ഗാന്ധിജി പുതിയ ബദലോ?

സമകാലീന ഹിന്ദുത്വം വലിയൊരു ഫാഷിസ്റ്റ് ശക്തിയായി മാറുകയും വരേണ്യ ഹിന്ദുക്കളുടെ ഭരണമനോഭാവത്തെ നിയന്ത്രിക്കുന്നവര്‍ എന്ന സ്ഥിതിയിലേക്കു വളര്‍ന്നതും ഗാന്ധിയുടെ പ്രഭാവത്തെ തുടച്ചുനീക്കിയതു മൂലമല്ല. മറിച്ച് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സങ്കൽപ്പനങ്ങളിലും ജീവിതാവബോധത്തിലും മാമൂല്‍ വിശ്വാസങ്ങളിലുമുള്ള വിള്ളലുകളെ തങ്ങള്‍ക്ക് അനുകൂലമായി ഏറ്റെടുത്തതുകൊണ്ടും കൂടിയാണ്. കെ.കെ ബാബുരാജ് എഴുതുന്നു.

അയോധ്യയില്‍ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ ഡ്രസ് കോഡിലും ശരീരഭാഷയിലും വലിയ മാറ്റം വരുത്തിയിരുന്നു. സാധാരണയായി ഒരു യോദ്ധാവിനെപ്പോലുള്ള അധികാരഭാവവും വസ്ത്രങ്ങളും അണിഞ്ഞാണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം ലക്ഷണങ്ങളെ പരമാവധി ഒതുക്കിവെച്ചുകൊണ്ട്, അയഞ്ഞ കാവി വസ്ത്രങ്ങള്‍ ധരിച്ചും താടിയും മുടിയും നീട്ടിവളര്‍ത്തി, ഏറെക്കുറെ ഋഷിസമാനമായ ശരീരഭാഷ വരുത്തിയുമാണ് അദ്ദേഹം ആ ചടങ്ങില്‍ സംബന്ധിച്ചത്. സംഘപരിവാറുകാര്‍ക്കും തന്‍റെ ആരാധകര്‍ക്കും ഉപരിയായി വിശാലമായ ഹൈന്ദവ ബഹുജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായിട്ടായിരിക്കണം ഈ രൂപ ഭാവ-വ്യത്യാസം വരുത്തിയതെന്നു് അനുമാനിക്കാം.

ഇതേ വേദിയില്‍, ശ്രീരാമനെ അഭിസംബോധന ചെയ്യാന്‍ മോദി ഉപയോഗിച്ച പദം സീതാറാം എന്നാണ്. ഇതോടൊപ്പം, തന്‍റെ പ്രസംഗത്തില്‍ അദ്ദേഹം ഇൻഡ്യയിലെ ദരിദ്രരെയും അധഃസ്ഥിതരെയും സ്ത്രീകളെയും കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ആ ശരീരഭാഷയും വേഷവിധാനവും ഒഴിച്ചാല്‍, ഗാന്ധിയുടെ ‘രഘുപതി രാഘവ രാജാറം പതീത പാവന സീതാറം’ എന്ന പ്രാർഥനാ മന്ത്രത്തിന്‍റെയും ദരിദ്ര നാരായണന്മാരെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകളുടെയും വിദൂരമായ അനുകരണമാണ് നരേന്ദ്ര മോദി പുനരാവിഷ്ക്കരിച്ചതെന്നു പറയാം.

മോദി അയോധ്യയിൽ

ഇൻഡ്യയിലെ സംഘപരിവാര്‍ ശക്തികള്‍ ഗാന്ധിജിയുടെ ഘാതകര്‍ തന്നെയാണെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ അവരുടെ ബഹുജന നേതൃത്വങ്ങളും ബുദ്ധികേന്ദ്രങ്ങളും, തങ്ങളാണു ഗാന്ധിയുടെ യഥാര്‍ഥ പിന്മുറക്കാര്‍ എന്നവകാശപ്പെടാറുണ്ട്. ഒന്നാം എന്‍.ഡി.എ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, പാര്‍ലമെന്‍റിലും മറ്റു പൊതുവേദികളിലും ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്സിന്‍റെ തൊഴില്‍ സംഘടനയായ ബി.എം.എസ് പോലുള്ള പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ മോഡലിലുള്ള സ്വദേശിയും സ്വാശ്രിതത്വവുമാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പണ്ടുമുതലേ അവകാശപ്പെടുന്നത്.

അതേസമയം, ഗാന്ധിയുടെ മേലുള്ള സമ്പൂര്‍ണ നിരാസമാണ് സമകാലീന ഹിന്ദുത്വ ഫാഷിസത്തിലൂടെ സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്നാണ് ഇൻഡ്യയിലെ ലിബറല്‍ രാഷ്ട്രീയക്കാരും വരേണ്യ ബുദ്ധിജീവികളും പറയുന്നത്. അതായത്, ഇന്നു ദുര്‍ബലമായിപ്പോവുകയോ മാഞ്ഞും മറഞ്ഞും നില്‍ക്കുകയോ ചെയ്യുന്ന ഗാന്ധിയുടെ പ്രഭാവത്തെ പുനരാനയിച്ചു കൊണ്ടായിരിക്കണം ഇൻഡ്യയിലെ ഫാഷിസത്തിന് എതിരെയുള്ള സമരങ്ങള്‍ നടക്കേണ്ടതത്രേ. കഴിഞ്ഞ കാലയളവില്‍ ഗാന്ധിക്ക് ഉണ്ടായിരുന്ന ദേശീയവാദ-വരേണ്യ ഭാവമണ്ഡലം അപ്രസക്തമായെന്നും ഇപ്പോഴത്തെ ആസുരകാലത്ത് അദ്ദേഹം ഇൻഡ്യയിലെ കീഴാള ബഹുജനങ്ങളുടെ  പ്രതിനിധാനമായി മാറിയിരിക്കുകയാണെന്നും കേരളത്തിലെ ഇടതുപക്ഷ ചിന്തകര്‍ പോലും അവകാശപ്പെടുന്നുണ്ട്. ഇവരുടെ വാദപ്രകാരം, ഗാന്ധി തന്നെയാണ് യഥാര്‍ഥ ബദല്‍. മാര്‍ക്സും അംബേഡ്കറുമെല്ലാം പരിഗണിക്കപ്പെടേണ്ടവരാണെങ്കിലും ഗാന്ധിയുടെ സ്ഥാനം എല്ലാവര്‍ക്കും മീതേ, പിതൃസമാനമോ ജ്യേഷ്ഠസഹോദരനു തുല്യമോ ആണെന്ന് അവര്‍ വിചാരിക്കുന്നു.

