ശ്രീ നാരായണ ഗുരുവും വിമതസന്ന്യാസവും
തികഞ്ഞ സന്ന്യാസിവര്യനായിത്തന്നെ ജീവിക്കുകയും സമാധിയടയുകയും ചെയ്തുവെങ്കിലും സാധാരണ സന്ന്യാസിമാരെപ്പോലെ ബാഹ്യമായ വേഷഭൂഷാധികളിൽ അദ്ദേഹത്തിനു കാര്യമായ നിഷ്കര്‍ഷയില്ലായിരുന്നു. ഭാരതത്തിലെ ‘ദശനാമ സന്ന്യാസ സമ്പ്രദായപ്രകാരം’ പേരു സ്വീകരിക്കാതെ സ്വന്തം പേരിനോടാപ്പം ഗുരു എന്നു സ്വയം ചേര്‍ക്കുകയാണ് അദ്ദേഹം ചെയ്ത്. ആ പേര് രേഖകളിൽ ഉപയോഗിക്കുകയും ഒപ്പിടുകയും ചെയ്തുപോന്നു. പി. ആർ. ശ്രീകുമാർ എഴുതുന്നു.
സന്ന്യാസം എന്നാൽ എന്താണെന്നും ആരാണ് സന്ന്യാസിയെന്നും സ്വജീവിതത്തിലൂടെ കാണിച്ചുതന്ന ഉത്തമ സന്ന്യാസിയായിരുന്നു ശ്രീ നാരായണഗുരു. ഒരു സന്ന്യാസി എങ്ങിനെ ജീവിക്കണം, പ്രവര്‍ത്തിക്കണം, എന്തൊക്കെ ചെയ്യാം-ചെയ്തുകൂടാ തുടങ്ങിയ കാര്യങ്ങള്‍ ശ്രീ നാരായണധർമം എന്ന കൃതിയിലെ പതിമൂന്നാം അദ്ധ്യായത്തിൽ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. സന്ന്യാസത്തെക്കുറിച്ചുള്ള പരമ്പരാഗത ഭാരതീയ സങ്കൽപ്പങ്ങള്‍ക്കു തികച്ചും ചേരുന്നതാണ് ഇതിലെ പ്രതിപാദ്യങ്ങളെല്ലാം. എന്നിരുന്നാലും വ്യവസ്ഥാപിത സന്ന്യാസ സങ്കൽപ്പങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു തിരുത്തൽ ശക്തിയായിരുന്നു ശ്രീ നാരായണ ഗുരുവിന്‍റെ പല പ്രവൃത്തികളും വാക്കുകളും എന്ന് അദ്ദേഹത്തിന്‍റെ ജീവിതം നിരീക്ഷിച്ചാൽ കാണാന്‍ കഴിയും.
തികഞ്ഞ സന്ന്യാസിവര്യനായിത്തന്നെ ജീവിക്കുകയും സമാധിയടയുകയും ചെയ്തുവെങ്കിലും സാധാരണ സന്ന്യാസിമാരെപ്പോലെ ബാഹ്യമായ വേഷഭൂഷാധികളിൽ അദ്ദേഹത്തിനു കാര്യമായ നിഷ്കര്‍ഷയില്ലായിരുന്നു. ഭാരതത്തിലെ ‘ദശനാമ സന്ന്യാസ സമ്പ്രദായപ്രകാരം’ പേരു സ്വീകരിക്കാതെ സ്വന്തം പേരിനോടാപ്പം ഗുരു എന്നു സ്വയം ചേര്‍ക്കുകയാണ് അദ്ദേഹം ചെയ്ത്. ആ പേര് രേഖകളിൽ ഉപയോഗിക്കുകയും ഒപ്പിടുകയും ചെയ്തുപോന്നു. ആത്മീയമായി താന്‍ കൈവരിച്ച അത്യുന്നത നിലയെക്കുറിച്ചും, അതിനാരുടേയും സാക്ഷ്യപത്രം ആവശ്യമില്ലെന്നും ഉത്തമബോധ്യമുള്ള മഹാമനീഷിക്കു മാത്രം സാധ്യമാകുന്ന കാര്യമാണിത്. പ്രശസ്തിയുടെയും അംഗീകാരത്തിന്‍റെയും പരകോടിയിൽ കഴിഞ്ഞിരുന്നപ്പോഴും ഗുരു, സാധാരണ സന്ന്യാസിമാരെപ്പോലെ ത്രിപുണ്ഡവും രുദ്രാക്ഷമാലയും കഷായവസ്ത്രവും ധരിച്ചിരുന്നില്ല. സമാധിയാകുന്നതിനു രണ്ടു വര്‍ഷം മുമ്പ്, 1926ൽ രണ്ടാം തവണ സിലോണ്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടപ്പോള്‍ മാത്രമാണ് ശിഷ്യരുടെയും അനുയായികളുടെയും നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം കഷായവസ്ത്രം ധരിച്ചത്. ശിഷ്ടകാലം അതു തുടരുകയും ചെയ്തു. ശിഷ്യന്മാരിൽ നിന്ന് ഗുരു കഷായവസ്ത്രം സ്വീകരിച്ചു എന്നു പറയാം. കഷായധാരിയായി, അംഗീകൃതമട്ടിലുള്ള ഒരു സന്ന്യാസിയായി കാണുന്നവരെ തെറ്റിധരിപ്പിക്കാന്‍ ഗുരു ആഗ്രഹിച്ചിരുന്നില്ലെന്നു തോന്നുന്നു. പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞുവാണിരുന്ന മുനിവര്യനായി കഴിയുകയും അനേകം കൃതികളിലൂടെ തന്‍റെ അദ്ധ്യാത്മിക ദര്‍ശനം വെളിവാക്കിയിട്ടും, ആ നിലയിലെത്തിയ സന്ന്യാസിമാർ പൊതുവെ വര്‍ജിച്ചുപോരാറുള്ള, സാധാരണക്കാരെ ബാധിക്കുന്ന സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളോട് ഗുരു ഒരിക്കലും മുഖം തിരിച്ചിരുന്നില്ല എന്നത് അദ്ദേഹം പുലര്‍ത്തിയിരുന്ന വിമതസന്ന്യാസത്തിനു തെളിവാണ്. സമാധിയാകുന്നതിനു കേവലം എട്ടു മാസം മുൻപാണ് ഗുരു ശിവഗിരി തീര്‍ഥാടനത്തിന് അനുമതി നൽകിയത്. ആ അവസരത്തിൽ തീര്‍ഥാടനലക്ഷ്യങ്ങളായി ഗുരു നിര്‍ദേശിച്ചത് സാധാരണ മനുഷ്യരെ ആഴത്തിൽ ബാധിക്കുന്ന വിദ്യാഭ്യാസം/ശുചിത്വം/ഈശ്വരഭക്തി/സംഘടന/കൃഷി/കച്ചവടം/കൈത്തൊഴിൽ/സാങ്കേതിക പരിശീലനം എന്നിവയായിരുന്നു. സാധാരണക്കാരായ മനുഷ്യരോടും അവരുടെ ജീവിതത്തോടും അദ്ദേഹത്തിനുണ്ടായിരുന്ന അനുഭാവവും കരുതലും എത്ര തീവ്രമായിരുന്നു എന്നു മനസ്സിലാക്കുന്നതിന് ഈ തീര്‍ഥാടനലക്ഷ്യങ്ങള്‍ ഒരുത്തമ ദൃഷ്ടാന്തമാണ്.
ഗുരുവിന്‍റെ ജീവചരിത്രം പഠനവിധേയമാക്കിയാൽ വിമതസന്ന്യാസത്തിന് ഗുരു സ്വമേധയാ നൽകിയ സംഭാവനകള്‍ക്കു പുറമേ വിമതസന്ന്യാസി ശിഷ്യന്മാരേയും കണ്ടെത്താന്‍ കഴിയും. ഈ വിഷയങ്ങള്‍ കൂടി ചേര്‍ന്നാൽ മാത്രമേ ഗുരുവിനെക്കുറിച്ചു നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും പുനര്‍വായനകള്‍ക്കും പൂര്‍ണത വരികയുള്ളൂ. ആയതിനാൽ, അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
സ്വാമി ഏണസ്റ്റ് കിര്‍ക്ക്
ഏണസ്റ്റ് കിര്‍ക്ക് (Ernest Kirk) എന്ന ഒരു ബ്രിട്ടീഷുകാരന്‍ ഗുരുവിൽ ആകൃഷ്ടനായി കേരളത്തിലെത്തി ശിവഗിരിമഠത്തിൽ അന്തേവാസിയായി താമസിച്ചിരുന്നു. അദ്ദേഹത്തിൽ എന്തോ പ്രത്യേകത കണ്ടറിഞ്ഞ ഗുരു അദ്ദേഹത്തിനു സന്ന്യാസം കൊടുക്കാന്‍ തീരുമാനിച്ചു. വളരെ സവിശേഷമായ രീതിയിലാണ് ഗുരു അദ്ദേഹത്തിനു സന്ന്യാസം കൊടുത്ത് ശിഷ്യപരമ്പരയിൽ ചേര്‍ത്തതെന്നാണ് ചരിത്രം.
