ലോകസഭാ തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ

2019ൽ ഒരു കാര്യം വ്യക്തമാണ്. ഒരിക്കൽ കൂടി ഉത്തർ പ്രദേശ് തന്നെ ആയിരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തുറുപ്പു ചീട്ട്. എസ്പിയും, ബിഎസ്പിയും, ആർജെഡിയും ചേരുമ്പോൾ 2017ലെ നിയമസഭാ കണക്കുവച്ചു ഏകദേശം 46 ശതമാനം വോട്ട് വിഹിതമുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും 42 ശതമാനം വോട്ടും നേടിയിരുന്നു. അത് എസ്പിയുടെയും ബിഎസ്പിയുടെയും ഏറ്റവും മോശം പ്രകടനങ്ങളായിരുന്നു. നിലവിലെ സാഹചര്യത്തിൽ അവരുടെ വോട്ട് വിഹിതം കൂടാനേ സാധ്യതയുള്ളൂ; ബിജെപിയുടെ വോട്ടു ശതമാനം കുറയാനും. ലോകസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് അഖിൽ വാസുദേവൻ എഴുതുന്നു.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഇന്ത്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഘട്ടം 23ന് പോളിങ് ബൂത്തിലേക്കു പോകും. 2014നെ അപേക്ഷിച്ച് 2019 ല്‍ ഒരു കാര്യം വ്യക്തമാണ്, മോദി പ്രവാഹം കഴിഞ്ഞ തവണത്തേതു പോലെ അത്ര ശക്തമല്ല. പ്രചാരണത്തിനിറങ്ങുമ്പോൾ മോദി മറ്റെല്ലാ നേതാക്കളേക്കാളും മുന്നിലാണ്. പ്രസംഗ കലയിൽ അയാളുടെ ശരീര ഭാഷയും ആളുകളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന സംസാര രീതിയും ഇന്ത്യയിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ല. ദിവസവും രണ്ടു മൂന്നു യോഗങ്ങൾ മോദി അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാൽ 2014ലെ പോലെ അയാളുടെ പ്രഭാഷണങ്ങൾ ഫലപ്രദമല്ല. പ്രഭാഷണങ്ങൾ മുൻപു കേട്ടതിന്റെയെല്ലാം ആവർത്തനമാണ്, ജനക്കൂട്ടത്തെ പ്രചോദിപ്പിക്കാൻ ഇപ്പോൾ പ്രയാസമാണ്.

പക്ഷേ പുൽവാമ – ബാലകോട്ട് ആക്രമണങ്ങൾ ബിജെപിക്ക് അവസാന മാസങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം നൽകിയിട്ടുണ്ട്. കൂടാതെ അഭിപ്രായ സർവേ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്ക് ഇപ്പോഴും സാധ്യതയുണ്ട് എന്നു വ്യക്തമാണ്. എൻഡിഎ മുന്നണി ഭൂരിപക്ഷത്തിന് അരികിൽ എത്തുമെന്നോ ഭൂരിപക്ഷം കടക്കുമെന്നോ ഒട്ടുമിക്ക അഭിപ്രായ സർവേകളും പ്രവചിക്കുന്നു. പക്ഷേ നിലവിൽ ഇന്ത്യയിൽ അഭിപ്രായ സർവേകൾ നടത്തുന്ന എല്ലാ വാർത്ത ഏജൻസികളും മോദിയുടെ സ്തുതിപാഠകരും കോർപ്പറേറ്റ് – ഹിന്ദുത്വ അജണ്ടയ്ക്കു വിറ്റുപോയവരും ആണെന്നോർക്കുക. 2004ലെ അഭിപ്രായ സർവേകളും അന്നത്തെ വാജ്‌പേയ് ഗവണ്മെന്റിനു ഭൂരിപക്ഷം പ്രവചിച്ചിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പിനോടടുക്കുന്ന ദിവസങ്ങളിൽ പാകിസ്താനെതിരെയുള്ള തീവ്ര ദേശീയത സുപ്രധാന പ്രചാരണ ആയുധമായി തുടങ്ങിയ ബിജെപി പതിയെ, അവരുടെ പരമ്പരാഗത വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന പ്രചാരണ മാതൃകയിലേക്കു തിരിച്ചുവരുകയുണ്ടായി. മുസാഫർ നഗർ കലാപത്തെത്തുടർന്ന് 2013 ൽ പശ്ചിമ യുപിയിലെ, തീവ്രവും വ്യാപകവുമായ വർഗീയ ധ്രുവീകരണം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ കൊണ്ടുവരുന്നതിനുള്ള ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ പൊതുവെ ‘അവരുടെ സമുദായത്തിന്റെ ദുരവസ്ഥയ്ക്കുള്ള’ പ്രതികാരം  ബിജെപിക്ക് വോട്ടു ചെയ്തുകൊണ്ടാണു വീട്ടിയത്.

