യുഎപിഎയും ഇസ്‌ലാമോഫോബിയയും: ഇൻഡ്യയിലും കേരളത്തിലും

യുഎപിഎ കേസുകള്‍ മുഖ്യമായും ചാര്‍ത്തപ്പെട്ടിട്ടുള്ളത് അതില്‍ ഹിംസയുടെ അളവ് കൂടുതലായത് കൊണ്ടല്ല, മറിച്ച് മിക്കവാറും കേസുകളും നിരോധിത മുസ്‌ലിം സംഘടനയുടെ മീറ്റിംഗ് കൂടി, പരിശീലന കാമ്പ് നടത്തി, നിരോധിത സാഹിത്യങ്ങള്‍ പിടിച്ചെടുത്തു എന്നിവയാണ്. ഒരര്‍ഥത്തിലുള്ള ശാരീരിക ഹിംസയും ഉൽപാദിപ്പിക്കാത്തവയാണ് ഈ കേസുകള്‍. ദേശ രൂപീകരണം തന്നെ അപരവല്‍കരണ പ്രക്രിയയായി അനുഭവിക്കേണ്ടി വന്ന സമുദായങ്ങളെയാണ് ഈ നിയമങ്ങള്‍ ഉന്നം വെക്കുന്നത്. വസീം ആർ.എസ് എഴുതുന്നു.

യുഎപിയും  ഇൻഡ്യയിലെ തീവ്രവാദ വിരുദ്ധ യുദ്ധവും

2001 സെപ്തംബര്‍ പതിനൊന്നിനു ശേഷം തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ്  യുഎപിഎയെ കൂടുതല്‍ കര്‍ശനമാക്കി മാറ്റി തീര്‍ത്തത്. തീവ്രവാദം എന്നത് ലോകം മുഴുവന്‍  ശൃംഖലകളുള്ള ഒന്നാണെന്നും അത് കൊണ്ടു തന്നെ, ആഗോള തലത്തിലുള്ള തീവ്രവാദത്തെ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കേണ്ടതുണ്ടെന്നും 9/11ന് ശേഷമുള്ള യുഎന്‍ നയരേഖകളില്‍ വിശദമാക്കുന്നത് കാണാം. ഇത് നേരിട്ട് പരാമര്‍ശിച്ചു കൊണ്ടാണ് ഇന്ത്യന്‍ സാഹചര്യത്തില്‍  യുഎപിഎ ഭേദഗതികള്‍ നിലവില്‍ വരുന്നത്. ജാമ്യം, തടവ്, വിചാരണ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പൗരാവകാശലംഘനങ്ങള്‍  ഈ നിയമത്തിന്‍റെ അടിത്തറയാവുമ്പോള്‍ തന്നെ, അമേരിക്കയുടെ നേത്രത്വത്തില്‍ മുന്നോട്ട് വെക്കപ്പെട്ടിടുള്ള ഈ തീവ്രവാദവിരുദ്ധ വ്യവഹാരം എത്രത്തോളം യുഎപിഎയെ സ്വാധീനിച്ചു എന്നതു ഇനിയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

യുഎപിഎ എന്ന മർദ്ദക നിയമത്തിന്‍റെ പ്രത്യേകത, അതു പ്രകാരം ഭരണകൂടത്തിനു സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധിക്കും എന്നതാണ്. 2012ല്‍ നിയമത്തിനു കൊണ്ടുവന്ന ഈ  ഭേദഗതി സംഘടനകളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി കൊണ്ടായിരുന്നു. അതിനു മുമ്പ് വരെ, ഒരു സംഘടന നിയമവിരുദ്ധം എന്ന നിലയില്‍ നിരോധിക്കപ്പെടുക രണ്ടു വര്‍ഷത്തെ കാലയളവിലേക്കായിരുന്നു. അതിനു ശേഷം ഗവണ്മെന്റിന് വീണ്ടും നിരോധനം നീട്ടാന്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പക്ഷേ, ഈ ഭേദഗതി പ്രസ്തുത കാലയളവ് അഞ്ചു വര്‍ഷത്തേക്ക് നീട്ടുകയുണ്ടായി. ഇന്ത്യയില്‍ നിലവില്‍ നാല്പതോളം സംഘടനകള്‍ ഈ നിയമത്തിനു കീഴില്‍ നിരോധനത്തിന് വിധേയമായിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന വസ്തുത, ഒരൊറ്റ ഹിന്ദുത്വ സംഘടന പോലും ഈ നിയമ പ്രകാരം നിരോധിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടു മുസ്‌ലിം സംഘടനകളാണ് ഈ നിയമത്തിനു കീഴിൽഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുള്ളത്. ഒന്ന്‍ സിമി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യയും മറ്റൊന്ന് ഈയടുത്ത് നിരോധിക്കപ്പെട്ട ഐആര്‍എഫ് (ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍) എന്ന സംഘടനയുമാണ്. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമായിരുന്നു ഈ നിരോധനങ്ങള്‍ എന്നാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ തന്നെ പറയുന്നത്.

