ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയം: മുസ്‌ലിം രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള ആലോചനകൾ 

ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തെ കുറ്റവിചാരണയുടെ ഭാഷക്കപ്പുറം കടന്ന് അഭിമുഖീകരിക്കാൻ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം തയ്യാറാകേണ്ടതുണ്ട്. വ്യത്യാസത്തെ ഗൗരവത്തിലെടുക്കുന്ന രാഷ്ട്രീയ ഐക്യദാർഢ്യം വികസിച്ചു വരേണ്ടതുണ്ട്. ഉപരിപ്ലവമായ ധാർമികതാവാദമായി ആധുനികതാ വിമർശനവും ലിബറലിസത്തിന്റെ വിമർശനവും ചുരുങ്ങുന്നത് ഫാസിസ്റ്റുകളെയാണ് സഹായിക്കുന്നത്. വസീം ആർ.എസ് എഴുതുന്നു.

ഇൻഡ്യയിലെ ലൈംഗിക ന്യൂനപക്ഷ സമുദായവും മുസ്‌ലിം ന്യൂനപക്ഷ സമുദായവും തമ്മിൽ, പരസ്പരമുള്ള വീക്ഷണ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ഐക്യപ്പെടേണ്ടതുണ്ട്. ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയം ‘ഹോമോഫോബിയ’യിൽ നിന്നു മുക്തമാണെന്നോ ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയം ‘ഇസ്‌ലാമോഫോബിയ’യിൽ നിന്നു മുക്തമാണെന്നോ ഞാൻ കരുതുന്നില്ല.

ഇവ്വിഷയകമായി സെക്കുലർ നവമാധ്യമങ്ങളും സിപിഎം അടക്കമുള്ള കക്ഷികളും നടത്തുന്ന ചില നീക്കങ്ങൾ ഹോമോഫോബിയയെ എതിർക്കാനെന്ന വ്യാജേന ഇസ്‌ലാമോഫോബിയ ഒളിച്ചു കടത്താനുള്ള വഴിയായി മാറുന്നുണ്ട്. കേരളത്തിൽ സെക്കുലർ ഹോമോഫോബിയയുടെ വക്താക്കളായി ആദ്യം രംഗത്തു വന്ന കെ.ടി കുഞ്ഞിക്കണ്ണൻ അടക്കമുളളവരായിരുന്നു ഇന്നത്തെ മതവിമർശകരെ പോലും സ്വാധീനിച്ചത്.

ന്യൂനപക്ഷ വ്യക്തികളെയും സമുദായങ്ങളെയും ക്രിമിനൽവത്കരിക്കുന്ന ഭരണകൂട അജണ്ടകളുടെ പശ്ചാത്തലത്തെ നമ്മൾ പരിഗണിക്കണം. വിവിധ സാമൂഹിക/രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ മുൻവിധികൾ മാറ്റിവെച്ചുകൊണ്ടും, പരസ്പര സംവാദത്തിലൂടെയും, വിയോജിപ്പുകളും വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയും ഐക്യപ്പെടാനുള്ള വഴികൾ ദേശീയ തലത്തിൽ തന്നെ നിരന്തരം വികസിച്ചു വരുന്നുണ്ട്. ഹാദിയക്കു വേണ്ടിയുള്ള പോരാട്ടത്തിൽ എസ്.എഫ്.ഐയും മറ്റു മതേതര കൂട്ടായ്മകളും ഇസ്‌ലാമോഫോബിയയുടെ ഭാഗമായി പിൻമാറിയപ്പോൾ, ധനക് എന്ന ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മയാണ് ജെ.എൻ.യുവിൽ മുസ്‌ലിം വിദ്യാർഥി രാഷ്ട്രീയത്തോട് ഐക്യപ്പെട്ടത്. ഇത്തരം പ്രായോഗികാനുഭവങ്ങൾ തന്നെയാണ് വിവിധ ന്യൂനപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ അനുഭവത്തെ വിശാലമാക്കുന്നത്.

നല്ല ജീവിതമോ സുരക്ഷിത ജീവിതമോ?

എന്താണ് നല്ല ജീവിതം (good life) എന്ന വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ തന്നെ നിരവധി വീക്ഷണങ്ങളുണ്ട്. ഒരു തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകന്റെ നല്ല ജീവിതത്തെ കുറിച്ചുള്ള സമീപനം കേരളത്തിലെ സലഫികൾക്ക് അത്ര സ്വീകാര്യമല്ല എന്ന ഉദാഹരണം ആലോചിക്കുക. അതായത്, എന്താണ് നല്ല ലൈംഗിക ജീവിതത്തിന്റെ അടിസ്ഥാനം എന്ന പ്രശ്നത്തിൽ, മുഖ്യധാരാ എൽ.ജി.ബി.ടി.ഐ.ക്യൂ സമീപനങ്ങളോടു മാത്രമല്ല, ഫെമിനിസം; കമ്യൂണിസം; സെക്കുലറിസം തുടങ്ങിയവയോടു വിയോജിക്കാൻ ധാരാളം കാരണങ്ങൾ- ഒരു ഭൂരിപക്ഷാഭിപ്രായം എന്ന നിലയിൽ- ഇസ്‌ലാമിക ചിന്തയിൽ കാണാം.

