ശാപഗ്രസ്തനായ ഒരെഴുത്തുകാരന്റെ അനുഭവക്കുറിപ്പ്
പലരും ദലിത് എഴുത്തുകാരന്‍/ചിന്തകന്‍ എന്ന് എന്നെ വിളിക്കാറുണ്ട്. ഈ വിശേഷണ പദം എന്‍റെ കാഴ്ചപ്പാടുകളെയോ അഭിപ്രായങ്ങളെയോ ഉള്‍ക്കൊള്ളുന്നതല്ലെങ്കിലും, അങ്ങനെ വിളിക്കപ്പെടുന്നതിലൂടെ തരംതാഴ്ത്തപ്പെടുന്നതായി തോന്നിയിട്ടില്ല. ഇതിനുകാരണം, ഈ വിശേഷണം ഒരു ശാപവചനം പോലെ ചാര്‍ത്തിക്കിട്ടിയതാണ് എന്നതിനാലാണ്. അതായത്, ദലിത് എന്ന വാക്ക് ജാതീയമായ സങ്കുചിതത്വത്തെ സൂചിപ്പിക്കുന്നതാണെന്ന പൊതുബോധം ശക്തമായിരുന്ന കാലത്ത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ശാപ വചനമാണിത്. കെ.കെ. ബാബുരാജ് എഴുതുന്നു.
പ്രസിദ്ധ ആഫ്രോ-അമേരിക്കന്‍ ഫെമിനിസ്റ്റ് എഴുത്തുകാരിയായ ബെല്‍ഹൂക്സ് ‘അകത്തെയും പുറത്തേയും സെന്‍സര്‍ഷിപ്പ്’ എന്ന പേരില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. വംശീയവാദികളായ വെള്ളക്കാര്‍ക്കു മേല്‍ക്കൈയുള്ള അമേരിക്കന്‍ മാധ്യമരംഗത്ത് കറുത്തവരുടെ പ്രതിഷേധസ്വരങ്ങള്‍ക്കും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും മീതെ പ്രത്യക്ഷവും പരോക്ഷവുമായ വിലക്കുകള്‍ നിലനില്‍ക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം, കറുത്തവരിലെ വിമര്‍ശന സ്വരമുള്ളവരെ ഏതോ അപകടസ്ഥലമായി കാണുന്ന പൊതുബോധം കറുത്തവര്‍ തന്നെ പുനര്‍നിര്‍മ്മിക്കുന്നുണ്ട്. വെളുത്ത വംശീയവാദികളുടെ നിയന്ത്രണ/നിരോധന അധികാരങ്ങള്‍ക്കൊപ്പം വിമര്‍ശനസ്വരങ്ങളോട് കറുത്തവര്‍ കാണിക്കുന്ന ഭയപ്പാടും മാറ്റേണ്ടതിന്‍റെ ആവശ്യകതയാണ് ബെന്‍ഹൂക്സ് ഉന്നയിച്ചത്.
ബെല്‍ ഹൂക്സ്
ദലിത് ബഹുജന്‍-സ്ത്രീ-ന്യൂനപക്ഷ നിലപാടുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ നിന്നും അക്കാദമികവും ഭരണനിര്‍വ്വഹണപരവുമായ മേഖലകളില്‍ നിന്നും പല തരത്തിലുള്ള നിരോധനകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അംഗീകാരമില്ലായ്മക്കും ഒഴിവാക്കലുകള്‍ക്കും പുറമേയാണിത്. ബെല്‍ഹൂക്സ് വിശദീകരിച്ച സെന്‍സര്‍ഷിപ്പിന്‍റെ മറ്റൊരു രൂപമായിട്ടാണ് ഞാന്‍ ഇതിനെ മനസ്സിലാക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളെ കുറിച്ചുപറയാനല്ല, വിമര്‍ശനാത്മകമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ചില റിസ്കുകളെയും തടസ്സവാദങ്ങളെയും പറ്റി സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
പലരും ദലിത് എഴുത്തുകാരന്‍/ചിന്തകന്‍ എന്ന് എന്നെ വിളിക്കാറുണ്ട്. ഈ വിശേഷണ പദം എന്‍റെ കാഴ്ചപ്പാടുകളെയോ അഭിപ്രായങ്ങളെയോ ഉള്‍ക്കൊള്ളുന്നതല്ലെങ്കിലും, അങ്ങിനെ വിളിക്കപ്പെടുന്നതിലൂടെ തരംതാഴ്ത്തപ്പെടുന്നതായി തോന്നിയിട്ടില്ല. ഇതിനുകാരണം, ഈ വിശേഷണം ഒരു ശാപവചനം പോലെ ചാര്‍ത്തിക്കിട്ടിയതാണ് എന്നതിനാലാണ്. അതായത്, ദലിത് എന്ന വാക്ക് ജാതീയമായ സങ്കുചിതത്വത്തെ സൂചിപ്പിക്കുന്നതാണെന്ന പൊതുബോധം ശക്തമായിരുന്ന കാലത്ത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ശാപ വചനമാണിത്.
ഇന്ന് ദലിത് എഴുത്തുകാര്‍/ചിന്തകര്‍ എന്നത് വലിയ ഒരു കുറ്റാരോപിത പദമല്ല. ഈ പേരില്‍ ചിലര്‍ക്കെങ്കിലും കുറെയൊക്കെ മാന്യതയും അംഗീകാരവും കിട്ടുന്നുണ്ട്. എന്നാല്‍, അസ്വസ്ഥത ഉളവാക്കുന്ന കാര്യം ജാതിയെ ‘നോര്‍മലൈസ്’ ചെയ്യുന്ന ഇടപാടുകള്‍ക്കാണ് മാധ്യമങ്ങളും ഭരണനിര്‍വ്വഹണരംഗത്തുള്ളവരും പ്രാധാന്യം കൊടുക്കുന്നത്. ഈ സ്ഥിതിയില്‍, ദലിതരടക്കമുള്ള കീഴാള ബഹുജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വിമര്‍ശനസ്വരങ്ങള്‍ കൂടുതലായി ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത വലുതാണെന്ന് തോന്നുന്നു.
