പൗരത്വം: കോൺസാംബ്ലിയും ന്യൂനപക്ഷ അവകാശങ്ങളും 

ഇൻഡ്യയെന്ന രാജ്യത്തെയും, ഭരണഘടനയെയും, അതിന്റെ രൂപ പരിണാമങ്ങളെയും മനസിലാക്കുന്നതിൽ, ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍, പ്രമേയങ്ങൾ, അതിലുണ്ടായ ഭേദഗതികൾ‍, അത് കൊണ്ടുവന്ന പ്രതിനിധികളുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവയെല്ലാം ഒരേപോലെ പ്രധാനമാണ്. രണ്ടാം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ‍, ഭരണഘടന നിര്‍മാണ സഭയില്‍ പൗരത്വവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളെ വിലയിരുത്തി അനീസ് വാവാട് എഴുതുന്നു.

ദേശരാഷ്ട്രാനന്തര കാലത്ത് സ്റ്റേറ്റിന്റെ (state) അധികാരങ്ങളും കടമങ്ങളും നിര്‍ണയിക്കപ്പെടുന്നത് പ്രധാനമായും പൗരത്വമെന്ന ആശയത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ്. അതുകൊണ്ടു തന്നെ പൗരത്വം ഒരേസമയം ഏതു ഭാഗത്തേക്കും തിരിച്ചുവെക്കാവുന്ന  ശക്തമായ ആയുധം കൂടിയാണ്. ഔപചാരികമായി തുല്യപൗരന്മാരായി ഗണിക്കപ്പെടുന്നവരെ മുന്‍നിര്‍ത്തി പൗരത്വ സങ്കല്‍പം ദേശരാഷ്ട്രത്തെ അടയാളപ്പെടുത്തുന്നത് പൗരന്‍/അന്യന്‍ എന്ന വേര്‍തിരിവിലൂടെയാണ്. ഇങ്ങനെ അന്യനെ/അപരിചിതനെ തിരിച്ചറിയുകയും അവരില്‍ നിന്നു സ്വയം വ്യതിരിക്തരാവുകയും ചെയ്തു കൊണ്ടാണ് ആധുനിക ദേശീയത അതിന്റെ പരമാധികാരവും ദേശാഭിമാനവുമെല്ലാം ഉദ്‌ഘോഷിക്കുന്നത്. അതിലൂടെ രൂപപ്പെട്ടു വരുന്ന ഭൂപ്രദേശത്ത് അഭയാര്‍ഥികള്‍ (refugees), അവകാശങ്ങളൊന്നുമില്ലാത്ത സമ്പൂര്‍ണ അപരന്‍മാരാണ് (other). അവര്‍ക്കു സാമൂഹിക – രാഷ്ട്രീയ അവകാശങ്ങളൊന്നും നല്‍കാതിരിക്കുകയോ ദേശരാഷ്ട്രത്തിന്റെ ഔദാര്യമെന്ന നിലയ്ക്കു് അവ നല്‍കുകയോ ചെയ്യും. പക്ഷേ, ജനാധിപത്യ സമൂഹങ്ങള്‍, തത്ത്വത്തിലെങ്കിലും, ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും വകവെച്ചു നല്‍കുന്നു. ഇൻഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 21 പറയുന്നത് നിയമപരമായി സ്ഥാപിതമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ഈ രണ്ട് അവകാശങ്ങളും ഹനിക്കരുതെന്നാണ് (‘no person’ shall be deprived of). അപ്പോഴും അപരന്മാരെ സൃഷ്ടിക്കാനും വ്യക്തികളുടെ, വിശേഷിച്ച് ‘അപരന്‍മാരുടെ,’ അവകാശങ്ങള്‍ ഹനിക്കാനുള്ള അവകാശം നിയമത്തിനുണ്ട്. അഥവാ നിയമം വഴി  അതു നടപ്പിലാക്കാനുള്ള പഴുതുകള്‍, ദേശരാഷ്ട്ര സങ്കല്‍പത്തിലും അതിനെ തുടര്‍ന്നു വരുന്ന എല്ലാ സ്ഥാപനങ്ങളിലും അന്തര്‍ലീനമായി കിടക്കുന്നുവെന്നു സാരം. ആധുനിക ജനാധിപത്യ സങ്കല്‍പങ്ങളില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ഇത്തരം വൈകല്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് കൊളോണിയല്‍ കാലം മുതല്‍ ഇൻഡ്യയില്‍ സജീവമാവുകയും ഭരണഘടനാ – രാഷ്ട്ര രൂപവത്കരണ വേളകളിലെല്ലാം, പല രീതിയിലും പുറത്തുവരികയും ചെയ്ത, വിവേചാനത്മകവും ഇൻഡ്യയിലെ സാമൂഹിക നീതിക്കും നിലിനില്‍പിനും എതിരുമായ ഹിന്ദുത്വ രാഷ്ട്രീയം, നിയമങ്ങളുടെയും കോടതി വിധികളുടെയും രൂപത്തില്‍ മൂര്‍ത്ത രൂപം പ്രാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന്.