9/11ന് ശേഷം ലോകത്ത് രൂപപ്പെട്ട ഇസ്‌ലാമോഫോബിയയുടെ ചുവടുപിടിച്ചാണ് 2011 സെപ്റ്റംബറില്‍ തന്നെ ബിജെപി ഗവന്മെന്റ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. സിമിക്കെതിരെയുള്ള നിരോധനം ജനാധിപത്യപരമായ നടപടി ക്രമങ്ങള്‍ ലംഘിച്ചായിരുന്നു നടപ്പിലാക്കിയതെന്ന വസ്തുത വ്യത്യസ്ത പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നിട്ടുള്ളതാണ്.

തീവ്രവാദവുമായി ബന്ധപ്പെട്ട് സിമി പ്രവര്‍ത്തകര്‍ക്കെതിരെ ഒരൊറ്റ കേസു പോലും തെളിയിക്കപ്പെട്ടതായില്ലെന്ന് പുറത്തു കൊണ്ട് വന്നത് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച പഠനമായിരുന്നു. പിയുഡിആര്‍ (People’s Union For Democratic Rights) പുറത്തിറക്കിയ വിശദമായ പഠനറിപ്പോര്‍ട്ടും സിമിക്കെതിരായ ജനാധിപത്യ നിഷേധത്തെ തുറന്നു കാട്ടുന്നതായിരുന്നു. മാത്രമല്ല, സിമിയുടെ നിരോധനം പുതുക്കുന്നതുമായി ബന്ധപ്പെട്ട വാദം കേട്ട 2008ലെ ജസ്റ്റിസ് ഗീത മിത്തല്‍ ട്രിബ്യൂണല്‍, സിമിക്കെതിരെ നിരോധനം തുടരാനുള്ള തെളിവുകളില്ലെന്നും  അതിനാല്‍ നിരോധനം പിന്‍വലിക്കാന്‍ വിധിയെഴുതുകയുണ്ടായി. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അടുത്ത ദിവസം തന്നെ കേന്ദ്ര ഗവണ്മെന്റ് സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും, കോടതി നിരോധനം വീണ്ടും ആറു മാസത്തേക്ക് നീട്ടി നല്‍കുകയുമായിരുന്നു.

നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരാണ് സിമി തീവ്രവാദികള്‍ എന്ന പേരില്‍ ഇന്ത്യയിലെ ജയിലുകളിലുള്ളത്. ഇര്‍ഫാന്‍ അലിയും മുഹമ്മദ്‌ നജീബും ഫിറോസ്‌ ഗസ്വാലയും മുഹമ്മദലിയും ഇമ്രാന്‍ അന്‍സാരിയും പതിനൊന്ന് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് ഈ കഴിഞ്ഞ മാര്‍ച്ച് മാസം ജയില്‍ വിട്ടിറങ്ങിയത്. 2006ലെ മുംബൈ സ്ഫോടനത്തിന് ശേഷമാണ് അതിന്‍റെ സൂത്രധാരകരായ സിമി പ്രവര്‍ത്തകരെന്നു പറഞ്ഞ് ഇവരെ പിടി കൂടുന്നത്. ഇവരുടെത് ഒരൊറ്റപ്പെട്ട സംഭവമല്ല. മാത്രമല്ല, കോടതി വിട്ടയക്കാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന മറ്റൊരു കൂട്ടം സിമി പ്രവര്‍ത്തകരെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് ഭോപാലില്‍ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊന്നത്. കഴിഞ്ഞ വർഷം തെലങ്കാനയില്‍ നടന്ന മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എട്ട് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരാണ്. സിമി എന്ന പേരില്‍ നടക്കുന്ന പോലീസ് വേട്ട ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഇതിനെല്ലാം യുഎപിഎ ഉപയോഗിച്ചുള്ള നിയമ രാഷ്ട്രീയം വഴിയൊരുക്കിയത് നമുക്ക് നിഷേധിക്കാനാവില്ല.

