മൊഴിമുത്തിയുടെ മൊഴിമുത്തുകള്‍: റ്റോണി മോറിസന്‍റെ കഥനവും വിമര്‍ശവും

കല നമ്മുടെ ജാഗ്രതയും മൂര്‍ച്ചയും കൂട്ടുന്നു എന്നു പറയുന്ന മോറിസന്‍റെ വിമോചന വാങ്മയം വര്‍ത്തമാന ഭാവികളുടെ പോരാട്ടങ്ങളിലെല്ലാം ജനായത്തത്തിന്‍റെ പ്രകാശവും മാനവികതയുടെ സമഭാവനയും പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും.  പ്രാചീനവും നവീനവുമായ അസമത്വങ്ങളുടെ ലോകത്ത് റ്റോണി മോറിസന്‍ നൈതികതയുടെ അവസാനിക്കാത്ത ആഖ്യാനമാകുന്നു. ഡോ.അജയ് ശേഖർ എഴുതുന്നു.

“എഴുത്തുകാരിയുടെ ഭാവനയില്‍ നിന്നും ബോധത്തിന്‍റെ കോണുകളിൽ നിന്നും മാറ്റിനിര്‍ത്തപ്പെട്ട അപരിചിതത്വങ്ങളിലേക്കു കടന്നു കയറാനുളള കഥനത്തിന്‍റെ കഴിവിനെ പ്രേരിപ്പിക്കുകയും സാധ്യമാക്കുകയും ചെയ്യുന്നതെന്താണ് എന്നതിലാണു ഞാന്‍ തൽപരയായിരിക്കുന്നത്. പൂര്‍ണമായും വംശീയവൽക്കരിച്ച, ലിംഗവൽക്കരിച്ച, ലൈംഗികവൽക്കരിച്ച ഒരു ലോകത്ത് ആഫ്രിക്കന്‍ – അമേരിക്കന്‍ എഴുത്തുകാരി എന്ന നിലയിൽ ഞാൻ എത്രമാത്രം സ്വതന്ത്രയാണെന്നു ചിന്തിക്കാന്‍ എന്‍റെ രചനകള്‍ എന്നെ പ്രേരിപ്പിക്കുന്നു.

ഐക്യനാടുകളിലെ കറുത്തവരായ ജനങ്ങളുടെ സാന്നിധ്യവും സ്പര്‍ശവും തരിമ്പുമേശാത്ത രീതിയില്‍, വെളുത്ത പുരുഷന്‍റെ കാഴ്ചപ്പാടുകളും പ്രതിഭയും അധികാരവും മാത്രം കുത്തകയായി വികസിപ്പിച്ചതാണ് അമേരിക്കന്‍ സാഹിത്യമെന്ന് പണ്ഡിതന്മാര്‍ക്കിടയിൽ തന്ത്രപരമായ ഒരു ധാരണ തന്നെയുണ്ട്. ഏതു കീര്‍ത്തി കേട്ട അമേരിക്കന്‍ എഴുത്തുകാരനും മുന്നിൽ  നടന്നിട്ടുളളതും രാജ്യത്തെ സാഹിത്യത്തിന്‍റെ ഏറ്റവും വിധ്വംസകമായ ചാലക ശക്തിയാണെന്നു ഞാന്‍ വിശ്വസിക്കുന്നതുമായ ഒരു ജനതയെക്കുറിച്ചാണ് ഈ ധാരണ. ഈ കറുത്ത സാന്നിധ്യത്തെക്കുറിച്ചുളള ചിന്ത നമ്മുടെ ദേശീയ സാഹിത്യത്തെക്കുറിച്ചുളള ഏതു ധാരണയുടെയും കേന്ദ്രമായിരിക്കണം, അല്ലാതെ സാഹിത്യ ഭാവനയുടെ പ്രാന്തങ്ങളാവരുത്.”

(റ്റോണി മോറിസന്‍, പ്ലേയിങ് ഇന്‍ ദി ഡാര്‍ക്ക്)

2019 ഓഗസ്റ്റ് ആദ്യം അന്തരിച്ച റ്റോണി മോറിസൻ എന്ന മുതുമുത്തി, സഹോദരന്‍റെ ഭാഷയിൽ പറഞ്ഞാൽ എഴുത്തിന്‍റെ കരുത്തും കലര്‍പ്പും, പടരുന്ന കരിയുമാണ്. നോവലിലും വിമര്‍ശനത്തിലും അധ്യാപനത്തിലും ഭാഷണത്തിലും അവര്‍ അനന്യയായിരുന്നു. ചെറിയ രോഗത്തെത്തുടര്‍ന്ന് 88 ൽ അവര്‍ സമാധാനത്തോടെ വിടവാങ്ങി. ദി ബ്ലൂവെസ്റ്റ് ഐ (1970)യോടൊപ്പം സോങ് ഓഫ് സോളമനും (1977) ബിലവഡും (1987) ഏറ്റവുമധികം പരാതികളും പ്രതികരണങ്ങളുമുണ്ടാക്കിയ നൂറു പുസ്തകങ്ങളില്‍  ഉള്‍പ്പെടുന്നതായി അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ 1990 മുതൽ 2000 വരെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ വര്‍ണവെറിയും നിരോധനങ്ങളും വൃഥാവിലാണെന്നും പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ എഴുത്തുകാരിയാണു താനെന്നു് തൊളളായിരത്തി അറുപതുകളുടെ അന്ത്യം മുതൽ രണ്ടായിരത്താറിലും തുടരുന്ന, രചനാ വൈഭവവും മാനവ ചേതനയും തുടിക്കുന്ന കൃതികളിലൂടെയും അനുദിനം വികസിക്കുന്ന വായനാലോകത്തിലൂടെയും മോറിസന്‍ തെളിയിച്ചു കഴിഞ്ഞു. സ്വീഡിഷ് അക്കാദമിയുടെ സാഹിത്യത്തിനുളള നോബൽ സമ്മാനം, 1993-ൽത്തന്നെ നേടുന്ന ആദ്യ ആഫ്രോ – അമേരിക്കക്കാരിയായി അവര്‍.  1988-ൽ പുലിറ്റ്സര്‍ പുരസ്കാരം അവരെ തേടിയെത്തിയിരുന്നു. അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളുടെ റെയ്റ്റിങ്ങിൽ അവരുടെ പുസ്തകങ്ങള്‍ ദശകങ്ങളായി ബെസ്റ്റ് സെല്ലറുകളായി തുടരുന്നു. ബിലവഡ് ഉള്‍പ്പെടെ, രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച നിരവധി ചലച്ചിത്രങ്ങള്‍ക്ക് അവരുടെ കൃതികള്‍ ജന്മം കൊടുത്തു. ലോകത്തെമ്പാടുമുളള പാര്‍ശ്വവൽകൃതരുടെയും സ്ത്രീകളുടെയും കറുത്തവരുടെയും കീഴാള ബഹുജനങ്ങളുടെയും സാമൂഹിക-സംസ്കാര മുന്നേറ്റങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും അവരുടെ ആഖ്യാനങ്ങള്‍ ശബ്ദവും ചാലകതയും പകരുന്നു.

ഭാഷയും സാഹിത്യവും മാത്രമല്ല, വിഷയാന്തരമായി സാമൂഹിക ശാസ്ത്രവും നരവംശ ശാസ്ത്രവും മുതൽ സംഗീത ചരിത്രവും ജനപ്രിയ സംസ്കാര പഠനങ്ങളും വരെ മോറിസന്‍ കൃതികളെ ഉപജീവിക്കുകയും സൈദ്ധാന്തിക വിശകലനം ചെയ്യുകയും ചെയ്തു വികസിക്കുന്നു.  മാറിയ ജ്ഞാന സിദ്ധാന്ത ഭൂമികയിൽ, വിപുലവും ബഹുലവുമായ അധിനിവേശാനന്തര കീഴാള പഠനങ്ങളുടെയും വംശ – ലിംഗ പഠനശാഖകളുടെയും സ്ത്രീ പഠനങ്ങളുടെയും ആഫ്രോ – അമേരിക്കന്‍ പഠനങ്ങളുടെയുമെല്ലാം പ്രമേയ, സൈദ്ധാന്തിക പരിസരങ്ങളിൽ മോറിസൻ പാഠങ്ങള്‍ക്കു നിര്‍ണായകമായ പ്രസക്തിയാണുളളത്. അവരുടെ പാഠങ്ങളുടെയും ആഖ്യാനങ്ങളുടെയും സംസ്കാര രാഷ്ട്രീയം മോറിസന്‍ പഠനങ്ങളെന്ന വിജ്ഞാന ശാഖയ്ക്കു തന്നെ രൂപം നൽകുകയുണ്ടായി. കല, നമ്മുടെ ജാഗ്രതയും മൂര്‍ച്ചയും കൂട്ടുന്നു എന്നു പറയുന്ന മോറിസന്‍റെ വിമോചന വാങ്മയം വര്‍ത്തമാന ഭാവികളുടെ പോരാട്ടങ്ങളിലെല്ലാം ജനായത്തത്തിന്‍റെ പ്രകാശവും മാനവികതയുടെ സമഭാവനയും പ്രസരിപ്പിച്ചുകൊണ്ടേയിരിക്കും.  പ്രാചീനവും നവീനവുമായ അസമത്വങ്ങളുടെ ലോകത്ത് റ്റോണി മോറിസന്‍ നൈതികതയുടെ അവസാനിക്കാത്ത ആഖ്യാനമാകുന്നു. 

ആഖ്യാനത്തിന്‍റെ വംശാവലി: അധിനിവേശാനന്തരം, അടിമത്തം, ചരിത്രം 

അഞ്ഞൂറു കൊല്ലത്തെ യൂറോപ്യന്‍ സാമ്രാജ്യത്വം ലോകക്രമത്തെയും ചരിത്രത്തെയും അധികാര ബന്ധങ്ങളെയും നിര്‍ണായകമായി മാറ്റിമറിച്ച ഭൗതിക യാഥാര്‍ഥ്യമാണെന്ന് ഇന്നു പരക്കെ തിരിച്ചറിയപ്പെടുന്നുണ്ട്. അധിനിവേശത്തിന്‍റെ ചരിത്രം, പാശ്ചാത്യ മുതലാളിത്തത്തിന്‍റെയും അതിന്‍റെ ലിംഗ, വചന, വംശ കേന്ദ്രിതത്വത്തിന്‍റെയും കൂടി വ്യാപനവും വാഴ്ചയുമായിരുന്നു. കോളനിവാഴ്ചയുടെ സാമ്പത്തിക – രാഷ്ട്രീയ ചൂഷണവും അടിമത്ത വ്യവസ്ഥിതിയും ജ്ഞാനിമ ഹിംസകളും അതിന്‍റെ അനുരണനങ്ങളും ഇന്ന് ഓരോ രംഗത്തും പ്രത്യേക പഠനത്തിനു വിഷയമായിക്കൊണ്ടിരിക്കുകയാണ്. പ്രാന്തങ്ങളിൽ നിന്നുളള ഈ തിരിച്ചെഴുത്താണ് അധിനിവേശാനന്തര പഠനങ്ങളെ പ്രസക്തമാക്കുന്നത്. സാമ്രാജ്യത്വ വ്യവഹാരത്തോടുളള പ്രതിവ്യവഹാരമായി അധിനിവേശാനന്തര സാഹിത്യങ്ങളെ വായിക്കാറുണ്ട്. സാമ്രാജ്യം തന്നെ തിരിച്ചെഴുതുകയും തിരിച്ചടിക്കുകയും ചെയ്യുന്നുവെന്നാണ് ബി.ആഷ്ക്രോഫ്റ്റിനെ പോലുളള അധിനിവേശാനന്തര വിമര്‍ശകര്‍ നിരീക്ഷിക്കുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ഒടുക്കം കൊളംബസ് അമേരിക്കന്‍ വന്‍കരകളിലേക്കുളള ജലപാത കണ്ടെത്തിയതു മുതൽ തുടങ്ങിയ കോളനിവൽക്കരണ പാച്ചിലിൽ, പ്രധാന യൂറോപ്യന്‍ ദേശീയതകളെല്ലാം പങ്കാളികളായിരുന്നു.

കോളനികളിലെ പ്രകൃതി സമ്പത്തും ജൈവ വിഭവങ്ങളും ചൂഷണം ചെയ്യാനും അവിടങ്ങളിലെ നാണ്യവിള തോട്ടങ്ങളിലും ഖനികളിലും മറ്റു വ്യവസായ – വാണിജ്യ കേന്ദ്രങ്ങളിലും പണിയെടുക്കാനുമായി അടിമകളുടെ  അധോലോകത്തെത്തന്നെ സാമ്രാജ്യത്വം സൃഷ്ടിച്ചു. ആഫ്രിക്കയിലെ അടിമവേട്ടയുടെയും നരനായാട്ടിന്‍റെയും പരിസരമിതാണ്. ലോകം കണ്ട ഏറ്റവും ക്രൂരമായ ഹിംസകളിലൊന്നായ അടിമത്തത്തെ, കോളനി വാഴ്ച അധീശ ചരിത്രത്തിൽ വീണ്ടും കണ്ടെടുക്കുകയായിരുന്നു.

കറുത്തവരെ കപ്പൽക്കൂടുകളിൽ അറ്റ്ലാന്റിക്കിനു കുറുകെ അമേരിക്കയിലേക്കു കടത്തിയതു മൃഗങ്ങളെപ്പോലെയാണ്. പ്രമുഖ ആഫ്രോ – ബ്രിട്ടീഷ് സാമൂഹിക ശാസ്ത്കാരനും ചിന്തകനുമായ പോള്‍ ഗിൽറോയി ജ്ഞാനോദയ ചിന്തയിൽ ഉദയം ചെയ്ത യൂറോപ്യന്‍ ആധുനികതാ വ്യവഹാരത്തെക്കുറിച്ചുളള തന്‍റെ ഗൗരവമേറിയ സംസ്കാര വിമര്‍ശമായ ബ്ലാക്ക് അറ്റ്ലാന്‍റിക്ക്: മോഡേണിറ്റി ആന്‍റ് ഡബിള്‍ കോണ്‍ഷ്യസ്നസിൽ അറ്റ്ലാന്‍റിക് മഹാസമുദ്രത്തെയും അതിന്‍റെ പരിസരങ്ങളെയും പ്രാന്തങ്ങളെയും കറുപ്പിച്ച, കീഴാളത്തിന്‍റെ അതിജീവനത്തെക്കുറിച്ചു ഗാഢമായ നൈതിക വിചിന്തനം ചെയ്യുന്നുണ്ട്. തന്‍റെ പുതിയ പുസ്തകമായ ആഫ്റ്റര്‍ എംപയറിലും സാമ്രാജ്യത്വത്തിന്‍റെ വര്‍ത്തമാന ഫലങ്ങളെ യൂറോപ്യന്‍ സാഹചര്യങ്ങളില്‍ അദ്ദേഹം വിലയിരുത്തുന്നുണ്ട്.

