പ്രതിമകളുടെ സംഘട്ടനം ലോകചരിത്രം മാറ്റിയെഴുതുമ്പോള്‍

വംശീയവാദികളുടെയും കൊളോണിയലിസ്റ്റുകളുടെയും പ്രതിമകള്‍ ഒരിക്കലും നിഷ്‌കളങ്കമല്ല. പൊതു ഇടങ്ങള്‍ വെളളക്കാര്‍ക്ക് മാത്രമായി കൈവശപ്പെടുത്തുന്നതിനാണ് അവ സ്ഥാപിക്കപ്പെടുന്നത്. അവയിൽ ഭൂരിഭാഗവും ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശീയ കൂട്ടക്കൊലപാതകികളെ പ്രതിനിധീകരിക്കുന്നത് യാദൃശ്ചികമല്ല! ആളുകളെ നിശബ്ദമാക്കുന്നതിനും പേടിപ്പെടുത്തുന്നതിനുമാണത്. ഹാമിദ് ദബാഷി എഴുതുന്നു.

മൊസാര്‍ട്ടിന്റെ സംഗീത-നാടകമായ ഡോണ്‍ ജിയോവാനിയുടെ അവസാനത്തില്‍,  ലെപൊറെല്ലോയെ ‘കമന്റേറ്റര്‍ പ്രതിമ’യുടെ അടുത്തുള്ള ഒരു ശ്മശാനത്തില്‍ വെച്ച് ജിയോവാനി കണ്ടുമുട്ടുന്നുണ്ട്. നാടകത്തിന്റെ തുടക്കത്തില്‍ തന്നെ തന്റെ മകളായ ഡോണ അന്നയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് കമന്റേറ്ററിനെ ഡോണ്‍ ജിയോവാനി കൊലപ്പെടുത്തിയിരുന്നു. ശ്മശാനത്തില്‍ ഡോണ്‍ ജിയോവാനി ലെപൊറെല്ലോയെ പരിഹസിക്കുന്നതിനിടയില്‍, കമന്റേറ്ററുടെ ഉയര്‍ന്ന പ്രതിമ സംസാരിക്കാന്‍ തുടങ്ങുന്നു. സംസാരത്തിനിടയില്‍ താന്‍ ചെയ്ത പാപങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിമ മുന്നറിയിപ്പ് നല്‍കുന്നു. ചപലതയുടേയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു ദുര്‍ബല നിമിഷത്തില്‍ ഡോണ്‍ ജിയോവാനി പ്രതിമയെ അത്താഴത്തിന് ക്ഷണിക്കുന്നു, പ്രതിമ ക്ഷണം സ്വീകരിക്കുന്നു. നാടകത്തിന്റെ അവസാന രംഗത്തില്‍, പ്രതിമ ഡോണ്‍ ജിയോവാനിയുടെ വീട്ടിലെത്തി മാനസാന്തരപ്പെടാന്‍ താൽപര്യം പ്രകടിപ്പിക്കുന്നു. ഡോണ്‍ ജിയോവാനി അത് വിസമ്മതിക്കുന്നു. ഉടനെ ഭൂമി പിളര്‍ന്ന് ഒരു തീ അവരുടെ കാലിനടിയിലൂടെ പടര്‍ന്ന് പിടിക്കുന്നു. കമന്റേറ്ററുടെ പ്രതിമ ഡോണ്‍ ജിയോവാനിയെ നരകത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചിഴക്കുന്നു.

മൊസാര്‍ട്ടിന്റെ സംഗീത-നാടകത്തിലെ അവിസ്മരണീയമായ ഈ രംഗം ഇപ്പോള്‍ അമേരിക്കയിലേയും യുറോപ്പിലേയും നഗര-പ്രകൃതിദൃശ്യങ്ങള്‍ അലങ്കരിക്കുന്ന വംശീയരായ കൊളോണിയലിസ്റ്റുകളുടെയും കൂട്ട കൊലപാതകികളുടെയും ഉയര്‍ന്ന പ്രതിമകളുടെ ഉചിതമായ രൂപകമായി മാറിയിരിക്കുന്നു. നമ്മള്‍ കാണുന്നതിനുമപ്പുറമാണ് ഇന്ന് നിലനില്‍ക്കുന്ന ഈ പ്രതിമകളുടെ യുദ്ധം.

