ബിർസ മുണ്ട : പ്രതിസംസ്കൃതിയുടെ കൊടിയടയാളം

ഇന്ന് ‘രാഷ്ട്ര’ വികസനത്തിന്റെ പേരില്‍ ഭരണകൂടം ആദിവാസികളുടെ ജീവന്‍ ബലി കൊടുക്കുകയാണ് ചെയ്യുന്നത്. അടിച്ചമര്‍ത്തല്‍ തുടരുന്ന കാലത്തോളം പോരാട്ടവും തുടരും. ബിര്‍സ മുണ്ഡ, ഭീം ഭോസി, ഫൂലെ, പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ അസമത്വത്തിനും അടിച്ചമര്‍ത്തലിനും എതിരായ പോരാട്ടം തുടരുകയാണ്. പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഐക്യപ്പെടുത്തി വിവിധ രൂപങ്ങളില്‍ അത് തുടരുകയാണ്. അടിച്ചമര്‍ത്തല്‍ അവസാനിക്കും വരെ പോരാട്ടം തുടരുകയും ചെയ്യും.

ചായ്ബാസയിലെ ബുര്‍ജില്‍ സ്ഥിതി ചെയ്തിരുന്ന ജര്‍മന്‍ മിഷന്‍ സ്‌കൂളില്‍ പതിവുപോലെ അന്നും ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡോ. നൊട്ട്രോട്ട് എന്ന് പേരുള്ള ഒരു ടീച്ചര്‍, മുണ്ഡ വിഭാഗത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കുത്തുവാക്കുകള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ടിറങ്ങി. ആ വിദ്യാര്‍ത്ഥിയുടെ പേരാണ് ബിര്‍സ മുണ്ഡ.

1890-കളുടെ മധ്യത്തില്‍ കോളനിവത്കരണത്തിനും ജന്മിത്വത്തിനും എതിരെ സ്വതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനും വേണ്ടി മധ്യേന്ത്യയിലെ ആദിവാസി/ഗോത്ര വിഭാഗങ്ങള്‍ നടത്തിയ ജനകീയ സായുധ വിപ്ലവങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ദര്‍ത്തി അബ ബിര്‍സ മുണ്ഡയുടെ ഉല്‍ഗുലാന്‍ അഥവാ വിപ്ലവാഹ്വാനം.

ബിർസ മുണ്ട

ബിർസ മുണ്ട

പ്രഥമ ശ്രമം അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന്, 1895-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിര്‍ണ്ണായക യുദ്ധത്തിന് മുണ്ഡ സമുദായത്തോട് ദര്‍ത്തി അബ ബിര്‍സ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരോട് കൂറു പുലര്‍ത്തുന്ന പ്രദേശങ്ങള്‍ക്ക് നേരെ രണ്ടു വര്‍ഷത്തോളം സംഘടിതമായി നടത്തിയ ആക്രമണ പരമ്പരകള്‍ക്ക് ശേഷം, റാഞ്ചി-ജംഷദ്പൂര്‍ ഹൈവേയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ‘സെയില്‍ റകബ്’ ഗ്രാമത്തിലെ ‘ഡോംബരി കുന്നില്‍’ മുണ്ഡാ പോരാളികള്‍ ഒത്തുച്ചേരാന്‍ തുടങ്ങി. ബിര്‍സ മുണ്ഡ ഗറില്ല യുദ്ധതന്ത്രം സ്വീകരിക്കുകയായിരുന്നെന്നും, റാഞ്ചി, ഖുന്‍ടി എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അക്രമണം നടത്തിയെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. അനേകം ബ്രിട്ടീഷ് പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നൂറോളം കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ ‘ഉല്‍ഗുലാന്‍’ അഥവാ ‘വിപ്ലവ’ത്തെ ഭയന്ന്, അന്നത്തെ കമ്മീഷണര്‍ മിസ്റ്റര്‍ എ. ഫോബ്‌സും ഡെപ്യൂട്ടി കമ്മീഷണര്‍ മിസ്റ്റര്‍ എച്ച്.സി. സ്‌ട്രെയ്റ്റ് ഫീല്‍ഡും രണ്ട് കമ്പനി പട്ടാളത്തെയും കൊണ്ട് ‘അബുവ ദിസുന്‍’ അഥവാ സ്വയംഭരണത്തിന് വേണ്ടിയുള്ള ജനകീയ സമരത്തെ (ഉല്‍ഗുലാന്‍) അടിച്ചമര്‍ത്താന്‍ ഖുന്‍ടിയിലേക്ക് കുതിച്ചു. ഒരു സാമൂഹിക-സാംസ്‌കാരിക-ബൗദ്ധിക-രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ബിര്‍സ മുണ്ഡയുടെത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഹിന്ദു ജന്മിത്വത്തിനും എതിരെയുള്ള ജനകീയ സായുധ പ്രക്ഷോഭങ്ങള്‍ പിന്നീട് മുണ്ഡയുടെ പാതയാണ് സ്വീകരിച്ചത്.

