ജനാധിപത്യത്തിലെ നിയമവാഴ്ചയും ക്രിമിനല്‍ നിയമ പരിഷ്കരണവും

ജനങ്ങള്‍ തമ്മിലും, ജനങ്ങളും ഭരണകൂടവും തമ്മിലുമുള്ള വിനിമയം കൂടുതല്‍ ജനാധിപത്യപരവും നിയമവിധേയവുമാക്കുക എന്നതായിരിക്കണം ക്രിമിനൽ നിയമ പരിഷ്കരണത്തിന്‍റെ ആത്യന്തിക ലക്ഷ്യം. ആ നിലക്കുള്ള എല്ലാ ശ്രമങ്ങളും ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ക്രിയാത്മകമായി  ജനാധിപത്യ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് മാത്രമേ നടപ്പിലാക്കാവൂ. സിയർ മനുരാജ് എഴുതുന്നു.

ഇൻഡ്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 മെയ് നാലാം തീയതി ഒരു ‘ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. വ്യക്തിയുടെയും സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുവാനും, വ്യക്തിയുടെ അന്തസ്സിനും ശ്രേഷ്ഠതക്കും കോട്ടംവരുത്താതെ അവര്‍ക്ക് നീതി ഉറപ്പുവരുത്തുകയെന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാനും പര്യാപ്തമായ രീതിയില്‍ ഇൻഡ്യന്‍ ക്രിമിനല്‍ നിയമങ്ങളെ താത്വികമായും കാര്യക്ഷമമായും ഫലപ്രദമായും പരിഷ്കരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ദേശീയ ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റിയുടെ ലക്ഷ്യം. ‘ദേശീയ നിയമ യൂണിവേഴ്സിറ്റി ഡല്‍ഹി’യുടെ വൈസ് ചാന്‍സലറായ പ്രൊഫസര്‍ ‘രണ്‍ബീര്‍ സിംഗാണ്’ ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റിയുടെ ചെയര്‍മാന്‍. ദേശീയ നിയമ യൂണിവേഴ്സിറ്റി ഡൽഹിയുടെ രജിസ്ട്രാര്‍ ജി.എസ് ബാജ്പേയ്, ധര്‍മശാസ്ത്ര ദേശീയ നിയമ യൂണിവേഴ്സിറ്റി ജബല്‍പൂരിന്‍റെ വൈസ് ചാന്‍സലർ ബല്‍രാജ് ചൗഹാന്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന വക്കീല്‍ മഹേഷ് ജഠ്മലാനി, ജുഡീഷ്യല്‍ ഓഫീസറായി വിരമിച്ച ജി.പി തരേജ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ആറു ഗവേഷകരും പതിനാറ് ഗവേഷണ ട്രെയിനികളും ഉള്ളതായി ദേശീയ ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റിയുടെ വെബ്സൈറ്റ് രേഖപ്പെടുത്തുന്നു. ഇവര്‍ക്ക് പുറമെ പ്രൊഫസര്‍ ബി.ബി പാണ്ഡേയും ഡോ. കെ.പി സിംഗും കണ്‍സള്‍ട്ടന്റുകളായും കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡ്യന്‍ പീനല്‍ കോഡ് (IPC), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (CrPC), ഇന്‍ഡ്യന്‍ തെളിവ് നിയമം എന്നിവയിലാണ് കമ്മിറ്റി പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കേണ്ടത്.

കമ്മിറ്റി വെബ്സൈറ്റിലെ വിവരമനുസരിച്ച് 04-07-2020 മുതല്‍ 09-10-2020 വരെയുള്ള കാലയളവിലാണ് കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും ക്രിമിനല്‍ നിയമ പരിഷ്കരണ സംബന്ധിയായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഇതിനായി പരിഷ്കരണ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും, അവിടെ കൊടുത്തിട്ടുള്ള ചോദ്യാവലികള്‍ക്ക് മറുപടി നല്‍കേണ്ടതുമാണ്. ഡല്‍ഹിയിലെ ദേശീയ നിയമ യൂണിവേഴ്സിറ്റിക്കാണ് ക്രിമിനല്‍ നിയമ പരിഷ്കരണത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നതെന്നു വേണം കരുതാന്‍. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ചിഹ്നമുള്ള കത്തിലൂടെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുള്ളത് എന്നതില്‍ നിന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയിലാണ് ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന് അനുമാനിക്കേണ്ടി വരും.

