ദേശാന്തരീയതയുടെ പുതുപ്പകർച്ചകൾ

കേരളത്തില്‍ ‘കാസറ്റ് വിപ്ലവം’ ഉണ്ടായത് എണ്‍പതുകളിലാണ്. തുടക്കത്തില്‍ ഓഡിയോ കാസറ്റുകളും തുടര്‍ന്ന് വീഡിയോ കാസറ്റുകളും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ഇവയിലൂടെ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പി നില്‍ക്കുന്ന നിത്യഹരിത സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെയും ചലച്ചിത്രങ്ങളുടെ ശബ്ദരേഖകളും മതപ്രഭാഷണങ്ങളും മഅദനിയെ പോലുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളും ശബ്ദസാന്നിധ്യമായി മാറി. ഇവയുടെ വലിയൊരു ആസ്വാദക സമൂഹവും ഉപഭോഗ വിപണിയും ഗള്‍ഫ് പ്രവാസികളെ കേന്ദ്രീകരിച്ചു വളര്‍ന്നുവന്നു. കെ.കെ ബാബുരാജ് എഴുതുന്നു.

വിപുലമായ സഞ്ചാര അനുഭവങ്ങളും പ്രവാസ ജീവിതവുമുള്ള അനേകം വ്യക്തികളും ജനവിഭാഗങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് കേരളം. നൂറ്റാണ്ടുകള്‍ക്ക് മുൻപേ തന്നെ വിദേശ സഞ്ചാരികള്‍ ഇവിടെ വരികയും, സ്വന്തം നാടുകളില്‍ എന്നപോലെ അവരുടെ അനുഭവങ്ങള്‍ ഇവിടെയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ വിധത്തിലുള്ള യാത്രകള്‍ കേരളത്തിലെ പലരും പുറംനാടുകളിലേക്കും നടത്തിയിട്ടുണ്ട്. പഴയ കൊളോണിയല്‍ രേഖകളുടെ പ്രധാന വശമെന്നത് വിദൂര നാടുകളിലെ ഭൂപ്രകൃതിയെയും വിഭവ സമൃദ്ധിയെയും, അവിടുത്തെ വിചിത്രമായ ജനാധിവാസത്തെയും പറ്റിയുള്ള മായികമായ വര്‍ണ്ണനകളാണ്. കൊളോണിയല്‍ ഘട്ടത്തില്‍ കേരളത്തിലെ നിരവധിപേര്‍ പേര്‍ഷ്യ, ബര്‍മ, ശ്രീലങ്ക പോലുള്ള നാടുകളിലേക്ക് തൊഴില്‍ തേടിയോ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയോ പോയിരുന്നു. ഇത്തരം യാത്രികരില്‍ പലരും അവിടെ സ്ഥിരതാമസം തുടങ്ങുകയും അതാത് പ്രദേശങ്ങളിലെ കുടിയേറ്റ സമുദായങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു.

ദേശീയ പ്രസ്ഥാനത്തിലെ വേറിട്ട വിമോചന ധാരയായിരുന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ഇൻഡ്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മലബാര്‍ മേഖലയില്‍ നിന്നും ജപ്പാന്‍ പോലുള്ള നാടുകളിലേക്ക് ഒട്ടേറെ പേര്‍ പോയതിനെ പറ്റിയുള്ള രേഖകള്‍ ലഭ്യമാണ്. മേല്‍പറഞ്ഞ പോലുള്ള വിദേശ സഞ്ചാരങ്ങളും കുടിയേറ്റവും ഏറിയപങ്കും നമ്മുടെ സമൂഹത്തിലെ ഉപരിജാതി വിഭാഗങ്ങളില്‍ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനുകാരണം, അക്കാലത്തെ വിനിമയ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കാനും സഞ്ചാരത്തിനും കുടിയേറ്റത്തിനും വേണ്ട പ്രാഥമിക ചിലവുകള്‍ സ്വരൂപിക്കാനും സാധ്യമായത് ഈ വിഭാഗങ്ങള്‍ക്കായിരുന്നു എന്നതാണ്.

ഇതേസമയം മിഷണറി പ്രവര്‍ത്തനത്തിന്‍റെ ഫലമായി വിദ്യാഭ്യാസം നേടുകയും പരമ്പരാഗത ജാതിബന്ധങ്ങളില്‍ നിന്നും തൊഴിലുകളില്‍ നിന്നും മാറുകയും ചെയ്ത മലബാറിലെ തിയ്യരില്‍ നിന്നും, തിരുവിതാംകൂറിലെ ഈഴവരില്‍ നിന്നും ഒരു വിഭാഗം സിലോണ്‍ പോലുള്ള നാടുകളിലേക്ക് കുടിയേറിയിരുന്നു. ഇവരുടെ സഹകരണത്തോടെയാണ് ശ്രീനാരായണ ഗുരു സിലോണ്‍ സന്ദര്‍ശനം നടത്തിയത്. തെക്കന്‍ തിരുവിതാംകൂറിലേയും മധ്യ തിരുവിതാംകൂറിലെയും മലയാളികളുടെ വിദേശ സഞ്ചാരവും പ്രവാസ ജീവിതവും കൂടുതല്‍ ഉണ്ടായിട്ടുള്ളത് ക്രൈസ്തവ സമുദായത്തില്‍ നിന്നുമാണ്. ആദ്യകാലത്ത് പള്ളിയുമായി ബന്ധപ്പെട്ട് വൈദികരും കന്യാസ്ത്രീകളും അവരുടെ സഹായികളുമാണ് വിദേശ സഞ്ചാരം നടത്തിയത്. തുടര്‍ന്ന് നേഴ്സുമാര്‍, ഡോക്ടര്‍മാര്‍, ചെറുകിട ജോലിക്കാര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ മുതലായ വലിയൊരു വിഭാഗം ഗള്‍ഫ് നാടുകള്‍ക്കൊപ്പം ഇറ്റലി, ജര്‍മനി, അമേരിക്ക, യു.കെ, കാനഡ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്കും പോവുകയുണ്ടായി. എറണാകുളവും കോട്ടയവും തൃശ്ശൂരും പത്തനംതിട്ടയുമടക്കമുള്ള ജില്ലകളിലെ ക്രൈസ്തവ സമുദായത്തിന്‍റെ സാമ്പത്തിക വികാസത്തിനും സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിനും ഇത്തരം അനുഭവങ്ങള്‍ നല്‍കിയ നേട്ടങ്ങള്‍ ചെറുതല്ല.

കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഗള്‍ഫ് പ്രവാസം നടന്നത് കൂടുതലായും മുസ്‌ലിംകളെയും, ഹൈന്ദവ ജാതിശ്രേണിയില്‍ താഴെയുള്ള ജനവിഭാഗങ്ങളെയും കേന്ദ്രീകരിച്ചാണ്. ആദ്യകാല ഗള്‍ഫ് കുടിയേറ്റം പത്തേമാരികളിലൂടെയുള്ള കടല്‍യാത്രയുടെ അനിശ്ചിതത്വം പേറുക മാത്രമല്ല, മരണത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള സാഹസികതയും നിറഞ്ഞതായിരുന്നു. പില്‍ക്കാലത്ത് ഈ പ്രവാസികളില്‍ പലരും ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്നവര്‍ എന്ന സ്ഥിതിവിട്ട് കച്ചവടക്കാരോ വ്യവസായികളോ തൊഴിലുടമകളോ ആയി മാറി. കേരളത്തിലെ അതിസമ്പന്നരില്‍ ഒരാളായ യൂസുഫലിക്ക് ദാരിദ്ര്യത്തിന്‍റെയും പിന്നാക്കാവസ്ഥയുടെയും ഭൂതകാലമുണ്ട്. എന്നാല്‍ മലയാളികളുടെ പ്രവാസത്തിന്‍റെയും കുടിയേറ്റ ജീവിതത്തിന്‍റെയും പുതുഘട്ടം ആരംഭിക്കുന്നത് ആഗോളവത്കരണത്തിനു മുൻപുള്ള സാമ്പത്തിക മാന്ദ്യത്തിന്‍റെയും അതിനു ശേഷമുള്ള സവിശേഷ പരിവര്‍ത്തനങ്ങളുടെയും സന്ദര്‍ഭത്തിലാണ്. ഈ സമയത്തുതന്നെ കേരളത്തിലെ ആധുനികതയുടെ പിന്‍വാങ്ങലിന് ആക്കം കൂടുകയും ഉത്തരാധുനികമായൊരു സമൂഹ രൂപീകരണത്തിനുവേണ്ട പശ്ചാത്തലമൊരുങ്ങുകയും ചെയ്തു.

