ഇസ്‌ലാമും ജാതിയും

ജാതിവ്യവസ്ഥയെ നിരാകരിക്കുന്ന ഇസ്ലാമിനെ അപരവത്ക്കരിക്കാന്‍ ജാതിയുടെ വര്‍ഗ്ഗീകരണത്തിലൂടെ അസാധ്യമായതിനലാണ് കൊളോണിയല്‍ കാലഘട്ടത്തില്‍ ‘മത
ഭ്രാന്തും’ സമകലീനതയില്‍ ‘തീവ്രവാദവും’ അടിച്ചേല്‍പ്പിക്കുന്നത്.

അനേകം മതസ്ഥാപകരില്‍ പ്രമുഖസ്ഥാനം വഹിക്കുന്നവരായി ക്രിസ്തു, ബുദ്ധന്‍, മുഹമ്മദ്‌ എന്നിവരോടൊപ്പം കൃഷ്ണനെയും ബി.ആര്‍. അംബേഡ്കര്‍ കണക്കാക്കാന്‍ കാരണം (ബുദ്ധനും ബുദ്ധമത ഭാവിയും എന്ന പഠനം കാണുക) ഹിന്ദു മതത്തിന്റെ അടിത്തറ ജാതിവ്യവസ്ഥിതിയായതിനാലാണ്. ഈ പരിവര്‍ത്തനത്തിന്റെ ചിത്രം ഇപ്രകാരം വായിക്കാം.

ചാതുര്‍വര്‍ണ്യത്തില്‍ നിന്നു (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭജനം) ജാതിവ്യവസ്ഥിതിയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് തൊഴില്‍ വിഭജനത്തിലെ ഉച്ചനീചത്വങ്ങളും പരമ്പരാഗതമായ തൊഴില്‍ സമ്പ്രദായവും അസ്പൃശ്യതയും സഗോത്ര വിവാഹവുമാണ്. വര്‍ണവ്യവസ്ഥയില്‍ ദൈവിക കല്പ്പനയായും നിയമാധിഷ്ഠിതവുമായി (അവലംബം : മനുസ്മൃതി) തൊഴില്‍ വിഭജനം നിലനിന്നിരുന്നെങ്കിലും അസ്പൃശ്യതയും സഗോത്ര വിവാഹവും വിലക്കപ്പെട്ടിരുന്നില്ലെന്ന് ഇതിഹാസ-പുരാണങ്ങളിലെ സാമൂഹിക ബന്ധങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ ജാതിവ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന്റെ സൂചകമായി മാറുന്നത് രക്തശുദ്ധിയെക്കുറിച്ചുള്ള സങ്കല്പനങ്ങളാണ്. ഇതോടൊപ്പം ഉത്തരവൈദിക കാലത്തു നിന്ദ്യമായി കരുതിയിരുന്ന തൊഴിലുകള്‍ അസ്പൃശ്യത ഉളവാക്കുന്നതായി (അവലംബം : ആര്‍.എസ്. ശര്‍മ്മ) മാറുകയും സ്ത്രീകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ വ്യവഹാര മണ്ഡലത്തെ സ്ഥാപനവത്കരിക്കുന്ന കൃഷ്ണന്‍ (അവലംബം : ഭഗവദ്ഗീത), വര്‍ണസങ്കരം കൊണ്ടു കുലസ്ത്രീകള്‍ നശിക്കുമെന്നാണു പ്രഖ്യാപിക്കുന്നത്. മാത്രമല്ല, ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതും ഭീമന്റെ പുത്രനായ ഘടോല്‍കചനടക്കം നിരവധി പേരെ കൊന്നതും (അവലംബം: മഹാഭാരതം) താനാണെന്നു് അവകാശപ്പെടുന്നുമുണ്ട്. ഭഗവത്ഗീത രചിക്കപ്പെടുന്നത് രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലാണെന്നു ഡി.ഡി. കൊസാംബിയും ബി.ആര്‍ അംബേഡ്കറും തറപ്പിച്ചു പറയുന്നുണ്ട്. വംശബോധത്തിന്റെ പ്രതിഫലനമായ രക്തശുദ്ധിയെക്കുറിച്ചുള്ള സങ്കല്പനം ബൈബിളിലുമുണ്ട്. യഹൂദന്മാരുടെ ആദിപിതാവായ അബ്രഹാം, തന്റെ പുത്രനു ഭാര്യയെ തെരഞ്ഞെടുക്കേണ്ടത് (അവലംബം : പഴയനിയമം) സ്വന്തം വംശത്തില്‍ നിന്നായിരിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്‌.

