വംശഹത്യയുടെ ഹിന്ദുത്വപദ്ധതി: മുസ്‌ലിംകളും ഇതര കീഴാള ബഹുജനങ്ങളും

സവർണ-അവർണ വേർതിരിവുകളെയും ജാതി-ലിംഗ വ്യവസ്ഥ ഉൾകൊള്ളുന്ന സാമൂഹിക മർദനങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് ഹിന്ദു
എന്ന പൊതുസംജ്ഞയെ ദേശത്തിന്റെ പര്യായപദമാക്കുകയാണല്ലോ സംഘപരിവാർ ചെയ്യുന്നത്. ഇതിനുവേണ്ടി മുസ്‌ലിം വിരുദ്ധതയെ ഒരു രാഷ്ട്രീയ സ്ഥാപനമായും വെറുപ്പ് ഉൽപ്പാദിപ്പിക്കാനുള്ള ആശയകേന്ദ്രമായും അവർ പരിവർത്തിപ്പിച്ചിട്ടുണ്ട്.

ഇൻഡ്യയിൽ ഹിന്ദുത്വശക്തികൾ നടപ്പിലാക്കുന്ന ഫാഷിസം യൂറോപ്യൻ മാതൃകയിൽ നിന്നും വ്യത്യസ്തമാണെന്നു പറയേണ്ടതുണ്ട്. ഭരണവർഗത്തിനകത്ത് കനത്ത ചേരിതിരിവുകളുണ്ടാക്കിയും, പ്രതിപക്ഷ കക്ഷികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കിയും, ഫാഷിസ്റ്റിതര സംഘടനകളെ ബലം പ്രയോഗിച്ച് തകർത്തുമാണ് യൂറോപ്പിൽ നാസിസവും ഫാഷിസവും വേരുറപ്പിച്ചത്. പിന്നീട്, ജൂതഹിംസ പോലുള്ള വംശീയ ഉന്മൂലന പദ്ധതികളിലേക്ക് അതു മാറുകയാണ് ചെയ്തത്.

ഇൻഡ്യയിൽ മേൽപറഞ്ഞ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇവിടെ മുഖ്യധാരാ പാർട്ടികളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയോ അവയുടെ നേതാക്കളെ തടവറയിൽ അടക്കുകയോ ചെയ്തിട്ടില്ല. പ്രത്യക്ഷത്തിൽ ഫാഷിസ്റ്റു വിരുദ്ധരാണെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റു പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്രം തടഞ്ഞിട്ടില്ല. പത്രമാസികകൾ, ചാനലുകൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ നിരോധിച്ചിട്ടുള്ളത് കാശ്മീരിലും, വലിയ തോതിൽ ഹിന്ദുത്വ-പോലീസ് അതിക്രമം നടന്ന യു.പി, ഡൽഹി പോലുള്ള ഇടങ്ങളിലുമാണ്. അതും ഇടവിട്ട സമയങ്ങളിൽ. ഇതിനർഥം, ഇവിടെ ഒരു രാഷ്ട്രീയ ഫാഷിസം നിലനിൽക്കുന്നില്ല എന്നല്ല, മറിച്ച് രാഷ്ട്രീയ പ്രസ്ഥാങ്ങൾക്ക് ഉപരിയായി, ചില സാമുദായിക വിഭാഗങ്ങളെ നിശബ്ദീകരിക്കുകയും ഒറ്റതിരിക്കുകയും പുറന്തള്ളുകയും ഉന്മൂലനത്തിലേക്ക് എത്തിക്കുകയുമാണ് അതിന്റെ പ്രായോഗിക രൂപം. അതിനാൽ തന്നെ ഈ ഫാഷിസം വളരെയധികം അദൃശ്യവുമാണ്.

