നാറാത്ത് കേസ്: യു.എ.പി.എക്കെതിരായ പോരാട്ട വിജയം
കണ്ണൂര്‍ നാറാത്ത് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ചു വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ച നിരപരാധികളായ ആ മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരിക്കുകയാണ്. ഇസ്‌ലാമോഫോബിയ ബാധിച്ച മാധ്യമങ്ങളും രാഷ്ട്രീയക്കാരും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ കാരണം ജീവിതത്തിലെ അഞ്ചു നല്ല വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്ന ആ ചെറുപ്പക്കാരെ ഓര്‍ത്തെങ്കിലും പക്ഷേ അതൊന്ന് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ തയ്യാറാവുന്നില്ല. മൗനംപാലിച്ചു മാറിനിന്നിരുന്ന ദലിത് പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെ ആ വഴിയില്‍ പ്രതികരിപ്പിക്കാന്‍ നാറാത്തു കേസിനു ശേഷം നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. കേരളത്തിലെ, വിശേഷിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുന്‍കാല ബോംബ്, വടിവാള്‍ ആയുധ വേട്ടകളും പൊട്ടിത്തെറികളും കൊലപാതകങ്ങളും, അതിനോടു കേരളത്തിലെ പോലീസും ഭരണകൂടവും സമുദായ രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകള്‍ പുലര്‍ത്തിയ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെട്ടു. ഇർഷാദ് മൊറയൂർ എഴുതുന്നു.
കണ്ണൂര്‍ നാറാത്ത് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ചു വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ച നിരപരാധികളായ ആ മുസ്‌ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരിക്കുകയാണ്. നീതിക്കു വേണ്ടിയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. ഇസ്‌ലാമോഫോബിയ ബാധിച്ച മാധ്യമങ്ങളും രാഷ്ട്രീയക്കാരും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ കാരണം ജീവിതത്തിലെ അഞ്ചു നല്ല വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്ന ആ ചെറുപ്പക്കാരെ ഓര്‍ത്തെങ്കിലും പക്ഷേ അതൊന്ന് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ തയ്യാറാവുന്നില്ല.
നാറാത്ത് ടൗണിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ യോഗ പ്രാക്റ്റീസ് ചെയ്ത 21 മുസ്‌ലിം ചെറുപ്പക്കാരെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. 2013 ഏപ്രില്‍ 23ന് ‘ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം’ എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ തലത്തില്‍ നടത്തിയ ആരോഗ്യ കാമ്പയിനിന്റെ ഭാഗമായി ഒത്തുകൂടിയ യുവാക്കളെയായിരുന്നു അറസ്റ്റു ചെയ്തത്. എല്ലാ അന്താരാഷ്ട്ര ബന്ധങ്ങളുമുള്ള ഭീകരവാദ കേസാണെന്നായിരുന്നു മതേതര/സവര്‍ണ/സംഘ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും അന്നു പറഞ്ഞത്.
എന്‍.ഐ.എയും ലോക്കല്‍ പോലീസും മാറി മാറി വന്ന സര്‍ക്കാറുകളും മതേതര/ദേശീയ മാധ്യമങ്ങളും ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തകരും ചേര്‍ന്നു പ്രചരിപ്പിച്ച അപസര്‍പ്പക കഥകളൊന്നും കോടതിയില്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ യു.എ.പി.എ, 153 (അ), രാജ്യദ്രോഹം 153 (ആ) എന്നു തുടങ്ങി പ്രധാന വകുപ്പുകള്‍ മുഴുവന്‍ കോടതി തള്ളിക്കളഞ്ഞു. ഭരണകൂടത്തിന്റെ രാഷ്ട്രീയ ചട്ടുകമായി എന്‍.ഐ.എ മാറുന്നു എന്ന ആരോപണത്തിനെ ഫലത്തില്‍ ശരിവെക്കുന്നതാണു കോടതി വിധി. കേസില്‍ യു.എ.പി.എ ഒഴിവാക്കിയ കോടതി വിധി ഭരണകൂട ഭീകരതക്കും എന്‍.ഐ.എക്കും വലിയ തിരിച്ചടിയാണ്.