ആഗോള യുദ്ധം

പ്രതിമകളെ ചൊല്ലിയുള്ള സംഘട്ടനങ്ങള്‍ ഇപ്പോള്‍ ആഗോള തലത്തിലാണ്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ആരംഭിച്ചത് യുകെയിലെ ബ്രിസ്റ്റോളിലാണ്. ജോര്‍ജ്ജ് ഫ്ലോയിഡിനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ശക്തിപ്പെട്ട ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ട് അടിമക്കച്ചവടക്കാരനായ എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ താഴെയിറക്കുകയുണ്ടായി. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടു കൂടി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ വളരെ പെട്ടെന്ന് യൂറോപ്പിലേക്ക് വ്യാപിക്കുകയായിരുന്നു.

യുഎസില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കോണ്‍ഫെഡറേറ്റ് പതാകയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്നിപ്പോള്‍ അത് കൊണ്‍ഫഡറേറ്റ് പ്രതിമകള്‍ക്കും വംശീയവാദികളുടേയും വെളുത്ത  മേധാവിത്വവാദികളുടേയും പ്രതിമകളിലേക്ക് മാത്രമല്ല, മറിച്ച് കോണ്‍ഫഡറേറ്റ് ആര്‍മിയുടെ വംശീയ ജനറലുകളുടെ പേരിലുള്ള സൈനിക താവളങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍, ഈ സംഘട്ടനങ്ങള്‍ യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരായ മേധാവിത്വ കോളനിക്കാരുടെ പ്രതിമകളും പേരുകളും താഴെയിറക്കാനുള്ള പോരാട്ടം 2015 മുതല്‍ക്കേ ആരംഭിച്ചു കഴിഞ്ഞിരുന്നു. സയണിസത്തിന്റെ വംശീയ പ്രത്യയശാസ്ത്രജ്ഞനായ തിയോഡര്‍ ഹെര്‍സലിന്റെ ഇസ്രായേലിലുള്ള പ്രതിമ താഴെയിറക്കണമെന്ന് ഇപ്പോള്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

ചുരുക്കത്തില്‍, ആഗോള പ്രത്യാഘാതങ്ങളുള്ള യുറോപ്യന്‍ വംശീയതയുടേയും കൊളോണിയലിസത്തിന്റെയും മുഴുവന്‍ ചരിത്രവും ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുകയാണ്. ലോകചരിത്രത്തിന്റെ വീണ്ടെടുപ്പും പുനരെഴുത്തും പൂർണമാവുന്നത് വരെ ഈ പോരാട്ടം അവസാനിക്കില്ല!

യുഎസിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭം വംശീയ അടിമ വ്യാപാരികളുടേയും ജോര്‍ജ്ജ് വാഷിംഗ്ടണ്‍, ക്രിസ്റ്റഫര്‍ കൊളംബസ് തുടങ്ങിയ കൂട്ട കൊലപാതകികളുടേയും പ്രതിമകളെയായിരുന്നു പ്രധാനമായും ലക്ഷ്യം വെച്ചത്. പക്ഷേ ഈ പട്ടിക അനന്തമാണ്. ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിക്ക് പുറത്ത് പ്രസിഡന്റ് തിയോഡോര്‍ റൂസ് വെല്‍റ്റിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ഞാന്‍ അല്‍ ജസീറക്ക് വേണ്ടി ഒരു കുറിപ്പെഴുതിയിരുന്നു. ഇന്ന് ആ പ്രതിമ, സിസിലി റോഡ്സ് മുതല്‍ ബെല്‍ജിയം രാജാവ് ലിയോപോള്‍ഡ് രണ്ടാമന്‍ വരെയുള്ള വംശീയ-കൊളോണിയലിസ്റ്റ് കൂട്ട കൊലപാതകികളുടെ എണ്ണമറ്റ മറ്റ് പ്രതിമകളോടൊപ്പം താഴെയിറക്കപ്പെടാനിരിക്കുകയാണ്.

