ഗോ രാഷ്ട്രീയം ഇരുകാലികൾക്കും നാൽക്കാലികൾക്കുമെതിര്
ഗോ രാഷ്ട്രീയത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കണമെങ്കില്‍ അതിന്റെ ചരിത്രവും അതിനോടൊപ്പം സമകാലീന ഇൻഡ്യയില്‍ ഗോ രക്ഷാ ഹിംസകള്‍ മുന്‍പത്തേതില്‍ നിന്നും എന്ത് മാറ്റങ്ങളാണ് കൈവരിച്ചത് എന്നും മനസിലാക്കേണ്ടതുണ്ട്. സാമൂഹിക – രാഷ്ട്രീയ – അക്കാദമിക രംഗത്ത് ഈ വിഷയത്തില്‍ നടന്നിട്ടുള്ള വിവിധ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ അത് ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പില്‍ ഉദേശിക്കുന്നത്. എ.എസ്.അജിത്കുമാർ എഴുതുന്നു.
ഗോ രാഷ്ട്രീയത്തെ കുറിച്ച് നേരത്തെ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനഃപ്രസിദ്ധീകരിക്കാന്‍ വേണ്ടി റീവർക്ക് ചെയ്യാന്‍ ഇരിക്കുമ്പോളാണ് ഉള്ളടക്കത്തില്‍ വലിയ മാറ്റമൊന്നും ആവശ്യമില്ലെന്നും മറിച്ചു ചില പേരുകളും സംഭവങ്ങളും മാത്രം അപ്ഡേറ്റ് ചെയ്യേണ്ടതേയുള്ളൂവെന്നും ഞെട്ടലോടെ മനസ്സിലാക്കുന്നത്. ഗോ രാഷ്ട്രീയം എന്ന വംശീയ രാഷ്ട്രീയത്തിന്റെ ഭാഗമായ ലിഞ്ചിങ്ങുകള്‍ (lynching) സമാന രീതി പുലര്‍ത്തുന്നതു കാണാം. കുറേ നാളുകളായുള്ള ആവര്‍ത്തനം. രണ്ടാം മോദി ഭരണം വന്നതോടു കൂടി ഹിന്ദുത്വ ആക്രമണങ്ങള്‍ കൂടുതല്‍ സാധുത നേടിയെടുത്തുകൊണ്ടിരിക്കയാണെന്നു കാണാം. ഒരുപക്ഷേ, ആദ്യ ഭരണ കാലാവധിയേക്കാള്‍ കൂടുതല്‍ അക്രമോത്സുക സ്വഭാവം കൈവരിക്കുന്നതിനുള്ള അംഗീകാരം നേടിയെടുത്ത രീതിയിലാണ് അവര്‍ പെരുമാറുന്നത്. മുസ്‌ലിംകളെ നിര്‍ബന്ധിച്ചു “ജയ് ശ്രീ റാം” വിളിപ്പിക്കുന്നതില്‍ രാഷ്ട്രീയമായ ഒരു ഷിഫ്റ്റ് ഉണ്ടെന്നു തോന്നുന്നു. മുൻപത്തെ അവസ്ഥയില്‍ നിന്നു വ്യത്യസ്തമായി, പ്രത്യക്ഷമായ ഹിന്ദുത്വാധികാരം, മതേതരം എന്നു വിവക്ഷിക്കപ്പെടുന്നയിടത്ത് നടപ്പാക്കാന്‍ കഴിയും എന്ന വിശ്വാസം അവര്‍ നേടിയെടുത്തു കഴിഞ്ഞു. ഈ കുറിപ്പില്‍ ഗോ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് എഴുതാനാണ് ഉദ്ദേശിക്കുന്നത്.