പോൾ ഗിൽറോയ്

ആഫ്രിക്കൻ-അമേരിക്കന്‍ സമുദായം നേരിട്ട കിരാത മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ച് അമേരിക്കയിലെ മുന്‍നിര ആഫ്രോ – അമേരിക്കന്‍ ധിഷണാശാലിയായ കോര്‍ണൽ വെസ്റ്റും നിരന്തരം എഴുതിയിട്ടുണ്ട്. സുപ്രധാന രചനകളായ റെയ്സ് മാറ്റേഴ്സ്, കീപ്പിങ് ഫെയിത്ത് എന്നിവയിലും ചരിത്രപരമായ പാര്‍ശ്വീകരണത്തെക്കുറിച്ചും അടിമത്താനുഭവത്തിന്‍റെ സങ്കീര്‍ണതകളെക്കുറിച്ചും ചരിത്രവിഹിതങ്ങളുടെ നിഷേധത്തെക്കുറിച്ചും ഗിൽറോയിയെപ്പോലെ, തീവ്രതയോടെയും ആകുലതയോടെയും, വെസ്റ്റും അന്വേഷിക്കുന്നുണ്ട്. അമേരിക്കയിലെ കറുത്ത പെണ്ണെഴുത്തിന്‍റെ വക്താവായ ബെൽ ഹുക്സ് ആകട്ടെ, വെളുപ്പിലെയും കറുപ്പിലെയും ആണ്‍കോയ്മകളെ, വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളിൽ വിലയിരുത്തുകയും സംബോധന ചെയ്യുകയും ചെയ്യുന്ന നവ ബുദ്ധയാണ്. ഈ വിധത്തിൽ ബഹുസ്വരമായ മേളനമായി വികസിക്കുകയാണു മോറിസനും മായാ ഏഞ്ചലോയും ആലീസ് വോക്കറും മറ്റും ഉള്‍പ്പെടുന്ന ആഫ്രോ – അമേരിക്കന്‍ പെണ്മയുടെ പെരുമ. 

പതിനെട്ടാം നൂറ്റാണ്ടിനവസാനം അടിമയാഖ്യാനങ്ങളിലാരംഭിച്ച് ഹാര്‍ലം നവോത്ഥാനത്തിലും നീഗ്രോമയിലും ഫാനനിസത്തിലും പൗരാവകാശ പ്രക്ഷോഭത്തിലും കൂടി വികസിച്ച ആഗോള കറുപ്പിന്‍റെ പ്രതിരോധ പര്‍വം, ലിംഗ-വംശ നീതികളുടെ പുതിയ ചെറുതുകളിലേക്കും സൂക്ഷ്മതകളിലേക്കും ബഹുവചനങ്ങളിലേക്കും പകരുന്നതാണ് വര്‍ത്തമാനത്തിന്‍റെ പ്രസക്തി.  അധിനിവേശാനന്തര പഠനങ്ങളും ആധുനികോത്തര ചിന്തയും ഘടനാവാദാനന്തര ദര്‍ശനങ്ങളുമെല്ലാം ഈ ബഹുസ്വര സാക്ഷാത്കാരങ്ങളുമായും തിരിച്ചും സംവാദാത്മക ബന്ധം പുലര്‍ത്തുന്നു. റ്റോണി മോറിസന്‍ പ്രതിനിധാനം ചെയ്യുന്ന ഈ സജീവ സംസ്കാര പാരമ്പര്യം ശൂന്യതയിൽ നിന്നു കേവലമായി ഉയര്‍ന്നു വന്നതല്ല. അധികാരത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സങ്കീര്‍ണ ചരിത്ര ഭൂമിക ഇവിടെ പരമ പ്രധാനമാണ്.

സ്വത്വത്തിന്‍റെ വേരുകളും ചിഹ്നങ്ങളും:  അടിമയാഖ്യാനങ്ങളും ആത്മീയ ആത്മകഥനങ്ങളും

അമേരിക്കയിലെ കറുത്തവരുടെ സ്വത്വ രൂപവത്കരണവും സമുദായ ഭാവനയും സാധ്യമാകുന്നത് വംശീയ അധീശത്വം ഇപ്പോഴും തങ്ങിനിൽക്കുന്ന ദക്ഷിണ നാടുകളിലെ തോട്ടങ്ങളിൽ നിന്നു രക്ഷപ്പെട്ട അടിമകളും കീഴാളരും നടത്തിയ ചിതറിയ ആഖ്യാനങ്ങളിലൂടെയും കറുത്ത പളളിയെ വിമോചന ദൈവശാസ്ത്രമായി ആശ്ലേഷിച്ച ആദ്യകാല നിഷേധികളുടെ ആത്മീയ ആത്മാഖ്യാനങ്ങളിലൂടെയുമാണ്. കീഴാളരും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരാണെന്നും മനുഷ്യത്വം വളരെ പണിപ്പെട്ട് ജീവിത വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കേണ്ടുന്ന സംസ്കാരമാണെന്നുമുളള പ്രാഥമികമായ തിരിച്ചറിവു തന്നെയുണ്ടാകുന്നത് ഈ കാലത്താണ്.  അറുപതുകളിൽ അതിന്‍റെ മൂര്‍ധന്യതയിലെത്തിയ പൗരാവകാശ പ്രക്ഷോഭം കീഴാളര്‍ മനുഷ്യരാകുന്നതിലേക്കുളള ശക്തമായ ചുവടുവയ്പ്പു തന്നെയായിരുന്നു. ഈ കാലയളവിൽ ഉരുത്തിരിയുകയും ഇന്നു ജനപ്രിയ യുവ സംസ്കാരത്തിന്‍റെ ഇഷ്ട സല്ലാപ ഭാഷയായി മാറുകയും ചെയ്തിട്ടുളള ബ്ലാക്ക് സ്ലാങ്ങിൽ ഏറ്റവുമധികം കടന്നു വരുന്ന പദം ഇന്നും മനുഷ്യന്‍ തന്നെയാണ് (യോ മാന്‍, വോട്ട് മാന്‍ എന്നിങ്ങനെ). ഇന്ന് ഇതിലെ ആണത്ത സൂചനകളെ വിമര്‍ശിക്കുമ്പോള്‍പ്പോലും മോറിസനും ഹുക്സും തങ്ങളുടെ രചനകളിൽ ലിംഗഭേദമില്ലാതെ ഈ ചാറ്റുകൾ ഉപയോഗിക്കുന്നുമുണ്ട്. മനുഷ്യോന്മുഖമായ ഈ ബഹുജന വാങ്മയം, അടിമപ്പാട്ടുകളിലും നീഗ്രോ സ്പിരിച്വൽസിലും ബ്ലൂസിലും ജാസിലും റഗ്ഗേയിലും റാപ്പിലും ഹിപ്ഹോപ്പിലൂം കൂടി സമാന്തരമായി വികസിക്കുന്നുമുണ്ട്. 

ഒലൗദ ഇക്വിയാനോ എന്ന ആഫ്രിക്കക്കാരന്‍റെ ജീവിതാഖ്യാനമാണ് (1789) ഇന്നു ലഭ്യമായ അച്ചടിക്കപ്പെട്ട ആദ്യകാല അടിമയാഖ്യാനം.  ഫ്രെഡറിക് ഡഗ്ലസിന്‍റെ നരേറ്റിവ് ഓഫ് ദി ലൈഫ് ഓഫ് ഫ്രഡറിക് ഡഗ്ലസ്, ആന്‍ അമേരിക്കന്‍ സ്ലേവ്, റിട്ടണ്‍ ബൈ ഹിംസെൽഫ് (1845) ആദ്യ കൃതിയെ തന്നെ മാതൃകയാക്കുന്നതായിരുന്നു.   ഹാരിയറ്റ് ജേക്കബ്സിന്‍റെ ഇന്‍സിഡന്‍റ്സ് ഇന്‍ ദി ഹിസ്റ്ററി ഓഫ് എ സ്ലേവ് ഗേള്‍, റിട്ടണ്‍ ബൈ ഹെര്‍സെൽഫ് (1861) അടിമപ്പെണ്ണുങ്ങളുടെ ദൈന്യജീവിതത്തെ ആദ്യമായി സാഹിത്യാഖ്യാനത്തിലേക്കു കടത്തിവിട്ടു.  ഘടനയിലും ഭാഷയിലും ആവിഷ്കാരത്തിലും ആത്മകഥയെ അനുകരിച്ച അടിമയാഖ്യാനങ്ങള്‍ അവയുടെ ആഖ്യാതാക്കളുടെ സ്വാതന്ത്ര്യത്തിലേക്കുളള യാത്രയെ ആഖ്യാനത്തിൽ ആവാഹിക്കാന്‍ വെമ്പൽ കൊണ്ടു. അധീശ ആഖ്യാനങ്ങളുടെ വിഷയ പദവിയിൽ നിന്നു് മനുഷ്യ വ്യക്തിബോധവും അവകാശബോധവുമുളള വിഷയികളായുളള പരിവര്‍ത്തനത്തെയാണ് ഇതു കാണിക്കുന്നത്.  പാര്‍ശ്വവൽകൃതരുടെ ജനായത്ത രാഷ്ട്രീയ പ്രവേശത്തെയാണല്ലോ കര്‍തൃത്വ രൂപവത്കരണം സൂചിപ്പിക്കുന്നത്. ഈ ജനായത്ത ചാലകതയേയും ഉയിര്‍പ്പിനെയും റ്റോണി മോറിസന്‍ ദി സൈറ്റ് ഓഫ് മെമ്മറി (1987) എന്ന ഉപന്യാസത്തിൽ ആദര പരാമര്‍ശത്തിനു വിധേയമാക്കുന്നുണ്ട്. വായനക്കാരിൽ, തങ്ങളും മനുഷ്യരാകാന്‍ കൊതിക്കുന്നവരാണെന്നും മനുഷ്യന്‍ നന്നാവുകയാണു ലോകം നന്നാവാനുളള ഒരേയൊരു വഴിയെന്നും ദൈവഭയവും നീതിബോധവും അവിടുത്തെ കൃപയിൽ തുല്യാവകാശവുമുളള വിശ്വാസികളുമാണു തങ്ങളെന്നുമുളള അറിവു വളര്‍ത്താന്‍ അടിമയാഖ്യാനത്തിനു കഴിഞ്ഞതായി മോറിസന്‍ രേഖപ്പെടുത്തുന്നു. ഇൻഡ്യയിലെ ആന്തരിക അധിനിവേശമായ വര്‍ണധര്‍മ ഹിന്ദുത്വത്തെ വിമര്‍ശിച്ചു കൊണ്ട് സഹോദരന്‍ അയ്യപ്പന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കേരള നവോത്ഥാന, സാമൂഹിക വിപ്ലവ പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ നിന്നെഴുതിയ വരികള്‍ ഇവിടെ വൈരുധ്യ താരതമ്യം കൊണ്ടു പ്രസക്തമാകുന്നു.

‘കേള്‍ക്കേണ്ട മതി, മതി, നിങ്ങടെ മതത്തിന്‍റെ

യോഗ്യതയതു വെറും ദാസ്യമേ ദാസ്യം ദാസ്യം.

തന്നുടെ വിലങ്ങിനെ മുത്തീടുമടിമയെ-

ത്തന്നെയും ലജ്ജിപ്പിപ്പൂ നിങ്ങടെ മതഭ്രമം.’

ആയിരത്താണ്ടുകളായി അധീശ മതത്തിന്‍റെ ചങ്ങലയിൽ കിടന്ന് അതു സ്വന്തമെന്നു കരുതിപ്പോകുന്ന ബഹുജനങ്ങളെയാണ് അദ്ദേഹം സംബോധന ചെയ്തത്. എന്നാൽ ആഫ്രോ – അമേരിക്കന്‍ സമുദായത്തിന്‍റെ ഭൗതികവും ആത്മീയവുമായ ഉയിര്‍പ്പിൽ കറുത്ത ക്രൈസ്തവീയത ഒരു വിമോചന ദൈവശാസ്ത്രം തന്നെയായിരുന്നു എന്നതാണു ചരിത്രം. നീഗ്രോ സ്പിരിച്വൽസും ബ്ലൂസും തങ്ങളുടെ മതേതര ആത്മോപദേശങ്ങളായിരുന്നുവെന്ന് ബാള്‍ഡ്വിന്‍ മുതൽ അൽ യങ്ങുവരെയുളള ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാര്‍ സമ്മതിച്ചിട്ടുണ്ട്. അടിമത്ത നിരോധനത്തിലേക്ക് വെളുത്ത പൗര സമൂഹത്തെയും ഭരണകൂടത്തെയും പോലും സ്വാധീനിക്കാനും നയിക്കാനും അടിമയാഖ്യാനങ്ങള്‍ക്കു കഴിഞ്ഞതായി മോറിസന്‍ ഊന്നിപ്പറയുന്നു. 

എന്നാൽ ജീവഭയത്താൽ അടിമ ആഖ്യാതാക്കള്‍ പോലും പറയാന്‍ വിട്ടുപോയ, എഴുതാന്‍ കരുത്തില്ലാതെ പോയ ദുരവസ്ഥകളാണ് അവര്‍ ബിലവഡ് എന്ന തന്‍റെ നോവലിലൂടെ പറയുന്നത്. സ്വത്വാന്വേഷണവും, സമുദായഭാവനയും, സ്വതന്ത്ര കര്‍തൃത്വ രൂപീകരണത്തിലൂടെയുളള ജനായത്ത രാഷ്ട്രീയ പ്രവേശവും, കീഴാളര്‍ മനുഷ്യരും തുല്യ പൗരരുമാകുന്നതിന്‍റെ വിധ്വംസകതയും നൈതികതയും മോറിസന്‍ ആഖ്യാനങ്ങള്‍ പാഠവൽക്കരിക്കുന്നു.

സ്ഫോടനാത്മകമായ സ്വപ്നം: ഹാര്‍ലം നവോത്ഥാനം 

സ്വത്വ, കര്‍തൃത്വ രൂപീകരണത്തിനും വരമൊഴിയിലൂടെയുളള പ്രതിനിധാനത്തിനും വേണ്ടി നടന്ന നൂറ്റാണ്ടുകള്‍ നീണ്ട ഇത്തരം പരിശ്രമങ്ങളുടെ സാഫല്യമാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിൽ ന്യൂയോര്‍ക്കിന്‍റെ പ്രാന്തമായ ഹാര്‍ലം കേന്ദ്രമാക്കി നടന്ന കറുപ്പിന്‍റെ ഉയിര്‍പ്പ്. ഹാര്‍ലം നവേത്ഥാനം എന്ന് ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്ന ഈ സാംസ്കാരിക വിപ്ലവം സാഹിത്യത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സംഗീതത്തിന്‍റെയും പ്രോജ്വലമായ മാതൃകകളെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചു. ലാങ്സ്റ്റണ്‍ ഹ്യൂസും ക്ലൗഡ് മക്കേയും മറ്റും നേതൃത്വം നൽകിയ ഈ വിചാര, വികാര, പ്രയോഗ വിപ്ലവം അതിന്‍റെ സാമൂഹ്യ രാഷ്ട്രീയത്തിന്‍റെയും കലാ മാധ്യമപരമായ വിധ്വംസകതയുടേയും പേരിൽ ഇന്നും പഠന, പാരായണങ്ങള്‍ക്ക് വിഷയമാണ്.