യുപിയിലെയോ ഒഡിഷയിലെയോ ഗ്രാമങ്ങളിൽ താമസിക്കുന്നവർ ദേശീയതയേയോ പാകിസ്താനെയോ പറ്റി പറഞ്ഞാൽ തന്റെ ജീവിതവുമായി ചേർത്തുവായിക്കണമെന്നില്ല, പക്ഷേ, തന്റെ മകളെ പ്രണയിച്ചു വിവാഹം കഴിക്കാൻ അടുത്ത ഗ്രാമത്തിലെ മുസ്‌ലിം യുവാക്കളെ പരിശീലിപ്പിച്ചു വിട്ടിരിക്കുകയാണെന്നു പറഞ്ഞാൽ എളുപ്പത്തിൽ വോട്ട് വീഴും. ഈ പഴയ കുബുദ്ധി അത്ര പെട്ടെന്നു ബിജെപിക്കു മറക്കാനാവില്ലല്ലോ!

സ്വേച്ഛാധിപത്യവും ഫാസിസ്റ്റ് ഭരണവും

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പ് ആണെന്നതിൽ ഭിന്നാഭിപ്രായം ഉണ്ടാകാനിടയില്ല. 1975-ലെ അടിയന്തരാവസ്ഥയും തുടർന്നുണ്ടായ 1977-ലെ തിരഞ്ഞെടുപ്പും മറക്കുന്നില്ല. എന്നിരുന്നാലും നിലവിലുള്ള സാഹചര്യത്തിൽ ഈ വർഷത്തെ തിരഞ്ഞെടുപ്പിന്റെ പ്രസക്തി ഒരുപടി മുന്നിലാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ വ്യത്യാസം, സ്വേച്ഛാധിപത്യവും ഫാസിസവും തമ്മിലുള്ളതാണ്. അടിയന്തിരാവസ്ഥക്കാലത്ത്‌ നമ്മുടെ അധികാരഘടനയിൽ ഫാസിസ്റ്റ് സ്വഭാവങ്ങളുണ്ടായിരുന്നു; പക്ഷേ നാം ഒരു ഫാസിസ്റ്റ് രാഷ്ട്രമായിരുന്നില്ല.

ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന് ഉപരിയായി,  ഒരു നേതാവിൽ മാത്രം അധികാരം കേന്ദ്രീകരിക്കപ്പെടുന്ന ഏകാധിപത്യമാണ് അടിയന്തിരാവസ്ഥക്കാലത്തു രാജ്യം കണ്ടത്. അടിയന്തിരാവസ്ഥക്കാലത്ത്‌ ഏതെങ്കിലും വംശീയമോ വർഗീയമോ ജാതീയമോ ആയ ലക്ഷ്യം ഉണ്ടായിരുന്നില്ല.മറിച്ച് ഇന്ദിരയെ എതിർക്കുന്നവരെ അടിച്ചമർത്തുക എന്ന  ലളിതമായ ഉദ്ദേശ്യമായിരുന്നു  ഉണ്ടായിരുന്നത്. ചരിത്രത്തെ തിരുത്തിയെഴുതുവാനോ ഒരു പ്രത്യേക മതസമൂഹത്തെ അപമാനിക്കുന്ന വിധം മതസ്പര്‍ധ പരത്താനോ ഭരണകൂടാധികാരം ഉപയോഗപ്പെടുത്തി സ്കൂൾ കുട്ടികളിലേക്കു വരെ വിദ്വേഷത്തിന്റെ ആഖ്യാനത്തെ അരിച്ചിറക്കാനോ അടിയന്തരാവസ്ഥ ഉപയോഗിക്കപ്പെട്ടില്ല.