മദ്യം ദൈവികമായി വിലക്കപ്പെട്ടതാണ് എന്നത് ഒരു നല്ല ജീവിതത്തിന്റെ അടിസ്ഥാനമായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. എന്നാൽ എന്തു കുടിക്കണം എന്ന വിഷയത്തിൽ മറ്റു വ്യക്തികൾക്കോ സമുദായങ്ങൾക്കോ ഈ വിലക്ക് ബാധകമല്ല എന്നതല്ല മർമ്മപ്രധാനമായ പ്രശ്നം. എല്ലാവർക്കും ഭീതി കൂടാതെ സുരക്ഷിതമായ രീതിയിൽ ഭക്ഷണം കഴിക്കാനുള അവകാശമാണ് സംരക്ഷിക്കപ്പെടേണ്ടത്. സുരക്ഷിതമായ ജീവിതം (secure life) എന്നത് നല്ല ജീവിതം (good life) എന്നതു പോലെ പ്രധാനമാണെന്ന സമീപനം ഇസ്‌ലാമിക ചിന്തയിലുണ്ട്.

പീഢനത്തിൽ നിന്നും ബഹിഷ്കരണത്തിൽ നിന്നും സുരക്ഷിതമായ, സമാധാനപൂർണമായ ഒരു ജീവിതം എന്ന വിഷയത്തിൽ എൽ.ജി.ബി.ടി.ഐ.ക്യൂ രാഷ്ട്രീയം; ഫെമിനിസം; കമ്യൂണിസം; സെക്കുലറിസം തുടങ്ങിയവയോടുള്ള നല്ല ജീവിതത്തെ കുറിച്ചുള്ള വിയോജിപ്പുകൾ ഒരു തടസ്സമല്ല. രാഷ്ട്രീയ ഐക്യത്തിന്റെ കാര്യത്തിൽ വിശ്വാസപരമായ വീക്ഷണവ്യത്യാസം ഒരു തടസ്സമല്ല എന്നു ചുരുക്കം.

പീഢനത്തിൽ നിന്നും ബഹിഷ്കരണത്തിൽ നിന്നും സുരക്ഷിതമായ, സമാധാനപൂർണമായ ഒരു ജീവിതം എന്ന വിഷയത്തിൽ എൽ.ജി.ബി.ടി.ഐ.ക്യൂ രാഷ്ട്രീയം; ഫെമിനിസം; കമ്യൂണിസം; സെക്കുലറിസം തുടങ്ങിയവയോടുള്ള നല്ല ജീവിതത്തെ കുറിച്ചുള്ള വിയോജിപ്പുകൾ ഒരു തടസ്സമല്ല. രാഷ്ട്രീയ ഐക്യത്തിന്റെ കാര്യത്തിൽ വിശ്വാസപരമായ വീക്ഷണവ്യത്യാസം ഒരു തടസ്സമല്ല എന്നു ചുരുക്കം.

ഈ വിഷയത്തിൽ വംശീയ-ഉന്മൂലനവാദികളായ ഫാഷിസ്റ്റുകളോടു മാത്രമാണ് മുസ്‌ലിംകൾക്ക് സംവാദം അസാധ്യമായിട്ടുള്ളത്. കാരണം, അവർ ‘നല്ല ജീവിതം’ എന്താണ് എന്ന കാര്യത്തിൽ മാത്രമല്ല, മുസ്‌ലിംകളുടെ ‘സുരക്ഷിതമായ ജീവിത’ത്തെക്കൂടി നിഷേധിക്കുന്ന വംശീയ ഉന്മൂലന വാദികളാണ്. വ്യക്തികളോ സമുദായങ്ങളോ നല്ല ജീവിതത്തെക്കുറിച്ച് പുലർത്തുന്ന വിഭിന്ന കാഴ്ച്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമാണ് സുരക്ഷിതമായ ഒരു ജീവിതത്തിനുള്ള അർഹത.

ആഗോള കമ്യൂണിസത്തിന്റെ പെരുമ്പറ മുഴങ്ങിയ അറുപതുകളിൽ, കമ്യൂണിസ്റ്റ് പാർട്ടികളോടൊത്ത് അധികാരം പങ്കിട്ടവരാണ് കേരള മുസ്‌ലിംകൾ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ലിബറൽ പാർട്ടിയായ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനോട് ‘ലിബറലിസത്തിന്റെ നല്ല ജീവിതം’ എന്ന സമീപനത്തോടു വിയോജിക്കുമ്പോൾ തന്നെ രാഷ്ട്രീയ ഐക്യങ്ങൾ ഇന്നും സാധ്യമാക്കുന്നവരാണ് മുസ്‌ലിംകൾ.

