മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും മാനവികമെന്നും പറയാവുന്ന ജലഛായക്കുള്ളത്. കേവലം മാനവികവും മനുഷ്യകേന്ദ്രിതവുമായ ലോകബോധത്തെ കവിഞ്ഞ് ഹരികുമാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഉത്തര-ഉത്തരാധുനികമായ ഒരു മിശ്രഭാവുകത്വവും പാരിസ്ഥിതിക പ്രാപഞ്ചികാവബോധവും ആഖ്യാനത്തിലുടനീളം ദൃശ്യവും അനുഭവവേദ്യവുമാണ്. വിജയനിലും മറ്റും മുകുളനം ചെയ്യുന്ന ജൈവാധികാരപരമായ ഈ പുതിയ പ്രപഞ്ച വീക്ഷണത്തെ നവാദൈ്വതം എന്നു പേരിട്ടു വിളിക്കാറുണ്ടെങ്കിലും ആ ജൈവാവബോധത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലാണ്ടു കിടക്കുന്നു, മണ്ണടിയില്‍ ജീവജലത്തോടൊപ്പം. ജീവനെ ഗര്‍ഭം ധരിച്ച ആദിജലത്തിന്റെ സര്‍ഗഛായയാണത്. 
______________
അജയ് ശേഖര്‍
______________
നോവലിനെ കുറിച്ചുള്ള നോവലാണ് എം. കെ. ഹരികുമാറിന്റെ ആദ്യ നോവലായ ജലഛായ. പ്രധാന കഥാപാത്രമായ ബഹിഷ്‌കൃതനായ കീഴാള ആത്മീയ ഉദ്‌ഘോഷകന്‍ ഒരു നോവലിന്റെ രചനയിലാണ്. നോവലിനെ ജീവനവും അതിജീവനവുമാക്കുന്ന വിമോചന വേലയിലാണ് ആ അവര്‍ണനായ ക്രൈസ്തവന്‍. അധീശമായ സവര്‍ണ-സിറിയന്‍ ബ്രാഹ്മണിക പൊതുബോധത്തിന്റെ കുടില ഭാഷയില്‍ പറഞ്ഞാല്‍ പിഴച്ചു പോയ ഒരുപദേശിയാണയാള്‍, സാത്താന്റെ സന്തതി. പൊയ്കയില്‍ യോഹന്നാനെ പോലെ സഭകളെ കശക്കിയ ഭീഷണിയാണാ പ്രവാചകന്‍. ആര്‍ക്കും പിടികൊടുക്കാത്ത കടന്നുകയറുന്ന സുവിശേഷക്കാരനാണ് ലൂക്ക് ജോര്‍ജും. പ്രഭാഷണവും കഥനവും ആഖ്യാനവും പാട്ടും ചലച്ചിത്രവുമെല്ലാം ഈ അസാധാരണ ബോധകന്റെ വിമോചനവേലയെ ബഹുലമാക്കുന്നു.
ബഹുസ്വരമായ നോവലിന്റെ ചെറിയ അലയൊലികളുടെ അനുരണനങ്ങള്‍ ജലബിംബത്തില്‍ പടരുന്നതായി തോന്നാം. ജലത്തിലുള്ള ഛായ പലപ്പോഴും ഭാഗീകവും ചലനാത്മകവുമായിരിക്കും. നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ കഥാനായകന്‍ ലൂക്‌ജോര്‍ജിന്റെ ഭാഗീകവും ഭ്രമാത്മകവും ഭിന്നയാഥാര്‍ഥ്യങ്ങളെ വെളിപ്പെടുത്തുന്നതുമായ ഒരു ജീവിത കഥയും ഭാവനാത്മകമായ ജീവചരിത്രവുമായി നോവലിനെ കാണാവുന്നതാണ്. കഥാകാരനും നായകനുമായ ലൂക്കുമായി എസ്‌തേറെന്ന പത്രപ്രവര്‍ത്തക നടത്തുന്ന ദീര്‍ഘമായ സംഭാഷണമായും നോവലിന്റെ ജലശില്പത്തേയും ശരീരബിംബത്തേയും വായിക്കാവുന്നതാണ്. കേവലം ഭാവനാത്മകമായ ജീവചരിത്രത്തിനും സാഹിതീയമായ സംഭാഷണങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനപരമായ അഭിമുഖത്തിനും അപ്പുറത്തേക്കു കടന്നു കയറിക്കവിഞ്ഞു പോകുന്ന സവിശേഷമായ ബഹുസ്വര ഭാഷണമായും സംഘാതസംഗീതമായും നോവലിന്റെ ആഖ്യാനത്തില്‍ അടിയൊഴുക്കുകളും ചുഴിക്കുത്തുകളും ഏറുന്നു. ദീര്‍ഘമായ സംഭാഷണം ഖേദമേറിയ ഗൗരവം കലരുന്ന സംഗീതമായി പരിണമിക്കുന്ന രസവിദ്യ ജലഛായയുടെ രൂപശില്പത്തെ സാന്ദ്രവും ആര്‍ദ്രവും കരുണാമയവുമാക്കുന്നു. ധ്യാനാത്മകവും ബോധാനന്ദം പകരുന്നതുമായ ദാര്‍ശനിക കഥനസന്ദര്‍ഭങ്ങളും വ്യതിരിക്ത നൈതിക ലാവണ്യ സൂചനകളും ജലഛായയില്‍ അലയടിക്കുന്നു.