ജാതിവ്യവസ്ഥിതിക്കാധാരമായ സാമൂഹികാനുഭവങ്ങളെ അഭിമുഖീകരിച്ചല്ല ഇസ്ലാം മതം രൂപം കൊള്ളുന്നത്. മറിച്ച് ഗോത്രപ്പോരുകളും നാഗരിഗതകളും സാമൂഹിക രൂപവത്കരണവും നിലനിന്ന എ.ഡി ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് അതിന്റെ ജനനം

ഡോ. ബി ആർ അംബേദ്‌കർ

മുകളില്‍ കൊടുത്തിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, സാര്‍വത്രികമായ രക്തശുദ്ധി സങ്കല്പത്തിലൂടെയുള്ള സഗോത്ര വിവാഹവും അസ്പൃശ്യതയും സംയോജിച്ചാണു ജാതിവ്യവസ്ഥിതി രൂപം കൊണ്ടതെന്ന് അനുമാനിക്കാം. ഇതു ജാതിവ്യവസ്ഥിതിയെ ചാതുര്‍വര്‍ണ്യത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നുണ്ടെന്നു മാത്രമല്ല, വര്‍ണവും ജാതിയും ഒരേ കാലത്തു നിലനിന്നിരുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.  അംബേഡ്കറിന്റെ അഭിപ്രായത്തില്‍ എ.ഡി 200-മാണ്ടില്‍ അസ്പൃശ്യത രൂപപ്പെട്ടിരുന്നില്ല. എന്നാല്‍ എ.ഡി 6-ാം നൂറ്റാണ്ടില്‍ അത് ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍, എ.ഡി. 200-നും 600-നും ഇടയിലാണ് ചരിത്രപരമായി ജാതിവ്യവസ്ഥിതി രൂപപ്പെട്ടതെന്ന് അംബേഡ്കര്‍ നിരീക്ഷിക്കുന്നുണ്ട്.

ജാതിവ്യവസ്ഥിതിക്കാധാരമായ സാമൂഹികാനുഭവങ്ങളെ അഭിമുഖീകരിച്ചല്ല ഇസ്ലാം മതം രൂപം കൊള്ളുന്നത്. മറിച്ച് ഗോത്രപ്പോരുകളും നാഗരിഗതകളും സാമൂഹിക രൂപവത്കരണവും നിലനിന്ന എ.ഡി ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് അതിന്റെ ജനനം. അതുകൊണ്ടാണ് ഗോത്രപ്പോരുകള്‍ക്ക് അറുതി വരുത്തി നാഗരികതയേയും സാമ്രാജ്യത്വ രൂപവത്കരണങ്ങളെയും മുഖ്യമാക്കിയ ഇസ്ലാമിന്റെ ഉദയമില്ലായിരുന്നെങ്കില്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം നടക്കുമായിരുന്നില്ലെന്ന് എച്ച്. ജി. വെല്‍സ് (ലോകചരിത്ര സംഗ്രഹം എന്ന പുസ്തകം കാണുക) അഭിപ്രായപ്പെട്ടത്‌. ഇത്തരം നേട്ടങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ കഴിഞ്ഞതിനാലാണ് ഇസ്ലാമിനു് പ്രവാചകന്റെ മരണം കഴിഞ്ഞ് ഇരുപതു വര്‍ഷത്തിനുള്ളില്‍ സിറിയ, ഫലസ്തീന്‍, ഈജിപ്ത്, പേര്‍ഷ്യ എന്നിവിടങ്ങളിലേക്കു വ്യപിക്കാനും മധ്യപൂര്‍വേഷ്യയില്‍ ഇറാന്‍ മുതല്‍ സ്പെയിന്‍ വരെ സാമ്രാജ്യ രൂപവത്കരണം സാധ്യമായതും.