മുഖ്യധാരാ എൽ.ജി.ബി.ടി.ക്യൂ സമുദായങ്ങളോട് ലൈംഗികതയുടെ അർഥത്തെക്കുറിച്ച് വിയോജിക്കുമ്പോൾ തന്നെ, സുരക്ഷിതവും അന്തസ്സാർന്നതുമായ ജീവിതം അവർക്കും മറ്റുള്ളവരെ പോലെ സാധ്യമാണ് എന്നതാണ് ഈ വിഷയത്തിലെ കോമൺ മിനിമം പ്രോഗ്രാം.

മുഖ്യധാരാ എൽ.ജി.ബി.ടി.ക്യൂ സമുദായങ്ങളോട് ലൈംഗികതയുടെ അർഥത്തെക്കുറിച്ച് വിയോജിക്കുമ്പോൾ തന്നെ, സുരക്ഷിതവും അന്തസ്സാർന്നതുമായ ജീവിതം അവർക്കും മറ്റുള്ളവരെ പോലെ സാധ്യമാണ് എന്നതാണ് ഈ വിഷയത്തിലെ കോമൺ മിനിമം പ്രോഗ്രാം.

ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളോടുള്ള, ‘എന്താണ് ലൈംഗികത’ എന്ന വിഷയത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ തയ്യാറാവുന്ന മുസ്‌ലിംകൾ, ജീവിത സുരക്ഷയെയും അതിജീവനത്തെയും റദ്ദുചെയ്യുന്ന വൈജ്ഞാനിക-അധികാര പ്രയോഗങ്ങളുടെ ഭാഗമാകുന്നുണ്ടെങ്കിൽ, അത് ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പരിപാടിയാണ്.

ലൈംഗിക രാഷ്ട്രീയവും സമുദായവും: വിചാരണയോ ഐക്യദാർഢ്യമോ?

കേരളത്തിലെ പൊതു ഇടത്തിൽ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രകാശനം നടക്കേണ്ടത് കുറ്റവിചാരണയിലൂടെയല്ല, മറിച്ച് പൊതു സംവാദങ്ങളിലൂടെയാണ്. ഇവ്വിഷയകമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്.

ദേശരാഷ്ട്രത്തിലെ അംഗത്വം എന്നത് രാജ്യത്ത് ഇത്ര വർഷം താമസിച്ചിരുന്നുവെന്നതും (domicility), ജനനം വഴിയും, നിങ്ങളുടെയും മാതാപിതാക്കളുടെയും ജനന സർട്ടിഫിക്കറ്റടക്കമുള്ള എഴുതപ്പെട്ട രേഖകൾ വഴിയും നിയമപ്രകാരം തെളിയിക്കേണ്ട ഒന്നാണ്. അതാണ് പൗരത്വം. ലിബറൽ ജനാധിപത്യത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള എല്ലാ ദേശരാഷ്ട്രങ്ങളിലും അംഗത്വം എന്നത് ഇത്തരത്തിൽ തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണ്.

മുസ്‌ലിം സമുദായത്തിലെ അംഗത്വം അങ്ങനെയുള്ള ഒരു കാര്യമാണോ? ഒരാളുടെ ജീവിത നിർണയനമാണ് വിശ്വാസം. ഒരാൾ വിശ്വാസിയായി സ്വയം പ്രഖ്യാപിക്കുന്നതോടെ, മറ്റൊരാൾക്കും ബോധ്യപ്പെട്ടില്ലെങ്കിലും, സ്വാഭാവികമായി കിട്ടുന്ന ഒന്നാണ് സമുദായ അംഗത്വം. ദേശരാഷ്ട്രത്തിലെ പൗരത്വം പോലെയുള്ള ഒന്നല്ല മുസ്‌ലിം സമുദായത്തിലെ അംഗത്വം. അതൊരിക്കലും ഭൂപ്രദേശാടിസ്ഥാനത്തിലുള്ള ഒന്നല്ല. ഈയൊരു സവിശേഷതയെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പൗരത്വനിഷേധം നടത്തുന്ന ഫാസിസ്റ്റു കാലത്ത് ‘മുസ്‌ലിം’ എന്നതിന്റെ ഈയർഥത്തിലുള്ള വിശാലമായ രാഷ്ട്രീയ സാധ്യതയെ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. സാമുദായിക ജീവിതത്തെ ‘നിയമപരം’ എന്നതിനെക്കാൾ ‘വിശ്വാസപരം’ എന്ന രീതിയിൽ തന്നെ ഉൾകൊള്ളേണ്ടതുണ്ട്.

