ആഭാസം: ഒരു സവർണ ഇടതു ലിബറൽ വീര​ഗാഥ

‘ആഭാസം’ എന്ന സിനിമയിൽ ഇടത് അനുഭാവിയായ കഥാപാത്രത്തിന്റെ സദാചാരപോലീസിങ് മനസിനെ വെളിപ്പെടുത്തി വിമർശനവിധേയമാക്കുന്നതിലൂടെ ചിത്രത്തിന്റെ രാഷ്ട്രീയം ഇടതു ലിബറലിസത്തിനും അപ്പുറത്താണ് എന്ന പ്രതീതിയാണ് ഉളവാക്കുന്നത്. എന്നാൽ വിശ്വാസികളായ ന്യൂനപക്ഷങ്ങളെയും അരാജക/ അധാര്‍മിക/ ലൈം​ഗിക സ്വഭാവം പ്രകടിപ്പിക്കുന്നവരെയും ഭർത്താവിന്റെ മേൽ അമിതാധികാരം പ്രയോ​ഗിക്കുന്ന സ്ത്രീയെയും ഒരേസമയം ഒളിഞ്ഞു നോട്ടക്കാരനും കേന്ദ്രഭരണാനുകൂലിയുമായ ശബരിമല തീർഥാടകനെയും പ്രശ്നവത്കരിക്കുന്നിടത്ത് സമൂഹത്തിന്റെ ജനപ്രിയ ധാരണകൾ തന്നെയാണ് ചിത്രത്തിന്റെ രാഷ്ട്രീയമെന്നു വ്യക്തം. അതൊരു സവർണ ഇടതു ലിബറൽ വീരഗാഥ മാത്രമാണ്.

സി.പി.ഐ.എം പോലെയുള്ള ഇടതു ലിബറൽ പാർട്ടികളെ അടക്കം വിമർശിക്കുന്ന തീവ്ര ഇടതു മലയാളി ബോധവും ഹിന്ദുത്വയിൽ അടിയുറച്ചതാണെന്നതിന് തെളിവാണ് ആഭാസം എന്ന സിനിമ. ​ഗാന്ധി, ഡെമോക്രസി, ജിന്ന, ​ഗോഡ്സെ എന്നീ ബസുകളും (അംബേഡ്കര്‍ ബസും ഉണ്ട്, പക്ഷേ അത് ഓടിക്കുന്നില്ല) ​ഗാന്ധി ബസിലെ ജീവനക്കാരും യാത്രക്കാരുമൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ലൈംഗിക ദാരിദ്ര്യം, മത വർ​ഗീയത, ബഹുസ്വര ലൈം​ഗികത, ഫെമിനിസം, വ്യാജ ഇടതുപക്ഷം തുടങ്ങി നാട്ടിലെ സകല രാഷ്ട്രീയവും കുത്തിക്കയറ്റിയ വണ്ടി പക്ഷേ ഓടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാത സവർണ ഹിന്ദുത്വ ബൂർഷ്വാ ലിബറൽ മൂല്യങ്ങളാൽ നിർമിതമാണ്.

വിവാഹം എന്ന വ്യവസ്ഥയോട് കലഹിക്കുന്ന ഒരു സവർണ പെൺകുട്ടി, ഒറ്റയ്ക്ക് യാത്ര ചെയ്യുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്ന ഒരു ഉപരിവർ​ഗക്കാരിയെന്ന അടയാളങ്ങൾ കൃത്യമായി പേറുന്ന മറ്റൊരു പെൺകുട്ടി, ഒരു ട്രാൻസ്ജെൻഡർ എന്നിവരാണ് ചിത്രത്തിലെ ഐഡിയൽ കഥാപാത്രങ്ങൾ. സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ വെല്ലുവിളിക്കുന്ന റിബലുകളും, യാഥാസ്ഥിക സമൂഹത്തിന്റെ മൂല്യബോധത്തിന്റെ ഇരകളും ആണെന്ന തോന്നലുണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ഇവർ. മുസ്‌ലിം ദമ്പതികൾ, ഒരു ശബരിമല തീർഥാടകൻ, പെന്തകോസ്ത് കുടുംബം, ഒരു സ്വവര്‍ഗ ലൈംഗിക പീഡകന്‍, വിവാഹിതനായ ഒരു ഞരമ്പു രോ​ഗി, ബം​ഗളൂരിൽ ഹോട്ടൽ നടത്തുന്ന ജാതിഹിന്ദു മലയാളി പുരുഷനും അയാളുടെ ഭാര്യയും മകളും, ലൈം​ഗിക ദാഹം അടക്കാനാവാത്ത ഒരു പെൺകുട്ടി, ഐ.ടി ജീവനക്കാരൻ, അസുഖ ബാധിതനായ പെയിന്റിം​ഗ് തൊഴിലാളി, അനീതികളെ ചോദ്യം ചെയ്യാൻ മടിയില്ലാത്ത അസ്തിത്വം വ്യക്തമല്ലാത്ത (സവർണൻ അല്ല) കൗമാരക്കാരന്‍, വിദ്യാഭ്യാസ കച്ചവടക്കാരനായ യുവാവ്, അധികാരോൻമുഖയായ സ്ത്രീയും അവരുടെ ഭർത്താവും, രണ്ട് വിദേശി സ്ത്രീകളും അവരുടെ കാമുകൻമാരും പിന്നെ ഒരു വെള്ളക്കാരനുമാണ് മറ്റു കഥാപാത്രങ്ങൾ. ലൈം​ഗിക ദാരിദ്ര്യമുള്ള മറ്റു രണ്ടു കഥാപാത്രങ്ങൾ ഡെമോക്രസി ബസിലെ തന്നെ ഡ്രൈവറും ബസ് മാനേജറുമാണ്.

മതമൗലികവാദവും ആത്മീയതയും

മതമൗലികവാദത്തിനെതിരായ സിനിമയുടെ അതിസെക്കുലര്‍ രാഷ്ട്രീയത്തിന് ഇടയ്ക്കിടെ മേയാനുള്ള കഥാപാത്രങ്ങളാണ് മുസ്‌ലിം ദമ്പതികളും പെന്തകോസ്ത് ദമ്പതികളും ശബരിമല തീർത്ഥാടകനും. വികസിതരാജ്യങ്ങളിൽ നിലനിൽക്കുന്നതും ഇന്ത്യയിലെങ്ങും പടർന്നു പിടിക്കുന്നതുമായ ലൈം​ഗിക സ്വാതന്ത്ര്യ വിപ്ലവത്തിന്റെ പ്രതിനിധികളാണ് വിദേശി സ്ത്രീകളും അവരുടെ കാമുകന്‍മാരും. ബസിലെ പെയിന്റിം​ഗ് തൊഴിലാളിയാവട്ടെ അയാളുടെ അപകടം പിടിച്ച തൊഴിലിനെ ആവോളം സ്നേഹിക്കുന്ന സ്വന്തം തൊഴിലിൽ അങ്ങേയറ്റം തൃപ്തനായ മാതൃകാ തൊഴിലാളിയാണ്. പിന്നീട് ബസിലേക്കെത്തുന്ന ഒരു തമിഴ് സ്ത്രീയും അവരുടെ അസുഖബാധിതനായ ഭർത്താവുമാണ് മറ്റു മുഖ്യ കഥാപാത്രങ്ങൾ.