കോളോണിയലിസത്തിനും ജന്മിത്വത്തിനും എതിരെയുള്ള മധ്യേന്ത്യന്‍ ഗോത്രവര്‍ഗ്ഗ വിപ്ലവത്തിന്റെ നെടുന്തൂണാണ് ബിര്‍സ മുണ്ഡ. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ബ്രിട്ടീഷുകാരുടെ സഹായത്താല്‍ മധ്യേന്ത്യയിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് മേല്‍ ഹിന്ദു ജന്മികള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കോളോണിയലിസത്തിനും ബ്രാഹ്മണിസത്തിനും എതിരെയുള്ള മധ്യേന്ത്യയിലെ ആദിവാസികളുടെ സംഘടിത വിപ്ലവത്തിന് ഇന്ത്യ ആദ്യമായി സാക്ഷ്യംവഹിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആദിവാസികളുടെ സമാനതകളില്ലാത്ത ആക്രമണം അവര്‍ക്ക് നേരിടേണ്ടി വന്നു. സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനും വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മധ്യേന്ത്യയിലെ ആദിവാസികള്‍ ആയുധമെടുക്കുന്ന സമയത്ത്, സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന് പറയപ്പെടുന്ന ഗാന്ധി, നെഹ്‌റു, രബീന്ദ്രനാഥ് ടാഗോര്‍, ബങ്കിം ചന്ദ്ര, ശരത് ചന്ദ്ര തുടങ്ങിയവരും മറ്റനേകം സവര്‍ണ ബംഗാളി നവോത്ഥാന ചിന്തകരും ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും ആജ്ഞാനുവര്‍ത്തികളായിരുന്നു അവര്‍.