ഇതോടെ, പഴയ വിദേശ സഞ്ചാരം/കുടിയേറ്റം എന്ന വാക്കിന് പുതിയൊരു അർഥ വ്യാപ്തി കൈവരുന്നതായി കാണാം. ഇതിനെ ദേശാന്തരീയതയെന്നോ, ഒരു പരിധിവരെ ഡയസ്പോറ എന്നോ വിളിക്കാമെന്ന് തോന്നുന്നു. ലോകത്തിലെ ഏത് മുക്കിലും മൂലയിലും ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാമെന്നത് പഴയൊരു ചൊല്ലായിരുന്നു. ഇന്നത് വികസിച്ച് ആഗോള ഡയസ്പോറയുടെയും ദേശാന്തരീയതയുടെയും പ്രധാനപ്പെട്ട ഭാഗമായി മലയാളികള്‍ മാറിയിട്ടുണ്ട്.

ദേശാന്തരീയതയുടെ ഈ പുതുകാലത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി തോന്നുന്നത് കേരളത്തിലെ ദലിതര്‍ പോലുള്ള അരികുവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും ചെറിയ ശതമാനം ആളുകളെങ്കിലും ഇത്തരം ഒഴുക്കില്‍ കലര്‍ന്നിട്ടുണ്ടെന്നതാണ്. മറ്റൊരു കാര്യം, നമ്മുടെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ പദവിമാറ്റത്തിന്‍റെ സൂചികയാണ് ഇതെന്നതാണ്. ഒരുപക്ഷേ ഇൻഡ്യയിലേയും കേരളത്തിലെയും ബസ്സുകളിലും ട്രെയിനുകളിലും ഉള്ളതിനേക്കാള്‍ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ വിമാന യാത്രകളില്‍ കാണാന്‍ കഴിയും.

ദേശാന്തരീയതയുടെ സമയസൂചികയും അതിജീവനവും

ദേശാന്തരീയതയുടെ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുവശം, ജന്മനാട്ടിലെ (homeland) സമയ സൂചികയുമായുള്ള വ്യതിചലനമണെന്ന് പറയാം. ആധുനികമായ സമയം എന്നത് ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് എന്ന ഗ്രാമത്തിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു എന്ന സങ്കല്‍പത്തിലൂന്നിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തമാണ്. അതനുസരിച്ചാണ് ഘടികാരങ്ങളും വാച്ചുകളും തയ്യാര്‍ ചെയ്യപ്പെടുന്നത്. ഗ്രീന്‍വിച്ചില്‍ നിന്നുള്ള അകലം കണക്കാക്കി ഓരോ സ്ഥലങ്ങളും അവയിലെ സമയങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നു. ഇൻഡ്യയും ചൈനയും കിഴക്കാവുന്നതും ഗള്‍ഫ് നാടുകള്‍ മധ്യകിഴക്കാവുന്നതും ആഫ്രോ-അറബ് നാടുകള്‍ വിദൂര കിഴക്കാവുന്നതും മേൽപ്പറഞ്ഞ സമയകേന്ദ്രത്തെ ആധാരമാകുന്നത് മൂലമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ യൂറോപ്പില്‍ നിന്നുള്ള അകലവും സമയവും വ്യത്യാസപ്പെടുന്ന മാനദണ്ഡത്തിലാണ് ലോക ഭൂപടം നിര്‍മിതമായിട്ടുള്ളത്. ഇപ്രകാരം ഗള്‍ഫ് നാടുകളില്‍ എത്തിച്ചേരുന്ന ഓരോ മലയാളികളെ സംബന്ധിച്ചും അവരുടെ സമയം നാട്ടില്‍ നിന്നും രണ്ടര മണിക്കൂര്‍ മുൻപിലാണ്. അതായത് ഇവിടെ രാത്രി ഒന്‍പത് മണിക്ക് അവസാനിക്കുന്ന ഒരു സമ്മേളനം അവിടെ ആരംഭിക്കുന്നത് വൈകുന്നേരം ആറിനോ ആറരക്കോ ആയിരിക്കും. യൂറോപ്പില്‍ അഞ്ച് മണിക്കൂറും അമേരിക്കയില്‍ ഒന്‍പത് മണിക്കൂറും ഈ മാറ്റം വരുന്നുണ്ട്. സമയസൂചികയുടെ ഈ വ്യത്യാസമനുസരിച്ച് ഓരോരുത്തരുടെയും ജോലി സമയവും പഠനവും വിശ്രമവും വിനോദവും പുനഃക്രമീകരിക്കാന്‍ ഓരോ പ്രവാസിയും അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതരാവുന്നുവെന്ന് സാരം. പ്രവാസത്തിന്‍റെ അടിസ്ഥാനഘടകം തൊഴിലും അതിജീവനവും തന്നെയാണ്. പിന്നീടാണ് സംസ്കാരവും രാഷ്ട്രീയവും വരുന്നത്.

ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ഏറിയ പങ്കും സ്വന്തം നാട്ടില്‍ നിക്കക്കള്ളി ഇല്ലാതാവുന്നവരോ ഇവിടുത്തേതില്‍ നിന്നും മെച്ചപ്പെട്ട സാമ്പത്തിക സൗകര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നവരോ ആണ്. നാട്ടില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ചുറ്റിയടിച്ചു നടക്കുന്ന ചെറുപ്പക്കാരെ എന്തെങ്കിലും തൊഴിലെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ചില രക്ഷിതാക്കള്‍ ഗള്‍ഫിലേക്ക് അയക്കുന്നതും പതിവാണ്.

നാട്ടിലെ കാലാവസ്ഥയില്‍ നിന്നും മാറിയ കഠിനമായ ചൂടും ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യങ്ങളും, കിട്ടുന്ന പണം കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ മൊത്തം കാര്യങ്ങളും തകിടം മറിയുമെന്ന തരത്തിലുള്ള ഉയര്‍ന്ന ജീവിത ചിലവുകളും മാത്രമല്ല; ഏത് സമയവും തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പറിച്ചെറിയപ്പെടാമെന്നുള്ള അവസ്ഥയും ഈ അതിജീവനത്തിന്‍റെ ഭാഗമായുണ്ട്. മുൻപ് ഇറാഖിന്‍റെ കുവൈറ്റ് അധിനിവേശത്തോടെയും തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലും ഒട്ടേറെ ഗള്‍ഫ് പ്രവാസികള്‍ക്ക് തൊഴില്‍ ഇല്ലാതായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തെ അടച്ചുപൂട്ടല്‍ മൂലവും പതിനായിരക്കണക്കിന് പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വന്നത്. അവരുടെ പുനര്‍നിയമനം ഇപ്പോഴും പൂര്‍ണമായി നടന്നിട്ടില്ല.

