സാമൂഹിക നീതിയുടെ രാഷ്ട്രീയ ഭാവികൾ: കെ.അംബുജാക്ഷൻ സംസാരിക്കുന്നു.
സാമൂഹ്യനീതിക്കായ് നിലകൊള്ളുന്ന ദലിത്, ന്യൂനപക്ഷ, മറ്റ് പിന്നോക്ക വിഭാഗ രാഷ്ട്രീയപാർട്ടികൾ ഒരു ഏകീകൃത സ്വഭാവത്തിൽ അധികാരത്തിൽ എത്താവുന്ന രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന നയങ്ങൾ ബഹുജൻ രാഷ്ട്രീയത്തിന്റെ ഭാഗമായി രൂപപ്പെട്ടിട്ടില്ല. അതേസമയം പാർട്ടിക്ക് അതീതമായി സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ ദലിതർക്കും മുസ്‌ലിംകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിലും വളർന്നിട്ടുണ്ട്. കെ.വി.എം.മുഹമ്മദ് ഫഹീം കെ.അംബുജാക്ഷനുമായി നടത്തിയ അഭിമുഖം.
കേരളാ ദലിത് പാന്തേഴ്സിന്റെ രൂപീകരണം? ഇന്ന് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യം എന്താണ്?
1986ൽ കോഴിക്കോട് റീജ്യണൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായി എത്തിയതിനു ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദലിത് വിദ്യാർഥികളുമായിട്ടുള്ള ഇടപെടലുകളും അനുഭവങ്ങളുമാണ് കേരളാ ദലിത് പാന്തേഴ്‌സ് എന്നൊരു ആശയ രൂപീകരണത്തിൽ എത്തിച്ചത്.
അന്ന് ആർഇസി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദലിത് വിദ്യാർഥികൾ പഠിക്കുന്ന ഒരു മിനി ഇന്ത്യയാണ്. രാജ്യത്ത് നടക്കുന്ന ദലിത് മുന്നേറ്റങ്ങളാണ് ഞങ്ങളുടെ പ്രധാന ചർച്ചകൾ. ഇതിനിടയിൽ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് 1960കളോടുകൂടി അമേരിക്കയിൽ ശക്തിപ്പെട്ട ബ്ലാക്ക് പാന്തർ മൂവ്മെന്റാണ്. വെള്ളക്കാരുടെ വർണ്ണ വിവേചനങ്ങൾക്കെതിരെ രൂപപ്പെട്ട അതിശക്തമായ ഒരു സായുധ പ്രതിരോധ പ്രസ്ഥാനമായിരുന്നു ബ്ലാക്ക് പാന്തർ.
1960കൾ രാജ്യത്തുടനീളമുള്ള ദലിതർക്കെതിരെ അതിക്രൂരമായ ആക്രമണങ്ങൾ വ്യാപകമായിരുന്ന സന്ദർഭമാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്ന മഹാരാഷ്ട്രയിലെ ദലിത് യുവാക്കളുടെ അന്വേഷണത്തിൽ അവർക്ക് ലോകത്ത് തന്നെ ഏറ്റവും സ്വീകാര്യമായി തോന്നിയത് അമേരിക്കയിലെ കറുത്ത വംശജരുടെ വിമോചന പ്രസ്ഥാനമായ ബ്ലാക്ക് പാന്തർ ആണ്. ആ വിപ്ലവ പ്രസ്ഥാനത്തിന്റെ മാതൃകയിലാണ് 1972ൽ അരുൺ കാംബ്ലെ, ജെ.വി.പവർ, നാംദേവ് ദാസൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ദലിത് പാന്തേഴ്സ് രൂപീകൃതമാകുന്നത്.
1980കളും 90കളും കേരളത്തിലും ഭീകരമായ സവർണ മാടമ്പിത്തവും ജാതി മേധാവിത്വവും നിലനിന്നിരുന്നു. പ്രകടമായ രീതിയിൽ തന്നെ സവർണ്ണ മാടമ്പികൾ ദലിതർക്കെതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. പോലീസുകാരനായിട്ടുപോലും എസ്ഐ സോമനെ പാനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വെടിവച്ചുകൊല്ലുന്നതും ഇൗ സമയത്താണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പട്ടികജാതിക്കാരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും കൊണ്ടു നടക്കുന്ന കാലം. സ്വാഭാവികമായും യുവാക്കളെന്ന നിലയിൽ ഇതിനെതിരെ പ്രതിരോധം തീർക്കാനുള്ള വിപ്ലവ ചിന്തകളും വായനകളും ആണ് ഞങ്ങളെ പാന്തർ പ്രസ്ഥാനത്തിൽ എത്തിക്കുന്നത്.
1988ൽ പ്രൊഫസർ അരുൺ കാംബ്ലേ കേരളത്തിൽ വന്നപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടുകയും കേരളത്തിൽ പാന്തർ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതിന്റെ സ്ഥാപക കൺവീനറായി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് ആർഇസിയിലെ ദലിത് വിദ്യാർഥികൾക്കിടയിലുണ്ടായിരുന്ന അംബേഡ്കറൈറ്റ് സ്റ്റുഡന്റ്‌സ് മൂവ്മെന്റ് ഫോർ ഇൻഡ്യ (ASMI) പിന്നീട് കേരളാ ദലിത് പാന്തേഴ്‌സ് ആയി മാറുകയും ചെയ്തു.
കെഡിപി ആദ്യം നേരിട്ട വെല്ലുവിളി ദലിത് വിദ്യാർഥികളുടെ ഐഡന്റിറ്റി കെട്ടിപ്പടുക്കുക എന്നതാണ്. സ്റ്റൈപ്പന്റ് വാങ്ങിക്കുന്ന ആളാണ് എന്ന് മറ്റുള്ളവർ അറിയുമ്പോൾ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലും അപമാനവും കൊണ്ട് ഐഡന്റിറ്റി പുറത്ത് പറയാൻ ദലിത് വിദ്യാർത്ഥികൾക്ക് ഒട്ടും ധൈര്യമില്ലാത്ത സാഹചര്യമാണ്.
അന്ന് കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ശക്തമാണ്. ദലിതരെ പാർട്ടിയുടെ ഭാഗമാക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജാതി എന്നൊന്ന് ഇല്ലെന്നും അതൊരു പഴഞ്ചൻ ഏർപ്പാട് ആണെന്നും പാർട്ടി ദലിതരെ പഠിപ്പിച്ചിരുന്നു.
എല്ലാതരം ജാതി വിവേചനവും പീഡനങ്ങളും അനുഭവിക്കുമ്പോൾ തന്നെ എനിക്ക് ജാതിയില്ല എന്ന് പറയേണ്ടി വരുന്ന രാഷ്ട്രീയമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ദലിത് സ്വത്വ നിർമ്മാണം വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.
അത് കൊണ്ട് തന്നെ ദലിത് വിദ്യാർഥികൾക്കിടയിൽ ഒരു ഐക്യം ഉണ്ടാക്കുന്നതിലും നമുക്ക് അംബേദ്കർ എന്നൊരു നേതാവുണ്ടെന്ന അവബോധം സൃഷ്ടിക്കുന്നതിലുമായിരുന്നു ആദ്യഘട്ടത്തിൽ കെഡിപിയുടെ ശ്രദ്ധ. ഇത് ദലിത് യുവാക്കൾക്കിടയിൽ ആത്മാഭിമാനം ശക്തിപ്പെടുത്തി.