എല്ലാവിധത്തിലുള്ള അടിച്ചമര്‍ത്തലിനും എതിരെയുള്ള ആദിവാസികളുടെ സാമൂഹിക-സാംസ്‌കാരിക-ബൗദ്ധിക-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു ബിര്‍സ മുണ്ഡ. ഇതേകാലയളവില്‍ തന്നെ, ചത്തീഗ്ഡില്‍ ഗാസി ദാസിന്റെ നേതൃത്വത്തിലും ഒഡീഷയില്‍ ഭീം ഭോയിയുടെ നേതൃത്വത്തിലും മഹാരാഷ്ട്രയില്‍ ജ്യോതി റാവു ഫൂലെയുടെ നേതൃത്വത്തിലും ശക്തമായ ബ്രാഹ്മണ വിരുദ്ധ സാമൂഹിക-സാംസ്‌കാരിക-ബൗദ്ധിക മുന്നേറ്റത്തിന് മധ്യേന്ത്യ സാക്ഷിയായി. ചൂഷകരുടെ മത-സാംസ്‌കാരിക ആധിപത്യത്തിനെതിരെയുള്ള ബിര്‍സ മുണ്ഡയുടെ സാമൂഹിക-സാംസ്‌കാരിക-ബൗദ്ധിക പ്രസ്ഥാനമാണ് ഭീം ഭോയി, ഗാസി ദാസ്, ഫൂലെ എന്നിവരെ അദ്ദേഹവുമായി ബന്ധപ്പെടുത്തിയ ഒരു കണ്ണി. മതപരവും രാഷ്ട്രീയപരവുമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു മൗലിക രാഷ്ട്രീയ പദ്ധതി അദ്ദേഹം വിഭാവന ചെയ്തു. യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍, മിഷണറിമാര്‍, ജന്മികള്‍ എന്നിവരുടെ സ്വാധീനത്തില്‍ നിന്നും മുക്തമായ ഒരു ലോകത്തിലേ സമ്പൂര്‍ണ്ണ കാര്‍ഷിക വ്യവസ്ഥ സാധ്യമാവുകയുള്ളു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാല്‍ ബ്രിട്ടീഷ് മിഷണറിമാര്‍ക്കും ബ്രാഹ്മണിസത്തിനും എതിരെ ഒരുമിച്ച് കലാപം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ബിര്‍സ തുടക്കം കുറിക്കുകയും, അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായ തരത്തില്‍ തദ്ദേശീയരായ ആദിവാസികളുടെ മതവിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും ചെയ്തു. ‘സര്‍ന’ എന്ന് വിളിക്കുന്ന തന്റെ പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി. സര്‍ന മതത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പാഠരചന അദ്ദേഹം നടത്തിയിട്ടില്ല. കാരണം, എല്ലാവര്‍ക്കും അറിയാവുന്ന വിധത്തിലുള്ള ഒരു പുതിയ ആദിവാസി ജീവിതപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു ആ പ്രസ്ഥാനം.

ബ്രിട്ടീഷ് മിഷണറിമാര്‍ക്കും ബ്രാഹ്മണിസത്തിനും എതിരെ ഒരുമിച്ച് കലാപം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ബിര്‍സ തുടക്കം കുറിക്കുകയും, അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായ തരത്തില്‍ തദ്ദേശീയരായ ആദിവാസികളുടെ മതവിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും ചെയ്തു. ‘സര്‍ന’ എന്ന് വിളിക്കുന്ന തന്റെ പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി. സര്‍ന മതത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പാഠരചന അദ്ദേഹം നടത്തിയിട്ടില്ല. കാരണം, എല്ലാവര്‍ക്കും അറിയാവുന്ന വിധത്തിലുള്ള ഒരു പുതിയ ആദിവാസി ജീവിതപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു ആ പ്രസ്ഥാനം.

തദ്ഫലമായി, ആദിവാസികള്‍, മുണ്ഡകള്‍, ഒറാഓണ്‍, ഖാരിയകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ബിര്‍സയെ ‘ദര്‍ത്തി അബ’ അഥവാ ദൈവമെന്ന് വിളിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ്, ചൂഷകരുടെ സാംസ്‌കാരിക ആധിപത്യത്തില്‍ നിന്നുള്ള മോചനത്തിന് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പ്രതിസംസ്‌കാര രൂപീകരണം അനിവാര്യമാണെന്ന് വിശ്വസിച്ച ഭീം ഭോയി, ഗാസി ദാസ്, ഫൂലേ തുടങ്ങിയ വിപ്ലവകാരികളുമായി ബിര്‍സ മുണ്ഡ അടുക്കുന്നത്.

