ഭീകരവാദപഠനങ്ങൾ : ഇന്ത്യയിലും ആഗോളതലത്തിലും
ഇന്ത്യന്‍ വിദേശ നയത്തില്‍ നടക്കുന്ന മാറ്റങ്ങളെ സാമാന്യബോധത്തിന്റെ ഭാഗമായി പ്രതിഫലിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞു ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം അക്കാദമിക പഠനശാഖ എന്ന നിലയില്‍ ഭീകരവാദ പഠനത്തിന്റെ മേഖലയില്‍ ഒരു മാറ്റവും സാധ്യമാക്കില്ല. ഇസ്ലാം സമം ഭീകരവാദം എന്ന വാര്‍പ്പു മാതൃക ഉറപ്പിക്കാന്‍ മാത്രമേ ഈ നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂ. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം ഭീകരവാദ പഠനങ്ങളുടെ രീതിശാസ്ത്രപരമായ സംവാദത്തിലേക്ക് നയിക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഭീകരവാദ പഠനങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനും അത്തരമൊരു വൈജ്ഞാനിക മണ്ഡലത്തിന്റെ സാധ്യതയെ തള്ളിക്കളയാതെ ഭീകരവാദത്തെപ്പറ്റി പുതിയ രീതിയില്‍ ആലോചിക്കാനും സഹായിക്കുന്ന സംവാദമായി അത് മാറേണ്ടതുണ്ട്. കെ. അഷ്റഫ് എഴുതുന്നു.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യുന്ന ആശയമാണ് ഇസ്‌ലാമിക ഭീകരവാദം. ഇസ്‌ലാമിക ഭീകരവാദത്തെക്കുറിച്ചുള്ള പഠനകേന്ദ്രങ്ങളും അക്കാദമിക പരിപാടികളും തുടങ്ങാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട് . രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ നടക്കുന്ന ഈ നീക്കം വ്യാപക രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അക്കാദമിക രംഗത്തു നടക്കുന്ന ഈ രഹസ്യനീക്കം ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘപരിവാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുതിയ രൂപമാണ്. അതിനാല്‍ത്തന്നെ, പാഠ്യപദ്ധതിയിലും അക്കാദമിക സ്വാതന്ത്ര്യത്തിലും നടത്തുന്ന ഈ ഇടപെടല്‍ സവിശേഷ അന്വേഷണം അര്‍ഹിക്കുന്നുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍, ഇസ്‌ലാമിക ഭീകരവാദ പഠനം ആരംഭിക്കാനുള്ള നീക്കം നടത്തുകയും പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനത്തില്‍നിന്നു പിന്മാറുകയും ചെയ്തത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. ഇപ്പോള്‍ ദല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ അങ്ങനെയൊരു നീക്കം നടക്കുന്നുണ്ട്. ജെ.എന്‍.യുവില്‍നിന്നു വ്യത്യസ്തമായി, ഹിന്ദുത്വാഭിമുഖ്യമുള്ള അക്കാദമിക ലോബി ദല്‍ഹി സര്‍വകലാശാലയില്‍ സജീവമാണ്.
നേരത്തെ ഇന്ത്യന്‍ മാധ്യമങ്ങളും സിനിമകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപരിപ്ലവമായി ചര്‍ച്ച ചെയ്ത ഇസ്‌ലാമിക ഭീകരവാദപ്രശ്‌നങ്ങള്‍ അക്കാദമിക രംഗത്തേക്കു വരുമ്പോള്‍ സുപ്രധാനമായ വിമര്‍ശനം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക ഭീകരവാദം മാത്രം ഒറ്റതിരിച്ചു ചര്‍ച്ച ചെയ്യപ്പെടുകയും സമാന സ്വഭാവമുള്ള മറ്റു മത/മതേതര/ഭരണകൂട ഭീകരവാദങ്ങള്‍ പേരിനു പോലും വിഷയമാവാതിരിക്കുകയും ചെയ്യുന്നു എന്ന വൈരുധ്യമാണത്.
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഭീകരവാദ പഠനങ്ങള്‍ ആരംഭിക്കുന്നതു പുതിയ കാര്യമൊന്നുമല്ല. അതിനൊരു അനന്യത ഇല്ലതാനും. എന്നാല്‍ പ്രസ്തുത പഠനശാഖയുടെ തിരഞ്ഞെടുത്ത ഉപയോഗവും പ്രയോഗവും ആണു പ്രശ്‌നവല്‍ക്കരിക്കേണ്ടത്. ഭീകരവാദം എന്ന രാഷ്ട്രീയ/സാമൂഹിക പ്രതിഭാസത്തെക്കുറിച്ചുള്ള പഠനശാഖ, തുറന്ന അന്വേഷണത്തിനും വസ്തുനിഷ്ഠമായ വൈജ്ഞാനിക മുന്നേറ്റത്തിനും ആധാരമാകുന്ന തരത്തില്‍ പുനസ്സംഘടിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ശരിക്കുമുള്ള രാഷ്ട്രീയ വെല്ലുവിളി.
എന്നാല്‍ വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഭീകരവാദ പഠനങ്ങള്‍ (Terrorism studies) ആരംഭിക്കുന്നതു പുതിയ കാര്യമൊന്നുമല്ല. അതിനൊരു അനന്യത ഇല്ല താനും. എന്നാല്‍ പ്രസ്തുത പഠനശാഖയുടെ തിരഞ്ഞെടുത്ത ഉപയോഗവും (selective use) പ്രയോഗവും ആണു പ്രശ്‌നവല്‍ക്കരിക്കേണ്ടത്. ഭീകരവാദം എന്ന രാഷ്ട്രീയ/സാമൂഹിക പ്രതിഭാസത്തെക്കുറിച്ചുള്ള പഠനശാഖ തുറന്ന അന്വേഷണത്തിനും വസ്തുനിഷ്ഠമായ വൈജ്ഞാനികമുന്നേറ്റത്തിനും ആധാരമാകുന്ന തരത്തില്‍ പുനസ്സംഘടിപ്പിക്കാന്‍ കഴിയുമോ എന്നതാണു ശരിക്കുമുള്ള രാഷ്ട്രീയ വെല്ലുവിളി. ആ അര്‍ഥത്തില്‍ കേന്ദ്ര സർക്കാറിന്റെ നീക്കം തുറന്ന അക്കാദമിക അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ഇടപാടാണ്. അതിനാല്‍ത്തന്നെ അതു വിമര്‍ശിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ചര്‍ച്ചയുടെ കേന്ദ്രമായി മാറേണ്ടതു ലിബറല്‍ ജനാധിപത്യ ദേശരാഷ്ട്രക്രമത്തിലെ ഭീകരതയുടെ സ്ഥാനം തന്നെയാണ്. അത്തരമൊരു തിരിച്ചറിവ് ഭീകരവാദ പഠനങ്ങളുടെ പുതിയ മേഖലകള്‍ അനാവരണം ചെയ്യേണ്ടതുണ്ട്. അതാവട്ടെ ഭീകരവാദ പഠനത്തെ അക്കാദമിക ശാഖ എന്ന നിലയില്‍ തള്ളിക്കളയാതെ തന്നെ, പുതിയ രീതിയില്‍ കൂടുതല്‍ തുറന്ന സ്വഭാവത്തോടെ പുന:ക്രമീകരികാന്‍ സഹായിക്കുന്ന നീക്കവുമാണ്.
