ലക്ഷദ്വീപ് ജീവിതം വിൽപ്പനയ്ക്കു വെക്കുമ്പോൾ
ലക്ഷദ്വീപ് ഒരു ടൂറിസ്റ്റ്-ക്യാമറാ കാഴ്ചയല്ല. യു.സി.കെ തങ്ങളുടെ കഥയിലുള്ളതു പോലെ, കാൽപ്പാദങ്ങൾ പോലെ തിളങ്ങുന്ന പവിഴപ്പുറ്റുകൾ മാത്രമല്ല, ബ്രിട്ടീഷുകാരും അധികാരികളായ പട്ടേലുമാരും ഇല്ലാതാക്കിയ ജീവിതത്തിൻ്റെ ഖബറിടങ്ങളും കാണണം. കണ്ടു നിൽക്കുന്നവരുടെ വിധി കൂടിയാണ് ഇതെന്നറിയണം. അവരുടെ കാറ്റു വിളിപ്പാട്ട് കേൾക്കണം. ഡോ. ഷൂബ കെ.എസ് എഴുതുന്നു.
ഫാസിസത്തെ എതിർക്കാൻ അവരുടെ താവളത്തിൽ ഒളിഞ്ഞു പ്രവേശിക്കുകയും, അവരുടെ ആളാണെന്നു ബോധ്യപ്പെടുത്താൻ ചെറിയ പീഡനങ്ങൾ നടത്തുകയും, പിന്നീട് അതു കൊള്ളാം എന്നു കണ്ട് ഫാസിസ്റ്റായി തുടരുകയും ചെയ്യുന്ന വിപ്ലവകാരികളുടെ ജീവിതമവതരിപ്പിക്കുന്ന കഥ പണ്ടെപ്പോഴോ വായിച്ചതോർക്കുന്നു. പുറത്തിറങ്ങാൻ കഴിയാത്തതിൽ പരാതി പറഞ്ഞു കൊണ്ടിരുന്ന ഒരു അധ്യാപകന് ജനങ്ങളെ അടിച്ച് അകത്തു കയറ്റാനും പണം പിരിക്കാനുമുള്ള അധികാരം ലഭിച്ചപ്പോൾ, ആളുകൾ അകത്തിരുന്നാലേ രാജ്യം നന്നാവൂ എന്നു പറഞ്ഞുകൊണ്ട് അധികാരികളെക്കാൾ വലിയ പീഡകനായത് മറ്റൊരു കഥ. അധ്യാപകരുടെയുമുള്ളിൽ അടിയന്തിരാവസ്ഥാ കാലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. ഒരു പ്രഫുൽ പട്ടേൽ ഉണ്ടായിരുന്നു എന്നാണു നാം മനസിലാക്കുന്നത്. പട്ടേലിന് ആളുകളെ പീഡിപ്പിക്കാനും, വ്യവസായികൾക്കു വഴി തുറന്നുകൊടുക്കാനും മറയായി നിന്നത് കോവിഡ് ഭീതിയാണ്. കൊറോണ വൈറസും പട്ടേലും ഏതാണ്ട് ഒരേ സമയത്താണ് ലക്ഷദ്വീപിൽ എത്തുന്നത്.
ലക്ഷദ്വീപ്: ചരിത്രവും സാഹിത്യവും
ഇതെഴുതുന്നയാളുടെ ആദ്യ ലക്ഷദ്വീപ് പരിചയം, അവിടെ ഏതോ ജോലിക്ക് പണ്ട് അപേക്ഷിച്ചതാണ്. കേരളത്തിൽ നിന്ന് ഇരുന്നൂറിലധികം കിലോമീറ്റർ ദൂരം മാത്രമുള്ളൂ എങ്കിലും, കേരളീയർക്ക് ലക്ഷദ്വീപ് വളരെ അകലെയായിരുന്നു. പീന്നീട് യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായപ്പോൾ ലക്ഷദ്വീപിൽ നിന്നും വരുന്ന കുട്ടികളെ എംഫിൽ പഠിപ്പിച്ചിരുന്നു. നൗഫൽ ഉൾപ്പെടെ പല വിദ്യാർത്ഥികളും ഇപ്പോഴും ബന്ധപ്പെടാറുണ്ട്. മുഹമ്മദ് ഇർഷാദ് എന്ന വിദ്യാർത്ഥി ‘ദേശവും സാഹിത്യവും: ലക്ഷദ്വീപിലെ ചെറുകഥകളെ കുറിച്ചുള്ള പഠനം’ എന്ന വിഷയത്തിൽ എൻ്റെ കൂടെയായിരുന്നു എം.