മറാഠാ കോടതി വിധി: പ്രത്യാഘാതങ്ങളും സാധ്യതയും

2021 മെയ് അഞ്ചിന് മറാഠാ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ, സംവരണ പോരാട്ടങ്ങളിലെ കോടതി വിധികൾ വീണ്ടും ചർച്ചയാവുകയാണ്. ഈയവസരത്തിൽ നജ്ദ റൈഹാൻ, വി.ആർ ജോഷി, എൻ.കെ അലി എന്നിവർ മറാഠാ കോടതി വിധിയുടെ പ്രതിസന്ധികളെയും സാധ്യതകളെയും സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.

● മറാഠാ കോടതി വിധി: ചില വസ്തുതകൾ

– നജ്ദ റൈഹാൻ

നജ്ദ റൈഹാൻ

2021 മെയ് അഞ്ചിന് മറാഠാ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടുമൊരിക്കൽ കൂടി സംവരണ പോരാട്ടങ്ങളിലെ കോടതി വിധികൾ ചർച്ചയാകുന്നത്. ഈ വിധിയിൽ സുപ്രീംകോടതി പരാമർശിച്ച രണ്ടു വിധികളുണ്ട്. അവയിൽ ആദ്യത്തേത് ഇന്ദ്രാ സാഹ്നി കേസ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ടു വസ്തുതകളാണുള്ളത്. ഒന്ന്, സാമൂഹികവും വിദ്യാഭ്യാസപരവുമായ ‘പിന്നാക്കാവസ്ഥ’യായിരിക്കണം സംവരണത്തിന്റെ മാനദണ്ഡം എന്നത് ആ വിധിയുടെ മർമമായിരുന്നു. ആകെ അനുവദിക്കപ്പെടുന്ന സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നതായിരുന്നു പ്രസ്തുത വിധിയുടെ മറ്റൊരു ഭാഗം. ഇന്ദ്ര സാഹ്നി കേസിനെ മറാത്ത സംവരണ വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരാമർശിക്കുമ്പോൾ, “മറാഠാ വിഭാഗം അത്തരത്തിൽ സാമൂഹികമോ വിദ്യാഭ്യാസപരമായോ പിന്നാക്കം നിൽക്കുന്ന ജനതയല്ല” എന്ന പരാമർശത്തിലൂടെ ഭരണഘടനയുടെ 103ആം ഭേദഗതിയായി സംഘ്പരിവാർ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ് കോടതി ചെയ്യുന്നത്.

അതേസമയം 50 ശതമാനത്തിലേക്കു വീണ്ടും സംവരണീയ സമുദായങ്ങളെ ചുരുക്കാനുള്ള കോടതിയുടെ ആവർത്തിച്ചുള്ള പരാമർശം ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനൊപ്പം, മുൻപുണ്ടായ പൈ ഫൗണ്ടേഷൻ കേസിൻ്റെ വിധിയിലെ ഒരു പരാമർശം കൂടി ഇതിൽ കോടതി സൂചിപ്പിച്ചിട്ടുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രസ്തുത വിധിയിൽ, സ്ഥാപനം നടത്തുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ മാനേജ്മെന്റിന് അനിവാര്യ ഘട്ടത്തിൽ ഈ 50% മറികടക്കാം എന്നതായിരുന്നു പൈ ഫൗണ്ടേഷൻ വിധിയിലുണ്ടായിരുന്നത്. അന്നത് യഥാർത്ഥത്തിൽ സാമൂഹിക നീതിയുടെ തേട്ടമായിരുന്നുവെങ്കിലും, “അനിവാര്യത” എന്നതിനെ ദുരുപയോഗം ചെയ്തു കൊണ്ട് ഒരുപക്ഷേ ഭാവിയിൽ സാമ്പത്തിക സംവരണം തന്നെ ന്യായീകരിക്കപ്പെടാവുന്ന സാഹചര്യമുണ്ടായേക്കാം എന്നതാണ് ഇതിലെ അപകട സാധ്യത. അപ്പോഴും 50 ശതമാനത്തിലേക്കു ചുരുക്കപ്പെടുന്ന ഒബീസീ, എസ്.സി, എസ്.ടി എന്നിവരുൾപ്പെടുന്ന സംവരണീയ വിഭാഗങ്ങൾക്കു വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത വശങ്ങൾ പരിശോധിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടുന്ന ഒന്നാണ് മറാഠാ സംവരണ വിധി.

മറാഠാ സംവരണ കേസിന്റെ വിധിയുമായി ബന്ധപ്പെട്ട കോടതി വാദം കേൾക്കലിനിടെ ജഡ്ജിമാരിൽ ഒരാൾ നടത്തിയ പരാമർശം ജുഡീഷ്യറി പോലും സംവരണത്തെ എങ്ങനെ തെറ്റായി സമീപിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ”ജാതിയടിസ്ഥാനത്തിലുള്ള സംവരണം അവസാനിക്കുമെന്നു മാത്രമല്ല, സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രമാകുന്നതിനെ” കുറിച്ചുള്ള ‘കിനാവ്’ കൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മറാഠാ സംവരണ വിധിയിൽ ദീർഘകാല അപകടങ്ങളെയാണ് മേൽവിവരിച്ചവയെല്ലാം ബോധ്യപ്പെടുത്തുന്നത്. അതോടൊപ്പം സംവരണത്തിന് അർഹരായ സമുദായങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങളിൽ നിന്ന് എടുത്തുമാറ്റുകയും, അത്തരമൊരു പട്ടിക തയ്യാറാക്കാൻ കേന്ദ്രത്തോടു നിർദേശിക്കുക കൂടി ഈ വിധിയുടെ ഭാഗമായി സുപ്രീംകോടതി ചെയ്തിട്ടുണ്ട്. ആർക്കാണ് ഈ നിർദേശങ്ങൾ നൽകുന്നത് എന്ന് വളരെ ഗൗരവപൂർവം ആലോചിക്കേണ്ടതുണ്ട്. ദലിതർ, ആദിവാസികൾ, മുസ്‌ലിംകൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ ഈ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനുള്ള വ്യത്യസ്ത പദ്ധതികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറാണ് സംവരണത്തിന് അർഹരായ വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാർ ലക്ഷ്യം വെക്കുന്ന വംശീയ ഉന്മൂലനവും, ചില പ്രത്യേക സമൂഹങ്ങളെയും സമുദായങ്ങളെയും രാജ്യത്തു നിന്ന് ഇല്ലാതാക്കാനുള്ള നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും, അതിനുള്ള നിയമനിർമാണങ്ങളും മറ്റു പദ്ധതികളുമെല്ലാം നടപ്പിലാക്കാനുള്ള എളുപ്പ വഴിയാണ് ഈ നിർദേശത്തിലൂടെ തുറന്നു കിട്ടുന്നത് എന്നത് തീർച്ചയായും സംവരണ വിധിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നാം ഉയർത്തിക്കൊണ്ടുവരേണ്ട ഗൗരവപ്പെട്ട വസ്തുത തന്നെയാണ്. സംവരണത്തിനു വേണ്ടിയുള്ള നിലകൊള്ളൽ, അതിനു വേണ്ടിയുള്ള സമരങ്ങൾ, സാമൂഹിക നീതിക്കു വേണ്ടിയുള്ള ശബ്ദങ്ങൾ എന്നിവയെല്ലാം ഇനിയും കൂടുതൽ സജീവമായി നിലനിർത്തുകയും മുന്നോട്ടുപോകുകയും ചെയ്യണം.