രണ്ടാംഘട്ട ഗള്‍ഫ് കുടിയേറ്റം കേരളീയര്‍ക്ക് വലുതായ സാമ്പത്തിക സാധ്യതകളാണ് തുറന്നുതരുന്നതെന്ന് മനസ്സിലായതോടെ വിസ തട്ടിപ്പും അനധികൃതമായി ആളുകളെ കൊണ്ടുപോകലുമടക്കമുള്ള ചതികള്‍ സ്ഥിരം സംഭവങ്ങളായി പത്രവാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. ഇതിനോടൊപ്പം ഹവാല ഇടപടുകളും സ്വര്‍ണ്ണം മുതലായവയുടെ കള്ളക്കടത്തും വ്യാപകമാകുന്നു എന്ന തരത്തിലുള്ള പരാതികളും ഉയരാന്‍ തുടങ്ങി. ഇവക്ക് അനുബന്ധമായി ഗള്‍ഫുകാരെ പുതുപണക്കാരായി വര്‍ണ്ണിച്ചും അവരില്‍ അനിയന്ത്രിതമായ ആഡംബരം ഭ്രമം നിലനില്‍ക്കുന്നതായും പരിഹസിച്ചു കൊണ്ടുള്ള ചൊല്ലുകളും ജനപ്രിയ സാഹിത്യവും സിനിമകളും ഉണ്ടാവാനും തുടങ്ങി. നാട്ടില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തി തൊഴിലിടം പൂട്ടിക്കുന്ന പുരോഗമന മലയാളികള്‍ പുറംനാടുകളില്‍ അടിമപ്പണി ചെയ്യുകയാണെന്ന മട്ടിലുള്ള ചിത്രീകരണങ്ങളുമുണ്ടായി. ആധുനിക കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെയും സാമൂഹികമായ ഉന്നമനത്തിന്‍റെയും നട്ടെല്ലായി ഗള്‍ഫ് പ്രവാസം മാറിയെന്നതാണ് വസ്തുത. ഇതിനെ വിസ്മരിച്ചുകൊണ്ട് ഗള്‍ഫ് പുതുമോടികള്‍ ദേശത്തിന്‍റെ തനതായ സാംസ്കാരിക മേന്മകളെ അപചയപ്പെടുത്തുന്ന വൈദേശിക പകര്‍ച്ചവ്യാധികളായും, പരമ്പരാഗത സ്വത്തുടമസ്ഥതയെ കാര്‍ന്നുതിന്നുന്ന കള്ളപ്പണത്തിന്‍റെ കുമിഞ്ഞുകൂടലായും കണ്ടുകൊണ്ടുള്ള വിലാപങ്ങള്‍ മുഖ്യധാരയില്‍ തന്നെ ഉയരാന്‍ തുടങ്ങി. ഇത്തരം വിലാപങ്ങളും ആശങ്കകളും കൂടിയാണ് കേരളത്തില്‍ പില്‍ക്കാലത്ത് വികസിച്ചുവന്ന ഇസ്‌ലാമോഫോബിയക്ക് അടിത്തറയിട്ടതെന്ന് കാണാം.

ഡോ. കെ.കെ ശിവദാസിന്‍റെ അഭിപ്രായത്തില്‍ ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തില്‍ ആവര്‍ത്തിക്കുന്ന പ്രതീകമാണ് പെട്ടി (suitcase). “പ്രവാസിയുടെ പെട്ടി ഒരേസമയം ചലനക്ഷമതയേയും വീടിനെയും സൂചിപ്പിക്കുന്ന സാര്‍വലൗകിക സൂചകമാണ്. സ്യൂട്ട്കേസ് ഭൂതകാലത്തെയും കുടിയേറ്റക്കാരുടെ വീടിനെയും യാത്രയില്‍ അവര്‍ കൊണ്ടുവരുന്ന വസ്തുക്കളെയും സന്നിഹിതമാകുക മാത്രമല്ല, ഭൂതകാലത്തില്‍ നിന്നുമുള്ള ഗതിയെക്കൂടി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.” ഗള്‍ഫ് പ്രവാസിയുടെ പെട്ടി അവരുടെ സ്വന്തത്തിനൊപ്പം കേരളത്തിലെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹിക ജീവിതത്തിന്‍റെ ഒഴുക്കുകളെയും ഗതിമാറ്റങ്ങളെയും കൂടി സൂചിപ്പിക്കുന്ന സാര്‍വ്വലൗകിക സൂചകമാണ്. ഈ മാന്ത്രികപ്പെട്ടിയില്‍ പലരുടെയും ജീവിത പ്രലോഭനങ്ങളും ധര്‍മസങ്കടങ്ങളും ഉള്ളടങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ആശങ്കകളും ദുര്‍ലക്ഷണങ്ങളുമാണ് പ്രദാനം ചെയ്യുന്നത്.

പരിഭാഷയും അനുകരണങ്ങളും

തൊഴിലിനെയും അതിജീവനത്തെയും മാറ്റി നിറുത്തിയാല്‍ ദേശാന്തരീയതയുടെ മറ്റൊരു പ്രധാന വശം വിവര്‍ത്തനമാണ്. ഭാഷയുടെ പദാനുപദ തര്‍ജമ എന്ന അർഥത്തിലല്ല വിവര്‍ത്തനം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത്. ജന്മനാട് അഥവാ ഹോംലാന്‍റിനെ ഓരോ പ്രവാസികളും അവര്‍ എത്രമാത്രം അന്യവത്കരിച്ച വ്യക്തികളാണെങ്കിലും ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട്. ഈ കൊണ്ടുനടക്കല്‍ കേവലമായ പ്രതിമാവത്കരണമല്ല. മറിച്ച്, അതിനെ അസ്ഥിരപ്പെടുത്തിയും തങ്ങള്‍ ജീവിക്കുന്ന വൈദേശീകാവസ്ഥകളിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തിയുമാണ് അവര്‍ കൊണ്ടു നടക്കുന്നത്. ഇവ ഒരുതരത്തിലുള്ള അനുകരണങ്ങള്‍ കൂടിയാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പ്രവാസികള്‍ പുറംനാടുകളില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ-സാംസ്കാരിക സംഘടനകള്‍; അവര്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍, ചടങ്ങുകള്‍ എന്നിവയും അവരില്‍ സ്വാധീനം ചെലുത്തുന്ന പുസ്തകങ്ങള്‍, സിനിമകള്‍, പത്രവാര്‍ത്തകള്‍ എന്നിവയെല്ലാം പരിഭാഷയുടെ വ്യാപ്തിയില്‍ വരും.

