എതിര്: ഭയത്തിനും പ്രകോപനങ്ങൾക്കുമിടയിലെ സംവാദം

വിപുലമായ അര്‍ഥത്തിൽ പ്രചോദനമായോ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനോ സഹായിക്കുന്ന മാതൃകാ ജീവിതങ്ങളാണ് ആത്മകഥാഖ്യാനങ്ങളായി മാറുന്നതെങ്കില്‍ സമീപകാലത്ത് പരാജിതരുടേയും ഒഴിവാക്കപ്പെടുന്നവരുടെയും ജീവിതങ്ങള്‍ക്കും സമൂഹത്തോട് സംവദിക്കാൻ പലതുമുണ്ടെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ എം.കുഞ്ഞാമന്റെ ഓര്‍മക്കുറിപ്പുകൾ മലയാളിയോട് സംവദിക്കുന്നതിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. ഡോ. ഒ.കെ.സന്തോഷ്‌ എഴുതുന്നു.

ഒരാൾ തന്റെ ഭൂതകാലത്തിലേക്ക് വസ്തുതാപരമായും യുക്തിപരമായും നടത്തുന്ന യാത്രകളുടെ രേഖീയമായ ആഖ്യാനമാണ് വ്യവസ്ഥാപിതമായ അര്‍ഥത്തിൽ ആത്മകഥ. അനുഭവങ്ങളാണ് അതിന്റെ അസംസ്കൃത വസ്തു. സംസ്ക്കരിച്ചെടുത്ത ഓര്‍മകളാണ് അവയിൽ വിന്യസിക്കപ്പെടുന്നത്. പൊതുവേ വിജയത്തിന്റെയും അഹംബോധത്തിന്റെയും അസാധാരണമായ സ്വാധീനം ആത്മകഥകളില്‍ പ്രകടമാണെന്ന വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ജീവിതമെഴുത്ത് വിപുലവും സ്വീകാര്യവുമായ സാഹിത്യരൂപമായെന്നു മാത്രമല്ല പുസ്തക വിപണിയുടെ ഏറിയ ഭാഗവും അവ കൈയടക്കാനും തുടങ്ങി.

വിപുലമായ അര്‍ഥത്തിൽ പ്രചോദനമായോ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനോ സഹായിക്കുന്ന മാതൃകാ ജീവിതങ്ങളാണ് ആത്മകഥാഖ്യാനങ്ങളായി മാറുന്നതെങ്കില്‍ സമീപകാലത്ത് പരാജിതരുടേയും ഒഴിവാക്കപ്പെടുന്നവരുടെയും ജീവിതങ്ങള്‍ക്കും സമൂഹത്തോട് സംവദിക്കാൻ പലതുമുണ്ടെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അത് നമ്മുടെ ജീവിതബോധ്യങ്ങളിൽ പുതുക്കലും സംഘര്‍ഷങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യത്തിലും തര്‍ക്കമില്ല.

അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ എം.കുഞ്ഞാമന്റെ ഓര്‍മക്കുറിപ്പുകൾ മലയാളിയോട് സംവദിക്കുന്നതിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. ദീര്‍ഘമായ സംവാദങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഉരുത്തിരിഞ്ഞ ചിന്തകളെയും അഭിപ്രായങ്ങളെയും ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളോട് ചേര്‍ത്ത് ഘടനാപരമായി ആത്മകഥയോട് അകലം പാലിക്കുന്ന പുസ്തകമാണിത്. അഭിമുഖ സംഭാഷണങ്ങളിലൂടെ മാത്രം ബൗദ്ധികജീവിതത്തെ എഴുതുന്നതിന്റെ മികച്ച മാതൃകയാണ് റമൈൻ ജഹാൻ ബെഗ്ലൂ, നീലാദ്രി ഭട്ടാചാര്യ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ വിഖ്യാത ചരിത്രകാരി റോമില ഥാപ്പറിന്റെ ജീവിതം (കഥ) ടോക്കിങ് ഹിസ്റ്ററി (2017). ഇതിലെല്ലാം പ്രകടമാകുന്ന യാഥാര്‍ഥ്യമാകട്ടെ നിശ്ചിതമായ ചട്ടക്കൂടുകൾ വരുംകാലത്ത് ഒരു സാഹിത്യ വിഭാഗത്തിനും യോജിക്കില്ലെന്ന പാഠമാണ്. മലയാളത്തിലെ മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിലൂടെ പല സന്ദര്‍ഭങ്ങളിൽ പുറത്തുവന്ന അഭിമുഖസംഭാഷണങ്ങളെ മാറ്റിയെഴുതിയതാണ് എം.കുഞ്ഞാമന്റെ ധൈഷണിക നിലപാടുകള്‍ രേഖപ്പെടുത്തുന്ന എതിര് എന്ന ഓര്‍മ്മക്കുറിപ്പുകളുടെ വിപുലമായ ഭാഗമെന്നു പറയാം. ആദ്യ ഭാഗത്തുള്ള ബാല്യ-കൗമാര അനുഭവങ്ങള്‍ അവയിലേക്ക് എത്തുവാനുള്ള പ്രവേശകം മാത്രമാണ്. പുസ്തകം രൂപപ്പെട്ട സാഹചര്യവും അതിന്റെയുള്ളിലെ പ്രവര്‍ത്തന രീതികളും എഡിറ്ററായ കെ.കണ്ണന്‍ ഒടുവിൽ വിശദീകരിക്കുന്നുമുണ്ട്.

ഒരു വ്യക്തിയുടെ ചിന്താലോകത്തെയും സാമൂഹിക  നിലപാടുകളെയും അനുഭവങ്ങള്‍ സ്വാധീക്കുമെന്ന കാര്യം തര്‍ക്കമില്ലാത്ത വസ്തുതയാണ്. പ്രത്യേകിച്ച് ലോകത്തെ നോക്കിക്കാണാന്‍ തുടങ്ങുന്ന പ്രായവും കാലവും തിരുത്തുകളില്ലാത്ത വിധത്തിൽ ഒരാളെ പിന്തുടരും. കൂടാതെ അത്തരം വൈകാരിക മണ്ഡലങ്ങളെ അകറ്റിനിര്‍ത്തിയും പൊതുചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക അസാധ്യമാണ്. ഇൻഡ്യയിലെ അക്കാദമികളില്‍ കീഴാള-ന്യൂനപക്ഷ-സ്ത്രീ സംവാദങ്ങള്‍ വികസിക്കുവാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നു സവിശേഷമായ അനുഭവലോകങ്ങളുമായി പുതിയൊരുനിര അധ്യാപകരും ബുദ്ധിജീവികളും കടന്നുവന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ കേവലം അനുഭവാഖ്യാനമാവാതെ, അതില്‍ നിന്നും സൈദ്ധാന്തിക പരികല്‍പ്പനകൾ രൂപപ്പെടുത്താനും ശ്രദ്ധാലുക്കളായിരുന്നു അവര്‍. എം.കുഞ്ഞാമന്റെ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വൈരുധ്യങ്ങളും സങ്കീര്‍ണതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും അതിനോട് പൊരുത്തപ്പെടാതെ അകന്നു നില്‍ക്കുന്ന മറ്റൊരു ജീവിതവും കാണാം. അതായത് ഭയത്തിനും പ്രകോപനങ്ങൾക്കുമിടയില്‍ സ്വന്തം ചരിത്രവും ജീവിതവും ഉറപ്പിച്ചുനിര്‍ത്താൻ പാടുപെടുന്ന ആഖ്യാതാവിനെയാണ് എതിര് എന്ന പുസ്തകത്തിൽ വായനക്കാർ അഭിമുഖീകരിക്കുന്നത്. നിര്‍ഭയമായ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനവും പിന്മടക്കങ്ങൾ നിറഞ്ഞ വ്യക്തിജീവിതവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പക്ഷേ, പിന്മടക്കങ്ങള്‍ ധീരതയുടെ പ്രഖ്യാപനങ്ങളായി തോന്നാമെങ്കിലും സൂക്ഷ്മമായ നോട്ടത്തില്‍ ഭയത്തിന്റെ നിഴല്‍പ്പാടുകൾ അവയിൽ കാണാം.