അംബേഡ്കർ ചിന്തകളുമായി കോളനികളിലേക്ക് പോവുകയായിരുന്നു പ്രസ്ഥാനത്തിൻ്റെ രണ്ടാം ഘട്ടം. 1990കൾ ആയപ്പോഴേക്കും ഏതാണ്ട് കേരളത്തിൽ എല്ലാ ജില്ലകളിലും കെഡിപിക്ക് യൂണിറ്റുകൾ നിലവിൽവന്നു.
പിന്നീട് ദലിതർ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയിലുള്ള ഇടപെടലുകളിലേക്ക് പാന്തേഴ്സ് വളർന്നു. ആദ്യകാല പ്രതിരോധ പ്രവർത്തനങ്ങൾ പൊതു പ്രസംഗങ്ങളായിരുന്നു. ദലിത് ചെറുപ്പക്കാർ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളെയും അതിനെതിരെയുള്ള അമർഷങ്ങളെയും പച്ചയായി വിളിച്ചു പറയുന്നവയായിരുന്നു പ്രസംഗങ്ങൾ. സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. മലബാറിൽ ആർഎസ്എസും തിരുവിതാംകൂറിൽ സിപിഎമ്മും നമ്മളെ ശക്തമായി ആക്രമിച്ചു.
‘ദലിത് വിമോചനം അംബേഡ്കറിലൂടെ ‘ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് 1991ൽ കെഡിപി നടത്തിയ അംബേഡ്കർ ജന്മദിന സന്ദേശ യാത്രയിലൂടെ കേരളത്തിലെ ദളിതർക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താനായി. 1990കളിൽ തന്നെ പ്രസ്ഥാനത്തിന് സംസ്ഥാന കമ്മിറ്റിയും ഭരണഘടനയും നിലവിൽ വന്നിരുന്നു.
പിന്നീട് രണ്ടായിരത്തിലേക്ക് എത്തുമ്പോൾ കെഡിപി കൂടുതൽ നയപരമായ കാര്യങ്ങൾ മുന്നോട്ടു വെക്കാൻ തുടങ്ങി. ദലിത് കേന്ദ്രീകൃതമായിട്ടുള്ള വികസനനയങ്ങൾ വേണമെന്ന് ആവശ്യങ്ങളുന്നയിക്കുന്നതിനും ഇത്തരം നയങ്ങൾ രൂപീകരിച്ച് അവതരിപ്പിക്കുന്നതിനും കെഡിപി മുന്നിട്ടിറങ്ങി. പോളിസി രൂപീകരണങ്ങളാണ് നമ്മളെ സെമി രാഷ്ട്രീയ രൂപത്തിലേക്ക് എത്തിച്ചത്. അതോടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഉള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കുകയും കെഡിപിക്ക് രാഷ്ട്രീയ പാർട്ടികളുമായിട്ട് ഒരു ഡയലോഗ് സാധ്യമാവുന്ന രീതിയിലേക്ക് വളരുകയും ചെയ്തു. ഒരു സോഷ്യൽ മൂവ്മെന്റ് ആയി നിലനിൽക്കുകയും ചില സമയങ്ങളിൽ സെമി പൊളിറ്റിക്കൽ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് എന്ത് കൊണ്ട് ഫുള്ളി പൊളിറ്റിക്കൽ സംഘടനയായി മാറിക്കൂടാ എന്ന ചർച്ച ഉയർന്നു വരികയും പിന്നീട് കെഡിപി, വെൽഫെയർ പാർട്ടിയുടെ രൂപീകരണം മുതൽ പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ആയി മാറുകയും ചെയ്തു.
കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി ഇത്രയും കാലങ്ങൾക്ക് ശേഷവും ദലിതർക്കും ആദിവാസികൾക്കും ഭൂസമരങ്ങൾ നടത്തേണ്ടി വരുന്നില്ലേ?
ഇടതുപക്ഷം കേരളത്തിലെ ആദിവാസികൾക്കും ദലിതർക്കും ഭൂമി കൊടുക്കാൻ വേണ്ടിയാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയത് എന്ന അവകാശവാദം ഇനി നിലനിൽക്കില്ല. ഈ ക്ലെയ്മുകൾ എന്നേ കേരളം നിരാകരിച്ച് കഴിഞ്ഞു. യഥാർത്ഥത്തിൽ കേരളത്തിലെ ഇടതുപക്ഷം ദലിതരോടും ആദിവാസികളോടും ചെയ്തത് കൊടിയ വഞ്ചനയാണ്.
ദളിതർക്ക് ലാൻഡ് ഓണർഷിപ്പ് കൊടുക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി കേരളത്തിലെ ഇടതിന് ഒരിക്കലും ഉണ്ടായിരുന്നില്ല. ലെഫ്റ്റ് പൊളിറ്റിക്സിന്റെ അടിസ്ഥാനം തന്നെ ‘have nots’ അഥവാ ഇല്ലാത്തവൻ എന്ന സങ്കല്പമാണ്. ആ ഒന്നുമില്ലാത്തവൻ എന്ന നിലയിൽ നിന്ന് ഒരു സമൂഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കിട്ടുന്നിടത്ത് മാത്രമേ അവരുടെ വർഗരാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. അതുകൊണ്ടുതന്നെ ഒന്നുമില്ലാത്തവനെ ഭൂവുടമസ്ഥൻ ആക്കിമാറ്റി കൊണ്ട് ഒരു വർഗ-ബഹുജൻ അടിത്തട്ടിനെ ഉയർത്തിക്കൊണ്ടുവരാൻ അവർ തയ്യാറായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ദലിതരെ അല്ലെങ്കിൽ ആദിവാസികളെ ഭൂരഹിതരായി തന്നെ നിർത്താൻ ആഗ്രഹിച്ചു. എന്നാൽ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തെ എല്ലാ കാലവും ഉപയോഗപ്പെടുത്താനും പാർട്ടി ശ്രദ്ധിച്ചിട്ടുണ്ട്. ഭൂമിയില്ല എന്ന യാഥാർത്ഥ്യം നിലനിർത്തികൊണ്ട് ഭൂമിയുടെ പേരിൽ ദലിതരെ കൂടെ നിർത്തണമെന്ന് മാത്രമേ പാർട്ടി ആഗ്രഹിച്ചിട്ടുള്ളൂ. അവർക്ക് ഭൂമി കിട്ടണമെന്നത് അന്നുമിന്നും പാർട്ടി നയമല്ല.
കേരള ലാൻഡ് റിഫോംസ് ആക്ട് ദലിതർക്കു വേണ്ടി കൊണ്ടുവന്നു എന്നത് പ്രചാരണത്തിന് വേണ്ടിയുള്ള കേവലം വാദങ്ങൾ മാത്രമാണ്.
വി.ആർ.കൃഷ്ണയ്യരെ പോലുള്ള വലിയ നിയമ പണ്ഡിതൻ പൈലറ്റ് ചെയ്ത ബില്ലിനകത്ത് വളരെ കൃത്യമായി തോട്ടം ഭൂമിയെ സീലിംഗ് ലിമിറ്റിൽ നിന്ന് ഒഴിവാക്കികൊണ്ടാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയത്. സ്വകാര്യ ഭൂമി സംരക്ഷിക്കാനുള്ള വ്യവസ്ഥകളും പഴുതുകളും തുടക്കം മുതലേ ഉൾപ്പെടുത്തിയിരുന്നു.
വെറും അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമിയും ഓരോ അഡീഷനൽ അംഗത്തിനും അഞ്ച് ഏക്കർ ഭൂമിയും കൈവശം വെക്കാം എന്നത് തന്നെ എത്രത്തോളം അശാസ്ത്രീയമാണ്.
ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യേണ്ടുന്ന ഒരു പാർട്ടി ജന്മിയുടെ ഭൂമിയിൽ അവകാശം കൊടുക്കുക എന്ന കുടികിടപ്പാവകാശ നയം വഴി ജന്മിത്വത്തെ സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേരള ലാൻഡ് റിഫോംസ് ആക്ട് വരുന്നത്. ആദ്യം തന്നെ ദളിതരെ ജന്മിയുടെ മൂന്ന് സെന്റിൽ കുടിയിരുത്തിയല്ലോ, ഇനി അവനെ ഭൂവുടമയായാണ് പരിഗണിക്കുന്നത്. അതോടു കൂടെ ഭൂരഹിതർ എന്ന പട്ടികയിൽ നിന്ന് ഇവർ പുറന്തള്ളപ്പെട്ടു.
ഇത്തരത്തിൽ ചരിത്രപരമായി ദലിതരെ വഞ്ചിച്ച പാർട്ടി ഇന്ന് ദലിതർ സ്വതന്ത്രമായി നടത്തുന്ന ചെങ്ങറ, അരിപ്പ പോലുള്ള ഭൂസമരങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്.
തോമസ് ഐസക്കിൻ്റെ ‘ഭൂപരിഷ്കരണം: ഇനിയെന്ത്’ എന്ന പുസ്തകം പറയുന്നത് ഇനി കൊടുക്കാൻ ഭൂമി ഇല്ലെന്നാണ്. ഭൂമി ഒരാളുടെ അടിസ്ഥാനപരമായ അവകാശമാണ്. അതിനെതിരെ മുഖം തിരിഞ്ഞു നിന്നുകൊണ്ട് മനുഷ്യൻ്റെ അടിസ്ഥാന അവകാശത്തെ പോലും റദ്ദ് ചെയ്യുകയാണ് സിപിഎം. ലാൻഡ് ക്വസ്റ്റ്യൻ ഇനി അഡ്രസ്സ് ചെയ്യാൻ സിപിഎം തയ്യാറല്ല. അതുകൊണ്ടാണല്ലോ ഇപ്പോൾ ലൈഫ് മിഷൻ പദ്ധതികൾ നടപ്പിലാക്കി ഭൂരഹിതർക്ക് ഫ്ളാറ്റുകൾ നിർമിച്ചു കൊടുക്കുന്നത്. ദളിതരെ ഭൂമിയുടെ ഉടമസ്ഥരാക്കാന് തയ്യാറല്ല എന്ന് തന്നെ ആണ് ഇത് വ്യക്താക്കുന്നത്.
ഈയടുത്ത് ആഘോഷിക്കപ്പെട്ട മറ്റൊരു നയമാണല്ലോ അമ്പലങ്ങളിൽ ശാന്തിമാരായി ദലിതരെ നിയമിച്ചത്?
ദലിതരെ വിഭവങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരാക്കേണ്ടുന്ന, അവർ രാഷ്ട്രീയ അധികാരത്തിലേക്ക് ഉയർന്നുവരേണ്ടുന്ന കാലഘട്ടത്തിൽ ദലിതരെ വീണ്ടും അമ്പലത്തിലേക്ക് അയക്കുന്നതിലൂടെ ഏത് തരത്തിൽ ഉള്ള ദലിത് ശാക്തീകരണമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്?
ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കുന്നതിലൂടെ ദലിതർക്ക് സ്വതന്ത്രമായി അവരുടെ വിമോചനം നേടിയെടുക്കാനുള്ള സാധ്യത അടയുകയാണ്. ക്ഷേത്ര പ്രവേശനമല്ല നമ്മുടെ അജണ്ട, മറിച്ച് വിദ്യാഭ്യാസം കരസ്ഥമാക്കികൊണ്ട് രാഷ്ട്രീയ അധികാരത്തിൽ പങ്കാളിത്തം ഉറപ്പു വരുത്താനാണ് നമ്മൾ പരിശ്രമിക്കേണ്ടത് എന്ന് 1932ൽ ബാബാസാഹേബ് അംബേഡ്കർ പ്രഖ്യാപിച്ചു. 1936ൽ ക്ഷേത്രപ്രവേശനവിളംബരം നടന്നപ്പോൾ വെങ്ങാനൂരിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് പത്മനാഭസ്വാമിക്ഷേത്രം, എന്നിട്ടും മഹാത്മ അയ്യങ്കാളി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
ഏതാണ് ഈ കാലഘട്ടം? ഹിന്ദു എന്ന സാമാന്യബോധത്തെ ഹിന്ദുത്വം എന്ന് പറയുന്ന രാഷ്ട്രീയ ബോധത്തിലേക്ക് വികസിപ്പിച്ചെടുത്ത്, അതിൻ്റേതായ ജനാധിപത്യവിരുദ്ധ വർഗീയ ഫാസിസ്റ്റ് സംഘപരിവാർ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഇടതുപക്ഷ പ്രസ്ഥാനം ഇൗ സമയത്ത് ചെയ്യേണ്ടത് ഹിന്ദുത്വ ഓപ്ഷനുകളിൽ ചെന്നു വീഴാതെ ഹിന്ദുത്വത്തെ തുറന്നുകാണിക്കുക എന്നതാണ്.
ക്രിസ്റ്റോഫ് ജഫ്രിലറ്റിന്റെ ‘സൈലൻറ് റവല്യൂഷൻ’ എന്ന ആർട്ടിക്കിളിൽ പറയുന്നപോലെ ലക്ഷക്കണക്കിന് ദലിതർ ബാബാ സാഹെബിന്റെ പാത പിൻപറ്റി ഹിന്ദുത്വം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്ക് മാറുന്ന ഒരു നിശബ്ദ വിപ്ലവം ഇന്ത്യയിൽ നടക്കുന്ന അംബേഡ്കർ അവബോധ കാലഘട്ടമാണിത്.
മറ്റൊന്ന്, ഇതര മതങ്ങളെ സ്വീകരിച്ചവരെ ഘർവാപ്പസിയുടെ പേരിൽ അതിഭീകരമായും സംഘടിതമായും സംഘപരിവാർ ആക്രമിക്കുകയാണ്.
അമ്പലം വിട്ടുപോയാൽ ഞങ്ങൾ ആക്രമിക്കും എന്ന് ഹിന്ദുത്വ ശക്തികൾ പ്രഖ്യാപിക്കുന്ന സമയത്ത് അമ്പലങ്ങളിലേക്ക് ദലിതരെ പറഞ്ഞു വിടുന്ന ഇടതുപക്ഷം മറ്റൊരർത്ഥത്തിൽ ഘർവാപ്പസി എന്ന ആർഎസ്എസ് അജണ്ട ഏറ്റെടുക്കുകയാണ്.
‘എവേ ഫ്രം ഹിന്ദുത്വ’ എന്ന അംബേഡ്കറൈറ്റ് അവബോധ കാലഘട്ടത്തിൽ, നിങ്ങൾക്ക് സാമൂഹികമായി ഉയരാനുള്ള സാധ്യത ഹിന്ദുമതത്തിന് അകത്ത് അവശേഷിക്കുന്നുണ്ട് എന്ന പ്രതിവിപ്ലവകരമായ ഒരു ആന്റി റിയാക്ഷനറി ആക്ഷനിലേക്ക് ദലിതരെ പറഞ്ഞുവിടുന്നത് മറ്റു സാമൂഹ്യ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ അവരെ ഉൾക്കൊള്ളാൻ ചെയ്യാൻ സവർണ്ണ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറല്ലാത്തതുകൊണ്ടാണ്. അമ്പലത്തിലെ ശാന്തിയായി ദലിതനെ നിയമിക്കാൻ ബില്ല് കൊണ്ട് വരുന്നവർ മറുപുറത്ത് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംവരണത്തെ അട്ടിമറിക്കുകയും സാമ്പത്തിക സംവരണത്തെ കൊണ്ടു വരാൻ ശ്രമിക്കുന്നതിലൂടെ സമൂഹിക സംവരണം എന്ന നയത്തെ തന്നെ തകർക്കുകയും ചെയ്യുന്നു.
