നോം ചോസ്കിയും അമർത്യ സെന്നും:  നവകേരള സംവാദമെന്ന വരേണ്യത 

ഒരു പൊതുചർച്ച അതാത് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പരിസരത്തെ മറികടന്നുകൊണ്ടു നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെയും മാധ്യമ ഉപദേഷ്ടാവിന്റേയും ആമുഖമില്ലാതെ വിദ്യാർഥികൾക്കുള്ള ഒരു പഠനം എന്ന നിലയിൽ അവതരിപ്പിക്കാമായിരുന്ന ചർച്ചയെ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനും നവകേരളം സൃഷ്ടിക്കാനും വേണ്ട ആശയ രൂപീകരണം എന്ന രീതിയിൽ അവതരിപ്പിച്ചത് വഴി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുള്ളിൽ നിലനിൽക്കുന്ന ആശയരൂപീകരണത്തെ കുറിച്ചുള്ള പ്രതിസന്ധികളാണ് വെളിവാക്കപ്പെട്ടത്. ഡോ. എസ്.മുഹമ്മദ് ഇർഷാദ് എഴുതുന്നു.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിൽ കേരളം മാതൃകാപരമായ ഒരു സമീപനമാണ് സ്വീകരിച്ചത് എന്ന സർക്കാർ അവകാശ വാദത്തെ ജനങ്ങൾ വലിയ തോതിൽ അംഗീകരിച്ചിരുന്നു. മലയാളി പൊതുബോധത്തിൽ പ്രത്യേകിച്ചും സമകാലീന ചരിത്രത്തിൽ ഒന്നും തന്നെ വലിയ തോതിലുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിട്ടുള്ള ചരിത്രമില്ല. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ മധ്യവർഗം സർക്കാരിനെ രക്ഷകരായി കണ്ടത്. എന്നാൽ ഇതിന് മുൻപ് ദുരന്തം അനുഭവിച്ച സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾ ഇതിനെ അംഗീകരിക്കും എന്ന് കരുതാൻ കഴിയില്ല. 2004ലെ സുനാമി ദുരന്തം ഏറ്റുവാങ്ങിയവരും 2017ലെ ഓഖി ദുരിതത്തിൽ പെട്ടുപോയവരും ഇത്തരം ന്യായീകരണങ്ങളെ അംഗീകരിക്കില്ല. എന്നാൽ കേരളത്തിലെ പൊതുവായ പൗരബോധത്തെ നിർണയിക്കുന്നതിൽ ഈ പിന്നോക്ക സമൂഹത്തിന് വലിയ സ്വാധീനമില്ലാത്തത് സർക്കാരിന് ഗുണകരമായി മാറി.

മധ്യവർഗ/ ഉപരിവർഗ ബോധത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയത്തെയും വികസന പ്രശ്നങ്ങളെയും ഒക്കെ കാണുന്നത് കൊണ്ടാണ് കേരളത്തിൽ ഒരു വിഷയത്തിലും ഗൗരവകരമായ ഒരു ചര്‍ച്ച നടക്കാതെ പോകുന്നത്. അടുത്ത കാലത്തായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന പുനര്‍നിര്‍മാണ ചർച്ചകളെ ഗൗരവമായി വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിൽ ആണ്.

നോം ചോംസ്കി, അമർത്യ സെൻ, സൗമ്യ സ്വാമിനാഥൻ എന്നിവരുമായി കേരള സർക്കാർ സംഘടിപ്പിച്ച ചർച്ചകൾ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും തൊഴിലാളികളും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രതിസന്ധികളെ  സ്പർശിക്കാതെപോയി. ഒരു പൊതുചർച്ചയിൽ പ്രത്യേകിച്ചും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പണ്ഡിതരുമായി സംവദിക്കുമ്പോൾ ഉന്നയിക്കേണ്ട വിഷയങ്ങളുണ്ട്. അത്തരം വിഷയങ്ങളിൽ മാത്രം ഊന്നിയായിരുന്നു ചർച്ചകൾ നടന്നത്. എന്നാൽ ഈ ചർച്ചകൾ കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ പ്രത്യേകിച്ചൊരു ആശയവും മുന്നോട്ടു വെക്കുന്നില്ല എന്നതാണ്  വസ്തുത.