ഫിൽ ഡിസർട്ടേഷൻ. ലക്ഷദ്വീപിന്റെ ചരിത്രവും സാഹിത്യവും അന്നാണ് കൂടുതൽ ശ്രദ്ധിച്ചത്. പലപ്പോഴും കേരളീയർക്കു പോലും ലക്ഷദ്വീപ് ക്യാമറാ കാഴ്ചയിലാണ് സ്ഥാനപ്പെട്ടത്. സ്ത്രീ ശരീരത്തെ വിപണിവത്കരിക്കുന്ന ആൺനോട്ടം (Male gaze) പോലെയുള്ള ഒരു തരം ക്യാമറാ നോട്ടമായിരുന്നു അത്. പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായ ലക്ഷദ്വീപിൽ കച്ചവടക്കണ്ണുമായി സഹായ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ നൽകിയ ശേഷം, ആ കടത്തിൻ്റെ പേരിൽ കവരത്തി മുതൽ മിനിക്കോയ് വരെയുള്ള അഞ്ചു ദ്വീപുകൾ അറയ്ക്കൽ ഭരണകൂടത്തിൻ്റെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്തതാണ് ദ്വീപുകളുടെ പൂർവ്വകാല ചരിത്രം. ദുരന്തങ്ങളും ധനസഹായങ്ങളും എക്കാലത്തും അധിനിവേശത്തിനുള്ള വഴിയായിരുന്നു.
ലക്ഷദ്വീപിൻ്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് കാഴ്ചക്കാർക്ക് കേവലമായ സന്തോഷമായിരുന്നെങ്കിലും, ദ്വീപുകാർക്കത് കുറേക്കൂടി ആഴമേറിയ അനുഭവമാണ്. ഒരേസമയം ദുരന്തവും അതിജീവനത്തിന്റെ ഊർജ്ജവും ഉപജീവന വഴികളുമായിരുന്നു. ലക്ഷദ്വീപ് സാഹിത്യം വ്യത്യസ്തമായിരിക്കുന്നതും ഈ സവിശേഷതകൾ കൊണ്ടാണ്. കേരളീയ മലയാളവും ജസരിയും ചേർന്ന ഭാഷയിലാണ് അവിടത്തെ രചനകൾ. തമിഴും മലയാളവും ഹിന്ദിയും അറബിയും ചേർന്ന ഭാഷയാണ് ജസരി. ഉറങ്ങാൻ കിടക്കുമ്പോൾ മാതാപിതാക്കൾ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്ന രാക്കഥകളിൽ നിന്നാണ് ലക്ഷദ്വീപ് കഥകളുടെ തുടക്കം എന്നു പറയാറുണ്ട്. ‘ലക്ഷദ്വീപിലെ രാക്കഥകൾ’ എന്ന കൃതി ഡോ. മുല്ലക്കോയ രചിച്ചിട്ടുണ്ട്. റഹ്മാനി, ചരത മാല, ഹംസത്തുമാല, പറവ മാല, ഹൈദർ മാല തുടങ്ങിയവ ജസരി ഭാഷയിലെ ഗ്രന്ഥങ്ങളാണ്. ‘റഹ്മാനി’ നാവികശാസ്ത്ര ഗ്രന്ഥമാണ്. ജസരി ലിപിയില്ലാത്ത ഭാഷയായതിനാൽ അറബി ലിപിയിലും വട്ടെഴുത്തിലുമാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. കവരത്തി ദ്വീപിലെ യു.സി.കെ തങ്ങൾ, ചേത്ത് ലാത്ത് ദ്വീപിലെ അഹമ്മദ് കെ. കുഞ്ഞിക്കോയ, സി.പി.എ മുഹമ്മദ് കോയ, കിൽത്താൻ ദ്വീപിലെ ചമയം ഹാജാ ഹുസൈൻ, അഗത്തി ദ്വീപിലെ എം.പി ബഷീർ, എം.ഐ ഹംസക്കോയ, കാട്ടുപുറം മുംതാസ്, ഇസ്മത്ത് ഹുസൈൻ തുടങ്ങി അനേകം കഥാകൃത്തുക്കൾ അവിടെയുണ്ട്. പ്രകൃതിയുമായി ഏറ്റുമുട്ടി തകർന്നുപോവുകയും അതിജീവിക്കുകയും ചെയ്യുന്ന ജീവിതങ്ങളാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്തത്. പെട്ടെന്ന് ഓർമവരുന്നത് യു.സി.കെ തങ്ങളുടെ ‘സുറുമ’ എന്ന കഥയാണ്.
