മുസ്‌ലിം സ്ത്രീയും അധികാരവും: ഫൗസിയ ഷംസിന്റെ രചനകൾ
ഇസ്‌ലാമിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക നിയമങ്ങൾ എന്നുള്ള ഒന്നിനെ തന്നെ വേർതിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഖുർആൻ, ഹദീസ്, വിവിധ മദ്ഹബുകൾ, ഇൻഡ്യൻ നിയമ വ്യവസ്ഥക്കു വേണ്ടി ഉണ്ടാക്കപ്പെട്ട വ്യാഖ്യാനങ്ങൾ എന്നിവയെല്ലാം തിരിച്ചറിഞ്ഞിട്ട് പ്രതികരിച്ചുകളയാം എന്ന നിലപാടും സാധ്യമല്ല. മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം, അവൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇത്തരം അധികാര വ്യവസ്ഥകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് പ്രധാനമാണ്. ഷംഷാദ് ഹുസൈൻ എഴുതുന്നു.
ഏതു തരം അധികാര വ്യവസ്ഥയാണ് തങ്ങളെ കുരുക്കിൽ പെടുത്തുന്നത് എന്നു തിരിച്ചറിയലാണ് സ്ത്രീകളുടെ ആദ്യ കർത്തവ്യം. അതിനു മത നിയമങ്ങളറിയണം. പൗരോഹിത്യ പാഠങ്ങൾ വേർതിരിക്കാൻ കഴിയണം. ആചാരാനുഷ്ഠാനങ്ങളുടെ സാമൂഹിക മാനങ്ങൾ തിരിച്ചറിയണം. എന്തിന്, കക്ഷിരാഷ്ട്രീയ ഇടപെടലുകൾ പോലും സ്ത്രീയെ വേർതിരിച്ചു നിർത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. കേവലം പുരുഷാധിപത്യം എന്ന ലേബലിൽ എല്ലാ സ്ത്രീവിരുദ്ധ ആശയങ്ങളെയും ഇന്ന് കൂട്ടികെട്ടാനാവില്ല. ഏത് അധികാര വ്യവസ്ഥ എന്നു തലനാരിഴ കീറി അതുമാത്രം പറിച്ചു കളഞ്ഞാൽ മതി എന്നോ, ഇവ പരസ്പരം ഇടകലരുന്നതോ ചേർന്നിരിക്കുന്നതോ മൂലം ഒന്നും സംഭവിക്കുന്നില്ല എന്നുമല്ല പറഞ്ഞു വരുന്നത്. മറിച്ച്, സ്ത്രീയുടെ സാമൂഹിക നിലയെ നിർണയിക്കുന്നതിൽ നാനാ തരം അധികാര വ്യവസ്ഥകൾ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇസ്‌ലാമിലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക നിയമങ്ങൾ എന്നുള്ള ഒന്നിനെ തന്നെ വേർതിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഖുർആൻ, ഹദീസ്, വിവിധ മദ്ഹബുകൾ, ഇൻഡ്യൻ നിയമ വ്യവസ്ഥക്കു വേണ്ടി ഉണ്ടാക്കപ്പെട്ട വ്യാഖ്യാനങ്ങൾ എന്നിവയെല്ലാം തിരിച്ചറിഞ്ഞിട്ട് പ്രതികരിച്ചുകളയാം എന്ന നിലപാടും സാധ്യമല്ല. മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം, അവൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇത്തരം അധികാര വ്യവസ്ഥകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് പ്രധാനമാണ്. അതിനുള്ള പരിശ്രമമെന്ന നിലക്കാണ് ഫൗസിയ ഷംസിന്റെ പുസ്തകം പ്രധാനമാകുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു.