‘മാറ്റിവച്ച ഒരു സ്വപ്നത്തിനെന്തു പറ്റും?

അതു ചുരുണ്ടു വറ്റി ഒരുണക്ക മുന്തിരിയാവുമോ,

അതോ ഒരു ദിനം പൊട്ടിത്തെറിക്കുമോ?’

ലാങ്സ്റ്റണ്‍ ഹ്യൂസ് എന്ന കറുത്ത കവി തന്‍റെ മാറ്റിവയ്ക്കപ്പെട്ട സ്വപ്നം എന്ന കവിതയിൽ അമേരിക്കന്‍ പൊതു സമൂഹത്തോടും ഭരണഘടനാ സംവിധാനങ്ങളോടും ചോദിക്കുന്ന ചോദ്യമാണിത്. ആദ്യത്തെ ജനായത്ത രാജ്യമെന്നു ഭളള് പറയുകയും ബഹുഭൂരിപക്ഷം കീഴാള ബഹുജനങ്ങള്‍ക്കും (അവരിൽ കറുത്തവരും, ഹിസ്പാനിക്കുകളും, ലാറ്റിനോകളും, അമരിന്ത്യരും, ഏഷ്യന്‍ വംശജരും ഇതര വംശീയ, ഭാഷാ ന്യൂനപക്ഷങ്ങളും പെടുന്നു) പൗരത്വവും തുല്യ നീതിയും നിഷേധിക്കുകയും ചെയ്യുന്ന വെള്ള അധീശ ഭരണകൂടത്തിന്‍റെ ഇരട്ടത്താപ്പിനോടുളള ആദ്യ ബൗദ്ധിക വെല്ലുവിളികളിലൊന്നായിരുന്നു ഹാര്‍ലം നവോത്ഥാനത്തിന്‍റെ ജീവ ചൈതന്യത്തെ പാഠവൽക്കരിക്കുന്ന ഈ കവിതയും സമാന എഴുത്തുകളും. കറുത്ത കലയേയും സംഗീതത്തേയും കുറിച്ച് നിരവധി കവിതകളും വിമര്‍ശന പഠനങ്ങളും തന്നെ എഴുതിയിട്ടുളളവരാണ് മക്കേയും, നെല്ല ലാര്‍സനും അടങ്ങുന്ന തലമുറ. ആഫ്രിക്കന്‍ സ്വത്വാന്വേഷണത്തിന്‍റെയും, സാംസ്കാരികവും നൈതികവുമായ വിഛേദത്തിന്‍റെയും തലവും  ഹാര്‍ലം വിപ്ലവത്തിലുണ്ടായിരുന്നു. പിൽക്കാലത്ത് നിരവധി സന്ദേഹികളെയും അന്വേഷകരേയും അത് പ്രചോദിപ്പിച്ചിട്ടുണ്ട്.

ഹാർലം നവോത്ഥാന കാലത്തെ ഒരു ചിത്രം

അറുപതുകളില്‍ ലിറോയ് ജോണ്‍സ് തന്‍റെ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളപ്പെടുത്തലായി സ്വത്വാഭിമാനമുണര്‍ത്തുന്ന അമിരി ബറാക്ക എന്ന അറബ് – ആഫ്രിക്കന്‍ നാമധേയം തന്നെ സ്വീകരിക്കുകയുണ്ടായി. ജെയിംസ് എന്ന ക്രിസ്ത്യന്‍ പേരു മാറ്റി വ തിയങ്കോ എന്ന ഗോത്രനാമം സ്വീകരിക്കുകയും അവസാന ആഖ്യായിക ഗോത്രഭാഷയായ ഗിക്കുയുവിലെഴുതുകയും ചെയ്ത കിനിയന്‍ സാഹിത്യ പ്രതിഭ എന്‍ഗൂഗിയും മറ്റും പിന്നീട് ആഫ്രിക്കയിൽ തന്നെ ഇത്തരം സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്.  യേൽ സര്‍വകലാശാലയിൽ അധ്യാപകനായിരിക്കെ വെളുത്തവര്‍ക്ക് വംശീയ പ്രശ്നത്തിലെന്തു ചെയ്യാന്‍ കഴിയുമെന്നു ചോദിച്ച വെളളക്കാരിയായ വിദ്യാര്‍ഥിനിയോട് ക്ഷുഭിത സാഹിത്യത്തിന്‍റെ ശബ്ദമായിരുന്ന ബറാക്ക പറഞ്ഞത് നിങ്ങള്‍ക്ക് മരിക്കാനാവും എന്നാണ്. വെള്ള വംശീയത അര്‍ബുദമാണെന്നും സ്വയം ഇല്ലായ്മ ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇന്ന് അമേരിക്കയിലെ വലതുപക്ഷ വെളുത്ത ബുദ്ധിജീവികളുടെ നൂറ്റിയൊന്ന് അപകടകാരികളായ പ്രൊഫസര്‍മാര്‍ എന്ന കൈപ്പുസ്തകത്തിൽ ബറാക്കയുമുണ്ട്.

കറുത്ത താളം, കറുത്ത ലോകം: നീഗ്രോമ

തൊളളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും ഹാര്‍ലത്തിൽ നിന്നു പ്രസരിച്ച ഈ കറുത്ത ഊര്‍ജം ലോകമെമ്പാടും പ്രത്യേകിച്ചും അറ്റ്ലാന്‍റിക്കിനു ചുറ്റുമുളള വന്‍കരകളിലെയും, അമേരിക്കകളിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും മെഡിറ്ററേനിയന്‍, കരീബിയന്‍ ചെറുകടലുകളിലെയും കറുത്തവരായ കീഴാള ബഹുജനങ്ങളെ സാംസ്കാരികവും രാഷ്ട്രീയവുമായി ഐക്യപ്പെടുത്തുകയും മുപ്പതുകളിൽ നീഗ്രിറ്റ്യൂഡ് എന്ന ആഗോള പ്രക്ഷോഭ പ്രസ്ഥാനത്തിലേക്കു നയിക്കുകയും ചെയ്തു. സെനഗലിന്‍റെ രാഷ്ട്രപതിയും മഹാകവിയുമായിരുന്ന സെന്‍ഹോറും മാര്‍ട്ടിനിക്കിൽ നിന്നുളള സാഹിത്യ പ്രതിഭ സെസേറും ഗയാനയിൽ നിന്നുളള അനശ്വരനായ എഴുത്തു പോരാളി ഡമാസുമായിരുന്നു രാജ്യാന്തര തലത്തിലുളള നീഗ്രോമയുടെ നേതൃത്വം. കറുപ്പിന്‍റെ രാഷ്ട്രീയ സമരാവേശവും ജൈവമായ താളത്തുടിപ്പിന്‍റെ ഉത്സവവുമായിരുന്നു നീഗ്രോമ. ഹാര്‍ലത്തിൽ നിന്നും പ്രതിധ്വനിച്ച ഹ്യൂസിന്‍റെ ശബ്ദം ഈ സംസ്കാര മൂലധന രാഷ്ട്രീയത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 

കോളനി ഹിംസയോടുളള ബഹുതല പ്രതികരണം കൂടിയായിരുന്നു നീഗ്രിറ്റ്യൂഡ്, വിശേഷിച്ചും ഫ്രഞ്ച്, ഇംഗ്ലീഷ് അധിനിവേശ ഹിംസാ വ്യവഹാരങ്ങളെ അത് ധീരമായി ചെറുത്തു നിന്നു. കാപ്പിരിയെന്നും കറുമ്പനെന്നും അധീശത്വം ചവച്ചുതുപ്പിയ കറുപ്പിന്‍റെ വീണ്ടെടുക്കപ്പെട്ട മനുഷ്യത്വവും ആത്മാഭിമാനവും തന്‍റേടവുമായി നീഗ്രോ എന്ന പദത്തെ നീഗ്രോമ തിരിച്ചു പിടിച്ചു. 1948ൽ കറുത്ത കവിതകള്‍ക്ക് അവതാരിക എഴുതിയ ഫ്രഞ്ച് ദാര്‍ശനികന്‍ ഴാങ് പോള്‍ സാര്‍ത്ര് തന്‍റെ അവതാരികയ്ക്കു കൊടുത്ത തലക്കെട്ടു തന്നെ ‘കറുത്ത ഓര്‍ഫ്യൂസ്’ എന്നാണ്. അധിനിവേശ വംശീയത സൃഷ്ടിച്ച അപരവും പ്രതികരണവുമായാണ് ഹെഗേലിയന്‍ വൈരൂദ്ധ്യാത്മകതയുടെ വെളിച്ചത്തില്‍ നീഗ്രിറ്റ്യൂഡിനെ അദ്ദേഹം വായിക്കുന്നത്. എന്നാൽ  ഇന്ന് മോറിസനും കോര്‍ണൽ വെസ്റ്റും ബെൽ ഹുക്സുമടങ്ങുന്ന ആഫ്രിക്കനമേരിക്കന്‍ ദാര്‍ശനികത അധിനിവേശ വംശീയതയും അടിമത്തവും അപമാനവീകരിച്ച ലോകത്തെ ഏറ്റവും ഊര്‍ജസ്വലരും സര്‍ഗാത്മകതയുളളവരുമായ ജനതയുടെ മനുഷ്യത്വത്തിലേക്കും പൗരത്വത്തിലേക്കും ജനായത്തത്തിലേക്കും ജ്ഞാന സിദ്ധാന്തത്തിലേക്കും സംസ്കാര രാഷ്ടീയത്തിലേക്കുമുളള പ്രവേശനമായാണ് നീഗ്രോമയെയും സമാന്തര ആഫ്രോ അമേരിക്കന്‍ മുന്നേറ്റങ്ങളേയും കാണുന്നത്. ഇതിന്‍റെ അനുരണനങ്ങള്‍ ജെയിംസ് ബാള്‍ഡ്വിനും റിച്ചാർഡ് റൈറ്റും അടങ്ങുന്ന ആഫ്രോ – അമേരിക്കന്‍ നോവൽ പാരമ്പര്യത്തിലവര്‍ കാണുന്നു.

അപകോളനീകരണത്തിന്‍റെ പ്രവാചകന്‍: ഫാനന്‍

സെസേര്‍ അധിനിവേശ വംശീയ ഹിംസയെ കുറിച്ച് ആദ്യമായി ദാര്‍ശനിക വിചാരം ചെയ്ത കീഴാള ബുദ്ധിജീവിയാണ്. എന്നാൽ അധിനിവേശവും ഭാഷയും, ഭാഷയും സംസ്കാരവും തമ്മിലുളള സഹ സംബന്ധം, അധിനിവേശ ഇടപെടലിലെ ആധുനികതാ വൈരുദ്ധ്യങ്ങള്‍, ദേശീയ സംസ്കാരത്തിലെ അധിനിവേശാനന്തര മാറ്റങ്ങള്‍ എന്നിങ്ങനെയുളള കോളനിവാഴ്ചയുടെ സാംസ്കാരിക പ്രത്യാഘാതങ്ങളെ ആദ്യമായി അപഗ്രഥിച്ചത് നീഗ്രോമയ്ക്കു തുടര്‍ച്ചയായി രംഗത്തു വന്ന അള്‍ജീരിയന്‍ മനോവിശ്ലേഷകനും പാൻ ആഫ്രിക്കന്‍ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ ഫ്രാന്‍സ് ഫാനന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ ബ്ലാക്ക് സ്കിന്‍ വൈറ്റ് മാസ്ക്സ് (1952), റെച്ച്ഡ് ഓഫ് ദ എര്‍ത്ത് (1961) തുടങ്ങിയ കൃതികള്‍ കോളനിവാഴ്ചയുടെ മാനസികവും സാംസ്കാരികവുമായ തലങ്ങളെ സൂക്ഷ്മമായി വിശ്ലേഷണം ചെയ്യുന്നു.

ഫ്രാൻസ് ഫാനൻ

ഭാഷയും അധിനിവേശവും, ദേശീയതയും സംസ്കാരവും തമ്മിലുളള ബന്ധങ്ങളെ ഫാനന്‍ വ്യതിരിക്തമായി വിലയിരുത്തി. അധിനിവേശിതരുടെ കര്‍തൃത്വത്തെ മനോവിജ്ഞാനീയ തലത്തില്‍ തമസ്കരിക്കുന്നതാണ് അധിനിവേശ വംശീയ ബന്ധങ്ങളെന്ന് ഫാനന്‍ ജാഗ്രതയോടെ നിരീക്ഷിച്ചു. മുപ്പത്തിയേഴാം വയസ്സിൽ ലുക്കീമിയ ബാധിച്ചു ജീവിത സമരമുഖത്തു നിന്നു പിന്‍വാങ്ങിയ ഈ അള്‍ജീരിയന്‍ വിമോചന പോരാളിയുടെ കൃതികളിലൂടെ മൂന്നാം ലോകം അതിന്‍റെ ഭാഷണവും അതിനെ തന്നെയും കണ്ടെത്തുന്നതായി സാര്‍ത്ര് എഴുതിയിട്ടുണ്ട്.  അപകോളനീകരണത്തിന്‍റെ ബൈബിള്‍ എന്നാണ് സ്റ്റുവര്‍ട്ട് ഹോള്‍ ഫാനന്‍ രചനകളെ വ്യവഛേദിച്ചത്. മനസ്സിന്‍റെ അപകോളനീകരണം എന്ന എന്‍ഗൂഗിയുടെ പുസ്തകത്തിന്‍റെ യഥാര്‍ഥ പൂര്‍വഗാമിയായിരുന്നു ഫാനന്‍. സമാനതകളില്ലാത്തവയായിരുന്നു ആ വിധ്വംസകന്‍റെ അട്ടിമറികള്‍.

വംശീയതയുടെ ഹിംസാത്മകതയ്ക്കെതിരെ: ബ്ലാക്ക് പാന്തേഴ്സ്, നേഷന്‍ ഓഫ് ഇസ്‌ലാം, മാൽക്കം എക്സ്

അധിനിവേശ വംശീയ ഹിംസ അമേരിക്കയില്‍ തന്നെ നിരവധി ഫാനോനിയന്‍ പോരാളികളെ സൃഷ്ടിച്ചു. അന്‍പതുകളിലും അറുപതുകളിലും സജീവമായിരുന്ന കരിമ്പുലികള്‍ വര്‍ണവെറിയരായ വേട്ടാവളിയന്മാരെ (WASP – White Anglo Saxon Protestant) തെരുവുകളിൽ തന്നെ നേരിടുകയുണ്ടായി.  മാൽക്കം എക്സിനെ പോലുളള നിരവധി കറുത്ത മുസ്‌ലിം ബുദ്ധിജീവികളും പൊതു പ്രവര്‍ത്തകരും വെളുത്ത വംശീയവാദികള്‍ മതപൗരോഹിത്യവുമായി നടത്തിയ ഗൂഢാലോചനയുടെ വെടിയുണ്ടകള്‍ക്കു മുന്നിൽ മാത്രം നിശ്ശബ്ദരായവരാണ്. എലിയ മുഹമ്മദിന്‍റെ നേതൃത്വത്തിൽ നേഷന്‍ ഓഫ് ഇസ്ലാം ആദ്യകാലത്ത് വെളുത്ത വംശീയതയ്ക്കു  വെല്ലുവിളിയായിരുന്നു. പിന്നീട് മതബോധത്തിന്‍റെ തീവ്രാന്ധതയിൽ അതു വംശീയതയുടെ കൂലിപ്പടയാവുകയും ചെയ്തു.