ദലിത് എഴുത്തുകാരന്‍ എന്ന് വിളിക്കപ്പെടുന്നതിനു മുന്‍പ് ‘കലാകൗമുദി’യിലും മറ്റും ചില സാംസ്കാരിക ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ഥി കാലത്ത് ‘നവംബര്‍ ബുക്സ്’ എന്ന സ്ഥാപനം നടത്തുകയും വിശാല ഇടതുപക്ഷ വീക്ഷണത്തിനൊപ്പം യുദ്ധപരതയെയും വംശീയതയെയും പുരുഷാധിപത്യത്തെയും എതിര്‍ക്കുന്ന ചില പുസ്തകങ്ങളും കവിതകളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനു ശേഷം ഒരു ദലിത് സംഘടനയില്‍ ചേരുകയും അവര്‍ നടത്തിയിരുന്ന മാസികയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും നിരവധി സാംസ്കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ട്. ഈ കാര്യം എഴുതുന്നത്, മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ തന്നെ ദലിത് ആക്ടിവിസ്റ്റ് രംഗത്തും പഠനങ്ങളിലും സജീവമായിരുന്നു എന്നു സൂചിപ്പിക്കാനാണ്.
ദലിതെഴുത്ത്; സ്വതന്ത്ര വ്യവഹാരമോ അനുബന്ധമോ
1997-ലാണ് ‘ഭാഷാപോഷിണി’ ഒരു ദലിത് സാഹിത്യപതിപ്പ് പ്രസിദ്ധീകരിച്ചത്. ഡോ. വി.സി ഹാരിസിന്‍റെ മരണാനന്തരം എം.ജി യൂണിവേഴ്സിറ്റിയിലെ ‘അംബേഡ്കറൈറ്റ് വിദ്യാര്‍ഥി പ്രസ്ഥാനം’ നടത്തിയ അനുശോചന സമ്മേളനത്തില്‍, പ്രൊഫസര്‍ ടി.എം യേശുദാസ് മേല്‍പ്പറഞ്ഞ ഭാഷാപോഷിണി പതിപ്പ് ഉണ്ടായത് ഹാരിസിന്‍റെ ഇടപെടല്‍ മൂലമാണെന്ന് സൂചിപ്പിക്കുകയുണ്ടായി. മാത്രമല്ല അതില്‍ “ചിലര്‍ ഒഴിവാക്കപ്പെട്ടു” എന്നദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം പുറമ്പോക്കുകളിലൂടെ മാത്രം സാമൂഹികമായ ചലനം നേടിയിരുന്ന ദലിത് വ്യവഹാരങ്ങള്‍ക്കു മുഖ്യധാരയിലുണ്ടായ ദൃശ്യത എന്ന നിലയിലാണ് ആ സാഹിത്യപതിപ്പിനെ പലരും വര്‍ണിക്കാറുള്ളത്. എന്നാല്‍ മുഖ്യധാരയെ അലോസരപ്പെടുത്തിയ പുതുരൂപീകരണങ്ങളെ ഗതിമാറ്റി ചിത്രീകരിക്കാനാണ് അതു കൂടുതലായി ശ്രമിച്ചതെന്ന് കാണാം. അതില്‍നിന്നും ഒഴിവാക്കപ്പെട്ടവര്‍ ആരൊക്കെയായിരുന്നു എന്നതിനുപരി, ആ ഒഴിവാക്കലിന്‍റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് തോന്നുന്നു.
കീഴാളരില്‍ നിന്നും ഉയര്‍ന്നുവന്ന പുതുകര്‍ത്തൃത്വങ്ങള്‍ നവോഥാനാനുഭവങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിച്ചതിനൊപ്പം, മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളോട് വേര്‍പിരിയുകയും ഡോ. ബി.ആര്‍ അംബേഡ്കര്‍ മുതലായ കീഴാള ചിന്തകരിലേക്ക് അടുക്കുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ ദലിത് വ്യവഹാരങ്ങളുടെ സാന്നിധ്യം ഉണ്ടായത്. ഈ പുതിയ രാഷ്ട്രീയ-നൈതിക സമൂഹ രൂപീകരണത്തിന്‍റെ ചലനാത്മകതയെ പാടെ ഒഴിവാക്കിക്കൊണ്ട് പഴയ ജാതിവാദങ്ങളുടെ പിന്തുടര്‍ച്ചയുള്ള ലളിതയുക്തികളാണ് ഭാഷാപോഷിണിയുടെ ദലിത് പതിപ്പിലൂടെ അവതരിപ്പിക്കപ്പെട്ടത്. ഇതിന് മുഖ്യധാരയില്‍ വേറിട്ട ഒരു മേഖല രൂപപ്പെടുത്താന്‍ കഴിയില്ലെന്നും, അനുബന്ധം (supplement) എന്ന അര്‍ഥത്തിലാണ് ഇവയെ കാണേണ്ടതെന്നും വ്യക്തമാണ്. ഈ ദലിത് സാഹിത്യപ്പതിപ്പ് ‘രസസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയ ഹൈന്ദവ സൗന്ദര്യമീമാംസയെ തൊടുകപോലും ചെയ്തിട്ടില്ലെന്നു’ പിറ്റേ ലക്കം വായനക്കാരുടെ കത്തുകളില്‍ പ്രതികരണമുണ്ടായി.
ഭാഷാപോഷിണിയെ തുടര്‍ന്നു സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ‘സാഹിത്യലോകവും’ ‘ഇന്ത്യാറ്റുഡേ’ മാസികയും ദലിത് സാഹിത്യപതിപ്പുകള്‍ ഇറക്കി. ഇത്തരം സ്ഥാപനങ്ങള്‍ ദലിത് സാഹിത്യം എന്ന ഇനം തിരിക്കലിനെ അംഗീകരിച്ചത് അന്നത്തെ പ്രധാനപ്പെട്ട എഴുത്തുകാരെ ചൊടിപ്പിച്ചു എന്നുവേണം കരുതാന്‍. തല്‍ഫലമായി, ദലിത് പോലുള്ള ഇനംതിരിക്കലുകള്‍ തെറ്റാണെന്നും സാംസ്കാരിക രംഗത്തെ മൂല്യങ്ങള്‍ ഇടിഞ്ഞുപോകാന്‍ ഇതു കാരണമാകുമെന്നും ആദ്യം പ്രഖ്യാപിച്ചത് സുകുമാര്‍ അഴീക്കോടാണ്. തുടര്‍ന്ന് ഒ.വി വിജയനും ടി പത്മനാഭനും നരേന്ദ്രപ്രസാദും അടക്കം പല പ്രമുഖരും രംഗത്തുവന്നു. സ്വാഭാവികമായും മുഖ്യധാരയിലൂടെ പ്രതിനിധാനപ്പെട്ടവര്‍ വിയോജിപ്പുകളോടും എതിര്‍പ്പുകളോടും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അവര്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഇതേസമയം അവര്‍ ആഘോഷപൂര്‍വ്വം ഒഴിവാക്കിയവരില്‍ ചിലരാണ് അഴീക്കോട് മുതല്‍ നരേന്ദ്രപ്രസാദ് വരെയുള്ളവര്‍ക്ക് മറുപടി കൊടുത്തുകൊണ്ട് ദലിത്/സ്ത്രീ മുതലായ ഇനം തിരിക്കലുകള്‍ സാഹിത്യത്തിന്‍റെ ചരിത്രപരമായ വികാസത്തിന്‍റെ ഭാഗമാണെന്നു സ്ഥാപിക്കാന്‍ രംഗത്തുവന്നത്.
