പെറുക്കികള്‍, പോക്കറ്റടിക്കാര്‍, കൂലിത്തല്ലുകാര്‍, കൂട്ടിക്കൊടുപ്പുകാര്‍, തെണ്ടികള്‍, മനോരോഗികള്‍, വഴിവാണിഭക്കാര്‍, ലൈംഗികവേലക്കാര്‍, കീഴ്ജാതിക്കാര്‍, പരദേശികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ള അധോതലം രണ്ടിടത്തും അസന്നിഹിതമാണ്. അവരുടെ ഭാഷ ഒരേസമയം ആഷിഷ് നന്ദിക്കും ശങ്കരപ്പിള്ളയ്ക്കും അപ്രാപ്യമാണ്. കാതലും ഫലവും ക്ഷയിച്ച പരമ്പര, മദ്ധ്യവര്‍ഗ്ഗത്തിന്റെ ശൂന്യദര്‍ശനങ്ങള്‍ക്കും സൗന്ദര്യപ്രതിസന്ധികള്‍ക്കുമപ്പുറത്ത് നിത്യജീവിതമെന്ന നരകത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നു. അധോമണ്ഡലത്തിലെ ജനതയുടെ അസാന്നിദ്ധ്യമാണ് കൊളോണിയലിസം, മുതലാളിത്തവികസനക്രമം എന്നിവയ്‌ക്കെതിരെ ഫ്യൂഡല്‍ പൂര്‍വ്വലാളിത്യത്തിലേക്ക് സംസ്‌കാരത്തെ ചുരുക്കുന്ന ഏക കാലികതയായി ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന കവിതയെ സങ്കുചിതമാക്കിയതിനുള്ള മുഖ്യകാരണം.
_____________
കെ. കെ. ശിവദാസ് ________________ സംസ്‌കാരവും സാഹിത്യവും തമ്മിലെ ബന്ധം ആദാനപ്രദാനങ്ങളുടേതാണ്. സംസ്‌കാരത്തെ കലാസാഹിത്യാദികള്‍ മാത്രമാക്കി ചുരുക്കുന്ന സമീപനവും സാഹിത്യത്തെ സംസ്‌കാരത്തിന്റെ പരമാധാരമായി കാണുന്ന സമീപനവും കാലഹരണപ്പെട്ടിരിക്കുന്നു. സംസ്‌കാരമാണ് സാഹിത്യത്തിന് നിദാനം. അതേസമയം സാഹിത്യം സംസ്‌കാരത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. സൗന്ദര്യം, അനുഭവങ്ങള്‍ എന്നിവയെ മുന്‍നിറുത്തി അവ രണ്ടും തമ്മിലെ ബന്ധം തത്ത്വചിന്തകര്‍, സംസ്‌കാരപഠിതാക്കള്‍, നിരൂപകര്‍ എന്നിവര്‍ നിര്‍ദ്ധരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മതഭേദങ്ങളുടെ മണ്ഡലമാണ് ഈ രംഗം. കലയെ മുന്‍നിറുത്തിയാണ് നീഷെയും വാല്‍ത്തര്‍ ബെന്യാമിനും സംസാരിച്ചത്. നീഷെ മനുഷ്യാസ്തിത്വത്തെ കലകളുടെ ഉല്‍പ്പന്നവും പദ്ധതിയുമായി കണ്ടപ്പോള്‍ ബെന്യാമിന്‍ കലയെ അസ്തിത്വത്തിന്റെ ഉത്പന്നവും പദ്ധതിയുമായി സ്ഥാപിക്കുന്നു.1
കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകളില്‍ സംസ്‌കാരത്തോടുള്ള നിലപാടുകള്‍ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നതിന്റെ ഭാഗമാണ് ഈ ലേഖനം. കേരളസംസ്‌കാരത്തിന് മുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് അവയില്‍ ശ്രദ്ധേയമായ പലതും. 1984 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’. 1980-89 കാലത്തെ ശ്രദ്ധാര്‍ഹമായ പത്തു കവിതകളില്‍ ഒന്നായി കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടുത്തിയ2 കവിതയാണിത്. പ്രകൃതിയുടെ സാന്നിദ്ധ്യങ്ങളെ പുതിയ പരിസ്ഥിതിബോധത്തില്‍ മാറിക്കാണുന്നതിന്റെ കല്‍പനാമാതൃകകള്‍ കണ്ടുകിട്ടുന്ന എണ്‍പതിലെ കവിതകളിലൊന്നായി കെ.സി. നാരായണനും വിലയിരുത്തുന്നു.3 പാരിസ്ഥിതികാവബോധം, ഉപഭോഗസംസ്‌കാരവിരുദ്ധത എന്നിവയുടെ പേരില്‍ മലയാളസാഹിത്യത്തില്‍ സ്ഥാപിക്കപ്പെട്ട രചനയാണിത്. ഈ കവിതയില്‍ അവതരിപ്പിക്കപ്പെട്ട സംസ്‌കാരികനിലപാടുകളുടെ പുനഃപരിശോധന സംഗതമാണ്. ശങ്കരപ്പിള്ളയുടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പേരും കൊച്ചിയിലെ വൃക്ഷങ്ങള്‍ എന്നായിരുന്നു. ഈ കവിതയ്ക്ക് കവി നല്‍കുന്ന പരിഗണനയും അതില്‍നിന്ന് വ്യക്തമാണ്. ഈ കവിതയെക്കുറിച്ച് വിമര്‍ശകര്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ സംഗ്രഹിക്കാം.
