അരുന്ധതിറോയിയും മാവോവാദത്തിന്റെ വിശുദ്ധീകരണവും
പ്രതികരണം,
____________
ഗാന്ധിയില്‍നിന്നും നെഹ്‌റുവില്‍നിന്നും വ്യത്യസ്തമായി അംബേദ്കര്‍ ഒരു സാന്നിധ്യമായത് പുതിയ സാമൂഹിക ഏജന്‍സികള്‍ രംഗത്തുവന്ന ‘ജിയോ പൊളിറ്റിക്‌സി’ന്റെ ഭാഗമായാണ്. ഈ വസ്തുതയെ അഭിമുഖീകരിക്കാതെ ഗാന്ധി- അംബേദ്കര്‍ അച്ചുതണ്ടില്‍ ചുറ്റിത്തിരിയുന്നത് അരുന്ധതിറോയിയെ പോലുള്ളവര്‍ ഉള്‍ക്കൊള്ളുന്ന കേവല മോഡേണിസത്തിന്റെ പരിമിതിയാണ്. നിരവധി കീഴാള പ്രതിനിധാനങ്ങളേയും ഉഭയമണ്ഡലങ്ങളെയും അപ്രത്യക്ഷീകരിക്കുകയാണ് ഈ മോഡേണിസത്തിന്റെ മറുപുറമെന്നത്. ഇപ്രകാരത്തിലുള്ള അപ്രത്യക്ഷപ്പെടുത്തലുകളെ തിരിച്ചറിയുന്ന ദളിത് ധൈക്ഷണിക ഇടപെടലുകള്‍ അരുന്ധതിറോയിയെ പോലുള്ളവരുടെ ക്രെഡിബിലിറ്റിയെ സംശയാസ്പദമാക്കുന്നതില്‍ അത്ഭുതമില്ല. ചുരുക്കിപ്പറഞ്ഞാല്‍, സവര്‍ണ്ണയായതിനാലല്ല, കേവല മോഡേണിസ്റ്റും മറ്റുപലതുമായതിനാലാണ് അവര്‍ക്ക് എതിരെ വിമര്‍ശനമുയരുന്നത്.
_______________
കെ.കെ.ബാബുരാജ്
_______________
അരുന്ധതിറോയി സവര്‍ണ്ണയായതിനാല്‍ AOCയെ തൊടാന്‍ പറ്റില്ലന്നോ അംബേദ്ക്കറെ വിമര്‍ശിക്കരുതെന്നോ ആരും പറഞ്ഞിട്ടില്ല. ‘ഹിന്ദു’പത്രം കേന്ദ്രമായുണ്ടായ വ്യാജപ്രചാരണമാണത്. നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം സവര്‍ണ്ണരില്‍നിന്നും ആശയപരമായും സ്ഥാപനപരമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന വയലന്‍സിനെ ഗതിമാറ്റിവിടുകയും കീഴാളരുടെ പ്രതിഷേധങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയുമാണ്. കമലാഹാസന്റെ ‘വിശ്വരൂപം’ എന്ന സിനിമയെ പറ്റിയുണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. ആ പടത്തിലെ മുസ്ലീംങ്ങള്‍ക്ക് നേരെയുള്ള വയലന്‍സ് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന മുറവിളിയില്‍ മുങ്ങിപ്പോയി. ഇതേസമയം ഇസ്ലാമിക പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും നടത്തിയ പ്രതിഷേധങ്ങള്‍ അപരിഷ്‌കൃതരുടെ വൈകാരിക പ്രകടനമായി കണക്കാക്കപ്പെട്ടു. കീഴാളരാല്‍ വിമര്‍ശിക്കപ്പെടുന്ന സവര്‍ണ്ണരിലെ താരമൂല്യമുള്ളവരും പൊതുവ്യക്തിത്വങ്ങളും ഇരകളായി മാറുന്നു എന്ന ക്ഷമാപണ സ്വരമുയര്‍ത്താനാണ് പൊതുബോധം സന്നദ്ധമാകുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. AOC പ്രശ്‌നത്തില്‍ അരുന്ധതിറോയിയെ വിമര്‍ശിച്ചത് ദലിതര്‍ മാത്രമായിരുന്നില്ല. സവര്‍ണ്ണരിലും മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങളിലും ഉള്‍പ്പെട്ട ബുദ്ധിജീവികളും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ദലിതരെ കുറ്റപ്പെടുത്താന്‍ മാത്രം എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ചില മോര്‍ച്ചറി മാര്‍ക്‌സിസ്റ്റുകളും ന്യൂഡോലിബറലുകളും വരുന്നതെന്നതു ചിന്തനീയമാണ്.
