കോവിഡ് ലോകത്തെ ദൈവവും മനുഷ്യനും

വൈറസിന് തരംപോലെ ‘ചൈനീസ് വൈറസ്’ എന്നും ‘തബ്‌ലീഗ് വൈറസ്’ എന്നുമൊക്കെ പേര് നൽകുന്നവർ ‘മുഖമില്ലാത്ത’ (faceless) ഒന്നിനെ ‘അപരവൽക്കരിക്കുകയും’ പേരിടുകയും ഒക്കെയാണ് ചെയ്യുന്നത്. 9/11 ആക്രമണത്തിന് ശേഷം തീവ്രവാദ ആക്രമണങ്ങളെ പരാമർശിക്കാൻ ഭരണകൂടങ്ങൾ രോഗനിദാന ശാസ്ത്രത്തിലെ (epidemiology) പദാവലികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടങ്ങളുടെ യുദ്ധമുറികളും തന്ത്രങ്ങളും സജീവമാണ്. സുനിൽ കുമാർ എഴുതുന്നു.

ലോകം കൊറോണയ്ക്ക് മുൻപും ശേഷവും എന്ന് രണ്ടായി പിളർന്നിരിക്കുന്നു. അതൊരു ‘സംഭവം’ ആണ്. ലോകം ഇനി ഒരിക്കലും പഴയപടി ആകില്ല എന്ന നിരാശയാണ് പലർക്കുമെങ്കിലും മറ്റു ചിലർക്ക് ‘രോഗപീഡയിലും’ മറിച്ചൊരു ലോകക്രമത്തെക്കുറിച്ചുള്ള പ്രത്യാശയാണുള്ളത്.

‘അത് സംഭവിക്കുന്നു’ എന്ന് എല്ലാവർക്കും അറിയാം. പക്ഷേ എന്ത് സംഭവിക്കുന്നു എന്ന് മാത്രം ആർക്കും ഇനിയും പിടികിട്ടിയിട്ടില്ല. ‘സംഭവം’ പരാമർശക വ്യവസ്ഥയെ അതിക്രമിക്കുന്ന ഒന്നാണല്ലോ (ലോത്യാർ). അതുകൊണ്ട് തന്നെ അത്തരം ചരിത്രസന്ധിയിൽ ചിന്തയ്ക്ക് കൂടുതൽ ഊഹാത്മകമാകാതിരിക്കാൻ കഴിയില്ല. മറുവശത്ത് ‘ചരിത്രത്തിന്റെ അവസാനവും’ ‘ദൈവത്തിന്റെ മരണവും’ ഒക്കെ വീണ്ടും ഘോഷിക്കപ്പെടുന്നു. ഒരിക്കൽ മരിച്ച ‘ചരിത്രവും’ ‘ദൈവവും’ ഒക്കെ വീണ്ടും മരിക്കുന്നത് എങ്ങനെ?!

വൈറസിന് തരംപോലെ ‘ചൈനീസ് വൈറസ്’ എന്നും ‘തബ്‌ലീഗ് വൈറസ്’ എന്നുമൊക്കെ പേര് നൽകുന്നവർ ‘മുഖമില്ലാത്ത’ (faceless) ഒന്നിനെ ‘അപരവൽക്കരിക്കുകയും’ പേരിടുകയും ഒക്കെയാണ് ചെയ്യുന്നത്. 9/11 ആക്രമണത്തിന് ശേഷം തീവ്രവാദ ആക്രമണങ്ങളെ പരാമർശിക്കാൻ ഭരണകൂടങ്ങൾ രോഗനിദാന ശാസ്ത്രത്തിലെ (epidemiology) പദാവലികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടങ്ങളുടെ യുദ്ധമുറികളും തന്ത്രങ്ങളും സജീവമാണ്.

ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ ആയിമാറുകയും സ്രവപരിശോധന കിറ്റുകൾ ആയുധങ്ങൾക്ക് പകരം നിൽക്കുകയും ചെയ്യുന്നു. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പോലെ വൈറസിന്റെയും ഉത്ഭവത്തെകുറിച്ചുള്ള ചർച്ചകൾ എവിടെയും സംസാര വിഷയമാണ്. ഇന്നലെ വരെ പ്രസന്നവതികളായി ആടിപാടിയ ശരീരങ്ങൾ ഇന്ന് സംശയത്തിന്റെ നിഴലിലാണ്.

