും കുറിച്ചുള്ള തുറന്നുനോട്ടമാണ് ഇതിലുള്ളത്.

പ്രദീപൻ പാമ്പിരിക്കുന്ന്

ചുരുക്കിപ്പറഞ്ഞാൽ, കീഴാള സ്ത്രീകളുടെ വിഷയീ സ്ഥാനത്തേക്കും അവരുടെ വൈവിധ്യമേറിയ അനുഭവ ലോകത്തേക്കും കൗതുകത്തോടെ എത്തിനോക്കുകയല്ല, അവരെ പരമാവധി ഉൾക്കൊണ്ട് അല്ലെങ്കിൽ അവയെ തിന്നുകൊണ്ട് വളർച്ച നേടുന്ന പുതു പ്രതിനിധാനത്തിലേക്കാണ് അലീന ആകാശമിഠായിയുടെ കവിതകളിലെ കീഴാള സ്ത്രീ സ്വത്വം വികസിക്കുന്നത്. തുടർച്ച എന്നതിലുപരി, ജൈവികമായ വിച്ഛേദമാണ് ഈ കവിതകൾ അന്തർവഹിക്കുന്ന സ്ത്രീ രാഷ്ട്രീയമെന്നു സാരം.

കീഴാള സ്ത്രീകളുടെ ദാരിദ്ര്യത്തെ, ആർത്തവം പോലുള്ള ശാരീരികാവസ്ഥകളെ, വെളിക്കിരിക്കാനോ കുളിക്കാനോ ഉള്ള പരിമിത സാഹചര്യങ്ങളെ, കറുത്തതോ മങ്ങിയതോ ആയ നിറത്തെ, ഉച്ചത്തിലുള്ള സംസാരത്തെ ‘അപരവത്കരണത്തിനുള്ള’ ഉപാധികളായിട്ടാണ് പൊതുബോധം നിർണയിക്കാറുള്ളത്. ഇത്തരത്തിലുള്ള അപരവത്കരണങ്ങളെ പറ്റി എഴുതുമ്പോൾ കറുപ്പ് യുദ്ധം, സിൽക് റൂട്ട്, മുല്ലപ്പൂവിപ്ലവം, ബ്ലഡിസൺഡേ പോലുള്ള സൂചനകളും തലക്കെട്ടുകളും രൂപകങ്ങളായി (allegory) ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ചരിത്രത്തോടുള്ള പ്രഹസനം എന്നതിനൊപ്പം, അതിനോടുള്ള പ്രതികാര യുക്തിയും ഉള്ളടങ്ങുന്നതാണ് ഇത്തരം അലിഗറികൾ. പല ആഫ്രോ-അമേരിക്കൻ എഴുത്തുകാരികളും ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ബാക്കി നിൽക്കുന്ന ഇടങ്ങൾ

സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മുഖ്യഭാഗവും വംശീയാധിപത്യവും പുരുഷാധിപത്യവും കച്ചവട താത്പര്യങ്ങളും കയ്യടക്കി കഴിഞ്ഞു. അരികുവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് ഇനി ബാക്കി നിൽക്കുന്ന ഇടങ്ങൾ പാട്ടും കഥപറച്ചിലും നൃത്തവും കരകൗശലവും മതവും ഫലിതവുമാണെന്ന് റ്റോണി മോറിസൺ എഴുതുകയുണ്ടായി. ഈ ഇടങ്ങളെ വെറും അവശേഷിപ്പുകളായിട്ടല്ല, മറിച്ച് കീഴാള സ്ത്രീകൾക്ക് കേന്ദ്രത്തിലേക്കു വരാൻ നിരവധി സാധ്യതകളുണ്ടെന്ന അർത്ഥത്തിലാണ് റ്റോണി മോറിസൺ ഇപ്രകാരം പറയുന്നത്.

അലീന ആകാശമിഠായിയുടെ കവിതകളിൽ കേരളത്തിലെ ലിബറൽ സ്ത്രീവാദങ്ങൾ ഉന്നയിക്കുന്ന തരത്തിലുള്ള സംഘർഷങ്ങൾ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ അപരവത്കരണത്തെ പറ്റിയും, അവരുടെ സ്വതന്ത്രമായ കർതൃത്വം വികസിക്കുന്നതിനെ കുറിച്ചുമുള്ള സൂചനകളാണ് കൂടുതലുള്ളത്. റ്റോണി മോറിസൺ ചൂണ്ടിക്കാട്ടിയതുപോലെ, അരികുവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് ബാക്കി നിൽക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഈ കവിതകൾ സ്വന്തമായ വഴി വെട്ടിത്തുറക്കുന്നത്.