നിരൂപക വാഴ്ത്തുകള്‍
‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത് ചിന്തയുടെ ചടുലമായ വേഗമനുഭവിക്കുന്ന ചലനാത്മകബിംബങ്ങളാണ്. വൃക്ഷങ്ങള്‍ വിപണിയുടെ ഭാഗമാവുമ്പോള്‍ ഗോത്രമനസ്സിന്റെ ഒരുമയ്ക്കു പകരം വിഘടിതസ്വത്വങ്ങളുടെ പരിഭ്രാന്തി സമൂഹത്തെ കീഴടക്കുന്നു. അഭയത്തിന്റെ വിരൂപശിഖരത്തില്‍ ദൈന്യത്തിന്റെ പതാകയാവുന്ന ഇടപ്പള്ളിയും പൂത്തുയര്‍ന്ന പാതാളവൃക്ഷമാവുന്ന പി. യും ഈ മാറ്റങ്ങള്‍ നിക്ഷിപ്തമായ കലാകാരന്റെ ആത്മനാശവും അന്തഃഛിദ്രവും അനുഭവിച്ചവരാണ്. ഈ സാമൂഹ്യവിഘടനത്തിന് സമാന്തരമായ ഭാഷയിലെ ആഖ്യാനഘടനയ്ക്കു മറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്….ഒരു സ്ഥലത്തുനിന്നുകൊണ്ട് മുഴുവന്‍ ചിത്രവും കാണാന്‍ നിര്‍ബന്ധിക്കുന്ന റിയലിസ്റ്റ് സങ്കേതമല്ല, നടന്നു കാണുന്നതിലൂടെ ദൃശ്യകേന്ദ്രം അടിക്കടി മാറ്റുന്ന, അങ്ങനെ ദൃശ്യാനുഭവത്തില്‍ സ്വയം പങ്കാളിയാവാന്‍ ദര്‍ശകനെ അനുവദിക്കുന്ന നാടകീയസങ്കേതമാണ് കവി പരീക്ഷിക്കുന്നത്. ഇതുകൊണ്ടാണ് ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ മാതിരിയുള്ളൊരു കവിതയില്‍ ദൃശ്യങ്ങള്‍ മാറിമാറി വരുന്ന അനുഭവമുണ്ടാകുന്നത്.4 തെളിമയേറിയ ഒരു കാലം അന്യാധീനപ്പെടുന്നതിന്റെ ചരിത്രമാണ് ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’5 കൊച്ചിയിലെ പരിമിതചരിത്രത്തിലൂടെ, അതിന്റെ പരിണാമ വൈരുദ്ധ്യങ്ങളിലൂടെ ജന്മദേശത്തിനും വസുന്ധരയ്ക്കും വന്നുചേര്‍ന്ന മാറ്റത്തിന്റെ സമാന്തരസത്യങ്ങള്‍ കണ്ണാടിയിലെന്നപോലെ കാണാം. കാല്പനിക ഗൃഹാതുരതയോ ഭസ്മീകരണത്വരയോ അല്ല അതിലെ അന്തര്‍നാദം. പരിണാമത്തെ ധ്വനിപ്പിക്കാന്‍ വൃക്ഷങ്ങളെ പ്രതീകമാക്കുന്ന കവി അനുഷ്ഠിക്കുന്നത് വിമലീകരണപ്രക്രിയയാണ്.6 ”കൊച്ചിയിലെ വൃക്ഷങ്ങള്‍’ പാരമ്പര്യത്തിന്റെ പുനര്‍വായനയും ചരിത്രത്തോടുള്ള ഗാഢസംവാദവുമാണ്. ചരിത്രം ഒരു പാഠമായി കവിതയുടെ ആഖ്യാനഘടനയിലേക്ക് ആഗിരണം ചെയ്യുന്നു. രേഖീയചരിത്രം അമൂര്‍ത്തമായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്…കൊളോണിയല്‍ വിരുദ്ധമായ ഒരു (ഉപ)ദേശീയസ്വത്വത്തിന്റെ പ്രത്യയ ശാസ്ത്രംകൊണ്ട് ചരിത്രത്തിന്റെ അമൂര്‍ത്തതയെ അതിവര്‍ത്തിക്കാനാണ് ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ ശ്രമിക്കുന്നത്. ശരീരത്തിന്റെ ലിപിയില്‍ വന്നു വിരിയുന്ന, ദേശപ്പെരുമകളിലൂടെ വികസിക്കുന്ന കാവ്യഭാഷ സൃഷ്ടിച്ചുകൊണ്ടാണ് ശങ്കരപ്പിള്ള ഈ വെല്ലുവിളി നേരിടുന്നത്.7 നെറിപോയ പുതുകാലത്തിലേക്കുള്ള അവരോഹണത്തിന്റെ സൂചനകളാണ് ‘കൊച്ചിയിലെ വൃക്ഷങ്ങ’ളില്‍ കാണുന്നത്. ഉപഭോഗസംസ്‌കാരമാണ് അതിനു കാരണം.8 ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള വികാസത്തില്‍ അഹിതാംശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പുരോഗതിയുടെ മാര്‍ഗ്ഗം കാട്ടുകയും അതിനെ മറച്ചുകൊണ്ട് പടരുന്ന പായലുകളെയും പുകയെയും തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കവിതയാണിത്.9 ശങ്കരപ്പിള്ളയുടെ കവിതകളില്‍ സാഹിത്യചിന്തകള്‍ സാഹിത്യകേന്ദ്രമല്ലാതായിത്തീരുന്നതു കാണാം. ഉദാഹരണമായി ‘കൊച്ചിയിലെ വൃക്ഷങ്ങ’ളും ചൂണ്ടിക്കാട്ടപ്പെടുന്നു.10 ശങ്കരപ്പിള്ളക്കവിതകളില്‍ മദ്ധ്യവര്‍ഗ്ഗജീവിതവും സംസ്‌കാരവും കുറെ ചിഹ്നങ്ങളായും വ്യാകരണങ്ങളായും നിലനില്‍ക്കുന്നുവെന്ന് കെ. എം. നരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.11 മദ്ധ്യവര്‍ഗ്ഗജീവിതത്തില്‍ തമസ്‌കരിക്കപ്പെടുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നത് ഗുപ്തമായ മറ്റൊരു ഭാഷാഘടനയിലാണെന്ന് പറയുന്ന നരേന്ദ്രന്‍ അതു വിശദീകരിക്കുന്നില്ല. ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ അദ്ദേഹം പരാമര്‍ശിക്കുന്നുമില്ല.