സംഗീത വ്യവസായ രംഗത്തെ പരിമിതമായെങ്കിലും സാംസ്കാരിക രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നതിന്‍റെ പേരിൽ നിരവധി തവണ വംശീയവാദികളുടെ ഉരുക്കുണ്ടകള്‍ ഏറ്റുവാങ്ങിയ ശരീരവുമായാണ് ഹിപ് ഹോപ് മാന്ത്രികന്‍ ഫിഫ്റ്റി സെന്‍റ് കറുത്ത കരുത്തിന്‍റെ ലയ സംത്രാസങ്ങളുമായി ഇപ്പോഴും നമ്മെ ആവേശഭരിതരാക്കുന്നത്. വംശീയതയുടെ ഹിംസാത്മകതയും അക്രമാത്മകതയും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഐക്യനാടുകളുടെ ദൈനംദിന യാഥാര്‍ഥ്യമാകുന്നു എന്നതാവും ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.

പൗരത്വത്തിലേക്കും ജനായത്തത്തിലേക്കും: മാര്‍ട്ടിന്‍ ലൂതറും പൗരാവകാശ പ്രക്ഷോഭവും

അക്രമ രാഹിത്യത്തിന്‍റെയും, വിമോചന ദൈവശാസ്ത്രം നൽകിയ ആത്മബലത്തിന്‍റെയും പാതയിലൂടെയാണ് അറുപതുകളിൽ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് വംശീയ അനീതിയെ ചെറുക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്‍റെ മാതൃകകളിലൊരാളായ മഹാത്മാ ഗാന്ധിയെപ്പോലെ വംശീയ വരേണ്യവാദികളുടെ തോക്കിനിരയാകാനായിരുന്നു ഈ ജനനേതാവിന്‍റെയും വിധി.

പൗരസമത്വ പ്രക്ഷോഭം കൊടുമ്പിരികൊണ്ട അറുപതുകളുടെ മധ്യാഹ്നത്തിൽ ലിങ്കണ്‍ സ്മാരകത്തിൽ നിന്നും ആ കറുത്ത പാതിരി തന്‍റെ വിമോചന സ്വപ്നം ലോകത്തോടു വെളിവാക്കി. ലോകമെമ്പാടും ഇന്നും യുവചേതനയുടെ പ്രാണനായ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന ചരിത്ര പ്രസക്തമായ പൊതു ഭാഷണമായിരുന്നു അത്. അറുപത്തെട്ടിൽ തന്നെ ആ ശബ്ദത്തെ അടക്കുന്നതിൽ വംശീയ ഹിംസാ സ്ഥാപനങ്ങൾ വിജയിച്ചെങ്കിലും കിങ് അഴിച്ചു വിട്ട സാമൂഹിക നീതിയുടെ ജനായത്ത സ്വപ്നം പൗരാവകാശ പ്രക്ഷോഭത്തെ വിജയത്തിലേക്കു നയിച്ചു. വെളുത്ത പുരുഷന് പൊതു യാത്രാ സംവിധാനത്തിൽ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകാത്ത റോസാ പാര്‍ക്സിനെ പോലുളള ധീരവനിതകളെയും മറ്റനവധി മനുഷ്യാവകാശ പോരാളികളെയും സാമൂഹിക മാറ്റത്തെ തന്നെയും സാധ്യമാക്കി കൊണ്ടാണ് പ്രാന്തീകൃതരുടെ ജനായത്ത രാഷ്ട്രീയ പ്രക്ഷോഭം പരിവര്‍ത്തനം ചെയ്തത്. 

എന്നാൽ എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും തുടര്‍ന്ന വര്‍ണ സംഘര്‍ഷങ്ങളും ഭരണകൂട ഹിംസകളും ഭരണഘടനാ വാഗ്ദാന ലംഘനങ്ങളും വംശീയ ലഹളകളും തന്നെ വ്യക്തമാക്കുന്നത് വെളുത്ത വരേണ്യ വംശീയതയും അതിന്‍റെ പ്രതിനിധാന ഹിംസാപരതയും ഉത്തര മുതലാളിത്തത്തിന്‍റെ വിശ്വരൂപങ്ങളിലും അവതാരങ്ങളിലും കൂടി വിജൃംഭിതമാകുന്നു എന്നാണ്. രണ്ടായിരത്തി അഞ്ചിൽ പാരീസിൽ നടന്ന വംശീയ ലഹള വ്യക്തമാക്കുന്നത് വംശീയത യൂറോപ്പിന്‍റെയും കേന്ദ്ര സംഘര്‍ഷമായി നിലനിൽക്കുന്നു എന്നതാണ്.  വെളുത്ത വരേണ്യ ആണ്‍കോയ്മ ഈ വിധത്തിൽ അറിവധികാരങ്ങളെ നൂറ്റാണ്ടുകളായി കയ്യാളുന്ന അധമ സമൂഹത്തിലാണ് മോറിസനെ പോലൊരു കറുത്ത സ്ത്രീ ജീവിക്കുകയും എഴുതുകയും ചെയ്യുന്നത്.

ബാല്യവും വിദ്യാഭ്യാസവും: വംശീയ സമൂഹത്തിലെ കറുത്ത പെണ്‍കുട്ടി

ഒഹൈയോയിലെ ലൊറെയിനിലാണ് 1931ൽ തെക്കന്‍ നാടുകളിൽ നിന്നുളള കറുത്തവരുടെ കുടുംബത്തിൽ മോറിസന്‍ ജനിക്കുന്നത്. ജോര്‍ജിയയിലെ കിരാതമായ അടിമത്താവശിഷ്ടങ്ങളിൽ നിന്നും വംശീയ പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് അവരുടെ പിതാവ് ലൊറെയിനിൽ എത്തിയതു തന്നെ. മോറിസന്‍റെ കഥനത്തിൽ പലപ്പോഴും കടന്നു വരുന്നതു പോലെ തെക്കന്‍ അടിമ നാടുകളുടേയും വടക്കന്‍ സ്വതന്ത്ര നാടുകളുടേയും ഒരു ശകലിത സംഘാതമായിരുന്നു അന്നത്തെ ഒഹൈയോ. അവരുടെ ആഖ്യാന കലയുടെ മുഖ്യ വിവക്ഷകളും വിഷയങ്ങളും നിര്‍ണയിച്ചത് ഈ ബാല്യമാണ്. ശ്വേതാധീശ സമൂഹത്തിലെയും രാഷ്ട്രത്തിലേയും കറുത്തവരുടെ അതിജീവനവും, കറുത്ത സാഹോദര്യത്തെ കുറിച്ചുളള ജൈവമായ രാഷ്ട്രീയവുമായിരുന്നു അവ. അനീതികളേയും അസമത്വങ്ങളേയും നേരിട്ടും സമുദായ സ്മൃതികളിലൂടെയും ആത്മവൽക്കരിച്ച സംവേദന ക്ഷമതയുളള സര്‍ഗമനസ്സ് കറുത്ത മനുഷ്യകഥാനുഗായിയായി. ജനതയും നൈതികതയും മോറിസന്‍ കഥനാഖ്യാനങ്ങളുടെ ശരീരവും മനസ്സുമാകുന്നത് ഇവിടെയാണ്. ഒരു കറുത്ത എഴുത്തുകാരിയുടെ സാമൂഹ്യ രൂപീകരണം ഈ വിധമായിരുന്നു. ബിലവഡിൽ നിന്നും അവരുടെ വാക്കുകള്‍ തന്നെ കടമെടുത്ത് അതു പറഞ്ഞാൽ ‘അടിമത്തത്തിന്‍റെ പുനഃസ്മൃതിയും, കറുത്ത ജനതയോടുളള വെളുത്ത അമേരിക്കയുടെ നിതാന്ത നിഷേധവുമായിരുന്നു’ അവരെ എഴുത്തിലേക്കു നയിച്ചത്.

ബ്ലൂവെസ്റ്റ് ഐയിൽ പെകോല എന്ന കറുത്ത പെണ്‍കുട്ടി അനുഭവിക്കുന്ന വംശീയ വിവേചനം മോറിസന്‍ കുട്ടിക്കാലത്ത് ലൊറെയിനിൽ അനുദിനം അനുഭവിച്ചതും കണ്ടതും തന്നെയാണ്.  സ്കൂള്‍ വിദ്യാഭ്യാസം വര്‍ണവെറിയുടേയും പുരുഷാധിപത്യത്തിന്‍റെയും പുതിയ പാഠങ്ങള്‍ അവരെ പഠിപ്പിച്ചു. എന്നാൽ ഒരു തലത്തിലും വെളുത്ത സംസ്കാര വരേണ്യതയോടു രാജിയാകാനോ അധീശ മൂല്യങ്ങള്‍ സ്വാംശീകരിച്ച് സുഖസമ്മതമായ സ്വസ്ഥജീവിതവും അംഗീകാരങ്ങളും നേടാനോ അവര്‍ക്കാകുമായിരുന്നില്ല. കാരണം പതിനെട്ടാം വയസ്സിൽ തന്നെ കറുത്ത ബുദ്ധിജീവികളുടെ പ്രാതിനിധ്യം കൊണ്ടും കീഴാള രാഷ്ട്രീയ, ജ്ഞാനവ്യവഹാരങ്ങള്‍ കൊണ്ടും വിശ്വപ്രശസ്തിയാര്‍ജിച്ച വാഷിങ്ടണിലെ ഹാവാഡ് സര്‍വകലാശാലയിൽ അവര്‍ ഉന്നത വിദ്യാഭ്യാസം തുടങ്ങുകയായിരുന്നു. 1949ലും വാഷിങ്ടണ്‍ വര്‍ണവെറിയുടെ ആക്രാന്തത്തിലാണെന്നവര്‍ പറയുന്നുണ്ട്. 

പിൽക്കാലത്ത് ഗാർഡിയന്‍ പത്രത്തിനു നൽകിയ ഒരഭിമുഖത്തിൽ വെളുത്തവരുമായുളള ഉദ്ഗ്രഥനത്തിന് തനൊരിക്കലും ശ്രമിച്ചിട്ടില്ലെന്നും, നഗരത്തിൽ കറുത്ത സ്ത്രീ എന്ന നിലയിൽ മൂത്രമൊഴിക്കാന്‍ പോലുമൊരിടം സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ തനിക്കു നിഷേധിക്കപ്പെട്ടിരുന്നെന്നും, കറുത്ത ബഹുജനങ്ങള്‍ മാത്രമാണ് മനുഷ്യസഹഭാവത്തോടെ തന്നെ ആകര്‍ഷിച്ചിട്ടുളളതെന്നും അവര്‍ പറയുന്നു.

തലസ്ഥാന നഗരിയുടെ ദുരവസ്ഥ ഇതാണെങ്കിൽ പ്രാദേശിക പട്ടണമായ ലൊറെയിനിലെ അവസ്ഥ കൂടുതൽ വഷളായിരുന്നു. 

വംശീയാടിമത്തത്തിന്‍റെ ഇര എന്ന നിലയിൽ മോറിസന്‍റെ പിതാവ് വംശീയ ഐക്യം ഒരുകാലത്തും സാധ്യമാവില്ല എന്നുറച്ചു വിശ്വസിച്ചു. വംശീയതയുടെ ചരിത്രപരമായ ഇരകള്‍ എന്ന നിലയ്ക്ക് കറുത്തവര്‍ക്ക് സമൂഹത്തിൽ വെളളക്കാരേക്കാള്‍ ധാര്‍മികമായ മേൽക്കൈയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. സോങ് ഓഫ് സോളമനിലെ ഗിറ്റാറും റ്റാര്‍ ബേബിയിലെ സണ്ണും വംശീയതയെക്കുറിച്ചുളള ഈ ധാരണകള്‍ പങ്കുവയ്ക്കുന്നവരാണ്. വെളുത്തവര്‍ എന്നും മോറിസന്‍റെ കഥനത്തിന്‍റെ പ്രാന്തങ്ങളേ ആയിട്ടുളളു.  1953ൽ അവര്‍ ഇംഗ്ലീഷിൽ കലാ ബിരുദം നേടി. ആംഗലേയ ക്ലാസിക്കുകളിലും ആഫ്രിക്കനും, ആഫ്രോ – അമേരിക്കനുമായ സംസ്കാര പാരമ്പര്യങ്ങളിലുമുളള അവരുടെ അറിവ് കൃതികളിൽ സുവ്യക്തമാണ്.  എന്നാൽ തുടര്‍ന്ന് കോര്‍ണൽ സര്‍വകലാശാലയിൽ എംഎ പ്രബന്ധത്തിനുവേണ്ടി ആഴത്തിൽ വായിച്ച അമേരിക്കന്‍ നോവലിസ്റ്റ് വില്യം ഫോക്നറും ബ്രിട്ടീഷ് സ്ത്രീവാദിയും ബോധധാരാ നോവലിന്‍റെ പ്രയോക്താവുമായ വെര്‍ജിനിയ വുള്‍ഫുമായിരുന്നു അവരുടെ ആഖ്യാനത്തെ ബഹുതല സ്പര്‍ശിയാക്കിയ കഥന സ്വാധീനങ്ങള്‍.