ഭാഷയും രൂപങ്ങളും
ഭീകരവാദത്തെപ്പറ്റിയുള്ള ചര്‍ച്ച മുസ്ലിം ജിവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സന്ദര്‍ഭങ്ങളെയും നിര്‍ണയിക്കുന്ന രീതികള്‍ വിചിത്രമാണ്. ‘ഇസ്‌ലാമിക ഭീകരവാദം’ എന്ന പ്രയോഗം മറ്റു രീതികളിലുള്ള ഭീകരവാദത്തെക്കാള്‍ നോർമലൈസ് ചെയ്യപ്പെടുന്നതു പരിശോധിക്കേണ്ട കാര്യമാണ്. ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. റോബര്‍ട്ട് ഫിസ്‌ക് അറിയപ്പെടുന്ന ഇടതുപക്ഷ സ്വഭാവമുള്ള പത്രപ്രവര്‍ത്തകനാണ്. ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അദ്ദേഹം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമുള്ള പത്രപ്രവര്‍ത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇറാഖ് അധിനിവേശമടക്കമുള്ള വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതി എല്ലാവരും പ്രശംസിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെ
പോലെയുള്ള പത്രപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഭാഷയും രൂപകങ്ങളും, ആഴത്തില്‍ വേരോടിയ ഇസ്ലാമോഫോബിയയുടെ നിഘണ്ടുവിന്റെ ഭാഗമാണെന്ന വിമര്‍ശനം Being a Muslim in the World (Routledge 2012) എന്ന പഠനത്തില്‍ ഹാമിദ് ദബാഷി നടത്തുന്നുണ്ട്.
പ്രതിനിധി എന്ന് അര്‍ഥമുള്ള ഖലീഫ എന്ന അറബിപദം ലോകത്ത് എല്ലാത്തരം രാഷ്ട്രീയ അധികാര ചൂഷണത്തിന്റെയും പര്യായമായി ബോധപൂര്‍വമോ അബോധപൂര്‍വമോ കണക്കാക്കാന്‍ തുടങ്ങി എന്നത് നിസ്സാരമായ കാര്യമല്ല. പ്രവാചകന്‍ മുഹമ്മദിന്റെ മരണശേഷം എ.ഡി. 632 മുതല്‍ തുടങ്ങുന്ന ഇസ്ലാമിക ഭരണവ്യവസ്ഥയുടെ സാരഥിയായിരുന്നു ഖലീഫ അബൂബക്കര്‍. അവിടുന്നങ്ങോട്ട് ആ പദം മുസ്ലിം ചരിത്രത്തിലും വര്‍ത്തമാനത്തിലും സങ്കീര്‍ണമായ വ്യവഹാരമായി നിലനിന്നുപോന്നിട്ടുണ്ട്. ഈ ചരിത്രത്തെ മുഴുവന്‍ അട്ടിമറിച്ചാണ് റോബർട്ട് ഫിസ്‌ക് രാഷ്ട്രീയ തിന്മയുടെ പ്രതിരൂപമായി ഖലീഫ എന്ന രൂപകത്തെ മനസ്സിലാക്കുന്നത്.
ദബാഷി ഉന്നയിച്ച മാധ്യമഭാഷയുടെ ഈ വിമര്‍ശനം നേരത്തെ സൂചിപ്പിച്ച പോലെ എല്ലാ മതങ്ങളുടെ കാര്യത്തിലും സംഭവിക്കുന്ന ഒന്നല്ല. ആഗോള മാധ്യമ/വൈജ്ഞാനിക വ്യവഹാരങ്ങളില്‍ ഇസ്ലാം എന്ന മതത്തിനു മാത്രം സംഭവിക്കുന്ന കാര്യമാണ്. മതം ഇസ്ലാമാവുമ്പോള്‍ ലിബറല്‍ മാധ്യമ വ്യവഹാരങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഈ ചര്‍ച്ചയുടെ പ്രധാന ഭാഗമാണ്.
വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഇന്നത്തെ ലിബറല്‍ ഭീകരവാദവിരുദ്ധ വ്യവഹാരങ്ങള്‍ പലപ്പോഴും ലിബറല്‍ ജനാധിപത്യത്തിന്റെ പുറത്താണ് ഭീകരവാദത്തെ പ്രതിഷ്ഠിക്കുന്നത്. അതിനാലാണ് ഖലീഫ പോലുള്ള ഇസ്ലാമികമായ പൂര്‍വാധുനിക ചിഹ്നങ്ങളിലേക്കും രൂപകങ്ങളിലേക്കും ചർച്ചകളെ നിരന്തരം മാറ്റി പ്രതിഷ്ഠിക്കേണ്ടി വരുന്നത്. എന്നാല്‍ ആധുനിക ഭീകരവാദം ലിബറല്‍ ജനാധിപത്യത്തിന്റെ തന്നെ ആന്തരികതയുടെ ഭാഗമാണെന്നാണു പുതിയ വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സമീപനം ഭീകരവാദ പഠനത്തെ കുറേക്കൂടി ബഹുസ്വരമാക്കുകയും ചെയ്യുന്നു.