തീര്‍ച്ചയായും, സംഘപരിവാര്‍ ഉള്‍ക്കൊള്ളുന്നത് പോലുള്ള തീവ്ര ദേശീയതയോ പാക്കിസ്ഥാന്‍ എന്ന പുറം ശത്രുവിനോടുള്ള വെറുപ്പോ ഗാന്ധിയുടെ രാഷ്ട്രീയ ചിന്തകളിലും ധാര്‍മിക ബോധ്യങ്ങളിലും ഇല്ലെന്നതു വസ്തുതയാണ്. ഇൻഡ്യയിലെ കീഴാള ബഹുജനങ്ങളോടും കര്‍ഷകരോടും അദ്ദേഹത്തിനുള്ള  ഉദാരതയ്ക്ക് ഒട്ടും കുറവില്ലെന്നതും യാഥാർഥ്യമാണ്.

എന്നാല്‍, ദേശീയ പ്രസ്ഥാനത്തിന്‍റെ വിപുലീകരണ ഘട്ടത്തിലും അധികാരക്കൈമാറ്റത്തിന്‍റെ അവസരത്തിലും ഗാന്ധി പുലര്‍ത്തിയ ചില കടുംപിടുത്തങ്ങള്‍, മാറ്റമില്ലാതെ പരിപോഷിച്ച മാമൂൽ ധാരണകള്‍, പില്‍ക്കാല ഹിന്ദുത്വത്തിനു കയറിവരാനുള്ള ഗോവണികളായി മാറിയെന്ന കാര്യത്തെ മറച്ചുപിടിക്കുന്നതു കേവലം ഒഴികഴിവാണ്. ഗാന്ധിയുടെ നിരാസത്തിലൂടെയാണ് ഇൻഡ്യന്‍ ഫാഷിസ്റ്റുകള്‍ അധികാര ശക്തിയായി മാറിയതെന്ന വാദവും യാഥാർഥ്യത്തിനു നിരക്കുന്നതല്ല. നേരേമറിച്ച്, ഇൻഡ്യയിലെ കീഴാള ജനതയുടെ സാമൂഹിക വിപ്ലവ ധാരകളെയും സാംസ്കാരിക-രാഷ്ട്രീയ ഈടുവെപ്പുകളെയും അട്ടിമറിച്ചും തിരോഭവിപ്പിച്ചും ന്യൂനപക്ഷ ജനതയുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അധികാര പങ്കാളിത്തത്തെയും കടന്നാക്രമിച്ചുകൊണ്ടുമാണു ഫാഷിസം വളര്‍ച്ച നേടിയതെന്നതാണു വസ്തുത.

കീഴാള രാഷ്ട്രീയത്തിന്‍റെ അട്ടിമറി

ഇൻഡ്യയിലെ ഹിന്ദുത്വ ശക്തികള്‍ക്ക് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണാധികാരം കയ്യാളാന്‍ പറ്റുന്നത്രയും വളര്‍ച്ച പെട്ടെന്നുണ്ടാവാന്‍ കാരണം, ആര്‍.എസ്.എസ്. നേതാവായ ലാല്‍ കൃഷ്ണ ആഡ്വാണി നയിച്ച രഥയാത്രയാണെന്ന് എല്ലാവര്‍ക്കും ഓര്‍മയുണ്ട്.

ആഡ്വാണി രഥയാത്ര നടത്തിയത്, വി.പി.സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതിലൂടെ, ഇൻഡ്യയിലെ സവര്‍ണ വിഭാഗങ്ങളില്‍ നിന്നു് ഉയര്‍ന്നു വന്ന കനത്ത എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ്. വിവിധ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ ഇരുമ്പു താഴിട്ടു പൂട്ടി സൂക്ഷിച്ചിരുന്ന മണ്ഡല്‍ ദുര്‍ഭൂതത്തെ പുറത്തുവിടുക മാത്രമല്ല വി.പി.സിങ്  സര്‍ക്കാര്‍ ചെയ്തത്. ആ ഭരണത്തിനു കീഴിലുള്ള സാമൂഹിക നീതി വകുപ്പ്, പതിനായിരക്കണക്കിനു സംവരണ ഒഴിവുകള്‍, സ്പെഷ്യല്‍ റിക്രൂട്ടുമെന്‍റ് വഴി നികത്തുകയും സംവരണം വിപുലീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയുള്ള ദേശീയമായ ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ‘ദരിദ്ര നാരായണരായ’ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുകയെന്ന ചരിത്ര പ്രധാനമായ നടപടിയും ആ സര്‍ക്കാര്‍ നടപ്പിലാക്കി. കൂടാതെ,  ഡോ.ബി.ആര്‍. അംബേഡ്കറുടെ കൃതികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇംഗ്ലീഷിലും കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ അംബേഡ്കർ ഫൌണ്ടേഷൻ, വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയും പ്രസിദ്ധീകരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ ‘കൊള്ളസംഘ’ങ്ങളെ പുനരധിവസിപ്പിച്ചുകൊണ്ടും സായുധ വിപ്ലവത്തില്‍ ഏര്‍പ്പെട്ടിരുന്ന ചില നക്സലൈറ്റ് ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിയും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനും ആ സര്‍ക്കാര്‍ ശ്രമമാരംഭിച്ചിരുന്നു.