രാഷ്ട്ര രൂപവത്കരണ സമയത്ത്, അതിന്റെ ഭരണഘടന, രാഷ്ട്ര സ്വത്വത്തിന്റെ അഭിവാജ്യ ഘടകമായി തിരിച്ചറിഞ്ഞ മുസ്‌ലിംകളെ നിയമനിര്‍മാണം വഴി അപരന്മാരായി ചിത്രീകരിച്ച് ഉന്മൂലനാത്മ ഹിന്ദുത്വ രാഷ്ട്രീയം വഴി പുതിയൊരു ദേശത്തെ കണ്ടെത്താനുമാണ് പുതിയ ഇൻഡ്യയിലെ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളുടെ ഓര്‍മകളില്‍ നിര്‍വൃതി കൊള്ളുകയും അവ നിരന്തരം പുനഃസൃഷ്ടിക്കാന്‍ വെമ്പുകയും ചെയ്യുന്ന തലമുറയെ വാര്‍ത്തെടുത്ത ആര്‍എസ്എസാണ് ഇതിന്റെ നേതൃത്വത്തിലെന്നു മാത്രം.

അസമിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ പൗരത്വ വിവേചന നിയമം, ഇൻഡ്യന്‍ ഭരണഘടനയുടെ അന്തകനാവുന്ന ഈ കാലത്താണ്, ഒരിക്കല്‍ക്കൂടി, ഭരണഘടനയെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാവുന്നത്. 

ഭരണഘടന നിര്‍മാണ സഭ

ഒരു രാഷ്ട്രം അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരു കൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്‌വഴക്കങ്ങളെയും ചേര്‍ത്തു പറയുന്ന പേരാണ് അതിന്റെ ഭരണഘടന. ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുവെയ്ക്കുമ്പോഴാണ്. ഈ തത്ത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളില്‍ എഴുതിവെയ്ക്കപ്പെടുമ്പോള്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്തതിനെ ലിഖിത ഭരണഘടന എന്നു വിളിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍, അനേകം നാട്ടുരാജ്യങ്ങളും ഗോത്രവര്‍ഗങ്ങളും മതവിശ്വാസങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമായി ചിതറിക്കിടന്നിരുന്ന ഇൻഡ്യയെ ഒരുമിച്ചു നിര്‍ത്തുകയും ഈ വലിയ രാജ്യത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഘടകം, പ്രമാദമായ അതിന്റെ ഭരണഘടന തന്നെയാണ്. എന്നാല്‍ രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അവരുടെ രാഷ്ട്രീയമിന്നു നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഭരണഘടനയെയും നിയനിര്‍മാണസഭയെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും അപകടകരമാം വിധം ദുരുപയോഗം ചെയ്തുകൊണ്ടാണ്. 

ഭരണഘടന നിർമാണ സമിതിയുടെ ചെയർമാൻ ഡോ.ബി.ആർ. അംബേഡ്ക്കറും മറ്റ് അംഗങ്ങളും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് രൂക്ഷമായിക്കൊണ്ടിരുന്ന ഇൻഡ്യന്‍ സ്വാതന്ത്യ സമരവും രണ്ടു ലോക മഹായുദ്ധങ്ങള്‍ ബ്രിട്ടനുമേല്‍ വരുത്തിവെച്ച ബാധ്യതകളുമെല്ലാം ചേര്‍ന്നാണ് ഇൻഡ്യക്കു വേണ്ടി ഭരണഘടനയുണ്ടാക്കാന്‍ സ്വതന്ത്രമായ സമിതിയുണ്ടാക്കുക എന്ന ആശയത്തിലേക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് എത്തിയത്. 1946 ഡിസംബര്‍ 6 മുതല്‍ തുടങ്ങിയ ഭരണഘടനാ നിര്‍മാണ സഭ രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവുമെടുത്ത് 63 കോടി രൂപ ചെലവിട്ടാണ് 1,45,000 വാക്കുകളുള്ള ഇൻഡ്യന്‍ ഭരണഘടന പൂര്‍ത്തീകരിച്ചത്.  1950 ജനുവരി 26ന് അതു നിലവില്‍ വന്ന് ആറു പതിറ്റാണ്ടിനു ശേഷം ഇൻഡ്യക്കാരനാവാന്‍ മുസ്‌ലിമല്ലാതിരിക്കണമെന്ന നിയമം ഈ ദേശത്തിന്റെ ചരിത്രത്തിലാദ്യമായി മുന്നോട്ടു വെച്ചിരിക്കുന്നു.  ഇതുവഴി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ സംരക്ഷിക്കപ്പെടുമോയെന്ന ആശങ്കയാണ് രാജ്യത്തെ മുഴുക്കെ പൊതിഞ്ഞിരിക്കുന്നത്. 