സാധാരണയായി വിജയദശമിദിനത്തിൽ ശിവഗിരിയിലെ ശാരദാമഠത്തിൽ വെച്ചാണ് ഗുരു ബ്രഹ്മചാരികള്‍ക്കു സന്ന്യാസദീക്ഷ നൽകാറുള്ളത്. ദീക്ഷ സ്വീകരിക്കുന്നവര്‍ക്കു കാവിവസ്ത്രത്തോടൊപ്പം സന്ന്യാസനാമവും ഗുരു നൽകാറുണ്ട്. ഇതിന്‍റെ ഭാഗമായി വ്രതമെടുക്കുക, ഉപവാസം അനുഷ്ഠിക്കുക, തല മുണ്ഡനംചെയ്യുക, സത്യപ്രതിചജ്ഞയെടുക്കുക തുടങ്ങിയ അനുഷ്ഠാനങ്ങള്‍ അവര്‍ നടത്താറുണ്ട്. പൂര്‍വാശ്രമം പരിത്യജിക്കുന്നതിന്‍റെ പ്രതീകാത്മക പ്രവൃത്തികളാണ് ഇവയെന്നാണ് കരുതിപ്പോരുന്നത്.
1927ലെ വിജയദശമി ദിനത്തിൽ കിര്‍ക്ക് ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് ഗുരു സന്ന്യാസം കൊടുക്കുന്നതാണെന്നു നേരത്തേ അറിയിച്ചിരുന്നു. മറ്റുളളവരെപ്പോലെ കിര്‍ക്കിനോട് തല മുണ്ഡനംചെയ്യാന്‍ ഗുരു നിര്‍ദേശിക്കുമെന്നും ചടങ്ങിൽ വെച്ച് കഷായവസ്ത്രവും സന്ന്യാസനാമവും നൽകുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്.
എന്നാൽ അങ്ങനെയൊരു നിര്‍ദേശവും അദ്ദേഹത്തിന് ഗുരു നൽകിയില്ല. ഇതിൽ കിര്‍ക്ക് തന്നെ അൽപം അസ്വസ്ഥനായി. ഗുരു അദ്ദേഹത്തെ കാലേക്കൂട്ടി അടുത്തു വിളിച്ച് പാശ്ചാത്യൻ മട്ടിലുള്ള ഒരു കൂട്ടം സ്യൂട്ടും കോളറും ടൈയും ഷൂസും തയ്യാറാക്കിവെക്കാന്‍ ആവശ്യപ്പെട്ടു. വിജയദശമിദിനത്തിൽ ദീക്ഷാദാനച്ചടങ്ങ് പതിവുപോലെ ആരംഭിക്കുകയും തയ്യാറായി നിന്ന ഓരോരുത്തര്‍ക്കായി ഗുരു കഷായവസ്ത്രവും സന്ന്യാസനാമവും നൽകുകയും ചെയ്തു. കിര്‍ക്കിന്‍റെ ഊഴം വന്നപ്പോള്‍ നേരത്തെ തയ്യാറാക്കിവെച്ച പാശ്ചാത്യൻ വസ്ത്രങ്ങള്‍ കൊണ്ടുവരാന്‍ ഗുരു അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്‍റെ കാൽക്കൽ കൊണ്ടുവെച്ച ആ വസ്ത്രമെടുത്ത് ഗുരു അദ്ദേഹത്തിനു നൽകിക്കൊണ്ട് അദ്ദേഹത്തെക്കൂടി സന്ന്യാസത്തിലേക്ക് ആനയിക്കുകയാണു ചെയ്തത്. അദ്ദേഹത്തിന് ഗുരു സന്ന്യാസനാമമൊന്നും നൽകിയതുമില്ല. പകരം കിര്‍ക്ക് സ്വാമി എന്നു വിളിക്കുകയാണ് ചെയ്തത്. കിര്‍ക്ക് സ്വാമി പിൽക്കാലത്തു സ്ഥാപിക്കപ്പെട്ട ഗുരുവിന്‍റെ സന്ന്യാസപരമ്പരയായ ശ്രീ നാരായണ ധര്‍മസംഘത്തിലെ അംഗമായിത്തീരുകയും ചെയ്തു.
1928 ജനുവരി 9ന് തൃശൂര്‍ കൂര്‍ക്കഞ്ചേരിയിൽ വെച്ച് ശ്രീ നാരായണ ധര്‍മസംഘം ഔപചാരികമായി രജിസ്റ്റര്‍ ചെയ്യുകയും അന്നവിടെ സന്നിഹിതരായിരുന്ന ശിഷ്യന്മാര്‍ അതിന്‍റെ രേഖയിൽ ഒപ്പിടുകയും ചെയ്തെങ്കിലും, സ്ഥലത്തില്ലാതിരുന്നതുകൊണ്ട് അടുത്ത ദിവസം മാത്രമാണ് പന്ത്രണ്ടാമത്തെ അംഗമായി സ്വാമി ഏണസ്റ്റ് കിര്‍ക്കിന് അതിൽ ഒപ്പിടാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടുമാത്രമാണ് ഗുരുവും ശിഷ്യന്മാരുമൊത്ത് ആ അവസരത്തിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ അദ്ദേഹം ഉള്‍പ്പെടാതെ പോയത്.
കിര്‍ക്ക് സ്വാമിയുടെ നൈപുണ്യങ്ങള്‍ കണ്ടറിഞ്ഞ് ഗുരു ചില നൂതന ദൗത്യങ്ങള്‍ അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു. അതനുസരിച്ച്, ശിവഗിരി ആശ്രമത്തിനു വന്നുചേര്‍ന്ന ഭൂസ്വത്ത് ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ചില വിദ്യാഭ്യാസ-വ്യവസായ പദ്ധതികളുടെ രൂപരേഖ ശിവഗിരി ഫ്രീ ഇന്‍റസ്ട്രിയൽ ആന്‍റ് അഗ്രിക്കള്‍ച്ചറൽ ഗുരുകുലം (Sivagiri Free Industrial and Agricultural Gurukulam) എന്ന പേരിൽ അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു. കൈത്തൊഴിൽ/നെയ്ത്ത്/മരപ്പണി/ക്ഷീരോത്പാദനം/സോഡാനിര്‍മാണം/കൃഷി/മണ്‍പാത്രനിര്‍മ്മാണം/ടൈപ്പ്റൈറ്റിങ്ങ്/ഷോര്‍ട്ട്ഹാന്‍റ് എന്നീ രംഗങ്ങളിൽ വിദഗ്ധരായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഗുരുവിന്‍റെ സമാധിക്കുശേഷം കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം ശിവഗിരിയുമായി സാവകാശം അകലുകയും ധര്‍മസംഘത്തിലെ അംഗത്വം രാജിവെച്ച് അവിടം വിട്ടുപോവുകയുമാണ് ചെയ്തത്.
തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്ത്, കരമനയാറിന്‍റെ തീരത്ത് നാരായണമന്ദിര്‍ എന്നൊരു സ്ഥാപനം ആരംഭിച്ച്, ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങി. അവിടെ ഏതാനും പേര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായി വന്നുകൂടിയിരുന്നു. അവരിൽ കേശവപ്പണിക്കര്‍ എന്നയാളെ അദ്ദേഹം പ്രജാനന്ദന്‍ എന്ന പേരിൽ സന്ന്യാസദീക്ഷ നൽകി ശിഷ്യനായി സ്വീകരിച്ചു. ഗുരുവിന്‍റെ കാരുണ്യപാത പിന്തുടർന്ന് അദ്ദേഹം തെരുവുകുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുക എന്നുതുടങ്ങിയ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നു
ഇക്കാലത്ത് എപ്പോഴോ കിര്‍ക്ക് സ്വാമി തിരുവനന്തപുരം വിടുകയും ആദ്യം കോയമ്പത്തൂരിലും പിന്നീട് കൂനുരിലും താമസിക്കുകയും ‘ലൈഫ്’ എന്ന പേരിൽ ഒരു ആംഗലേയ മാസിക നടത്തുകയും ചെയ്തു. ഇത്രയും കാര്യങ്ങള്‍ ശ്രീ നാരായണ ഗുരുവിന്‍റെ മിക്ക ജീവചരിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. കിര്‍ക്ക് സ്വാമിയുടെ ചിത്രമോ ‘ലൈഫ്’ മാസികയുടെ ലക്കങ്ങളോ എത്ര ശ്രമിച്ചിട്ടും ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഭാരതത്തിന്റെ അദ്ധ്യാത്മിക മേഖലയിൽ ഗുരു നടത്തിയ, ഒരുപക്ഷേ അരുവിപ്പുറം/കണ്ണാടി പ്രതിഷ്ഠകളെക്കാൾ വലിയ ഈ വിപ്ലവത്തിനും ആചാരപരിഷ്കരണത്തിനും വേണ്ടത്ര പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. പിൽക്കാലത്ത് ഒട്ടേറെ ‘ഹൈടെക്ക് ആത്മീയാചാര്യന്മാരുടെ’ പലവിധത്തിലുള്ള കസര്‍ത്തുവേലകൾ ഇന്ത്യയിലെ ആദ്ധ്യാത്മികമേഖലയിൽ നടന്നുവെങ്കിലും, അതൊന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ധ്വരക്കു സ്യൂട്ട് നൽകിക്കൊണ്ട് സന്ന്യാസദീക്ഷ നൽകുന്നതോളം വരുകയില്ല. ‘ബ്രിട്ടീഷുകാരനാണല്ലോ നമുക്ക് സന്ന്യാസം നൽകിയത്’ എന്ന ഗുരുവചനത്തോടൊപ്പം ഇക്കാര്യം ചേര്‍ത്തുവായിച്ചുനോക്കിയാൽ ഇതിന് ഒരുപാട് അര്‍ഥതലങ്ങളുള്ളതായി മനസ്സിലാക്കാനാകും.
സ്വാമി ആനന്ദതീര്‍ഥര്‍
സ്വാമി ആനന്ദതീർഥർക്ക് ഗുരു സന്ന്യാസദീക്ഷ നൽകിയതും ഇതുപോലെ സവിശേഷമായ രീതിയിലാണ്. മദ്രാസ് പ്രസിഡന്‍സി കോളേജിൽ നിന്നു രണ്ടാം റാങ്കോടെ ഭൗതികശാസ്ത്രത്തിൽ ബിഎ ഓണേഴ്സ് ബിരുദം സമ്പാദിച്ച തലശ്ശേരിക്കാരനായ അനന്തഷേണായിയാണ് പിന്നീട് സ്വാമി ആനന്ദതീര്‍ഥരായി മാറിയത്. ആത്മീയവിഷയങ്ങളിൽ അതീവ താൽപരനായിരുന്ന അദ്ദേഹത്തിന് ഗുരുവിന്‍റെ ജീവിതവും പ്രവൃത്തികളും ആശയങ്ങളും ആകര്‍ഷകമായി തോന്നിയതിനാൽ ഗുരുവിൽ നിന്ന് സന്ന്യാസം സ്വീകരിക്കണമെന്നു തീരുമാനിച്ചു. നേരത്തെ പരിചയമുണ്ടായിരുന്ന സ്വാമി ധര്‍മതീര്‍ഥരുമൊത്ത് (അന്ന് അദ്ദേഹമായിരുന്നു ധര്‍മസംഘത്തിന്‍റെ ജനറൽ സെക്രട്ടറി) സമാധിയാകുന്നതിന് ഒരുമാസം മുമ്പ് ഈ ആഗ്രഹത്തോടെ ഗുരുവിനെ സമീപിച്ചു. അന്നേക്ക് വ്യവസ്ഥാപിതമാക്കപ്പെട്ടിരുന്ന ശിവഗിരിമഠം അധികൃതരെ ഉദ്ദേശിച്ച്, അവരുമായി ആലോചിച്ച് വരുവാന്‍ ഗുരു നിര്‍ദേശിക്കുകയാണ് ചെയ്തത്. ആരെങ്കിലും ഓടിവന്ന് സന്ന്യാസം കൊടുക്കണമെന്നു പറഞ്ഞാൽ കൊടുക്കാവുന്നതല്ലെന്നും, ഒരു വര്‍ഷം അവിടെ താമസിച്ചതിനുശേഷം മാത്രമേ സന്ന്യാസം കൊടുക്കാന്‍ പാടുള്ളൂ എന്നുമാണ് അവരുടെ അഭിപ്രായമെന്നു കേട്ട ഗുരു: “അത്രയേ ഉള്ളൂ? ആളെ നമുക്കറിയാം. നാളെ പത്തുമണിയോടുകൂടി കഷായം കൊടുക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണം” എന്നു കൽപ്പിക്കുകയും അതനുസരിച്ച് അദ്ദേഹത്തിന് സന്ന്യാസദീക്ഷ നൽകുകയും ധര്‍മസംഘത്തിൽ അംഗത്വം നൽകുകയും ചെയ്തു. ശയ്യാവലംബിയായിരുന്ന ഗുരുവിനെ കട്ടിലിൽ കിടത്തി എടുത്താണ് ഇതിനായി ശാരദമാത്തി എത്തിച്ചത്. പിൽക്കാലത്ത് ധര്‍മസംഘത്തിന്‍റെ പ്രസിഡന്‍റ് പദവിയിൽ വരെ എത്തിയ സ്വാമി ആനന്ദതീര്‍ഥര്‍ 1974ൽ ധര്‍മസംഘത്തിൽ നിന്ന് ഔപചാരികമായി രാജിവെച്ചു. അയിത്തോച്ചാടനത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിനുമായി സമര്‍പ്പിച്ചതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിതം. ഇതിന്‍റെ ഭാഗമായി അദ്ദേഹത്തിന് ഒരുപാടു മര്‍ദനമേൽക്കേണ്ടിവന്നിട്ടുണ്ട്. ഇത് അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പയ്യന്നൂരിൽ അദ്ദേഹംതന്നെ സ്ഥാപിച്ച ശ്രീ നാരാണ വിദ്യാലയത്തിൽ (ആശ്രമം) വെച്ച് എഴുപത്തി അഞ്ചാം വയസ്സിൽ 1987 നവംബര്‍ 21ന് അദ്ദേഹം സമാധിയായി. ആശ്രമവളപ്പിൽ തന്നെയാണ് അദ്ദേഹത്തെ സമാധിയിരുത്തിയത്.
സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍
ഗുരുവായൂരിനടുത്ത് വടക്കാഞ്ചേരിയിലെ ചാത്തനാട്ട് എന്ന കുടുംബത്തിൽ 1893ൽ ജനിച്ചു. പൂര്‍വാശ്രമത്തിലെ പേര് അഡ്വക്കേറ്റ് സി പരമേശ്വരമേനോന്‍ ബിഎ, എൽഎൽബി. ബിരുദധാരിയായിരുന്ന ഇദ്ദേഹം ശ്രീ നാരായണ ഗുരുവിൽ നിന്ന് 1926ൽ സന്ന്യാസം സ്വീകരിച്ച് സ്വാമി ധര്‍മതീര്‍ഥരും, 1949ൽ ക്രിസ്തുമതം സ്വയം സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മതീര്‍ഥരുമായിത്തീര്‍ന്നു. ഗുരുവിന്‍റെ സന്ന്യാസപരമ്പര നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ധര്‍മസംഘത്തിന്‍റെ നിയമാവലി എഴുതിയുണ്ടാക്കുന്നതിലും ശ്രീനാരായണ ധര്‍മസംഘം എന്ന പേരിൽ അതു രജിസ്റ്റര്‍ ചെയ്യുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. സ്വാമിയായിരുന്നു ഈ സന്ന്യാസിസംഘത്തിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി. ശ്രീനാരായണ ധര്‍മസംഘത്തിന്‍റെ മുഖപത്രമായ ‘ധർമം’ എന്ന പേരിൽ ഒരു പ്രതിവാരപത്രിക ശിവഗിരിയിൽ നിന്ന് സ്വാമിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്തു സമാഹരിച്ചത് സ്വാമിയാണ്. ഇതൂകൂടാതെ പലയിടങ്ങളിലായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്‍റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തിൽ പരിപാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകളും മഠത്തിന്‍റെ മാനേജര്‍ എന്ന നിലയിൽ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. ചെമ്പഴന്തി ഗുരുകുലം വീണ്ടെടുക്കുന്നതിനും ഇന്നത്തെ നിലയിലെത്തിക്കുന്നതിനും വേണ്ട ഒട്ടേറേ കര്‍മപദ്ധതികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
1936ഓടെ അദ്ദേഹം ശിവഗിരി വിട്ടിറങ്ങുകയും ഇൻഡ്യയൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും ചെയ്തു. ഇതിനിടയിൽ അദ്ദേഹം കറാച്ചിയിലെ ജത്-പത് തോടക് മണ്ഡൽ എന്ന പ്രസ്ഥാനവുമായി സമ്പര്‍ക്കത്തിൽ വരികയും അവര്‍ അദ്ദേഹമെഴുതിയ ‘ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പീരിയലിസം’ (History of Hindu Imperialism), ‘യോഗ ഫോർ ഓൾ’ (Yoga for all) തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1947ഓടെ കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ശ്രീ നാരായണ ധര്‍മസംഘത്തിൽ നിന്നു രാജിവെയ്ക്കുകയും 1949ൽ സിഎസ്ഐ സഭയിൽ നിന്ന് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍ എന്ന പേരു സ്വീകരിക്കുകയും ആ പേരിൽ പ്രശസ്‌തനായിത്തീരുകയും ശിഷ്ടകാലം ക്രിസ്തുമത പ്രചരണവേലയുമായി കഴിയുകയുമാണുണ്ടായത്. താന്‍ മതം മാത്രമേ മാറിയുള്ളൂ, ഗുരുവിനെ മാറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം.