എന്നാൽ വിശ്വാസജീവിതത്തെ കേവലം നിയമപരമായി കാണുമ്പോൾ സംഭവിക്കുന്ന പരിമിതികൾ അതിവിശാലമാണ്. ഉദാഹരണമായി, ഇസ്‌ലാമിക നിയമപ്രകാരം ലൈംഗിക പ്രവൃത്തികളുടെ വിചാരണയുടെ കാര്യത്തിൽ കോടതിക്കു മുന്നിൽ നാലു ദൃക്‌സാക്ഷികളെ ഹാജരാക്കിയാൽ മാത്രം പോര, അത് തെളിയിക്കപ്പെടുകയും ശിക്ഷാർഹമാവുകയും ചെയ്യുന്നതിന് നിരവധി ഘട്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഏതെങ്കിലും വ്യക്തികളുടെ ഏതു തരം ലൈംഗിക പ്രവർത്തനത്തെ കുറിച്ചുള്ള ചർച്ചയും ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ മാത്രമേ സാധുവാകൂ. അതുകൊണ്ടുതന്നെ, കുറ്റവിചാരണ മുസ്‌ലിം രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രമല്ല.

കേരളത്തിലെ സുന്നികൾ പിന്തുടരുന്ന നാലു മദ്ഹബുകളും (school of law) ചുരുക്കം ലൈംഗിക പ്രവൃത്തികളുടെ കാര്യത്തിലാണ് അഭിപ്രായം പറയുന്നത്. ഒരുപാട് ലൈംഗിക പ്രവൃത്തികളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള അഭിപ്രായവും പറയുന്നില്ല. ഇങ്ങനെ അഭിപ്രായം പറയാത്ത വിഷയങ്ങളിൽ സാദൃശ്യയുക്തി ഉപയോഗിച്ച് (qiyas or analogical reasoning) ഓരോ പണ്ഡിതരും അവരുടെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക. അതാണ് ഇസ്‌ലാമിലെ നിയമനിർധാരണത്തിന്റെ (usulul fiqh) രീതി.

 

ഇതിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഒരു വ്യക്തിയെയോ, വ്യക്തിയുടെ അനുഭവത്തെയോ നിയമപരമായി അല്ലാതെ, ആൾക്കൂട്ട വിചാരണയുടെ അടിസ്ഥാനത്തിൽ റദ്ദുചെയ്യാൻ പറ്റില്ല. ഒരു തരത്തിലുള്ള ലൈംഗിക പ്രവർത്തനവും ഒരു വ്യക്തിക്കു മേലെ നിയമത്തിന്റെ പിൻബലമില്ലാതെ ആരോപിക്കുക സാധ്യമല്ല. ഇസ്‌ലാമിക കോടതികൾ ഇല്ലാത്ത ഇൻഡ്യയിൽ സിവിൽ/ക്രിമിനൽ കോടതികളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്.

ഇവിടെ പ്രധാനപ്പെട്ട ഒരു പ്രശ്നമുണ്ട്. സ്വയം മുസ്‌ലിം എന്നു പറയുന്ന എല്ലാവരും മുസ്‌ലിംകളാണ്. അവർ മുസ്‌ലിം സമുദായത്തിൽ അംഗവുമാണ്. ഒരാൾ മുസ്‌ലിമാവുന്നില്ല എന്ന് തെളിവിന്റെ അടിസ്ഥാനത്തിൽ മറ്റൊരാൾക്ക് വാദിക്കാം. പക്ഷേ, ആർക്കും മറ്റൊരാളെ ഇസ്‌ലാമിൽ നിന്നു പുറത്താക്കാനുള്ള അവകാശം ആർക്കുമില്ല. പലതരം വ്യാഖ്യാനങ്ങൾക്ക് എപ്പോഴും ഇടമുണ്ട്. സമുദായമെന്നത് വിശ്വാസപരമായി ഒരു വ്യക്തി സ്വയം അംഗമാവുന്നതാണ്.

ഇത്തരം സമീപന വ്യത്യാസങ്ങൾ സമുദായത്തിൽ ധാരാളം കാണാം. കേരളത്തിലെ മുസ്‌ലിം കക്ഷി വഴക്കുകൾ ഉദാഹരണം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന കാലത്ത്, സലഫികളിൽ ഒരു വിഭാഗം പറഞ്ഞത് “സമൂഹത്തിൽ നടക്കുന്ന പരിസ്ഥിതി നാശങ്ങൾക്കെതിരെ പോരാടുന്നതിനെക്കാൾ പ്രധാനം ശിർക്കിനെതിരെ (ദൈവത്തിന് പങ്കാളികളെ ചേർക്കുക എന്ന അർഥത്തിൽ) പോരാടുന്നതാണെന്നാണ്”. ജാതി-മത-ലിംഗ ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പരിസ്ഥിതി പ്രശ്നത്തെക്കാളും പ്രാമുഖ്യം നൽകേണ്ട പ്രശ്നം ദൈവത്തിൽ പങ്കാളികളെ ചേർക്കലാണ് എന്നതാണ് ഈ വാദം. ഇത്തരം വ്യാഖ്യാന വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെയാണ് സാമുദായിക ജീവിതം സാധ്യമാകുന്നത്.