രാഷ്ട്രീയക്കാരും നാറാത്ത് കേസും
കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിനെ ഫിനിഷ് ചെയ്യാനെന്നു പറഞ്ഞ് ചരിത്രത്തിലാദ്യമായി യു.എ.പി.എ നിയമം ചാര്‍ത്തിയതു കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴായിരുന്നു. എന്നാല്‍ അതേ യു.എ.പി.എക്കെതിരെ തെരുവിലിറങ്ങേണ്ട സാഹചര്യത്തില്‍ സി.പി.എം പിന്നീടെത്തിച്ചേര്‍ന്നതും നാം കണ്ടു. നാറാത്ത് കേസ് കെട്ടിച്ചമച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. മുസ്‌ലിം യുവാക്കള്‍ക്കെതിരായ ഈ വേട്ടയെ സഹായിക്കാന്‍ താനും ഉണ്ടായിരുന്നു എന്നു പരസ്യമായി പറയുന്ന മുസ്‌ലിം ലീഗ് യുവനേതാവ് കെ.എം ഷാജി ഈ വിഷയത്തിലെ തന്റെ പങ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും തന്റെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി ഷാജി അടക്കമുള്ളവര്‍ കുരുതി കൊടുത്തത് ആ 21 ചെറുപ്പക്കാരുടെ ജീവിതത്തിലെ വിലപ്പെട്ട അഞ്ചു വര്‍ഷങ്ങളായിരുന്നു. ഇന്നിപ്പോള്‍ താനൊരു വര്‍ഗീയവാദിയല്ലെന്ന് തെളിയിക്കാന്‍ ഷാജി കോടതികള്‍ കയറിയിറങ്ങുന്നത് നാം കാണുന്നു.
കെട്ടിച്ചമച്ച ആയുധവേട്ട
ബോംബ് പോലെ തോന്നിക്കുന്ന വസ്തു മുതല്‍ വിസ മാറുവാന്‍ ദുബായില്‍ നിന്ന് ഇറാനിലെ കിഷ് ദ്വീപില്‍ പോകുമ്പോള്‍ ലഭിക്കുന്ന ഐ.ഡി കാര്‍ഡ് വരെയുള്ള ‘മാരകായുധങ്ങള്‍’ ഒക്കെയായിരുന്നു പൊലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍. ഓരോ ആളുകള്‍ക്കും രണ്ടും മൂന്നും ഫോണുകളുള്ള കാലത്ത് 21 ചെറുപ്പക്കാരില്‍ നിന്നു 19 ഫോണ്‍ പിടിച്ചെടുത്തതും ആനക്കാര്യമായി അവതരിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമുദായത്തെ ആക്രമിക്കാന്‍ ഹിന്ദുത്വശക്തികള്‍ പരസ്യമായും രഹസ്യമായും നടത്തുന്ന സായുധ പരിശീലനം കണ്ടില്ലെന്നു നടിക്കുന്ന പൊലീസും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമാണു നമുക്കുള്ളത്. ഇവരാണ് സൈലന്റ് ആക്കിയ മൊബൈലില്‍ ദുരൂഹത കണ്ടെത്തിയും നേരത്തെ പറഞ്ഞ ഐ.ഡി കാര്‍ഡില്‍ ഭീകരത ആരോപിച്ചും നാറാത്തെ ജനവാസ മേഖലയില്‍ നടന്ന യോഗാ പരിശീലനത്തെ ഭീകരപരിശീലനമാക്കി തെറ്റിദ്ധരിപ്പിച്ച് ഭീകരനിയമം അടിച്ചേല്‍പിച്ചത്.