ഭീകരവാദവും ഹിംസയുടെ ആഖ്യാനങ്ങളും
ആധുനിക രാഷ്ട്രീയ സാമൂഹിക ക്രമത്തിന്റെ കേന്ദ്ര വൈരുധ്യങ്ങളില്‍ ഒന്നായി ഭീകരവാദത്തെ കാണാന്‍ ശ്രമിക്കുന്ന പഠനങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകള്‍ ഈ അര്‍ഥത്തില്‍ പരിഗണിക്കേണ്ടതുണ്ട് . ആധുനികഹിംസയുടെ ആഖ്യാനങ്ങള്‍ പൂര്‍വാധുനിക മത/രാജ ഹിംസകളുടെ രീതിയില്‍ നിന്നു പലനിലക്കും വ്യത്യാസപ്പെടുന്നുണ്ട്. ഭയപ്പെടുത്തി അടക്കിനിര്‍ത്താന്‍ ഭരണകൂടത്തിനും ഭരണകൂടേതര സംവിധാനങ്ങള്‍ക്കും സാധിക്കുമെന്ന് തന്നെയാണ് ആധുനിക ഹിംസയുടെ ഇതപര്യന്തമുള്ള ചരിത്രം തെളിയിക്കുന്നത്. ആധുനിക ഭീകരവാദത്തിന്റെ രാഷ്ട്രീയം പഠിക്കുമ്പോള്‍ ഫ്രഞ്ച് വിപ്ലവം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല.
ജനാധിപത്യ വിപ്ലവത്തിന്റെ എക്കാലത്തെയും ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണല്ലോ ഫ്രഞ്ച് വിപ്ലവം. 1790കളില്‍ വിപ്ലവാനന്തര ഫ്രഞ്ച് രാഷ്ട്രീയ സാഹചര്യത്തില്‍ ഉപയോഗിച്ച ലെ ടെറര്‍ (La Terreur) എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ആധുനിക ഭീകരവാദത്തെക്കുറിച്ചുള്ള പുതിയ വ്യവഹാരങ്ങള്‍ ഉണ്ടാവുന്നത്. ദി കമ്മിറ്റി ഓഫ് ദി പബ്ലിക് സേഫ്റ്റി എന്ന പേരില്‍, വിപ്ലവശത്രുക്കളെ ഉന്മൂലനം നടത്തുകയും ഹിംസയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത വിപ്ലവകാരികളായ ജാകോബിനുകള്‍ സ്വയം വിശേഷിപ്പിച്ചത് ഭീകരവാദികള്‍ (terrorists) എന്നായിരുന്നു.
മാക്‌സ്മീലിയന്‍ റോബസ്പിയറിന്റെ സഹചാരിയായ ലൂയി ആന്റ്വ ലിയോണ്‍ സൈന്റ്‌റ്-ജസ്റ്റ് (Louis Antoine Léon de Saint-Just) നടത്തിയ പ്രസ്താവന ആധുനിക ഭീകരവാദത്തിന്റെ ഏറ്റവും നല്ല വിശദീകരണങ്ങളില്‍ ഒന്നായി പല ഗവേഷകരും ചൂണ്ടിക്കാട്ടാറുണ്ട്.. ജനാധിപത്യ റിപബ്ലിക് എന്ന പേരില്‍ നടത്തെപ്പെട്ട ആധുനിക ഭീകരവാദത്തിന്റെ ഏറ്റവും മികച്ച ന്യായീകരണമായി ഈ പ്രസ്താവന ഇന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘What do you want, you who do not want virtue in order to be happy? What do you want, you who do not want the Terror to be used against the wicked?. ഫ്രാന്‍സിലെ വിപ്ലവകാരിയും 1793-ലെ ഫ്രഞ്ച് ഭരണഘടനയുടെ ശില്‍പികളില്‍ ഒരാളുമായ സൈന്റ് ജസ്റ്റ്, വിപ്ലവശത്രുവിന്റെ ഉന്മൂലനം നന്മയും സന്തോഷവും നല്‍കുന്ന ഒന്നായി പ്രഘോഷിച്ചിരുന്നു. ഈ വാദം ആധുനിക ഹിംസയുടെ കൈവഴികളെക്കുറിച്ച് ആലോചിക്കുന്നവര്‍ ശ്രദ്ധിക്കാതെ തരമില്ല. ഫ്രഞ്ച് ജനാധിപത്യ റിപബ്ലിക്കന്‍ മൂല്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന ഒന്നായി ഹിംസയെ സാധൂകരിക്കുന്ന ഈ വിപ്ലവകാരി നല്‍കുന്ന പാഠം എന്താണ്? എല്ലാത്തരം രാഷ്ട്രീയ വ്യവഹാരങ്ങളുടെയും, എല്ലാ നിയമങ്ങളും മറക്കുന്ന, എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത തരത്തില്‍ അതിന്റെ അപരമായി തുടരുന്ന ഹിംസയുടെ അടയാളങ്ങളെക്കുറിച്ചാണ് ഈ വ്യവഹാരം സംസാരിക്കുന്നത്. ആധുനിക ഹിംസ എന്നത് ആധുനിക സാമൂഹിക ക്രമത്തിന്റെ ഭാഗമായി കാണാന്‍ ഈ സമീപനം പ്രേരിപ്പിക്കുന്നു.
