ഇസ്‌ലാമോഫോബിയ : വാക്കും വ്യാഖ്യാനവും
ഇസ്‌ലാമോഫോബിയ എന്ന വാക്കിന്റെ അർഥത്തെയും അധികാരത്തെയും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം. മുസ്‌ലിങ്ങൾക്കെതിരായ ബഹുവിധ അക്രമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ ഈ വാക്കിന് പരിമിതിയുള്ളതായി ലേഖനം മനസ്സിലാക്കുന്നു.
പകരം മുസ്‌ലിം വിരുദ്ധ വംശീയത പോലുള്ള വ്യത്യസ്തമായ വാക്കുകളുടെ സാധ്യതകൾ നിർദേശിക്കുകയും ചെയ്യുന്നു.
‘In a way i am also saying that Islamophobia is justified. Because we are different’
(M.T.Ansari – Islamophobia Conference – 2016 December-Kerala)
വളരെയടുത്ത കാലത്താണ് ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഇത്ര പ്രസിദ്ധമായി തീരുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, ഫ്രാന്‍സില്‍ ആദ്യമായി ഉപയോഗിച്ചുവെന്നു പറയപ്പെടുന്ന ഈ വാക്ക്, ബ്രിട്ടണിലെ റണ്ണിമീഡ് എന്ന ഇടതുപക്ഷ തിങ്ക്ടാങ്കിന്‍റെ Islamophobia: A Challenge for all (ഇസ്‌ലാമോഫോബിയ: എ ചലഞ്ച് ഫോര്‍ ഓള്‍) എന്ന റിപ്പോര്‍ട്ടിലൂടെയാണ് 1997 ല്‍ വീണ്ടും പ്രചാരത്തില്‍ വരുന്നത്. പിന്നീട് അക്കാദമിക പഠനങ്ങളേക്കാളും ആക്റ്റിവിസ്റ്റുകളും ഐക്യരാഷ്ട്രസഭ പോലുള്ള രാജ്യാന്തര സ്ഥാപനങ്ങളും പാശ്ചാത്യ ലോകത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുമാണ് ഈ വാക്കിനു വന്‍ പ്രചാരണം നല്‍കിയത്.
മുസ്ലിം സമുദായവും ഇസ്ലാമും നേരിടുന്ന നിരവധി തലത്തിലുള്ള പ്രശ്നങ്ങളെ പ്രതിനിധീകരിക്കാന്‍ ഈ വാക്കുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെട്ടു തുടങ്ങിയപ്പോള്‍, ഇതിനെക്കുറിച്ചു നിരവധി സംവാദങ്ങളും ഉയര്‍ന്നു വന്നു. ഇസ്‌ലാമോഫോബിയ ഒരു തെറ്റായ പ്രയോഗമാണെന്നും അത് ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ തടയുന്നുവെന്നും എന്തിന് , മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ കരുതിക്കൂട്ടി പാശ്ചാത്യലോകത്തിനു മേലെ അടിച്ചേല്‍പിച്ച ഒരു പദമാണ് ഇതെന്നുവരെയുള്ള വായനകള്‍ ഉണ്ടായി വന്നു. (1) എന്നാല്‍ ഇസ്ലാമോഫോബിയ എന്ന വാക്കിനെ തള്ളിക്കളയുന്നവരേക്കാള്‍ ശ്രദ്ധേയമായത് അതിനെ പിന്തുണക്കുമ്പോള്‍പ്പോലും അതിനെക്കുറിച്ചു നിരവധി ആശങ്കകള്‍ പുലര്‍ത്തുന്നവരാണ്. ഉദാഹണത്തിന് റണ്ണിമീഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തികളിലൊരാളായ റോബിന്‍ റിച്ചാര്‍ഡ്സണ്‍ പിന്നീട് Islamophobia or Anti muslim racism – or What? ̨ Concepts and terms revisited (ഇസ്‌ലാമോഫോബിയ ഓര്‍ ആന്റിമുസ്ലിം റെയ്സിസം- ഓര്‍ വാട്ട്? കൊണ്‍സെപ്റ്റ്സ് ആന്‍ഡ് ടേംസ് റീവിസിറ്റഡ്) എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഈ പരികല്‍പ്പനയുടെ നിരവധി പ്രശ്നങ്ങളെകുറിച്ചു പറയുന്നതു കാണാം. (2)
വാസ്തവത്തില്‍ വളരെ ഉപരിപ്ലവമായ ഒരു ലിബറല്‍ ആശയമായിട്ടാണ് ഇസ്ലാമോഫോബിയ ഇന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഈ പരികല്‍പ്പന ഇസ്ലാമിനെയും മുസ്ലിംകളെയും സഹായിക്കുന്നു എന്ന പേരില്‍, വാസ്തവത്തില്‍ അവരെ നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ പരികല്‍പ്പനയാണ്. ഇങ്ങനെയൊരു പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ചില അക്കാദമിക അന്വേഷണങ്ങളെങ്കിലും ഈ വാക്കിനെ പ്രശ്നവല്‍ക്കരിക്കാനും അതിനെ വേറെ തരത്തില്‍ നിര്‍വചിക്കാനും ശ്രമിക്കുന്നത്
എന്നാല്‍ പ്രതിനിധാനങ്ങളിലൂടെ പ്രവര്‍ത്തനക്ഷമമാകുന്ന പാശ്ചാത്യ ആധുനികതയുടെ മീഡിയാകാലത്ത്, വലുതും സങ്കീര്‍ണവുമായ ഒരു വിഷയത്തിനുമേല്‍, ഒരൊറ്റ വാക്കിന്‍റെ ലേബല്‍ ഒട്ടിക്കുക എന്നതു പ്രധാനമാണ്. Making Muslim the Enemy(മെയ്ക്കിങ് മുസ്ലിം ദ് എനിമി) എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ, വിവേചനങ്ങള്‍ക്കെതിരെ പൊരുതുമ്പോള്‍ വിവേചനത്തിന്‍റെ വ്യത്യസ്തരൂപങ്ങളെക്കുറിച്ചു പറയാനും അതിനെതിരെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരാനും കഴിവുള്ള ഒരു ലേബല്‍ ഉരുത്തിരിഞ്ഞു വരുന്നതു വരെ വിവേചനങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ തന്നെ ആരംഭിക്കാന്‍ പ്രയാസമാണ്. (3)
സെക്സിസം, വംശീയത, ജാതീയത (Sexism, racism, Casteism) എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗപ്രദമാകുന്നതും ഇതുകൊണ്ടാണ്. അതുകൊണ്ട് ഇസ്‌ലാമോഫോബിയ എന്ന വാക്കിന്‍റെ പ്രയോജനത്തെ ചോദ്യം ചെയ്യുന്നതിനോട് പലര്‍ക്കും യോജിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അതേസമയം തന്നെ ഈ വാക്ക് ഉപയോഗിക്കുന്നവരില്‍ പോലും ഇതുയര്‍ത്തുന്ന ആകാംക്ഷകളും ചോദ്യങ്ങളും വിഭിന്ന സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കപ്പെടുന്നതില്‍ വരുന്ന ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളും ഈ വാക്കിനു കീഴെ നിര്‍മിക്കപ്പെടുന്ന രാഷ്ട്രീയധാരകളുടെ പരിമിതികള്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടോടുകൂടി നിലവില്‍ വന്ന ഇസ്‌ലാമോഫോബിയ എന്ന വാക്ക് പല തരത്തിലും ഇപ്പോഴും നിര്‍വചനങ്ങള്‍ തേടുന്ന ഒരു പദം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ വാക്കിനെ പല ദിശകളിലേക്കു നയിക്കാവുന്നതാണ്. (4) എന്നാല്‍, ഇങ്ങനെ പറയുമ്പോഴും നമുക്ക് അവഗണിക്കാന്‍ കഴിയാത്ത ഒരു സംഗതിയുണ്ട്. ഈ വാക്കിനെ ഒരു പ്രത്യേക തരത്തില്‍ അര്‍ഥവത്താക്കാന്‍ പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും എന്‍.ജി.ഒ കളും കഴിഞ്ഞ മൂന്നു നാലു ദശകങ്ങളായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. എന്തു തന്നെ പറഞ്ഞാലും ഈ വാക്കിന്‍റെ അധീശവും സമകാലികവുമായ അര്‍ഥം ഇതിലൂടെയാണ് ഉണ്ടായി വരുന്നത്. ഇങ്ങനെയുള്ള അധീശത തന്നെയാണ് ഈ വാക്കിന്‍റെ ജനപ്രിയതയെ നയിക്കുന്നത്.