ഇസ്‌ലാം വിലക്കിയ ലൈംഗിക ക്രിയകൾ എന്താണെന്നു മുസ്‌ലിംകൾക്കറിയാം. ഈ സാഹചര്യത്തിൽ ലൈംഗിക ന്യൂനപക്ഷ സമുദായത്തോട് ഐക്യപ്പെടുന്നത് വിശ്വാസപരമായുള്ള നിലപാടിനെ ‘വിമർശനരഹിതമായി’ സ്വീകരിച്ചു കൊണ്ടാവരുത് എന്ന സമീപനം തന്നെയെടുക്കാം. ഐക്യദാർഢ്യം എന്നത് വിശ്വാസ സ്വീകരണമാണ് എന്നാരെങ്കിലും പറയുന്നുണ്ടോ? ഒരു സാമൂഹിക വിഭാഗത്തോട് ഐക്യം ഉണ്ടാവുന്നത് വ്യത്യസ്തത കൊണ്ടല്ലേ?രാഷ്ട്രീയ ഐക്യത്തിൽ എല്ലാവരും ഒന്നാണെന്ന അഭിപ്രായം ആർക്കാണുള്ളത്? അടിച്ചമർത്തപ്പെട്ടവർ എന്തുചെയ്യുന്നു എന്നതല്ല, മറിച്ച് അവർ അടിച്ചമർത്തപ്പെട്ടവരാണ് എന്നതാണ് ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനമാവേണ്ടത്.

ലൈംഗികതയും മതവിമർശനത്തിന്റെ ആധുനികതാ അടിത്തറയും

ലൈംഗിക രാഷ്ട്രീയത്തിന്റെ മുസ്‌ലിം വിമർശനത്തെ ആധുനികതയുടെ ചരിത്രവുമായി കണ്ണിചേർത്ത് കൂടുതൽ ബ്രഹത്തായി വിലയിരുത്തേണ്ടത്. ധാർമികതാ വിമർശനത്തിന് ചരിത്രപരമായ പ്രത്യേകതകളുണ്ട്. ഇത്തരമൊരു രാഷ്ട്രീയ പ്രശ്നത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഇത് അത്യാവശ്യമാണ്. ആധുനികതാ വിമർശനം ലളിതമായ ധാർമികതാവാദമല്ല.

ലൈംഗികത ഒരു രാഷ്ട്രീയ സ്വത്വമായിട്ട് ഏകദേശം 200 വർഷമേ ആയിട്ടുള്ളൂ. അതിന് ആധുനിക ദേശരാഷ്ട്രവുമായി അഗാധമായ ബന്ധമുണ്ട്. വ്യക്തി എന്നത് ഭരണനിർവഹണത്തിന്റെ ലക്ഷ്യമായി മാറുന്നത് ദേശരാഷ്ട്രത്തോടെയാണ്. ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ എങ്ങനെ ജനനം രജിസ്റ്റർ ചെയ്യണം, എങ്ങനെ പഠിപ്പിക്കണം, എന്തു ജോലി ചെയ്യാണം, എപ്പോൾ പെൻഷനാവണം എന്നിങ്ങനെ, ഒരു വ്യക്തിയുടെ ജീവിതത്തെ ലക്ഷ്യംവെക്കുന്ന രീതിയിൽ രാഷ്ട്രീയം മാറുന്നത് അതോടെയാണ്. അതിനു മുന്നേയുള്ള സമൂഹങ്ങളിൽ മതമോ രാഷ്ട്രീയമോ ഒരു വ്യക്തിയെ ലക്ഷ്യവെക്കുന്ന ഒന്നല്ലായിരുന്നു. സോഷ്യളോജിക്കലി തന്നെ, പൂർവാധുനിക സമൂഹങ്ങളിൽ, വ്യക്തിയെ ആധുനിക രാഷ്ട്രത്തെപ്പോലെ സമ്പൂർണതയായിട്ടല്ല (totality), പ്രവൃത്തി (act) ആയിട്ടാണ് കണ്ടിരുന്നത്. ആധുനികതയുടെ ഡിസിപ്ലിനറി അധികാരത്തിന്റെ ഭാഗമായ വ്യക്തിയല്ല ക്ലാസിക്കൽ ഇസ്‌ലാമിക ചിന്തയിലെ വ്യക്തി.

യൂറോപ്യൻ കോളനീകരണത്തിലൂടെ ദേശരാഷ്ട്രം എന്ന സംവിധാനം ലോകവ്യാപകമായ പ്രതിഭാസമായതോടെ, ജീവിതവും ലൈംഗികതയും രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി മാറി. അങ്ങനെയാണ് മതവും വ്യക്തിസ്വത്വത്തെ ഒരു ടോട്ടാലിറ്റിയായി അഭിസംബോധന ചെയ്യാൻ നിർബന്ധിതമാകുന്നത്. മുസ്‌ലിംകളുടെ സാമൂഹിക വിമർശനോപാധികൾ ആധുനികതയുടെ അധികാരത്തെ പറ്റിയുള്ള കേവല ധാർമിക ഉത്കണ്ഠയാവരുത് എന്നാണ് പറഞ്ഞു വരുന്നത്. ‘മോറൽ പാനിക്’ എന്നതു ആധുനികതയുടെ സാമൂഹിക ശീലമാണ്.