കഴിഞ്ഞ അഞ്ചു വർഷത്തെ മോദി ഭരണം സമൂഹത്തിലെ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ വിദ്വേഷം സ്ഥാപിക്കുന്നതിന് കൂട്ടുനിന്നു, രാജ്യത്തിന്റെ ബഹുസ്വരത രാജ്യദ്രോഹമായി ഉയർത്തിക്കാട്ടി. അത് ഒരു ഫാസിസ്റ്റ് വ്യവസ്ഥയുടെ സ്വഭാവമാണ്. ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള ഭരണവ്യവസ്ഥിതിയിൽ നിന്ന് ഫാസിസ്റ്റ് സ്വഭാവം ഉള്ള ഒരു ജനതയിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ മോദി ഭരണം.

മോദിഭരണത്തിനു മുൻപ് അതു നടന്നിട്ടില്ലെന്നല്ല. പക്ഷേ ഇതാദ്യമായിരിക്കും ഭരണവ്യവസ്ഥിതി ഫാസിസ്റ്റ്  പ്രവണതയെ ഈ മട്ടിൽ പിന്താങ്ങുന്നത്.

ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ ആർഎസ്എസ് വിശ്വസിക്കുന്ന പ്രത്യയശാസ്‌ത്രം തന്നെയാണ് ഇവിടുത്തെ സമൂഹത്തിന്റെ വര്‍ധിക്കുന്ന ഫാസിസിസ്റ്റ് സ്വഭാവത്തിന്റെ കാരണം. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ മൂന്നു തവണ നിരോധിക്കപ്പെട്ടിട്ടുള്ള ആർഎസ്എസ് പക്ഷേ, കഴിഞ്ഞ അഞ്ചു വർഷണങ്ങളായി മറ്റൊരു നിരോധനത്തിന്റെ നിഴലിലല്ല പ്രവർത്തിക്കുന്നത്. ഒരു മറ പോലുമില്ലാതെ ആർഎസ്എസ് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നുണ്ട്. സർക്കാറിന്റെയും ആർഎസ്എസ്സിന്റെയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുവാൻ വർഷാവർഷം സമ്മേളങ്ങൾ നടക്കാറുണ്ട്. സ്വയം  സാംസ്കാരിക സംഘടനയായി ഉയർത്തിക്കാട്ടുന്ന ആർഎസ്എസ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും പരിഗണന ലഭിക്കുന്ന സംഘടനയായി മാറിയിട്ടുണ്ട്. രതൻ ടാറ്റയേയും ദലൈലാമയേയും കൈലാഷ് സത്യാർഥിയേയും പോലുള്ളവർ പരസ്യമായി പ്രമാണീകരിക്കുന്ന ഒരു പ്രസ്ഥാനമായി ഉയർന്നു.

