Who is ‘The People’?: ഭരണഘടനാ ദേശീയവാദവും നവോഥാന മാഹാത്മ്യവും

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനു ശേഷമുള്ള പൗര ജീവിതവും ഭരണഘടനയുടെ ജീവിതവും എങ്ങനെയായായിരുന്നു? ഇതില്‍ തന്നെ എല്ലാവരും തുല്യ പൗരന്‍മാരായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ? പൗരത്വം നിഷേധിക്കപ്പെട്ടവരും മുഴുപൗരന്‍മാരായി പരിഗണിക്കപ്പെടാത്തവരും ഇല്ലേ? ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ പ്രാപ്യമാണോ? കോടതിയും സര്‍ക്കാരും പോലീസും സൈന്യവും തുല്യനീതി ലഭ്യമാക്കുന്നുണ്ടോ? കോടതികളുടെ എല്ലാ തീരുമാനങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത അനുസരിച്ചാണോ? ഇത്തരം ചോദ്യങ്ങള്‍ ഭരണഘടനയുടെ പ്രായോഗികമായ ജീവിതത്തെ കുറിച്ചു ചിന്തിപ്പിക്കുന്നവയാണ്. ഭരണഘടന എന്നത് ഒരു പാഠം എന്നതിനപ്പുറം ഏതു നിലയ്ക്കാണ് പൗരജീവിതത്തില്‍ നിലനില്‍ക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്. എ.എസ്.അജിത്കുമാർ എഴുതിയ ലേഖനത്തിൻ്റെ ഒന്നാം ഭാഗം.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച ചര്‍ച്ചകളും സംഘര്‍ഷങ്ങളും കേരളത്തിലെ പൊതുമണ്ഡലത്തെ ശബരിമലയെന്ന കേന്ദ്രത്തെ ചുറ്റിക്കറങ്ങുന്നതാക്കി മാറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഏറ്റവും താല്‍പര്യമുള്ള വിഷയമെന്ന നിലയില്‍, വില്ലന്‍ വേഷം അണിഞ്ഞുകൊണ്ടു തന്നെ അവര്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിക്കാന്‍ കഴിഞ്ഞു എന്നത് അവരുടെ മറ്റൊരു നേട്ടമാണ്. ഒരുപക്ഷേ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍/അനുകൂലിക്കുന്നവര്‍ എന്ന നിലയ്ക്കുള്ള വൈരുധ്യവും അതിനോട് ഒരു നിലപാട് നിര്‍ബന്ധിക്കുന്ന നിലയിലുമായി കാര്യങ്ങള്‍. അതില്‍ പുരോഗമനപക്ഷം എന്നു സ്വയം വിളിക്കുന്നവര്‍ അതിനെ മറ്റു ഒട്ടേറെ ദ്വന്ദങ്ങളാക്കി മാറ്റി; ആധുനികത/പ്രാചീന വിശ്വാസം, ആചാരം/ജനാധിപത്യ നിയമങ്ങള്‍, മനുസ്മൃതി/ ഇന്ത്യന്‍ നിയമവ്യവവസ്ഥ, മതേതരത്വം/മതം, അനാചാരം/യുക്തിചിന്ത. ഈ രണ്ടു കൂട്ടരുടെയും നിലപാടുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ “മതം/മതേതരത്വം” എന്ന ദ്വന്ദം ഉണ്ടാക്കുന്ന ഒരു കുരുക്കില്‍ കുടുങ്ങി പോകുന്നതായാണ് തോന്നിയിട്ടുള്ളത്.

അതിന്റെ വിശദീകരണത്തിലേക്ക് ഈ കുറിപ്പ് കടക്കുന്നില്ല. (ശബരിമല വിഷയത്തിലെ ആക്രമണോത്സുകമായ സംഘപരിവാര്‍ സാന്നിധ്യം മതത്തിന്റെ തിരിച്ചുവരവോ പ്രാകൃതമോ പ്രാചീനമോയല്ലായെന്നും അതിനെ ഒരു ആധുനികയിടപാടായാണ് കാണേണ്ടതെന്നും തേജസ്‌ ദ്വൈവാരികയിലെ എന്റെ ലേഖനത്തില്‍ ഞാന്‍ വാദിക്കാന്‍ ശ്രമിക്കുന്നുണ്ട്). മറിച്ചു ഈ ഒരു സാഹചര്യത്തില്‍ ഭരണഘടനക്കൊപ്പം എന്ന പേരില്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കപെട്ട “വീ ദ പീപ്പിള്‍” എന്ന പരിപാടിയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചില ആലോചനകളാണ് ഇവിടെ പങ്കു വെക്കാന്‍ ശ്രമിക്കുന്നത്. പ്രധാനമായും മൂന്നു വിഷയങ്ങളുമായി ബന്ധപെട്ടാണു ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.

ഒന്ന്) വീ ദ പീപ്പിള്‍ എന്ന പരിപാടി അവകാശപ്പെടുന്ന, ആഘോഷിക്കുന്ന, അഭിസംബോധന ചെയുന്ന WE ,The people ആരാണ്? എന്താണ്?
രണ്ട്) ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്ന ഭരണഘടനാ ദേശീയവാദം മറ്റു അധീശ ദേശീയ വാദങ്ങളില്‍ നിന്നും വ്യത്യസ്തമാണോ?
മൂന്ന്‌) ആഘോഷിക്കപ്പെടുന്ന കേരള നവോഥാനം പ്രശ്നരഹിതമായ ഒന്നാണോ?

ഒന്ന്: നമ്മള്‍, ജനങ്ങള്‍?