ചോംസ്കി ലോകത്ത് അറിയപ്പെടുന്ന ഒരു ചിന്തകനാണ്. എന്നാൽ നടന്ന ചർച്ചയിൽ അദ്ദേഹം മുന്നോട്ട് വച്ച ആശങ്കകൾ എല്ലാം തന്നെ അമേരിക്കൻ സാമ്രാജ്യത്തിന്റെ ആഗോള ഇടപെടലുകളെ ആസ്പദമാക്കിയാണ്, അതോടൊപ്പം ആഗോള താപനത്തിനെതിരായി ഉണ്ടാക്കേണ്ട ബദലുകളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നുമുണ്ട്. എന്നാൽ കേരളത്തിലെ സാധാരണക്കാർ ചോംസ്കിയുടെ ഈ കാഴ്ചപ്പാടുകളെ അവരവരുടെ ജീവിത പരിസരത്തു നിന്നുകൊണ്ട് രാഷ്ട്രീയമായി വിലയിരുത്താൻ ശ്രമിച്ചാൽ മനുഷ്യാവകാശ ലംഘനത്തിലും പരിസ്‌ഥിതിയെ നശിപ്പിക്കുന്നതിലും കേരളീയ സമൂഹവും സർക്കാരും ഒട്ടും പിന്നിലല്ല എന്ന് മനസിലാകും. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളിലും കേരളത്തിൽ ഗൗരവമായി ചർച്ചചെയ്യപ്പെട്ടതും എന്നാൽ നടപ്പിലാക്കാതെ പോയതും പരിസ്ഥിതി സംരക്ഷണം തന്നെയായിരുന്നു. സൈലന്റ് വാലി സമരത്തിന് ശേഷം കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തേക്കാൾ നശീകരണത്തിനാണ് പ്രാധാന്യം കിട്ടിയത്. ഇടതുപക്ഷം ഉൾപ്പെടെയുള്ള  സംഘടിത രാഷ്ട്രീയ പാർട്ടികൾ സൈലന്റ് വാലി സമരത്തെ കണ്ടത് വികസന വിരുദ്ധ മുന്നേറ്റമായിട്ടാണ് അതുകൊണ്ടാണ് പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തിന് പോലും ഇടതുപക്ഷം മുന്നോട്ട് വച്ച പ്രായോഗിക വാദത്തെ മറികടക്കാൻ കഴിയാതെ മാറിനിൽക്കേണ്ടി വന്നത്. എന്നാൽ ഈ ചരിത്രമൊന്നും ചോംസ്കിയോട് സംവദിച്ച പ്രൊഫ. വി.കെ.രാമചന്ദ്രൻ ചോദിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഈ ചർച്ചകൾക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞ ‘കേരള പ്രാധാന്യം’ തീരെ ഇല്ലാതായത്. ലോകത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിന്തകനുമായി ചർച്ച ചെയ്യേണ്ട പ്രാധാന്യം കേരളത്തിലെ കോവിഡ് പ്രതിരോധത്തിനുണ്ടെന്ന് ചോംസ്കിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്ന് സർക്കാരിന് കരുതാം. എന്നാൽ ഇത്തരം ചിന്തകൾ സംവദിക്കേണ്ടത് പ്രാദേശിക സാഹചര്യവുമായി വേണം. എന്നാൽ അത്തരം ഇടപെടലുകളിലേക്കോ സംവാദത്തിലേക്കോ പോകാൻ ഇവിടെ കഴിഞ്ഞില്ല.

സർക്കാറിനു വേണ്ടി നടന്ന പ്രൊഫ. അമർത്യ സെന്നുമായി നടന്നതും ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഡോക്ടർ സൗമ്യ സ്വാമിനാഥനുമായി ചേർന്ന് പ്രൊഫ. വി.കെ.രാമചന്ദ്രനും എൻ.റാമും നടത്തിയതുമായ ചർച്ചകളും കേരള പരിസരത്തുനിന്നുകൊണ്ടുള്ള ഒരു വിലയിരുത്തലിൽ അപ്രസക്തമായവയാണ്. അമർത്യ സെന്‍ കേരളത്തിലെ പൊതു ഇടപെടലിനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തെ കുറിച്ച് ഗൗരവമായി പഠനം നടത്തിയ പണ്ഡിതനല്ല. ഇവിടെ സിപിഎം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം എന്തെന്നാൽ, ഇതേ അമർത്യ സെന്നിന്റെ 2016ൽ പുറത്തിറങ്ങിയ ദി ലിവിങ് റിയാലിറ്റി ഓഫ് മുസ്‌ലിംസ് ഇൻ വെസ്റ്റ് ബംഗാൾ: എ റിപോർട്ട് എന്ന പഠനത്തിൽ ബംഗാളിലെ മുസ്‌ലിംകളുടെ ദുരിതം വരച്ചുകാട്ടുന്നുണ്ട്. ഈ ദുരിതം അവിടെയുണ്ടായ കഴിഞ്ഞ നാൽപത് വർഷത്തെ ഭരണ ഫലം കൂടിയാണ്. ഈ പഠനത്തോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. കേരളത്തിൽ പാർട്ടി വിമർശകരോട് സ്വീകരിക്കുന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമാണിത്‌. കേരളത്തിലെ രീതി അനുസരിച്ചാണെങ്കിൽ അമർത്യ സെന്നിനെ വിമർശിച്ചു കൊണ്ട് പാർട്ടി രംഗത്ത് വരേണ്ടതാണ്. അങ്ങനെയെങ്കിൽ അഭിമുഖം നടത്തിയ പ്രൊഫ. രാമചന്ദ്രനെ പാർട്ടി വേദികളിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും മാറ്റിനിർത്തുകയും ചെയ്‌തേനെ.