ഭരണകൂട ഭീകരതയ്ക്കെതിരെ ഉയർന്ന ഷഹീൻബാഗ് അടക്കമുള്ള പ്രതിരോധങ്ങൾക്ക് അനിവാര്യമായും പിൻവാങ്ങേണ്ടി വന്നു. എത്ര അനായാസകരമായാണ് ഫാസിസ്റ്റ്‌ ഭരണകൂടം അത് സാധിച്ചെടുത്തത്. കോവിഡ് കാലത്ത് ‘ഭയത്തിന്റെ വാഴ്ച’ (regime of fear) സാധ്യമാകുന്നത്  അക്രമണോൽസുകവും പ്രതിരോധാത്മകവുമായ നടപടികൾക്കൊപ്പം ‘വ്യക്തിവൽക്കരണവും’ കൂടി ചേരുമ്പോളാണ്.

ഇൻഡ്യയിൽ അത് തരംപോലെ ‘തബ്‌ലീഗ് വൈറസും’ ‘ചൈനീസ് വൈറസും’ ആണെങ്കിൽ അമേരിക്കയിൽ അത് ‘ചൈനീസ് വൈറസും’ ‘നീഗ്രോ വൈറസും’ ആണ്. വൈറസുകൾക്കെതിരെയുളള യുദ്ധം രാജ്യത്തിന് അകത്തും പുറത്തുമുള്ള ശത്രുക്കളെ ഒരുപോലെ ഉന്നംവെയ്ക്കുന്ന ഒന്നുകൂടിയായി മാറുന്നു.

ഇവിടെ ശത്രു ഓരോരുത്തരുടെയും ഉള്ളിലാണ് ഉള്ളത്. ഏറ്റവും കൂടുതൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത് നിങ്ങളുടെ  തൊട്ടടുത്ത ‘അയൽക്കാരൻ’ തന്നെയായിരിക്കും. ‘community’ എന്ന വാക്കിന്റെ എതിർപദമായി ഉപയോഗിക്കപെടുന്നത് ‘immunity’ എന്ന വാക്കാണ്. പക്ഷേ ചരിത്രത്തിൽ മുമ്പില്ലാത്തവിധം പരസ്പരാശ്രിതമാണ് ഇന്ന് ലോകം. എത്ര ദുർബല ശരീരത്തിനും ചേർന്നു നിന്ന് ശക്തരാകാൻ കഴിയും. ശരീരത്തിന് ചെയ്യാൻ കഴിയുന്നത് എന്തെന്ന് നമുക്ക് മുൻകൂട്ടി അറിയാൻ കഴിയില്ല.

ബ്രയൻ മസ്സുമി

സകലരെയും വേർതിരിച്ചു മാറ്റിനിർത്തുകയും വ്യക്തികൾ ആയി മാത്രം കാണുകയും ചെയ്യുന്നതിനാൽ ശരിക്കും ഇതൊരു ‘നിയോലിബറൽ ദുരന്തമായി’ മാറിയിരിക്കുകയാണ്. അതുകൊണ്ട് ഇതിനെ ‘അമേരിക്കൻ വൈറസ്’ എന്ന് ബ്രയൻ മസ്സുമിയെ പോലുള്ളവർ (Brian Massumi) പറയുന്നത് പകുതി കാര്യമായാണ്.  രോഗത്തിന്റെ പ്രധാന പ്രഭവകേന്ദ്രം അമേരിക്ക ആയി മാറിയിരിക്കുന്നു. ചൈനയും അമേരിക്കയും ഒക്കെ നമ്മുടെ തൊട്ടപ്പുറത്ത് ആണെന്ന് കാട്ടിത്തരാൻ ഒരു വൈറസ് വേണ്ടിവന്നു. നമ്മുടെ തന്നെ ശക്തി ദൗർബല്യങ്ങൾ അത് നമുക്ക് വെളിവാക്കിത്തന്നു.

വൈറസിന് മുൻപിൽ എല്ലാവരും സമന്മാർ അല്ല, പ്രതിസന്ധി പലരേയും ബാധിച്ചത് പലവിധത്തിലാണ്. വൈറസിന് എതിരായ പ്രതിരോധം യുദ്ധസമാനമാണെങ്കിൽ ഇവിടെ ബലിയാടുകൾ ‘പ്രതിരോധശേഷി കുറഞ്ഞവരും, പ്രായമായവരും, രോഗികളും, ഭിന്നശേഷിയുള്ളവരും’ ഒക്കെയാണ്; മുതലാളിത്തത്തിന്റെ ഭാഷയിൽ തീർത്തും ‘ഉൽപാദനശേഷി’ ഇല്ലാത്തവർ.

സുരക്ഷിതരായിക്കാൻ സ്വന്തമായി വീടില്ലാത്തവരേയും ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിനിവാസികളെയും സംബന്ധിച്ചെടുത്തോളം ‘സമ്പർക്ക വിലക്കിലൂടെ’ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ല. നിയോലിബറലിസം വൈറസിനെക്കാൾ വലിയ വ്യാധിയാണ്, ഈ ഘട്ടത്തിൽ ജനതയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് വൈറസിനെക്കാൾ കൂടുതൽ ജീവനൊടുക്കാൻ സാധ്യതയുണ്ട്.