തൃക്കാക്കരമുതല്‍ കൊച്ചി തുറമുഖംവരെയുള്ള വഴി പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്ന കാലത്തുനിന്ന്, വഴിയുടെ ഇരുവശത്തും മഹാമരങ്ങള്‍ നിന്നിരുന്ന കാലത്തുനിന്ന് പരിണമിച്ച് വൃക്ഷങ്ങളുടെ പ്രേതരൂപങ്ങളായി പുകയുയരുന്ന, പുക പെരുകുന്ന പുതിയ കാലമാണ് ഈ കവിതയിലുള്ളത്. പകയുടെ തുമ്പിക്കയ്യില്‍ അമരുന്ന നഗരജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും അതിനെതിരെ ഉണരാത്തവരോടുള്ള പരിഹാസം കലര്‍ന്ന ഉപദേശത്തിലുമാണ് കവിത അവസാനിക്കുന്നത്. വൃക്ഷം എന്ന ബിംബത്തിലൂടെയാണ് കൊച്ചിയുടെ സാംസ്‌കാരികപരിണാമം അവതരിപ്പിക്കുന്നത്. ജ്ഞാനം, ജീവിതം, മരണം/പതനം എന്നിവയെ ബിംബവത്ക്കരിക്കാന്‍ പൗരസ്ത്യ, പശ്ചാത്യ സാഹിത്യത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് വൃക്ഷബിംബം. വേരുകള്‍, ശാഖകള്‍, ഇലകള്‍, പൂക്കള്‍ എന്നിവയിലൂടെ വൃക്ഷബിംബ കല്‍പന വ്യത്യസ്ത കാവ്യസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ കൈവരിക്കുന്നു. ക്രോധംപോലും വറ്റിയ കാലത്ത് ഒഴികഴിവുകളുടെ പച്ചവിറകിന്മേല്‍ ജന്മദീര്‍ഘമായ ശവദാഹം നടക്കുന്നതായി കവി പറയുന്നു. കവിതയുടെ നാമകരണം, പ്രതിനിധാനങ്ങളുടെ സ്വഭാവം, കാലബോധം, ഭാവന എന്നീ ഘടകങ്ങള്‍ പരിശോധിക്കുന്നതിലൂടെ വര്‍ത്തമാനത്തെ അഭിമുഖീകരിക്കാന്‍ കെല്പ്പുള്ളതാണോ അതിന്റെ സാംസ്‌കാരികനിലപാട് എന്നു മനസ്സിലാക്കാം.
കടല്‍, പഴയ തുറമുഖങ്ങള്‍, കായലുകള്‍ മറ്റു ജലപാതകള്‍, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്‌കാരികതയുടെ ദീര്‍ഘപാരമ്പര്യം കൊച്ചിക്കുണ്ട്. അതിനു മുകളിലാണ് പുതിയ കൊച്ചി ഉരുവം കൊണ്ടിട്ടുള്ളത് (ഈജിപ്തിലേക്കും ഗ്രീസിലേക്കും പോയ ചന്ദനം അതിന്റെ അംശം മാത്രമാണ്). പൂണിത്തുറ പോലുള്ള തുറമുഖങ്ങള്‍, മത്സ്യബന്ധനം നടത്തിയിരുന്ന വാല, അരയ, മുക്കുവ ജാതിക്കാര്‍, ചതുപ്പുകളിലും കായല്‍നിലങ്ങളിലും കൃഷിചെയ്തിരുന്ന പുലയര്‍ എന്നിങ്ങനെ പ്രാചീനമാണ് ആ സാംസ്‌കാരികത. രാത്രി ചൂട്ടുകാട്ടി മീന്‍പിടിക്കുന്നവരെക്കണ്ട് വിചിത്ര ജലജീവികളാണെന്ന് നിക്കോളോ കോണ്ടി (1419-1444) തെറ്റിദ്ധരിച്ചതായി കെ. പി. പത്മനാഭ മേനോന്‍ പറയുന്നു.12 സാംസ്‌കാരികപരിണാമത്തിന് വലിയ തുടക്കമിട്ട പലതും ആദ്യമായി സംഭവിച്ചത് ഈ ആവാസവ്യവസ്ഥയിലാണ്. സ്വരൂപങ്ങള്‍, നാടുവാഴികള്‍, കൊങ്കിണികള്‍, പഞ്ചാബികള്‍, ലാറ്റിന്‍ ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, അച്ചടി, അലോപ്പതി, കൂനന്‍കുരിശ് കലാപം, ആംഗ്ലോ ഇന്ത്യക്കാര്‍, ചവിട്ടുനാടകം, കുടുംബികള്‍, മുസ്ലിങ്ങള്‍ എന്നിങ്ങനെ ബഹുലമായ സാംസ്‌കാരികത വൃക്ഷബിംബത്തെ ആവിഷ്‌കരിച്ചതിലെ പ്രത്യേകതയാല്‍ നിസ്സാരീകരിക്കപ്പെട്ടു. നാമങ്ങള്‍, രൂപങ്ങള്‍, ഗന്ധങ്ങള്‍. ശബ്ദങ്ങള്‍, സാഹിത്യം, എടുപ്പുകള്‍, അനന്തപരമ്പര എന്നിങ്ങനെ അവതരിപ്പിക്കപ്പെടുന്ന കൊച്ചിയിലെ ജീവിതപരിണാമം അങ്ങനെ ജനതയുടെ സാന്നിദ്ധ്യമില്ലാത്തതായിത്തീരുന്നു.