മഹേഷ് ജഠ്മലാനി

ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 372 അനുസരിച്ച് ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങള്‍, അവ പരിഷ്കരിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നതുവരെ തുടരും എന്നാണ്. എന്നാല്‍, നിയമങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പാര്‍ലിമെന്‍റിനെ പ്രാപ്തമാക്കുന്നതിന് ഒരു സംവിധാനം വേണമെന്ന അംഗങ്ങളുടെയും, പുറത്തുനിന്നുള്ള നിയമ വിദഗ്ദരുടെയും ആവശ്യം മാനിച്ച് 1955ല്‍ അന്നത്തെ അറ്റോര്‍ണി ജനറലായ ശ്രീ. എം.സി സേതല്‍വാദിന്റെ അധ്യക്ഷതയിൽ ഒരു നിയമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്താന്‍ ആവശ്യമായ ഉപദേശങ്ങള്‍ പാര്‍ലിമെന്റിന് നൽകുക എന്നതാണ് നിയമ കമ്മീഷന്‍റെ പ്രധാന ചുമതല. കേന്ദ്ര നിയമ-നീതിന്യായ വകുപ്പിന്‍റെ കീഴിലാണ് നിയമ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയാണ് നിയമ കമ്മീഷന്‍റെ ചെയര്‍മാനായി നിയമിക്കുക. ഇൻഡ്യയില്‍ നാളിതുവരെയുണ്ടായ നിയമ പരിഷ്കരണ ശ്രമങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചത് നിയമ കമ്മീഷന്‍ തന്നെയാണ്. ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ ഇൻഡ്യന്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്കരണ ചുമതല നിയമ-നീതിന്യായ വകുപ്പ്, നിയമ കമ്മീഷൻ എന്നിവയിൽ നിന്നും എടുത്തുമാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹിയിലെ ദേശീയ നിയമ യൂണിവേഴ്സിറ്റിയും ഏറ്റെടുത്തിട്ടുള്ളത്. എന്തായിരിക്കും ഈ മാറ്റത്തിന്‍റെ കാരണം എന്ന് പൊതുമണ്ഡലത്തില്‍ ഇതുവരെയും അറിയപ്പെട്ടിട്ടില്ല.

ഭരണകൂടത്തിന്‍റെ അദൃശ്യ സാന്നിധ്യം സകല ഭീകരതകളോടും കൂടി സാധാരണ പൗരന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത് ക്രിമിനല്‍ നിയമങ്ങളുടെ രൂപത്തിലാണ്. ജനജീവിതത്തെ സമ്പൂര്‍ണമായി സ്വാധീനിക്കാനുള്ള ശേഷി ക്രിമിനല്‍ നിയമങ്ങള്‍ക്കും, അതു നടപ്പിലാക്കുന്ന സംവിധാനങ്ങള്‍ക്കുമുണ്ട്.

ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഒരു കച്ചവട കമ്പനിയായി ഇന്‍ഡ്യയില്‍ നിലനിന്നിരുന്ന സമയത്ത്, അന്ന് രാജ്യത്ത് നിലവിലുണ്ടായിരുന്ന ക്രിമിനല്‍ നിയമങ്ങള്‍ അവർ പിന്തുടര്‍ന്നിരുന്നു. പിന്നീട് കമ്പനിയും ജനങ്ങളും തമ്മിലുള്ള ബന്ധം ചിട്ടപ്പെടുത്താൻ അവര്‍ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇത്തരം നിയന്ത്രണങ്ങളെ കൂടുതല്‍ സമഗ്രമാക്കുകയാണ് മെക്കാളെ ചെയ്തത്. ഒരു മര്‍ദക ഭരണകൂടത്തിന് അതിന് കീഴിലുള്ള അടിമ ജനതയെ എങ്ങനെ വരുതിയില്‍ നിര്‍ത്താം എന്നതിൽ കുറഞ്ഞ മറ്റൊരു ലക്ഷ്യവും മെക്കാളെയുടെ പീനല്‍ കോഡിനുണ്ടായിരുന്നില്ല. എന്താണ് താൻ ചെയ്ത കുറ്റം, എന്താണ് അതിന്‍റെ ശിക്ഷ എന്നിവ വാദിക്കും പ്രതിക്കും പോലീസിനും നീതിപീഠത്തിനും യാതൊരു സംശയവുമില്ലാത്തത്ര സുവ്യക്തവും സുതാര്യവുമായിരിക്കണം ക്രിമിനല്‍ കോഡ് എന്നായിരുന്നു മെക്കാളെയുടെ വാദം. ക്രിമിനല്‍ നിയമത്തിന്‍റെ പിടിയിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും യാതൊരു സംശയത്തിനും ഇടയില്ലാതെ നിയമത്തിന്‍റെ അനുഭവമുണ്ടാകണം എന്നായിരിക്കണം ഭംഗ്യന്തരേണ മെക്കാളെ സൂചിപ്പിച്ചത് എന്നാണ് ചരിത്രത്തോട് സംവദിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക.

പൊതുജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പ്രാമാണിക ക്രിമിനല്‍ നിയമം (Substantive Criminal Law), അതിന്‍റെ വിവിധ തലത്തിലുള്ള നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ (Criminal code of procedures), പ്രാമാണിക ക്രിമിനല്‍ നിയമത്തില്‍ ഉള്‍പ്പെടുന്ന ഒരു കുറ്റത്തെ തെളിയിക്കാനോ നിഷേധിക്കാനോ വേണ്ടിയുള്ള തെളിവുകളെക്കുറിച്ച് പറയുന്ന ഇന്‍ഡ്യന്‍ തെളിവ് നിയമം (Indian Evidence Act) എന്നിവയിൽ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുക എന്നത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. മെക്കാളെയുടെ സാമ്രാജ്യത്വ-അധിനിവേശ മൂല്യബോധമുള്ള ക്രിമിനല്‍ നിയമത്തെ സ്വതന്ത്ര ഇന്‍ഡ്യ കഴിഞ്ഞ എണ്‍പത് വര്‍ഷത്തിലേറെയായി അതിന്‍റെ നീതിബോധത്തിനകത്ത് കാത്തുസൂക്ഷിക്കുന്നു എന്നത് ആധുനിക ജനാധിപത്യ രാജ്യം എന്ന നിലക്ക് അപമാനകരമാണ്. ആ നിലക്ക് ഇൻഡ്യന്‍ പീനല്‍ കോഡിലും, അതിന്‍റെ അനുബന്ധ തലങ്ങളിലും സമഗ്രവും സമയോചിതവുമായ പരിഷ്കാരങ്ങള്‍ വരുത്താനുള്ള എല്ലാവിധ ഭരണകൂട ശ്രമങ്ങളെയും അഭിനന്ദിക്കേണ്ടതുണ്ട്. ജനജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ജനായത്ത ഭരണകൂടവും ചെവികൊടുക്കേണ്ടുന്ന വാക്കുകളാണ് ഇംഗ്ലണ്ട്-വെയില്‍സ് പ്രവിശ്യകളുടെ നിയമ കമ്മീഷന്റേത്. അത് ഇപ്രകാരം രേഖപ്പെടുത്താം: “ക്രിമിനല്‍ കോഡ് സുവ്യക്തവും ജനാധിപത്യപരമായും ഭരണഘടനാനുസൃതമായും നിര്‍മിക്കപ്പെടേണ്ടതാണ്”. “എവിടെ ഭരണകൂടം തുടങ്ങുന്നുവോ, അവിടെ വ്യക്തി ഇല്ലാതാവുന്നു. ദേശരാഷ്ട്രത്തിനകത്ത് അധികാരം കയ്യാളുന്നവരും, അതിന്‍റെ തീക്ഷ്ണത പേറുന്നവരുമുണ്ടാകും എന്നതിനാല്‍ അടിമയും ഉടമയുമില്ലാത്ത ഒരു ദേശരാഷ്ട്രത്തെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല” എന്ന മിഖായേല്‍ ബകുനിന്‍റെ വാക്കുകളും ക്രിമിനല്‍ നിയമ പരിഷ്കാരത്തിന് പുറപ്പെടുന്ന ഭരണകൂടത്തിനുള്ള ഉപദേശവും വഴികാട്ടിയുമാണ്.

മിഖായേല്‍ ബകുനിൻ

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനും വിയോജിക്കാനും പ്രതിരോധം തീര്‍ക്കാനും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ബദല്‍ സൃഷ്ടിക്കാനും കഴിയാത്ത ജനത അടിമകളാക്കപ്പെടും എന്നത് ജനാധിപത്യ ജാഗ്രതയില്ലാത്ത പൗരസമൂഹത്തിന്‍റെ ആത്യന്തിക വിധിയാണ്. തങ്ങള്‍ എങ്ങനെ ഭരിക്കപ്പെടണം എന്ന് നിശ്ചയിക്കപ്പെടുന്നത് എല്ലാവര്‍ക്കും ബോധ്യമായ ജനാധിപത്യ ചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ നിന്നായിരിക്കണം എന്നത് ജനാധിപത്യ ജാഗ്രതയുള്ള പൗരസമൂഹത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമാണ്. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്ന ഇന്‍ഡ്യന്‍ ക്രിമിനല്‍ നിയമ പരിഷ്കരണ നടപടികള്‍ എത്രത്തോളം ജനാധിപത്യ മൂല്യങ്ങള്‍ പേറുന്നതാണ് എന്ന് പരിശോധിക്കുന്നത് ജനാധിപത്യത്തിന്‍റെ തന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