ഗള്‍ഫ് നാടുകളെ പേര്‍ഷ്യ എന്നാണ് കേരളത്തില്‍ മുൻപ് വിളിച്ചിരുന്നത്. ഗള്‍ഫ് എന്ന പേര് കൂടുതലായി അറിയപ്പെടാന്‍ തുടങ്ങിയത് രണ്ടാംലോക മഹായുദ്ധാനന്തരം ആ നാടുകളില്‍ ഉണ്ടായ എണ്ണയുല്‍പാദനത്തിന്‍റെയും മറ്റനവധി പരിവര്‍ത്തനങ്ങളുടെയും ഫലമായി ലോക സാമ്പത്തിക-രാഷ്ട്രീയ ഭൂപടത്തില്‍ സ്ഥാനം പിടിച്ചതിലൂടെയാണ്. കേരളത്തില്‍ പേര്‍ഷ്യന്‍ നാടുകള്‍ സുപരിചിതമാകുന്നത് പുരാതനകാലം മുതലേയുള്ള നാവിക വാണിജ്യത്തിന്‍റെ ഫലമായിട്ടാണ്. പഴയ തുര്‍ക്കി സാമ്രാജ്യത്തിന്‍റെ ഭൂപരമായ വിസ്തൃതി കുറക്കാനും മുസ്‌ലിം ഭരണാധികാരികളുടെ അധീനതയിലുള്ള കടല്‍ വാണിജ്യപാതകളെ പിടിച്ചെടുക്കാനും സ്പെയിന്‍, പോര്‍ച്ചുഗീസ് മുതലായ പുത്തന്‍ സാമ്രാജ്യത്വ ശക്തികളും പിന്നാലെ ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയും നിരന്തരമായി അട്ടിമറി യുദ്ധങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്ക് ക്രിസ്ത്യന്‍ വേള്‍ഡിന്‍റെ പിന്തുണയും ലഭിച്ചിരുന്നു. ഇത്തരം ചരിത്ര വസ്തുതകളും യുദ്ധ സ്മരണകളും നില്‍ക്കെ തന്നെ കേരളത്തിലെ ജനങ്ങളുടെ പൊതു സാംസ്കാരികാവബോധത്തിലേക്ക് പേര്‍ഷ്യന്‍ നാടുകള്‍ അഥവാ അറബി നാടുകള്‍ കടന്നു വന്നത് ‘ആയിരത്തിയൊന്നു രാവു’കളുടെ ഇംഗ്ലീഷ്/മലയാളം പരിഭാഷകളിലൂടെയാണെന്ന് പറയാം. അതിനു മുൻപേ തന്നെ ഹോമറിന്‍റെ ഒഡീസിയിലും ഷേക്സ്പിയറിന്‍റെ ഒഥല്ലോയിലുമുള്ള പ്രതിപാദനങ്ങളിലൂടെ ഈ നാടുകള്‍ കേരളീയരുടെ സാഹിത്യ ഭാവനകളില്‍ ഇടം പിടിച്ചിരുന്നു. ഇത്തരം പാശ്ചാത്യ സാഹിത്യ കൃതികളിലും കൊളോണിയല്‍ സഞ്ചാര രേഖകളിലും പൊതുവേയുള്ളത് മധ്യപൂര്‍വ്വ ദേശങ്ങളിലെ ജനങ്ങളെ സാംസ്കാരത്തിന് പുറത്തുള്ള അപരിഷ്കൃതതയും അവിടുത്തെ ഭരണാധികാരികളെ മനുഷ്യരിലെ അധമരായും കാണുന്ന തരത്തിലുള്ള ചിത്രീകരണങ്ങളാണ്. ‘ആയിരത്തിയൊന്നു രാവുകള്‍’ എന്ന പേര്‍ഷ്യന്‍ ഇതിഹാസകൃതി ഷഹറാസാദ് എന്ന പെണ്‍കുട്ടിയുടെ ബുദ്ധിപൂര്‍വമായ ഇടപെടലുകളിലൂടെ ഷഹരിയാര്‍ എന്ന രാജാവിന്‍റെ സ്ത്രീ വിദ്വേഷത്തെ വഴിതിരിച്ചുവിടുന്നതും അതിലൂടെ സ്ത്രീകളുടെ ഒരു തലമുറയെ തന്നെ രക്ഷപ്പെടുത്തുന്നതുമാണ്. ഈ കേന്ദ്ര പ്രമേയത്തിനൊപ്പം മധ്യകിഴക്കന്‍ നാടുകളിലെ ഭരണ സംവിധാനങ്ങളെയും, വാണിജ്യ-സാംസ്കാരിക വ്യവഹാരങ്ങളെപ്പറ്റിയും ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെ ജീവിത പരിസ്ഥിതിയെ പറ്റിയും അതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇൻഡ്യയിലെ പഞ്ചതന്ത്രകഥകളിലും ഹാന്‍ ആന്‍ഡേഴ്സിന്‍റെ യൂറോപ്യന്‍ ഫോക്ലോര്‍ സമാഹരണത്തിലും ഈ പുസ്തകത്തിന്‍റെ സാംസ്കാരിക പകര്‍ച്ചകള്‍ കാണാവുന്നതാണ്. അതുവരെ, പാശ്ചാത്യര്‍ നിര്‍മിച്ച വാര്‍പ്പുമാതൃകകളിലും അവരുടെ സങ്കൽപ്പത്തിലുള്ള ‘കാടത്തം’ എന്ന വിശേഷണത്തിനും മേലുള്ള വലിയൊരു തിരുത്താണ് ആയിരത്തൊന്നു രാവുകളുടെ പരിഭാഷകള്‍ മൂലം ഉണ്ടായതെന്ന് പറയാം. ഇന്നും ഈ പുസ്തകം ലോകമെമ്പാടും വായിക്കപ്പെടുകയും സിനിമകളിലും കാര്‍ട്ടൂണുകളിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളിലും പുനരാവര്‍ത്തനം ചെയ്യപ്പെടുന്നുമുണ്ട്. ചുരുക്കിപപറഞ്ഞാല്‍, പാശ്ചാത്യര്‍ നിര്‍മ്മിച്ച അപരചിത്രീകരണങ്ങളില്‍ നിന്നും മാറിയ ഒരു കാഴ്ചപ്പാടിലൂടെ ഗള്‍ഫിനെ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് മുൻപേ തന്നെ സാധിച്ചിട്ടുണ്ടെന്നതാണ്.

പ്രവാസികള്‍ പ്രാഥമികമായി പരിഭാഷപ്പെടുത്തുന്നത് ജന്മനാട്ടിലെ ആഘോഷങ്ങളും ചടങ്ങുകളുമാണ്. റംസാന്‍, ക്രിസ്തുമസ് പോലുള്ള അവസരങ്ങളും ഓണം, വിഷു പോലുള്ള പ്രാദേശിക ഹൈന്ദവ ആഘോഷങ്ങളും സ്വാതന്ത്ര്യദിനം പോലുള്ളവയും പുനരാവര്‍ത്തിക്കപ്പെടുന്നു. സ്വന്തത്തിനൊപ്പം നാട്ടിലെ ഉറ്റവരുടെ ജന്മദിനങ്ങളും വിവാഹ വാര്‍ഷികങ്ങളും വീടുകയറി താമസവും വാഹനം വാങ്ങലും തങ്ങളുടെ ചെറുകൂട്ടായ്മകളിലൂടെ പങ്കുവെക്കുകയും, അവയെ പാരസ്പര്യത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള അവസരമാക്കിയും മാറ്റുന്നു. സവിശേഷ സമയങ്ങളിലുള്ള ഇടപെടലുകള്‍ മാത്രമായി ചുരുക്കി ഇവയെ കാണേണ്ടതില്ല. ഇതൊരു ദൈനംദിന പ്രവര്‍ത്തിയും കൂടിയാണ്.

ഗള്‍ഫ് പ്രവാസികള്‍ വിപുലമായി പങ്കെടുത്തതും നാട്ടില്‍ തന്നെ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയതുമായ ചില സാംസ്കാരിക ഇടപെടലുകളെ പറ്റി ഇവിടെ സൂചിപ്പിക്കാമെന്ന് കരുതുന്നു. കേരളത്തില്‍ ‘കാസറ്റ് വിപ്ലവം’ ഉണ്ടായത് എണ്‍പതുകളിലാണ്. തുടക്കത്തില്‍ ഓഡിയോ കാസറ്റുകളും തുടര്‍ന്ന് വീഡിയോ കാസറ്റുകളും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ഇവയിലൂടെ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പി നില്‍ക്കുന്ന നിത്യഹരിത സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെയും ചലച്ചിത്രങ്ങളുടെ ശബ്ദരേഖകളും മതപ്രഭാഷണങ്ങളും മഅദനിയെ പോലുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളും ശബ്ദസാന്നിധ്യമായി മാറി. ഇവയുടെ വലിയൊരു ആസ്വാദക സമൂഹവും ഉപഭോഗ വിപണിയും ഗള്‍ഫ് പ്രവാസികളെ കേന്ദ്രീകരിച്ചു വളര്‍ന്നുവന്നു. മേല്‍പറഞ്ഞവയില്‍ ഏറ്റവും ആകര്‍ഷണീയത ഉണ്ടായിരുന്നത് ‘കത്തു പാട്ടുകള്‍’ എന്നറിയപ്പെട്ട മാപ്പിള ഗാനങ്ങള്‍ക്കാണ്. ഈ പാട്ടുകള്‍ ഗള്‍ഫ് പ്രവാസികളുടെ പ്രത്യേകിച്ചും അതിലെ മുസ്‌ലിം ജനവിഭാഗങ്ങളുടെ സാമുദായികതയെയും മതപരമായ നൈതികതയെയും ഉണര്‍ത്തുക മാത്രമല്ല, കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ തന്നെ പ്രവാസികളുടെ കുടുംബപരവും അല്ലാത്തതുമായ നിരവധി ധര്‍മസങ്കടങ്ങളെ വര്‍ത്തമാനകാല യാഥാര്‍ഥ്യമാക്കി പരിഭാഷപ്പെടുത്തുകയും ചെയ്തു.