സൽമാൻ റുഷ്ദി

വിവിധ ഗോത്രങ്ങളെ ഏതെങ്കിലും മുഖ്യഗോത്രത്തിന്റെ അധീശത്വത്താല്‍ സംയോജിപ്പിക്കാതിരുന്നതിനാലാണ് ഇസ്ലാമില്‍ ജാതിവ്യവസ്ഥിതിയില്‍ നിന്നു ഭിന്നമായ സാഹോദര്യം രൂപം കൊള്ളുന്നത്. ഇന്ത്യയില്‍ ബ്രാഹ്മണ മേധാവിത്വത്തില്‍ സമൂഹരൂപവത്കരണം നടന്നതു കൊണ്ടാണ് സഗോത്രവിവാഹവും അസ്പൃശ്യതയുമുള്ള ജാതിവ്യവസ്ഥിതി രൂപം കൊണ്ടത്. (ഈ പാഠവത്ക്കരണങ്ങളില്‍ നിന്നു ഭിന്നമായി സാത്താന്റെ വചനങ്ങളിലൂടെ മുഹമ്മദ്‌ ഗോത്രാധിപത്യം സ്ഥാപിച്ചുവെന്നാണു സല്‍മാന്‍ റുഷ്ദി വിലയിരുത്തുന്നത്). ഇപ്രകാരം ബുദ്ധ-ജൈന മതങ്ങള്‍ തകര്‍ച്ചയെ നേരിട്ട എ.ഡി എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലാണ് ഇസ്ലാമിനു കേരള രൂപം കൊള്ളുന്നതെന്നാണു റോളണ്ട് മില്ലര്‍ വിലയിരുത്തുന്നത്.

എന്നാല്‍ എ.ഡി ഒന്‍പതാം നൂറ്റാണ്ടു മുതല്‍ ഇസ്ലാം നിലനിന്നതു പ്രാദേശികതകളെ ഉള്‍ക്കൊണ്ടായിരുന്നുവെന്നു വില്യം ലോഗന്‍ (അവലംബം : മലബാര്‍ മാന്വല്‍) അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥമെഴുതിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ കാലമായ പോര്‍ട്ടുഗീസ്‌ അധിനിവേശത്തിനു മുൻപു വരെ ഇസ്ലാം സ്വത്വബോധമുള്ള മതമായി പരിവര്‍ത്തനപ്പെടാതിരുന്നത്. പ്രാചീനകാലം മുതല്‍ കേരളത്തില്‍, യവനര്‍, ജോനകര്‍, മാപ്പിളമാര്‍ (അവലംബം : വില്യം ലോഗന്‍) എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്ന അറബി സമൂഹങ്ങളില്‍ ഒരു പേഗന്‍ മതമായി ഇസ്ലാമിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും സുദീര്‍ഘകാലം അതിന്റെ ജന്മദേശത്തോടും വിശ്വാസ സംഹിതകളോടും ബന്ധമില്ലാതിരുന്നതിനാലാണ്, എ.ഡി എട്ടാം നൂറ്റാണ്ടില്‍ അറബിലിപികള്‍ പരിഷ്കരിക്കപ്പെട്ടെങ്കിലും അറബിഭാഷ ഒരു മൃതഭാഷയായി മാറിയത്. ഇസ്ലാം മതത്തിനു കുലീനത്വം നല്‍കാനായി ഐതിഹ്യങ്ങളും കെട്ടുകഥകളും അടിത്തറയാക്കിയതിനും കാരണം മറ്റൊന്നല്ല. ഫലമോ, മതവിജ്ഞാനത്തിന്‍റെ അഭാവത്തില്‍ ഹിന്ദുമതത്തില്‍ നിന്നു ഭിന്നമാണെങ്കിലും ഇസ്ലാം മതത്തിലും സാമൂഹിക വിഭജനങ്ങളും വിവേചനങ്ങളും രൂപം കൊണ്ടു.