മറ്റൊന്ന്, ഡോ.സാകിര്‍ നായിക് നേതൃത്വം കൊടുക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) എന്ന സംഘടനയെ യു.എ.പി.എ നിയമപ്രകാരം നിരോധിക്കുന്നത് 2016 നവംബര്‍ മാസത്തിലാണ്. ധാക്ക ബോംബ്‌ സ്ഫോടനത്തില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന രോഹന്‍ ഇംതിയാസ്സാകിര്‍ നായികിനെ തന്‍റെ ഫേസ്‌ബുക്ക്പോസ്റ്റില്‍ ഉദ്ധരിച്ചു  എന്ന്‍ പറഞ്ഞാണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഭരണകൂട – സംഘപരിവാര്‍ അജണ്ടക്ക് തിരക്കഥയെഴുതിയത്. ബംഗ്ലാദേശിലെ ദിനപത്രമായ ‘ഡെയിലി സ്റ്റാറി’നെ ഉദ്ധരിച്ചായിരുന്നു ഈ പ്രചാരണം മുന്നോട്ട് പോയത്. പക്ഷേ, പ്രസ്തുത ദിനപത്രം ആ വാര്‍ത്ത നിഷേധിച്ചു കൊണ്ടും തെറ്റിദ്ധാരണയുണ്ടാകിയതില്‍ മാപ്പു ചോദിച്ചു കൊണ്ടും  പിന്നീട് പ്രസ്താവനയിറക്കുകയുണ്ടായി. ടൈംസ്‌ നൗ, എന്‍ഡിടിവി , ഇൻഡ്യന്‍ എക്സ്പ്രസ്, സീ ന്യൂസ് തുടങ്ങി ഇൻഡ്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വീണ്ടും കള്ളക്കഥകളുണ്ടാക്കി ഐആര്‍എഫ് നിരോധനത്തിന് വേണ്ടി പണിയെടുക്കുകയാണ് ചെയ്തത്. ഇൻഡ്യയിലെ മറ്റ് മുസ്‌ലിം സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും കനത്ത മൗനത്തിന്‍റെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങിപ്പോയ നാളുകളായിരുന്നു അത്. മാത്രമല്ല, ജാവേദ്‌ ആനന്ദിനെപ്പോലുള്ള സ്വയം പ്രഖ്യാപിത ലിബറല്‍ മുസ്‌ലിം എഴുത്തുകാര്‍ സാകിര്‍ നായികിനെതിരെ ഇസ്‌ലാം വിരുദ്ധ ലേഖനങ്ങളെഴുതുകയുണ്ടായി. സാകിര്‍ നായിക് തീവ്രവാദത്തിന് ആഹ്വാനം ചെയ്തു എന്ന പേരില്‍ ലേഖനങ്ങളെഴുതിയ ഇവര്‍, സംഘപരിവാര്‍ ഗൂഡാലോചനയില്‍ പങ്കു ചേരുകയാണുണ്ടായത്. ജെ.എന്‍.യുവിലെ പ്രമുഖനായ ഒരു എസ്എഫ്ഐ നേതാവ് തന്നെ ഈ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.  ഒരുദാഹരണം മാത്രം ഇവിടെ ചേര്‍ക്കാം. എല്ലാ മുസ്‌ലിംകളും തീവ്രവാദികളാകണമെന്ന് സാകിര്‍ നായിക് പറഞ്ഞുവെന്നായിരുന്നു പലരും എഴുതിയത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ. “ഒരു മുസ്ലിമിനെ നിങ്ങള്‍ക്ക് തീവ്രവാദി എന്ന്‍ ഇങ്ങനെ വിളിക്കാം, കാരണം മുസ്‌ലിം എന്നാല്‍  അനീതികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വിശ്വാസിയാണ്. അല്ലാതെ നിഷ്കളങ്കരായ ജനങ്ങള്‍ക്കെതിരെ തിരിയുന്നവനല്ല മുസ്‌ലിം, മറിച്ച് നിരപരാധികളും നിഷ്കളങ്കരുമായ ജനങ്ങളുടെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് .”