ഭരണഘടനയെന്നാല്‍ കേവലമൊരു രേഖയല്ല, മറിച്ച് അതൊരു സംഭവമാണെന്ന് (event)  ആദിത്യ നിഗം വ്യക്തമാക്കുന്നുണ്ട്. പൊളിറ്റിക്സ് ആൻഡ് ദ ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷൻ( Politics and Ethics of the Indian Constitution)  എന്ന പുസ്തകത്തിലെ ലേഖനത്തിൽ അദ്ദേഹം വിശേഷിപ്പിക്കുന്നത് രചയിതാവ് ഇല്ലാത്ത രേഖ (a text without author) എന്നാണ്. അതുകൊണ്ടു തന്നെ ഇൻഡ്യയെന്ന രാജ്യത്തെയും ഭരണഘടനയെയും അതിന്റെ രൂപ പരിണാമങ്ങളെയും മനസിലാക്കുന്നതിൽ, ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍, പ്രമേയങ്ങള്‍, അതിലുണ്ടായ ഭേദഗതികള്‍, അതു കൊണ്ടുവന്ന പ്രതിനിധികളുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവയെല്ലാം ഒരേ പോലെ പ്രധാനമാണ്. എന്നു മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇൻഡ്യയില്‍ നടന്ന അനേകം ചര്‍ച്ചകളും ബില്ലുകളും 103 ഭേദഗതികളുമെല്ലാം ചേര്‍ന്നതാണ് ഇൻഡ്യന്‍ ഭരണഘടന. രണ്ടാം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍, ഭരണഘടനാ നിര്‍മാണ സഭയില്‍ പൗരത്വവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളെ വിലയിരുത്തുകയാണ് ഈ ലേഖനം.

ഭരണഘടനയും പൗരത്വവും

1946 ഡിസംബറില്‍ ഭരണഘടനാ നിര്‍മാണത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ നെഹ്‌റു, തങ്ങള്‍ നിര്‍മിക്കാന്‍ പോവുന്ന ഡ്രാഫ്റ്റിന്റെ ആശയാടിത്തറ ഇങ്ങനെ വ്യക്തമാക്കിയിരുന്നു:പൗരന്മാര്‍ക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യ പദവി ഉറപ്പാക്കുന്ന പരമാധികാര റിപബ്ലിക്കായിരിക്കും ഇൻഡ്യ. ചിന്തയ്ക്കും ആവിഷ്‌കാരത്തിനും കൂട്ടായ്മക്കും ആരാധനയ്ക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും.” എന്നു മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക- ഗോത്രവിഭാഗങ്ങള്‍ക്കും മതിയായ പരിരക്ഷ ഉറപ്പു നല്‍കുമെന്നു കൂടെ ഉണര്‍ത്തി. 

അവിടെ നിന്നു തുടങ്ങിയ ഇൻഡ്യയുടെ ഭരണഘടനാ നിര്‍മാണസഭ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നാണു പൗരത്വം. ഭരണഘടനയുടെ 5 മുതല്‍ 11 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ പറയുന്നത് വംശാടിസ്ഥാനത്തിലല്ല (jus sanguinsi) മറിച്ച് ജനനവും താമസകാലവും അടിസ്ഥാനമാക്കിയാണ് ഇൻഡ്യന്‍ പൗരത്വം നല്‍കുകയെന്നാണ് (jus soli). ഈയൊരു അടിസ്ഥാന തത്ത്വം തന്നെയാണ് 1955ല്‍ പാര്‍ലമെന്റ് പാസാക്കിയ സിറ്റിസണ്‍ഷിപ്പ് ആക്ടിലും തുടര്‍ന്ന് 1987ലും 2003ലും നിലവില്‍ വന്ന നിയമങ്ങളും പറയുന്നത്. അന്ന് വളരെ മാനുഷികവും ഉദാരവുമായ കാഴ്ചപ്പാടായിരുന്നു അംബേഡ്ക്കര്‍ മുന്നോട്ടു വെച്ചിരുന്നത്. 1947 മാര്‍ച്ച് 1നു ശേഷം പാകിസ്ഥാനിലേക്കു പോയവര്‍ ഇൻഡ്യന്‍ പൗരന്‍മാരല്ലെന്നെഴുതിയതോടൊപ്പം ഇൻഡ്യാ ഗവണ്‍മെന്റില്‍ നിന്ന് അനുവാദം വാങ്ങി അവരില്‍ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ക്കു കൂടെ പൗരത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ അങ്ങേയറ്റം ദുഃഖകരമായ വകുപ്പെന്നു (obnoxious clause) വിശേഷിപ്പിച്ച ജസ്പാത് കപൂറിനെപ്പോലുള്ളവര്‍ വാദിച്ചത് ‘ഒരാള്‍ പാകിസ്താനിലേക്കു പോയാല്‍ അതിനര്‍ഥം, ഇൻഡ്യയുമായുള്ള അയാളുടെ എല്ലാ കൂറും ഉപേക്ഷിച്ചെന്നാണ്. അവര്‍ അവരുടെ വഴിക്കു പോകട്ടെ’ എന്നാണ്. പക്ഷേ ഇതിനെ ഖണ്ഡിച്ച കൊണ്ട് ഠാകൂര്‍ ഭാര്‍ഗവ പറഞ്ഞത് ‘ഏതെങ്കിലും ദേശീയ മുസ്‌ലിം വടക്കന്‍ പാകിസ്ഥാനില്‍ നിന്നോ തെക്കന്‍ പാകിസ്ഥാനില്‍ നിന്നോ ഇൻഡ്യയിലേക്കു വന്നാല്‍ നാമവരെ സഹോദരരായി കാണണം, ഇൻഡ്യക്കാരനായി പരിഗണിക്കുകയും വേണം’ എന്നായിരുന്നു. ഇതിനെ മുസ്‌ലിം പ്രീണനമെന്നു വാദിച്ചവരോട് ജവാഹര്‍ലാല്‍ നെഹൃ പറഞ്ഞു:ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ അവകാശപ്പെട്ട നീതിയുടെ പോയന്റില്‍ നിന്ന് ഒരടി വലത്തോട്ടോ ഇടത്തോട്ടോ നീങ്ങാന്‍ നാം തയ്യാറല്ല. നമ്മള്‍ ലക്ഷ്യം വെക്കുന്നത് ഒരു മതേതര രാഷ്ട്രമാണ്. മതാടിസ്ഥാനത്തിലോ വംശീയാടിസ്ഥാനത്തിലോ ഉള്ള ഒരു വേര്‍തിരിവും മതേതര രാഷ്ട്രത്തിലെ വ്യക്തികള്‍ക്കോ വിഭാഗങ്ങള്‍ക്കോ ഇടയിലുണ്ടാക്കാനാവില്ല.” ‘ആവശ്യമെങ്കില്‍ സ്വേഛ പ്രകാരം രാജ്യം വിട്ടവരും നിര്‍ബന്ധിതരായി പോയവരും എന്ന വേര്‍തിരിവു മാത്രമേ നടത്താന്‍ കഴിയൂ’ എന്നായിരുന്ന അല്ലാടി കൃഷ്ണസ്വാമി അയ്യരുടെ പ്രതികരണം.