● മറാഠാ കോടതി വിധി: പ്രശ്നങ്ങളും പ്രതിവിധികളും

– വി.ആർ ജോഷി

വി.ആർ. ജോഷി

മറാഠാ സംവരണവുമായി ബന്ധപ്പെട്ട വിധി മാത്രമല്ല, നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പല വിധികളും യഥാർത്ഥത്തിൽ നീതി വിതരണം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. ഈ വിധിയെ സംബന്ധിച്ച ഒരു അക്കാദമിക ചർച്ചയല്ല ഞാൻ ആഗ്രഹിക്കുന്നത്. കാരണം, ഈ വിധി ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ നമ്മളെ നേരിട്ടു ബാധിക്കുന്നു, പ്രതികൂലമായി ബാധിക്കുന്ന നടപടികളെ/തീരുമാനങ്ങളെ എങ്ങനെ മറികടക്കാനാവും, ഇതിനെക്കുറിച്ച് പൊതു സമൂഹത്തെ എങ്ങനെ അറിയിക്കാനാകും തുടങ്ങിയ കാര്യങ്ങൾ കേൾക്കാനാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടാവുക, അത്തരം കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. വളരെ പ്രഗൽഭരായ നിയമജ്ഞരുമായും കോൺസ്റ്റിറ്റ്യൂഷൻ ജൂറിസ്റ്റുകളുമായും അഭിഭാഷകർ, നിയമ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവരുമായൊക്കെ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. അക്കാദമിക ലെവലിലുള്ള വളരെ ഗൗരവപൂർവമായ ചർച്ചയാണ്. അത്തരത്തിലൊരു ചർച്ചയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ചർച്ചക്ക്, അല്ലെങ്കിൽ ആളുകളോട് അഭിപ്രായം പറയുവാൻ അത്ര പ്രാഗൽഭ്യമുള്ള ആളല്ല ഞാൻ. പക്ഷേ, ഈ വിഷയം മനസ്സിലാക്കുകയും പഠിക്കുകയും സാധാരണ ജനസമൂഹവുമായി സംവദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ആശയങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

ആദ്യമായി എന്താണ് മറാഠാ സംവരണ കേസ്, എന്താണ് അതിനു പിന്നിലെ വസ്തുതകൾ എന്നത് വളരെ സംക്ഷിപ്തമായി പരാമർശിക്കാൻ ആഗ്രഹിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിലെ മറാഠാ സമുദായം വളരെ പ്രബലമായ ഒരു ഗ്രൂപ്പാണ്. ഈ സമുദായത്തിന് ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളിൽ സംവരണം കൊടുക്കേണ്ട ആവശ്യകത ഭരണഘടനാപരമായി നിലനിൽക്കുന്നില്ല. കാരണം, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരും, മതിയായ പങ്കാളിത്തം ഭരണസ്ഥാപനങ്ങളിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമല്ല മറാഠാ സമുദായം. സംവരണം അനുവദിക്കണം എന്നുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനപരമായ ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടേണ്ടതുണ്ട്. സാമൂഹികമായ വിവേചനങ്ങൾക്ക് വിധേയരായി പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട്, അധികാരങ്ങളും പദവികളും നിഷേധിക്കപ്പെട്ട് പങ്കാളിത്തമില്ലാത്തവരായി എന്നു ബോധ്യപ്പെടുന്ന ആളുകൾക്ക്, അധികാരവും പദവികളും പങ്കുവെക്കുക എന്ന ഏറ്റവും ന്യായവും മിതവുമായ സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ് സംവരണ പ്രക്രിയയിലൂടെ നടപ്പാക്കപ്പെടുന്നത്. ആ രീതിയിൽ മറാഠാ സമുദായം സംവരണത്തിന് അർഹരല്ല. എന്നാൽ ഈ സമുദായത്തിന് സംവരണം നൽകിയാൽ അതു തനിക്ക് ഭരണപരമായ നേട്ടമുണ്ടാക്കും, വോട്ടു കൂടുതൽ കിട്ടും എന്ന പ്രതീക്ഷയിലാവാം 2014ൽ അന്നത്തെ കോൺഗ്രസ് ഗവണ്മെന്റിന്റെ പൃഥ്വിരാജ് ചൗഹാൻ ഓർഡിനൻസ് വഴി മറാഠാ സമുദായത്തിന് സംവരണമേർപ്പെടുത്തിയത്.

ജി. മോഹൻ ഗോപാൽ

തൊട്ടുപിന്നാലെ വന്ന ബിജെപി ഗവൺമെന്റ് ഒരു നിയമമാക്കി ഇതിനെ ഉറപ്പിച്ചു. 16 ശതമാനം സംവരണമാണ് അവർക്ക് അനുവദിച്ചത്. സംവരണം അനുവദിക്കുന്നതിനു വേണ്ടി ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർ’ (SEBC – Socially and Educationally Backward Community) എന്ന കാറ്റഗറിയിൽ മറാഠാ സമുദായത്തെ ഉൾപ്പെടുത്തിക്കൊണ്ട് നിയമനിർമാണം നടത്തി. പ്രസ്തുത നിയമ നിർമാണമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതും, ഇക്കഴിഞ്ഞ മെയ് മാസം അഞ്ചാം തീയതി ഒരു വിധിയിലൂടെ ആ നിയമ നിർമാണത്തെ അസാധുവാക്കിക്കൊണ്ട് ഈ വിഭാഗത്തിന് സംവരണത്തിന് അർഹതയില്ല എന്ന് കോടതി പ്രഖ്യാപിച്ചതും. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണത്. ആ വിധി ഉയർത്തുന്ന ചില പ്രശ്നങ്ങളുണ്ട്. പൊതു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട്. അക്കാര്യങ്ങളാണ് നാമിവിടെ ചർച്ച ചെയ്യുന്നത്.