ഹിന്ദുത്വ സര്‍ക്കാര്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഉടന്‍, ഗോ രാഷ്ട്രീയ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറാൻ തുടങ്ങി. പശുക്കളെ മോഷ്ടിച്ചുവെന്ന പേരില്‍ ഝാർഖണ്ടില്‍ തബരീസ് അന്‍സാരിയെ ആൾക്കൂട്ടം വിചാരണ ചെയ്തു കൊലപ്പെടുത്തിയത് നടുക്കുന്നതായിരുന്നു. പിന്നീട് ജൂലൈ മാസത്തിൽ, ബീഹാറില്‍, എരുമ മോഷണം ആരോപിച്ചു ഒരു മുസ്‌ലിമിനെയും രണ്ടു ദലിതരെയും കൊല ചെയ്യുന്നു. ഗോരാഷ്ട്രീയ വിജിലന്റ് ഗ്രൂപ്പുകള്‍ക്ക് കൊല ചെയ്യാൻ “എരുമ”യും കാരണമാവുന്നത്, കഴിഞ്ഞ വര്‍ഷവും ഇതേ പോലൊരു ആള്‍ക്കൂട്ട കൊലപാതകത്തില്‍ കണ്ടതാണ്.
“പശു”വാണ് ആ രാഷ്ട്രീയത്തിന്റെ കേന്ദ്രമെങ്കിലും എരുമയുടെ പേരിലും ആ രാഷ്ട്രീയത്തിനു ഹിംസ പ്രകടിപ്പിക്കാന്‍ കഴിയുന്നുവെന്നതാണു ശ്രദ്ധേയം. കാഞ്ച ഐലയ്യ, “എരുമ ദേശീയത” എഴുതുമ്പോഴുള്ള അവസ്ഥയല്ല ഇത്. എരുമയെ ചിഹ്നമാക്കി “ദേശീയ”വാദത്തിന്റെ യുക്തിയെ മറിച്ചിട്ടാലും ഹിന്ദു ദേശീയവാദത്തിന്റെ സൈദ്ധാന്തിക ഉള്ളടക്കത്തിനു പോറലേൽപിക്കാന്‍ കഴിയില്ലെന്നാണ് ഇതു തെളിയിക്കുന്നത്.
ഗോരാഷ്ട്രീയത്തിന്റെ ഇരകള്‍ മുസ്‌ലിംകളും ദലിതരുമാണെന്നാണ് ബീഹാര്‍ സംഭവം വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത്. ദലിതരും മുസ്‌ലിംകളും ആദിവാസികളും ഗോ രാഷ്ട്രീയത്തിന് ഇരകളാകുന്നത് എങ്ങനെയാണ്? ആ പ്രധാന ചോദ്യത്തെ അഭിസംബോധന ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്; ഒപ്പം നിയമവ്യവസ്ഥയ്ക്കു മുകളിലുള്ള, “ലിഞ്ചിങ്” എന്ന ആക്രമണ വ്യവസ്ഥയെക്കുറിച്ച് ആലോചിക്കുവാനും.
യുഎസിലെ വിര്‍ജിനിയയില്‍ പ്ലാന്റര്‍ ആയിരുന്ന ചാൾസ് ലിഞ്ച് (1736 -1796) നിയമ വ്യവസ്ഥയ്ക്ക് പുറത്തുള്ള അനൗപചാരികമായ കോടതികളിലൂടെ നടപ്പാക്കിയിരുന്ന വിചാരണയുടെയും വിധിയുടെയും ചരിത്രത്തില്‍ നിന്നാണ് ലിഞ്ചിങ് എന്ന സംജ്ഞ ഉരുത്തിരിയുന്നത്. ഇക്കാലത്താണ് ആള്‍ക്കൂട്ട കൊലപാതകം എന്ന പേരില്‍ ഈ ഒരു രീതി വ്യാപകമായി വികസിച്ചു വരുന്നത്. ആള്‍ക്കൂട്ട കൊലപാതകം എന്നത് സ്വന്തമായി വിധി നടപ്പാക്കുന്ന ഒരു പ്രതിഭാസത്തെ സൂചിപ്പിക്കുന്നതാണ്. അതു പക്ഷേ ഹിന്ദുത്വ ആസൂത്രിത കൊലപാതകങ്ങളെയും വിശദീകരിക്കാന്‍ പര്യാപ്തമായ ഒരു പദമാണോയെന്ന് സംശയമുണ്ട്.
മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ രണ്ടായിരത്തി പതിനാലു മുതല്‍ ഗോ രക്ഷയുമായി ബന്ധപെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മുന്നത്തേക്കാളും വര്‍ദ്ധിച്ചു. മുസ്‌ലിംകളും ദലിതരുമായിരുന്നു ഈ ആക്രമണങ്ങളുടെ ഇരകള്‍. രണ്ടായിരത്തി പത്തിന് ശേഷം നടന്ന ഇത്തരം അറുപതിനു മേലുള്ള ആക്രമണ സംഭവങ്ങളില്‍ ഭൂരിപക്ഷവും നടന്നത് മോദി അധികാരത്തിലേറിയതിനു ശേഷമാണെന്ന് ഇന്‍ഡ്യ സ്പെൻഡ് എന്ന ഡാറ്റാ ജേർണലിസ്റ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു ഇരകളായവര്‍ എണ്‍പത്തിയാറു ശതമാനവും മുസ്‌ലിംകളാണ്. അതേപോലെ തൊണ്ണൂറ്റിയേഴു ശതമാനം ആക്രമങ്ങളും നടന്നത് രണ്ടായിരത്തി പതിനാലിന് ശേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ഗോ രക്ഷയുടെ രാഷ്ട്രീയം എത്ര വലിയ ഒരു ഭീകര പ്രവര്‍ത്തനമാണെന്ന് മനസിലാക്കാം. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും അതുണ്ടാക്കുന്ന ഭീതി ഈ ഡാറ്റകള്‍ക്ക് രേഖപ്പെടുത്താന്‍ കഴിയുന്നതിനും അപ്പുറമാണ്. ഗോ രാഷ്ട്രീയം ഹിന്ദുത്വ ദേശീയവാദത്തിനോപ്പം വികസിച്ചു വരുന്നതിനു ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അക്രമങ്ങള്‍. ഈ രാഷ്ട്രീയത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കണമെങ്കില്‍ അതിന്റെ ചരിത്രവും അതിനോടൊപ്പം സമകാലീന ഇൻഡ്യയില്‍ ഗോ രക്ഷാ ഹിംസകള്‍ മുന്‍പത്തേതില്‍ നിന്നും എന്ത് മാറ്റങ്ങളാണ് കൈവരിച്ചത് എന്നും മനസിലാക്കേണ്ടതുണ്ട്. സാമൂഹിക – രാഷ്ട്രീയ – അക്കാദമിക രംഗത്ത് ഈ വിഷയത്തില്‍ നടന്നിട്ടുള്ള വിവിധ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ അത് ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പില്‍ ഉദേശിക്കുന്നത്.
