പരിയേറും പെരുമാൾ; നവദലിത് രാഷ്ട്രീയത്തിന്റെ ചലച്ചിത്രഭാഷ്യം
പരിയേറും പെരുമാൾ പ്രതീകങ്ങളിലുടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്ത് എന്നൊരു വിലയിരുത്തൽ കൂടി ഉണ്ടാവേണ്ടതുണ്ട്. കറുപ്പി എന്ന നായ, ആവർത്തിച്ച് ദൃശ്യമാകുന്ന നീല നിറം, ഡോ. അംബേഡ്കറുടെ ചിത്രങ്ങൾ, പ്രതിമ, അർധ നഗ്നനായി ഓടിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന ദലിത് ഉടലിന്റെ പശ്ചാത്തലത്തിൽ ലോ കോളേജ് മുറ്റത്ത് കുത്തിനിർത്തപ്പെട്ട ബഹുവർണക്കൊടികൾ, അപകടങ്ങളും ആത്മഹത്യകളുമാക്കി മാറ്റപ്പെടുന്ന കൊലകളുടെ പോസ്റ്ററുകൾ, അസമത്വത്തിന്റെ ചായ ഗ്ലാസുകൾ; എത്രയേറെ പ്രതീകങ്ങളാണ് ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.പ്രദർശനാനുമതി ലഭിച്ച തീയറ്ററുകളുടെ എണ്ണത്തിലടക്കം ഉണ്ടായ വെല്ലുവിളികൾ ഏറ്റെടുത്തു പാ രാഞ്ജിത്ത് പരിയേറും പെരുമാളെ തിരശ്ശീലയിൽ എത്തിക്കുമ്പോൾ ചലച്ചിത്രകലയുടെ നവരാഷ്ട്രീയ ഭാവുകത്വത്തിൽ കൂടിയാണ് പുതുനാമ്പുകൾ മുളയ്ക്കുന്നത്. വിനീത വിജയൻ എഴുതുന്നു.
ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയെ എക്കാലവും ആഴത്തിൽ അസ്വസ്ഥമാക്കുന്ന, നീതിയുടെ തുല്യ വിതരണത്തെ അസാധ്യമാക്കുന്ന ഏറ്റവും ശക്തമായ വിലോമഘടകമാണ് ജാതി. എത്ര തീവ്രമായാണത് സാമൂഹ്യ അബോധത്തെപോലും കീഴടക്കിയിരിക്കുന്നതെന്നും അതിന് അടിപ്പെട്ട മനുഷ്യരുടെ നരകജീവിതം എത്രത്തോളം ദുരിതപൂർണമാണെന്നും ഒരു കലാസൃഷ്ടിയിലൂടെ ബോധ്യപ്പെടുത്തുക എന്നത് ഏറെ ദുഷ്കരമായ കാര്യമാണ്. പ്രത്യേകിച്ച് വിനോദ കലയായി കണക്കാക്കപ്പെടുന്ന സിനിമ പോലെ ഒരു മാധ്യമം അതിനായി ഉപയോഗിക്കപ്പെടുമ്പോൾ. ആ ദൗത്യത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് വിജയകരമായി പൂർത്തികരിച്ചിരിക്കുന്നു മാരി സെൽവരാജ് എന്ന സംവിധായകനും പരിയേറും പെരുമാൾ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ചലച്ചിത്രം എന്ന നിലയിൽ കലാമൂല്യവും വിനോദോപാധി എന്ന നിലയിൽ പ്രേക്ഷകനോടുള്ള നീതിയും ഒരേ പോലെ സൂക്ഷിച്ചു കൊണ്ട്, ഒരു പുതുമുഖ സംവിധായകന്റെ സിനിമ എന്ന തോന്നലിന് ഒരിടവും നല്‍കാതെയാണ് പരിയേറും പെരുമാളിനെ തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
പരിയേറും പെരുമാൾ താൻ തന്നെയെന്ന് ആർക്കൊക്കെ മനസ്സിലാവുമായിരിക്കും?