ദലിത് പോലുള്ള ഇനംതിരിക്കലുകള്‍ തെറ്റാണെന്നും സാംസ്കാരിക രംഗത്തെ മൂല്യങ്ങള്‍ ഇടിഞ്ഞുപോകാന്‍ ഇതു കാരണമാകുമെന്നും ആദ്യം പ്രഖ്യാപിച്ചത് സുകുമാര്‍ അഴീക്കോടാണ്. തുടര്‍ന്ന് ഒ.വി വിജയനും ടി പത്മനാഭനും നരേന്ദ്രപ്രസാദും അടക്കം പല പ്രമുഖരും രംഗത്തുവന്നു. സ്വാഭാവികമായും മുഖ്യധാരയിലൂടെ പ്രതിനിധാനപ്പെട്ടവര്‍ വിയോജിപ്പുകളോടും എതിര്‍പ്പുകളോടും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അവര്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്.
ഇത്തരം വിവാദങ്ങളും തര്‍ക്കങ്ങളും നടക്കുന്ന അവസരത്തില്‍ എന്‍റെ അടുത്ത സുഹൃത്തും മഹാരാജാസ് കോളേജ് ഹോസ്റ്റലിലെ സഹമുറിയനുമായിരുന്ന ബാലചന്ദ്രന്‍ ചുളളിക്കാട്, ദലിത് സാഹിത്യം, സ്ത്രീസാഹിത്യം മുതലായ ഇനംതിരിക്കലുകള്‍ ശുദ്ധഭോഷ്ക്കാണെന്ന മട്ടില്‍ അഭിപ്രായം പറഞ്ഞതായുള്ള പത്രവാര്‍ത്ത കണ്ടു. അതിനെ വിമര്‍ശിച്ചുകൊണ്ട് കെ. വേണു പത്രാധിപരായിരുന്ന ‘സമീക്ഷ’ മാസികയില്‍ ഞാനൊരു കുറിപ്പ് പ്രസിദ്ധീകരിച്ചു. അതിനോടു ശക്തമായി പ്രതികരിച്ചുകൊണ്ട് ബാലചന്ദ്രന്‍ മറുപടിയെഴുതി. അതിനെയും ഞാന്‍ വിമര്‍ശിച്ചു. ഇതോടെ ബാബുരാജിനെപ്പോലുള്ള ദലിത് വാദികള്‍ ഹിന്ദുമതത്തില്‍ തുടരുന്നത് വഞ്ചനയാണെന്നും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഡോ. അംബേഡ്കറെ പോലെ ഹിന്ദുമതം വിടണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. അദ്ദേഹം ബുദ്ധമതത്തില്‍ ചേരുക തന്നെ ചെയ്തു. ഈ വിവാദത്തില്‍ നേരിട്ടല്ലാതെ ഇടപെട്ട മാര്‍ക്സിസ്റ്റ് നിരൂപകനായ ഇ.പി. രാജഗോപാല്‍ ദലിത് വിമര്‍ശനം ആള്‍ക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ചു. അതിന് സമീക്ഷയിലൂടെ തന്നെ ഞാന്‍ വിശദീകരണം നല്‍കി.
ചുരുക്കിപറഞ്ഞാല്‍, ദലിതരുടെ പേരു പറഞ്ഞ് മുഖ്യധാരയില്‍ തല കാട്ടിയ ചിലര്‍ തങ്ങള്‍ക്ക് ദൃശ്യത മാത്രം മതിയെന്നു തീരുമാനിക്കുകയും തുടര്‍ന്നുള്ള വിവാദങ്ങളിലും കുറ്റപ്പെടുത്തലുകളിലും ഉള്‍പ്പെടാതെ ‘അനുവദനീയമായ അജ്ഞത’ നടിക്കുകയുമാണ് ഉണ്ടായത്. ഈ സ്ഥിതിയില്‍ ആരെങ്കിലും നിശബ്ദത മറികടക്കേണ്ടതുണ്ടെന്ന് കരുതിയതു മൂലമാണ് ഞാന്‍ ദലിത് വാദിയും ശാപഗ്രസ്തനായ എഴുത്തുകാരനും മറ്റുപലതുമായത്. അരികുകളുടെ ഒപ്പം നില്‍ക്കാന്‍ ഹിന്ദുമതം വിടണമെന്നും അല്ലാത്ത ദലിതര്‍ക്ക് അതിനുള്ള അര്‍ഹതയില്ലെന്നുമുള്ള തടസവാദമാണ് എഴുത്തില്‍ ഞാന്‍ അഭിമുഖീകരിച്ച ആദ്യത്തെ റിസ്ക്.