അടിമക്കച്ചവടക്കാരനായ എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ താഴെയിറക്കുന്നു.

ഈ പ്രതിമകള്‍ ഉല്‍പാദിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഭീകരമാണ്. പൊതു ഇടങ്ങളെ ഇവ കൈവശപ്പെടുത്തുകയും മലിനമാക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്നങ്ങളുടെ കാതല്‍. ജനങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിത്തില്‍ ആ പ്രതിമകളിലേക്ക് നിരന്തരം നോക്കാനും അവരെ ബഹുമാനിക്കാനും തങ്ങളുടെ ജീവിതത്തില്‍ അവരെ മാതൃകയാക്കാനും അവരെ പ്രകീര്‍ത്തിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു.

ന്യൂയോര്‍ക്കിലെ കൊളംബസ് സര്‍ക്കിളില്‍ നിന്ന് കുറച്ചകലെയാണ് ഞാന്‍ താമസിക്കുന്നത്. ലണ്ടനില്‍ പാര്‍ലമെന്റ് സ്‌ക്വയറിലെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ സ്മാരക പ്രതിമയ്ക്കരികിലൂടെ നിരവധി തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലും എല്ലായ്പ്പോഴും എനിക്ക് വെറുപ്പു തോന്നിയ ഒരു കാര്യം, എങ്ങനെയാണ് പൊതു ഇടത്തിന് മുകളില്‍ ഈ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ്. യുഎസിലും യൂറോപ്പിലുമുള്ള ആളുകള്‍ക്കുള്ള ഈ വെറുപ്പ് മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പൊതു ഇടത്തിന്റെ വീണ്ടെടുപ്പും ചരിത്രത്തിന്റെ പുനരെഴുത്തും

ലോകമെമ്പാടുമുള്ള പൊതു ഇടങ്ങള്‍ അപ്രത്യക്ഷമായതിനെ കുറിച്ചുള്ള ലേഖന സമാഹാരം സേത ലോ, നീല്‍ സ്മിത്ത് എന്നിവര്‍ ദി പൊളിറ്റിക്സ് ഓഫ് പബ്ലിക്ക് സ്പേസ് എന്ന പുസ്തകത്തിന്റെ എഡിറ്റ് ചെയ്ത വാല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. വാസ്തവത്തില്‍, ജനാധിപത്യപരമായ ഭാവിയെക്കുറിച്ചുള്ള ഏതൊരു പ്രതീക്ഷയ്ക്കും പൊതു ഇടങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും സ്റ്റേറ്റും വാണിജ്യവും അത്തരം ഇടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 

കെയ്റോയിലെ തഹ്‌രീര്‍ സ്‌ക്വയര്‍ മുതല്‍ ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്ക് വരെയുള്ള പൊതു ഇടങ്ങള്‍ പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് വേദിയായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, അത്തരം പൊതു ഇടങ്ങളെ മലീമസപ്പെടുത്തുന്ന വംശീയവാദികളുടെ പ്രതിമകള്‍ താഴെയിറക്കുന്നത് ഈ ഇടങ്ങള്‍ വീണ്ടെടുക്കുന്നതിന് തുല്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.

ജനങ്ങള്‍ ഇന്ന് ഈ പൊതു ഇടങ്ങളുടെ പ്രതീകാത്മക രേഖകള്‍ വീണ്ടെടുക്കുകയും ലോകചരിത്രം മാറ്റിയെഴുതുന്നതിന് മുന്നോടിയായി അവ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. ഏത് പ്രതിമകള്‍ താഴേക്കിറങ്ങുന്നു എന്നതല്ല, ഏത് പ്രതിമകള്‍ മുകളിലേക്ക് ഉയരുന്നു എന്നതാണ് ചോദ്യം. ഈ പ്രതിമകള്‍ ലോക ചരിത്രത്തിന്റെ അടയാളമാണ്. യുഎസിന്റെയോ യുറോപ്പിന്റെയോ ചരിത്രം മാത്രമല്ല, വംശീയതയുടേയും കൊളോണിയലിസത്തിന്റെയും കെട്ട ചരിത്രം അവര്‍ നമ്മുടെ സമകാലികരുടെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരികയാണ്. 