ബിഫോയെ പോലുള്ള  (Franco Bifo Berardi) ചിന്തകർ ‘കൊറോണ’ ‘മനുഷ്യ’ ചരിത്രത്തിന്റെ തന്നെ  അവസാനമായാണ് കാണുന്നത്. ഡോണ ഹരാവേ (Donna Haraway) ഒക്കെ പറയുമ്പോലെ (staying with the trouble) വൈറസുകൾ അടക്കമുള്ള സൂഷ്മജീവികൾ (critters) രംഗം കൈയ്യടക്കുന്നു. പക്ഷേ ‘മനുഷ്യകേന്ദ്രിത’ ചരിത്രം ചോദ്യം ചെയ്യപ്പെടുന്നത് ‘കൊറോണ’യുടെ വ്യാപനത്തോടെയല്ല, പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡ് 19ന്റെ ആഗോളവ്യാപനവും ചരിത്രത്തിന്റെ അപമാനവീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തി എന്നേയുള്ളൂ.

ബിഫോ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്ന് ‘പ്രയോജന മൂല്യത്തിന്റെ’ തിരിച്ചുവരവാണ്: ‘Use value, long expelled from the field of the economics, is back, and the useful is now King’. പക്ഷേ മുതലാളിത്തവും വിപണിയും ഈ വൈറസ് ആഘാതം എങ്ങനെ സ്വീകരിക്കും എന്ന് ഇനിയും പറയാറായിട്ടില്ല. മുതലാളിത്തം അതിന്റെ സ്വയംസിദ്ധ തത്വങ്ങളിൽ (axiomatic) ഊന്നി അനന്തമായി സ്വയം പുനഃക്രമീകരിക്കാൻ ശേഷിയുള്ള  ഒന്നാണ് എന്ന് മുൻ അനുഭവങ്ങളിൽ നിന്നും നമുക്കറിയാം. ഒരുപക്ഷേ വൈറസുകളെക്കാൾ സൂഷ്മമായി ‘മ്യൂട്ടേഷൻ’ സംഭവിച്ചു സാഹചര്യങ്ങളെ അനുഗുണമാക്കാൻ അതിന് കഴിയും.

ഇതിനർഥം ലോകം പഴയപടി തുടരും എന്നല്ല. മറിച്ച് അത് കൂടുതൽ കൂടുതൽ സങ്കീർണവും അപ്രവചനീയവും ആയി മാറുന്നു എന്നാണ്. ഒരു ‘മുതലാളിത്താനന്തര (postcapitalist) ലോകത്തെക്കുറിച്ചുള്ള ചിന്ത മസ്സുമിയെ പോലുള്ള ചിന്തകരും പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ അതൊരു മാനുഷിക മുഖമുള്ള മുതലാളിത്തം, ജനാധിപത്യ സോഷ്യലിസ്റ്റായ (democratic socialist) ഒന്നായിരിക്കില്ല, അത്  നമ്മുടെ മറ്റ് പല ബദൽ സങ്കൽപങ്ങളെക്കാൾ മെച്ചപ്പെട്ട ഒന്നാണെങ്കിലും, ഇത്തരം മുഖങ്ങൾ നമ്മെ എവിടെയെത്തിക്കുന്നു എന്ന് നാം ഇതിന് മുൻപ് കണ്ടതാണ്. മസ്സുമിയുടെ തന്നെ വാക്കുകളിൽ: ‘…let’s try something transindividual this time. More-than human world: make it multispecies’. മാനുഷിക മുഖമുളള മുതലാളിത്തത്തിന് അപ്പുറം, മനുഷ്യനും ഉപരിയായ ഭിന്നജീവിവർഗങ്ങളുടെ പ്രപഞ്ചമാണ് ഉണ്ടാകേണ്ടത്.

പക്ഷേ ബിഫോ അടക്കമുള്ളവർ നൽകുന്ന, വരാൻ പോകുന്ന കാലത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് അതൊരു ‘സാങ്കേതിക സ്വേച്ഛാധിപത്യം’ (techno totalitarian) ആയിരിക്കാം എന്നതാണ്. നിയന്ത്രണങ്ങളും പര്യവേഷണങ്ങളും അനന്തമായി തുടർന്നാൽ മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാകുകയും സ്വാതന്ത്ര്യവും സഞ്ചാരവുമൊക്കെ അകന്നുപോകുന്ന സ്വപ്നമായി മാത്രം ബാക്കിയാവുകയും ചെയ്യും. ഈയിടെ കേരള പോലീസ് പുറത്തിറക്കിയ ‘ഡ്രോൺ വീഡിയോ’ ഒരുദാഹരണമാണ്.