മുതലാളിത്ത അന്യവത്കരണത്തിന്റെ പുകമൂടുന്ന ദുര്‍ഘട പ്രതിസന്ധികളുടെ നരകമായി കവി കാണുന്ന കൊച്ചിയിലെ ജീവിതം അതിന്റെ മനുഷ്യസാന്നിദ്ധ്യത്തെ സജീര്‍ണ്ണമായ അടരുകളിലൂടെയാണ് ആവിഷ്‌കരിക്കുന്നത്. പ്രാദേശികഭാഷ, ഭക്ഷണം, ആഭരണക്കടകള്‍, ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, വിനോദ-വ്യവസായ കേന്ദ്രങ്ങള്‍, മയക്കുമരുന്ന്, പെണ്‍വാണിഭം, നാവികസേന, നിയമകേന്ദ്രങ്ങള്‍, നിയമപാലകര്‍, വാഹനവ്യൂഹങ്ങള്‍, ഗുണ്ടകള്‍, ലാന്‍ഡ് മാഫിയ, പത്രം, സിനിമ, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, മതം, ജാതി, മതേതരത്വം ചൂതാട്ടം, മറൈന്‍ഡ്രൈവ്, സ്റ്റേഡിയം, മിമിക്രിക്കാര്‍, ഗാനമേളക്കാര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രസ്ഥാനങ്ങള്‍, രാഷ്ട്രീയസമരങ്ങള്‍, യാചകര്‍, രോഗികള്‍, ആശുപത്രികള്‍, കുടിവെള്ളസമരം, കുടിയൊഴിക്കലിനെതിരെയുള്ള സമരം, ഐ.ടി മേഖല, വ്യവസായ സ്ഥാപനങ്ങള്‍, പരിസ്ഥിതിസംഘടനകള്‍, കോര്‍പ്പറേഷന്‍ ഭരണം, ട്രാഫിക് ബ്ലോക്ക്, ഫ്‌ളാറ്റ് കള്‍ചര്‍, ചിന്തകള്‍ എന്നിങ്ങനെ സങ്കീര്‍ണ്ണമായ അടരുകളുള്ളതാണത്. ഫ്യൂഡല്‍ പൂര്‍വ്വഘട്ടത്തിലെ നേര്‍വഴിയേക്കാള്‍, വര്‍ത്തുളവും പരസ്പരബന്ധിതവുമായ ഗ്രൂപ്പുകളുടെ അടരുകളാണ് അതിനാധാരം.
രൂപപരമായ ചട്ടക്കൂടിനുള്ളില്‍വെച്ച് ഈ കവിതയില്‍ കൊച്ചിയുടെ സാഹിത്യപാരമ്പര്യം ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിങ്ങനെ പ്രത്യക്ഷമായും ആശാന്‍, ഷെല്ലി എന്നിങ്ങനെ പരോക്ഷമായും കടന്നുവരുന്നു. പി.കെ. കറുപ്പന്‍, മെഹബൂബ്, വിക്ടര്‍ ലീനസ് തുടങ്ങിയ സാംസ്‌കാരികവ്യക്തിത്വങ്ങള്‍ അസന്നിഹിതമാണ്. ബിംബസംവിധാനത്തിലെന്നപോലെ മലയാളകവിതയിലെ അംഗീകൃതപാരമ്പര്യമാണ് കവി അവതരിപ്പിക്കുന്നത്. സഹോദരന്‍ അയ്യപ്പന്‍, പ്രജാമണ്ഡലം, എന്നിങ്ങനെയുള്ള മേഖലകള്‍ കവിയുടെ പരിഗണനാക്രമങ്ങള്‍ക്ക് പുറത്താണ്.
സ്ഥലകാലങ്ങള്‍ കവിതയില്‍
കൊച്ചി എന്ന സ്ഥലരൂപകത്തിന്മേലാണ് ഈ കവിത പ്രാഥമികമായി നിലനില്‍ക്കുന്നത്. കൊച്ചി അതിന്റെ വിപുലാര്‍ത്ഥത്തില്‍ കൊച്ചിരാജ്യവും പരിമിതാര്‍ത്ഥത്തില്‍ എറണാകുളം ജില്ലയിലെ ഏതാനും പ്രദേശങ്ങളുമാണ്. സമുദ്രത്തില്‍ പതിച്ചിരുന്ന കൊച്ചുപുഴയില്‍നിന്ന് രൂപംകൊണ്ടതാണ് സ്ഥലനാമമെന്നാണ് സാമാന്യവിശ്വാസം. കൊച്ചഴി എന്നതിന്റെ ചുരുക്കമാകാമെന്ന് സി. അച്യുതമേനോന്‍13 പറയുന്നു. കൊച്ചിദ്വീപിന്റെ വടക്കേയറ്റത്തുമാത്രമായിട്ടാണ് ആദ്യം സ്ഥലനാമം സ്ഥാനംപിടിച്ചതെന്നും തുടര്‍ന്ന് വാണിജ്യബന്ധത്തിലൂടെ തുറമുഖപട്ടണമായും പെരുമ്പടപ്പിന്റെ ആസ്ഥാനനാമമായതോടെ രാജ്യനാമമായതായും വി.വി.കെ. വാലത്ത് പരാമര്‍ശിക്കുന്നു.14
‘കൊച്ചിവാണ വര്‍മ്മമാര്‍’ എന്ന വരി കൊച്ചിരാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും കവിതയില്‍ മുഖ്യമായും സൂചിതമാവുന്നത് പരിമിതാര്‍ത്ഥമാണ്. ഗാമയ്ക്കും വര്‍മ്മയ്ക്കും മുമ്പുള്ള കാലമാണ് ആദര്‍ശാത്മകമായി കവിതയില്‍ അവതരിപ്പിക്കപ്പെടുന്നത്. തൃക്കാക്കര മുതല്‍ കൊച്ചിത്തുറമുഖം വരെയുള്ള നേര്‍വരപോലെ വിശ്വാസംനിറഞ്ഞ വഴി അതിന്റെ സൂചകമാണ്. ഇങ്ങനെയൊരു വഴിയില്ലാതിരുന്ന കാലവുമുണ്ടത്രേ. അക്കാലത്ത് തൃക്കാക്കരവരെ അറബിക്കടല്‍ കയറിക്കിടന്നിരുന്നു. (കടലായിരുന്ന) കൊച്ചിയില്‍നിന്ന് തൃക്കാക്കരയ്ക്ക് പന്ത്രണ്ട് കി.മീ. ദൂരമുണ്ട്. ബി.സി. 302 ല്‍ നിന്ന് തുടങ്ങുന്ന ആ കഥയും വഴികളും ചങ്ങമ്പുഴക്കാലംവരെ വലിയ കേടുകൂടാതെ നിലനിന്നതായി വാലത്ത് പറയുന്നു. തൃക്കാക്കരയുടെ സൗന്ദര്യമാണ് മലരണിക്കാടുകള്‍ തിങ്ങിയ ഗ്രാമഭംഗിയായി ചങ്ങമ്പുഴ 1936 ല്‍ അവതരിപ്പിച്ചത്.15
