അവർ നിങ്ങളെ ഭീകരവാദിയെന്ന് വിളിക്കുമ്പോൾ
സാർവലൗകിക സ്വാതന്ത്ര്യത്തിന്റെ പ്രതിനിധികൾ സാമൂഹ്യ ശ്രേണികളുടെ മേല്‍തട്ടില്‍ ഇരിപ്പുറപ്പിച്ചവരല്ല. മറിച്ച് അസ്വാതന്ത്ര്യത്തിലും അടിച്ചമർത്തലിലും ജീവിക്കുന്നവരും അത്തരം സാഹചര്യങ്ങളില്‍ നിന്നും വിമോചനം നേടാന്‍ പോരാടിക്കൊണ്ടിരിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ സാർവലൗകിക സ്വാതന്ത്ര്യത്തെ സ്വജീവിതംകൊണ്ട് പ്രതിനിധീകരിക്കുന്നവർ. ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ മൂവ്‌മെന്റിന്റെ പ്രതിരോധത്തെ കാലികമാക്കുന്നത് അത്തരമൊരു രാഷ്ട്രീയ പ്രമേയമാണ്. ‘When They Call You a Terrorist: A Black Lives Matter Memoir’ എന്ന കൃതിയിലൂടെ പട്രീസ് ഖാന്‍-കുള്ളേഴ്‌സും ആശാ ബെന്റലെയും പങ്കുവെക്കുന്നതും ഇതാണ്. ബ്ലാക്ക് ഫെമിനിസ്റ്റ് ചിന്തകയായ എയ്ഞ്ചല ഡേവിസ് എഴുതുന്നു.
ആദ്യമായി പട്രീസ് ഖാന്‍-കുള്ളേഴ്‌സിനെ കാണുമ്പോള്‍, ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ അലീസിയ ഗാര്‍സ, ഓപല്‍ റ്റൊമേറ്റി എന്നിവരുടെ കൂടെ അവളും അമേരിക്കയിലെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനത്തിന്റെ മുഖമായി മാറുമെന്നും, ലോകത്തുടനീളം അതൊരു തരംഗമായി മാറുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പട്രീസും അവളുടെ സഹരാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്ന് അമേരിക്കയിലെ ബ്ലാക്ക് മൂവ്‌മെന്റുകളെയും ഫെമിനിസ്റ്റ്/ക്വീര്‍ പോലുള്ള ഇടതു പ്രസ്ഥാനങ്ങളെയും നവീനവും ആവേശകരവുമായ തലത്തിലേക്ക് കൊണ്ടുവരുന്നത് എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നു. തലമുറകളായി പ്രസ്തുത പ്രസ്ഥാനങ്ങളെ ആവേശിച്ചിരുന്ന വൈരുദ്ധ്യങ്ങളെയും ഛിദ്രതകളെയും ആന്തരിക സ്തംഭനങ്ങളെയും അവര്‍ ഗൗരവപൂര്‍വ്വം മറികടന്നു .
സ്‌നേഹബന്ധങ്ങളെകുറിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത സമര്‍പ്പണത്തെ സംബന്ധിച്ചും ‘അവർ നിന്നെ ഭീകരവാദി എന്നു വിളിക്കുമ്പോൾ’ (When they Call you a Terrorist, 2018) എന്ന ഓര്‍മ്മകുറിപ്പില്‍ പട്രീസ് ഖാന്‍ ഉള്ളുതുറക്കുന്നുണ്ട്. സാമൂഹ്യ സംഘാടനത്തെയും പ്രസ്ഥാന നിര്‍മാണത്തെയും രാഷ്ട്രീയ ചലനങ്ങളെയും പറ്റിയുള്ള അവളുടെ സമീപനം എന്തുകൊണ്ടാണ് ഒരുപാടു പേരെ ആകര്‍ഷിച്ചതെന്ന് മനസിലാക്കാന്‍ ആശാ ബെന്‍റലെക്കൊപ്പം അവള്‍ പറയുന്ന ജീവിതകഥകള്‍ നമ്മെ സഹായിക്കും.
