ആദിവാസികള്‍ക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക

എസ്എസ്എല്‍സി ജയിച്ച ആദിവാസി കുട്ടികളുടെ എണ്ണം 2009. പ്ലസ് വണ്ണിന് ആദിവാസി വിഭാഗത്തിനായി മാറ്റിവച്ചത് വെറും 529 സീറ്റുകള്‍. വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാന്‍ ആദിവാസി വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും നിവേദന സമര്‍പ്പണവും അനിശ്ചിതകാല സമരവും കൽപ്പറ്റയിലെ വയനാട് കളക്ട്രേറ്റിന് മുന്നില്‍ നടക്കുന്നു. സംഘാടകരുടെ പ്രസ്താവന വായിക്കുക.

ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അവഗണന വംശീയവും ജാതീയവുമായ വിവേചനത്തിന്‍റെ രൂപത്തില്‍ എല്ലാ മേഖലകളിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ആദിവാസി വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വിവേചനം ഭയാനകമാണ്. ആദിവാസികള്‍ ഏറെയുള്ള, പ്രത്യേകിച്ചും ആദിവാസി വിഭാഗക്കാർ പിന്നോക്കം നില്‍ക്കുന്ന  വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പാസായാല്‍ പഠനം അവസാനിപ്പിക്കട്ടെ എന്ന സമീപനമാണ് ഭരണാധികാരികള്‍ പുലര്‍ത്തുന്നത്. ഈ വര്‍ഷം വയനാട് ജില്ലയില്‍ 2009 കുട്ടികള്‍ എസ്എസ്എല്‍സി ജയിച്ചിട്ടുണ്ടെങ്കിലും, 529 പ്ലസ് വൺ സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളു. 1400ലധികം വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിക്കേണ്ടിവരും. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള ആഗ്രഹം വംശീയ വിവേചനം കൊണ്ട് തല്ലിക്കെടുത്തിയിട്ടുണ്ട്. 

വയനാട് ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന 529 സീറ്റില്‍ 317 സീറ്റുമാത്രമാണ് ഹ്യൂമാനിറ്റീസ് / കൊമേഴ്സ് വിഷയങ്ങള്‍ക്കുണ്ടാകാറുള്ളു. 212 സീറ്റ് സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. ഭൂരിപക്ഷം കുട്ടികളും ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ആകെ സീറ്റിന്‍റെ 8% നിരക്കില്‍ 25,000 ത്തോളം സീറ്റുകള്‍ സംസ്ഥാന തലത്തില്‍ മാറ്റിവെക്കാറുണ്ട്. എന്നാല്‍ 6000ത്തിനും 7000ത്തിനും ഇടയില്‍ മാത്രമാണ് സാമൂഹിക പിന്നോക്കാവസ്ഥ കാരണം സംസ്ഥാന തലത്തില്‍ വിജയിക്കാറുള്ളു. ഇങ്ങിനെ കടമ്പ കടന്ന് ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവരിൽ മൂന്നിലൊന്ന് വിഭാഗം കുട്ടികളെയാണ് വിദ്യാഭ്യാസ രംഗത്തു നിന്നും ആട്ടിയോടിച്ച് കൂലിപ്പണിക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. 

