പ്രൊഫസർ ഹാനി ബാബുവിന് ഐക്യദാർഢ്യം: പ്രസ്താവന
ഡൽഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും ജാതിവിരുദ്ധ ആക്ടിവിസ്റ്റുമായ പ്രൊഫ. ഹാനി ബാബുവിനെ ഭീമ കൊറെഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടും ഐക്യദാർഢ്യപ്പെട്ടും രാജ്യത്തും വിദേശത്തുമുള്ള ഗവേഷകരും ആക്ടിവിസ്റ്റുകളും പുറപ്പെടുവിച്ച പ്രസ്താവന.
28 ജൂലൈ 2020ന് എല്‍ഗാര്‍ പരിഷത്ത്-ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ജൂലൈ 24ന്, മുംബൈയിലെ ഓഫീസിൽ സാക്ഷിയായി ഹാജരാവാൻ പ്രൊഫസർ ബാബുവിന് സമൻസ് അയച്ച എന്‍ഐഎ തുടർന്ന് നടന്ന അഞ്ചു ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോവിഡ് വ്യാപന സമയത്തുള്ള യാത്രയിലെ അപകടസാധ്യത കണക്കിലെടുത്ത്, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മൊഴി നൽകാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ മറ്റു ആക്ടിവിസ്റ്റുകൾക്കെതിരെ തെറ്റായ മൊഴി നൽകുവാനും, അദ്ദേഹത്തിനെതിരെയുള്ള മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുറന്ന് സമ്മതിക്കുവാനും നിര്‍ബന്ധിക്കപ്പെടുകയുണ്ടായി. സത്യസന്ധനായ ഒരു അധ്യാപകനും ആക്ടിവിസ്റ്റുമായ പ്രൊഫസർ ബാബു ഈ നുണകളുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. സത്യത്തിന് വേണ്ടി നിലകൊണ്ടതിനാല്‍, ചോദ്യംചെയ്യലെന്ന പേരിലുള്ള അഞ്ചു ദിവസത്തെ പീഡനത്തിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
2019 സെപ്റ്റംബര്‍ 10 ന് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതിൽ തുടങ്ങി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പീഡനങ്ങളുടെ തുടർച്ചയാണ് ഈ അറസ്റ്റ്. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്നവകാശപ്പെട്ട പൂണെ പോലീസ്, അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എന്നാൽ ഭീമ കൊറെഗാവ് കേസുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് പ്രൊഫസർ ഹാനി ബാബു കൃത്യമായി പ്രസ്താവിക്കുകയും ചെയ്തു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ദലിതരുടെ വാര്‍ഷികാഘോഷത്തിനിടയിൽ സംഭവിച്ച അക്രമ സംഭവങ്ങളാണ് ഭീമ കൊറെഗാവ് കേസിനാധാരം. ചടങ്ങിനിടെ നടന്ന സംഘർഷത്തിന് പിന്നിൽ വലതുപക്ഷ-ഹിന്ദു ഗ്രൂപ്പുകൾ ആയിരുന്നുവെങ്കിലും ദലിത് ഗവേഷകരെയും മറ്റു ആക്ടിവിസ്റ്റുകളേയും അറസ്റ്റ് ചെയ്യാനുള്ള ഉപാധിയായി ഈ സംഭവത്തെ മാറ്റിത്തീർക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പന്ത്രണ്ടാമത്തെ ആളാണ് പ്രൊഫസർ ബാബു.
ജാതി വ്യവസ്ഥാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ദലിത്-ബഹുജനങ്ങളെ ക്രിമിനലൈസ് ചെയ്യാനുള്ള ശ്രമമായാണ് ജാതിവിരുദ്ധ ഗവേഷകനും അശ്രാന്ത ആക്ടിവിസ്റ്റുമായ പ്രൊഫസർ ഹാനി ബാബുവിനെതിരായ കുറ്റാരോപണത്തെ നാം മനസിലാക്കേണ്ടത്. ജാതിവിരുദ്ധ ബുദ്ധിജീവികൾക്കും ആക്ടിവിസ്റ്റുകൾക്കും മേൽ കുറ്റം കെട്ടിച്ചമയ്ക്കാൻ ഇൻഡ്യൻ ഗവണ്‍മെന്റ് ഒരു ദലിത് വാര്‍ഷികാഘോഷ ചടങ്ങിനെ ഉപയോഗിക്കുന്നു എന്നത് പരിതാപകരമായ വിരോധാഭാസമാണ്. ദലിത്-ബഹുജന്‍ വിദ്യാർഥികൾക്കുള്ള തുല്യാവസരങ്ങൾ ഉറപ്പാക്കുന്നതിനായി നിരന്തരം യത്നിച്ച പ്രൊഫസർ ബാബു, സ്കോളർഷിപ്പുകളുടെ മുഖ്യ ലക്ഷ്യമായി കണക്കാക്കുന്നത് സാമൂഹിക നീതിയെയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2014ൽ അറസ്റ്റ് ചെയ്യപ്പെട്ട തൊണ്ണൂറു ശതമാനം ഡിസേബിൾഡായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ സായിബാബയുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്തിരുന്നു അദ്ദേഹം. സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് മേലുള്ള കുറ്റാരോപണമാണ് ഈ അറസ്റ്റ്. വിയോജിപ്പിനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും ഉന്മൂലനം ചെയ്യാൻ ഇൻഡ്യൻ ഗവണ്‍മെന്റ് ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ലോകം മുഴുവൻ വ്യാപിച്ച കോവിഡ് മഹാമാരിക്കിടെ ഇൻഡ്യയിലെ പ്രധാനപ്പെട്ട ഗവേഷകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ഈ ഒരു സാഹചര്യത്തിൽ കസ്റ്റഡിയിലിരിക്കെ പ്രൊഫസർ ഹാനി ബാബുവിന്റെ സുരക്ഷിതത്വത്തിലും ആരോഗ്യത്തിലും നാം ഉത്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധനായ പ്രൊഫസർ ഹാനി ബാബുവിനെ പോലുള്ള പൊതുബുദ്ധിജീവികള്‍ക്ക് നേരെയുള്ള കടന്നാക്രമണത്തെ ഞങ്ങൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ജാതിവിരുദ്ധ ഗവേഷകരുടെയും ആക്ടിവിസ്റ്റുകളുടെയും ദേശീയ-അന്തർദേശീയ സമൂഹമെന്ന നിലയ്ക്ക് ജനാധിപത്യ-മനുഷ്യാവകാശ മൂല്യങ്ങളുടെ സംരക്ഷണം എന്ന താല്‍പര്യം മുന്‍നിർത്തി പ്രൊഫസർ ഹാനി ബാബുവിനെ കുറ്റവിമുക്തനാക്കാൻ ഇൻഡ്യൻ ഗവണ്‍മെന്റിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഈ സംയുക്ത പ്രസ്താവനയിൽ പങ്കുചേരാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുക: https://docs.google.com/forms/d/e/1FAIpQLSckxGxqrnsbYPtBSujnf6YQmaoifgaZKe_5XqnCg-6TvLVa4Q/viewform