പ്രിന്‍റ് /ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
പോലീസിന്റെ പച്ചനുണകള്‍ കൂടുതല്‍ എരിവു ചേര്‍ത്തു വിളമ്പുകയായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍. മംഗളവും ദേശാഭിമാനിയും മാതൃഭൂമിയും മനോരമയും പോലുള്ള പ്രിന്‍റ് മാധ്യമങ്ങളും ഡൂള്‍ ന്യൂസും നാരദയും പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളും അക്കാര്യത്തില്‍ മത്സരിക്കുകയായിരുന്നുവെന്നു പറയാം. കേസില്‍ ഐ.എസ് ബന്ധത്തിനു സ്ഥിരീകരണം വരെ നല്‍കി അതില്‍ ചില മാധ്യമങ്ങള്‍. ബാംഗ്ലൂര്‍ സ്‌ഫോടനത്തെയും മറ്റു പല കേസുകളെയും ബന്ധപ്പെടുത്തി കൊഴുപ്പു കൂട്ടാന്‍ കച്ചകെട്ടി ഇറങ്ങിയ പോലെയായിരുന്നു ആ റിപ്പോര്‍ട്ടുകള്‍.
പോപുലര്‍ ഫ്രണ്ടിനെ മറയാക്കി, യു.എ.പി.എ നോര്‍മലൈസ് ചെയ്യുന്ന മുസ്‌ലിം വേട്ടയാണു നാറാത്തു നടക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കാതെ, ന്യൂനപക്ഷ സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളും മുഖ്യധാരാ പത്രങ്ങള്‍ പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് ഊര്‍ജം നല്‍കുകയായിരുന്നു ചെയ്തത്. സംഘപരിവാര്‍/ഭരണകൂട യുക്തി ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെതിരെ ആഴ്ച്ചകള്‍ നീണ്ട ഫോളോഅപ്പ് സ്‌റ്റോറികളുമായി നിറഞ്ഞു നിന്നതില്‍ മാധ്യമവും ചന്ദ്രികയും സിറാജുമൊക്കെ മുന്നില്‍തന്നെ ഉണ്ടായിരുന്നു .
പോപുലര്‍ ഫ്രണ്ടിനെ മറയാക്കി, യു.എ.പി.എ നോര്‍മലൈസ് ചെയ്യുന്ന മുസ്‌ലിം വേട്ടയാണു നാറാത്തു നടക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കാതെ, ന്യൂനപക്ഷ സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളും മുഖ്യധാരാ പത്രങ്ങള്‍ പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് ഊര്‍ജം നല്‍കുകയായിരുന്നു ചെയ്തത്. സംഘപരിവാര്‍/ഭരണകൂട യുക്തി ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെതിരെ ആഴ്ച്ചകള്‍ നീണ്ട ഫോളോഅപ്പ് സ്‌റ്റോറികളുമായി നിറഞ്ഞു നിന്നതില്‍ മാധ്യമവും ചന്ദ്രികയും സിറാജുമൊക്കെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു .
മുസ്‌ലിം സംഘടനകളില്‍ പലതും ആ കപട പൊതുബോധത്തിന്റെ ഭാഗമായാണ് ആദ്യം നിന്നത്. കെ.പി ശശിയുടെ നേതൃത്വത്തില്‍ സോളിഡാരിറ്റി യു.എ.പി.എക്കെതിരായ ജനകീയ ട്രൈബ്യൂണല്‍ കോഴിക്കോട്ടു സംഘടിപ്പിച്ചപ്പോള്‍ നാറാത്ത് കേസ് പരാമര്‍ശിച്ചതേയില്ല. മറ്റെല്ലാ കേസുകളും നീതിയുക്തമായി പരിഹരിക്കാന്‍ മുന്നില്‍ നിന്നെന്ന് അവകാശപ്പെടുന്ന സോളിഡാരിറ്റി പക്ഷേ നാറാത്ത് കേസിന്റെ കാര്യത്തില്‍ ഭരണകൂട/മാധ്യമ ഭീകരതയുടെ പക്ഷത്തായിരുന്നു. ആ നിലപാടില്‍ നിന്ന് മാറ്റംവരാന്‍ ഏറെ രാഷ്ട്രീയ സംവാദങ്ങള്‍ വേണ്ടിവന്നു എന്നതാണ് മറ്റൊരു വസ്തുത.
കേസിന്റെ വിശാലരാഷ്ട്രീയം
ഒന്ന്) പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സി.എം നസീറിന്റെ വീടിനു നേരെ നടന്ന ബോംബ് ആക്രമണത്തിനെതിരെ പ്രതിഷേധ സമരം നടക്കുമ്പോഴാണ് ദുരൂഹമായ അറസ്റ്റു നടന്നത്. പോപുലര്‍ ഫ്രണ്ടിനെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അറസ്റ്റ്.