സംസ്ഥാന തലത്തില്‍ മാറ്റിവെക്കുന്ന സീറ്റുകള്‍ മറ്റ് ഉയര്‍ന്ന ജാതിക്കാര്‍ക്ക് വകമാറ്റി നല്‍കേണ്ടതാണെന്ന പൊതുബോധമാണ് വിദ്യാഭ്യാസ വകുപ്പ് വെച്ച് പുലര്‍ത്തുന്നത്. പ്രവേശന നടപടിയുടെ തുടക്കത്തില്‍ തന്നെ ഇതര ജില്ലകളില്‍ അധികമായി വരുന്ന എസ്.ടി. സീറ്റുകള്‍ എയ്ഡഡ് സ്കൂളുകള്‍ക്കും മറ്റും കൈമാറും. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം 16,000 സീറ്റുകള്‍ ഒന്നാം അലോട്ട്മെന്‍റിന് ശേഷം പൊതു വിഭാഗത്തില്‍ സീറ്റുകുറവുള്ള മേഖലകളിലേക്ക് മാറ്റുകയുണ്ടായി. പട്ടികവര്‍ഗ സീറ്റുകള്‍ ഒരിക്കല്‍ പോലും സീറ്റുകുറവുള്ള പട്ടികജാതിക്കാര്‍ക്കു വേണ്ടി മാറ്റിയിട്ടുമില്ല. ഇതരജില്ലകളില്‍ അധികമായി വരുന്ന പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ നിന്നും വയനാട് ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമുള്ള സീറ്റുകള്‍ കൈമാറി, അധിക സ്പെഷ്യല്‍ ബാച്ചുകള്‍ തുടങ്ങിയാല്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാന്‍ കഴിയും. സര്‍ക്കാര്‍ കണക്കനുസരിച്ച് 90 ശതമാനത്തിലധികം ആദിവാസി കുട്ടികള്‍ 10-ാം ക്ലാസില്‍ എത്തുന്നതോടെ പഠനം ഉപേക്ഷിക്കുന്നു (dropout). ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രമല്ല, വ്യക്തമായ വംശീയവും ജാതീയവുമായ വിവേചനവും വിദ്യാഭ്യാസ അവകാശം റദ്ദാക്കപ്പെടുന്നതിന് കാരണമാണ്.

ഉന്നതപഠനത്തിന് അര്‍ഹത നേരിടുന്ന (യുജി/പിജി) വിദ്യാര്‍ഥികളോട് കാണിക്കുന്ന അവഗണനയും ചെറുതല്ല:

▪️ വയനാട്ടില്‍ നിന്നും, അട്ടപ്പാടി പോലുള്ള മേഖലകളില്‍ നിന്നും ഉന്നതപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടക്കാനോ ഉള്ള സൗകര്യങ്ങള്‍ ഇല്ല എന്നത് കോളേജുകളും, യൂണിവേഴ്സിറ്റികളും പരിഗണിക്കുന്നില്ല. സ്വയംഭരണ കോളേജുകളും, യൂണിവേഴ്സിറ്റികളുടെ ഏകജാലക പ്രവേശനം പിന്‍തുടരുന്ന കോളേജുകളും അഡ്മിഷന്‍ സംവിധാനത്തില്‍ എസ്.സി/എസ്.ടി സീറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാറില്ല. കൃത്യമായതും, ഏകീകൃതവുമായ ഒരു ഷെഡ്യൂള്‍ എസ്.സി/എസ്.ടി കാറ്റഗറി അഡ്മിഷന് പാലിക്കാന്‍ സര്‍ക്കാര്‍ മാർഗരേഖ നല്‍കിയിട്ടുമില്ല.

▪️ പല സ്വയംഭരണ കോളേജുകളും ഒഴിവുള്ള സീറ്റുകള്‍ അവരുടെ വെബ്സൈറ്റിലോ, പത്രങ്ങളിലോ പ്രസിദ്ധീകരിക്കാറില്ല. സ്പോട്ട് അലോട്ട്മെന്‍റിന്‍റെ തലേദിവസം മാത്രം ഒരു പത്രക്കുറിപ്പ് കൊടുക്കുകയും, ഒഴിവുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. നിരവധി കേസുകളില്‍ എസ്.സി/എസ്.ടി സീറ്റുകള്‍ പൊതുവിഭാഗത്തിന് കൈമാറുന്നു.

▪️ ഇ-ഗ്രാന്‍റ്സ് ഉള്ള കോഴ്സുകള്‍ക്കുപോലും സര്‍ക്കാര്‍ അംഗീകൃത ഫീസ് കൂടാതെ പല കോളേജുകളും 5000 രൂപ മുതല്‍ 10,000 രൂപ വരെ കുട്ടികളോട് അടക്കാന്‍ നിര്‍ബന്ധിക്കുന്നു. സര്‍ക്കാര്‍ ഇടപെടുന്നില്ല.