ഗോ രക്ഷാ രാഷ്ട്രീയവും ഭരണകൂടവും
2015 സെപ്റ്റംബര്‍ മാസത്തില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് ഹിന്ദുത്വ സംഘത്താല്‍ കൊല ചെയ്യപ്പെട്ടതിനു ശേഷമാണ് ഗോ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയമായ എതിര്‍പ്പ് ശകതമായി ഉയര്‍ന്നത്. അതിനു ശേഷം ആക്രമണ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. കശ്മീരില്‍, ഝാര്‍ഖണ്ഡില്‍, അസമില്‍ എല്ലാം തന്നെ ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളുമുണ്ടായി. രണ്ടായിരത്തി പതിനാറിൽ ഗുജറാത്തിലെ ഉനയിൽ ചത്ത പശുക്കളുടെ തോലുരിച്ചുവെന്നാരോപിച്ച് നാലു ദലിതർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെതിരെ ശക്തമായ ദലിത് പ്രക്ഷോഭം ഉയര്‍ന്നു വന്നു. അതിനു ശേഷമാണ്, രണ്ടായിരത്തി പതിനേഴില്‍ പെഹ്ലു ഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ഇരുന്നൂറോളം ഗോ രക്ഷകര്‍ അടിച്ചു കൊന്നത്. ഗോ രക്ഷകരുടെ തുടർന്നുള്ള ആക്രമണത്തിനു ചില പ്രത്യേക ശീലങ്ങളുണ്ട്. പ്രധാനമായും പശുക്കളെ കടത്തുന്നുവെന്നും കൊല്ലുന്നുവെന്നും മാംസം സൂക്ഷിക്കുന്നുവെന്നുമൊക്കയുള്ള കിംവദന്തികള്‍ പരത്തിയാണ് വിദ്വേഷം ഉണ്ടാക്കിയെടുക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നു പറയുന്നവ മിക്കതും ഗോ രക്ഷാ സംഘങ്ങളുടെ, വളരെ ആസൂത്രിതമായ ആക്രമണങ്ങള്‍ തന്നെയായിരുന്നു. ഇതിലെ പ്രധാനപ്പെട്ട ഒരു സംഘടന, ഗോ രക്ഷാദള്‍ ആണ്. ഹരിയാനയിൽ അവർക്ക് ആയിരത്തോളം പ്രവര്‍ത്തകർ ഉണ്ടെന്നാണു പറയുന്നത്. അവര്‍ ഹോക്കി സ്റ്റിക്കുമായി, ചണ്ഡിഗഢ് – ദില്ലി ഹൈവേയില്‍, ഗോക്കളെ കടത്തുന്നുവെന്നു പറയപ്പെടുന്ന ട്രക്കുകളെ പരിശോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ഗോ രാഷ്ട്രീയ വിജിലന്റിസത്തെക്കുറിച്ച് ക്രിസ്റ്റോഫ് ജെഫ്രിലോട്ട് എഴുതിയ ലേഖനത്തില്‍ സാംസ്കാരിക പൊലീസിങ് ഈ രീതിയില്‍ സര്‍ക്കാര്‍ വിജിലന്റ് ഗ്രൂപ്പുകള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ജോലി ഔട്ട്‌സോഴ്സ് ചെയ്യുന്നതു കൊണ്ട് സര്‍ക്കാരിനുള്ള നേട്ടം എന്താണെന്നും ജെഫ്രിലോട്ട് വിശദീകരിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ സർക്കാരിനു പങ്കില്ലാതെ വരുന്നു. തങ്ങളുടെ മതത്തെ രക്ഷിക്കാന്‍ വേണ്ടി ജനങ്ങളുടെ ഇടയിൽ നിന്ന് പൊടുന്നനെ പൊട്ടിപ്പുറപെട്ട ആക്രമണമാണെന്ന നിലയിലായിരിക്കും മനസ്സിലാക്കപ്പെടുക. ന്യൂനപക്ഷങ്ങളെ നേരിട്ട് ആക്രമിക്കാതെ, ആക്രമിക്കാന്‍ ഈ സംഘങ്ങളെ അനുവദിക്കുക എന്നതാണ് ഈ ക്രമീകരണത്തിലൂടെ സാധിക്കുന്നത്.