ഏറ്റവും പ്രധാനമായി, നിലവിലുള്ള സംവരണം അഥവാ, 50% സംവരണം മറികടന്നാണ് ഈ വിഭാഗത്തിനു സംവരണം നൽകിയത്. 16% സംവരണം കൂടി അനുവദിച്ചപ്പോൾ സംവരണ നിരക്ക് 66% ആയി വർധിച്ചു. പുതുതായി ഏർപ്പെടുത്തിയ ഇ.ഡബ്ല്യൂ.എസ് സംവരണത്തിന് പുറമേയാണ് ഇതെന്ന് മനസ്സിലാക്കണം. 66% സംവരണം അനുവദിച്ചതാണ് കോടതി പരിശോധിച്ചത്. ഇന്ദ്ര സാഹ്നി കേസിലെ വിധിയുടെ അന്തസത്ത മുൻനിർത്തി, പൊതു മത്സരത്തിനുള്ള അവസരം 50 ശതമാനമായി നിലനിർത്തണം എന്ന് കോടതി പറയുന്നു. അഥവാ, ഓപ്പൺ കോമ്പറ്റീഷന് വേണ്ടി എല്ലാവർക്കും മത്സരിക്കാവുന്ന പൊതുവേദി അല്ലെങ്കിൽ പൊതുവിഭാഗം ഓപ്പൺ ക്വാട്ട 50% ഉണ്ടായിരിക്കണം. തുല്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സംവരണ നിരക്ക് 50 ശതമാനത്തിൽ കൂടാൻ പാടില്ല. ഇനി അഥവാ 50 ശതമാനം ക്വാട്ട സംവരണത്തിനായി നീക്കിവെക്കപ്പെടുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള ഉദ്യോഗ മേഖലയിലും, അല്ലെങ്കിൽ ആർട്ടിക്കിൾ 15(4) പ്രകാരമുള്ള വിദ്യാഭ്യാസ മേഖലയിലും, ഇന്ദ്ര സാഹ്നി കേസിലെ വിധിയെ സാധൂകരിക്കുന്നതല്ല. അക്കാരണം പറഞ്ഞുകൊണ്ട് 66% റദ്ദാക്കി. രണ്ടാമതായി പറയപ്പെട്ട കാരണം, മറാഠാ സമുദായത്തിൽപ്പെട്ട ആളുകൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് എന്ന് സ്ഥാപിക്കാൻ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. മൂന്നാമത്തെ വസ്തുത, മേൽപറഞ്ഞ വിഭാഗത്തിന് അധികാരങ്ങളിലും പദവികളിലും മതിയായ പങ്കാളിത്തമില്ല എന്ന് തെളിയിക്കാനും സർക്കാറിന് കഴിഞ്ഞിട്ടില്ല. നാലാമതായി ഒരു സമുദായത്തെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള അവകാശവും അധികാരവും പ്രസിഡന്റിന്റെ അനുമതിയോടെ കേന്ദ്രസർക്കാരിന് നൽകുന്ന ഒഴിവാക്കിക്കൊണ്ട് 102ആം ഭേദഗതി ഉത്തരവ് വന്നിട്ടുണ്ട്. അതു കണക്കിലെടുക്കുമ്പോൾ മഹാരാഷ്ട്ര സർക്കാറിന് ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിയില്ല എന്നും കോടതി വിധിച്ചു. പക്ഷേ, വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രണ്ടുപേർ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തെയും അവകാശത്തെയും സംബന്ധിച്ച വ്യവസ്ഥയുടെ (state can make any special provision for the advancement of backward classes) അടിസ്ഥാനത്തിൽ ഒരു ഫെഡറൽ സംവിധാനത്തിൽ അങ്ങനെയാകാം എന്നും പറഞ്ഞു. പക്ഷേ, ഭൂരിപക്ഷ വിധി ബാധകമായതുകൊണ്ട് ആദ്യത്തെ വ്യവസ്ഥയാണ് സ്വീകരിക്കപ്പെട്ടത്. പ്രധാനമായും ഈ നാലു കാര്യങ്ങളാണ് കോടതി വിധിയിലുള്ളത്.

നമ്മെ സംബന്ധിച്ചിടത്തോളം ഈ വിധി ഉയർത്തിക്കാണിക്കുന്ന പ്രധാനപ്പെട്ട ഒരു സംഗതി, ഇന്ദ്ര സാഹ്നി കേസിലെ വിധിയിൽ അസന്നിഗ്ദമായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞുവെച്ച എസ്ഇബിസി (സോഷ്യലി ആൻഡ് എജുക്കേഷണലി ബാക്ക്വേഡ്) എന്ന വിഭാഗത്തിനു മാത്രമാണ് സംവരണത്തിന് അർഹതയുള്ളത്. അതുകൊണ്ടുതന്നെ, നരസിംഹറാവു ഗവൺമെന്റ് കൊണ്ടുവന്ന 10% സാമ്പത്തിക സംവരണത്തിന്റെ മറവിൽ മുന്നാക്ക സമുദായങ്ങൾക്ക് ഏർപ്പെടുത്തിയ സംവരണം റദ്ദാക്കുകയും ചെയ്തു.

ഇപ്രകാരം പിന്നാക്ക സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ രണ്ടു ഘടകങ്ങളാണ് മറാഠാ സംവരണ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉയർത്തിയത്. എന്നാൽ, മുന്നാക്ക ജാതിയിൽപ്പെട്ട ആളുകൾക്ക് 103ആം ഭരണഘടനാ ഭേദഗതി പ്രകാരം 10% സംവരണം ഏർപ്പെടുത്തിയ വിധിയെ ഈ വിധിന്യായത്തിൽ കാര്യമായി പരാമർശിച്ചില്ല. കാരണം നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയുടെ മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്നതാണ്.