ആഡ്വാണി രഥയാത്രയിൽ

ഇൻഡ്യയിലെ പരമ്പരാഗത ഭരണവര്‍ഗങ്ങളില്‍ നിന്നു പ്രതീക്ഷിക്കാത്ത വിധത്തിലുള്ള സാമൂഹിക നീതി നിര്‍വഹണമാണു വി.പി.സിങ് ഗവൺമെന്റും അക്കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്ന കോണ്‍ഗ്രസിതര സര്‍ക്കാരുകളും നടപ്പിലാക്കിയത്. ഇവ സാധ്യമായത്,  “ജാതി രാഷ്ട്രീയം” എന്നു വരേണ്യര്‍ അവമതിച്ച കീഴാള രാഷ്ട്രീയത്തിന്‍റെ പ്രതിഫലനങ്ങള്‍ മൂലമായിരുന്നു. ഇത്തരം കാര്യങ്ങള്‍ പരമ്പരാഗത ഭരണവിഭാഗങ്ങളായ സവര്‍ണരെ പ്രകോപിപ്പിക്കുകയും  അവരുടെ സംഘടിതമായ കടന്നാക്രമണങ്ങൾക്ക്    മുൻപില്‍ വി.പി.സിങ് ഗവണ്‍മെന്‍റ് നിലംപതിക്കുകയും ചെയ്തു. തുടര്‍ന്നു് വിവിധ സംസ്ഥാനങ്ങളിലെ കീഴാള ബഹുജന പിന്തുണയുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ ദുര്‍ബലവുമായി.

വി.പി.സിങ് സര്‍ക്കാരിനെ വീഴ്ത്തിയതിനുശേഷം നിലവില്‍വന്ന നരസിംഹ റാവുവിന്‍റെ കോണ്‍ഗ്രസ് ഭരണകൂടത്തിന്‍റെ നിഷ്ക്രിയത്വവും ഹിന്ദുത്വത്തോടുള്ള ചായ്‌വും  മുതലാക്കിയാണു് സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. അതിനവര്‍ തിരഞ്ഞെടുത്ത സമയം, ഡോ.ബി.ആര്‍. അംബേഡ്കറുടെ സ്മരണദിനമായ ഡിസംബര്‍ ആറ് ആയിരുന്നു എന്നതു യാദൃഛികമാകാന്‍ ഇടയില്ല. ഇൻഡ്യയിലെ ദലിത് ബഹുജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓര്‍മദിനത്തെ, ആധുനിക ചരിത്രത്തിലെ വലിയൊരു വഞ്ചനയുടെ, അതിക്രമത്തിന്‍റെ, ദുഃഖദിനമാക്കി ഫാഷിസ്റ്റുകള്‍ മാറ്റിയെന്നത് വിസ്മരിക്കാന്‍ പാടുള്ളതല്ല.

ഇതിനര്‍ഥം, വി.പി.സിങ് ഗവണ്‍മെന്‍റിലൂടെ പ്രതിനിധാനപ്പെട്ട സാമൂഹിക നീതി സങ്കല്പനങ്ങളെയും ഡോ.ബി.ആര്‍. അംബേഡ്കറുടെ സ്മരണദിനത്തെയും മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണങ്ങളെയും  കരുക്കളാക്കിക്കൊണ്ടാണ് ഹിന്ദുത്വം അതിന്‍റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതെന്നാണ്. അല്ലാതെ, ഗാന്ധിയന്‍ ചിഹ്നങ്ങളുടെ മേലുളള പ്രത്യക്ഷ ആക്രമണമോ തിരോഭവിക്കലോ ആണ് അവര്‍ നടത്തിയതെന്നു പറയുന്നതില്‍ വലിയ ശരിയില്ലായ്മയുണ്ട്.

രാമന്‍, പശു, പാക്കിസ്ഥാന്‍

സമകാലീന ഹിന്ദുത്വത്തിന്‍റെ അധികാര പ്രാപ്തിക്ക് വി.പി.സിങ് സര്‍ക്കാരിന്‍റെ പതനവും കീഴാള രാഷ്ട്രീയത്തിന്‍റെ ശിഥിലീകരണവും സംവരണ-മണ്ഡല്‍വിരുദ്ധ സമരങ്ങളും ബാബരി മസ്ജിദിന്‍റെ തകര്‍ക്കലും പശ്ചാത്തലമായി മാറിയെന്ന് മുൻപേ സൂചിപ്പിച്ചു. ഇതിനൊപ്പം, മൂന്നു പ്രധാനപ്പെട്ട ചിഹ്നങ്ങളെ, അല്ലെങ്കില്‍ പ്രതിനിധാനങ്ങളെ പുനര്‍വിന്യസിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളും അക്രമ രാഷ്ട്രീയവുമാണ് അവരുടെ ബഹുജന അടിത്തറയെ വിപുലീകരിച്ചതെന്നു കാണാം: രാമന്‍, പശു, പാക്കിസ്ഥാന്‍ എന്നിവയാണവ.