ആർഎസ്എസ് ഏറ്റവും അടിസ്ഥാനപരമയി വിശ്വസിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വഭാവ നി‍ർമാണത്തിലാണ്. എന്നാൽ ഈ സ്വഭാവ നിർമാണം ഫാസിസിസ്റ്റ് ഘടകങ്ങളിൽ ഊന്നിയ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനവും വിദ്യാർഥി പ്രസ്ഥാനവും ഉൾപ്പെടെ  മുപ്പത്തിയാറോളം പോഷക സംഘനകളുള്ള ആർഎസ്എസ് രാജ്യത്തിൻറെ മുക്കിലും മൂലയിലും വ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ 32 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ വിദ്യാഭാരതി ആർഎസ്എസ് പോഷക സംഘടനയാണ്. ഭരണം മാറി മറ്റൊരു സർക്കാർ വന്നാലും ആർഎസ്എസ് ഉയർത്തുന്ന ഈ ഭീഷിണി എങ്ങനെ നേരിടും എന്നതിൽ ആർക്കും വ്യക്തതയില്ല.

ചില തിരഞ്ഞെടുപ്പ് കണക്കുക്കൂട്ടലുകൾ

2009 മുതലുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ഒരു പുതിയ സ്വഭാവം ഉണ്ടെന്നു് തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്തുന്നത് വെറും 31 ശതമാനം വോട്ടുകൾ കൊണ്ടാണ്. 69 ശതമാനം ആളുകൾ ബിജെപിക്ക് എതിരെ വോട്ട് ചെയ്തു.  എന്നു മാത്രമല്ല ആദ്യമായാണ് ഒരു പാർട്ടി വെറും 31 ശതമാനം വോട്ടുകൾ കൊണ്ട് ഭൂരിപക്ഷ സീറ്റുകൾ നേടുന്നത്. അതിനു മുൻപു വരെ 43  ശതമാനം വോട്ടെങ്കിലും നേടിയാലേ ഒരു പാർട്ടിയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷത്തിലെത്താൻ സാധിക്കുമായിരുന്നുള്ളൂ. 2009 വരെ, വലിയ രാഷ്ട്രീയ പ്രക്രിയ ആയിരുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് 2014 മുതൽ വരേണ്യ മത്സര പരിപാടിയായി മാറി എന്നാണു വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ, കണക്കുക്കൂട്ടലുകളുടെയും (electoral arithmetic) വോട്ടു വിഭജിപ്പിക്കുന്നതിന്റെയുമെല്ലാം ഏറ്റവും സമര്‍ഥമായ നടത്തിപ്പിലൂടെയാണ് ബിജെപി വിജയം കണ്ടത്. വ്യക്തമായ ആസൂത്രണത്തിലൂടെ  ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അവർ പുനർനിർണയിച്ചു.

എതിർപാർട്ടികളിൽ, ഇതേറ്റവുമാദ്യം മനസിലാക്കിയത് ലാലു പ്രസാദ് യാദവിന്റെ ആർജെഡി ആണ്. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡി, ജെഡിയുവും കോൺഗ്രസ്സും ആയി സഖ്യമുണ്ടാക്കി. 243 സീറ്റുകളുള്ള സഭയിൽ 178 സീറ്റുകൾ നേടി സഖ്യം അനായാസ വിജയം കണ്ടു. പാർട്ടികളുടെ വോട്ട് ശതമാനം നോക്കിയാൽ മുകളിൽ പറഞ്ഞ കണക്കുകൂട്ടൽ വളരെ വ്യക്തമായി കാണാം. 2010-ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളെല്ലാം ഒറ്റയ്ക്കാണു മത്സരിച്ചത്. അന്നു വെറും 22.6 ശതമാനം വോട്ട് നേടിയ  ജെ.ഡി.യു 115 സീറ്റാണു നേടിയത്. 2010ൽ 16 ശതമാനം വോട്ട് മാത്രം നേടിയ ബിജെപി 91 സീറ്റുകളിൽ ജയിച്ചിരുന്നു. എന്നാൽ 2015-ൽ 24.4 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പാർട്ടി ആയിട്ടു പോലും ബിജെപിക്ക് വെറും 53 സീറ്റുകളേ ലഭിച്ചുള്ളൂ. 2015-ലും മറ്റു പാർട്ടികൾ ഒറ്റയ്ക്കു മത്സരിച്ചിരുന്നെങ്കിൽ, 2010-ൽ ജെഡിയുവിനു ലഭിച്ചതു പോലെ ഏകദേശം 120 സീറ്റുകളോളം ബിജെപിക്കു ലഭിക്കുമായിരുന്നു.