താൻ ജീവിക്കുന്ന കോളനിയുടെയോ ഗ്രാമത്തിന്റെയോ പേരു കൊണ്ടുതന്നെ തന്റെ ജാതി എന്തെന്ന് തിരിച്ചറിയപ്പെടുമെന്നും അതുമൂലം അവഗണിക്കപ്പെടുമെന്നോ അപമാനിക്കപ്പെടുമെന്നോ ഉള്ള ഭയത്താൽ തൊട്ടടുത്ത ഗ്രാമത്തിന്റെ പേരു പറയേണ്ടി വന്നിട്ടുള്ള ഓരോരുത്തനും പരിയേറും പെരുമാൾ ബി.എ.ബി.എൽ, പുളിയാകുളം എന്ന് മുഴുവൻ വിലാസവും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും അതുമൂലം ജീവനും ജീവിതവും അപകടപ്പെട്ടു പോവുന്ന പരിയനെ മനസ്സിലാവും. കൂട്ടുകാരന്റെ ഈറനുണങ്ങാത്ത ഉടുപ്പ് കടം വാങ്ങി കല്യാണത്തിനു പോയിട്ടുള്ള, കുടിക്കുന്ന ഗ്ലാസിൽ, കുളിക്കുന്ന വെള്ളത്തിൽ, കഴിക്കുന്ന ഭക്ഷണത്തിൽ, കിടക്കുന്ന വീട്ടിൽ, പഠിക്കുന്ന ഇടങ്ങളിൽ, ഇരിക്കുന്ന സീറ്റിൽ, നടക്കുന്ന വഴികളിൽ, ചെയ്യുന്ന തൊഴിലിൽ, പ്രണയത്തിൽ, സൗഹൃദത്തിൽ, പകയിൽ എല്ലാം തന്നെ ജാതിയെന്തെന്ന് ഒരിക്കലെങ്കിലും തൊട്ടറിഞ്ഞിട്ടുള്ള ഓരോരുത്തർക്കും പരിയനെ മനസ്സിലാവും. വിവാഹാഘോഷത്തിന് കുതിരപ്പുറത്തേറിയതിനാൽ ദലിതനായ വരനെ സവർണർ കൂട്ടം ചേർന്നു തല്ലിക്കൊന്ന വാർത്ത അസ്വസ്ഥനാക്കിയ ഓരോരുത്തർക്കും കുതിരപ്പുറമേറിയ പെരുമാളെ മനസ്സിലാവും. അവൻ ഡോ. അംബേഡ്കറാവാൻ വേണ്ടി ലോ കോളോജിൽ പഠിക്കാൻ വന്നവൻ, തന്റെ കൂടപ്പിറപ്പുകൾക്കെതിരെ ഉയരുന്ന അന്യായങ്ങൾക്കെതിരെ നീതിയുടെ ശബ്ദമാവാനുള്ള നിയോഗം സ്വയമേറ്റെടുത്തവൻ.