ജിഗ്നേഷ് മേവാനിയിലൂടെയും ചന്ദ്രശേഖർ ആസാദിലൂടെയും ഉയർന്നു വരുന്ന പുതിയ ദലിത് മുന്നേറ്റം ഉത്തരേന്ത്യയിൽ നമുക്ക് കാണാനാവുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാവുന്നുണ്ടോ?
അത്തരത്തിലൊരു പ്രതിഫലനം കേരളത്തിൽ ഉണ്ടാവുക സാധ്യമല്ല. ഉത്തരേന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയും ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷവും വ്യത്യസ്തമാണ്. അവിടെ ദലിത് നേതൃത്വം രൂപപ്പെട്ടുവരികയും ആ നേതൃത്വം സവർണ്ണ ശക്തികൾക്കെതിരെ വലിയ പോരാട്ടങ്ങൾ നടത്തുകയും ഒക്കെ ചെയ്യുന്നത് ഏറ്റവും പുതിയ വികാസമാണ്. ഇതിന്റെ പ്രീ ഹിസ്റ്ററി എടുത്തു നോക്കുമ്പോൾ വളരെ ഭീകരമായ ചരിത്രമാണ് നമ്മൾക്ക് കാണാനാവുക.
അത്തരം സാഹചര്യങ്ങളിൽ നിന്ന് സ്വയംപര്യാപ്തമായ നേതൃത്വങ്ങൾ ഉയർന്നുവരിക ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. രാജസ്ഥാനിലും ഉത്തർ പ്രദേശിലും ഇപ്പോഴും ദലിതരെയും മുസ്‌ലിംകളെയും ഭീകരമായി ഹിന്ദുത്വ ശക്തികൾ വേട്ടയാടുന്നുണ്ട്. അവിടെ ചില മേഖലകളിൽ മാത്രമാണ് ചെറിയ ചെറുത്ത് നിൽപ്പുകൾ നടത്താൻ ചന്ദ്രശേഖർ ആസാദിന് സാധ്യമാകുന്നത്. അതിനപ്പറത്തേക്ക് എത്രയോ ഭീകരമായ അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
എന്നാൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം അതിക്രമങ്ങൾക്കും മേൽക്കോയ്മകൾക്കും എതിരെയുള്ള പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഹാത്മാ അയ്യങ്കാളിയെ പോലുള്ള വിപ്ലവകാരികൾ, അതിനു സമാനമായി ഉയർന്നുവന്ന നവോത്ഥാന നായകരായ പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ, ജോസഫ് തുടങ്ങി ഒട്ടനവധി സാമൂഹിക വിപ്ലവകാരികൾ ഈ സമൂഹങ്ങളെ സംഘടിപ്പിക്കുകയും വിപ്ലവകരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഉത്തരേന്ത്യയിലേതു പോലെ സംഘടിതമായ ആൾകൂട്ടം ദലിതരെ ആക്രമിക്കുന്ന കാഴ്ച ഇവിടെ അന്യമാണ്. അതേസമയം കേരളത്തിൽ മറ്റ് പല സാമൂഹ്യമായ വിവേചനങ്ങളുടെ പ്രശ്നങ്ങൾ കാര്യമായിത്തന്നെ നിലനിൽക്കുന്നുണ്ട്. അതിനെതിരെ ദലിത് മൂവ്മെൻ്റുകൾ രൂപപ്പെടുന്നുണ്ട്.
കേരളത്തിന് പുറത്ത് പല ക്യാമ്പസുകളിലും ബാപ്സ, എഎസ്എ, ടിഎസ്എഫ് പോലുള്ള സംഘടനകൾ ശക്തമായ ഇടപെടലുകൾ നടത്തുന്നു. കേരളത്തിലെ ക്യാമ്പസുകൾ പക്ഷേ ഇപ്പോഴും ബഹുജൻ മൂവ്‌മെന്റുകളെ മാറ്റി നിർത്തുന്നുണ്ടോ?
സ്വതന്ത്ര ക്യാമ്പസുകൾ കേരളത്തിൽ ഇല്ല എന്നതാണ് പ്രധാനമായ പ്രശ്നം. അതായത് സ്റ്റുഡന്റ് ആക്ടിവിസത്തിന് സ്വാതന്ത്ര്യമുള്ള അന്തരീക്ഷം യഥാർത്ഥത്തിൽ കേരളത്തിലില്ല. അത്തരത്തിൽ ഉള്ള അന്തരീക്ഷം ഒരുക്കുന്ന കാര്യത്തിൽ അക്കാഡമീഷ്യന്മാരുടെ പങ്കും വിദ്യാർത്ഥികളെ പോലെതന്നെ പ്രധാനപ്പെട്ടതാണ്.
ആധുനിക ഇന്ത്യയിൽ ദലിത് ബഹുജൻ ഡിസ്കോഴ്സുകൾ സംഭാവന ചെയ്യുന്ന നേതൃത്വങ്ങൾ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും, ഒസ്‌മാനിയയിലും, ഇഫ്ളുവിലും നിലവിലുണ്ട്. പുതിയ കാലത്തിൽ ഇത്തരമൊരു ദലിത് ബഹുജൻ ഐഡിയോളജിക്കൽ ഡിസ്കോഴ്സുകളുടെ ഹബ്ബായിട്ട് തന്നെ ഹൈദരാബാദ് മാറിയിട്ടുണ്ട്.
പക്ഷേ കേരളത്തിന്റെ രാഷ്ട്രീയം ഇപ്പോഴും നിയന്ത്രിക്കുന്നത് വളരെ പഴകിയ പാർട്ടി പൊളിറ്റിക്സ് ആണ്. അതിന്റെ അപ്പുറത്തേക്കുള്ള ചിന്തകളെ കേരളത്തിലെ ക്യാമ്പസുകൾ അനുവദിക്കുന്നില്ല. ഇവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയം ഇന്നും ഇടത്-വലത് എന്ന പെൻഡുലം പരിമിതിക്കുള്ളിലാണ്.
കേരളത്തിലെ മിക്ക ക്യാമ്പസുകളും അടക്കിഭരിക്കുന്ന രാഷ്ട്രീയം, ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങളെ മുളയിലേ നുള്ളിക്കളയുന്നതും നിരുത്സാഹപ്പെടുത്തുന്നതും അതിനു മുന്നിട്ടിറങ്ങുന്നവരെ വിക്ടിമൈസ് ചെയ്യുന്നതുമാണ്.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത് വെമുലക്ക് നേരിട്ടതിന് സമാനമായ വിക്ടിമൈസേഷൻ കേരളത്തിൽ ദലിത് – ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തുന്ന വിദ്യാർഥികൾ അഭിമുഖീകരിക്കുന്നുണ്ട്. ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളെ ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്നത് എസ്എഫ്ഐ ആണ്.
പുതിയ രാഷ്ട്രീയ ചിന്തകളോട് കേരളത്തിലെ ലെഫ്റ്റിന് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ്. എസ്എഫ്ഐക്ക് കിട്ടുന്ന സിപിഎമ്മിന്റെ പൊളിറ്റിക്കൽ രക്ഷകർതൃത്വമെന്ന ഒരു അധികാരശക്തി വിദ്യാഭ്യാസമേഖലയിൽ ദലിത് പൊളിറ്റിക്സിനെതിരെ ഇവർ ഉപയോഗിക്കുന്നുണ്ട്.