യൂറോപ്യൻ കോളനീകരണത്തിലൂടെ ദേശരാഷ്ട്രം എന്ന സംവിധാനം ലോകവ്യാപകമായ പ്രതിഭാസമായതോടെ, ജീവിതവും ലൈംഗികതയും രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി മാറി. അങ്ങനെയാണ് മതവും വ്യക്തിസ്വത്വത്തെ ഒരു ടോട്ടാലിറ്റിയായി അഭിസംബോധന ചെയ്യാൻ നിർബന്ധിതമാകുന്നത്. മുസ്‌ലിംകളുടെ സാമൂഹിക വിമർശനോപാധികൾ ആധുനികതയുടെ അധികാരത്തെ പറ്റിയുള്ള കേവല ധാർമിക ഉത്കണ്ഠയാവരുത് എന്നാണ് പറഞ്ഞു വരുന്നത്. ‘മോറൽ പാനിക്’ എന്നതു ആധുനികതയുടെ സാമൂഹിക ശീലമാണ്.

ചുരുക്കത്തിൽ, ലൈംഗികതയെ ഒരു സ്വത്വമായി മനസ്സിലാക്കാൻ തുടങ്ങിയിട്ട് ഇരുനൂറ് വർഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ അൻപതു വർഷത്തിനിടക്കാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ ലോകത്ത് ഒരു രാഷ്ട്രീയ വിഷയമാകുന്നത്. തൊണ്ണൂറുകളിലാണ് കേരളത്തിൽ ചർച്ച തുടങ്ങുന്നത്. അതിൽത്തന്നെ മുസ്‌ലിം സമുദായം ഇതു സംബന്ധിച്ച പഠനങ്ങളും ചർച്ചകളും നടത്തിവരുന്നത് പതിനഞ്ചു വർഷത്തോളമേ ആയിട്ടുള്ളൂ. അപ്പോൾ ഇക്കാര്യത്തിൽ സ്വാഭാവികമായും അവ്യക്തതകൾ ഉണ്ടാവും. പരസ്പരം സംവദിച്ചാണ് ഒരു അഭിപ്രായൈക്യം ഉണ്ടാവുക.

സിനിമയെടുക്കുന്ന കാര്യമൊക്കെ ഇന്നും ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. ഹറാം സിനിമാ വാദികളും ഹലാൽ സിനിമാ വാദികളും ഈ സമുദായത്തിൽ തന്നെയുണ്ടല്ലോ. ഇത്തരമൊരു സങ്കീർണ സാമുദായിക ജീവിതത്തെ കാണാത്ത സെക്കുലർ സമീപനങ്ങൾ കൂടുതൽ ഇസ്‌ലാമോഫോബിയ വ്യാപിപ്പിക്കാനേ സഹായിക്കൂ എന്നും പറയേണ്ടതുണ്ട്

ലിബറലിസത്തോടുള്ള വിമർശനത്തിന്റെ രാഷ്ട്രീയ മുൻഗണന 

ഇൻഡ്യയിൽ ജനാധിപത്യം സാധ്യമാകുന്നത് ഇലക്ഷനിലൂടെയാണ്. ഭൂരിപക്ഷം തെരഞ്ഞെടുക്കുന്ന ആളുകൾ ഭരണകൂടമായി മാറുന്നു. ജനാധിപത്യം ജനങ്ങളുടെ ഭൂരിപക്ഷ ഹിതത്തിന്റെ പ്രതിഫലനമാണ് എന്നാണ് പൊതുവെ കരുതുന്നത്.

എന്നാൽ, ജനാധിപത്യത്തിൽ ഭൂരിപക്ഷാധിപത്യത്തെ തടഞ്ഞുനിർത്തുന്ന സ്ഥാപനങ്ങളാണ് കോടതികൾ. വ്യക്തിയുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ ഭൂരിപക്ഷാധിപത്യത്തിൽ നിന്നു തടഞ്ഞുനിർത്തുന്ന കോടതികൾ ഒരർഥത്തിൽ ജനാധിപത്യത്തെ ലിബറൽ സ്ഥാപനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ലിബറൽ ജനാധിപത്യത്തിന്റെ അന്തസത്തയാണിത്. ജനാധിപത്യത്തിനെ ഭൂരിപക്ഷാധിപത്യത്തിൽ നിന്ന് സംരക്ഷിക്കുന്നത് ‘ജുഡീഷ്യറി’ എന്ന ലിബറൽ സ്ഥാപനമാണ്. ഇതാണ് ലിബറൽ ജനാധിപത്യത്തിന്റെ മർമം. സ്ഥാപനവത്കൃത ലിബറലിസം (institutional liberalism) ഇല്ലാത്ത ജനാധിപത്യമാണ് ഭൂരിപക്ഷാധിപത്യവും ഫാസിസവുമായി മാറുന്നത്.