കിറുമി, വിക്രംവേദ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ കഴിവുറ്റ നടൻ എന്നു തെളിയിച്ച കതിർ, അതിമനോഹരമായാണ് പരിയേറും പെരുമാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടും കൃത്രിമത്വമില്ലാതെ, ഭയവും ക്രോധവും വേദനയും അസ്വസ്ഥതകളും ഉൾപ്പെടെയുള്ള തീവ്രവൈകാരിക രംഗങ്ങളെപ്പോലും തികഞ്ഞ കയ്യടക്കത്തോടെ കതിർ ഭംഗിയായി ചെയ്തിരിക്കുന്നു. നായക കഥാപാത്രത്തിന്റെ മാത്രമല്ല, സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളുടെ സൃഷ്ടിയിലും കാസ്റ്റിംഗിലും പുലർത്തിയിരിക്കുന്ന സൂക്ഷ്മത പ്രശംസനീയമാണ്. ജ്യോതി മഹാലക്ഷ്മി എന്ന നായികാ കഥാപാത്രത്തെ ഭംഗിയാക്കിയ ആനന്ദി, ജ്യോതി മഹാലക്ഷ്മിയുടെ അച്ഛൻ കഥാപാത്രമായെത്തിയ മാരിമുത്തു, പരിയന്റെ സുഹൃത്തായ നിയമ വിദ്യാർഥിയെ അവതരിപ്പിച്ച യോഗി ബാബു, തെരുക്കൂത്ത് കലാകാരനായ പരിയന്റെ അച്ഛനെ അവതരിപ്പിച്ച വണ്ണാർ പേട്ടൈ തങ്കരാജ്, അമ്മ, പ്രിൻസിപ്പൽ, പ്രേക്ഷകന്റെ ഉടലിലൂടെ അറിയാതെ കടന്നു പോകുന്ന വിറയലുണ്ടാക്കുന്ന, നിശബ്ദമായ വിദൂര സാന്നിധ്യങ്ങളിൽപ്പോലും ഭയം ജനിപ്പിക്കുന്ന കരാട്ടേ വെങ്കടേശൻ എന്ന അറുപതു വയസ്സുകാരൻ വില്ലൻ, ഗ്രാമത്തലവൻ, കറുപ്പി എന്ന നായ തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമുണ്ട് എടുത്തു പറയേണ്ടുന്ന പ്രത്യേകതകൾ.
ചിത്രത്തിന്റെ അവസാനം പരിയൻ നായികയുടെ അച്ഛനോടായി പറയുന്ന ” നീങ്ക നീങ്കളാ ഇരിക്കറവരേയ്ക്കും നാൻ നായായ് താനിരിക്കണമെന്ന് നീങ്ക എതിർ പാക്കിറവരേക്കും ഇങ്ക എതുവും മാറാത്” എന്ന ഡയലോഗ് യഥാര്‍ഥത്തില്‍ നായികയുടെ അച്ഛനോടല്ല, മറിച്ച് അടിക്കാനുയർത്തിയ കൈകളോടെ തങ്ങൾക്കു ചുറ്റും നിൽക്കുന്ന, മുഖത്തു മൂത്രമൊഴിക്കാനും കൊന്നുകളയാനും മടിക്കാത്ത അധീശ വർഗ പ്രതിനിധികളായ ഓരോ മനുഷ്യരോടുമാണ്.
ദീർഘ സംഭാഷണങ്ങൾ ചിത്രത്തിൽ ഒരിടത്തുമില്ല. ചുരുക്കം ചില ഡയലോഗുകളിലുടെ കഥാപാത്രത്തിന്റെ മനസും ചിന്തയും പ്രേക്ഷകനു വ്യക്തമാക്കിക്കൊടുക്കാൻ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. കല്യാണത്തിനെത്തിയ പരിയനെ മുറിയിൽ പൂട്ടിയിട്ട് അടിക്കുന്ന രംഗത്തിനൊടുവിൽ നായികയുടെ അച്ഛൻ പറയുന്നത് “ഡേ തമ്പീ, ഉന്നോട് സേർത്ത് എൻപൊണ്ണയും കൊന്നിടുവാങ്കെടാ” എന്നാണ്. ആ ഒറ്റ വാചകത്തിൽ ഒരച്ഛന്റെ ആത്മസംഘർഷം മുഴുവനുമുണ്ട്. തമാശകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായകന്റെ സുഹൃത്ത് “നാൻ എന്നടാ ജാതി പാത്താ ഉന്നോട് പഴകിറേ ..” എന്നൊരു ചോദ്യം