വാസ്തവത്തില്‍ വളരെ ഉപരിപ്ലവമായ ഒരു ലിബറല്‍ ആശയമായിട്ടാണ് ഇസ്ലാമോഫോബിയ ഇന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഈ പരികല്‍പ്പന ഇസ്ലാമിനെയും മുസ്ലിംകളെയും സഹായിക്കുന്നു എന്ന പേരില്‍, വാസ്തവത്തില്‍ അവരെ നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ പരികല്‍പ്പനയാണ്. ഇങ്ങനെയൊരു പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ചില അക്കാദമിക അന്വേഷണങ്ങളെങ്കിലും ഈ വാക്കിനെ പ്രശ്നവല്‍ക്കരിക്കാനും അതിനെ വേറെ തരത്തില്‍ നിര്‍വചിക്കാനും ശ്രമിക്കുന്നത്. എന്നാല്‍ ഈ വാക്കിനപ്പുറം നീങ്ങണം എന്നു പറയുന്ന പഠനങ്ങള്‍ പോലും അതിനെ പുനരുദ്ധരിക്കുമ്പോള്‍ ഈ വാക്കിനെ ചൂഴ്ന്നുനില്‍ക്കുന്ന ലിബറല്‍ അധികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനമായി മാറുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയ എന്ന പദത്തിനപ്പുറം പോവാനും അതിനെ പകരം വെക്കുന്ന ഒരു പുതിയ വാക്ക് സ്വീകരിക്കാനും നമുക്ക് കഴിയേണ്ടതാണ്. (5)
ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ഭാഗമായ ചില പ്രാഥമിക നിരീക്ഷണങ്ങളാണ് ഈ ലേഖനം മുന്നോട്ടു വെക്കുന്നത്.
ആദ്യം തന്നെ, എന്‍.ജി.ഒ കള്‍, നിയമനിര്‍മാണ വിദഗ്ധര്‍, മാധ്യമങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുമ്പോള്‍, ഇസ്‌ലാമോഫോബിയ എന്ന വാക്കിനു കൈവരുന്ന അര്‍ഥമെന്താണെന്നു വ്യക്തമായി തിരിച്ചറിയുന്നതു പ്രധാനമാണ്. വാസ്തവത്തില്‍ ഇസ്ലാമിനെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചുമുള്ള ചില ലിബറല്‍ ആശയങ്ങളാണ് പലപ്പോഴും ഇത്തരം വ്യവഹാരങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നത്. ഇസ്ലാമിനെക്കുറിച്ച് അകാരണമായ ഒരു ഭയം (Phobia)നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ഭയത്തിനു പിറകില്‍ വസ്തുനിഷ്ഠമായ എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. പകരം ചില മുന്‍വിധികളും വാര്‍പ്പു മാതൃകകളുമാണ് ഇങ്ങനെയൊരു ഭയത്തെ നയിക്കുന്നത് എന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള അധീശവാദങ്ങള്‍ മുന്നോട്ടു വെക്കുന്ന ഏറ്റവും അടിസ്ഥാനപരമായ നിഗമനം. എന്നാല്‍, ഇസ്ലാം മറ്റേതൊരു മതത്തിന്നും തുല്യമാണെന്നും ചില അരികുപക്ഷങ്ങള്‍ (Fringe elements) മാത്രമാണതിന്‍റെ പേരു ചീത്തയാക്കുന്നതെന്നും മീഡിയയും ചില രാഷ്ട്രീയക്കാരും ഇതു പെരുപ്പിച്ചു കാണിക്കുന്നതുകൊണ്ടാണ് ഇത്തരം മുന്‍വിധികള്‍ ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ, സാംസ്കാരികമായ ഇത്തരം മുന്‍വിധികള്‍ മാറിയാല്‍, ഇസ്‌ലാമോഫോബിയ ഇല്ലാതാവുകയും മറ്റു മതക്കാര്‍ക്കൊപ്പം മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കും സമാധാനപരമായി, അക്രമങ്ങള്‍ നേരിടാതെ ജീവിക്കാന്‍ കഴിയുമെന്നും ഇത്തരം വാദങ്ങള്‍ അവകാശപ്പെടുന്നു.
1997 -ലെ റണ്ണിമീഡ് പഠനങ്ങളും പിന്നീടു വന്ന റിപ്പോര്‍ട്ടുമാണ് ഇങ്ങനെയൊരു സംഭാഷണത്തിനു തുടക്കം കുറിച്ചത് (6), (7). A Measure of Islamophobia (എ മെഷര്‍ ഒഫ് ഇസ്ലാമോഫോബിയ) എന്ന ലേഖനത്തില്‍ സല്‍മാന്‍ സയ്യിദ് പറയുന്നതു പോലെ, സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസി’നെതിരെയുള്ള ബ്രിട്ടീഷ്/ ആഗോള മുസ്ലിം പ്രതിഷേധ രാഷ്ട്രീയമാണ് റണ്ണിമീഡ് പഠനങ്ങളിലെ മുസ്ലിം കര്‍തൃത്വത്തെ സാധ്യമാക്കുന്നത്. (8)
വംശീയതയെ വ്യക്തികളുടെ മുന്‍വിധിയായി ചുരുക്കി വായിക്കുന്നുവെന്ന പ്രശ്നമുണ്ടെങ്കിലും മതത്തിലൂന്നിയ ഒരു സമുദായത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് റണ്ണിമീഡ് പഠനങ്ങളുടെ ഏറ്റവും വലിയ സവിശേഷത എന്നാണ് സയ്യിദ് വാദിക്കുന്നത്. മാത്രമല്ല ഓറിയന്‍റലിസം, വംശീയത എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുസ്ലിം പ്രശ്നം ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നതെന്ന് സയ്യിദ് തുടര്‍ന്നു പറയുന്നു. ഇങ്ങനെയാണെങ്കിലും വംശീയതയെ വ്യക്തികളുടെ മുന്‍വിധിയായി ചുരുക്കിയെഴുതുന്ന ഒരു പോസിറ്റിവിസ്റ്റ് രാഷ്ട്രീയമാണ് അന്നു നിലനിന്നിരുന്നതെന്നും അങ്ങനെ ഈ റിപ്പോര്‍ട്ടിന്‍റെ സാധ്യതകള്‍ പൂര്‍ണമായും പുറത്തു വന്നില്ലെന്നും അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയ എന്നത് ദുര്‍ബലമായ ഒരു പരികല്‍പ്പനയായാണ് ഉയര്‍ന്നുവന്നതെന്നും സല്‍മാന്‍ സയ്യിദ് വാദിക്കുന്നു.
ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു വാദമാണ് ഞാനിവിടെ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്. സല്‍മാന്‍ റുഷ്ദിക്കെതിരെയുള്ള പ്രതിഷേധം, ഇറാന്‍ വിപ്ലവം എന്നിവയിലൂടെ മുന്നോട്ടുവന്ന, മതത്തിലും വിശ്വാസത്തിലുമൂന്നിയ മുസ്ലിം കര്‍തൃത്വത്തെക്കുറിച്ചുള്ള ആകാംക്ഷകളുപയോഗിച്ച് മുസ്ലിം സമുദായത്തെയും ഇസ്ലാമിനെയും ആക്രമിച്ചില്ലാതാക്കണം എന്നൊരു രാഷ്ട്രീയമാണു് വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിച്ചത്. എന്നാല്‍ ഇതേ ആകാംക്ഷകള്‍ തന്നെയാണ് ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ റണ്ണിമീഡ് റിപ്പോര്‍ട്ട് പോലുള്ള നീക്കങ്ങളിലും തെളിഞ്ഞുവരുന്നത്. പക്ഷേ ഇതു നേരിട്ടു മുസ്ലിം സമുദായത്തിനെതിരെ കാണിക്കാതെ, അതിനെ വലതുപക്ഷ പ്രവര്‍ത്തനങ്ങളിലേക്ക് ആരോപിച്ചുകൊണ്ട് ഇസ്ലാമിലൂന്നിയ മുസ്ലിം രാഷ്ട്രീയ കര്‍തൃത്വം ഉയര്‍ത്തിയ വെല്ലുവിളിയെ ലഘൂകരിക്കാനും അതിനെ തങ്ങള്‍ക്കു പരിചയമുള്ള ചില നിഗമനങ്ങളിലേക്കെത്തിക്കുവാനുമാണ് റണ്ണിമീഡ് പഠനങ്ങള്‍ പ്രവര്‍ത്തിച്ചത്. മുസ്ലിം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍, പ്രത്യക്ഷത്തില്‍ അക്രമപരമല്ലാത്ത, സെക്കുലര്‍ ജനാധിപത്യ സ്ഥാനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകാര്യമാവുന്ന ഒരു രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുവരാന്‍ അതിലൂടെയവര്‍ക്കു കഴിഞ്ഞു. ഇതാണ് റണ്ണിമീഡ് പഠനങ്ങളുടെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടു തന്നെയാണ് അത് ഇത്തരത്തിലുള്ള നിരവധി വായനകള്‍ക്കു തുടക്കം കുറിച്ചതും അതിലൂടെ ഇസ്‌ലാമോഫോബിയ എന്ന പരികല്‍പ്പനകള്‍ക്ക് ഇത്രമാത്രം ജനപ്രീതി നേടാന്‍ കഴിഞ്ഞതും. ഈ റിപ്പോര്‍ട്ട് പ്രസിദ്ധമാക്കിയ ‘അടഞ്ഞ’, ‘തുറന്ന’ എന്നീ കാഴ്ച്ചപ്പാടുകളെ വിശകലനം ചെയ്താല്‍ ഇതു കൂടുതല്‍ മനസ്സിലാകുന്നതാണ്.
ഇസ്ലാമിനെക്കുറിച്ചൊരു ‘അടഞ്ഞ’ അഭിപ്രായം നിലവിലുണ്ടെന്നും അതു മാറി ഒരു ‘തുറന്ന’ അഭിപ്രായമുണ്ടായി വന്നാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നുമാണ് റണ്ണിമീഡ് റിപ്പോര്‍ട്ട് പ്രധാനമായും വാദിക്കുന്നത്. പുതിയ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ കഴിയാത്ത, മറ്റു സംസ്കാരങ്ങളുമായി ഒത്തു ചേര്‍ന്നു പോകാന്‍ കഴിയാത്ത, അയുക്തിപരവും പ്രാചീനവും സ്ത്രീവിരുദ്ധവുായ ഒരു മതമാണെന്ന മുന്‍വിധിയാണ് ഇസ്ലാമിനെക്കുറിച്ചുള്ള അടഞ്ഞ അഭിപ്രായത്തിനു കാരണമെന്നാണ് ഈ റിപ്പോര്‍ട്ട് കണ്ടെത്തുന്നത്. ഇതിനു പ്രതിവിധിയായി ഇസ്ലാമിനെക്കുറിച്ച ഒരു തുറന്ന വീക്ഷണം പ്രോത്സാഹിക്കപ്പെടണം. ഇസ്ലാം പുരോഗമനപരമാണെന്നും അതിനുള്ളില്‍ നിരവധി വ്യത്യാസങ്ങളും സംവാദങ്ങളും വികസനങ്ങളുമെല്ലാമുണ്ടെന്നും ഇസ്ലാം, മറ്റു മതങ്ങളും സംസ്കാരങ്ങളുമായി പല പൊതുവായ മൂല്യങ്ങള്‍ (shared values) പങ്കു വെക്കുന്നുണ്ടെന്നും പൊതുവായ പ്രശ്നങ്ങളെ നേരിടാന്‍ , ശക്തമായ പങ്കാളികളായിത്തീരാന്‍ സാധ്യത നിറഞ്ഞ മത വിശ്വാസം തന്നെയാണ് ഇസ്ലാമെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഇസ്ലാമിനെക്കുറിച്ച അടഞ്ഞ വീക്ഷണങ്ങള്‍ ഇല്ലാതാവുമെന്നും ഈ റിപ്പോര്‍ട്ട് വാദിക്കുന്നു.
ഇവിടെ രണ്ടു കാര്യങ്ങളാണു സംഭവിക്കുന്നത്:
1.) അടഞ്ഞ വീക്ഷണങ്ങളാണ് ( തെറ്റിദ്ധാരണകള്‍, മുന്‍വിധികള്‍, വാര്‍പ്പുമാതൃകകള്‍ എന്നിവ) ഇസ്‌ലാമോഫോബിയക്കു കാരണമെന്നു പറയുമ്പോള്‍, ഇസ്ലാം എന്ന ആകാംക്ഷപ്പെടുത്തുന്ന വസ്തുവില്‍ നിന്ന് വെളുത്ത വംശജരുടെ തന്നെ മാനസികാവസ്ഥയിലേക്കു ശ്രദ്ധ തിരിക്കാന്‍ ഇങ്ങനെയൊരു വായനയ്ക്കു കഴിയുന്നു.
2.) ഇതിനു ശേഷം, എല്ലാ മതങ്ങളെയും പോലെ സാധാരണവും ഭീതിപ്പെടുത്താത്തതുമായ മതമായി ഇസ്ലാമിനെ പുന: സങ്കല്‍പ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിനാകുന്നു.
ഈ രണ്ടു പ്രവൃത്തികളിലൂടെയും ഇസ്ലാം ഉയര്‍ത്തുന്ന വെല്ലുവിളികളെ ലിബറല്‍ വാദങ്ങള്‍ക്കുള്ളില്‍ നിന്നു നേരിടാനും അങ്ങനെയൊരു ഘടനയുടെ ഭാഗമായി ഇസ്ലാമിനെ ഉള്‍ക്കൊള്ളാനും (പുറത്തു നിന്നു വെല്ലുവിളിക്കുന്നതിനു പകരം) അതിലൂടെ ലിബറല്‍ ഘടനയെത്തന്നെ ശക്തിപ്പെടുത്താനും സാധിക്കുന്നു. ഇസ്ലാമിന്‍റെ വിഭിന്നതയെ നിഷേധിച്ചുകൊണ്ട് അതിന്‍റെ വ്യത്യാസങ്ങളുടെ മൂര്‍ച്ചയെ കുറക്കാനുള്ള ലിബറല്‍ ശ്രമം തന്നെയാണിത്. ഒരു ബഹുസാംസ്കാരിക സമൂഹത്തിന്‍റെ ഭാഗമായി ഇസ്ലാമിനെ ഉള്‍പ്പെടുത്താനുള്ള ലിബറല്‍ ഔദാര്യം തന്നെയാണ് ഇങ്ങനെയൊരു പദ്ധതിയെ നയിക്കുന്നത്. അതുകൊണ്ടു തന്നെ നിയമനിര്‍മാണങ്ങള്‍ക്കും മുസ്ലിംകള്‍ക്കു വേണ്ടിയുള്ള ക്യാമ്പെയിനുകള്‍ക്കും വേണ്ടി തയ്യാറാക്കുന്ന മിക്കവാറും എല്ലാ റിപ്പോര്‍ട്ടുകളും റണ്ണിമീഡ് ഉണ്ടാക്കിയെടുത്ത കാഴ്ചപ്പാടിനെത്തന്നെയാണു പിന്തുടരുന്നത്.