കൂടുതല്‍ പേര്‍ക്കു പൗരത്വം നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍, എല്ലാ മുസ്‌ലിംകളോടും തിരിച്ചുവരാനാവശ്യപ്പെട്ട ഗാന്ധിജിയുടെ വാക്കുകളോര്‍മ്മിപ്പിച്ചു കൊണ്ട് ബ്രജേഷ്വര്‍ പ്രസാദ് എന്ന അംഗം പറഞ്ഞു, ‘എന്തൊക്കെ സാമ്പത്തിക ബാധ്യതകളേല്‍ക്കേണ്ടി വന്നാലും നമ്മളീ രാജ്യം കെട്ടിപ്പടുക്കുന്നത് ചില തത്ത്വങ്ങള്‍ക്കു മീതെയാണ്. പുതിയൊരു ഭരണഘടനയ്ക്കു നാം തുടക്കമിടുമ്പോള്‍ ചില മുസ്‌ലിംകള്‍ക്കു മാത്രം അതു നിഷേധിക്കാന്‍ തക്കതായ ഒരു കാരണവും ഞാന്‍ കാണുന്നില്ല’.

ബീഹാറിലെ ഗയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ അദ്ദേഹം തുടര്‍ന്നു, ‘നേരത്തെ മിസ്റ്റര്‍ ജിന്ന പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ പരസ്പരം കൈമാറണമെന്ന ആശയം മുന്നോട്ടു വെച്ചിരുന്നു. അന്നു നമ്മളതു തള്ളി. അതിനു കാരണം വിഭജനം എന്ന യാഥാര്‍ഥ്യത്തിന് മുസ്‌ലിംകളുടെ ഇൻഡ്യയുമായുള്ള കൂറുമായി ബന്ധമില്ലായെന്നതാണ്. വിഭജനം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, ഈ രാജ്യത്തെ മുസ്‌ലിംകള്‍ ഇൻഡ്യയോടു കൂറുള്ളവരാണ്. അതാണു നാം ജിന്നയുടെ ആവശ്യം തള്ളിയതിനര്‍ഥം. പിന്നെയെന്തുകൊണ്ടാണ് വ്യാപകമായ രീതിയില്‍, കൂട്ടപ്പലായനം നടന്നതെന്നാണു ചോദ്യം. അതിനു കാരണം, രാജ്യത്തിന്റെ പല ഭാഗത്തും നടന്ന കലാപങ്ങള്‍ തന്നെയാണ്’. അഥവാ പലായനത്തെ കേവലം രാഷ്ട്രത്തോടുള്ള കൂറില്ലായ്മയായി വ്യാഖ്യാനിക്കരുതെന്നര്‍ഥം. 