വ്യക്തിഗതാനുഭവങ്ങളുടെ productive intersection-ഉം രാഷ്ട്രീയ പ്രതിരോധവും കൂടിച്ചേരുന്നതാണ് പാടീസ് ഖാൻ -കുള്ളേഴ്സിന്റെ ജീവിതകഥ. അമേരിക്കയിലെ അക്രമികളായ പോലിസ് ഉദ്യോഗസ്ഥർ ഭിന്നശേഷിക്കാരനും കറുത്ത വംശജനുമായ അവളുടെ സഹോദരനെ നിരന്തരമായി വേട്ടയാടിയ കഥ നാം ഇതിൽ വായിക്കുന്നുണ്ട്. വംശവും വര്‍ഗവും ഭിന്നശേഷിയും അടക്കമുള്ള അധികാര പ്രശ്നങ്ങളെ എങ്ങനെയാണ് ഭരണകൂട ഭീകരത നേരിടുന്നതെന്നതിന്റെ നേർചിത്രമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്.
പട്രീസയുടെ സഹോദരന്‍ മോണ്ടെ കുള്ളേഴ്‌സിനെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ കൊണ്ട് വെടിവെച്ചും മാനസിക വെല്ലുവിളി നേരിടുന്ന അദ്ദേഹത്തിന്റെ മേല്‍ ഭീകരവാദ കുറ്റം ചുമത്തിയും ഭരണകൂടവും പോലീസും വേട്ടയാടിയ കഥ നാം വായിക്കണം. അമേരിക്കയിൽ വെളുത്തവംശീയ സ്ഥാപനങ്ങൾ എത്രവേഗത്തിലാണ് ന്യൂനപക്ഷങ്ങളുടെ മേല്‍ ഭീകരവാദ കുറ്റം ചുമത്തുന്നതെന്ന് ഈ അനുഭവങ്ങൾ തുറന്നുകാട്ടുന്നുണ്ട്. ഭരണകൂട ഭീകരതയുടെ ദൈനംദിന ആവിഷ്കാരത്തെ കുറിച്ച് മാത്രമല്ല നാം ഇതിലൂടെ പഠിക്കുന്നത്, മറിച്ച് അത്തരം ദുരന്താനുഭവങ്ങളെയും ഹിംസാത്മകതയെയും വിപുലമായ ജനകീയ കൂട്ടായ്മക്കും കാര്യക്ഷമമായ പ്രതിരോധ പ്രസ്ഥാനത്തിനും വേണ്ടിയുള്ള ഉൾപ്രേരകങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കും ആക്റ്റിവിസത്തിനും എങ്ങനെ കഴിയുമെന്നും നാം ഈ അനുഭവമെഴുത്തിലൂടെ പഠിക്കുന്നുണ്ട്.
വര്‍ഗം, ലിംഗം, ലൈംഗികത, വംശം, ഭിന്നശേഷി, മതം തുടങ്ങിയ ഘടനകളുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ജീവിതത്തെയാണ് ഈ കൃതി വരച്ചിടുന്നത്. അതേസമയം തന്നെ കല, കവിത, സർഗാത്മകജീവിതം ഉല്‍പാദിപ്പിക്കുന്ന പോരാട്ടങ്ങള്‍ എന്നിവയെയും ഈ കൃതി ഉയര്‍ത്തികാട്ടുന്നുണ്ട്. എന്നാല്‍, പട്രീസയുടെ സഹോദരന്‍ മാത്രമല്ല ഭീകരവാദി എന്ന് വിളിക്കപ്പെട്ടിട്ടുള്ളത്. പട്രീസക്കും അലീസിയ, ഓപല്‍ അടക്കമുള്ള അവളുടെ സഹരാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭീകരവാദികള്‍ എന്ന വിളി കേള്‍ക്കേണ്ടി വന്നു. ഭീകരവാദമുദ്ര മൂലം അവരുടെ ഉദ്ദേശ്യശുദ്ധിയും നേട്ടങ്ങളും മുന്നേറ്റങ്ങളും സാമൂഹികമായും രാഷ്ട്രീയമായും അവമതിക്കപ്പെട്ടു. എന്റെ അറിവില്‍, ഹിംസയുടെ കുത്തക ഏറ്റെടുത്ത ഒരൊറ്റ വെളുത്തവംശീയവാദിയുടെ മേലും അമേരിക്കൻ ഭരണകൂടം ഇതുവരെ ഭീകരവാദ മുദ്ര ചാര്‍ത്തിയിട്ടില്ല. എമെറ്റ് ടില്ലിനെ അരുംകൊല ചെയ്തവരുടെയോ, കരോള്‍ റോബര്‍ട്ട്‌സണ്‍, സിന്തിയ വെസ്‌ലി, ഡെനീസ് മക്‌നയര്‍, അഡെ മേയ് കോളിന്‍സ് എന്നീ ആഫ്രോ-അമേരിക്കൻ ബാലികമാരെ ബോംബെറിഞ്ഞ് ചുട്ടുകൊന്ന വെളുത്തവരുടെ വംശീയ സ്വാഭിമാന പ്രസ്ഥാനമായ കുക്ലക്‌സ് ക്ലാന്‍ അംഗങ്ങളുടെയോ മേല്‍ ഒരിക്കല്‍ പോലും ഭീകരവാദ കുറ്റം ചുമത്തപ്പെടുകയോ അവരെ ഔദ്യോഗികമായി ഭീകരവാദികള്‍ എന്ന് മുദ്രകുത്തുകയോ ചെയ്തിട്ടില്ല.