ഉദാഹരണത്തിന്, കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ എന്ന സ്ഥാപനത്തിന്‍റെ റിപ്പോര്‍ട്ട് ശ്രദ്ധിക്കുക. (9) അവിടെയും ഇസ്ലാമിനെക്കുറിച്ചുള്ള അടഞ്ഞ വീക്ഷണമാണു പ്രശ്നമെന്നും അതു കാണുമ്പോള്‍ മുസ്ലിംകള്‍ക്കു പൊതുമണ്ഡലത്തില്‍ കൂടുതല്‍ സ്വകാര്യത നേടാന്‍ കഴിയാമെന്നുമുള്ള വാദങ്ങള്‍ തന്നെയാണു മുന്നോട്ടുവരുന്നത്.
ഈ കാഴ്ചപ്പാടിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ ഇസ്ലാമോഫോബിയ മാറ്റാനുള്ള ഒരു ടൂള്‍ കിറ്റിന്‍റെ ഭാഗമായി ഉപയോഗിക്കപ്പെടുന്ന ലഘുചിത്രം ശ്രദ്ധിക്കുക. (10)
ഈ ചിത്രം തുടങ്ങുന്നത് മുസ്ലിംകള്‍ക്കെതിരെയുള്ള വാര്‍പ്പുമാതൃകകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. അതില്‍ ചിലത് ഇങ്ങനെ പോകുന്നു:
* മുസ്ലിംകളെല്ലാം തീവ്രവാദികളാണ്
* മുസ്ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്
* അവര്‍ വിദേശികളാണ്
* എല്ലാ മുസ്ലിംകളും തീവ്രവാദികളല്; പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലിംകളാണ്.
ഇത്തരം വാര്‍പ്പുമാതൃകകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ചില വസ്തുതകളും ചിത്രം മുന്നോട്ടു വെക്കുന്നു:
* മുസ്ലിംകള്‍ നമ്മുടെ സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്.
* എല്ലാ തരം ജോലികളിലും മുസ്ലിംകളെ കണ്ടെത്താന്‍കഴിയും.-മീഡിയ, കോമഡി, അഭിനയം, വൈദ്യം, നിയമം, ബിസിനസ്, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം മുസ്ലിംകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
* മറ്റു് അമേരിക്കക്കാരെപ്പോലെ തന്നെയാണ് അമേരിക്കന്‍ മുസ്ലിംകളും.
* അവരും മറ്റ് അമേരിക്കക്കാരെപ്പോലെ ടെലിവിഷന്‍ വിനോദ പരിപാടികള്‍ കാണുന്നുണ്ട്.
* അവരും മറ്റ് അമേരിക്കക്കാരെപ്പോലെ സ്പോര്‍ട്സ് ആസ്വദിക്കുന്നു. മാര്‍ക്കറ്റില്‍ സഞ്ചരിച്ച് വീട്ടുസാധനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നു.
* നിരവധി ഗ്യാലപ് പഠനങ്ങള്‍ കാണിക്കുന്നതു പോലെ, മറ്റേതൊരു മത സമുദായത്തേക്കാളും സാധാരണക്കാരുടെ മേലുള്ള തീവ്രവാദ ആക്രമണങ്ങളെ ഏറ്റവുമധികം എതിര്‍ക്കുന്നവര്‍ മുസ്ലിംകളാണ്.
റണ്ണിമീഡ് റിപ്പോര്‍ട്ടിലെന്ന പോലെ ഇവിടെയും ഇസ്ലാം, മുസ്ലിം എന്ന കാറ്റഗറികളെ എല്ലാവരെയും പോലെയാക്കി എല്ലാവര്‍ക്കും സ്വീകാര്യമാക്കാനുള്ള ശ്രമം തന്നെയാണ് ആവര്‍ത്തിക്കുന്നത്. മനുഷ്യന്‍ എന്ന സാമാന്യസങ്കല്‍പ്പം, പാശ്ചാത്യ ആധുനികതയുടെ വിഷയികള്‍ക്കു (Subjects) മാത്രം സാധ്യമാകുന്ന ഒരു സ്ഥാനമാകുമ്പോള്‍, മുസ്ലിം സമുദായത്തെയും കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളുന്നു. അതിലൂടെ അവരെയും മനുഷ്യരായി (ടി.വി.കാണുന്നവര്‍, സ്പോര്‍ട്സ് ആസ്വദിക്കുന്നവര്‍ എന്നിങ്ങനെ പറഞ്ഞു കൊണ്ട്!) സ്ഥാപിച്ചെടുക്കുന്ന ഒരു ലിബറല്‍ ഹ്യൂമനിസ്റ്റ് പ്രക്രിയ മാത്രമാണിത്. ‘മുസ്ലിംകള്‍ വ്യത്യസ്തരാണ്. അവരെ കൊല്ലുക, പുറത്താക്കുക’ എന്നു പറയുന്നതിന്‍റെ അതേ പ്രത്യയശാസ്ത്ര ഘടനയ്ക്കുള്ളില്‍ നിന്നു തന്നെയാണ്, ‘അല്ല അവര്‍ നമ്മളെപ്പോലെയാണ്, നമുക്കവരെ ഉള്‍പ്പെടുത്തണം’ എന്ന ആശയവും ഉണ്ടായി വരുന്നത്. മുസ്ലിം സമൂഹത്തിന്‍റെ സ്വാംശീകരണം (Assimilation) ആവശ്യപ്പെടുന്ന അധീശ വ്യവഹാരങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്, ഇത്തരം ലളിതമായ ഏകീകരണങ്ങള്‍ക്കപ്പുറം, നിയന്ത്രണാതീതമായി നില്‍ക്കുന്ന ഒരു സമുദായത്തെയാണ് ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്‍റെ പേരിലുള്ള രാഷ്ട്രീയങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. ഇവിടെ ‘അവരെ അക്രമിക്കരുത്, അവരും മനുഷ്യരാണ്, നമ്മളെപ്പോലെയാണ്’ എന്നുപറയുന്ന ഇസ്ലാമോഫോബിയക്കെതിരെയുള്ള ടൂള്‍കിറ്റുകള്‍ ,’നിങ്ങള്‍ മനുഷ്യരാകൂ, ഞങ്ങളെപ്പോലെയാകൂ’ എന്നും പറയാതെ പറയുന്നുണ്ട്.
മാത്രമല്ല, റണ്ണിമീഡ് അര്‍ഥമാക്കുന്ന ഇസ്ലാമോഫോബിയ എന്ന പദത്തിന് അടിസ്ഥാനപരമായ അധികാരഘടനകളെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ കഴിയുന്നില്ല എന്നതും ശ്രദ്ധിക്കുക. അനീതി, വിവേചനം എന്നിവയെക്കുറിച്ചു പറയുമ്പോള്‍ ചില പദങ്ങള്‍ ചില അധികാര വ്യവസ്ഥകളെ വളരെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് വംശീയത എന്ന വാക്കു തന്നെ, വംശം എന്ന അധികാര ഘടനയെ വ്യക്തമായി വെളിപ്പെടുത്തുന്നു. ഇതുപോലെ തന്നെയാണ് സെക്സിസം, ജാതീയത, വരേണ്യത എന്നിവയെല്ലാം. എന്നാല്‍ ഇസ്ലാമോഫോബിയ എന്ന പദത്തിന് ഏതെങ്കിലുമൊരു അധികാര വ്യവസ്ഥയുടെ യാഥാര്‍ഥ്യത്തിലേക്കു വിരല്‍ ചൂണ്ടാന്‍ കഴിയുന്നില്ല. ഇതിനു പ്രധാന കാരണം, ഇസ്‌ലാമോഫോബിയ എന്ന വാക്ക്, സമുദായം, സ്ഥാപനം, ജ്ഞാന മണ്ഡലം, ഭരണകൂടം, പാശ്ചാത്യ ആധുനികത എന്നിങ്ങനെയുള്ള വന്‍ അധികാരഘടനകളെക്കുറിച്ചു പറയുന്നതിനുപകരം അതിനുള്ളില്‍ നിലകൊള്ളുന്ന വ്യക്തികളുടെ മുന്‍വിധി, അടഞ്ഞ വീക്ഷണം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണു പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെയൊരു സംഭാഷണം, വന്‍ അധികാരങ്ങളില്‍ നിന്നു വ്യക്തികളിലേക്കു ശ്രദ്ധ തിരിക്കുമ്പോള്‍ , വലിയ അധികാരഘടനകള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നു.
അതുകൊണ്ടു തന്നെയാണ് പലപ്പോഴും റണ്ണിമീഡ് പ്രചരിപ്പിച്ച ഇസ്ലാമോഫോബിയ എന്ന പദത്തിന് ആധുനിക ജനാധിപത്യ ഘടനയെത്തന്നെ പുനരുത്പാദിപ്പിക്കാന്‍ കഴിയുന്നത്.
ഇതു മനസ്സിലാക്കാന്‍ 2016 മെയ് 3 ന് യൂറോപ്യന്‍ പാര്‍ലമെന്‍റിനു മുന്‍പാകെ സമര്‍പ്പിച്ച യൂറോപ്യന്‍ ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന ചില വാദങ്ങള്‍ ശ്രദ്ധിക്കുക: ‘യൂറോപ്യന്‍ യൂണിയന്‍റെ’ ജനാധിപത്യവ്യവസ്ഥയുടെയും മൂല്യങ്ങളുടെയും അടിത്തറയെത്തന്നെ അപകടപ്പെടുത്തുന്ന ഒന്നാണ് ഇസ്ലാമോഫോബിയ. യൂറോപ്പിലെ ജനാധിപത്യവും മനുഷ്യാവകാശങ്ങളുമെല്ലാം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. (11)
വാസ്തവത്തില്‍ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകളില്‍ , പാശ്ചാത്യ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെയൊരു ആകാംക്ഷ കാണാം. ഏതാനും ചില വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാത്രം ശ്രദ്ധിക്കുക:
* ഇസ്‌ലാമോഫോബിയ ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്.((The Guandian, March24, 2010)
* ഇസ്ലാമല്ല, ഇസ്‌ലാമോഫോബിയയാണ് യഥാര്‍ഥ ഭീഷണി (ABC News, Feb 23, 2011)
* യൂറോപ്പിലെ മതങ്ങള്‍: ഇസ്‌ലാമോഫോബിയ യൂറോപ്പിന്‍റെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു, റിപ്പോര്‍ട്ടുകള്‍ പറയുന്നു. (Washington Post, April 13, 2016)
ഇവയെല്ലാം തന്നെ ഇസ്ലാം കാരണം പാശ്ചാത്യ ജനാധിപത്യം ഭീഷണിയിലാണെന്നുള്ള , നിരന്തരമായ ആകാംക്ഷയുടെ മറുവശം മാത്രമാണ്. ഇസ്ലാമിനെ കുറ്റപ്പെടുത്തിക്കൊണ്ട് മറ്റു സമുദായങ്ങള്‍ക്കെതിരെ പാശ്ചാത്യ ജനാധിപത്യത്തെക്കുറിച്ചുള്ള ആകാംക്ഷകളും ഭീതിയും ഇസ്‌ലാമോഫോബിയയുടെ മേല്‍ കെട്ടിവെച്ചു നല്ല ലിബറലുകളായി തുടരുന്ന ഒരു രീതിതന്നെയാണിത്. മൂലധനത്തിലും നിയോ കൊളോണിയല്‍ അധിനിവേശത്തിലും വംശീയതയിലും അടിസ്ഥാനപ്പെടുത്തിയ പാശ്ചാത്യ ആധുനികതയുടെ ജനാധിപത്യ ഘടനയെ പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനം തന്നെയാണിവിടെ നടക്കുന്നത്. വേറെ വിധത്തില്‍ പറഞ്ഞാല്‍, ഇങ്ങനെയൊരു വ്യവസ്ഥയെ ഭീഷണപ്പെടുത്തിയും വെല്ലുവിളിച്ചും മാറ്റിയെടുക്കാന്‍ , ഇസ്ലാമിനുണ്ടെന്നു പറയുന്ന, അല്ലെങ്കില്‍ ചിലരെ ആകാംക്ഷപ്പെടുത്തുന്ന, സാധ്യതകള്‍ തള്ളിക്കളഞ്ഞ് നിലവിലുള്ള അധികാരങ്ങളെ അതുപോലെ നിലനിര്‍ത്താനാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. (12)
ഇങ്ങനെയൊരു പ്രത്യയശാസ്ത്ര പദ്ധതിയെ വിപുലീകരിക്കുന്ന രീതിയിലാണു പല അക്കാദമിക ഗവേഷണ പഠനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമോഫോബിയ എന്നത് മുസ്ലിം സമുദായത്തിനും ഇസ്ലാമിനുമെതിരെയുള്ള ഭയമായും നിഷേധാത്മക അഭിപ്രായങ്ങളായും കണ്ടുകൊണ്ട് അതുണ്ടാക്കുന്ന വിവേചനങ്ങളെ പഠിക്കുക എന്നത് പല അക്കാദമിക വായനകള്‍ക്കും പ്രധാനമായിത്തീര്‍ന്നിട്ടുണ്ട്. മീഡിയ, വീദ്യാഭ്യാസ രംഗം, നിയമനിര്‍മാണ പദ്ധതികള്‍, ഉദ്യോഗ രംഗം എന്നിവിടങ്ങളില്‍ മുസ്ലിം സമുദായമനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചും അനിയന്ത്രിതമായി മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചനുഭവിക്കുന്ന സാംസ്കാരിക അടിച്ചമര്‍ത്തലിനെക്കുറിച്ചും ഇസ്ലാം ഉണ്ടാക്കുന്ന ആകാംക്ഷകളെ മുതലെടുത്തു വളരുന്ന രാഷ്ട്രീയ-സാംസ്കാരിക ധാരകളെക്കുറിച്ചുമെല്ലാം വിമര്‍ശനാത്മകമായ പല പഠനങ്ങളും ഇസ്ലാമോഫോബിയ എന്ന പദത്തിനു കീഴിലുണ്ടായിട്ടുണ്ട്. (13)
മിഡിയയിലും മറ്റും ഇസ്ലാമോഫോബിയക്കു വന്നുചേരുന്ന, പ്രത്യക്ഷത്തില്‍ത്തന്നെ പ്രശ്നമായ അര്‍ഥങ്ങള്‍ക്കപ്പുറം, മുസ്ലിംകള്‍ അനുഭവിക്കുന്ന വിവേചനത്തെ ആഴത്തില്‍ വെളിപ്പെടുത്താന്‍ ഇത്തരം അക്കാദമിക പഠനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ പറഞ്ഞതു പോലെ, തകരാറിലായ ഒരു ജനാധിപത്യ വ്യവസ്ഥയെ, അല്ലെങ്കില്‍ പാശ്ചാത്യ ആധുനികതയെ രക്ഷിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പഠനങ്ങള്‍ ഉണ്ടായി വരുന്നത്.
വാസ്തവത്തില്‍ മുസ്ലിം സമൂഹങ്ങള്‍ക്കെതിരെ ഇത്രയധികം ഹിംസാത്മകത വളര്‍ന്നുവരുമ്പോള്‍, ഇതിനെക്കുറിച്ചു പറയുക എന്നത് എല്ലാവര്‍ക്കും സമത്വം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിന്‍റെ ഘടനകള്‍ക്കു പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയ എന്ന പദം ഒരു അനിവാര്യതയാണ്. അതു് ആധുനിക സ്റ്റേറ്റിന്‍റെ ഭരണ നിര്‍വഹണത്തിന്‍റെ (Governmentatity) ഭാഗമാണ്. അങ്ങനെയൊരു പ്രക്രിയയുടെ ‘ഇടപെടലുകളും വര്‍ഗീകരണവും’ (Interventions and classifications) തന്നെയാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള മിക്കവാറും എല്ലാ അക്കാദമിക പഠനങ്ങളും ഏറ്റെടുക്കുന്നത്.
എന്നാല്‍ അതേസമയംതന്നെ ഇസ്‌ലാമോഫോബിയ എന്നത് തീര്‍ത്തും വ്യത്യസ്തമായ ഘടകങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഏകവചനമാണെന്നും ഇസ്ലാമിനെതിരെയല്ല, മുസ്ലിംകള്‍ക്കെതിരെയുള്ള വെറുപ്പാണു പ്രധാനമെന്നും ഇസ്ലാമിസത്തിനോടുള്ള വെറുപ്പിനു ദുഷ്പേരു വരുത്തുന്ന ഒരു തെറ്റായ പദമാണെന്നും പറഞ്ഞ് ഇസ്ലാമോഫോബിയ എന്ന പദത്തെ തള്ളിപ്പറയുന്ന നിരവധി പഠനങ്ങളും ഇന്നു നിലവിലുണ്ട്. (14)
എന്നാല്‍ മേല്‍പ്പറഞ്ഞ ഈ രണ്ടു ധാരണകളില്‍ നിന്നു വ്യത്യസ്തമായി, ഇസ്ലാമോഫോബിയ എന്ന വാക്കിനെ അതിന്‍റെ അധീശമായ അര്‍ഥങ്ങളില്‍ നിന്നു രക്ഷിച്ചെടുത്ത് അതിനൊരു പുതിയ നിര്‍വചനം ഉണ്ടാക്കിയെടുക്കുന്ന പഠനങ്ങളാണ് കുടുതല്‍ ശ്രദ്ധേയമായത്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഇസ്ലാമോഫോബിയ എന്ന പദത്തെ ചൂഴ്ന്നുനില്‍ക്കുന്ന അധീശമായ നിര്‍വചനങ്ങള്‍ ചില അക്കാദമിക സംരംഭങ്ങളെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ട് എന്നതു വ്യക്തമാണ്. ഉദാഹരണത്തിന് Thinking through Islamophobia(തിങ്കിങ് ത്രൂ ഇസ്ലാമോഫോബിയ) എന്ന ശില്‍പ്പശാലയുടെ ആമുഖക്കുറിപ്പു ശ്രദ്ധിക്കുക. ഇവിടെ ഇസ്‌ലാമോഫോബിയ എന്ന വാക്കിന്‍റെ ‘വന്‍ പ്രചാരണത്തെ’ (Wide Circulation) ക്കുറിച്ചു പറയുമ്പോള്‍ത്തന്നെ ‘അത് ഇന്നും കൃത്യമായി നിര്‍വചിക്കപ്പെടുകയോ മനസ്സിലാക്കപ്പെടുകയോ’ ചെയ്യപ്പെട്ടിട്ടില്ല എന്ന വാദമാണു മുന്നോട്ടു വരുന്നത്. എങ്ങനെയാണ് ഈ വാക്കിന് ഇത്ര വലിയ പ്രചാരം നേടാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിലേക്ക് ഈ ശില്‍പ്പശാല കടക്കുന്നില്ല. എന്നു മാത്രമല്ല, വന്‍ പ്രചാരം നേടിയ ഒരു പദം ഇത്രമാത്രം അനിശ്ചിതവും അവ്യക്തവുമാണ് എന്ന വാദമാണു കൂടുതല്‍ പ്രശ്നം. വാസ്തവത്തില്‍ , ഇസ്‌ലാമോഫോബിയ എന്ന വാക്കിന് ഇന്നും പൂര്‍ണമായ നിര്‍വചനം സാധ്യമല്ല എന്നു വാദിച്ചുകൊണ്ട്, അതിനെ പുതുതായി നിര്‍വചിക്കാനുള്ള അക്കാദമിക സംരംഭമാണിത്. നിലവിലുള്ള അധീശവ്യവഹാരങ്ങള്‍ ചെയ്യുന്നതു പോലെ വ്യക്തികളുടെ മുന്‍വിധി, വാര്‍പ്പു മാതൃകകള്‍, മാനസികാവസ്ഥ, വിഭ്രാന്തി എന്നീ തരത്തില്‍ ഇസ്‌ലാമോഫോബിയയെ കാണാതെ കുറേക്കൂടി ഘടനാപരമായ വിശകലനങ്ങളിലേക്കു നീങ്ങാനാണ് ഇത്തരം വായനകള്‍ ശ്രമിക്കുന്നത്. ഉദാഹരണത്തിന് The Multiple phases of islamophobia (ദ് മള്‍ട്ടിപ്പ്ള്‍ ഫെയ്സസ് ഒഫ് ഇസ്ലാമോഫോബിയ) എന്ന ലേഖനത്തില്‍, റൊമാന്‍ ഗ്രോസ്ഫുഗല്‍ ‘ഇസ്‌ലാമോഫോബിയ വംശീയതയുടെ ഒരു രൂപമാണ്’ (A Form of racism) എന്നാണു വാദിക്കുന്നത്. അതിനെ ഉത്പാദിപ്പിക്കുന്നതില്‍ ജ്ഞാനപരമായ വംശീയതയും സാംസ്കാരിക വംശീയതയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രോസ്ഫുഗല്‍ പറയുന്നു. സമകാലീന പ്രശ്നങ്ങളുടെ വേരുകള്‍ 1492-ലെ സ്പെയിനിലേക്കു നീട്ടിയെഴുതി, ക്രിസ്ത്യന്‍ കേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയാണ്, ഇസ്ലാമിനെ കീഴാളവും നീചവുമായി അപരവത്കരിക്കുന്നതെന്നാണ് ഗ്രോസ്ഫുഗല്‍ പറയുന്നത്.
അതുപോലെ തന്നെ, For Jewish, Read Muslim? Islamophobia as a Form of racialisation of ethno-religion groups in britain today ( Nasar meer, Tarooq Madod) [ ഫോര്‍ ജ്യൂയിഷ്, റീഡ് മുസ്ലിം? ഇസ്‌ലാമോഫോബിയ ആസ് എ ഫോം ഒഫ് റെയ്ഷ്യലൈസേഷന്‍ എഥ്നോ-റിലിജ്യന്‍ ഗ്രൂപ്സ് ഇന്‍ ബ്രിട്ടന്‍ റ്റുഡെ (നാസര്‍ മീര്‍, താരൂക് മദൂദ് ] എന്ന ലേഖനവും സെമിറ്റിക് വിരുദ്ധതയോട് ഉപമിച്ചുകൊണ്ട് ഒരു തരത്തിലൊരു വംശീയതയായിത്തന്നെയാണ് ഇസ്‌ലാമോഫോബിയയെ കാണുന്നത്. യൂറോപ്പില്‍ വംശീയതയെ നിര്‍വചിച്ച രീതികള്‍ ഉപയോഗിച്ച് (യൂറോപ്പിനുള്ളിലെ ജുതന്മാര്‍ക്കെതിരെ, കൊളോണിയലിസത്തില്‍ നിന്നു വേര്‍പ്പെടുത്തി, ലിബറലിസത്തിന്‍റെ എതിര്‍വശമായി അവരെ നിര്‍വചിച്ച രീതി) മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കങ്ങളെ നിര്‍വചിക്കാനാവില്ല എന്നാണ് ഇതില്‍ നിന്നു വ്യത്യസ്തമായി സല്‍മാന്‍ സയ്യിദ് A Measure of Islamophobia (എ മെഷര്‍ ഒഫ് ഇസ്ലാമോഫോബിയ) എന്ന ലേഖനത്തില്‍ പറയുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ഇസ്ലാമോഫോബിയ എന്നത് വെറും മുന്‍വിധിയോ അറിവില്ലായ്മയോ അല്ല, മുസ്ലിംകളുടെ ക്ഷേമത്തെ ബാധിക്കുന്ന അനവധി ‘ഇടപെടലുകളും വര്‍ഗീകരണങ്ങളു’ മാണ്. വേറെ വിധത്തില്‍ പറഞ്ഞാല്‍, ഇസ്‌ലാമോഫോബിയ എന്നത് വംശവെറിയിലധിഷ്ഠിതമായ ഭരണ നിര്‍വ്വഹണ ഉപാധി(Racialised Governmentality) യാണ്. ഇവിടെ, ഇസ്‌ലാമോഫോബിയയെ വെറും വംശീയതയായി ചുരിക്കിയെഴുതുന്നില്ലെങ്കിലും നിലവിലുള്ള അധീശ വായനകള്‍ പറയുന്ന മുന്‍വിധി, മാനസികാവസ്ഥ എന്നീ വാദങ്ങളില്‍ നിന്നു മാറി കുറേക്കൂടി ഘടനാപരമായി ഇസ്‌ലാമോഫോബിയയെ കാണുന്ന ഒരു രീതി തന്നെയാണു തെളിഞ്ഞുവരുന്നത്.
ഇവിടെ പറഞ്ഞ വായനകളെല്ലാം, ഇസ്‌ലാമോഫോബിയ എന്നത് ജനാധിപത്യ ഘടനക്കുള്ളിലെ ചിലരുടെ തെറ്റായ ധാരണകളിലും വഴിതെറ്റിയ ജനാധിപത്യ ബോധത്തിലും കണ്ടെത്താതെ, ആധുനിക സംസ്കാരത്തിന്‍റെയും ഭരണകൂടങ്ങളുടെയും അധികാര ഘടനകളിലേക്കു വിരല്‍ ചൂണ്ടാനും അതിനെ വംശീയതയോടു ചേര്‍ത്തു വായിക്കാനുമാണു ശ്രമിക്കുന്നത്. എന്നിരുന്നാലും ഇസ്‌ലാമോഫോബിയ എന്നതു തന്നെ ഇത്തരമൊരു ആധുനിക പാശ്ചാത്യ സംസ്കാരത്തെ അധീശപരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പദമാണെന്നു കാണാന്‍ ഈ വായനകള്‍ക്കു കഴിയുന്നില്ല. കാരണം, ഇവരൊന്നും തന്നെ ഇസ്ലാമോഫോബിയ എന്ന വാക്കിന്‍റെ ജനപ്രീതിയെക്കുറിച്ചു ചിന്തിക്കാനോ അതിനെ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ല. അവര്‍ തന്നെ മുന്നോട്ടു വെക്കുന്ന, വംശീയത എന്ന ആശയത്തെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുസ്ലിം വിരുദ്ധ വംശീയത (Anti muslim Racism) എന്ന പരികല്‍പ്പനയെക്കുറിച്ചും ഈ വായനകള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് ഇസ്‌ലാമോഫോബിയ എന്ന വാക്കിനെ കൂടുതല്‍ ഗഹനമായി അടയാളപ്പെടുത്തിക്കൊണ്ട് അതിനെ അര്‍ഥവത്താക്കി മാറ്റാനുള്ള ശ്രമത്തില്‍, പൊതുമണ്ഡലത്തില്‍ വളരെ പ്രശ്നകരമായ ഒരര്‍ഥം കൈവന്ന ആ വാക്കിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണിവര്‍. വലുതും സങ്കീര്‍ണവുമായ ഒരു ചിന്താമണ്ഡലത്തെ ആകമാനം വിശേഷിപ്പിക്കുന്ന പദമെന്ന നിലയില്‍ ഇന്നും ശരിയായ അര്‍ഥം തേടിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ എന്ന വാക്കിനെ മറികടന്നു മുന്നോട്ടു പോകുമ്പോള്‍ത്തന്നെ, അതിനെ ചോദ്യം ചെയ്യാന്‍ കഴിയാതെ, അവിടെ കുടുങ്ങിക്കിടക്കുന്ന വ്യവഹാരങ്ങളായി ഇതു മാറുന്നു. ഇസ്ലാമോഫോബിയ എന്ന പദത്തെ ഇല്ലാതാക്കുന്നതിനു പകരം അതിനെ കൂടുതല്‍ വിപുലീകരിക്കുന്ന പ്രവര്‍ത്തനമാണ് മേല്‍പ്പറഞ്ഞ വായനകള്‍ സൃഷ്ടിക്കുന്നതെന്നര്‍ഥം. വാസ്തവത്തില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക്, നേടിയിരിക്കുന്ന സാംസ്കാരികമായ അധീശത്വം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. What is Islamophobia and How Much is there? Theorizing And Measusing an Emerging Comparitive Concept (വാട്ട് ഇസ് ഇസ്‌ലാമോഫോബിയ ആന്‍ഡ് ഹൌ മച്ച് ഇസ് ദേര്‍? ഥിയറൈസിങ് ആന്‍ഡ് മെഷറിങ് ആന്‍ എമര്‍ജിങ് കംപാരറ്റീവ് കോണ്‍സെപ്റ്റ്) എന്ന ലേഖനത്തില്‍ എറിക് ബ്ലേക്ക് പറയുന്നതു പോലെ, ‘ഇസ്ലാമോഫോബിയ, പൊതുമണ്ഡലത്തിലും രാഷ്ട്രീയ-അക്കാദമിക വ്യവഹാരങ്ങളിലും ആഴത്തില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ജീനിയെ ഇനി ബോട്ടിലില്‍ തിരിച്ചിടാനാകില്ല.’