ബസിലെ മുസ്‌ലിം ദമ്പതികൾ നവവിവാഹിതരാണ്. ആദ്യം വിൻഡോസീറ്റിൽ ഇരിക്കുന്നത് യുവതിയാണ്. ബസിന്റെ പുറത്ത് രണ്ടു യുവാക്കളെ കാണുന്ന ഭർത്താവ് യുവതിയെ സീറ്റ് മാറ്റിയിരുത്തുന്ന രം​ഗത്തിൽ തന്നെ ഭർത്താവായ മുസ്‌ലിം യുവാവിന്റെ കഥാപാത്രത്തെ നിർമ്മിച്ചതിലൂടെ ചലച്ചിത്ര ശിൽപ്പികൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാവും. നോമ്പുകാലത്താണ് യാത്ര. കൃത്യമായി നോമ്പു മുറിക്കലൊക്കെ ബസിലും മുടക്കം വരുത്താതെ അയാൾ ചെയ്യുന്നു. തൊട്ടുമുന്നിലുള്ള സീറ്റിലെ വിദേശി സ്ത്രീയും കൂടെയുള്ള മുടി നീട്ടി താടിവെച്ച യുവാവും ചുംബിക്കുന്നത് ഒരൽപ്പം കൗതുകത്തോടെ നോക്കുന്ന ഭാര്യയെ അയാൾ ശകാരിക്കുകയും സീറ്റുകൾക്കിടയിൽ ഒരു മറ വലിച്ചു കെട്ടുകയും ചെയ്യുന്നുണ്ട്. അൽപ്പം പോലും റൊമാന്റിക്കല്ലാത്ത, സുന്ദരിയായ ഭാര്യ അടുത്തിരിക്കുമ്പോഴും പ്രണയവികാരങ്ങളൊന്നുമില്ലാതെ ഉറങ്ങുന്ന ബോറനാണ് അയാൾ. ഇടയ്ക്ക് അയാൾ ഉണരുന്നത് തന്നെ ഭാര്യയുടെ കൈയ്യിൽ നിന്നും എന്തോ തട്ടിപ്പറിച്ച് തിന്നാണ്. ഗാന്ധി ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ വഴിയിൽ ജിന്ന ബസ് ബ്രേക്ക് ഡൗൺ ആയി കിടക്കുന്നത് കാണുന്നു. ‌ഡെമോക്രസി ബസിൽ അവരെയും കൂടി കയറ്റാമായിരുന്നു എന്ന് ആത്മ​ഗതം നടത്തുന്നയാളാണ് ഇദ്ദേഹം. ലോകത്തെ മുഴുവൻ ആളുകളും നോമ്പ് എടുക്കാത്തതിൽ അമർഷം പ്രകടിപ്പിക്കുന്ന, ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെയാവുന്നതെന്ന് പറയുന്ന ആൾ കൂടിയാണ് വിശ്വാസിയായ ഈ മുസ്‌ലിം. വിശ്വാസികളായ മുസ്‌ലിംകളെക്കുറിച്ച് ദേശീയ ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ധാരണ തന്നെയാണ് ആഭാസം എന്ന ചിത്രവും വെച്ചുപുലർത്തുന്നത്.

ലോകത്തെ മുഴുവൻ ആളുകളും നോമ്പ് എടുക്കാത്തതിൽ അമർഷം പ്രകടിപ്പിക്കുന്ന, ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെയാവുന്നതെന്ന് പറയുന്ന ആൾ കൂടിയാണ് വിശ്വാസിയായ ഈ മുസ്‌ലിം. വിശ്വാസികളായ മുസ്‌ലിംകളെക്കുറിച്ച് ദേശീയ ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ധാരണ തന്നെയാണ് ആഭാസം എന്ന ചിത്രവും വെച്ചുപുലർത്തുന്നത്.

പെന്തകോസ്ത് ദമ്പതികളാവട്ടെ ബസിനുള്ളിൽ തന്നെ ഒച്ച വെച്ച് പ്രാർത്ഥിക്കുന്നവരാണ്. ക്രിസ്ത്യൻ മതമൗലികവാദികളുടെ പരിഹാസ്യരായ പ്രതിനിധികളായാണ് പരിവർത്തിത ക്രിസ്ത്യാനികളെ ഓർമ്മപ്പെടുത്തുന്ന ഇവരെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ബസിലെ സവർണ ക്രിസ്ത്യാനികളായ (ശരീരം കൊണ്ടല്ല) ദമ്പതികളെ യാഥാസ്ഥിക വലതുപക്ഷമായാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അവർ മതമൗലികവാദികളാണെന്ന സൂചനയില്ല. ശബരിമല തീർത്ഥാടകനാവട്ടെ ഒളിഞ്ഞു നോട്ടക്കാരനായ ഹിന്ദുത്വ രാഷ്ട്രീയമുള്ളയാളാണ്. ഈ കഥാപാത്രത്തെയാണ് ഹിന്ദുത്വ ഫാഷിസത്തെ എതിർക്കുന്നവരാണ് തങ്ങളെന്ന സൂചന നൽകാൻ ചലച്ചിത്ര ശിൽപികൾ എടുത്തു പ്രയോ​ഗിക്കുന്നത്.