1950 ഏപ്രില്‍ 8ന് ഇൻഡ്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹൃവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും  ദില്ലിയിൽ ഒപ്പുവെച്ച നെഹ്‌റു – ലിയാഖത്ത് കരാറിനെയും ഈ അടിസ്ഥാനത്തില്‍ വേണം കാണാന്‍. കലാപങ്ങള്‍ കാരണം പൊടുന്നനെ രൂപപ്പെട്ട അതിര്‍ത്തികള്‍ മുറിച്ചു കടക്കാന്‍ നിര്‍ബന്ധിതരായ അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുവാനും നിര്‍ബന്ധിതമായി പലായനം ചെയ്യപ്പെട്ടവരെ തിരിച്ചെത്തിക്കാനും അനുവാദം നല്‍കുന്ന ഉടമ്പടിയായിരുന്നു അത്. വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്താനായി നടത്തിയ ആറു ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ആ ഉടമ്പടി രൂപപ്പെടുത്തിയത്. ആ ഉടമ്പടി ലംഘിക്കപ്പെട്ടുവെന്നാണ് പുതിയ പൗരത്വ ബില്ലിന്റെ അവതരണത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി ലോകസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരുഭാഗത്തെയും ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന ആ കരാറിനെ എതിര്‍ത്തുകൊണ്ടാണ് ജനംസംഘിന്റെ നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍ നിന്നു രാജിവെച്ചതെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു. അഥവാ സംഘപരിവാറിനും അതിന്റെ ബ്രാഹ്മണ നേതൃത്വത്തിനും ന്യൂനപക്ഷ സംരക്ഷണം, അതു പാകിസ്താനിലെ ഹിന്ദുക്കളുടെ കാര്യത്തിലായാല്‍ പോലും കേവല അധികാരത്തിന്റെ പ്രശ്‌നം മാത്രമാണ് എന്നര്‍ഥം. എന്നു മാത്രമല്ല ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സംരക്ഷിക്കാനായി ഉണ്ടാക്കിയ കരാറിനെപ്പോലും കോടിക്കണക്കിനു മനുഷ്യരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള സിദ്ധാന്തമാക്കി മാറ്റുന്ന മരണത്തിന്റെ വ്യാപാരികളുടെ കുതന്ത്രവും ആഭന്തരമന്ത്രിയുടെ വാക്കുകളില്‍ ദര്‍ശിക്കാനാവും.

ഭരണഘടനാ നിര്‍മാണ സഭയില്‍, വിദര്‍ഭയില്‍ നിന്നുള്ള ഇന്‍ഡിപെൻഡന്റ് ലേബര്‍ പാര്‍ട്ടി അംഗം ദേശ്മുഖ് പൗരത്വ വകുപ്പിന് അന്നു തന്നെ ഒരു ഭേദഗതി മുന്നോട്ടു വെച്ചിരുന്നു. അതിലദ്ദേഹം പറഞ്ഞത് പൗരത്വ നിയമത്തില്‍ ഇൻഡ്യയില്‍ ജനിച്ചവര്‍ക്കും നാചുറലൈസേഷന്‍ (naturalization) വഴി പൗരത്വം ലഭിക്കുന്നവര്‍ക്കുമൊപ്പം, വേറെയൊരു രാജ്യത്തിന്റെയും പൗരനല്ലാത്ത എല്ലാ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇൻഡ്യന്‍ പൗരത്വം നല്‍കണമെന്നായിരുന്നു. ഈ ഭേദഗതി വോട്ടിനിട്ടു തള്ളിയെന്നു മാത്രമല്ല, അതിനു കൃത്യമായ മറുപടിയും ഭരണഘടനാ നിര്‍മാണസഭ നല്‍കുകയുണ്ടായി. മദ്രാസില്‍ നിന്നുള്ള മഹ്ബൂബ് അലി ബേഗ് മറുപടി നല്‍കി കൊണ്ട് പറഞ്ഞു, ‘മിസ്റ്റര്‍ ദേശ്മുഖ് പറയുന്നത് പോലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മതം നോക്കി പൗരത്വം നല്‍കുകയെന്ന ആശയം വളരെ അപകടകരമാണ്. പൗരത്വത്തെ സംബന്ധിച്ച വകുപ്പിനെയദ്ദേഹം പരിഹാസ്യമായി കാണുന്നു. ഞാന്‍ പറയുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടിണിവിടെ പരിഹാസ്യം. ഇൻഡ്യക്കാര്‍ അവിടുത്തെ സ്ഥിരതാമസക്കാരായിരുന്നിട്ടും പൗരത്വം നല്‍കാത്ത ചില രാജ്യങ്ങളുടെ നിലപാടിനെ ഐക്യരാഷ്ട്രസഭയിലടക്കം എല്ലായിടത്തും നാം അപലപിക്കുന്നു. പരിഹാസ്യമായ അത്തരം രാജ്യങ്ങളുടെ നിലപാട് നമുക്കു പിന്തുടരാതിരിക്കാം’.