1976 ജൂലൈ 19ന് തിരുവനനന്തപുരത്ത് അദ്ദേഹം സമാധിയായി. ക്രിസ്തുമതപ്രകാരമുള്ള ശവസംസ്കാരച്ചടങ്ങുകളോടെ ഭൗതികശരീരം തിരുവന്തപുരത്ത് പാളയം സിഎസ്ഐ പള്ളി സെമിത്തേരിയിൽ അടക്കുകയുമാണ് ചെയ്തത്. പ്രധാനകൃതികള്‍: ശ്രീ നാരായണ മതം, ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം, ശ്രീ നാരായണ ഗുരുദേവമാഹാത്മ്യം അഥവാ ഗുരുദേവന്‍ ആരാകുന്നു, ഹിന്ദുമതവും ക്രിസ്തുമതവും ആത്മകഥ, ജനാധിപത്യത്തിന്‍റെ ഭാവി, മാതൃഹൃദയം, History of Hindu Imperialism, A Prophet of Peace or Sree Narayana Guudev of Malabar, Prophet of New Order, Hinduism and Christianity, Are all religions same? Yoga of Christ, Yoga for all, The secret of happy home life, The true way, Hints on presentation of Gospels, Sarvodaya Democracy.
പിൽക്കാലത്ത് സ്വാമിയുടെ സ്മരണക്കായി അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ എന്‍. സാമുവൽ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പള്ളികള്‍ പണിയിച്ചു. സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍ മെമ്മോറിയൽ സിഎസ്ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്. ഒരു സന്ന്യാസിയുടെ സ്മരണക്കായി ഒരു ക്രിസ്ത്യന്‍ സ്നേഹിതന്‍ ക്രിസ്ത്യന്‍ പള്ളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.
നടരാജഗുരു
1922ൽ എംഎ, എ.ടി ബിരുദങ്ങള്‍ സമ്പാദിച്ചതിനുശേഷമാണ് ഡോ. പൽപ്പുവിന്‍റെ രണ്ടാമത്തെ മകന്‍ പി. നടരാജന്‍ സ്വജീവിതം നാരായണ ഗുരുവിനു സമര്‍പ്പിച്ച് ഒപ്പം കഴിയാന്‍ തുടങ്ങിയത്. 1926ൽ സിലോണ്‍ സന്ദര്‍ശനവേളിയിൽ തന്നോടൊപ്പമുണ്ടായിരുന്ന നടരാജന് ഗുരു സന്ന്യാസദീക്ഷ നൽകുന്നതിന്‍റെ പ്രതീകമായി ഒരു മഞ്ഞ ഷാള്‍ നൽകുന്നത്. 1928ൽ ശ്രീ നാരായണ ധര്‍മസംഘം രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തിൽ നടരാജനും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഔപചാരികമായി ഒപ്പുവെച്ച് സംഘത്തിൽ ചേര്‍ന്നില്ല. എന്നാൽ അന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ അദ്ദേഹം ചമ്രംപടിഞ്ഞിരിക്കുന്നുണ്ട്. പി. നടരാജന്‍ ധര്‍മസംഘത്തിൽ ചേര്‍ന്നില്ല എന്ന കാര്യം ഗുരുവിന്‍റെയും ധര്‍മസംഘത്തിന്‍റെയും എസ്എന്‍ഡിപി യോഗത്തിന്‍റെയും ചരിത്രമെഴുതിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിനുള്ള കാരണങ്ങള്‍ ആരും വ്യക്തമാക്കിയിട്ടില്ല. പിന്നീട് നിത്യചൈതന്യയതി എഴുതിയ ‘അറിയപ്പെടാത്ത ചരിത്രം-എസ്എന്‍ഡിപിയുടെയും ധര്‍മസംഘത്തിന്‍റെയും’ എന്ന ലേഖനത്തിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാൽ പ്രസ്താവിക്കുന്നില്ല.
സന്ന്യാസത്തെക്കുറിച്ച് പിൽക്കാലത്ത് ആത്മകഥയിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ‘സന്ന്യാസമെന്നാൽ പൂര്‍വാശ്രമം വിട്ടുപോരുക എന്നാണർഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരുവന്‍ നിരപേക്ഷജീവിതസരണിക്കു ഹൃദയപൂര്‍വ്വം ആത്മാര്‍പ്പണം ചെയ്തു കഴിഞ്ഞാൽ സാപേക്ഷസ്വഭാവമുള്ളതോ കുടുംബപരമായോ നേരത്തേയുണ്ടായിരുന്നു എല്ലാ കെട്ടുപാടുകളും ബന്ധങ്ങളും വലിച്ചെറിണം എന്നത് ഒരു നിയമമാണ്. സന്ന്യാസത്തിലന്തര്‍ഭവിച്ചിട്ടുള്ളത് സാപേക്ഷമായ എല്ലാ പൂര്‍വബന്ധങ്ങളും എന്നെന്നേക്കുമായി വലിച്ചെറിഞ്ഞുകളയുക എന്നതാണ്’. ഈ രീതിയിൽ ഒരു തികഞ്ഞ ബ്രഹ്മോപാസകനായി (absolutist എന്ന വാക്കാണ് നടരാജഗുരു ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിലെഴുതിയ ആത്മകഥയ്ക്ക് അദ്ദേഹം നൽകിയ പേര് autobiogrphy of an absolutist എന്നാണ്.
സമാധിയാകുന്നതിനു നാലു മാസം മുൻപ് നാരായണഗുരു നടരാജനെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചു. പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയി നിന്ന് ട്രിപ്പിള്‍ ഓണേഴ്സോടുകൂടി ഡി. ലിറ്റ് ബിരുദം നേടിയശേഷം 1933ൽ മടങ്ങിയെത്തിയ അദ്ദേഹം ധര്‍മസംഘം ജനറൽ സെക്രട്ടറിയുടെ ഉപദേഷ്ടാവ് എന്ന സ്ഥാനം വഹിച്ചെങ്കിലും കുറച്ചു കാലത്തിനുശേഷം ശിവഗിരി വിട്ടുപോവുകയാണ് ചെയ്തത്. തുടര്‍ന്നുള്ള കാലം അദ്ദേഹം സ്വയം നിര്‍വചിച്ച സന്ന്യാസജീവിതം നയിക്കുകയും തന്‍റേതായ രീതിയിൽ തപസ്സും ധ്യാനവും ജ്ഞാനസമ്പാദനവും നടത്തുകയും, തനിക്കു കരഗതമായ അദ്ധ്യാത്മിക വെളിച്ചം അര്‍ഹര്‍ക്കു പകര്‍ന്നു നൽകുന്നതിനായി നാരായണ ഗുരുകുലം കെട്ടിപ്പടുക്കുകയും, ഗ്രന്ഥരചനകളും ക്ലാസ്സുകളും നടത്തുകയുമാണ് ചെയ്തത്. ഈയര്‍ഥത്തിൽ വിമതസന്ന്യാസജീവിതം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്നു കാണാം. എന്നാലും അദ്ദേഹം നാരായണ ഗുരുകുലം സ്ഥാപിക്കുകയും അതിന്‍റെ നടത്തിപ്പിനും നിലനിൽപ്പിനും വേണ്ടി വ്യവസ്ഥകളും പരമ്പരയുമുണ്ടാക്കുകയും അവക്കു നിയമസാധുത വരെ ഉറപ്പാക്കുകയും ചെയ്തു.