ഇത്രയുമാണ് ഈ കേസിലെ പ്രധാനപ്പെട്ട വസ്തുതകൾ. സ്വാഭാവികമായും നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഉണ്ടാക്കിയ മുന്നാക്കജാതി സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും, അതു നിലനിൽക്കാൻ പാടില്ലാത്തതാണ് എന്നും വാദിക്കാൻ തക്ക സാഹചര്യമാണ് മറാഠാ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം 50% സംവരണം എന്ന പരിമിതി മറികടക്കാനാകുമോ എന്നു ചോദിച്ചാൽ, മറികടക്കുന്നതിന് ഇപ്പോഴും തടസ്സമില്ല. കാരണം, അസാധാരണമായ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിൽ; ഉദാഹരണത്തിന്, മതിയായ പങ്കാളിത്തമില്ലാത്ത പിന്നാക്ക സമുദായങ്ങളുടെ ജനസംഖ്യ വളരെ കൂടുതലാണ് എന്നുണ്ടെങ്കിൽ, അല്ലെങ്കിൽ വളരെ ഒറ്റപ്പെട്ടു കിടക്കുന്ന/അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്, അവരുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്തി അപ്രകാരം സംവരണം നൽകാനാവും.

ഇനി നമുക്ക് ഇ.ഡബ്ല്യൂ.എസ് സംവരണത്തെ കുറിച്ച് കൂടി ഒന്നു മനസ്സിലാക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്കും, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും, എസ്ഇബിസി വിഭാഗങ്ങൾക്കും അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ പരിരക്ഷയാണ് സംവരണം. അതൊരു തൊഴിൽദാന പദ്ധതിയോ, ദാരിദ്ര നിർമാർജന പരിപാടിയോ അല്ല. അത് സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്. എന്നാലിത് അനധികൃതമായി അർഹതപ്പെട്ട ജനങ്ങളിൽ നിന്നും കവർന്നെടുക്കപ്പെടുന്നുണ്ട്. എങ്ങനെയെന്നു നോക്കാം. ഈ സമൂഹത്തിലെ ഓരോ പൗരനും തുല്യ നീതിക്കും തുല്യ അവസരത്തിനുമുള്ള അവകാശമുണ്ട്. എന്നാൽ, ജാതി/മതം/ലിംഗം തുടങ്ങിയവയുടെ പേരിലുള്ള ന്യൂനപക്ഷാവസ്ഥയാൽ (സാമൂഹിക കാരണങ്ങളാൽ) മനപ്പൂർവം മാറ്റിനിർത്തപ്പെടുകയും, പദവികളും അവസരങ്ങളും നിഷേധിക്കപ്പെടുകയും ചെയ്ത ആളുകൾക്ക് മതിയായ പങ്കാളിത്തം (due share) ഉറപ്പാക്കുക എന്നതാണ് ഭരണഘടന ലക്ഷ്യമാക്കുന്ന സംവരണ നയം [ആർട്ടിക്കിൾ 15(4),16(4)]. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യൂഎസ്) എന്ന പേരിൽ നടപ്പാക്കിയ സംവരണം യഥാർത്ഥത്തിൽ ‘ഇക്കണോമിക്കലി’ വീക്കർ സെക്ഷനല്ല നൽകിയത്, ഫിനാൻഷ്യലി വീക്കർ സെക്ഷനാണ് കൊടുത്തത്. പ്ലാനിങ് ബോർഡിന്റെ അഥവാ നീതി ആയോഗിന്റെ പക്ഷത്തു നിന്നുള്ള കണ്ടെത്തൽ ഇൻഡ്യയിലെ എസ്.സി/എസ്.ടി, ഓബീസീ വിഭാഗങ്ങളാണ് ഈ പിന്നാക്കാവസ്ഥയിലുള്ള ജനത അഥവാ ഇഡബ്ല്യൂഎസ്. എന്നാൽ, ആ വിഭാഗത്തെ പൂർണമായും ഒഴിവാക്കികൊണ്ടാണ് സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഇഡബ്ല്യൂഎസ് സംവരണം നടപ്പാക്കുമ്പോൾ, ആ ബില്ലിൽ ആധികാരികമായി ചേർത്തത് ഇൻഡ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 46 ആണ്. പിന്നാക്ക ജനവിഭാഗങ്ങളിൽ പെട്ട ആളുകൾക്ക്, വിശിഷ്യ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അവരുടെ സാമൂഹികമായ പിന്നാക്കാവസ്ഥയെ തരണം ചെയ്യുന്നതിനു വേണ്ടി പ്രത്യേക പരിരക്ഷകൾ ഏർപ്പെടുത്തണം എന്നതാണ് ആ വ്യവസ്ഥ. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണം നടത്തിയപ്പോൾ ഭരണഘടനാ വ്യവസ്ഥയിൽ പറയുന്ന പട്ടികജാതി/പട്ടികവർഗക്കാരെയും പിന്നാക്ക വിഭാഗങ്ങളെയും പൂർണമായും ഒഴിവാക്കുകയാണ് ചെയ്തത്. അപ്പോൾ ഈ സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥകളെ പോലും അട്ടിമറിക്കുന്നതാണ്. ഇക്കണോമിക്കലി വീക്കർ സെക്ഷൻ എന്നതിനെ നാം മനസ്സിലേക്കേണ്ടതും ജനങ്ങൾക്കു പറഞ്ഞുകൊടുക്കേണ്ടതും, പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗങ്ങളെ കിഴിച്ചുള്ള ‘സവർണ ജാതികൾ’ എന്നാണ്.