ഗോ സംരക്ഷണം അവകാശപ്പെട്ടു കൊണ്ട് സംഘപരിവാര്‍, ഭീകരമായ ആക്രമണങ്ങള്‍ വ്യാപകമായി നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം ഇല്ലാത്ത നിലയില്‍ മോദി പെരുമാറിയത് ഈ യുക്തിയുടെ പുറത്താണ്. 2002ലെ ഗുജറാത്ത് വംശഹത്യയും, ആസൂത്രിതം എന്നതിനേക്കാള്‍ ആള്‍ക്കൂട്ട തിരിച്ചടിയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഘപരിവാരിന്റെ അതേ രീതി തന്നെയാണ് ഇതിലും പയറ്റുന്നത്. ഇതിനു മുന്നേയുള്ള കോൺഗ്രസ് സര്‍ക്കാരിന്റെ കാലത്തും സംഘപരിവാര്‍ ഇത്തരം ഹിംസകള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു തലങ്ങളിലാണിതു കൈകാര്യം ചെയ്യുന്നത്. ബിജെപി സര്‍ക്കാരുകളെ ഉപയോഗിച്ചു കന്നുകാലി കശാപ്പിന്റെ മേലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയും അതേസമയം, ഗോ രാഷ്ട്രീയക്കാരെ നിയന്ത്രിക്കാതെ സ്വതന്ത്രമായി ആക്രമിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന രീതി. ആള്‍ക്കൂട്ട കൊലപാതകം എന്ന പ്രയോഗം തന്നെ പലപ്പോഴും സംഘപരിവാറിന്റെ ആസൂത്രിതമായ പങ്കിനെ മറയ്ക്കുന്നു. ഹിന്ദുത്വ ഭരണകൂടവും ഗോ രക്ഷാ സംഘങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധമാണ് ഇപ്പോഴത്തെ ആക്രമങ്ങളുടെ പിന്നിലുള്ളത്.
1992ലെ ബാബരി മസ്ജിദ് തകര്‍ക്കലിന്റെ സമയത്ത് ഭരണകൂട സംവിധാനങ്ങളുടെയും നിയമ വ്യവസ്ഥയുടെയും മുകളിൽ സംഘപരിവാറിന്റെ അധികാര പ്രഖ്യാപനം വളരെ സ്പഷ്ടമായിരുന്നു. കോടതി എന്തു പറഞ്ഞാലും അതിനു മുകളിലാണ് തങ്ങളുടെ നിയമം എന്ന് സംഘപരിവാര്‍ പ്രഖ്യാപിക്കുക കൂടി ചെയ്തിരുന്നു. ഗോ രക്ഷയുടെ പേരിലുള്ള സംഘങ്ങൾ നടത്തുന്ന സാംസ്കാരിക പൊലീസിങ്ങും, നിയമ വ്യവസ്ഥയ്ക്കു മുകളിലായാണ് അവര്‍ കാണുന്നത്.
സമൂഹത്തിനു സ്വന്തമായ പൊലീസിനെ കൊടുക്കുക എന്നത് ആര്‍എസ്എസ് ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ തന്നെ ആഗ്രഹിച്ചതു കൊണ്ടായിരിക്കണം സ്ഥാപകന്‍ ഹെഡ്ഗേവാര്‍ ബ്രിട്ടീഷ് പൊലീസ് യൂണിഫോം തെരഞ്ഞെടുത്തതെന്ന് ജെഫ്രിലോട്ട് പറയുന്നത് പ്രസക്തമാണ്.
എന്തുകൊണ്ട് മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ?