ഇതില്‍ ആദ്യത്തെ പ്രതിനിധാനമായ രാമന്‍ ഇൻഡ്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ദൈവമോ വ്യക്തിയോ ആയിരുന്നില്ല. രാമനെക്കാളും കൂടുതല്‍ ഹിന്ദുക്കള്‍ ആരാധിച്ചിരുന്നതു കൃഷ്ണനെയും ശിവനെയും ഭഗവതിയെയും മുരുകനെയും ഗണപതിയെയും ഒക്കെയാണ്. നീതിനിഷ്ഠരും അതീവ പ്രതാപശാലികളുമായ അസുര ചക്രവര്‍ത്തിയായ മഹാബലിയുമായോ രാക്ഷസ ചക്രവര്‍ത്തിയായ രാവണനുമായോ ബാലിയുമായോ തുലനം ചെയ്യാവുന്ന പ്രാമുഖ്യം ചെറിയൊരു രാജ്യം ഭരിച്ചിരുന്ന രാമന് ഉണ്ടായിരുന്നില്ല. കൃഷ്ണനെപ്പോലെ വലിയൊരു രാഷ്ട്രതന്ത്രജ്ഞന്‍ എന്ന പദവിയോ ഭഗവദ് ഗീത പോലുളള ഏതെങ്കിലും ദാര്‍ശനിക ഗ്രന്ഥമോ രാമന്‍റെ പേരിലില്ല.

എന്നാല്‍, ഭൂമിയിലെ ഏറ്റവും ഉത്തമനായ മനുഷ്യനായി രാമനെ, ബ്രാഹ്മണ മുനിയായ നാരദന്‍ കണ്ടെത്തുന്നത് വൈഷ്ണ കാലഗണനയ്ക്ക് അനുസരിച്ചു ഭരണ നിര്‍വഹണം നടത്തിയ രാജാവ് എന്ന നിലയിലാണ്. അദ്ദേഹം ചെയ്ത പ്രധാന കാര്യങ്ങൾ, ശാംബൂകനെയും ബാലിയെയും വധിച്ചതും രാക്ഷസ വംശത്തിന്‍റെ പ്രതാപത്തെ നശിപ്പിച്ചതും ശൂര്‍പ്പണഖയെ അംഗവിച്ഛേദം നടത്തിയതും പതിവ്രതയല്ലെന്ന സംശയത്തിന്‍റെ പേരില്‍ സീതയെ ഉപേക്ഷിച്ചതുമൊക്കെയാണ്.

അതായത്, ബ്രാഹ്മണര്‍ക്കു ഭീഷണിയാകുമെന്നോ അവരുടെ കുലനാശത്തിനു കാരണമാകുമെന്നോ കരുതപ്പെട്ടിരുന്ന നിരവധി സാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്തതിന്‍റെ പേരിലാണ് രാമന് അവതാര പുരുഷസ്ഥാനവും മര്യാദാപുരുഷോത്തമനെന്ന പദവിയും കൽപ്പിക്കപ്പെട്ടത്. ഇപ്രകാരം, പുരാണങ്ങളില്‍ മറഞ്ഞു കിടന്നിരുന്ന രാമനെ പുതിയൊരു രണനായകനാക്കി പുനര്‍നിര്‍മിച്ചുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ അവരുടെ  ജൈത്രയാത്രകള്‍ നടത്തിയത്.

അതേ സമയം, ഗാന്ധിജി വിഭാവന ചെയ്ത രാഷ്ട്രീയ ‘ഉട്ടോപ്യ’യെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് ‘രാമരാജ്യം’ എന്നാണ്. സംഘപരിവാര്‍ പുരാണങ്ങളില്‍ നിന്നു വീണ്ടെടുത്ത രണനായകനായ രാമനും ഗാന്ധിയുടെ നിഷ്കാമ കര്‍മിയും പ്രജാക്ഷേമ തല്‍പ്പരനുമായ  രാമനും തമ്മില്‍ വ്യത്യാസമുണ്ടെന്നതില്‍ സംശയം വേണ്ട. എന്നാല്‍, ഒരു പുരാണ കഥാപാത്രത്തെ, ചില ഉപരിജാതി ഹിന്ദുക്കള്‍ മാത്രം ദൈവമായി ആരാധിക്കുന്ന പ്രതീകത്തെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ സിദ്ധാന്തമോ ഉടോപ്യയോ രൂപവത്കരിക്കുന്നതിലെ അയുക്തികത പ്രശ്നകരം തന്നെയാണ്.

ഇതിന്‍റെ ഫലമായി രാമന്‍ പ്രതിനിധാനം ചെയ്യുന്ന വംശീയ മേധാവിത്വത്തെ അദൃശ്യമാക്കാന്‍ മാത്രമല്ല, മതേതരമായ പൊതുചിഹ്നമായി രാമനെ  മാറ്റാനും ഗാന്ധിയന്‍ പരികല്പനകളുടെ ഈ ദൗര്‍ബല്യം സഹായകരമായി മാറിയെന്നു പറയാതെ വയ്യ.