നടരാജഗുരുവിൽ ആകൃഷ്ടനായി വന്നു ശിഷ്യത്വം സ്വീകരിച്ച ആദ്യ വ്യക്തിയായിരുന്നു സ്കോട്ട്ലന്‍റുകാരനായ ജോണ്‍ സ്പിയേഴ്സ്. താന്‍ അന്വേഷിച്ചു നടന്നിരുന്ന ഗുരുവിനെ നടരാഗുരുവിൽ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം സ്വന്തം മാസികയായ വാല്യൂസിന്‍റെ 1965 ഫെബ്രുവരി ലക്കത്തിൽ എഴുതിയ Nataraja Guru- ave alque vale എന്ന ലേഖനത്തിൽ വിശദമാക്കുന്നുണ്ട്. നടരാജഗുരു അദ്ദേഹത്തിന് സന്ന്യാസദീക്ഷ നൽകുകയും ഗുരുപരമ്പരയിൽ അംഗമാക്കിക്കൊണ്ട് ഗുരുകുലത്തിന്‍റെ നൈരന്തര്യത ഉറപ്പുവരുത്തുന്നതിനുവേണ്ട വ്യവസ്ഥകളുണ്ടാക്കുകയും ചെയ്തു. എന്നാൽ ഏതാണ്ട് 25 വര്‍ത്തോളം നീണ്ട ശിഷ്യത്വം അവസാനിപ്പിച്ചുകൊണ്ട് സ്വാമി ജോണ്‍ സ്പിയേഴ്സ് ശിഷ്യത്വം ഔദ്യോഗികമായി രാജിവെച്ച് ഗുരുകുലം വിട്ടുപോവുകയും ഒരു സ്വതന്ത്രമനുഷ്യനായി ജീവിച്ചു കാലഗതി പ്രാപിക്കുകയുമാണ് ചെയ്തത്. നടരാജ ഗുരുവുമായുണ്ടായ അകൽച്ച തികച്ചും താത്വികമായിരുന്നുവെന്ന് അദ്ദേഹം 1971 ഏപ്രിൽ ലക്കം ‘വാല്യൂസിൽ’ എഴുതിയ മുഖപ്രസംഗം മുഖേനയും ഗുരുവിന്‍റെ സമാധിയെത്തുടര്‍ന്ന് 1973 ഏപ്രിലിൽ എഴുതിയ ലേഖനത്തിലും വ്യക്തമാക്കുന്നുണ്ട്. അങ്ങനെ നാരായണഗുരുവിന്‍റെ വിമതസന്ന്യാസശിഷ്യനായ നടരാജഗുരുവിന് ഒത്ത വിമതസന്ന്യാസശിഷ്യനായിരുന്നു സ്വാമി ജോണ്‍ സ്പിയേഴ്സ്. (ജോണ്‍ സ്പിയേഴ്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ക്ക് ‘മാതൃഭുമി’ ആഴ്ചപ്പതിപ്പ് 97:24ൽ ഈ ലേഖകന്‍ എഴുതിയ ലേഖനം കാണുക.)
വിമതസന്ന്യാസത്തിന്‍റെ മാതൃകകള്‍
വിമതസന്ന്യാസത്തിന് പുതിയ പാന്ഥാവുകള്‍ തുറന്നുകാണിച്ച നാരായണ ഗുരുവിനു ലഭിച്ച യഥാര്‍ഥ വിമതശിഷ്യന്മാരായിരുന്നു സ്വാമി ഏണസ്റ്റ് കിര്‍ക്കും സ്വാമി ആനന്ദതീര്‍ഥരും സ്വാമി ജോണ്‍ ധര്‍മതീര്‍ഥരും നടരാജഗുരുവും എന്നു കാണാവുന്നതാണ്.
ഈ നാലു വിമത നാരായണഗുരുശിഷ്യന്മാരിലും കാണുന്ന മറ്റൊരു പൊതുഘടകമുണ്ട്. ഇവരെല്ലാവരും- കിര്‍ക്ക് സ്വാമിയുടെ കാര്യം അത്ര വ്യക്തമല്ലെങ്കിലും- ഉന്നത അക്കാദമികയോഗ്യത നേടിയവരും തികച്ചും വ്യത്യസ്ഥമായ ജീവിതപശ്ചാത്താലങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഗുരുവിന്‍റെ ജീവിതത്തിലും ദര്‍ശനത്തിലും പ്രവൃത്തികളിലും ആകൃഷ്ടരായി, തങ്ങളുടെ സാമൂഹികനിലയും വിദ്യാഭ്യാസയോഗ്യതയുംകൊണ്ട് നേടാമായിരുന്ന സൗഭാഗ്യങ്ങളെല്ലാം ത്യജിച്ച് ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു ഇവര്‍. ശ്രീ നാരായണധര്‍മസംഘം പോലെയുള്ള വ്യവസ്ഥാപിതമായ ഒരു സന്ന്യാസചട്ടക്കൂട്ടിൽ അവര്‍ അംഗങ്ങളായിത്തീര്‍ന്നെങ്കിലും തങ്ങളുടെ ചിന്തയിലും വിശ്വാസത്തിലും പിൽക്കാലത്തുണ്ടായ മാറ്റങ്ങളുടെ ഫലമായി ആ ചട്ടക്കൂട് തൃണവൽക്കരിച്ച് ഇറങ്ങിപ്പോവുകയാണ് ഇവര്‍ ചെയ്തത്. ഇവരെപ്പോലെയുള്ള സ്വതന്ത്രമനീഷികളെ ഉള്‍ക്കൊള്ളാന്‍ ധര്‍മസംഘം പോലെ ഔദ്യോഗികസ്വഭാവമുള്ള ചട്ടക്കൂടുകള്‍ക്കുള്ള അപര്യാപ്തയുടെ തെളിവുകൂടിയാണിവരെന്നു പറയാം. ഈ ഇറങ്ങിപ്പോക്ക് ഇവരുടെ പിൽക്കാല ജീവിതത്തിൽ ഗുണകരമായി ഭവിക്കുകയും അവരിൽ നിന്ന് ധൈഷണികമായ സംഭാവനകള്‍ ലഭ്യമാവുകയും ചെയ്തിട്ടുണ്ട്.
സ്വാമി ജോണ്‍ സ്പിയേഴ്സിനാകട്ടെ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലംപോലും സഹിക്കാനാവാത്ത ചട്ടക്കൂടായി അനുഭവപ്പെട്ടതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹവും അതുപേക്ഷിച്ചത്.
ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധത്തിലും മറ്റൊരു തരത്തിൽ വിമതസന്ന്യാസത്തിന്‍റെ ലാഞ്ചന കാണാവുന്നതാണ്. കുമാരുവിന് ഏതാണ്ട് 17 വയസ്സുള്ളപ്പോഴാണ് (മിക്കവാറും 1891ൽ) അന്ന് നാണുസ്വാമിയെന്ന് അറിയപ്പെട്ടിരുന്ന ഗുരുവും കുമാരുവും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. കുമാരുവിലെ കവിതാവാസന കണ്ടറിഞ്ഞ ഗുരു ആ യുവാവിനെ കൂടെ കൂട്ടുകയും ബംഗളുരുവിലും കൽക്കത്തയിലും അയച്ച് ഉപരിപഠനം നടത്തിക്കുകയും ചെയ്തു.
മടങ്ങിയെത്തിയ കുമാരു അതിനകം കവി എന്ന് പേരെടുത്ത് കുമാരനാശാനായിത്തീരുകയും ഗുരുവിനൊപ്പം കഴിയുകയും എസ്എന്‍ഡിപി യോഗം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപരിപാടികളിൽ മുഴുകുകയുമാണ് ചെയ്തത്. ഗുരുവുമായുള്ള നിരന്തരസഹവാസം നിമിത്തം ചിന്നസ്വാമി എന്ന വിളിപ്പേരു നേടിയെടുത്തുവെങ്കിലും ഗുരു ആശാന് സന്ന്യാസദീക്ഷ നൽകുന്ന കാര്യം എപ്പോഴെങ്കിലും ആലോചിച്ചിരുന്നുവോ എന്ന കാര്യം അവരിരുവരുടേയും ജീവചരിത്രങ്ങളിലൊന്നും കാണുന്നില്ല. മറിച്ച്, 1918ൽ 45ആം വയസ്സിൽ ആശാന്‍ ഭാനുമതിയമ്മയെ വിവാഹം കഴിച്ചു എന്നറിഞ്ഞപ്പോള്‍ ഗുരു എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, “ഇന്നലെവരെ അരിയാഹാരം, ഇന്നു മുതൽ ഗോതമ്പാഹാരമാക്കി’ എന്നു ധ്വനാത്മകമായി പ്രതികരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരു ആശാനു നൽകിയിരുന്ന ഉപാധികളില്ലാത്ത പരിഗണനക്ക് ഉദാഹരണമായി ഈ പ്രതികരണത്തെ കാണാവുന്നതാണ്. സന്ന്യാസജീവിതം നയിക്കണമെന്നാഗ്രഹിച്ചു മുന്നോട്ടു വന്ന പലരേയും അതിനു യോഗ്യരല്ല എന്നു അന്തര്‍ജ്ഞാനം കൊണ്ട് മനസ്സിലാക്കി തിരിച്ചയച്ചതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഗുരുവിന്‍റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തന്‍റെ അനുയായികളായി കൂടിയവരെ സന്ന്യാസിശിഷ്യന്മാരെന്നോ ഗൃഹസ്ഥശിഷ്യന്മാരെന്നോ ഗുരു ഒരിക്കലും വേര്‍തിരിച്ചു കണ്ടിരുന്നില്ലെന്നും കാണാം. നാസ്തികനായിരുന്ന സഹോദരന്‍ അയ്യപ്പനും ഹിന്ദുമതതത്വങ്ങളെ പരസ്യമായി അധിക്ഷേപിക്കുന്നതിന് മടിക്കാതിരുന്ന സി.വി. കുഞ്ഞുരാമനെയും ബുദ്ധമതപക്ഷക്കാരനായിരുന്ന മിതവാദി കൃഷ്ണനെയുമൊക്കെ ഗുരു ഒരേപോലെ കരുതി കൂടെനിർത്തിയിരുന്നു. ഒരവസരത്തിൽ മിതവാദി കൃഷ്ണനെയും, വിവാഹാനന്തരം കുമാരനാശാനെയും ഗുരു ആലുവാ അദ്വൈതാശ്രമത്തിന്‍റെ ഭരണച്ചുമതല രേഖാമൂലം ഏൽപ്പിക്കുക പോലും ചെയ്തിട്ടുണ്ട്.