1341ലാണ് കൊച്ചി അഴി തുറന്നതെന്നാണ് പൊതുവിശ്വാസം. എന്നാല്‍ 1930-31 കാലത്താണ് കപ്പലുകള്‍ക്ക് തുറന്നുകൊടുത്തത്. മുഖ്യതുറമുഖം എന്ന പദവി 1936 ഓടെയാണ് കൊച്ചിക്കു ലഭ്യമായത്. പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പുള്ള കൊച്ചിരാജ്യചരിത്രം അറിയാന്‍ വേണ്ട രേഖാലക്ഷ്യങ്ങള്‍ ഇല്ലെന്ന് കെ.പി. പത്മനാഭമേനോന്‍. കബ്രാളും മറ്റൊരാളും കണ്ട കൊച്ചിയെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. 1500 ഡിസംബര്‍ 24 ന് കൊച്ചിയിലെത്തിയ കബ്രാള്‍ കൊച്ചി എന്നതു നീണ്ട മണല്‍പ്രദേശമായ ദ്വീപാണെന്ന് പറയുന്നു.16 അതില്‍ നിറച്ചു തെങ്ങുകളുണ്ട്. ഇതിന്റെയും വയ്പുകരയുടെയും ഇടയില്‍ കാല്‍മൈല്‍ വീതിയില്‍ ആഴമുള്ള പുഴയുണ്ട്. ഇതില്‍ക്കൂടി അരമൈല്‍ മേല്‍പ്പോട്ടു പോയാല്‍ വളരെ വീതിയുള്ള കായല്‍ കാണാം. അതു തെക്കുവടക്ക് ഏകദേശം നൂറുമൈല്‍ നീളമുണ്ട്. കൊച്ചിപ്പട്ടണം പുഴയുടെ വക്കത്താണ്. ആ പട്ടണത്തില്‍ ചില മുഹമ്മദീയര്‍ പാര്‍ത്തിരുന്നു. അവരുടെ വീടുകള്‍ പരമ്പുകൊണ്ടും മണ്ണുകൊണ്ടും ചുമരും ഓലപ്പുരയുമായിട്ടുള്ളതായിരുന്നു. അന്ന് കോവിലകങ്ങളും ക്ഷേത്രങ്ങളും ഒഴികെ യാതൊരു പുരകളും കല്ലുകെട്ടിയും ഓടിട്ടും പണിചെയ്യിക്കുവാന്‍ പാടില്ലായിരുന്നു. കച്ചവടസാധാനങ്ങളുടെ രക്ഷയെ കരുതി മുഹമ്മദീയരുടെ വീടുകള്‍ക്ക് കല്‍ച്ചുമരുകെട്ടാന്‍ സമ്മതംകൊടുത്തിരുന്നു.
വേറൊരാള്‍ പറയുന്നു: അത് കൊച്ചി രാജാവിന്റെ തലസ്ഥാനമാണ്. കോഴിക്കോടുനിന്ന് 19 ലീഗ് (57 നാഴിക) തെക്ക് ഒരു നദിയുടെ വക്കത്ത് സ്ഥിതിചെയ്യുന്നു. പട്ടണം വളരെ ബലമുള്ളതും അവിടുത്തെ തുറമുഖം വളരെ വിസ്താരമുള്ളതും കപ്പലുകള്‍ രക്ഷയോടെ അവിടെ കിടക്കത്തക്കതുമാണ്. ചുറ്റുമുള്ള ഭൂമി താണപ്രദേശവും അതു പല ചെറിയ ചെറിയ ദ്വീപുകളായിട്ടാണ് കിടക്കുന്നത്. ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ അവതരിപ്പിക്കുന്ന സാംസ്‌കാരികപരിണാമത്തിന്റെ ചരിത്രപരമായ വിശദാംശങ്ങള്‍ കൊച്ചി രാജ്യചരിത്രത്തിലുണ്ട്. നായന്മാര്‍, മുഹമ്മദീയര്‍, ചെട്ടികള്‍, മുക്കുവര്‍, വാലന്മാര്‍, പുലയര്‍, ജൂതര്‍, കൊങ്കിണികള്‍, ക്രിസ്ത്യാനികള്‍, കച്ച്‌മേമണ്‍മാര്‍ എന്നിങ്ങനെ വിവിധ ജനതകളുടെ അധിവാസം അദ്ദേഹം വിവരിക്കുന്നു. ജാതീയവും മതപരവുമായ മേല്‍കീഴ്ബന്ധങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, വര്‍മ്മമാരുടെയും പോര്‍ട്ടുഗീസ്, ഡച്ച് ഇംഗ്ലീഷ് വിഭാഗങ്ങളുടെയും ഇടപെടലുകള്‍, മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍, അതിലൂടെ പരിണമിച്ച കൊച്ചി 1910 നു ശേഷം രാജാഗോപാലാചാരി തുടങ്ങിയ ദിവാന്മാര്‍, വിവിധ തൊഴില്‍ക്കാരായ ജനങ്ങള്‍, ഉദ്യോഗസ്ഥന്മാര്‍, രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകള്‍, റെയില്‍-റോഡ് ഗതാഗതസൗകര്യങ്ങള്‍ എന്നിവയിലൂടെ വീണ്ടും മാറി. 1943ല്‍ ഫാക്ടും 1956 ല്‍ ഹൈക്കോടതിയും 1971 ല്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും നിലവില്‍വന്നു. എറണാകുളം, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നീ പഴയ മുന്‍സിപ്പാലിറ്റികളും പള്ളുരുത്തി, വെണ്ണല, വൈറ്റില എന്നീ പഞ്ചായത്തുകളും ചില ദ്വീപുകളും കൂട്ടിച്ചേര്‍ത്ത് 1967 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ നിലവില്‍വന്നു. 1909 ല്‍ ജീര്‍ണ്ണോദ്ധാരണം നടന്ന് ഇന്നത്തെ നിലയിലേക്ക് മാറിയ തൃക്കാക്കര ക്ഷേത്രം ഇതോടൊപ്പമുണ്ട്. തുറമുഖത്തു നിന്നാല്‍ തൃക്കാക്കര വിളക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വളവുകള്‍ പെരുകിയ സാംസ്‌കാരിക പ്രക്രിയ സങ്കീര്‍ണ്ണമായിരുന്നു.