ഇന്നത്തെ ഇൻഡ്യൻ സാഹചര്യത്തിൽ ലിബറൽ സ്ഥാപനങ്ങളെ മുഴുവൻ വരുതിയിലാക്കി ജനാധിപത്യം ഭൂരിപക്ഷാധിപത്യമായി മാറുകയും, അതും കടന്ന് തീവ്രദേശീയതയുടെ ഭാഗമായ ഫാസിസമായി മാറുകയും ചെയ്യുന്നു. ഫാസിസത്തിനെതിരെ കോടതികളെ ആശ്രയിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങൾ ഇൻസ്റ്റിറ്റ്യൂഷനൽ ലിബറലിസത്തെ സംരക്ഷിക്കാനും അതുവഴി ജനാധിപത്യത്തെ സംരക്ഷിക്കാനും തന്നെയാണ് പോരാടുന്നത്. രാഷ്ട്രീയ പോരാട്ടത്തിൽ മുൻഗണനകൾ പ്രധാനമാണെല്ലോ. ഇത്തരമൊരു തിരിച്ചറിവില്ലാത്ത ലിബറലിസത്തിന്റെ വിമർശനം ഫാസിസ്റ്റുകളെ സഹായിക്കുന്ന കേവല ആശയവാദമായി മാറുന്നു.

മറ്റൊന്ന് സാംസ്കാരിക ലിബറലിസമാണ്. തീവ്ര വ്യക്തിവാദത്തിന്റെ ഭാഗമായ സാംസ്കാരിക ലിബറലിസം ഇൻഡ്യയിൽ ഒരുപിടി വരേണ്യരുടെ മാത്രം പ്രത്യേകതയാണ്. ലോകത്ത് വ്യക്തിവാദം കുറഞ്ഞ ഒരു സമൂഹമാണ് ഇൻഡ്യക്കാരുടേത്. ന്യൂനപക്ഷ പ്രശ്നങ്ങളെയോ ഭൂരിപക്ഷാധിപത്യത്തെയോ തിരിച്ചറിയാൻ സാംസ്കാരിക ലിബറലിസത്തിനു കഴിയാറില്ല എന്ന വിമർശനം സാധുവാണ്. ഫാസിസത്തിന്റെ ഒളിപ്പുരകളായി അതു മാറുന്നുവെന്നും കാണാം. കേരളത്തിൽ രവിചന്ദ്രൻ അടക്കമുള്ളവർ ഉന്നയിക്കുന്ന യുക്തിചിന്ത അതിന്റെ ഭാഗമാണ്.

മറുവശത്ത്, ഫാസിസ്റ്റുകളാവട്ടെ എല്ലാ തരം ലിബറലിസത്തെയും എതിർക്കുന്ന സാംസ്കാരിക ശുദ്ധിവാദികളാണ്. ഭക്ഷണം, വസ്ത്രം, മതം, ആചാരം, സ്ഥാപനങ്ങൾ ഇവയുടെ പേരിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളെ അക്രമിക്കുന്ന ഫാസിസ്റ്റുകൾക്ക് സാംസ്കാരിക ദേശീയതയുടെ പിൻബലമുണ്ട്.

താൽക്കാലിക അടവുനയം ഉണ്ടെങ്കിലും, സാംസ്കാരിക ലിബറലിസം ഒന്നുകിൽ സാംസ്കാരിക ഭൂരിപക്ഷാധിപത്യത്തിനു കീഴടങ്ങുക, അല്ലെങ്കിൽ ഫാസിസ്റ്റുകളുടെ കത്തിമുനക്കു കീഴിൽ അവസാനിക്കുക എന്ന ഓപ്ഷൻ മാത്രമുള്ള വരേണ്യവാദം മാത്രമാണ്. അതോടൊപ്പം സാംസ്കാരിക ലിബറലിസത്തിന്റെ തകർച്ച ഇന്നത്തെ സാഹചര്യത്തിൽ ഫാസിസ്റ്റുകളുടെ അധികാരത്തെ സഹായിക്കുകയും ചെയ്യുന്നു എന്നതും കാണാം. സാംസ്കാരിക ലിബറലിസത്തിന്റെ ധർമ സങ്കടമാണത്.