ദലിത് പൊളിറ്റിക്സ് ഏറ്റുമുട്ടേണ്ടി വരുന്നത് മിക്കപ്പോഴും ലെഫ്റ്റ്മായിട്ടാണ്. എല്ലാകാലത്തും ദലിതർ തങ്ങളുടെ കീഴിൽ നിൽക്കണമെന്നാണ് ഇടതുപക്ഷത്തിൻ്റെ താത്പര്യം. പാർട്ടിയിൽ നിന്ന് ദലിത് മുന്നേറ്റങ്ങളിലേക്കുണ്ടാവുന്ന ഷിഫ്റ്റ് സഹിഷ്ണുതയോടെ നേരിടാൻ ലെഫ്റ്റ് തയ്യാറല്ല.
അതുകൊണ്ടുതന്നെ പല അധ്യാപക കൗൺസിലുകളും സാമൂഹ്യ ബുദ്ധിജീവികളും അവരുടെ സാമൂഹിക രാഷ്ട്രീയ അധികാരങ്ങളിലൂടെ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയുന്ന ഒരു തരം ‘റെഡ് ഓർത്തഡോക്സ്’ സ്വഭാവമാണ് പൊതുവിൽ കാണിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും എംജിയിലും മഹാരാജാസിലും മടപ്പള്ളിയിലുമൊക്കെ ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
മോദി പലപ്പോഴും താനൊരു പിന്നാക്കക്കാരൻ ആണെന്ന അവകാശവാദം ഉന്നയിക്കുന്നതായിട്ട് നമ്മൾക്ക് കാണാൻ പറ്റുന്നുണ്ടല്ലോ?
മോദിയുടെ പിന്നാക്കകാരൻ എന്ന അവകാശവാദം ഇൻഡ്യയിൽ ഇതിനകം തന്നെ തകർന്നതാണ്. നരേന്ദ്രമോദി അടിസ്ഥാനപരമായി ഗുജറാത്തിലെ ഏതെങ്കിലും സാമൂഹികമായ അനീതിയോ ജാതീയമായ ബഹിഷ്കരണമോ വിവേചനമോ നേരിട്ട ഒരു ജാതിയിൽ പെട്ട പിന്നാക്കക്കാരൻ അല്ല. സംസ്ഥാന സർക്കാരുകൾക്ക് അതാത് സംസ്ഥാനത്തിലെ പിന്നാക്ക സമുദായങ്ങളുടെ ലിസ്റ്റുകൾ ഭേദഗതി ചെയ്യാനും ഏത് സമുദായത്തെയും ലിസ്റ്റിൽ ചേർക്കാനുമുള്ള അധികാരം ഉപയോഗപ്പെടുത്തിയാണ് സവർണ ജാതിക്കാരനായ മോദി പിന്നാക്ക ജാതിക്കാരനാവുന്നത്.
ഒരാൾ പിന്നാക്കക്കാരൻ ആവുന്നത് അയാൾ പ്രതിനിധീകരിക്കുന്ന സമൂഹം അനുഭവിക്കുന്ന ജാതി വിവേചനങ്ങളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ ഏതെങ്കിലും തരത്തിൽ ഉള്ള സാമൂഹിക അനീതി അനുഭവിക്കേണ്ടി വന്നതായ സംഭവങ്ങളൊന്നും മോദിയുടെ ജീവിതത്തിൽ ഇല്ല. മാത്രമല്ല മോദി, ബ്രാഹ്മണർ നയിക്കുന്ന ആർഎസ്എസിന്റെ ഏറ്റവും വിശ്വസ്തനായ വക്താവാണ്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പിന്നാക്കക്കാരൻ എന്ന ഐഡൻറിറ്റി ചേരുക?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുകയും ഇൻഡ്യയുടെ അധികാര മണ്ഡലങ്ങളിൽനിന്ന് പിന്നാക്ക വിഭാഗങ്ങൾ പൂർണ്ണമായി പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നും ഇൻഡ്യയുടെ ബ്യൂറോക്രസിയുടെ 90 ശതമാനവും ബ്രാഹ്മണ – സവർണ്ണ വിഭാഗങ്ങളുടെ കുത്തകയാണെന്നുമുള്ള അവബോധം പിന്നാക്കക്കാർക്ക് ഇടയിൽ രൂപപ്പെട്ടിട്ടുണ്ട്. അതിനുശേഷം ബഹുജൻ രാഷ്ട്രീയം ഇൻഡ്യയിൽ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ട്. ബഹുജൻ അവബോധം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ദലിത് സാഹിത്യങ്ങളും ബഹുജൻ ഡിസ്‌കോഴ്സുകളും മണ്ഡലാനന്തര ഇൻഡ്യയിൽ ഉയർന്നുവന്നു.
പണ്ട് അവഗണിക്കപ്പെടേണ്ടുന്ന, നിരാകരിക്കപ്പെടേണ്ടുന്ന പിന്നാക്കക്കാരൻ എന്ന ഐഡന്റിറ്റി ഇന്ന് മോദി പോലും താൻ പിന്നാക്കക്കാരനാണെന്ന് അവകാശ വാദം ഉന്നയിക്കുന്ന രീതിയിലേക്ക് മാറിയത് ഈ അവബോധം രൂപപ്പെട്ടത് കൊണ്ടാണ്; ഇൻഡ്യൻ രാഷ്ട്രീയത്തിലെ ബ്രാഹ്മണ മേൽക്കോയ്മയെ വെല്ലുവിളിക്കുന്ന, ഇനി അധികാരം കയ്യാളേണ്ട രാഷ്ട്രീയം ഉയർത്തുന്ന സമൂഹം എന്ന നിലയിലേക്ക് ബഹുജൻ രാഷ്ട്രീയം പരികൽപ്പന ചെയ്യപ്പെട്ടത് കൊണ്ടാണ്.
പക്ഷേ പിന്നാക്ക വേഷം കെട്ടിയ നരേന്ദ്രമോദി ചെയ്തത് മുഴുവൻ പിന്നാക്ക വിരുദ്ധമായ കാര്യങ്ങളാണ്. സമ്പത്തിന്റെ പങ്ക് ജനാധിപത്യപരമായി, അത് നിഷേധിക്കപ്പെട്ട അധസ്ഥിത വിഭാഗത്തിന്റെ കൈകളിൽ എത്തിക്കുക എന്ന എക്കണോമിക് ഡെമോക്രസി ആശയത്തിന്റെ ഭാഗമായി 1952ൽ അംബേഡ്കർ നെഹ്റുവിന്റെ മുന്നിൽ സെൻട്രൽ പ്ലാനിങ് കമ്മീഷൻ നിർദ്ദേശിക്കുകയും അത് നടപ്പിൽ വരികയും ചെയ്തു. മോദി ആദ്യം ചെയ്തത് ഈ പ്ലാനിങ് കമ്മീഷനെ തകർക്കുകയായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 46ന്റെ പിൻബലത്തോടുകൂടി സ്ഥാപിതമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൻ്റെ വികസനത്തിന് ഫണ്ട് നീക്കി വെക്കുന്ന ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (SCSP), ട്രൈബൽസ് സബ് പ്ലാൻ (TSP) എന്നീ പദ്ധതികൾക്കായുള്ള ഫണ്ട് വെട്ടിക്കുറച്ചുകൊണ്ട് പദ്ധതിയെ തകർക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചത്. ഏറ്റവും പുതുതായി സംവരണത്തെ അട്ടിമറിക്കുന്ന ബില്ലാണ് മോദിസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ബിജെപിയുടെ പിന്നാക്ക ദലിത് ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് എതിരെ ഇൻഡ്യയിൽ ഒരു പൊതു അവബോധം ഇതിനോടകം രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ സവർണ്ണശക്തികൾ ഭരണഘടനയിൽ കാര്യമായ ഇടപെടലുകൾ നടത്തുമ്പോൾ അതിൽ ബഹുജൻ ഇടപെടൽ എങ്ങനെയാണ് സാധ്യമാവുക?