ബംഗ്ലാദേശില്‍  (കിഴക്കന്‍ പാക്കിസ്ഥാന്‍)നിന്നു വന്നവരെക്കുറിച്ച് ബി.ആര്‍.അംബേഡ്ക്കര്‍ തന്റെ നിലപാടു വ്യക്തമാക്കി ‘1948 ജൂലെ 19ന് മുൻപ് അസമില്‍ പ്രവേശിച്ചവര്‍ക്ക് സ്വാഭാവികമായ പൗരത്വം നല്‍കണം. പക്ഷേ, അതിനുശേഷം വന്നവര്‍ക്ക്, അവര്‍ മുസ്‌ലിംകളാവട്ടെ, ബംഗാളി ഹിന്ദുക്കളാവട്ടെ,  നിരുപാധികം പൗരത്വം നല്‍കാനാവില്ല. അവസാനം നെഹൃ പ്രതികരിച്ചതിങ്ങനെയാണ്, ‘1948 ജൂലൈ വരെ ഇവിടെ വന്നവരെ നാം പൗരന്മാരായി തന്നെയാണു പരിഗണിക്കുന്നത്. അതിനുശേഷം വന്നവര്‍ക്ക് മജിസ്ട്രേറ്റു വഴി പ്രത്യേക പരിശോധന നടത്തി മാത്രമേ പൗരത്വം നല്‍കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം സ്വാഭാവികമായി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സിക്കുകാര്‍ക്കും  ക്രിസ്ത്യാനികള്‍ക്കും മറ്റെല്ലാവര്‍ക്കും ബാധകമാണ്. നിങ്ങള്‍ക്കു ഹിന്ദുക്കള്‍ക്കോ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ വേണ്ടി പ്രത്യേകമായി നിയമങ്ങളുണ്ടാക്കാനാവില്ല‘. 

സിറ്റിസെൻഷിഫ്പ് ആൻർ് ഇറ്റ്സ് ഡിസ്കണ്ടെൻറ്സ് (Citizenship and its Discontents) എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ നീരജ ഗോപാല്‍ ജയാല്‍ ഇതു വിശദീകരിക്കുന്നതിങ്ങനെയാണ്, ‘ആര്‍ട്ടിക്കിൾ ഏഴുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പാകിസ്ഥാനില്‍ നിന്നു വരുന്നവരെക്കുറിച്ചുള്ള ഭാഗം വളരെ വ്യക്തമായിരുന്നു. അവിടെ നിന്നു വരുന്ന ഹിന്ദുക്കളെ അഭയാര്‍ഥികള്‍ എന്നും മുസ്‌ലിംകളെ കുടിയേറ്റക്കാര്‍ എന്നും വിശേഷിപ്പിച്ചതില്‍ നിന്ന് പല അംഗങ്ങളുടെയും മത വിഭാഗീയത മനസിലാക്കാമായിരുന്നു. സന്ദര്‍ഭവശാല്‍ വംശീയമായ പൗരത്വ കാഴ്ചപ്പാടിനു പകരം അവസാനം ഭരണഘടനാ നിര്‍മാണസഭ സ്വീകരിച്ചത് ആധുനികവും പ്രബുദ്ധവുമായ നിയമമാണെന്നാശ്വസിക്കാം.‘ 

ഭരണഘടന നിര്‍മാണസഭ മതാടിസ്ഥാനത്തിലുള്ള പൗരത്വ സങ്കല്‍പം തള്ളിക്കളഞ്ഞെങ്കിലും സമാനമായ രീതിയില്‍ മുസ്‌ലിം പേടി നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചകള്‍ കോണ്‍സംബ്ലിയില്‍ മുഴുക്കെ കാണാന്‍ കഴിയും. എന്നു മാത്രമല്ല, പില്‍ക്കാലത്ത് ഹിന്ദുത്വ ശക്തികള്‍ക്കു കടന്നുകയറാന്‍ പാകത്തിലുള്ള ഒരുപാടു സൂചകങ്ങള്‍ കൂടി അതിന്റെ ഉള്ളടക്കങ്ങളില്‍ പലയിടത്തായി ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. മതാടിസ്ഥാനത്തിലുള്ള അംഗബല ഭീതിയുടെ അടിസ്ഥാനത്തിലുള്ള മതം മാറ്റം വഴി ഇസ്ലാമില്‍ ആളു കൂടുമോയെന്ന ചര്‍ച്ച ഭരണഘടനാ നിര്‍മാണസമിതിയിലും നടന്നിരുന്നു. ഒരു പരിവര്‍ത്തനവും അനുവദിക്കരുത് എന്നതു മൗലികാവകാശമായി കണക്കാക്കണമെന്നും ഇനി നിര്‍ബന്ധിതാവസ്ഥ സംജാതമായാല്‍ പ്രസ്തുത വ്യക്തി ഒരു ജഡ്ജിയുടെ മുന്നില്‍ വന്നു സത്യം ചെയ്യട്ടെഎന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അനന്തശയനം അയ്യങ്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെ പിന്തുണച്ചുകൊണ്ട് ആര്‍.വി.ധുലൈക്കര്‍ പറഞ്ഞത്  ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണെന്നും ഹിന്ദു ജനസംഖ്യ കുറക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ട് എന്നുമാണ്. 