റ്റോണി മോറിസൺ

ഈ പുസ്തകത്തിലെ ഒരു കവിതയെ പറ്റി മാത്രം ചെറുതായി പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ‘Vagina Dentata’ എന്ന വാക്ക് പലരും കേട്ടിട്ടുണ്ടാകും. പല്ലുള്ള യോനി അഥവാ യോനിയിൽ പല്ലുള്ള സ്ത്രീ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ലോകത്തിലെ മിക്ക ഭാഷകളിലുമുള്ള നാടോടി സാഹിത്യത്തിലും ‘യോനിയിൽ പല്ലുള്ള സ്ത്രീകളെ’ പറ്റിയുള്ള മിത്തുകളോ പ്രതീകവത്കരണങ്ങളോ നിലനിൽക്കുന്നുണ്ട്. പുതുകാലത്തെ ‘പങ്ക്’ (punk)കളിലും ക്വിയർ സാഹിത്യത്തിലും ഇവ പുനർനിർമിക്കപ്പെടുന്നുണ്ട്. മലയാളത്തിൽ തന്നെ യക്ഷികളുടെ പിടിയിലാകുന്ന ആണുങ്ങളുടെ എല്ലുകളും മുടികളും മാത്രം അവശേഷിക്കുന്നതായുള്ള കഥകൾ സുലഭമാണല്ലോ. എങ്കിലും, ഹോമറിന്റെ ഒഡിസിയിലെ ‘സില്ല’ എന്ന രാക്ഷസ സ്ത്രീ അധിവസിക്കുന്ന കടലിടുക്കും, അവളുടെ ആകർഷണ വലയിലാകുന്ന കപ്പൽ യാത്രികരുടെ സുനിശ്ചിത മരണവുമാണ്, ‘യോനിയിൽ പല്ലുള്ള സ്ത്രീ’ എന്ന പ്രതീകവത്കരണത്തെ സാഹിത്യത്തിൽ കൂടുതലായി പ്രതിഫലിപ്പിക്കുന്നത്.

ആണുങ്ങളുടെ ലിംഗഛേദന ഭയമായിട്ടാണ് മുൻകാലത്ത് ഈ മിത്ത് വ്യാഖ്യാനിക്കപ്പെട്ടത്. ആൾക്കാരുടെ ധനവും മാനവും ലൈംഗിക ശേഷിയും നഷ്ടപ്പെടുത്തും എന്ന രീതിയിൽ, അഭിസാരികകളോട് പൊതുസമൂഹത്തിനുള്ള വെറുപ്പിന്റെ പ്രതീകവത്കരണമാണ് ഇതെന്ന തരത്തിലുള്ള പാഠങ്ങളുമുണ്ട്.

അലീന ആകാശമിഠായിയുടെ ‘പരദൂഷണം’ എന്ന കവിത, കൂലിവേലക്കാരിയായ ഒരു സ്ത്രീയെ പറ്റി പടർന്നു പിടിക്കുന്ന അപവാദ പ്രചരണത്തെ കുറിച്ചുള്ളതാണ്. ‘യോനിയിൽ പല്ലുള്ള സ്ത്രീ’ എന്ന പ്രതീകവത്കരണം വിദൂരമായിട്ടെങ്കിലും ഈ കവിതയിൽ കാണുമെന്നു തോന്നുന്നു.

“വക്കീലിന്റെ പറമ്പിൽ

കാട് വെട്ടിക്കൊണ്ടു നിന്നപ്പോ

കാക്കപ്പുരക്കലെ റോസിക്ക് മുള്ളാൻ മുട്ടി

ആ പൊന്തേടെ പൊറകിലോട്ടിരുന്നോ

ഇപ്പോ ആരും വരുകേല; ഗ്രേസി പ്രോത്സാഹിപ്പിച്ചു

ഞാനൊറ്റക്ക് പോകുകേല, വല്ല പാമ്പും കാണും

ഗ്രേസീടെ മേൽനോട്ടത്തിൽ റോസി ധൈര്യമായി മുള്ളി

മൂത്രമൊഴുകിപ്പോയിടത്ത് എന്തോ വെളുത്തുകിടക്കുന്നു

എന്തുവാടി, നിന്റെ മൂത്രത്തിൽ

ആ ഏതാണ്ടൊരു കല്ല്…

ങേ… പല്ലോ?”

രാത്രി ഗ്രേസി കെട്ടിയോനോടു പറഞ്ഞത്, റോസി മുള്ളിയപ്പോൾ മുഴുത്തൊരു പല്ല് എന്നാണ്. അയാൾ ചീട്ടു കളിക്കാൻ പോയപ്പോൾ അവിടെ പറഞ്ഞത് റോസി മുള്ളിയപ്പോൾ തെറിച്ചു വീണത് ഒരു കോമ്പല്ല് എന്നാണ്. പിന്നെയത് ചായക്കടയിലെത്തിയപ്പോൾ ആനയുടെ കൊമ്പായി. അവസാനം, നാട്ടുകാർ തീർപ്പുകൽപ്പിച്ചു.

“അറിഞ്ഞില്ലേ,

കാക്കപ്പുരക്കലേ റോസി

ആനെ കേറ്റിവെച്ചത്

എവിടാന്നോ…

ഹി ഹി… ഹി ഹി…

നാട്ടിൻപുറത്തും നഗരങ്ങളിലും പടരുന്ന ഇതുപോലുള്ള ലൈംഗിക കിംവദന്തികൾക്ക് പിന്നിൽ ആണുങ്ങളുടെ ആസക്തികളും, കൊതിക്കെറുവുകളും കണ്ടേക്കാം. എങ്കിലും, ഇവയുടെ ആഘാതം ചെന്നു പതിക്കുന്നത്, കൂലിവേലക്കാരോ, കീഴാളരോ ആയ സ്ത്രീകളുടെ ലൈംഗികതയെ അപരിഷ്കൃതമായി കാണുന്നതിനൊപ്പം, അവരുടെ മനുഷ്യ പദവിയെ ഇടിച്ചു താഴ്ത്തുന്ന പൊതുബോധ നിർമിതിയിലേക്കുമാണ്.

Top