ഭരണഘടന എത്ര നല്ലതാണെങ്കിലും അത് മോശം കരങ്ങളിൽ എത്തിയാൽ സമൂഹത്തിന് അതുകൊണ്ട് ദുരന്തം ഉണ്ടാവും, ഭരണഘടന കുറച്ചു മോശമാണെങ്കിൽ പോലും അത് നല്ല കാരണങ്ങളിൽ ആണെങ്കിൽ സമൂഹത്തിന് ഗുണം ചെയ്യും എന്നാണ് ബാബ സാഹെബ് പറഞ്ഞത്.
നിലവിൽ ഇൻഡ്യ നേരിടുന്ന വെല്ലുവിളി രാജ്യത്തിന്റെ ഭരണകൂടത്തെ നിയന്ത്രിക്കുന്നവർ ഭരണഘടനയെ നിരാകരിക്കുന്നവരാണ് എന്നതാണ്. നിലവിലെ പാർലമെന്ററി ഡെമോക്രസിയുടെ തുറന്ന വഴികളിലൂടെ അധികാരത്തിലേക്ക് വരികയും അതിനുശേഷം ഭരണഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട് അമിത അധികാരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന അപകടകരമായ അവസ്ഥയുമാണ് നിലവിലുള്ളത്.
ഇതിനൊരു പരിഹാരം ഭരണഘടനയെ മാനിക്കുന്ന നല്ല കാര്യങ്ങളിലേക്ക് ഭരണകൂടത്തെ കൊണ്ടുവരികയാണ്. അപ്പോഴുള്ള ചോദ്യം ഭരണഘടനയെ സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക എന്നതാണ്. ഭരണഘടനക്ക് സ്വയം പ്രവർത്തിക്കുവാൻ സാധ്യമല്ല. അതിന് ജീവൻ ഉണ്ടാവുക ആ ഭരണഘടന മുന്നോട്ടുവെക്കുന്ന ദർശനത്തെ ഏറ്റെടുക്കാൻ ധാർമ്മിക ശേഷിയുള്ള രാഷ്ട്രീയ മണ്ഡലം വികസിക്കുമ്പോഴാണ്. ഇൻഡ്യൻ ഭരണഘടന യഥാർത്ഥത്തിൽ പരാജയപ്പെട്ടത് അവിടെയാണ്. ഭരണഘടനാ നിർമ്മാണത്തോടെ അംബേഡ്കറുടെ ദൗത്യം ഇൻഡ്യ അവസാനിപ്പിച്ചു. ഭരണഘടന സംഭാവന ചെയ്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ വിവേകത്തെ ഭരണകൂടത്തിന്റെ വിവേകം ആക്കി മാറ്റാൻ നെഹ്റു പോലും താൽപര്യം കാണിച്ചില്ല.
എക്കണോമിക്സിൽ മാത്രം നാല് ഡോക്ടറേറ്റ് ഉള്ള വ്യക്തിയാണ് ഡോക്ടർ അംബേഡ്കർ. അദ്ദേഹത്തിന്റെ പ്രോബ്ലം ഓഫ് റുപ്പി എന്ന പുസ്തകത്തിന്റെ കോപ്പിയുമായാണ് റോയൽ കമ്മീഷൻ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. വെൽഫെയർ ഇക്കണോമിക്സിലെ തന്റെ ഗുരുവായാണ് അമർത്യ സെൻ അംബേഡ്കറെ വിശേഷിപ്പിച്ചത്.
പക്ഷേ ഇൻഡ്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദനായ ബാബാ സാഹെബിനെ രാജ്യത്തിന്റെ ധനകാര്യവകുപ്പ് ചുമതല ഏൽപ്പിക്കാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസോ നെഹ്റുവോ തയ്യാറായില്ല.
ഇൻഡ്യയിലെ ഏറ്റവും വലിയ അക്കാദമിക്കൽ വിദ്യാഭ്യാസം ഉള്ള വ്യക്തി അന്നുമിന്നും അംബേദ്കറാണ്. 64 ബിരുദാനന്തര ബിരുദങ്ങളാണ് അംബേദ്കർക്കുള്ളത്. അതിൽ 12 എണ്ണം അദ്ദേഹം ചെയ്തത് മൂന്നു വർഷം കൊണ്ടാണ്. ഇത്രയും വലിയൊരു സ്കോളറെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ ഇൻഡ്യ തയ്യാറായില്ല. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ വിസ്ഡം ഉപയോഗപ്പെടുത്താൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ഒരു തരത്തിലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
പാർലമെന്ററി ജനാധിപത്യത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ സംഭാവനചെയ്ത ഭരണഘടനയുടെ ജനാധിപത്യ ആശയലോകം ഉണ്ട്. ജനാധിപത്യം എന്നത് ഒരു ഭരണകൂടമല്ല മറിച്ച് സമൂഹത്തിലെ സഹജീവികളെ തുല്യരായി കാണുന്ന ഭാവമാണ് എന്ന് അംബഡ്കർ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇതിന്റെ യാതൊരു ഭാവങ്ങളും ഇല്ലാത്ത, ജാതി സനാതനം ആണെന്ന് പറഞ്ഞ് അസമത്വത്തെ ലോകവസാനം വരെ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്ന സവർണ ഹിന്ദുവിന്റെ കയ്യിൽ ഭരണഘടന ഇരിക്കുന്നിടത്തോളം കാലം അത് നടപ്പിലാക്കാൻ സാധ്യമല്ല. ഇവിടെയാണ് ഇൻഡ്യൻ ജനാധിപത്യം വഴിമുട്ടി നിൽക്കുന്നത്.
ബാബാസാഹെബ് പറഞ്ഞപോലെ ഒരു ജനാധിപത്യ സമൂഹത്തിനു മാത്രമേ ജനാധിപത്യ ഭരണകൂടത്തെ സംഭാവന ചെയ്യാൻ പറ്റുകയുള്ളൂ.
ഇൻഡ്യൻ ഭരണകൂടം അത്രത്തോളം ജനാധിപത്യപരം അല്ലാത്തത് ഇൻഡ്യൻ സമൂഹം ജനാധിപത്യപരം അല്ലാത്തത് കൊണ്ടാണ്. അപ്പോൾ സാമൂഹ്യഘടനക്കകത്ത് ആദ്യം വിപ്ലവം നടക്കണം. ഇൻഡ്യൻ സാമൂഹ്യഘടനക്കകത്ത് ആന്റി ബ്രഹ്മണിക്കൽ വിപ്ലവം നടത്തിയ അംബേഡ്കറെ പുറത്ത് നിർത്തിയതാണ് ഇൻഡ്യൻ ജനാധിപത്യത്തിന്റെ പരാജയം.
പാർലമെൻററി ഡെമോക്രസി ഒരുപക്ഷേ പരാജയം ആയിരിക്കും എന്ന് അംബേഡ്കറിന് പറയേണ്ടി വന്നത് ഇൻഡ്യയുടെ സാമൂഹ്യ പരിസരം കണക്കിലെടുത്താണ്. അത് മാറ്റാനുള്ള പോരാട്ടം കൂടിയാണ് അദ്ദേഹം നടത്തിക്കൊണ്ടിരുന്നത്. 1950ൽ ഭരണഘടന സ്ഥാപിതമാകുന്നതിനും മുൻപ് 1927ൽ തന്നെ അദ്ദേഹം തുല്യതയ്ക്ക് എതിരു നിന്ന പ്രത്യയശാസ്ത്രമായ മനുസ്മൃതി കത്തിച്ചിട്ടുണ്ട്.