കോളോണിയല്‍ ശക്തികള്‍ക്കെതിരായ മുണ്ഡകളുടെ വിപ്ലവത്തിന്റെ പ്രാധാന്യം (സവര്‍ണ്ണര്‍ എഴുതിയ) ഇന്ത്യന്‍ ചരിത്രം ബോധപൂര്‍വ്വം അവഗണിക്കുന്നത് തീര്‍ച്ചയായും അപമാനകരം തന്നെയാണ്. 1831-32-ലെ കോലുകളുടെ പ്രക്ഷോഭം, 1910ലെ ബസ്തര്‍ പ്രക്ഷോഭം, 1940ലെ വാര്‍ളി പ്രക്ഷോഭം തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമാനമായ നിരവധി പ്രക്ഷോഭങ്ങളും ഇന്ത്യന്‍ ചരിത്രം മറച്ചുവെച്ചു. പക്ഷേ ഇന്ത്യയുടെ മറ്റിടങ്ങളില്‍ നടന്ന ഗാന്ധിയുടെ അഹിംസാ പോരാട്ടത്തിന്റെയും ബംഗാളിലെ സവര്‍ണ സായുധ സംഘങ്ങളുടെയും പ്രധാന്യത്തെ കുറിച്ച് നിരന്തരം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ ഒരിക്കലും മറന്നിട്ടില്ല. അതുപോലെ തന്നെ, സവര്‍ണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആരംഭകാലം മുതല്‍ക്ക് തന്നെ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ കോളോണില്‍ വിരുദ്ധ വിപ്ലവപോരാട്ടങ്ങളുടെ പ്രധാന്യം അംഗീകരിക്കാനോ, അവരുടെ വ്യവഹാരങ്ങളില്‍ മുഖ്യസ്ഥാനം നല്‍കാനോ ഒരിക്കലും തയ്യാറായിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ജനകീയ ആദിവാസി സായുധ വിപ്ലവവുമായല്ല, മറിച്ച് ബംഗാളിലെയും മറ്റിടങ്ങളിലെയും സവര്‍ണ സായുധ സംഘങ്ങളുമായാണ് തങ്ങളുടെ ചരിത്ര പാരമ്പര്യം ചേര്‍ത്തുവെക്കുന്നതെന്ന് അംഗീകരിക്കുന്നതിന്റെ തെളിവുകള്‍ സവര്‍ണ കമ്മ്യൂണിസ്റ്റുകളുടെ പാര്‍ട്ടി രേഖകളില്‍ ഇപ്പോഴുമുണ്ട്. മറക്കപ്പെട്ട ചരിത്രം പുറത്തു കൊണ്ടുവരുന്നതിലും പലരെയും കൊണ്ട് അംഗീകരിപ്പിക്കുന്നതിലും ഇന്ന് ആദിവാസി പ്രസ്ഥാനത്തിന് ഒരു സമ്മര്‍ദ്ദശക്തിയായി വളരാന്‍ സാധിച്ചിട്ടുണ്ട്.

കോളോണിയല്‍ ശക്തികള്‍ക്കെതിരായ മുണ്ഡകളുടെ വിപ്ലവത്തിന്റെ പ്രാധാന്യം (സവര്‍ണ്ണര്‍ എഴുതിയ) ഇന്ത്യന്‍ ചരിത്രം ബോധപൂര്‍വ്വം അവഗണിക്കുന്നത് തീര്‍ച്ചയായും അപമാനകരം തന്നെയാണ്. 1831-32-ലെ കോലുകളുടെ പ്രക്ഷോഭം, 1910ലെ ബസ്തര്‍ പ്രക്ഷോഭം, 1940ലെ വാര്‍ളി പ്രക്ഷോഭം തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമാനമായ നിരവധി പ്രക്ഷോഭങ്ങളും ഇന്ത്യന്‍ ചരിത്രം മറച്ചുവെച്ചു. പക്ഷേ ഇന്ത്യയുടെ മറ്റിടങ്ങളില്‍ നടന്ന ഗാന്ധിയുടെ അഹിംസാ പോരാട്ടത്തിന്റെയും ബംഗാളിലെ സവര്‍ണ സായുധ സംഘങ്ങളുടെയും പ്രധാന്യത്തെ കുറിച്ച് നിരന്തരം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ ഒരിക്കലും മറന്നിട്ടില്ല.

എന്നാല്‍ മധ്യേന്ത്യയിലെ ആദിവാസികളെ ഹൈന്ദവവത്കരിക്കുന്ന അപകടകരമായ പദ്ധതി ആര്‍.എസ്.എസ്സും ബി.ജെ.പിയും മറ്റു ഹിന്ദുത്വ സംഘടനകളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ബിര്‍സ മുണ്ഡ പ്രക്ഷോഭം നടത്തിയത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയാണെന്നും ഹിന്ദുയിസത്തിനെതിരെയല്ലെന്നുമാണ് ആര്‍.എസ്.എസ്സിന്റെ അവകാശവാദം. 2015-ല്‍ ഗോത്രവര്‍ഗക്കാര്‍ക്ക് അഥവാ സര്‍ന മതവിശ്വാസികള്‍ക്ക് പ്രത്യേക സിവില്‍കോഡ് വേണമെന്ന് ജാര്‍ഖണ്ഡ് ജനത ആവശ്യപ്പെട്ടപ്പോള്‍, ‘എല്ലാ ഗോത്രവിഭാഗങ്ങളും ഹിന്ദുക്കളാണെന്നും, ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക കോഡ് ആവശ്യമില്ലെന്നും’ ആര്‍.എസ്.എസ് പ്രഖ്യാപിച്ചു. ഇങ്ങനെയാണ് ആദിവാസി സമൂഹത്തിന് ഇടയിലെ ആഭ്യന്തര ഭിന്നതകളിലൂടെ ആര്‍.എസ്.എസ് തങ്ങളുടെ ചൂഷണത്തിന്റെ മുഖ്യതന്ത്രം നടപ്പില്‍ വരുത്തുന്നത്.

ബ്രാഹ്മണിസത്തിന്റെ ഈ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയം പുതിയ ഒന്നല്ല. എങ്ങനെ ആളുകളെ ഭിന്നിപ്പിച്ച് ചൂഷണം ചെയ്യാം എന്നതുമായി ബന്ധപ്പെട്ട അറിവിന്റെയും അനുഭവത്തിന്റെയും ഒരു നീണ്ട ചരിത്രം അതിനുണ്ട്. ആധിപത്യ ഹിന്ദു മതത്തിന്റെ ഗ്രേഡഡ് ഇന്‍ഇക്വാലിറ്റിയിലൂടെ അടിച്ചമര്‍ത്തപ്പെടുന്നവരെ ബ്രാഹ്മണിസം എന്നെന്നേക്കുമായി വിഭജിച്ചു കഴിഞ്ഞു. ദലിതുകള്‍ അഥവാ തൊട്ടുകൂടായ്മയുടെ ഇരകളാണ് ഏറ്റവും താഴേതട്ടിലുളളവരും ബ്രാഹ്മണിസത്തിന്റെ കൊടിയ ഇരകളും. അതിനാല്‍ അധീശത്വ ഘടനയുടെ ആധിപത്യ സംസ്‌കാരത്തിനെതിരെ പ്രതിസംസ്‌കാരം നിര്‍മിക്കുക എന്നതാണ് ഇന്ത്യയിലെ ദലിതുകളുടെ ചരിത്രപരമായ ജാതി വിരുദ്ധ, ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ രീതിശാസ്ത്രം. സ്വാതന്ത്ര്യലബ്ദി എന്ന് പറയപ്പെടുന്ന സംഭവത്തിന് മുന്‍പും ശേഷവും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരെ മധ്യേന്ത്യയിലെ ആദിവാസികള്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നത് പോലെ തന്നെ, ബുദ്ധന്‍ മുതല്‍ അംബേദ്കര്‍ വരെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി ദലിതുകളും ബ്രാഹ്മണിസത്തിനും അടിച്ചമര്‍ത്തലിനും എതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്.

