കാല — പടം മജ്ജാ സാനാക്കിന്

സിനിമ എന്നതിനേക്കാൾ ഒരു ബാലെ പോലെയോ അബ്സെഡ് തിയേറ്റർ പോലെയോ ഒക്കെയാണ് പാ രഞ്ജിത്ത് ‘കാല’ ഒരുക്കിയിട്ടുള്ളത്.
സൂപ്പർസ്റ്റാർ പടം പ്രതീക്ഷിച്ചു പോവുന്നവരുടെകൂടി കാഴ്ചശീലങ്ങളെ മാറ്റിയെടുക്കാൻ ‘കബാലി’യിൽ തുടങ്ങിവച്ച പണി ഒരു പടി കൂടി മുന്നോട്ട് പോവുന്നുമുണ്ട്.
സ്ത്രീകൾ ‘ഫില്ലർ’ കഥാപാത്രങ്ങളായല്ല വരുന്നത്.
‘മണ്ണിൽ പണിയെടുക്കൽ’ റൊമാന്റിസൈസ് ചെയ്യുന്നില്ലെന്ന് മാത്രമല്ല, കൃഷിചെയ്യാൻ ഭൂമിക്കുവേണ്ടി മാത്രമുള്ളതായി ഭൂസമരങ്ങളുടെ രാഷ്ട്രീയത്തെ ചുരുക്കുന്നുമില്ല.
നാഗരികതയുമായി ബന്ധപ്പെട്ട് ദലിതർ നടത്തുന്ന മുന്നോട്ടുപോക്കുകളെ, അവരുടെ ജീവിതരീതിയിലെ ‘നഗരവൽക്കരണ’ങ്ങളെ, നെഗറ്റിവ് ആയി കാണുന്നുമില്ല.

‘കാല’ എന്ന സിനിമ എനിക്കിഷ്ടമായത് അതിന്റെ ഡയലോഗുകളിലെ രാഷ്ട്രീയം കൊണ്ടല്ല. അതൊരു ‘ട്രിപ്പ്’ പടമാണ് എന്നതുകൊണ്ടാണ്. ‘റിയലിസ’ത്തിനും ‘ദലിത് ദൈന്യത പോണി’നും ഒക്കെ മിഡിൽ ഫിംഗർ കാണിച്ചുകൊണ്ടുള്ള, ഏതാണ്ട് അബ്സ്ഡ് എന്നുതന്നെ പറയാവുന്ന രീതിയിലുള്ള പ്രസന്റേഷനും ഇടയ്ക്കിടയ്ക്ക് ഒട്ടും ‘ഔചിത്യം’ ഇല്ലാതെ കടന്നുവരുന്ന റാപ്പ് പാട്ടുകളും സിനിമ ഒരു ‘രജനി പടം’ അല്ലാതിരിക്കുമ്പോഴും തീർത്തും ‘രജനി’ ആയ സ്റ്റണ്ടുകളും ഒക്കെ.

രസകരമായി തോന്നിയ വേറൊരു കാര്യം, ‘ധാരാവി’ എന്നത് തന്നെ വർഷങ്ങളോളമായി ദലിത്-മുസ്‌ലിം അതിജീവനത്തിന്റെയും ആഘോഷത്തിന്റെയും ഒരു നിശാനയാണ് (ഈ സിനിമയും അങ്ങനെത്തന്നെയാണ്), എന്നിട്ടും ‘മുസ്‌ലിം’ എന്ന വാക്ക് ഈ സിനിമയെയും അതിന്റെ ‘അംബേഡ്കറൈറ്റ്’ രാഷ്ട്രീയത്തെയും പുകഴ്ത്തിക്കൊണ്ടുള്ള ഒരുമാതിരി  പോസ്റ്റുകളിലൊന്നും കണ്ടില്ല എന്നതാണ്.

പിന്നൊന്ന് ഈ സിനിമയിലെ ‘ഭൂമി’ ആണ്. ‘മണ്ണിൽ പണിയെടുത്ത് പൊന്നു വിളയിക്കാനുള്ള’ ഭൂമിക്കുവേണ്ടിയല്ല ഈ സിനിമയിലെ ‘മക്കൾ’ സമരം ചെയ്യുന്നത്, മറിച്ച് അവർക്ക് മുംബൈ എന്ന മഹാനഗരത്തിൽ തൊഴിൽ ചെയ്തു ജീവിക്കാനുള്ള ഭൂമിക്കു വേണ്ടിയാണ്.