നിസ്സഹായമായി ചോദിക്കുന്നുണ്ട്. അങ്ങനെയും മനുഷ്യരുണ്ട് എന്നെങ്ങനെ അതിലും വ്യക്തമായി പറയാനാവും! ചിത്രത്തിന്റെ അവസാനം പരിയൻ നായികയുടെ അച്ഛനോടായി പറയുന്ന ” നീങ്ക നീങ്കളാ ഇരിക്കറവരേയ്ക്കും നാൻ നായായ് താനിരിക്കണമെന്ന് നീങ്ക എതിർ പാക്കിറവരേക്കും ഇങ്ക എതുവും മാറാത്” എന്ന ഡയലോഗ് യഥാര്‍ഥത്തില്‍ നായികയുടെ അച്ഛനോടല്ല, മറിച്ച് അടിക്കാനുയർത്തിയ കൈകളോടെ തങ്ങൾക്കു ചുറ്റും നിൽക്കുന്ന, മുഖത്തു മൂത്രമൊഴിക്കാനും കൊന്നുകളയാനും മടിക്കാത്ത അധീശ വർഗ പ്രതിനിധികളായ ഓരോ മനുഷ്യരോടുമാണ്. അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നവർ അത് തങ്ങളുടെ വിധിയെന്ന് കരുതി പ്രതികരണ ശേഷിയില്ലാത്തവരായി മാറുകയും മാറ്റപ്പെടുകയും ചെയ്യുന്നതിന് ഉദാഹരണമാണ്, തന്റെ അച്ഛനെ അപമാനിച്ചവരോട് പ്രതികാരം ചെയ്യാൻ ഒരുങ്ങുന്ന പരിയനെ അമ്മ തടയുന്ന രംഗം. ” ഉൻ അപ്പാവുക്കിത് മുതൽ തടവൈയാ…?” എന്നാണ് ആ ചോദ്യം. എവ്വിധമാണ് ഒരു ജനത തങ്ങളുടെ മേൽ ചുമത്തപ്പെടുന്ന ജാതിക്കൊടുമകളോട് നിസ്സഹായമായി സമരസപ്പെടുന്നതെന്ന് എത്ര സൂക്ഷ്മമായാണ് അമ്മയുടെ വാക്കുകൾ വെളിപ്പെടുത്തുന്നത് എന്നു നോക്കൂ. ചലച്ചിത്രം കണ്ടു മടങ്ങുമ്പോഴും പ്രേക്ഷകന്റെ ഉള്ളിൽ തങ്ങി നിൽക്കുന്ന ഈ വൈകാരിക രംഗങ്ങളോരോന്നും സംഭാഷണങ്ങളേക്കാൾ ഏറെ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്.
പ്രതീകങ്ങളുടെ രാഷ്ട്രീയം
പാ രഞ്ജിത്തിന്റെ കബാലിയും കാലയും ഉൾപ്പെടെയുള്ള സിനിമകളിലെ പോപ്പുലറായ ഗാനങ്ങൾ ചെയ്ത സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. പരിയേറും പെരുമാളിലെ ഗാനങ്ങൾ പ്രതീക്ഷ തെറ്റിച്ചില്ല. റെയിൽപ്പാളത്തിൽ നുറുങ്ങിയ മാംസക്കഷണങ്ങളായി ചിതറിക്കിടക്കുന്ന കൊല ചെയ്യപ്പെട്ട തന്റെ നായുടെ ശവത്തെ ചേർത്തു പാടുന്ന ചാവു പാട്ടാണ് “കറുപ്പീ എൻ കറുപ്പീ”. “നീ നാലു കാലിൽ ജനിച്ചു ഞാനിരുകാലിലും, ചത്തത് നീയല്ല ഞാനാണ്, കൊന്നതാരെന്നുമെന്തിനെന്നും അവർക്കും നമുക്കുമറിയാം” എന്ന് ഉള്ളു നുറുങ്ങി നൊന്തു കരയുന്നവന്റെ നൊമ്പരത്തിൽ നിന്നാണ് കറുപ്പി വെറും നായല്ലെന്നും പ്രേക്ഷകൻ തിരിച്ചറിയുന്നത്. ചിത്രത്തിനു പുറത്തു വച്ചു നോക്കിയാൽ തീവ്രമായ നഷ്ടപ്രണയത്തെ ധ്വനിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന “കറുപ്പീ എൻ കറുപ്പീ…” എന്ന ഗാനം അത്രമേൽ അസ്വസ്ഥമാക്കുന്ന യഥാതഥ പ്രതീകദൃശ്യങ്ങളിലൂടെ കറുപ്പിന്റെ രാഷ്ട്രീയം തന്നെ പറയുകയാണ്. നീലയെന്ന് നിറം മാറുന്നയിടങ്ങളിൽ കറുപ്പി വഴിയും