സാകിർ നായിക്

ഗവണ്മെന്റ് തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍  അപ്പീല്‍ പോയ സാകിര്‍ നായിക്കിന്റെ സംഘടനക്ക് കോടതിയില്‍ നിന്ന് ലഭിച്ച മറുപടി അത്ര ശുഭകരമല്ല. ഇന്ത്യയുടെ രാഷ്ട്ര സുരക്ഷക്ക് വേണ്ടി നിരോധനം നിലനില്‍ക്കേണ്ടതുണ്ട് എന്നാണ് കോടതി ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് അഭിപ്രായപ്പെട്ടത്. അലോക് പ്രസന്നയെപ്പോലുള്ള സീനിയര്‍ അഭിഭാഷകര്‍ കരുതുന്ന പോലെ, .ആര്‍.എഫിനു മേലുള്ള നിരോധനം യു..പി.എ എന്ന നിയമത്തിന്‍റെ ജനാധിപത്യ വിരുദ്ധ മുഖം വീണ്ടും അനാവരണം ചെയ്യുകയാണുണ്ടായത്. സാകിര്‍ നായികിന്റെ എന്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ളവ അടച്ചുപൂട്ടേണ്ടി വരും. മാത്രമല്ല, സാകിര്‍ നായിക്കിന്‍റെ ലേഖനങ്ങളോ, പ്രസംഗങ്ങളോ കൈവശം വെച്ചു എന്ന പേരില്‍ ഒരുപാട് നിരപരാധികള്‍ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിലകപ്പെടാനും പോകുന്ന നാളുകളാണ് വരാനിരിക്കുന്നത്. മുസ്‌ലിം സംഘടനകളുടെ നിരോധങ്ങളിലൂടെ സംഘപരിവാര്‍ ആഗ്രഹിക്കുന്നത്, മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ആടിനെ പട്ടിയാക്കി അവതരിപ്പിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്യുന്ന നാസി കാലത്തെ അനുസ്മരിപ്പിക്കുന്ന ഗീബല്‍സിയന്‍ രീതിശാസ്ത്രത്തെ പ്രയോഗവൽക്കരിക്കുകയാണ്.

യുപിയുടെ കേരള ചരിത്രം

കേരള മാതൃക  എന്ന പേരില്‍ ഒരുവശത്ത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വികസന സൂചികകളില്‍ വികസിത രാജ്യങ്ങളുടെ നിലവാരമുണ്ടെന്ന് പലരും വാദിക്കുമ്പോള്‍ തന്നെ മറുവശത്ത് ഭൂമി, ജാതി, ലിംഗ വിവേചനം, പ്രാദേശിക അസമത്വം, തുടങ്ങിയവയെ മുന്‍നിര്‍ത്തി കനത്ത വിമര്‍ശനത്തിനും കേരള മാതൃക വിധേയമായിട്ടുണ്ട്. എന്നാൽ കേരള മാതൃകയുടെ പ്രയോക്താക്കളും വിമര്‍ശകരും പരിഗണിക്കപ്പെടാതെ പോയ ഒന്നാണ് യുഎപിഎ പോലുള്ള തീവ്രവാദവിരുദ്ധ നിയമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ടാഡ, പോട്ട മുതലായ നിയമങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം എന്നത് ഒരുപക്ഷേ അതിനൊരു കാരണമായിരിക്കാം. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സിപിഎം നേതാവിനെതിരെ ഒരിക്കല്‍ ടാഡ പ്രയോഗിക്കപ്പെട്ടു എന്നതല്ലാതെ ഇത്തരം മർദ്ദക നിയമങ്ങള്‍  വ്യാപകമായി ഉപയോഗിക്കപ്പെടതായി കാണാന്‍ കഴിയില്ല.