കേരളത്തിന്‍റെ ചരിത്രപശ്ചാത്തലം നോക്കിയാല്‍ കീഴ്ജാതിക്കാര്‍ വലിയ അളവില്‍ മതപരിവര്‍ത്തനം നടത്തിയത് കൊളോണിയല്‍ മോഡേണിറ്റിയിലും അതിനു മുന്‍പുമാണെന്നു കാണാം. നവോഥാനത്തില്‍ സമുദായവല്‍ക്കരണം നിലവില്‍ വന്നതോടെ മതപരിവര്‍ത്തനത്തിന്‍റെ പ്രസക്തി കുറഞ്ഞു. അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, മക്തി തങ്ങള്‍ മുതലായവരുടെ സാമുദായിക പരിഷ്കരണ ശ്രമങ്ങളും ശ്രീനാരായണഗുരു, സഹോദരനയ്യപ്പന്‍ മുതലായവരുടെ ചിന്തകളും ഇ. മാധവന്‍റെ ‘സ്വതന്ത്രസമുദായം’ പോലുള്ള പുസ്തകങ്ങളും അക്കാലത്തെ കീഴാള സമുദായങ്ങള്‍ മതപരിവര്‍ത്തനത്തെ കേന്ദ്രമാക്കി നടത്തിയ സംവാദങ്ങളും ഈ വസ്തുതയെ അടിവരയിട്ടു തെളിയിക്കുന്നുണ്ട്. ഡോ.അംബേഡ്കറിന്‍റെ ബുദ്ധിസത്തിലേക്കുള്ള മതപ്രവേശനത്തെ ഹിന്ദുക്കളോടും സവര്‍ണരോടുമുള്ള പ്രതികാര യുക്തിയായി ചുരുക്കാനാവില്ല. ആധുനികരായ പല പാശ്ചാത്യചിന്തകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഗാന്ധിയെപോലെ തന്നെ അംബേഡ്കറും മതത്തെ ഉള്‍ക്കൊണ്ടത്. സംസ്കാരത്തിന്‍റെ കീഴ്നിലകളെന്ന് പുരോഗമനകാരികള്‍ വിശ്വസിക്കുന്ന പലവിഷയങ്ങളെയും അദ്ദേഹം സമീപിച്ചതിന്‍റെ രീതിശാസ്ത്രമടക്കമുള്ളവ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ദലിത് വാദമെന്നത് ഹിന്ദുക്കളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് ഗാന്ധിസത്തോടോ മാര്‍ക്സിസത്തോടോ ഉള്ള കണക്കുതീര്‍ക്കലിന്‍റെ പ്രശ്നമായും തോന്നിയിട്ടില്ല.
പാശ്ചാത്യ യൂണിവേഴ്സിറ്റികളില്‍ സ്ത്രീവാദങ്ങള്‍ പോലെ, കറുത്തവരുടെ സാഹിത്യകൃതികളും സാമൂഹിക/വൈജ്ഞാനിക രംഗത്തെ ഇടപെടലുകളും പഠന വിഷയമാകാന്‍ തുടങ്ങിയപ്പോള്‍ യാഥാസ്ഥികരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ രൂപപ്പെട്ടു. ഈ വിവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ട് സി.എല്‍.ആര്‍. ജെയിംസ് ‘കറുത്തവരുടെ പുതുകാലത്തെ സാംസ്കാരിക നിര്‍മിതികളെ കാണേണ്ടത് നാഗരികതയുടെ മുന്നോട്ടുപോക്കുമായി കണ്ണിചേര്‍ത്താണെന്ന്’ എഴുതുകയുണ്ടായി. ദലിത് വാദങ്ങളില്‍ ഭാവനപരം എന്നതിനൊപ്പം വൈജ്ഞാനികവും നൈതീകവുമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ വെറും സവര്‍ണ വിരുദ്ധതയും ഭൂതകാല പീഡനങ്ങളെയും വര്‍ത്തമാനകാലത്തെ ‘വിഭവദാരിദ്ര്യ’ത്തെയും പറ്റിയുള്ള കേവല പ്രതിപാദനങ്ങളായി അതിനു ചുരുങ്ങാനാവില്ല. നിശ്ചയമായും, നാഗരികതയുടെ മുന്നോട്ടുപോക്കാണ് അതിനെ തൃഷ്ണാഭരിതവും ജീവിതപ്രലോഭനം നിറഞ്ഞതുമാക്കുന്നത്.
സമീക്ഷയുടെ പ്രസിദ്ധീകരണം നിലച്ചതോടെ മുഖ്യധാരയിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന ‘മാധ്യമം’ വാരികയും കമല്‍റാം സജീവ് എന്ന സഹപത്രാധിപരും ദലിത് വിഷയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായി. തല്‍ഫലമായി അക്കാലത്ത് ഈ വിഷയത്തില്‍ തര്‍ക്കമുന്നയിച്ച കെ.പി അപ്പന്‍, വി.സി ശ്രീജന്‍, ആനന്ദ്, പി.കെ രാജശേഖരന്‍ മുതലായ എല്ലാ പ്രമുഖര്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞു. എതിര്‍വാദങ്ങള്‍ക്കുള്ള വിശദീകരണം എന്നതിനപ്പുറം, ഭാവുകത്വപരമായ മാറ്റത്തെ അടയാളപ്പെടുത്തിയ കലഹങ്ങള്‍ തന്നെയാണ് പലരോടും വേണ്ടിവന്നത്.
ഗാന്ധിജിയുടെ സേവ സങ്കല്പനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഭാഷാപ്രയോഗങ്ങളെക്കാള്‍ അംബേഡ്കറിന്‍റെ ‘കലഹത്തിന്‍റെ പ്രത്യയശാസ്ത്രം’ ഉള്ളടങ്ങിയ ഭാഷയാണ് ആധുനിക ഇന്ത്യയിലെ ദലിതരുടെ സാംസ്കാരിക മൂലധന രൂപീകരണത്തെ സഹായിച്ചതെന്നു ഗോപാല്‍ ഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പ്രദായികമായ ദലിതെഴുത്തുകള്‍ മറ്റുള്ളവരുടെ അനുകമ്പ കിട്ടാനോ ഔദാര്യത്തിന്‍റെ തണലില്‍ നില്‍ക്കാനോ ശ്രമിക്കുമ്പോള്‍ തന്നെ സവര്‍ണരെ പഴി പറയുന്നതും അവരോടു പരാതിപ്പെടുന്നതുമായ ആന്തരികതയാണ് കാണിക്കാറുള്ളത്. ഇതില്‍നിന്നും ഘടനാപരമായി വിട്ടുമാറിയ ഭാഷയിലാണ് തുടക്കം മുതലേ ഞാന്‍ എഴുതാന്‍ ശ്രമിച്ചത്. ഇവിടെയാണ് എഴുത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട റിസ്കിനൊപ്പം തടസവാദങ്ങളും അഭിമുഖീകരിക്കേണ്ടി വന്നത്.