2019ൽ ഒരു കാര്യം വ്യക്തമാണ്. ഒരിക്കൽ കൂടി ഉത്തർ പ്രദേശ് തന്നെ ആയിരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തുറുപ്പു ചീട്ട്. എസ്പിയും, ബിഎസ്പിയും, ആർജെഡിയും ചേരുന്ന മഹാഗദ്‌ബന്ധൻ കൂട്ടുകെട്ടിന് 2017ലെ നിയമസഭാ കണക്കുവച്ചു ഏകദേശം 46 ശതമാനം വോട്ട് വിഹിതമുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും 42 ശതമാനം വോട്ടും നേടിയിരുന്നു. ഇത് എസ്പിയുടെയും ബിഎസ്പിയുടെയും ഏറ്റവും മോശം പ്രകടനങ്ങളായിരുന്നു. നിലവിലെ സാഹചര്യത്തിൽ അവരുടെ വോട്ട് വിഹിതം കൂടാനേ സാധ്യതയുള്ളൂ; ബിജെപിയുടെ വോട്ടു ശതമാനം കുറയാനും.

അതോടൊപ്പം യുപിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കി കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസിനു കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 10.75 ശതമാനവും സംസ്ഥാന തിരഞ്ഞെടുപ്പിൽ 6.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. പ്രിയങ്കയെ പോലെ ശക്തയെന്നു ബിജെപി പോലും കരുതുന്ന ഒരു നേതാവിനെ ഇറക്കി കോൺഗ്രസ് എത്രമാത്രം വോട്ടുകൾ കൂടുതൽ നേടിയാലും അതിന്റെ ഗുണം തിരിച്ചു ബിജെപിക്ക് തന്നെ ആയിരിക്കാനാണ് സാധ്യത. ബിജെപിയിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വോട്ടുകൾക്കൊപ്പം പ്രതിപക്ഷ വോട്ടുകൾ പിളർന്ന് എസ്.പിയുടെയും ബി.എസ്.പിയുടെയും കൂടി വോട്ട് കോൺഗ്രസിന് പോകണേ എന്നുപോലും ബിജെപി ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ ഏകദേശം 30 സീറ്റുകളിൽ മാത്രമേ കോൺഗ്രസ് ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളു എന്നാണ് പുതിയ വിവരം. കോൺഗ്രസ്സും മഹാഗഡ്ബന്ധനും തമ്മിൽ ഒരു സ്വകാര്യ ധാരണയുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്.

അതേ സമയം കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയ മായാവതിയുടെ തീരുമാനത്തെ രാജ്യത്തെ ലിബറലുകൾ കനത്ത സ്വരത്തിൽ തന്നെ വിമർശിച്ചിരുന്നു. എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ബുദ്ധിപരമായ നീക്കം ഇതാണ്. കോൺഗ്രസ് കൂടി സഖ്യത്തിൽ ചേർന്നാൽ ദേശിയ തലത്തിൽ സ്വാഭാവികമായും കോൺഗ്രസ് വല്യേട്ടൻ കളിക്കും. മറ്റുള്ള എല്ലാ മതേതര പാർട്ടികൾക്കും കോൺഗ്രസിനെ ചുറ്റിപ്പറ്റി അല്ലാതെ  വിലപേശൽ ഉണ്ടാവാനിടയില്ല.

പ്രിയങ്ക ഗാന്ധി വലിയൊരു ചലനം ഉണ്ടാക്കാതിരിക്കുന്ന സാഹചര്യത്തിൽ പ്രവചനകൾക്കനുസരിച്ചു എസ്പിയും ബിഎസ്പിയും അറുപത്തിനു മുകളിൽ സീറ്റുകൾ നേടുകയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മുപ്പത്തിയഞ്ചിനടുത്ത് സീറ്റുകൾ നേടുകയും ചെയ്താൽ, എൻഡിഎ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഈ രണ്ടു സ്ത്രീകളായിരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുക.

