ആഗാ ഷാഹിദ് അലി തനിക്കായി തന്നെ എഴുതിയ ഒരു കത്ത്
പ്രശസ്ത കശ്മീരി അമേരിക്കൻ മുസ്‍ലിം കവിയായ ആഗാ ഷാഹിദ് അലി രചിച്ച ഗദ്യ കവിതയുടെ സ്വതന്ത്ര വിവർത്തനം. കശ്മീരിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി ഒരു സാംസ്‌കാരിക നാടുകടത്തൽ സ്വയം അടിച്ചേൽപ്പിച്ച അദ്ദേഹത്തിന്റെ കവിതകളിലുള്ളത് അകൽച്ചയുടെയും കാത്തിരിപ്പിന്റെയും കലഹിക്കുന്ന ഓർമകളും സ്വന്തം നാടിനെ കുറിച്ചുള്ള ആകുലതകളുമാണ്.
പ്രിയ ഷാഹിദ്,
നിങ്ങളിൽ നിന്നു വിദൂരമായ ഒരു രാജ്യത്തിരുന്നാണ് ഞാൻ നിങ്ങൾക്കിതെഴുതുന്നത്. ഇവിടെ ജീവിക്കുന്ന നമ്മളിൽ നിന്നു പോലും അകലെ നിന്ന്. ഇനിമേൽ നിങ്ങളില്ലാത്തയിടത്തു നിന്ന്. ഏറ്റവും കുറഞ്ഞത് തന്റെ ശരീരമെങ്കിലും വസതിയിൽ എത്തുമെന്നതിനാൽ സർവ്വരും വിലാസങ്ങൾ പോക്കറ്റിൽ സൂക്ഷിക്കുന്നു.
നഗരത്തിലേക്കുള്ള പാതയിൽ കിംവദന്തികൾ പൊട്ടിപ്പുറപ്പെടുന്നു. അതിർത്തിയിലെ ചെറുപട്ടണങ്ങളിൽ നിന്നുപേക്ഷ വാക്കുകൾ നമ്മളിലേക്കെത്തുന്നു: പുരുഷന്മാരെ രാത്രി മുഴുവൻ മഞ്ഞുമലയിൽ നഗ്നപാദരായി നിർബന്ധപൂർവ്വം നിർത്തുകയാണ്. സ്ത്രീകൾ അകത്തു തനിച്ചാണ്.
പട്ടാളക്കാർ റേഡിയോകളും ടെലിവിഷനുകളും തച്ചു തകർക്കുന്നു. വെറും കയ്യുകളാൽ അവർ നമ്മുടെ വീടുകളെ കീറിമുറിക്കുന്നു.
റിസ്വാൻ കൊല്ലപ്പെട്ടതായി നിങ്ങൾ കേട്ടിരിക്കണം.
റിസ്വാൻ: പറുദീസയുടെ കാവൽക്കാരൻ.
പതിനെട്ട് വയസ്സ് മാത്രമുള്ളവൻ.
ഇന്നലെ ഹൈഡൗട്ട് കഫേയിൽ വച്ച് (അവിടെയുള്ളവരെല്ലാം നിങ്ങളെ തിരക്കിയിരുന്നു), വിസ്താര കേന്ദ്രത്തിൽ നിന്നു പുറത്തിറങ്ങിയ ഒരു പതിനാറുകാരനെ അന്നു രാവിലെ പരിചരിച്ച ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: എനിക്ക് ഭാഗ്യ പ്രവാചകരോട് ചോദിക്കണം: തന്റെ വിരലിടുക്കിലെ ചർമ്മങ്ങൾ കത്തിയാൽ അറുക്കപ്പെടുമെന്ന് അവന്റെ വിധിയുടെ രേഖകൾ വെളിപ്പെടുത്തിയോ? – എന്ന്.
ഇൻഷാ അല്ലാഹ്, ഈ കത്ത് നിങ്ങളിലേക്കെത്തും. എന്റെ സഹോദരന്മാർ നാളെ തെക്കൻ ദിക്കുകളിലേക്കു പോകുന്നുണ്ട്. അവിടെ നിന്ന് അവരത് അയയ്ക്കും. ഇവിടെയൊരാൾക്ക് തപാൽ സ്റ്റാമ്പുകൾ കൈകാര്യം ചെയ്യുക പോലും അസാധ്യമാണ്. ഇന്നു ഞാൻ തപാലാപ്പീസിലേക്കു പോയി.നദി മുറിച്ചു കടന്ന്. വിതരണം ചെയ്യാത്ത മെയിലുകളുമായി അനേകം ബാഗുകളും നൂറു കണക്കിന് ക്യാൻവാസ് ബാഗുകളും ഞാനവിടെ കണ്ടു. ആകസ്മികമായി ഞാൻ താഴേക്കു നോക്കി. നിനക്കായുള്ള ഈ കത്ത് ഞാനവിടെ കണ്ടു.
അതിനാൽ ഞാനിത് പൊതിഞ്ഞു വെക്കുന്നു. ഇത്, നിങ്ങൾ വാർത്തയറിയാൻ കൊതിക്കുന്ന ഒരാളിൽ നിന്നാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഞങ്ങൾ എല്ലായിപ്പോഴും നിങ്ങളെക്കുറിച്ചു സംസാരിക്കുമെങ്കിലും ഇവിടെയെല്ലാം പഴയത് പോലെയാണ്. നിങ്ങൾ ഉടനെ ഇവിടെ എത്തുമോ?
നിങ്ങളെ കാത്തിരിക്കുന്നത് വസന്തത്തെ കാത്തിരിക്കുന്നതിന് സമാനമാണ്.
ബദാം മരങ്ങൾ പൂക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു. പിന്നെ ദൈവം ആഗ്രഹിക്കുകയെങ്കിൽ നാമെല്ലാം സ്നേഹത്തിലായിരിക്കുകയും കണ്ടുമുട്ടുന്നിടത്തെല്ലാം നമ്മുടെ കൈകളിൽ മഴയായിരിക്കുകയും ചെയ്ത ആ സമാധാനത്തിന്റെ ദിനങ്ങൾ പിന്നെയും..
-ആഗാ
സ്വതന്ത്ര വിവർത്തനം: സനൽ ഹരിദാസ്