  • വേരുപടരുന്ന ആഖ്യാനം

ഘടനാപരവും ഭാവുകത്വപരവുമായ വിഛേദങ്ങളും ചരിത്ര-കര്‍തൃത്വ മിശ്ര പ്രമേയത്തിലെ പുതുമയും നോവലിനെ കാലികമായി നവീകരിക്കുന്ന പ്രാഥമിക ഘടകങ്ങളാണ്. രൂപശില്പത്തിലും ആഖ്യാനവഴക്കത്തിലും മാത്രമല്ല ഈ പുതുമയും പകര്‍ച്ചയും. പ്രമേയ, സന്ദര്‍ഭ, കഥാപാത്ര നിര്‍മിതികളിലും സംസ്‌കാര സൂക്ഷ്മതയും ചരിത്ര രാഷ്ട്രീയ ബോധവും ദൃശ്യമാണ്. കഥാനായകന്റെ ജീവചരിത്രവും കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രവും ഭാവനാത്മകമായി കലരുന്നു. സമകാലികവും സങ്കീര്‍ണവുമായ സാമൂഹ്യ വിഷയങ്ങളേയും ചരിത്ര യാഥാര്‍ഥ്യങ്ങളേയുമാണ് ഐറണിയും നര്‍മവും രതിയും ശരീരവും ഖേദവും നിര്‍വേദത്വവും കലര്‍ത്തി ആഖ്യാനം ചെയ്യുന്നത്. യാഥാര്‍ഥ്യത്തേയും ചരിത്രത്തേയും ഭാവനാത്മകമായി പ്രതിനിധാനം ചെയ്യാന്‍ ഹരികുമാറിന്റെ സ്വന്തം താത്വിക സമീക്ഷയായ നവാദൈ്വതത്തിന്റെ ചരാചര പ്രപഞ്ചവീക്ഷണവും വ്യാഖ്യാന സാധ്യതകളും കൂട്ടായുണ്ട്.
മലയാള നോവല്‍ പൊതുവേ ചെറുതുകളിലേക്കും വൈയ്യക്തികതകളിലേക്കും പ്രദേശ പുരാണങ്ങളിലേക്കും സമാന്തര ഭാവനകളിലേക്കും ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭാഷയുടേയും സംസ്‌കാരത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രീയവും ചരിത്രപരവുമായ കാതലുകളേയും കരളുകളേയും ചവിട്ടടികളേയും അടിസ്ഥാന ജനസമൂഹങ്ങളേയും സ്പര്‍ശിക്കുന്ന കാര്യങ്ങളും കാഴ്ച്ചകളും തെളിച്ചങ്ങളും കഥനാഖ്യാനത്തിലേക്കു കുടിയിരുത്തുക എന്നതു തികച്ചും പ്രസക്തമായ വെല്ലുവിളിയാണ്. കാലത്തിന്റെ കലാപരമായ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് അക്ഷര ബിംബങ്ങളെക്കൊണ്ടുള്ള പൊളിച്ചെഴുത്തും പ്രതിരോധവും തുടരുകയാണ് വിമര്‍ശകനും ദാര്‍ശനികനുമായ കഥാകാരന്‍. കഥനത്തിലും ആഖ്യാനത്തിലും കുടികൊള്ളുന്ന മാറ്റത്തിന്റേയും കലാപരമായ ജീവിതോര്‍ജത്തിന്റേയും ശക്തിയും സൗന്ദര്യവും നോവലിനേയും അതിനെ സാധ്യമാക്കുന്ന ഭാഷാ-സംസ്‌കാര സമൂഹത്തേയും പൊളിച്ചു പണിയാനും പുതുക്കാനുമായി ബോധോദയപരമായി വിനിയോഗിക്കുകയാണ് ഹരികുമാര്‍. എഴുത്തിനെ പ്രതിരോധവും അതിജീവനും അപനിര്‍മാണവും പുത്തന്‍പിറവിയുമാക്കുന്ന കലാകൗശലവും കാവ്യനീതിയും ഈ ആഖ്യായികയെ സവിശേഷമാക്കുന്നു. രസകരവും സരസവും വ്യതിരിക്തവുമായ സംഭവകഥകളും കഥാപാത്രങ്ങളും ജീവിത സന്ദര്‍ഭങ്ങളും വേറിട്ട കഥപറച്ചിലും അതിനെ അത്യന്തം പാരായണക്ഷമവും ഭാവനിര്‍ഭരവും വര്‍ത്തമാന പ്രസക്തവുമാക്കുന്നു.