നരേന്ദ്ര മോഡിയുടെ രണ്ടാം ഹിന്ദുത്വ ഭരണകൂടം അധികാരത്തിൽ വന്നതിനു ശേഷം, ഇൻഡ്യ ഒരു ‘ആൾക്കൂട്ട കൊലപാതക’ രാഷ്ട്രമായി മാറുന്നതാണു കണ്ടത്. പശുവിന്റെ പേരിൽ ദലിതരെയും മുസ്‌ലിംകളെയും കൊല്ലുക. ‘ഭാരത് മാതാ കീ ജെയ്’ വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിംകളായ സ്കൂൾ കുട്ടികളെ വരെ കഠിനമായി മർദിക്കുക, മോഷണം പോലുള്ള ചെറിയ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് ഗ്രാമീണരും കീഴാളരുമായ ആളുകളെ കൊല്ലുക, മിശ്രവിവാഹിതർക്കു വധശിക്ഷ നൽകുക, അതീവ ദരിദ്രരും പിന്നോക്കക്കാരുമായ സ്ത്രീകളെ ബലാൽസംഘം നടത്തുകയും കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനു ശേഷം, ഇരകളെ അധിക്ഷേപിച്ചുകൊണ്ട് അക്രമികൾക്കു സ്വൈര്യവിഹാരം നടത്താനും കഴിയുക. ഇത്തരം അക്രമങ്ങൾ നിരന്തരം ആവർത്തിക്കുക മാത്രമല്ല, അവയുടെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുമുണ്ട്.

അമേരിക്കൻ ഐക്യനാടുകളിലും ആൾക്കൂട്ട കൊലകൾക്കു ശേഷം ഇരകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അടിമത്ത നിരോധനത്തിനു ശേഷം സ്വത്ത്, പദവി, അധികാരം മുതലായ ഇടങ്ങളിലേക്ക് കറുത്തവരും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളും കടന്നുവരുന്നതിനെക്കുറിച്ച വെള്ളക്കാരായ വംശീയവാദികളുടെ ഭയാശങ്കകളാണ് അമേരിക്കയിൽ ആൾക്കൂട്ട കൊലകൾക്കു കാരണമായത്. ഇൻഡ്യയിൽ ഹിന്ദുത്വത്തിനും സവർണ മേധാവിത്വത്തിനും എതിരു നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളെ നിശബ്ദീകരിക്കാനാണ് ആൾക്കൂട്ട കൊലകൾ നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിന്റെ ഉദ്ദേശ്യം, ഇരകളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുന്നതിനൊപ്പം ഹിന്ദുത്വഭരണത്തിനു കീഴിൽ അക്രമികൾ പൂർണ സുരക്ഷിതരാണെന്ന സന്ദേശം നൽകുകയുമാണ്. കൊലപാതകങ്ങൾക്കു പിന്നിൽ ‘ആൾക്കൂട്ടം’ ആണെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ പറഞ്ഞിരിക്കുന്നത്. യഥാർഥത്തിൽ ഗോരക്ഷകർ അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരും അനുയായികളുമാണ് ഇതു ചെയ്യുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ് പശുവിന്റെ ദിവ്യത്വത്തെ പറ്റിയുള്ള കഥകളും ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ ഗുണമുണ്ടെന്നും, അതിപുരാതനകാലം മുതലേ ഒരു ‘ഹിന്ദു-ശാസ്ത്രം’ നിലനിക്കുന്നുണ്ട് എന്നുമുള്ള പ്രചരണങ്ങൾ. വിശിഷ്ടമായ ഈ പുരാതന സംസ്കൃതിയുടെ അധിനായകർ ബ്രാഹ്മണരായതിനാൽ‍ അവരുടെ പദവി പഴയതുപോലെ നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്ന മട്ടിലുള്ള വാദങ്ങൾ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും, ചില ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥവൃന്ദവും ഉന്നയിക്കുക പതിവാണ്. ഇത്തരം കാര്യങ്ങളെ ചില ‘അപരിഷ്കൃത’ ഹിന്ദുക്കളുടെ അല്ലെങ്കിൽ‍ അതിയാഥാസ്ഥിതിക ഹിന്ദുക്കളുടെ വിചിത്രങ്ങളായ അവകാശവാദങ്ങൾ മാത്രമായിട്ടാണ് പൊതുവേ പുരോഗമന സമൂഹം വിലയിരുത്തുന്നത്. എന്നാൽ ഇവക്കു പിന്നിൽ ഹൈന്ദവേതര ജനങ്ങളെ അപരവൽക്കരിക്കുന്നതും, അവരുടെ വിശ്വാസം, മതാനുഷ്ഠാനങ്ങൾ, ആഹാരരീതികൾ, തൊഴിൽ‍ സാഹചര്യം, വസ്ത്രധാരണം മുതലായവയെ അധമമായി കാണുന്നതുമായ വരേണ്യശുദ്ധി വിചാരമാണുളളത്. ഇതിലൂടെ സനാതനമായ ഹിന്ദു ധർമവ്യവസ്ഥയെ ഉദാത്തീകരിക്കുകയും, അതിന്റെ നട്ടെല്ലായ ബ്രാമാണ്യ വംശീയതയെ അദൃശ്യമാക്കുകയുമാണ് ചെയ്യുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, സമകാലീന ഹിന്ദുത്വവാഴ്ചയുടെ ഭരണകൂടമർദനവും ഭീകരനിയമങ്ങളും മുതൽ ആൾക്കൂട്ട കൊലകൾ വരെയുള്ള കാര്യങ്ങളെ അപരിഷ്കൃത ഹിന്ദുവിന്റെ വിചിത്രമായ യുക്തികൾ എന്ന നിലയിലോ മതേതരത്വത്തിൽ നിന്നുള്ള വ്യതിചലനം മാത്രമായോ
കാണാനാവുകയില്ല. മറിച്ച്, ഹിന്ദുത്വവാഴ്ചയിലൂടെ കൂടുതൽ കരുത്തു നേടിയ വരേണ്യാധികാരത്തിന്റെയും ബ്രഹ്മണ്യ വംശീയതയുടെയും പ്രതിഫലനങ്ങളാണിവ. ‘യാഥാസ്ഥികം’, ‘പുരോഗമനം’ എന്ന വേർതിരിവിനപ്പുറം കടന്നുനിൽക്കുന്ന സവിശേഷ അധികാരവും ഭരണമനോഭാവവുമാണിവ. ഇവ ഉപാധിയാവുന്ന ‘ഹിന്ദു’ എന്ന പൊതുസംജ്ഞയുടെ ജാതീയവും വംശീയവുമായ മേധാവിത്വത്തെ തിരിച്ചറിയാൻ വിസമ്മതിക്കുന്നതു മൂലമാണ് പ്രകാശ് കാരാട്ട് എന്ന മാർക്സിസ്റ്റു നേതാവും രാമചന്ദ്രഗുഹ എന്ന ചരിത്രകാരനും ഇവിടെ ഫാഷിസം നിലനിൽക്കുന്നില്ലെന്നും കേവലം മതേതരത്വത്തിൽ നിന്നുള്ള വ്യതിചലനം മാത്രമാണുള്ളതെന്നും കരുതുന്നത്.