ദലിതരിലെ ബഹുഭൂരിപക്ഷം പേരും കോളനികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവരും ‘ഇല്ലായ്മക്കാരും വല്ലായ്മക്കാരു’മായതിനാല്‍ അവര്‍ക്കുവേണ്ടി എഴുതുകയല്ല അവരെ വിപ്ലവത്തിന് സജ്ജരാക്കി നിര്‍ത്താനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന പുരോഗമനകാരികളുടെ തടസവാദമാണ് ആദ്യം മുഴങ്ങിക്കേട്ടത്. ഈ പറയുന്നതിന്‍റെ അര്‍ഥമെന്താണെന്നുവെച്ചാല്‍, എന്നെ പോലുളളവര്‍ സ്വസമുദായത്തിന്‍റെ പീഡിതാവസ്ഥയെ മറന്നുകൊണ്ടാണ് എഴുതുന്നതെന്നും വിപ്ലവം എന്ന മിനിമം ബാലന്‍സില്ലാത്ത എല്ലാ ഇടപാടുകളും അനാവശ്യമെന്നുമാണ്. വിപ്ലവ പ്രവര്‍ത്തനത്തിന് വേണ്ടിയല്ലെങ്കിലും കോളനികളിലും പുറമ്പോക്കുകളിലും ജീവിക്കുകയും രാജവീഥികള്‍ വിട്ട് ഇടവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തതിനാലാണ് കീഴ്ജാതിക്കാരെ സംബന്ധിച്ച പല പുരോഗമന വായ്ത്താരികളും അസംബന്ധമാണെന്ന് തിരിച്ചറിയാനായത്.
ദലിതരിലെ ബഹുഭൂരിപക്ഷം പേരും കോളനികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവരും ‘ഇല്ലായ്മക്കാരും വല്ലായ്മക്കാരു’മായതിനാല്‍ അവര്‍ക്കുവേണ്ടി എഴുതുകയല്ല അവരെ വിപ്ലവത്തിന് സജ്ജരാക്കി നിര്‍ത്താനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്ന പുരോഗമനകാരികളുടെ തടസവാദമാണ് ആദ്യം മുഴങ്ങിക്കേട്ടത്. ഈ പറയുന്നതിന്‍റെ അര്‍ഥമെന്താണെന്നുവെച്ചാല്‍, എന്നെ പോലുളളവര്‍ സ്വസമുദായത്തിന്‍റെ പീഡിതാവസ്ഥയെ മറന്നുകൊണ്ടാണ് എഴുതുന്നതെന്നും വിപ്ലവം എന്ന മിനിമം ബാലന്‍സില്ലാത്ത എല്ലാ ഇടപാടുകളും അനാവശ്യമെന്നുമാണ്.
വെള്ളക്കാരാല്‍ പരിപോഷിപ്പിക്കപ്പെടുന്ന വംശവിവേചനങ്ങളെയും സാമ്രാജ്യത്വ-പുരുഷ കോയ്മകളെയും എതിര്‍ക്കുന്നതിനൊപ്പം, കറുത്തവരെപ്പോലുള്ള ജനവിഭാഗങ്ങളും മാറ്റങ്ങള്‍ക്കു വിധേയമാകണമെന്ന് വാദിച്ച എഴുത്തുകാരനാണ് ജെയിംസ് ബാള്‍ഡ്വിന്‍. കറുത്തവരുടെ ‘അജ്ഞത’യെ പറ്റിയല്ല, വര്‍ത്തമാനകാലത്തിന്‍റെ സങ്കീര്‍ണതകള്‍ തിരിച്ചറിയുന്നതില്‍ അവര്‍ കാണിക്കുന്ന ‘ഉദാസീനത’യെ പറ്റിയാണ് അദ്ദേഹം താക്കീത് നല്‍കിയത്. ചെന്താരശ്ശേരി എഴുതിയ അയ്യന്‍കാളിയുടെ ആത്മകഥയില്‍ നിന്നും ആവേശം നേടിയും അക്കാലത്ത് ലഭ്യമായ ഗവേഷണ കൃതികള്‍ക്കൊപ്പം കീഴാളരുടെ വാമൊഴിയറിവുകളെയും ഉപദാനമാക്കിയാണ് 1984 ല്‍ കെ.കെ കൊച്ച് ‘അധഃസ്ഥിത ജനത അതിജീവിക്കേണ്ട വെല്ലുവിളികള്‍’ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത്. അതില്‍, ദേശീയവാദ കാഴ്ചപ്പാടുകളെയും വര്‍ഗവീക്ഷണങ്ങളെയും പൊളിച്ചെഴുതുന്നതിനൊപ്പം ദലിതര്‍ക്ക് ഇടയിലെ ജാതി-ഉപജാതി വിഭജനങ്ങളെയും പുരുഷാധിപത്യത്തെയും സംഘടനാ പെരുപ്പത്തെയും ആത്മവിശ്വാസ കുറവിനെപറ്റിയും സൂചിപ്പിക്കുന്നുണ്ട്. അതിനു വേണ്ടി അദ്ദേഹം ഉപയോഗിക്കുന്നത് ‘ആന്തരിക ശൈഥില്യങ്ങള്‍’ എന്ന പരികല്പനയാണ്.
അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ മിക്കവയും മേല്‍പ്പറഞ്ഞ തരത്തിലുള്ള ആഭ്യന്തര സങ്കീര്‍ണതകളെ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ പുരോഗമനകാരികള്‍ പറയുന്ന ‘പൊതു’സാംസ്കാരിക മൂലധനങ്ങള്‍ മതിയാവില്ല. മറിച്ച്, പൊതുവിനെ അപനിര്‍മ്മിച്ചുകൊണ്ടുള്ള സവിശേഷമായ കീഴാള സാംസ്കാരിക മൂലധനങ്ങള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഇപ്രകാരമുള്ള ഒരു ഇടമാണ് എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും വികസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചത്. ഇതിനുവേണ്ടി ലിബറല്‍ ഉട്ട്യോപ്യകളെക്കാള്‍ എഴുത്തുകാരികളുടെ മുറിയെ പറ്റി വിര്‍ജീനിയ വൂള്‍ഫ് പറഞ്ഞതും, ധനജ്ജയ് കീര്‍ എഴുതിയ ബാബസാഹേബ് അംബേഡ്കറിന്‍റെ ജീവചരിത്രത്തില്‍ ‘രാജഗൃഹ’ എന്നു പേരുള്ള അദ്ദേഹത്തിന്‍റെ വീടിനെയും അതിലെ എഴുത്ത്/വായനമുറികളെ കുറിച്ചുള്ള വിവരണങ്ങളുമാണ് എന്നെ പ്രചോദിപ്പിച്ചത്.