____________________________
അവസാനമായി; അരുന്ധതിറോയിയെപ്പോലുള്ളവര്‍ സ്റ്റേറ്റിനെ വെല്ലുവിളിക്കുകയും കോര്‍പ്പറേറ്റ് വാഴ്ചയെ എതിര്‍ക്കുകയും ആള്‍ട്ടര്‍നേറ്റ് സമരങ്ങളോട് ആഭിമുഖ്യം കാണിക്കുകയും ചെയ്യുന്നുണ്ടെന്നത് സത്യമാണ്. ഇക്കാരണങ്ങളാല്‍ അവര്‍ ബഹുജന്‍ സ്ത്രീകളുടേയും പിന്നാക്കക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും പ്രാതിനിധ്യമുള്‍ക്കൊള്ളുന്നു എന്നു കരുതുന്നത് അതിഭാവനയാണ്. സ്റ്റേറ്റിന് അതീതമായിരിക്കുക, നാഗരികതയെ വെറുക്കുക, വര്‍ഗ്ഗമേധാവിത്വത്തെ ചരിത്രപരമല്ലാതെ മനസ്സിലാക്കുക, പുതിയ സാമൂഹിക വിഷയികളെ തിരിച്ചറിയാതിരിക്കുക, സര്‍വ്വോപരി ജനാധിപത്യത്തെ അവിശ്വസിക്കുക എന്നിവയെല്ലാം കേവല ആധുനികതയുടെ സ്വാഭാവിക ബോധ്യങ്ങള്‍ തന്നെയല്ലേ?
____________________________
നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ ജോ ഡിക്രൂസ് എന്ന തമിഴ് നോവലിസ്റ്റുമായുള്ള കരാര്‍ ‘നവയാന’ റദ്ദാക്കി. എന്നാല്‍ ഗുജറാത്തിലെ മുസ്ലീംങ്ങളിലും അനേകമിരട്ടി ആദിവാസി-ദലിത് ജനതകളെ കൂട്ടക്കുരുതികളിലേയ്ക്ക് വലിച്ചെറിയുന്ന മാവോയിസ്റ്റ് പരീക്ഷണശാലകളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുഴുനീളസാഹിത്യം രചിച്ച അരുന്ധതിറോയിയുമായി പുതുതായി കരാറുണ്ടാക്കുകയെന്ന ഇരട്ടത്താപ്പാണ് നവയാന ചെയ്തത്. ഹിന്ദുത്വത്തിന്റെ ഹിംസാത്മകത മാത്രമല്ല മാവോവാദം പോലുള്ള ഫ്യൂഡല്‍ കേന്ദ്രീകരണങ്ങളുടെ പ്രതിഹിംസാത്മകതയും ജനാധിപത്യത്തെയും ബഹുത്വത്തെയും നിരാകരിക്കുന്നതാണെന്ന വസ്തുതയാണ് ഇവര്‍ വിസ്മരിക്കുന്നത്. അരുന്ധതിറോയി
ഇന്ത്യന്‍സമൂഹം കോര്‍പ്പറേറ്റുകള്‍ക്ക് അടിപ്പെട്ടിരിക്കുന്നു, സ്റ്റേറ്റിന്റെ മര്‍ദ്ദകസ്വഭാവംമൂലം ജനകീയ സമരങ്ങളുടേയും ബഹുജനമുന്നേറ്റങ്ങളുടേയും ദിശമാറ്റേണ്ടിയിരിക്കുന്നു, നിയമവ്യവസ്ഥയും ബ്യൂറോക്രസിയും സമ്പന്നരുടെ അധീനതയിലായതിനാല്‍ അടിത്തട്ടിലെ ജനതയുടെ പരിരക്ഷ അസാധ്യമാണ്, ഭരണഘടനയാണ് ആദിവാസികളുടെ നാശത്തിനുകാരണം- ഇങ്ങനെയുള്ള മാവോവാദ പ്രചാരണപരിപാടികളെ ഏറെ റൊമാന്റൈസ് ചെയ്യുന്ന അരുന്ധതിറോയി ഒരു ടൂറിസ്റ്റായിതന്നെയാണ് ബഹുജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നത് നിസ്സംശയമാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ വസ്തുത ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. മറിച്ച് ; മാവോവാദികള്‍ പരിഹാരമായിവെക്കുന്ന ഒറ്റമൂലി വര്‍ഗ്ഗസമരസിദ്ധാന്തത്തില്‍നിന്നും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സര്‍വ്വകര്‍തൃത്വ അവകാശവാദത്തില്‍നിന്നും നേര്‍രേഖ വരച്ച ഒരു രാഷ്ട്രീയ-സൈനികവിപ്ലവമാണ്. ഇവിടെ ഓര്‍ക്കേണ്ടത് മാര്‍ക്‌സിസം സര്‍വ്വശക്തമായിരുന്ന കാലത്തുതന്നെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തെ അംബേദ്കര്‍ നിരാകരിച്ചു എന്നതാണ് (സോഷ്യലിസത്തിന്റെ എല്ലാ ധാരകളോടും അദ്ദേഹം വിയോജിച്ചിരുന്നില്ല). മാവോയിസ്റ്റുകള്‍ പുത്തന്‍ ജനാധിപത്യ വിപ്ലവസിദ്ധാന്തങ്ങളും പ്രായോഗികനടപടികളുമായി രംഗത്തുവന്ന കാലത്താണ് ദലിത് പ്രസ്ഥാനങ്ങളും കാന്‍ഷിറാമിനെപ്പോലുള്ളവരും പ്രവര്‍ത്തിച്ചത്. (സി.പി.ഐ.എം.എല്‍. പ്രസ്ഥാനത്തിന്റെ ബഹുജനധാരകളോട് ദളിത് രാഷ്ട്രീയം പലപ്പോഴും ഐക്യപ്പെട്ടിട്ടുണ്ട്.) ഇവിടെയുള്ള പ്രധാനപ്പെട്ട വ്യത്യാസമെന്നത് കീഴാളരാഷ്ട്രീയം പ്രമേയമാക്കുന്നത് ‘അതിജീവനത്തെ’യാണ്. മാര്‍ക്‌സിസത്തിന്റെ അജണ്ട നിര്‍ണ്ണയിക്കുന്നത് ‘വര്‍ഗ്ഗസംഘര്‍ഷ’മാണ്.
മാര്‍ക്‌സിസത്തിന് കീഴാളരുടെ അതിജീവനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നതിനാലാണ് ‘വിപ്ലവം’ നടന്ന തെലുങ്കാനയിലും നക്‌സല്‍ബാരിയിലും ദലിതരും ഇതര പാര്‍ശ്വവല്‍കൃത സമുദായങ്ങളും കൂടുതല്‍ നിരാശ്രിതരായി മാറിയത്. സമകാലീന മവോവാദമാകട്ടെ ഈ ജനവിഭാഗങ്ങളെ നിരാശ്രയത്വത്തിലേയ്ക്ക് മാത്രമല്ല സഹോദരഹിംസകളിലേയ്ക്കും കൂട്ടക്കുരുതികളിലേയ്ക്കും എടുത്തെറിയുകയാണെന്ന് മധ്യേന്ത്യ തെളിയിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മാര്‍ക്‌സിസത്തിലൂടെ നേര്‍രേഖ വരച്ച ഒരു രാഷ്ട്രീയ സൈനികവിപ്ലവത്തില്‍ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് മാത്രമല്ല, മത-സാമുദായിക വൈവിധ്യങ്ങള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കര്‍ത്തൃത്വസ്ഥാനം ഉണ്ടാവുക അസാധ്യമാണ്. ഈ അര്‍ത്ഥത്തില്‍, അംബേദ്കര്‍ എന്തുകൊണ്ടാണ് വര്‍ഗ്ഗസമരപ്രത്യയശാസ്ത്രത്തെ നിരാകരിച്ചത്, ഗവണ്‍മെന്റാലിറ്റിയെപ്പറ്റി മറ്റൊരുവിധത്തില്‍ ചിന്തിച്ചത്, മൂലധനത്തെയും കേന്ദ്ര-പ്രാദേശിക ഭരണസംവിധാനങ്ങളേയുംകുറിച്ചും എഴുതിയത്, ജാതിവ്യവസ്ഥയുടെ മാറ്റങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചത് എന്നൊക്കെയുള്ള സൂക്ഷ്മന്വേഷണത്തില്‍ ഏര്‍പ്പെടാതെ അരുന്ധതിറോയി അഛഇയുടെ ചെലവില്‍ മാവോവാദത്തെ വിശുദ്ധീകരിക്കാന്‍ നടത്തിയ ഇടപെടലാണ് വ്യാപകമായ പ്രതിഷേധത്തെ വിളിച്ചുവരുത്തിയതെന്ന് ഉറപ്പാണ്.
_________________________________
related articles ;-
______________
* അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും
*ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും
*ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി
* അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.