മറ്റൊരു പ്രത്യാഘാതമായി മനസ്സിലാക്കുന്നത് സംവരണം 50% തോത് മറികടക്കാൻ പാടില്ല എന്ന കണ്ടെത്തലാണ്. അധികാരം കയ്യാളുന്ന ഭരണകൂടവും, അതിനെ നിയന്ത്രിക്കുന്ന സവർണ ശക്തികളും, അവർക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ മേധാവികളും, ഒരു പരിധിവരെ അതിനെല്ലാം മൂകസാക്ഷിയായി മാറുന്ന ഇൻഡ്യൻ ജുഡീഷ്യറിയും ഉൾപ്പെടുന്ന സംവിധാനകളുടെ ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. 50% മറികടക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, 10% മുന്നാക്ക സംവരണ തോതിനെ നിലവിൽ എസ്.സി, എസ്.ടി, ഓബീസീ വിഭാഗങ്ങൾ അനുഭവിക്കുന്ന 50 ശതമാനത്തിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമം ഇവർ നടത്തിക്കൂടായ്കയില്ല. നമുക്കു മുൻപിലുള്ള വലിയൊരു വെല്ലുവിളിയാണത്. ഇന്ന് പട്ടികജാതി വിഭാഗങ്ങൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ അനുഭവിക്കുന്ന 15 ശതമാനം സംവരണവും, പട്ടിക്കവർഗ വിഭാഗം അനുഭവിക്കുന്ന 7.5 ശതമാനവുമടക്കം 22.5% ശതമാനം ആകും, 27 ശതമാനം ഓബീസീ സംവരണവും. ഇതിലേക്ക് 10 ശതമാനം മുന്നാക്ക സംവരണത്തെ തിരുകിക്കയറ്റാൻ ശ്രമിച്ചാൽ, 22.5% ഉള്ള പട്ടിക വിഭാഗക്കാരുടെ സംവരണ തോത് പതിനെട്ടോ പതിനാറോ ആയി കുറഞ്ഞേക്കാം. 27 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങളുടേത് ഇരുപതോ ഇരുപത്തിരണ്ടോ ആയിട്ടും കുറയാം. ഇതൊരു കാരണവശാലും അനുവദിച്ചു കൂടാത്തതാകുന്നു. എന്തെന്നാൽ നമുക്ക് അവകാശപ്പെട്ട “മതിയായ പങ്കാളിത്തം” നൽകാൻ ഈ 50% പോലും അപര്യാപ്തമാണെന്നിരിക്കെ, വീണ്ടും അതിലേക്ക് കടന്നുകയറാനുള്ള ശ്രമങ്ങൾ നനഞ്ഞിടം കുഴിക്കുക അല്ലെങ്കിൽ ചാഞ്ഞു നിൽക്കുന്ന മരത്തിൽ ഓടി കയറുന്നതു പോലെയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഇൻഡ്യയിലെ പട്ടികജാതി/പിന്നാക്ക ജനവിഭാഗങ്ങൾ തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. സംവരണം മൗലിക അവകാശമല്ല എന്ന വാദവും അടുത്ത കാലത്തുണ്ടായിട്ടുണ്ട്. ഇതു ശുദ്ധമായ അബദ്ധവും അസംബന്ധവുമാണ് എന്നു പറയാതെ വയ്യ. ഇൻഡ്യൻ ഭരണഘടനയുടെ മൗലികാവകാശ പട്ടികയിൽ ഉൾപ്പെടുത്തി വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ള ആർട്ടിക്കിളാണ് സംവരണത്തിന്റേത്. അങ്ങനെയല്ല എന്നൊരു ജഡ്ജി പരാമർശിച്ചാൽ അംഗീകരിക്കാൻ നമുക്ക് കഴിയില്ല. വാദത്തിനു വേണ്ടി സംവരണം മൗലികാവകാശമല്ല എന്നു പറഞ്ഞാൽത്തന്നെ, ഇത്തരത്തിൽ ക്രൂരമായി പട്ടിക/പിന്നാക്ക വിഭാഗങ്ങളോട് പെരുമാറുന്ന സംവിധാനങ്ങൾക്കെതിരെ തമിഴ്നാട് ഗവൺമെന്റ് സ്വീകരിച്ച സമീപനം നമുക്കും സ്വീകരിക്കേണ്ടിവരും. അതിനു നാം തയ്യാറാവണം. തമിഴ്നാട്ടിൽ ഇപ്പോഴും ഓബീസീ സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ നടപ്പാക്കിയിട്ടില്ല. അവിടെ 69 ശതമാനം സംവരണം ഉറപ്പാക്കിയിട്ടുണ്ട്. മുന്നാക്ക ജാതിയിൽ പെട്ട ആളുകൾക്ക് 10% സംവരണം കൊടുക്കണമെന്നുള്ള 103ആം ഭരണഘടനാ ഭേദഗതിയും തമിഴ്നാട് നടപ്പാക്കിയിട്ടില്ല. അപ്പോൾ അതിശക്തമായ ദ്രവീഡിയൻ സംസ്കാരമുള്ള ബ്രാഹ്മണ്യത്തെ എതിർക്കുന്ന തമിഴ്നാട് പോലുള്ള സർക്കാർ സ്വീകരിച്ച സമീപനം സ്വീകരിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്. ഈ സന്ദേശങ്ങളെ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. കൂട്ടായ പരിശ്രമങ്ങളും സമരങ്ങളും ഇവ്വിഷയകമായി നടക്കണം.

● മറാഠാ കോടതി വിധി: രാഷ്ട്രീയ കേരളം എന്തുപറയുന്നു?

– എൻ.കെ. അലി

എൻ.കെ. അലി

മറാഠാ വിധിയെ തുടർന്ന് രാഷ്ട്രീയ കേരളം ഇനിയെന്തു നിലപാട് സ്വീകരിക്കും എന്നതിനെക്കുറിച്ച ഉൽക്കണ്ഠകളും ആകാംക്ഷകളുമാണ് പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്. സത്യത്തിൽ മറാഠാ വിധിയിലൂടെ ഇൻഡ്യാ മഹാരാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന പട്ടികജാതി/പട്ടികവർഗ/പിന്നാക്ക ജനവിഭാഗങ്ങൾക്കു മേൽ ഇരുതല മൂർച്ചയുള്ള കൊടുംവാൾ സ്ഥാപിക്കുകയാണ് സുപ്രീംകോടതി ചെയ്യുന്നത്. മറാഠാ സംവരണ കേസിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇന്ദ്ര സാഹ്നി വിധി ഉണ്ടാകുന്നത് 16/11/1992ലാണ്. ആ വിധിയെ തുടർന്നാണ് കേന്ദ്രസർക്കാരും സുപ്രീംകോടതിയും നിർദേശിച്ച, സംസ്ഥാനങ്ങളിലെ ‘ബാക്ക്വേഡ് ക്ലാസ് കമ്മീഷന്റെ’ രൂപീകരണം. ആ വിധി കഴിഞ്ഞ് ആറു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലെയും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് അതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ദ്ര സാഹ്നി കേസിലെ 50 ശതമാനവും സംവരണ തോതും, സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമൊക്കെ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, ആ വിധിയുടെ താൽപര്യ പ്രകാരമാണ് സംസ്ഥാനങ്ങളിൽ ‘പിന്നാക്ക വിഭാഗ കമ്മീഷനുള്ളത്.