പ്രതീക്ഷയുമാണ്, അവന്റെ പേച്ചും കണ്ണീരും അറിയുന്ന, അവന്റെ അഴുക്കുകളെ നാവാലൊപ്പി മാറ്റുന്ന, അവന്റെ മഹാസങ്കടങ്ങൾക്ക് നേർസാക്ഷി. കറുപ്പി രണ്ടാം വട്ടം ചിത്രത്തിലേക്ക് ഓടി വരുന്നത് “നാൻ യാർ” എന്ന ഗാനത്തിലാണ്. അപ്പോൾ അവൾ മുറിവേറ്റവളാണ്. “എങ്കും പുകഴ്” എന്ന ഗാനവും നൃത്തരംഗവും “വണക്കവണക്കം” തുടങ്ങി ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചവയാണ്. ഗാനരചനയിലും സംവിധായകൻ മാരി സെൽവരാജിന്റെ കൈയ്യൊപ്പുണ്ട്. കഥാപാത്രങ്ങളുടെയും രംഗങ്ങളുടെയും വൈകാരിക തീവ്രത കൃത്യമായി പ്രേക്ഷകനിലേക്ക് പകരുന്ന പശ്ചാത്തല സംഗീതവും കാമറയുടെ ചലനങ്ങളും വിനോദത്തിനു വേണ്ടി കൂട്ടിച്ചേർക്കപ്പെട്ട അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാത്ത സൂക്ഷ്മമായ എഡിറ്റിംഗും സാങ്കേതികമായും ചിത്രത്തെ മികച്ചതാക്കുന്നു.
പരിയേറും പെരുമാൾ പ്രതീകങ്ങളിലുടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്ത് എന്നൊരു വിലയിരുത്തൽ കൂടി ഉണ്ടാവേണ്ടതുണ്ട്. കറുപ്പി എന്ന നായ, ആവർത്തിച്ച് ദൃശ്യമാകുന്ന നീല നിറം, ഡോ. അംബേഡ്കറുടെ ചിത്രങ്ങൾ, പ്രതിമ, അർധ നഗ്നനായി ഓടിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന ദലിത് ഉടലിന്റെ പശ്ചാത്തലത്തിൽ ലോ കോളേജ് മുറ്റത്ത് കുത്തിനിർത്തപ്പെട്ട ബഹുവർണ്ണക്കൊടികൾ, അപകടങ്ങളും ആത്മഹത്യകളുമാക്കി മാറ്റപ്പെടുന്ന കൊലകളുടെ പോസ്റ്ററുകൾ, അസമത്വത്തിന്റെ ചായ ഗ്ലാസുകൾ; എത്രയേറെ പ്രതീകങ്ങളാണ് ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ!
കറുപ്പിയെക്കുറിച്ച് മുന്നേ പറഞ്ഞു. അവളുടെ ഉടൽപ്പകർച്ചകളിലെ നീലയെക്കുറിച്ച് പറയാം. 1997ൽ ഇറങ്ങിയ പെർഫെക്ട് ബ്ലൂ എന്ന എൺപതു മിനിട്ടു ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചലച്ചിത്രമുണ്ട്. അതിൽ വൈകാരികമായി തീവ്രതയുള്ള രംഗങ്ങളിൽ ചുവപ്പു നിറമാണ് അത് സൂചിപ്പിക്കാൻ സംവിധായകൻ ഉപയോഗിക്കുന്നത്. പരിയേറും പെരുമാളിൽ പെർഫെക്ടായി ബ്ലൂ/നീല തന്നെയാണ് ഉപയോഗിക്കുന്നത്. അക്രമിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന ഉടലുകളിലെല്ലാം നീല നിറം. അതിജീവനത്തിലേക്കുള്ള കുതിപ്പിൽ നീല നിറം. അവസാന രംഗത്ത് അലറി കുതിച്ചെത്തുന്ന തീവണ്ടിക്കു മുന്നിലൂടെ കുതിച്ചു പാഞ്ഞു വരുന്ന നീലനിറമുള്ള കറുപ്പി. അവൾ പരിയനെ തന്റെ നാവാൽ നക്കി ഉണർത്തുന്നത് ജീവിതത്തിലേക്കാണ്. തീവ്രാപമാനങ്ങളിൽ നിന്നും വേദനകളിൽ നിന്നും മരണത്തിൽ നിന്നും അതിജീവനത്തിലേക്ക് ഉയിർപ്പിക്കുന്ന നീല.