ആർട്ട് ഓഫ് സേയിങ് നോ റ്റു റിയലിസം

മലയാളത്തിൽ കഴിഞ്ഞ കുറച്ചുകാലമായി ‘നല്ല സിനിമ’ എന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നത് ‘റിയലിസ്റ്റിക്’ എന്നു പറയപ്പെടുന്ന സിനിമകളാണല്ലോ. ‘അന്നയും റസൂലും’ ആണോ ആ ഒരു ട്രെൻഡിന് തുടക്കമിട്ടത് എന്നുറപ്പില്ല. എന്തായാലും ബോധപൂർവ്വം ‘റിയലിസം’ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ സ്റ്റീവ് ലോപ്പസ്, ഒഴിവുദിവസത്തെ കളി, കമ്മട്ടിപ്പാടം, പറവ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ് എന്നിങ്ങനെ പല സിനിമകളും ‘സാധാരണ’ ജീവിതങ്ങളുടെ  ‘റിയലിസ്റ്റിക്’ ചിത്രീകരണങ്ങളായി മുദ്ര കുത്തപ്പെട്ടു, അവയിൽ മിക്കതും ‘നല്ല സിനിമ’ ആയി അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്താണ് ഈ ‘സാധാരണ’ ജീവിതം, ഈപ്പറഞ്ഞ സിനിമകളൊക്കെ പിൻപറ്റിയത് യഥാർത്ഥത്തിൽ റിയലിസമാണോ എന്നതൊക്കെ അവിടെ നിൽക്കട്ടെ — ‘റിയലിസം’ എന്ന പേരുതന്നെ ഒരുതരത്തിൽ വെറുപ്പിച്ചു തുടങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ.

‘റിയലിസ’ത്തിന് എന്താണ് കുഴപ്പമെന്നൊക്കെ ചോദിച്ചാൽ അതിനെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അധികം വിശദീകരിക്കാൻ നിൽക്കുന്നില്ല. എനിക്ക് വല്ലാതെ പ്രശ്നമുണ്ടാക്കിയ ഒരു സിനിമയെപ്പറ്റി മാത്രം പറയാം. ‘ഒഴിവുദിവസത്തെ കളി’ കണ്ട ശേഷം ഞാൻ എഫ് ബിയിൽ ഇങ്ങനെ എഴുതി : “‘atrocity porn’ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഏറ്റവും പുതിയ ഒരൈറ്റമാണ് ‘ഒഴിവുദിവസത്തെ കളി’. ‘കരയുമ്പോൾ കൂടെക്കരയാൻ ആയിരം പേർ വരും, ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ നിൻ നിഴൽ മാത്രം വരും’ എന്ന് ഇന്ത്യയിലെ ഉയർന്ന ജാതി പുരോഗമനക്കാരുടെ ഇടയിലെ ദലിതരുടെ അവസ്ഥയെപ്പറ്റി അജിത് കുമാർ എ എസ് ഒരിക്കൽ പറഞ്ഞതോർമ്മ വരുന്നു. ദലിതരുടെ ജീവിതമോ സന്തോഷങ്ങളോ അതിജീവനശ്രമങ്ങളോ ഒന്നും ഈ സിനിമയിൽ ഇടം കാണുന്നില്ല. മേൽജാതിക്കാരുടെ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറ്റുവാങ്ങാൻ മാത്രമുള്ള ദലിതജന്മം എന്ന ലളിതയുക്തി. സിനിമയിലെ കള്ളുകുടിസംഘം നടത്തുന്ന കളിയും ഈ സിനിമയാകുന്ന കളിയും തമ്മിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല” എന്ന്. ക്രൂരതകൾ, ദൈന്യത ഒക്കെ ‘അതുപോലെ’ അവതരിപ്പിക്കുന്നത് പലപ്പോഴും ആ ക്രൂരത കാണിക്കുന്നവർക്കുപോലും ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു പരിപാടിയായി മാറാറുണ്ട്. ശ്രീ. റോബി കുര്യൻ അതേ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് : “കളിയിലുടനീളം ക്യാമറയൊരു ആറാമന്റെ റോളിലാണ്. ഫലത്തിൽ ആ നാലുപേർ അഞ്ചാമനോട് എന്താണോ ചെയ്യുന്നത് ആറാമനും (സിനിമ) അതിൽ പങ്കുചേരുന്നതുപോലെ അനുഭവപ്പെടുന്നു. ആ നാലുപേരുടെയും രാഷ്ട്രീയമെന്താണോ അതാണു സിനിമയുടെയും രാഷ്ട്രീയം.”