ലൂയി പതിനാലാമന്റെ തലയറുത്ത സെന്റ് ജസ്റ്റ് അടക്കമുള്ള വിപ്ലവകാരികള്‍ നടത്തിയ ഭീകരവാദ ഹിംസയുടെ രാഷ്ട്രീയം എന്താണ്? ഫ്രഞ്ച് രാഷ്ട്രീയ ചിന്തകനായ ക്ലോഡ് ലെഫോയുടെ നിരീക്ഷണ പ്രകാരം രാജാവിന്റെ ഇടം എന്നത് അധികാരത്തിന്റെ ഇടമാണ്. രാജാവിന്റെ തല പോയപ്പോള്‍ രാജാധികാരം നിന്ന ഇടം ശൂന്യമായി. ശൂന്യമായ ഈ ഇടത്തെ നിറക്കാന്‍ വിപ്ലവകാരികള്‍ കൂട്ടുപിടിച്ചത് ജനം എന്ന ആശയത്തെയാണ്. രാജാവിന്റെ തലയറുത്ത വിപ്ലവകാരികള്‍ ജനം എന്ന പുതിയ സംവര്‍ഗത്തെ ഈ അധികാരത്തിന്റെ കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു. യഥാര്‍ഥത്തില്‍ ജനം എന്നത് സ്വയം പ്രതിനിധീകരിക്കുന്ന ഒന്നല്ല. ജനത്തിന്റെ പ്രതിനിധാനം എന്നത് അധികാരത്തിന്റെ ഇടത്തില്‍ പ്രതീകാത്മകമായാണു സംഭവിക്കുന്നത്. ഈ പ്രതീകാത്മകത ഉണ്ടാക്കുന്ന അനിശ്ചിതത്വം മറികടക്കാനും രാജാവിന്റെ ഉന്മൂലനം സാധ്യമാക്കിയ അധികാര ഇടത്തിന്റെ ശൂന്യതയെ ഇല്ലാതാക്കാനുമാണ് സംഹരിക്കേണ്ട ശത്രുവിനെ കണ്ടെത്താനും നിരന്തരം ഹിംസകളില്‍ ഏർപ്പെടാനും വിപ്ലവകാരികള്‍ ശ്രമിക്കുന്നതെന്നു ലെഫോ വിവരിക്കുന്നു. വിപ്ലവത്തെ ഭീഷണിപ്പെടുത്തുന്ന ഒന്നിനെ മറുവശത്തു സങ്കല്പിക്കാതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ വിപ്ലവകാരികള്‍ക്കു സാധിക്കുന്നില്ല. ഹിംസയിലൂടെ സാധ്യമാകുന്ന ഈ ഭീകരത അധികാരത്തിന്റെ ഇടം ഉണ്ടാക്കുന്ന അനിശ്ചിതാവസ്ഥയെ മറികടക്കാന്‍ സഹായിച്ചു. ലക്കാനിയന്‍ മനോവിശ്ലേഷണ സിദ്ധാന്തങ്ങളിലെ ഫാന്റസിയുടെ തലം ഈ പ്രശ്‌നത്തിനുണ്ട് .
സാമൂഹിക -രാഷ്ട്രീയ ക്രമത്തിന്റെ കേന്ദ്രത്തിലുള്ള ഈ അനിശ്ചിതാവസ്ഥയാണ് ആധുനിക ഭീകരവാദത്തെ മറ്റു പൂര്‍വാധുനിക ഹിംസകളുടെ സവിശേഷതകളില്‍ നിന്നു വേറിട്ടതാക്കുന്നതാണ്.
സാമൂഹികതയുടെ അനിശ്ചിതത്വം ആധുനിക ഭീകരവാദത്തെ നിരന്തരം സാധ്യമാക്കുന്ന ഒന്നാണ്. ഏതു് ആധുനിക സാമൂഹിക വ്യവസ്ഥയുടെയും ആന്തരിക വൈരുധ്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഒന്നായി ആധുനിക ഭീകരവാദത്തെയും അതിന്റെ ഉപോൽപ്പന്നമായ പ്രതിഭീകരവാദത്തെയും മനസ്സിലാക്കാം. നിയമത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതീകാത്മക അധികാരത്തെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന വ്യവഹാരമായി ഭീകരവാദം മാറുന്നു.
സാമൂഹികതയുടെ അനിശ്ചിതത്വം ആധുനിക ഭീകരവാദത്തെ നിരന്തരം സാധ്യമാക്കുന്ന ഒന്നാണ്. ഏതു് ആധുനിക സാമൂഹിക വ്യവസ്ഥയുടെയും ആന്തരിക വൈരുധ്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഒന്നായി ആധുനിക ഭീകരവാദത്തെയും അതിന്റെ ഉപോൽപ്പന്നമായ പ്രതിഭീകരവാദത്തെയും മനസ്സിലാക്കാം. നിയമത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതീകാത്മക അധികാരത്തെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന വ്യവഹാരമായി ഭീകരവാദം മാറുന്നു. നിലവിലുള്ള വ്യവസ്ഥയുടെ അനിശ്ചിതത്വത്തെയും ശൂന്യതയെയും പുറത്തുകൊണ്ടുവരുന്ന ഇടപാടായി ഭീകരവാദം സ്ഥാനം നേടുന്നു. അതിനാല്‍ത്തന്നെ പുതിയ ശത്രു ഉണ്ടാകുന്നതും നിര്‍മിക്കപ്പെടുന്നതും ആധുനിക രാഷ്ട്രീയ സാമൂഹിക ക്രമത്തില്‍ നിരന്തരം സംഭവിക്കുന്നതായി കാണാം. ഇന്നത്തെ ഭീകരവാദികള്‍ നാളത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍ ആവുന്ന വൈരുധ്യം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ഹിംസാത്മകമായ രാഷ്ട്രീയസമരങ്ങള്‍ കാണിച്ചു തന്നതാണ്.
ഹിംസയുടെ വിമർശനം
ആധുനിക രാഷ്ട്രീയ ഹിംസയുണ്ടാക്കുന്ന ആഖ്യാനത്തിന്റെ പ്രശ്‌നങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ സാഹചര്യത്തില്‍ വാൾട്ടർ ബെന്യാമിന്‍ ആലോചിക്കുന്നത് ഹിംസയുടെ വിമര്‍ശനം (Critique of Violence) എന്ന പഠനത്തില്‍ വായിക്കാവുന്നതാണ്. ഭീകരവാദ ഹിംസയെക്കുറിച്ചു മാത്രമല്ല നിയമവും ഹിംസയും തമ്മിലെ ബന്ധത്തെപ്പറ്റിക്കൂടി ഈ ഉപന്യാസത്തില്‍ ബെന്യാമിന്‍ ആലോചിക്കുന്നുണ്ട്. ഹിംസയുടെ ഒരു വംശാവലിയാണ് ഈ ഉപന്യാസത്തില്‍ കാണാന്‍ കഴിയുന്നത്.