പൂട്ടിവച്ച ഈ ഭരണഘടന നടപ്പിൽ വരുത്താൻ സാധിക്കുക ഭരണഘടനയ്ക്ക് ജീവൻ നൽകിയ അംബേഡ്കറുടെ പിൻഗാമികളായ ദലിതർക്കും, ഭരണഘടനയുടെ ഏറ്റവും വലിയ ഗുണകാംക്ഷികളായ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങൾക്കുമാണ്. രാഷ്ട്രീയ അധികാരത്തിലുള്ള അവരുടെ പ്രാതിനിധ്യമാണ് ഭരണഘടനയുടെ സംരക്ഷണം ഉറപ്പ് വരുത്തുക.
അത്തരത്തിലൊരു പ്രാതിനിധ്യം നിലവിലെ ജനാധിപത്യത്തിൽ സാധ്യമാണോ?
ഇൻഡ്യയിൽ നിലനിൽക്കുന്നത് കൊളോണിയൽ മോഡൽ ഇലക്ടറൽ സമ്പ്രദായമാണ്. ഇൻഡ്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഇതാകണം എന്നല്ല ബാബാസാഹെബ് അംബേഡ്കർ ആഗ്രഹിച്ചത്. അദ്ദേഹം മുന്നിൽ കണ്ട രാഷ്ട്രീയ പ്രാതിനിധ്യ സ്വഭാവത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനത്തെ മോഹൻദാസ് കരംചന്ദ് ഗാന്ധി കോൺഗ്രസിന്റെ സഹായത്തോടെ അട്ടിമറിക്കുകയായിരുന്നു. ദലിതരുടെ പ്രതിനിധികളെ ദലിതർക്ക് തന്നെ തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രത്യേക നിയോജകമണ്ഡലങ്ങൾ എന്ന അംബേദ്കറുടെ ആവശ്യം ബ്രിട്ടീഷുകാർ അംഗീകരിച്ചപ്പോൾ കോൺഗ്രസും ഗാന്ധിയും അതിനെ ശക്തമായി എതിർക്കുകയും ഗാന്ധി നിരാഹാരം കിടക്കുകയുമാണ് ഉണ്ടായത്. അങ്ങനെ വന്ന പൂനാ കരാറിനു ശേഷം നിലവിൽ വന്ന പൊതുമണ്ഡലം എന്ന സംവിധാനത്തോടെ യഥാർത്ഥത്തിൽ ദലിതരുടെ പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുകയാണുണ്ടായത്. കാരണം ജനാധിപത്യത്തിൽ ഒരു സമുദായത്തിന് അവരെ പ്രതിനിധീകരിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ പിന്നെ വോട്ടവകാശത്തിൽ അർത്ഥമില്ല. പ്രായപൂർത്തി വോട്ടവകാശത്തിന് അർത്ഥമുണ്ടാകുന്നത് എന്റെ സമൂഹത്തിന്റെ താൽപര്യങ്ങൾക്കുവേണ്ടി വോട്ടവകാശം ഉപയോഗിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ്.
ഈ പറയുന്ന പൊതുമണ്ഡല സംവിധാനത്തിലെ സ്ഥാനാർത്ഥിയെ ദലിതരുടെ വോട്ടുകളേക്കാൾ സവർണ്ണന്റെയും പാർട്ടിയുടെയും വോട്ടുകളാണ് തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ജയിച്ചുവരുന്നവർ പാർട്ടിയുടെ ആളായിരിക്കും. അങ്ങനെ സമുദായത്തിന്റെ പ്രാതിനിധ്യത്തെ പാർട്ടിയുടെയും സവർണ്ണന്റെയും പ്രാതിനിധ്യമാക്കി അട്ടിമറിക്കുകയാണ് 1932ലെ പൂനാ കരാർ ചെയ്തത്.
അതിനുദാഹരണമാണ് സാമ്പത്തിക സംവരണ ബില്ല് വന്നപ്പോൾ 140 ദലിതർ പാർലമെന്റിൽ മിണ്ടാതിരുന്നത്. സ്വന്തം സമൂഹത്തിന് വേണ്ടി മിണ്ടാൻ പറ്റാതെ പാർട്ടിയുടെ പ്രതിനിധിയായിരിക്കുന്നത് എങ്ങനെയാണ് ദലിത് സമൂഹത്തിന്റെ പ്രാതിനിധ്യം ആവുക?
അപ്പോൾ ഇലക്ഷൻ പ്രക്രിയക്ക് അകത്ത് തന്നെയാണ് ഇവിടെ കുഴപ്പം നിലനിൽക്കുന്നത്. നിലവിൽ ഉള്ള ഫസ്റ്റ് പാസ്റ്റ് പോസ്റ്റ് സിസ്റ്റം പ്രാതിനിധ്യ ജനാധിപത്യത്തെ ഉറപ്പുവരുത്തുന്നില്ല. ആപേക്ഷിക ഭൂരിപക്ഷം ആർക്ക് കിട്ടുന്നോ അവരാണ് അധികാരത്തിൽ എത്തുന്നത്.
2014ലെ ഇലക്ഷനിൽ ജയിച്ച ബിജെപിയുടെ വോട്ട് ഷെയർ 31 ശതമാനമാണ്. ആപേക്ഷിക ഭൂരിപക്ഷമുള്ള ന്യൂനപക്ഷം ആഗ്രഹിക്കുന്നവരാണ് അധികാരത്തിൽ വരുന്നതെന്ന വലിയ പോരായ്മ നിലവിലുള്ള തിരഞ്ഞെടുപ്പ് രീതിക്കുണ്ട്. ഇത് ഇന്ത്യക്ക് ചേർന്ന തിരഞ്ഞെടുപ്പ് രീതിയല്ല.
1955 ഓഗസ്റ്റ് 27ന് ഓൾ ഇൻഡ്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ വാർഷികയോഗത്തിൽ ബാബാസാഹെബ് പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറയുന്നത് “പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡല സംവിധാനമായിരുന്നു എന്റെ ജനതയ്ക്ക് വേണ്ടിയിരുന്നത്, പക്ഷേ അത് ഗാന്ധിയും കോൺഗ്രസും അട്ടിമറിച്ചു” എന്നാണ്. അതുകൊണ്ട് മറ്റൊരു തിരഞ്ഞെടുപ്പ് രീതി അദ്ദേഹം ഈ പ്രമേയത്തിലൂടെ അവതരിപ്പിച്ചു. ഇന്ത്യയിൽ ക്യുമിലേറ്റീവ് എഫക്റ്റുള്ള പ്ലൂരൽ മെമ്പർ കോൺസ്റ്റിറ്റ്വൻസികളാണ് നിലവിൽ വരേണ്ടത്. അതായത് ഒരു മണ്ഡലത്തിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകൾ പാർലമെന്റിലേക്ക് പോകുന്ന സംവിധാനം. മറ്റൊന്ന് ഓരോ രാഷ്ട്രീയപാർട്ടികളും സമാഹരിക്കുന്ന വോട്ടിംഗ് ശതമാനം അനുസരിച്ചായിരിക്കും ഓരോ പാർട്ടികൾക്കും പാർലമെന്റിൽ സീറ്റുകൾ ലഭിക്കുക. അതായത് ഒരു പാർട്ടിക്ക് കിട്ടിയത് 30 ശതമാനം വോട്ട് ആണെങ്കിൽ മൊത്തം പാർലമെന്റ് അംഗങ്ങളുടെ 30 ശതമാനം സീറ്റ് ആ പാർട്ടിക്ക് അവകാശപ്പെട്ടതാണ്. ഇങ്ങനെ പല മണ്ഡലങ്ങളിലെയും വോട്ടുകളെ ഒന്നിച്ചു കണക്കാക്കി അതിനനുസരിച്ചുള്ള പ്രാതിനിധ്യം അർഹതപ്പെട്ട സമുദായങ്ങൾക്ക് കൊടുക്കുന്നതാണ് ക്യുമുലേറ്റീവ് എഫക്റ്റ്.