നഗരജീവിതത്തെ അശുദ്ധമാക്കുന്ന തരത്തില്‍, ശ്വാസംമുട്ടിക്കുന്ന തരത്തില്‍ പുക വിഴുങ്ങുന്ന കാലമായി 1984ല്‍ കൊച്ചി മാറിയതായി കവി കാണുന്നു. 25 വര്‍ഷം കഴിഞ്ഞിട്ടും കൊച്ചിയുടെ സാംസ്‌കാരിക പരിണാമം തുടരുകയാണ്. കൊതുകും മലിനീകരണവും പെരുകിയിരിക്കുന്നു. ഒപ്പം ആളുകളും എടുപ്പുകളും. 1999 ല്‍ വിമാനത്താവളം നിലവില്‍വന്നു. അധോലോകവും സാങ്കേതികതയും പരിണമിച്ചു. മദ്ധ്യവര്‍ഗ്ഗജീവിതവും ഉപഭോഗസംസ്‌കാരവും പതിന്മടങ്ങായി. ഇതരസംസ്ഥാന തൊഴിലാളികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമടക്കം നഗരം വീണ്ടും മാറുകയാണ്. മുതലാളിത്തത്തിന്റെ ചരക്കുവല്‍ക്കരണം, ഉപഭോഗപരത, ഫെറ്റിഷസം എന്നിവയ്‌ക്കെതിരെയും അതിന്റെ ബഹുവിധമായ എടുപ്പുകള്‍ക്കെതിരെയും ഉണരാന്‍ മടിക്കുന്നവര്‍ക്കെതിരെ പരിഹാസത്തില്‍പ്പൊതിഞ്ഞ താക്കീതായി അവസാനിക്കുന്ന ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ അവതരിപ്പിച്ച കാവ്യധര്‍മ്മം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു? അതിന്റെ സാംസ്‌കാരികരാഷ്ട്രീയം മലയാളത്തിലെ ആധുനികകവികളുടെ നഗരഭയത്തിന് പിറകിലെ തനിമാബോധവും ശുദ്ധിവാദവുമാണോ? എല്ലാ സാദ്ധ്യതകളും അടഞ്ഞതരത്തില്‍ തന്റെ സമീപനത്തിന് അനുരൂപമായ നിശ്ചലതയുടെ ഡയലക്റ്റിക്‌സാണ് ഈ കവിതയിലുള്ളത്. അതാണ് ഗ്രാമം, നഗരം എന്നിങ്ങനെയുള്ള ദ്വന്ദ്വകല്പനയ്‌ക്കൊപ്പം തന്റെ ആദര്‍ശത്തിന് വിരുദ്ധമായ മാറ്റത്തെ നഗരമാക്കുന്നത് കാണുന്നവരെ/വായിക്കുന്നവരെ ശ്രദ്ധിച്ചില്ലെങ്കില്‍ പശ്ചാത്തലത്തില്‍പ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങളാണ് കവിത മുഴുവന്‍. ഈ ദൃശ്യത്തില്‍പ്പെട്ട നിരൂപകരാണ് കവിതയെ വാഴ്ത്തിയത്. അല്ലെങ്കില്‍ ‘കൊച്ചിയിലെ വൃക്ഷങ്ങ’ളിലെ സാംസ്‌കാരിക രാഷ്ട്രീയം സ്വീകരിക്കാന്‍തക്ക പരിമിതചിന്തയുള്ള വായനാസമൂഹം നിലവിലുണ്ടായിരുന്നതായി കാണാം. ഇവരും അപഗ്രഥനവിധേയരാകേണ്ടതുണ്ട്. പ്രത്യേക അവബോധം മാത്രമായി, അനുഭവങ്ങളുടെ വൈവിദ്ധ്യം നിരാകരിക്കുന്ന കവിതയും വായനക്കാരും കൊച്ചിയിലെ മാത്രമല്ല സാംസ്‌കാരത്തെ മൊത്തത്തില്‍ ചുരുക്കുകയാണ് ചെയ്യുന്നത്.
ഇതില്‍നിന്ന് വ്യത്യസ്തമായി നേരെ എതിര്‍ദിശയില്‍ ആഷിഷ് നന്ദി ‘ടൈം ട്രാവല്‍ ടു എ പോസിബിള്‍ സെല്‍ഫ് സെര്‍ച്ചിങ് ഫോര്‍ ഏന്‍ ആള്‍ട്ടനേറ്റീവ് കോസ്‌മോപൊളിറ്റനിസം ഓഫ് കൊച്ചിന്‍’ എന്ന പ്രബന്ധത്തില്‍17 കൊച്ചിയുടെ സാംസ്‌കാരികബഹുത്വം, മതപരവും വംശീയവുമായ സഹിഷ്ണുത എന്നിവയെക്കുറിച്ച് പറയുന്നു. ഉപരിതലസ്പര്‍ശിയായ ഈ പഠനം വരേണ്യ സാംസ്‌കാരിക നിലപാടിന്റെ തുടര്‍ച്ചയാണ്. മാഹ്വാനും സിറിയന്‍ ക്രിസ്ത്യാനികളും കൊങ്കിണികളും രാജവംശീയരും പോര്‍ട്ടുഗീസുകാരും ഡച്ചുകാരും 1341 ലെ വെള്ളപ്പൊക്കവും ബീഫു കഴിക്കുന്ന വലതുപക്ഷക്കാരും സംഗീതജ്ഞരും മാത്രമായി കൊച്ചി ചുരുങ്ങുന്നതാണ് ഫലം. പെറുക്കികള്‍, പോക്കറ്റടിക്കാര്‍, കൂലിത്തല്ലുകാര്‍, കൂട്ടിക്കൊടുപ്പുകാര്‍, തെണ്ടികള്‍, മനോരോഗികള്‍, വഴിവാണിഭക്കാര്‍, ലൈംഗികവേലക്കാര്‍, കീഴ്ജാതിക്കാര്‍, പരദേശികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ള അധോതലം രണ്ടിടത്തും അസന്നിഹിതമാണ്. അവരുടെ ഭാഷ ഒരേസമയം ആഷിഷ് നന്ദിക്കും ശങ്കരപ്പിള്ളയ്ക്കും അപ്രാപ്യമാണ്. കാതലും ഫലവും ക്ഷയിച്ച പരമ്പര, മദ്ധ്യവര്‍ഗ്ഗത്തിന്റെ ശൂന്യദര്‍ശനങ്ങള്‍ക്കും സൗന്ദര്യപ്രതിസന്ധികള്‍ക്കുമപ്പുറത്ത് നിത്യജീവിതമെന്ന നരകത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നു. അധോമണ്ഡലത്തിലെ ജനതയുടെ അസാന്നിദ്ധ്യമാണ് കൊളോണിയലിസം, മുതലാളിത്തവികസനക്രമം എന്നിവയ്‌ക്കെതിരെ ഫ്യൂഡല്‍ പൂര്‍വ്വലാളിത്യത്തിലേക്ക് സംസ്‌കാരത്തെ ചുരുക്കുന്ന ഏക കാലികതയായി ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന കവിതയെ സങ്കുചിതമാക്കിയതിനുള്ള മുഖ്യകാരണം.
