ഹിന്ദുത്വവും മുസ്‌ലിം വിരുദ്ധതയും: കശ്മീർ വിരൽ ചൂണ്ടുന്നത്

ന്യൂനപക്ഷ കമ്മീഷൻ പിരിച്ചുവിടുക, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക, ഗോവധം നിരോധിക്കുക എന്നീ  ആവശ്യങ്ങൾ ഹൈന്ദവ ഏകീകരണത്തിന് ആധാരമാക്കിയാണ് സംഘപരിവാർ ബിജെപിയെ രാഷ്ട്രീയവൽക്കരിച്ചത്. ഈ ദിശയിലെ മുഖ്യ അജണ്ട എന്ന നിലയിലാണ് ആണ് ഭരണഘടനയിലെ 370, 35എ വകുപ്പുകളുടെ റദ്ദാക്കലിനെ കണക്കാക്കേണ്ടത്. കെ.കെ.കൊച്ച് എഴുതുന്നു.

ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ് മണ്ഡൽ കമ്മീഷൻ നടപ്പാക്കാനെടുത്ത തീരുമാനത്തിനെതിരെ രാജ്യമാസകലം സവർണ ഹിന്ദു ജാതീയ വിഭാഗങ്ങളിൽ നിന്നും വ്യാപകമായ എതിർപ്പുകളാണ് ഉയർന്നു വന്നത്. ഭരണഘടനയുടെ 340ആം വകുപ്പ് അനുശാസിക്കുന്ന, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി രൂപംകൊണ്ട മുൻചൊന്ന റിപ്പോർട്ടിനെതിരെ പാർലമെന്റിൽ ബിജെപി മാത്രമല്ല കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധിക്കുകയുണ്ടായി. തുടർന്നാണ് സവർണ ഹിന്ദു(ജാതി)ക്കളുടെ ആത്മാഹുതി അടക്കമുള്ള സമരങ്ങൾ നടന്നത്. ഇപ്രകാരം രൂപംകൊണ്ട ഭരണഘടനാ അവകാശ നിഷേധം ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും ബാധകമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യയിലൊരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാണെന്ന പ്രതിരോധം ഉയർന്നു വന്നത്.

സവർണ ഹിന്ദുത്വ വിരുദ്ധവും ദലിത് – പിന്നാക്ക ന്യൂനപക്ഷ ഐക്യത്തിൽ അധിഷ്ഠിതവുമായ രണ്ടാം സ്വാതന്ത്ര്യ സമരം ദേശീയമായൊരു വ്യവഹാര മണ്ഡലമായില്ലെങ്കിലും ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ദലിതർക്കും പിന്നാക്കക്കാർക്കും പ്രതിനിധാനമുള്ള സർക്കാരുകളുടെയും ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിന് വഴിയൊരുക്കുകയുണ്ടായി. ഇതോടെ ഹിന്ദു സമൂഹത്തിലുണ്ടായ പിളർപ്പിനെ നേരിടാനാണ് മുസ്‌ലിം വിരോധം ആളിക്കത്തിക്കുന്നതും ബാബരി മസ്ജിദ് കോൺഗ്രസ് ഭരണകൂടത്തെ മാപ്പുസാക്ഷിയാക്കി സംഘപരിവാർ തകർക്കുന്നതും.

പിന്നീട് മുസ്‌ലിം വിരുദ്ധതയിലൂടെ രൂപംകൊണ്ട ഹിന്ദുത്വ ബോധത്തിന് ദേശീയതയായുള്ള പരിവേഷം നൽകാനാണ് ‘സവർക്കറുടെ രാഷ്ട്രീയത്തെ രാഷ്ട്രീയവൽക്കരിക്കുക, ഹിന്ദുത്വത്തെ ആയുധമണിയിക്കുക’ എന്ന ആഹ്വാനത്തെ കൈയൊഴിഞ്ഞ് അഖണ്ഡ ഭാരതം എന്ന ദേശീയതാ സങ്കല്‍പം സ്വീകരിക്കുന്നത്. ഇത് നാഥുറാം വിനായക് ഗോഡ്സേ കോടതിയിൽ നടത്തിയ പ്രസ്താവനയിലെ ‘അഖണ്ഡ ഭാരത് അമർ രഹേ’ എന്നതാണ്. ഗോഡ്സെയുടെ അഖണ്ഡ ഭാരത് പാകിസ്ഥാനെ കൂട്ടിച്ചേർക്കുന്ന ഇൻഡ്യൻ ഉപഭൂഖണ്ഡം ആയതോടെയാണ് മുസ്‌ലിം വിരോധം ദേശീയതയുടെ അഭിവാജ്യ ഘടകമാകുന്നത്.