പക്ഷേ, യുഎപിയുടെ കേരള ചരിത്രം അങ്ങനെയായിരുന്നില്ല. 2008നു ശേഷം ഇടതുഭരണ കാലത്ത് കേരളത്തില്‍ യുഎപിഎ വ്യാപകമായി പ്രയോഗിക്കപ്പെടുകയായിരുന്നു. 2008ല്‍ കേവലം മൂന്ന് കേസുകളിലായിരുന്നു യുഎപിഎ ചാർത്തിയിരുന്നത്. പിന്നീട് 2012 വരെ യുഎപിഎ കേസുകള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പക്ഷേ, 2013 മുതല്‍ കേരളത്തില്‍ യുഎപിഎ ഒരു സ്ഥിരം അവസ്ഥാവിശേഷമായി മാറി എന്ന് കാണാം. 2013ല്‍ 26 കേസുകളിലായിരുന്നു യുഎപിഎ ഉണ്ടായിരുന്നതെങ്കില്‍, 2014, 2015 വര്‍ഷങ്ങളില്‍ അത് യഥാക്രമം 54,52 എന്നിങ്ങനെ കേസുകള്‍ വര്‍ദ്ധിച്ചതായി കാണാം. ഇന്നാവട്ടെ മുദ്രാവാക്യങ്ങള്‍, പുസ്തകങ്ങള്‍, പോസ്റ്ററുകള്‍. യോഗങ്ങള്‍ എന്ന് തുടങ്ങി എല്ലാ രാഷ്ട്രീയ  ആവിഷ്കാരങ്ങളെയും, രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ പെടുത്തി അറസ്റ്റ് ചെയാനുള്ള ഉപകരണമായി  യുഎപിഎ കേരളത്തില്‍ മാറിയിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇടതുപക്ഷ തീവ്രവാദം (left wing extremism), വര്‍ഗീയതയുമായി ബന്ധപ്പെട്ടവ (communal), രാഷ്ട്രീയ കൊലപാതകങ്ങള്‍ (political murders), സാമ്പത്തിക ഭീകരവാദം (economic terrorism) എന്നിങ്ങനെ നാല് തരം യുഎപിഎ കേസുകളാണ് ഗവണ്മെന്‍റ് കണക്കുകള്‍ പ്രകാരം കേരളത്തിലുള്ളത്. ഇതില്‍ വര്‍ഗീയ കേസുകള്‍, ഇടതുപക്ഷ തീവ്രവാദം എന്നീ വിഭാഗങ്ങളിലുള്ള കേസുകളാണ് ഇപ്പോള്‍  കൂടുതല്‍. രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ വളരെ ചുരുക്കം കേസുകളില്‍ മാത്രമേ ഉള്ളൂ മാത്രമല്ല, ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ അത് ഉപയോഗിക്കുകയായിരുന്നു എന്ന് കാണാം. സാമ്പത്തിക ഭീകരവാദം അതായത് കള്ള കറന്‍സി ഉൽപാദനവും വിതരണവുമായി ബന്ധപ്പെട്ട നാല് കേസുകളാണ് 2015 ഡിസംബര്‍ വരെ നിലവിലുള്ളത്. മാവോയിസ്റ്റ് യുഎപിഎ കേസുകള്‍ ഏറ്റവുമധികം പോലീസ് ഉപയോഗിച്ചിട്ടുള്ളത്‌ അട്ടപ്പാടി പോലുള്ള കേരളത്തിലെ ആദിവാസി ജനസാന്ദ്രത കൂടിയ ഇടങ്ങളിലാണ്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്‌, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ യുഎപിഎ അടക്കമുള്ള മർദ്ദക നിയമങ്ങള്‍ സജീവമായി ഉപയോഗിച്ചിട്ടുള്ള ഇടങ്ങളാണ് എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

യുഎപിഎയുംവര്‍ഗീയ‘  കേസുകളും

കേരളത്തില്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട വര്‍ഗീയത എന്ന കാറ്റഗറിയിലുള്ള എല്ലാ കേസുകളും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് നേരെയാണെന്ന് കാണാം. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ആ ചോദ്യത്തിലേക്ക് കടക്കും മുമ്പ്, എന്താണ് വര്‍ഗീയത കൊണ്ട് മുഖ്യധാരാ ആലോചനകള്‍ അര്‍ത്ഥമാക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇൻഡ്യയില്‍ ഇന്ന്‍ വര്‍ഗീയത എന്ന വ്യവഹാരം സുപ്രധാനമായി വായിക്കപ്പെടുന്നത് മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമായി, മതസമൂഹങ്ങള്‍ തമ്മിലുള്ള കലാപം/കലഹം എന്നിവയെയാണ്.  കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ വര്‍ഗീയതയെക്കുറിച്ചുള്ള വ്യവഹാരം ഒരു ഹിന്ദു മുസ്‌ലിം പ്രശ്നം ആയി മനസ്സിലാക്കപ്പെടുന്നു എന്ന്‍ കാണാം.