We, the people (of India) എന്ന ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ആദ്യ വാചകമാണ് തങ്ങള്‍ പരിപാടിയുടെ പേരായി സ്വീകരിച്ചിരിക്കുന്നത് എന്ന് പറയുന്നുണ്ട്. അതിന്റെ പരിഭാഷയായി “നമ്മള്‍ ജനങ്ങള്‍” എന്നാണു കൊടുത്തിരിക്കുന്നത്. പരിഭാഷയുടെ പ്രശ്നത്തെക്കാളും അവരുടെ രാഷ്ട്രീയത്തെ ഇതു വ്യക്തമാക്കുന്നുണ്ട്. ഈ പരിപാടിയുമായി ബന്ധപെട്ട നോട്ടീസുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും കാണാന്‍ കഴിയുന്ന ചില വാക്കുകളും ആശയങ്ങളുമുണ്ട്; ഭരണഘടനയുടെ “Sanctity”, Constitutional supremacy, Retrograde view, Scientific thinking, Rational view, ഛിദ്ര ശക്തികള്‍. ഈ സംഗമത്തിന്റെ രാഷ്ട്രീയ പരിസരം ഇതു വരച്ചിടുന്നുണ്ട്. ശബരിമല ചര്‍ച്ചയിലുടനീളം കാണുന്ന ഒരു പ്രവണതയാണ്. “പരമ്പരാഗത” “പ്രാചീന” ആചാരങ്ങളില്‍ കഴിയുന്നവര്‍ ഒരുഭാഗത്തും ആധുനികരും യുക്തിവാദികളും മതേതരരും മറുഭാഗത്തും നില്‍ക്കുന്ന ഒരു വ്യവഹാരത്തിനുള്ളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു ഭാഗത്തു ദൈവവും വിശ്വാസവുമാണെന്നും ഇപ്പുറത്തു ഭരണഘടനയും ശാസ്ത്രവും യുക്തി ചിന്തുമാണെന്ന അവകാശവാദമാണ് കാണുന്നത്. എന്നാല്‍ അവര്‍ എതിര്‍ക്കുന്ന ഭക്തിയുടെ സ്ഥാനത്തു ഭരണഘടനയോടുള്ള കൂറും ഭക്തിയും പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഭരണഘടനയുടെ വിശുദ്ധിയും ആധിപത്യവും ഉന്നയിക്കപ്പെടുന്നത്‌. ഇതില്‍ ഏറ്റവും പ്രശ്നം നിറഞ്ഞത് ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു ആധുനികപൂര്‍വരാഷ്ട്രീയമായി കാണുന്നുവെന്നതാണ്. എന്നാല്‍ ഇതേ വ്യക്തികള്‍ തന്നെ മലയരയ സമുദായം ഉന്നയിക്കുന്ന ഒരു കീഴാള വിശ്വാസത്തിന്റെ ഭാഗമായ ഒരു അവകാശത്തെ അംഗീകരിക്കുന്നുവെന്നത് ഒരു പ്രതിസന്ധിയായിരിക്കാം.

നമ്മള്‍, ജനങ്ങള്‍ എന്ന ഗണങ്ങളെ കുറിച്ചും അവകാശവാദത്തെ കുറിച്ചും ആലോചിക്കാം. ഭരണഘടനയുടെ ആമുഖത്തില്‍ We, the people എന്ന് എഴുതപ്പെട്ടിരിക്കുന്നത് കൃത്യമായിട്ടും ഒരു ദേശരാഷ്ട്ര പൗരത്വത്തിന്റെ ഭാഷയിലാണ്. We the people of India എന്നു തന്നെയാണ് അതില്‍ പറയുന്നത്. അപ്പോള്‍ അതിനു ദേശരാഷ്‌ട്ര സങ്കല്‍പ്പത്തിന് വെളിയില്‍ ഒരര്‍ഥമില്ല. എന്നാല്‍ വീ ദ പീപ്പിള്‍ പരിപാടിയിലെ ജനങ്ങളും നമ്മള്‍ എന്നതും ഈ ദേശീയവാദത്തിന്റെ പുറത്തുള്ള ഒന്നാവാന്‍ തരമില്ല. നോട്ടീസില്‍ പറയുന്നത് “നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും സംരക്ഷിച്ചു നിര്‍ത്താനും, സമത്വവും സ്വാതന്ത്ര്യവും അന്തസ്സും അടക്കമുള്ള മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും നടത്തുന്ന സംഗമത്തില്‍” എന്നാണ്. അപ്പോള്‍ കേവലം ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം എന്നതിനപ്പുറം രാഷ്ട്രത്തെ സംരക്ഷിക്കുക എന്നതു കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. ജനങ്ങള്‍/നമ്മള്‍ എന്നത് ഒരു വൈരുധ്യവുമില്ലാത്ത, ഏക സ്വഭാവമുള്ള ഒന്നായാണോ കാണുന്നത്? കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുമേല്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ വ്യത്യസ്ത സമുദായങ്ങളുടെ ദൃശ്യതയും കേള്‍വിയും അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. ദലിത്, ആദിവാസി, പിന്നോക്ക ജാതി, മുസ്‌ലിം സമുദായങ്ങളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ദ്വന്ദരഹിത (Non Binary) ലിംഗ സ്വത്വങ്ങളുടെയും വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളുടെയും ഒക്കെ പ്രസ്ഥാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളായ രാഷ്ട്രീയം ഉയര്‍ത്തുകയും ജാതി, വര്‍ഗം, വംശം, ലിംഗം, മതം എന്നിവയുമായി ബന്ധപ്പെട്ട ശകലങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടു വരികയും ചെയ്തു. ഇതു“മലയാളി”, “നമ്മള്‍”, “ജനങ്ങള്‍” തുടങ്ങിയ പ്രശ്നരഹിത നിര്‍മിതികളെ അലോസരപ്പെടുത്തി.

