രോഹിത് വെമുല അനുസ്മരണവും പങ്കാളിത്തത്തിന്‍റെ പുതുരാഷ്ട്രീയവും

രോഹിത് വെമുലാനന്തര കാമ്പസിന്റെ വർത്തമാനം പങ്കുവെക്കുകയാണ് അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ലേഖകൻ. ഇന്ത്യൻ വിദ്യാർഥി രാഷ്ട്രീയത്തിൽ രോഹിത് വെമുലയ്ക്ക് നീതിയാവശ്യപ്പെട്ടുള്ള പ്രസ്ഥാനം സാധ്യമാക്കിയ നവ രാഷ്ട്രീയ പ്രമേയങ്ങളെ ചരിത്രപരമായി വായിച്ചെടുക്കാൻ ലേഖകൻ ശ്രമിക്കുന്നു. രോഹിത് വെമുലയുടെ രണ്ടാം രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തി ന്റെ ഓർമ്മകൾ പങ്കുവെക്കുന്ന വ്യത്യസ്തമായൊരു ഇടപെടൽ

സവര്‍ണാധിപത്യത്തിനെതിരെ ഉരുത്തിരിഞ്ഞ ഗ്രാന്‍ഡ് അലയന്‍സ് എന്ന മഹത്തായ ആശയമാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ 2017 ലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. ദലിത്-ബഹുജന്‍ സംഘടനകളുടെ ക്രിയാത്മകമായ ഇടപടലുകള്‍കൊണ്ട് ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധപിടിച്ചുപറ്റിയ ഒരു മുദ്രാവാക്യമായിരുന്നു അത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലും രാജ്യമൊട്ടാകെയും ഉള്ള രാഷ്ട്രീയ സാഹചര്യങ്ങളെ പരിഗണിച്ച്, സവര്‍ണ ഫാസിസത്തിനെതിരെ ഒരുമിച്ചു നില്‍ക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള നിരന്തര അന്വേഷണങ്ങളില്‍ നിന്നാണ് ‘വിയോജിപ്പുകളോടെ സഹകരിക്കുക’ എന്ന പുതിയ രാഷ്ട്രീയം അവതരിപ്പിക്കപ്പെടുന്നതും ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ ഉറപ്പു വരുത്തുന്ന രീതിയിലുള്ള ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ അധികാരത്തില്‍ വരുന്നതും. രോഹിത് വെമുലയുടെ നീതിക്കു വേണ്ടിയുള്ള എ ബി വി പി ഇതര സംഘടനകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുകൂടിയാണ് ആ ആശയം രൂപപ്പെട്ടത്. എബിവിപിയെ പരാജയപ്പെടുത്തി അതിലൂടെ ബ്രാഹ്മണ മേധാവിത്വത്തിനു ശക്തമായ മുന്നറിയിപ്പു നല്‍കുന്നതിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ, സാമൂഹ്യ നീതിയുടെ ചോദ്യത്തെ അഭിമുഖീകരിക്കുവാന്‍ ഈ കൂട്ടായ്മ എത്രമാത്രം പര്യാപ്തമാണ് എന്നതും ഈ കൂട്ടായ്മയുടെ ഭാവി എന്ത് എന്നതും ആണ് ഇപ്പോൾ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ ഈ മുന്നേറ്റങ്ങളെ ചേർത്തുവെച്ചു മനസ്സിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ടു ജാതിഭ്രഷ്ട്?

ഹൈദരാബാദ് സെന്‍ട്രൽ യൂണിവേഴ്സിറ്റിയിലെ എ.എസ്.എ. പ്രവര്‍ത്തകരായ അഞ്ച് ദലിത് വിദ്യാര്‍ത്ഥികളെ ജാതിഭ്രഷ്ട് കല്‍പ്പിച്ചു തെരുവിലിറക്കിയതിന് എതിനെതിരെയുള്ള ആത്മാഭിമാന പോരാട്ടത്തില്‍ ജീവന്‍ കുരുതികൊടുത്തതാണ് രോഹിത് വെമുല. ആ കുരുതിയിലൂടെ രോഹിത് വെമുല ആവർത്തിച്ചുന്നയിച്ച സാമൂഹ്യനീതിയുടെ ചോദ്യം പ്രതിധ്വനിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥിസംഘടനകളെയും ഇടപെടലുകളെയും ചരിത്രപരമായ വിശകലനത്തിനു വിധേയമാക്കുമ്പോള്‍, “എന്തുകൊണ്ടു ജാതിഭ്രഷ്ട്?” എന്ന ചോദ്യത്തില്‍ നിന്നുതന്നെയാണു തുടങ്ങേണ്ടത്. അതിനുമുന്‍പ് മൂന്നു കാര്യങ്ങൾ ആമുഖമായി മനസ്സിലാക്കണം.

1. ജാതിഭ്രഷ്ട് എന്നതിനെ നൂറ്റാണ്ടുകളായി ഇന്ത്യയിലെ സവര്‍ണ മേധാവിത്വ ശക്തികള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു നേരെ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന ജാതിവെറിയുടെയും അക്രമത്തിന്‍റെയും തുടര്‍ച്ചയായാണു നോക്കിക്കാണേണ്ടത്.

2. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയിലെങ്ങും, പ്രത്യേകിച്ച് അക്കാദമിക ഇടങ്ങളില്‍ നിന്ന്, ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്‍റെ ശബ്ദങ്ങളെയും ചെറുത്തുനില്പുകളെയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന നൂതന പ്രവണതയുടെ ഭാഗമെന്ന നിലയിലും നോക്കികാണാവുന്നതാണ്.

3. ഈ രണ്ടു കാഴ്ചപ്പാടുകളും പ്രസക്തമെന്നിരിക്കെ, മൂന്നാമതായി, ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മേധാവിത്വശക്തികള്‍ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളുടെയും നൂതന മുന്നേറ്റങ്ങളുടെയും സാധ്യതകളുടെ പശ്ചാത്തലത്തിലും നോക്കിക്കാണേണ്ടതായുണ്ട്.

എ.എസ്.എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപി പ്രസിഡന്‍റ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ വിവാദപരമായ പ്രസ്താവനയെത്തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ജാതിഭ്രഷ്ട് വരെ കൊണ്ടെത്തിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മുതൽ പ്രോജക്ട് കമ്മിറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍, ബി.ജെ.പി ഭാരവാഹികള്‍, യൂണിയന്‍ കാബിനറ്റ് മന്ത്രി, എം.എച്ച്.ആര്‍.ഡി. മിനിസ്റ്റര്‍ വരെ ഈ നടപടിയില്‍  ഇടപെട്ടതായി കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ആസൂത്രിതമായ ഒരു നീക്കമുണ്ടാകുന്നുവെങ്കില്‍ സവര്‍ണ ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുത്തുന്ന കനത്ത വെല്ലുവിളികള്‍ ദലിത്-ബഹുജന സംഘടനകള്‍ ഉയര്‍ത്തുന്നു എന്നുതന്നെയാണു മനസ്സിലാക്കേണ്ടത്. അത്തരത്തിലുള്ള വെല്ലുവിളികളെ സിദ്ധാന്തത്തിന്‍റെയും പ്രായോഗികതയുടെയും തലത്തില്‍ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.