ഇൻഡ്യയില്‍ വര്‍ഗീയത എന്ന സംവര്‍ഗത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാവുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മുസ്‌ലിം  ലീഗിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി (വര്‍ഗീയവാദിയാക്കി) സവര്‍ണ ഹിന്ദു രാഷ്ട്രീയമുള്ള  കോണ്‍ഗ്രസിനെ മതേതര ദേശീയ വാദിയുമായി അവതരിപ്പിച്ചു കൊണ്ട് കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട ഒരു രാഷ്ട്രീയ വ്യവഹാരമായിരുന്നുവെന്നാണ്.

ഈ രാഷ്ട്രീയ നിര്‍മിതിയുടെ പ്രശ്നങ്ങള്‍ ശബ്നം തേജാനി,  ആയിഷ ജലാല്‍ ഒക്കെ തങ്ങളുടെ പഠനങ്ങളില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. മുസ്‌ലിംളുടെ രാഷ്ട്രീയ പ്രതിനിധാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെയാണ് വര്‍ഗീയത എന്ന് പേരു ചാര്‍ത്തി വിളിക്കപ്പെട്ടത് എന്ന് ശബ്നം തേജാനി തന്‍റെ വര്‍ഗീയതയെക്കുറിച്ചുള്ള ചരിത്ര പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇൻഡ്യയില്‍ മതേതരത്വം എന്ന് പറയുന്നത് ഇൻഡ്യന്‍ ദേശീയതയുടെ കൂടെത്തന്നെ രൂപപ്പെട്ട ഒരു വ്യവഹാരമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ഹിന്ദുത്വ ദേശീയ വാദികള്‍ക്കും മതേതര ദേശീയവാദികള്‍ക്കുമിടയില്‍  മതേതരത്വം എന്ന വ്യവഹാരം വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് കാണാം. മതേതരത്വത്തിന്‍റെ ഭാരം എപ്പോഴും പേറേണ്ടി വരുന്നത്, ചരിത്രത്തിലിന്നോളം ഇൻഡ്യന്‍ ദേശീയതയുടെ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ട മുസ്‌ലിം സമുദായം തന്നെയായിരുന്നു. വര്‍ഗീയതയുടെ ഈ സാമൂഹിക രാഷ്ട്രീയ ചരിത്രം തന്നെയാണ് യുഎപിഎ കേസുകളിലെ വര്‍ഗീയവാദികളായി മുസ്‌ലിംകള്‍ മാത്രം അറസ്റ്റു ചെയ്യപ്പെടുന്നതിന്‍റെ പശ്ചാത്തലം എന്നു കാണാം.

കേരള മുസ്‌ലിംകളും യുഎപിഎയുടെ കൊളോണിയല്‍ പശ്ചാത്തലവും

കൊളോണിയല്‍ ക്രിമിനല്‍ വ്യവസ്ഥതയുടെ മുസ്‌ലിം വിരുദ്ധത പല അര്‍ഥത്തിലും തുടര്‍ന്ന് വരികയാണ് ഇന്ന് കേരളത്തിലെന്ന് കാണാം. കൊളോണിയല്‍ കാലഘട്ടത്തില്‍ ഭ്രാന്തരും’ ‘അക്രമകാരികളുംആയ മാപ്പിളമാര്‍ക്കെതിരെ പ്രത്യേക നിയമങ്ങള്‍ തന്നെ ബ്രിട്ടീഷ് ഗവണ്മെന്‍റ് കൊണ്ട് വന്നിരുന്നു. മാപ്പിള ഔട്ട്‌റേജ്യസ് ആക്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കുന്നതില്‍ നിന്ന് മാപ്പിളമാരെ വിലക്കിയിരുന്ന മലബാര്‍ ഡിസ് ആര്‍മമെന്‍റ് ആക്റ്റും ഇതിന് ഉദാഹരണം.