 

പാ രഞ്ജിത്ത്

ദലിത് നായകനെ വച്ച് ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ഒക്കെ ഒരു സിനിമ വരുമ്പോൾ, അത് ഒരു ‘രാഷ്ട്രീയ’ സിനിമയാവും എന്ന സൂചനകൾ തരുമ്പോൾ, എന്റെ ഏറ്റവും വലിയ പേടി സംഗതി ‘റിയലിസ്റ്റിക്’ ആവുമോ എന്നതുതന്നെയായിരുന്നു. പാ രഞ്ജിത്ത് തന്നെ മുമ്പ് ചെയ്ത, നോർത്ത് മദ്രാസിലെ ചേരികളുടെ കഥ പറഞ്ഞ ‘മദ്രാസ്’ എന്ന പടം ഏറെക്കുറെ ആ ഒരു ലൈനായിരുന്നു താനും. എന്നാൽ ഇതിനു രണ്ടിനും ഇടയിൽ ‘കബാലി’ സംഭവിച്ചു എന്നതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു ഇത് അങ്ങനെയൊന്നും ആവാൻ പോവുന്നില്ല എന്ന്. ആ പ്രതീക്ഷ അസ്ഥാനത്തായില്ല താനും.

ഒരു സിനിമ എന്നതിനേക്കാൾ ഒരു ബാലെ പോലെയോ ഒരു അബ്‌സെഡ് തിയേറ്റർ ഡ്രാമ പോലെയോ ഒക്കെയാണ് ‘കാല’ ഒരുക്കിയിട്ടുള്ളത്. അത് അങ്ങേയറ്റം പ്രകടമാവുന്നത് ആദ്യത്തെ ഒരു പത്തുമിനിറ്റിനു ശേഷം കാലയുടെ വീടിന്റെ മുന്നിലേയ്ക്ക് കാമറ എത്തുന്നതോടെയാണ്. ആ വീടും ചുറ്റുവട്ടങ്ങളും ഒന്നു ശ്രദ്ധിക്കുക. അത് ‘ശരിക്കുള്ള ധാരാവി’ ആണെന്ന് തോന്നിപ്പിക്കാനുള്ള യാതൊരു ശ്രമവും സംവിധായകന്റെയോ കലാസംവിധായകന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സെറ്റിട്ടതാണ് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി മാത്രം ചെയ്തതുപോലെയാണ് അവിടത്തെ ആദ്യത്തെ കുറച്ചു രംഗങ്ങൾ എനിക്കനുഭവപ്പെട്ടത്. അവിടെയുള്ള ആളുകളിൽ നിന്ന് ആദ്യത്തെ ആ പാട്ടും ഡാൻസും രൂപപ്പെട്ടു വന്ന രീതിയും നമുക്ക് സിനിമകളിൽ അധികം കണ്ടുപരിചയമുള്ള ഒന്നല്ലായിരുന്നു.

അതിനുശേഷം ഒരാളെ കൊന്നു കെട്ടിത്തൂക്കിയ സമയത്തും പിന്നീട് അതിലേറെ ദു:ഖകരമാവേണ്ട മറ്റൊരു സീനിലുമെല്ലാം ശോകത്തിൽ മുക്കുന്ന ഒരു ബി ജി എമ്മൊക്കെ പ്രതീക്ഷിച്ചിരിക്കുന്ന രംഗങ്ങളിലാണ് ഫ്രീക്ക് പയ്യന്മാർ റാപ്പ് ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത്. അത് സിനിമയ്ക്ക് കൊടുക്കുന്ന എനർജി ഒന്നു വേറെത്തന്നെയാണ്.

രജനിയുടെ മേക്കോവർ

സൂപ്പർസ്റ്റാർ രജിനി എന്നൊക്കെ എഴുതിക്കാട്ടുന്നുണ്ടെങ്കിലും ഇത് കേവലമൊരു സൂപ്പർസ്റ്റാർ പടമല്ല. അങ്ങനെ പ്രതീക്ഷിച്ചു പോവുന്നവരെ അത് കുറച്ചൊക്കെ നിരാശപ്പെടുത്താനും മതി, അവർ ‘കബാലി’ കണ്ടിട്ടില്ലെങ്കിൽ വിശേഷിച്ചും. എന്നുവച്ചാൽ അവരുടെ കൂടി കാഴ്ചശീലങ്ങളെ മാറ്റിയെടുക്കാനുള്ള പണി പാ രഞ്ജിത്ത് ‘കബാലി’യിൽ തുടങ്ങിവച്ചതാണ്, അത് ഈ സിനിമയിൽ ഒരു പടി കൂടി മുന്നോട്ട് പോവുകയും ചെയ്യുന്നു.