കേവല പുരോഗമനവാദികള്‍ ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങള്‍ തന്നെയാണ് ദലിത് ആക്ടിവിസ്റ്റുകളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരില്‍നിന്നും ഈ അവസരത്തില്‍ ഉണ്ടായത്. ദലിതര്‍ എഴുതുന്നതും ദലിതര്‍ക്കു വേണ്ടി എഴുതുന്നതും ‘തെളിമ’ ‘വ്യക്തത’ ‘ലാളിത്യം’ ‘പെട്ടെന്ന് മനസ്സിലാവുന്നത്’ മുതലായ ഗുണങ്ങളുള്ള വിനിമയ ഭാഷയിലാവണമെന്ന തടസ്സവാദമാണ് അവര്‍ ഉന്നയിച്ചത്. ഇങ്ങനെ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും, എഴുത്തിനെയും വായനയെയും അതുമായി ബന്ധപ്പെട്ടു കിടന്ന തിരിച്ചറിവുകളെയും (cognition) പ്രചാരണപരം അല്ലെങ്കില്‍ ഉപകരണവാദപരമായി കാണുന്നു എന്നതാണ് ഇതിലെ കുഴപ്പം.
വ്യക്തി, സമുദായം, പലതരത്തിലുള്ള ബഹിഷ്കൃതാവസ്ഥകള്‍, ഇവ ഉല്‍പ്പാദിപ്പിക്കുന്ന അന്തര്‍ബോധങ്ങള്‍ എന്നിവയിലൂടെ വ്യാപിച്ചുകിടക്കുന്ന തൃഷ്ണകളെയും തിരിച്ചറിവുകളെയും സമകാലീനമാക്കുന്നതില്‍ നിര്‍വീര്യമാണ് സാമ്പ്രദായിക ദലിതെഴുത്തുകള്‍. കറുത്തവരുടെ ‘പറച്ചിലിടം’ എന്നു ടോണി മോറിസണ്‍ പറഞ്ഞതും, ‘ജാതികളുടെ വ്യവഹാരമണ്ഡലം’ എന്ന് കെ.കെ കൊച്ച് വിശേഷിപ്പിച്ചതുമായ വാര്‍പ്പുമാതൃകകള്‍ മാത്രമായി ഇവ കുമിഞ്ഞുകൂടുന്നു.
സമീപകാലത്ത് ദലിതരുടെ സാമൂഹിക നിലയെപറ്റി ഉണ്ടായിട്ടുള്ള അതിഭാവുകത്വം നിറഞ്ഞ നിര്‍വചനങ്ങള്‍, സമരമുദ്രാവാക്യങ്ങള്‍, സാഹിത്യവിചാരങ്ങള്‍, സിനിമകള്‍ എന്നിവയില്‍ പലതും വാര്‍പ്പുമാതൃകകള്‍ ആണെന്ന് കാണാം. ഇവ ജാതിയുടെ സന്നിഹിതത്വത്തെ മാത്രമാണ് സംശയരഹിതമായും മറുചോദ്യമില്ലാതെയും പുനരുല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ‘ഒബ്ജക്ടിഫിക്കേഷനുകള്‍’ പറയാതെ പറയുന്നത്, ദലിതരാണ് ജാതിയുടെ സ്വാഭാവിക പിന്തുടര്‍ച്ചക്കാര്‍ എന്നാണ്. എന്തുകൊണ്ടാണ് തല വാലിനെ ഭക്ഷിക്കുന്നത് പോലുള്ള ഈ അവസ്ഥ ഉണ്ടാക്കുന്നത്? ഇവിടെയാണ് സവര്‍ണ പൊതുബോധത്തിനൊപ്പം സാമ്പ്രദായികമായ ദലിത് അവബോധവും ‘അസന്നിഹിതമാകുന്ന’ പ്രമേയങ്ങളെയും സമരങ്ങളെയും പ്രയോഗങ്ങളെയും പേരുകളെയും പുനര്‍നിര്‍മ്മിക്കേണ്ടിവരുന്നത്.
ഈ കാര്യത്തെ ഒന്നുകൂടെ വിശദീകരിക്കാം. ജാതിവ്യവസ്ഥയെന്നത് ബ്രാഹ്മണ്യത്തിനും സവര്‍ണാധിപത്യത്തിനും വിധേയമായ ശ്രേണീകൃതമായ തരംതിരിവുകളുടെ സമുച്ചയമാണെങ്കിലും ഓരോ ജാതിയും പുലര്‍ത്തുന്ന സ്വയംഭരണം അതിനകത്തെ വിമര്‍ശനസ്വരങ്ങളെ മുന്‍കൂര്‍ തടയുന്നതില്‍ ബദ്ധശ്രദ്ധമാണ്. ഈ ‘നോര്‍മലൈസിങ്’ പ്രക്രിയയെ നിഷേധിക്കുന്നതില്‍ നിര്‍വീര്യത കാണിക്കുന്ന സാമ്പ്രദായിക ദലിത് എഴുത്തുകള്‍ സവര്‍ണ സാഹിത്യം പോലെ ‘ക്രമത്തിന്‍റെ’ ഭാഗമായി മാറുന്നു. ഇത്തരത്തിലുള്ള ക്രമങ്ങള്‍ അസന്നിഹിതമാക്കുന്നത് എന്താണോ, അവയിലൂടെ ദലിത് എഴുത്തുകളെയും മറ്റു ജാതിവിരുദ്ധ പ്രമേയങ്ങളെയും കാണേണ്ടിവരുന്നു എന്നു സാരം. സി അയ്യപ്പനെ പോലുള്ളവരുടെ കഥകളില്‍ കുഴപ്പങ്ങളും ദലിതര്‍ക്കു യോജിക്കാത്ത കാര്യങ്ങളുമാണ് അക്കാലത്തെ സാമ്പ്രാദായിക ദലിത് വിമര്‍ശകര്‍ കണ്ടതെന്ന് ഓര്‍ക്കുക. ദലിതര്‍ക്കും കീഴാള ജനങ്ങള്‍ക്കും ഒപ്പം ചിന്തിക്കുമ്പോഴല്ല, മാറി ചിന്തിക്കുമ്പോഴാണ് അവരുടെ സാംസ്കാരിക മൂലധനങ്ങള്‍ ഉണ്ടാവുകയോ പുതുക്കപ്പെടുകയോ ഉള്ളൂ എന്ന വസ്തുതയാണ് പലര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്തതെന്നുതോന്നുന്നു.