വിവാഹം കഴിക്കാനുള്ള തന്‍റെ തീരുമാനത്തിൽ ഗുരു എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ ആശാന് വലിയ സന്ദേഹങ്ങളൊന്നുമില്ലായിരുന്നു എന്നതിനു തെളിവാണ് വിവാഹാനുമതി ചോദിച്ചുകൊണ്ട് ആശാൻ എഴുതിയ ‘ഒരു സമര്‍പ്പണം’ എന്ന നാലു സംസ്കൃതപദ്യങ്ങളുള്ള കവിത. വിശ്വത്തോളം വികസിച്ച ഗുരുമനസ്സിനു മുന്നിൽ ഒരു ശിഷ്യമനസ്സ് നടത്തുന്ന ഹൃദയസമര്‍പ്പണമായി ഇതിനെ കാണാം.
വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിൽ ആശാന്‍റെ മനസ്സിൽ കുറ്റബോധം ഉണ്ടായിരുന്നുവെന്നതിന് ആശാന്‍ ഗുരുവിനെഴുതിവെച്ച സമര്‍പ്പണം തന്നെ തെളിവാണ്. (ഡോ. എസ്. ഓമന രചിച്ച ‘ഒരു മഹാഗുരു’ എന്ന ഗുരുവിന്‍റെ ജീവചരിത്രത്തിൽ പുറം 357ൽ ഇതു കാണാം. പ്രസാധകര്‍: നാരായണ ഗുരുകുലം, വര്‍ക്കല). വിവാഹിതനായെങ്കിലും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തിനു യാതൊരു ഉലച്ചിലും സംഭവിച്ചിരുന്നില്ല എന്നതിന് പിൽക്കാല സംഭങ്ങള്‍ തെളിവാണ്. ഗുരുവിന്‍റെ വിമതസന്ന്യാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി ഇതിനെ കാണാവുന്നതാണ്.
ഗുരു ആശീര്‍വദിച്ച രാജ്യാന്തരവിവാഹം.
ശ്രീ നാരായണ ഗുരുവിന്‍റെ വിമതസന്ന്യാസത്തിന്റെ മറ്റൊരു നല്ല ദൃഷ്ടാന്തമാണ് ഒരുപാട് അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് അദ്ദേഹം ആശീര്‍വദിച്ചു നടത്തിയ ഒരു വിവാഹം.
ഉപരിപഠനത്തിനായി യൂറോപ്പിൽ പോയ കരുണാകരന്‍ എന്ന ഒരു മലയാളിയുവാവ് ജര്‍മന്‍കാരിയായ മാര്‍ഗരറ്റ് എന്ന ഒരു യുവതിയുമായി പ്രേമബന്ധത്തിലാവുകയും, വിവാഹിതരായി ഒന്നിച്ചുജീവിക്കുന്നതിനായി 1927ൽ കേരളത്തിലെത്തുകയും ചെയ്തു. അന്നത്തെ കാലത്തു തീര്‍ത്തും അചിന്ത്യമായിരുന്ന ആ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി ആ യുവാവിന്‍റെ മാതാപിതാക്കള്‍ ഗുരുവിനെയാണ് സമീപിച്ചത്. മനുഷ്യര്‍ക്കിടയിലുള്ള ജാതി/മതം/വര്‍ഗം/വര്‍ണം/ദേശീയത തുടങ്ങിയ അതിര്‍വരമ്പുകളുടെ അര്‍ഥശൂന്യത നന്നായി ബോധ്യമുള്ള ഗുരുവിന് അവര്‍ തമ്മിൽ വിവാഹിതരാകുന്നതിൽ ഒരപാകതയും കാണാന്‍ കഴിഞ്ഞില്ല. ഗുരു തന്നെ ആ വിവാഹം ശാരദാമഠത്തിൽ വെച്ചു നടത്തിക്കൊടുക്കുകകയാണു ചെയ്ത്. ഇതും അക്കാലത്ത് ഒരു വലിയ സാമൂഹ്യവിപ്ലവം തന്നെയായിരുന്നു എന്നു കാണാം.
ആ വിവാഹാവസരത്തിൽ സ്വന്തക്കാര്‍ ആരും കൂടെയില്ലാതിരുന്ന വധുവിനു തുണയാളായി നിൽക്കുന്നതിനും ആശംസാപ്രസംഗം നടത്തുന്നതിനും ഗുരു കിര്‍ക്കിനെയാണ് നിയോഗിച്ചത്. ആലപ്പുഴയിലെ പ്രശസ്ത ബിസിനസുകാരനായിരുന്ന രവി കരുണാകരന്‍റെ മാതാപിതാക്കളായിരുന്നു ആ നവദമ്പതികള്‍.
കിര്‍ക്ക് സ്വാമിയും സ്വാമി ജോണ്‍ സ്പിയേഴ്സും
കിര്‍ക്ക് സ്വാമിയെക്കുറിച്ച് മേൽപറഞ്ഞ വിവരങ്ങള്‍ ഗുരുവിന്‍റെ വിവിധ ജീവചരിത്രങ്ങളിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാമി ജോണ്‍ സ്പിയേഴ്സ് വാല്യൂസ് മാസികയിൽ എഴുതിയ ആത്മകഥയായ ‘വേൾഡ് ഓഫ് മെമ്മറീസിൽ’ കിര്‍ക്ക് സ്വാമിയെക്കുറിച്ച് കൂടുതലായി ചില പരാമര്‍ശങ്ങളുള്ളത് ഈയിടെ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്. 1972 നവംബര്‍ മുതൽ 1973 ജനുവരി വരെയുള്ള ലക്കങ്ങളിലാണിതുള്ളത്. അതു പ്രകാരം കിര്‍ക്കിനെക്കുറിച്ച് ഇതുവെരെ ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ വെളിവാകുന്നുണ്ട്. അവ താഴെ ചുരുക്കിപ്പറയുന്നു.
1935ൽ ഊട്ടിയിൽ വെച്ചാണ് അവരിരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതായത് ഗുരുവിന്‍റെ സമാധിക്കുശേഷം കിര്‍ക്ക് തിരുവനന്തപുരവും വിട്ടുകഴിയുന്ന കാലത്ത്. വലിയ ആകാരമുള്ള, ആത്മവിശ്വാമുള്ള, വായാടിയായ, നിരന്തരം ക്ലീഷേകള്‍ പ്രയോഗിക്കുന്ന ഒരാളായിരുന്നു കിര്‍ക്ക്. യൗവ്വനകാലത്ത് അദ്ദേഹം ‘സാൽവേഷന്‍ ആര്‍മിയിലെ’ ജനറൽ ബൂത്തിന്‍റെ പിആർഒയും അവരുടെ ഔദ്യോഗിക ജിഹ്വയായിരുന്ന ‘ദി വാര്‍ ക്രൈമിന്റെ’ സ്റ്റാഫംഗമാവുയിരുന്നു. നേരത്തെതന്നെ തിയോസഫിയിലേക്ക് പരിവര്‍ത്തനപ്പെട്ട ഒരാളായിരുന്ന കിര്‍ക്കിനെ തന്‍റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിൽ സഹായിക്കുന്നതിന് ആനി ബസന്‍റായിരുന്നു ഇൻഡ്യയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നത്. അദ്ദേഹം സാവകാശം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങിൽ എത്തിച്ചേരുകയും പിൽക്കാലത്ത് ഇൻഡ്യയുടെ രാഷ്ട്രപതിയായിത്തീര്‍ന്ന ഗിരിയുടെ റെയിൽവേ തൊഴിലാളി യൂണിയന്‍ ഓഫീസിൽ ഔഗ്യോഗികസ്ഥാനം വഹിക്കുകയും ചെയ്തു.