പരിയേറും പെരുമാളിൽ പെർഫെക്ടായി ബ്ലൂ/നീല തന്നെയാണ് ഉപയോഗിക്കുന്നത്. അക്രമിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന ഉടലുകളിലെല്ലാം നീല നിറം. അതിജീവനത്തിലേക്കുള്ള കുതിപ്പിൽ നീല നിറം. അവസാന രംഗത്ത് അലറി കുതിച്ചെത്തുന്ന തീവണ്ടിക്കു മുന്നിലൂടെ കുതിച്ചു പാഞ്ഞു വരുന്ന നീലനിറമുള്ള കറുപ്പി. അവൾ പരിയനെ തന്റെ നാവാൽ നക്കി ഉണർത്തുന്നത് ജീവിതത്തിലേക്കാണ്. തീവ്രാപമാനങ്ങളിൽ നിന്നും വേദനകളിൽ നിന്നും മരണത്തിൽ നിന്നും അതിജീവനത്തിലേക്ക് ഉയിർപ്പിക്കുന്ന നീല.
അതിജീവനത്തിന് അറിവധികാരത്തെ തന്നെ ആയുധമാക്കാനാണ് സിനിമ ആവശ്യപ്പെടുന്നത്. അതിൽ ഇംഗ്ലീഷിനുള്ള പ്രാധാന്യത്തെ സിനിമ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ സാവിത്രീ ഭായ് ഫൂലെ തന്റെ പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് കവിതയിൽ പറയുന്നു,
“In such a dismal time of ours
Come Mother English,
this is your hour.
Throw off the yoke
of redundant belief
Break open the door
walk out in relief.”
ജാതി വ്യവസ്ഥയുടെ അടിച്ചമർത്തലുകളിൽ നിന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കായ ദലിതർ തങ്ങളുടെ വിമോചനത്തിനുള്ള ഭാഷയെന്ന നിലക്ക് ഇംഗ്ലീഷിനെ കാണണമെന്ന് ഡോ.അംബേഡ്കറും നരേന്ദ്ര യാദവും അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാൽ ദശാബ്ദങ്ങൾക്കിപ്പുറവും വിമോചനത്തിന്റെ ആ വാതിൽ ദലിത് ജനതക്കു മുന്നിൽ അടഞ്ഞുതന്നെ കിടക്കുന്നുവെന്ന നഗ്ന യാഥാർത്ഥ്യം പരിയേറും പെരുമാൾ തുറന്നു കാട്ടുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രാദേശിക ഭാഷ അധ്യയന മാധ്യമമായും ഇംഗ്ലീഷ് ആറാം ക്ലാസു മുതൽ മാത്രമുള്ള പഠന വിഷയമായും ഉള്ള ഏകീകൃതസമ്പ്രദായം ഇന്ത്യയൊട്ടാകെ നടപ്പിലാക്കിയത് ബ്രിട്ടീഷുകാരാണ്. പക്ഷേ, പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നടങ്കം കുത്തകവത്കരിക്കപ്പെടുകയും ഉയർന്ന ഫീസ് നൽകി പഠിപ്പിക്കേണ്ടുന്ന അത്തരം സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മുഖ്യഅധ്യയന മാധ്യമവും പ്രാദേശിക ഭാഷ ഉപഭാഷ മാത്രമാവുകയും