അതായത് സമൂഹത്തിന്‍റെ പുനഃനിര്‍മ്മിതിക്കായി മേധാവിത്വ ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധത്തിലൂന്നിനിന്നുകൊണ്ടുള്ള മുന്നേറ്റങ്ങളില്‍ അധീശപ്പെടലുകള്‍ക്കു വിധേയമാക്കപ്പെടുന്ന പരമ്പരാഗത അവസ്ഥയെ തരണം ചെയ്തുകൊണ്ട്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിൽ രണ്ടര പതിറ്റാണ്ടുകാലമായി ചരിത്രപരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദലിത്-ബഹുജന സംഘടനകള്‍ പ്രതിരോധത്തിന്‍റെ പക്വതയാര്‍ന്ന അടുത്ത തലത്തെ പ്രതിനിധാനം ചെയ്യുകയാണ്. ‘പങ്കാളിത്തത്തിന്‍റെ ചലനം’ സാധ്യമാക്കുന്നുവെന്നതാണ് അവർ ചെയ്യുന്ന പുതിയ കാര്യം. മേധാവിത്വപരവും കര്‍ത്തൃത്വ സ്വഭാവമുള്ളതുമായ ഇടതു – വലതു പ്രസ്ഥാനങ്ങളെ പ്രതിഭാഗത്തു നിര്‍ത്തി ദലിത്-ബഹുജന്‍ സംഘടനകള്‍ തനതായ നേതൃത്വത്തിന്‍ കീഴില്‍ സംഘടിക്കുകയും ഇതര സംഘടനകളുടെ രാഷ്ട്രീയപരമായ പിന്തുണ ഉപയോഗപ്പെടുത്തി മാത്രം സാധ്യമാകുന്ന പ്രതിരോധത്തില്‍ നിന്ന് പ്രാതിനിധ്യത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കുകയും ചെയ്തിരിക്കുന്നു. ഇത് ഒരു ഭാഗത്ത് ഇന്ത്യയിലെമ്പാടുമുള്ള ദളിത്-ബഹുജന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നൂറ്റാണ്ടുകളായി  അസമത്വം പേറുകയും നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന തങ്ങളുടെ സമുദായങ്ങള്‍ക്കും സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമാകുന്നു. മറുഭാഗത്ത് അധീശ ശക്തികള്‍ക്കെതിരെ അതുയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ പ്രസ്തുത മുന്നേറ്റങ്ങളെ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുകയോ സ്വാംശീകരിക്കുകയോ ചെയ്യുക എന്നത് മേധാവിത്വശക്തികളെ സംബന്ധിച്ച് അനിവാര്യമായ ഒന്നായി മാറുന്നു.

പങ്കാളിത്തത്തിന്‍റെ സിദ്ധാന്തം, പ്രായോഗികത

അധികാരം എന്നതിനെ, സ്വതന്ത്രമായി തീരുമാനം എടുക്കുവാനുള്ള കഴിവ് എന്ന് പ്രശസ്ത ദലിത് ചിന്തകന്‍ എം സി രാജ് വ്യാഖ്യാനിക്കുന്നുണ്ട്. പ്രസ്തുത കഴിവിനെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി നിര്‍ബന്ധിത പ്രേരണകള്‍ക്കു വിധേയമായി മറ്റുള്ളവര്‍ക്കു മുകളില്‍ ഉപയോഗിക്കുമ്പോഴാണ് അതു മേധാവിത്വത്തിലേക്കും മേധാവിത്വത്തിന്‍റെ ഉപോല്പന്നമായ പ്രതിരോധത്തിലേക്കും വഴി തെളിയിക്കുന്നത്. പ്രതിരോധമെന്നത് സാമൂഹ്യബന്ധങ്ങളുമായോ പ്രക്രിയകളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട പ്രത്യേകമായ പരിസ്ഥിതികളെ വെല്ലുവിളിക്കുവാനോ മാറ്റം വരുത്തുവാനോ ചിലതിനെ നിലനിര്‍ത്തുവാനോ ആണു നിലകൊള്ളുന്നത്. അത് ഒരു രീതിയില്‍ പ്രതി- മേധാവിത്വം എന്നായും മറ്റൊരു രീതിയില്‍ പ്രതിരോധമായി തന്നെയും അവസാനിക്കുന്നു. അതായത് ആദ്യത്തേതില്‍ അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതല്ലാതെ അടിച്ചമര്‍ത്തല്‍ മാറ്റമില്ലാതെ തുടരുകയും രണ്ടാമത്തേതില്‍ താല്കാലികമായ മാറ്റങ്ങള്‍ മാത്രം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥകളും തരണം ചെയ്യപ്പെടേണ്ടതായുണ്ട് എന്നതാണ് അടിസ്ഥാന പ്രശ്നം. അവിടെയാണ് പ്രതിരോധത്തിന്‍റെ മൂന്നാമത്തെ തലമായ പങ്കാളിത്തമെന്നതു പ്രസക്തമാകുന്നത്.

എഎസ്എയുടെ കാമ്പയിൻ പോസ്റ്റർ

പ്രതിരോധത്തിലൂന്നിക്കൊണ്ട് അധികാരം കൈയ്യാളുകയും സ്വതന്ത്രമായി തീരുമാനമെടുക്കുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ആനുപാതികമായ പങ്കുവെക്കലുകള്‍ സമത്വത്തിലേക്കു നയിക്കുന്നു. സമത്വം എന്നതുകൊണ്ട് വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം എന്നു വേണം മനസ്സിലാക്കാന്‍. വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോള്‍ത്തന്നെ പാര്‍ശ്വവത്കൃത ജനതയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാനുമാണു ബാബാസാഹിബ് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നത്. വരാനിരിക്കുന്ന ഭരണസംവിധാനത്തിനുള്ളില്‍ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും അതിനായി ദലിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം നല്‍കണമെന്നുമാണ് 1930 കളിൽ ബ്രിട്ടനില്‍ നടന്ന വട്ടമേശസമ്മേളനത്തില്‍ അദ്ദേഹം അവകാശമുന്നയിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മേധാവിത്വ ശക്തികളെ പ്രതിരോധിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായും പ്രതിരോധത്തിൽത്തന്നെ തുടരേണ്ടിയും വരുന്ന അവസ്ഥയില്‍ മാറ്റം വരണമെന്നുള്ള ചിന്തയാണ് പ്രാതിനിധ്യത്തിന്‍റെ പുതിയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നത്. അതായത്, ദലിതുകള്‍, ആദിവാസികള്‍, മുസ്ലിംവിഭാഗങ്ങള്‍, സ്ത്രീകള്‍ ,ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ സ്വത്വബോധത്തിലൂന്നി നിന്നുകൊണ്ട് തനതായ നേതൃത്വത്തിനു കീഴില്‍ സംഘടിക്കുകയും മറ്റു സാമൂഹ്യ- രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ഉറപ്പുവരുത്തുകയും ജനാധിപത്യമാര്‍ഗത്തിലൂടെ അധികാര പങ്കാളിത്തം നേടുകയും അതിലൂടെ മൂല്യാധിഷ്ഠിതമായ ഒരു സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മിതിക്കു ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് പങ്കാളിത്തത്തിന്‍റെ രാഷ്ട്രീയം ഉന്നം വെക്കുന്നത്. ഈയൊരു പുതിയ രാഷ്ട്രീയ തിരിച്ചറിവില്‍ നിന്ന് അതിന്‍റെ പ്രായോഗികത വിജയകരമായി പരീക്ഷിക്കാനും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എഎസ്എ യും മറ്റു ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കഴിഞ്ഞുവെന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യമായി നോക്കിക്കാണേണ്ടിയിരിക്കുന്നു.  പ്രതിരോധത്തില്‍ നിന്നു പ്രാതിനിധ്യത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കുന്നതിന് രണ്ടര പതിറ്റാണ്ടുകള്‍ വേണ്ടിവന്നു എന്നതൊരു വസ്തുതയാണ്. പ്രസ്ഥാനങ്ങളുടെ രൂപവത്കരണം, പ്രവര്‍ത്തനത്തിന്‍റെ രീതികള്‍, ഐക്യപ്പെടലിന്‍റെ കാരണങ്ങള്‍ എന്നിവ പരിശോധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ കാര്യക്ഷമമായി നോക്കിക്കാണുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടെ പോഷക സംഘടനകള്‍ക്കും പരാജയം സംഭവിച്ചിട്ടുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുകൂടി വേണം ഇതിനെ നോക്കിക്കാണാന്‍. ഈ പരാജയം കേവല പ്രായോഗികതയുടെ പ്രശ്നം മാത്രമല്ല, മറിച്ച് അവര്‍ മുറുകെ പിടിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ കൂടെ പോരായ്മയാണ്. ഈ സാഹചര്യത്തിലാണ് സ്വത്വബോധത്തിലധിഷ്ഠിതമായ ദലിത്-ബഹുജന്‍ മുന്നേറ്റം പ്രസക്തമാകുന്നത്. സ്വത്വരാഷ്ട്രീയത്തെ വിഘടനപരമായ പ്രത്യയശാസ്ത്രമായി വിവക്ഷിക്കുകയും അതേ സമയം ചെറിയ ഗ്രൂപ്പുകളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയുമാണ് മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ (അവരുടെ വിദ്യാര്‍ത്ഥി സംഘടനകളുടെയും) രീതി.

എ.എസ്.എ അല്പം ചരിത്രം

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാന പോരാട്ടങ്ങള്‍ സംഘടിത രൂപം നേടുന്നത്, 1993 ൽ അവിടെ ഗവേഷകനായിരുന്ന, ഇപ്പോള്‍ നാഗാര്‍ജുന യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോക്ടര്‍ രാജശേഖറിന്‍റെ നേതൃത്വത്തില്‍ എ.എസ്.എ രൂപവത്കരിക്കപ്പൈട്ടതോടെയാണ്. അക്കാലത്ത് ഒന്നാം തലമുറ ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമായിരുന്നു. ജാതി വിവേചനം, ക്ലാസ്സ്മുറിയിലും പുറത്തുമുള്ള ഒറ്റപ്പെടുത്തലുകള്‍, റാഗിങ്, ഭാഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ എന്നു തുടങ്ങി ശാരീരികമായ ഹിംസ വരെയും അവര്‍ അഭിമുഖീകരിക്കേണ്ടി വന്നു. അതോടൊപ്പം തന്നെ മറ്റു ചില ഘടകങ്ങളും ഈ സംഘടനാ രൂപവത്കരണത്തെ ത്വരിതപ്പെടുത്തി.

രണ്ടര പതിറ്റാണ്ടുകള്‍ക്കിപ്പുറം എ.എസ്.എ ഇന്ത്യയിലെ ദലിത്-ആദിവാസി-മുസ്ലിം മറ്റു പിന്നോക്ക വിഭാഗക്കാരുടെയും സമാനമനസ്കരായ ഇതര വിദ്യാര്‍ത്ഥികളുടെയും ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി മാറുകയാണ് ഉണ്ടായത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഇതര ദലിത് പ്രസ്ഥാനങ്ങളില്‍ നിന്നു് എഎസ്എ വിഭിന്നമാകുന്നത് അതിന്‍റെ സംഘടനശക്തികൊണ്ടു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കൊണ്ടും കൂടിയാണ്. നേതൃനിരയിലും എഎസ്എ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിച്ചിട്ടില്ല എന്ന വസ്തുതയും അതിനെ പിന്തുണച്ചു.

1. 1990 കളില്‍ മണ്ഡല്‍ കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് സംവരണം ഒബിസി വിഭാഗക്കാരിലേക്കു കൂടി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന സമരങ്ങളും വിദ്യാര്‍ത്ഥി സമൂഹത്തിൽ തന്നെയുള്ള സംവരണാനുകൂലികളും വിരുദ്ധരും തമ്മില്‍ നടന്ന ചര്‍ച്ചകളും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

2. ആന്ധ്രപ്രദേശില്‍ 1988 ൽ കാരംച്ചേടുവിലും 1991 ല്‍ ചൂണ്ടൂരിലും നടന്ന ദലിത് കൂട്ടക്കൊലകള്‍ യുവമനസ്സുകളുടെ ആത്മാഭിമാനബോധത്തെ പിടിച്ചുലക്കുക തന്നെ ചെയ്തു.

3. യൂണിവേഴ്സിറ്റിയില്‍ അക്കാലത്തു പ്രവര്‍ത്തിച്ചിരുന്ന വി.എസ്.യു എന്ന സംഘടന, ദലിത് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടു.

ഈ മൂന്നു കാരണങ്ങള്‍ ചേര്‍ന്നാണ് എഎസ്എ യുടെ രൂപവത്കരണത്തിലേക്കു നയിച്ചത്. 1991 നു ശേഷം, ബാബാസാഹെബ് അംബേദ്കറുടെ എഴുത്തുകളും പ്രസംഗങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതും ഇത്തരത്തില്‍ ഒരു സംഘടന രൂപനത്കരിക്കുന്നതിനു പ്രചോദനമേകി. ഈ കാലത്ത് അംബേദ്കറിസം പുതിയ പ്രത്യയശാസ്ത്രമായി ക്യാമ്പസുകളില്‍ പ്രചാരം നേടുകയും ചെയ്തു.