1955ൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമെടുത്ത മോറിസന്‍ ഹൂസ്റ്റണിലെ ടെക്സാസ് സതേണ്‍ സര്‍വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപികയായി. രണ്ടു വര്‍ഷത്തിനു ശേഷം മുഴുസമയ ഫാക്കൽറ്റി അംഗമായി ഹാവാഡിലേക്കു തന്നെ തിരിച്ചുവന്നു. അതിനെ തുടര്‍ന്ന് പ്രശസ്തനായ ജമൈക്കന്‍ വാസ്തുശിൽപിയെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്തു. പിന്നീട് ബ്ലാക്ക് പവര്‍ മൂവ്മെന്‍റിലും പൗരാവകാശ പ്രക്ഷോഭത്തിലും വിഖ്യാതരായ സ്റ്റോക്ക്ലി കാര്‍മൈക്കേലും ക്ലൗഡ് ബ്രൗണും ഹാവാഡിൽ മോറിസന്‍റെ വിദ്യാര്‍ത്ഥികളായിരുന്നു. ലിംഗ വിവേചനത്തേക്കാളുപരി വര്‍ണ വിവേചനത്തെ നേരിട്ടു കൊണ്ടിരുന്ന പൗരാവകാശ പ്രക്ഷോഭത്തിന്‍റെ കറുത്ത ആണത്ത നേതൃത്വത്തോടുളള വിയോജിപ്പുകളും, ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പരിതസ്ഥിതിയും പോരാട്ടത്തിന്‍റെ മുന്‍നിരയിൽ നിന്നും മോറിസനെ അകറ്റി നിര്‍ത്തിയെങ്കിലും വംശീയാധീശത്വത്തിനെതിരായ ആശയരൂപീകരണത്തിൽ അവര്‍ എക്കാലത്തും സജീവമായിരുന്നു. അതേസമയം അറുപതുകളിലും എഴുപതുകളിലും ചലനങ്ങളുളവാക്കിയ ഉദാര വെളുത്ത സ്ത്രീവാദം കറുത്ത പെണ്മയെയും, കറുത്ത പെണ്ണെഴുത്തിന്‍റെ സവിശേഷതകളെയും വ്യതിരിക്തതയെയും സംബോധന ചെയ്തുമില്ല.  അധിനിവേശത്തിന്‍റെയും പരമ്പരാഗത പൗരോഹിത്യ ആണ്‍കോയ്മയുടെയും ഇരകളായ മൂന്നാം ലോക ഏഷ്യനാഫ്രിക്കന്‍ സംസ്കാരങ്ങളിലേതു പോലെ കീഴാളത്തിനുളളിലെ ലിംഗപ്രശ്നങ്ങളെയും സങ്കീര്‍ണതകളേയും പ്രതിനിധാനം ചെയ്യാന്‍ ശേഷിയുളള ഒരു ബഹുസ്വരവും സംവാദാത്മകവുമായ വിമോചന വാങ്മയം വികസിപ്പിക്കാന്‍ മോറിസനെ നിര്‍ബന്ധിതയാക്കിയ സാഹചര്യങ്ങൾ ഇവയാവാം. അതുകൊണ്ടു തന്നെയാണ് തസ്ലീമ നസ്റിനോടും മഹാശ്വേതാ ദേവിയോടും ബാമയോടുപോലും അവരെ താരതമ്യം ചെയ്യാന്‍ പ്രമുഖരായ സംസ്കാര വിമര്‍ശകര്‍ക്കും ഇൻഡ്യയിലെയും മറ്റും ദലിത് ബഹുജന്‍ ഫെമിനിസ്റ്റുകള്‍ക്കും പറ്റുന്നത്. 

അവരുടെ പാഠങ്ങളുടെ പാരായണ ക്ഷമതയും പാഠാന്തര സാധ്യതയുമാണ് ബഹുവിധമായ പ്രയോഗങ്ങള്‍ക്കിടം നൽകുന്നത്.  കറുത്ത ജനതയുടെ വെള്ള വംശീയാനുഭം മാത്രമല്ല അവരുടെ കഥനം. വെളുത്ത മൂല്യങ്ങള്‍ സ്വാംശീകരിച്ച് വെളുത്ത സമൂഹത്തിലെ വര്‍ഗ പദവികളുടെ പടികള്‍ കയറിയ കറുത്ത കഥാപാത്രങ്ങളും അതിലുണ്ട്. നിരോധനങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലും അതിജീവനം സാധ്യമായ എഴുത്തുകാരിയും സര്‍വകലാശാലാ അധ്യാപികയുമാണ് മോറിസന്‍.  1993ലെ നോബൽ പുരസ്കാരം നേടുന്നതിനു മുമ്പുതന്നെ പുലിറ്റ്സറും, നാഷണൽ ക്രിറ്റിക്സ് അവാര്‍ഡും നിരവധി ആദരങ്ങളും അവരെ തേടിയെത്തിക്കൊണ്ടേയിരുന്നു. സോങ് ഓഫ് സോളമന്‍റെ ആറുലക്ഷത്തിലധികം കോപ്പികളാണ് ആദ്യ ഏതാനും വര്‍ഷങ്ങളിൽ തന്നെ വിറ്റഴിഞ്ഞത്. റ്റാര്‍ ബേബി പ്രസിദ്ധീകരിച്ച് മാസങ്ങളോളം റ്റൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ മുകളിൽ തന്നെ തങ്ങിനിന്നു. ന്യൂസ് വീക്ക് വാരികയുടെ മുഖചിത്രമാകുന്ന ആദ്യ ആഫ്രിക്കനമേരിക്കന്‍ സ്ത്രീയും മോറിസന്‍ ആണ്. അമേരിക്കയ്ക്കകത്തും പുറത്തുമുളള നിരവധി സര്‍വകലാശാലകളിൽ ഇംഗ്ലീഷിന്‍റെയും താരതമ്യ സാഹിത്യത്തിന്‍റെയും ആഫ്രോ – അമേരിക്കന്‍ പഠനങ്ങളുടേയും മാനവിക ശാസ്ത്രത്തിന്‍റെയും അധ്യാപികയും വിശിഷ്ട പ്രൊഫസറുമായി കഴിഞ്ഞ അമ്പതു വര്‍ഷമായി (1957 മുതലിങ്ങോട്ട്) തുടരുകയായിരുന്നു മോറിസന്‍. ചുരുക്കം ചില വലതുപക്ഷ വരേണ്യ കേന്ദ്രങ്ങളൊഴിച്ചാൽ അവർ അലങ്കരിക്കാത്ത പദവികളും ചെയറുകളും അമേരിക്കന്‍ അക്കാദമിക ലോകത്തില്ലെന്നു പറയുന്നതാവും ഭംഗി. അവരുടെ ഭാവനാ സ്പര്‍ശത്താൽ സമ്പന്നമാകാത്ത സാഹിത്യ രൂപങ്ങളും കുറയുമെന്നതാണ് അനുഭവം.  

സ്മൃതിയും സംഗീതവും മോറിസനിൽ 

വിസ്മയകരമാം വിധം വിപുലവും വൈവിധ്യ പൂര്‍ണവുമാണ് മോറിസന്‍റെ രചനാലോകം. ദാര്‍ശനികവും സംസ്കാര രാഷ്ട്രീയ ദീപ്തവുമായ ആഖ്യായികകളുടെ പരമ്പരയും സൈദ്ധാന്തിക വിമര്‍ശ ശോഭയുളള പ്രബന്ധങ്ങളും കൂട്ടികള്‍ക്കുളള പുസ്തകങ്ങളും അഭിമുഖങ്ങളും സമാഹൃത ഗ്രന്ഥങ്ങളും നാടകങ്ങളും ഓപ്പറകളും വരെ അടങ്ങുന്നതാണ് അവരുടെ വാങ്മയം. കറുപ്പിന്‍റെ സംസ്കാരത്തെയും സര്‍ഗാത്മകതയേയും രാഷ്ട്രീയത്തേയും ആധാരശിലയായി കാണാതെ അമേരിക്കന്‍ ചരിത്രത്തേയും സംസ്കാരത്തേയും കുറിച്ച് ഇനി പറയാനാവുമോ എന്ന് അവരുടെ കനപ്പെട്ട അക്ഷരാധികാരം വര്‍ത്തമാന, ഭാവി ലോകങ്ങളെ വെല്ലുവിളിക്കുന്നു. മോറിസന്‍റെ ഭാഷാ ബോധവും പ്രയോഗവും ലയാത്മകവും പ്രത്യയശാസ്ത്രപരവുമാണെന്നും, വന്യവും വിധ്വംസകവുമാണെന്നും, ഭൗതികോര്‍ജവും ആത്മചൈതന്യവും തുളുമ്പുന്നതാണെന്നും നിരൂപകര്‍ വാഴ്ത്തുന്നു. കാവ്യാത്മകവും രാഷ്ട്രീയ മൂര്‍ച്ചയേറിയതുമാണത് എന്ന് വിപുലമായ വായനാലോകം സാക്ഷ്യപ്പെടുത്തുന്നു. നാം ജീവിക്കുന്ന ലോകത്തെ ഏറ്റവും ഭീകരമായ വംശീയ, ലിംഗ അസമത്വങ്ങളേയും ഹിംസകളേയും കുറിച്ച് ചര്‍ച്ച ചെയ്യാനും മനസിലാക്കാനുമുളള ഒരു വിപുലമായ സാംസ്കാരിക ബൗദ്ധിക പ്രതലമായി മോറിസന്‍ കൃതികള്‍ നിരന്തര പഠന, പാരായണങ്ങളിലൂടെ വികസിച്ചിരിക്കുന്നു. 1997ൽ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിൽ നടന്ന ‘റേസ് മാറ്റേഴ്സ്’ കോണ്‍ഫറന്‍സിൽ അവതരിപ്പിച്ച ‘ഹോം’ എന്ന പ്രബന്ധത്തിൽ വംശീയ മുക്തമായ ഒരു ലോകത്തെ കുറിച്ചുളള ചിന്തയും സ്വപ്നവുമാണ് തന്‍റെ എഴുത്തിന്‍റെ അടിയൊഴുക്ക് എന്ന് മോറിസൻ പറഞ്ഞിട്ടുണ്ട്. 

സംസ്കാര ചരിത്രത്തിലും സാമൂഹികതയിലെമ്പാടും സര്‍വവ്യാപിയായിരിക്കുന്ന, പ്രകടവും ഗൂഢവുമായ വരേണ്യ വംശീയ വ്യവഹാരത്തെ പൊളിച്ചുകാട്ടാനും ജനായത്തപരവും ബൗദ്ധികവുമായ പുതിയ സുരക്ഷിത ഇടങ്ങളും സാമൂഹിക ഭവനങ്ങളും വിഭാവനം ചെയ്യാനും അവര്‍ അക്ഷര ലോകത്തോട് ആഹ്വാനം ചെയ്യുന്നുണ്ട്. വംശീയതയുടെ പ്രശ്ന പരിസരത്തെ അധീശത്വവും ഉച്ചനീചത്വവുമില്ലാതെ സംബോധന ചെയ്യാനും മനസിലാക്കാനും സമസമൂഹ നിര്‍മിതിയിൽ പ്രയോജനപ്പെടുത്താനും പ്രസ്തുത പ്രബന്ധത്തിൽ വായനക്കാരോടും സംസ്കാര, സാഹിത്യ പഠിതാക്കളോടും ജൈവ ബുദ്ധിജീവികളോടും അവർ ആഹ്വാനം ചെയ്യുന്നു.  അധിനിവേശത്തിലും നിര്‍ബന്ധിത പ്രവാസത്തിലും അടിമത്തത്തിലും അടിമയാഖ്യാനത്തിലും കറുത്ത പളളിയിലും ഹാര്‍ലം ഉയിര്‍പ്പിലും നീഗ്രോമയിലും പൗരാവകാശ പ്രക്ഷോഭത്തിലും വര്‍ത്തമാനത്തിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന വര്‍ണ, ലിംഗ അധീശ വ്യവഹാരത്തെ തന്നെയാണ് അവരുടെ ഓരോ രചനയും വിശദീകരിക്കുന്നത്.

വരേണ്യ മൂല്യവ്യവസ്ഥയിൽ നിന്നുളള വിഛേദം: ദി ബ്ലൂവെസ്റ്റ് ഐ (1970)

ഹാവാഡിൽ അധ്യാപികയായിരിക്കേ മുപ്പതാം വയസ്സിലാണ് മോറിസന്‍ ആദ്യ നോവലിന്‍റെ പണി തുടങ്ങുന്നത്. വെളുത്ത ലോകത്ത് സ്വത്വ പ്രതിസന്ധിയനുഭവിക്കുന്ന കറുത്തവരെ കുറിച്ചുളള ഈ ആഖ്യാനം ആത്മകഥാപരമാണ്.  വ്യക്തി തലത്തിൽ സ്വയം കണ്ടെത്താനുളള കറുത്തവരുടെ സ്വയം നിര്‍ണയാവകാശത്തെ കുറിച്ചുളള മോറിസന്‍റെ ആശയങ്ങള്‍ ആദ്യം പുറത്തു വരുന്നതും ഈ നോവലിലൂടെയാണ്. മലയാളത്തിലെ ചില്ലു വഴക്കു പോലെ, പരിഷ്കൃതമായ കറുത്ത പേരുകള്‍ പോലും വെളുത്ത വരേണ്യതയെ പ്രകോപിപ്പിച്ച കാലമായിരുന്നു അത്. രസകരമായ വസ്തുത ചില്ലക്ഷരങ്ങളിലവസാനിക്കുന്ന ബഹുജന നാമങ്ങള്‍ സവര്‍ണ പൊതുബോധം ഭരിക്കുന്ന കേരള പൊതുസമൂഹത്തിൽ ഇന്നും അസ്വസ്ഥതയുളവാക്കുന്നു എന്നതാണ് (വിശേഷിച്ച് ‘ര്‍’ എന്നവസാനിക്കുന്നവ ചില സവര്‍ണ ജാതിനാമങ്ങളുടെ കുത്തകയാണെന്നാണ് ഇന്നും നിലനിൽക്കുന്ന അധീശബോധം). ലോകമറിയുന്ന തന്‍റെ പേര് അവര്‍ സ്വീകരിക്കുന്നതും ഇക്കാലത്താണ്.

തന്‍റെ കുട്ടികളെ താരാട്ടിയുറക്കി രാത്രി വൈകിയാണ് എഴുത്തിലേക്കു കടന്നിരുന്നതെന്ന് അവര്‍ പിൽക്കാല വര്‍ത്തമാനങ്ങളിൽ ഓര്‍മിക്കാറുണ്ട്. ഒരു കറുത്ത കുട്ടി, അതും പെണ്‍കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ അമേരിക്കന്‍ നോവലുമിതാണ്. അതുവരെ കറുത്ത പെണ്‍കുട്ടികള്‍ ആഖ്യാന പ്രാന്തങ്ങളിലെ മൂക ദൈന്യങ്ങള്‍ മാത്രമായിരുന്നു. ഇന്ന് ഘടനാവാദാനന്തര വിമര്‍ശവും അധിനിവേശാനന്തര പഠനങ്ങളും തിരിച്ചറിയുന്നതു പോലെ കറുത്ത മനുഷ്യരും കുട്ടികളും വെളുത്ത കഥനാഖ്യാനങ്ങളിലെ പ്രതിലോമ കഥാപാത്രങ്ങളായിരുന്നു. ഒരു സംസ്കാര നിലയെ മറ്റൊന്നിനു മീതെ പ്രതിഷ്ഠിക്കുന്ന അധീശ ഉച്ചനീചത്വമാണിതിനു പിന്നിൽ പ്രവര്‍ത്തിക്കുന്നത്. ഐറിഷ്, വെൽഷ് വംശജരെ കുറഞ്ഞവരും മന്ദബുദ്ധികളുമായാണ് ബ്രിട്ടീഷ് നോവലും ജനപ്രിയ സംസ്കാരവും ചരിത്രപരമായി പ്രതിനിധാനം ചെയ്തത്. 

സമാനമായ പ്രതിനിധാന ഹിംസയ്ക്ക് വിധേയരാണ് ഇന്ന് യൂറോ – അമേരിക്കന്‍ സന്ദര്‍ഭങ്ങളിൽ ജീവിക്കുന്ന ഏഷ്യന്‍ വംശജരെന്ന് അവിടങ്ങളിൽ നിന്നും പുറത്തു വരുന്ന പുതിയ എഴുത്തുകള്‍ വ്യക്തമാക്കുന്നു. ഇൻഡ്യന്‍ ഇതിഹാസങ്ങളിലെ ശബ്ദവും മുഖവുമില്ലാത്ത കുരങ്ങും കരടിയും (വാ-നരന്‍മാരും കി-ന്നരന്മാരും മറ്റും) ഇതര പക്ഷി, മൃഗരൂപികളും മനുഷ്യ പദവിയും നിര്‍വാഹകത്വവും പ്രതിനിധാന തലത്തിൽ നിഷേധിക്കപ്പെട്ട അടിസ്ഥാന വര്‍ഗങ്ങളും ദലിത ബഹുജനങ്ങളുമാണെന്ന് ഇന്ന് കീഴാള പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതിനിധാന ഹിംസയാണ് അധീശത്വത്തിന്‍റെ ഏറ്റവും മാരകമായ ക്രിയാതന്ത്രം. ആയിരത്താണ്ടുകളുടെ സമ്മത അടിമത്തവും ദാസ്യവും ഉറപ്പാക്കാന്‍ കാമനകളുടേയും ഭാഷാവബോധങ്ങളുടേയും ജ്ഞാനിമത്തിന്‍റെയും തലത്തിൽ നടക്കുന്ന ഇത്തരം പ്രതീകാത്മക ഹിംസകള്‍ക്കാവും. അടയാള അടിയായ്മയെ ഉറപ്പുവരുത്തുന്നു ഇത്തരം അധീശ ചിഹ്നന വ്യവഹാരങ്ങള്‍.

വെളുത്ത സുന്ദരികളായ സഹപാഠികളുടേതു പോലുളള നീലക്കണ്ണുകള്‍ കൊതിച്ചു പോവുകയാണ് പെകോല എന്ന കുട്ടി.  വരേണ്യ അഭിനിവേശമല്ല മറിച്ച് വരേണ്യ സൗന്ദര്യ ബോധം അളവുകോലാക്കുന്ന മറ്റുളളവരാൽ ഇഷ്ടപ്പെട്ടു പോവാനുളള മാനുഷികമായ സഹജഭാവമാണതിനു പിന്നിൽ. നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുണ്ടെങ്കിൽ വെളുത്ത സമൂഹത്തിലെല്ലാവരും അവളെ ശ്രദ്ധിക്കും, ഇഷ്ടപ്പെടും. അപ്പനുമമ്മയും അടി നിര്‍ത്തും, അപ്പന്‍ കുടി നിര്‍ത്തും, ചേട്ടന്‍ ഓടിപ്പോകാതിരിക്കും. തന്‍റെ ചുറ്റുപാടുകളെല്ലാം ശരിയാകും. കൂടുതൽ കറുമ്പിയായ തന്നെ കറുത്തവര്‍ക്കു പോലും വേണ്ട. നിഷ്കളങ്കയായ ഈ പെണ്‍കുട്ടി പിന്നീട് പിതാവിനാൽ തന്നെ ബലാൽസംഗം ചെയ്യപ്പെട്ട് മാനസിക വിഭ്രാന്തിയുടെ മായികപ്പടവുകള്‍ ഓരോന്നും കയറി കരിനീലയുടെ മോഹനിദ്രയിലേക്കു തന്നെ പ്രവേശിക്കുന്നു. വരേണ്യ മൂല്യങ്ങളും സംസ്കാരവും അധീശത്വം പുലര്‍ത്തുന്ന സമൂഹത്തിലെ പെണ്‍കുട്ടി വരേണ്യ വംശീയ ആണ്‍കോയ്മയുടേയും കീഴാള ആണത്തത്തിന്‍റെയും ഒരേ സമയത്തുളള ഇരയാണ്. കറുത്ത പെണ്ണിന്‍റെ പ്രാന്തതയും അവളനുഭവിക്കുന്ന അനീതിയും ഇരട്ടിയാണെന്ന് ഹൃദയദ്രവീകരണ ശേഷിയുളള തന്‍റെ ആദ്യ ആഖ്യായികയിലൂടെ തന്നെ മോറിസന്‍ കാട്ടിത്തരുന്നു. കറുത്ത പെണ്ണെഴുത്തുകാരി എന്ന നിലയിലുളള അവരുടെ നയസമീപനങ്ങളുടെ പ്രഖ്യാപനവും കൂടിയാണീ നോവൽ. വരേണ്യ സൗന്ദര്യ മൂല്യങ്ങള്‍ ഒളിച്ചുകടത്തുന്ന അധീശ വംശീയതയെയും അതിന്‍റെ ചിഹ്ന ശാസ്ത്രത്തെയും കീഴാള പക്ഷത്തു നിന്നും പുനര്‍വിചിന്തനം ചെയ്യുന്ന ആദ്യ നോവലുകളിൽ ഒന്നായിരുന്നു ഇത്.

സ്വത്വ പ്രതിസന്ധിയുടെ വര്‍ണ, ലിംഗ പരിസരം: സുല (1973)

ആഫ്രോ – അമേരിക്കന്‍ പെണ്‍കുട്ടികളുടെ കൗമാര യൗവനങ്ങളുടെ സംഘര്‍ഷങ്ങളെയാണ് സുല എന്ന രണ്ടാമത്തെ നോവലിലൂടെ മോറിസന്‍ അനാവരണം ചെയ്യുന്നത്. കറുത്ത പെണ്മ അനുഭവിക്കുന്ന സാംസ്കാരിക സന്ദിഗ്ധതയും സാമൂഹ്യമായ തിരഞ്ഞെടുപ്പുകള്‍ക്ക് ജീവിതത്തിലുളള സ്ഥാനവും ഈ നോവൽ ആഴത്തിൽ പിന്‍തുടരുന്നുണ്ട്. നെല്ലും സുലയും പരസ്പരം കൂട്ടുകാരികളും ഒഹൈയോയിലെ ബോട്ടം എന്ന ചെറുപട്ടണത്തിലെ അയൽവാസികളുമാണ്. പരമ്പരാഗതമായ വിവാഹ ജീവിതവും മാമൂലുകളും മടിയേതുമില്ലാതെ നെൽ സ്വീകരിക്കുമ്പോള്‍ സുല വിദ്യാഭ്യാസത്തിന്‍റെയും നഗര ജീവിതത്തിന്‍റേയും ലൈംഗിക ബന്ധങ്ങളുടേയും സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നു. വെളുത്തവരുമായി പോലും ബന്ധങ്ങള്‍ പുലര്‍ത്തുന്ന സുലയെ കറുത്ത സമുദായം വഴിപിഴച്ച തിന്മയായി വിലയിരുത്തുന്നു. കറുത്ത സമൂദായത്തിനുളളിൽ തന്നെ കുടംബ ജീവിതം തുടര്‍ന്ന നെല്ലാകട്ടെ സാമ്പ്രദായികതയുടേയും സങ്കുചിതത്വത്തിന്‍റെയും ഇരയായി മരിച്ചു ജീവിക്കുന്നു.

ജീവിതത്തിലെ തിരഞ്ഞെടുപ്പുകള്‍ക്ക് വംശീയ സമൂഹത്തിൽ പ്രശ്നഭരിതമായ ഭാവിയാണുളളതെന്ന് ഭാവാര്‍ദ്രമായ കഥനം നമ്മെ ബോധ്യപ്പെടുത്തുന്നു. അമ്പതുകളിലും അറുപതുകളിലും കറുത്ത സമൂഹങ്ങളിലെ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിച്ച ജീവിത സംത്രാസങ്ങളേയും സ്വത്വ പ്രതിസന്ധിയേയും വംശീയവും ലിംഗപരവുമായ അന്യവൽക്കരണത്തേയും പെണ്മയുടെ യാഥാര്‍ഥ്യത്തിന്‍റെ ഭിന്നതകളേയും ഇത്രയധികം സമഗ്രവും സൂക്ഷ്മവും ഹൃദയാവര്‍ജകവുമായി പ്രതിനിധാനം ചെയ്യുന്ന ആഖ്യാനങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് അമേരിക്കന്‍ സംസ്കാര വിമര്‍ശകര്‍ ഇന്ന് അഭിപ്രായപ്പെടുന്നത്. കറുത്ത പെണ്മയാണ് തന്‍റെ സാഹിത്യ പ്രയോഗത്തിന്‍റെ രൂപമെന്നും പ്രമേയമെന്നും ലക്ഷ്യമെന്നും മോറിസന്‍ ഈ നോവലിലൂടെ ഒരിക്കൽ കൂടി ധ്വന്യാത്മകമായി പ്രസ്താവിച്ചു. കറുത്ത കുടുംബ, സമുദായ പരിതസ്ഥിതികളിലെ ജീവസ്സുറ്റ മനുഷ്യ ഭാഷയെ, പ്രത്യേകിച്ചും സ്ത്രീകളുടെ സംസാര ഭാഷയെ മുഖ്യധാരാ കഥനത്തിലേക്ക് സജീവതയോടെ കുടിയിരുത്തിയതും സുലയിലൂടെയാണ്. ഇന്ന് വരേണ്യതയുടെ വടിവുകളെ വര്‍ത്തുളവും മാനവികവുമാക്കി കൊണ്ട് ലോക മാധ്യമഭാഷയെ പോലും ജനായത്തവൽക്കരിച്ചിട്ടുളള കറുപ്പിന്‍റെ ഓജസ്സാര്‍ന്ന ലളിതസുന്ദര വാങ്മയത്തിന്‍റെ ആദ്യ കുതിപ്പുകളിലൊന്നും ഈ കഥനഭാഷയിൽ ഉൾച്ചേര്‍ന്നിരുന്നു.

അതിജീവനത്തിന്‍റെ ചിറകുകള്‍: സോങ് ഓഫ് സോളമന്‍ (1977) 

അമേരിക്കയിൽ നിന്നും അറ്റ്ലാന്‍റിക്കിനു കുറുകെ പറന്ന് ആഫ്രിക്കന്‍ അഭയത്തിലേക്കു രക്ഷപ്പെടുന്ന അടിമയെ കുറിച്ചുളള വാമൊഴികളും മിത്തുകളുമാണ് സോളമന്‍റെ പാട്ടിനെ സാധ്യമാക്കുന്നത്. ഉത്തമ ഗീതത്തിലെ കറുത്ത പെണ്മയുടെ ശബ്ദ സാന്നിധ്യത്തേയും മോറിസന്‍ ആലങ്കാരികമായി ഇവിടെ സ്പര്‍ശിക്കുന്നു.   കറുത്ത ശരീരത്തിന്‍റെ പറക്കൽ ഇവിടെ അതിജീവനത്തിന്‍റെ ആത്മരൂപകവും ഇതിഹാസവുമാകുന്നു. അമേരിക്കന്‍ അടിമ ജീവിതത്തെ അതിജീവിച്ച് നാലു കറുത്ത തലമുറകള്‍ ഈ ജീവിതാഖ്യാനത്തിലേക്കു കടന്നു വരുന്നുണ്ട്. കച്ചവടത്തിലൂടെ സാമ്പത്തികമായി മെച്ചപ്പെട്ട മേക്കണ്‍ ഡെഡ് തന്‍റെ കുടുംബത്തേയും മകനായ മിൽക്ക്മാനെയും കറുത്ത സമുദായത്തിന്‍റെ ദുരിതങ്ങളിൽ നിന്നും ബോധപൂര്‍വം അകറ്റി നിര്‍ത്തുന്നു. എന്നാ  മകനാകട്ടെ കഷ്ടപ്പെടുന്നവരുമായി ഐക്യദാര്‍ഢ്യപ്പെട്ട് പൂര്‍വികരുടെ സഹനവും പോരാട്ടങ്ങളും മനസ്സിലാക്കുന്നു. കറുത്ത ഇക്കാറസായി പറക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്‍ മരിക്കുന്ന ദിവസമാണ് മിൽക്ക്മാന്‍ ജനിക്കുന്നതു തന്നെ. അടിമത്ത മോചനപ്പോരാട്ടത്തിലെ രക്തസാക്ഷികളെ ഞെട്ടലോടെ ഓര്‍മിപ്പിക്കുന്ന ഈ ആത്മബലിയോടെയാണ് ആഖ്യാനം ആരംഭിക്കുന്നതെന്നതും അര്‍ഥ പൂര്‍ണമാണ്. അധമ സമൂഹത്തെ തന്‍റെ കൂട്ടുകാരിലൂടെയും സഹജീവികളിലൂടെയും അടുത്തറിയുന്ന കുബേരകുമാരനായ മിൽക്ക്മാന്‍ തന്‍റെ കുടുംബവും സമുദായവും ജനതയും കടന്നു വന്ന വഴികളിലൂടെ നഷ്ടസ്മൃതികളെ തിരിച്ചു പിടിച്ചു കൊണ്ട് വര്‍ണവെറി മുറ്റിനിൽക്കുന്ന തെക്കന്‍ നാടുകളിലേക്കു പോകുന്നു.

കുടുംബ ചരിത്രവും സമുദായ ചരിത്രവും ജനചരിത്രവും അടിമത്താനുഭവവും സ്വത്വ, കര്‍തൃത്വ രൂപീകരണത്തിലും സൂക്ഷ്മ രാഷ്ട്രീയ അവബോധത്തിലും നിര്‍ണായകമാകുമെന്നാണ് കറുത്തവരുടെ ഈ ധനിക കുടുംബത്തിലൂടെ എഴുത്തുകാരി കാട്ടിത്തരുന്നത്. സാമൂഹികമായ പരമ്പരാഗത അസമത്വം ആധുനിക സാമ്പത്തിക പുരോഗതിയിലൂടെ മാഞ്ഞുപോകുന്നതല്ലെന്നും സാമൂഹ്യ – സാംസ്കാരിക നിര്‍ണയനമാണ് സാമ്പത്തിക നിര്‍ണയനത്തേക്കാള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതെന്നും സൈദ്ധാന്തികമായ ഒരു ഗ്രാംഷിയന്‍ അടിത്തറയിൽ നിന്നുകൊണ്ട് മോറിസന്‍ വ്യക്തമാക്കുന്നു.

കീഴാളത്തിലെ ശബ്ദവും നിര്‍വാഹകത്വവുമുളള ഒരു പ്രതിനിധാന കര്‍തൃത്വം എന്ന നിലയിൽ ‘കീഴാള വരേണ്യർ’ എന്ന കൂക്കിവിളിയെ അവരിതിനകം തന്നെ നേരിടേണ്ടി വന്നിരുന്നു. നൂറ്റാണ്ടുകളായി വിഭവങ്ങളേയും വരമൊഴിയേയും അറിവധികാരങ്ങളേയും കയ്യാളിയ വംശീയ വരേണ്യതയുടെ താന്ത്രികരും പരിശുദ്ധ പരമാധ്യക്ഷന്മാരുമായിരുന്നു കറുത്ത അടിമ കുടുംബത്തിൽ നിന്നും ആദ്യമായി വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീക്കെതിരേ ഈ മുട്ടാപ്പോക്കുവാദം അഴിച്ചു വിട്ടതെന്നതാണ് രസകരം. മോറിസന്‍ അവര്‍ക്കെതിരെ പുസ്തകമൊന്നും എഴുതിയില്ല കാരണം കറുത്തവരിലെ പാവങ്ങളെ രക്ഷിക്കുക എന്നതായിരുന്നല്ലോ മുഖ്യധാരാ ഉദാരവാദത്തിന്‍റെ എക്കാലത്തേയും പ്രഖ്യാപിത ലക്ഷ്യം! എന്നാൽ തുടര്‍ന്നിങ്ങോട്ടുളള എല്ലാ രചനകളിലും വംശീയ, വര്‍ഗ അസമത്വങ്ങളെ വ്യവഛേദിച്ചും താരതമ്യം ചെയ്തും ആഖ്യാനം ചെയ്യുന്ന കഥനവും ഭാഷണവും അവര്‍ വികസിപ്പിക്കുകയുണ്ടായി. സാംസ്കാരിക ഭൗതികവാദത്തിന്‍റെയും അതിന്‍റെ അമേരിക്കന്‍ പ്രതിരൂപമായ നവചരിത്രവാദത്തിന്‍റെയും സ്വാധീനം ഇവിടെ പ്രസക്തമാണ്. വംശ, ലിംഗ പ്രശ്നങ്ങളെ എല്ലായ്പോഴും ഒന്നിച്ചു വിശകലനം ചെയ്യാനുളള ഉള്‍ക്കാഴ്ചയും ഇതിനകം ഈ കഥാകാരി വികസിപ്പിച്ചിരുന്നു.