വിവിധ ഗോത്രങ്ങളെ ഏതെങ്കിലും മുഖ്യഗോത്രത്തിന്റെ അധീശത്വത്താല്‍ സംയോജിപ്പിക്കാതിരുന്നതിനാലാണ് ഇസ്ലാമില്‍ ജാതിവ്യവസ്ഥിതിയില്‍ നിന്നു ഭിന്നമായ സാഹോദര്യം രൂപം കൊള്ളുന്നത്. ഇന്ത്യയില്‍ ബ്രാഹ്മണ മേധാവിത്വത്തില്‍ സമൂഹരൂപവത്കരണം നടന്നതു കൊണ്ടാണ് സഗോത്രവിവാഹവും അസ്പൃശ്യതയുമുള്ള ജാതിവ്യവസ്ഥിതി രൂപം കൊണ്ടത്

പക്ഷേ, ഇസ്ലാം മതത്തിലെ സാമൂഹിക വിഭജനങ്ങളും വിവേചനങ്ങളും ജാതിവ്യവസ്ഥിതിയുടേതല്ല. ഇത്തരം പരികല്പനകളെ ജാതിവ്യവസ്ഥയില്‍ നിന്ന് അകറ്റിനിര്‍ത്തിയതു പോര്‍ട്ടുഗീസുകാര്‍ മുതല്‍ ബ്രിട്ടിഷുകാര്‍ വരെയുള്ള കൊളോണിയല്‍ മേധാവികളുമായി നടത്തിയ പോരാട്ടങ്ങളും ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെയും ഭരണകൂട നടപടികളും പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ പാരമ്പര്യ ബുദ്ധിജീവികളെന്നു് കെ.എന്‍. പണിക്കര്‍ ( മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ എന്ന പഠനം കാണുക) വിശേഷിപ്പിക്കുന്ന തങ്ങൾമാരുടെ മത-നവോത്ഥാന/ പരിഷ്കരണ പ്രവര്‍ത്തനങ്ങളുമാണ്.

എം ടി അൻസാരി

കൊളോണിയല്‍ അധിനിവേശങ്ങളുടെ ലക്ഷ്യം വ്യാപാരക്കുത്തക കൈവരിക്കുക മാത്രമല്ല മതപ്രചാരണവും കൂടിയായിരുന്നു. ഡോ. ബി. ആര്‍. അംബേഡ്കര്‍ എഴുതുന്നു : “ഇന്ത്യയിലേക്കു വന്ന എല്ലാ യൂറോപ്യന്മാരുടെയും ലക്ഷ്യം ഇന്ത്യക്കാരെ ക്രിസ്ത്യാനികളാക്കുകയായിരുന്നു. ആദ്യത്തെ അധിനിവേശക്കാരായ പോര്‍ട്ടുഗീസുകാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും പേഗനിസം അടിച്ചമ‍ര്‍ത്തുന്നതിനും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു” (Dr. Babasaheb Ambedkar : Writings and Speeches. Speeches in the Central Legislative Council.Volume10 എന്ന പഠനം കാണുക). ഈ യഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് വില്യം ലോഗനെഴുതി “പോര്‍ട്ടുഗീസുകാര്‍ മുഹമ്മദന്‍ വ്യാപാരം അടിച്ചമര്‍ത്തിയതുകൊണ്ടു മാത്രം തൃപ്തരായില്ല. അവര്‍ മുസ്ലിംകളെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനപ്പെടുത്തി.” ഇത്തരമൊരു സാഹചര്യത്തില്‍ പോരാടാനും വ്യാപാരക്കുത്തക നിലനിര്‍ത്താനും പെഗനിസത്തെ മറികടന്നുള്ള മതരൂപവത്കരണം ഇസ്ലാമിന്‍റെ അനിവാര്യതയായി മാറി. അതുകൊണ്ടാണ് ജാതിസമ്പ്രദായത്തിലൂടെ മതസമൂഹത്തെ വിഭജിക്കാതെ മതസമൂഹത്തിന്റെ ഏകീകരണത്തിലൂടെ ഒരു കീഴാള ദേശീയത (എം.ടി അന്‍സാരിയുടെ മലബാര്‍ : ദേശീയതയുടെ ഇട-പാടുകള്‍ എന്ന പഠനം കാണുക) രൂപവത്കരിക്കപ്പെടുന്നത്.