ചെയ്തതോടെ വിദ്യാഭ്യാസത്തിൽ രണ്ടു തരം പൗരത്വങ്ങൾ സൃഷ്ടിക്കപ്പെടുകയും സ്വാഭാവികമായും സർക്കാർ വിദ്യാലയങ്ങൾ മാത്രം വിദ്യാഭ്യാസത്തിനാശ്രയമായ ദലിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസപരമായി രണ്ടാം തരം പൗരത്വത്തിലേക്ക് തഴയപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് മുഖ്യ അധ്യയന മാധ്യമമാവുന്ന യൂണിവേഴ്സിറ്റി അധ്യയന തലത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികളുടെ ശതമാനക്കണക്കാണ് ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER). ഇതിൽ ഇന്ത്യ വെറും 12%-ത്തിലാണ് നിൽക്കുന്നത്. അതിൽ തന്നെ ദലിത് വിദ്യാർഥികളുടെ ശതമാനം നേർ പകുതിയാണ്, 6%. പരിയൻ ആ ആറു ശതമാനത്തിലൊരാളാണ്. ഉയർന്ന മാർക്കോടെ മറ്റെല്ലാ വിഷയങ്ങളിലും പാസായിട്ടും ഇംഗ്ലീഷിൽ തോറ്റു പോയവൻ. അതിന്റെ പേരിൽ ആവർത്തിച്ച് അവഹേളിക്കപ്പെട്ടവൻ. അതു തന്റെ പിഴയല്ലാ എന്നും നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടാൻ അവൻ ശ്രമിക്കുന്നുണ്ട്. ഒടുവിലവൻ ഇംഗ്ലീഷ് ഭാഷയെ കീഴടക്കുന്നു. വിജയിയാവുന്നു.
പെരും ആളുകളുടെ കഥകളാണ് ചലച്ചിത്രങ്ങളേറെയും. സംവിധായകർക്ക് തങ്ങളുടെ ജാതിമേന്മകൾ വിളിച്ചു പറയാന്‍ മാത്രം കൂട്ടിച്ചേർക്കപ്പെട്ട എത്രയോ രംഗങ്ങൾ, എത്ര വേണമെങ്കിലും അതിനുദാഹരണങ്ങൾ അത്തരം പെരും ആളുകളുടെ സിനിമകളിൽ നിന്ന് എടുത്തുകാട്ടാം. പാർശ്വവത്കൃതരുടെയോ അരികുജീവിതങ്ങളുടെയോ കഥകൾ ചലച്ചിത്രത്തിൽ പ്രമേയമായിട്ടില്ലാ എന്നല്ല, തീർച്ചയായും ഉണ്ട്. അവരുടെ ദു:ഖങ്ങളുടെ ദുരിതങ്ങളുടെ ഇല്ലായ്മയുടെ കഥകൾ ധാരാളം ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒന്നല്ല തനിക്ക് ആദ്യം കിട്ടിയ അവസരത്തിൽ തന്നെ മാരി സെൽവരാജ് എന്ന സംവിധായകൻ പറയുന്നത്, മറിച്ച് അവരുടെ ആത്മസംഘർഷങ്ങളെയും വിമോചനത്തെയും അതിജീവനത്തെയും കുറിച്ചാണ്. പ്രദർശനാനുമതി ലഭിച്ച തീയറ്ററുകളുടെ എണ്ണത്തിലടക്കം ഉണ്ടായ വെല്ലുവിളികൾ ഏറ്റെടുത്തു പാ രാഞ്ജിത്ത് പരിയേറും പെരുമാളെ തിരശ്ശീലയിൽ എത്തിക്കുമ്പോൾ ചലച്ചിത്രകലയുടെ നവരാഷ്ട്രീയ ഭാവുകത്വത്തിൽ കൂടിയാണ് പുതുനാമ്പുകൾ മുളയ്ക്കുന്നത്.