വീണ്ടെടുപ്പുകളും കൂട്ടിച്ചേര്‍ക്കലുകളും
“മേല്‍ക്കൂര തകര്‍ന്നു ചരിത്രരചനയിലേക്ക് പതിച്ചു” എന്നു ഡി.സി കൊസാംബി പറഞ്ഞതുപോലെ, ദലിതെഴുത്തുകാരനാകാന്‍ ഞാന്‍ അപ്രതീക്ഷിതമായി ബാധ്യതപ്പെടുകയായിരുന്നു എന്നു മുന്‍പേ സൂചിപ്പിച്ചു. ഈ ഘട്ടത്തില്‍, കേരളത്തില്‍ ദലിത് കൃതികളായി കരുതപ്പെട്ടിരുന്ന മിക്കവയും ഞാന്‍ വായിക്കുകയുണ്ടായി. 1960-കളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ ദലിത് സാഹിത്യം പോലെയോ അമേരിക്കയിലും വിവിധ പാശ്ചാത്യനാടുകളിലും ആഫ്രിക്കയിലും ഇതേസമയത്തു രൂപം കൊണ്ട മുന്നേറ്റങ്ങളുമായോ താരതമ്യപ്പെടുത്താവുന്ന രചനകള്‍ വളരെ അപൂര്‍വ്വമാണെന്നു തോന്നുകയും ചെയ്തു. കേരളത്തിലെ ദലിത് വിമര്‍ശകര്‍ വാഴക്കുല, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ മുതലായ കൃതികളെ വാഴ്ത്തുകയും അവയുടെ ചുവടുപിടിച്ചുണ്ടാവുന്ന സോഷ്യല്‍ റിയലിസ്റ്റ് വാര്‍പ്പുമാതൃകകളെ സ്വന്തമായി കരുതുകയുമാണുണ്ടായത്. ഇങ്ങനെയുള്ള രചനകള്‍ക്കു മുഖ്യധാരയില്‍ പൊളിച്ചെഴുത്തുകള്‍ നടത്താനോ തൃഷ്ണ ഉല്‍പ്പാദിപ്പിക്കാനോ ബുദ്ധിമുട്ടാണെന്ന് തോന്നിയതിനാല്‍, വിരലിലെണ്ണാവുന്ന ആള്‍ക്കാരുടെ കൃതികളെ മാത്രമേ ഞാന്‍ ദലിത് രചനകളായി കരുതിയുള്ളൂ. ഇവരില്‍ നിന്നും കൂടുതല്‍ എടുക്കുകയും ദലിതേതര പിന്നാക്കക്കാരും സവര്‍ണരും സ്ത്രീകളുമായ എഴുത്തുകാര്‍ രൂപപ്പെടുത്തിയ ചിഹ്നങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ദലിത് വ്യവഹാരങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കുവേണ്ടി ശ്രമിക്കുക എന്ന വെല്ലുവിളിയാണ് ഞാന്‍ സ്വീകരിച്ചത്.
പാശ്ചാത്യ ഫെമിനിസം “വലിയ നിശബ്ദത” എന്നൊരു പ്രതിഭാസമായിട്ടാണ് സ്ത്രീവ്യവഹാരങ്ങളുടെ അഭാവത്തെ കണ്ടെത്തിയത്. ഇതിനു സമാനമായി കേരളത്തില്‍ “കീഴാള നിശബ്ദത”യാണു നിലനില്‍ക്കുന്നതെന്നും അതിനെ അടയാളപ്പെടുത്താന്‍ സാമ്പ്രദായിക ദലിതെഴുത്തുകള്‍ക്കു രീതിശാസ്ത്രപരമായ പരിമിതിയുണ്ടെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ഇതേസമയം, കീഴാള നിശബ്ദതയെ അല്ലെങ്കില്‍ ഉള്ളിലേക്കു മടങ്ങിക്കൊണ്ടുള്ള അതിന്‍റെ നിലനില്‍പ്പിനെ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം സംവഹിക്കുന്നത് പിന്നാക്കക്കാരോ ഈഴവര്‍ പോലുള്ള സമുദായങ്ങളില്‍ നിന്നും വന്ന എഴുത്തുകാരോ ആണെന്നു തിരിച്ചറിയാനായി. ഇപ്രകാരം അനുഭവാത്മകമായ തലത്തിനപ്പുറമുള്ള ജാതിയുടെ/ബ്രാഹ്മണിസത്തിന്‍റെ തുടര്‍ജീവിതം എങ്ങനെയാണെന്ന അന്വേഷണത്തെ സഹായിച്ചത് ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും മുതല്‍ കോവിലനും പട്ടത്തുപിള്ളയും അടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ സൂക്ഷ്മപാരായണമാണ്. ഇവരുടെ രചനകളില്‍ “അബ്രാഹ്മണികം” “അവര്‍ണം” എന്നു വിളിക്കാവുന്ന ഘടകങ്ങള്‍ ഉണ്ടെന്നും അവയെ വീണ്ടെടുക്കുന്നതിലൂടെ ദലിത് വാദങ്ങള്‍ക്ക് ഒരു ചരിത്ര/ദൈനംദിന അനുഭവമെന്ന നിലയില്‍ കൂടുതല്‍ വ്യക്തത കിട്ടുമെന്നും മനസ്സിലായി.
ഇപ്രകാരം അനുഭവാത്മകമായ തലത്തിനപ്പുറമുള്ള ജാതിയുടെ/ബ്രാഹ്മണിസത്തിന്‍റെ തുടര്‍ജീവിതം എങ്ങനെയാണെന്ന അന്വേഷണത്തെ സഹായിച്ചത് ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും മുതല്‍ കോവിലനും പട്ടത്തുപിള്ളയും അടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ സൂക്ഷ്മപാരായണമാണ്. ഇവരുടെ രചനകളില്‍ “അബ്രാഹ്മണികം” “അവര്‍ണം” എന്നു വിളിക്കാവുന്ന ഘടകങ്ങള്‍ ഉണ്ടെന്നും അവയെ വീണ്ടെടുക്കുന്നതിലൂടെ ദലിത് വാദങ്ങള്‍ക്ക് ഒരു ചരിത്ര/ദൈനംദിന അനുഭവമെന്ന നിലയില്‍ കൂടുതല്‍ വ്യക്തത കിട്ടുമെന്നും മനസ്സിലായി.