1871-81 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം അമ്പതിനായിരം പേരാണ് വിവിധ ജാതികളില്‍ നിന്നു് ഇസ്ലാമിലേക്കു പരിവര്‍ത്തനപ്പെട്ടത്. ഇവരില്‍ ബഹുഭൂരിപക്ഷവും പുലയരും ചെറുമരുമായിരുന്നു

പോര്‍ട്ടുഗീസ്‌ കാലത്തു രൂപപ്പെട്ട സംഘര്‍ഷം വികസിച്ചു ബ്രിട്ടീഷുകാരുടെ കാലത്ത് ഇസ്ലാമിനെ കൊളോണിയലിസവുമായി മുഖാമുഖം നിരത്തിയപ്പോഴാണ് മൈസൂര്‍ സുല്‍ത്താന്‍മാരുടെ ആക്രമണവും ഭരണകൂട രൂപവത്കരണവും നടക്കുന്നത്. ആദ്യം ഹൈദരാലിയും പിന്നിടു ടിപ്പു സുല്‍ത്താനും നടപ്പാക്കിയ ഭരണപരിഷ്കാര നടപടികള്‍ മലബാറിന്റെ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കാണു വഴിയൊരുക്കിയത്. ടിപ്പുവിന്റെ ഭരണത്തെകുറിച്ച് എ. ശ്രീധര മേനോന്‍ ( കേരള ചരിത്രം എന്ന ഗ്രന്ഥത്തില്‍) എഴുതി “കേരളത്തില്‍ നാടുവാഴി സമ്പ്രദായത്തിലുള്ള ഭരണം തിരോഭാവിച്ചതും തൽസ്ഥാനത്ത് കേന്ദ്രീകൃത ഭരണം നിലവില്‍ വന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഫലം”. അദ്ദേഹം തുടര്‍ന്നെഴുതി “മൈസൂരിലെ ഭരണാധികാരികള്‍ ഉറപ്പിച്ച അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണപദ്ധതിയും രാഷ്ട്രീയ സമ്പ്രദായവും പടുത്തുയര്‍ത്തിയത്.” മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് നാലു ലക്ഷത്തോളം വരുന്ന ഹിന്ദുക്കളില്‍ 2500 മാത്രമാണ് മതപരിവര്‍ത്തനത്തിനു വിധേയമായത്.

കെ എൻ പണിക്കർ

എന്നാല്‍ പില്‍ക്കാലത്ത് മുന്‍ചൊന്ന സ്ഥിതിക്കു മാറ്റമുണ്ടായി. 1871-81 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം അമ്പതിനായിരം പേരാണ് വിവിധ ജാതികളില്‍ നിന്നു് ഇസ്ലാമിലേക്കു പരിവര്‍ത്തനപ്പെട്ടത്. ഇവരില്‍ ബഹുഭൂരിപക്ഷവും പുലയരും ചെറുമരുമായിരുന്നു. ഈ ഘട്ടത്തില്‍ അനുഷ്ഠാനപരതയേക്കാള്‍, മതവിജ്ഞാന പ്രചാരണങ്ങളിലൂടെ നടന്ന നവോത്ഥാന/ പരിഷകരണങ്ങളുടെ ലക്ഷ്യം, കെ. എന്‍ പണിക്കരുടെ അഭിപ്രായത്തില്‍ “മതാചാരങ്ങളുടെ ശുദ്ധീകരണവും മാപ്പിളമാരുടെ ഇടയില്‍ ഐക്യദാര്‍ഢ്യവും സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ താഴ്ന്നജാതികളില്‍ നിന്നു പുതുതായി ഇസ്ലാം മതം സ്വീകരിച്ചവരെ മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സംയോജിപ്പിക്കാനായിരുന്നു.” ഇപ്രകാരം, ജാതിവ്യവസ്ഥിതിയെ നിരാകരിക്കുന്ന ഇസ്ലാമിനെ അപരവത്ക്കരിക്കാന്‍ ജാതിയുടെ വര്‍ഗീകരണത്തിലൂടെ അസാധ്യമായതിനാലാണു കൊളോണിയല്‍ കാലഘട്ടത്തില്‍ ‘മതഭ്രാന്തും’ സമകലീനതയില്‍ ‘തീവ്രവാദവും’ അടിച്ചേല്‍പ്പിക്കുന്നത്.

Top