മുത്വലാഖിനെക്കുറിച്ചു പറയുമ്പോൾ, അതു പൂർണമായും നിർത്തലാക്കണമെന്ന 2014ലെ സമിതി റിപ്പോർട്ട് നടപ്പിലാക്കാതിരുന്നതിനെ കുറിച്ച പുസ്തകത്തിലെ പ്രതികരണം ഇങ്ങനെയാണ്, “ഈ നിർദേശം വന്നപ്പോൾ സ്വാഗതം ചെയ്യേണ്ടിയിരുന്ന സമുദായ നേതൃത്വം സങ്കുചിതമായ മദ്ഹബ് പക്ഷപാതിത്വത്തിൽ ഈ വിഷയം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. ശാഖാപരവും കർമശാസ്ത്രപരവുമായ വേർതിരിവുകളെ പൊലിപ്പിച്ചുകാട്ടി സമുദായത്തിനുള്ളിൽ വലിയ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് ഉൽപതിഷ്ണു വിഭാഗങ്ങളും കരുതുന്നത്”. അതായത്, ഒരു സമുദായമെന്ന നിലക്ക് മുസ്‌ലിംകൾ ഒരുമിച്ചു നിൽക്കേണ്ട അവസ്ഥ പോലും സ്ത്രീകൾക്കനുകൂലമായ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇതിൽ നിന്നു വ്യക്തമാവുന്നുണ്ട്.
മുഹമ്മദ് നബി ഭർത്താവെന്ന നിലക്കു നിർവഹിച്ച കാര്യങ്ങളെ സവിശേഷമായി വിലയിരുത്തുന്ന ലേഖനവും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നതാണ്. അകം/പുറം എന്ന വേർതിരിവ് സ്ത്രീ/പുരുഷൻ എന്ന ദ്വന്ദ്വത്തോട് പ്രവാചകൻ ഒരിക്കലും ചേർത്തു വെച്ചിട്ടില്ലെന്ന് ഇതിൽ പറയുന്നു. അതിനനുസരിച്ച് ജീവിക്കാൻ ഭർത്താക്കന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ ഭാര്യ തന്നിൽ നിന്ന് എന്തെല്ലാമോ ആഗ്രഹിച്ച് വീട്ടിലുണ്ടെന്നു പോലും ചിന്തിക്കാതെ തിരക്കുകളുടെ ലോകത്തേക്ക് ചായുന്ന ഭർത്താക്കന്മാർക്ക് പാഠമാവേണ്ടതാണിത്. പ്രവാചകൻ വീട്ടിൽ എന്താണ് പതിവായി ചെയ്തിരുന്നതെന്ന് ആഇശയോടു ചോദിച്ചപ്പോൾ അവർ പറഞ്ഞത് ‘പതിവായി അദ്ദേഹം വീട്ടുജോലികളിൽ സഹായിച്ചിരുന്നു’ എന്നാണ്. ലോകത്തിന്റെ നായകനായ ഒരാളാണ് തന്റെ ഇണയുടെ സന്തോഷത്തിന് അടുക്കളയിലേക്കു തിരിയുന്നത്. അടുക്കള സ്ത്രീക്കും പുറംലോകം പുരുഷനും എന്ന വകതിരിക്കലിനു മറുപടി കൂടിയാണിത്.