ഇടതു ചിന്താഗതി നിലനിന്നിരുന്ന വര്‍ഗത്തെ മാത്രം ചുറ്റിപറ്റിയുള്ള നിര്‍മിതികളെയും ഉലക്കുന്ന ഒന്നായിരുന്നു ഈ രാഷ്ട്രീയധാരകള്‍. എന്നാല്‍ ഇപ്പോള്‍ ഈ “മനുഷ്യന്‍”, “മലയാളി”, “നമ്മള്‍” എന്നീ സാമൂഹിക ഗണങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ ആഘോഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ്? മനുഷ്യ സംഗമം എന്ന ഇടതു പരിപാടിയോടു കൂടിയാണ് “മനുഷ്യന്‍”, “മാനവികത” എന്നത് ഒരു വിപ്ലവ/പുരോഗമന രാഷ്ട്രീയമായി കൂടുതലും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയത്. ജാതി, വര്‍ഗ, മത, ലിംഗ സംഘര്‍ഷങ്ങളെ മറച്ചു കൊണ്ട് മനുഷ്യന്‍ എന്ന നിര്‍മിതിയെ ആഘോഷിക്കുന്ന ഒന്നായിരുന്നു അത്. എന്നാല്‍ ആ “മനുഷ്യന്‍” കൃത്യമായും “മുസ്‌ലിം” എന്നതിനെ എതിര്‍പക്ഷത്തു നിര്‍ത്തി നിര്‍മിച്ചെടുത്ത ഒന്നായിരുന്നു. മുസ്‌ലിംകളെ ഒഴിവാക്കുകയായിരുന്നില്ല മനുഷ്യസംഗമം, മറിച്ച് അത് ആലോചിക്കപ്പെട്ടത് ‘മുസ്‌ലിം രാഷ്ട്രീയം’ എന്ന ശത്രുവിനെ മുന്‍നിര്‍ത്തി തന്നെയായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. ഈ മനുഷ്യ സംഗമത്തിന്റെ വ്യവഹാരം തന്നെയാണ് വീ ദ പീപ്പിള്‍ എന്ന പരിപാടിക്കുമുള്ളത്. അതു പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയെയാണ്.

ആ “മനുഷ്യന്‍” കൃത്യമായും “മുസ്‌ലിം” എന്നതിനെ എതിര്‍പക്ഷത്തു നിര്‍ത്തി നിര്‍മിച്ചെടുത്ത ഒന്നായിരുന്നു. മുസ്‌ലിംകളെ ഒഴിവാക്കുകയായിരുന്നില്ല മനുഷ്യസംഗമം, മറിച്ച് അത് ആലോചിക്കപ്പെട്ടത് ‘മുസ്‌ലിം രാഷ്ട്രീയം’ എന്ന ശത്രുവിനെ മുന്‍നിര്‍ത്തി തന്നെയായിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. ഈ മനുഷ്യ സംഗമത്തിന്റെ വ്യവഹാരം തന്നെയാണ് വീ ദ പീപ്പിള്‍ എന്ന പരിപാടിക്കുമുള്ളത്. അതു പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയെയാണ്.

രോഹിത് വെമുലയുടെ വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ദലിത് ബഹുജന്‍ മുസ്‌ലിം ഇടതു കൂട്ടായ്മകളില്‍ നിന്നും മുസ്‌ലിം രാഷ്ട്രീയത്തെ പുറന്തള്ളാനും ദലിത് രാഷ്ട്രീയം തങ്ങള്‍ക്കെതിരെ നില്‍ക്കുന്നതിനെ മറികടക്കാനുമായിരുന്നു ലാല്‍ സലാം-നീല്‍ സലാം എന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടത്. വീ ദ പീപ്പിള്‍ എന്നതിന്റെ സംഘാടനത്തിലും അതിന്റെ വ്യവഹാരത്തിലും ഉള്ള ഇടതുപക്ഷ രാഷ്ട്രീയം ഈ നിലക്ക് ദലിത്-ബഹുജന്‍ രാഷ്ട്രീയവുമായുള്ള അവരുടെ വൈരുധ്യത്തെ മറികടക്കാനുള്ള ശ്രമമാണെന്ന് കരുതുന്നു. മനുഷ്യ സംഗമത്തിന്റെ അവസരത്തില്‍ നിന്നും വീ ദ പീപ്പിളിലേക്ക് എത്തുമ്പോള്‍ ദലിത്/ബഹുജന്‍ സൈദ്ധാന്തികരില്‍ ചിലരെങ്കിലും അതിന്റെ കേന്ദ്രത്തില്‍ സ്ഥാപിക്കപെട്ടുവെന്നതാണ് ഇടതു പക്ഷത്തെ സംബന്ധിച്ചുള്ള വിജയം.