മറ്റൊരു സാംസ്കാരിക സന്ദര്‍ഭം സ്റ്റേജ് ഷോകളുടെ വര്‍ദ്ധനവാണ്. കാസറ്റുകള്‍ക്ക് ഉപരിയായി വീഡിയോ കാസറ്റുകള്‍ വിപുലമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സ്റ്റേജ് ഷോകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചത്. “ആഗോളവത്കരണത്തിനു ശേഷം ഗള്‍ഫിലേക്കും മറ്റ് വിദേശ നാടുകളിലേക്കും കുടിയേറിയ പ്രവാസി സമൂഹങ്ങളുടെ സ്റ്റാറ്റസ് പഴയതില്‍ നിന്നും വ്യത്യസ്തമായിരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതായ പ്രൊഫഷണലുകളും പഴയ വീട്ടമ്മയുടെ സ്ഥാനത്തുനിന്നും മാറി പ്രൊഷണലോ അര്‍ദ്ധ-പ്രൊഫഷണലോ ആയ സ്ത്രീകള്‍, വിദേശത്ത് തന്നെ പഠിച്ച് സ്ഥിരതാമസക്കാരുടെ ബോധം ഉള്‍ക്കൊണ്ട കുട്ടികള്‍ മുതലായവര്‍ക്ക് നാട്ടിലെ പുരോഗമനമോ ഉദാത്ത സാഹിത്യമോ അത്ര വലിയ വിഷയമായിരുന്നില്ല. മറിച്ച് അയഞ്ഞതും ചടുലവും വര്‍ണ്ണങ്ങള്‍ വാരിവിതറിയുമുള്ള ആട്ടങ്ങളും പാട്ടുകളും നിറഞ്ഞ രണ്ട് മൂന്ന് മണിക്കൂര്‍ വിനോദത്തിന്‍റെയും പൊട്ടിച്ചിരിയുടെയും പരകോടിയില്‍ എത്തിക്കുന്ന സ്റ്റേജ് ഷോകളിലായിരുന്നു അവര്‍ക്ക് കമ്പം. ടെലിവിഷന്‍ ചാനലുകളുടെ അകമ്പടിയും പുത്തന്‍ സാങ്കേതികവിദ്യയുമെല്ലാം സമന്വയിക്കപ്പെട്ട സ്റ്റേജ് ഷോകളിലെ ഏറ്റവും ആകര്‍ഷകമായ, കൊഴുപ്പ് കൂടിയ വിഭവമായി മിമിക്രി മാറി”.

കേരളത്തിലെ പരമ്പരാഗതവും ഒരു പരിധിവരെ പുരോഗമനപരവുമെന്ന് വിളിക്കപ്പെട്ടിരുന്നതുമായ സാംസ്കാരിക മൂല്യമണ്ഡലങ്ങളെയും സിനിമകാണല്‍ പോലുള്ള ആസ്വാദക മനോഭാവത്തെയും അവയുടെ വിപണിയെയും ദൂരവ്യാപകമായി പൊളിച്ചെഴുതുന്നതിന് ഇത്തരം മാറ്റങ്ങള്‍ കാരണമായി. ഓഡിയോ-വീഡിയോ സാങ്കേതികതക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രവാസവുമായും കീഴാള സാംസ്കാരികതയുടെ ദേശാന്തരീയ പ്രയാണവുമായുള്ള ബന്ധത്തെപ്പറ്റി പോള്‍ ഗില്‍റോയി വിശദീകരിച്ചിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലേയും വിദ്യാഭ്യാസം കുറഞ്ഞവരും ശാരീരികാധ്വാനം കൂടിയ ജോലികള്‍ ചെയ്യുന്നവരുമായ പുതുതലമുറ പ്രവാസികളിലൂടെയാണ് ഇത്തരം മാറ്റങ്ങള്‍ക്ക് സാര്‍വത്രിക പ്രസക്തിയുണ്ടായത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രവാസവും രാഷ്ട്രീയ അഭയാര്‍ത്ഥിത്വവും

മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന്‍റെ പ്രതിഫലനങ്ങള്‍ കേരളത്തില്‍ ഉത്തരാധുനികമായൊരു സമൂഹ രൂപീകരണത്തിന് ആക്കം കൂട്ടിയിരുന്നതായി മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ. അതനുസരിച്ച് ഇവിടുത്തെ കെട്ടിട നിര്‍മ്മാണ ശൈലിയിലും വീടുകളിലെ സ്വീകരണ മുറികളും അടുക്കളകളും പുനക്രമീകരിക്കുന്നതിനും യാത്രാ വാഹനങ്ങളുടെ തിരഞ്ഞെടുപ്പിലും പുതു വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വ്യാപനത്തിലും അന്തര്‍ദേശീയ ഫാഷനുകളുടെ പ്രചാരണത്തിലും കോസ്മെറ്റിക്സുകളുടെ ഉപയോഗത്തിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. ഇവയെ പറ്റി അക്കാദമിക തലത്തിലും അല്ലാതെയുമുള്ള നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്.

പ്രവാസത്തിന്‍റെ മറ്റൊരുവശം രാഷ്ട്രീയ അഭയാര്‍ഥിത്വം അല്ലെങ്കില്‍ ‘പൊളിറ്റിക്കല്‍ എക്സൈല്‍’ എന്ന കാര്യമാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യദശകങ്ങള്‍ മുതല്‍ ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരം വിവിധ യൂറോപ്യന്‍ നാടുകളിലെ സോഷ്യലിസ്റ്റ് വിപ്ലവകാരികള്‍ അടക്കമുള്ള രാഷ്ട്രീയ അഭയാര്‍ഥികളുടെ കേന്ദ്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ഇതര നാടുകളിലെ ദേശീയ വിമോചന പോരാളികള്‍ക്ക് അധിവസിക്കാനും അവരുടെ പ്രചാരണ പരിപാടികള്‍ നടക്കാനും ഈ നഗരത്തില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതേ കാലയളവില്‍ ഫ്രാന്‍സിലെ പാരീസ് നഗരവും വിവിധ രാജ്യങ്ങളിലെ സാംസ്കാരിക അഭയാര്‍ത്ഥികള്‍ക്കും അരാജക വാദികള്‍ക്കും ഇടം അനുവദിച്ചിരുന്നു. പ്രവാസികളോ കുടിയേറ്റക്കാരോ ആയ ഇത്തരം ഹിപ്പികളിലൂടെയും കൂടിയാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ ലോകത്ത് ഉണ്ടായ പല പുതുരാഷ്ട്രീയ ചിന്തകളും സാംസ്കാരിക ഉണര്‍വുകളും ഉരുത്തിരിഞ്ഞത്. എന്നാല്‍ ഗള്‍ഫ് നാടുകള്‍ പൊതുവേ ഇത്തരത്തിലുള്ള രാഷ്ട്രീയ-സാംസ്കാരിക അഭയാര്‍ഥിത്വങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല. അവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായ ഉപാധികള്‍ വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുകയാണ് പതിവ്. അതിനാല്‍ തന്നെ മലയാളികളുടെ ഗള്‍ഫ് പ്രവാസത്തില്‍ നിന്നും വേറിട്ട തരത്തിലുള്ള രാഷ്ട്രീയ പാഠങ്ങളോ സൂക്ഷ്മതലത്തിലള്ള ചിന്താ പദ്ധതികളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഈ അവസ്ഥകള്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ കൂടുതലും ഉള്‍പ്പെടുന്നത് വിവിധ സാംസ്കാരിക സംഘടനകളിലും ക്ഷേമസമിതികളിലുമാണ്. ഇവയാകട്ടെ നാട്ടിലെ രാഷ്ട്രീയ ചലനങ്ങളെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും തന്നെ അനുകരിക്കുകയും പറിച്ചുനടുകയുമാണ് ചെയ്യുന്നത്. അബുദാബി കേന്ദ്രമായി വര്‍ഷങ്ങളായി ‘ശക്തി’ എന്ന സാംസ്കാരിക സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ മുഖ്യധാര എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും അവരുടെ പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളും നടത്തുന്ന ഈ സംഘടന ഏറെക്കുറെ ഇടതുപക്ഷ ആഭിമുഖ്യമുള്ള വ്യക്തികളുടെ മുന്‍കൈയ്യിലാണ് നിലകൊള്ളുന്നത്. മറ്റിതര പുരോഗമന പ്രസ്ഥാനങ്ങളുടെയം ന്യൂനപക്ഷ-മുസ്‌ലിം സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള പ്രവാസി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തങ്ങളുടെ രാഷ്ട്രീയം തുറന്നു ചര്‍ച്ച ചെയ്യുന്നതിലുപരി ഗള്‍ഫ് നാടുകളിലെ നിയന്ത്രിത സംവിധാനങ്ങള്‍ക്ക് അനുസരണമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രവാസികളുടെ മുന്‍കൈയില്‍ വിവിധ റേഡിയോ നിലയങ്ങളും മാധ്യമം പോലുള്ള പത്രത്തിന്‍റെ സാന്നിധ്യവും വിപുലമായിട്ടുണ്ട്.