നഗരവും കവിഭാവനയും
1794 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ബ്ലേക്കിന്റെ ‘ലണ്ടന്‍’, ലിറിക്കല്‍ ബാലഡ് എന്ന രൂപത്തിലൂടെ വിപുലവിഷയം അവതരിപ്പിക്കുന്നു. വ്യവസായവത്ക്കരിക്കപ്പെട്ട നഗരത്തിന്റെ അധോതലകാഴ്ചകള്‍ അവതരിപ്പിക്കുന്ന ഈ കവിതയെക്കുറിച്ചും വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. വാക്കുകളുടെ ഉചിതമായ തെരഞ്ഞെടുപ്പിലൂടെ കാല്പനികകവിതയുടെ പരിമിതിയെ ബ്ലേക്ക് മറികടന്നു. ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍ എന്നിവയെ വാക്കുകളുടെ യോജിപ്പിലൂടെ മികച്ചതാക്കുന്നു. അതിലൂടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥകള്‍, സാമുദായികതിന്മകള്‍ എന്നിവയ്‌ക്കെതിരെ കവിത വികസിക്കുന്നു. കേവലം ലണ്ടനെക്കുറിച്ചുള്ള കവിതയാകാതെ, അതിരുകളില്ലാത്ത മാനവദുരിതത്തിലേക്ക് ധാര്‍മ്മികതയുടെ പിന്‍ബലത്തില്‍ വായനക്കാരെ ബ്ലേക്ക് എത്തിക്കുന്നു എന്ന വീക്ഷണത്തോടൊപ്പം അപരിചിതന്റെ കാഴ്ചയുമാണ് ലണ്ടന്‍. വിധിരൂപമായ സദാചാരപ്രസ്താവനയുടെ സ്വരമാണ് അതിന്റേത്. വൈവിദ്ധ്യമില്ലാത്ത കാഴ്ചകള്‍ അവതരിപ്പിക്കുന്ന കവിത, നഗരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാദ്ധ്യതകളെ ചതുഷ്പാദരൂപത്താല്‍ നിശ്ചലമാക്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ചാള്‍സ് ബോദ്‌ലെയറുടെ കവിതകളില്‍ പാരീസ് നഗരം കടന്നുവരുന്നു. വേശ്യയെപ്പോലെ വില്‍ക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ബോദ്‌ലെയര്‍ കവിതകളിലെ നഗരചിത്രം. സ്ത്രീ, മൃത്യു എന്നീ ബിംബങ്ങള്‍ പാരീസിനോട് ഇടകലരുന്നു. ആധുനികതയുടെ കവിയായി ബോദ്‌ലെയറെ കണക്കാക്കുന്ന വാല്‍ത്തര്‍ ബെന്യാമിന്‍ ഭാവാത്മകകവിതയുടെ സാദ്ധ്യതകള്‍ അദ്ദേഹം ഉപയോഗിച്ചുവെന്ന വസ്തുത തള്ളിക്കളയാനാവില്ലെന്ന് അഭിപ്രായപ്പെടുന്നു. കലയെ ചന്തയ്ക്ക് വിട്ടുകൊടുക്കുന്നതിനെതിരെയുള്ള ഒരവിശ്വാസിയുടെ കലാപമായിരുന്നു ബോദ്‌ലെയര്‍ സാഹിത്യം. എന്നാല്‍ ടെക്‌നോളജിയില്‍നിന്നും വികസനത്തില്‍നിന്നും ഒളിച്ചുകടത്താനുള്ളതാണോ കലയും സാഹിത്യവും എന്ന പ്രശ്‌നം സങ്കീര്‍ണ്ണമായി നിലനില്‍ക്കുകയും ചെയ്യുന്നു. ആള്‍ക്കൂട്ടത്തിനെതിരെയുള്ള ഏകാകികളുടെ ഹ്രസ്വഭാഷണങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വ്യത്യസ്തമാവാം. എന്നാല്‍ അവയിലെ ജനവിരുദ്ധതയുടെ സാംസ്‌കാരികരാഷ്ട്രീയം സൂക്ഷ്മവിശകലനം അര്‍ഹിക്കുന്നു. കൊച്ചി നഗരത്തിനു മുകളിലെ ഭാവനയും വായനയുമാണ് ‘കൊച്ചിയിലെ വൃക്ഷങ്ങള്‍.’ കവിതയിലെ ആഖ്യാതാവ് നഗരത്തെക്കുറിച്ച് വിപുലവിജ്ഞാനമുള്ള ഒരാളെപ്പോലെയാണ് സംസാരിക്കുന്നത്. ആ ജ്ഞാനം പരിമിതവും മുതലാളിത്തവിരുദ്ധതയുടെ പേരിലെ ഏകപക്ഷീയതയുമാണ്. ജനജീവിതത്തിന്റെ വൈവിദ്ധ്യമേറിയ അനുഭവങ്ങള്‍ക്കും സാംസ്‌കാരികപരിണാമങ്ങള്‍ക്കും നൈരന്തര്യങ്ങള്‍ക്കുമിടയില്‍ കവിഭാവന കേവലം ആത്മഭാവനയായി ചുരുങ്ങുന്നു.