ജനം എന്ന ഗണത്തിലേക്ക്‌ തിരിച്ചു വരാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ദേശീയ ഐക്യം/ഭരണകൂടം എന്നതുമായി ബന്ധപെട്ട് എല്ലാ സമയത്തും “ജനങ്ങള്‍” അതിന്റെ ഭാഗത്ത് സ്വാഭാവികമായി പ്രതിഷ്ഠിക്കപ്പെടുന്നില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്‌. ഭരണകൂടം, ദേശം, രാഷ്ട്രം എന്നിവയോടു വ്യത്യസ്തമായ നിലക്കായിരിക്കാം ജനങ്ങള്‍ ഇടപെടുന്നത്. ജനങ്ങള്‍ എന്നതു തന്നെ നിര്‍വചിക്കപ്പെടുന്നത് പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത രീതിയിലാകാം. ഗുജറാത്തില്‍ സ്ഥാപിക്കപെട്ട സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ പ്രതിമയുടെ പേര്‍ “സ്റ്റാച്യൂ ഓഫ് യൂണിറ്റി” എന്നാണെങ്കിലും നര്‍മദാ ജില്ലയിലെ ആദിവാസികളും ചെറുകിട കര്‍ഷകരും അതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതു മറ്റൊരു നിലയ്ക്കാണ്. അവരുടെ ഭൂമിയുടെ മേലുള്ള അധികാരം കവര്‍ന്നെടുക്കപ്പെടുന്നതിനെതിരെയും ആദിവാസി വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റത്തിനെതിരെയും ആയിരുന്നു അവരുടെ പ്രതിഷേധം.അതില്‍ ഒരേസമയം പ്രാദേശിക അധികാരവും സമുദായ അധികാരവും വരുന്നുണ്ട്. ദേശീയ ഐക്യം എന്നു പറയുന്ന ഒരു അധീശ യുക്തിയല്ല അവരുടെ പ്രശ്നമായി വരുന്നത്. ഈ വിഷയത്തില്‍ ജനങ്ങള്‍ എന്നതിനു വരുന്ന അര്‍ഥം വ്യത്യസ്തമാണ് എന്നാണു പറയാന്‍ ശ്രമിക്കുന്നത്.

“നമ്മള്‍” എന്ന അധികാരം

നമ്മള്‍ എന്നതു നിര്‍വചിക്കുന്നത് ഉള്‍ക്കൊള്ളലും ഒഴിവാക്കലും നടത്തി കൊണ്ടാണെന്നതു പോലെ മറ്റൊരു പ്രശ്നവും പ്രധാനമാണ്. ഒട്ടേറെ വ്യത്യസ്തതകള്‍ ഉള്ള സമുദായങ്ങള്‍/വ്യക്തികള്‍, ദേശത്തോടും സമൂഹത്തോടും രാഷ്ട്രീയത്തോടും ഇടപെടുന്നതിലെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നവര്‍ ഒക്കെ ഉള്ളപ്പോള്‍ എല്ലാവരെയും ചേര്‍ത്തു “നമ്മള്‍” എന്നു വിളിക്കാന്‍ എവിടുന്നാണ് അധികാരം ലഭിക്കുന്നത് എന്ന ഒരു ചോദ്യമുണ്ട്. ഇതില്‍ രാഷ്ട്രത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ രാഷ്ട്രം വരച്ചിട്ടിരിക്കുന്ന അതിര്‍ത്തിക്കകത്തു എല്ലാവരും ഒരുപോലെയല്ല ചിന്തിക്കുന്നതും രാഷ്ട്രത്തെ അനുഭവിക്കുന്നതും. എല്ലാവര്‍ക്കും ഒരേപോലെയല്ല നീതി ലഭിക്കുന്നത് എന്ന് പറയുന്നവര്‍ തന്നെയല്ലെ ഈ പരിപാടികളിലും ഉള്ളവര്‍. ഒരു രാഷ്ട്രത്തിന്റെ ഓരങ്ങളില്‍ താമസിക്കുന്നവരെ, രാഷ്ട്രത്തിന്റെ അതിര്‍ത്തികളോടും ചരിത്രത്തോടും വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെ എങ്ങനെയാണ് കാണുക?

കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളുടെ കാര്യമെടുക്കുക. ഒരുപക്ഷേ അവിടുത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് അല്‍പ്പം അനുഭാവം പ്രകടിപ്പിച്ചാല്‍ ആരായാലും ജയിലില്‍ കിടക്കേണ്ടിവരും. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ പെട്ടെന്ന് വ്യക്തമാകും. ജെ.എന്‍.യുവില്‍ രാജ്യദ്രോഹം എന്ന പേരില്‍ വിവാദം ഉയര്‍ന്നു വന്ന സാഹചര്യങ്ങളും സിനിമാ തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട അറസ്റ്റുകളും ഓര്‍ക്കുക. രാഷ്ട്രം അതിനോടുള്ള കൂറ് എത്രത്തോളം ഹിംസാത്മകമായാണ് ആവശ്യപ്പെടുന്നത് എന്നു കാണാം.

എണ്‍പതുകളില്‍ പഞ്ചാബ്, കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ വളരെ സജീവമായിരുന്നപ്പോള്‍ ദേശീയോദ്ഗ്രഥനം, അഖണ്ഡത എന്ന വാക്കുകള്‍ ഭരണകൂടം സ്ഥിരമായി ഉയര്‍ത്തിയിരുന്നു. അന്നു ഭരണകൂട ഭാഷയിലെ ഒരു മുഖ്യ ആകര്‍ഷണം “നമ്മള്‍” എന്ന പ്രയോഗമായിരുന്നു. ദൂരദര്‍ശനില്‍, ആകാശവാണിയില്‍, സ്കൂളുകളില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങളും മറ്റു പരിപാടികളും സജീവമായിരുന്നു.