▪️ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലും എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നു. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ക്ക് പകരം അനാവശ്യ നിര്‍മിതികളാണ് കോടികള്‍ മുടക്കി ട്രൈബല്‍ വകുപ്പ് പണിതിരിക്കുന്നത്. ഉള്ള ഹോസ്റ്റലുകള്‍ തുറക്കുന്നുമില്ല.

▪️ ഉന്നതപഠനത്തിന് വയനാട് ജില്ല വിട്ട് പുറത്തുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ ധനസഹായം ആവശ്യപ്പെട്ടപ്പോള്‍ (കോര്‍പസ് ഫണ്ടില്‍ നിന്നും) വയനാട് ജില്ലാ പ്ലാനിംഗ് സമിതി ഉടനടി വിളിച്ചു ചേര്‍ത്ത് കൊടുക്കേണ്ട എന്ന തീരുമാനമാണ് കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം ജില്ലാ അധികൃതര്‍ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെ ചെയ്തതിന് ശേഷമാണ് 2000 രൂപ പിന്നീട് നല്‍കിയത്.

▪️ ഓണ്‍ലൈന്‍ പഠനസൗകര്യം എല്ലാവര്‍ക്കും നല്‍കിയതായി ഹൈക്കോടതിയെ പട്ടിക ജാതി/പട്ടികവര്‍ഗ വകുപ്പ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആയിരകണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്.

▪️ കൊറോണ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും പിന്തുണ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നില്ല. കൊറോണ കാലം കൊച്ചിയില്‍ അകപ്പെട്ട ഏതാനും വിദ്യാര്‍ഥികള്‍ക്ക് വയനാട്ടില്‍ തിരിച്ചെത്താന്‍ യാത്രാസൗകര്യം ചോദിച്ചപ്പോള്‍, ‘പോയതുപോലെ തിരിച്ചുവരാനാണ്’ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊറോണ കാലത്തും യുജി/പിജി അഡ്മിഷന് വേണ്ടി ഇന്‍റര്‍വ്യൂകളും ടെസ്റ്റും, കോളേജുകള്‍ നടത്താറുണ്ട്. വളരെ പെട്ടെന്നാണ് അറിയിപ്പ് വരാറുള്ളത്. എംഎസ്ഡബ്ല്യുവിന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകാന്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കാനുള്ള അഭ്യര്‍ഥന നടത്തിയപ്പോള്‍ കുട്ടികളുടെ വാസസ്ഥലമായ കോളനിയിലേക്ക് ആംബുലന്‍സ് അയച്ച വിവരദോഷികളായ ട്രൈബല്‍ ഉദ്യോഗസ്ഥരും വയനാട്ടിലുണ്ട്.

▪️ വൈകി നടത്തുന്ന സേ പരീക്ഷയും, ഉയര്‍ന്ന ഫീസും ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നതിന് കാരണമാകുന്നു.

▪️ ദേശീയ വിദ്യാഭ്യാസ നയം വരുന്നതിന് മുന്‍പ് തന്നെ ആദിവാസി – ദലിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് ഭരണാധികാരികള്‍ തുടരുന്ന വംശീയവും ജാതീയവുമായ വിവേചനം വലിയ പങ്കുവഹിക്കുന്നു. മത്സരാധിഷ്ഠിതമായ പുതിയ സംവിധാനം വരുന്നതോടെ അവഗണന ശക്തിപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ KITE വഴി 700  കോടിയാണ് 2016 ന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചത്. ലോകബാങ്കില്‍ നിന്നും വാങ്ങുന്ന 1300 കോടി താമസിയാതെ ഉപയോഗിക്കും. ‘റൂസ’ മോഡലിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കോടികള്‍ വേറെയും. ഇതില്‍ ചെറിയ തുകപോലും ആദിവാസി – ദലിത് മേഖലക്കോ മറ്റ് പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക് വേണ്ടിയോ ഉപയോഗിച്ചിട്ടില്ല. പിന്നോക്കം നില്‍ക്കുന്ന ആദിവാസി – ദലിത് വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെന്നപോലെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ നേരിടുന്ന അവഗണന വംശീയമായ വിവേചനമല്ലാതെ മറ്റെന്താണ്?