മുസ്‌ലിംകളെ ഒറ്റതിരിക്കലും പൗരത്വനിർണയ നിയമങ്ങളും

മോഡി ഭരണകൂടം, പൗരത്വ നിയമം പാർലമെന്റിൽ പാസാക്കുകയും തുടർന്ന് എൻആർസി, എൻപിആർ പദ്ധതികൾ നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ അതിനെ വിമർശിച്ചുകൊണ്ട് മതേതര-പുരോഗമന പക്ഷത്തുനിന്നും പ്രതിപക്ഷ കക്ഷികളിൽ നിന്നും പ്രധാനമായും രണ്ടു തരത്തിലുള്ള വിമർശനങ്ങളാണുണ്ടായത്.

ഒന്ന്, ഇൻഡ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാലിനും മറ്റു ഉപവകുപ്പുകൾക്കും വിരുദ്ധമായി പൗരത്വനിയമത്തിൽ മതപരമായ പരിഗണന കൂട്ടിച്ചേർക്കുന്നത്തിലൂടെ മോഡി സർക്കാർ ഭരണഘടനയെ അട്ടിമറിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാറിനെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടക്കുകയും നിരവധി കേസുകൾ സുപ്രീംകോടതിയിൽ നൽകുകയുമുണ്ടായി.

രണ്ട്, ഇൻഡ്യൻ മതേതരത്വം ഒരു മതത്തിനും സവിശേഷ പരിഗണന കൊടുക്കുന്നില്ല. അഥവാ, ഇൻഡ്യയുടെ മതേതരത്വ പാരമ്പര്യം മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലാണുള്ളത്. പൗരത്വനിയമത്തിൽ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രൈസ്തവ മതങ്ങളെ പരിഗണിക്കുകയും, മുസ്‌ലിം മതത്തെ ഒഴിവാക്കുകയും ചെയ്തതിലൂടെ മേൽപറഞ്ഞ മതനിരപേക്ഷതയിൽ നിന്നുള്ള വ്യതിചലമാണ് നടന്നത്.

മുഖ്യധാരാ പ്രതിപക്ഷ കക്ഷികളും സിവിൽ സമുദായവും പൊതുവേ പങ്കിടുന്ന ഈ രണ്ടു വിമർശനങ്ങളും അവഗണിക്കാവുന്നതല്ല.