  • എഴുത്തും കഴുത്തും കുരിശും

ലൂക്കെന്ന എഴുത്തുകാരനെ കുറിച്ചുള്ള നോവലെന്നതിലുപരി എഴുത്തെന്ന കര്‍മത്തിന്റെ വിവിധ താത്വിക തലങ്ങളേക്കുറിച്ചുള്ള വിചിന്തനാഖ്യാനം കൂടിയായി കഥനം മാറുന്നു. എഴുത്തിന്റെ വഴി സംവേദനീയതയുടേയും കണ്ണുനീരിന്റേയും ആത്മബലിയുടേയും കുരിശിന്റേയും വഴിയാണ്. ആ രീതിയില്‍ അതികഥനത്തിന്റേതായ ഒരു മെറ്റ ഫിക്ഷണല്‍ തലം ജലഛായയില്‍ സന്നിഹിതമാണ്. കേരള ക്രൈസ്തവീയതയുടെ വര്‍ത്തമാനവും ചരിത്രവും വിമര്‍ശവും നോവലിന്റെ സാമൂഹ്യ പ്രതലത്തെ വിലപ്പെട്ടതാക്കുന്നു. കേവലം ദലിതക്രൈസ്തവ സമസ്യകളുടെ പ്രഹേളികാസമാനമായ വര്‍ത്തമാന സന്ദിഗ്ധതയെ കവിഞ്ഞ് പൗരോഹിത്യ ആണ്‍കോയ്മാ വ്യവഹാരങ്ങളേയും സംസ്‌കാര വരേണ്യതയുടേയും നവദേശീയ വാദങ്ങളുടേയും മത, വംശീയ കേന്ദ്രീകൃത വ്യവഹാരങ്ങളേയും കുറിച്ചുള്ള വിമര്‍ശ ആഖ്യാനവും പ്രതിനിധാനവുമായി നോവലിനെ വായിക്കാവുന്നതാണ്. ലൂക്കിന്റെ പ്രതിസന്ധി ക്രൈസ്തവ സന്യാസികള്‍ക്കോ സാമൂഹ്യ വിമര്‍ശകര്‍ക്കോ മാത്രമുള്ളതല്ല. വിമര്‍ശ ബോധമുള്ള സര്‍ഗ വിഷയികള്‍ക്കു പൊതുവേയും എഴുത്തുകാര്‍ക്കു പ്രത്യേകിച്ചും ബാധകമായ പ്രതിസന്ധിയാണ് ലൂക്കിനേയും നോവലിനേയും ചൂഴുന്നത്. നോവലെന്ന ആഖ്യാന കലതന്നെ കഥാകാരന്‍ അവകാശപ്പെടുന്നതു പോലെ പലപ്പോഴും അവസാനത്തെ ആയുധമാണ്. മറ്റു പല പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും പ്രതിരോധരൂപങ്ങളും പരാജയപ്പെടുമ്പോളാണ് നോവല്‍ ഉദയം ചെയ്യുന്നത്.
സംസ്‌കാരത്തിന്റെ രാഷ്ട്രീയം ഒരുപക്ഷേ ഏറ്റവും അവസാനത്തെ അഭയം തന്നെയാകാം. സാക്ഷരതയുമായും സാമൂഹ്യ രാഷ്ട്രീയ പരിതോവസ്ഥകളുമായും നോവലിനു ആഴമുള്ള ബന്ധമാണുള്ളത്. അതു തികച്ചും പാശ്ചാത്യ ആധുനികതയുടേയും ജ്ഞാനോദയാനന്തര ജനായത്ത പരിവര്‍ത്തനങ്ങളുടേയും സാഹിതീയ സാംസ്‌കാരിക രാഷ്ട്രീയ രൂപം തന്നെയാണ്, അതിന്റെ ഉറവിടങ്ങളില്‍. കേരളത്തിലാണെങ്കിലും പാശ്ചാത്യ മിഷനറി ഇടപെടലുകള്‍ ത്വരിതപ്പെടുത്തിയ നവോത്ഥാന കാല സാംസ്‌കാരിക വിപ്ലവങ്ങള്‍ കൊടുമ്പിരിക്കൊണ്ട പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് സാമൂഹ്യചാലകതയും ഭാവനാപരമായ വിധ്വംസകതയുമുള്ള നോവലുകള്‍ മലയാളത്തില്‍ ഉദയം ചെയ്യുന്നത്. ഹരികുമാര്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ നോവല്‍ സാധ്യതയുടെ കലയും കൂടിയാണ്. കഥനത്തിന്റേയും ഭാവനയുടേയും രൂപഘടനയുടേയും ലാവണ്യകാമനകളോടൊപ്പം ലോകനീതിയും ചരിത്രവും ജീവിതസമരവും നോവലിന്റെ ശരീരത്തിലും ബോധത്തിലുമുള്‍ച്ചേരുന്നു. ചരാചര പ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്ന നവാദൈ്വതവും ജൈവാധികാരമെന്ന പുതിയ സൈദ്ധാന്തിക പരിപ്രേക്ഷ്യവും നോവലിന്റെ ക്യാന്‍വാസിനെ കൂടുതല്‍ കാലികവും വിപുലവും ബഹുലവുമാക്കുന്നു. കേരളത്തിലെ കീഴാള വിഷയികളേയും ശരീരങ്ങളേയും കാമനകളേയും ചെറു ചരിത്രങ്ങളേയും ഗാഢമായി ഉണര്‍ത്തുന്ന എഴുത്താണ് ജലഛായയുടെ ബഹുസ്വരമായ കരുത്തും കുതിപ്പും.