എന്നാൽ അമർത്യ സെന്നുമായി ചർച്ച നടത്തിയപ്പോൾ ഇത്തരം വിഷയത്തിലേക്ക് കടക്കാതെ കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിരുന്ന നേട്ടങ്ങളെ ചൂണ്ടിക്കാട്ടി അംഗീകാരത്തിന്റേതായ ഒരു ആശയപരിസരം ഉണ്ടാക്കിയെടുക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തിലേക്ക്  ഒതുങ്ങിപ്പോയി എന്നതാണ് വസ്തുത. കേരളത്തിന് ആദ്യമാസങ്ങളിൽ ഉണ്ടായ നേട്ടങ്ങൾക്ക് ലോകാരോഗ്യ സംഘടനാ പ്രതിനിധിയിൽ നിന്നും അംഗീകാരം നേടുക എന്നതാണ് ഡോക്ടർ സൗമ്യ സ്വാമിനാഥനുമായുള ചർച്ചയിലും നടന്നത്.

ഒരു പൊതുചർച്ച അതാത് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പരിസരത്തെ മറികടന്നുകൊണ്ടു നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവിന്റേയും ആമുഖമില്ലാതെ വിദ്യാർഥികൾക്കുള്ള ഒരു പഠനം എന്ന നിലയിൽ അവതരിപ്പിക്കാമായിരുന്ന ചർച്ചയെ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനും നവകേരളം സൃഷ്ടിക്കാനും വേണ്ട ആശയ രൂപീകരണം എന്ന രീതിയിൽ അവതരിപ്പിച്ചത് വഴി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുള്ളിൽ നിലനിൽക്കുന്ന ആശയരൂപീകരണത്തെ കുറിച്ചുള്ള പ്രതിസന്ധികളാണ് വെളിവാക്കപ്പെട്ടത്.

കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളും ഇപ്പോഴത്തെ മഹാമാരിയും ആവശ്യപ്പെട്ടത് ഒരു നവകേരള വികസന-സാമൂഹിക വീക്ഷണം തന്നെയാണ്. അതിൽ പ്രധാനം പരിസ്ഥിതി സംരക്ഷണവും പിന്നെ മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന രോഗപ്രതിരോധ പ്രവർത്തനവുമാണ്. അല്ലാതെ രോഗത്തിന്റെ മൂലകാരണങ്ങളെ കടപ്പുറത്തുകാർ, പ്രവാസികൾ എന്നിങ്ങനെ ലേബൽ ചെയ്ത് മനുഷ്യരുടെ ജീവിതാവസ്ഥയോട് ചേർത്തുകെട്ടി സർക്കാരിനെ വെളളപൂശുകയല്ല വേണ്ടത്‌.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചിന്തകരെ കൂടെനിർത്തുന്നതിൽ തെറ്റൊന്നുമില്ല. ഇടതുപക്ഷത്തിന് അത് വലിയ നേട്ടവുമാണ്. എന്നാൽ പ്രാദേശിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും അടർത്തിമാറ്റിയുള്ള ചര്‍ച്ചകൾ അതാത് പ്രദേശത്തെ രാഷ്ട്രീയമായും, സാമൂഹികമായും സാമ്പത്തികമായും പുറംതള്ളപ്പെട്ട സമൂഹത്തിന് വരേണ്യ പണ്ഡിതരുടെയും നേതാക്കളുടെയും ആശയ സംവാദമായേ കാണാൻ കഴിയൂ. ഇത്തരം വരേണ്യ സംവാദങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വേണ്ടത് പുറംതള്ളപ്പെട്ടവരുടെ പ്രതിരോധത്തിനുള്ള ആശയപരിസരമാണ്.

Top