ബെര്‍ലിനില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രതിമ കണ്ടാല്‍ ബ്രിട്ടീഷുകാര്‍ക്ക് എന്ത് തോന്നും? ലണ്ടനിലെ ചര്‍ച്ചിലിന്റെ പ്രതിമയുമായി മുഖാമുഖം വരുമ്പോള്‍ ഇൻഡ്യക്കാര്‍ക്കും ഏഷ്യയിലേയും ആഫ്രിക്കയിലേയും മറ്റു പല ജനങ്ങള്‍ക്കും തോന്നുന്നത് അതുതന്നെയാണ്. ഹിറ്റ്ലറും ചര്‍ച്ചിലും പരസ്പരം എതിരായിരുന്നതിനാല്‍ ലോകം ചര്‍ച്ചിലിന്റെ പക്ഷത്തായിരിക്കണം എന്ന് അവര്‍ കരുതുന്നു എന്നതാണ് യൂറോപ്യന്മാരുടെ പ്രശ്നം.

പക്ഷേ നമുക്കങ്ങനെയല്ല, അവര്‍ രണ്ടുപേരും നമ്മെ സംബന്ധിച്ചിടത്തോളം പ്രശ്നക്കാരാണ്. നമ്മള്‍ ഹിറ്റ്ലറെ വെറുക്കുന്നതിന്റെ കാരണങ്ങള്‍ ലോകം അറിയുകയും മനസിലാക്കുകയും പിന്തുണക്കുകയും  ചെയ്യുന്നു. അതേപോലെ ചര്‍ച്ചിലിനെ നാം വെറുക്കുന്നതിന്റെ കാരണങ്ങള്‍ ലോകം തിരിച്ചറിയുകയും മനസിലാക്കുകയും വേണം.

വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിമയ്ക്കു താഴെ ‘ചർച്ചിൽ ഒരു വംശീയവാദിയായിരുന്നു’ എന്നെഴുതിയിരിക്കുന്നു.

2015ല്‍ ബിബിസി ചര്‍ച്ചിലിന്റെ ഏറ്റവും മോശമായ വംശീയ പരാമര്‍ശങ്ങളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കരിയറിലെ ഏറ്റവും വലിയ 10 വിവാദങ്ങള്‍’ എന്നതായിരുന്നു ശീര്‍ഷകം. ഹിറ്റ്ലര്‍ ഒരു വംശീയവാദിയായ കൂട്ടക്കൊലപാതകിയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേപോലെ തന്നെ ചര്‍ച്ചിലിയന്‍ വംശീയതയെക്കുറിച്ചും തര്‍ക്കങ്ങളൊന്നുമില്ല. ഈ പ്രതിമകള്‍ താഴെയിറക്കപ്പെടണോ വേണ്ടയോ എന്നതല്ല പ്രധാനം, മറിച്ച് എന്തുകൊണ്ടാണ് ഇത്രയധികം സമയമെടുത്തത് എന്നതാണ് ചോദ്യം.

യൂറോപ്പിലേയും യുഎസിലേയും ഭരണാധികാരികളായ വെളുത്തവര്‍ഗ്ഗം പൊതുമേഖലയില്‍ അവകാശങ്ങളും നീതിയും ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍, തദ്ദേശീയരായ അമേരിക്കക്കാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, അല്ലെങ്കില്‍ വെളുത്ത വംശീയവാദികളൊഴികെ മറ്റേതെങ്കിലും അമേരിക്കക്കാര്‍ എന്നിവര്‍ക്ക് ഒരു പ്രതിമ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ പ്രതികരണം അതേ പഴയ വെളുത്ത വംശീയ മേധാവിത്ത മന്ത്രം തന്നെയാവുന്നു – “നിങ്ങള്‍ എവിടെ നിന്ന് വന്നവരാണോ, അങ്ങോട്ട് തിരികെ പോകുക”.