ഇതോടൊപ്പം ന്യൂനപക്ഷ കമ്മീഷൻ പിരിച്ചുവിടുക, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക, ഗോവധം നിരോധിക്കുക എന്നീ  ആവശ്യങ്ങൾ ഹൈന്ദവ ഏകീകരണത്തിന് ആധാരമാക്കിയാണ് സംഘപരിവാർ ബിജെപിയെ രാഷ്ട്രീയവൽക്കരിച്ചത്. ഈ ദിശയിലെ മുഖ്യ അജണ്ട എന്ന നിലയിലാണ് ആണ് ഭരണഘടനയിലെ 370, 35എ വകുപ്പുകളുടെ റദ്ദാക്കലിനെ കണക്കാക്കേണ്ടത്. എന്താണ് മുൻചൊന്ന വകുപ്പുകളുടെ പ്രാധാന്യം? അത് കശ്മീരിനെ സ്വന്തമായി ഭരണഘടനയുള്ളതും പ്രത്യേക പദവി, സ്വയംഭരണാധികാരം, വേറിട്ട നിയമം എന്നിവയുള്ള സംസ്ഥാനമാക്കുക മാത്രമല്ല, ഇൻഡ്യയുടെ ഇരട്ട പൗരത്വവും നൽകുന്നു. കൂടാതെ 35എ വകുപ്പിലൂടെ കശ്മീരിലെ സ്ഥിര താമസക്കാർക്ക് ഭൂവുടമസ്ഥ അവകാശം നൽകുന്നു. ഇത്തരം വ്യവസ്ഥകൾ കശ്മീരിന് മാത്രമല്ല ബാധകമായിരിക്കുന്നത്. ഇത് ഭരണഘടനയുടെ 371എ മുതൽ 371ജി വരെയുള്ള വകുപ്പുകളിലൂടെ മഹാരാഷ്ട്ര, ഗുജറാത്ത് (ചില പ്രദേശങ്ങൾ  മാത്രം), നാഗാലാൻഡ്, അസം, മണിപ്പൂർ, ആന്ധ്രാപ്രദേശ്‌ (ചില പ്രദേശങ്ങൾ മാത്രം), സിക്കിം, മിസോറാം അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും കശ്മീരിൽ നിന്നും ഭിന്നമല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. അഖിലേന്ത്യാ അടിസ്ഥാനത്തിലാകട്ടെ ആദിവാസി മേഖലകൾക്ക് ബാധകമായ ഭരണഘടനയിലെ അഞ്ചും ആറും ഷെഡ്യൂളുകൾ ഭൂവുടമസ്ഥതയും സ്വയംഭരണവും അംഗീകരിക്കുന്നുണ്ട്.

മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്, 370ആം വകുപ്പിന് ആധാരമായിരിക്കുന്ന കശ്മീരിലെ മുസ്‌ലിം ജനതയുടെ ഗോത്രവർഗാടിത്തറയെയാണ്. സംസ്ഥാനം ഒരു മുസ്‌ലിം ഭൂരിപക്ഷ ദേശമാകുന്നതിന് മുൻപ് ജനസംഖ്യയിലേറെയും ഗോത്രവർഗ്ഗങ്ങളായിരുന്നു. രജപുത്രരും ബ്രാഹ്മണരും (പണ്ഡിറ്റുകൾ) ആയിരുന്നു ന്യൂനപക്ഷങ്ങൾ. എന്നാൽ ഭൂവുടമസ്ഥത കേന്ദ്രീകരിച്ചിരുന്നത് രജപുത്ര – ബ്രാഹ്മണ സമുദായങ്ങളിലായിരുന്നു. അതേസമയം ഇൻഡ്യയുടെ ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി, പതിനാലാം നൂറ്റാണ്ടു മുതൽ ശൈവ വിശ്വാസമുൾക്കൊണ്ട സൂഫിസത്തിന്റെ സ്വാധീനത്താൽ ഗോത്രവർഗങ്ങൾ ഇസ്‌ലാം സ്വീകരിച്ചതോടെയാണ്, ഭൂവുടമസ്ഥതയ്ക്കും അവസര സമത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭണങ്ങൾ ഉയർന്നു വന്നത്. ഈ പ്രക്ഷോഭണങ്ങൾ രജപുത്രർക്കും ബ്രാഹ്മണർക്കും എതിരായിരുന്നു.

ഹരി സിങും ഭാര്യയും

കശ്മീരിലെ രാജാവായ ഹരി സിങിന്റെ ഭരണകാലത്ത്, ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങൾക്ക് ഉപരിയായി സവർണ ഹിന്ദുത്വ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാക്കിസ്ഥാനേക്കാൾ ഇൻഡ്യൻ യൂണിയനാണ് സുരക്ഷിതമെന്നതിനാലാണ് കശ്മീർ ഇൻഡ്യയുടെ ഭാഗമാകുന്നത്. എന്നാൽ സ്വാതന്ത്ര്യലബ്ദിയെ തുടർന്ന് ഇൻഡ്യൻ യൂണിയനിൽ ലയിച്ച 565 നാട്ടുരാജ്യങ്ങളിൽ നിന്നും ഭിന്നമായി കശ്മീരിനെ 370ആം വകുപ്പിന്റെ പരിരക്ഷ നൽകാൻ കാരണം ഗോത്രവർഗ ഉടമസ്ഥതയെയും സ്വയംഭരണാവകാശത്തെയും നിഷേധിക്കാൻ കഴിയാതിരുന്നതിനാലാണ്. ഇതേ ആവശ്യങ്ങൾ കശ്മീരികളുടെ ദേശീയ വികാരമായതിനാലാണ് 1948 ജനുവരി 3ന് ഡോ.ബി.ആർ.അംബേഡ്കർക്ക് സ്വീകാര്യമായിരുന്ന ജനഹിത പരിശോധന നടത്താൻ തയ്യാറാണെന്ന് ഇൻഡ്യ ഐക്യരാഷ്ട്ര സമിതിയെ അറിയിച്ചത്.