ഒരു കര്‍മം എപ്പോഴാണു ഹിംസാത്മകമാകുന്നത്? രണ്ടു രീതികളിലാണ് ഈ ചര്‍ച്ച ഉള്ളത്. ലക്ഷ്യം സാധുവല്ലെങ്കില്‍ ഒരു കര്‍മം ഹിംസയായി തീരുമെന്ന വാദമാണ് ഒന്നാമത്തേത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. ഇത് ഹിംസ ഒരു സ്വാഭാവിക സംഗതിയാണെന്ന വീക്ഷണത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായ ഹിംസയുടെ സിദ്ധാന്തം ഇതായിരുന്നുവെന്നും ബെന്യാമിന്‍ നിരീക്ഷിക്കുന്നു. വിപ്ലവ ലക്ഷ്യം പൂർത്തീകരിക്കുന്നിടത്തോളം ഹിംസ സാധുവാണെന്ന കാഴ്ചപ്പാട് വിപ്ലവകാരികള്‍ക്ക് ഉണ്ടായിരുന്നു. ഈ കാഴ്ചപ്പാടനുസരിച്ച് ഹിംസയുടെ വിമര്‍ശനം ഒരിക്കലും സംഭവിക്കുന്നില്ല. ഇതിന്റെ മറുവശമാണ് രണ്ടാമത്തെ വാദം. ഹിംസയുടെ മാര്‍ഗവും ലക്ഷ്യം പോലെ പ്രധാനമാണെന്നതാണ് അവരുടെ കാഴ്ചപ്പാട്. നല്ല ലക്ഷ്യമാണെങ്കിലും ഹിംസയുടെ എല്ലാ മാര്‍ഗവും ഈ സമീപനമനുസരിച്ചു സാധുവാകില്ല. എങ്കിലും മാര്‍ഗത്തെക്കുറിച്ചുള്ള ഈ വിമര്‍ശനവും ഹിംസയെക്കുറിച്ചുള്ള ഭാഗിക വീക്ഷണം മാത്രമാണ്. ഇത് ഹിംസയെ സമ്പൂര്‍ണമായി വിമര്‍ശിക്കുന്ന ഒന്നല്ല.
വാൾട്ടർ ബെന്യാമിന്‍ പക്ഷേ രണ്ടാമത്തെ ഈ വീക്ഷണത്തെ ഗൗരവമായി എടുക്കുകയും, സാധുവായ ഹിംസയും അസാധുവായ ഹിംസയും എന്ന രീതിയില്‍ പുതിയ മാനദണ്ഡം നല്‍കി പഠിക്കാനും അന്വേഷിക്കാനും ശ്രമിക്കുകയും ചെയ്യുന്നു. ഈ അന്വേഷണം ബെന്യാമിനെ കൊണ്ടെത്തിക്കുന്നത് ഹിംസക്ക് അനുവാദം നല്‍കുന്ന ഭരണകൂടത്തിന്റെയും നിയമത്തിന്റെയും അധികാരത്തെക്കുറിച്ചുള്ള അവബോധത്തിലേക്കാണ്. ഭരണകൂടവും നിയമവും ഹിംസയുടെ മാര്‍ഗത്തെ നിയന്ത്രിക്കുന്നുണ്ട്. ഹിംസ പാവനമായ ലക്ഷ്യത്തിനാണെങ്കിലും ഭരണകൂടത്തിനു സ്വന്തം താല്പര്യം അനുസരിച്ച് അതിനെ തടയിടാനും അസാധുവാക്കാനും കഴിയുന്നു. ലിബറല്‍ ജനാധിപത്യ ക്രമത്തില്‍ ഭരണകൂടത്തിനു ആളുകളുടെ ഉദ്ദേശ്യത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. പക്ഷെ ആ ഉദ്ദേശ്യം നടപ്പാക്കുന്നത് ഹിംസയിലൂടെയാണ് എന്ന പ്രശ്‌നമാണ് ഭരണകൂടത്തെ അലട്ടുന്നത്. നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കുത്തകക്ക് പുറത്തുള്ള ഹിംസ ഒരു ‘ഭീഷണി’യായി മാറുന്നത് നമുക്ക് കാണാന്‍ കഴിയുന്നു.
ഭീകരവാദികളും ഭരണകൂടവും തമ്മിലുള്ള പ്രാധാന തര്‍ക്കം ഈ രീതിയിലാണ്. ഭരണകൂടത്തിന്റെ കുത്തക നിരാകരിക്കുന്നുവെന്നാണ് മറ്റു ഹിംസകളെ ഭീകരവാദമാക്കുന്നത്. നിയമത്തിനു പുറത്തുള്ള എന്നാല്‍ അതിന്റെ അമിതത്വത്തെ കാണിക്കുന്ന രൂപമായി ഭീകരവാദി മാറുന്നുവെന്ന് ബെന്യാമിനിലൂടെ വായിച്ചെടുക്കാം.
ഉദാഹരണമായി, ശീതയുദ്ധത്തിനു ശേഷം വികസിച്ച ഏറ്റവും വലിയ ഭീകരവിരുദ്ധ പദ്ധതിയുടെ പേരു തന്നെ ഭീകരതക്കെതിരായ യുദ്ധം (War on Terror) എന്നാണ്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും യുദ്ധം (War) നന്നാവുകയും ഭീകരത (Terror) മോശമാവുകയും ചെയ്യുന്ന ലോകസാഹചര്യമാണിത്. യുദ്ധം ഭരണകൂടത്തിന്റെ കുത്തകയും ഭീകരത ഭരണകൂടേതര സംഘങ്ങളുടെ കുത്തകയുമാവുന്ന രീതിയില്‍ ഹിംസയുടെ ലോകക്രമം ഇന്ന് മാറിയിരിക്കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഭരണകൂടങ്ങളും ഭരണകൂടേതരരും തമ്മില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രധാന തര്‍ക്കം അഹിംസയുടെ തലത്തിലല്ല. മറിച്ച് ബെന്യാമിന്‍ നിരീക്ഷിക്കുന്നപോലെ ഹിംസയുടെ രീതി, ക്രമം, ദൃശ്യത, വിന്യാസം തുടങ്ങിയവയെ സംബന്ധിച്ചാണ്. അതിനാല്‍ തന്നെ ഇന്നത്തെ ഹിംസയുടെ വ്യവസ്ഥാപിത (systemic) സ്വഭാവത്തെ തുറന്നു കാട്ടാന്‍ ഭീകരവാദ പഠനങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്‌നം.
യുദ്ധം ഭരണകൂടത്തിന്റെ കുത്തകയും ഭീകരത ഭരണകൂടേതര സംഘങ്ങളുടെ കുത്തകയുമാവുന്ന രീതിയില്‍ ഹിംസയുടെ ലോകക്രമം ഇന്ന് മാറിയിരിക്കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഭരണകൂടങ്ങളും ഭരണകൂടേതരരും തമ്മില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രധാന തര്‍ക്കം അഹിംസയുടെ തലത്തിലല്ല. മറിച്ച് ഹിംസയുടെ രീതി, ക്രമം, ദൃശ്യത, വിന്യാസം തുടങ്ങിയവയെ സംബന്ധിച്ചാണ്. അതിനാല്‍ തന്നെ ഇന്നത്തെ ഹിംസയുടെ വ്യവസ്ഥാപിത സ്വഭാവത്തെ തുറന്നു കാട്ടാന്‍ ഭീകരവാദ പഠനങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്‌നം.