മനുഷ്യന്‍ എന്ന പദവി

കേരളത്തിന്റെ സാമൂഹിക പരിഷ്ക്കരണങ്ങളുടെ ഭൂതകാലാഖ്യാനങ്ങളിൽ തെളിച്ചമുള്ള ലക്ഷ്യമായി വിശേഷിപ്പിക്കപ്പെടുന്നത് മനുഷ്യപദവിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അതെന്നാണ്‌. വിദ്യാഭ്യാസം നേടി വിഭവങ്ങള്‍ ആര്‍ജിക്കുകയും സാമുദായികമായ ചലനാത്മകത കൈവരിക്കുകയുമായിരുന്നു മറ്റൊരു വഴി. ഭൂമിയും പാരമ്പര്യാധികാരവും ഇല്ലാത്തതിനാല്‍ ദലിതരെ സംബന്ധിച്ച് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരം ലക്ഷ്യങ്ങളെ നിറവേറ്റാന്‍ കഴിയൂ. ജനാധിപത്യ കേരളത്തിലെ ആദ്യ തലമുറയില്‍പ്പെട്ട വിദ്യാര്‍ഥിയായിരുന്ന എം.കുഞ്ഞാമന് പക്ഷേ സ്കൂളില്‍ നേരിടേണ്ടി വന്നത് ജാതീയമായ അവഹേളനങ്ങളും ദാരിദ്ര്യം മൂലമുണ്ടാകുന്ന ഹിംസയും അപമാനങ്ങളുമായിരുന്നു. അധ്യാപകര്‍, സഹപാഠികള്‍, ജന്മികുടുംബം, നാട്ടിലെ വലിപ്പചെറുപ്പമില്ലാത്ത മനുഷ്യര്‍ വരെ അദ്ദേഹത്തെ അവഹേളിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോൾ “പാണ ചെറുക്കൻ” ആയിരുന്നയാള്‍ കോളേജിൽ എത്തുമ്പോഴേക്കും “ഹരിജൻ ചെറുക്കൻ” ആയി മാറുന്നുണ്ട്. ഒരാളുടെ ശരീരത്തിലെ ശ്വാസമിടിപ്പുപോലെ ജാതിയുടെ അപകൃഷ്ട സംബോധനകൾ കുഞ്ഞാമനെ പിന്തുടരുന്നു. ഭയവും അപകര്‍ഷതയും തന്നിലേക്ക് ചുരുങ്ങിക്കൂടാനുള്ള ശ്രമങ്ങളും ഇത്തരം അവമതിപ്പുകളില്‍നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. വിശപ്പും സ്വാതന്ത്ര്യവും തമ്മിൽ പൊരുത്തപ്പെടില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുന്ന സാഹചര്യമിതാണ്. പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ചിന്തയുടെയും വിശകലനങ്ങളുടെയും അക്കാദമികവും വ്യക്തിപരവുമായ ജീവിതത്തിന്റെയും താക്കോല്‍ വീക്ഷണമായി ഈ പൊരുത്തക്കേട് മാറുന്നു.

ഡോ. എം.കുഞ്ഞാമൻ

ഗ്രാമജീവിതത്തെ കാല്‍പനികമായി വരച്ചിടുന്ന ആഖ്യാനങ്ങള്‍ക്ക് ഒരു മറുരേഖ വരക്കുകയാണ് മിക്കപ്പോഴും ദലിതർ സംസാരിക്കുമ്പോൾ സംഭവിക്കുക. കുഞ്ഞാമന്റെ ഓര്‍മകളെ തളിര്‍പ്പിക്കുന്ന ഒന്നും നമുക്ക് ഇതില്‍നിന്നും കണ്ടെത്താനാവില്ല. വരേണ്യമായ അനുഭവലോകങ്ങൾ ചുറ്റുപാടുകളുടെ സൗന്ദര്യത്തില്‍ മുഗ്ധമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ മലയാള സാഹിത്യത്തില്‍ ഉണ്ട്. പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥകളും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥയ്ക്ക് ഒരു ആമുഖവും ഇതിന്റെ മികച്ച മാതൃകകളുമാണ്. പക്ഷേ ജീവിതത്തിന്റെ ഇടുക്കങ്ങളെയും വൈരുധ്യങ്ങളെയും അഭിമുഖീകരിക്കുന്ന കീഴാള-ദലിത് ജീവിതങ്ങളിലെ കാഴ്ചകളും ആവിഷ്ക്കാരങ്ങളും തീര്‍ത്തും വ്യത്യസ്തമാണെന്ന് പറയാം.