എണ്‍പതുകളില്‍ പഞ്ചാബ്, കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ വളരെ സജീവമായിരുന്നപ്പോള്‍ ദേശീയോദ്ഗ്രഥനം, അഖണ്ഡത എന്ന വാക്കുകള്‍ ഭരണകൂടം സ്ഥിരമായി ഉയര്‍ത്തിയിരുന്നു. അന്നു ഭരണകൂട ഭാഷയിലെ ഒരു മുഖ്യ ആകര്‍ഷണം “നമ്മള്‍” എന്ന പ്രയോഗമായിരുന്നു. ദൂരദര്‍ശനില്‍, ആകാശവാണിയില്‍, സ്കൂളുകളില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങളും മറ്റു പരിപാടികളും സജീവമായിരുന്നു. അവയുടെയൊക്കെ പ്രമേയം “നമ്മള്‍” രാഷ്ട്രത്തിലെ ജനങ്ങള്‍ ഒന്നാണെന്നും എല്ലാ വ്യത്യാസങ്ങളും മറക്കണമെന്നുമായിരുന്നു. “മിലേ സുര്‍ മേരാ തുമാരാ” തുടങ്ങിയ കാല്‍പനികമായ ഐക്യം പറയുന്ന ജനപ്രിയ ഗാനങ്ങളുടെ മറുവശത്ത് സൈനിക നടപടികളും നടക്കുന്നുണ്ടായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് കശ്മീരിലെ പെല്ലെറ്റ് വിവാദമൊക്കെയുണ്ടാകുന്നത്. അഫ്സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവരുടെ വധശിക്ഷയുമായി ബന്ധപെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഈ സമയത്ത് “നമ്മള്‍” എന്നു പറയുമ്പോള്‍ അത് ആരാണ്? രാഷ്ട്രത്തിന്റെ ഭാഗത്ത്‌ നില്‍ക്കുന്നവരോ? അതോ രാഷ്ട്രം തന്നെയാണോ നമ്മള്‍? പലപ്പോഴും പൗരന്‍മാര്‍ എന്നതും ഭരണകൂടം എന്നതും വേര്‍തിരിക്കാന്‍ കഴിയാത്ത ഒന്നായാണോ ഈ നമ്മള്‍ മനസിലാക്കപ്പെടുന്നത്? രാഷ്ട്രീയ ന്യൂനപക്ഷങ്ങള്‍ ഈ നമ്മളില്‍ പെടുമോ?

രണ്ടു: ഭരണഘടനാ ദേശീയവാദം എന്നത് ഒരു അധീശ ദേശീയവാദമോ?

സിവില്‍ സമൂഹത്തിന്റെ ഭാഗമായി പ്രതിഷേധവും ചെറുത്തുനില്‍പ്പുകളും മുന്നോട്ടു വെക്കുന്നവരാണ് ഇപ്പോള്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഭരണഘടനാ ദേശീയവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇത് അധീശ ദേശീയ വാദങ്ങളോട് രാഷ്ട്രീയമായി വിച്ഛേദനം നേടുന്നുണ്ടോ? ഭരണഘടനാ ദേശീയവാദം/ദേശാഭിമാനം എന്ന സങ്കല്‍പ്പത്തെ കുറിച്ച് ആലോചിക്കാം. ഒന്നാമതായി ഭരണഘടനാ മൂല്യങ്ങളെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടുള്ള ദേശീയവാദം ലോകത്തു പുതിയൊരു പ്രവണതയൊന്നുമല്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പശ്ചിമ ജര്‍മനിയില്‍ കാള്‍ ജെസ്പെര്‍സ് എന്ന ദാര്‍ശനികനാണ് ഈ സങ്കല്‍പ്പം ആദ്യമായി കൊണ്ടു വരുന്നത്; പിന്നീട് ഡോള്‍ഫ് സ്റ്റേണ്‍ബര്‍ഗര്‍ (Dolf Sternberger) 1979ല്‍ അതു വികസിപ്പിച്ചു. കാള്‍ ജെസ്പെര്‍സ് അത്തരമൊരു സങ്കല്‍പ്പം കൊണ്ടുവരുന്നത് യുദ്ധാനന്തര ജര്‍മനിയിലെ നാസി ഭൂതകാലത്തെ കുറിച്ചുള്ള കുറ്റബോധത്തെ മറികടക്കാനായിരുന്നു. മറ്റൊരു തരത്തിലുള്ള ജര്‍മന്‍ ഐക്യത്തെ കുറിച്ചു ചിന്തിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. സ്റ്റേണ്‍ബര്‍ഗര്‍ “ഭരണഘടനയുടെ സുഹൃത്തുകള്‍” എന്ന സങ്കല്‍പ്പം കൊണ്ടുവരികയും അതു “ഭരണഘടനയുടെ ശത്രുക്കള്‍ക്കെതിരെ”യുള്ള ഒന്നായി അവതരിപ്പിക്കുകയും ചെയ്തു. ഈ സങ്കല്‍പ്പത്തിന്റെ സ്വാധീനം ഇന്നും നിലനില്‍ക്കുന്നതായും അതു “തീവ്രവാദികള്‍”ക്കെതിരെയും അവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും ഉപയോഗിക്കപ്പെടുന്നതായും യാന്‍ വെര്‍നെ മുല്ല്യര്‍ (Jan-Werner Muller) പറയുന്നുണ്ട്.