  • കുരുമുളകിന്റെ ചരിത്രവും ജീവിതമരണങ്ങളും

കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ തന്നെ ഭാവനാത്മകമായി കഥനത്തിലൂടെ അന്യാപദേശം ചെയ്യുകയാണ് ജലഛായ. അടിത്തട്ടിലാണ്ടുകിടക്കുന്ന കറുത്ത പൊന്നിന്റെ ദമിത ചരിത്രത്തെ പട്ടണം പര്യവേക്ഷണമടക്കമുള്ള സമീപകാല പഠനങ്ങള്‍ അനിഷേധ്യമായി വെളിപ്പെടുത്തിയിരുന്നു. കെ. കെ. കൊച്ച്, എന്‍. കെ. ജോസ് തുടങ്ങിയ വ്യതിരിക്ത കീഴാള ചരിത്രരചയിതാക്കളും കുരുമുളകിന്റെ ചരിത്രത്തിലൂടെ ദലിതരുടെ ചരിത്രത്തെ വീണ്ടെടുക്കുന്ന ജ്ഞാനോല്‍പ്പാദന നീക്കങ്ങള്‍ നടത്തിയിരുന്നു. കുരുമുളകു കച്ചവടത്തേക്കുറിച്ചുള്ള സമൃദ്ധമായ സാഹിത്യ പരാമര്‍ശങ്ങള്‍ തെന്നിന്ത്യയില്‍ സംഘകാല സാഹിത്യത്തില്‍ സുലഭമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള കുരുമുളകു കൃഷിയും സംസ്‌കരണവും കയറ്റുമതിയും, നെല്‍കൃഷിയും കലപ്പയും ചക്രവും പോലെ തന്നെ ബുദ്ധഭിക്ഷുക്കളാണ് തെന്നിന്ത്യയില്‍ അവതരിപ്പിച്ചത്. ഇവിടുത്തെ അടിസ്ഥാന അധ്വാന ജനസമുദായങ്ങള്‍ അഥവാ പിന്നീട് എട്ടാം നൂറ്റാണ്ടിനു ശേഷം തൊട്ടുകൂടാത്തവരായ ദലിതരും ബഹുജനങ്ങളുമായിരുന്നു കറുത്ത പൊന്നു വിളയിച്ചവരും പുലത്തില്‍ അന്നം വിളയിച്ചു പോന്നതും. അവര്‍ക്കു വാണിജ്യപരവും കാര്‍ഷികവുമായ സാങ്കേതിക ജ്ഞാനം പകര്‍ന്നതും നയിച്ചതും അക്ഷരവും നൈതിക സഭ്യതയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത ബുദ്ധ ഭിക്ഷുക്കളും ഭിക്ഷുണിമാരുമാണ്.
കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂടെ സാമൂഹ്യവും സാക്ഷരവുമായ നൈതിക പരിവര്‍ത്തനമായിരുന്നു ബഹുജനഹിതത്തിലേക്കുള്ള ബുദ്ധയാനമായ കേരളത്തിലെ തേരാവാദം. ബി. സി. മൂന്നാം നൂറ്റാണ്ടു മുതല്‍ കേരള മണ്ണില്‍ തഴച്ചു വളര്‍ന്ന ആ ബോധി വൃക്ഷത്തെ ഏതാണ്ട് എട്ടാം നൂറ്റാണ്ടോടെയാണ് ബ്രാഹ്മണിക ഹിന്ദുമതം അടിപ്പെടുത്തിയത്. ബുദ്ധദര്‍ശനങ്ങളില്‍ അടിയുറച്ച മാനവികവും നൈതികവുമായ യുക്തിവാദമായ ശൂന്യവാദത്തിലടിയുറച്ച തേരാവാദത്തെ നാസ്തികം എന്ന അര്‍ഥത്തില്‍ ബ്രാഹ്മണിസം ഹീനവാദമെന്നു വ്യവഹരിച്ചു. ബൗദ്ധരെ ഹീനരും ശൂന്യരും രാക്ഷസരും ഭൂതത്താന്‍മാരും ഡാകിനിമാരും പാപിനിമാരുമായി ഇകഴ്ത്തി നിഷ്‌കാസനം ചെയ്തു. ഇളങ്കുളത്തിന്റെ ഭാഷയില്‍ ‘ഭക്തിയുടെ ലഹരി’ മോന്തിയ ശൈവ,വൈഷ്ണവ പകര്‍ന്നാട്ടങ്ങളുടെ ബഹുജനോര്‍ജത്തേയും ബ്രാഹ്മണ്യം ജൈനര്‍ക്കും ബൗദ്ധര്‍ക്കും എതിരായി തിരിച്ചു വിട്ടു. ചമണപാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ബ്രാഹ്മണ്യത്തിനു കീഴടങ്ങാതിരുന്ന ജനതയെ അവര്‍ണരും ചണ്ഡാളരുമായി തൊട്ടുകൂടാത്തവരാക്കി.
യഥാര്‍ഥത്തില്‍ കുരുമുളകു മരണങ്ങളല്ല അരുംകൊലകളും ചതിയുമായിരുന്നു ചരിത്രത്തില്‍ നടന്നത്. ഈ കുടിലവും ദുരൂഹവുമായ കൊലയും മരണവും ആരംഭിക്കുന്നത് എട്ടാം നൂറ്റാണ്ടുമുതലാണ്. 8000 ജൈനമുനിമാരേയാണ് തെന്‍മദുരയിലും ചമണര്‍മലയിലും കഴുകുമലയിലും മറ്റും സനാതനികളും ശൈവരും കഴുവേറ്റിയതെന്നു ചരിത്രപാഠങ്ങള്‍ പറയുന്നു. ജാതിമര്‍ദനത്തില്‍ ഇത്തരത്തില്‍ ദമിതമായ മതവൈരവും അപരഹിംസയും വംശഹത്യാകാമനയും കൂടിയുള്‍ച്ചേരുന്നു. ചരിത്രത്തിലെ ഏറ്റവും ദമനാത്മകവും പ്രതീക ഹിംസ നിറഞ്ഞതുമായ ഫാഷിസമാണ് സനാതനമായ വര്‍ണധര്‍മവും അതിന്റെ ഉറവിടമായ വൈദിക ബ്രാഹ്മണ ഹിന്ദുമതവും. സഹോദരന്‍ എഴുതിയതു പോലെ ജാതിയില്‍ നിന്നു വേറിട്ടൊരു ഹിന്ദുമതമില്ല.