ആരെയാണ് ക്രിമിനല്‍ നിയമങ്ങള്‍ ബാധിക്കുക? കുറ്റം ചെയ്യുന്നവരെ എന്നായിരിക്കും ഏറ്റവും നിഷ്കളങ്കമായ ഉത്തരം. എന്നാല്‍ ഈ ഉത്തരം അത്ര ഋജുവും നിഷ്കളങ്കവുമല്ലെന്നാണ് ഇന്‍ഡ്യന്‍ ജയിലുകളിലും നീതിപീഠങ്ങളുടെ മുന്‍പിലുമായി ജീവിതം ഹോമിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ നമ്മോട് പറയുന്നത്. ‘ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ’ പുറത്തിറക്കിയ 2018ലെ ജയില്‍ റിപ്പോര്‍ട്ടനുസരിച്ച് 1339 ജയിലുകളിലായി 4,66,084 പേരാണ് ഇൻഡ്യയിലുള്ളത്. ഇവരില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിചാരണ നേരിടുന്നവര്‍, വിചാരണ കാത്തിരിക്കുന്നവര്‍ തുടങ്ങി പലതരം ആളുകളുണ്ട്. 2018ല്‍ പല സമയത്തായി ഇൻഡ്യയിലെ ജയിലുകളില്‍ താമസിച്ച ആളുകളുടെ എണ്ണം 18,47,258 ആയിരുന്നു. ജയില്‍ അന്തേവാസികളില്‍ 69.4 ശതമാനം ആളുകള്‍ വിചാരണ കാത്തുകഴിയുന്നവരാണ്. 1732 സ്ത്രീകളും, അവരുടെ 1999 കുട്ടികളും വിവിധ ജയിലുകളിലായി ഉണ്ട്. 43.4 ശതമാനം ആളുകള്‍ 18-30 വയസ്സിനുള്ളില്‍ പെട്ടവരാണ്. 43.3 ശതമാനം ആളുകള്‍ 30-50 പ്രായത്തില്‍ പെട്ടവരും, ബാക്കിയുള്ളവര്‍ അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. പത്താം ക്ലാസിനും അതിന് താഴെയും മാത്രം വിദ്യാഭ്യാസമുള്ളവര്‍ 61.9 ശതമാനം വരുന്നു. 28.94 ശതമാനം ആളുകള്‍ നിരക്ഷരരാണ്.

ജയിലില്‍ കിടക്കുന്ന ആളുകളുടെ ജാതിയും മതവും അത്ര എളുപ്പത്തില്‍ പിടികിട്ടാത്ത രീതിയിലാണ് 2018 ക്രൈം റെക്കോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. കുറ്റാരോപണങ്ങളുടെയും കുറ്റവാളിവത്കരിക്കപ്പെടുന്നവരുടെയും ലോകത്തിനകത്ത് മൂടിവെക്കപ്പെടുന്ന സാമൂഹിക യഥാര്‍ഥ്യങ്ങള്‍ ജാതിരാഷ്ട്രീയം പയറ്റുന്ന ഭരണകൂടങ്ങള്‍ക്ക് പഥ്യമാകില്ലല്ലോ. ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ 2014ലെ ക്രൈം റിപ്പോര്‍ട്ടിന് കഴിയും.

അതു പ്രകാരം ഇൻഡ്യയിലെ ജയിലുകളില്‍ 2014 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് ശിക്ഷിക്കപ്പെട്ടവരില്‍ 33.2 ശതമാനം ആളുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. 33.5 ശതമാനം ആളുകള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും. വിചാരണ നേരിടുന്നവരില്‍ 31.4 ശതമാനം ആളുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും, 31.3 ശതമാനം ആളുകള്‍ പിന്നോക്ക ജനവിഭാഗങ്ങളും ആയിരുന്നു. ഈ അവസ്ഥക്ക് ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. 2014ല്‍ ഇൻഡ്യന്‍ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ 66.7 ശതമാനം ആളുകള്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ജനവിഭാഗങ്ങളായിരുന്നു. ഇതേ കാലയളവില്‍ വിചാരണ നേരിട്ട 62.7 ശതമാനവും അവർ തന്നെ. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ജനവിഭാഗങ്ങള്‍ ജയിലില്‍ കിടക്കുന്നു എന്നതിനപ്പുറം, അവരില്‍ പലര്‍ക്കും മതിയായ വിദ്യാഭ്യാസമോ വരുമാനമോ സ്വത്തോ ഇല്ല എന്നതും, അവരില്‍ ഭൂരിപക്ഷവും കുടുംബത്തിന്‍റെ ആശ്രയമാകാന്‍ പോന്ന പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരുമാണെന്നതും നമ്മുടെ ശ്രദ്ധപതിയേണ്ട വിഷയമാണ്. ലക്ഷക്കണക്കിന് പിന്നോക്ക ജനതകള്‍ ജയിലുകളില്‍ കിടക്കുന്നു എന്നതും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബാലവേല, ലൈംഗിക തൊഴിലിന് കുട്ടികളെ ഉപയോഗിക്കൽ, ലൈംഗിക തൊഴില്‍, ഭിക്ഷാടനം, കുറഞ്ഞ കൂലിക്ക് അടിമകളെ പോലെ തൊഴിലെടുപ്പിക്കൽ തുടങ്ങിയ സംഗതികളും ഗവേഷകര്‍ കൂട്ടിവായിക്കേണ്ടതാണ്. ജയില്‍ ജനസംഖ്യയുടെ സാമൂഹിക പരിസരങ്ങളെ സൂക്ഷ്മമായി വിലയിരുത്തി മാത്രമേ ഇപ്പോള്‍ നടക്കുന്ന ഇന്‍ഡ്യന്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്കരണ ശ്രമങ്ങളെ വിലയിരുത്താന്‍ കഴിയൂ.

ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം, അവിടെ നൽകിയിരിക്കുന്ന ചോദ്യാവലികളില്‍ നമ്മുടെ ഉത്തരങ്ങള്‍, കമന്റുകള്‍, നിര്‍ദേശങ്ങള്‍ എന്നിവ കൊടുക്കാവുന്ന രീതിയിലാണ് കമ്മിറ്റി അതിന്‍റെ പ്രാരംഭ തെളിവെടുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സ്വന്തമായി സ്ഥാനവും മേല്‍വിലാസവും ഉള്ളവരോടാണ് വിവരങ്ങള്‍ തേടിയിട്ടുള്ളത്. അമ്പതുകളില്‍ തുടങ്ങിയ ഇൻഡ്യയുടെ സോഷ്യലിസ്റ്റ്-മുതലാളിത്ത വികസന ശ്രമങ്ങളുടെ ബലിയാടുകളായ കോടിക്കണക്കിന് ആളുകളാണ് തെരുവുകളിലും ഖനികളിലും കൂലിയില്ലാ തോട്ടങ്ങളിലും ഫാക്ടറികളിലും ചുവന്ന തെരുവുകളിലും ആളൊഴിഞ്ഞ നഗര ചത്വരങ്ങളിലും ജീവിക്കുന്നത്. അവരുടെ പ്രതിനിധികളാണ് ജയിലില്‍ കിടക്കുന്ന ആദിവാസികളും ദലിതരും പിന്നോക്ക വിഭാഗക്കാരുമൊക്കെ. ഇൻഡ്യന്‍ ക്രിമിനല്‍ നിയമങ്ങളുടെ പ്രഹരശേഷി നിരന്തരം അനുഭവിക്കുന്ന ആളുകളാണ് ജയിലില്‍ കിടക്കുന്നവര്‍. അതുപോലെ, പോലീസ് സ്റ്റേഷനുകളിലും കോടതികളിലും തെരുവുകളിലും ദിനംപ്രതി ഈ നിയമങ്ങളുടെയും, അതിന്‍റെ നടത്തിപ്പുകാരുടെയും ജനാധിപത്യ വിരുദ്ധ നടപടികള്‍ ലക്ഷങ്ങളാണ് അനുഭവിക്കുന്നത്. പാവപ്പെട്ട ദലിതര്‍, ആദിവാസികള്‍, പിന്നോക്ക ജനതകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ലൈംഗിക തൊഴിലാളികള്‍, ന്യായമായ കൂലിക്കായി സമരം ചെയ്യുന്നവര്‍, ഭരണകൂട ഭീകരതക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നവര്‍, കുത്തക മുതലാളിത്ത ചൂഷണത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നവര്‍ എന്നിവരൊക്കെയും ഇന്‍ഡ്യന്‍ പീനല്‍ കോഡിന്‍റെ രുചി അറിഞ്ഞവരാണ്. ഇന്‍ഡ്യന്‍ പീനല്‍ കോഡിന്‍റെ ചൂട് അനുഭവിക്കുന്ന ജയിലിലും പുറത്തുമുള്ള ആദിവാസികള്‍, ദലിതര്‍, പിന്നോക്ക ജനതകള്‍, ട്രാന്‍സ് വ്യക്തികൾ, ലൈംഗിക തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയവരൊക്കെയും പറയുന്ന പീനല്‍ കോഡ് പീഡാനുഭവങ്ങളുടെ ആഴങ്ങളിലേക്ക് എത്തിനോക്കുക കൂടി ചെയ്യാതെ നിർമിച്ചെടുക്കുന്ന ക്രിമിനല്‍ കോഡ് പരിഷ്കാരങ്ങളുടെ ബൗദ്ധിക വ്യായാമങ്ങള്‍ ഭരണകൂടത്തിന്റെ സ്ഥാപിത വര്‍ഗ താല്‍പ്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതായേക്കും.