അംബേഡ്കർ ഈ പ്രമേയം അവതരിപ്പിച്ച സമയത്ത് ലോകത്ത് ഇത്തരം ജനാധിപത്യ സംവിധാനമില്ല.
ഇപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേ, ഫിൻലൻഡ് തുടങ്ങിയ ഇടങ്ങളിൽ ഉള്ളത് ഇതിനു സമാനമായ പ്രോപോഷനൈറ്റ് ഇലക്ടറൈറ്റ് സിസ്റ്റമാണ്. ജർമ്മനിയിലും നേപ്പാളിലും ഈ മാതൃകയാണ് പിന്തുടരുന്നത്. ഈ പാർലമെന്റ് സംവിധാനത്തെ കുറിച്ച് പഠിക്കുന്നതിനുവേണ്ടി ഞാൻ നേപ്പാൾ പാർലമെൻറ് സന്ദർശിച്ചിട്ടുണ്ട്. ലിങ്ദോ കമ്മീഷനും, ഇന്ത്യയുടെ നിയമ കമ്മീഷനും ചില മുൻ ഇലക്ഷൻ കമ്മീഷണർമാരും ഈ രീതി നിർദേശിച്ചിട്ടുണ്ട്.
2019 ലോകസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു?
ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ട്രെൻഡ്, എല്ലാ വിഭാഗങ്ങൾക്കും പ്രതിസന്ധി ഉണ്ടാക്കിയ, ഭരണകൂടത്തെ അങ്ങേയറ്റം പാർശ്വവൽകൃത വിഭാഗങ്ങൾക്കെതിരെ ഉപയോഗിച്ച, സമ്പദ് വ്യവസ്ഥയെ സംഘപരിവാർ അനുകൂലികളായ കോർപ്പറേറ്റുകൾക്ക് നൽകിയ, ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന സമഗ്രാധിപത്യ സ്വഭാവം ഉള്ള ആർഎസ്എസ് നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ അടിയന്തര ഭീഷണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുള്ളത് മാത്രമാണ്.
അതിനപ്പുറത്തേക്ക് സാമൂഹ്യനീതിക്കായ് നിലകൊള്ളുന്ന ദലിത്, ന്യൂനപക്ഷ, മറ്റ് പിന്നോക്ക വിഭാഗ രാഷ്ട്രീയപാർട്ടികൾ ഒരു ഏകീകൃത സ്വഭാവത്തിൽ അധികാരത്തിൽ എത്താവുന്ന രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന നയങ്ങൾ ബഹുജൻ രാഷ്ട്രീയത്തിന്റെ ഭാഗമായി രൂപപ്പെട്ടിട്ടില്ല.
അതേസമയം പാർട്ടിക്ക് അതീതമായി സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ ദലിതർക്കും മുസ്‌ലിംകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിലും വളർന്നിട്ടുണ്ട്. 1989ലെ പട്ടികജാതി പട്ടികവർഗ്ഗ (പീഡന നിരോധന) നിയമത്തെ പരിപൂർണമായി ദുർബലപ്പെടുത്തിയതിന് എതിരായി രൂപംകൊണ്ട ഭാരത്ബന്ദ് ദലിതർക്കിടയിൽ സാമൂഹിക ഏകീകരണത്തിന് കാരണമായിട്ടുണ്ട്. ഈ ഹർത്താലിന് ശേഷം ഇന്ത്യയിലെ ദലിത് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട രാഷ്ട്രീയ അവബോധം തീർച്ചയായും ഈ ഇലക്ഷനിൽ നിർണായകമായ പങ്ക് വഹിക്കും.
ഇൻഡ്യയിൽ ഭരണഘടന പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റം ഉണ്ടാകുമോ എന്നതാണ് അപ്പോഴും പ്രധാനപ്പെട്ട ചോദ്യം. ഫാസിസത്തെ ചെറുക്കാൻ ജനാധിപത്യത്തെ തിരഞ്ഞെടുക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം. അങ്ങനെ ആണെങ്കിൽ ഈ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഭരണഘടന നടപ്പിൽ വരുത്താൻ കോൺഗ്രസ് തയ്യാറാവുമോ എന്ന് നമ്മൾ തിരിച്ച് ചോദിക്കേണ്ടതുണ്ട്.
മോദിയെ പുറത്തു നിർത്താനേ രാഹുലിന് കഴിയൂ, ഹിന്ദുത്വ നയങ്ങളെ പുറത്താക്കാൻ രാഹുലിനു കഴിയും എന്ന രീതിയിലുള്ള പ്രതീക്ഷ അംബേഡ്കറൈറ്റ് എന്ന നിലയിൽ എനിക്കില്ല. അതിന് പുതിയൊരു രാഷ്ട്രീയം ഇൻഡ്യയിൽ രൂപപ്പെട്ട് വരിക തന്നെയാണ് പരിഹാരം. ഇതിന് വേണ്ടിയുള്ള അന്വേഷണങ്ങളിൽ ആണ് കെഡിപിയും നാഷണൽ അലയൻസ് ഫോർ അംബേഡ്കറൈറ്റ് ഓർഗനൈസേഷൻ (നാഡോ) പോലുള്ള വേദികളും.
കെ.അംബുജാക്ഷൻ: പന്തളത്തിനടുത്ത് കൂരംപാല ഗ്രാമത്തിൽ ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു. ചെറുപ്പം മുതൽ തന്നെ, പ്രത്യേകിച്ച് സ്‌കൂൾ കാലഘട്ടത്തിൽ വിവിധ തരത്തിലുള്ള ജാതിപീഡനങ്ങൾക്ക് ഇരയായി. ഹൈസ്‌കൂൾ കാലഘട്ടമായപ്പോഴേക്കും അംബേഡ്കർ സാഹിത്യവുമായി പരിചയപ്പെട്ടു. അംബേഡ്കർ ദർശനമാണ് ദലിത് വിമോചനത്തിന്റെ വഴി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1988ൽ കേരളത്തിലെ ദളിത് പാന്തേഴ്‌സ്സ് രൂപീകരണത്തിൽ നിർണായകമായ പങ്കുവഹിച്ചു. 90കളിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും നടന്ന പല ദലിത് വിഷയങ്ങളിലും കെ.അംബുജാക്ഷനും ദലിത് പാന്തേഴ്‌സും നിർണ്ണായകമായ പങ്കുകൾ വഹിച്ചിട്ടുണ്ട്. നിലവിൽ വെൽഫെയർ പാർട്ടി ഓഫ് ഇൻഡ്യയുടെ ദേശീയ സെക്രട്ടറിയും കെഡിപിയുടെ പ്രീസീഡിയം അംഗവും കൂടിയാണ്. സമകാലിക കേരളത്തിലെ ദലിത് ബൗദ്ധിക മണ്ഡലത്തിൽ വളരെ കരുത്തുറ്റ ഒരു ശബ്‌ദമായി അദ്ദേഹം നിലനിൽക്കുന്നു.
കെ.വി.എം.മുഹമ്മദ് ഫഹീം: കേരളവർമ്മ കോളേജ് അവസാന വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്. മലപ്പുറം പാണക്കാട് സ്വദേശി.