അദ്ദേഹം അക്കാലത്ത് ഒരു ചെറിയ പ്രതിവാരപത്രിക നടത്തിയിരുന്നു. ആരെയെങ്കിലും പുതിയതായി പരിചയപ്പെടുമ്പോള്‍: “ഞാന്‍ കിര്‍ക്ക്, ലൈഫിന്‍റെ എഡിറ്റര്‍” എന്നു സാഭിമാനം പറയുകയും ചെയ്യും. കേള്‍ക്കുന്നയാള്‍ അദ്ദേഹത്തിന്‍റെ ചുക്കിച്ചുളിഞ്ഞ ടൈയും സെക്കന്‍റ് ഹാന്‍റ് സ്യൂട്ടും തേഞ്ഞമ്പിയ ഷൂസും കണ്ട് അതിശയത്തോടെ നോക്കുമ്പോള്‍: “അമേരിക്കന്‍ പ്രസിദ്ധീകരണമല്ല, എന്‍റെ ലൈഫ് അതിലും പഴയതാണ്” എന്നു പറയുകയും ചെയ്യുമായിരുന്നത്രെ.
കിര്‍ക്ക് അക്കാലത്ത് ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് റോഡിലുണ്ടായിരുന്ന തിയോസഫി ലോഡ്ജ് വളപ്പിലെ സെര്‍വന്‍റ്സ് ക്വോര്‍ട്ടേഴ്സിൽ സൗജന്യമായി താമസിക്കുകയായിരുന്നു. കാവൽറി റോഡിൽ അദ്ദേഹത്തിനു ചെറിയൊരു പ്രിന്‍റിങ്ങ് പ്രസ് സ്വന്തമായുണ്ടായിരുന്നു. വളരെ പഴക്കമുള്ള വലിയൊരു ബംഗ്ലാവായിരുന്നു ബാംഗ്ലൂരിലെ തിയോസഫി ലോഡ്ജ്. അതിലെ ഹാളിലായിരുന്ന കിര്‍ക്കിന്‍റെ ബാംഗ്ലൂര്‍ ചര്‍ച്ചാസംഘം എല്ലാ ആഴ്ചയും സമ്മേളിച്ചിരുന്നത്. കിര്‍ക്ക് വന്ദ്യവയോധികനായ ഒരു കുലീനമാന്യനെപ്പോലെ ഈ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാസംഗികരുടെ ശൈലിയിൽ എതിരാളികളുടെ വാദമുഖങ്ങളെ കീറിമുറിക്കുകയും ചെയ്യുമായിരുന്നു. ഈ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിനായി കിര്‍ക്ക് തന്‍റെ വാരികയിൽ ഒന്നോ രണ്ടോ താളുകൾ നീക്കിവെച്ചിയിരുന്നു. ഈ സംഘവുമായുള്ള സമ്പര്‍ക്കം തന്‍റെ സാമൂഹ്യജീവിതം വികസിക്കുന്നതിനു സാവകാശം ഒരു ഉള്‍പ്രേരകമായിത്തീര്‍ന്നവെന്നു സ്പിയേഴ്സ് കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട്.
കിര്‍ക്കിന്‍റെ വാരികയിൽ താന്‍ എഴുതിയവ നിമിത്തം ഈ ചര്‍ച്ചായോഗങ്ങളിൽ പങ്കെടുക്കുന്നവിര്‍ക്കിടയിൽ താന്‍ അൽപസ്വൽപം അറിയപ്പെടാന്‍ തുടങ്ങിയെന്നും, വിവിധതരക്കാരായ ഒട്ടേറെ പേരെ കണ്ടുമുട്ടുന്നതിനും അവരുടെ ചിന്തയിലും പെരുമാറ്റത്തിലുമുള്ള വൈചാത്യങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനും അവസരം ലഭിച്ചുവെന്നും സ്പിയേഴ്സ് പറയുന്നു. ഒന്നോ രണ്ടോ തവണ ഡോ. പി. നടരാജന്‍ ഈ മീറ്റിങ്ങുകളിൽ പങ്കെടുത്തതായും അദ്ദേഹം ആ അവസരത്തിൽ ബര്‍ഗ്സണ്‍ന്‍റെ ‘Two Sources of Morality and Religion’നെക്കുറിച്ച് സംസാരിച്ചതായും സ്പിയേഴസ് സ്മരിക്കുന്നുണ്ട്.
തുടര്‍ന്ന് കിര്‍ക്കിന് നാരായണ ഗുരുവുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വളരെ കാര്യമാത്രപ്രസക്തമായി സ്പിയേഴ്സ് അനുസ്മരിക്കുന്നുണ്ട്. അതിങ്ങിനെയാണ്: ‘കേരളത്തിലെ പ്രായോഗിക മിസ്റ്റിക്കും യോഗിയുമായ നാരായണ ഗുരുവുമായി സമ്പര്‍ക്കപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വം പാശ്ചാത്യരിൽ ഒരാളായിരുന്നു കിര്‍ക്ക്. ഗുരുവും അദ്ദേഹവും നല്ല അടുപ്പത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ലളിതമനസ്കനായ ആ വലിയ ആംഗലേയനെ ഗുരു മനസ്സിലാക്കുകയും അദ്ദേഹത്തോട് അനുതപിക്കുകയും ചെയ്തിരുന്നു. എന്നാൽ കിര്‍ക്കാകട്ടെ തനിക്ക് പൂര്‍ണമായും ആരാധിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഗുരുവിൽ കണ്ടെത്തുകയാണുണ്ടായത്. ഗുരുവിന്‍റെ കാരുണ്യവും മൃദുവായ പെരുമാറ്റവും തന്നെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു കിര്‍ക്ക് പലപ്പോഴും തന്നോടു പറഞ്ഞിട്ടുള്ളതായും സ്പിയേഴ്സ് പറയുന്നുണ്ട്.
മൈസൂര്‍ മഹാരാജാവ് ദസറയാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള ദര്‍ബാറിലേക്ക്, 1938 ഒക്ടോബറിൽ തനിക്കും കിര്‍ക്കിനും ക്ഷണം ലഭിച്ചതിനെക്കുറിച്ചും അതിൽ മോടിയായി വസ്ത്രംധരിച്ചു പങ്കെടുക്കുന്നതിന് അവര്‍ കാണിച്ച പങ്കപ്പാടിനെക്കുറിച്ചും രസകരമായി സ്പിയേഴ്സ് വിവരിക്കുന്നുണ്ട്.
ആത്മകഥയിൽ സ്പിയേഴ്സ് കിര്‍ക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇത്രമാത്രമാണ്. 1971 ആഗസ്റ്റ് ലക്കം വാല്യൂസിലാണ് ‘കിര്‍ക്ക് സ്വാമിയെക്കുറിച്ച്’ മറ്റൊരു പരാമര്‍ശമുള്ളത്. 1930ൽ ഇൻഡ്യയിലെത്തിയ സ്പിയേഴ്സ് 1936ൽ ഊട്ടിയിൽ വെച്ച് നടരാജഗുരുവിനെ കണ്ടുമുട്ടിയപ്പോഴാണത്രെ നാരായണ ഗുരുവിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീടുള്ള പത്തു വര്‍ഷങ്ങളിൽ 1961ൽ നാൽപത്തി അഞ്ചാം വയസ്സിൽ മരണമടഞ്ഞ ഏണസ്റ്റ് കിര്‍ക്ക് എന്ന ആംഗലേയനെ പോലെയുള്ള പലരിൽ നിന്നും താന്‍ നാരായണ ഗുരുവിനെക്കുറിച്ച് ധാരാളം കേട്ടതായി സ്പിയേഴ്സ് പറയുന്നുണ്ട്. ഈ പ്രസ്താവന മാത്രമാണ് കിര്‍ക്ക് സ്വാമിയുടെ അന്ത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏക രേഖപ്പെടുത്തൽ. എവിടെ വെച്ചായിരുന്നു അന്ത്യമെന്നോ എവിടെയാണ് സംസ്കരിച്ചതെന്നോ ഒരു വിവരവും മറ്റു പലരോടും ഈ ലേഖകന്‍ തിരക്കിയെങ്കിലും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.