കേരളത്തിലും 1993 മുതൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനുണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഈ സംസ്ഥാന കമ്മീഷനുകൾ വളരെ ദുർബലമായ അവസ്ഥയിലാണ് ഇന്നുള്ളത്. കേരളത്തിൽ പ്രത്യേകിച്ച്. യാതൊരു അധികാരവുമില്ലാത്ത, വെറും ശുപാർശകൾ മാത്രം നൽകാൻ കഴിയുന്ന കമ്മീഷനാണ് കേരള സംസ്ഥാന പിന്നാക്ക കമ്മീഷനും, സമാനമായ ഇതര സംസ്ഥാന കമ്മീഷനുകളും. കമ്മീഷന്റെ അധികാരം കവർന്നെടുത്തു കൊണ്ട് 2018ൽ 102ആം ഭരണഘടനാ ഭേദഗതി നിലവിൽ വരുകയുണ്ടായി. അതിൻപ്രകാരം, സംസ്ഥാനങ്ങളിലെയും ഇൻഡ്യാ രാജ്യത്തെ മുഴുവനും പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തി, നിർണയിക്കാനുള്ള അധികാരവും അവകാശവും കേന്ദ്രസർക്കാരിനാണ്, അഥവാ ദേശീയ പിന്നാക്ക കമ്മീഷനു നൽകപ്പെട്ടു. ദേശീയ പിന്നാക്ക കമ്മീഷനെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി റിട്ടയേർഡ് സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരെ സ്ഥാപിച്ചിരുന്ന ചെയർമാൻ സ്ഥാനം വരെ ആർഎസ്എസിന്റെ നാഗ്പൂരിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരു ദേശീയ പിന്നാക്ക കമ്മീഷനാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ പ്രധാനമായും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനുകൾ ശുപാർശ ചെയ്യുന്ന സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം 102ആം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണ്. അഞ്ചു വർഷം തികച്ച ഒന്നാം മോദി സർക്കാരിനു ശേഷം, രണ്ടാം മോദി സർക്കാർ മെയ് അവസാനത്തോടെ രണ്ടാം വർഷം പിന്നിടുന്നു. ഈ ഏഴു വർഷക്കാലത്തിനകം ഉണ്ടായ എല്ലാ നിയമനിർമാണങ്ങളും (ഏറ്റവും അവസാനത്തെ കാർഷിക നിയമം, സിഎഎ അടക്കമുള്ളവ) രൂപീകരിക്കുമ്പോൾ പാർലമെന്റ് സ്വീകരിച്ച സമീപനം നമുക്കറിയാവുന്നതാണ്. മോദി സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട മൂന്നു സുപ്രീംകോടതി ജഡ്ജിമാരും സവർണ സംരക്ഷണ തൽപരരായിരുന്നു; മേൽപറഞ്ഞ ഭേദഗതികളെയും പാർലമെന്റ് പാസാക്കുന്ന ഭരണഘടന ഭേദഗതികളെയുമെല്ലാം അംഗീകരിച്ച്, അതുമായി മുൻപോട്ടു പോകാൻ ഇവർ തയാറാവുന്നു.

സംവരണം ആവശ്യപ്പെട്ട് മറാഠാ സമുദായം നടത്തിയ പ്രതിഷേധം

ഫെഡറൽ സംവിധാനമുള്ള ഇൻഡ്യാ രാജ്യത്ത്, സംസ്ഥാനങ്ങൾക്കുള്ള അധികാരത്തെ കവർന്നെടുത്തുകൊണ്ട് തങ്ങൾക്ക് ഇഷ്ടമില്ലാത്ത പൗരസമൂഹത്തെ (അത് മുസ്‌ലിംകളോ ദലിതരോ മറ്റു പിന്നാക്ക വിഭാഗങ്ങളോ ആവാം) പിന്നാക്ക വിഭാഗ പട്ടികയിൽ നിന്ന് നിർദാക്ഷിണ്യം നീക്കം ചെയ്യാൻ തക്കവിധമുള്ള നിയമനിർമാണത്തെ സാധൂകരിക്കുകയാണ് മറാഠാ കേസിലെ വിധി. 102ആം ഭേദഗതി അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ വിധിപ്രസ്താവത്തിൽ മുഴുവൻ പറഞ്ഞിരിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ കാഴ്ചപ്പാടും സമീപനമാണ്. അധ്യക്ഷൻ അശോക് ഭൂഷനും സഹജഡ്ജി നസീർ എന്നിവരും എഴുതിയ വിധി ന്യായത്തിന് വ്യത്യസ്തമായാണ് കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും സവർണ താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറ്റു മൂന്ന് ജഡ്ജിമാരും എഴുതിയത്. ഭൂരിപക്ഷ വിധി കേന്ദ്രസർക്കാരിന്റെ ഇംഗിതത്തിനും നാഷണൽ കമ്മീഷനുള്ള അധികാരത്തെയുമൊക്കെ അംഗീകരിക്കുന്നതാണ്. ഈ ഭൂരിപക്ഷ വിധിയാണ് നിലനിൽക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായിട്ടുള്ള ഒരു വിധി നിയമമായി കഴിഞ്ഞു. ഇതാണ് ഒന്ന്.