സമാനമായ വിധത്തിലുള്ള അയുക്തികത ഗാന്ധിയുടെ ദേശസങ്കല്പത്തിലുമുണ്ട്. “ദേശമെന്ന പരികൽപ്പനയെ വംശം, വര്‍ണം, വര്‍ഗം മുതലായ പ്രശ്നസങ്കീര്‍ണതകളില്‍ നിന്നു തന്ത്രപൂര്‍വം വ്യതിചലിപ്പിച്ചുകൊണ്ട് പെണ്‍മയായി ലിംഗവല്‍ക്കരിക്കുകയാണു ഗാന്ധിയന്‍ രീതിശാസ്ത്രമെന്നു പറയാം. അമ്മ, പെങ്ങള്‍ മുതലായ പെണ്‍ഭാവങ്ങളില്‍ വെളിപ്പെടുന്ന ദേശം, അന്തിമമായി സീത, ദ്രൗപതി മുതലായ ഇതിഹാസ നായികമാരോടു സാത്മീകരിക്കപ്പെടുന്നു. ദേശത്തിന്‍റെ വര്‍ത്തമാനമെന്നത് ഈ കഥാപാത്രങ്ങളുടെ സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും രൂപകങ്ങളായിട്ടാണു  ചിത്രീകരിക്കപ്പെടുന്നത്.” ഇത്തരം നിര്‍മിതികള്‍ അത്യന്തം പ്രതിലോമകരമാണെന്നു പറയേണ്ടതില്ലല്ലോ?

ഗാന്ധിയുടെ ‘സീതാറാം’ എന്ന പ്രയോഗമുളള പ്രാര്‍ഥനാ ഗാനത്തിലെ സീത, രാമനാലും രാജാധികാരത്താലും പൊതുജനാഭിപ്രായത്താലും തിരസ്കരിക്കപ്പെട്ട് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇത്തരം തകര്‍ച്ചകളെ മറച്ചുവെച്ചുകൊണ്ടാണ് ഗാന്ധിയന്‍ പരികല്പനകളിലെ ഇതിഹാസ നായികമാര്‍ ദേശത്തിന്‍റെ വര്‍ത്തമാനകാല സ്വരൂപങ്ങളാവുന്നത്. അവ തന്നെയാണു നരേന്ദ്രമോദി അനുകരിക്കുന്നതെന്നതും യാദൃഛികമല്ല.

സംഘപരിവാര്‍ ശക്തികളും ഇൻഡ്യയിലെ സവര്‍ണ ജാതികളും തങ്ങളുടെ ശക്തീകരണത്തിന് ഉപയോഗിക്കുന്ന മറ്റൊരു ചിഹ്നമാണ് പശു. നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയോടെ, പശുവിന്‍റെ പേരില്‍ ദലിതരെയും മുസ്‌ലിംകളെയും അടിച്ചുകൊല്ലുന്നതും അവരുടെ സ്ഥാപനങ്ങളും സ്വത്തുവകകളും നശിപ്പിക്കുന്നതും നിത്യ സംഭവമാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍പ്പോലും പശുവിന്‍റെ മൂത്രത്തിനും ചാണകത്തിനുമുള്ള ദിവ്യമായ ഔഷധഗുണത്തെപ്പറ്റി കേന്ദ്രമന്ത്രിമാരും വന്‍കിട ബ്യൂറോക്രാറ്റുകളും ബോളിവുഡ് സെലിബ്രിറ്റികളുമെല്ലാം പ്രഭാഷണങ്ങള്‍ നടത്തുന്നതു പതിവായിരുന്നു. മുന്‍കാലത്തും ഇപ്പോഴും ഇന്ത്യയിലെ ഉപരിജാതി ഹിന്ദുക്കള്‍ പശുവിനു കൊടുക്കുന്ന ഈ പ്രാധാന്യം കേവലം അന്ധവിശ്വാസം മൂലമാണോ?

ഋഗ്വേദം മുതല്‍ മഹാഭാരതം, രാമായണം വരെയുള്ള ഇതിഹാസങ്ങളിലും വിവിധ  ശാസ്ത്രങ്ങളിലും പശുവിന്‍റെ  വിശുദ്ധ പദവിയും ബ്രാഹ്മണരുടെ ദൈവിക പദവിയും അടിവരയിട്ട്  ഉറപ്പിച്ചിട്ടുണ്ട്. കൊളോണിയല്‍ ഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെടുന്നതു വരെ, കേരളമടക്കമുളള നാടുകളില്‍ ഗോഹത്യയും ബ്രാഹ്മണഹത്യയും രാജാവിനെ കൊല്ലുന്നതിലും വലിയ കുറ്റമായിരുന്നു.

ഇൻഡ്യ റിപ്പബ്ലിക് ആയതിനുശേഷവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 പ്രകാരമുള്ള നിര്‍ദേശക തത്ത്വങ്ങളുടെ  അടിസ്ഥാനത്തില്‍ ഗോസംരക്ഷണം ഭരണകൂടത്തിന്‍റെ  കടമയായിട്ടാണു നിര്‍ണയിച്ചിട്ടുള്ളത്. പ്രാചീനകാലം മുതലേ ഹിന്ദുക്കളുടെ മതവിശ്വാസത്തിന്‍റെ ഭാഗമായി തുടരുന്ന സംരക്ഷണ പദവിയും അതനുസരിച്ചുള്ള ഭയഭക്തി ബഹുമാനങ്ങളുമാണ് പശുവിനോടുള്ളതെന്നു കരുതുന്നതു ലളിത യുക്തിയാണ്. മറിച്ച് പശുവിന്‍റെ ദിവ്യസ്ഥാനമെന്നത് വംശീയമായ അധികാര കോയ്മയുടെ ഭാഗമായും അതനുസരിച്ചുള്ള രാഷ്ട്രീയ ഉപകരണമായും നിലനിറുത്തപ്പെടുകയാണെന്നതാണു വസ്തുത. ഇതാകട്ടെ, പഴയ കാലത്ത് വൈദിക ബ്രാഹ്മണ്യത്തിന്‍റെ സനാതനമായ നിലനില്പിനു വേണ്ടിയായിരുന്നെങ്കില്‍ ഇന്നത്, ഭരണകൂട സ്വാധീനമുള്ള മേല്‍ജാതി വംശീയതയുടെ പരമാധികാരത്തിന്‍റെ ഭാഗമാണ്.