ഭീകരവാദവും അർത്ഥനിർമാണവും
ഇന്നത്തെ ആഗോള ക്രമത്തിന്റെ കേന്ദ്രപ്രശ്‌നങ്ങളെ കാണാതിരിക്കുന്ന തരത്തില്‍ ഭീകരവാദ പഠനങ്ങള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ഈ മാറ്റത്തിന് പ്രസ്തുത വൈജ്ഞാനിക മണ്ഡലത്തിന്റെ തന്നെ ചരിത്രവുമായുള്ള ബന്ധം ഏറെ വിപുലമാണ്. ഫ്രഞ്ച് വിപ്ലവകാലത്ത് ഏറെ ഉദാത്തമായി മനസിലാക്കപ്പെട്ട ഭീകരതക്ക് പക്ഷെ ഇന്ന് നാം കാണുന്ന നെഗറ്റീവ് അര്‍ഥം നിര്‍മ്മിക്കപ്പെടുന്നത് ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ക്കു ശേഷമാണെന്ന് റിച്ചാർഡ് ജാക്‌സന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഥനിര്‍മ്മാണം ( meaning -making ) ഭീകരവാദ വ്യവഹാരങ്ങളുടെ പൊതുപ്രത്യേകതയാണ്.
എഴുപതുകളിലാണ് ആഗോള സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമാർ തന്നെ ഭീകരത എന്ന വാക്ക് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഫലസ്തീനികളെ പിന്തുണയ്ക്കുന്ന പോരാളികള്‍ അക്കാലത്ത് നടത്തിയ വിമാനറാഞ്ചല്‍ പരിപാടികളെ അടയാളപ്പെടുത്താനാണ് റിച്ചാർഡ് നിക്‌സന്‍ ഭീകരവാദം എന്ന പദം ഉപയോഗിക്കുന്നത്. 1972-ലെ മ്യൂനിച് ഒളിംപിക്‌സില്‍ ഫലസ്തീന്‍ ദേശീയവാദികള്‍ നടത്തിയ സായുധഹിംസയും പിന്നീട് ഈ പേരില്‍ അടയാളപ്പെടുത്തപ്പെട്ടു. പക്ഷെ ഇതിനു മുമ്പ് നടന്ന ഹിംസയെക്കുറിച്ചുള്ള പഠനങ്ങളെ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി പഠനങ്ങള്‍ (counter-insurgency studies) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഫ്രഞ്ച് വിപ്ലവകാലത്ത് ഏറെ ഉദാത്തമായി മനസിലാക്കപ്പെട്ട ഭീകരതക്ക് പക്ഷെ ഇന്ന് നാം കാണുന്ന നെഗറ്റീവ് അര്‍ഥം നിര്‍മ്മിക്കപ്പെടുന്നത് ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ക്കു ശേഷമാണെന്ന് റിച്ചാർഡ് ജാക്‌സന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഥനിര്‍മ്മാണം (meaning -making) ഭീകരവാദ വ്യവഹാരങ്ങളുടെ പൊതുപ്രത്യേകതയാണ്.
എണ്‍പതുകള്‍ ആയപ്പോഴേക്കും ഭീകരവാദ പഠനങ്ങള്‍ സ്വതന്ത്ര പഠനശാഖയായി മാറുകയും അമേരിക്കന്‍ ഭരണകൂടം ഈ പദത്തിന്റെ അര്‍ഥത്തെയും ആശയത്തെയും നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വന്‍തോതില്‍ തിരിച്ചറിയപ്പെടുകയും ചെയ്തു. നോം ചോംസ്‌കി, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, എഡ്വേഡ് സൈദ്, എഡ്വേഡ് എസ് ഹെർമന്‍ തുടങ്ങിയവര്‍ ഈ പദത്തിന്റെ സാമ്രാജ്യത്വ അനുകൂല ഉപയോഗത്തെ വിമര്‍ശിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇക്കാലയളവില്‍ കാണാം. ചില ഹിംസകള്‍ ഭീകരവാദം ആവുകയും മറ്റു ചിലത് കേവല ഹിംസകള്‍ ആവുന്നതിന്റെയും ആഖ്യാനരാഷ്ട്രീയം ഈ പ്രക്രിയയില്‍ ചോദ്യം ചെയ്യപ്പെട്ടു.
എന്നാല്‍ ശീതയുദ്ധാനന്തരം സോവിയറ്റ് യൂണിയന്‍ ദുര്‍ബലമാവുകയും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഒരു ശത്രു ആവശ്യമായി വരികയും ചെയ്തപ്പോഴാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഹിംസയുടെ പ്രധാന നിര്‍വാഹകരായി ഇസ്ലാമിനെ ചിത്രീകരിച്ചുതുടങ്ങുന്നതും ആ അര്‍ഥത്തിലുള്ള പ്രചാരവേലകളില്‍ ഏര്‍പ്പെടുകയും ചെയ്തത്. 9/11നു ശേഷം ഈ പ്രവണതക്ക് ആക്കം കൂടി. എങ്കിലും ഈ ശ്രമങ്ങള്‍ വിശിഷ്യ അബു ഗുരൈബ് അടക്കമുള്ള ഭരണകൂട/അധിനിവേശ ഹിംസകള്‍ യാഥാസ്ഥിക ഭീകരവാദ പഠനങ്ങളുടെ (Orthodox Terrorism Studies) ഭരണകൂട സ്വഭാവത്തെ വിമര്‍ശിക്കുന്ന തരത്തില്‍ വിമര്‍ശനാത്മക ഭീകരവാദ പഠനങ്ങള്‍ (Critical Terrorism Studies) പോലുള്ള പുതിയ പഠന ശാഖകള്‍ തന്നെ തുടങ്ങാന്‍ കാരണമായതായി റിച്ചാർഡ് ജാക്‌സന്‍ ചൂണ്ടിക്കാട്ടുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭീകരതയുടെ ഈ അര്‍ഥനിര്‍മ്മാണത്തിനായുള്ള പോരാട്ടത്തിന്റെ പാശ്ചാത്തലമായുണ്ട്.