രണ്ടാമത്തെ അതിമൂർച്ചയുള്ള വാൾ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതാണ് മുൻപ് സൂചിപ്പിച്ച ഇഡബ്ല്യൂഎസ് സംവരണം. പൂർണമായും സവർണ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇഡബ്ല്യൂഎസ് സംവിധാനം നേരത്തെ മറാഠാ കേസിൽ പരാമർശിക്കപ്പെട്ട ആർട്ടിക്കിൾ 16(4)ന്റെ പരിധിയിലല്ല എന്നു മനസ്സിലാക്കണം. ഭരണഘടനയുടെ 16(4) അനുച്ഛേദ പ്രകാരം സാമൂഹികമായി, സർവീസിൽ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിലാണ് മറാഠാ കേസിൽ, ഗവൺമെന്റും മറാഠാ എസ്ഇബിസിയും കൊണ്ടുവന്ന നിയമത്തെ സ്ട്രൈക്ക് ഡൗൺ ചെയ്തത്. നമ്മുടെ മുൻപിലുള്ള പ്രശ്നം സാമ്പത്തിക സംവരണമാണ്. 103ആം ഭരണഘടനാ ഭേദഗതിയിലൂടെ വന്നതാണത്. ആദ്യമായി 19 ഫെബ്രുവരി അവസാനത്തോട് കൂടിയും, പിന്നീട് ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയി അതിനെ ചോദ്യം ചെയ്തുകൊണ്ട് പെറ്റീഷനുകൾ വന്നിട്ടുണ്ട്. 29ഓളം പെറ്റീഷൻ കഴിഞ്ഞ വർഷം വരെ വരുന്നു. കഴിഞ്ഞവർഷം ഒരു പെറ്റീഷൻ കൂടി വന്നതോടുകൂടി 30 ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിട്ടുണ്ടെങ്കിലും, അതു പൊടിപിടിച്ചു കിടക്കുകയാണ്. അത് തുറന്നു നോക്കുകയോ അത് സ്വീകരിക്കുകയോ ചെയ്തു എന്നതിന് കേന്ദ്ര സർക്കാറിന്റെയോ സംസ്ഥാനങ്ങളുടെയോ അഭിപ്രായമോ മറുപടിയോ കൗണ്ടർ ഫയൽ ചെയ്യാതെ 30 ഹരജികളാണ് കെട്ടിക്കിടക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ, കൂടുതലായും കേരള പരിസരത്തു നിന്ന് ചിന്തിക്കുമ്പോൾ, ഇഡബ്ല്യൂഎസ് വിഷയം വളരെ സജീവമായി പരിഗണിക്കുന്ന, അഥവാ മുന്നാക്ക സവർണ സംവരണത്തിന്റെ കാര്യത്തിൽ വർഷങ്ങളായി അനുകൂല നിലപാട് തുടരുന്ന കോൺഗ്രസും എൻഡിഎയും, ഇപ്പോൾ ഏറ്റവും അവസാനം മാർക്സിസ്റ്റ് പാർട്ടിയും അതിന്റെ മുൻപന്തിയിലുള്ളത് നാം കാണുന്നു. 102, 103 ഭരണഘടനാ ഭേദഗതികൾ കേരളത്തിലെയും രാജ്യത്തെ മുഴുവൻ പിന്നാക്ക വിഭാഗങ്ങൾക്കും ആശങ്കാജനകമാണ്. അവരുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തുകയും, അതുവഴി യാതൊരുവക പ്രതീക്ഷയും നൽകാത്ത ഒരു സംവിധാനത്തിലേക്ക് ഈ 102, 103 ഭരണഘടനാ ഭേദഗതിയും അത് സംബന്ധിച്ച കഴിഞ്ഞ മറാഠാ വിധിയും സുപ്രീം കോടതിയിലുള്ള വിധിയും ആശങ്ക വർദ്ധിക്കുകയാണ്.

ഈയവസരത്തിൽ രാഷ്ട്രീയ കേരളം ഇനിയെങ്ങോട്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പണ്ട് മണ്ഡൽ കമ്മീഷൻ നടപ്പിലാക്കിയപ്പോൾ ഇഎംഎസ് പറഞ്ഞത് ഇങ്ങനെയാണ്: “ഇന്നത്തെ വ്യവസ്ഥ അതേപടി തുടരുകയാണെങ്കിൽ പിന്നാക്ക ജാതിയിൽ പെട്ട ദരിദ്രർക്ക് കിട്ടാനിടയുള്ള ജോലി പോലും ആ ജാതിയിൽ പെട്ട സമ്പന്നർ കൈക്കലാക്കും”. അന്നു പറഞ്ഞത് പിന്നാക്ക ജാതിയിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നാണെങ്കിലും, എൺപതുകളിലെ ഇഎംഎസിന്റെ താൽപര്യമായ സാമ്പത്തിക സംവരണം 2018 മുതൽ കേരളത്തിൽ നടപ്പിലാക്കിയ ഒരു സർക്കാരിന്റെ മുൻപിലാണ് നമ്മളുള്ളത്. നാമെങ്ങനെ സുപ്രീംകോടതിയെ സമീപിക്കും?എങ്ങനെ പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കും? അവരുടെ സാമൂഹിക നീതി എങ്ങനെ ഉറപ്പുവരുത്തും എന്നതെല്ലാം ചോദ്യചിഹ്നങ്ങളായി നമുക്കു മുൻപിലുണ്ട്. കേരളത്തിൽ നിലവിലുള്ള 50 ശതമാനം സംവരണത്തിൽ, വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും 50% ആയിട്ടില്ല. ഇപ്പോൾ പരമാവധി 40 ശതമാനം മാത്രമേ ഇഡബ്ല്യൂഎസ് അടക്കം ഉള്ളൂ.