ജ്യോതിറാവു ഫുലെ

ജ്യോതിറാവു ഫുലെ

ജന്മിത്വം, ബ്രാഹ്മണിസം തുടങ്ങി അടിച്ചമര്‍ത്തലിന്റെ എല്ലാ രൂപങ്ങളും ഉന്മൂലനം ചെയ്യുന്നതിന് അടിച്ചത്തപ്പെടുന്നവരുടെ ഐക്യം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ചരിത്രപരമായ ജാതി വിരുദ്ധ, ബ്രാഹ്മണ വിരുദ്ധ, എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ് ഇന്ന് ഇന്ത്യയില്‍ വിവിധ രൂപങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അംബേദ്കറൈറ്റ് പ്രസ്ഥാനം ഉള്‍വഹിക്കുന്നത്.

അവസാനമായി, ദര്‍ത്തി അബ ബിര്‍സ മുണ്ഡയുടെ രക്തസാക്ഷിത്വ ദിനത്തില്‍, ബ്രാഹ്മണ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും ശക്തമായ ഐക്യം ആവശ്യപ്പെടുന്നുണ്ട് എന്ന് ആവര്‍ത്തിച്ചുറപ്പിച്ച് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഐക്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പൂര്‍ണ്ണബോധ്യത്തോടെയുള്ള തിരിച്ചറിവിന് ശേഷം മാത്രമേ ഐക്യം പ്രയോഗത്തില്‍ വരികയുള്ളു. ഒന്നോ രണ്ടോ ആളുകളാലല്ല, മറിച്ച് എല്ലാ അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളും ഒരുമിച്ച് നിന്നാണ് അവരുടെ സാമൂഹിക ശ്രേണികളും അതിന്റെ മാനസിക സങ്കീര്‍ണതകളും തകര്‍ക്കേണ്ടത്. ഐക്യം താഴേതട്ടിലുള്ളവരുടെ ഭാരമായി ഒരിക്കലും മാറരുത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ട് കാലം കുറേയായി, പക്ഷെ ഇന്ത്യന്‍ ഹിന്ദുക്കള്‍, ബ്രാഹ്മണ മുതലാളിമാര്‍, മധ്യവര്‍ഗ പുരുഷന്‍, കോണ്‍ട്രാക്ടര്‍മാര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവര്‍ ഇതുവരെ ആദിവാസികളെയും ദലിതുകളെയും മറ്റു അടിച്ചമര്‍ത്തപ്പെടുന്നവരെയും വിട്ടുപോയിട്ടില്ല. മധ്യേന്ത്യയില്‍ ആദിവാസികള്‍ ദിനംപ്രതി കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയും വീടുകളില്‍ നിന്നും ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ആദിവാസികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ചു, ഇന്ന് ‘രാഷ്ട്ര’ വികസനത്തിന്റെ പേരില്‍ ഭരണകൂടം ആദിവാസികളുടെ ജീവന്‍ ബലി കൊടുക്കുകയാണ് ചെയ്യുന്നത്. അടിച്ചമര്‍ത്തല്‍ തുടരുന്ന കാലത്തോളം പോരാട്ടവും തുടരും. ബിര്‍സ മുണ്ഡ, ഭീം ഭോസി, ഫൂലെ, പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ അസമത്വത്തിനും അടിച്ചമര്‍ത്തലിനും എതിരായ പോരാട്ടം തുടരുകയാണ്. പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഐക്യപ്പെടുത്തി വിവിധ രൂപങ്ങളില്‍ അത് തുടരുകയാണ്. അടിച്ചമര്‍ത്തല്‍ അവസാനിക്കും വരെ പോരാട്ടം തുടരുകയും ചെയ്യും. അതുവരേക്കും ഉല്‍ഗുലാന്‍ തുടരും. ജയ് ഭീം! ഹുല്‍ ജൊഹാര്‍!

 

കടപ്പാട്: ബാപ്സ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ), ജെ.എൻ.യു

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Top