കഥനത്തിലെ കുരുമുളകു മരണങ്ങള്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ നടന്ന സമീപ മര്‍ദ്ദനങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാടമ്പിഭരണവും കൊളോണിയല്‍ അധികാരവും പൊലീസും ഭരണകൂട മര്‍ദനോപകരണങ്ങളും ചെയ്ത രണ്ടുലക്ഷത്തിലേറെ വരുന്ന അരും കൊലകളുടെ ഞെട്ടിക്കുന്ന മറവു ചെയ്യപ്പെട്ട വിവരങ്ങള്‍ കഥനത്തെ കിടിലം കൊള്ളിക്കുന്നു. ആഖ്യാനത്തിന്റെ അവസാനത്തില്‍ വരുന്ന അവര്‍ണ സ്ത്രീകളുടെ മുലകളുടെ ഉല്‍സവവും കുരുമുളകു മരണങ്ങളിലെ കീഴാളരുടെ ലിംഗങ്ങള്‍ തകര്‍ക്കുന്ന സവര്‍ണ പോലീസിന്റെ സൈനികമായ ഉന്മൂലനയുക്തിയുടെ പ്രയോഗവും ചേര്‍ത്തു വായിക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ കീഴാളമായ ജൈവാധികാരത്തോടുള്ള പകയും വെറിയും വംശഹത്യാകാമനയുമാണ് അവര്‍ണര്‍ക്കെതിരായ ഹിംസാവ്യവഹാരങ്ങളെ വന്യമാക്കിയത്. കേരള ചരിത്രത്തിലരങ്ങേറിയ ഈ കിരാത ഹിംസാധ്യായങ്ങളെല്ലാം തികച്ചും വ്യക്തമായ ചരിത്ര സംഭവങ്ങളും ഭൂതയാഥാര്‍ഥ്യങ്ങളുമാണ്. അടിമത്താനുഭവങ്ങളെ നോവലിലൂടെ കാവ്യാത്മകമായി ചരിത്രവല്‍ക്കരിച്ച ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാരായ റ്റോണി മോറിസണിലും ആലീസ് വാക്കറിലും എന്ന പോലെ ഭൂതത്തിന്റെ നിതാന്ത സന്നിഹിതത്വം മലയാള നോവലിലും കടന്നു വരികയാണ്. ഭൂതത്തിന്റെ പകയും ബാധയും വിരേചനാത്മകമായ സാംസ്‌കാരിക ചികില്‍സയായി നമ്മുടെ ഭാവുകത്വത്തിലും മാറേണ്ടതുണ്ട്. തികച്ചും ഉത്തരോത്തരമായ സംവേദനീയതയും പ്രതിനിധാന പരിശ്രമവുമായി നോവല്‍ മാറുന്നു.
മാറുമറയ്ക്കല്‍ സമരവും കല്ലുമാല സമരവും ജന്മിക്കട്ടില്‍ സമരവും ചേര്‍ത്തലയിലെ നങ്ങേലിയുടെ തിരുവിതാകൂര്‍ മുലക്കരം അവസാനിപ്പിച്ച ബലിയും കണ്ടപ്പന്റെ സതിയും എല്ലാം ചരിത്ര സത്യങ്ങളും നടന്ന സംഭവങ്ങളും തന്നെ. അവയുടെ നിരവധി പാഠങ്ങള്‍ സംഘബോധത്തിലും ഓര്‍മയിലും വാമൊഴിയാഖ്യാനങ്ങളിലും വരമൊഴിയിലും ചിതറിത്തെറിച്ചു നില്‍ക്കുന്നു. ജലഛായയിലെ പ്രതിനിധാനം ഈ ചരിത്രത്തിന്റെ, അഥവാ ഭൂതപാഠങ്ങളുടെ തന്നെ മായികവും സംഭ്രമജനകവുമായ കഥനഭാവനാഖ്യാനമാണെന്നു മാത്രം. മിഷനറി ഇടപെടലിനു ശേഷമുള്ള കൊടുമ്പിരിക്കൊള്ളുന്ന സംഘര്‍ഷ പരിവര്‍ത്തനങ്ങള്‍ മാത്രമേ നോവലില്‍ വരുന്നുള്ളു എന്നത് കേരള ചരിത്രത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ എന്നെ പോലുള്ളവരെ അല്‍പ്പം നിരാശപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ എട്ടാം നൂറ്റാണ്ടു മുതലുള്ള വൈദിക സനാതന ഹിന്ദുഹിംസയുടെ ജാതിവ്യവഹാരങ്ങളെ ഭാവനാത്മകമായി ആഖ്യാനം ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അതൊരു വലിയ കഥനത്തിന്റെ കുതിപ്പാകുമായിരുന്നു. നൈതികവും സാമൂഹ്യ രാഷ്ട്രീയ ശരീരത്തേയും സാംസ്‌കാരിക മനസ്സിനേയും സുഖപ്പെടുത്തുന്ന ആ പെരിയ ചികില്‍സ ഇത്തരം ഭാവനാ പരിശ്രമങ്ങളിലൂടെ വികസിക്കേണ്ടിയിരിക്കുന്നു. കേവലം രണ്ടു നൂറ്റാണ്ടു മാത്രം നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേ ഇന്ത്യന്‍ വരേണ്യര്‍ അധിനിവേശാനന്തര സാഹിത്യ കാനോനകള്‍ തന്നെ നിര്‍മിച്ചുവരുമ്പോള്‍ മൂവായിരം വര്‍ഷത്തിലധികമായി നഖമാഴ്ത്തി നില്‍ക്കുന്ന ജാതിഹിംസയുടെ ആന്തരാധിനിവേശത്തെ അപനിര്‍മിക്കുകയും വിമര്‍ശ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സര്‍ഗാത്മകരചനകള്‍ തുടങ്ങുന്നതേയുള്ളു.