കാലവർഷത്തിൻ്റെ ശക്തി ക്ഷയിച്ചു, ആകാശം തെളിഞ്ഞിരുന്നു. കന്നിമാസത്തിൻ്റെ പിറവി അറിയിച്ചു കൊണ്ട് പൂക്കുട്ടിപക്ഷി പറന്നു പോകുന്നു. കടലലകൾ പാറകളിലിടിച്ചു വെളുത്ത മുത്തുകളായി തെറിച്ചു വീഴുന്നു. കഥയിലെ ആഖ്യാതാവ് കൊച്ചിയിലേക്കു വിമാനം കയറുന്നു. ഒരിക്കലും വിമാനത്തിൽ കയറില്ലെന്നു ശപഥം ചെയ്തിരുന്ന ദ്വീപിലെ ഏറ്റവും വലിയ പണക്കാരൻ ആലിക്കോയ ഹാജി ചികിത്സക്കായി വിമാനത്തിൽ പോകുന്നു, ഇപ്പോൾ ആഖ്യാതാവിനടുത്ത സീറ്റിൽ അദ്ദേഹമുണ്ട്. “അതാ എൻ്റെ ദ്വീപ് ഒരു മെതിയടി പോലെ, ഒരുപാദം പോലെ, തെക്കു-വടക്കായി നീലക്കടലിൽ കിടക്കുന്നു. ഹരിതവർണ തെങ്ങോലകൾ. ഇളം പച്ചയായ ലഗൂണിനു ചുറ്റും പവിഴമാലപോലെ പവിഴപ്പാറ. പാറകളിൽ തട്ടി വെണ്മ ചൊരിയുന്ന കടലലകൾ”, ഇങ്ങനെയാണ് ദ്വീപ് വിമാനത്തിൽ നിന്നും കാണപ്പെടുന്നത്. അതു കൂടാതെ, ഒരു ഖബറിടവും കാണാം. അത് ആമിനയുടെയാണ്.
രണ്ടു മീസാൻ കല്ലുകൾക്കിടയിൽ ഞെരുങ്ങി നിൽക്കുന്ന ഒരു ജീവിതം. ആ ജീവിതം കൊത്തിപ്പറിച്ച പരുന്താണ് തൻ്റെയടുത്തിരിക്കുന്ന ആലിക്കോയ ഹാജി. ആഖ്യാതാവ് തൻ്റെ പഴയ പ്രണയകഥ ഓർക്കുന്നു. മണലിൽ പാൽമഴ പെയ്യുന്ന ഒരു പെരുന്നാളു നാളിൽ ‘പൂമകളാ നെഫുസനുൽ ജമാൽ പുന്നാരത്താളം മികന്ത ബീബി’ എന്ന് ദ്വീപു സുന്ദരികൾ പാട്ടു പാടി നൃത്തം വെക്കുന്ന ഒരു രാത്രിയിൽ ആമിനയോടു വർത്തമാനം പറഞ്ഞതും അവളുടെ കയ്യിൽ നിന്നും പുളി പൊരിച്ചതു തിന്നതും അയാളോർക്കുന്നു. ഉപ്പിട്ട രുചിയുള്ള പുളി പൊരിച്ചത് കടിച്ചാൽ നല്ല ശബ്ദമുണ്ടാകും. ഒടുവിൽ ആ പ്രണയം വിവാഹ നിശ്ചയത്തിലെത്തി. മൂന്നു മാസം കഴിഞ്ഞ് ചെറിയ പെരുന്നാളിനു വിവാഹം. എന്നാൽ, ഇതിനിടക്ക് പണക്കാരനും തറവാടിയുമായ, രണ്ടു ഭാര്യമാരും ആമിനയോളം പ്രായമായ മക്കളുമുള്ള നാട്ടുമൂപ്പൻ ആലിക്കോയ ഹാജിയുടെ ആലോചന ആമിനക്കു വന്നു. അതിനിടക്ക് ആമിനോമ്മക്ക് അയക്കൂറ തിന്നാൻ പൂതി എന്നു പെങ്ങൾ വന്നു