സ്ഥാപനങ്ങളുടെ ഇടുക്കങ്ങൾ 

വിശാലമായ സ്വാതന്ത്ര്യബോധത്തെയും വായനയിലൂടെ നേടിയ അറിവിനെയും പ്രായോഗികമാക്കുവാന്‍ പല സാഹചര്യങ്ങളുണ്ടായിട്ടും ഭയവും അവിശ്വാസവുംമൂലം അത്തരം പ്രസ്ഥാനങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് കുഞ്ഞാമന്‍ ചെയ്തത്. വ്യവസ്ഥാപിത വിദ്യാര്‍ഥി രാഷ്ട്രീയം മുതൽ തീവ്ര ഇടതുപക്ഷ രാഷ്ട്രീയംവരെ തന്റെ കണ്മുന്‍പിലൂടെ പ്രലോഭിപ്പിച്ച് കടന്നുപോയിട്ടുണ്ടെങ്കിലും അറിവും സമ്പത്തുമാണ് സാമൂഹിക വിമോചനത്തിന്റെ ഉപാധിയെന്ന തിരിച്ചറിവിൽ അത്തരം പ്രസ്ഥാനങ്ങളോട് വിമര്‍ശനാത്മകമായ ദൂരം സൂക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഓരോ നിമിഷവും ജീവിതത്തോട് സമരം പ്രഖ്യാപിക്കേണ്ടി വരുന്ന ഒരാളുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പായി അതിനെ കാണാം. പ്രായോഗികമായി ഒരു സംഘാടകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ ആകാനുള്ള വിദൂരമായ സാധ്യത പോലും തന്റെ ചുറ്റുപാടുകൾ നല്‍കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അപമാനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും തീരാക്കഥകൾ പറയുമ്പോഴും തന്നെ ചേര്‍ത്തുപിടിച്ചവരെയും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

ദലിതരില്‍ നിന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന ഇന്നത്തെ വിദ്യാര്‍ഥികളെ പോലും കുഴക്കുന്ന പ്രശ്നം ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കാനുള്ള വിമുഖതയും ശേഷിയില്ലായ്മയുമാണെന്ന് മറ്റൊരു സന്ദര്‍ഭത്തിൽ രേഖപ്പെടുത്തുന്നുണ്ട്. വരേണ്യതയും അധികാരവും ഉറപ്പിക്കുവാന്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം മറ്റു വിദ്യാര്‍ഥികൾ ഉപയോഗിക്കുമ്പോൾ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന ദലിതര്‍ക്കും ആദിവാസികള്‍ക്കും അത് കഴിയാറില്ലായെന്ന യാഥാര്‍ഥ്യം വളരെ ശ്രദ്ധിക്കപ്പെടെണ്ട നിരീക്ഷണമാണ്.

എന്നാല്‍ മാറിയ കാലവും ലോകവും പുതിയ സാധ്യതകളായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഒരുപക്ഷേ, ഇൻഡ്യയിലെ മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവികളും സാമ്പത്തിക ശാസ്ത്രഞ്ജരും തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ആഗോളീകരണമാണ് അതിനു വഴിയൊരുക്കിയതെന്നും സൂചിപ്പിക്കുന്നുണ്ട്. പൊതുവേ വ്യവസ്ഥാ വിമര്‍ശനത്തിന്റെ അടിസ്ഥാന ബോധ്യങ്ങളും അസമത്വത്തിന്റെ പ്രയോഗ രൂപങ്ങളും കുഞ്ഞാമന്റെ വിമര്‍ശനങ്ങളുടെ പ്രമേയമാകുമ്പോഴും സാമൂഹിക വിനിമയശേഷിയും പൊതുദൃശ്യതയും ഉണ്ടാക്കുന്നതിൽ ആഗോളീകരണം ദലിതരെ സഹായിച്ചുവെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നു കാണാം.

സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങള്‍, സംവാദങ്ങള്‍  

ഓര്‍മ്മക്കുറിപ്പുകളുടെ ആദ്യഭാഗം തന്റെ ജീവിതവീക്ഷണങ്ങൾ രൂപപ്പെട്ട ഗ്രാമഘടന, പൊതുസ്ഥാപനങ്ങള്‍, സംവാദ മണ്ഡലങ്ങൾ, പ്രധാനപ്പെട്ട വ്യക്തികള്‍, പുസ്തകങ്ങള്‍, എന്നിവയെക്കുറിച്ചാണെങ്കില്‍ പിന്നീട് ഇൻഡ്യന്‍ സമൂഹത്തെയും  അതിനുള്ളിലെ ആന്തരിക വൈരുധ്യങ്ങളെയും വിശകലനം ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. ചരിത്രം, തത്വചിന്ത, സാമൂഹിക ശാസ്ത്രം, സമ്പദ് ശാസ്ത്രം, രാഷ്ട്രീയ ചിന്ത തുടങ്ങി വിപുലമായ മേഖലയിലെ വായനാനുഭവവും പ്രായോഗിക ബോധ്യങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് തന്റെ വീക്ഷണങ്ങൾ എം.കുഞ്ഞാമന്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ, ഇൻഡ്യയിലെ കീഴാള-ബഹുജന രാഷ്ട്രീയത്തിലും ബൗദ്ധിക മേഖലയിലും ഇടപെടുന്നവര്‍ക്ക് യോജിക്കാനും വിയോജിക്കാനുമുള്ള ധാരാളം വൈരുധ്യങ്ങളും വിവാദങ്ങളും ഈ ഭാഗത്തുണ്ട് എന്നതും വസ്തുതയാണ്. അതില്‍ പ്രധാനപ്പെട്ട സൈദ്ധാന്തിക മേഖലകൾ മാര്‍ക്സിസവും അംബേഡ്കർ ചിന്തകളുമാണെന്നത് പ്രശ്നത്തിന്റെ ഗൗരവവും സങ്കീര്‍ണതയും വര്‍ദ്ധിപ്പിക്കുന്നു. സമകാലിക ഇൻഡ്യയിലെ രാഷ്ട്രീയ സംവാദങ്ങളില്‍ ഇവ തമ്മിലുള്ള യോജിപ്പിന്റെ തലങ്ങളെക്കുറിച്ച് യാന്ത്രികവും സര്‍ഗാത്മകവുമായ അഭിപ്രായങ്ങള്‍ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ ഡോ.കുഞ്ഞാമന്റെ നിരീക്ഷണങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാനും വിലയിരുത്താനും പലരും തയ്യാറാകുമെന്നതും വസ്തുതയാണ്.