രണ്ട്) ജനനിബിഡമായ നാറാത്ത് ടൗണില്‍ പകല്‍ സമയത്താണ് അറസ്റ്റു നടന്നത്. അതിനാല്‍ തന്നെ പോലിസ് റിപ്പോര്‍ട്ട് കോപ്പിയടിച്ച് മാധ്യമങ്ങള്‍ നല്‍കിയ ആയുധ പരിശീലന വാര്‍ത്തയ്ക്കു യാതൊരു സാധ്യതയുമില്ലായിരുന്നു. പോലിസിലെ ഒരു വിഭാഗം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആയുധങ്ങള്‍ കൊണ്ടുവന്നു വച്ച് വന്‍ ആയുധപരിശീലക സംഘത്തെ പിടികൂടി എന്ന മട്ടില്‍ അവര്‍ പ്രചാരണം അഴിച്ചുവിട്ടത് ശ്രദ്ധേയമായിരുന്നു.
മൂന്ന്) 2013 ജനുവരി 5ന് ധര്‍മടത്തെ സി.പി.എം ക്ലബ്ബില്‍ ധര്‍മടം പോലിസ് പിടികൂടിയ ഐസ്‌ക്രീം ബോംബ് കേസ്, 2012 ഏപ്രില്‍ 7ന് ബോംബ് നിര്‍മാണത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രത്യുഷിന്റെ കൈവിരല്‍ അറ്റ സംഭവം, 2013 ഏപ്രില്‍ 7ന് സ്‌ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കവെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ദിലീപ് കൊല്ലപ്പെട്ടത്, മുസ്‌ലിം ലീഗിന്റെ ഓഫീസുകളില്‍ നിന്നു ബോംബ് പൊട്ടിത്തെറിച്ച സംഭവങ്ങള്‍ തുടങ്ങി കണ്ണൂരിലുണ്ടായ ഒരു കേസിലും പോലിസ് ഭീകരനിയമം ചുമത്തിയിട്ടില്ലെന്നിരിക്കെ, പോപുലര്‍ ഫ്രണ്ടിനെ ടാര്‍ഗറ്റ് ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു നാറാത്ത് കേസ്. ഇതിനവര്‍ ഉപയോഗിച്ചതാവട്ടെ, യു.എ.പി.എ പോലുള്ള ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിയമവും.
വസ്തുതകള്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍
തണല്‍ ട്രസ്റ്റിനു കീഴിലുള്ള, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നു കണ്ടെടുത്തെന്നു പറയുന്നതില്‍ ബോംബുകളില്ലെന്നും ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുക്കളാണെന്നും റെയ്ഡിനു നേതൃത്വം നല്‍കിയ മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്‍.സി.എച്ച്.ആര്‍.ഓ വസ്തുതാന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.
കേസന്വേഷിക്കുന്ന കണ്ണൂര്‍ ഡി.വൈ.എസ്.പി. പി സുകുമാരന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം പ്രതിനിധി കെ.വി മേമി, വാര്‍ഡ് മെംബര്‍ മുസ്‌ലിം ലീഗ് പ്രതിനിധി കെ.വി സലാം ഹാജി, കെട്ടിടത്തിന്റെ പരിസരത്തുള്ള വീട്ടുകാര്‍, മഹല്ല് കമ്മിറ്റിയംഗങ്ങള്‍, ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി മുസ്തഫ, അറസ്റ്റിനു ദൃക്‌സാക്ഷികളായ സലീം, ജാഫര്‍, കെ.പി മൂസാന്‍കുട്ടി തുടങ്ങി നിരവധി പേരില്‍ നിന്നു സംഘം തെളിവെടുത്തിരുന്നു. കെട്ടിടത്തില്‍ ബോംബ് നിര്‍മാണമോ മറ്റോ നടന്നതായുള്ള വാര്‍ത്തകള്‍ പരിസരവാസികളായ സുധീഷ്, അബ്ദുല്ല, സലീം, മൂസാന്‍കുട്ടി എന്നിവര്‍ നിരാകരിക്കുകയും ചെയ്തിരുന്നു.