ഇൻഡ്യന്‍ പീനല്‍ കോഡിന്‍റെ പരിഷ്കരണ പ്രക്രിയയില്‍ മുകളില്‍ പറഞ്ഞ ആളുകള്‍ക്ക് എന്ത് പങ്കാളിത്തമാണ് സര്‍ക്കാര്‍ വിഭാവന ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ പോലും പരിഗണിക്കാതെ കേവലം ആറുമാസം കൊണ്ട് തിടുക്കപ്പെട്ട് പരിഷ്കരിക്കാന്‍ മാത്രം എന്ത് അടിയന്തര സാഹചര്യമാണ് ഇൻഡ്യന്‍ പീനല്‍ കോഡില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇൻഡ്യന്‍ പാര്‍ലിമെന്റില്‍ ഭരണകക്ഷിയുടെ മൃഗീയ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ഇശ്ചാശക്തിയുടെ അഭാവവും ചേർന്ന്, “എത്ര നല്ല ഭരണഘടനയും മോശം ആളുകളുടെ കയ്യില്‍ പെട്ടാല്‍ ഉപകാരമില്ലാത്തതാകും‘’ എന്ന അംബേഡ്കര്‍ പ്രവചനം സാധൂകരിക്കപ്പെടുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

മെക്കാളെ പ്രഭു

ഭരണഘടനയുടെ അന്തസത്ത വ്യക്തിയുടെ അനുഭവമാകുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ്. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ തന്നെ ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ക്രിമിനല്‍ നിയമ പരിഷ്കാരങ്ങളെ പൊതുജനങ്ങൾ- വിശേഷിച്ചും അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർ- കൂടുതലായി ശ്രദ്ധിക്കേണ്ടിരിയിക്കുന്നു. തെരുവില്‍ പോലീസിനാല്‍ പീഡിപ്പിക്കപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ, ട്രാന്‍സ് വ്യക്തിയുടെ, മാവോയിസ്റ്റ് ആരോപണം നേരിടുന്ന ആദിവാസിയുടെ, ദലിതന്‍റെ, തീവ്രവാദ ആരോപണം നേരിടുന്ന മുസ്‌ലിമിന്റെ, കുറ്റവാളികള്‍ എന്ന് ആരോപിക്കപ്പെടുന്ന ശൂദ്രജാതരുടെ അനുഭവങ്ങളെ പരിഗണിക്കാതെ നടത്തുന്ന ഏതൊരു ക്രിമിനല്‍ നിയമ പരിഷ്കാരങ്ങളും ജനാധിപത്യ വിരുദ്ധവും മെക്കാളെയൻ ആശയത്തെ താങ്ങിനിർത്തുന്നതുമാവും.

ഇൻഡ്യ ജാതികളുടെയും മതങ്ങളുടെയും കൂട്ടമാണ്. മതത്തോടും ജാതിയോടും ഭരണാധികാരിയോടും മാത്രം കൂറുപുലര്‍ത്തിയ അടിമക്കൂട്ടങ്ങളില്‍ നിന്നും, ജാതിക്കും മതത്തിനും പണത്തിനും പദവിക്കും നിറത്തിനും ലിംഗത്തിനും ലൈംഗികതക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കും സാംസ്കാരിക മിഥ്യാഭിമാന ബോധങ്ങള്‍ക്കുമപ്പുറം ‘ഇൻഡ്യന്‍ പൗരന്മാർ’ എന്ന മഹത്തായ സംവര്‍ഗത്തിലേക്ക് പരിവര്‍ത്തിപ്പിച്ചത് ഇൻഡ്യന്‍ ഭരണഘടനയാണ്. ജാതിഹിന്ദുക്കളുടെ ഗ്രാമങ്ങളിൽ പാര്‍ശ്വവത്കരിക്കപ്പെട്ട ശൂദ്ര ജാതികളും, അവര്‍ക്കുമപ്പുറം വിഭവരഹിത പുറമ്പോക്കുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ദലിതരും പൗരാവകാശങ്ങളുള്ള മനുഷ്യരായി പരിഗണിക്കപ്പെട്ടതും ഭരണഘടനയിലൂടെയാണ്. ആ ഭരണഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവ അനുഭവിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതില്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡിന് വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ട് ഇൻഡ്യന്‍ ക്രിമിനല്‍ നിയമങ്ങളിലുള്ള ഏതൊരു പരിഷ്കരണവും വിശാലമായ രീതിയില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രം നടത്തേണ്ട കാര്യമാണ്. ഓണ്‍ലൈനില്‍ ആംഗലേയ ഭാഷയില്‍ മാത്രം മറുപടി പറയാന്‍ കഴിയുന്ന സംവിധാനത്തിലൂടെ മാത്രമാകരുത് ക്രിമിനല്‍ നിയമ പരിഷ്കരണം.