  • കീഴാള ആത്മീയതയും ദലിത് ക്രൈസ്തവീയതയും

പിഴച്ചു പോയ ഉപദേശിയായ ലൂക്കിന്റെ ജീവിതത്തിലും ദര്‍ശനത്തിലും ഭാഷണത്തിലും യോഹന്നാന്‍ ഉപദേശിയെന്നും കൂടിയറിയപ്പെട്ട പൊയ്കയില്‍ അപ്പച്ചനെന്ന ശ്രീ കുമാരഗുരുദേവന്റെ വാങ്മയവും സംസ്‌കാര രാഷ്ട്രീയ പ്രയോഗവുമായി പല ചാര്‍ച്ചകളും ഇടച്ചിലുകളും കാണുന്നു. പാശ്ചാത്യ അധിനിവേശ ഭരണവും മിഷനറി പ്രവര്‍ത്തനങ്ങളും സാധ്യമാക്കിയ ക്രൈസ്തവീയമായ ദലിതുയിര്‍പ്പിന്റെ ആധുനികതയെ വിമോചനാത്മകമായി കീഴാള ജനതകള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തിയ പരിവര്‍ത്തന കര്‍തൃത്വമായാണ് പൊയ്കയെ പൊതുവേ വിലയിരുത്തുന്നത്. സവിശേഷമായ രീതിയില്‍ ക്രൈസ്തവീയതയെ വ്യക്തിപരമായ ഉയര്‍ച്ചയ്ക്കും ഭാഷണത്തിനുമായി വിനിയോഗിക്കുകയാണ് ലൂക്ക് ജോര്‍ജെന്ന ഉപദേശി ചെയ്യുന്നത്. ക്രിസ്തുവിനെ കവിഞ്ഞു കീഴാളരായ കേരള മക്കളേയും അയാള്‍ കാണുന്നു പക്ഷേ തന്നില്‍ക്കവിഞ്ഞ് എന്തെങ്കിലും ചെയ്യാനും സ്വന്തം കാമനകളുടെ പ്രാദേശികതയെ അതിലംഘിക്കാനും അയാള്‍ക്കാവുന്നില്ല എന്നതാണു യാഥാര്‍ഥ്യം. നവോത്ഥാനത്തിന്റേയും ആധുനികതയുടേയും വമ്പന്‍ പദ്ധതികളുടേയും ബൃഹദാഖ്യാനങ്ങളുടേയും അന്ത്യവും കഥനം സൂചിതമാക്കുന്നു. ക്രിസ്തുവിന്റെ വിമോചന സുവിശേഷം അധിനിവേശാന്തര മൂന്നാം ലോകങ്ങളിലെ കീഴാളര്‍ക്കു ഹിതമോ സാധുവോ എന്ന വലിയ ചോദ്യവും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ തന്നെ സൂക്ഷ്മ വിമര്‍ശവും ലൂക്കെന്ന പ്രധാന കഥാപാത്രത്തിന്റെ നിര്‍മിതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. അടിത്തട്ടിലുള്ള ലോകത്തിന്റെ ഭാരം ചുമക്കുന്ന അധ്വാനജനതകളെ ഉയിര്‍പ്പിക്കാത്ത സുവിശേഷം വിമോചന ദൈവശാസ്ത്രമാകുന്നുവോ എന്ന ധാര്‍മികവും ദാര്‍ശനികവുമായ സമസ്യയെ സജീവമാക്കുകയാണ് ലൂക്കെന്ന കഥാപാത്രം. ഈ തലത്തില്‍ കേരള നവോത്ഥാന സാമൂഹ്യ മാറ്റങ്ങളുടെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച പാശ്ചാത്യ മിഷനറി ഇടപെടലിനേയും യൂറോപ്പിനു പുറത്ത് അധിനിവേശ ആധുനികതയുടെ നിര്‍വാഹകത്വം വഹിച്ച സുവിശേഷ പ്രയോഗങ്ങളേയും വിമര്‍ശാത്മകമായി പുനര്‍വായിക്കുകയും ദാര്‍ശനികമായും ജ്ഞാനശാസ്ത്രപരമായും മൂല്യവിചാരം ചെയ്യുകയുമാണ് ജലഛായ. കേരള ആധുനികതയുടെ തന്നെ കനപ്പെട്ട ഒരു പിന്‍നോട്ടവിമര്‍ശവും വമ്പന്‍ വിമോചന വേലകളോടുള്ള വിമര്‍ശ വിഛേദവും ഈ നോവലാഖ്യാനത്തില്‍ അരികു സത്യങ്ങളായി കുടികൊള്ളുന്നു.

