ഹാദിയ കേസും മാറുന്ന രാഷ്ട്രീയ വ്യവഹാരങ്ങളും

January 23, 2018

ഹാദിയ കേസ് ഉണ്ടാക്കിയ രാഷ്ട്രീയ വ്യവഹാരങ്ങളുടെ വായനയാണ് ഈ ലേഖനം. ഹാദിയയുടെ നീതിക്കുവേണ്ടിയുള്ള സമരം, വ്യത്യസ്തമായ മുസ്ലിം രാഷ്ട്രീയ കർതൃത്വവും പുതിയ ജനാധിപത്യ മുന്നണികളും സാധ്യമാക്കിയതായി ലേഖകൻ വിലയിരുത്തുന്നു

മുസ്ലിം പുരോഹിതന്‍മാര്‍ പ്രഭാഷണം തുടങ്ങന്നതിനു മുന്‍പ് ഇപ്രകാരം പറയാറുണ്ട്: ‘ദൈവത്തെ സൂക്ഷിച്ചു ജീവിക്കാന്‍ എന്നോടെന്ന പോലെ നിങ്ങളോടും ഒസ്യത്ത് ചെയ്യന്നു’. പ്രഭാഷകന്‍െറ ഇന്‍റഗ്രിറ്റി ശ്രോതാക്കളെ ബോധ്യപ്പെടുത്താന്‍ ഇത് ഉപകരിക്കും എന്നാണു പറയുന്നത്.ഏതാണ്ട് ഇതേ അവസ്ഥയിലാണു് കേരളത്തിലെ മുസ്ലിംകളും അവരുമായി ബന്ധപ്പെട്ട ഇഷ്യൂസില്‍ അനുകൂല നിലപാടു സ്വീകരിക്കുന്നവരും. ആഗോളതലത്തില്‍ ഐ. എസി നെയും ഇന്‍ഡ്യയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും കേരളത്തില്‍, മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതിനെയും അപലപിക്കുന്നുവെന്നു സത്യവാങ്മൂലം നല്‍കിയതിനു ശേഷമേ അഭിപ്രായം പറയാവൂ. അല്ലാത്തപക്ഷം അവരുടെ അഭിപ്രായ സ്വാതന്ത്ര്യം റദ്ദു ചെയ്യപ്പെടും. ‘സുഡാപ്പി’, ‘തീവ്രവാദി’ തുടങ്ങിയ പട്ടങ്ങളും ചാര്‍ത്തിത്തരും.

ഷെഫിൻ ജഹാനും ഹാദിയയും

ഹാദിയാകേസിന്‍െറ മൂന്നാം കാണ്ഡത്തിലേക്കു കടക്കുമ്പോള്‍ ഓണ്‍ലൈനിലും ഓഫ്-ലൈനിലും മാധ്യമങ്ങളിലും നടക്കുന്ന ഓഡിറ്റ് ഇതേ ദിശയിലുള്ളതാണ്: ‘ഹാദിയാക്കേസ് വഷളാക്കിയതു ‘സുഡാപ്പി’കളുടെ ഇടപെടലും എടുത്തുചാട്ടവുമാണ്; പിന്നെ കോടതിയെ കബളിപ്പിക്കാന്‍ നടത്തിയ നിഗൂഢ വിവാഹവും.’ ഹാദിയാ കേസ് രണ്ടു പ്രാവശ്യം ഹൈക്കോടതി തീര്‍പ്പാക്കിയതാണെന്നും രണ്ടാം പ്രാവശ്യം കേസ് തീര്‍പ്പാക്കുമ്പോള്‍ ഹാദിയയുടെ ‘അണ്‍മാരീഡ് സ്റ്റെയ്റ്റസ്’ നിലനിര്‍ത്തണമെന്ന അച്ഛന്‍െറ ആവശ്യം കോടതി നിരാകരിച്ചതാണെന്നും അറിയാത്തവരല്ല ഇത്തരം ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ചലോ കേരള മാർച്ച്

സാധാരണ ഗതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, വ്യക്തിയെ കോടതിയില്‍ ഹാജരാക്കുന്നതോടെ അവസാനിക്കേണ്ടതാണ്. അതിനപ്പുറത്തേക്കു കാര്യങ്ങള്‍ പോയിട്ടുണ്ടെങ്കില്‍ അതു തികച്ചും അസ്വാഭാവികമാണ്. അതുകൊണ്ടാണ് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്കു കഴിയുമോ എന്നു സുപ്രീം കോടതിക്കു ചോദിക്കേണ്ടി വന്നത്. പ്രണയം, വിവാഹം, ലൈംഗികത ഇതെല്ലാം വ്യക്തിയുടെ സ്വകാര്യതകളാണ് . അതില്‍ ഇടപെടുന്നതില്‍ കോടതികള്‍ക്കു പരിമിതികളുണ്ട്. കുറ്റവാളികള്‍ക്കു പോലും ദാമ്പത്യ ജീവിതം നിഷേധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല.

  • പ്രതിഷേധിക്കാനുള്ള അവകാശം ആർക്കാണ്?

എന്നാല്‍ നീതിപീഠത്തിന്‍െറ അമിതാധികാര പ്രയോഗത്തെ പ്രശ്നവല്‍കരിക്കുന്നതിനു പകരം കോടതിവിധിയുടെ നീതിരാഹിത്യം ചുണ്ടിക്കാണിച്ചു പ്രതിഷേധിച്ചവരെ കുഴപ്പക്കാരായി ചിത്രീകരിക്കാനാണു് ചില മുസ്ലിം സംഘടനകളും ഒപ്പം ചില ഇടതു മതേതര ലിബറലുകളും ശ്രമിച്ചത്.

ഹൈകോടതി മാർച്ച്, മുസ്ലിം ഏകോപന സമിതി

അവരുടെ വാദഗതികള്‍ എന്തൊക്കെയാണ്?: “നിഗൂഢമായി വിവാഹം നടത്തി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി മാര്‍ച്ച് നടത്തി കോടതിയെ പ്രകോപിപ്പിച്ചു.” ഹാദിയയുടെ ‘അണ്‍മാരീഡ് സ്റ്റെയ്റ്റസ്’ സംബന്ധിച്ച കേസായിരുന്നില്ല കോടതി പരിഗണിച്ചിരുന്നത്. കേരളാ ഹൈക്കോടതിയിലേക്കു നടന്ന ആദ്യത്തെ പ്രതിഷേധ മാര്‍ച്ചായിരുന്നില്ല അത്. കോടതി വിധികള്‍ വിമര്‍ശിക്കപ്പെടുന്നതും ആദ്യമായല്ല. പണക്കിഴിയുടെ കനം നോക്കിയാണു കോടതികള്‍ വിധിപറയുന്നത് എന്നു പറഞ്ഞതു സി പി എം നേതാവ് പാലോളി മുഹമ്മദു കുട്ടിയാണ്. പിന്നീടു മാപ്പു പറഞ്ഞു തടിയൂരി. പാതയോര പൊതുയോഗങ്ങള്‍  നിരോധിച്ചു വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയെ ‘ശുംഭന്‍’ എന്നു വിളിച്ചതിന്‍െറ പേരില്‍  ശിക്ഷ ഏറ്റുവാങ്ങിയ ആളാണു സി പി എം നേതാവ് എം വി ജയരാജന്‍. അപ്പോള്‍പ്പിന്നെ എസ് ഡി പി ഐ യുടെ ഹൈക്കോടതി മാര്‍ച്ച് മാത്രം എങ്ങനെ അവിവേകമാകും?

സാധാരണ ഗതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, വ്യക്തിയെ കോടതിയില്‍ ഹാജരാക്കുന്നതോടെ അവസാനിക്കേണ്ടതാണ്. അതിനപ്പുറത്തേക്കു കാര്യങ്ങള്‍ പോയിട്ടുണ്ടെങ്കില്‍ അതു തികച്ചും അസ്വാഭാവികമാണ്. അതുകൊണ്ടാണ് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്കു കഴിയുമോ എന്നു സുപ്രീം കോടതിക്കു ചോദിക്കേണ്ടി വന്നത്. പ്രണയം, വിവാഹം, ലൈംഗികത ഇതെല്ലാം വ്യക്തിയുടെ സ്വകാര്യതകളാണ് . അതില്‍ ഇടപെടുന്നതില്‍ കോടതികള്‍ക്കു പരിമിതികളുണ്ട്

  • ആരുടെ മുതലെടുപ്പ്?

മറ്റാരോപണങ്ങള്‍, ‘ഹാദിയ കേസ് മുസ്ലിംകളിലെ റാഡിക്കല്‍ ഗ്രൂപ്പുകള്‍ മുതലെടുപ്പിന് ഉപയോഗിക്കുന്നു, കേസ് നടത്താന്‍ ബക്കറ്റ് പിരിവു നടത്തുന്നു, മതവിശ്വാസം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നു.’ തുടങ്ങിയവയാണ്.  വിനീതാ കോട്ടായിയുടെ പറമ്പിലെ തേങ്ങ ആരു പറിക്കണം എന്നതും നാദപുരത്തെ അന്ത്രുഹാജിയുടെ മക്കള്‍ക്ക് എത്ര ഭൂമി അനന്തരാവാവകാശമായി നല്‍കണമെന്നതും ചിത്രലേഖ എവിടെ താമസിക്കണം, ഓട്ടോ ഓടിക്കണം എന്നതുമെല്ലാം അവരവരുടെ ‘പേഴ്സണല്‍ കണ്‍സേണാ’യിരുന്നു. എന്നിട്ടും വിനീതാ കോട്ടയിയെ ഉപരോധിച്ചും  അന്ത്രുഹാജിയുടെ വീടിനു മുന്നില്‍ ‘മക്കള്‍ സമരം’ നടത്തിയും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചും തെറിവിളിച്ചും ഓടിച്ചത്   ഇടതു- മതേതര ലിബറലുകളായിരുന്നല്ലോ.

ചലോ കേരള മാർച്ച്

എല്ലാ മത-രാഷ്ട്രീയ കക്ഷികളും സന്ദര്‍ഭാനുസരണം ഇത്തരം മുതലെടുപ്പു നടത്താറുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ലൗ ജിഹാദും സോളാറും ഗെയിലും ഓഖിയും മൂന്നാറും ബീഫും മലപ്പുറത്തെ ഫ്ളാഷ് മോബും തുടങ്ങി, എ കെ ജി യുടെ രണ്ടാം വിവാഹം  വരെ അടുത്തകാലത്തു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച വിഷയങ്ങളാണ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെ വകവെച്ചു കൊടുക്കണം.

പിന്നെ, പണപ്പിരിവിന്‍െറ കാര്യം.  പാര്‍ട്ടിയുടെ കൊലയാളി സംഘങ്ങള്‍ക്കു കേസ് നടത്താനും രക്തസാക്ഷികള്‍ക്കു വായ്ക്കരിയിടാനും ബലിദാനികള്‍ക്കു സ്മാരകം പണിയാനും വന്‍തോതില്‍ പണപ്പിരിവു നടത്തുന്നവര്‍, ഷെഫിന്‍ ജഹാനു കേസ് നടത്താന്‍ ബക്കറ്റ് പിരിവു നടത്തുന്നതു മാഹാപാതകമായി കാണുന്നത് തികഞ്ഞ അസഹിഷ്ണുതയാണ്.

ചലോ കേരള മാർച്ച്

ഒരാള്‍ നീതിതേടി കോടതിയെ സമീപിക്കുമ്പോള്‍ അയാളെ പിന്തുണക്കാന്‍ ഗ്രൂപ്പുകളോ വ്യക്തികളോ തയാറാകുന്നതു പുതിയ കാര്യമൊന്നുമല്ല. കുഞ്ഞനന്തന്‍െറയും കൊടി സുനിയുടെയും കേസ് നടത്തുന്നതു പാര്‍ട്ടി നേരിട്ടല്ലേ? പ്രമാദമായ അഭയാ കേസ് ‘ലൈവാ’ക്കി നിലനിര്‍ത്തിയതു ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന ആക്ഷന്‍ കൗണ്‍സില്‍ നേതാവായിരുന്നു. ജാമിഅ നഗര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഇരകള്‍ക്കു നീതിതേടി കോടതിയെ സമീപിച്ചത് ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി ഫോറമായിരുന്നു. ഇഫ്തിഗാര്‍ ഗീലാനി എന്ന മാധ്യമ പ്രവര്‍ത്തകനെ ഭരണകൂടം തീവ്രവാദക്കേസില്‍ കുടുക്കിയപ്പോള്‍ നീതിതേടിപ്പോയത് ‘കാശ്മീര്‍ ടൈംസ്’ എന്ന അദ്ദഹത്തിന്‍െറ തൊഴിലുടമയായിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കോയമ്പത്തൂര്‍ കേസ്  നടത്തിയതും ബാംഗ്ളൂര്‍ കേസ് ഇപ്പോള്‍ നടത്തുന്നതും നിയമസഹായ സമിതിയാണ്. ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്കു വേണ്ടി നിയമ പോരാട്ടം നടത്തുന്നതു്  എ.പി.സി ആര്‍  (Association for Protection of Civil Rights) എന്ന നിയമ സഹായ സമിതിയാണ്. ജുനൈദിനു വേണ്ടി മയ്യിത്ത് നമസ്കരിച്ചവരുടെയും  പെഹ് ലൂഖാന്‍െറയും കൊടിഞ്ഞി ഫൈസലിന്‍െറയും  റിയാസ് മൗലവിയുടെയും കുടുംബങ്ങള്‍ക്കു സഹായവുമായി ഓടിയത്തെിയവരുടെയും ലക്ഷ്യം മുതലെടുപ്പായിരുന്നില്ലല്ലോ. എങ്കില്‍, തങ്ങള്‍ക്കു താല്‍പ്പര്യമുളള സ്ഥാപനത്തിലെ  അന്തേവാസിക്ക്  ഒരു പ്രശ്നമുണ്ടവുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് ആ സ്ഥാപനത്തെ പിന്തുണക്കുന്നവരുടെ ബാധ്യതയാണെന്ന മിനിമം ലോജിക് വകവച്ചു കൊടുക്കണം.

  • മുസ്ലിം പ്രതീക്ഷകളും ഇടതുപക്ഷവും

‘ലൗ ജിഹാദ്’ എന്ന സംഘ് പരിവാര്‍ പരികല്‍പ്പനയ്ക്ക് കേരളത്തില്‍ സാധൂകരണം നല്‍കിയത് ജസ്റ്റിസ് കെ ടി ശങ്കരനായിരുന്നു. പത്തനംതിട്ടക്കാരനായ ഷഹന്‍ഷ എന്ന യുവാവ് സഹപാഠിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജസ്റ്റിസ് കെ ടി ശങ്കരന്‍െറ വിവാദ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് മാധ്യമങ്ങളും സംഘ്പരിവാറും ഏറ്റടെുത്ത ലൗ ജിഹാദ് വിവാദം മാസങ്ങളോളം കേരളത്തെ മലീമസമാക്കി. അവസാനം ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ വിധിയോടെ ലൗവ് ജിഹാദ് വിവാദത്തിനു താല്‍ക്കാലികമായി വിരാമമായെങ്കിലും  ഇസ്ലാമാശ്ളേഷിച്ച യുവതികള്‍ മാത്രം  തുടര്‍ന്നും എസ് എന്‍ വി സദനത്തില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായി. മതപ്രബോധനം പ്രധാന പ്രവര്‍ത്തനമായി കാണുന്ന മുസ്ലിം ഗ്രൂപ്പുകള്‍ വരെ ഹാദിയ വിഷയത്തിലും കാസര്‍കോട്ടെ ആതിര/ ആയിഷാ വിഷയത്തിലും സ്വീകരിച്ചത്  പണ്ടു വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ നിലപാടായിരുന്നു: “നോ വേക്കന്‍സി” (എന്നു രാഹുല്‍ ഈശ്വര്‍ സാക്ഷ്യപ്പെടുത്തുന്നു). മുസ്ലിം സംഘടനകളില്‍ വെളിവുളളവരെന്നു സ്വയം അവകാശപ്പെടുന്നവരുടെ അഭിപ്രായം, ‘ഹാദിയ ഒരു മുസ്ലിം പ്രശ്നമല്ല, മൗലിക /പൗരാവകാശ നിഷേധത്തിന്‍റെ പ്രശ്ന’മാണെന്നായിരുന്നു. അതുകൊണ്ടു തന്നെ ഇടതു മതേതര ചേരിയില്‍ നിന്നു   പ്രതിഷേധം ഉയര്‍ന്നു വരും എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ആ ചേരി ഹിന്ദുത്വ സെക്യുലറിസ്റ്റ് ചേരിയായി ‘റീനെയിം’ ചെയ്തത് അവര്‍ അറിഞ്ഞിരുന്നില്ല.  ജാതി സമവാക്യങ്ങള്‍ നിലനില്‍ക്കുന്ന വൈക്കം ടി വി പുരം എന്ന ഇടതു ഭൂരിപക്ഷ പ്രദേശത്തെ വോട്ട് ബാങ്ക് ഒരു പെണ്‍കുട്ടിയുടെ പൗരാവകാശത്തിനു വേണ്ടി നിലപാടെടുത്തു നശിപ്പിക്കാന്‍ ഹിന്ദുത്വ /ഇടത് /മതേതര ലിബറലുകള്‍ തയ്യാറല്ലായിരുന്നു. അതിനു സംസ്ഥാന തലത്തില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ ഭയന്നു. ആ ഭയം പോലീസിനെയും ഭരണകൂട സംവിധാനങ്ങളെയും സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കൊണ്ടു ചെന്നത്തെിച്ചു.

  • ന്യൂജെൻ മുസ്ലിം

ഇതോടെ രാജ്യത്തെ കാമ്പസുകള്‍ ഉണര്‍ന്നു.സോഷ്യല്‍ മീഡിയയിലെ പ്രതിപക്ഷം കാമ്പയിൻ ഏറ്റടെുത്തു.’ഫ്രീ ഹാദിയ’യും ‘സ്റ്റുഡന്‍റ്സ് ഫോര്‍ ഹാദിയ’യും ‘ചലോ തിരുവനന്തപുര’വും കത്തിപ്പടര്‍ന്നു.കേസ് നടത്താന്‍ ‘അസാധു’ ഭര്‍ത്താവും കുടെ നില്‍ക്കാന്‍ പോപുലർ ഫ്രണ്ടും ഇഷ്യൂ ലൈവാക്കി കട്ട സപ്പോര്‍ട്ടുമായി ‘ചിയര്‍ ഗേള്‍സും’  ഉറച്ചു നിന്നതോടെ മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും മയക്കം വിട്ടുണര്‍ന്നു. അല്ലായിരുന്നെങ്കില്‍ ആയിഷയുടെ പിന്നാലെ ഹാദിയയും ഘര്‍വാപ്പസി ഇടിമുറിയില്‍ എത്തിയേനെ. ഇനി ഹാദിയയെ തടവിലിടന്‍ കഴിഞ്ഞില്ലെങ്കില്‍ ഷെഫിന്‍ ജഹാന്‍ ആയാലും മതി എന്നാണു ഹിന്ദുത്വ ഭരണകൂട ചേരിയുടെ  ഇപ്പോഴത്തെ താല്‍പ്പര്യം. ഐ എസോ ദേശവിരുദ്ധ പ്രവര്‍ത്തനമോ സൗകര്യം പോലെ എടുത്തു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഐ എസ് കേസിലെ മാപ്പുസാക്ഷികളുടേതെന്ന പേരില്‍ ചുട്ടെടുക്കുന്ന മൊഴികളിലേതെങ്കിലും ഷെഫിനെതിരായില്ലെങ്കില്‍ ഷെഫിനും ഹാദിയയും ഒന്നിക്കും.

ഹാദിയ

അപ്പോഴും ചില മുസ്ലിം സംഘടനകള്‍, ‘നൊന്തു പെറ്റ അമ്മ, പോറ്റി വളര്‍ത്തിയ അച്ഛന്‍’ കഥ പാടിക്കൊണ്ട് കുട്ടിക്കുരങ്ങിനെക്കൊണ്ടു ചുടുചോറു വാരിക്കുന്ന നയമാണു സ്വീകരിച്ചത്. തന്തമാര്‍ രംഗത്തു വരാതെ ബി ടീമിനെ കളത്തിലിറക്കി. മറ്റു ചില മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ അരാജകവാദികളുമായി കൈകോര്‍ക്കുന്ന സുന്ദരമായ കാഴ്ചക്ക് ഹാദിയാ പ്രക്ഷോഭം കാരണമായി. നേതാക്കന്‍മാര്‍ യുവാക്കളെ തണുപ്പിക്കാന്‍ പറയാറുള്ള ബഹുസ്വരത, മഴവില്‍ സമൂഹം എന്നെക്കെയുളള മധുര മനോജ്ഞ സങ്കല്‍പ്പങ്ങള്‍ ‘ന്യൂജെന്‍ പിളേളര്’  യാഥാര്‍ഥ്യമാക്കി. ഇതൊരു പുതിയ തുടക്കമാണ്. ഇനിയും ഈ യുവജനങ്ങളെ ശാസനകളുടെ മയക്കുവെടി വെച്ചു തളർത്തരുത്. ഫാഷിസം തേരോട്ടം നടത്തുന്ന കാലത്ത് മതമുളളവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും  അരാജകവാദിക്കും  മനുഷ്യത്വത്തിനും പൗരാവകാശങ്ങള്‍ക്കൂം വേണ്ടി തോളോടു തോള്‍ചേര്‍ന്നു സമരവീഥിയില്‍ അണിചേരാന്‍ കഴിയും. ഈ ശുഭാപ്തി വിശ്വാസമാണു ഹാദിയാ കേസിന്‍െറ ബാലന്‍സ് ഷീറ്റ്.

  • പറഞ്ഞുകേട്ടത്:

വിവാഹമോചിതരായ ദമ്പതികളുടെ  മക്കളുടെ അവകാശത്തെ സംബന്ധിച്ച തര്‍ക്കമാണ് ആ പെണ്‍കുട്ടിയെ സുപ്രീം കോടതിയില്‍ എത്തിച്ചത്.വിദേശത്തുള്ള മകളെ ഹാജരാക്കാന്‍ അച്ഛനോടു  കോടതി നിര്‍ദേശിച്ചു. അച്ഛനും അമ്മയും മകളും കോടതിയില്‍ എത്തി. മകളോട് ആരോടൊപ്പം പോകണമെന്നു കോടതി ആരാഞ്ഞു. ഇപ്പോള്‍ അച്ഛനൊപ്പം വിദേശത്തു താമസിക്കുന്ന താന്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുകയാണെന്നും, അവിടേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. പെണ്‍കുട്ടിക്കു 18 വയസ്സ് കഴിഞ്ഞതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുമതി നൽകി. പ്രായപൂര്‍ത്തിയായവര്‍ക്കു സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസും മറ്റു രണ്ടു ജഡ്ജിമാരും കോടതികള്‍ പ്രായപൂര്‍ത്തിയായ സ്ത്രീയുടെയോ പുരുഷന്റെയോ സൂപ്പര്‍ രക്ഷാകര്‍ത്താവാകരുതെന്നു വ്യക്തമാക്കി.

Top