അമേരിക്കന്‍ മൂലധനവ്യവസ്ഥയും കറുത്ത മധ്യവര്‍ഗവും: റ്റാര്‍ ബേബി (1981)

എഴുപതുകളുടെ അന്ത്യത്തിൽ ഉയര്‍ന്നു വന്ന കറുത്ത കീഴ് – മധ്യവര്‍ഗത്തിന്‍റെ സാമൂഹിക സംഘര്‍ഷാത്മകതയാണ് ഈ നോവലിന്‍റെ ഉളളടക്കം. സംസ്കാര വ്യവസായത്തിലും ദൃശ്യ മാധ്യമ രംഗത്തും കറുത്ത മുഖങ്ങളും ശരീരങ്ങളും തിരനോട്ടം നടത്താന്‍ തുടങ്ങിയ കാലം. വെളുത്ത വരേണ്യ മൂല്യങ്ങളും മൂലധനവും പങ്കുവയ്ക്കുകയും, വെളളക്കാരായ പുരുഷന്മാരുടെ പോലും ആദരം കവരുകയും ചെയ്ത ജേഡിന്‍ എന്ന കറുത്ത മോഡലും അവള്‍ രാഗ – ദ്വേഷ ബന്ധം പുലര്‍ത്തുന്ന കറുത്ത കാമുകനുമായുളള ബന്ധവുമടങ്ങുന്ന കഥയിലൂടെ വംശീയതയും വര്‍ഗ വിടവുകളും തമ്മിലുളള അനന്യ മിശ്രണത്തെ ആഖ്യാനം ചെയ്യുകയാണ് മോറിസണ്‍.

ഡു ബോയിസ് ഒരിക്കൽ പറഞ്ഞിട്ടുളളതു പോലെ ‘ഡോളറിന്‍റെ നാട്ടിൽ ഒരേ സമയം ദരിദ്രരും കറുത്തവരുമായിരിക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ കാര്യങ്ങളുടെ ഏറ്റവും അടിത്തട്ടിലാണെന്നാണ്.’  ഇടത്തട്ടിന്‍റെ ചുവട്ടിലേക്ക് കയറിപ്പറ്റിയാലും കഥ തഥൈവ എന്നാണ് റ്റാര്‍ ബേബി വ്യക്തമാക്കുന്നത്. കരിയെണ്ണ പോലെ കറുപ്പ് നിങ്ങളുടെ തൊലിപ്പുറത്തുരുണ്ടു കൂടിക്കൊണ്ടേയിരിക്കും.  നവ ലോകത്തിന്‍റെ പരിഷ്കൃതമായ നഗര ഭാഷണവും വൈകാരിക വിക്ഷുബ്ധതകളെ സംവേദനം ചെയ്യുന്ന വൈയക്തിക ഭാഷാപ്രയോഗങ്ങളും മറ്റും കൊണ്ട് കാവ്യചാതുരി ആര്‍ജിക്കുന്നതാണ് നോവലിലെ കഥന ഭാഷ. മൂലധന ആണ്‍കോയ്മയുടെ അടിത്തട്ടിൽ നിന്നും വീണ്ടും പുറത്തു ചാടുന്ന വംശീയതയുടെ അക്രോശങ്ങളെ ആഖ്യാനം വിട്ടുകളയുന്നില്ല.

അടിമയാഖ്യാനങ്ങളുടെ പുനഃസ്മൃതി: ബിലവഡ് (1987)

അടിമത്തത്തിൽ നിന്നും രക്ഷപ്പെടാനായി തന്‍റെ കുട്ടികളെ കൊന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കറുത്ത അമ്മയുടെയും കുട്ടികളുടേയും കഥയാണ് ബിലവഡ്. പത്തൊമ്പതാം നൂറ്റാണ്ടിലെ തെക്കന്‍ നാടുകളിലെ തോട്ടങ്ങളെ പശ്ചാത്തലമാക്കുന്ന ഈ രചന ഇരുപതാം നൂറ്റാണ്ടിലും തുടരുന്ന വംശീയതയുടെ നാള്‍വഴികളും ഓര്‍മത്താളുകളും തേടിയുളള അന്വേഷണവും കൂടിയാണ്.  തന്‍റെ കുട്ടികളേക്കാള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന സിത് എന്ന ഈ അമ്മയുടെ മരിച്ചിട്ടും മരിക്കാത്ത കുട്ടിയുടെ കുഴിമാടത്തിലെ കുറിപ്പാണ് പ്രിയപ്പെട്ടവള്‍, ‘ബിലവഡ്’ എന്നത്. 

കൊല്ലപ്പെട്ട കുട്ടിയുടെ കോപശാപങ്ങളുടെ കരുത്തെന്താണെന്നും, ഭൂതകാലത്തിനു വര്‍ത്തമാനത്തെ എങ്ങനെ കശക്കാമെന്നും, വിഭ്രാമകവും കിടിലം കൊളളിക്കുന്നതുമായ ഈ ആഖ്യാനം നമ്മെ അനുഭവിപ്പിക്കും.  ചിതറിയുടഞ്ഞ നിലക്കണ്ണാടി പോലെ ശകലിതവും മുറിപ്പെടുത്തുന്നതുമായ ആഖ്യാന ഘടനയും ഭാഷയും വായനാ ലോകത്തെ ഏതു മുന്‍നിരക്കാരെയും വെല്ലുവിളിക്കും. ആധുനികോത്തരമായ ശകലിത – ഭിന്നാഖ്യാനത്തിലേക്കുളള വഴിതിരിയൽ ഈ നോവലിൽ പ്രകടമാണ്. പുനഃസ്മൃതിയുടെ പ്രതിരോധപര്‍വം ഉയര്‍ത്തുന്ന പ്രതിയാഖ്യാനം തന്നെയാണീ നോവൽ എന്ന് വിമര്‍ശകരും പഠിതാക്കളും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഊന്നിപ്പറയുന്നു. 

ജൈവ പ്രതിരോധത്തിന്‍റെ സംഗീതം: ജാസ് (1992)

സംഗീതമില്ലാത്തവരെ കരുതിയിരിക്കുക, അവരുടെ മനസ്സ് നരകസമാനമാണെന്ന് മോറിസനു നാലു നൂറ്റാണ്ടു മുമ്പ് ഇംഗ്ലീഷിന്റെ കാവ്യ സാധ്യതകളെ അന്വേഷിച്ച ഷേക്സ്പിയര്‍ എഴുതിയിട്ടുണ്ട്. ബ്ലൂസിന്‍റെ ശോക ശക്തിയും സ്വാധീനവും മനുഷ്യ കഥയിലൂടെ ആഘാതത്തോടെ അനുഭവിപ്പിക്കുന്ന ആഖ്യായികയാണ് ജാസ്. സര്‍ഗാത്മകതയുളള മനുഷ്യരും ആഫ്രോ – അമേരിക്കരുമായിരിക്കുക എന്നാലെന്താണെന്ന് അത് താരസ്ഥായിയിൽ വിലപിക്കുന്നു. പാശ്ചാത്യ വരേണ്യ സംഗീതത്തിന്‍റെ വംശീയ സ്ഥാപനത്തെ അതു കൂക്കിവിളിക്കുന്നു. പൊരിഞ്ഞ പോരാട്ടങ്ങളെയും, വികാര വിക്ഷോഭങ്ങളെയും, ലൈഗികതയെയും, ആത്മീയതയെയും, മോഹഭംഗങ്ങളെയും, അസൂയയെയും, അദമ്യകാമനകളെയും, ഇരുപതുകളുടെയും മുപ്പതുകളുടെയും ശബ്ദങ്ങളെയും ഗന്ധങ്ങളെയും സ്പര്‍ശങ്ങളെയും വരെ വൈവിധ്യത്തോടെയും കയ്യൊതുക്കത്തോടെയും ആവാഹിക്കുന്ന അനിതര സാധാരണമായ കഥനമാണത്. സ്ത്രീ – പുരുഷ ബന്ധത്തിന്‍റെ സാംസ്കാരിക സവിശേഷതകളുടെ സൂക്ഷ്മ തല ആഖ്യാനം നോവലിനെ വ്യത്യസ്തമാക്കുന്നു.  

ഇതിനോടകം തന്നെ ദരീദിയന്‍ ഘടനാവാദാനന്തര ചിന്തകളുമായി നാഭീബന്ധം സ്ഥാപിച്ചിരുന്ന മോറിസന്‍ സ്വത്വത്തെ ഒരു സംസ്കാര കലാനിര്‍മിതിയായാണ് ഈ നോവലിൽ സമീപിക്കുന്നതു തന്നെ. അധമ ചരിത്ര വര്‍ത്തമാനങ്ങളെ മുന്‍നിര്‍ത്തിയുളള കീഴാളത്തിന്‍റെ സാംസ്കാരിക വിലാപമായി തന്നെ അവരുടെ കഥനത്തെ ഈ സന്ദര്‍ഭങ്ങളില്‍ നിരൂപകര്‍ വായിക്കാറുണ്ട്. ഹാര്‍ലത്തിൽ നടന്ന സംഗീത, സാഹിത്യ, ദൃശ്യകലാ വിസ്ഫോടനത്തിലെ ആഘോഷിക്കപ്പെടാതെ പോയ പെണ്‍ താളവും ഈണവും ശബ്ദ ഭാഷണങ്ങളും തിരിച്ചെടുക്കുകയാണവര്‍.

ജാസെന്ന സംസ്കാര രൂപം തന്നെ ആഖ്യാതാവാകുന്ന അട്ടിമറിയാണ് ഈ നോവലിനെ ലോകപ്രശസ്തമാക്കിയ മുഖ്യ ഘടകം. ആഖ്യാനത്തെ തന്നെ പ്രശ്നവൽക്കരിക്കുകയും മൂല്യവിചാരം ചെയ്യുകയും ചെയ്യുന്ന ഈ അതികഥന സങ്കേതം  നോവൽ ചരിത്രത്തിലെ തന്നെ വിപ്ലവമാണ്. ജാസ് നമ്മെ നേരിട്ട് ശബ്ദ ലേഖനങ്ങള്‍ കേള്‍പ്പിക്കുകയും കഥാപാത്രങ്ങളുടെ ജീവിതകഥകള്‍ പറഞ്ഞുതന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വടക്കന്‍ നാടുകളിലേക്കുണ്ടായ കറുത്ത അടിമകളുടെ കുടിയേറ്റവും നഗര സംസ്കാരത്തിന്‍റെ ഓരങ്ങളിൽ നിന്നും അവര്‍ നടത്തിയ അനിശ്ചിതത്വത്തിന്‍റെയും അരക്ഷിതാവസ്ഥയുടേയും വിലാപങ്ങളും ആഘോഷങ്ങളും അതിവര്‍ത്തനങ്ങളുമാണ് ഹാര്‍ലം നവോത്ഥാനത്തെ സാധ്യമാക്കിയത്.  പിന്നണി ജനതയുടെ ഈ സമഗ്ര പരിവര്‍ത്തന ചാലകതയുളള ജീവിത മുഹൂര്‍ത്തങ്ങളിലേക്കാണ് ജാസ് സ്വര സഞ്ചാരങ്ങളിലേറ്റി നമ്മെ നയിക്കുന്നത്. 

പറുദീസയിലേക്കുളള ദൂരം: പാരഡൈസ് (1998)

സമത്വ സുന്ദരമായ ഐക്യനാടുകള്‍ വിദൂരമായ ഒരു സ്വപ്നമാണെന്നാണ് നോബൽ സമ്മാനത്തിനു ശേഷമുളള ആദ്യ നോവലിലൂടെ കഥാകാരി പറയുന്നത്. എഴുപതുകളിലെ ഓക്ക്ലഹാമയിലെ റൂബി എന്ന ചെറു പട്ടണത്തിലെ ഹിംസയുടേയും അപരവൽക്കരണത്തിന്‍റെയും വംശാവലിയും മനഃശാസ്ത്രവും ആഖ്യാനം ചെയ്തു കൊണ്ട് മോറിസന്‍ നമ്മെ നയിക്കുന്നത് ഭൂതത്തിന്‍റെ സജീവമായ വര്‍ത്തമാനത്തിലേക്കാണ്, അഥവാ വര്‍ത്തമാനത്തിന്‍റെ ചരിത്രത്തിലേക്കു തന്നെയാണ്.

തങ്ങളുടെ ദേശത്തിന്‍റെ അപചയങ്ങള്‍ക്കു കാരണം കന്യാമഠത്തിലെ സ്ത്രീകളാണെന്നു കരുതുന്ന തദ്ദേശീയര്‍ അവരെ അക്രമിക്കുന്നതാണ് വായനക്കാരെ ഞെട്ടിക്കുന്ന അഖ്യാന രഹസ്യം. കൊടുങ്ങല്ലൂരെ ബുദ്ധ കന്യകാവും ഉത്തരേന്ത്യയിലെ ക്രൈസ്തവ കന്യാമഠവും നേരിട്ട തീണ്ടലുകളും തൊടീലുകളും സംസ്കാര ദേശീയവാദത്തിന്‍റെ സനാതന ശക്തികളിൽ നിന്നാണെന്നും, ചരിത്രാതീത കാലം മുതലിന്നും തുടരുന്ന സംസ്കാര നിയമപാലനത്തിന്‍റെയും ഫാഷിസത്തിന്‍റെയും തനിയാവര്‍ത്തനം തന്നെയല്ലേ ഇത് എന്നും മലയാളികളും ഇൻഡ്യക്കാരുമായ വായനക്കാര്‍ അത്ഭുതപ്പെടാതിരിക്കില്ല. കഥപറച്ചിലിന്‍റെ മാന്ത്രികതയോടൊപ്പം സമഗ്രാധിപത്യത്തേയും വംശീയ ദേശീയതയേയും കുറിച്ചുളള ആഴത്തിലുളള ഉള്‍ക്കാഴ്ചകള്‍ പ്രബുദ്ധരായ വായനക്കാരുടെ മുന്‍പാകെ വച്ച് സംവാദാത്മക സാധ്യതകളെ മുഖരിതമാക്കുന്നു പറുദീസ.