നാട്ടിൻപുറത്ത് മരച്ചുവട്ടിൽ കൂടിയിരുന്നു കാരംസ് കളിക്കുന്ന ആളുകൾ സ്വയംമറച്ചു ഓടിയൊളിക്കുന്നതിൽ വരാൻ പോകുന്ന കാലത്തിന്റെ കൂടി സൂചനകൾ ഉണ്ട്. ഒപ്പം പുഴക്കടവിൽ ഒളിഞ്ഞുനോക്കുന്ന ഡ്രോൺ  കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്ന മനുഷ്യനും വരുംകാലത്തിന്റെ പ്രതീകമാണ്. ഇപ്പോൾ തന്നെ കൊറോണയ്ക്ക് മുൻപുള്ള സമീപ ഭൂതകാലത്തെപ്പറ്റി മനുഷ്യർ എത്രമേൽ ഗൃഹാതുരമായാണ് സംസാരിക്കുന്നത്.

കോവിഡിനെ മറികടന്നു കഴിഞ്ഞാലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് സ്വയം സ്ഥാപിക്കാനും നിലനിൽക്കാനും ‘അസ്തിത്വ ഭീഷണികൾ’ (existential threat) അനിവാര്യമായി വന്നേക്കാം. അദൃശ്യമായ ഭീഷണികളെ (invisible threat) പുനരുൽപാദിപ്പിക്കുന്ന വിധത്തിൽ അത് ഒരു മതവിഭാഗത്തിന്മേൽ ആരോപിച്ചു ‘കശ്മീരിനെ’ എന്ന പോലെ ഒരു പ്രദേശത്തെ ആകമാനമോ അല്ലെങ്കിൽ ഒരു ജനവിഭാഗത്തെയോ ‘വളഞ്ഞുവയ്ക്കാൻ’ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചേക്കാം.

ഫ്രാങ്കോ ബിഫോ ബെറാർഡി

തത്വചിന്തയിലെ നീണ്ട ‘കാലനില്ലാ കാലത്തിന്റെ’ അവസാനമാണ് കൊറോണക്കാലം എന്ന് ബിഫോ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. അത് നീണ്ട ഇടവേളയ്ക്ക് ശേഷം മരണത്തെ വീണ്ടും ചിന്താവിഷയമാക്കുന്നുണ്ട്. അത് ശരീരത്തെ ‘ആനന്ദ’ത്തെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുന്നുണ്ട്. ഷാജു വി.വി തന്റെ ഒരു കവിതയിൽ എഴുതിയ പോലെ ‘സൈനികർ അവരെ അടക്കം ചെയ്യാൻ പോകുന്ന കുഴി ജെസിബി കൊണ്ട് മണ്ണിട്ട് മൂടാൻ പോകുമ്പോൾ പോലും മദ്യം നുണഞ്ഞു ‘ജെസിബിയുടെ വായിന്റെ ആങ്കിൾ ഷോട്ട്’ നോക്കുന്ന മനുഷ്യർ!’

മനുഷ്യൻ ഏറെ താമസിയാതെ ‘ഓൺലൈൻ’ എന്നത് ‘രോഗാവസ്ഥ’യായി (ഓൺലൈൻ = രോഗഭീതി = ലോക്ഡൗൺ) തിരിച്ചറിയുകയും  പ്രതീതി ലോകത്തിന് പുറത്തുള്ള ‘യാഥാർഥ്യങ്ങളിലേക്കും’ ‘സംഘാടനങ്ങളിലേക്കും’ (conjunction) തിരിയും എന്നതാണ് ബിഫോ പങ്കുവയ്ക്കുന്ന പ്രതീക്ഷ. പക്ഷേ മനുഷ്യാവസ്ഥകളെ ഇത്തരം ലളിത സമവാക്യങ്ങളിലേക്ക് ചുരുക്കാൻ കഴിയും എന്ന് തോന്നുന്നില്ല. ‘ഓൺലൈൻ ജീവിതം’ ഒരടഞ്ഞ വ്യവസ്ഥയല്ല; അത് തുറന്നിടുന്ന പുറംവാതിലുകൾ എണ്ണമറ്റ സംഘാടനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിമരുന്നിടാൻ ശേഷിയുള്ള ഒന്നാണ്.

  • Beyond the Breakdown, Three Meditations on a Possible Aftermath - Franco Bifo Berardi
  • American Virus - Brian Massumi
Top