ഇൻഡ്യന്‍ രാഷ്ട്രീയ ഘടനയിൽ മാര്‍ക്സിസത്തിന്റെ പ്രയോഗസാധ്യതകൾ പരിമിതമാണെന്നു മാത്രമല്ല ദലിതരെയും ആദിവാസികളെയും സംബന്ധിച്ച് സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ ഒട്ടും ഗുണകരമല്ലെന്ന നിലപാടാണ് കുഞ്ഞാമന്റേത്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ദലിതരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ അക്കാര്യത്തിൽ ഒരു പരിഗണനയും കാണിച്ചില്ലെന്ന് വിമര്‍ശിക്കുന്നു. ആദര്‍ശവും ആശയവും നഷ്ടപ്പെട്ട പ്രസ്ഥാനങ്ങളാണ് ഉള്ളതെങ്കിലും അധികാരം, സമ്പത്ത്, വികസനം തുടങ്ങി സമൂഹത്തെ ചലിപ്പിക്കുന്ന ശക്തി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. ജനപ്രിയ സിനിമാതാരങ്ങളെ ഉള്‍ക്കൊള്ളാൻ കാണിക്കുന്ന ഉത്സാഹം പോലും അടിത്തട്ടില്‍നിന്നും പ്രവര്‍ത്തിച്ചു മുന്നിലേക്ക് വരുന്നവര്‍ക്ക് കൊടുക്കുന്നില്ല എന്നും പറയുന്നു. സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്കല്ല പാര്‍ലമെന്റിലേക്കാണ് പോകുന്നതെന്നും കുഞ്ഞാമൻ നിരീക്ഷിക്കുന്നു. ഒരുപക്ഷേ, ഈ പുസ്തകത്തെക്കുറിച്ച് ചരിത്രകാരനും സാമൂഹിക വിമര്‍ശകനുമായ കെ.കെ.കൊച്ച് സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച വിമര്‍ശനം ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അധികാരത്തോടും പദവികളോടും അകല്‍ച്ചയും വിമര്‍ശനവുമാണ് വ്യക്തിജീവിതത്തിൽ കുഞ്ഞാമൻ സ്വീകരിച്ചതു. ഔദ്യോഗികമായ പല പദവികളും മുഖ്യമന്ത്രിയും ധനമന്ത്രിയും ബിഎസ്പി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടും സ്വീകരിക്കാത്ത കുഞ്ഞാമന് ദലിതരുടെ അധികാരരാഹിത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മികമായ അവകാശമുണ്ടോ എന്നായിരുന്നു ഗൗരവമായി ഉന്നയിക്കപ്പെട്ട ചോദ്യം. ആശയലോകവും വ്യക്തിജീവിതവും പൊരുത്തപ്പെടുത്താന്‍ കഴിയാത്ത വിധത്തിൽ ചിന്താകാലുഷ്യമുള്ള ആഖ്യാതാവിനെ ഈ ഓര്‍മകളിൽ കണ്ടെത്താം. തന്റെ അര്‍ഹതയ്ക്ക് അനുസരിച്ചുള്ള പദവികൾ കിട്ടാത്തതിൽ പ്രതികരിക്കുന്ന ആദ്യകാല കുഞ്ഞാമനില്‍നിന്ന് മറ്റൊരാളായി മാറിയ വ്യക്തിയെയാണ് ഓര്‍മ്മകളിലെ രണ്ടാം പകുതിയിൽ കാണുന്നത്. അപ്പോഴേയ്ക്കും വ്യവസ്ഥയുടെ ഭാഗമായി നില്‍ക്കുമ്പോൾ ഉണ്ടാകുന്ന സ്വാതന്ത്ര്യമില്ലായ്മയും നൈതികരാഹിത്യവും ബോധ്യപ്പെട്ട ഒരാളായി  അദ്ദേഹം പരിവര്‍ത്തിച്ചിരുന്നു, ആ കുഞ്ഞാമനാണ് പില്‍ക്കാലത്ത് പല പദവികളും വാഗ്ദാനം ചെയ്യപ്പെട്ടത്. സ്വാഭാവികമായും അദ്ദേഹം അക്കാര്യങ്ങളില്‍ താല്‍പ്പര്യം കാട്ടിയില്ലെന്നുമാത്രമല്ല ഭയം കലര്‍ന്ന അകല്‍ച്ച സൂക്ഷിക്കുകയും ചെയ്തു. അത് കേരളത്തിലെ ദലിത്‌ സമുദായത്തിന് വരുത്തിയ നഷ്ടങ്ങളും അതിജീവനശേഷിയില്ലായ്മയും വിമര്‍ശനം അര്‍ഹിക്കുന്നതുതന്നെയാണ്.