ഭിന്ന യാഥാര്‍ഥ്യങ്ങളുടെ ആഖ്യാനം: ലവ് (2003)

ഭൂതകാലം വര്‍ത്തമാന, ഭാവികളെ എത്രമാത്രം ശക്തമായി സ്വാധീനിക്കുന്നു എന്നതാണ് സ്നേഹത്തിന്‍റെ പ്രമേയം. നാൽപ്പതുകളിലെ കറുത്തവനായ ഹോട്ടൽ വ്യവസായിയുടേയും അയാള്‍ ജിവിതം നൽകിയ സ്ത്രീപുരുഷന്മാരുടേയും ജീവിത നാടകത്തിലേക്കുളള ഒരു പാര്‍ശ്വ വീക്ഷണമാണീ നോവൽ.

ബിൽ കോസിയാണ് കറുത്തവരുടെ രക്ഷിതാവാകുന്ന നായകന്‍. അയാളുടെ പെണ്ണുങ്ങളും പരിചയക്കാരും നടത്തുന്ന ബഹുസ്വരമാര്‍ന്ന ആഖ്യാനങ്ങളിലൂടെയാണ് നോവൽ ഇതള്‍ വിരിയുന്നത്.  ഭിന്ന ശബ്ദങ്ങളുടേയും നോക്കുകളുടേയും സമന്വയമാണീ ഉത്തരാധുനികാഖ്യാനം. പ്രതിനിധാന തലത്തിൽ തന്നെ വൈവിധ്യങ്ങളേയും ചെറുതുകളേയും ഊന്നുന്ന സൂക്ഷ്മ രാഷ്ട്രീയ കഥനവുമാണിത്. കറുത്ത പുരുഷാധിപത്യത്തേയും മൂലധനാസക്തികളേയും വിമര്‍ശ വിശകലനത്തിനും മോറിസന്‍ വിധേയമാക്കുന്നുണ്ടിതിൽ. 

വംശീയ സാഹിത്യ പാരമ്പര്യത്തിന്‍റെ അപനിര്‍മാണം: പ്ലേയിങ് ഇന്‍ ദി ഡാര്‍ക് (1992)

മോറിസന്‍റെ ആദ്യത്തെ പ്രധാനപ്പെട്ട വിമര്‍ശ കൃതിയാണ് ഇരുട്ടിലെ കളി. വെളുത്ത വംശീയതയും സാഹിത്യഭാവനയും തമ്മിലുളള സഹ സംബന്ധങ്ങളെയാണ് ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നത്. അമേരിക്കന്‍ സാഹിത്യ സ്ഥാപനവും നോവൽ പാരമ്പര്യം വിശേഷിച്ചും വംശീയ കാമനകളുടേയും വര്‍ണാധീശ ഭാവനകളുടേയും ഈറ്റില്ലങ്ങളാണെന്നവര്‍ വാദിക്കുന്നു.  മെൽവ്ലിയും ഹോതോണും മുതൽ ഹെമിങ് വേ വരെയുളള അമേരിക്കന്‍ ആഖ്യാന കനോനയെ അതിന്‍റെ ലിംഗ, വര്‍ണ വിവേചന വ്യവഹാരങ്ങളെ വ്യക്തമാക്കി അപനിര്‍മിച്ചു കൊണ്ടാണ് ഈ ധീരവനിത തന്‍റെ വിമര്‍ശ പദ്ധതിയുടെ വിധ്വംസക പ്രയോഗത്തെ ചാലകമാക്കുന്നത്.  

കറുപ്പിനോടുളള പകയും വെറുപ്പും അവജ്ഞയും മുറ്റിനിൽക്കെത്തന്നെ അടിമത്തമില്ലാതെ പറ്റുകയുമില്ല എന്ന തരത്തിലുളള ഒരു കേന്ദ്ര സംഘര്‍ഷം വെളുത്ത മനസ്സും ഭാവനയും ആദ്യകാല ആഖ്യാനങ്ങളിൽ തന്നെ അനുഭവിച്ചിരുന്നെന്ന് മോറിസന്‍ വിശദീകരിക്കുന്നു. ഈ വൈരുദ്ധ്യ സംഘര്‍ഷത്തിന്‍റെ പ്രതിഫലനമായി സാഹിത്യ, സാംസ്കാരിക ഭാവനകളിൽ സാമൂഹ്യ ജീവിതത്തിന്‍റെ സജീവ ഭാഗമായ കറുപ്പിനെ തമസ്കരിക്കുകയും മറയ്ക്കുകയും ചെയ്ത് ഒരു മായിക സാന്നിധ്യവും അതീത വ്യവഹാരവും തുടര്‍ച്ചയായി കടന്നുവന്നു.  

ആഫ്രിക്കനമേരിക്കന്‍ ജീവിതം അതിന്‍റെ പ്രതിനിധാനപരമായ ഇല്ലായ്മയിലൂടെ വെളുത്ത കഥനാഖ്യാന പരിസരത്തെ നിരന്തരം വേട്ടയാടി.  അമേരിക്കന്‍ സമൂഹത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടേയും സംസ്കാരത്തിന്‍റെയും നിര്‍മിതിയിൽ നിര്‍ണായക പങ്കു വഹിച്ച കറുത്ത കീഴാള സമുദായങ്ങളെ കുറിച്ചുളള ഭീതിയും ഇരുണ്ട കാമനയും കലര്‍ന്ന മൗനം സംസ്കാര രൂപങ്ങളെ, വിശേഷിച്ച് നോവലിനെ ഭരിച്ചു.  ചുരുങ്ങിയത് നാനൂറു വര്‍ഷത്തെ മൗനം അമേരിക്കയിലെ വെളുത്ത വരേണ്യ വംശീയതയുടെ ഈ ആഖ്യാനങ്ങളെ ചൂഴുന്നതായി മോറിസന്‍ എഴുതുന്നു. നിശ്ശബ്ദവും മൂകവുമായ ഈ തമസ്കരണ ഹിംസ പ്രതിനിധാന അക്രമാത്മകതയുടെ പാരമ്യമാണ്. ഇത്തരത്തിൽ വരേണ്യത തെളിച്ചെടുത്ത വംശ ശുദ്ധിയുടെ പുണ്യഭൂമികയായ നോവലിടത്തിലാണ് മറയ്ക്കപ്പെട്ട കറുപ്പിന്‍റെ തന്നിടങ്ങള്‍ക്കായി നമ്മുടെ കഥാകാരി അന്വേഷിച്ചത്. ഓരോ ആഖ്യാനത്തിലും പുകമറയ്ക്കുളളിൽ നിന്നും കീഴാളരുടെ ശബ്ദ സാന്നിധ്യങ്ങളെ അവര്‍ കണ്ടെടുക്കുകയുമുണ്ടായി. 

വൈവിധ്യങ്ങളുടെ മേളനം: നാടകങ്ങളും ഓപ്പറയും ഇതര കൃതികളും

മോറിസന്‍ എഡിറ്റു ചെയ്തിട്ടുളള കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റേസിങ് ജസ്റ്റിസ്, എന്‍ജെന്‍ഡറിങ് പവര്‍ (1992), ബര്‍ത് ഓഫ് എ നേഷന്‍ഹുഡ് (1997) എന്നിവ. സാമൂഹിക നീതിയെയും അമേരിക്കന്‍ സംസ്കാരത്തെയും ബന്ധിപ്പിക്കുന്ന പുതിയ എഴുത്തുകളാണ് ഇവയുടെ ഉളളടക്കം. ഏറ്റവും പുതിയ എഴുത്തുകാരെയും സംസ്കാര പ്രവര്‍ത്തകരേയും മുന്നണികളിലേക്കു കൊണ്ടുവരുന്നതിലുളള അവരുടെ താൽപര്യം വ്യക്തമാക്കുന്നവയാണീ സമാഹാരങ്ങള്‍. അതുപോലെ തന്നെ സമകാല മാനവിക ശാസ്ത്രങ്ങളും ദാര്‍ശനിക, സൈദ്ധാന്തിക സമീപനങ്ങളും അവര്‍ സജീവമായി പിന്‍തുടരുന്നുവെന്നതിന്‍റെ സൂചനയും.

വെളുത്ത സ്ത്രീയുടെ പിറകിൽ ചൂളമടിച്ചു നടന്നു എന്ന കുറ്റമാരോപിച്ച് വംശീയവാദികള്‍ കൊന്നു നദിയിൽ താഴ്ത്തിയ കറുത്ത ആണ്‍കുട്ടിയെ കുറിച്ച് മോറിസന്‍ എഴുതിയ നാടകമാണ് ഡ്രീമിങ് എമ്മറ്റ് (1986). ദിവസങ്ങള്‍ക്കു ശേഷം ലോഹപ്പൈപ്പുകളും ചങ്ങലകളും കോളാമ്പികളും കഴുത്തി ചുറ്റിയ നിലയിലാണ് എമ്മറ്റിന്‍റെ ശരീരം കണ്ടെടുത്തതെന്ന് മോറിസന്‍ ഒരു സംഭാഷണത്തിൽ ഓര്‍ക്കുന്നുണ്ട്.  ജാത്യാഭിമാനത്തിനായി എത്രയോ കൊലകള്‍ നടക്കുന്ന ഇൻഡ്യയിലെ ഗ്രാമ സ്വരാജ്യങ്ങളെയാവും നാം പെട്ടെന്നോര്‍ത്തു പോവുക. രണ്‍വീര്‍ സേനയും പാപ്പാപ്പട്ടിയും കീരിപ്പട്ടിയും ജാഛറും സതികളും മറ്റും ഇന്നും നമ്മുടെ നിത്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണല്ലോ.

റിച്ചാർഡ് ഡാനിയ പോര്‍ എന്ന കംപോസറുമായി സഹകരിച്ചു കൊണ്ട് മോറിസന്‍ അടുത്ത കാലത്ത് സാക്ഷാത്കരിച്ച ഓപ്പറയാണ് മാര്‍ഗരറ്റ് ഗാര്‍നര്‍ (2005). അര്‍ഥ പൂര്‍ണമെന്നു ഒറ്റവാക്കിൽ പറയാം. തന്‍റെ ഏഴുപതുകളിലും അധിനിവേശവും അടിമത്തവും സൃഷ്ടിച്ച അസമ ലോകത്തേയും ചരിത്രത്തേയും കുറിച്ചുളള സ്മൃതികളും ഭാവനകളുമാണ് ഈ വിശ്വോത്തര എഴുത്തുകാരിയുടെ സര്‍ഗാത്മകതയെ ത്വരിപ്പിക്കുന്നത്. അടിമത്തത്തിന്‍റെ രക്തസാക്ഷികളായ ഗാര്‍നര്‍ കുടുംബത്തെ കുറിച്ചുളള ഈ ഓപ്പറ സാഹിത്യത്തിലെ ചരിത്രപരതയെ സംബന്ധിച്ച വന്‍ വിവാദത്തിന് ഈയിടെ വഴിതെളിച്ചിരുന്നു.

സ്മൃതിയും സംഗീതവും തന്നെയാണ്, അഥവാ സ്മൃതിയുടെ സംഗീതവും സംഗീതത്തിന്‍റെ സ്മൃതിയുമാണ് അവരുടെ ഭാവനാ പ്രപഞ്ചത്തെ തന്നെ സാധ്യമാക്കുന്നത്. വര്‍ത്തമാന, ഭാവികളോടുളള അടങ്ങാത്ത അനുഭാവവും മനുഷ്യ ക്ഷേമത്തോടും ബഹുജന ഹിതത്തോടുമുളള പക്ഷപാതവുമാകാം മറ്റുളള പ്രചോദനങ്ങള്‍.  വംശീയതയുടെ മുറിവുകളും ലോക ചരിത്രവും ജ്ഞാന ശാസ്ത്രവും തന്നെ പുനരാലോചിക്കാന്‍ ഈ രചനകള്‍ നമ്മെ പ്രാപ്തരാക്കുന്നു, ഭാവിയുടെ സംസ്കാര വൈവിധ്യം നിറഞ്ഞ ജനായത്തത്തിലേക്കും, മനുഷ്യ ഭാഷണം എല്ലാവര്‍ക്കും സംഗീതമാകുന്ന സമഭാവനയിലേക്കും നമ്മെ ഒന്നുകൂടി അടുപ്പിക്കുകയാണ് എഴുത്തിന്‍റെ, വായനയുടെ സമരമുഖത്ത് സജീവമാകുന്ന ഈ വലിയ എഴുത്തുകാരിയുടെ ആഖ്യാനങ്ങള്‍. അതുകൊണ്ടാവാം 1993ലെ തന്‍റെ  ‘നോബൽ പ്രഭാഷണ’ത്തിൽ ഭാഷാ വൈവിധ്യത്തേയും ഭാഷണ ബഹുസ്വരതയേയും പ്രതിരോധിച്ചു കൊണ്ട് ബൈബിളിലെ ബാബേൽ ഗോപുര കഥ അവര്‍ മാറ്റിയെഴുതുന്നത്. മനുഷ്യരാശിക്ക് നിരവധി ആഖ്യാനങ്ങളുടേയും കഥകളുടേയും പാരായണ, വ്യാഖ്യാന സാധ്യതകളും ഭാവനാ സ്വാതന്ത്ര്യവും പ്രതീകാത്മകമായി തുറന്നു തരിക കൂടിയായിരിക്കണം അവര്‍. അതുപോലെത്തന്നെ അപര ഭാഷകളും നോക്കുപാടുകളും കഥകളും ആഖ്യാനങ്ങളും അറിയാനും ശ്രദ്ധിക്കാനുമുളള നൈതിക ജാഗ്രതയും അപര സുഖത്തോടും ആത്മ സുഖത്തോടുമുളള പ്രതിബദ്ധതയും അവരുടെ പുനരാഖ്യാനത്തിലുള്‍ച്ചേരുന്നു. വര്‍ണ, ലിംഗ അസമത്വങ്ങളില്ലാത്ത നവ ലോകത്തെ കുറിച്ചുളള അവരുടെ ഭാവനയും സ്വപ്നവും സഫലമാകുമെന്ന് തന്നെ നമുക്കു കരുതാം.

 • Morrison, Toni. “Home.” The House that Race Built. Ed. Waheema Lubiano. New York: Pantheon, 1997. 3-12.
 • “Nobel Lecture 1993.” Toni Morrison: Critical and Theoretical Approaches. Ed. Nancy J. Peterson. Baltimore: Johns Hopkins UP, 1997, 267-73.
 • “Site of Memory.” Same volume as above.
 • Beloved. New York: Verso, 1998.
 • The Bluest Eye. London: Picadore, 1996.
 • Jazz. New York: Pantheon, 2000.
 • Song of Solomon. London, Picadore, 1998.
 • Sula. New York: Verso, 2002.
 • Tar Baby. Lonodn: Picadore, 1991.
 • Middleton, David, ed., Toni Morrison’s Fiction: Contemporary Criticism. New York and London: Garland, 2000.
 • Peach, Linden. Toni Morrison. London: Macmillan, 2004.
 • “Toni Morrison.” 8 September 2006 .
Top