നൈതികജാഗ്രതയുടെ പേരില്‍ പ്രച്ഛന്ന കാല്‍പ്പനികതയ്ക്കും അരാഷ്ട്രീയ ആധുനികതയ്ക്കുമെതിരെ നാളത്തെ കവിതയായി ബി. രാജീവന്‍ മലയാളത്തില്‍ പ്രതിഷ്ഠിച്ചതാണ്18 ശങ്കരപ്പിള്ളയുടെ കവിതകള്‍. അദ്ദേഹത്തെപ്പോലുള്ള നിരൂപകരും ആധുനികരായ മറ്റെഴുത്തുകാരും മായാദര്‍ശനം ചെയ്ത ശൂന്യത എന്ന സൗന്ദര്യശാസ്ത്രപ്രതിസന്ധി നേരിടുന്നതിലും മറികടക്കുന്നതിലും സംഭവിച്ച പരിമിതിയാണ് ശങ്കരപ്പിള്ളക്കവിതകളുടേത്. ഭാഷയെ നവീകരിച്ചും ദേശത്തെ എഴുതിയും ചിഹ്നങ്ങളുടെ ലോകം നിര്‍മ്മിച്ചും സാംസ്‌കാരികതയിലേക്ക് മാറിയും കവി ആ പരിമിതി മറികടന്നുവെന്നത് വാദങ്ങള്‍ മാത്രമാണ്. സംവാദമെന്ന വ്യാജേന ഏകഭാഷണത്തിന്റെ മുഴക്കമാണ് ശങ്കരപ്പിള്ളയുടെ എല്ലാ കവിതകളിലുമെന്നപോലെ ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ എന്ന കവിതയില്‍നിന്നും ഉയരുന്നത്.
സൂചനകള്‍
1. David S. Ferris (Ed.), Walter Benjamin Theoretical Questions; ”The poetic Ground Bare, Benjamin Reading Baudelaire-Rainer Nagele”, Stanford University press, 1996.
2. കെ. സച്ചിദാനന്ദന്‍, ‘കവിതയുടെ എണ്‍പതുകള്‍’, അന്വേഷണങ്ങള്‍ ബോധി പബ്ലിഷിങ് ഹൗസ് കോഴിക്കോട്, പുറം 66-80
3. കെ.സി. നാരായണന്‍ ‘വൃക്ഷവും പുകയും’, മലയാളിയുടെ രാത്രികള്‍, ഡി.സി. ബുക്‌സ് കോട്ടയം, 2001, പു 84-108
4. ഇ.വി. രാമകൃഷ്ണന്‍, ‘കവിതയും പ്രവര്‍ത്തനവും’, കൊച്ചിയിലെ വൃക്ഷങ്ങള്‍, കെ.ജി. ശങ്കരപ്പിള്ള, മള്‍ബറി, കോഴിക്കോട്, 1993, പു 90-99
5. കല്‍പറ്റ നാരായണന്‍ ‘അതു മാത്രമല്ല’ പേജ് 100-113 കൊച്ചിയിലെ വൃക്ഷങ്ങള്‍ , പു 100-103
6. ഡോ. എം. ലീലാവതി, കൊച്ചിയിലെ വൃക്ഷങ്ങള്‍ ഒരു പാരായണം, എന്‍.ബി.എസ്., കോട്ടയം, 1998, പു 17-23
7. ഡോ. പി.കെ. രാജശേഖരന്‍ ‘വെളിവിന്റെ സൂക്ഷമശ്രുതി’, കെ.ജി, ശങ്കരപ്പിള്ളയുടെ കവിതകള്‍ 1969-1996, ഡി. സി.ബുക്‌സ് കോട്ടയം, 2008, പു. 225
8. ഡോ: സി. രാജേന്ദ്രന്‍, ‘പ്രിയകഥകളില്ലിന്ന് പറയുവാന്‍’, പുതുവായന, ഡി.സി. ബുക്‌സ്, കോട്ടയം, 2006, പു 46-51
9. എസ്. രാജശേഖരന്‍, നവോത്ഥാനാനന്തര കവിത, (വിത.) എന്‍.ബി. എസ്., കോട്ടയം, 2008, പു 208
10. കെ. സദാനന്ദന്‍, ‘കെ.ജി.എസ്. കവിത ചില ദേശകാല വിവക്ഷകള്‍’ സാഹിത്യലോകം, മാര്‍ച്ച്-ഏപ്രില്‍ 2006, കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
11. കെ. എം. നരേന്ദ്രന്‍, ‘കെ.ജി.എസ്. കവിതകള്‍’, കെ.ജി.എസ്. കവിതകള്‍ 1997-2007, ഡി.സി. ബുക്‌സ്, കോട്ടയം, 2007, പു 13-26
12. കെ.പി. പത്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 1996, പു 20
13. സി. അച്യുതമേനോന്‍, കൊച്ചി സ്റ്റേറ്റ് മാനുവല്‍, വിവ. വി.കെ. കുഞ്ഞന്‍ മേനോന്‍, കൊച്ചിന്‍ ഗവ. പ്രസ് എറണാകുളം, 1913, പു 8-9
14. വി.വി. കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ എറണാകുളം ജില്ല, കേരള സാഹിത്യ അക്കാദമി, 2006
15. വി.വി.കെ. വാലത്ത്, അതേ പുസ്തകം, പു 221-222
16. കെ.പി. പത്മനാഭമേനോന്‍, കൊച്ചിരാജ്യ ചരിത്രം, പു 128-129
17. Ashis Nandy, Time Warps, Permanent Black, 2003.
18. ബി. രാജീവന്‍ ‘കവിതയുടെ സത്യം’, കവിത, കെ.ജി. ശങ്കരപ്പിള്ള, പരിച, തിരുവല്ല 1984, പു 45.