ഭൂരിപക്ഷവാദത്തിന്റെ സാധ്യതകള്‍

ഭൂരിപക്ഷവാദത്തിന് (majoritarianism) പ്രധാനമായും രണ്ടു തലങ്ങളാണുള്ളത്. ഒന്ന്, ജനാധിപത്യ സങ്കല്‍പങ്ങളുടെ സവിശേഷതകളിലൊന്നായ തിരഞ്ഞെടുപ്പില്‍, ഭൂരിപക്ഷം പേരുടെ പിന്തുണ ലഭിക്കുന്ന വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും, ഭരിക്കാനും നിയമങ്ങളും നയങ്ങളും തീരുമാനിക്കാനുള്ള അവകാശം നല്‍കുന്ന സംവിധാനം. രണ്ടാമത്തേത്, ഭൂരിപക്ഷ മത/സമുദായ/വര്‍ഗങ്ങളുടെ സംസ്‌കാരം പൊതുസമൂഹത്തിനു മേല്‍ ആധിപത്യം നേടുകയോ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്ന രീതി. ഇൻഡ്യയില്‍ ഇന്ന് ഇതു രണ്ടും ഒന്നിച്ചു ചേര്‍ന്ന് ഒന്നായിരിക്കുന്നുവെന്നു വേണം പറയാന്‍. 

ആധുനിക ജനാധിപത്യ സംവിധാനത്തില്‍ അടിസ്ഥാനപരമായിത്തന്നെ ഭൂരിപക്ഷവാദത്തിനും അതു ഭൂരിപക്ഷാധിപത്യത്തിലേക്കു വഴിമാറാനുമുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇതിനെ തടഞ്ഞു നിര്‍ത്തുന്ന സംവിധാനങ്ങളിലൊന്നാണു ഭരണഘടന. പക്ഷേ, രണ്ടാമതായി പറഞ്ഞ ഏതെങ്കിലും മതവിഭാഗത്തിന് പൊതുസമൂഹത്തിനുമേല്‍ തങ്ങളുടെ താല്‍പര്യങ്ങൾ അടിച്ചേല്‍പ്പിക്കാനുള്ള സംവിധാനമായി ഭരണസംവിധാനങ്ങളെ മാറ്റാന്‍ കഴിഞ്ഞാല്‍ പിന്നെ ഭരണഘടനാ മൂല്യങ്ങളോ നൈതിക തത്ത്വങ്ങളോ അല്ല, ഭ്രാന്തമായ ഭൂരിപക്ഷവാദം തന്നെയാവും ഭരണഘടനയായി മാറുന്നത്. പൗരത്വം മുതല്‍ പല നിയമങ്ങളുടെയും മറപിടിച്ച് ന്യൂനപക്ഷ മത – ഭാഷാ – ജാതി വിഭാഗങ്ങളെ ഏതു നിമിഷവും ഏതര്‍ഥത്തിലും പുറന്തള്ളാനും നിഷ്പ്രഭമാക്കാനുമുള്ള ശക്തി ഭൂരിപക്ഷാധിപത്യത്തിനുണ്ട്. പക്ഷേ, ഇന്നുവരെയുള്ള ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ ഇത്തരം ഭൂരിപക്ഷവാദങ്ങളധികവും ആഭ്യന്തരയുദ്ധത്തിലും ഏകാധിപതികളുടെ പതനത്തിലുമാണവസാനിച്ചത്. 

ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയില്‍ നിന്നു ദേശരാഷ്ട്രത്തെ പിടിച്ചു നിര്‍ത്തുന്ന ഭരണഘടന തന്നെ അപകടത്തിലാവുമ്പോള്‍ പിന്നെ അതിനെ ആഘോഷിക്കുകയെന്നതു തന്നെയാണ്. അതാണ് ഷാഹീന്‍ബാഗ് മുതല്‍ രാജ്യത്തെ അനേകായിരം സമരപ്പന്തലുകളില്‍ നടത്തപ്പെട്ട ഭരണഘടനാ ആമുഖ വായനയുടെ രാഷ്ട്രീയവും. കൊളോണിയല്‍ ഭരണകാലത്ത് ‘ഇൻഡ്യയുടെ അധികാരം ഇവിടുത്തെ ജനങ്ങള്‍ക്കെ’ന്ന പ്രതിജ്ഞ, ഒരു സമരരീതി തന്നെയായിരുന്നു. ബോംബെയിലെ ചൗപാട്ടിയില്‍ അന്നു നടന്ന പ്രതിജ്ഞ ചൊല്ലല്‍ സമരത്തില്‍ ഒന്നരലക്ഷം പേരാണു പങ്കെടുത്തത്.