ചരിത്രപരമായിത്തന്നെ, ഗോ രാഷ്ട്രീയ ആക്രമണങ്ങള്‍ ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളെയും ദലിതരെയുമാണ്. 1880കളില്‍ ഗോ രക്ഷിണി സഭകള്‍ ഉയര്‍ന്നു വരുമ്പോള്‍, മുസ്‌ലിംകള്‍ക്കെതിരെന്ന പോലെ, ദലിത് വിഭാഗത്തില്‍പ്പെട്ട ചമാര്‍ ജാതിക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഒരു ഭാഗത്ത് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് ജാതിപരമായി ചിന്നിച്ചിതറിക്കിടക്കുന്ന, ശ്രേണീരൂപത്തില്‍ അധികാരം നിലനിര്‍ത്തുന്ന ജാതി – സമുദായങ്ങളെ, ഐക്യപ്പെട്ട ഹിന്ദു എന്ന ഐഡന്റിറ്റിയായി നിര്‍മിക്കാന്‍ ശ്രമിക്കുകയും ഈ ഐക്യപ്പെട്ട സമുദായത്തിന്റെ ശത്രുവായി ചമാറുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന തന്ത്രമായിരുന്നു സ്വീകരിച്ചിരുന്നത്. കിഴക്കന്‍ യുപിയിലെ ഗോ രക്ഷാ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഗ്യാനേന്ദ്ര പാണ്ഡെയുടെ പ്രബന്ധത്തിലും ചമാറുകളെക്കുറിച്ചുള്ള രാം നാരായന്‍ റാവത്തിന്റെ പുസ്തകത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗോ സംരക്ഷണ രാഷ്ട്രീയം ശക്തമായിരുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഈദ് വേളയില്‍ പശുക്കളുടെ ബലി നടന്നിരുന്നു എന്ന കാരണത്താല്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. അതുപോലെത്തന്നെ, ചമാറുകള്‍ക്കെതിരെയുള്ള പ്രധാന ആരോപണം അവര്‍ വിഷം വച്ചു പശുക്കളെ കൊല്ലുന്നു എന്നതായിരുന്നു. ഗോ രക്ഷിണി സഭകള്‍ പ്രത്യക്ഷമായിത്തന്നെ ചമാറുകള്‍ക്കെതിരേ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. ചമാറുകള്‍ പശുക്കളെ കൊല്ലുന്നവരാണെന്നും അവര്‍ക്കു പശുക്കളെ വില്‍ക്കരുതെന്നുമായിരുന്നു പ്രധാനമായും പ്രമേയങ്ങള്‍. ആ സമയത്തെ ഗോ സംരക്ഷണ രാഷ്ട്രീയത്തിന്റെ വികാസവും ഹിന്ദു – മുസ്‌ലിം വിഭാഗീയതയുടെ വളര്‍ച്ചയും വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. രാം നാരായന്‍ റാവത്തിന്റെ പുസ്തകത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് “ഐക്യപ്പെട്ട ഹിന്ദു സമുദായം” ഒരേപോലെ മുസ്‌ലിംകള്‍ക്കും ചമാറുകള്‍ക്കും മറ്റു ദലിതര്‍ക്കും എതിരായിരുന്നു എന്നാണ്. പാണ്ഡെ നിരീക്ഷിക്കുന്നതു പോലെ, ഹിന്ദു വ്യവസ്ഥയിലേക്കു ചമാറുകളെ ഉള്‍ച്ചേര്‍ക്കുകയായിരുന്നു അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ ലക്ഷ്യം.
മണ്ഡല്‍ – ബാബരി അനന്തര കാലം, ഈ രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. മണ്ഡല്‍ കമ്മീഷന്‍ ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളി സവര്‍ണ സമുദായങ്ങളുടെ സംവരണ വിരുദ്ധ മനോഭാവത്തെ വെളിവാക്കുകയും ജാതീയ വേര്‍തിരിവുകള്‍, ഐക്യപ്പെട്ട ഹിന്ദു സമുദായം എന്ന സങ്കല്‍പ്പത്തിന്റെ ദൗര്‍ബല്യത്തെ തുറന്നു കാട്ടുകയും ചെയ്തു. ഹിന്ദുത്വ ശക്തികളെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയത്തെ ദുര്‍ബലമാക്കുന്ന ഒന്നായിരുന്നു ഇത്. ബാബരി മസ്ജിദ് തകര്‍ക്കല്‍ ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു വേണ്ടിയായിരുന്നു എന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2002ലെ ഗുജറാത്ത് വംശഹത്യയിലൂടെ മുസ്‌ലിം വിരുദ്ധ കലാപങ്ങളിലൂടെയുള്ള ഹിന്ദു ഏകീകരണം എന്ന തന്ത്രം താല്‍കാലികമായി ഹിന്ദുത്വ ശക്തികളെ സഹായിച്ചെങ്കിലും ജാതി കീറാമുട്ടിയായി വീണ്ടും വീണ്ടും അവരെ പ്രതിസന്ധിയിലാക്കുന്നതാണു കാണുന്നത്. ഗുജറാത്തിലെ ഉനയില്‍ ദലിതര്‍ ഗോ രക്ഷകരാല്‍ ആക്രമിക്കപ്പെട്ടതോടു കൂടി ഗുജറാത്തിലെ ജാതീയമായ വിള്ളലുകള്‍ മറയ്ക്കാന്‍ കഴിയാത്തതായി മാറി.
ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയും സംഘപരിവാറിന്റെ രാഷ്ട്രീയത്തിലെ ദലിത് വിരുദ്ധതയും ജാതീയതയും കൂടുതൽ വെളിവാക്കപ്പെട്ടു. ദലിത് – ബഹുജന്‍ – മുസ്‌ലിം ഐക്യത്തിന്റെ രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി.
ഗോമാതാ സങ്കല്‍പവും ഹിന്ദു ദേശീയവാദവും
കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട സമുദായങ്ങളിലും കന്നുകാലികള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പലയിടങ്ങളിലും അവർക്ക് പ്രാദേശികമായ നിലയ്ക്ക് അവയോട് വൈകാരികമായ ബന്ധമുണ്ട്. കാലികളെ സംരക്ഷിക്കുന്ന ഒരു സംസ്കാരം ബഹുജന്‍ ജീവിതത്തില്‍ ഉള്ളത് തന്നെയാണ്. ഉദാഹരണത്തിന്, ഉത്തര്‍ പ്രദേശിലെ ചമാറുകള്‍ കാര്‍ഷിക സമുദായങ്ങള്‍ ആയിരുന്നു. അവരെക്കുറിച്ചുള്ള വാര്‍പ്പു മാതൃകകള്‍ ആണ് പിന്നീടു തോൽപണിക്കാര്‍ മാത്രമാണെന്നതും അവര്‍ കാലികളെ വിഷം വച്ച് കൊല്ലുന്നുവേന്നത്. ഗോ രാഷ്ട്രീയം ഇത്തരത്തില്‍ പ്രാദേശികമായ ശത്രുക്കളെ നിര്‍മിക്കുന്നതിന്റെ കൂടെ പശുവിനെ ഒരു ദേശീയ വിഷയമാക്കി വളര്‍ത്തി കൊണ്ട് ഹിന്ദു ദേശീയവാദത്തിന്റെ ഒരു ചിഹ്നമായി അതിനെ വളര്‍ത്തി. “ഗോ മാതാവ്” എന്നത് “ഭാരത് മാതാ” എന്ന സങ്കല്‍പ്പത്തിന്റെ തന്നെ ഒരു വകഭേദമായി എളുപ്പത്തില്‍ സങ്കൽപിക്കപ്പെട്ടു. ഹിന്ദു ദേശീയവാദ ധാരയോടൊപ്പം കോണ്‍ഗ്രസും മറ്റും മുന്നോട്ടു വെച്ചിരുന്ന ദേശീയവാദവും പശുവിനെ ഒരു ദേശീയ ചിഹ്നമാക്കുന്നതില്‍ പങ്കുവഹിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമയത്ത് കോണ്‍ഗ്രസും പശു എന്ന ചിഹ്നത്തെ ഉപയോഗപ്പെടുത്തി. അക്കാലത്തെ ദേശീയവാദ പ്രസംഗങ്ങളില്‍ ഗോ സംരക്ഷണത്തെ ശുദ്ധിയുടെ സങ്കല്‍പം കൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഹിന്ദു ദേശീയവാദത്തെ കുറിച്ചുള്ള വില്ല്യം ഗൗൾഡിന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. പശുവിന്റെ പാലിന്റെ ശുദ്ധി ദേശത്തിന്റെ ശുദ്ധിയും ശക്തിയും സൂചിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെയും മുസ്‌ലിംകളുടെയും “വൈദേശികത” താരതമ്യം ചെയ്യാനായിട്ട് ഇത് സ്വാഭാവികമായി ഉപയോഗപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ഗോ രാഷ്ട്രീയവും ഈ ഹിന്ദുത്വ രാഷ്ട്രീയവും അതുകൊണ്ട് തന്നെ ദേശീയവാദ വ്യവഹാരത്തിന്റെ ഉള്ളില്‍ തന്നെ സാധുത നേടിയിരുന്നുവെന്നു കാണാം. ഹിന്ദു ദേശീയവാദികള്‍ക്ക് ഒപ്പം തന്നെ മതേതരം എന്ന് വിളിക്കപ്പെടുന്ന ദേശീയവാദധാരക്കും ഇതില്‍ പങ്കുണ്ട് എന്ന് ഇത് ബോധ്യപ്പെടുത്തുന്നു. മുസ്‌ലിംകളും ദലിതരും പല കാര്യങ്ങളുടെ പേരില്‍ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ ഗോ സംരക്ഷകര്‍ ദേശസ്നേഹികളായി സ്വയം അവരോധിക്കുകയാണ് ചെയ്യുന്നത്.
ഗോ സംരക്ഷകരുടെ സാംസ്കാരിക പോലീസിങ് വ്യത്യസ്ത തൊഴിലുകള്‍, കച്ചവടങ്ങള്‍ ചെയ്യുന്നവരേയും – പ്രത്യേകിച്ച് കന്നുകാലി കച്ചവടക്കാർ, കശാപ്പുകാർ എന്നിവരെ തൊഴില്‍ രഹിതരാക്കുകയും അവരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണ ശീലങ്ങളെയും ഈ പോലീസിങ് ബാധിച്ചിരിക്കുന്നു. ഈ സമയത്ത് ആലോചിക്കേണ്ട ഒരു കാര്യമാണ് ഗോ രാഷ്ട്രീയം പശുകളുടെയോ മനുഷ്യരുടെയോ ജീവന്‍ രക്ഷിക്കുന്നില്ല എന്നത്. 2017 ജൂലായില്‍ തന്നെ കാന്‍പൂര്‍ ഗോശാലയില്‍ നൂറ്റിയമ്പത്തിരണ്ടു പശുക്കള്‍ പട്ടിണി കിടന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപെട്ടു. ഇത് പോലെ എത്രയോ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഗോ സംരക്ഷണത്തിന്റെ ലക്ഷ്യം അത് അവകാശപ്പെടുന്നത് പോലെയല്ല എന്ന് വ്യക്തമാണ്. ഗോ രാഷ്ട്രീയ ഹിംസകള്‍ക്കെതിരായ പ്രതിഷേധം പലപ്പോഴും ഭക്ഷണ കാര്യം മാത്രമായി ചുരുങ്ങി പോകാറുണ്ട്. പക്ഷേ ഹിംസകളിൽ അടങ്ങിയിട്ടുള്ള മുസ്‌ലിം – ദലിത് വിരുദ്ധ തലങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. ഹിന്ദുത്വ ശക്തികളുടെ നേരിട്ടുള്ള ആക്രമണത്തോടൊപ്പം നിയമ നിര്‍മാണത്തിലൂടെ ഈ രാഷ്ട്രീയത്തെ സാധൂകരിക്കുന്ന ഭരണകൂട നടപടികളും ചോദ്യം ചെയ്യേണ്ടതുണ്ട്.
- William Gould (2004) - Hindu Nationalism and the Language of Politics in Late Colonial India
- Ramnarayan.S.Rawat (2011) - Reconsidering Untouchability: Chamars and Dalit History in North India
- Pandey, Gyan (1981) Rallying round the Cow: Sectarian Strife in the Bhojpur Region, C. 1888 - 1917
- Christophe Jaffrelot, Over to the Vigilante, The Indian Express (May 13, 2017)