അയാളോട് (ആഖ്യതാവ്) പറഞ്ഞു. അതിന് അടുത്ത ദ്വീപിൽ പോണം. കടൽക്ഷോഭം മലയോളം ഉയരുന്ന അടുത്ത ആറു മാസത്തേക്കു പുറത്തു പോകാതിരിക്കാൻ ഓടക്കാർ കരയണഞ്ഞു. എങ്കിലും പോയിവരാൻ അയാൾ തീരുമാനിക്കുന്നു. അയാൾ ആ തുരുത്തിലെത്തുന്നു. അവിടുത്തെ അന്തേവാസികളായ പിട്ടി പക്ഷികൾ ആകാശത്തേക്ക് പറന്നു. കാർമേഘം അയാളെ മൂടി. വളരെ പ്രയാസപ്പെട്ടാണെങ്കിലും, സമർത്ഥമായി അയാൾ അയക്കൂറയെ ചൂണ്ടയിട്ടു പിടിച്ചു. പക്ഷേ കാലവർഷം കനത്തു. ഇനി നാട്ടിലെത്തണമെങ്കിൽ ആറു മാസം കഴിയണം. ചെറിയ പെരുന്നാൾ കഴിഞ്ഞു. ആലിക്കോയ ഹാജിയുടെ ചൂണ്ടയിൽ ആമിന പിടഞ്ഞു. ആമിന സമ്മതിക്കാതിരുന്നിട്ടും ഹാജി അവളെ വിവാഹം കഴിച്ചു. അവളുടെ ഖബറിടമാണ് താഴെ കണ്ടത്. വിമാനത്തിൽ വെച്ച്, കഥയിലെ ആഖ്യാതാവിൻ്റെ കയ്യിലിരുന്ന ചായ ആലിക്കോയയുടെ കുപ്പായത്തിലും മുഖത്തിലും തട്ടി മറിഞ്ഞു. വിമാനം കൊച്ചിയിലിറങ്ങുന്നതോടെ കഥ തീരുന്നു. പ്രകൃതിയും മതവും പണവും അധികാരവും ഒരു ജനതയുടെ ജീവിതത്തെ എങ്ങനെ മുറിച്ചുമാറ്റുന്നു എന്ന് ഈ കഥയിൽ കാണാം. ദുരന്തങ്ങൾക്കിടയിലൂടെ എങ്ങനെയാണ് അധികാരം കടന്നുവരുന്നത് എന്നും.
വികസനവും ദുരന്ത മുതലാളിത്തവും
ഇന്ന് ദുരന്തങ്ങളെയും പരിഹാരങ്ങളെയും ഒരുപോലെ മുതലാളിത്തം നിർമിച്ചു വിതരണം ചെയ്യുന്നു. കോവിഡും വികസനവും ഒരു പോലെ ലക്ഷദ്വീപിൽ മുതലാളിത്തം വിതരണം ചെയ്യുന്നുണ്ട്. ‘കടം വാങ്ങുമ്പോഴും സ്വയം വിൽക്കുമ്പോഴും വികസിച്ചുകൊണ്ടിരിക്കും’ എന്ന കോർപ്പറേറ്റ് മുതലാളിത്ത നയത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്മാർട്ട് സിറ്റിയാകാൻ നിർബന്ധിക്കപ്പെടുന്ന ലക്ഷദ്വീപ്. ദുരന്തങ്ങളെയും മതവംശീയതയെയും സൃഷ്ടിക്കുകയും, അതിൻ്റെ മറവിൽ ജനതയെ വിലക്കെടുക്കുകയും പീഡിപ്പിക്കുകയും എന്നിട്ട് രക്ഷാ വാഗ്ദാനം നടത്തുകയും ചെയ്യുന്ന അധിനിവേശത്തിൻ്റെ വഴി തന്നെയാണ് ബ്രിട്ടീഷ് കാലം മുതൽ തുടരുന്നത്.