മതഭ്രാന്തരായ മാപ്പിളമാര്‍ ക്രമസമാധാനം തകര്‍ക്കുന്നവരും കലാപകാരികളും ആണെന്നായിരുന്നു കൊളോണിയല്‍ അധികാരികള്‍ വിലയിരുത്തിയിരുന്നത്. ‘കാട്ടു മാപിളമാര്‍’ (jungle mappilas) എന്നുള്ള പ്രയോഗങ്ങള്‍ കൊളോണിയല്‍ നിയമ രേഖകളില്‍ ധാരാളമായി കാണാന്‍ സാധിക്കും. 1921 ഓടുകൂടി ശക്തമായ മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ – സാമൂഹിക സമരങ്ങള്‍ ഇത്തരം നിയമങ്ങളുടെ പശ്ചാത്തലമായി മനസ്സിലാക്കപ്പെടെണ്ടതുണ്ട്. സമരത്തെ അടിച്ചമര്‍ത്താന്‍ മാപ്പിളമാര്‍ക്കെതിരെ ഒട്ടനവധി കള്ളക്കേസുകള്‍ ബ്രിട്ടീഷ് അധികാരികള്‍ ചാര്‍ത്തി നൽകിയിരുന്നുവെന്ന് സന്തോഷ് എബ്രഹാം തന്‍റെ കൊളോണിയല്‍ നിയമങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുസ്‌ലിംകള്‍ പ്രശ്നക്കാരാണെന്നുള്ള/ വര്‍ഗീയവാദികളാണെന്നുള്ള ഒരു ജ്ഞാന വ്യവഹാരം ഭരണകൂടം അന്നും ഇന്നും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അത്തരമൊരു ജ്ഞാന ബോധത്തെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ, അവരെ സംസ്കരിക്കാനും അടക്കി നിര്‍ത്താനുമുള്ള അവശ്യ നിയമങ്ങളായി മാപ്പിള ഔട്ട്‌റേജ്യസ് ആക്ട് മുതല്‍ യുഎപിഎ വരെ അവതരിപ്പിക്കപ്പെടുകയും പൊതുസമ്മതി നേടിയെടുക്കുകയും ചെയ്യുന്നു.

യു.എ.പി.എയും  ഇസ്‌ലാം ഭീതിയും  

തീവ്രവാദക്കേസുകളില്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ ആവശ്യമായി വരും എന്ന സമീപനമാണ് ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളടക്കം പൊതുവേ സ്വീകരിച്ചു പോന്നിട്ടുള്ളത് എന്ന്‍ കാണാം. എന്തു കൊണ്ടാണ് ഇത്തരമൊരു സമീപനം ഹിന്ദുത്വ രാഷ്ട്രീയത്തിനെ സഹായിക്കുന്ന ഒന്നായി മാറുന്നത്? “തീവ്രവാദ വിരുദ്ധ യുദ്ധംഎന്ന വ്യവഹാരം ലോകവ്യാപകമായി തന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തെയോ അതിന്റെ പിണിയാളുകളെയോ അല്ല മറിച്ച്  മുസ്‌ലിം സമുദായത്തെയാണ്‌ എന്നും പ്രതിസ്ഥാനത്ത് നിര്‍ത്തിപ്പോന്നിട്ടുള്ളത്‌ എന്ന്‍ കാണാം.

തീവ്രവാദത്തെക്കുറിച്ച് ലോകമൊട്ടുക്കും ഇന്ത്യയിലും നിലവിലുള്ള ധാരണകള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് മുസ്‌ലിമിനെയാണ്. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് വിധേയമായതിനേ തുടര്‍ന്ന് കാണാതായ നജീബ് അഹമദ് എന്ന ജെഎന്‍യു വിദ്യാര്‍ഥി ഐഎസ് അനുഭാവിയായിരുന്നുവെന്നും ഐ.എസില്‍ പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ മുഖ്യധാരാ നിര്‍മിതിയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രം.

യുഎപിഎയും ഹിംസയുടെ പ്രത്യേകതകളും

ഈ യുഎപിഎ കേസുകള്‍ മുഖ്യമായും ചാര്‍ത്തപ്പെട്ടിട്ടുള്ളത് അതില്‍ ഹിംസയുടെ അളവ് കൂടുതലായത് കൊണ്ടല്ല, മറിച്ച് മിക്കവാറും കേസുകളും നിരോധിത മുസ്‌ലിം സംഘടനയുടെ മീറ്റിംഗ് കൂടി, പരിശീലന കാമ്പ് നടത്തി, നിരോധിത സാഹിത്യങ്ങള്‍ പിടിച്ചെടുത്തു എന്നിവയാണ്. ഒരർഥത്തിലുള്ള ശാരീരിക ഹിംസയും ഉൽപാദിപ്പിക്കാത്തവയാണ് ഈ കേസുകള്‍.