ഒന്നാമത്തെ വിമർശന പ്രകാരം, ഭരണഘടനയുടെ അട്ടിമറി നടന്നിരിക്കുന്നു എന്നതു വസ്തുതയാണ്. ഹിന്ദുത്വശക്തികൾ ഒരു കാലത്തും ഭരണഘടനയെ അംഗീകരിച്ചിട്ടില്ല. അവർ ഭരണഘടനാ ബാഹ്യശക്തികൾ തന്നെയാണ്. ആദ്യത്തെ വാജ്പേയി സർക്കാരിന്റെ കാലത്ത് ഭരണഘടനയെ തിരുത്താൻ ശ്രമിച്ചെങ്കിലും അന്നത്തെ രാഷ്ട്രപതിയായിരുന്ന കെആർ നാരായണന്റെയും പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പുമൂലം അവർക്കു പിന്മാറേണ്ടി വന്നു. മാത്രമല്ല ഭരണഘടനയുടെ ഇൻഡ്യൻ സങ്കൽപ്പത്തിനു പകരം ‘ഭാരതീയം’ എന്ന കാഴ്ച്ചപ്പാടു വേണമെന്നും യൂറോപ്യൻ ലിബറൽ ആശയത്തിനു പകരം മനുസ്മൃതിയെ ആധാരമാക്കണമെന്നും വാദിക്കുന്നവരാണവർ.

രണ്ടാമത്തെ വിമർശനം പ്രശ്നകരമാണെങ്കിലും അതും അവഗണിക്കാവുന്നതല്ല.

ഇൻഡ്യയിൽ‍ ഹിന്ദുമതമാണ് ഭൂരിപക്ഷമെങ്കിലും അതിനു സവിശേഷ പ്രാധാന്യം കൊടുക്കാത്ത മതനിരപേക്ഷതയാണ് പുലർത്തുന്നതെന്നതു പുറംകാഴ്ച്ച മാത്രമാണ്. ഇതു പറയാൻ കാരണം, ഹിന്ദുമതം എന്ന ഒന്ന് ഇല്ല എന്നതു തന്നെ. ഹിന്ദുമതം എന്നു വിവക്ഷിക്കപ്പെടുന്നത് ജാതികളുടെ കൂട്ടമാണ്. മുസ്‌ലിം വിരുദ്ധ വംശീയ അക്രമങ്ങളുടെ സമയത്തു മാത്രമേ ഈ ജാതികൾ ഹിന്ദു എന്ന പൊതുബോധത്തിൽ‍ ഐക്യപ്പെടുകയുള്ളൂ എന്ന ഡോ. ബിആർ അംബേഡ്കറിന്റെ നിരീക്ഷണം പ്രസക്തമാണ്.

ഏകീകൃത വിശ്വാസമോ, പ്രമാണ ഗ്രന്ഥമോ, ഒറ്റ മതകേന്ദ്രമോ ഇല്ലാത്തതു മൂലം ഹിന്ദു ജാതിവ്യവസ്ഥ, മതമായി മാറൽ അസാധ്യമാണ്. അതുകൊണ്ടാണ് ‘മതരാഷ്ട്രം’ അഥവാ ‘തിയോളജിക്കൽ സ്റ്റേറ്റ്’ രൂപീകരിക്കാനാണ് ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നതെന്ന ഇടതുപക്ഷ കാഴ്ചപ്പാട് അസാധുവാകുന്നത്. എന്നാൽ‍ ‘മത’മല്ലാത്ത ഹൈന്ദവത, ദേശീയതയുടെ അടയാളമായും വരേണ്യഹിന്ദുവിന്റെ ആത്മഭാവമായും ആധിപത്യശക്തികളുടെ ഭരണ മനോഭാവമായും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ഉൾക്കൊള്ളുന്ന ഇൻഡ്യൻ മതേതരത്വം മതനിരപേക്ഷമാണെന്നു തോന്നുമെങ്കിലും അത് സവർണാധിപത്യപരവും ബ്രാമാണ്യ അപ്രമാദിത്വത്തിനു വിധേയവുമാണെന്നു സാരം.

ഹിന്ദുത്വശക്തികൾ മതേതരത്വത്തെയോ മതനിരപേക്ഷതയെയോ അംഗീകരിക്കുന്നവരല്ല. ഇവയെല്ലാം ‘മുസ്‌ലിം പ്രീണനമായിട്ടാണ്’ അവർ വിലയിരുത്തുന്നത്. ഇവയെല്ലാം ഹിന്ദുക്കളുടെ ‘പൗരുഷത്തെ’ ദുർബലപ്പെടുത്തുന്നതായും കരുതുന്നു.