1952 ജൂലൈയിൽ കശ്മീരിന് പൂർണ്ണ സ്വയംഭരണം നൽകാൻ തീരുമാനിക്കുകയും, 1953 ആഗസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും 1954 ഏപ്രിലിന് മുൻപായി ജനഹിത പരിശോധന നടത്തണമെന്ന ധാരണയിൽ എത്തിച്ചേരുകയുമുണ്ടായി. സാർവ്വദേശീയ – ദേശീയ അംഗീകാരമുള്ള മുൻചൊന്ന വ്യവസ്ഥകൾ ജലരേഖകളായി മാറാൻ കാരണം രജപുത്ര – ബ്രാഹ്മണ വിഭാഗങ്ങളുടെ സമ്മർദ്ദമാണെന്നത് പകൽ പോലെ വ്യക്തമാകുന്നുണ്ട്.

മുൻകാല കോൺഗ്രസ് ഗവണ്മെന്റുകൾ ജനഹിതം പരിശോധിക്കാനും 370ആം വകുപ്പ് റദ്ദാക്കാതിരിക്കാനും കാരണം മതേതരത്വം ജനാധിപത്യം എന്നിവയിലുള്ള വിശ്വാസം കൊണ്ടല്ല. മറിച്ച്, അനുകൂലമായ ഹിന്ദുത്വ വികാരത്തിന്റെ അഭാവത്താലാണ് (അതുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം 370ആം വകുപ്പിന്റെ റദ്ദാക്കലിനെ അനുകൂലിക്കുന്നത്). അതേസമയം, ആദ്യം ഹിന്ദു മഹാസഭയും പിന്നീട് ആർഎസ്എസും ജനസംഘവും 370ആം വകുപ്പിനെതിരെ പ്രക്ഷോഭം തുടർന്നതിനാലാണ് ബിജെപിയുടെ പ്രകടന പത്രികകൾ പ്രസ്തുത വകുപ്പ് റദ്ദാക്കണമെന്ന് ആവർത്തിച്ച് പ്രസ്താവിച്ചത്.

വസ്തുതകൾ ഇപ്രകാരമായിരിക്കേ, ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയെ മറികടന്ന് നടപ്പാക്കിയ സാമ്പത്തിക സംവരണമാണ് ബിഎസ്പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സവർണ ഹിന്ദുത്വ അനുകൂലമായി ഐക്യപ്പെടുത്തിയത്. ഈ ഏകോപനത്തെ മറുചോദ്യമില്ലാതെ അഖണ്ഡതാ വാദത്തിൽ ഉൾചേർക്കാൻ കഴിഞ്ഞതോടെയാണ് ബിജെപിക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടത്. തീവ്രവാദ ആക്രമണ ആരോപണങ്ങൾ ഉയർത്താനും അമർനാഥ് യാത്ര നിർത്തിവെക്കാനും കാരണം മറ്റൊന്നല്ല. കശ്മീർ ജനതയെ തോക്കിൻമുനയിൽ നിർത്തി, സംസ്ഥാനത്തെ ഒന്നാകെ ജയിലറയിൽ ആക്കിയുള്ള 370ആം വകുപ്പിന്റെ റദ്ദാക്കൽ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശ വിഭജനത്തിനും ബിഎസ്പി, എഎപി എന്നീ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ട്.

ബിജെപിയുടെ ലക്ഷ്യം മുസ്‌ലിം വിരോധത്തിൽ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്ര നിർമിതിയും കശ്മീരിനെയും വടക്കുകിഴക്കൻ മേഖലയേയും ഒട്ടാകെ ടൂറിസം വ്യവസായത്തിനു വേണ്ടി കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് മുസ്‌ലിംകളിൽ നിന്നും ഭൂവുടമസ്ഥാവകാശം തട്ടിപ്പറിച്ച് എടുക്കലുമാണെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയുന്നതേയില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിരോധത്തിൽ വിശ്വസിച്ചു കൊണ്ട് ഭരണഘടന ഉൾക്കൊള്ളുന്ന ദേശീയാവകാശങ്ങൾ സംരക്ഷിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുന്ന ഇത്തരമൊരവസ്ഥയിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണ് പുനർവായിക്കപ്പെടേണ്ടത്. 

Top