വര്‍ഷംതോറും നടക്കുന്ന ഗള്‍ഫ് എക്പോയും ദുബായ് ഫെസ്റ്റിവലും കേരളത്തില്‍ നിന്നും വലിയ തോതിലുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പരിപാടികളാണ്. ഷാര്‍ജ ബുക് ഫെസ്റ്റിവലിലും ചുരുക്കം ചില ഫിലിം ഫെസ്റ്റിവലുകളിലും പ്രവാസികള്‍ വലിയ തോതില്‍ പങ്കെടുക്കുന്നുണ്ട്. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ ഒട്ടേറെ മലയാള പുസ്തകങ്ങള്‍ വര്‍ഷംതോറും പ്രകാശിപ്പിക്കപ്പെടാറുണ്ട്. ഇവയില്‍ മിക്കവയും പ്രവാസികളുടെ അനുഭവക്കുറിപ്പുകളോ ചെറുകഥകളോ നോവലുകളോ ആണെന്ന് കാണാം. പ്രവാസികള്‍ ഉള്‍പ്പെടുന്ന മറ്റൊരുമേഖല വിപുലമായ വിധത്തില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സംഘടനകളാണ്. കോവിഡ് കാലത്ത് ഇത്തരം സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.

സന്ദര്‍ശനവും യാത്രികതയും

ദേശാന്തരീയതയുടെ ഭാഗമായി കുറേ വര്‍ഷങ്ങളായി കാണുന്ന ഒരു കാര്യം, കേരളത്തിലും ഇൻഡ്യക്കകത്തും മാത്രമല്ല, വിദേശങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകളാണ്. തുടക്കത്തില്‍ പില്‍ഗ്രിം ടൂറിസം അല്ലെങ്കില്‍ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലേക്കോ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കോ ഉള്ള ചെറിയ കാലയളവിലുള്ള സന്ദര്‍ശന യാത്രകളായിരുന്നു അവ. ഇപ്പോള്‍ ലോകത്തിന്‍റെ നാനാവശത്തേക്കുമുള്ള വിപുലമായ സഞ്ചാരങ്ങളായി അവ മാറിയിട്ടുണ്ട്. കുറച്ചു പണം ചിലവാക്കിയാല്‍ വിദേശ സഞ്ചാരത്തിനുള്ള വിസയും മറ്റ് ഏര്‍പ്പാടുകളും താമസ സൗകര്യവും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളും ടൂറിസ്റ്റ് ഏജന്‍സികള്‍ ചിട്ടപ്പെടുത്തി തരും എന്നതാണ് ഇതിന്‍റെ മെച്ചം. കേരളത്തില്‍ നിന്നും ആയിരക്കണക്കിനു പേരാണ് ഇപ്രകാരം വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ഗള്‍ഫിലേക്കുള്ള മലയാളികളുടെ പ്രധാനപ്പെട്ട സഞ്ചാരം ഹജ്ജ് തീര്‍ത്ഥാടനമാണ്. നൂറ്റാണ്ടുകള്‍ക്കു മുൻപേ അതീവ സാഹസികമായും അത്യന്തം വൃതനിഷ്ഠയോടെയും കേരളത്തിലെ മുസ്‌ലിംകൾ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ചിരിക്കുന്നു. ഹജ്ജ് യാത്ര ഒഴിവാക്കിയാല്‍ ഇപ്പോള്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്നവര്‍ കൂടുതലും അവിടെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും, ദുബായി ഫെസ്റ്റിവല്‍ പോലുള്ള വാണിജ്യ മേളകളില്‍ പങ്കെടുക്കാനുമാണ് പോകുന്നത്. ഈ അടുത്ത കാലത്താണ് ഗള്‍ഫിലെ പല രാജ്യങ്ങളും തങ്ങളുടെ നാടുകളില്‍ ടൂറിസത്തിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടുള്ളത്.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം

എന്നാല്‍ ടൂര്‍ അനുഭവവും യാത്രാ അനുഭവവും വേറിട്ട കാര്യങ്ങളാണ്. ടൂര്‍ എന്നത് ആധുനിക ടൂറിസ്റ്റ് വ്യവസായവും ആള്‍ക്കാരുടെ സൗകര്യങ്ങളുമായി കണ്ണിചേര്‍ന്ന് ചിട്ടപ്പെടുത്തുന്ന സന്ദര്‍ശനങ്ങളാണ്. യാത്രികത മറ്റൊരു അനുഭവതലമാണ്. അത് ഏറെക്കുറെ വ്യക്തിനിഷ്ഠവും കുറെയൊക്കെ ഭാവനാപരവുമാണ്. എന്നെ സംബന്ധിച്ച്, ഞാനൊരു യാത്രികന്‍ അല്ലെങ്കിലും അതിനെപ്പറ്റി ചില സങ്കല്‍പ്പങ്ങള്‍ ഉള്ളയാളാണെന്ന് വിശ്വസിക്കുന്നുണ്ട്. അതിനാല്‍ തന്നെ ടൂര്‍ പാക്കേജുകള്‍ ഉപയോഗപ്പെടുത്തി യാത്രകള്‍ നടത്തണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ല. തെക്ക്-കിഴക്ക് ഏഷ്യയിലെ ചുരുക്കം ചില രാജ്യങ്ങളിലും ഗള്‍ഫിലും ചില യൂറോപ്യന്‍ നാടുകളിലും മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. കോവിഡിന്‍റെ അടച്ചുപൂട്ടല്‍ മൂലം ഉദ്ദേശിച്ചിരുന്ന ചില യാത്രകള്‍ അലസിപ്പോയിട്ടുണ്ട്. യാത്ര ജീവിതം തന്നെയായ ഒട്ടേറെ പേര്‍ കേരളത്തിലുണ്ട്. രാജന്‍ കാക്കനാടനെ പോലുള്ളവര്‍ ഇൻഡ്യക്കകത്ത് നടത്തിയിട്ടുള്ള യാത്രകളെപ്പറ്റിയുള്ള അനുഭവ വിവരണങ്ങള്‍ പ്രശസ്തമാണ്. എസ്.കെ പൊറ്റക്കാടിന്‍റെ സഞ്ചാരകൃതികള്‍ ചെറുപ്പത്തില്‍ വായിച്ചിട്ടുണ്ട്. ട്രാവല്‍ റൈറ്റിംഗിനെപ്പറ്റി പീറ്റര്‍ ഹ്യൂല്‍മ്സ് എഡിറ്റുചെയ്തിട്ടുള്ള സൈദ്ധാന്തിക പഠനങ്ങള്‍ ആവേശത്തോടെയാണ് വായിച്ചിട്ടുള്ളത്. എങ്കിലും യാത്രയും ടൂറിസ്റ്റ് അനുഭവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഏറെ സഹായകരമായിട്ടുള്ളത് കെ. രവീന്ദ്രന്‍റെ (ചിന്ത രവി) യാത്രാ വിവരണങ്ങളാണ്.

ഹൈസ്കൂള്‍ പഠനകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച കൃതികളാണവ. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളും സമയങ്ങളും ഒരുപാട് മാറിപ്പോയിട്ടുണ്ടെങ്കിലും ഇന്നും ആ രചനകളിലെ സര്‍ഗാത്മകതയും വേറിട്ട നിരീക്ഷണങ്ങളും മലയാളികളായ യാത്രികര്‍ക്ക് ആഹ്ലാദം നല്‍കുന്നവയാണ്.

ഈ രചനകള്‍ക്കൊപ്പം എനിക്ക് യാത്രയെപ്പറ്റി മറ്റൊരു ചിന്ത ഉണ്ടാക്കിതന്നത് കാഞ്ച ഐലയ്യ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തെ പറ്റി അദ്ദേഹം എഴുതിയ ചെറിയൊരു ലേഖനമാണ്. അതില്‍ അദ്ദേഹം പറയുന്നത്, നാട്ടില്‍ രാജവീഥികളിലൂടെ മാത്രം സഞ്ചരിക്കന്ന ഒരാള്‍ വിദേശത്ത് പോയാലും രാജവീഥികളിലൂടെ തന്നെയാവും സഞ്ചരിക്കുക. നാട്ടില്‍ ഇടവഴികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ മറുനാട്ടില്‍ ചെന്നാലും ഇടവഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും. സാഹിത്യത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഓരങ്ങളിലൂടെയും ഇടവഴികളിലൂടെയും സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍ എന്ന് സ്വയം കരുതുന്നുണ്ട്. അതിനാല്‍ തന്നെ അനിശ്ചിതത്വം നിറഞ്ഞതും അപകടം പിടിച്ചതും വിഡ്ഡിത്തം പേറുന്നതും പലപ്പോഴും വഴിതെറ്റിപ്പോകുന്നതുമായ യാത്രികതയാണ് എനിക്ക് സ്വീകാര്യമായി തോന്നിയിട്ടുള്ളത്.