ഇതേ ലേഖനത്തില്‍ പറയുന്നതു പോലെ, എല്ലാവരെയും ഇന്ന് എതിരേല്‍ക്കുന്ന യഥാര്‍ഥ്യമിതാണ്. ലിബറല്‍ ജനാധിപത്യ ലോകത്ത്, ഇസ്ലാമും മുസ്ലിംകളും ഭയവും വെറുപ്പുമുളവാക്കുന്ന വസ്തുക്കളായി ഉയര്‍ന്നു വന്നുകഴിഞ്ഞിരിക്കുന്നു. ഇതു മുസ്ലിംകളെ മാത്രമല്ല, ലിബറല്‍ ജനാധിപത്യത്തെത്തന്നെയാണു ചോദ്യം ചെയ്യുന്നത്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ അതിനെ നിയന്ത്രണാധീനമാക്കാന്‍ വേണ്ടി ഉണ്ടായി വന്ന പദം തന്നെയാണ് ഇസ്‌ലാമോഫോബിയ. അതുകൊണ്ടുതന്നെ ഈ പദത്തിനു പുറത്തു കടന്നു ചിന്തിക്കുക എന്നത് അത്യാവശ്യമാണ്. മുസ്ലിംവിരുദ്ധ വംശീയത എന്നോ അതിനേക്കാളും ശക്തിയേറിയ പരികല്‍പ്പനകളോ അതിനായി ഉപയോഗിക്കാവുന്നതാണ് . അല്ലെങ്കില്‍ അത്തരം ലേബലുകള്‍ ഇല്ലാതെ തന്നെ അതിനെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ ശ്രമിക്കാവുന്നതാണ്.
കടപ്പാട്: ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങൾ. 2016. ഡോ. വി. ഹിക്മതുല്ല (എഡിറ്റർ). ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
- ഷാര്‍ലി ഹെബ്ദോ വിവാദത്തിനു ശേഷം, സല്‍മാന്‍ റുഷ്ദി, അയാന്‍ ഹിര്‍സി അലി, തസ്ലീമാ നസ്റിന്‍ എന്നിവരടങ്ങുന്ന പന്ത്രണ്ട് എഴുത്തുകാരുടെ പ്രസ്താവന കാണുക.
News.bbc.co.uk/2/hi/europe/4764730.stm
Did the muslim brotherhood invent the term islamophobia?, August 27, 2012, Robert Spencer - www.insted.co.uk/anti-muslim-racism.pdf
- Making muslims the enemy, peter gottschalk, Gabriel green berg, 2006
- Differentiating islamophobia : Introducing a new scale of measure islams prejudice and
secular islam critique എന്ന പഠനത്തില്‍ Roland imhoff of julia reckor പറയുന്നതു പോലെ: However, despite its widespread use in political discourses, few concepts have been de-
bated as heatedly over the last ten years as the term islamophobia - ഇസ്‌ലാമോഫോബിയ എന്ന വാക്കിനു പകരം നിരവധി വാക്കുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ Anti-muslim racism(ആന്റി മുസ്ലിം റെയ്സിസം) എന്ന വാക്കാണ് ഇസ്‌ലാമോഫോബിയ എന്ന വാക്കിന്‍റെ നിരവധി പ്രശ്നങ്ങള്‍ക്കപ്പുറം നീങ്ങുന്നത്. പലരും ആ വാക്കുപയോഗിക്കുമ്പോഴും അതിലേക്കു നയിക്കുന്ന വാദങ്ങള്‍ മുന്നോട്ടു വെക്കുമ്പോളും ആ വാക്കിനു വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്.
- Islamophobia : A Challenge for us all : Report of the Runnymede trust commission on British Muslims and islamophobia, Gordon R conway, 1997
- Is the islam in islamophobia the same as the islam in anti-islam ; Or, When is it Islamophobia time? എന്ന ലേഖനത്തില്‍ അബ്ദുല്‍ കരീം വക്കീല്‍ Runnymede നുമുന്‍പ് മുസ്ലിം ആക്റ്റിവിസ്റ്റുകള്‍ ഇസ്ലാമോഫോബിയ എന്ന വാക്ക് ഉപയോഗിച്ചതിനെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ ആ വാക്കിന്‍റെ പിന്നീടുള്ള വളര്‍ച്ച അവരിലൂടെയല്ല ഉണ്ടായത് എന്നതാണു കൂടുതല്‍ ശ്രദ്ധേയം
- A Measure of Islamophobia, Salman Sayyid, Islamophobia Studies Journal, Volume 2, No.1, Spring 2014
- Confronting Fear: Islamophobia and its impact in the united states, Council on american Islamic Relations, UC Berkeley Cetre for race and gender, January 2013-Dec 2015
- പ്രമുഖ മീഡിയ സ്ഥാപനമായ Public Broadcasting Service (P.B.S) ന് വേണ്ടി United Production Foundation ഉണ്ടാക്കിയ ചിത്രമാണിത്.
- European Islamophobia Report 2016, Enes Bayrakli, Faud Hafef (Eds).
- വാസ്തവത്തില്‍ 2012 ല്‍ അമേരിക്കയുടെ അസോസിയേറ്റഡ് Homophobia, Ethnic Cleaning എന്നിങ്ങനെയുള്ള വാക്കുകളോടൊപ്പം ഇസ്‌ലാമോഫോബിയ എന്ന വാക്കും തങ്ങളുടെ സ്റ്റൈല്‍ ബുക്കില്‍ നിന്നും നീക്കുകയുണ്ടായി. Homophobia, Islamophobia എന്നിങ്ങനെയുള്ള വാക്കുകള്‍ വെറും മാനസികമായ തകരാറുകളെ സൂചിപ്പിക്കുന്ന വാക്കുകളാണെന്നും അത് നിഷ്പക്ഷമായ ജേര്‍ണലിസത്തെ ബാധിക്കുമെന്നും പറഞ്ഞാണു തള്ളിയത്. ആ സമയത്ത് അതിനെക്കുറിച്ചുണ്ടായി വന്ന ഇസ്‌ലാമോഫോബിയയും ഹോമോഫോബിയയും ഒരുപോലെയാണെന്നും അവ രണ്ടും, വ്യക്തികളുടെ മാനസിക വിഭ്രാന്തി കൊണ്ടു തന്നെയാണ് ഉണ്ടാകുന്നതെന്നുമാണു വാദിക്കാന്‍ ശ്രമിച്ചത്. ഘടനാപരമായ അധികാരങ്ങളിലേക്കു വിരല്‍ ചൂണ്ടാനല്ല, അസോസിയേറ്റഡ് പ്രസ്സ് ആ വാക്കുകളെ നീക്കം ചെയ്തതെങ്കിലും ആ വാക്കിനു വേണ്ടി വാദിക്കുന്നവര്‍ (മുഖ്യധാരയിലെങ്കിലും) വ്യക്തികളുടെ മാനസിക തകരാറായി മാത്രം ഇസ്‌ലാമോഫോബിയയെ നിര്‍വചിക്കാന്‍ ആഗ്രഹിക്കുന്നു എന്നതു വ്യക്തമാണ്. അങ്ങനെയൊരു നിര്‍വചനത്തിന്‍റെ സാധ്യതകള്‍ തന്നെയാണ് ആ വാക്കിന് ഇത്രമാത്രം ജനപ്രീതിയുണ്ടാക്കിക്കൊടുക്കുന്നത്.
- ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
1. Confronting Islamophobia in Educational Practice, Bany van driel, 2004
2. A Frank Inter course: Combating Islamophobia in sex education, 2010
3. Islamophobia in Classroom, Media and Politics, Mayida zaal, 2012 - J Cesaei, Introduction: Use of the term Islamophobia in Europian Societies, 2006 F Hlliday, ‘Islamophobia’ Reconcidered ethnic and racial Studies, 22, 892-902,1999 JP Zuquete, the Europian Extreme-Right and islam : New Direction? Journal of political Ideologies,13,2008