എമെറ്റ് ടില്ലിനെ അരുംകൊല ചെയ്തവരുടെയോ, കരോള്‍ റോബര്‍ട്ട്‌സണ്‍, സിന്തിയ വെസ്‌ലി, ഡെനീസ് മക്‌നയര്‍, അഡെ മേയ് കോളിന്‍സ് എന്നീ ആഫ്രോ-അമേരിക്കൻ ബാലികമാരെ ബോംബെറിഞ്ഞ് ചുട്ടുകൊന്ന വെളുത്തവരുടെ വംശീയ സ്വാഭിമാന പ്രസ്ഥാനമായ കുക്ലക്‌സ് ക്ലാന്‍ അംഗങ്ങളുടെയോ മേല്‍ ഒരിക്കല്‍ പോലും ഭീകരവാദ കുറ്റം ചുമത്തപ്പെടുകയോ അവരെ ഔദ്യോഗികമായി ഭീകരവാദികള്‍ എന്ന് മുദ്രകുത്തുകയോ ചെയ്തിട്ടില്ല.
പട്രീസയുടെ ഓര്‍മകുറിപ്പില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്, രാഷ്ട്രീയവുമായി ബന്ധപ്പെട്ടവയാണ് അതില്‍ ഏറ്റവും പ്രധാനം. ‘When They Call You a Terrorist’ എന്ന തലക്കെട്ട് തന്നെ, ഭീകരവാദവുമായി ബന്ധപ്പെട്ട ഭരണകൂട/അധീശ ആഖ്യാനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നാണ് വായനക്കാരോട് ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന്, ആഗോളതലത്തിലെ ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചക്ക് ഭീകരവാദത്തെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങൾ കാരണമായെന്നും ഏതുവിധത്തില്‍ അവ ന്യായീകരിക്കപ്പെട്ടുവെന്നും നാം പഠിക്കണം. ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഫലസ്തീന്‍ അധിനിവേശത്തിനെ സംബന്ധിച്ച ചിന്തകള്‍ക്ക് ഭീകരവാദത്തെക്കുറിച്ചുള്ള മേൽക്കോയ്മ സമീപനങ്ങൾ എങ്ങിനെ വിലങ്ങുതടിയിട്ടുവെന്ന ആലോചനകളും നാം നടത്തേണ്ടതുണ്ട്. ഇതിന്റെ തുടർച്ചയായി, അമേരിക്കയിലെ വംശീയ വിരുദ്ധ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഭീകരവാദത്തെക്കുറിച്ചുള്ള സ്ഥാപിത വംശവെറിയൻ ആഖ്യാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും നാം ഉറക്കെ ചിന്തിക്കേണ്ടതുണ്ട്.
‘When They Call You a Terrorist’ എന്ന തലക്കെട്ട് തന്നെ, ഭീകരവാദവുമായി ബന്ധപ്പെട്ട ഭരണകൂട/അധീശ ആഖ്യാനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നാണ് വായനക്കാരോട് ആവശ്യപ്പെടുന്നത്.