വേദകാലത്തും പിന്നീടും ഇൻഡ്യയിലെ ബ്രാഹ്മണര്‍ അടക്കമുള്ളവര്‍ ഗോമാംസം കഴിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്തു രൂപപ്പെട്ട ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്താനും കീഴാളര്‍ക്കിടയില്‍ സ്വാധീനമുള്ള ബുദ്ധമതത്തെ ഉച്ചാടനം ചെയ്യാനും ജാതീയമായ ശുദ്ധിസങ്കല്പങ്ങളെ നിര്‍മിക്കാനുമാണു പശുവിന്‍റെ മാംസത്തെ അവര്‍ ഭക്ഷണത്തില്‍ നിന്നു് ഒഴിവാക്കുകയും ആ മൃഗത്തിനു ദിവ്യപരിവേഷം കൊടുത്തതെന്നും ഡോ.ബി.ആര്‍. അംബേഡ്കറും ഡി.എന്‍. ഝായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനര്‍ത്ഥം, പശു ഇറച്ചി കഴിക്കുന്നവരും ബ്രാഹ്മണരെക്കൊണ്ടു പൂജ ചെയ്യിപ്പിക്കാത്തവരുമായ കീഴാളരെ, ജാതിനിയമങ്ങളുടെ പുറമ്പോക്കിലേക്കു തള്ളിമാറ്റുക എന്ന ഉപരിജാതി പ്രതിവിപ്ലവത്തിന്‍റെ ഫലമായിട്ടാണ് പശുവിനു ദിവ്യസ്ഥാനം കിട്ടിയതെന്നതാണ്. അതേ പ്രതിവിപ്ലവത്തിന്‍റെ തുടര്‍ച്ചയാണു സംഘപരിവാര്‍ നടപ്പിലാക്കുന്നത്.

മേല്‍പ്പറഞ്ഞ ചരിത്രവസ്തുതകളെ ഇരുട്ടില്‍ നിറുത്തുക എന്നതു  തന്നെയാണ് ഗാന്ധിയുടെ  പശുമാഹാത്മ്യ വര്‍ണനകളുടെയും ഫലം.  അദ്ദേഹത്തെ സംബന്ധിച്ച് പശു എന്ന സാധു മൃഗം; ക്ഷമയുടെ, സഹനത്തിന്‍റെ പര്യായ പദം. അത് ഒരുമയെ, അഥവാ യോജിപ്പിനെയും  നിഷ്ക്കാമ കര്‍മത്തെയും പ്രതിനിധാനം ചെയ്യുന്നു. സൂക്ഷ്മമായി നോക്കിയാല്‍, പശുവിന്‍റെ ദിവ്യസ്ഥാനം ഒരുമയുടേതല്ല, ഹിംസയുടെയും വിഭജനത്തിന്‍റേതുമാണെന്ന് ആര്‍ക്കും മനസ്സിലാകും. വൈഷ്ണവമായ ആചാരപരതകളില്‍ നിന്നുമാണ് പശു ആരാധന ഉടലെടുത്തതു തന്നെ. അതേ സമയം ഇൻഡ്യയിലെ കീഴാള ബഹുജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും മൃഗമുണ്ടെങ്കില്‍ അത് എരുമയാണെന്നു കാഞ്ച ഐലയ്യ എഴുതിയിട്ടുണ്ട്.

രാമനെയും പശുവിനെയും ബ്രാഹ്മണ സാഹിത്യത്തില്‍നിന്നു വീണ്ടെടുത്തുകൊണ്ടു പുനര്‍വിന്യസിക്കുകയാണെങ്കില്‍, പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ ദേശത്തിന് എതിരായി നിര്‍മിക്കുകയാണു ഹിന്ദുത്വവാദികള്‍ ചെയ്തത്. ഇൻഡ്യയിലെ ജനങ്ങള്‍, ജാതിവ്യവസ്ഥിതി മൂലം, പലതട്ടുകളായി വിഭജിതരായതിനാല്‍ സംഘപരിവാര്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദു എന്ന പൊതുസംജ്ഞ രൂപപ്പെടണമെങ്കില്‍, മുസ്‌ലിം അപരര്‍ അനിവാര്യമാണ്. മുകില കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍പ്പെട്ടുവെന്നും സവര്‍ണസ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്നും രാജാക്കന്മാരുടെ സ്വത്തുക്കള്‍ കൊള്ളയടിച്ചുവെന്നും മറ്റുമുള്ള അതിവൈകാരികത നിറഞ്ഞ കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തിന്‍റെ പ്രാരംഭ ദിശയില്‍ത്തന്നെ വരേണ്യ ഹിന്ദുക്കള്‍ മുസ്ലീങ്ങളോടുള്ള അപര വെറുപ്പ് ജനസാമാന്യങ്ങള്‍ക്കിടയില്‍ പടര്‍ത്താന്‍ തുടങ്ങിയിരുന്നു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ പരിസമാപ്തി, പാക്കിസ്ഥാന്‍ രൂപവത്കരണത്തിലേക്കു നയിച്ചതിലൂടെ, ദേശത്തിന്‍റെ അഖണ്ഡതയ്ക്കു വിള്ളലേല്പിച്ച, ആര്യാവര്‍ത്തമെന്ന പിതൃഭൂമിയെ വെട്ടിമുറിച്ച ആഭ്യന്തര ശത്രുക്കളായി മുസ്‌ലിംകളെ കാണാന്‍ തുടങ്ങി. അവരുടെ ദേശക്കൂറു പരിശോധിക്കുന്നത് രാഷ്ട്രത്തിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്നമാണെന്ന മട്ടിലുള്ള കരുതലുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനുവേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണു പാക്കിസ്ഥാന്‍ വിരോധം.