ചുരുക്കിപ്പറഞ്ഞാൽ ‍ഭരണഘടനക്കും ആധുനിക മതേതരത്വത്തിനും എതിരുനിൽക്കുന്നവരായ ഹിന്ദുത്വശക്തികൾ ഈ രണ്ടു സങ്കൽപ്പങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് പൗരത്വഭേദഗതി നിയമവും തുടർനടപടികളും ഉണ്ടാവുന്നതെന്ന പുരോഗമന വിമർശനം സിവിൽ സമുദായത്തിന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ ശരിയാണ്. എന്നാൽ അതിനെക്കാൾ ആഴത്തിൽ അവർ പുലർത്തുന്ന വംശീയ രാഷ്ട്രീയത്തെയും, ‘ദേശത്തെ’ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന അപരവൽക്കരണത്തെയുമാണ് പ്രശ്നവൽക്കരിക്കേണ്ടതെന്നു തോന്നുന്നു.

പൗരത്വ ഭേദഗതി നിയമത്തിനും, എൻആർസി, എൻപിആറിനും എതിരെയുള്ള സിവിൽ-സമുദായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം വിവിധ മുസ്‌ലിം-ന്യൂനപക്ഷ സംഘടനകളും കീഴാളപക്ഷത്തുള്ള സാമൂഹിക ചിന്തകരും മറ്റൊരു കാഴ്ചപ്പാടു കൂടി ഉന്നയിക്കുന്നതായി കാണാം.

അത്, 1932ൽ‍ ഹിറ്റ്ലർ വാഴ്ച ജർമനിയിൽ നടപ്പിലാക്കിയ ന്യൂറംബർഗ് നിയമങ്ങളുടെ പിന്തുടർച്ചയാണ് മോഡി ഭരണത്തിന്റെ പൗരത്വ നിർണയങ്ങൾക്കുള്ളതെന്നും, അതിന്റെ ആത്യന്തിക ലക്ഷ്യം പ്രഥമമായി മുസ്‌ലിംകളുടെയും, തുടർന്നു വിവിധ കീഴാള വിഭാഗങ്ങളുടെയും പൗരത്വത്തെ സംശയാസ്പദമാക്കിക്കൊണ്ട് അവരെ ക്രമേണ ഒറ്റതിരിക്കുകയും, തുടർന്ന് തടങ്കൽ പാളയങ്ങളിലേക്കും വംശീയ ഉന്മൂലനത്തിലേക്കും നയിക്കുക എന്നതാണ്.

ന്യൂറംബർഗ് നിയമങ്ങൾക്കു മുേന്നോടിയായി ജർമനിയിലെയും അയൽരാജ്യങ്ങളിലെയും ജൂതജനതയെ ഒറ്റതിരിക്കുന്നതിനു വേണ്ടി നാസികൾ ആവിഷ്കരിച്ച രണ്ടു പ്രധാനപ്പെട്ട നടപടികളെ പറ്റി ഹന്ന ആരന്റ് എഴുതിയിട്ടുണ്ട്.

ആദ്യത്തേത്, ജർമനി എന്ന ദേശരാഷ്ട്രം ആര്യൻ വംശജരുടെ പിതൃഭൂമിയാണെന്നും, ലോകത്തിലെ ഏറ്റവും ഉൽകൃഷ്ടരായ ഈ വംശത്തിന് എല്ലാവരെയും അടക്കിഭരിക്കാനുള്ള സ്വഭാവിക അധികാരമുണ്ടെന്നുമാണ് നാസി പ്രത്യയശാസ്ത്രം ഉത്‌ഘോഷിച്ചിട്ടുള്ളത്. ജർമനിയുടെ സാമ്രാജ്യത്വപരമായ വികാസം ഈ വംശീയതയുടെ ഭരണാധികാര പ്രാപ്തിക്ക് അനിവാര്യമാണത്രേ.