രണ്ടു റണ്ണടിച്ചാൽ ജയിക്കേണ്ടിടത്ത് സിക്സടിക്കാൻ നോക്കി ഔട്ടാവുന്ന കാല, പഴയ കാമുകിയെക്കാണുമ്പോൾ മുട്ടിടിക്കുകയും വാക്കുകൾ തൊണ്ടയിൽ കുടുങ്ങുകയും പിന്നീട് അവരെ കാണാൻ പോയി ‘പഞ്ചാര’യടിക്കുകയും ഭാര്യയെ പഞ്ചാരവാക്കുകൾ പറഞ്ഞ് സുഖിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മൃദുലഹൃദയനായ കാല — അതിലൊന്നും സൂപ്പർസ്റ്റാർ രജിനിയുടെ സ്ഥിരം ഭാവങ്ങളില്ല. അമ്മയുടെയടുത്ത് മൃദുലഹൃദയനാവുന്ന രജിനിയെ ‘മന്നനി’ലൊക്കെ നമ്മൾ കണ്ടിട്ടുണ്ടെങ്കിൽക്കൂടിയും. രജിനിയുടെ മുഖത്ത് ഭാവം വരില്ലെന്നു പറഞ്ഞു കളിയാക്കിയിരുന്നവരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് പ്രണയപാരവശ്യം കൊണ്ട് വെപ്രാളപ്പെടുന്ന രംഗങ്ങൾ അയാൾ പൊളിയാക്കിയിട്ടുള്ളത്. അതേസമയം സ്റ്റണ്ട് സീനുകളിൽ നാം കാണുന്നത് സൂപ്പർസ്റ്റാർ ആയ, സൂപ്പർമാനായ, മറ്റൊരു രജിനിയെയാണ്. പൂർവ്വാധികം ‘സ്റ്റൈലി’ൽ ആണെന്നൊരു വ്യത്യാസം മാത്രം.

സെൽവിയും സെറീനയും പുയലും

സിനിമയിലെ സെൽവിയും (തെലുഗ് നദി ഈശ്വരി റാവു) സെറീനയും (ഹുമാ ഖുറേശി) മുമ്പ് ‘ന്യൂട്ടണി’ൽ കണ്ടിട്ടുള്ള അഞ്ജലി പാട്ടീലിന്റെ ‘പുയലും’ ഒന്നും ‘ഫില്ലർ’ കഥാപാത്രങ്ങളായല്ല വരുന്നത്. അതുകൊണ്ടുതന്നെ ഇത് ‘കാല’യുടെ മാത്രം കഥയല്ല അവരുടെയെല്ലാം കഥയാണ്, അവരുടെയെല്ലാം സിനിമയാണ്. അവരുടെ വികാരങ്ങളും പലപ്പോഴും കാലയുടെ നിലപാടിനോട് യോജിക്കാത്ത നിലപാടുകളും എല്ലാം നാം കാണുന്നുണ്ട്. തിരുനെൽവേലിയിലെ പെരുമാളിനെ കണ്ട് വരാമെന്നുള്ള സെൽവിയുടെ സീൻ വിശേഷിച്ചു രസമുള്ള ഒന്നാണ്. നിങ്ങൾക്ക് വെറുതേ തന്ന ഭൂമിയല്ലേ എന്നു ചോദിക്കുമ്പോൾ ‘വെറുതേ തന്നതോ, നിന്റെ തന്തയുടെയാണോടാ ധാരാവി’ (‘ഫോക്കട്ട് മേ മിലാ? തുഝ ബാപ്ച്ചി ഹേ ക്യാ രെ ധാരാവി’) എന്നതുപോലെയുള്ള പുയലിന്റെ ഡയലോഗുകളും ‘മാസ്സ്’ ആണ്.
ധാരവിയുടെ ചരിത്രം എന്നും സമുദായികൈക്യത്തിന്റേത് മാത്രമാണ് എന്നൊന്നുമല്ല. എന്നാൽ സഹജീവനം എന്നത് വലിയൊരു സംഗതി തന്നെയാണ്. ഒരുമിച്ച് ജീവിക്കുകയും ഒരുമിച്ച് പ്രശ്നങ്ങളെ അതിജീവിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ജനതയാണ് ധാരാവിയിലേത്. മുംബൈയിലെത്തന്നെ മറ്റു ‘കോസ്മോപൊളിറ്റൻ’ പ്രദേശങ്ങളെ അപേക്ഷിച്ച് ‘സാമൂഹികത’ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവുമാണ്. സിനിമയിലും അത് പ്രതിഫലിക്കുന്നുണ്ട്.
ധാരാവി എന്ന ദലിത്-മുസ്‌ലിം സ്‌പെയ്‌സ്
ഏഷ്യയിലെത്തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ചേരിപ്രദേശമായ, രണ്ടു ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന, ‘ധാരാവി’ നമുക്ക് മോഹൻലാലിന്റേയും കൊച്ചിൻ ഹനീഫയുടെയുമൊക്കെ സിനിമാ ഡയലോഗുകളിലൂടെ പരിചിതമാണ്. പത്തുലക്ഷത്തോളം പേർ അവിടെ താമസിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗികമായ കണക്കുകൾ പറയുന്നത്. അതിൽ മുപ്പത്തിമൂന്ന് ശതമാനം മുസ്‌ലിങ്ങളാണ്. കേരളത്തിലെ മുസ്‌ലിം ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലാണിത്. ബാക്കിയുള്ളവരിൽ ഏറിയ പങ്കും ‘ഹിന്ദു’ ദലിത്-പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവരാണ്, അറുപത് ശതമാനത്തോളം. ക്രിസ്ത്യാനികളും ബുദ്ധമതാനുയായികളും എല്ലാം ചേർന്നതാണ് ബാക്കി വരുന്നവർ.

ഈ പ്രദേശത്തിന്റെ ചരിത്രം എന്നും സമുദായികൈക്യത്തിന്റേത് മാത്രമാണ് എന്നൊന്നുമല്ല. എന്നാൽ സഹജീവനം എന്നത് വലിയൊരു സംഗതി തന്നെയാണ്. ഒരുമിച്ച് ജീവിക്കുകയും ഒരുമിച്ച് പ്രശ്നങ്ങളെ അതിജീവിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ജനതയാണ് ധാരാവിയിലേത്. മുംബൈയിലെത്തന്നെ മറ്റു ‘കോസ്മോപൊളിറ്റൻ’ പ്രദേശങ്ങളെ അപേക്ഷിച്ച് ‘സാമൂഹികത’ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവുമാണ്. സിനിമയിലും അത് പ്രതിഫലിക്കുന്നുണ്ട്.

ധാരാവി

പള്ളി പോലെയുള്ള കമ്മ്യൂണിറ്റി ഇടങ്ങൾക്ക് അവിടത്തെ ജീവിതത്തിൽ വലിയ റോളുണ്ട്. കാല തന്റെ മുസ്‌ലിം സഹോദരങ്ങളുടെ കൂടെ നമാസ് ചെയ്യുന്ന രംഗം, ബാങ്കുവിളി തമിഴ് മുസ്ലിങ്ങളെക്കുറിച്ചും ദർഗ്ഗകളെക്കുറിച്ചും ഉള്ള പരാമർശങ്ങൾ, താടിയും തൊപ്പിയും ഒക്കെയായി മുസ്‌ലിം ഐഡന്റിറ്റി പ്രകടമാക്കുന്ന കഥാപാത്രങ്ങൾ, കാലയുടെ വീട്ടിലെ ഫങ്ഷനിലെ മുസ്‌ലിം പാട്ടുകാർ, ക്രിക്കറ്റിൽ കാലയുടെ വിക്കറ്റെടുക്കുന്ന തൊപ്പിവച്ച കുട്ടി, കാലയുടെയും സെറീനയുടെയും നടക്കാതെ പോയ നിക്കാഹ് അങ്ങനെ അങ്ങനെ മുസ്‌ലിം ചിഹ്നങ്ങളാൽ സമ്പന്നമാണ് ഈ സിനിമ.

ദലിത് എന്നും മുസ്‌ലിം എന്നുമുള്ള വാക്കുകൾ ആരെങ്കിലും ഒരുമിച്ച് പറഞ്ഞാൽ മതി ഉടൻ തന്നെ ‘മുസ്‌ലിങ്ങളുടെ എച്ചിൽ തിന്നുന്ന ബിരിയാണി ദലിതർ’ എന്നും ‘ദലിത് രാഷ്ട്രീയത്തെ മൗദൂദിയുടെ തൊഴുത്തിൽ കൊണ്ടു കെട്ടാൻ നടക്കുന്നവർ’ എന്നും മുസ്ലിങ്ങളെന്ന ‘പ്രബലസമുദായം’ ദലിത് സമുദായത്തോട് കാണിക്കുന്ന ക്രൂരതകൾ എന്നുമൊക്കെ മാത്രം പറഞ്ഞു ശീലിച്ച നല്ലൊരു വിഭാഗം ആളുകൾ നിറഞ്ഞതാണല്ലോ കേരളത്തിന്റെ ദലിത് രാഷ്ട്രീയ ഇടങ്ങൾ. പ്രതീക്ഷിക്കാവുന്നതു പോലെത്തന്നെ, ‘അംബേഡ്കറൈറ്റുകൾ’ എന്നവകാശപ്പെടുന്ന മിക്കവരുടെയും ‘കാല’യെപ്പറ്റിയുള്ള ആദ്യദിവസത്തെ എഫ് ബി പോസ്റ്റുകളിൽ നിന്ന് ‘മുസ്‌ലിം’ എന്ന വാക്കുതന്നെ മിസ്സിങ്ങായിരുന്നു.

ഈ സഹജീവനത്തെ തകർക്കാനുള്ള ശ്രമങ്ങളും തന്മൂലമുണ്ടാകുന്ന ‘ലഹള’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഹിന്ദു ‘സേന’കളുടെ ആക്രമണങ്ങളും പള്ളിയിൽ മാംസം കൊണ്ടിട്ട് പ്രശ്നമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങളും എല്ലാം നമുക്ക് ജീവിതത്തിലെന്ന പോലെ സിനിമയിലും കാണാം (സോറി, റിയലിസമല്ല ഉദ്ദേശിച്ചത്).

ഹാജി മസ്താൻ

ഹാജി മസ്താൻ എന്ന ‘ഡോണി’ന്റെ കഥയാണ് പാ രഞ്ജിത്ത് കബാലിക്ക് ശേഷം ആദ്യം സിനിമയാക്കാൻ ശ്രമിച്ചത് എന്നും ഹാജി മസ്താന്റെ മക്കൾ രജിനിയോട് അതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടപ്പോൾ ആ സിനിമ ഉപേക്ഷിച്ചു എന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. ഹാജി മസ്താന്റെ ദലിത്-മുസ്‌ലിം സുരക്ഷാ മഹാസംഘ് എന്ന പാർട്ടിയുടെ ഓർമ്മയുണർത്തുന്ന തരത്തിൽ പച്ചയും നീലയും വെള്ളയും നിറമുള്ള കൊടിയുള്ളൊരു പാർട്ടിയാണ് സിനിമയിൽ ആദ്യഭാഗത്ത് കാണുന്ന ഇലക്ഷനിൽ ധാരാവി പ്രദേശത്ത് ‘സിംഹം ഗർജ്ജിക്കുന്ന’ പടമുള്ള കാവി പാർട്ടിയെ പരാജയപ്പെടുത്തുന്നത്. അവസാന ഭാഗത്താകട്ടെ, മുസ്‌ലിം സംഘടനകൾ പച്ചയിൽ ചന്ദ്രക്കലയും നക്ഷത്രവുമുള്ള കൊടിയുമായി അവിടത്തെ ജനങ്ങളുടെ സമരങ്ങളിൽ പങ്കുകൊള്ളുന്നതും കാണിക്കുന്നുണ്ട്.

ഇതൊക്കെ ‘കാല’യുടെ രാഷ്ട്രീയം ആഘോഷിക്കുന്ന കേരളത്തിലെ ദലിത് രാഷ്ട്രീയക്കാർ എങ്ങനെ കാണും എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. ദലിത് എന്നും മുസ്‌ലിം എന്നുമുള്ള വാക്കുകൾ ആരെങ്കിലും ഒരുമിച്ച് പറഞ്ഞാൽ മതി ഉടൻ തന്നെ ‘മുസ്‌ലിങ്ങളുടെ എച്ചിൽ തിന്നുന്ന ബിരിയാണി ദലിതർ’ എന്നും ‘ദലിത് രാഷ്ട്രീയത്തെ മൗദൂദിയുടെ തൊഴുത്തിൽ കൊണ്ടു കെട്ടാൻ നടക്കുന്നവർ’ എന്നും മുസ്ലിങ്ങളെന്ന ‘പ്രബലസമുദായം’ ദലിത് സമുദായത്തോട് കാണിക്കുന്ന ക്രൂരതകൾ എന്നുമൊക്കെ മാത്രം പറഞ്ഞു ശീലിച്ച നല്ലൊരു വിഭാഗം ആളുകൾ നിറഞ്ഞതാണല്ലോ കേരളത്തിന്റെ ദലിത് രാഷ്ട്രീയ ഇടങ്ങൾ. പ്രതീക്ഷിക്കാവുന്നതു പോലെത്തന്നെ, ‘അംബേഡ്കറൈറ്റുകൾ’ എന്നവകാശപ്പെടുന്ന മിക്കവരുടെയും ‘കാല’യെപ്പറ്റിയുള്ള ആദ്യദിവസത്തെ എഫ് ബി പോസ്റ്റുകളിൽ നിന്ന് ‘മുസ്‌ലിം’ എന്ന വാക്കുതന്നെ മിസ്സിങ്ങായിരുന്നു.

ദലിതരുടെ ഭൂമി എന്നാൽ ‘മണ്ണിന്റെ മക്കളുടേത്’ മാത്രമല്ല
‘മണ്ണിൽ പണിയെടുക്കൽ’ റൊമാന്റിസൈസ് ചെയ്യാനോ കൃഷി ചെയ്യാനുള്ള ഭൂമിക്കുവേണ്ടി മാത്രമുള്ളൊരു സമരമായി ഭൂസമരങ്ങളുടെ രാഷ്ട്രീയത്തെ ചുരുക്കിക്കാണാനോ നിൽക്കുന്നില്ല എന്നതാണ് സിനിമയിൽ എനിക്ക് രസകരമായി തോന്നിയ മറ്റൊരു കാര്യം. നാഗരികതയുമായി ബന്ധപ്പെട്ട് ദലിതർ നേടുന്ന മുന്നോട്ടുപോക്കുകളെ, അവരുടെ ജീവിതരീതിയിലെ ‘നഗരവൽക്കരണ’ങ്ങളെ, നെഗറ്റിവ് ആയി കാണാത്ത ഒന്നത്രേ അത്.

രഞ്ജിത്ത് കുറച്ചധികം പായ വിരിക്കേണ്ടി വരും

ഈ സിനിമയുടെ റിലീസിനോടടുപ്പിച്ച് ഏതോ ഒരു മലയാളം ട്രോൾ പേജിൽ ‘കാല’യുടെ പോസ്റ്റർ വച്ച് താഴെ സംവിധാനം : എന്നെഴുതി അവിടെ ഒരു പായ വിരിച്ച് അതിൽ മലയാളത്തിലെ സംവിധായകൻ രഞ്ജിത്ത് കിടക്കുന്ന ഒരു പടമിറങ്ങിയിരുന്നു. ഉള്ളത് പറയാമല്ലോ, പാ രഞ്ജിത്താവാൻ നമ്മുടെ രഞ്ജിത്തിന് ഒരു പായയൊന്നും മതിയാവില്ല.

പാ രഞ്ജിത്ത് വേറേ ലെവലാണ് ബ്രോ സ്നേഹാ എയ്ഞ്ചലിന്റെ ഭാഷയിൽ പറഞ്ഞാൽ, “ശരിക്കും പടം മജ്ജാ സാനാക്കിന്“.

PS : ഏത് കൊമ്പത്തെ പുള്ളിയായാലും വേണ്ടില്ല ആളുകളുടെ മേൽ വല്ലാതെ അധികാരത്തിന്‍റെ ഹുങ്ക് കാട്ടാന്‍ പോയാൽ ‘ഇവന്‍ യാര്’ എന്ന ചോദ്യം കേള്‍ക്കേണ്ടിവരും.  സാക്ഷാൽ രജിനി അണ്ണനു പോലും അത് അനുഭവമുണ്ടല്ലോ തൂത്തുക്കുടിയിലെ ജനങ്ങളില്‍ നിന്ന്.

Top