പിന്നീടു 1986-ലാണ് ഹേബര്‍മാസ് ഭരണഘടനാ ദേശാഭിമാനത്തിനു മറ്റൊരു വീക്ഷണവുമായി വരുന്നത്. ജര്‍മന്‍ സ്വത്വത്തെ നോര്‍മലൈസ് ചെയ്യുന്നതിനും യാഥാസ്ഥികമായ ഒരു ദേശാഭിമാനത്തിനെതിരെയുമാണ് ഇത്തരം ഒരു സങ്കല്‍പ്പം കൊണ്ടു വരുന്നത്. ഭരണഘടനാ ദേശീയവാദം എന്ന രാഷ്ട്രീയ സങ്കല്‍പ്പം ഇന്ത്യന്‍ സാഹചര്യത്തിലും മുന്‍പു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2016-ല്‍ ദേശീയഗാനത്തെ കുറിച്ചുള്ള കോടതിവിധിയില്‍ ദേശീയഗാനം ഭരണഘടനാ ദേശാഭിമാനത്തിന്‍റെ അടയാളമാണെന്നും വ്യക്തിയവകാശങ്ങളെ കുറിച്ചു വ്യക്തിപരമായി ചിന്തിച്ചുണ്ടാക്കുന്ന വ്യത്യസ്ത വ്യാഖ്യാനങ്ങളെ ഭരണഘടന അംഗീകരിക്കുന്നില്ല എന്നും പറയുന്നു. അന്നു വ്യാപകമായ വിമര്‍ശനം ഉയര്‍ത്തപ്പെട്ട ഒരു വിധിയായിരുന്നു ഇത്. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കും വ്യത്യസ്തമായ സങ്കല്‍പ്പങ്ങള്‍ക്കും ഇത് ഇടം കൊടുക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടു.

വീ ദ പീപ്പിള്‍ എന്ന പരിപാടി ഉയര്‍ത്തുന്ന ഭരണഘടനാ ദേശീയവാദം സംവാദത്തിന്റെ മണ്ഡലത്തില്‍ ഒരു കുരുക്കുണ്ടാക്കുന്നുണ്ട്. അംബേ‍ഡ്കര്‍ ഭരണഘടനാ നിര്‍മാണ അസംബ്ലിയുടെ ചെയര്‍മാന്‍ ആയിരുന്നുവെന്നതിനെ രാഷ്ട്രീയമായ ഒരു ധര്‍മസങ്കടമാക്കി മാറ്റുന്നുണ്ട്. ഭരണഘടന/ദേശീയത/രാഷ്ട്രം എന്നിവയെ കുറിച്ചുള്ള വിമര്‍ശനം അല്ലെങ്കില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, ചോദ്യങ്ങള്‍ എന്നതിനെ ഭരണഘടനക്കും അംബേഡ്കറിനും എതിരെയുള്ള ആക്രമമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഭരണഘടന സമം അംബേഡ്കര്‍ എന്ന നിലയ്ക്കാണ് കണക്കാക്കപ്പെടുന്നത്. ദേശരാഷ്ട്രം/ദേശീയത എന്നിവയെ കുറിച്ചു മാറി വരുന്ന ചിന്തകള്‍, സൈദ്ധാന്തിക അന്വേഷണങ്ങള്‍, പൗരന്‍മാരുടെ ഭരണഘടനാനന്തര അനുഭവങ്ങള്‍ തുടങ്ങിയവ കണക്കാക്കപ്പെടുന്നില്ല. രാഷ്ട്രം, ഭരണഘടന എന്നിവ ഒരിക്കലും മാറാതെ നില്‍ക്കുന്ന/നില്‍ക്കേണ്ട ഒന്നാണോ?

അംബേഡ്കറും ഭരണഘടനയുടെ സംഘര്‍ഷങ്ങളും

ഭരണഘടന ചരിത്രപരമായ ഒരു നിര്‍മിതിയാണല്ലോ. കൊളോണിയല്‍ അധികാരത്തില്‍ നിന്നുള്ള അധികാര കൈമാറ്റവും, പുതിയ രാഷ്ട്ര രൂപീകരണവും, അന്നത്തെ ദേശീയ സങ്കല്‍പ്പങ്ങളും, ദ്വിരാഷ്ട്രത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും, ജാതി/മത സമുദായങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും എല്ലാം ചേര്‍ന്ന ഒരു സംഘര്‍ഷഭരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് ഭരണഘടന രൂപംകൊള്ളുന്നത്‌. ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകള്‍ ഈ സംഘര്‍ഷങ്ങളെ വ്യക്തമാക്കുന്നതാണ്. ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഒക്കെയാണ് ഭരണഘടന നിലവില്‍ വരുന്നത്.

ഭരണഘടനാ നിര്‍മാണ അസംബ്ലിയുടെ ചെയര്‍മാനായിരുന്ന അംബേഡ്കറെ സംബന്ധിച്ച് നിലവില്‍ വരുന്ന രാഷ്ട്രത്തിലെ അയിത്ത ജാതിക്കാരുടെ സ്ഥാനവും സാമൂഹ്യ നീതിയും ജനായത്തവും ആയിരുന്നു പ്രധാനം. ഭരണഘടനാ നിര്‍മാണം എന്നത് സംഘര്‍ഷം നിറഞ്ഞ ഒന്നാണെന്ന പോലെ അത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപെട്ട ഒന്നാകണമെന്നില്ല. ചരിത്രപരമായ പരിമിതികളുണ്ടാകാം. അതുകൊണ്ടു തന്നെ ഒരു പാഠത്തില്‍ മാത്രം അത് ഒതുങ്ങി നില്‍ക്കുന്നില്ല. വ്യാഖ്യാനങ്ങള്‍ വേണ്ടി വരുന്നത് അതു കൊണ്ടാണല്ലോ. എന്നാല്‍ വീ ദ പീപ്പിള്‍ ഭരണഘടനയുടെ വിശുദ്ധി സംരക്ഷിക്കണമെന്നാണ് പറയുന്നത്. അതായത് പാഠത്തിന്റെ ഉള്ളില്ലാണ് എല്ലാമിരിക്കുന്നതെന്ന്. ഭരണഘടനാനന്തര ലോകത്തെ വീക്ഷണങ്ങളുടെയും സൈദ്ധാന്തിക ലോകത്തിന്‍റെയും മാറ്റങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല.