പോളണ്ട്, ചെക്കോസ്ലോവാക്യ മുതൽ റഷ്യ വരെയുള്ള ജർമനിയുടെ അയൽരാജ്യങ്ങളിലെ ആര്യൻ വംശജരായ സഹോദരങ്ങൾ അവിടുത്തെ വേറിട്ട രാഷ്ട്രീയ സംവിധാനങ്ങൾ മൂലം പീഡിപ്പിക്കപ്പെടുകയാണെന്നും നാസികൾ പ്രചാരണം നടത്തിക്കൊണ്ടിരുന്നു. ഇതിനു പരിഹാരമായി, ആ നാടുകളെ അക്രമിച്ചു കീഴടക്കിക്കൊണ്ട് ജർമൻ വംശജരുടെ കൈകളിലേക്കു ഭരണാധികാരം ഏൽപ്പിക്കുക എന്നതു തങ്ങളുടെ പരിപാവനമായ കടമയായും പ്രഖ്യാപിച്ചു. ഈ കടമ നിർവഹിക്കാനാണ് ഹിറ്റ്ലർ നിരവധി അക്രമണ യുദ്ധങ്ങൾ നടത്തിയത്. അതായത്, മേൽപറഞ്ഞ രാജ്യങ്ങളെല്ലാം ഉൾകൊള്ളുന്ന വിശാല ജർമനിയെന്ന നാസി സ്വപ്നം പൂർത്തീകരിക്കുക മാത്രമല്ല, ഇതേ നാടുകളിലെ ആര്യൻ വംശജരോടുള്ള സാഹോദര്യം തുറന്നു പ്രഖ്യാപിക്കുകയും അവർ ജന്മനാടിന്റെ അവിഭാജ്യ ഭാഗമാണെന്നും വരുത്തുകയുമാണ് നാസികൾ ലക്ഷ്യം വെച്ചത്.

ഇൻഡ്യയിലെ സംഘപരിവാർ സൈദ്ധാന്തികനായ ഗോൾവാൾക്കറും പിൽക്കാല ആർഎസ്എസ് നേതൃത്വവും നാസികൾക്കു സമാനമായ വിധത്തിൽ ‘ആര്യാവർത്തം’ എന്ന ദേശസങ്കൽപ്പമാണു മുന്നോട്ടുവെച്ചിട്ടുള്ളത്. അതനുസരിച്ച്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ അടക്കമുള്ള ഇൻഡ്യൻ ഉപഭൂഖണ്ഡം ആര്യാവർത്തത്തിന്റെ ഭാഗമാണ്. ആര്യൻമാരുടെ ജന്മഭൂമിയായ ഈ നാടുകളിലെ വ്യത്യസ്തമായ രാഷ്ട്രീയ സംവിധാനങ്ങൾ മൂലം ഹിന്ദു സഹോദരങ്ങൾ മതപീഡനങ്ങൾക്കു വിധേയമാവുകയാണെന്നും അവരെ മോചിപ്പിക്കുക എന്നതു തങ്ങളുടെ കടമയായും അവർ നിരന്തരമായി ഉന്നയിക്കാറുണ്ട്.

ഇങ്ങനെ നോക്കുമ്പോൾ, ആര്യാവർത്തത്തിന്റെ ഭാഗമായ ഇൻഡ്യയുടെ അയൽരാജ്യങ്ങളിലെ ഹിന്ദു സഹോദരങ്ങളോടുള്ള ആർഎസ്എസിന്റെ പ്രഖ്യാപിത കടമ നിർവഹിക്കാനാണ് ആ നാടുകളിലെ മുസ്‌ലിംകൾ ഒഴിച്ചുള്ളവർക്കു പുതിയ പൗരത്വ നിയമത്തിൽ ഇടം കൊടുത്തതെന്നു കാണാം. തീർച്ചയായും, മതപീഡനങ്ങളും സാമൂഹിക മർദനങ്ങളും അനുഭവിക്കുന്നവരോടുളള സഹാനുഭൂതിയല്ല ഇത്.

രണ്ടാമതായി ഹന്ന ആരന്റ് ചൂണ്ടിക്കാട്ടുന്ന കാര്യം, ന്യൂറംബർഗ് നിയമങ്ങൾക്കു മുന്നോടിയായി ജൂതർക്കും ഇതര അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്കും എതിരായി നിരവധി ‘ദൂരൂഹമായ’ നിയമങ്ങൾ ജർമൻ പാർലമെന്റിൽ പാസാക്കിയെടുത്തു എന്നതാണ്. പ്രത്യക്ഷത്തിൽ പാർലമെന്ററി നടപടികളുടെ ഭാഗമാണെന്നു തോന്നുമെങ്കിലും, അത്തരം നിയമങ്ങൾക്കു പിന്നിലെ യഥാർഥ രാഷ്ട്രീയ ലക്ഷ്യം നാസി സംഘടനയുടെ നേതൃത്വത്തിലുള്ളവർക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ജർമനിയുടെ വഷളായ സാമ്പത്തികസ്ഥിതിയും തൊഴിലില്ലായ്മയും, ഒന്നാം ലോക മഹായുദ്ധത്തിലൂടെ ദേശീയതക്കുണ്ടായ അപമാനവും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രചരണങ്ങളിലൂടെ ഈ നിയമങ്ങളെ ഉദാത്തീകരിക്കാൻ (mistify) നാസികൾക്കു കഴിഞ്ഞു.