ഭീകരവാദവും പൊതുവ്യവഹാരങ്ങളും
റിച്ചാർഡ് ജാക്‌സനെപ്പോലുള്ളവര്‍ വിമര്‍ശിക്കുന്ന ഭീകരവാദ പഠനങ്ങളുടെ ലിബറല്‍/സാമ്രാജ്യത്വ ചായ്‌വിന്റെ പ്രത്യാഘാതം എന്താണ്? നോര്‍വെയില്‍ 2011 ജൂലൈയില്‍ എഴുപത്തിയേഴ് പേരെ കൊലപ്പെടുത്തിയ ആന്ദ്രെ ബ്രെവിക്കിനെ ഭീകരവാദിയായല്ല മറിച്ച് വെറുമൊരു ‘ഭ്രാന്തന്‍’ ആയി കാണാനാണ് ലിബറല്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. ‘ഭ്രാന്തന്‍’ എന്ന ന്യൂനീകരണത്തിന് നിരവധി സാധ്യതകള്‍ ഉണ്ട്. വ്യക്തിയുടെ ആഗ്രഹത്തിനൊപ്പം തന്നെ ഒരാള്ക്ക് ഭ്രാന്ത് വരുന്നത് അയാള്‍ സ്വയം ആഗ്രഹിച്ചിട്ടല്ല. സാമൂഹികവും വ്യക്തിപരവുമായ നിരവധി ഘടകങ്ങള്‍ ഭ്രാന്ത് എന്ന അവസ്ഥക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രെവിക്കിനെ ഭ്രാന്തന്‍ എന്നു വിശേഷിപ്പിക്കുന്നതിലൂടെ അയാളുടെ വ്യക്തിപരമായ ഒരു ‘തിരഞ്ഞെടുപ്പ്’ എന്നതില്‍നിന്ന് പ്രസ്തുത കൂട്ടക്കൊലയെ അടര്‍ത്തിമാറ്റാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു.
എന്നാല്‍, താരീഖ് അലിയെ പോലുള്ളവര്‍ പറയുന്നത് മറ്റൊരു കഥയാണ്. ബ്രെവിക്കിന്റേത് പെട്ടെന്നുള്ള പൊട്ടിത്തറിയല്ല, ചിന്താപരവും മറ്റുമായ വർഷങ്ങൾ
നീണ്ട തയാറെടുപ്പ് ആ കൂട്ടക്കൊലക്ക് പിന്നിലുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവ് ‘2083: എ യൂറോപ്യന്‍ ഡിക്ലറേഷന്‍’ എന്ന ബ്രെവിക്കിന്റെ ആയിരത്തഞ്ഞൂറ് പേജ് വരുന്ന മാനിഫെസ്റ്റോയാണ്. യൂറോപ്പിലുള്ള നിയോ നാസി വംശീയ സംഘങ്ങളുടെ പ്രചോദനമാണ് നല്ല ഗവേഷണപാടവമുള്ള ബ്രെവിക്കിനെ ഇങ്ങനെയൊരു ഭീമന്‍ മാനിഫെസ്റ്റോ രചിക്കാന്‍ പ്രാപ്തനാക്കിയത്. റോബര്ട്ട് സ്‌പെന്സ്ര് അടക്കമുള്ളവര്‍ പടച്ചുവിടുന്ന അതിലളിതമായ മുസ്ലിം ഭീകരവിരുദ്ധ വ്യവഹാരങ്ങള്‍ ബ്രെവിക്ക് ഏറ്റെടുത്തിരുന്നു.
ആഗോള ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ബ്രെവിക്ക് നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രം അറബ് മേഖലയില്‍ യൂറോപ്യന്‍ വലതുപക്ഷ/വംശീയ താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്ന് അതില്‍ പറയുന്നു. ഇത് ഏറെ പഴകിയ ഒരു ആന്റി സെമിറ്റിക് കാഴ്ചപ്പാടാണ്. എന്നാല്‍ അടുത്ത നിരീക്ഷണമാണ് ബ്രെവിക്കിന്റെ മത/വംശീയ/ ദേശ നിർണയവാദത്തെ
പുറത്തുചാടിക്കുന്നത്. അറബ് മേഖലയില്‍ ഇസ്രയേല്‍ തകര്‍ന്നാല്‍ ‘ജൂതന്മാര്‍’ ഇനിയും യൂറോപ്പിലേക്ക് തിരിച്ചുവരുമെന്നും അത് യൂറോപ്പിന് വീണ്ടും തലവേദന സൃഷ്ടിക്കുമെന്നും ബ്രെവിക് കരുതുന്നു. പക്ഷെ ഏറെ കൗതുകകരമായ കാര്യം ബ്രെവിക് നല്‍കിയ റഫറന്‍സ് മിക്കവയും നേരത്തെ ഭരണകൂട അനുകൂല സ്ഥാപനങ്ങള്‍ നല്‍കി യ ഭീകരത സമം മുസ്ലിം എന്ന സമീകരണ യുക്തിയില്‍ അധിഷ്ഠിതമായിരുന്നുവെന്നു താരിഖ് അലി ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കന്‍ അധികാരം നിലനിറുത്തുന്നതില്‍ മിലിട്ടറി പോലെയോ ഐക്യരാഷ്ട്ര സഭ പോലെയോ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് ഭീകരവാദ പഠനങ്ങള്‍ നടത്തുന്ന അകാദമികളും തിങ്ക് ടാങ്കുകളും. 9/11 ന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ഇരട്ട ഗോപുര ആക്രമണത്തിനു ശേഷം ഭീകരവാദത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഗവേഷണപരമായ ഒരു അട്ടിമറി നടത്തിയിട്ടുണ്ട്. അതായത്, അമേരിക്ക പോലുള്ള വന്‍ശക്തികള്‍ നടത്തിയ കൂട്ടക്കൊലകള്‍ സൌകര്യപൂര്‍വം അവഗണിക്കുകയും ഭീകരവാദ പഠനം സ്റ്റേറ്റ് ഇതര വിഭാഗങ്ങള്‍ നടത്തുന്ന ഹിംസകളെ കുറിച്ചുള്ള പഠനമായി ചുരുക്കുകയും ചെയ്തു.