  • മുലകളുടെ ചരിത്രവും രാഷ്ട്രീയവും കഥനവും

മുലക്കഥകളെഴുതി ചോലിക്കു പിന്നിലുള്ള തൃഷ്ണാദമനങ്ങളുടെ ലിംഗാധീശപരമായ മാംസളഹിംസകളെ പുറത്താക്കിയ കഥാകാരിയാണ് മഹാശ്വേതാദേവി. അവരുടെ നായികമാരായ യശോദയും ദ്രൗപദിയെന്ന ദോപതിയുമെല്ലാം വരേണ്യ ആണത്ത കാമനയുടേയും വര്‍ണലിംഗവെറിയുടേയും ഇരകളാണ്. ഹിംസയിലൂടെ കീഴടക്കിയ ജനതയുടെ അപമാനവീകരണവും മൃഗവല്‍ക്കരണവും തുടരാന്‍ പെണ്ണുങ്ങളുടെ ജൈവാധികാരത്തെ സവര്‍ണ ആണ്‍കോയ്മ ഇന്ത്യയിലെമ്പാടും നിരന്തരം ഉപയോഗിച്ചു. മാറാപ്പു തുറന്നുള്ള കീഴ് വണക്കവും അടിയളന്നുള്ള തീണ്ടലുമെല്ലാം ഇത്തരം ശരീര-സ്ഥലപരമായ അടയാള അടിമത്തത്തിന്റെ ചിഹ്ന വ്യവസ്ഥകളാണ്. തീണ്ടല്‍ പോലെ തൊടീലും ജൈവാധികാരത്തെ അടക്കി വാഴാനും അടിച്ചമര്‍ത്താനും ചിട്ടപ്പെടുത്തി വരുതിയിലാക്കാനും ഉപയോഗിക്കപ്പെട്ടു. അവര്‍ണ ശരീരം സവര്‍ണ തിരുമേനിക്കു തീണ്ടലാകുന്ന പോലെ തന്നെ യഥേഷ്ടം സവര്‍ണ തൊടീലിനു വിധേയവുമാകണം. ജന്മിക്കട്ടിലും മൃഗസമാനമായ ഇതര ലൈംഗിക ദാസ്യവൃത്തികള്‍ക്കും വഴങ്ങണം അവര്‍ണ ശരീരം. അവര്‍ണയുടെ മുലകള്‍ സവര്‍ണത്തമ്പുരാക്കളുടെ ഉടമസ്ഥതയിലാണ്. അതിനെ മറച്ചാല്‍ കരം ഒടുക്കണം. ശരീരവും ലൈംഗികതയും വ്യക്തിപരവുമായതെല്ലാം തന്നെ രാഷ്ട്രീയവും പൊതുവുമാണെന്നു സ്ത്രീവാദികള്‍ പറയുന്നതിന്റെ ഇന്ത്യന്‍ പരിസരമാണിത്. തമ്പുരാക്കള്‍ക്കു കൈക്രിയ നടത്താനും കടിച്ചുവലിക്കാനും ലഭ്യമായിരിക്കണം അവര്‍ണപ്പെണ്ണുങ്ങളുടെ മുലകള്‍. മുലകളുടെ ഉല്‍സവം എന്ന അധ്യായം നോവലിനെ കേരള ചരിത്രത്തിലെ ഈ കിരാത പര്‍വ്വത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. കുരുമുളകു മരണങ്ങളുടെ തുടര്‍ച്ചയും മനുഷ്യരുടെ ജൈവാധികാരത്തെ പ്രത്യേകിച്ചും കീഴാള പെണ്ണിന്റെ ജൈവാധികാരത്തേയും ശരീരത്തേയും എങ്ങനെയെല്ലാമാണ് മലയാള കുലീന സവര്‍ണത അതിന്റെ സംസ്‌കാര വരേണ്യതയും ഭൗതികവും പ്രതീകാത്മകവുമായ അധികാരം സ്ഥാപിക്കുവാന്‍ ഉപയോഗിച്ചതെന്നുമുള്ള വിശദാംശങ്ങള്‍ ഈ അധ്യായത്തെ ചരിത്രദീപ്തവും നൈതിക സാന്ദ്രവും ആഖ്യാനപരമായി സാഹസികവും സാംസ്‌കാരികമായി വിമോചനാത്മകവുമാക്കുന്നു. നോവലും യാഥാര്‍ഥ്യവും നവചരിത്രവാദപരമായി കലരുന്ന മറ്റൊരു നൈതിക സംവാദ കഥന മുഹൂര്‍ത്തമാണിത്. മറ്റൊരു നോവലിലെ പ്രകരണത്തോടുള്ള വിമര്‍ശ പ്രതികരണവും പ്രതിയാഖ്യാനവും വിപുലമായ ചരിത്ര യാഥാര്‍ഥ്യത്തെ പരാമര്‍ശിച്ചു വികസിക്കുന്നു. നോവലിനെ ചരിത്രവും രാഷ്ട്രീയവും സമരവുമായി മാറ്റുന്ന പോരാട്ട വഴിയും കൂടിയാണിത്.
പ്രബലമായ സ്ഥാപിത ലിംഗബോധത്തിന്റെ അപനിര്‍മാണവും ജൈവാധികാരത്തിന്റെ വിമോചനവും ആഖ്യാനത്തില്‍ സൂചിതമാകുന്നു. ഫാലിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ലിംഗകേന്ദ്രിതവും ആണത്ത കാമനയിലൂന്നുന്നതുമായ പ്രബലമായ ലൈംഗിക പൊതുബോധത്തെ വികേന്ദ്രീകരിച്ചു കൊണ്ട് സഹജവും ജൈവീകവും സമഭാവനയും അനുകമ്പയും നിറയുന്ന കരുണയും മൈത്രിയും പ്രപഞ്ച സ്‌നേഹവും നിറയുന്ന ശലഭങ്ങളുടെ സ്വതന്ത്രയാനം പോലുള്ള നവാദൈ്വത ലൈംഗികതയിലേക്കുള്ള ദിശാസൂചികളും സാധ്യതകളും തുറക്കുന്നു ആഖ്യായിക. ലൈംഗികതയേയും ധാര്‍മികതയേയും കുറിച്ചുള്ള പുതിയ നൈതിക സംവാദങ്ങളെ ത്വരിപ്പിക്കുന്ന ആഖ്യാന വ്യവഹാരമാണിത്.