കെ.കെ.കൊച്ച്

ഒരു വിമര്‍ശനരീതിയായും വിശകലനത്തിനുള്ള ടൂളായും മാര്‍ക്സിസത്തിന്റെ പ്രസക്തി നഷ്ടമാവുന്നില്ലായെന്നാണ് ഡോ.കുഞ്ഞാമന്‍ വിശദീകരിക്കുന്നത്. വികസനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മുതലാളിത്ത ഘടനയെ മുന്‍നിര്‍ത്തി മാര്‍ക്സ് നടത്തുന്ന നിരീക്ഷണങ്ങൾ ഏതു കാലത്തും രാജ്യത്തും അവഗണിക്കാൻ കഴിയാത്ത ആശയമണ്ഡലമായി തുടരും. മാര്‍ക്സിന്റെ വിമര്‍ശന ചിന്തകളെയും മനുഷ്യ സമുദായത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളെയും സമകാലികമാക്കുന്നതിൽ അമര്‍ത്യ സെന്‍ നടത്തുന്ന ഇടപെടലുകളെ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട് (പുറം 114, 115). വികസനം സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യമുള്ളവര്‍ക്കേ വികസിക്കാൻ കഴിയൂ. വികസനത്തിന്റെ ഗുണഭോക്താക്കള്‍ വ്യക്തികളാകണം എന്ന അഭിപ്രായമാണ് അമര്‍ത്യ സെന്നിനുള്ളത്. ദാരിദ്ര്യമെന്നു പറയുന്നതിനെ അദ്ദേഹം നിര്‍വചിക്കുന്നത് മനുഷ്യനെ കഴിവില്ലാത്തവന്‍ ആക്കുന്നു എന്ന അര്‍ഥത്തിലാണ്. വളരെ റാഡിക്കലായ ചിന്തയാണിത്‌. ഇങ്ങനെ പ്രായോഗിക തലത്തില്‍ പ്രസക്തി നഷ്ടമായെങ്കിലും സമൂഹത്തെ ചലിപ്പിക്കുന്ന വിശകലന സംവര്‍ഗമെന്ന നിലയിൽ പലരാൽ പുതുക്കപ്പെടാൻ മാര്‍ക്സിസത്തിനു കഴിയുമെന്ന് കുഞ്ഞാമന്‍ കരുതുന്നു. എന്നാല്‍ മാര്‍ക്സിസത്തിനു തിരിച്ചുവരവില്ല എന്ന തലക്കെട്ടിലെ അദ്ധ്യായത്തിൽ കേരളത്തിലെ  പരിഷ്ക്കരണപരമായ ചിന്തകളിലൊന്നും മാര്‍ക്സിസത്തിനു ഒരു പങ്കുമില്ലെന്നു വിശദീകരിക്കുന്നുമുണ്ട്. ഇഎംഎസ് അടക്കമുള്ളവരുടെ ബൗദ്ധികശൂന്യതയും യാഥാസ്ഥിതികത്വവുമാണ് അതിന്റെ കാരണമെന്നും അദ്ദേഹം വിലയിരുത്തുന്നു (പുറം 152).

അംബേഡ്കര്‍ ചിന്തകളെ കുഞ്ഞാമൻ വിശദീകരിക്കുന്നത് പുതിയ കാലത്തെ ഇൻഡ്യൻ സമൂഹത്തിലും രാഷ്ട്രീയ വിമര്‍ശനത്തിലും പ്രസക്തി വര്‍ദ്ധിക്കുന്ന ഒരു വിമോചക ബിംബത്തിന്റെ സാധ്യതയിൽ നിന്നാണ്. അതിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഇൻഡ്യയിലെ കാമ്പസുകളിൽ ഉണ്ടാകുന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളെയും ഓരോ ഗ്രാമത്തിലും ആത്മാഭിമാനത്തിന്റെ പ്രതീകമായി ഉയരുന്ന അംബേഡ്കർ പ്രതിമകളെയുമൊക്കെയാണ്. തന്റെ വിദ്യാര്‍ഥി കാലഘട്ടത്തില്‍നിന്നും വ്യത്യസ്തമായി ജാതിവിവേചനങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന വിദ്യാര്‍ഥികളും ബഹുജനങ്ങളുമൊക്കെ അംബേഡ്കർ നിര്‍മിച്ച രാഷ്ട്രീയത്തിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു.

കേവലം വൈകാരികമായി മാത്രമല്ല ഈ മുന്നേറ്റങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. മറിച്ച് ആശയങ്ങളുടെയും പോരാട്ടങ്ങളുടെയും തുടര്‍ച്ചകളിൽ വിപുലപ്പെടുന്ന സാമൂഹിക പ്രക്രിയയാണത്. 1990കളോടെ രൂപപ്പെട്ട ഇൻഡ്യയിലെ പിന്നോക്ക വിഭാഗങ്ങളുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പുതുരാഷ്ട്രീയ വികാസവുമായും അതിന് ബന്ധമുണ്ടെന്നു സ്ഥാപിക്കപ്പെടുന്നു. അനുസരണം, ബഹുമാനം, അച്ചടക്കം തുടങ്ങിയ ഫ്യൂഡല്‍ മൂല്യങ്ങൾ പുതുതലമുറയില്‍നിന്നും അപ്രത്യക്ഷമാകാൻ അംബേഡ്കർ വികസിപ്പിച്ച ദലിത് അവബോധത്തിന്റെ സ്വാധീനമുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു (പുറം 67,68).