എന്‍റെ ഗള്‍ഫ് യാത്രകള്‍ മേല്‍പ്പറഞ്ഞ തരത്തില്‍ അനിശ്ചിതത്വം പേറുന്ന സ്വകാര്യ സഞ്ചാരങ്ങള്‍ ആയിരുന്നില്ല. അഞ്ച് വര്‍ഷം മുൻപ് രണ്ടു പ്രാവിശ്യമാണ് ഞാന്‍ ഗള്‍ഫില്‍ പോയിട്ടുള്ളത്. ആദ്യത്തെ യാത്ര, അംബേഡ്കര്‍ ഇന്നവേറ്റീവ് മൂവ്മെന്‍റ് എന്ന സംഘടനയുടെ ക്ഷണപ്രകാരം ഡോ. അംബേഡ്കര്‍ അനുസ്മരണ പ്രഭാഷണം നടത്താനായിട്ടാണ് പോയത്. രണ്ടാമത്തെ യാത്ര യൂത്ത് ഇൻഡ്യ എന്ന സംഘടനക്കു വേണ്ടി ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു.

ഗള്‍ഫിലേക്കുള്ള ആദ്യ വിമാനയാത്ര തന്നെ മലയാളികള്‍ക്ക് ഒരു തരത്തിലുള്ള അപരിചിതത്വവും ഉണ്ടാക്കുന്നതല്ലെന്നാണ് തോന്നിയത്. നാട്ടിലെ ഒരു ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റിലോ ട്രാന്‍സ്പോര്‍ട്ട് ബസ്സിലോ ആണെന്നു തോന്നിക്കുന്ന മട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം മുഴുവന്‍ യാത്രക്കാരും നാട്ടുകാര്‍. വിമാനം പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ മിക്കവരും വീടുകളില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഗള്‍ഫ് യാത്രകളില്‍ അല്ലാതെ മറ്റിതര രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളില്‍ ഇത്രയധികം പേര്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതികളുമായി വരാറില്ലെന്നാണ് തോന്നുന്നത്. ഈ അപരിചിതത്വം ഇല്ലായ്മ ദുബായ്, ഷാര്‍ജ വിമാന താവളങ്ങളിലും അനുഭവപ്പെടും.

എ.ഐ.എമ്മിന്‍റെ പരിപാടിയുടെ ഭാഗമായി ഗള്‍ഫില്‍ തങ്ങിയ എല്ലാ ദിവസങ്ങളും വൈകുന്നേരങ്ങളില്‍ വിവിധ മലയാളി സംഘടനകള്‍ ഏര്‍പ്പെടുത്തിയ സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ പോയിരുന്നു. ഇതേ ദിവസങ്ങളില്‍ പകല്‍ സമയത്ത് ഗള്‍ഫിലെ മരുപ്രദേശങ്ങളും ഉള്‍നാടുകളും കാണണമെന്ന ആഗ്രഹപ്രകാരം എ.ഐ.എമ്മിലെ സഹോദരങ്ങള്‍ എന്നെ ഷാര്‍ജയില്‍ നിന്നും സാധ്യമായ എല്ലാ എമിറ്റേറുകളിലേക്കും കാറില്‍ കൊണ്ടുപോയിരുന്നു. മരുപ്രദേശങ്ങളും ഗള്‍ഫിലെ ഉള്‍നാടുകളും കാണുക എന്നത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. ഞാന്‍ ആലോചിച്ച ഒരുകാര്യം, തീരപ്രദേശങ്ങളിലേക്കോ പര്‍വ്വത പ്രദേശങ്ങളിലേക്കോ ആണ് മിക്കവരും സഞ്ചരിക്കാറുള്ളത്. മരുഭൂമിയികള്‍ സഞ്ചരിക്കേണ്ട സ്ഥലങ്ങളായി വളരെ കുറച്ചുപേര്‍ മാത്രമേ കണക്കാക്കാറുള്ളു. എന്നാല്‍ പ്രകൃതിയുടെ വ്യത്യസ്തമായൊരു ദൃശ്യവിതാനം എന്ന നിലയില്‍ മരുഭൂമികളിലൂടെയും കൂടുതല്‍ പേര്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതാണ്. സാഹിത്യത്തിലൂടെയും യാത്രാവിവരണങ്ങളിലൂടെയും വായിച്ചിട്ടുള്ള മരുഭൂമികളും അവിടുത്തെ ആവാസവ്യവസ്ഥകളും ഈന്തപ്പനകളും സസ്യജാലങ്ങളും കണ്ടപ്പോള്‍ മുന്‍പ് കണ്ടിട്ടുള്ള പല ഹോളിവുഡ് സിനിമകളും ആഫ്രിക്കന്‍ സിനിമകളും ഓര്‍മയിലേക്ക് എത്തുകയുണ്ടായി.

മരുഭൂമിയിലൂടെയുള്ള യാത്രയുടെ തീവ്രതയെപ്പറ്റി ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു വിവരണം വായിച്ചിട്ടുള്ളത് ആയിരത്തിയൊന്നുരാവുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്‍റെ യാത്രകളാണ്. ഇരുപത്തിയൊന്‍പത് പൗരസ്ത്യ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം കഠിനമായ കാലാവസ്ഥയും സാംക്രമിക രോഗങ്ങളെയും അതിജീവിച്ചുകൊണ്ട് നാല്‍പ്പത് നാളുകള്‍ ഒട്ടകപ്പുറത്ത് സഞ്ചരിച്ചതിന് ശേഷമാണ് ആയിരത്തിയൊന്നു രാവുകളുടെ മൂലകൃതി കണ്ടെത്തുന്നത്. രണ്ടാമത്തെ പ്രാവിശ്യം പോയപ്പോള്‍ ഞാന്‍ ബോധപൂര്‍വ്വം പൊതുപരിപാടികള്‍ ഒഴിവാക്കിയിരിക്കുന്നു. ഇതിനുകാരണം ദുബായ് നഗരം കാണണമെന്ന ആഗ്രഹം മൂലമാണ്. ഗള്‍ഫിലുളള പ്രിയസുഹൃത്ത് മെഹര്‍ബാന്‍ മുഹമ്മദ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തരുകയും ഒപ്പം വരികയും ചെയ്തു.

റിച്ചാർഡ് ബർട്ടൺ

ദുബായ് ലോകത്തിലെ ഒന്നാം കിട നഗരങ്ങളിലൊന്നാണ്. യൂറോപ്യന്‍ നഗരങ്ങള്‍ പോലെയോ ഇൻഡ്യയിലെ മുംബൈ, കല്‍ക്കട്ട, ഡല്‍ഹി പോലെയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരമല്ലത്. അത് ഏറെക്കുറെ പുതിയതാണ്. മഹാനഗരങ്ങളുടെ പ്രത്യേകത അവയുടെ പഴമയും വിസ്തൃതിയും അനുസരിച്ച് ചേരി പ്രദേശങ്ങളും ഉണ്ടാവുമെന്നതാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ ചേരികള്‍ ഇല്ലാത്ത നഗരമാണ് ദുബായ് എന്നാണ് തോന്നിയത്.

ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പല വന്‍നഗരങ്ങളും ഉള്ളത് ചൈനയിലും ജപ്പാനിലും ഇൻഡ്യയിലുമാണ്. എങ്കിലും ഇവയില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തലസ്ഥാനം ദുബായ് ആണെന്നു പറയാം. എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട് വികസിച്ച മൂലധന കേന്ദ്രീകരണത്തോടൊപ്പം ആഗോളീകരണ പശ്ചാത്തലത്തിലെ കരാര്‍ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ സ്വീകരിച്ചതും, അതനുസരിച്ചുള്ള ബാഹ്യതല വികാസവും സാങ്കേതിക വിദ്യയും നടപ്പിലാക്കിയത് മൂലവുമാണ് ചുരുങ്ങിയ കാലയളവില്‍ ദുബായ് വലിയൊരു സാമ്പത്തിക തലസ്ഥാനമായതെന്നു വിചാരിക്കുന്നു.