വംശീയവും സ്ത്രീവിരുദ്ധവും ട്രാന്‍സ്‌ഫോബിക്കുമായ ഹിംസകള്‍ സാധാരണവല്‍കരിക്കപ്പെടുന്നത് ലോകവ്യാപകമായി തുടരുകയാണ്. സമത്വം, നീതി, മനുഷ്യസ്വാതന്ത്ര്യം തുടങ്ങിയ സങ്കൽപനങ്ങൾക്ക് വിലങ്ങുതടിയായി അമേരിക്കയിലും ലോകത്തുടനീളവും നിലനില്‍ക്കുന്ന അധീശ ധാരണകള്‍ക്ക് ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ എന്ന വാക്യം വലിയ പ്രഹരമേല്‍പ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ മർദ്ദക ശക്തികളെ, പ്രത്യേകിച്ച് കോളനിവല്‍കരണത്തിന്റെയും അടിമത്തത്തിന്റെയും ചരിത്രത്തെ പൊളിച്ച് പണിയാനുള്ള പാശ്ചാത്യ യുക്തിയുടെ ശേഷിയെ ചോദ്യം ചെയ്യാന്‍ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ നമുക്ക് പ്രചോദനം നല്‍കി. തത്വശാസ്ത്രപരമായ ഉറപ്പുകളിലും പ്രത്യയശാസ്ത്ര സങ്കല്‍പങ്ങളിലും നിയമ വ്യവസ്ഥയിലും വെളുത്ത അധിനിവേശയുക്തിയുടെ സ്വയം പ്രകാശനം നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന്, കറുത്തവര്‍ഗക്കാരായ ആളുകള്‍, മൂന്നാംലോക രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍, കുടിയേറ്റവംശപരമ്പരയില്‍പെട്ട ആളുകള്‍ എന്നിവരെ ജയിലിലടക്കാനും, നിയമനടപടികളുടെയും നിയമപരിരക്ഷകളുടെയും പേരുപറഞ്ഞ് അത്തരം വ്യവസ്ഥാപിത വംശീയതയെ ന്യായീകരിക്കാനും അനുവാദം നല്‍കുന്നതാണ് അമേരിക്കൻ നിയമവ്യവസ്ഥ.
നമ്മുടെ ലോകത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച സാധ്യതകളെ പ്രതിനിധീകരിക്കുന്ന പുരോഗമനാത്മക സമീപനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുകയാണ് പട്രീസ് ഖാന്‍ കുള്ളേഴ്‌സും ബ്ലാക്ക് യൂത്ത് പ്രൊജക്ട് 100, ഡ്രീം ഡിഫന്‍ഡേഴ്‌സ് തുടങ്ങിയ ഒരുപാട് സംഘടനകളില്‍ നിന്നും വരുന്ന അവളുടെ സഹരാഷ്ട്രീയപ്രവര്‍ത്തകരും.
വൈവിധ്യങ്ങളെ ബലികഴിക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ ആഹ്വാനം ചെയ്യുന്നത്. അതാവട്ടെ സവിശേഷതകളെ ബലികഴിക്കാതെയുള്ള ബഹുസ്വരതയാണ്. വംശീയ/ലിംഗ/വര്‍ഗ ശ്രേണികളുടെ മേല്‍തട്ടില്‍ നിലവില്‍ ഇരിപ്പുറപ്പിച്ചവരല്ല സാർവലൗകിക സ്വാതന്ത്ര്യത്തിന്റെ പ്രതിനിധികളെന്നും മറിച്ച് അസ്വാതന്ത്ര്യത്തിലും അടിച്ചമർത്തലിലും ജീവിക്കുന്നവരും അത്തരം സാഹചര്യങ്ങളില്‍ നിന്നും വിമോചനം നേടാന്‍ പോരാടിക്കൊണ്ടിരിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ സാർവലൗകിക സ്വാതന്ത്ര്യത്തെ സ്വജീവിതംകൊണ്ട് പ്രതിനിധീകരിക്കുന്നവരെന്ന് പട്രീസയും കൂട്ടരും തിരിച്ചറിയുന്നു. ഈ തിരിച്ചറിവും അതുണ്ടാക്കുന്ന സ്‌നേഹത്തിന്റെ വിശാലശക്തിയുമാണ് പട്രീസയുടെ ശക്തമായ ഓര്‍മകുറിപ്പിന്റെ ആന്തരികോർജമായി വർത്തിക്കുന്നത്.
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