വര്‍ത്തമാനകാലത്ത് എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ശകാര പദമാണ് ‘പാക്കിസ്ഥാനിലേക്കു പോ’ എന്നത്. മോദി ഭരണകൂടത്തെയോ ഹിന്ദുത്വ ഇൻഡ്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക മര്‍ദനങ്ങളെപ്പറ്റിയോ വിമര്‍ശനമുന്നയിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരോട് ‘നിങ്ങള്‍ മിണ്ടരുത്, ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ശത്രുക്കളായി കാണും’ എന്നാണ് ഈ ശകാരപദത്തിന്‍റെ അര്‍ഥം. മുസ്‌ലിംകളോടുള്ള അപരവെറുപ്പിന്‍റെ  ദേശാന്തരീയരായ പകര്‍ച്ചയും ഇതിനുണ്ട്.

വി.പി സിങ്

ഈ ശകാര പദത്തിന്‍റെ ഉത്ഭവം എങ്ങനെയാണെന്നു വ്യക്തമല്ലെങ്കിലും ഗാന്ധിയന്‍ പരികൽപ്പനകളിലും പാക്കിസ്ഥാന് അപരസ്ഥാനമാണുള്ളതെന്നു തോന്നുന്നു. എം.ടി.അന്‍സാരി എഴുതുന്നു: “ഗാന്ധിയുടെ സങ്കൽപ്പത്തിലെ അപരരെപ്പറ്റി നാം സംസാരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അത് സങ്കീര്‍ണമായ ഒന്നാണ്. ഗാന്ധിയോട് ഒരാള്‍ ഇങ്ങനെ ചോദിച്ചു. ‘നിങ്ങളുടെ മകള്‍ ഒരു മുസ്‌ലിമിനെ കല്യാണം കഴിച്ചാല്‍ നിങ്ങളെന്തു ചെയ്യും?’ ഗാന്ധിയുടെ ഉത്തരം, മറ്റേതൊരു അച്ഛനെയും പോലെ, ‘അവള്‍ ഒരു മുസ്‌ലിനെ കല്യാണം കഴിച്ചാല്‍ പിന്നെ അവള്‍ക്ക് എന്‍റെ വീട്ടില്‍ യാതൊരു സ്ഥാനവുമില്ല.’ ‘അവള്‍ അപ്പോള്‍ എവിടെ താമസിക്കും?’ ‘അവള്‍ക്കു പാക്കിസ്ഥാനിലേക്കു പോകാം.’ ഇതാണ് ഗാന്ധിയുടെ അപരര്‍.

ചുരുക്കിപ്പറഞ്ഞാല്‍, സമകാലീന ഹിന്ദുത്വം വലിയൊരു ഫാഷിസ്റ്റ് ശക്തിയായി മാറുകയും വരേണ്യ ഹിന്ദുക്കളുടെ ഭരണമനോഭാവത്തെ നിയന്ത്രിക്കുന്നവര്‍ എന്ന സ്ഥിതിയിലേക്കു വളര്‍ന്നതും ഗാന്ധിയുടെ പ്രഭാവത്തെ തുടച്ചുനീക്കിയതു മൂലമല്ല. മറിച്ച് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സങ്കൽപ്പനങ്ങളിലും ജീവിതാവബോധത്തിലും മാമൂല്‍ വിശ്വാസങ്ങളിലുമുള്ള വിള്ളലുകളെ തങ്ങള്‍ക്ക് അനുകൂലമായി അവര്‍ ഏറ്റെടുത്തതുകൊണ്ടും  കൂടിയാണെന്നു കാണാവുന്നതാണ്.

ഗാന്ധിയെന്ന ബദല്‍

സ്വാതന്ത്ര്യാനന്തര ഇൻഡ്യയിലെ ഭരണവര്‍ഗം അതിന്‍റെ മൗലിക കടമകള്‍ മറന്നുപോയെന്നും അഴിമതിയിലും സ്വജനപക്ഷപാതത്വത്തിലും ഉപഭോഗാസക്തിയിലും ആഴ്ന്നുമുങ്ങിയെന്നും ഉല്‍ക്കണ്ഠപ്പെടുന്ന സാഹിത്യ രൂപകങ്ങളും വൈജ്ഞാനിക പ്രമേയങ്ങളും ജനപ്രിയ സിനിമകളും എല്ലാവര്‍ക്കും പരിചിതമാണ്.  1960-കളില്‍ സവര്‍ണരായ വ്യക്തിവാദികളില്‍ നിന്നുമാണ് ഇത്തരം ആശങ്കകള്‍ കൂടുതലും രൂപപ്പെട്ടത്.

നിലനില്‍ക്കുന്ന ഭരണവര്‍ഗത്തിന്‍റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്‍റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമ സമൂഹത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ ‘ജാതി-മത-വര്‍ഗീയ’ ശക്തികളുടെ അപരസാന്നിധ്യം എന്നിവ ദേശത്തെ ജീവശാസ്ത്രപരമായി ദ്രവിപ്പിക്കുന്നതായി പലരും മുറവിളി ഉയര്‍ത്താന്‍ തുടങ്ങി.