ഭരണഘടനയോടുള്ള അംബേഡ്കറിന്‍റെ നിലപാടുകളില്‍ വന്ന മാറ്റങ്ങളെ എങ്ങനെ കാണും?

“എന്റെ സുഹൃത്തുക്കൾ പറയുന്നു ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. പക്ഷേ അതു കത്തിച്ചുകളയുന്ന ഒന്നാമത്തെയാൾ ഞാൻ തന്നെയാകും എന്ന് പറയുവാനും ഞാനൊരുക്കമാണ്. എനിക്ക് ഇതു വേണ്ട. ആര്‍ക്കും യോജിച്ചതല്ല ഇത്” എന്ന് 1953-ല്‍ രാജ്യസഭയില്‍ വെച്ച് ​അംബേഡ്കര്‍ പറയുകയുണ്ടായി. പിന്നീട് 1955 മാര്‍ച്ച് 19-നു ഇത് വിശദീകരിക്കുന്നുണ്ട്; “എന്റെ സുഹൃത്ത് പറയുന്നു ഞാൻ കഴിഞ്ഞ തവണ ഇവിടെ സംസാരിച്ചപ്പോൾ ഭരണഘടന കത്തിക്കുമെന്ന് പറഞ്ഞുവെന്ന്. ശരിയാണ്, പക്ഷേ തിടുക്കത്തിൽ എനിക്കതു വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എന്റെ സുഹൃത്ത് എനിക്ക് അതിനൊരു അവസരം ഒരുക്കിയിരിക്കുന്നതിനാൽ ഞാൻ പറയാം. ഇതാണ് ഞാൻ അങ്ങനെ പറഞ്ഞതിന് കാരണം. ദൈവങ്ങൾക്കു വന്നു താമസിക്കാനായി നമ്മൾ ഒരു ദേവാലയം സ്ഥാപിച്ചു. പക്ഷേ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതിന് മുന്നേ തന്നെ ചെകുത്താൻ ആ ഇടം സ്വന്തമാക്കിയാൽ ദേവാലയം തകർക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനാവുക. ഈ ദേവാലയത്തിൽ അസുരന്‍മാര്‍ സ്ഥാനം പിടിക്കണമെന്നല്ല, ദേവന്മാർ സ്ഥാനം പിടിക്കണമെന്നായിരുന്നു നമ്മൾ ആഗ്രഹിച്ചത്. ഭരണഘടന കത്തിക്കണമെന്ന് ഞാൻ പറയാൻ കാരണമിതാണ്”.

ഭരണഘടന/ദേശീയത/രാഷ്ട്രം എന്നിവയെ കുറിച്ചുള്ള വിമര്‍ശനം അല്ലെങ്കില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, ചോദ്യങ്ങള്‍ എന്നതിനെ ഭരണഘടനക്കും അംബേഡ്കറിനും എതിരെയുള്ള ആക്രമമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഭരണഘടന സമം അംബേഡ്കര്‍ എന്ന നിലയ്ക്കാണ് കണക്കാക്കപ്പെടുന്നത്. ദേശരാഷ്ട്രം/ദേശീയത എന്നിവയെ കുറിച്ചു മാറി വരുന്ന ചിന്തകള്‍, സൈദ്ധാന്തിക അന്വേഷണങ്ങള്‍, പൗരന്‍മാരുടെ ഭരണഘടനാനന്തര അനുഭവങ്ങള്‍ തുടങ്ങിയവ കണക്കാക്കപ്പെടുന്നില്ല. രാഷ്ട്രം, ഭരണഘടന എന്നിവ ഒരിക്കലും മാറാതെ നില്‍ക്കുന്ന/നില്‍ക്കേണ്ട ഒന്നാണോ?

1955-ല്‍ ഭാഷാ സംസ്ഥാനങ്ങളെ കുറിച്ചുള്ള പ്രബന്ധതിലും അദേഹം ഭരണഘടനയോടുള്ള പ്രശ്നം പങ്കു വെക്കുന്നുണ്ട്. പുതിയ ഭരണഘടന പല പരിരക്ഷകളും ഉപേക്ഷിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. അംബേഡ്കര്‍ തന്നെ ഇത്തരം നിലപാടിലേക്ക് എത്തുമ്പോള്‍ വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട പൗരജനങ്ങളുടെ ഭരണഘടനാന്തര അനുഭവങ്ങള്‍ വച്ച് ചിന്തിക്കാന്‍ പാടില്ലെന്നാണോ? ഭരണഘടന നിര്‍മാണത്തില്‍ മാത്രം എത്തിനില്‍ക്കുന്ന ഒന്നല്ല അംബേഡ്കറുടെ രാഷ്ട്രീയം എന്നു ഞാന്‍ കരുതുന്നു.