തീര്‍ച്ചയായും, ഈ നഗരം നൂറുശതമാനവും കോസ്മോപൊളിറ്റനാണ്. എല്ലാ ദേശീയതകളും ഇവിടെ ഇടകലര്‍ന്നിട്ടുണ്ട്. ഏഷ്യക്കാര്‍, ലാറ്റിനമേരിക്കക്കാര്‍, യൂറോപ്യര്‍, ആഫ്രിക്കക്കാര്‍ മുതലായ വിവിധ ഭൂഖണ്ഡങ്ങളിലെ ജനസഞ്ചയത്തെ വിപുലമായി ഉള്‍ക്കൊള്ളുന്നതും അവരുടെ വേഷങ്ങളും ഭാഷകളും ഭക്ഷണശീലങ്ങളും യാതൊരു തടസ്സവും സങ്കോചവുമില്ലാതെ വിനിയോഗിക്കുന്നതുമായ മറ്റൊരു നഗരം ഞാന്‍ കണ്ടിട്ടില്ല. എല്ലാറ്റിനും ഉപരി യൂറോപ്പിലും അമേരിക്കയിലും ഉണ്ടാവാറുള്ളത് പോലുള്ള വംശീയ അക്രമണങ്ങള്‍ ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയതതായി അറിവില്ല. ഇൻഡ്യയിലെ പോലെ സ്ത്രീകളുടെ വ്യത്യസ്തമായ വസ്ത്രധാരണത്തെ പറ്റിയുള്ള ഭയപ്പാടും ആശങ്കകളും ഇല്ലെന്നുപറയാം. ദുബായ് നഗരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാഴ്ച ബുര്‍ജ് ഖലീഫ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട നിര്‍മിതിയാണിത്. പ്രാചീനകാലത്തെ മനുഷ്യനിര്‍മിത മഹാത്ഭുതങ്ങള്‍ പിരമിഡുകളും ചൈനീസ് വന്‍മതിലും കംബോഡിയായിലെ അങ്കോര്‍വാട്ടും മറ്റുമായിരുന്നല്ലോ. എന്നാല്‍ ആധുനികോത്തര കാലത്തെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് ഈ നിര്‍മിതിയെന്നത് നിസ്സംശയമാണ്. ആയിരക്കണക്കിന് പേരാണ് ബുര്‍ജ് ഖലീഫ കാണാന്‍ ദിവസവും ഒഴുകിയെത്തുന്നത്.

മാളുകളുടെ നഗരം എന്നും ദുബായ് വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യമാളാണ് ദുബായ് മാള്‍. ഇതേ വരെ കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും വലുതും പൂര്‍ണവുമായ ദിനോസറിന്‍റെ അസ്ഥികൂടം ഈ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്രാവുകള്‍ അടക്കമുള്ള വമ്പന്‍ മീനുകള്‍ ഉള്ള വലിയൊരു അക്വേറിയവും മഞ്ഞുകട്ടകളിലൂടെ സ്കീയിംഗ് നടത്തുവാനുള്ള സൗകര്യവും ഇതിലുണ്ട്. ഈ മാളിന്‍റെ ഒരു ഭാഗത്തെ പ്രവേശന കവാടവും പടികളും ഡിസൈന്‍ ചെയ്തിട്ടുള്ളത് പ്രശസ്ത ഫാഷന്‍ ഡിസൈനറായ അര്‍മേനിയാണ്. ഈ കൂറ്റന്‍ കെട്ടിടത്തിന്‍റെ മുൻപിലുള്ള വിശ്രമസ്ഥലത്ത് ഇരിക്കുവാന്‍ ദുബായ് നഗരത്തിലെ ജനസഞ്ചയത്തിന്‍റെ പലമ ശരിക്കും ബോധ്യപ്പെടും.

ആകര്‍ഷണീയമായി തോന്നിയ മറ്റൊരു ഇടമാണ് ചൈനീസ് നിര്‍മിത വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതുമായ സ്ഥലം. ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളളെയും ഉള്‍ക്കൊള്ളുന്ന എല്ലാത്തരം ഉപകരണങ്ങളും അലങ്കാരവസ്തുക്കളും നിര്‍മിക്കുന്നതില്‍ ചൈനക്കാര്‍ക്കുള്ള വിരുത് കാണേണ്ടതു തന്നെയാണ്. പരമ്പരാഗതമായ കരകൗശല വിദ്യക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയെയും ഒരുമിച്ചു ചേര്‍ത്തുള്ള നിര്‍മിതികള്‍ മൂലമാണ് ചൈനക്ക് വിസ്മയങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത്. അറേബ്യന്‍ സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ പേരിലുള്ള വിശാലമായ മാളുകളുടെ മറ്റൊരു സമുച്ചയവും കാണുകയുണ്ടായി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സോണുകളായിട്ടാണ് ഈ സ്ഥലം സജ്ജീകരിച്ചിട്ടുള്ളത്.

അറബി നാടുകളില്‍ പഴയകാലത്ത് ഗോത്രജീവിതം നയിച്ചിരുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല അവരുടെ പുതുതലമുറകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ കൊടുക്കുന്ന സവിശേഷ പരിഗണനയും വ്യക്തമാകുന്നതാണ് അല്‍ഷിന്‍റക മ്യൂസിയം സന്ദര്‍ശനം. ദുബായ് നഗരത്തില്‍ വളരെ കൗതുകം തോന്നിയത് അവിടുത്തെ പെറ്റ് ഷോപ്പുകള്‍ ഉള്ള സ്ഥലമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തദ്ദേശീയര്‍ക്ക് പെറ്റു മൃഗങ്ങളോടും പക്ഷികളോടുമുള്ള സ്നേഹം പ്രശസ്തമാണ്. നഗരത്തില്‍ കാറുകളില്‍ സഞ്ചരിക്കുന്ന പല പൗരരും കടുവകളേയും മറ്റും കൊണ്ടുനടക്കുന്നത് സാധാരണ കാഴ്ചയാണ്. ഇവിടുത്തെ പെറ്റുകടകളില്‍ ഒട്ടകപക്ഷികള്‍ മുതല്‍ അനേകം തരത്തിലുള്ള പക്ഷികളും അവയുടെ മുട്ടകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധതരം പാമ്പുകളെയും കാണാം. ഒട്ടകം മുതല്‍ മുന്തിയ ഇനം കുതിരകളും ആഫ്രിക്കയില്‍ നിന്നും ഇൻഡ്യയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ തരം മൃഗങ്ങളണ്ട്. ഒരു മൃഗശാല കാണുന്നതിനുപരിയായ മറ്റെന്തോ അനുഭവമാണ് ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ തോന്നിയത്. ദുബായ് നഗരത്തില്‍ പല ഏഷ്യന്‍ രാജ്യങ്ങളെപ്പോലെയും സജീവമായ രാത്രിജീവിതമാണുള്ളത്. ഇത്തരത്തിലുള്ള എല്ലാ വൈവിധ്യങ്ങളും കൂടിച്ചേരുന്നതും അവയ്ക്ക് സ്വതന്ത്ര്യമായി നില്‍ക്കാനും കഴിയുമ്പോഴാണല്ലോ ഒരു നഗരത്തെ കോസ്മോപൊളിറ്റന്‍ എന്ന് വിളിക്കാവുന്നത്.

  • വിവര്‍ത്തനവും ഡയസ്പോറജീവിതവും- ഡോ.കെ.കെ ശിവദാസ് (എഴുത്ത് മാസിക, ഫെബ്രുവരി 2017).
  • അപരചിന്തനം - കെ.കെ ബാബുരാജ് (ഡി.സി.ബുക്സ് 2021)
  • Nation and narrations- Homi K. Bhabha (Rutledge 1990)
  • Could you be loved? Bob Marleys anti-politics and universal suffernation- Paul Gilroy (critical quarterly. Vol 47)
  • The Cambridge companion to travel writing Peter Hulme (Cambridge university press. Nov 2002)
Top