ലൈംഗികതയും തൃഷ്ണയും

ലൈം​ഗിക ദാരിദ്ര്യമാണ് ബസിലെ കഥാപാത്രങ്ങളിൽ ഏറെപ്പേർക്കും ഉള്ള പ്രശ്നം. ലൈം​ഗിക ദാരിദ്ര്യമെന്ന പ്രശ്നത്തിന്റെ ഉറവിടമോ സാംസ്കാരിക സാമ്പത്തിക ജാതി വംശീയ ‘ഏജിസ്റ്റ് ലുക്കിസ്റ്റ്’ (ഒരാളുടെ പ്രായം നോക്കി ആ വ്യക്തിയെ വിധിക്കുന്നതും വിവേചനം നടത്തുന്നതാണ് ഏജിസം. ഒരാളുടെ പുറം രൂപം കണ്ട് ആ വ്യക്തിയെ മോശമായി വിധിക്കുന്നതാണ് ലുക്കിസം) കാരണങ്ങളോ സിനിമയ്ക്ക് വിഷയമേ അല്ല. ലൈം​ഗിക ദാരിദ്ര്യത്തെ അറപ്പോടെ നോക്കുന്നതാവട്ടെ ഉപരിവർ​ഗ-സവർണ സമൂഹത്തിലെ ലിബറേറ്റഡ് പുരോ​ഗമനക്കാരും.

അതേസമയം ലൈം​ഗിക തൃഷ്ണ അടക്കാനാവാത്ത ഒരു പെൺകുട്ടിയും ചിത്രത്തിലുണ്ട്. ബസിനുള്ളിൽ നടക്കുന്ന വിദേശ-സ്വദേശി ബാഹ്യകേളികള്‍ അവളുടെ തൃഷ്ണയെ ആളിക്കത്തിക്കുന്നതായി ചിത്രം കാണിക്കുന്നു. ഒന്നിലധികം പ്രണയികൾ അവൾക്കുണ്ടെന്ന സൂചനയും ചിത്രത്തിലുണ്ട്. പെട്ടെന്ന് പരിചയത്തിലായ ഒരാളുമായി ഉടൻ തന്നെ ഫോണിലൂടെ ചാറ്റ് ചെയ്യുന്നവളാണവൾ. ഇത്രയും റാഡിക്കലായ ഒരു പെൺകുട്ടിക്ക് മദാലസ പരിവേഷമാണ് ചിത്രം നൽകുന്നത്. സമൂഹത്തിന്റെ കെട്ടുപാടുകളോട് കലഹിക്കുന്നവർക്കുള്ള ​നിലയും വിലയും അവൾക്ക് ചിത്രം അനുവദിക്കുന്നില്ല. മാത്രമല്ല ​ഗാന്ധി ബസ് യാത്രമുടങ്ങുമ്പോൾ പിന്നാലെ വന്ന ​ഗോഡ്സെ ബസിലേക്ക് തന്റെ പുതിയ പരിചയക്കാരനൊപ്പം ചേക്കേറുകയും ചെയ്യുന്നുണ്ട്. ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ചേർത്തു പിടിക്കുന്നു എന്ന തോന്നലുണ്ടാക്കുമ്പോൾ തന്നെ നിർവചനങ്ങളിൽപ്പെടാത്ത ചില ലൈം​ഗികതയോട് ചിത്രത്തിന് സദാചാര സമീപനമാണ് ഉള്ളത്.

ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ചേർത്തു പിടിക്കുന്നു എന്ന തോന്നലുണ്ടാക്കുമ്പോൾ തന്നെ നിർവചനങ്ങളിൽപ്പെടാത്ത ചില ലൈം​ഗികതയോട് ചിത്രത്തിന് സദാചാര സമീപനമാണ് ഉള്ളത്.

ക്വീർ ലൈം​ഗിക രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ബസിലുൾപ്പെടുത്തിയ ട്രാൻസ്ജെൻഡറുടെ മനസിനെ യാത്രയിലുടനീളം അലട്ടുന്ന പ്രശ്നങ്ങളിലൊന്ന് തങ്ങളുടെ ലൈം​ഗിക അവസ്ഥയുടെ പേരിൽ നിഷേധിക്കപ്പെട്ട ക്ഷേത്രപ്രവേശനമാണ്. ട്രാൻസ്ജെൻഡറുടെ ആകുലതകളും അസ്തിത്വ പ്രതിസന്ധികളും ഉൾപ്പെടുത്തിയ ഡെമോക്രസി ബസിൽ തന്നെ അടുത്തിരിക്കുന്നവന്റെ തുടയിലേക്ക് കടന്നുകയറുന്ന ഒരു സ്വവര്‍ഗപ്രേമിയെയും ചിത്രം കാട്ടുന്നുണ്ട്. ട്രാൻസ്ജെൻഡറുകളുടെ ദൈന്യതക്ക് ഇടം കൊടുക്കുന്ന ഡെമോക്രസി ബസ് സ്വവര്‍ഗപ്രേമിയായ ഒരു പുരുഷന് ഒരു തരത്തിലുള്ള ന്യായീകരണത്തിനും ഇടം കൊടുക്കുന്നില്ല. അയാളുടേത് അടിച്ചമർത്തപ്പെട്ട ലൈം​ഗികതയായും കാണുന്നില്ല.