ഇത്തരം മുറവിളികളുടെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ ഒരു ബദലായോ സിദ്ധൗഷധമായോ പുനരാനയിക്കേണ്ടതുണ്ട് എന്ന വിധത്തിലുള്ള സങ്കൽപങ്ങള്‍ ഉടലെടുത്തത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആധുനിക ഉപഭോഗവല്‍കൃത സമൂഹത്തെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള  ബദലുകളെപറ്റിയുള്ള സവര്‍ണ ഉദാരവാദ അന്വേഷണങ്ങളില്‍ നിന്നുമാണ് ഗാന്ധിസത്തിനു പുത്തന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായത്. പൊതുസമ്മതിയുടെ സുരക്ഷിതത്വം ഏറ്റവും കൂടുതലുള്ളത് എന്ന നിലയിലാണ് മേല്‍പ്പറഞ്ഞ ഉദാരവാദികള്‍ ഗാന്ധിയെ പുനരാനയിക്കുന്നതെന്നു തോന്നുന്നു.

ഹിന്ദുത്വത്തിന് എതിരെ സമകാലീനമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളായ രോഹിത് വെമുലയുടെ ആത്മബലി, ശേഷമുണ്ടായ ദേശീയ പ്രക്ഷോഭം, ഊന പ്രതിരോധം, മഹാരാഷ്ട്രയിലെ കര്‍ഷ മാര്‍ച്ച്, തൊഴില്‍ നിയമങ്ങള്‍ക്ക് എതിരെയുണ്ടായ ദേശീയ ബന്ദുകള്‍, പൗരത്വഭേദഗതി നിയമത്തിന് എതിരായുള്ള മുസ്‌ലിം ന്യൂനപക്ഷ ജനതയുടെ ചെറുത്തുനില്പുകള്‍, ആദിവാസി അവകാശ സമരങ്ങള്‍ എന്നിവയിലെല്ലാം ഗാന്ധിയെക്കാളധികം പുനര്‍വിന്യസിക്കപ്പെട്ടത് ഡോ. അംബേഡ്കറിന്‍റെ ചിന്തകളും വിവിധ സോഷ്യലിസ്റ്റ് ധാരകളില്‍ നിന്നും പിന്നാക്ക രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടായ ഉണര്‍ച്ചകളുമാണെന്നു വ്യക്തമാണ്.

ദലിതരെ സംബന്ധിച്ചിടത്തോളം, കമ്യൂണൽ അവാർഡിനെ അട്ടിമറിച്ച ഗാന്ധിയുടെ പ്രതിരോധം ഇന്നും ആഴമേറിയ മുറിവായി നിലനില്‍ക്കുന്നു. നവയാനയുടെ എഡിറ്ററായ എസ്. ആനന്ദ് എഴുതിയ ലേഖനത്തില്‍ കമ്യൂണൽ അവാർഡിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ദലിതര്‍ക്ക് ഇരട്ട അംഗത്വം എന്നതിനുപരിയായി, ഇന്ത്യയിലെ പൊതുബോധമായ ഹൈന്ദവ ഭൂരിപക്ഷാഭിപ്രായത്തെ രാഷ്ട്രീയ ഭൂരിപക്ഷമാകാതെ നിലനിര്‍ത്താന്‍ കഴിയുന്ന പദ്ധതിയായിരുന്നു  കമ്യൂണൽ അവാർഡ്. ഈ പദ്ധതിയെ തടസ്സപ്പെടുത്തിയ ഗാന്ധിയുടെ ഹൈന്ദവ മാമൂല്‍ചിന്ത പില്‍ക്കാലത്ത് എത്രമാത്രം പ്രതിലോമകരമായി മാറിയെന്ന് ഭൂരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ബാബരി മസ്ജിദ് വിധി സാക്ഷ്യപ്പെടുത്തുന്നു. സംഘപരിവാര്‍ അവരുടെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതും ഇതേ  ഹൈന്ദവ രാഷ്ട്രീയ ഭൂരിപക്ഷത്തെ മുന്‍നിര്‍ത്തി തന്നെയാണല്ലോ.

ഇത്തരം വിമര്‍ശന സൂചനകള്‍ ഉന്നയിക്കുമ്പോള്‍ത്തന്നെ ഗാന്ധിയുടെ പ്രാധാന്യത്തെയും വ്യക്തിത്വത്തെയും ഇടിച്ചുതാഴ്ത്തിക്കൊണ്ടുള്ള എതിര്‍വാദങ്ങളോട് ഒട്ടും യോജിപ്പില്ല. ഇൻഡ്യയിലെ ഏറ്റവും സമുന്നതരായ ദാര്‍ശനികരില്‍ ഒരാള്‍, ബഹുജന നേതാക്കളില്‍ ഒരാള്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രാതിനിധ്യത്തെ ഒട്ടും കുറച്ചു കാണുന്നുമില്ല.

  • മറ്റൊരു ജീവിതം സാധ്യമാണ്- കെ.കെ. ബാബുരാജ് (അദര്‍ ബുക്സ്, കോഴിക്കോട്, 2019)
  • ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍
      (എഡിറ്റര്‍- ഡോ.വി.ഹിക്മത്തുള്ള- ഐ.പി.എച്ച്, കോഴിക്കോട്, 2018)
  • Indian Secularism- A Socila and Intellectual History
      1890-1950 (Shabnam Tejani -Permanent Black 2007)
Top