പൗരന്മാരോട് അവരുടെ ഭാഷയില്‍ സംവദിക്കാത്ത ഭരണകൂടത്തെ എങ്ങനെ അവരുടെ പ്രതിനിധികളായി കരുതാന്‍ കഴിയും. നിങ്ങളുടെ ഭൂമിയും കാടും നദികളും കിടപ്പാടവും ഞങ്ങള്‍ എടുക്കാന്‍ പോവുകയാണ് എന്ന് അവര്‍ക്കുകൂടി മനസ്സിലാവുന്ന ഭാഷയിൽ പറയാനുള്ള ജനാധിപത്യ ബോധമെങ്കിലും ഭരണകൂടത്തിനു വേണ്ടതില്ലേ.

ഇൻഡ്യന്‍ ക്രിമിനല്‍ നിയമ പരിഷ്കരണത്തിനായി നിയമ കമ്മീഷനെ ചുമതലപ്പെടുത്തുകയും, അതിന്‍റെ പരിഷ്കരണ സമിതിയില്‍ രാജ്യത്തിന്‍റെ ജാതി, മത, ലിംഗ, ലൈംഗിക, ഭാഷാ, ഭൂപ്രദേശ സവിശേഷതകള്‍ ഒക്കെയും പ്രതിഫലിക്കുന്ന രീതിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുകയും, അത്തരമൊരു സമിതിയില്‍ വിശദമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം മാത്രം ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന പരിസരങ്ങളും നിശ്ചയിക്കുകയുമാണ് വേണ്ടത്. അത്തരം ജനാധിപത്യ ഇടപെടലുകളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നും ഉണ്ടാകുന്ന ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമാണ് നമ്മള്‍ പൊതുമനസാക്ഷിയില്‍ നിന്നുകൊണ്ട് ഉത്തരം തേടേണ്ടത്. ക്രിമിനല്‍ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം ആളുകളെ തൂക്കിക്കൊല്ലുകയോ ശിക്ഷിക്കുകയോ അല്ല, മറിച്ച് ഏറ്റവും ദുര്‍ബലനായ പൗരന് പോലും നീതി ഉറപ്പാക്കുക എന്നതാണ്. അപ്പോഴാണ് ഭരണഘടന വിഭാവന ചെയ്യുന്ന ജനങ്ങളുടെ പരമാധികാരം യാഥാര്‍ഥ്യമാകുന്നത്. സമൂഹത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരു സമിതിക്ക് മാത്രമേ ക്രിമിനല്‍ നിയമങ്ങളുടെ സാമൂഹിക പരിസരങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളുടെ പ്രവര്‍ത്തന വൈകല്യങ്ങളെ പറ്റി അനുഭവസ്ഥര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് പരിഷ്കരണ ശ്രമങ്ങളുടെ ഏറ്റവും ഉചിതമായ തുടക്കമാണ്.