അതേസമയം യു.പിയിൽ നിന്നും നഷ്ടമാകുന്ന സീറ്റുകളിൽ കുറേയെങ്കിലും ബിഹാറിൽ നിന്നു വീണ്ടെടുക്കാം എന്ന് എൻഡിഎ കരുതുന്നുണ്ടാകും. ബിജെപിയുടെയും ജെഡിയുവിന്റേയും വോട്ട് ശതമാനം ഏകദേശം 41 ശതമാനത്തോളം വരും. കോൺഗ്രസ്സും ആർജെഡിയും ചേർന്നാൽ 2015-ലെ സാഹചര്യം വെച്ച് 25 ശതമാനത്തോളം മാത്രമേ വരൂ. അതു മനസിലാക്കി ആയിരിക്കണം ആർജെഡി മറ്റു പല ചെറു പാർട്ടികളെയും സഖ്യത്തിൽ ചേർത്തിട്ടുണ്ട്. ഒരുപക്ഷേ ഇത്രയും വിപുലമായ മറ്റൊരു സഹകരണം  തമിഴ്നാട്ടിലെ ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റേതു മാത്രമായിരിക്കും.

തമിഴ്നാടിനെ കൂടാതെ തെക്കേ ഇന്ത്യയിൽ തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കേരളത്തിലുമായി എൻഡിഎ സഖ്യത്തിനു പരമാവധി 5 സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. ഈ നാലു സംസ്ഥാനങ്ങളിലുമായി 2014-ൽ ബിജെപി നേടിയത് 4 സീറ്റുകൾ മാത്രമാണ്. കർണാടകയിൽ കഴിഞ്ഞ തവണ 17 സീറ്റ് നേടിയ ബിജെപി നിലവിലെ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനെതിരെ ഈ വിജയം ആവർത്തിക്കാനിടയില്ല. ഒരിക്കൽക്കൂടി ദക്ഷിണേന്ത്യ ബിജെപിക്കു കീറാമുട്ടിയാവും.

പ്രകാശ് അംബേഡ്കറും ഉവൈസിയും

യുപി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുകൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ്. ബിജെപി, ശിവസേനയുമായും കോൺഗ്രസ്, എൻസിപിയുമായും ഇവിടെ സഖ്യത്തിലാണ്. ഈ രണ്ടു സഖ്യങ്ങൾ കൂടാതെ പ്രകാശ് അംബേഡ്കർ – ഒവൈസി കൂട്ടുകെട്ടിന്റെ വൻചിത് ബഹുജൻ അഗാഡിയും മത്സരരംഗത്തുണ്ട്. ഒരുപക്ഷേ പ്രിയങ്ക ഗാന്ധി യുപിയിൽ എസ്പിയുടെയും ബിഎസ്പിയുടെയും സഖ്യത്തിനെന്തു നഷ്ടമാണോ വരുത്താൻ പോകുന്നത് അതായിരിക്കും പ്രകാശ് അംബേഡ്കറിന്റെ സഖ്യം കോൺഗ്രസ് – എൻസിപി കൂട്ടുകെട്ടിനു വരുത്താൻ പോകുന്നത്. യുപിയിലേതു പോലെ പ്രമുഖ നേതാക്കൾക്കു വേണ്ടി സീറ്റുകൾ ഒഴിച്ചിടാനുള്ള വിട്ടുവീഴ്‌ചയിൽ പോലും എത്താൻ ഈ പാർട്ടികൾക്കായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലും 2014-നു തുല്യമായ നേട്ടം കൊയ്യാം എന്നു ബിജെപി കരുതുന്നുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപിയെ ഭരണത്തിൽ നിന്നു താഴെ ഇറക്കുകയും ഗുജറാത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്‌തെങ്കിലും കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതെത്രമാത്രം പ്രതിഫലിപ്പിക്കാനാകും എന്നത് ഇപ്പോൾ വ്യക്തമല്ല.