സമാനമായ വിധത്തിലുള്ള ദുരൂഹതയും ഉദാത്തീകരണവുമാണ് എൻആർസി, എൻപിആർ പദ്ധതികളിലുള്ളത്. ഇവ വോട്ടർ കാർഡ്, ആധാർ, പാസ്പോർട്ട് മുതലായ അംഗീകൃത രേഖകളെ പൗരത്വ നിർണയത്തിന്റെ കാര്യത്തിൽ നിരാകരിക്കുന്നു. പകരം 1950 ജനുവരി അടിസ്ഥാനമായ ഭൂഉടമസ്ഥതയുടെ രേഖകളും പിതാവിന്റെ ജനന ദിവസത്തെയും ജന്മനാടിനെയും പറ്റിയുള്ള രേഖകളും സമർപ്പിക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്നു. ഇത്തരം രേഖകൾ കൈവശമില്ലാത്തവരാണ് ഇൻഡ്യയിലെ വലിയൊരു വിഭാഗം ജനങ്ങളും. അതിൽ തന്നെ ആദിവാസികൾ, ദലിതർ, നാടോടികൾ മുതലായ സമുദായങ്ങൾക്കും നഗരങ്ങളിലെ ചേരികളിലും ഗ്രാമങ്ങളുടെ പുറംപോക്കുകളിലും താമസിക്കുന്നവർക്കും ഇതേ രേഖകൾ സമർപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. അതിനാലാണ് പുതിയ പൗരത്വനിർണയം മുസ്‌ലിംകൾക്ക് ഉപരിയായി ആദിവാസികൾക്കും ദലിതർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും എതിരാണെന്നു പലരും വിലയിരുത്തുന്നത്.

 

ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യമെന്നത്, ഇൻഡ്യയിൽ ബുദ്ധ, ജൈന, സിഖ് മതസ്ഥരും ദലിതർ, ആദിവാസികൾ, നാടോടികൾ അടക്കമുള്ള സമുദായങ്ങളും ഹിന്ദു എന്ന പരികൽപനക്ക്‌ ഉള്ളിലാണു വരുന്നതെന്നാണ്. അവരെ ഹിന്ദുക്കളായി പരിഗണിച്ചുകൊണ്ടാണ് സംവരണം പോലുള്ള അവകാശങ്ങൾ നിലനിൽക്കുന്നത്. അതേസമയം, സെമറ്റിക് മതസ്ഥരായ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ പരിഗണനക്കു പുറത്താണ്. ഇവരിൽതന്നെ ജനസംഖ്യാപരമായ കുറവു മൂലവും ഹൈന്ദവവൽക്കരണത്തിലൂടെ മെരുക്കപ്പെട്ടവർ എന്ന നിലയിലും ക്രിസ്ത്യാനികളെ കുറഞ്ഞ ഭീഷണിയായി മാത്രമേ ഹിന്ദുത്വം കാണുന്നുള്ളൂ. എന്നാൽ, മുസ്‌ലിംകളുടെ അവസ്ഥ വ്യത്യസ്ഥമാണ്. അവരുടെ ‘വ്യത്യാസം’ മതപരം എന്നതിനൊപ്പം ദേശത്തിന്റെ അപരർ എന്ന നിലയിലുമാണ്. ഇതനർഥം, മുസ്‌ലിംകൾ ഒഴിച്ചുള്ളവർക്കു പൗരത്വനിയമത്തിൽ ‍ഭരണകൂടത്തിൽ നിന്നും കിഴിവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്. മറ്റുള്ളവരുടെ പുറന്തള്ളൽ സാങ്കേതികമാണെങ്കിൽ, മുസ്‌ലിംകളുടേതു വംശീയവും രാഷ്ട്രീയവുമാണ്. ആസാമിൽ പൗരത്വ പട്ടികയിൽ നിന്നും ഒഴിവായ ഹിന്ദുക്കളെ പുനപ്രവേശിപ്പിക്കാൻ ഉപനിയമം കൊണ്ടു സാധ്യമായി. ഇതേസമയം മുസ്‌ലിംകളുടെ കാര്യത്തിൽ സംശയാസ്പദം എന്ന നില തുടരുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് മുസ്‌ലിംകളോട് ഈ വെറുപ്പ്? ഭൂരിപക്ഷാധികാരത്തെ ഉപയോഗിച്ചുകൊണ്ട് ‘സ്റ്റേറ്റ്’ എന്ന സംവിധാനത്തെ ഏറെക്കുറെ പൂർണമായും സംഘപരിവാർ വരുതിയിലാക്കിക്കഴിഞ്ഞു. ഇതിനൊപ്പം ദേശം എന്ന പരികൽപ്പനയിൽ അവർ വരുത്തിയ മാറ്റങ്ങളുടെ പ്രതിഫലവുമാണ് ഈ മുസ്‌ലിം വെറുപ്പ്.