സുൽത്താൻ ബത്തേരി ഫ്രീഡം സ്ക്വയറിൽ സമരം തുടരുന്ന വിദ്യാർഥികൾ

ഈ സാഹചര്യത്തില്‍ “വിദ്യാഭ്യാസം ജന്മാവകാശ”മെന്ന മുദ്രാവാക്യമുയര്‍ത്തി  ആദിവാസി ഗോത്രമഹാസഭയും, ആദിശക്തിസമ്മര്‍ സ്കൂളും മറ്റ് ആദിവാസി – ദലിത് സംഘടനകളും സംയുക്തമായി വയനാട് കളക്ടറേറ്റ് മുന്നിൽ പ്രക്ഷോഭമാരംഭിക്കുന്നു. ഞങ്ങളുയർത്തുന്ന ആവശ്യങ്ങൾ:

▪️ എസ്എസ്എല്‍സി ജയിച്ച കുട്ടികള്‍ക്ക് പ്ലസ് വൺ പഠന സൗകര്യം ഒരുക്കുക.

▪️ ഡിഗ്രി-ഉന്നതപഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക.

▪️ ഡിഗ്രി-ഉന്നതപഠനത്തിന് എയ്ഡഡ്-സ്വയംഭരണ കോളേജുകള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന നടപടി അവസാനിപ്പിക്കുക.

▪️ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ നല്‍കുക.

▪️ പ്ലസ് വൺ സ്പോട്ട് അലോട്ട്മെന്‍റ് എന്ന തട്ടിപ്പ് അവസാനിപ്പിക്കുക.

ഈ സമരത്തെ എല്ലാ മനുഷ്യ സ്നേഹികളും പിന്തുണക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

1. സതിശ്രീ ദ്രാവിഡ് (കോ-ഓഡിനേറ്റര്‍, ആദി ശക്തി സമ്മർ സ്കൂൾ)

2. എം. ഗീതാനന്ദന്‍  (സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍, എജിഎംഎസ്)

3. സി.എസ്. മുരളി (ജനറല്‍ കണ്‍വീനര്‍, ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ)

4. പി.ജി. ജനാര്‍ദ്ദനന്‍ (സെക്രട്ടറി, ആദിവാസി ഗോത്രമഹാസഭ)

5. ശിവന്‍ ജോഗി (ഗോത്രമഹാസഭ, വയനാട്)

6. എ. ചന്തുണ്ണി (കേരള ആദിവാസി ഫോറം)

7. ഷാജന്‍ പയ്യമ്പിള്ളി (കേരള ആദിവാസി ഫോറം)

8. നാരായണന്‍ മന്മദന്‍പാളി (എജിഎംഎസ്)

9. രമേശന്‍ കൊയാലിപ്പുര (എജിഎംഎസ്)

10. ബിന്ദു മുരിക്കിലാടി (എജിഎംഎസ്)

11. ജഗന്‍നന്ദ (കോ-ഓഡിനേറ്റര്‍)

12. നിഷ ടി.ബി. (കോ-ഓഡിനേറ്റര്‍)

13. ജിഷ്ണു ജി. കൊയാലിപ്പുര (കോ-ഓഡിനേറ്റര്‍)

14. രജനി ലീല വിനോദ് (കോ-ഓഡിനേറ്റര്‍)

15. വിപിന്‍ കെ.പി (കോ-ഓഡിനേറ്റര്‍)

16. അശോകന്‍ സി.എം. (കോ-ഓഡിനേറ്റര്‍, ആദിശക്തി സമ്മർ സ്കൂൾ)

Top