ക്രിമിനല്‍ നിയമങ്ങള്‍ ഒരു സമഗ്രതയാണ്. അതുകൊണ്ടുതന്നെ, ഏതെങ്കിലും അരികുകളിൽ മാത്രം നടത്തുന്ന പരിഷ്കരണം ഗുണത്തെക്കാള്‍ ദോഷം മാത്രമേ ഉണ്ടാക്കൂ. രാജ്യത്തിന്‍റെ ഭരണഘടന വിഭാവന ചെയ്യുന്ന മൂല്യബോധങ്ങളുടെ പ്രായോഗികവത്കരണം സാധ്യമാക്കുന്ന രീതിയിലുള്ള സമഗ്രമായ പരിഷ്കരണമാണ് രാജ്യം ആവശ്യപ്പെടുന്നത്. അതിനാവശ്യമായ പണവും മനുഷ്യവിഭവങ്ങളും പര്യാപ്തമായ സമയവും ഒരുക്കി മാത്രമേ പരിഷ്കരണ ശ്രമങ്ങള്‍ നടത്താന്‍ പാടുള്ളൂ. ഇൻഡ്യന്‍ പാര്‍ലിമെന്‍റിനോട് മാത്രം ഉത്തരവാദിത്തമുള്ള, സ്വയംഭരണമുള്ള ഏജന്‍സി നിയമ പരിഷ്കരണം ചെയ്യുന്നതാണ് രാജ്യത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ക്ക് ഉതകുക. ഭരണകൂട താല്‍പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സമിതികള്‍ നിയമത്തെയും ജനാധിപത്യത്തെയും ദുര്‍ബലമാക്കുകയേ ഉള്ളൂ. നിയമവാഴ്ച ഉറപ്പുവരുത്തുക എന്നതാണ് ഭരണകൂടത്തിന്‍റെ ആത്യന്തിക ലക്ഷ്യം. വ്യക്തികളും സമൂഹവും സ്ഥാപനങ്ങളും ഭരണകൂടം തന്നെയും രാജ്യത്തെ നിയമത്തിന് വിധേയമായും നിയമത്തിന് മുന്‍പില്‍ തുല്യരായും പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് നിയമവാഴ്ച എന്നത്. അത്തരമൊരു സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാ നിയമങ്ങളും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ നിർമിക്കപ്പെടുന്നവയും തുല്യമായി നടപ്പാക്കപ്പെടുന്നവയും സ്വതന്ത്രമായി നീതി ഉറപ്പുവരുത്തുന്നവയും ആയിരിക്കും. അന്താരാഷ്ട്ര സമൂഹം പലകാലങ്ങളിലായി അര്‍ജിച്ച മനുഷ്യാവകാശ തത്ത്വങ്ങളെ സ്വാംശീകരിക്കുന്നതാകും നിയമവാഴ്ചയുള്ള സമൂഹം. നിയമത്തിന്‍റെ പരമാധികാരം, നിയമത്തിന് മുന്‍പിലെ തുല്യത, നിയമം നടപ്പാക്കുന്നതിലെ തുല്യനീതി, നിയമത്തോടുള്ള വിധേയത്വം, അധികാര വിഭജനം, തീരുമാനങ്ങള്‍ എടുക്കുന്നതിലെ തുല്യമായ പങ്കാളിത്തം, നിയമത്തിന്‍റെ സുവ്യക്തത, നിയമനടപടികളുടെ സുതാര്യത എന്നിവയൊക്കെ നിയ്മവാഴ്ചയില്‍ അന്തര്‍ലീനമാണ്. ഐക്യരാഷ്ട്രസഭയുടെ ഉദാത്തമായ നിയമവഴ്ചാ സങ്കല്‍പ്പത്തിന്റെ പശ്ചാത്തലത്തിലാണ് ഇൻഡ്യയില്‍ ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുള്ള ക്രിമിനല്‍ നിയമ പരിഷ്കരണത്തെ വിലയിരുത്തേണ്ടത്. ജനങ്ങള്‍ തമ്മിലും, ജനങ്ങളും ഭരണകൂടവും തമ്മിലുമുള്ള വിനിമയം കൂടുതല്‍ ജനാധിപത്യപരവും നിയമവിധേയവുമാക്കുക എന്നതായിരിക്കണം ക്രിമിനൽ നിയമ പരിഷ്കരണത്തിന്‍റെ ആത്യന്തിക ലക്ഷ്യം. ആ നിലക്കുള്ള എല്ലാ ശ്രമങ്ങളും ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ക്രിയാത്മകമായി  ജനാധിപത്യ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് മാത്രമേ നടപ്പിലാക്കാവൂ.

  • https://nludelhi.ac.in/UploadedImages/8956ade5-a725-4a36-bcee-086353ea5a30.pdf
  • https://criminallawreforms.in/aim-and-guiding-principles/
  • https://criminallawreforms.in/members/)
  • https://criminallawreforms.in/people/
  • https://criminallawreforms.in/consultants/
  • https://nludelhi.ac.in/UploadedImages/8956ade5-a725-4a36-bcee-086353ea5a30.pdf
  • Article 372 of Indian Constitution
    8)
  • http://www.lawcommissionofindia.nic.in/main.htm#a1
  • ഗവര്‍ണര്‍ ജനറല്‍ ഓക്‌ലാന്റിന് മെക്കാളെ അയച്ച കത്തുകള്‍.
  • നിയമ കമ്മീഷന്‍ ഇംഗ്ലണ്ട്-വെയില്‍സ് നമ്പര്‍ 177.
  • നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, 2018
  • നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2014 Report of the Secretary-General on the Rule of Law and Transitional Justice in Conflict and Post-conflict Societies (2004), UN Doc S/2004/106, പാരാ 6.
  • ഐക്യരാഷ്ട്ര സംഘടനയുടെ കലാപബാധിത പ്രദേശങ്ങളിലെയും കലാപ പൂര്‍വ കാലത്തേയും നിയമവഴ്ച റിപ്പോര്‍ട്ട്  [2004] Doc S/2004/106/Para-6
Top