ഇടതു ലിബറലിസത്തിനപ്പുറമോ?

സി.പി.ഐ.എം അനുഭാവിയായ കഥാപാത്രത്തിന്റെ സദാചാരപോലീസിങ് മനസിനെ വെളിപ്പെടുത്തി വിമർശനവിധേയമാക്കുന്നതിലൂടെ ചിത്രത്തിന്റെ രാഷ്ട്രീയം ഇടതു ലിബറലിസത്തിനും അപ്പുറത്താണ് എന്ന പ്രതീതിയാണ് ഉളവാക്കുന്നത്. എന്നാൽ വിശ്വാസികളായ ന്യൂനപക്ഷങ്ങളെയും അരാജക അധാര്‍മിക ലൈം​ഗിക സ്വഭാവം പ്രകടിപ്പിക്കുന്നവരെയും ഭർത്താവിന്റെ മേൽ അമിതാധികാരം പ്രയോ​ഗിക്കുന്ന സ്ത്രീയെയും ഒരേസമയം ഒളിഞ്ഞു നോട്ടക്കാരനും കേന്ദ്രഭരണാനുകൂലിയുമായ ശബരിമല തീർത്ഥാടകനെയും പ്രശ്നവത്കരിക്കുന്നിടത്ത് സമൂഹത്തിന്റെ ജനപ്രിയ ധാരണകൾ തന്നെയാണ് ചിത്രത്തിന്റെ രാഷ്ട്രീയത്തിന്റെ കാതൽ എന്ന് വ്യക്തം. അതൊരു സവർണ ഇടതു ലിബറൽ വീരഗാഥ മാത്രമാണ്.

തീവ്ര ഇടതു മുന്നേറ്റമാണ് രാജ്യത്തിന്റെ പ്രശ്നത്തിന്റെ പരിഹാരമായി ചിത്രം മുന്നോട്ടുവെക്കുന്നത്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ സമൂഹത്തിൽ ജാതി, ശരീരം, സമ്പത്ത് തുടങ്ങി സർവ്വവിധ സവിശേഷാധികാരങ്ങളുടെയും ചിറകിലേറി എല്ലാത്തരം തൃപ്തികളുടെയും ഇടങ്ങളിലേക്കെത്തിയവരുടെ സ്വാതന്ത്ര്യത്തിനായാണ് അവർ ഡെമോക്രസിയിൽ പ്രഛന്നവേഷത്തിൽ സഞ്ചരിക്കുന്നതെന്നും ഭരണകൂടത്തെ എതിർക്കുന്നതെന്നുമുള്ള രാഷ്ട്രീയ സന്ദേശം ഫാസിസത്തേക്കാൾ അപകടം പിടിച്ചതാണ്. മാധ്യമ പ്രവർത്തകൻ റെന്വാ പനങ്ങാട്ട് പറഞ്ഞതു പോലെ ”പാപം ചെയ്തില്ലെന്ന് തെളിയിക്കാൻ വേണ്ടി മാത്രം കല്ലെറിയുന്നവരാണ്” മലയാളി ഇടതു ഉദാരവാദികളായ പുരോ​ഗമനക്കാരെങ്കിൽ ആഭാസം എന്ന ചിത്രം പാപം ചെയ്തില്ലെന്ന് തെളിയിക്കാൻ കല്ലെറിയുന്നവരല്ലെന്ന് തെളിയിക്കാൻ കല്ലെറിയുകയാണ് ചെയ്യുന്നത്.

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമാണ് ലേഖകന്‍. കൊച്ചി സ്വദേശി.)

Top