റിപ്പബ്ളിക്കാനന്തര ഭരണഘടനാ ജീവിതം

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനു ശേഷമുള്ള പൗര ജീവിതവും ഭരണഘടനയുടെ ജീവിതവും എങ്ങനെയായായിരുന്നു? ഇതില്‍ തന്നെ എല്ലാവരും തുല്യ പൗരന്‍മാരായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ? പൗരത്വം നിഷേധിക്കപ്പെട്ടവരും മുഴുപൗരന്‍മാരായി പരിഗണിക്കപ്പെടാത്തവരും ഇല്ലേ?ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ പ്രാപ്യമാണോ? കോടതിയും സര്‍ക്കാരും പോലീസും സൈന്യവും തുല്യനീതി ലഭ്യമാക്കുന്നുണ്ടോ? കോടതികളുടെ എല്ലാ തീരുമാനങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത അനുസരിച്ചാണോ? ഇത്തരം ചോദ്യങ്ങള്‍ ഭരണഘടനയുടെ പ്രായോഗികമായ ജീവിതത്തെ കുറിച്ചു ചിന്തിപ്പിക്കുന്നവയാണ്. ഭരണഘടന എന്നത് ഒരു പാഠം എന്നതിനപ്പുറം ഏതു നിലയ്ക്കാണ് പൗരജീവിതത്തില്‍ നിലനില്‍ക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

സമീപകാലത്ത് നിരവധി ആളുകളെ ആത്മഹത്യയിലേക്ക് നയിച്ച ആസാമിലെ എന്‍.ആര്‍.സി (National Register of Citizens) വിഷയം തന്നെയെടുക്കുക. എന്‍.ആര്‍.സിയുടെ അവസാന കരടു ലിസ്റ്റില്‍ നാല്‍പതു ലക്ഷത്തോളം പേരാണ് ഇടം പിടിക്കാത്തവരായി ഉള്ളത്. വര്‍ഷങ്ങളായി ആസാമില്‍ ജീവിച്ചു വന്നവര്‍ പോലും പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും കഴിയാത്ത പക്ഷം “വിദേശി”കളായി കണക്കാക്കപ്പെടുകയും പ്രത്യേക തടവു കേന്ദ്രങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്യും. മൂവായിരം പേരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയുന്ന കേന്ദ്രത്തിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു ആസാം സര്‍ക്കാര്‍ അനുമതി നേടുകയും ചെയ്തു. സ്വന്തം ഇടങ്ങളില്‍ നിന്നും വിദേശികളായി മുദ്രകുത്തപ്പെട്ട് തടവിലേക്കു മാറ്റപ്പെടുന്ന ഈ സാഹര്യം പൗരത്വ പ്രശ്നത്തിന്റെ സങ്കീര്‍ണതയെ തന്നെയല്ലെ വ്യക്തമാക്കുന്നത്? ദേശീയത/പൗരത്വം എന്നതിന് അതിര്‍ത്തികളുമായും കുടിയേറ്റവുമായും ഒക്കെയാണ് ബന്ധം. വോട്ടര്‍ പട്ടികയില്‍ സംശയിക്കപ്പെടുന്നവര്‍ എന്ന പേരില്‍ “ഡി” എന്നു മാര്‍ക്ക് ചെയ്യപ്പെടുന്നവരുടെ അവസ്ഥ ആലോചിക്കേണ്ടതാണ്. അവര്‍ക്കു പൗരത്വത്തിന്‍റെ സവിശേഷ ആനുകൂല്യമുള്ളവര്‍ പറയുന്ന “WE” ഒരു ഹിംസയായിട്ടല്ലെ അനുഭവപ്പെടുക?

കോടതിയും പോലീസും അടക്കം നിഷേധിക്കുന്ന നീതിയും ഭരണകൂട സംവിധാനങ്ങള്‍ പുലര്‍ത്തുന്ന വിവേചനവും ഒക്കെ റിപ്പബ്ലിക്കാനന്തര ഇന്ത്യയിലെ ദൈനംദിന അനുഭവമാണ്. ഗുജറാത്ത് വംശഹത്യാ സമയത്തും ഭരണകൂട സംവിധാനങ്ങളുടെ വിവേചനം ബോധ്യപ്പെട്ടതാണ്. സാധാരണയായി ഭരണകൂടത്തില്‍ നിന്നും നീതി ലഭിക്കുമ്പോള്‍ ഭരണഘടനുടെ മഹത്വമായും, മറിച്ച് നീതി നിഷേധവും വിവേചനവും ഉണ്ടാകുമ്പോള്‍ ഭരണഘടന പാലിക്കപ്പെടുന്നില്ലായെന്നും അതില്‍ നിന്നുള്ള വ്യതിയാനമായും കണക്കാക്കപ്പെടുന്നു. ഭരണകൂട പ്രതിസന്ധിയെ ഭരണഘടനയുടെ ആന്തരിക പ്രശ്നമായി കാണാറില്ല. സൈനിക നടപടികളും മനുഷ്യാവകാശ നിഷേധവും അടിയന്തരാവസ്ഥയും എങ്ങനെയാണ് ഭരണഘടന സാധുത നല്‍കുന്നത് എന്നൊരു ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ഈ സംഘര്‍ഷങ്ങളെ കാണാതെ ഭരണഘടനയുടെ കേവലമായ ആഘോഷം എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒന്നാണോ?

എ.എസ്.അജിത്കുമാർ

ഈ അവസരത്തില്‍ ഒരു കാര്യം കൂടി ആലോചിക്കേണ്ടതുണ്ട്. മനുഷ്യ സംഗമവും വീ ദ പീപ്പിളും ഒക്കെ ആഘോഷിക്കുന്ന മനുഷ്യര്‍ എപ്പോഴും പൗരര്‍ മാത്രമാണോ? മനുഷ്യരുടെ വിശ്വാസം, ദൈനംദിന ജീവിതം, പ്രണയം, ലൈംഗികത, വിനോദം, മത ജീവിതം തുടങ്ങിയ എല്ലാം ദേശരാഷ്ട്രം/ഭരണഘടന എന്നീ അതിരുകളില്‍ മാത്രം ഒതുങ്ങുന്നതാണോ?

(അവസാനിക്കുന്നില്ല.)

Top