യോഗാ പരിശീലനത്തിലേര്‍പ്പെട്ട 21 യുവാക്കളോടും ആദ്യമെത്തിയ നാലു പോലിസുകാര്‍ സ്‌റ്റേഷനിലേക്കു വരണമെന്നു പറഞ്ഞാണു മയ്യില്‍ പോലിസ് സ്‌റ്റേഷനിലേക്കെത്തിച്ചത്. ഈ സമയത്ത് ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടെടുത്തിരുന്നില്ല. പിന്നീട് 45 മിനിറ്റിനും ഒന്നര മണിക്കൂറിനും ഇടയിലാണ് ആയുധപരിശീലമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
കേസില്‍ ആകെ 56 സാക്ഷികളില്‍ നിന്ന് 26 പേരെയാണു കോടതി വിസ്തരിച്ചത്. ഇതില്‍ 8 പേര്‍ കേരള പോലീസ്, എന്‍.ഐ.എ ഉദ്യോഗസ്ഥരായിരുന്നു. 5 പേര്‍ മുസ്‌ലിം ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരും 3 പേര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായിരുന്നു. ഇവരുടെ വീടുകളാകട്ടെ സംഭവം നടന്ന സ്ഥലത്തു നിന്ന് ഏറെ അകലെയുമായിരുന്നു.
കെട്ടിടത്തിനു ചുറ്റുമുള്ള വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും ഒഴിവാക്കിയാണ് ഏറെ അകലെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരെ എന്‍.ഐ.എ സാക്ഷികളാക്കിയത്. എന്‍.ഐ.എ സാക്ഷികളില്‍ ഒരാള്‍ ആര്‍.എസ്.എസ് ജില്ലാ നേതാവ് കെ.എന്‍ നാരായണന്‍ മാസ്റ്ററാണ്. മറ്റൊരാള്‍ ബി.ജെ.പി മുന്‍ മണ്ഡലം നേതാവ് എം.പി മുരളീധരന്‍. ഇരുവരും സംഭവസ്ഥലത്തു നിന്നു കിലോമീറ്ററുകള്‍ അകലെ ഉള്ളവരായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു സംഭവം എന്നാണ് ഇതു തെളിയിക്കുന്നത്.
അതിനിടയില്‍ കേസിനു മറ്റു വലിയ കേസുകളുമായൊക്കെ ബന്ധം ഉണ്ടാക്കാനും അണിയറയില്‍ തിരക്കഥകള്‍ അരങ്ങേറി. പിടിയിലായവര്‍ക്ക് ആദ്യം ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ കഥകള്‍ ഏശുന്നില്ലെന്നു കണ്ടതോടെ അടവുമാറ്റി. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമായി പിന്നീട്. ശക്തമായ നിയമ പോരാട്ടം കൊണ്ടു മാത്രമാണ് അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിച്ചത്.
രാഷ്ട്രീയ ശത്രുത കാരണം അന്യായമായി ഭീകരമുദ്ര ചാര്‍ത്തി, നിയമത്തിന്റെ അമിത പ്രയോഗം ആണു നാറാത്ത് കേസില്‍ ഭരണകൂടം നടത്തിയതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി. പാടത്തു കുത്തുന്ന കോലത്തെ മനുഷ്യ ഡമ്മിയും ഇഷ്ടികയും ‘ബോംബ് പോലെ തോന്നിക്കുന്ന വസ്തുവും’, ഏത് അന്വേഷണ ഉദ്യോഗസ്ഥനും വേണമെങ്കില്‍ എവിടെ നിന്നും ‘കണ്ടെടുക്കാന്‍’ കഴിയുന്ന കൊടുവാളും ഒക്കെ വെച്ച് പ്രോസിക്യൂഷന്‍ സ്ഥാപിച്ച ആയുധ/സ്‌ഫോടക വസ്തു കുറ്റം സുപ്രീം കോടതിയില്‍ തെളിയാതെ പോയി.