ഹിന്ദുത്വ ശക്തികളുടെ കയ്യില്‍ നിന്നു് ഭരണഘടനയും മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശവും നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഞങ്ങൾ, ജനങ്ങൾ (we the people) എന്ന പ്രഖ്യാപനം പോലും ഭരണകൂടത്തെ അലോസരപ്പെടുത്തുന്നതു കാണാന്‍ കഴിയും. എന്നു മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ ഇൻഡ്യയിലുയര്‍ന്നുവന്ന നിരവധി മുന്നേറ്റങ്ങള്‍ ഊര്‍ജമുള്‍ക്കൊണ്ടതു ഭരണഘടനയില്‍ നിന്നാണെന്നു കാണാം. ഇൻഡ്യന്‍ വിമന്‍സ് മൂവ്‌മെന്റ്, നര്‍മദ ബചാവോ ആന്ദോളന്‍, മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ തുടങ്ങിയവയെല്ലാം ഭരണഘടന വിഭാവനം ചെയ്ത അടിസ്ഥാന അവകാശങ്ങളെ ഉയര്‍ത്തിയാണു മുന്നോട്ടു വന്നത്. 

അതോടൊപ്പം തന്നെ, രാജീവ് ഭര്‍ഗവയെപ്പോലുള്ളവര്‍ പറയുന്നത്, ഭരണഘടന, ഇൻഡ്യയില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിവര്‍ത്തന സംവിധാനം (transformative constitutionalism) കൂടിയാണെന്നാണ്. ഗോപാല്‍ ഗുരുവിന്റെ വാക്കുകളില്‍, ‘ഇൻഡ്യയുടെ ഭരണഘടന വലിയ വിമോചന സാധ്യതകളുള്ള ഒരു സംവിധാനം തന്നെയാണ്. ഒരു സാമൂഹിക വിപ്ലവത്തിന് നിലമൊരുക്കാനുള്ള വകുപ്പുകള്‍ അതില്‍ അടങ്ങിയിരിക്കുന്നു. പക്ഷേ, ധാര്‍മിക അവകാശങ്ങള്‍ക്കും നിയമപരമായ അവകാശങ്ങള്‍ക്കുമിടയില്‍പ്പെട്ട് അതു നടക്കാതെ പോവുന്നു. തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുമ്പോഴും ദലിതരെ സ്‌നേഹിക്കാനും പരിഗണിക്കാനുമുള്ള, സ്‌നേഹത്തിന്റെ ധാര്‍മിക ഭാഷ ഭരണഘടനക്കു നല്‍കാനാവുന്നില്ല‘. ക്രിസ്റ്റോഫ് ജഫ്രലോട്ടിനെപ്പോലുള്ളവര്‍, സാമ്പത്തിക ആധുനികീകരണം വഴി ഇൻഡ്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാമെന്ന നെഹ്‌റുവിയന്‍ കാഴ്ചപ്പാടിനെ വിമര്‍ശിക്കുന്നുണ്ട്. ലിബറല്‍ ഫ്രൈംവര്‍ക്കില്‍ നിന്നു മാറി, സമുദായങ്ങളെക്കൂടി പരിഗണിക്കാനുള്ള ഇടങ്ങള്‍ അതിലുണ്ട്. എങ്കിലും ഭരണഘടന, ദലിത് വിമോചനത്തിനും ന്യൂനപക്ഷ സംരക്ഷത്തിനും ആവശ്യത്തിനു പ്രാധാന്യം നല്‍കാത്തതു കൊണ്ടാണ് ഇൻഡ്യയിലെ സാമൂഹിക അസമത്വം നിലനില്‍ക്കുന്നതെന്നു കൂടി ജഫ്രലോട്ട് പറയുന്നു. ചുരുക്കത്തില്‍, അനീതി നിയമമാക്കാനും വംശഹത്യക്കു വരെ ധാര്‍മിക പിന്തുണ കണ്ടെത്താനും കഴിയുന്ന അതേ ഭരണഘടനയില്‍ത്തന്നെ വിമോചന സാധ്യതകള്‍ പലനിലയ്ക്കും ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നു പറയാം. അതുപക്ഷേ ഭരണഘടനയിലേക്കു മാത്രം ചുരുക്കാന്‍ കഴിയില്ലെന്നു മാത്രം. രാഷ്ട്രീയ പാര്‍ട്ടികളും കോടതികളും ഇഛാശക്തി നഷ്ടപ്പെട്ടു നില്‍ക്കുന്ന, പരമ്പരാഗത ജനാധിപത്യത്തിന്റെ വഴികള്‍ കുറഞ്ഞു വരുന്നിടത്ത് പിന്നെ പ്രതിജനാധിപത്യത്തിന്റെ (counter democracy) സാധ്യതകള്‍ തന്നെയാവും അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രത്യയശാസ്ത്രം.

 

(ഹൈദരാബാദ് കേന്ദ്ര സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)

Top