ഏക സിവിൽ കോഡ്, പർദ്ദ തുടങ്ങിയവയെല്ലാം ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ഇതേ സങ്കീർണതകളോടെയാണെന്നു കാണാം. പർദ്ദക്കപ്പുറം കണ്ണു മൂടിക്കെട്ടുന്ന പർദ്ദ വരുന്നിടത്ത് എഴുത്തുകാരി അതിന്റെ കഠിന വിമർശകയാകുന്നു. ഒപ്പം കമ്പോളവും പുരുഷാധിപത്യവും നിർണയിച്ച ഒന്നായി ഇതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
മുസ്‌ലിം സ്ത്രീകളുടെ മറക്കപ്പെട്ട ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന ഈ പുസ്തകം, പല മേഖലകളിലുള്ള സ്ത്രീകളുടെ പ്രവർത്തനങ്ങളെ കൂടി രേഖപ്പെടുത്തുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. അതുപോലെ മുസ്‌ലിം ഭരണ കാര്യങ്ങളിൽ ഇപ്പോൾ സ്ത്രീകൾക്കു കിട്ടിത്തുടങ്ങിയ പ്രാതിനിധ്യത്തെയും ഇവർ കണ്ടെടുക്കുന്നുണ്ട്. വഖഫ് ബോർഡ് പോലെയുള്ള ഗവൺമെന്റ് സ്ഥാപനങ്ങളിൽ മാത്രമല്ല, മഹല്ലു കമ്മറ്റികളിൽ തന്നെ സ്ത്രീകളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും വിലയിരുത്തലുകളും കാണാം. ഇത്തരം മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം തന്നെ വിപ്ലവകരമായിരുന്ന അവസ്ഥ മാറി, അതിലവരുടെ പ്രവർത്തനങ്ങൾ എത്രമാത്രം സ്ത്രീകളുടെ സാമൂഹ്യ നിലവാരം ഉറപ്പുവരുത്തുന്നതിൽ പങ്കുവഹിക്കുന്നുണ്ടെന്ന് തമിഴ്‌നാട്ടിലെ ‘സ്റ്റെപ്സ്’ (steps) പോലുള്ള സംഘടനാ പ്രവർത്തനങ്ങളെ പോലെ വിലയിരുത്താൻ കഴിയുന്ന കാലമാവും ഇനി വരാൻ പോകുന്നത് എന്നു നമുക്ക് പ്രത്യാശിക്കാം.
എഴുത്തുകാരി സ്വീകരിക്കുന്ന നിലപാടുകളോടൊപ്പം, ഇതിൽ നിന്നു ലഭ്യമായ വിവരങ്ങളും (informations) ഏറെ വിലമതിക്കപ്പെടേണ്ടതാണ്. മുസ്‌ലിം മഹിള, നിസാഉൽ ഇസ്‌ലാം (അറബി മലയാളം) തുടങ്ങിയ സ്ത്രീകൾക്കു വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന മാസികകളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളടങ്ങിയതിനാൽ, ഈ മേഖലയിൽ ഗവേഷണം ഉദ്ദേശിക്കുന്നവർക്കും ഈ പുസ്തകം മാർഗദർശിയാവും. ആ നിലക്ക് പുസ്തകത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ അവലംബം അതാതിടങ്ങളിൽ കാണിച്ചിട്ടില്ല എന്നത് പുസ്തകത്തിന്റെ പരിമിതിയായി സൂചിപ്പിക്കാതെ വയ്യ. പക്ഷേ അടുത്ത നിമിഷം ഉന്നയിക്കാവുന്ന ചോദ്യം, ഇത് അക്കാദമിക-സ്ഥാപനവൽകൃത മേഖലയുടെ മാത്രം പ്രശ്നമല്ലേ എന്നതാണ്. ഏത് വായനക്കും ഇതാവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത് വിവേചന ബുദ്ധിയോടെ സമീപിക്കുന്ന വായനക്കാർ തന്നെയാണ്.
‘പെണ്ണെന്താ ഒരു യന്ത്രമാണോ
ദീനെന്താ ഒരു നാടകമാണോ’ എന്നു പാടിയ ജമീല ബീവിയോടൊപ്പം തന്നെയാണ് ഇതിലെ എഴുത്തുകാരിയുമെന്ന നിലക്കാണ് ഫൗസിയ ഷംസ് സാക്ഷ്യപ്പെടുത്തുന്നത്. ഇതിൽ രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുന്നുണ്ട്. സമുദായത്തിനകത്തെ പൗരുഷത്തിനും അപാകത പിണഞ്ഞതായി വിലയിരുത്തലുകളുണ്ട്. മുസ്‌ലിം സ്ത്രീകളോടു സംഘടിക്കാനും സ്വയം വിലയിരുത്താനുമുള്ള ആഹ്വാനങ്ങളുണ്ട്. നാനാ തലങ്ങളിൽ നിന്ന് മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക പദവിയെ വിലയിരുത്താൻ നടത്തിയ പരിശ്രമത്തിന്റെ ഫലമാണിതെന്ന് തീർച്ചയായും ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തും.