ഒരു ചരിത്രഘട്ടത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക നിര്‍മിതികളെ നിശബ്ദത, അഭാവം, അസന്നിഹിതത്വം മുതലായ പുറമ്പോക്കു പ്രമേയങ്ങള്‍ കൊണ്ട് വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പൊതുബോധത്തില്‍ വലിയ പിളര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. മുഖ്യധാരയ്ക്കു പുറത്തുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയേ സ്വയം സാക്ഷ്യപ്പെടുത്താനാവൂ എന്ന വസ്തുത ഈ പിളര്‍പ്പിനെ ആഴമുള്ളതാക്കുന്നു. പറഞ്ഞുവരുന്നത്, സവര്‍ണവും ബ്രാഹ്മണികവുമായ പൊതുബോധത്തോടു മാത്രമല്ല, അതിന്‍റെ അനുബന്ധമായി ചുരുണ്ടുകൂടാന്‍ ശ്രമിക്കുന്ന കീഴാളാവബോധങ്ങളെയും അലങ്കോലപ്പെടുത്തുന്ന പുതുഭാവനകളെന്ന നിലയിലായിരിക്കും ഇനിയുള്ള കാലം ദലിത് വ്യവഹാരങ്ങള്‍ ഓര്‍മിക്കപ്പെടുകയെന്നാണ്. യൂറോപ്പിലെ ചെറുസാഹിത്യങ്ങള്‍ എന്നു വിളിക്കപ്പെടുന്നതുമായിട്ടോ ലോകമെമ്പാടുമുള്ള നിഷിദ്ധ/പുറമ്പോക്ക് സാഹിത്യവുമായിട്ടോ കണ്ണിചേര്‍ക്കാവുന്നതാണ് ഇന്ത്യയിലെ ദലിത് സാഹിത്യവും എന്നാണ് എന്‍റെ ധാരണ.
ഇത്തരമൊരു വിചാരത്തിലേക്ക് എന്നെ എത്തിച്ചത് സാമൂഹിക വിപ്ലവത്തിന് വേണ്ടി നിലകൊള്ളുന്നവരെയും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും വേര്‍തിരിക്കാന്‍ ഡോ. ബി.ആര്‍ അംബേഡ്കര്‍ ഉപയോഗിച്ച “ദുഷിച്ച ചിന്താഗതിക്കാര്‍” എന്ന പരികല്‍പനയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പൊതുബോധവും മാധ്യമങ്ങളും വിപ്ലവകാരികളായും പുരോഗമനകാരികളായും കണ്ട് അംഗീകരിക്കുന്നു. ഇതേസമയം, സാമൂഹികമാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ചരിത്രത്തിനു വെളിയിലുള്ളവരായും ദുശാഠ്യക്കാരായും ദുഷിച്ച ചിന്താഗതി പുലര്‍ത്തുന്നവരായും ചിത്രീകരിച്ചു പുറന്തള്ളുന്നു. ജാതി-ലിംഗ വ്യവസ്ഥകളെ പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ടു പുരോഗമനകാരികളുടെ ഉട്ട്യോപ്യകളെ അലോസരപ്പെടുത്തുന്നതു മൂലമാണ് ഈ ശത്രുത രൂപപ്പെടുന്നത്. കേരളത്തെ സംബന്ധിച്ചേടത്തോളം, ഇന്നും അതിശക്തമായി തുടരുന്ന മാര്‍ക്സിസ്റ്റ് പൊതുബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ പട്ടത്തുവിള കരുണാകരന്‍റെ കഥാഖ്യാനങ്ങള്‍ “ദുഷിച്ച ചിന്തയുടെ” പ്രതിനിധാനമുള്‍ക്കൊള്ളുന്നതായി ഞാന്‍ എഴുതി. സി അയ്യപ്പന്‍റെ കഥകളെ പറ്റിയുള്ള പഠനങ്ങളാവട്ടെ “പുറന്തള്ളല്‍” എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചവയായിരുന്നു.
ഇത്തരത്തിലുള്ള അന്വേഷണങ്ങളുടെ സമയത്താണ് കേരളത്തിലെ അക്കാദമിക സമൂഹത്തില്‍ ‘ഉത്തരാധുനികത’ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ രംഗത്ത് ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് മാര്‍ക്സിസത്തോടുള്ള സൈദ്ധാന്തിക വിധേയത്വം ഒഴിവാക്കാനാവില്ലെന്നു പെട്ടെന്നു തന്നെ ബോധ്യപ്പെട്ടു. അതിനാല്‍ ഫൂക്കോ, ദെറീദ, ബാര്‍ത്ത് മുതലായവരുടെ കൃതികളെ കുറെയെങ്കിലും നേരിട്ടു വായിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. പലരും വിശ്വസിക്കുന്നത് പോലെ, മാര്‍ക്സിസത്തിലും ഉത്തരാധുനികതയിലുമുള്ള ഉപരി വായനകളല്ല മറിച്ച്, അറുപതുകള്‍ക്കു ശേഷം ലോകത്ത് ഉണ്ടായ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ മുന്നേറ്റങ്ങളും കറുത്ത ഫെമിനിസവും ഗേ-ലെസ്ബിയന്‍-ഭിന്ന ലൈംഗികതയുടെ ആവിഷ്കാരങ്ങളും കീഴാള ജ്ഞാനപരിക്രമണമെന്നു കണക്കാക്കപ്പെടുന്നതിന്‍റെ വെളിപ്പെടുന്നതും അല്ലാത്തതുമായ സാന്നിധ്യവുമാണ് എന്‍റെ എഴുത്തിന്‍റെ വഴി നിര്‍ണ്ണയിച്ചത്. ഇപ്രകാരം ഏറെക്കുറെ പത്തു വര്‍ഷത്തോളം എഴുതിയ ലേഖനങ്ങളില്‍ നിന്നും തിരഞ്ഞെടുത്തു പ്രസിദ്ധീകരിച്ച ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്ന പുസ്തകത്തിന്‍റെ പ്രമേയപരിസരം ഇതാണ്.
അച്ചടി മാധ്യമങ്ങള്‍ക്ക് ഒപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ പില്‍ക്കാലത്ത് അപരങ്ങളെ കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാനും ‘ലൈംഗികത’യെയും ‘മതപരത’യെയും കുറിച്ച് വേറിട്ട് ചിന്തിക്കാനും കഴിഞ്ഞു എന്നാണ് കരുതുന്നത്. ഇതേസമയം വ്യക്തിവാദത്തിനും എസന്‍ഷ്യലിസത്തിനും എതിരെ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്.
കെ കെ ബാബുരാജ്
കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ്