വെറുപ്പിനെതിരായ ഐക്യനിര: ജനാധിപത്യ കണ്‍വെന്‍ഷനുകളുടെ അന്തര്‍രാഷ്ട്രീയം

മുസ്‌ലിം സംഘടനകൾ, ദലിത് സംഘടനകൾ തുടങ്ങിയവയെ ഒരു പ്രത്യേക രീതിയിൽ വർഗീകരിച്ച് മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്ന ജനാധിപത്യ കൺവെൻഷനുകളിൽ
സംഭവിക്കുന്നത്. ഇവിടെയൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുകാര്യം, ഈ പറയപ്പെടുന്ന ജനാധിപത്യത്തിനു വലിയ പ്രശ്‌നമുണ്ട്. ജനാധിപത്യം പറയുമ്പോൾ ഇവർ മുസ്‌ലിം സംഘടനകളെയും സാമുദായിക/സംഘടനാ പ്രവർത്തനത്തെ അംഗീകരിക്കുന്ന മുസ്‌ലിം ആക്റ്റിവിസ്റ്റ് പ്രതിനിധാനങ്ങളെയും അങ്ങോട്ടടുപ്പിക്കുന്നില്ല. മുസ്‌ലിം സംഘടനകൾ/പ്രസ്ഥാനങ്ങൾ ഇല്ലാത്ത ജനാധിപത്യമാണോ വേണ്ടത്? ദലിത് സംഘടനകളെയും നേതാക്കളെയും അവർ കൃത്യമായി ടാർഗറ്റ് ചെയ്യാറുണ്ട്. മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ദലിത് ആക്റ്റിവിസ്റ്റിനെയും ഈ പ്ലാറ്റ്‌ഫോമിലൊന്നും കാണുകയില്ല. തീർച്ചയായിട്ടും മലയാളികൾക്കിടയിൽ ജനപ്രിയത നേടണമെങ്കിൽ മുസ്‌ലിം വിരുദ്ധതകൊണ്ടേ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള ആളുകളെ ലിബറൽ ഹിന്ദുക്കൾ വർഗീകരിച്ചെടുക്കുകയും ചെയ്യും. കെ.കെ. ബാബുരാജ്‌ സംസാരിക്കുന്നു.

ആർത്തവമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങൾ സാധ്യമാക്കുന്ന തിരിച്ചറിവുകളും അന്വേഷണങ്ങളും ഒക്കെക്കൂടിയ ഒരു സംവാദ മണ്ഡലത്തിലാണ് നാമുള്ളത്. കുറേ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ജനാധിപത്യ സംവാദങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, സ്ത്രീ ബഹുജന കൂട്ടായ്മകൾ, ലിംഗ സമത്വ സമരങ്ങൾ ഒക്കെ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലവുമാണിത്.

ഈ സമയത്ത് വെറുപ്പ് (hate) എന്ന പ്രശ്‌നത്തെ വെച്ചുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്മേളനം വളരെ ശ്രദ്ധേയമാണ്. മറ്റു പല സമ്മേളനങ്ങൾക്കും ആളും അർഥവുമൊക്കെ ഇഷ്ടം പോലെയുണ്ടെങ്കിലും, ഒരുപാടു പേർ കൂടുന്നുണ്ടെങ്കിലും, മാധ്യമശ്രദ്ധ നന്നായി കിട്ടുന്നുണ്ടെങ്കിൽ പോലും, അടിസ്ഥാനപരമായി ഇതുവരെ നടന്നിട്ടുള്ള സമ്മേളനങ്ങളിൽ ഏറ്റവും പ്രധാനം ഈ സമ്മേളനമാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഏറ്റവും പ്രധാനപ്പെട്ട സമകാലിക പ്രശ്‌നമായ വെറുപ്പ് എന്ന രാഷ്ട്രീയ പ്രമേയത്തെ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്.

വെറുപ്പിന്റെ ചരിത്രവും രാഷ്ട്രീയവും

എന്താണ് വെറുപ്പ് എന്ന പ്രശ്നത്തിന്റെ രാഷ്ട്രീയം? ചരിത്രത്തിൽ എങ്ങനെയാണത് രൂപപ്പെട്ടത്? വെറുപ്പ് എന്ന പ്രശ്നത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചിന്ത മുന്നോട്ടു വരുന്നത് ഹന്ന ആരെന്റ് എന്ന തത്വചിന്തകയിലൂടെയാണ്. അവർ ഹിറ്റ്ലറുടെ ജർമനിയിൽ ജീവിച്ച, ജൂത സമുദായത്തിന്റെ ഭാഗമായ ചിന്തകയായിരുന്നു. 1950-ലാണ് The Origins of Totalitarianism അഥവാ സമഗ്രാധിപത്യത്തിന്റെ ഉത്ഭവങ്ങൾ എന്നൊരു പുസ്തകം അവർ എഴുതിയത്. ഈ പുസ്തകത്തിലാണ് എന്താണ് വെറുപ്പ് എന്നതിനെപ്പറ്റി അവർ വിശദീകരിക്കുന്നത്. വെറുപ്പിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങള്‍, തത്വചിന്താപരമായ പശ്ചാത്തലങ്ങള്‍ തുടങ്ങിയവയൊക്കെ ഹന്ന ആരെന്റ് പരിശോധിക്കുന്നു. നാസികൾ എങ്ങനെയാണ് വെറുപ്പ് ഉൽപാദിപ്പിച്ചതെന്നും അവർ വിശദീകരിക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് യൂറോപ്പിൽ നാസിസവും ഫാസിസവും അധികാരത്തിൽ വന്നപ്പോഴുള്ള ജൂതഹിംസകൾ എങ്ങനെയാണ് വെറുപ്പിന്റെ ഒരു രാഷ്ട്രീയമായി ഉയർത്തപ്പെട്ടത്? ഫാസിസം വെറുപ്പിനെ ഒരു സൈദ്ധാന്തിക സ്ഥാപനമാക്കി മാറ്റുകയായിരുന്നു. സ്ഥാപനം എന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ആരെന്റ് പറയുന്നത്.

വെറുപ്പ് എന്നു പറയുന്നത് കേവലമല്ല. ‘ജ്യൂഹേറ്റ്’ അല്ലെങ്കിൽ ‘ആന്റി സെമിറ്റിസം’ എന്നു പറയുന്നത് പണ്ടു മുതലേ ഉള്ളതാണ്. മാത്രമല്ല യൂറോപ്പിൽ പണ്ടു മുതലേ ആന്റിസെമിറ്റിസം നിലനിൽക്കുന്നുണ്ട്. എന്നാൽ 1870-നു ശേഷം ഇതൊരു മതേതര വ്യവഹാരമായി എന്നാണ് അവർ പറയുന്നത്. ഫാസിസ്റ്റ് /നാസിസ്റ്റ് ജൂതവിദ്വേഷം എന്നത് ക്രിസ്ത്യാനിറ്റിയുടെ അകത്തു നിന്നും രൂപപ്പെട്ടതല്ല. ക്രിസ്ത്യൻ മതസ്ഥർക്കു ജൂതമതക്കാരോടുള്ള ശത്രുതയുമല്ല. മറിച്ച് പുതിയൊരു മതേതര ശത്രുതയാണ് ശരിക്കും ഫാസിസ്റ്റ് കാലത്ത് യാഥാർഥ്യമാവുന്നത്. ജൂതൻമാരെ വെറുക്കുന്നത് മതേതരമായ ഒരു ഏർപ്പാടായിരുന്നു.

ഫാസിസ്റ്റ് /നാസിസ്റ്റ് ജൂതവിദ്വേഷം എന്നത് ക്രിസ്ത്യാനിറ്റിയുടെ അകത്തു നിന്നും രൂപപ്പെട്ടതല്ല. ക്രിസ്ത്യൻ മതസ്ഥർക്കു ജൂതമതക്കാരോടുള്ള ശത്രുതയുമല്ല. മറിച്ച് പുതിയൊരു മതേതര ശത്രുതയാണ് ശരിക്കും ഫാസിസ്റ്റ് കാലത്ത് യാഥാർഥ്യമാവുന്നത്. ജൂതൻമാരെ വെറുക്കുന്നത് മതേതരമായ ഒരു ഏർപ്പാടായിരുന്നു.

1870-നു മുന്‍പ് ജൂതന്‍മാരോട് യൂറോപ്പിലെ വിവിധ വിഭാഗങ്ങൾ പുലർത്തിയ മതപരമായ ശത്രുത പിന്നീട് മാറി. അങ്ങനെ പുതിയൊരു മതേതര വ്യവഹാരമായി ജൂതർക്കെതിരായ വെറുപ്പ് മാറി. പക്ഷേ പ്രധാനപ്പെട്ട രാഷ്ട്രീയതത്വചിന്തകളായ മാര്‍ക്‌സിസത്തിനോ അതുപോലെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കോ യൂറോപ്പിലുണ്ടായ ഈ മതേതര ജൂതവിദ്വേഷം എന്ന യാഥാര്‍ഥ്യത്തെ കാണാൻ കഴിഞ്ഞില്ല. അവർ ഹിറ്റ്ലര്‍ അധികാരത്തിൽ വന്നതിനെ ആഗോള മുതലാളിത്തത്തിന്റെ ഒരു വ്യതിചലനമായി കാണുകയും ജൂതശത്രുത എന്നത് ബൂർഷ്വാസി ഉണ്ടാക്കുന്ന ഒരു പുകമറയാണ് എന്നാണ് കരുതിയത്. യൂറോപ്പിനകത്ത് രൂപപ്പെട്ട, ജൂതർക്കെതിരായ വെറുപ്പ് എന്നു പറയുന്നത്, ഒരു പുതിയ രാഷ്ട്രീയ സംവിധാനമായി അന്നത്തെ സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും കാണാൻ കഴിഞ്ഞില്ല.

മാർക്‌സിസത്തിനകത്ത് നിന്നും പൂർണമായും പുറത്തു പോയിട്ടാണ് ഹന്ന ആരെന്റ് ആ പുസ്തകമെഴുതുന്നത്. അവർ സൂചിപ്പിക്കുന്ന ഒരു കാര്യം, ഹിറ്റ്‌ലർ വന്നതോടു കൂടി ജൂതരോടുള്ള വെറുപ്പ് ഒരു രാഷ്ട്രീയ സംവിധാനമായി മാറിക്കഴിഞ്ഞിരുന്നു എന്നാണ്. പഴയ ജർമനി എന്നത് സോഷ്യലിസത്തിന്റെ, യൂറോപ്പ് എന്ന് പറയുന്ന പുരോഗമനത്തിന്‍റെ, കളിത്തൊട്ടിലാണ് എന്നാണ് നാം കരുതുന്നത്. പക്ഷേ ആധുനിക കാലത്തു വമ്പിച്ച തരത്തിലുള്ള കൂട്ടക്കൊലകള്‍ നടക്കുന്നു. അതു സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ആ പുരോഗതിയുടെ കാലഘട്ടത്തിലാണ്. വെറും അമ്പത് അറുപതു വർഷങ്ങൾക്കു മുന്‍പാണ് ലക്ഷക്കണക്കിന് ജനങ്ങളെ ജർമനിയിൽ വറുത്തു പുകച്ചു കൊന്നു കളഞ്ഞത്. അത്രയും വലിയ സ്ഥാപനമായി വെറുപ്പു വികസിച്ചത് ഒരു ആധുനിക മതേതര ശാസ്ത്രീയ സമൂഹത്തിലാണെന്നു കാണാം.

വെറുപ്പാണ്; വർഗീയതയല്ല

ഈ പ്രതിഷേധ സമ്മേളനം നടക്കുന്നത് സംഘ്പരിവാറിന്റെ അക്രമത്തിനും അതിന്റെ വളരെയധികം സ്ഥാപനവത്കരിക്കപ്പെട്ട വിദ്വേഷ രാഷ്ട്രീയത്തിനും എതിരെയാണ്. തീർച്ചയായിട്ടും ആ വിദ്വേഷം എങ്ങനെയാണു നിർമ്മിച്ചത് എന്ന് ഇതുവരെയായിട്ടും നമ്മുടെ പുരോഗമന വിഭാഗങ്ങൾക്കിടയിൽ ചർച്ചയായിട്ടില്ല. കാരണം ഇവർ ഇപ്പോഴും പറയുന്നത് വർഗീയതയെക്കുറിച്ചാണ്. ആ പേരുകൊണ്ടാണ് സംഘ്പരിവാർ അടക്കമുള്ള വിഭാഗങ്ങളെ അവർ അടയാളപ്പെടുത്തുന്നത്.

വർഗീയത എന്ന പേരു തന്നെ വളരെ പ്രശ്‌നസങ്കീർണമാണ്. സമുദായ ബോധത്തെയാണ് പൂർണമായിട്ടും വർഗീയതയായി നാം കരുതുന്നത്. പക്ഷേ നവഹിന്ദുത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ കണ്ടെത്താൻ ഈ വാക്കിലൂടെ കഴിയില്ല. നവഹിന്ദുത്വ പ്രത്യയശാസ്ത്രം ജനവിഭാഗങ്ങളെ അപരവത്കരിച്ചാണ്, പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളെ അപരവത്കരിച്ചു കൊണ്ടാണു പ്രവർത്തിക്കുന്നത്. കീഴാളവിഭാഗങ്ങളുടെ സാമൂഹ്യ പദവിക്കു മേൽ പ്രത്യേക രീതിയിൽ ചിട്ടകളോ നിഷ്ടകളോ ഏർപ്പെടുത്തിക്കൊണ്ട് സംഘപരിവാർ എങ്ങനെ പ്ര‍വര്‍ത്തിക്കുന്നു എന്നു നമ്മൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. കാരണം കമ്യൂണലിസം എന്നു പറയപ്പെടുന്ന പദാവലി ഒരു ഇന്ത്യൻ മോഡൽ സെക്കുലർ മോഡേണിറ്റിയുടെ നിർവചനമാണ്. ഈ വാക്കിന്റെ നിരപേക്ഷ ലോകത്തിന് ഒരു കാരണവശാലും സംഘ്പരിവാറിന്റെയോ ഹിന്ദുത്വശക്തികളുടെയോ വംശീയരാഷ്ട്രീയത്തെ തിരിച്ചറിയാൻ കഴിയില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടു തന്നെ ഇരകളെ പ്ലേസ് ചെയ്യാനോ ശത്രുക്കളെ പ്ലേസ് ചെയ്യാനോ കമ്യൂണലിസം അഥവാ വർഗീയത എന്ന പദത്തിന് കഴിയില്ല.

ലിബറൽ ഹിന്ദുവിന്റെ പ്രതിസന്ധികൾ

മോദി അധികാരത്തിൽ വന്ന സമയത്തു ചില കാര്യങ്ങൾ നടന്നു. ഗാന്ധിയുടെ തുടർച്ചയെന്നവകാശപ്പെടുന്ന, നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെയും നെഹ്‌റൂവിയൻ പുരോഗമനത്തിന്റെയും ഒരു ധാരയാണ്, അഥവാ ഇന്ത്യൻ മതേതരത്വത്തിന്റെ ധാരയാണ് കഴിഞ്ഞ അമ്പത് വർഷമായി ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ മതേതരത്വത്തിന്റെ കാർമികരായ, ലിബറൽ ഹിന്ദു എന്നു പറയപ്പെടുന്ന, അല്ലെങ്കിൽ മതേതര ഹിന്ദു എന്നു പറയപ്പെടുന്ന സാമൂഹിക വിഭാഗം പതുക്കെപ്പതുക്കെ തിരശീലയിൽ നിന്നും പുറന്തള്ളപ്പെട്ടു. അപ്പോൾ ഒരു യാഥാസ്ഥിക ഹിന്ദു പുറത്തുവരുന്നു. അവർ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലേക്ക് പ്രവേശിച്ച് അധികാരം കൈയ്യാളുകയും ചെയ്തു.

പുറന്തള്ളപ്പെട്ട ഈ ലിബറൽ ഹിന്ദുവിന്റെ കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ലിബറൽ ഹിന്ദുവാണ് കമ്യൂണലിസം അഥവാ വർഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത്. ഹിന്ദുമതത്തിനകത്ത് രൂപപ്പെട്ട ഒരു വ്യതിയാനമായാണ് അവർ ഹിന്ദുത്വത്തെ അല്ലെങ്കിൽ വർഗീയതയെ കാണുന്നത്. അല്ലാതെ ഹിന്ദുമതത്തിനകത്ത് നിന്നു രൂപപ്പെട്ട ഒരു തനതു ഉല്‍പ്പന്നമായി അവർ അതിനെ കാണുന്നില്ല.

ആ സമയത്ത് ഞാനൊരു ലേഖനമെഴുതിയിരുന്നു. മോദിയുടെ ഉയർച്ചയെന്താണ് സൂചിപ്പിക്കുന്നത്? ഇന്ത്യയിൽ വെറുപ്പിന്റെ ഒരു ഇൻസ്റ്റിറ്റ്യൂഷന്‍ അഥവാ സ്ഥാപനം രൂപപ്പെട്ടിരിക്കുന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും പറയുന്ന പോലെ കുത്തകമുതലാളിത്തത്തിന്റെ പുരോഗതിക്കു മോദി ആക്കം കൂട്ടിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ അറുപതു വർഷമായിട്ട് പിന്തുടരുന്ന കുത്തകമുതലാളിത്തത്തിന്റെ വളർച്ചയും ജനവിരുദ്ധമായ വികസന നയങ്ങളും ഒക്കെതന്നെ ഉണ്ടെങ്കിലും, അതിനെയൊക്കെ പറ്റിയാണ് മോദി പറയുന്നതെങ്കിലും, മോദിഭരണത്തിന്റെ പ്രത്യേകത അതൊരു പ്രത്യേക രീതിയിൽ ഹിന്ദു ഐക്യം രൂപപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെന്നാണ്.

ഈ ഹിന്ദു ഐക്യം എന്നു പറയുന്നത് തീർച്ചയായിട്ടും മുസ്‌ലിം വിരുദ്ധതയെ സ്ഥാപനമാക്കി മാത്രമെ ഉണ്ടാക്കാൻ സാധിക്കുകയുള്ളു. ഇന്ത്യയിലെ ജാതികൾ നിലനിൽക്കുന്നിടത്തോളം കാലം ഇതിനൊരു സവിശേഷ യുക്തിയുണ്ട്. ഓരോ ജാതിയും വ്യത്യസ്തമാണ്. അതിനാൽ ഓരോ ജാതിക്കും ഞാനൊരു ഹിന്ദുവാണ് എന്നൊരു ബോധ്യം ഉണ്ടാകണമെങ്കിൽ മുസ്‌ലിം വിരുദ്ധ വംശീയ കലാപങ്ങളിലോ, പ്രചരണങ്ങളിലോ മുഴുകേണ്ടതുണ്ട്. അങ്ങനെ മാത്രമെ അവർക്ക് ഹിന്ദുവാണ് എന്നൊരു തോന്നലുണ്ടാകുകയും ചെയ്യുകയുള്ളു.

ഇന്ത്യയിലെ ജാതികൾ നിലനിൽക്കുന്നിടത്തോളം കാലം ഇതിനൊരു സവിശേഷ യുക്തിയുണ്ട്. ഓരോ ജാതിയും വ്യത്യസ്തമാണ്. അതിനാൽ ഓരോ ജാതിക്കും ഞാനൊരു ഹിന്ദുവാണ് എന്നൊരു ബോധ്യം ഉണ്ടാകണമെങ്കിൽ മുസ്‌ലിം വിരുദ്ധ വംശീയ കലാപങ്ങളിലോ, പ്രചരണങ്ങളിലോ മുഴുകേണ്ടതുണ്ട്. അങ്ങനെ മാത്രമെ അവർക്ക് ഹിന്ദുവാണ് എന്നൊരു തോന്നലുണ്ടാകുകയും ചെയ്യുകയുള്ളു.

അതുപോലെ തന്നെ ഹിന്ദുവിന്റെ ആത്മസത്തയുടെ ഒരു വികാസം എന്ന നിലയിൽ ഭാവന ചെയ്യപ്പെട്ട, ഒരു പുതിയ ഹിന്ദുത്വ എന്നു പറയപ്പെടുന്ന, മോദിയുടെ കാലഘട്ടത്തോടുകൂടി ഒരു ഇൻസ്റ്റിറ്റ്യൂഷന്‍ ആയി ഈ മുസ്‌ലിം വിദ്വേഷം മാറി. മുസ്‌ലിം വിരുദ്ധത ഒരു ഇൻസ്റ്റിറ്റ്യൂഷന്‍റെ രൂപം ആർജിക്കുകയും ഈ ഇൻസ്റ്റിറ്റ്യൂഷന്റെ രാഷ്ട്രീയ സംവിധാനമായി ഹിന്ദുത്വ മാറുകയും ചെയ്തിട്ടുണ്ട്. അതിനെ ശക്തമായി അപനിർമിക്കണമെങ്കിൽ പുതിയ രീതിയിൽ മതേതരത്വത്തെയും ജനാധിപത്യത്തെയും പുനഃനിർമിച്ചു കൊണ്ടും അതിൽ നിന്ന് പുറന്തള്ളപ്പെട്ടിട്ടുള്ള വിഭാഗങ്ങളുടെ പ്ലാറ്റ്‌ഫോമുകൾക്കും മാത്രമെ കഴിയുകയുള്ളു.

വളരെ പ്രധാനപ്പെട്ട കാര്യം ഇന്നും നമ്മുടെ സോഷ്യലിസ്റ്റുകൾക്കിടയിലോ, പുരോഗമനവാദികൾക്കിടയിലോ, ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന് മാത്രമല്ല അവരിപ്പൊഴും ഈ കമ്യൂണലിസം അല്ലെങ്കിൽ വർഗീയത എന്നു പറയുന്ന വളരെ വിദൂരമായ, ആശയപരമായ കാര്യങ്ങള പറ്റിയാണ് സംസാരിക്കുന്നത്.

ജനാധിപത്യ കൺവെൻഷനുകളുടെ വിമർശനം

മുസ്‌ലിം സംഘടനകൾ, ദലിത് സംഘടനകൾ തുടങ്ങിയവയെ അവർ ഒരു പ്രത്യേക രീതിയിൽ വർഗീകരിച്ച് മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ സംഭവിക്കുന്നത്. കേരളത്തിന്റെ ഒരു പ്രത്യേകത ഞാൻ പലതവണ സൂചിപ്പിച്ച കാര്യമാണ്. ആർത്തവ അയിത്തത്തിനെതിരെ സ്ത്രീകളുടെ ഒരു സമരം നടക്കാൻ പോകുന്നുണ്ട്. കോഴിക്കോട്ടും എറണാകുളതും തിരുവനന്തപുരത്തും ധാരാളം പ്രക്ഷോഭങ്ങൾ നടക്കുന്നു. ഇവിടെയൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുകാര്യം, അവരെല്ലാം ജനാധിപത്യത്തെയാണ് മുന്നോട്ടു വെക്കുന്നത്. ഈ ജനാധിപത്യത്തിനു വലിയ പ്രശ്‌നമുണ്ട്. ജനാധിപത്യം പറയുമ്പോൾ ഇവർ മുസ്‌ലിം സംഘടനകളെയും സാമുദായിക/സംഘടനാ പ്രവർത്തനത്തെ അംഗീകരിക്കുന്ന മുസ്‌ലിം ആക്റ്റിവിസ്റ്റ് പ്രതിനിധാനങ്ങളെയും അങ്ങോട്ടടുപ്പിക്കുന്നില്ല. മുസ്‌ലിം സംഘടനകൾ/പ്രസ്ഥാനങ്ങൾ ഇല്ലാത്ത ജനാധിപത്യമാണോ വേണ്ടത്?

ദലിത് സംഘടനകളെയും നേതാക്കളെയും അവർ കൃത്യമായി ടാർഗറ്റ് ചെയ്യാറുണ്ട്. മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ദലിത് ആക്റ്റിവിസ്റ്റിനെയും ഈ പ്ലാറ്റ്‌ഫോമിലൊന്നും കാണുകയില്ല. തീർച്ചയായിട്ടും മുസ്‌ലിം വിരുദ്ധരായ ദലിത് നേതാക്കൾ ഉണ്ട്. ഗീതാനന്ദനും സലിംകുമാറും പ്രത്യക്ഷമായിതന്നെ മുസ്‌ലിം വിരുദ്ധരാണെന്നത് സ്പഷ്ടമായ കാര്യമാണ്. കാരണം മലയാളികൾക്കിടയിൽ ജനപ്രിയത നേടണമെങ്കിൽ മുസ്‌ലിം വിരുദ്ധതകൊണ്ടേ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള ആളുകളെ ലിബറൽ ഹിന്ദുക്കൾ വർഗീകരിച്ചെടുക്കുകയും ചെയ്യും.

മുസ്‌ലിംകളിൽ നിന്നും അങ്ങനെത്തന്നെയാണ് ചെയ്യുന്നത്. അതായത് വർഗീയവാദികളായി മുസ്‌ലിം ലീഗിനെയും മതരാഷ്ട്രവാദികളായി ജമാഅത്തെ ഇസ്‌ലാമിയെയും ഭീകരവാദികളായി പോപുലർ ഫ്രണ്ടിനെയും മറ്റു സംഘങ്ങളെ വേറെ എന്തെങ്കിലും ദുഷ്പേരുകളിട്ടു മാറ്റിനിറു ത്തുന്നിടത്തോളം കാലം മുസ്‌ലിംകളെ ഒരുവിധത്തിലും അവർക്കടുപ്പിക്കേണ്ടതില്ല. ഇവിടെയാണ് നമ്മൾ സംശയിക്കേണ്ടത്. ഈ ജനാധിപത്യം എന്നു പറയുന്നത് ഒരു മോറൽ അതോറിറ്റിയാണ്. ജനാധിപത്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ഒരു പ്രത്യേക ധാർമിക അധികാരം കൈവരുന്നു.

വർഗ വിശുദ്ധിയും കളങ്കിതരും

ഈ പറയുന്ന ജനാധിപത്യവാദികൾ ആരായിരുന്നു? പണ്ട് മാർക്‌സിസ്റ്റ് എന്നത് ഒരു വർഗപദവി ആയിരുന്നു. ഞങ്ങൾ മാർക്‌സിസ്റ്റ് ആയാൽ ഞങ്ങൾക്കു ജാതിയില്ല, മതമില്ല, വർഗ്ഗീയതയില്ല, രക്തത്തിൽ പോലും കളങ്കമില്ല. അതിനു കാരണം വർഗശ്രേഷ്ഠതയാണ്. വർഗമെന്ന പദവിയിലേക്കു ഞങ്ങൾ മാറുമ്പോൾ ഞങ്ങൾക്കു കിട്ടുന്ന ഒരു ഉത്തമപദവിയാണത്.

പക്ഷേ, ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ ഈ വർഗം എന്നുള്ളതു സംശയിക്കപ്പെട്ടു. വർഗം എന്നത് അനേകങ്ങളെ പുറന്തള്ളാവുന്ന ഒരു പദവിയാണ് എന്നു മനസ്സിലായി. പലരെയും തള്ളിപ്പറയാനും പലരെയും തൊടിക്കപ്പുറം കടക്കാൻ കഴിയാത്ത രീതിയിൽ അകറ്റി നിർത്താനും വർഗം എന്ന കാറ്റഗറി ഉപയോഗിക്കപ്പെട്ടിരുന്നു.

വർഗം എന്നത് ജാതിപോലെയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഏർപ്പാടാണെന്നു കീഴാളരിൽ നിന്നു ചോദ്യം ഉയർന്നു വന്നു. അപ്പോൾ അവർ പതുക്കെ വർഗത്തിന്റെ ആധികാരികത കൈയ്യൊഴിഞ്ഞു. അതിനുശേഷം അവർ മതേതരത്വത്തിന്റെ പിറകെയായി. കഴിഞ്ഞ കാലഘട്ടത്തിൽ കേരളത്തിൽ നടന്ന മുഴുവൻ സമ്മേളനങ്ങളിലും മതേതരത്വത്തിന്റെ മഹത്വമാണ് ഉയർന്നു വന്നത്. മതേതരത്വം പ്രതിസന്ധിയിലാണ്, അല്ലെങ്കിൽ മതേതരത്വം വികസിക്കുകയാണു വേണ്ടത് എന്ന് അവർ പറഞ്ഞു തുടങ്ങി.

വർഗം എന്നത് ജാതിപോലെയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഏർപ്പാടാണെന്നു കീഴാളരിൽ നിന്നു ചോദ്യം ഉയർന്നു വന്നു. അപ്പോൾ അവർ പതുക്കെ വർഗത്തിന്റെ ആധികാരികത കൈയ്യൊഴിഞ്ഞു. അതിനുശേഷം അവർ മതേതരത്വത്തിന്റെ പിറകെയായി. കഴിഞ്ഞ കാലഘട്ടത്തിൽ കേരളത്തിൽ നടന്ന മുഴുവൻ സമ്മേളനങ്ങളിലും മതേതരത്വത്തിന്റെ മഹത്വമാണ് ഉയർന്നു വന്നത്.

വർഗസിദ്ധാന്തത്തിന്റെ ആധികാരികത നിലനിന്നപ്പോഴും മതേതരത്വത്തിന്റെ ആധികാരികത നിലനിന്നപ്പോഴും തുടർന്നു പോയ ഒരു കാര്യമാണ് മാറ്റി നിര്‍ത്തല്‍ അഥവാ എക്സ്ക്ളൂഷന്‍. അങ്ങനെ മുസ്‌ലിം സംഘടനകളെയും മുസ്‌ലിം ബുദ്ധിജീവികളെയും മുസ്‌ലിം സ്ത്രീകളെയും വൈവിധ്യങ്ങളെ പറ്റി ചർച്ച ചെയ്യുന്ന ദലിതരെയും അവര്‍ മാറ്റി നിര്‍ത്തി.

ചില ദലിതരെ ഈ വേദികളിൽ കാണാം. സ്വന്തം പീഡനങ്ങളെപ്പറ്റി പറയുന്ന ദലിതരെ എല്ലാവർക്കും എപ്പോഴും ഇഷ്ടമാണ്. പീഡനത്തെക്കുറിച്ച് പറയുന്ന ദലിതരെ എല്ലാ സവർണർക്കും അവർണർക്കും ഇഷ്ടമാണ്. കാരണം അതിൽ നിന്ന് പ്രത്യേക രാഷ്ട്രീയം ഒന്നും ഉൽപാദിപ്പിക്കാൻ പോകുന്നില്ല. മാത്രമല്ല സവർണർക്ക് ഭയങ്കര സന്തോഷമാണ് അതു കേൾക്കാൻ. കാരണം ഇത്രയും വർഷമായിട്ട് ഇവർ ഒരു തരത്തിലും മാറിയിട്ടില്ലല്ലോ എന്നുള്ള സന്തോഷമാണ് ഈ പറച്ചിൽ നൽകുക .

ആനന്ദ് തിരിച്ചുവരുമ്പോൾ

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു ആധികാരികത ആണ് ഇവർ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു സമ്മേളനത്തിൽ ആരൊക്കെയാണ് വരുന്നത്? ആനന്ദ് ആണ് അവിടെ വരുന്നത്. ഇരുപതു വർഷം മുന്‍പു കേരളത്തിൽ വളരെ ശക്തമായി ചോദ്യം ചെയ്യപ്പെട്ട ആളാണ് ഈ ആനന്ദിനെപ്പോലെയുള്ളവർ. അല്ലെങ്കിൽ ഇവർ വിളിക്കുക എം.എൻ കാരശ്ശേരിയെയാണ്. ഇവരുടെയൊക്കെ മുസ്‌ലിം വിരുദ്ധതയുടെ ആഴമെന്താണ്? സ്വയം വെറുക്കുന്ന ഒരു മുസ്‌ലിമായി ജീവിക്കുന്നയാളാണ് എം.എൻ കാരശ്ശേരി.

അതുപോലെ സുനിൽ പി. ഇളയിടം, സണ്ണി എം. കപ്പിക്കാട് തുടങ്ങിയവരെ മാത്രം വെച്ച് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു. ഇവരാണ് ജനാധിപത്യത്തെപ്പറ്റി പറയുന്നത്. ജനാധിപത്യ പ്ലാറ്റ്‌ഫോം എന്നു പറഞ്ഞു കഴിഞ്ഞാൽ തീർച്ചയായിട്ടും അത് പുനഃനിർമ്മിക്കേണ്ടതുണ്ട്. നോക്കൂ, ഇന്നലെ ദേശാഭിമാനിയിൽ സുനിൽ പി. ഇളയിടത്തിന്റെ അഭിമുഖമുണ്ട്. അതിൽ സുനിൽ കൃത്യമായി പറയുന്നുണ്ട്, പൊളിറ്റിക്കൽ ഇസ്‌ലാമിന് ജനാധിപത്യമില്ല.

അപ്പോൾ ജനാധിപത്യമുള്ളവർ ആരാണ്? ജനാധിപത്യത്തിന്റെ ആൾക്കാരാണോ കമ്യൂണിസ്റ്റുകൾ? സത്യം പറഞ്ഞാൽ മാർക്‌സിസം എന്നു പറഞ്ഞാൽ ജനാധിപത്യത്തിനു വിരുദ്ധമാണ്. ജനാധിപത്യത്തെ ടാക്റ്റിക്സ് ആയി മാത്രമേ അവർ കണക്കാക്കുന്നുള്ളൂ. ജനാധിപത്യവാദികളുമായി സംവദിക്കാൻ അവർക്കൊരു അർഹതയുമില്ല. മറിച്ചെന്താണ്? അവർ ജനാധിപത്യത്തെ പറ്റി പറയുന്നതു തീർച്ചയായിട്ടും അവരുടെ മോറൽ സുപ്രിമസി പറയാനാണ്. ധാർമികമായി ഞങ്ങളാണ് ശ്രേഷ്ഠര്‍ എന്നു വരുത്താൻ വേണ്ടി മാത്രമാണ് സുനിൽ പി. ഇളയിടം ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നത്.
അതുകൊണ്ടാണ്, ബൗദ്ധികരംഗത്തും രാഷ്ട്രീയ രംഗത്തും കൃത്യമായ മുസ്‌ലിം വിരുദ്ധ സ്വഭാവമുള്ളവർ, അതുമാത്രം പറഞ്ഞിട്ടുള്ള ചില ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും ജനാധിപത്യ കൺവെൻഷനുകളിലേക്ക് ആനയിച്ചു കൊണ്ടിരിക്കുന്നത്.

ആത്മാഭിമാനമുള്ള മനുഷ്യർക്ക് ഇവരെയൊക്കെ നിഷേധിക്കാൻ കഴിയേണ്ടതുണ്ട്. എന്റെയൊക്കെ ചെറുപ്പത്തിൽ പട്ടത്തുവിളയുടെ ഒരു കഥ പറയുമായിരുന്നു. പണ്ടൊക്കെ ചെറുപ്പക്കാർ എന്നാൽ പുരോഗമനവാദികൾ, പ്രായമായവർ എന്നാൽ യാഥാസ്ഥികർ എന്നൊണല്ലോ സങ്കല്‍പം. പട്ടത്തുവിളയുടെ കഥ ഒരു തിരിച്ചിടലാണ്. ചെറുപ്പക്കാരായ പിള്ളേർ പഴയ രാഷ്ട്രീയമൊക്കെ പറഞ്ഞുവരുന്നു. അതു കാണുന്ന വൃദ്ധനായ അച്ഛൻ കാലിന്റെ ഒരു രോമം പറിച്ചെടുത്ത് മകന്റെ നേരെ നീട്ടി പറയുന്നുണ്ട്, ഞങ്ങളൊക്കെ പണ്ട് പറിച്ചെറിഞ്ഞ വിഗ്രഹങ്ങളാണിത് എന്ന്. നീയതൊക്കെ ഇപ്പോൾ ഏറ്റി നടക്കുന്നതിൽ ഞങ്ങൾക്ക് പുച്ഛമാണ് എന്നു പറഞ്ഞ് മകനുമായി വഴക്കുണ്ടാക്കുന്ന അച്ഛന്റെ കഥയാണത്.

സത്യം പറഞ്ഞാൽ മാർക്‌സിസം എന്നു പറഞ്ഞാൽ ജനാധിപത്യത്തിനു വിരുദ്ധമാണ്. ജനാധിപത്യത്തെ ടാക്റ്റിക്സ് ആയി മാത്രമേ അവർ കണക്കാക്കുന്നുള്ളൂ. ജനാധിപത്യവാദികളുമായി സംവദിക്കാൻ അവർക്കൊരു അർഹതയുമില്ല. മറിച്ചെന്താണ്? അവർ ജനാധിപത്യത്തെ പറ്റി പറയുന്നതു തീർച്ചയായിട്ടും അവരുടെ മോറൽ സുപ്രിമസി പറയാനാണ്. ധാർമികമായി ഞങ്ങളാണ് ശ്രേഷ്ഠര്‍ എന്നു വരുത്താൻ വേണ്ടി മാത്രമാണ് സുനിൽ പി. ഇളയിടം ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നത്.

അതുപോലെ, കേരളത്തിൽ പത്തോ ഇരുപതോ വർഷം മുന്‍പു സെക്കുലറിസത്തിന്റെ പഴകിയ ലോകത്ത് ജീവിച്ച, ഈ കുഴപ്പം പിടിച്ച കാലത്ത് ഒരു ചിന്താശേഷിയും പ്രകടിപ്പിക്കാത്ത, കേരളത്തിലെ വൈവിധ്യങ്ങളെപ്പറ്റി ഒന്നും അറിയാത്ത, വെറും യാഥാസ്ഥിക ഫെമിനിസത്തിന്റെയും യാഥാസ്ഥിക മതേതരത്വത്തിന്റെയും യാഥാസ്ഥിക മാർക്‌സിസത്തിന്റെയും യാഥാസ്ഥിക ദലിത് വാദത്തിന്റെയും വക്താക്കളെയൊക്കെ വീണ്ടും വീണ്ടും ജനാധിപത്യ കൺവെൻഷനുകളായി നമുക്കു മുന്നിൽ കൊണ്ടുവരുന്നു. ഇതിലൂടെ എന്തു സംവാദമാണ് നടത്തുന്നത്? എന്തു പൊളിച്ചെഴുത്താണ് നടത്തുന്നത്? ഇവിടെ ഇവർക്ക് പ്രസക്തി വീണ്ടും വീണ്ടും കിട്ടുന്നതിലുള്ള കാരണമെന്താണ്?

കാരണം, ഒരു മുസ്‌ലിം വിരുദ്ധ ഇൻസ്റ്റിറ്റ്യൂഷൻ ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ ഇൻസ്റ്റിറ്റ്യൂഷന്‍ ഒരുതരം വെറുപ്പ് സ്ഥാപിച്ചെടുക്കുന്നുണ്ട്. ഈ വെറുപ്പിനെ പ്രതിരോധിക്കണമെങ്കിൽ നമ്മുടെ വൈവിധ്യങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടി വരും. വ്യത്യാസം എന്നു പറയുന്നത് പ്രധാനമാണ്.
എന്തുകൊണ്ട് മുസ്‌ലിമിനോട് ശത്രുതയുണ്ടാവുന്നു? കാരണം മതമല്ല മറിച്ച് ദേശം എന്നു പറയുന്ന ഐഡന്റിറ്റിയാണ് ഇന്ത്യയിലെ ഹൈന്ദവതയുടെ സ്വഭാവം. മതമല്ല അതിന്റെ ഐഡന്റിറ്റി. മതരാഷ്ട്രവാദം അല്ല അവർ പറയുന്നത്. ദേശത്തെ പറ്റിയുള്ള ഒരു സവിശേഷമായ സങ്കല്‍പമാണ് അവർ പറയുന്നത്. ദേശം ഒരു മാതാവിന്റെ രൂപത്തിൽ, ലാളന തരുന്ന, ഒരു ജൈവപിണ്ഡമായി അവർ സങ്കല്‍പിച്ചിരിക്കുന്നു. ഈ ജൈവപിണ്ഡത്തിൽ കൊള്ളാൻ കഴിയാത്ത അശുഭരാണ് വ്യത്യസ്താഭിപ്രായമുള്ളവര്‍ (Dissent).

പക്ഷേ ഈ ഡിസെൻസുകളിൽ മുസ്‌ലിം മുഖ്യമായിട്ട് വരുന്നതെന്തുകൊണ്ടാണ്? വ്യത്യസ്തരെല്ലാം ഈ ജൈവപിണ്ഡത്തെ അലങ്കോലപ്പെടുത്തുന്നവരോ അതിന്റെ ഏകാഗ്രതയെ നഷ്ടപ്പെടുത്തവരോ അതിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തകർക്കുന്നവരോ ആണ്. പക്ഷേ ഇന്നു മുസ്‌ലിം മാത്രമാണ് പ്രധാനപ്പെട്ട ശത്രുവാകുന്നത്. രണ്ടാം ഘട്ടത്തിൽ ക്രിസ്ത്യാനി ഇതിലേക്ക് വരും. ഇങ്ങനെ വരുന്നതിന് കാരണം എന്താണ്? ഇവിടെയാണ് വ്യത്യാസം എന്ന് പറയുന്നത്. മതത്താലും സവിശേഷപ്പെട്ട ജീവിതചര്യകളിലുമാണ് വ്യത്യാസമുണ്ടായിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ച ജൂതന്മാരുടെ പ്രശ്‌നമെന്തായിരുന്നു? ജൂതന്മാർ യൂറോപ്പിലെ സമ്പന്നരായിരുന്നു. വലിയ പ്രത്യേകതകളുള്ളവരായിരുന്നു. പക്ഷേ അവരോട് ജർമൻ ജനത കടപ്പെട്ടവരായിരുന്നു. ജർമനിയുടെ കുഴപ്പങ്ങളിലും പ്രതിസന്ധികളിലും അവർ കൂടെ നിന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയ ജർമന്‍ ജനത ഒരു ജൈവസ്വഭാവത്തിൽ ദേശീയമായി ഏകീകരിക്കപ്പെടണമെങ്കിൽ, ആത്മീയമായി അവര്‍ക്ക് ഉന്നതിയില്‍ പ്രവേശിക്കണമെങ്കിൽ, യഥാര്‍ഥ വ്യത്യാസമായ ജൂതന്മാരെ കൊന്നൊടുക്കണം. അവരെ അങ്ങനെ ഗ്യാസ് ചേമ്പറിലിട്ട് ഇല്ലാതാക്കി.

ഇതുപോലെ, ഇവിടെ ഹിന്ദു ഏകീകരിക്കപ്പെടണമെങ്കിൽ വ്യത്യസ്തരായി നിലനിൽക്കുന്ന, സെമിറ്റിക്ക് മതങ്ങൾ പ്രാക്ടീസ് ചെയ്യുന്നവരും അതിന്റെ വ്യത്യസ്തകളിലൂടെ ജീവിക്കുന്നവരും അതിന്റെ സദാചാര വ്യവസ്ഥകൾ അനുസരിച്ച് ജീവിക്കുന്നവരുമായ മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിനെതിരെയുമുള്ള ശത്രുത ഉല്‍പ്പാദിപ്പിക്കേണ്ടി വരും. ദേശം എന്നു പറയുന്ന ഒരു വ്യവഹാരത്തിന്റെ ഐക്യത്തിന് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ് മുസ്‌ലിം.

അതുകൊണ്ടാണ്, മുസ്‌ലിംകള്‍ക്കെതിരെ മാത്രമുള്ള ശത്രുത കൊണ്ട് ഇവിടെ സംഘ്പരിവാർ ഇന്നത്തെ രാഷ്ട്ര സംവിധാനത്തിലേക്ക് വികസിക്കുന്നത്. മുസ്‌ലിമിനെ അകറ്റി നിർത്തിക്കൊണ്ട്, മുസ്‌ലിം ശബ്ദങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട്, മുസ്‌ലിം സംഘടനകളെ ഇല്ലാതാക്കി കൊണ്ട്, അവരോട് കൺവേ ചെയ്യില്ല എന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ കപടനാട്യങ്ങൾ മാത്രമാണ് ഇന്നത്തെ ജനാധിപത്യ കൺവെൻഷനുകൾ. അതിനോടു സമരം ചെയ്യാൻ നമുക്കാവണം.

ദേശത്തെ ജൈവികമായിട്ട് നശിപ്പിക്കുന്നവരാണ് ഡിഫറന്റുകൾ. വ്യത്യാസങ്ങൾ എന്നു പറയുന്ന ഒരു പുതിയ രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ട്രീയസമരങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത്. അതു തീർച്ചയായിട്ടും ഹൈന്ദവേതരായ മതവിഭാഗങ്ങളുടെയും ഹൈന്ദവേതരായ ജാതിവിഭാഗങ്ങളുടെയും അനേകം തരത്തിലുള്ള വൈവിധ്യങ്ങളുടെയും പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ.

പഴയ വർഗീയവിരുദ്ധ സമരങ്ങൾക്കോ, മതേതരത്വ സമരങ്ങൾക്കോ, അല്ലെങ്കിൽ ജനാധിപത്യത്തെപ്പറ്റിയുള്ള യാഥാസ്ഥിക സങ്കല്‍പങ്ങൾക്കോ അതിനു കഴിയുമെന്ന് തോന്നുന്നില്ല. വർഗീയത/മതേതരത്വം/ജനാധിപത്യം തുടങ്ങിയവയുടെ പേരിലുള്ള എക്സ്ക്ളൂസീവ് സങ്കൽപങ്ങളുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു. പുതിയ സമരങ്ങൾക്കു പുതിയ സങ്കൽപങ്ങൾ ആവശ്യമാണ്. അങ്ങനെ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്കു നാം മുന്നേറണം എന്ന് ആശംസിച്ചു കൊണ്ട് ഈ സമ്മേളനത്തിലേക്ക് എന്നെ വിളിച്ച ഭാരവാഹികൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.

(‘യുനൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്’ കഴിഞ്ഞ നവംബർ 23-ന് എറണാകുളത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം)

Top