ഇൻഡ്യയിലെ വ്യവസ്ഥാപിത പാര്‍ട്ടികളോ തൊഴിലാളി യൂണിയനുകളോ പരിഗണിക്കാത്ത, എണ്ണത്തില്‍ ഭൂരിപക്ഷമായ പ്രികേറിയറ്റ് (precariat) വിഭാഗങ്ങളിലൂന്നിയുള്ള വികസനവും സാമൂഹിക ചലനാത്മകതയും വികസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന അഭിപ്രായം പറഞ്ഞുകൊണ്ടാണ് തന്റെ കാഴ്ച്ചപ്പാടുകളെ സംഗ്രഹിക്കുന്നത്. യാതനകളില്‍ ജീവിതം തള്ളിനീക്കുന്നവര്‍, ഭൂമിയില്ലാത്തവര്‍, കിടപ്പാടമില്ലാത്തവര്‍ എല്ലാം ചേരുന്ന വലിയ വിഭാഗത്തെയാണ് പ്രികേറിയറ്റ് സങ്കൽപനത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കുന്നത്. ജാതിയെക്കുറിച്ചും വര്‍ഗത്തെക്കുറിച്ചും സങ്കീര്‍ണവും അവ്യക്തവുമായ പ്രസ്താവനകള്‍ ധാരളമുണ്ടെങ്കിലും ഈയൊരു പരികല്‍പനയിലൂടെ അവയെയെല്ലാം മറികടക്കുന്ന പരിപ്രേക്ഷ്യം നിര്‍മിക്കുവാൻ ഡോ.കുഞ്ഞാമന് കഴിഞ്ഞിരിക്കുന്നു. ഒരു ഓര്‍മ്മക്കുറിപ്പ് മാത്രമാകാതെ ബൗദ്ധികമായ സംവാദങ്ങള്‍ക്കുള്ള വാതിൽ തുറക്കുവാൻ കഴിയുന്ന വിധത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട തന്റെ ആദ്യത്തെ പുസ്തകത്തെ മാറ്റിയിരിക്കുന്നുവെന്നും പറയാം.

ഏകപക്ഷീയമായ വിമര്‍ശനത്തെക്കാൾ മലയാളിയുടെ ധൈഷണികവും സര്‍ഗാത്മകവുമായ സംവാദങ്ങളെ പലതും ഓര്‍മ്മിപ്പിക്കുവാൻ പ്രാപ്തിയുള്ള അനുഭവവും നിരീക്ഷണങ്ങളുമാണ് ഡോ.കുഞ്ഞാമന്റേത് എന്ന് പറയുവാന്‍ കഴിയും. അരക്ഷിതമായ ചുറ്റുപാടുകളില്‍ നിന്നും വരുന്ന ഏതൊരാള്‍ക്കുമുള്ള പകപ്പ് ജീവിതത്തിലും ചിന്തയിലും പുലര്‍ത്തിയ ഒരാളാണ് അദ്ദേഹം. എങ്കിലും ഏറ്റവും പ്രകോപനപരമായ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാൻ മടികാണിക്കാത്ത ആളുമായിരുന്നു. ഭയത്തിനും പ്രകോപനങ്ങള്‍ക്കുമിടയിൽ ചാഞ്ചാടിയ ജീവിതത്തെ വേണ്ടരീതിയില്‍ ആവിഷ്ക്കരിക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞോയെന്നും സംശയമാണ്. സംഭാഷണങ്ങളിൽ നിന്നും രൂപപ്പെടുത്തിയ അയവുള്ള ഗദ്യശൈലിയാണ് ആ പരിമിതിയെ കൂടുതൽ തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം.

Top