അതുകൊണ്ട് തന്നെ ലോകത്ത് നടക്കുന്ന നരഹത്യയില്‍ പത്തുശതമാനം മാത്രമേ മുസ്ലിം എന്ന സാമൂഹിക സ്ഥാനം പങ്കെടുക്കുന്നുള്ളൂവെങ്കിലും ഇസ്ലാമിക ഭീകരവാദ പഠനങ്ങളെ കുറിച്ചുള്ള കുത്തൊഴുക്ക് തന്നെ പുസ്തക വിപണിയില്‍ കാണാം . ഇങ്ങിനെയുള്ള പഠനങ്ങളുടെ ലക്ഷ്യം വന്‍ശക്തി രാഷ്ടങ്ങള്‍ക്കെതിരായ രാഷ്ട്രീയ ചെറുത്തു നില്‍പ്പ് എങ്ങിനെ കുറയ്ക്കാം എന്നതായിരുന്നു. മാധ്യമങ്ങള്‍ ഈ പഠനങ്ങളെ പിന്തുടരാന്‍ തുടങ്ങിയതോടെ അദൃശ്യതയില്‍നിന്നുകൊണ്ട് അമേരിക്കന്‍ അധികാരത്തിനു പ്രവര്‍ത്തിക്കാന്‍ എല്ലാ വഴിയും തുറന്നു . അങ്ങിനെ ശക്തിയുള്ള ഭരണകൂടങ്ങള്‍ക്ക് യാതൊരു നിയമവും പാലിക്കാതെ തന്നെ ആളുകളെ കൊല്ലാന്‍ സമ്മതം നല്‍കുന്നതോടോപ്പം ഭരണകൂടബാഹ്യസംഘങ്ങളാണ് ലോകസമാധാനത്തിന് മുഖ്യഭീഷണി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.
അമേരിക്കന്‍ അധികാരത്തെ ചെറുക്കുന്ന പുതിയ വൈജ്ഞാനിക സംസ്‌കാരത്തെ ഇത് ഏറെ അത്യാവശ്യമാക്കുന്നു. ലോകത്ത് ഇന്ന് ഏറെ ആധിപത്യം നേടിയ പദവും സാമൂഹികസങ്കല്പവുമാണ് ഭീകരവാദം. അതിന്റെ നിര്‍വചനങ്ങള്‍ നമ്മുടെ ലോകത്തെ ഭരിക്കുന്ന ആശയങ്ങളുടെയും ഭരണവര്‍ഗത്തിന്റെയും പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ അര്‍ഥത്തിലാണ് വിമര്‍ശനാത്മകമായ ഭീകരവാദ പഠനങ്ങള്‍ പുതിയ വൈജ്ഞാനിക പ്രശ്‌നങ്ങള്‍ തന്നെ സാധ്യമാക്കുന്നത്.
ഭീകരവാദ പഠനങ്ങളുടെ ഇന്ത്യൻ സാഹചര്യം
വ്യവസ്ഥാപിതമായ ഭീകരവാദ പഠനങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. ഇന്റലിജന്‍സ് ഏജന്‍സികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നല്‍കുന്ന ചില നിഗമനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഭീകരവാദ പഠനങ്ങളുടെ സ്വഭാവം. അതാവട്ടെ വസ്തുനിഷ്ഠമോ രീതിശാസ്ത്രപരമോ ആയ വികാസത്തിന്റെ ഭാഗമല്ല. പോലീസും ഇന്റലിജൻസും നല്‍കുന്ന കഥകള്‍ ഈ റിപ്പോർട്ടിംഗിന്റെ പ്രധാന പരിമിതിയാണ്. പ്രവീണ്‍ സ്വാമിയെപ്പോലുള്ളവര്‍ നടത്തിയ ഭീകരവിരുദ്ധ പത്രപ്രവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടപ്പെട്ടതും ഈ മണ്ഡലത്തില്‍ വലിയ തോതിലുള്ള വിശ്വാസപ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, ഇന്റലിജന്‍സ് മേധാവികള്‍ തുടങ്ങിയവര്‍ എഴുതുന്ന ആത്മകഥാംശമുള്ള പുസ്തകങ്ങളാണ് പലപ്പോഴും ഈ ഭീകരവാദ പഠനങ്ങളുടെ മറ്റൊരു ഉറവിടം. എ.ജി നൂറാനിയെപ്പോലുള്ള ചിലരും രീതിശാസ്ത്രപരമായ അവകാശവടങ്ങളില്ലാതെ നടത്തുന്ന ഇടപെടലുകള്‍ അതിന്റെ രാഷ്ട്രീയ ജാഗ്രതകൊണ്ടു ശ്രദ്ധേയമാണെന്ന് മാത്രം.
പക്ഷെ ലോകത്തെതന്നെ ഭീകരവാദ പഠനങ്ങളുടെ രീതിശാസ്ത്രം എടുത്തു പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പരിമിതികള്‍ ഏറെയാണ്. ഇന്ത്യന്‍ വിദേശ നയത്തില്‍ പതിയെ നടക്കുന്ന മാറ്റങ്ങളും ആഗോള ശാക്തിക സന്തുലനത്തെ അറിഞ്ഞുകൊണ്ടുള്ള സമീപനങ്ങളും കൈമോശം വരുന്നത് തൊണ്ണൂറുകള്‍ക്കു ശേഷം വളരെ വ്യക്തമാണ്. ഈ മാറ്റങ്ങളെ സാമാന്യബോധത്തിന്റെ ഭാഗമായി പ്രതിഫലിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞു ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം അക്കാദമിക പഠനശാഖ എന്ന നിലയില്‍ ഭീകരവാദ പഠനത്തിന്റെ മേഖലയില്‍ ഒരു മാറ്റവും സാധ്യമാക്കില്ല. ഇസ്ലാം സമം ഭീകരവാദം എന്ന വാര്‍പ്പു മാതൃക ഉറപ്പിക്കാന്‍ മാത്രമേ ഈ നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂ. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം ഭീകരവാദ പഠനങ്ങളുടെ രീതിശാസ്ത്രപരമായ സംവാദത്തിലേക്ക് നയിക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഭീകരവാദ പഠനങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനും അത്തരമൊരു വൈജ്ഞാനിക മണ്ഡലത്തിന്റെ സാധ്യതയെ തള്ളിക്കളയാതെ ഭീകരവാദത്തെപ്പറ്റി പുതിയ രീതിയില്‍ ആലോചിക്കാനും സഹായിക്കുന്ന സംവാദമായി അത് മാറേണ്ടതുണ്ട്.