ഫാസിസ്റ്റു പദ്ധതിയുടെ ഉപഗണം എന്ന രീതിയിൽ മാത്രം നിലനിൽക്കുന്ന സാംസ്കാരിക ലിബറലിസത്തോട് മുസ്‌ലിം സാമൂഹിക- രാഷ്ട്രീയ വിമർശനം പരിമിതപ്പെടുന്നത് ഒരർഥത്തിൽ ഫാസിസ്റ്റ് അജണ്ടകളെ കാണാത്തതു കൊണ്ടാണ്. യുക്തിവാദിയായ രവിചന്ദ്രനെ മാത്രം ഫോക്കസ് ചെയ്യുകയും, എന്നാൽ കെ.സുരേന്ദ്രൻ അടക്കമുള്ള സംഘികളെയും അനേകം പ്രച്ഛന്ന-സവർണ ഹിന്ദുത്വവാദികളെയും മുസ്‌ലിം സംഘടനാ പരിപാടികളിലും ക്ഷണിക്കുന്നത് ഇതുകൊണ്ടാണ്.

ഫാസിസ്റ്റു പദ്ധതിയുടെ ഉപഗണം എന്ന രീതിയിൽ മാത്രം നിലനിൽക്കുന്ന സാംസ്കാരിക ലിബറലിസത്തോട് മുസ്‌ലിം സാമൂഹിക- രാഷ്ട്രീയ വിമർശനം പരിമിതപ്പെടുന്നത് ഒരർഥത്തിൽ ഫാസിസ്റ്റ് അജണ്ടകളെ കാണാത്തതു കൊണ്ടാണ്. യുക്തിവാദിയായ രവിചന്ദ്രനെ മാത്രം ഫോക്കസ് ചെയ്യുകയും, എന്നാൽ കെ.സുരേന്ദ്രൻ അടക്കമുള്ള സംഘികളെയും അനേകം പ്രച്ഛന്ന-സവർണ ഹിന്ദുത്വവാദികളെയും മുസ്‌ലിം സംഘടനാ പരിപാടികളിലും ക്ഷണിക്കുന്നത് ഇതുകൊണ്ടാണ്.

ആർ.എസ്.എസുകാർ ഒട്ടുമിക്ക മുസ്‌ലിം സംഘടനാ വേദികളിൽ സ്വീകരിക്കപ്പെടുന്നതിന്റെ കാരണം ഫാസിസ്റ്റ്-വിരുദ്ധ സമീപനത്തിന്റെ അഭാവം മാത്രമല്ല, ലിബറൽ വിരുദ്ധതയുടെ പേരിൽ ഒളിച്ചു കടത്തപ്പെടുന്ന സാംസ്കാരിക ലിബറലിസത്തിന്റെ ബദൽ യുക്തിയുടെ പ്രശ്നം കൂടിയാണ്. വകുപ്പ് 377 റദ്ദാക്കിയപ്പോൾ ആർ.എസ്.എസ് പിന്തുണയുള്ള സസ്യാസിമാരുടെ കൂടെ പത്രസമ്മേളനം നടത്തുന്നതും അതുകൊണ്ടാണ്.

അത്ര സൂക്ഷ്മമല്ലാത്ത ലിബറൽവിരുദ്ധതയുടെ മറപിടിച്ചാണ് ഫാസിസം വിജയിക്കുന്നതെന്നു സാരം. ഇത്തരമൊരു തിരിച്ചറിവിന്റെ അഭാവത്തിൽ ഫാസിസത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടുകയും രാഷ്ട്രീയ പോരാട്ടങ്ങൾ കേവല സാംസ്കാരിക പോരാട്ടമായി മാറുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.

ലിബറൽവിരുദ്ധത എന്ന പേരിൽ നടക്കുന്ന സോഷ്യൽ റെട്ടറിക് ഇന്നത്തെ ഇൻഡ്യൻ സാഹചര്യത്തിൽ ഫാസിസ്റ്റുകളുടെ അധികാരത്തെ ഉലക്കാൻ ഒട്ടും കഴിയാത്ത കേവല ആശയവാദമായി മാറുന്നു. സാമൂഹികമായി അരികുവത്കരിക്കപ്പെട്ടവരുടെ നേരെ നടക്കുന്ന ആശയവാദ അഭ്യാസങ്ങൾ ഫാസിസ്റ്റുകൾ പ്രോൽസാഹിപ്പിച്ച ചരിത്രമേയുള്ളൂ. ഉത്തരേന്ത്യയിലെ ടി.വി ഷോകളിലെ ചർച്ചകൾ തന്നെ ധാരാളം. കോണ്ടത്തിന്റെ ഇസ്‌ലാമിക മാനം മുതൽ മൃഗരതി വരെ ചർച്ച ചെയ്യുന്ന മൗലാനമാർ പക്ഷേ കേരളത്തിൽ വിരളമാണ്. എന്നാൽ, ദുർബലമായ സാമൂഹിക ചിന്തയുടെ മറപിടിച്ച് കേരളത്തിലെ ചർച്ചകളും ആ വഴിക്കു പോകുന്നത് ആരെ സഹായിക്കുമെന്നു ചിന്തിക്കേണ്ടതുണ്ട്.

വസീം ആർ.എസ്– ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ

Top