കോവിഡിൻ്റെയും ഹിന്ദുത്വത്തിൻ്റെയും പേരിൽ ഭയം സൃഷ്ടിക്കുകയും, അതിൻ്റെ മറവിൽ വ്യാവസായിക നയങ്ങൾ ക്രൂരമായി നടപ്പിലാക്കുകയുമാണ് മുതലാളിത്തകാല ഭരണകൂടങ്ങൾ ചെയ്യുന്നത്. കോവിഡാനന്തരം മാനവിക വിഷയങ്ങൾ ഓൺലൈനിൽ മതി എന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് കാരണം ആളില്ലല്ലോ എന്നു പറഞ്ഞ് അധ്യാപകരെ ലക്ഷദ്വീപിൽ പിരിച്ചുവിടുന്നു. ഹിന്ദുത്വ വംശീയസ്വത്വം മറയായി ലഭിക്കാൻ പള്ളിയിലും പശുവിലും കൈവെക്കുന്നു. തുടർന്ന് ഇറച്ചിയുടെയും പാലുത്പന്നങ്ങളുടെയും വിപണി പിടിച്ചെടുക്കുന്നു. വഴികൾക്കും കൃഷിസ്ഥലങ്ങൾക്കും ഭക്ഷണ വസ്തുക്കൾക്കും മേൽ അധികാരമുറപ്പിക്കുന്നു. പരിസ്ഥിതി പ്രശ്നവും ഹിന്ദുത്വ പ്രശ്നവുമാക്കി ലക്ഷദ്വീപ് പ്രശ്നത്തെ മാറ്റിമറിക്കാനും ശ്രമം നടക്കുന്നു. അപ്പോൾ ദ്വീപിലെ പക്ഷികളെയും മരങ്ങളെയും ഇല്ലാതാക്കി എന്ന പേരിൽ ദ്വീപുവാസികളെ കുറ്റവാളികളാക്കാം. ദ്വീപിലെ ഹിന്ദുക്കളെ സംശയത്തിൻ്റെ വാൾമുനയിൽ നിർത്താം. കോവിഡ് ഭയവും ഹിന്ദുത്വ ഭയവും ഒരുപോലെ ഉപയോഗിച്ച് കോർപ്പറേറ്റ് വികസനത്തിനു വേണ്ടി വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് ഇന്ന് ലക്ഷദ്വീപ് നിവാസികൾ.
കാറ്റ് വിളിപ്പാട്ട്
കാറ്റിൻ്റെ ഗതി മാത്രമുപയോഗിച്ച് മല പോലെ ഉയരുന്ന തിരമാലകൾക്കിടയിലൂടെ നീങ്ങുന്ന ഓടത്തിലൂടെയുള്ള പഴയ യാത്രയുടെ അനിശ്ചിതത്വത്തിലൂടെയാണ് ലക്ഷദ്വീപ് ജനങ്ങൾ ഇന്നു നീങ്ങുന്നത്. തങ്ങൾ സ്വരുക്കൂട്ടിയ സമ്പാദ്യവുമായി ഓടത്തിൽ സ്വന്തം ദ്വീപു ലക്ഷ്യമാക്കി പോകുമ്പോൾ, പെട്ടെന്നു കാറ്റിൻ്റെ ഗതിമാറുകയും മഴകൊണ്ട് ഓടം നിറയുകയും ചെയ്യുമ്പോൾ, അതു മുങ്ങാതിരിക്കാൻ യാത്രക്കാർ ഭാരമുള്ള സാധനങ്ങൾ കടലിലേക്കു വലിച്ചെറിയുന്ന രീതിയുണ്ട്. കരയിൽ കാറ്റിൻ്റെ ഗതി നേരെയാവാൻ സ്ത്രീകളുടെ കാറ്റു വിളിപ്പാട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്രഫുൽ പട്ടേലുമാരെ കടലിൽ വലിച്ചെറിയാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നോടു സംസാരിച്ച ലക്ഷദ്വീപിലെ ഒരു വിദ്യാർത്ഥി ചോദിക്കുന്നു, ജനിച്ച മണ്ണിൽ നിന്നും ഓടിച്ചിട്ടു വേണോ വികസനമെന്ന്!
ലക്ഷദ്വീപ് ഒരു ടൂറിസ്റ്റ്-ക്യാമറാ കാഴ്ചയല്ല. യു.സി.കെ തങ്ങളുടെ കഥയിലുള്ളതു പോലെ, കാൽപ്പാദങ്ങൾ പോലെ തിളങ്ങുന്ന പവിഴപ്പുറ്റുകൾ മാത്രമല്ല, ബ്രിട്ടീഷുകാരും അധികാരികളായ ഹാജിമാരും പട്ടേലുമാരും ഇല്ലാതാക്കിയ ജീവിതത്തിൻ്റെ ഖബറിടങ്ങളും കാണണം. കണ്ടു നിൽക്കുന്നവരുടെ വിധി കൂടിയാണ് ഇതെന്നറിയണം. അവരുടെ കാറ്റു വിളിപ്പാട്ട് കേൾക്കണം:
“…അക്കാറ്റും കാറ്റില്ല ഇക്കാറ്റും കാറ്റില്ല
കീഴാ വടക്കേ പോയ് വീശിയടി അള്ളാ കാറ്റേ
കാറ്റും കടലും ഹിളറന്നബിയ്യാണാ
അവരാ ദുവായും കൈകൊള്ളീനള്ളാ കാറ്റേ…
ബലിയോടക്കാരെയും ഇരുപത്തെട്ടാളെയും
കൊണ്ടെന്ന് കൂട്ട് അള്ളാ കാറ്റേ…”
◆
തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഫോർ വുമൺ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ.