ഭൂരിപക്ഷ ഏകീകരണം എന്ന മിഥ്യയും അതിന്റെ രാഷ്ട്രീയവും

‘ഹിന്ദു’ എന്നറിയപ്പെടുന്ന, ദലിതരും ആദിവാസികളും എല്ലാമടങ്ങുന്ന, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഒന്നടങ്കം ‘ഏകീകരണം’ നടത്തി ‘മോദി ബ്രിഗേഡി’ല്‍ കൊണ്ടുകെട്ടാനുള്ള ഈ വ്യഗ്രത ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ആഴത്തില്‍ പഠിക്കാനുള്ള മടിയില്‍ നിന്നു വരുന്നതാവാം. എന്നാല്‍ ഇത് ഫലത്തില്‍ വിവരമില്ലായ്മ മാത്രമല്ല അടിസ്ഥാനരഹിതമായ വര്‍ഗ്ഗീയ വിഷംചീറ്റല്‍ കൂടി ആയി മാറുന്നു എന്നതാണു സത്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയവും ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായി എന്നു പറയപ്പെടുന്ന ‘മോദിതരംഗ’വും വിശകലനം ചെയ്യാനും വിശദീകരിക്കാനും പലരും ശ്രമിക്കുകയുണ്ടായി. അങ്ങനെ ഒരു വിശകലനമോ വിശദീകരണമോ എന്റെ ഉദ്ദേശ്യമല്ല. മറിച്ച്, അങ്ങനെയുള്ള പല വിശകലനങ്ങളിലും പൊതുവായി കണ്ട ചില ‘എളുപ്പവഴിക’ളിലെ അപകടങ്ങളെ ചൂണ്ടിക്കാണിക്കാനാണ് എന്റെ ശ്രമം.
‘ഹിന്ദു’ വോട്ടുകളുടെ  ഏകീകരണം നടന്നു, അല്ലെങ്കില്‍ ‘ഭൂരിപക്ഷ’ വോട്ടുകളുടെ ഏകീകരണം നടന്നു എന്നാണ് പലരും എളുപ്പത്തില്‍ കണ്ടെത്തിയ ഒരുത്തരം. ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ പ്രബോധനത്തില്‍ ശ്രീ എ ആര്‍ എഴുതി : ‘പിന്നാക്കജാതിരാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിലയുറപ്പിച്ച മായാവതിയുടെ ബി എസ് പിയെയും മുലായംസിംഗിന്റെ എസ്പിയെയും തീര്‍ത്തും നിരായുധരാക്കി ഹിന്ദു ഏകീകരണം  സാധിച്ചതാണോ മോദി ബ്രിഗേഡിന്റെ ഏറ്റവും ശ്രദ്ധേയമായ വിജയം.’  ‘ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു’ എന്ന് മാധ്യമപ്രവര്‍ത്തകനായ എന്‍ പി ചെക്കുട്ടിയും ഒരു യോഗത്തില്‍ പ്രസംഗിക്കുന്നതു കേള്‍ക്കാനിടയായി.
‘ദലിതരും പിന്നാക്കജാതിക്കാരും (അവരൊക്കെ ഓരോ ‘വോട്ടുബാങ്ക്’ ആണെന്നാണല്ലോ വയ്പ്) ബി എസ് പിയെയും എസ്പിയെയുമൊക്കെ കൈവിട്ടു, സംഘപരിവാരത്തെ ജയിപ്പിച്ചു’ എന്ന് പല വിശകലനങ്ങളും മുഖ്യധാരയിലും അല്ലാതെയുമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരുന്നു. (ഉദാഹരണത്തിന് : 1. ആഷിഷ് ത്രിപാഠി, The secret of  BJP’s success in Uttar Pradesh: Winning over Dalits and OBCs, and a dose of Hindutva, Daily News and Analysis, മെയ് 23, 2. എസ്ആര്‍ ദാരാപുരി, Why Maywati’s Dalit Vote Bank Has shrunk?, Counter Currents, മെയ് 18)
‘ഹിന്ദു’ എന്നറിയപ്പെടുന്ന, ദലിതരും ആദിവാസികളും എല്ലാമടങ്ങുന്ന, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഒന്നടങ്കം ‘ഏകീകരണം’ നടത്തി ‘മോദി ബ്രിഗേഡി’ല്‍ കൊണ്ടുകെട്ടാനുള്ള ഈ വ്യഗ്രത ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ആഴത്തില്‍ പഠിക്കാനുള്ള മടിയില്‍ നിന്നു വരുന്നതാവാം. എന്നാല്‍ ഇത് ഫലത്തില്‍ വിവരമില്ലായ്മ മാത്രമല്ല അടിസ്ഥാനരഹിതമായ വര്‍ഗ്ഗീയ വിഷംചീറ്റല്‍ കൂടി ആയി മാറുന്നു എന്നതാണു സത്യം.  ഇന്ത്യയിലെ ദലിതരും പിന്നാക്കജാതി ഹിന്ദുക്കളുമൊക്കെ എത്ര ശതമാനം വരുമെന്നും അവരില്‍ എത്ര ശതമാനംപേര്‍ ബി ജെ പിയ്ക്കു കിട്ടിയ 31 ശതമാനം വോട്ടില്‍ വരുമെന്നും ഒക്കെ ഒരു കണക്കെടുക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം പെട്ടെന്നുള്ള ഉത്തരങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അതോടൊപ്പം എത്ര ശതമാനം മുസ്‌ലിംകള്‍ ബി ജെപിയ്ക്കു വോട്ടു ചെയ്തു എന്നതും പഠിക്കേണ്ടതാണ്.
മേല്‍ സൂചിപ്പിച്ച പ്രസംഗത്തില്‍  എന്‍ പി ചെക്കുട്ടി കുറച്ചു കണക്കുകള്‍ കൂടി പറഞ്ഞിരുന്നു: ഉത്തര്‍ പ്രദേശില്‍ ‘ഉന്നത ജാതിഹിന്ദുക്കളി’ല്‍ 75 ശതമാനം പേരും ബി ജെ പിയ്ക്ക് വോട്ടുചെയ്തു എന്നും അവിടത്തെ മുസ്‌ലിംകളില്‍ പത്തുശതമാനം പേര്‍ ബി ജെ പിയ്ക്ക് വോട്ടുചെയ്തുവെന്നും. അതുശരിയാണെങ്കില്‍ അവിടെയുള്ള ദലിതരിലും ഒ ബി സി സമുദായങ്ങളിലും നിന്നുള്ളവരില്‍ എത്ര ശതമാനം പേര്‍ ബി ജെ പിയ്ക്ക് വോട്ടുചെയ്തു എന്നും അന്വേഷിക്കുകയോ പറയുകയോ ചെയ്യാമായിരുന്നു. ഈ ‘ഉയര്‍ന്നജാതി ഹിന്ദുക്ക’ളെ മാത്രമല്ലല്ലോ ‘ഭൂരിപക്ഷ ഏകീകരണം നടന്നു’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, യു പിയിലെ ദലിത് വോട്ടുകള്‍ ആകെ വോട്ടിന്റെ 21 ശതമാനം വരും, ബി എസ് പിയ്ക്ക് ഇത്തവണ കിട്ടിയത് 19.6 ശതമാനം വോട്ടാണ്.

ഫെയ്‌സ്ബുക്കില്‍ എന്റെ സുഹൃത്തും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അനൂപ് കുമാര്‍ ചോദിച്ചു: ‘ഈ രാജ്യത്തെ ഉയര്‍ന്ന ജാതിക്കാര്‍ ഏതാണ്ട് മുഴുവനായും ഇത്തവണ മോദിയ്ക്കു വോട്ടുചെയ്യുകയും മോദിസ്തുതികള്‍ പാടുകയും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാവുകയും ചെയ്തതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തുകൊണ്ട്, ബി ജെ പിയ്ക്കു കിട്ടിയ 31 ശതമാനം വോട്ടിന്റെ ഭൂരിഭാഗവും ആരാണ് സംഭാവന ചെയ്തതെന്നു വിശദീകരിച്ചുകൊണ്ട്, ഒരൊറ്റ വിശകലനമോ ലേഖനമോ വന്നിട്ടുണ്ടെങ്കില്‍ അതു കാണിച്ചുതരൂ’.
അതൊരു പ്രസക്തമായ ചോദ്യമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഉന്നത ജാതികളില്‍ ജനിച്ച  എല്ലാവരും ‘മോദിബ്രിഗേഡി’ന്റെ  ഭാഗമായിരുന്നു എന്നല്ല. എന്നാല്‍’ ഉയര്‍ന്ന ജാതിക്കാര്‍’ എന്ന വോട്ടുബാങ്ക് കോണ്‍ഗ്രസിനെ മൊത്തമായി കൈവിട്ട് ബിജെ പിയെ പിന്തുണച്ചതാണ് ബി ജെ പിയെ വിജയിപ്പിച്ചത്  എന്നത് ഒരു സത്യം തന്നെയാണ്. ദലിതര്‍ ബി എസ് പിയെ കൈവിട്ടു, ഒ ബി സിക്കാര്‍ ബി ജെ പിയെ തുണച്ചു എന്നൊക്കെ എഴുതി നിറയ്ക്കുന്നതിനിടയില്‍ എല്ലാവരും പറയാന്‍ മടിച്ച ഒരു സത്യം.
ഫെയ്‌സ്ബുക്കില്‍ത്തന്നെ ദലിത് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ അജയ്കുമാര്‍ പറഞ്ഞതുപോലെ, ‘വ്യവസായ  മാധ്യമലോകം ഏതാണ്ട് മുഴുവനായും മോദിബ്രാന്റിനെ പിന്തുണച്ചു, വ്യവസായ  മാധ്യമ ‘ലോകം’ പൂര്‍ണമായും ബ്രാഹ്മണരുടേതും മറ്റു ഉന്നത ജാതിക്കാരുടേതും മാത്രമാണെന്ന് ചുമ്മാ വിചാരിക്കാന്‍ പോലും വിശകലനശിങ്കങ്ങള്‍ക്ക് പറ്റിയില്ല.

കേരളത്തിലും ആ വോട്ടുബാങ്ക് (ഇവിടെ പ്രധാനമായും നായന്മാര്‍, പിന്നെ സുറിയാനി ക്രിസ്ത്യാനികളും) കോണ്‍ഗ്രസിനെയും സി പി എം / സി പി ഐയെയും കൈവിട്ട്  ബി ജെപിയ്ക്കു വോട്ടുചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബിജെ പി ജയിക്കുന്ന നിലയിലേയ്ക്ക്  അതെത്തിയില്ലെങ്കിലും. ബംഗാളിലാകട്ടെ അവരിപ്പോള്‍ സി പി എമ്മിനെ വിട്ട് മമതയുടെയും ബി ജെ പിയുടെയും കൂടെ പോയിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ അവിടെ അവര്‍ പണ്ടേ ഉപേക്ഷിച്ചതാണ്.

‘വിവിധജാതികളായി പിരിഞ്ഞിരുന്ന (ഹിന്ദു) ജനതയെ അവരുടെ മുഖ്യ അജണ്ടയായ ഹിന്ദുത്വയിലേക്കു ചേര്‍ത്തുവെക്കാനുള്ള  മെഗാപ്രൊജക്റ്റ്’ ആണ് സംഘപരിവാര്‍ നടത്തിയത് എന്നാണ് മുഹമ്മദ് പി എം എഴുതിയത്. എന്നാല്‍ അതും ഒരു ലളിതവായന ആണെന്ന ഭയം എനിക്കുണ്ട്. കാരണം, അങ്ങനെ ഒരു പ്രൊജക്റ്റ് പ്രായോഗികരാഷ്ട്രീയത്തില്‍ ഒരുതന്ത്രം എന്നനിലയില്‍ സംഘപരിവാരങ്ങള്‍ സ്വീകരിച്ചാല്‍ത്തന്നെയും  നയപരമായും ഭരണപരമായും അതിനെ നിലനിര്‍ത്തിക്കൊണ്ടുപോവുക അവര്‍ക്ക് അസാധ്യമാണ് എന്നാണു ഞാന്‍ കരുതുന്നത്. അധീശത്വത്തില്‍, അഥവാ ബ്രാഹ്മണ്യത്തില്‍, ഊന്നിയ  ഒന്നാണ് അവരുടെ പ്രത്യയശാസ്ത്രഭൂമിക എന്നതുകൊണ്ടുതന്നെ. ദലിത് കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെമാത്രം ഉണ്ടാവുന്ന വെടിവെപ്പുകളും ഇത്തരം കൂട്ടക്കൊലകളുടെ കേസുകളില്‍ ഒന്നിനു പുറകെ ഒന്നായി കോടതികള്‍ പ്രതികളെ വെറുതെ വിടുന്നതും കുറ്റവാളികളായി മുദ്രകുത്തി നിരപരാധികളെ തുറുങ്കിലിടുന്നതും എല്ലാം ഈ രാജ്യത്ത് തുടര്‍ന്നുപോവുന്നത് ഇവിടെയുള്ള സമൂഹത്തിന്റെ ഇത്തരം രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെയാണ്. അതിനെ മറികടക്കണം എന്ന് ഏതെങ്കിലും ഒരു ഭരണാധികാരിയോ രാഷ്ട്രീയപാര്‍ട്ടിയോ ബോധപൂര്‍വ്വമായി ശ്രമിച്ചാല്‍പ്പോലും ഇവിടത്തെ അധീശസമൂഹം അതിനു സമ്മതിക്കുന്ന കാര്യം സംശയമാണ്. ഇവിടത്തെ കോര്‍പറേറ്റ് ഭീമന്മാരും മാധ്യമസിംഹങ്ങളും ഒക്കെ ബി ജെ പിയ്ക്കു നല്കുന്ന പിന്തുണ(മുന്‍പ് കോണ്‍ഗ്രസിനു കൊടുത്തിരുന്നതും) അലിഖിതമായ ഈയൊരു ഉറപ്പിന്റെ ബലത്തിലാണുതാനും.

അങ്ങനെയുള്ള ഒരു സാമൂഹ്യ സാഹചര്യത്തില്‍ കുറച്ചുകൂടി വിശാലമായ, ഹിന്ദു/മുസ്‌ലിം എന്നു വേര്‍തിരിച്ചുനിര്‍ത്താത്ത, ഒരു ദലിത് / പിന്നാക്ക / അവര്‍ണ്ണ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ട്. അതിന്റെ സാധ്യതകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് എളുപ്പത്തിലുള്ള ‘ഹിന്ദു ഏകീകരണ’ അല്ലെങ്കില്‍ ‘ഭൂരിപക്ഷ ഏകീകരണ’ നിരീക്ഷണങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ബീമാപള്ളിയെയും പരമക്കുടിയെയും ഹൈദരാബാദ് വെടിവെപ്പിനെയും ബഥാനിതോല, ലക്ഷ്മണ്‍പൂര്‍ ബാഥെ, സുണ്ടൂരു സംഭവങ്ങളെയും കോടതിവിധികളെയും ഒക്കെ ഓരോന്നായി മുസ്‌ലിം പ്രശ്‌നം, ദലിത്പ്രശ്‌നം എന്നിങ്ങനെ മാറ്റിനിര്‍ത്താന്‍ പറ്റില്ല. അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിംകളും ദലിതരും ആദിവാസികളും മറ്റു ‘താഴ്ന്ന’ ജാതിക്കാരുമൊക്കെ ചേര്‍ന്നാല്‍ അതൊരു ഭൂരിപക്ഷം തന്നെയാണ് എന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

‘വർത്തമാനം’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്

Top