തദ്ദേശീയരായ അമേരിക്കക്കാര്‍, അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും അമേരിക്കക്കാര്‍ എവിടേക്കാണ് തിരികെ പോകേണ്ടത്? അവരുടെ പക്കല്‍ നിന്നും അക്രമപരമായി മോഷ്ടിച്ചുകൊണ്ടല്ലേ വെളുത്ത വംശീയവാദികളായ കൊളോണിയലിസ്റ്റുകള്‍ ആ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം കൈക്കലാക്കിയത്? എന്നിട്ട് അവിടം പ്രതിമകള്‍ കൊണ്ട് നിറക്കുകയും ചെയ്തത്?

ഈ പ്രതിമകള്‍ ഒരിക്കലും നിഷ്‌കളങ്കമല്ല. ചുറ്റുമുള്ള പൊതു ഇടങ്ങള്‍ വെളളക്കാര്‍ക്ക് മാത്രമായി കൈവശപ്പെടുത്തുന്നതിനാണ് അവ സ്ഥാപിക്കപ്പെടുന്നത്. അവയിൽ ഭൂരിഭാഗവും ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശീയ കൂട്ടക്കൊലപാതകികളെ പ്രതിനിധീകരിക്കുന്നത് യാദൃശ്ചികമല്ല! ആളുകളെ നിശബ്ദമാക്കുന്നതിനും പേടിപ്പെടുത്തുന്നതിനുമാണത്. 

ഈ പ്രതിമകളില്‍ കാണുന്ന ആളുകളിലാരും തന്നെ സ്വന്തം പ്രതിമകള്‍ പണിതിട്ടില്ല. പക്ഷേ, മറ്റുളളവര്‍ ചെയ്തു. തലമുറകളോളം ആ ഭൂമി കൈവശപ്പെടുത്താന്‍ അത്തരം സ്മാരകങ്ങള്‍ ആവശ്യമാണെന്ന് കരുതിയവര്‍ അതു ചെയ്തു. വെളുത്ത ആധിപത്യത്തെക്കുറിച്ചുള്ള അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ വെളുത്തതും അല്ലാത്തതുമായ ആളുകള്‍ക്ക് കാണാനും പഠിക്കാനും മിണ്ടാതിരിക്കാനും പരസ്യമായും അക്രമാസക്തമായും ഉറപ്പുനല്‍കേണ്ട ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ പ്രതിമകള്‍ പണിതുകൊണ്ടിരുന്നു.

ഉയര്‍ന്നു നില്‍ക്കുന്ന ഈ പ്രതിമകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. തന്റെ പാപങ്ങള്‍ നിമിത്തം നരകത്തിലേക്ക് പോയ ഒരു കമന്റേറ്ററിന്റെ ശിലാപ്രതിമ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോണ്‍ ജിയോവനി ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. കൊളംബസ്, ലിയോപോള്‍ഡ്രണ്ടാമൻ, ഹെര്‍സല്‍, വാഷിംഗ്ണ്‍, ലീ എന്നിവരുടെ പ്രതിമകളും സമാനമായ വംശീയ കൂട്ടകൊലപാതകികളുടെ പ്രതിമകളും ജീവിതത്തിലേക്ക് തിരികെ വരുന്നു. ഒപ്പം, അധികാരത്തിന്റെ അത്താഴ മേശകളിലേക്ക് നടക്കുകയും അവയില്‍ ഇപ്പോഴും വിശ്വസിക്കുന്നവരെ നരകത്തിന്റെ സവിശേഷമായ സ്ഥലത്തേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.

കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഇറാനിയന്‍ സ്റ്റഡീസ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പ്രഫസറാണ് ലേഖകൻ.

വിവര്‍ത്തനം: അബ്ദുല്ലത്തീഫ് പാലത്തുങ്കര

  • https://www.aljazeera.com/opinions/2020/7/9/the-battle-of-the-statues-rewriting-world-history/
Top