കേരളത്തിൽ ഏറ്റവും പ്രധാനമായും ചർച്ചയെപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നം ഉദ്യോഗ സംവരണവുമായി ബന്ധപ്പെട്ടാണ്. ഉപരിസൂചിത 102ആം ഭേദഗതിയുടെ താൽപര്യം നിലനിർത്തിക്കൊണ്ട്, ആ അവകാശം കേന്ദ്രസർക്കാരിലേക്ക് ചേർക്കപ്പെട്ടപ്പോൾ, 50 ശതമാനത്തിലേക്ക് എല്ലാ സംവരണവും പരിമിതപ്പെടുത്തുന്ന സാഹചര്യമുണ്ടായി എന്നിരിക്കട്ടെ, കേരളത്തിൽ നിലവിലുള്ള 50% പിന്നാക്ക സംവരണത്തിൽ നിന്ന് 10% മുന്നാക്ക സംവരണം കൂടി ഒരു ദാക്ഷിണ്യവും കൂടാതെ എടുത്തുകൊടുക്കാൻ തയ്യാറായിട്ടുള്ള ഒരു സർക്കാരാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല ഇതു പറയുന്നത്. ഇവിടെയുണ്ടായ കീഴ്‌വഴക്കം അങ്ങനെയാണ്
2019ലെ 103 ആം ഭരണഘടന ഭേദഗതിയെ തുടർന്ന് ഇൻഡ്യയിലെ 25 സംസ്ഥാനങ്ങളിലും നടപ്പിലാക്കാതെ, യുപിയിലും ഗുജറാത്തിലും നാമമാത്രമായി കേന്ദ്ര ഗവൺമെന്റിന്റെ ഒരു ഉത്തരവിന്റെ ബലത്തിൽ ഇഡബ്ല്യൂഎസ് സംവരണത്തിന്റെ ഒരു നോട്ടിഫിക്കേഷൻ നടത്തിയതല്ലാതെ ഒരു സംസ്ഥാനത്തും പോലും നിയമനിർമാണം നടക്കാത്ത സാഹചര്യത്തിലും, കേരളത്തിൽ അതിനനുസൃതമായ നിയമനിർമാണം നടത്തി വിദ്യാഭ്യാസരംഗത്ത് 2018-19ൽ തന്നെ എംബിബിഎസിന് 10% സംവരണം നൽകുകയുണ്ടായി. 2020ലും നൽകി. 2020 ഒക്ടോബറിലെ “കെഎസ് ആൻഡ് എസ്എസ്ആർ” ചട്ട ഭേദഗതിയിലൂടെ അതു കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങളിലും പൊതു നിയമനങ്ങളിലും ബാധകമാക്കിയ വിധിയാണ് നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിട്ടുള്ളത്. അതിനുള്ള പരിഹാരമാണ് നാം തേടേണ്ടത്. ആ നിലക്ക് നോക്കുമ്പോൾ വി.ആർ ജോഷി സാറിന്റെ നാഷണൽ കോർഡിനേഷൻ കമ്മിറ്റിയും ജസ്റ്റിസ് ഈശ്വര്യയ്യ അടക്കമുള്ള ആളുകളുടെ കേരളത്തിൽ നിന്നുള്ള രണ്ട് പെറ്റീഷനുകളാണ് 103ആം ഭരണഘടന ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിലുള്ളത്. ഈ പെറ്റീഷനുകളെ ത്വരിതപ്പെടുത്തിക്കൊണ്ട് സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനമുണ്ടാകണം. ജുഡീഷ്യറിയുടെ സവർണ മനോഭാവവും അധികാരമോഹവും, ജുഡീഷ്യൽ സംവിധാനത്തിലെ റിട്ടയർ ചെയ്യുന്നതും സർവീസിൽ ഉള്ളതുമായ ചീഫ് ജസ്റ്റിസ്മാർ അടക്കമുള്ള ജഡ്ജിമാരുടെ താൽപര്യവുമൊക്കെ പരിഗണിച്ചുകൊണ്ട് 10% ഇഡബ്ല്യൂഎസ് സംവരണം കൊണ്ടുവന്നാൽ വലിയ പ്രത്യാഘാതമായിരിക്കും കേരളത്തിൽ ഉണ്ടാവുക. ഈ ഒരു വെല്ലുവിളി നേരിടുന്നതിന് വളരെ ആസൂത്രിതമായ, അവധാനതയോടെയുള്ള കർമ പദ്ധതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്.

കേരളത്തിലെ അഭിഭാഷകരെ കുറിച്ച് വലിയ പ്രതീക്ഷകളൊന്നും നൽകാത്ത തരത്തിലാണ് 102, 103 ഭേദഗതിയും മറാഠാ സംവരണ കേസും കൈകാര്യം ചെയ്യപ്പെട്ടത്. ഈ നീതിന്യായ മണ്ഡലം രക്തവർണ തൽപ്പരരുടെ തടവറയിലാണ്. അഭിഭാഷക ലോകമാകട്ടെ, ഒരു തരം ഭയത്തിലുമാണ്. സവർണ താൽപര്യത്തിന് എതിരായ കേസുകൾ, പ്രത്യേകിച്ച് ജാതി സംവരണം പോലുള്ള കേസുകളിൽ ഇടപെടാനോ അതു പഠിക്കാനോ, ഭരണഘടനാപരമായ വശങ്ങളിൽ ഊന്നി നിലകൊള്ളാനോ ഇവർ തയ്യാറാവുന്നില്ല. ഈ വസ്തുതകളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ്, ഏറെ പ്രതീക്ഷയോടെ പഴയ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വീസിയും, ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറുമൊക്കെ ആയിരുന്ന പ്രൊഫ. ഡോ. മോഹൻ ഗോപാൽ സാറിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പ് സജീവമായി ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട്, അതിന്റെ ഭരണഘടനാ സാധ്യതകളെ കുറിച്ചൊക്കെ പഠിക്കുന്നുണ്ട്. ഇക്കണോമിക്കലി വീക്കർ സെക്ഷൻ എന്നുള്ളത് ഫിനാൻഷ്യൽ പുവർ പേർസണൽസിന് നൽകുന്ന ഒരു സംവിധാനമാണ് നിലവിലുള്ളത്. ഇക്കണോമിക്കലി വീക്കർ സെക്ഷന് കൊടുക്കാൻ തീരുമാനിച്ച ഭരണഘടനാ ഭേദഗതിയിൽ പോലും, സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് സംവരണം നൽകുന്ന ഒരു സംവിധാനമായി മാറിയിരിക്കുന്നു കേരളത്തിൽ. ആകാംഷയോടെയല്ല, വളരെ അവധാനതയോടെ, ബുദ്ധിപൂർവ്വം ഈ വെല്ലുവിളികളെ നേരിടാൻ കേരളീയ സമൂഹവും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നു തോന്നുന്നു. കേരളത്തിൽ സംവരണ വിഷയം വരുമ്പോഴും, ഈ മറാഠാ വിധി വന്നപ്പോഴൊക്കെ എടുത്തുചാടി, വിഷയങ്ങൾ പഠിക്കാതെ വിധി പൂർണമാകുന്നതിനും മുൻപ് അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. 10.45ന് വിധി വായിച്ചു കൊണ്ടിരിക്കുമ്പോൾ 11 മണിക്ക് വന്ന ആദ്യ പ്രതികരണങ്ങൾ മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്നാണ്. ഉപരിപ്ലവമായ പ്രചാരണങ്ങൾക്കും പബ്ലിസിറ്റിക്കും ഉപരിയായി, കാതലായ വിഷയങ്ങളിലേക്ക് കടക്കണമെന്നു മാത്രമാണ് ഓർമിപ്പിക്കാനുള്ളത്.

(തുടരും)

തയ്യാറാക്കിയത്: നഈമ മുഹമ്മദ് അലി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് എം.സി.ജെ വിദ്യാർഥിനിയാണ്.

Top