സവർണ-അവർണ വേർതിരിവുകളെയും ജാതി-ലിംഗ വ്യവസ്ഥ ഉൾകൊള്ളുന്ന സാമൂഹിക മർദനങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് ഹിന്ദു
എന്ന പൊതുസംജ്ഞയെ ദേശത്തിന്റെ പര്യായപദമാക്കുകയാണല്ലോ സംഘപരിവാർ ചെയ്യുന്നത്. ഇതിനുവേണ്ടി മുസ്‌ലിം വിരുദ്ധതയെ ഒരു രാഷ്ട്രീയ സ്ഥാപനമായും വെറുപ്പ് ഉൽപ്പാദിപ്പിക്കാനുള്ള ആശയകേന്ദ്രമായും അവർ പരിവർത്തിപ്പിച്ചിട്ടുണ്ട്.

മുൻകാലത്ത്, മുഗളന്മാരുടെ അക്രമണകഥകളും മതപരിവർത്തന ഭീതിയുമാണ് മുസ്‌ലിംകളെ ഒറ്റതിരിക്കാൻ വരേണ്യരായ ഹിന്ദുക്കൾ ഉപയോഗപ്പെടുത്തിയിരുന്നത്. അതിൽ നിന്നും മാറി, ‘മാതൃഭൂമിയോടു’ കൂറില്ലാത്തവരും ദേശീയ അഖണ്ഡതക്കു ഭീഷണി ഉയർത്തുവരുമായി ചിത്രീകരിക്കുക വഴി ആഭ്യന്തര ശത്രുവിന്റെ സ്ഥാനമാണ് സംഘപരിവാർ മുസ്‌ലിംകൾക്കു കൽപ്പിച്ചിട്ടുള്ളത്. ഈ ആഭ്യന്തര ശത്രുവിനോടുള്ള വെറുപ്പ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. അതിനാലാണ് പൗരത്വഭേദഗതി നിയമവും തുടർനടപടികളും വിജയകരമായി നടപ്പിലാക്കാൻ ഹിന്ദുത്വ ഭരണകൂടത്തിനു സാധിച്ചാൽ, അതു പ്രാഥമികമായും മുസ്‌ലിംകളുടെ ഒറ്റതിരിക്കലിലേക്കും വംശീയമായ ഉന്മൂലനത്തിലേക്കു കടക്കുമെന്നു പലരും ആശങ്കപ്പെടുന്നതും മുന്നറിവുകൾ നൽകുന്നതും.

സംഘപരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയത്തിനും, അതിനെ പിന്തുണക്കുന്ന സവർണ മേധാവിത്വത്തിനും എതിരായി മുസ്‌ലിം കർതൃത്വത്തിൽ നടക്കുന്ന അതിജീവന പോരാട്ടം പുതിയൊരു സാഹോദര്യ പ്രാസ്ഥാനമായി വികസിച്ചിട്ടുണ്ട്. അതിനെ പിന്തുണക്കാൻ വിവിധ കീഴാള-ബഹുജനമുന്നണികളും സ്ത്രീകളും വിദ്യാർഥികളും യുവജനങ്ങളും സിവിൽ സമൂഹവും മുന്നോട്ടു വരുന്നതിനു കാരണവും മറ്റൊന്നല്ല. മുഖ്യധാര പാർട്ടികളുടെ പരിധികൾക്ക് അപ്പുറം കടന്നു ഫാഷിസത്തെ നേരിട്ട് അഭിമുഖീകരിക്കുന്നതും ഈ പോരാട്ടങ്ങൾ തന്നെയാണ്.

  • Eichmann in Jerusalem- A report on the banality of Evil- Hanna Arendt
Top