ജീവിതകാലം മുഴുവന്‍ ‘കിര്‍ക്ക് സ്വാമി’ ടൈ ധരിച്ചുകൊണ്ട് നടന്നിരുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യചൈതന്യയതി അദ്ദേഹത്തെ കൂനുരിലെ വീട്ടിൽ സന്ദര്‍ശിച്ച അവസരത്തിൽ അദ്ദേഹം ടൈ ധരിച്ചിരുന്നതായി വിവരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്‍റെ ഗുരു തനിക്കു നൽകിയ സന്ന്യാസദീക്ഷാ വസ്ത്രമാണ് ഈ ടൈയെന്നും, താങ്കള്‍ കാവി ധരിക്കുന്നതുപോലെതന്നെയാണ് താനിതു ധരിക്കുന്നതെന്നും അദ്ദേഹം യതിയോടു പറഞ്ഞത്രെ.
ഈ വിവരണങ്ങളിൽ നിന്ന് മനസ്സിലാവുക കേരളം വിട്ടശേഷം കിര്‍ക്ക് സ്വാമി, ശ്രീ നാരായണ ഗുരുവിൽ നിന്ന് താന്‍ സ്വീകരിച്ച സന്ന്യാസദീക്ഷക്ക് വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാതെ വീണ്ടും തിയോസഫി പ്രസ്ഥാനവും മറ്റുമായി ചേര്‍ന്ന് കഴിഞ്ഞുകൂടുകയാണുണ്ടാതെന്നാണ്. ഗുരുശിഷ്യ പാരസ്പര്യത്തിനും ബന്ധത്തിനും അതിയായ വില കൽപിക്കുകയും ഇരുപതാം നൂറ്റാണ്ടിൽ അതിനു പുതിയ മാനങ്ങളും നിര്‍വചനങ്ങളും തീര്‍ത്ത സ്വാമി ജോണ്‍ സ്പിയേഴ്സ് കിര്‍ക്കിന്‍റെ നാരായണഗുരു പശ്ചാത്തലത്തോട് ഇത്ര ഉദാസീനത പുലര്‍ത്തിയതിനു കാരണമെന്തെന്നു മനസ്സിലാക്കുവന്‍ കഴിയുന്നില്ല. ഒരുപക്ഷേ അവരെപ്പോലെയുള്ള മാനസികനിലയിലും സാഹചര്യങ്ങളിലും കഴിഞ്ഞിരുന്നവര്‍ക്ക് ഇതിനൊക്കെ നമ്മള്‍ കൊടുക്കുന്ന അര്‍ഥമല്ലായിരിക്കും തോന്നിയിട്ടുണ്ടാവുക എന്നു അനുമാനിക്കാം.
കിര്‍ക്ക് സ്വാമി നൂറു സിംഹാസങ്ങളിൽ
ഈയടുത്തകാലത്ത് പ്രശസ്തമായിത്തീര്‍ന്ന ജയമോഹന്‍റെ ‘നൂറു സിംഹാസനങ്ങള്‍’എന്ന നോവലിൽ സ്വാമി ഏണസ്റ്റ് കിര്‍ക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
നായാടി വിഭാഗത്തിൽ പിറന്ന് ഏഴു വയസ്സുവരെ നഗ്നനായി തിരുവനന്തപുരത്തെ തെരുവുകളിൽ അമ്മയോടൊപ്പം തെണ്ടിനടന്നിരുന്ന കാപ്പന്‍ എന്ന ബാലനെ തെരുവിൽ നിന്നു രക്ഷിച്ച് അന്നവും വസ്ത്രവും വിദ്യയും നൽകി വളര്‍ത്തിവലുതാക്കി ധർമപാലന്‍ എന്ന ഐഎഎസ് ഓഫീസറാക്കുന്നത് നാരായണഗുരുവിന്‍റെ ശിഷ്യനായ സ്വാമി ഏണസ്റ്റ് കിര്‍ക്കിന്‍റെ ശിഷ്യനായ സ്വാമി പ്രജാനന്ദനാണ്. കരമനയാറിന്‍റെ തീരത്ത് അദ്ദേഹം നടത്തിയിരുന്ന നാരായണമന്ദിറിൽ ചോറു കിട്ടുമെന്നു കേട്ട് എത്തിയതായിരുന്നു കാപ്പന്‍. സ്വാമി പ്രജാനന്ദന്‍ അവനെ കുളിപ്പിച്ചു വൃത്തിയാക്കിയശേഷം വയറു നിറച്ചു ചോറുനൽകി. പിന്നീട് അദ്ദേഹം വളരെ കരുതലോടെ അവന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്നതിനു വേണ്ടതൊക്കെ ചെയ്തുകൊടുത്തു. ഈഴവര്‍ക്കു മനസ്സിലാകുന്ന നാരായണ ഗുരുവല്ലായിരുന്നു അദ്ദേഹം അവനു പരിചയപ്പെടുത്തിക്കൊടുത്ത നാരായണ ഗുരു എന്നാണ് ഗുരുവിനെക്കുറിച്ചുള്ള നായകന്‍റെ വാക്കുകള്‍. ശ്രീ നാരായണ ഗുരു മലയാളിയിലുണ്ടാക്കിയ ഉണര്‍വിന്‍റെ, മാറ്റത്തിന്‍റെ ഏറ്റവും മികച്ച ആവിഷ്കാരം എന്നാണ് അവതാരികയിൽ കൽപറ്റ നാരായണന്‍ ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. ഇതൊരു വെറും കഥയല്ലെന്നും, ഇതിലെ സംഭവങ്ങള്‍ ഭാവനകൊണ്ട് പുനസൃഷ്ടിച്ച സത്യങ്ങളാണെന്നും നായകന്‍റെ അനുവാദത്തോടെ അദ്ദേഹത്തിന്‍റെ പേരും മറ്റു വിവരങ്ങളും മാറ്റിയെഴുതിയതാണെന്നും, അദ്ദേഹം ഇതു വായിച്ച് അനുഗ്രഹിക്കുകയുണ്ടായെന്നും ജയമോഹന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏതാനും നാള്‍ മുമ്പ് ജയമോഹനുമായി സംസാരിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. കിര്‍ക്ക് സ്വാമിയെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമോ എന്ന ചോദ്യത്തിന്, എല്ലാവര്‍ക്കും അറിയുന്ന, ഒരു ഫൂള്‍സ്കാപ് താളിലൊതുങ്ങുന്ന കാര്യങ്ങള്‍ മാത്രമേ തനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളു എന്നായിരുന്നു ജയമോഹന്‍ മറുപടി. കരമനയാറിന്‍റെ തീരത്ത് നാരായണമന്ദിര്‍ നിന്നിരുന്ന സ്ഥാനം ഏകദേശം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവിടെ ഒന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- ശ്രീ നാരായണ ഗുരുവിന്‍റെ വിവിധ ജീവചരിത്രങ്ങള്‍
- നടരാജഗുരുവിന്‍റെ ആത്മകഥ, പ്രസാധകര്‍: നാരായണ ഗുരുകുലം, വര്‍ക്കല (1976)
- ഗുരുവരുള്‍ - നടരാജഗുരു, പ്രസാധകര്‍: നാരായണ ഗുരുകുലം, വര്‍ക്കല (2017)
- ഒരേ ഒരു ജീവിതം - ഇംഎം.അഷറഫ്, പ്രസാധകര്‍: ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട് (2011).
- ആത്മകഥ - സ്വാമി ധര്‍മതീര്‍ഥര്‍, പ്രസാധകന്‍: സിആര്‍ കേശവന്‍ വൈദ്യര്‍, ഇരിങ്ങാലക്കുട (1987)
- History of Hindu Imperialism- Swamy John Dharmatheerthar Published by N.Samuel, B.A., Anathara, Charachira, Thiruvananthapuram (1969)
- ഹിന്ദുമതവും ക്രിസ്തുമതവും, പ്രസാധകര്‍: മിഷന്‍ റ്റു ദി ഹിന്ദൂസ് കമ്മിറ്റി, സിഎസ്ഐ പാര്‍സനേജ്, മിഷന്‍ ക്വാര്‍ട്ടേഴ്സ്, തൃശൂര്‍. (1953)
- ശ്രീ നാരായണമതം - അഡ്വ. സിപി മേനോന്‍ (സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍), മംഗളോദയം പ്രസ്സ് തൃശ്ശൂര്‍ (1926)
- നാരായണഗുരു എന്‍റെ ആത്മസാക്ഷാത്കാരത്തിന്‍റെ പ്രമാണം - നിത്യ ചൈതന്യ യതി, പ്രസാധകര്‍: പൂര്‍ണ ബുക്സ്, വര്‍ക്കല.
- നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍, (2013) പ്രസാധകര്‍: മാതൃഭൂമി ബൂക്സ്, കോഴിക്കോട്.
- വാല്യൂസ് മാസികയുടെ പഴയ ലക്കങ്ങള്‍.