ശാരീരിക ഹിംസ ഉള്‍പ്പെട്ട ഒരു കേസുള്ളത് മുവാറ്റുപുഴയിലെ  ജോസഫ്‌ മാഷിന്‍റെ കൈവെട്ട് കേസാണ്. മതേതരരാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിരന്തരം തലവെട്ടുകള്‍ നടക്കുന്ന നാടാണ് കേരളം. ഹിംസയല്ല തങ്ങളുടെ രാഷ്ട്രീയ സമീപനം എന്ന് പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അവരുടെ രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ വേണ്ടി കൊലപാതകങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത് കേരളത്തിലെ ഒരു സ്ഥിരം പ്രതിഭാസമാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പഠനം നടത്തിയ രുചി ചതുര്‍വേദിയെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്, ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആധുനിക ജനാതിപത്യത്തിന്‍റെ ഒരു അസാധാരണത്വം അല്ല, മറിച്ച് സ്വാഭാവികത തന്നെയാണെന്നാണ്. അതുകൊണ്ട് തന്നെയാണ് അന്‍പത്തൊന്നു വെട്ടുകളായൊക്കെ അത് നടന്ന് കൊണ്ടിരിക്കുന്നത്. അതേസമയം, ടിപി വധം അടക്കമുള്ള കേസുകളിലൊന്നും ഈ യുഎപിഎ ചാര്‍ത്തപ്പെടുന്നില്ല എന്നതാണ്. ചുരുക്കം പറഞ്ഞാല്‍ ഹിംസയുടെ അളവല്ല, മറിച്ച് ആശയങ്ങളാണ്/ മാനസികമെന്നു കരുതുന്ന ഹിംസകളെയാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടം ഇവിടെ പ്രതിയാക്കുന്നത് എന്ന് കാണാം. ഹിംസയല്ല അതിന്റെ സാധ്യതയാണ് ഇവിടെ പ്രശ്‌നമെന്നു തോന്നുന്നു.

ഭോപാൽ കൊലപാതകം

യുഎപിഎയും ദേശീയ വ്യവഹാരങ്ങളും

ദേശീയ മുഖ്യധാരയുമായി ചേര്‍ന്ന് പോവാത്തതെന്ന് ഭരണകൂട സംവിധാനങ്ങള്‍ തീരുമാനിക്കുന്ന ആശയങ്ങളെ/ സംഘടനകളെ സംശയിച്ചു കൊണ്ടാണ് എന്നും ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ വ്യാപകമായി പോട്ട നിയമം ഉപയോഗിച്ചതിന്‍റെ പശ്ചാത്തലത്തില്‍, മുസ്‌ലിംകള്‍ എന്നും സംശയിക്കപ്പെട്ട സമുദായമായാണ് (suspected communities) മനസ്സിലാക്കപ്പെടുന്നത് എന്ന് ഉജ്ജ്വല്‍ കുമാര്‍ സിംഗ് തന്‍റെ തീവ്രവാദ വിരുദ്ധ നിയമങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങള്‍ക്ക് തീവ്രവാദ ഉദ്ദേശം (intention) ഉണ്ടെന്നുള്ള തോന്നല്‍ പോലും പോലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ മതിയായതാണെന്ന് യുഎപിഎ നിയമ വ്യവസ്ഥകള്‍ പറയുന്നു. കൂട്ടക്കൊലപാതകങ്ങള്‍, വംശഹത്യകള്‍ മുതല്‍ ഒടുക്കം ഫൈസലും റിയാസും വരെ എത്തി നില്ക്കുന്ന സംഘപരിവാര്‍ ആക്രമങ്ങള്‍ക്ക് ഇത്തരം നിയമങ്ങള്‍ സ്വാഭാവികമായി പ്രയോഗിക്കപ്പെടാറില്ല. മറിച്ച്, ദേശത്തിന്‍റെ ഹിംസകളെ ചോദ്യം ചെയ്യുന്നവരെ, അല്ലെങ്കില്‍ ദേശ രൂപീകരണം തന്നെ അപരവല്‍കരണ പ്രക്രിയയായി അനുഭവിക്കേണ്ടി വന്ന സമുദായങ്ങളെയാണ് ഈ നിയമങ്ങള്‍ ഉന്നം വെക്കുന്നത്.

 

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് ലേഖകൻ.

2018ൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിദ്ധീകരിച്ച ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങൾ എന്ന ലേഖന സമാഹാരത്തിൽ നിന്നാണ് ഈ ലേഖനം.

Top