വൈകി വന്ന നീതി
കോടതി നല്‍കിയ ശിക്ഷാകാലയളവ് ഇതിനോടകം റിമാന്‍ഡ് ആയി അനുഭവിച്ചതിനാല്‍ മുഴുവന്‍ യുവാക്കളും ബുധനാഴ്ച്ചയോടെ പുറത്തിറങ്ങി. പോലീസ് കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ച മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്ക് തരിമ്പും വിശ്വാസ്യതയില്ലെന്ന് ഈ കോടതിവിധിയും തെളിയിക്കുന്നു. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണ് എന്ന ആപ്തവാക്യമാണു ശരി. എങ്കിലും പൊരുതി നേടിയ നീതി ഇരകള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നതു തന്നെയായിരുന്നു.
ഡസന്‍കണക്കിനു ബോംബുകളും വാളുകളും കണ്ടെത്തുകയും അതുപയോഗിച്ചു കൊലപാതക പരമ്പരകള്‍ അരങ്ങേറുകയും ചെയ്തിട്ടുണ്ട് കണ്ണൂരില്‍. എന്നാല്‍ തീര്‍ത്തും ദുരൂഹമായി ഒരു വാളും ബോംബും പലക ഡമ്മിയും, അതും തൊട്ടടുത്ത പറമ്പില്‍ നിന്നു ‘കണ്ടെത്തി’, കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആയുധ വേട്ടയാക്കി മാറ്റുകയായിരുന്നു നാറാത്ത് കേസ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്തു നിലനില്‍ക്കുന്ന, വിശിഷ്യാ കേരളത്തിനു പുറത്ത് ഏതാണ്ടു നടപ്പിലാക്കിക്കഴിഞ്ഞതുമായ വിവേചനവും ഇരട്ടനീതിയും ഭീകര നിയമപ്രയോഗങ്ങളും കേരളക്കരയില്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ അവസരമൊരുങ്ങിയത് നാറാത്തു കേസിനു ശേഷമായിരുന്നു. ഉത്തരേന്ത്യയില്‍ കാണുന്ന പോലെ മുസ്‌ലിം യുവാക്കളെ അറസ്റ്റു ചെയ്തു പിന്നീട് തെളിവുകള്‍ പടച്ചുണ്ടാക്കുന്ന ശൈലിയാണ് നാറാത്ത് കേസില്‍ നടന്നത്.
ഡസന്‍കണക്കിനു ബോംബുകളും വാളുകളും കണ്ടെത്തുകയും അതുപയോഗിച്ചു കൊലപാതക പരമ്പരകള്‍ അരങ്ങേറുകയും ചെയ്തിട്ടുണ്ട് കണ്ണൂരില്‍. എന്നാല്‍ തീര്‍ത്തും ദുരൂഹമായി ഒരു വാളും ബോംബും പലക ഡമ്മിയും, അതും തൊട്ടടുത്ത പറമ്പില്‍ നിന്നു ‘കണ്ടെത്തി’, കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആയുധ വേട്ടയാക്കി മാറ്റുകയായിരുന്നു നാറാത്ത് കേസ്.
മൗനം പാലിച്ചു മാറിനിന്നിരുന്ന ദലിത് പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷ സംഘടനകളെ ആ വഴിയില്‍ പ്രതികരിപ്പിക്കാന്‍ നാറാത്തു കേസിനു ശേഷം നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കു കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. കേരളത്തിലെ, വിശേഷിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുന്‍കാല ബോംബ്, വടിവാള്‍ ആയുധ വേട്ടകളും പൊട്ടിത്തെറികളും കൊലപാതകങ്ങളും, അതിനോടു കേരളത്തിലെ പോലീസും ഭരണകൂടവും സമുദായ രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകള്‍ പുലര്‍ത്തിയ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെട്ടു. പഴുതടച്ച നിയമ പോരാട്ടങ്ങളിലൂടെ മറ്റൊരു ഭരണകൂട മാധ്യമ വേട്ടയ്ക്കുകൂടി തടയിടാന്‍ സാധിച്ചു എന്നതാണു നാറാത്ത് സംഭവം നല്‍കുന്ന പാഠം.