മമതാ ബാനെർജിയുടെ ശക്തികേന്ദ്രമായ ബംഗാളിലും നവീൻ പട്നായിക്കിന്റെ കോട്ടയായ ഒ‍ഡിഷയിലും കഴിഞ്ഞ തവണത്തേതിലും രണ്ടോ-മൂന്നോ സീറ്റുകളിൽ കൂടുതൽ, ബിജെപി നേടാൻ സാധ്യതയില്ല. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധമായിരിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്കു നഷ്ടമുണ്ടാകും. ആസ്സാമിലെ ജനങ്ങളെ വഞ്ചിച്ച് അവസാന നിമിഷം വീണ്ടും ബിജെപിക്കൊപ്പം പോയ അസം ഗൊണ പരിഷത്തിനെയും ജനങ്ങൾ കൈവെടിയും എന്നാണു കണക്കാക്കുന്നത്.

ജമ്മു കശ്മീരിൽ കഴിഞ്ഞ തവണ ആറിൽ മൂന്നു സീറ്റ് നേടിയ ബിജെപി ഇത്തവണ ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവിലേക്കും ഉദംപൂരിലേക്കും ഒതുങ്ങുമെന്നതു തീർച്ചയാണ്. കശ്മീർ ജനത കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്. പഞ്ചാബിലും ബിജെപിക്കു പുതുപ്രതീക്ഷകളില്ല. ഹരിയാന, ഹിമാചൽ പ്രദേശ്, ഗോവ, ദില്ലി, ബാക്കിയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ ഒന്നിലും 2014-നേക്കാൾ കൂടുതലൊന്നും ബിജെപിക്കു പ്രതീക്ഷിക്കാനില്ല. സീറ്റുകൾ കൊഴിഞ്ഞുപോകാനുള്ള സാധ്യതയാണ് കൂടുതലും.

അഭിപ്രായ സർവേകളുടെ ഊതിപ്പെരുപ്പിക്കൽ മാറ്റിവച്ചാൽ ബിജെപിയുടെ സീറ്റുകൾ 222-232ലേക്ക് ഒതുങ്ങുമെന്നാണ് ഒട്ടുമിക്ക തെരഞ്ഞെടുപ്പ്‌ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ ജനാധിപത്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പഠിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന  സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് എന്ന ഗവേഷണ സ്ഥാപനത്തിലെ ലോക്‌നീതി വിഭാഗവും പ്രവചിക്കുന്നത് ഇതാണ്.

ഈ സാഹചര്യത്തിൽ സഖ്യകക്ഷികളുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണ, ഭരണം നിലനിർത്താൻ മോദിക്ക് ആവശ്യമായി വരും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നു് എംഎൽഎമാരെ, പണവും മന്ത്രിസ്ഥാനവും നൽകി ഭരണം കൈക്കലാക്കുന്ന, ബിജെപിയുടെ വക്ര രാഷ്ട്രീയം രാജ്യം പല തവണ കണ്ടതാണ്.  അത്തരത്തിലുള്ള ശ്രമം പക്ഷേ, കൂടുതൽ ദുർബലനായ  മോദിയെ ആയിരിക്കും കൊണ്ടുവരിക.

ആസ്സാമിൽ മോദിയെ കരിങ്കൊടി കാണിക്കുന്നു.

മെയ് 23ന് അന്തിമ വിധി രേഖപ്പെടുത്തപ്പെട്ട ശേഷം പുതിയ രാഷ്ട്രീയ കണക്കുകൂട്ടലുകൾ നടക്കും. ഭരണത്തിലും പ്രതിപക്ഷകക്ഷികളിലും പ്രാദേശിക നേതാക്കൾ  പ്രധാന പങ്ക് വഹിക്കും. സന്തുലിതാവസ്ഥ പുലർത്തുന്നുണ്ടെങ്കിൽ ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് ഈ തിരഞ്ഞെടുപ്പ്  പുതിയ പ്രതീക്ഷയായിരിക്കും.

തിരഞ്ഞെടുപ്പിന് ശേഷം?

ഒരുപക്ഷേ ഈ ഘടകങ്ങളെല്ലാം ഒത്തുവന്ന് മോദിഭരണം അവസാനിച്ചു എന്നിരിക്കട്ടെ. പക്ഷേ ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്; പല രൂപത്തിലും ഭാവത്തിലും ആക്രമണോത്സുകത   പ്രാപിച്ച ഫാസിസ്റ്റ്‌ സ്വഭാവം ഇന്ത്യയിലെ ജനതയുടെ ഉള്ളിൽ നിന്നു മായ്ച്ചു കളയുവാൻ ഈ ഒരു തിരഞ്ഞെടുപ്പിനു സാധിക്കുമോ? മിശ്രവിവാഹത്തിന്റെ പേരിൽ ഇനിയും ദുരഭിമാന കൊലകൾ ഉണ്ടാകില്ലേ? പശു സംരക്ഷണത്തിന്റെ പേരിൽ ഇനിയും മുസ്‌ലിംകളും ദലിതരും വേട്ടയാടപ്പെടില്ലേ? ആചാര സംരക്ഷണമെന്ന പേരിൽ സ്ത്രീ സ്വാതന്ത്ര്യം  നിഷേധിക്കപെടില്ലേ? തൊഴിലില്ലായ്മയും മാറാത്ത ദാരിദ്ര്യവും ജിഎസ്ടിയുമൊക്കെ ആണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പശുസംരക്ഷണവും കാശ്മീരികളെ കൊന്നൊടുക്കുന്നതും ജാതി മേൽക്കോയ്മ നിലനിർത്തുന്നതുമൊക്ക അവരിൽ നല്ലൊരു ശതമാനം എതിർക്കണമെന്നില്ല.

തിരഞ്ഞെടുപ്പുകളോ ജനാധിപത്യ സ്ഥാപനങ്ങളോ മാത്രമല്ല ഒരു ജനാധിപത്യ രാഷ്ട്രത്തെ സൃഷ്ടിക്കുന്നത്. യഥാർഥ ജനാധിപത്യ സമൂഹം, നിലവിൽ നിലനിൽക്കുന്ന ജാതി – മത – ലിംഗ – കുത്തക വ്യവസ്ഥയിൽ നിന്നു വളരെ ദൂരെയാണെന്നത് ഈ തിരഞ്ഞെടുപ്പ് കാലത്തു മറക്കുന്നില്ല. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ ഫാസിസ്റ്റ് ഘടകങ്ങളെ വീണ്ടും അധികാരത്തിലേക്കു തിരികെ കൊണ്ടുവരാൻ ഇതു പ്രാപ്തമാക്കും.

ഇതെല്ലാമാണെങ്കിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധ്യതയുള്ള ഏത് പാർട്ടിക്കും വോട്ട് ചെയ്യാനുള്ള ഉത്തരവാദിത്തവും ധാർമ്മികതയും നമുക്കോരോരുത്തർക്കും ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു ഭരണവ്യവസ്ഥിതി എന്ന രീതിയിൽ ഫാസിസം തുടച്ചു നീക്കപ്പെടുകയുണ്ടായി. നിലവിലെ സാഹചര്യം അതല്ല. ജനാധിപത്യപരമായ സ്ഥാപനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ ഒരു ജനതയ്ക്ക് മുന്നോട് പോകാനാവൂ. അതിനു ബിജെപിയുടെ പരാജയം ഒരു അനിവാര്യതയാണ്. ഈ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് സംവദിക്കാനും കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചതിനെയൊകെ ബഹിഷ്‌കരിച്ചു നിലമെച്ചപ്പെടുത്താനും ഉള്ള ഒരുപക്ഷേ അവസാന അവസരമായിരിക്കും ഇത്.

Top