രണ്ടര പതിറ്റാണ്ടുകള്‍ക്കിപ്പുറം എ.എസ്.എ ഇന്ത്യയിലെ ദലിത്-ആദിവാസി-മുസ്ലിം മറ്റു പിന്നോക്ക വിഭാഗക്കാരുടെയും സമാനമനസ്കരായ ഇതര വിദ്യാര്‍ത്ഥികളുടെയും ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി മാറുകയാണ് ഉണ്ടായത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഇതര ദലിത് പ്രസ്ഥാനങ്ങളില്‍ നിന്നു് എഎസ്എ വിഭിന്നമാകുന്നത് അതിന്‍റെ സംഘടനശക്തികൊണ്ടു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കൊണ്ടും കൂടിയാണ്. നേതൃനിരയിലും എഎസ്എ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിച്ചിട്ടില്ല എന്ന വസ്തുതയും അതിനെ പിന്തുണച്ചു. ഇത്തരത്തില്‍ ഒരു വളര്‍ച്ച എഎസ്എ കൈവരിച്ചതിനു പിന്നില്‍ പലകാലത്തായി സംഘടനയുടെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥികളുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. 2002 ല്‍ പത്തിലേറെ എഎസ്എ പ്രവര്‍ത്തകരെ, ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ജാതിമനോഭാവത്തിനെതിരെ സമരം നടത്തിയതിനു സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

ഇതോടൊപ്പംതന്നെ മറ്റു ദലിത് ബഹുജന്‍ സംഘടനകളായ ഡിഎസ് യു, ബിഎസ്എഫ്, ടിഎസ്എഫ് മുതലായവയുടെ പ്രവര്‍ത്തനവും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഈ പ്രസ്ഥാനങ്ങളെല്ലാം തന്നെ അംബേദ്കറിസത്തില്‍ നിന്നു് ഊര്‍ജമുള്‍ക്കൊണ്ട് മറ്റു ദലിത്-ബഹുജന്‍ വിപ്ലവകാരികളുടെ സംഭാവനകള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുകയായിരുന്നെങ്കിലും ഇലക്ടറല്‍ പൊളിടിക്സില്‍ ഒരു കുടക്കീഴില്‍ അണിനിരക്കുവാനുള്ള  ശ്രമങ്ങള്‍ മിക്കപ്പോഴും പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നിരിക്കിലും ദലിതുകള്‍ വേട്ടയാടപ്പെടുമ്പോള്‍ ഒന്നിച്ചു നില്‍ക്കുവാനും പോരാടുവാനും കഴിഞ്ഞു എന്നതും യാഥാര്‍ത്ഥ്യമാണ്.

മാത്രമല്ല ദലിത്-ബുഹജന്‍ ജനതയുടെ വിസ്മൃതമാക്കപ്പെട്ട ചരിത്രത്തെ പുതുതലമുറക്കു പരിചയപ്പെടുത്താനും അയ്യന്‍കാളി, നാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍, ഇ.വി രാമസ്വാമി നായ്ക്കര്‍, ഇയോതിദാസ്, മഹാത്മാ ഫൂലെ, സാവിത്രി ബായ്, സാഹു മഹാരാജ്, ഗുരം ജോഷവ, ആലി മുസ്ലിയാർ തുടങ്ങിയ നേതാക്കളെ അവതരിപ്പിക്കാനും അവരുടെ സംഭാവനകളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സാധിച്ചു. രാജ്യമൊട്ടാകെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാൻ ഒന്നിലധികം ദലിത്-ബഹുജന്‍ സംഘടനകളുടെ നിലനില്‍പ്പുകൊണ്ടു സാധിച്ചു. രാഷ്ട്രീയ വിപ്ലവത്തിനു മുന്നോടിയായി നടക്കേണ്ട സാമൂഹ്യവിപ്ലവമായിത്തന്നെയാണ് ഇതിനെ നോക്കിക്കാണേണ്ടത്.

ദലിത്-ബഹുജന്‍ സംഘനടകള്‍ തിരഞ്ഞെടുപ്പുകളില്‍ വിഘടിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍, സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടി എസ്.എഫ്.ഐ യുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയാണ് എ.എസ്.എ ചെയ്തത്. ഈ സഖ്യം അധികാരത്തില്‍ വരികയും ചെയ്തു. എങ്കിലും കാവിയും ചുവപ്പും വ്യത്യസ്തമല്ല എന്ന തിരിച്ചറിവാണ്, ദലിത്-ബഹുജന്‍ സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ധനമായി തീര്‍ന്നത്.

ഇ.വി രാമസ്വാമി

ജാതിവെറിയുടെ ചുവന്ന അധ്യായങ്ങള്‍

2007 -ലാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ  രൂപവത്കൃതമാകുന്നത്. അതുവരെ യുഡിഎഫ് (യൂണിവേഴ്സിറ്റി ഡിസ്കഷന്‍ ഫോറം) എന്ന പ്ലാറ്റ്ഫോമിലാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2006 ലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എഎസ്എ- യുഡിഎഫ് സഖ്യം മത്സരിച്ചപ്പോള്‍, എഎസ്ഐ യുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി മാത്രം പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ കാവിയും ചുവപ്പും രണ്ടല്ല എന്ന തിരിച്ചറിവു ശക്തിപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ എബിവിപി അധികാരത്തില്‍ വരികയായിരുന്നു പതിവ്. നിരന്തരമായ എബിവിപിയുടെ വിജയത്തിനു വിഘാതമാവുന്നത് 2010-11 അധ്യയന വര്‍ഷത്തില്‍ എഎസ്എ- എസ്എഫ്ഐ സഖ്യം അധികാരത്തിലേറുന്നതോടെയാണ്. ആദ്യവര്‍ഷം (2010-11) പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എസ്എഫ്ഐ മത്സരിക്കുകയും തൊട്ടടുത്ത വര്‍ഷം (2011-12) ഇതേ സ്ഥാനങ്ങളിലേക്ക് എഎസ്ഐ മത്സരിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായാണ് ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തില്‍ ആദ്യമായി അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഒരു ദലിത് വിദ്യാര്‍ത്ഥി പ്രസിഡന്‍റ് ആയി അധികാരത്തിലേറുന്നത്. സാധാരണ ഗതിയില്‍ ദലിതരെ ഗുണ്ടകളായും പാര്‍ട്ടി അടിമകളായും ഉപയോഗിച്ചു മാത്രം പരിചയമുള്ള എസ്എഫ്ഐക്ക്, യൂണിവേഴ്സിറ്റി കണ്ട ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച പ്രസിഡന്‍റുമാരില്‍ ഒരാളായ ദൊന്ത പ്രശാന്ത് എന്ന ദലിത് വിദ്യാര്‍ത്ഥി  നേതാവിന്‍റെ വളര്‍ച്ചയും ക്രിയാത്മകമായ ഇടപെടലുകളും കുറച്ചൊന്നുമല്ല ആശങ്ക ഉണ്ടാക്കിയത്. യൂണിവേഴ്സിറ്റിയിലെ വ്യവസ്ഥാപിത കൊലപാതകത്തിനു വിധേയരായ സെന്തില്‍-ബാലാജി എന്നിവരുടെ പേരില്‍ നടത്തിവരുന്ന ടൂര്‍ണമെന്‍റ് തുടങ്ങിയത് പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു.

2012-13 അധ്യയന വര്‍ഷത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ചര്‍ച്ചകളില്‍ തങ്ങള്‍ക്കു സീറ്റ് കൂടുതല്‍ വേണമെന്നുള്ള എസ്എഫ്ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് എഎസ്ഐ- എസ്എഫ്ഐ സഖ്യം തകര്‍ന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റ് നേടി എസ്എഫ്ഐ ഒറ്റക്ക് അധികാരത്തിലേറുകയും ചെയ്തു. ഈ വര്‍ഷങ്ങളില്‍ എസ്എഫ്ഐ തങ്ങളുടെ ജാതിവെറിയുടെ മുഖമാണ് യൂണിവേഴ്സിറ്റിയില്‍ കാഴ്ച വെച്ചത്. ഇലക്ഷന്‍ ക്യാമ്പയിനുകളില്‍ ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളെ വിഘടനവാദികളായും ഗുണ്ടകളായും ജാതിവാദികളും പുരുഷ മേധാവിത്വക്കാരുമായാണ് എസ്എഫ്ഐ മുദ്ര കുത്തിയിരുന്നത്. എബിവിപി അധികാരത്തില്‍ വരാതിരിക്കാന്‍ തങ്ങള്‍ മാത്രമാണ് ഒരു ബദല്‍ എന്ന ധാരണ പരത്തുകയും മുസ്ലീം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയമായി ഉപോയഗിക്കുകയുമാണ് അവർ ചെയ്തിരുന്നത്.

2012 ല്‍ എസ്എഫ്ഐ അധികാരത്തിലുള്ള കാലയളവിലാണ് ദലിത് വിദ്യാര്‍ത്ഥി പുലയാല രാജു വ്യവസ്ഥാപിത കൊലയ്ക്ക് (institutional murder  നു) ഇരയാകുന്നത്.  മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസത്തില്‍പ്പോലും രാജു തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അഡ്മിനിസ്ട്രേഷന്‍ ബില്‍ഡിങ് കയറി ഇറങ്ങുന്നുണ്ടായിരുന്നു. “Depression, depression, depression kills me every day”
എന്നായിരുന്നു രാജു അവസാനമായി കുറിച്ചിട്ട വാക്കുകള്‍, രാജുവിന്‍റെ മരണ ദിവസം രാത്രിയിലുടനീളം ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളും മറ്റു സമാന മനസ്കരായ വിദ്യാര്‍ത്ഥികളും സമരത്തിലായിരുന്നു. അന്നത്തെ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഭാരവാഹികളും എസ്.എഫ്.ഐയുടെയും എ.ബി.വി.പി യുടെയും ഭാരവാഹികളും ആ സമരത്തിൽ പങ്കെടുത്തില്ല. എന്നുമാത്രമല്ല, മൃതദേഹത്തോടു പോലും അയിത്തം കാണിക്കുകയാണ് ഉണ്ടായത്. യൂണിവേഴ്സിറ്റിയുടെ വാര്‍ഷിക കാര്‍ണിവലായ സ്കൂണിനുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ പുലയാല രാജുവിന്‍റെ ആത്മഹത്യ, പ്രണയ നൈരാശ്യം കൊണ്ടാണെന്നും ഇതിനെ ദലിത്-ബഹുജന്‍ സംഘടനകള്‍ ജാതി രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും പ്രചരിപ്പിച്ചു. പ്രൊഫ.ശജീഷ് ഹെഗ്ഡെ തലവനായ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍ മറിച്ചായിരുന്നു. പുലയാല രാജു മരിക്കുന്നത് അക്കാദമിക് ഇടങ്ങളില്‍ നിലനിന്നിരുന്ന വിവേചനം കൊണ്ടാണെന്ന ആരോപണത്തെ ശരിവെക്കുന്നതായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

2013 ല്‍ മദാരി വെങ്കിടേഷ് എന്ന ദലിത് വിദ്യാര്‍ത്ഥി മരണപ്പെടുമ്പോഴും തങ്ങളുടെ അടവുനയമാണ് എസ്എഫ്ഐ പയറ്റിയത്. ക്യാംപസിനുള്ളിലെ പീഡനങ്ങള്‍ക്കു  വിധേയരായി ദലിത് വിദ്യാര്‍ത്ഥികള്‍ നിരന്തരം മരണത്തിന് ഇരയാകുന്ന സാഹചര്യത്തില്‍, ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ , രാജു -വെങ്കിടേഷ് സോളിഡാരിറ്റി കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍, അതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് എസ്എഫ്ഐ ചെയ്തത്.

2013 ല്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റി ഏര്‍ലി എന്‍ട്രന്‍സ് എക്സാമിനേഷന്‍ നടപ്പിലാക്കി. ഈ തീരുമാനം പല രീതിയിലും ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഒന്നായിരുന്നു. അതിനെതിരെ ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി സമരം നടത്തിയപ്പോള്‍ എസ്എഫ് ഐ ഉറക്കം നടിക്കുകയായിരുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പലരീതിയിലുള്ള സമരങ്ങള്‍ക്കു ശേഷമാണ് ഏര്‍ലി എന്‍ട്രന്‍സ് എക്സാമിനേഷന്‍ പിന്‍വലിച്ചത്.

ഏര്‍ളി എന്‍ട്രന്‍സ് എക്സാമിനേഷനു ശേഷം ഏര്‍ലി അഡ്മിഷന്‍ നടത്തിയ സമയത്ത്, മറ്റു യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ച 520 ഓളം വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റദ്ദു ചെയ്തു. 490 ല്‍ പ്പരം സീറ്റുകളില്‍ അഡ്മിഷന്‍ നടത്താതെ കിടന്ന ആ വര്‍ഷം ഒബിസി സംവരണ സീറ്റുകളില്‍ ഭൂരിഭാഗവും ശൂന്യമായിത്തന്നെ അവശേഷിച്ചു. ഇതിനെതിരെ എഎസ്എ കാമ്പസ് ബന്ദ് നടത്തുകയും അഡ്മിഷന്‍ ഒരു മാസത്തേക്കു കൂടി നീട്ടി വെപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എസ്.എഫ്.ഐ കുറ്റകരമായ മൗനം പാലിച്ചു എന്നതാണു യാഥാര്‍ത്ഥ്യം.

ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ യുഡിഎ (യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ്) രൂപവത്കരിച്ച ആദ്യ വര്‍ഷം മണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥിയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞു. സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പ്രഥമ മീറ്റിങ്ങില്‍ മണികണ്ഠനെ എസ്എഫ്ഐ നേതാക്കള്‍ അപമാനിക്കുകയും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഈ സംഭവം ബി.എസ്.എഫ്- എസ്.എഫ്.ഐ സംഘട്ടനത്തിനു വഴിതെളിച്ചു. അംഗസംഖ്യയില്‍ കൂടുതലുള്ള എസ്എഫ്ഐ ക്കാര്‍ ബി.എസ് എഫുകാരെ ക്രൂരമായി തല്ലിച്ചതക്കാന്‍ മടി കാണിച്ചിരുന്നില്ല. മാത്രമല്ല, വര്‍ഗസമരത്തിന്‍റെ വക്താക്കളായ ഇടതുപക്ഷ സംഘടനങ്ങള്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ എസ്.സി/എസ്.ടി പീഡന നിരോധന നിയമം ഉപയോഗിച്ച് പാര്‍ട്ടി ദലിത്-ആദിവാസി വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി കേസ് കൊടുക്കാറാണു പതിവ്. അത്തരത്തില്‍ തന്നെയാണ് എസ്.എഫ്ഐ.-ബി.എസ്.എഫ് സംഘട്ടനവും ഒത്തുതീര്‍പ്പാക്കുന്നത്. എസ്.എഫ്.ഐ അധികാരത്തിലിരിക്കുമ്പോള്‍ ആക്രമണം അഴിച്ചിവിടുന്നതിന്‍റെ മറ്റൊരുദാഹരണമാണ് 2014 ല്‍ യൂണിവേഴ്സിറ്റി കാര്‍ണിവലായ സുകൂണ്‍ നടത്തുമ്പോള്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ എസ്എഫ്ഐയുടെ ആക്രമണം.. എ.എസ്.എ ഈ കേസുകളില്‍ ശക്തമായി ഇടപെടുകയും എസ്.എഫ്.ഐയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ യൂണിവേഴ്സിറ്റി ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അധികാരം നേടാനുള്ള വ്യഗ്രതയില്‍ സംഘടനയില്‍ രാത്രിയും പകലുമെന്നില്ലാതെ പണിയെടുക്കുന്നവരെ തഴയുകയും അതേസമയം സവര്‍ണ വിദ്യാര്‍ത്ഥികളെ, അവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെങ്കില്‍പ്പോലും മത്സരിപ്പിക്കുകയും ചെയ്യാൻ എസ്.എഫ്.ഐ മടികാണിച്ചിട്ടില്ല. 2014-15 ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ച സൂര്യപ്രതാപ് സിങ്, 2015-16 ല്‍ മത്സരിച്ചു ജയിച്ച രാജു കുമാര്‍ സാഹു തുടങ്ങിയവര്‍ ഇലക്ഷനു ശേഷം തങ്ങളുടെ മാതൃസംഘടനകളിലേക്കു തിരിച്ചു പോകുകയായിരുന്നു.

എസ്.എഫ്.ഐ ക്കാര്‍ അധികാരത്തില്‍ വന്ന രണ്ടു വര്‍ഷങ്ങളിലും (2012-2013, 2013-2014) അവരുടെ പക്കല്‍നിന്നുണ്ടായ ദലിത്-ബഹുജന്‍ ധ്വംസനങ്ങള്‍ കാവിയും ചുവപ്പും രണ്ടല്ല എന്നു വീണ്ടും തെളിയിച്ചു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പച്ചപ്പുല്‍ത്തകിടിയിലെ പച്ചപ്പാമ്പിനെ പോലെയാണ് എന്ന കാന്‍ശിറാമിന്‍റെ നിരീക്ഷണം ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തിലും ശരിയാണെന്നുള്ള തിരിച്ചറിവാണ് തനതായ നേതൃത്വത്തിനു കീഴില്‍ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു വഴി തെളിച്ചത്.

യു.ഡി.എ  (A pen to write the failure)

2010 -2011, 2011-12 അധ്യയന വര്‍ഷങ്ങളില്‍ എ.എസ്.എ – എസ്.എഫ്.ഐ സഖ്യം തകര്‍ന്ന ശേഷം 2012-13, 2013-14 അധ്യയന വര്‍ഷങ്ങളില്‍ എസ്.എഫ്.ഐ ഏകപക്ഷീയമായി അധികാരത്തില്‍ വരികയും തുടര്‍ന്ന് ദുര്‍ഭരണം കാഴ്ചവെക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തിന്‍റെ രാഷ്ട്രീയ മാതൃകയില്‍ യുഡിഎ രൂപപ്പെടുന്നത്. No left, No right only UDA , UDA is a pen to write history എന്നതായിരുന്നു പുതിയ മുന്നണിയുടെ മുദ്രാവാക്യം. 2013-2014 യുഡിഎ യുടെ ആദ്യമത്സരത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിലും 2014-15 ഇലക്ഷനില്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ  ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തില്‍ വരികയാണ് ഉണ്ടായത്.

ദലിതര്‍, ആദിവാസികള്‍, മുസ്ലിം വിഭാഗക്കാര്‍, സ്ത്രീകള്‍ തുടങ്ങിയ ഇന്ത്യയിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവര്‍ സ്വത്വബോധത്തില്‍ ഊന്നിനിന്നുകൊണ്ട് തനതായ നേതൃത്വത്തിനു കീഴില്‍ സംഘടിക്കുകയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ധാര്‍മികമായ പിന്തുണ ഉറപ്പു വരുത്തുകയും ജനാധിപത്യത്തിന്‍റെ മാര്‍ഗത്തിലൂന്നി നിന്നുകൊണ്ട് അധികാര പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് അവർ ചെയതത്. ഇതിലൂടെ സ്വത്വരാഷ്ട്രീയമെന്നത് ആശയപരമായ സമഗ്രത കൈവരിക്കുന്നതിന്‍റെയും പ്രായോഗികതയുടെയും തലത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. സ്വത്വബോധമെന്നത് വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ, നീതിയുക്തമായി ഇഴചേര്‍ക്കുവാനുള്ള മാര്‍ഗമാണ്. അതിലൂടെ രാഷ്ട്രീയാധികാരം കയ്യാളുമ്പോള്‍ ‘പഠിക്കുക, പോരാടുക, സംഘടിക്കുക’ എന്ന ബാബാസാഹെബ് അംബേദ്കറുടെ ഉത്ബോധനത്തെ ഉള്‍ക്കൊള്ളുകയും പ്രായോഗികമാക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

രോഹിത് വെമുല എഎസ്എയിലേക്ക്

എസ്ഐഒ, എംഎസ്എഫ് എന്നീ സംഘടനകളുടെ രൂപവത്കരണവും ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിലെ ഇടപെടലുകളുമാണ് രോഹിത് വെമുലയെ എഎസ്എയില്‍ എത്തിച്ചത്. തന്‍റെ പരിവര്‍ത്തനത്തെ രോഹിത് വെമുല ഇപ്രകാരമാണ് അടയാളപ്പെടുത്തിയത്: “ജാതി, വര്‍ഗം, ലിംഗം ഇവയുടെ മര്‍ദ്ദനാത്മകമായ ഘടകങ്ങളുമായുള്ള കെട്ടുപാടുകള്‍ നിലനിര്‍ത്തിക്കൊണ്ട് വരേണ്യ സമൂഹം ലജ്ജയില്ലാതെ പ്രകടിപ്പിക്കുന്ന കപടമായ ഭാഷണം തുറന്നു കാണിക്കുകയും അതിനെ വെല്ലുവിളിക്കുകയുമാണ് എന്‍റെ ലോക വീക്ഷണത്തിന്‍റെ പ്രധാന ലക്ഷ്യം. ഇനിമുതല്‍ ബാബാസാഹെബ് അംബേദ്കര്‍ അഭിലഷിച്ചതുപോലുള്ള ഒരു സമൂഹത്തെ ഞാന്‍ സ്വപ്നം കാണുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.”

ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വത്വബോധത്തിലൂന്നി നിന്നുകൊണ്ടുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതു വിഘടനപരമാണെന്നു കുറ്റപ്പെടുത്തുന്നതോടൊപ്പം പ്രസ്തുത കൂട്ടായ്മയെ രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ക്ക് ഉപയോഗിക്കുകയാണു കമ്മ്യൂണിസ്റ്റുകാരുടെ രീതി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിഘടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ നിന്നു് പ്രസ്ഥാനങ്ങള്‍ക്ക് അതീതമായ ഒരു കൂട്ടായ്മയിലേക്കു (യുഡിഎ) വന്നുചേരുമ്പോള്‍ ,അത് അംബേദ്കറിസം മുന്നോട്ടെടുക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ പ്രായോഗികതലത്തിലേക്കുള്ള ചലനമാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെയായിരിക്കാം മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നു ഭിന്നമായി, സ്വന്തം ലോകവീക്ഷണത്തില്‍ ഇനിമുതല്‍ ബാബാസാഹേബ് അംബേദ്കര്‍ അഭിലഷിച്ചതുപോലുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുകയും അതിനായി എഎസ്എ യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് രോഹിത് വെമുല പറയുന്നത്. ദലിത്-ബഹുജന്‍ വിഭാഗങ്ങളുടെ പ്രശ്നം പരിഹരിക്കുവാന്‍ പര്യാപ്തമല്ലാത്ത പ്രസ്ഥാനങ്ങളില്‍നിന്നു് അകന്നു നില്‍ക്കുക  എന്നത് വിപ്ലവകരമായ തീരുമാനമാണ്.

എബിവിപിയും ഹിംസാത്മക രാഷ്ട്രീയവും

ഭാഗഭാഗിത്വത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും പുതിയ തലത്തിലേക്കുള്ള ദലിത്-ബഹുജന്‍ സംഘടനകളുടെ ചലനം സാധ്യമാക്കുന്നതിന് നിര്‍ണായകമായ പങ്കുവഹിക്കുന്നതിനു കാരണമായ ദലിത്-മുസ്ലിം  സാമുദായിക ഐക്യം യൂണിവേഴ്സിറ്റിയില്‍ സംജാതമായത് യുഡിഎ അധികാരത്തില്‍ വന്നതിന്‍റെ തൊട്ടടുത്ത അധ്യയന വര്‍ഷാരംഭത്തിലാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ‘മുസഫര്‍നഗര്‍ അബ് ബാക്കി ഹെ’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം എബിവിപിക്കാര്‍ അലങ്കോലപ്പെടുത്തിയതിനെതിരെ ദേശവ്യാപകമായി ആഹ്വാനം ചെയ്യപ്പെട്ട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഎസ്എ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും സമരം നടത്തുകയുണ്ടായി. മാത്രമല്ല പ്രസ്തുത ഡോക്യുമെന്‍ററി യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതില്‍ അരിശം പൂണ്ടാണ് “എഎസ്എ തെമ്മാടികള്‍ തെമ്മാടിത്തത്തെപ്പറ്റി പറയുന്നു” എന്ന വിവാദപരമായ പരാമര്‍ശം അന്നത്തെ എബിവിപി നേതാവായ സുശീല്‍ കുമാര്‍ നടത്തുന്നത്. പ്രസ്തുത ദിവസം രാത്രിയില്‍ എഎസ്എ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ മാപ്പ് എഴുതിവാങ്ങി പ്രശ്നം ഒത്തു തീര്‍പ്പിലെത്തിച്ചു.

എന്നാല്‍ പിറ്റേ ദിവസം രാവിലെ, എഎസ്എ പ്രസിഡന്‍റ് അശോക് കുമാര്‍, മുന്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റുമാരായ വിന്‍സെന്‍റ് ബെന്നി,ദൊന്ത പ്രശാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു  പോകുകയായിരുന്നു. യൂണിവേഴ്സിറ്റി അധികൃതരുടെ അറിവോ അനുവാദമോ കൂടാതെയാണ് ഈ അറസ്റ്റുണ്ടായത്. ഇതിനുശേഷമാണ് സുശീല്‍ കുമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച പരാതി കൊടുക്കുന്നതും. ഈ പരാതിയിന്മേലാണ് പോലീസ് ദലിത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലാ ക്യാംപസിനുള്ളിലെ ദലിത് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിനെച്ചൊല്ലി  എഎസ്എ പ്രവര്‍ത്തകര്‍ സമരം നടത്തുകയും മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനു് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുന്നതിലേക്കു നയിച്ച  കാര്യങ്ങളെ അന്വേഷണ വിധേയമാക്കണമെന്നും എബിവിപി പ്രസിഡന്‍റിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു നടന്ന സമരം അവസാനിച്ചത് അറസ്റ്റ് ചെയ്യപ്പെട്ട  വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയ ശേഷമാണ്.

പ്രോക്ടോറല്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചതിനു യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. എന്നുമാത്രമല്ല, സുശീല്‍ കുമാര്‍ അപ്പെന്‍ഡിസൈററിസ് ശസ്ത്രക്രിയക്കാണു വിധേയനായതെന്നും മനസ്സിലായി. സ്ഥിതിഗതികള്‍ ഇങ്ങനെയാണെങ്കിലും എഎസ്എ യുടെ അഞ്ചു  പ്രവര്‍ത്തകരെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്യാനാണു തീരുമാനിച്ചത്. മാത്രമല്ല പ്രോക്ടേറല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജാതിയുടെയും മതത്തിന്‍റെയും പ്രത്യയശാസ്ത്ര കേന്ദ്രീകൃതമായിരിക്കുന്നു എന്ന പരാമർശവുമുണ്ടായിരുന്നു. ഈ മാറ്റം യൂണിവേഴ്സിറ്റിയിലെ അക്കാദമികവും സാമൂഹികവുമായ വ്യവഹാരങ്ങളെ തകര്‍ക്കുക തന്നെ ചെയ്യുമെന്നും പ്രസ്തുത സംഘടനകളെ നിരോധിക്കണമെന്നും റിപ്പോർട്ട് എടുത്തു പറയുന്നു. പ്രതിരോധത്തില്‍ നിന്നു പ്രാതിനിധ്യത്തിലേക്കുള്ള ദലിത്-ബഹുജന്‍ സംഘടനകളുടെ മുന്നേറ്റത്തെ തടയുവാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നതിന്‍റെ സാക്ഷിപത്രമാണ് ഈ റിപ്പോര്‍ട്ട്.

വൈരുധ്യങ്ങള്‍ മുഴച്ചു നിന്ന ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയുള്ള ദലിത് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേക്ക് ക്യാമ്പസ്സിനെ നയിച്ചു. തുടര്‍ന്ന് അന്നത്തെ വൈസ് ചാന്‍സിലര്‍ പി. യു ശര്‍മ്മ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും പുതിയ അന്വേഷണത്തിനു് ഉത്തരവിടുകയും ചെയ്തു. പക്ഷേ, പൊടിലെ അപ്പാറാവു പുതിയ വൈസ് ചാന്‍സിലര്‍ ആയി ചുമതലയേറ്റതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 2002 ല്‍ 10 ദലിത് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ചുമുതലയേറ്റതോടെ, പുതിയ അന്വേഷണത്തിനു പകരം യൂണിവേഴ്സിറ്റിയിലെ ഉന്നത അധികാര സമിതിയായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ , പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ പുനരവലോകനം ചെയ്യുകയാണുണ്ടായത്. ശിക്ഷയിളവു വരുത്തുക എന്ന വ്യാജേന സാമൂഹ്യ വിലക്കുകള്‍ അടിച്ചേല്പിക്കുകയായിരുന്നു ഇതിന്‍റെ ഫലം.

കടപ്പാട്: മുബഷിർ ഹമീദ്

 

പങ്കാളിത്തത്തിന്‍റെ രാഷ്ട്രീയം

രോഹിത് വെമുലയുടെ നീതിക്കു വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ ,യൂണിവേഴ്സിറ്റി പലപ്പോഴായി ഇറക്കിയിരിക്കുന്ന ഒട്ടേറ സര്‍ക്കുലറുകളുണ്ട്.  ഇവിടുത്തെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യാന്‍ ഉന്നം വെക്കുന്ന സര്‍ക്കുലറുകളാണ് അവ. അവയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നിയമപരമായി പബ്ലിക് ഗാതറിങ് പാടില്ല. അതായത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രാഷ്ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സമരം ചെയ്യുന്നതിനോ കൂട്ടംകൂടാൻ പാടില്ല. നേരെമറിച്ച് യൂണിവേഴ്സിറ്റിയുടെ അനുമതിയോടുകൂടി ഇന്‍ഡോര്‍ പ്രോഗ്രാമുകള്‍ നടത്താം. യൂണിവേഴ്സിറ്റി അനുവദിച്ചു തന്നിരിക്കുന്ന മൈതാനമുണ്ട്. നിയമങ്ങള്‍ ഇവര്‍ സര്‍ക്കുലര്‍ വഴി ഇറക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി അഡ്മിന്‍ ബില്‍ഡിങ് അടച്ചിട്ടുള്ള സമരവും പാടില്ല, അതില്‍ ജോലി ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൂടാ തുടങ്ങി ആറോ ഏഴോ സര്‍ക്കുലറുകള്‍ ഇതിനകം വന്നിട്ടുണ്ട്. ആ സര്‍ക്കുലറുകള്‍ വന്നശേഷം കഴിഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റിനും എഎസ്എ യുടെ  ആക്ടിവിസ്റ്റുകളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സമരം ചെയ്യുന്ന സമയത്ത് പല തവണ യൂണിവേഴ്സിറ്റി ഷോകോസ് നോട്ടീസ് അയച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിലെ നിയമാവലികള്‍ ലംഘിക്കുന്നപക്ഷം കര്‍ക്കശമായ നടപടികള്‍ എടുക്കും എന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് നിരന്തരം ഷോകോസ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സ്റ്റുഡന്‍റ്സ് യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്രാക്ക് ചെയ്യാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം അഡ്മിനിസ്ട്രേറ്റീവ് സൈഡില്‍ നിന്നുണ്ടാവുന്നു എന്നതാണ് പുതിയ ഡവലപ്മെന്‍റ്. ഈ വര്‍ഷം പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം അഫിഡവിറ്റില്‍ ഒപ്പിടീക്കാനുള്ള ശ്രമമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനെതിരെ സമരം ചെയ്യില്ല എന്നാണ് അഫിഡവിറ്റില്‍ പറഞ്ഞിരുന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയെ വ്യത്യസ്തമാക്കുന്നത് ദലിത് ബഹുജന സംഘടനകളുടെ ക്രിയാത്മകമായ ഇടപെടലുകളാണ്. ഒരു വശത്ത് ഇവിടെയുണ്ടാവുന്ന മുന്നേറ്റങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നു. മറ്റൊരു വശത്ത് ജനാധിപത്യപരമായ ഇടപെടലുകള്‍ക്കു തന്നെ സാധ്യതകളില്ലാതാക്കാനുള്ള ശ്രമവും നടക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എസ്.എഫ്.ഐ നയിക്കുന്ന സഖ്യമാണ് അധികാരത്തിലുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം യു.എസ്.എസ്.ജെ എന്നും അതിനു മുന്‍ വര്‍ഷം ദലിത് ആദിവാസി ലെഫ്റ്റ് യൂണിറ്റി എന്ന സഖ്യവുമായിരുന്നു. ഈ രണ്ടു വര്‍ഷവും അഡ്മിനിസ്ട്രേഷന്‍റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കുന്നതിനോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ റദ്ദു ചെയ്യിപ്പിക്കുന്നതിനോ സ്റ്റുഡന്‍റ്സ് യൂണിയനു കഴിയാതെ വന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്.

ഈയൊരു സാഹചര്യത്തില്‍ യൂണിവേഴ്സിറ്റിയിലെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കുള്ള വേണ്ടിയുള്ള സാധ്യതകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തിലൂന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടെയും ധാര്‍മികമായ ഉത്തരവാദിത്തം എന്ന രീതിയില്‍ ഈ പ്രശ്നങ്ങളെ സമീപിക്കേണ്ടതുമുണ്ട്. വിശാലസഖ്യം എന്ന ആശയത്തിന്റെ പ്രസക്തിയും അതുതന്നെയാണ്.

◾️

പങ്കാളിത്തത്തിന്‍റെ പുതുരാഷ്ട്രീയത്തെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്ന പ്രബന്ധത്തിന്‍റെ ചില ഭാഗങ്ങളാണിത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും എഎസ്എയുടെ മുന്‍പ്രസിഡന്‍റുമാണ് ലേഖകന്‍. ഇപ്പോള്‍ സംഘടനയുടെ അഡ്വൈസറി കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു. 

Top