  • പാഠാന്തര ജലഛായയുടെ ആഴവും പരപ്പും

കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും മാനവികമെന്നും പറയാവുന്ന ജലഛായക്കുള്ളത്. കേവലം മാനവികവും മനുഷ്യകേന്ദ്രിതവുമായ ലോകബോധത്തെ കവിഞ്ഞ് ഹരികുമാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഉത്തര-ഉത്തരാധുനികമായ ഒരു മിശ്രഭാവുകത്വവും പാരിസ്ഥിതിക പ്രാപഞ്ചികാവബോധവും ആഖ്യാനത്തിലുടനീളം ദൃശ്യവും അനുഭവവേദ്യവുമാണ്. വിജയനിലും മറ്റും മുകുളനം ചെയ്യുന്ന ജൈവാധികാരപരമായ ഈ പുതിയ പ്രപഞ്ച വീക്ഷണത്തെ നവാദൈ്വതം എന്നു പേരിട്ടു വിളിക്കാറുണ്ടെങ്കിലും ആ ജൈവാവബോധത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലാണ്ടു കിടക്കുന്നു, മണ്ണടിയില്‍ ജീവജലത്തോടൊപ്പം. ജീവനെ ഗര്‍ഭം ധരിച്ച ആദിജലത്തിന്റെ സര്‍ഗഛായയാണത്. ഹരിയുടെ മഞ്ഞ ശലഭങ്ങളുടെ ഓശാന പെട്ടന്ന് ഖസാക്കിലേയും മധുരം ഗായതിയിലേയും മറ്റും തുമ്പികളുടേയും ജീവബിന്ദുക്കളുടേയും നിതാന്ത സഞ്ചാരത്തെ ഓര്‍മിപ്പിക്കാം. ജലഛായയുടെ ഓരോ അധ്യായങ്ങളും അവസാനിക്കുന്നത് മഞ്ഞ ശലഭങ്ങളുടെ മായികമായ മൊണ്ടാഷ് സാക്ഷാല്‍ക്കാരങ്ങളിലൂടെയാണ്. ഗ്രാഫിക് നോവലിന്റേയും ആനിമേറ്റഡ് ഫിക്ഷന്റേയും ദൃശാനുഭവ സാധ്യതകളെ എഴുത്തിലുണര്‍ത്തുന്ന ഈ മാന്ത്രിക ലാവണ്യവിദ്യ തികച്ചും ഹൃദയഹാരി തന്നെ.
സൂക്ഷ്മവും സംവേദനസുന്ദരവുമായ ഈ ദൃശ്യചാരുസഞ്ചയം മൊണ്ടാഷിന്റെ പ്രയോക്താവും സൈദ്ധാന്തികനുമായ ഐസന്‍സ്റ്റീനുള്ള ആദരവാകുന്നതു പോലെ ജീവനും പ്രപഞ്ചത്തിനുമുള്ള മൈത്രീപ്രണാമവുമാകുന്നു. പ്രഛന്ന ബൗദ്ധമായ അദൈ്വതം എന്ന അധീശ പദാവലിയേക്കാള്‍ ഇന്നത്തെ ഇന്ത്യയിലെ നവദേശീയവാദ സന്ദര്‍ഭത്തില്‍ ഈ ജൈവാവബോധത്തെ നീതിപുര്‍വകമായും ജൈവീകമായും അടയാളപ്പെടുത്താനുതകുന്നത് ശൂന്യവാദത്തേയും കവിയുന്ന പ്രാപഞ്ചികമൈത്രിയുടേയും കാരുണ്യത്തിന്റേയും മുദിത്വമാര്‍ന്ന നവബൗദ്ധ നൈതികത എന്ന സംജ്ഞയാകാം. ജൈവോര്‍ജവും കഥനവും ചരിത്രവും ദര്‍ശനവും ജീവനവും കലരുന്ന അതിജീവന കലയായി മലയാള നോവലിനെ കാലികമായി പുതുക്കിയെഴുതുന്ന ഒരു വിമോചന ആഖ്യാനമായി ജലഛായയെ വായിക്കുമ്പോഴുള്ള സമഗ്രതയും സന്തോഷവും ജൈവാനുഭവവും കലാപരമായ സാധ്യതകളും അനുഭവിച്ചറിയേണ്ടത് വായനക്കാരാണ്. സഞ്ചരിക്കുന്ന മരത്തേയും സന്ദേഹിയായ ദൈവത്തേയും അങ്ങനെയങ്ങനെ നോവല്‍ ഏറെ വിധ്വംസകമായി പുതുമയോടെ വീണ്ടെടുത്തവതരിപ്പിക്കുന്ന ജൈവബിംബങ്ങളേയും മനോഹരവും കാമനാനിര്‍ഭരവുമായ ചിന്തകളേയും ഭാവനകളേയും തുറവികളേയും കുറിച്ച് എത്രയോ പറയാനുണ്ട്… നോവലിന്റെ കാലങ്ങളും ലോകങ്ങളും നിത്യനൂതന സാധ്യതകളും അവസാനിക്കുന്നേയില്ല… വായനയിലൂടെ വളരുന്ന നിത്യസന്ദേഹിയും നിതാന്താന്വേഷിയുമായ ജലഛായ എന്ന നടന്നുകൊണ്ടേയിരിക്കുന്ന, നടത്തയില്‍ തന്നെ സംസാരിക്കുന്ന നീര്‍മരത്തിനു പ്രണാമം. ജലത്തിന്റെ പ്രതീതിയും പ്രതിഛായയുമുണ്ടാക്കുന്ന ആ നീര്‍മരുതിന്റെ ചില്ലകളും വേരുകളും ആകാശത്തേയും ഭൂമിയേയും ആഞ്ഞുപുല്‍കുന്നു.
_________________________

Top