ഗുരുഹൃദയം തൊട്ടറിഞ്ഞ പരിഭാഷ

നടരാജഗുരുവിന്‍റെ ശിഷ്യന്‍ വിനയചൈതന്യ 35 വര്‍ഷത്തെ ധ്യാനമനനങ്ങളുടെ ഫലമായി സാക്ഷാത്കരിച്ചതാണ് “ക്രൈ ഇൻ വൈൽഡർനെസ്: ദ് വർക്സ് ഓഫ് നാരായണ ഗുരു” എന്ന കൃതി. ഇംഗ്ലീഷിലേക്ക് പരിഭാഷ നടത്തുക മാത്രമല്ല വിനയചൈതന്യ ഇതിൽ ചെയ്തിട്ടുള്ളത്. ഭാഷ്യക്കപ്പുറമുള്ള മേഖലകളെ കുറിച്ചുകൂടി അദ്ദേത്തിന് അവബോധമുള്ളതുകൊണ്ട് ഗുരു കൃതികളിലോരോന്നിലും അതിസൂക്ഷ്മമായി ഇഴചേര്‍ത്തുവച്ചിരിക്കുന്ന ദാര്‍ശനികാനുഭൂതിയും സൂചനകളും തത്ത്വങ്ങളും ഭാഷാപരമായ സവിശേഷതകളും കണ്ടെത്തി പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പി.ആർ ശ്രീകുമാർ എഴുതുന്നു.

ജ്ഞാനഗുരുവായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. മറ്റു ജ്ഞാനഗുരുക്കന്മാരെ പോലെ കഠിന തപസ്സിന്‍റെയും തീക്ഷ്ണമായ പഠനമനനങ്ങളുടെയും ഫലമായി ആര്‍ജിക്കാന്‍ കഴിഞ്ഞ ആത്മജ്ഞാനം സ്വന്തം മോക്ഷ മാര്‍ഗത്തിനുള്ള ഉപാധിയായി മാത്രം കണക്കാക്കാതെ, തനിക്കു ചുറ്റും ശോചനീയമായ നിലയിൽ കഴിഞ്ഞിരുന്ന പതിതലക്ഷങ്ങളുടെ വിമോചനത്തിനായി ഉപയോഗപ്പെടുത്തി എന്നിടത്താണ് ഗുരുദേവന്‍ വേറിട്ടു നിൽക്കുന്നത്. ഗുരുദേവന്‍റെ ശരിയായ മഹത്വം മനസ്സിലാക്കാതെ അദ്ദേഹത്തെ നവോത്ഥാന നായകനും സാമൂഹിക പരിഷ്കര്‍ത്താവും, എന്തിന് ഒരു പ്രത്യേക സമുദായത്തിന്‍റെ ആചാര്യനായി വരെ കണക്കാക്കുന്നതിന് ഇത് ഇടനൽകി എന്നതാണ് ഇതുകൊണ്ടുണ്ടായ ഒരു ദോഷം. ഗുരു തന്‍റെ ദര്‍ശനം രേഖപ്പെടുത്തിവെച്ച കൃതികള്‍ ഇത്തരം വിലയിരുത്തലുകളുടെയും വര്‍ഗീകരണങ്ങളുടെയും ഇടയിൽപ്പെട്ട് വളരെക്കാലം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെയും പഠിക്കപ്പെടാതെയും പോയി. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഗുരുവിനെ കൃതികളിലൂടെ മനസ്സിലാക്കുന്ന കാര്യത്തിൽ വലിയ തോതിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു കാണാം. ഇതിന്‍റെ ഫലമായി ഗുരുകൃതികള്‍ക്ക് കൂടുതലായി പഠനങ്ങളും വ്യാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും ഉണ്ടാവുകയും അവക്ക് വ്യാപകമയ തോതിൽ പ്രചാരം കിട്ടുകയും ചെയ്യുന്നുണ്ട്. ഗുരുവിന്‍റെ സമ്പൂര്‍ണ കൃതികള്‍ക്ക് വിനയചൈതന്യ നിര്‍വഹിച്ച ഇംഗ്ലീഷ് പരിഭാഷ “ക്രൈ ഇൻ ദി വൈൽഡർനെസ്- ദ് വർക്ക്സ് ഓഫ് നാരായണ ഗുരു” (Cry in the Wilderness- The Works of Narayana Guru) അന്താരാഷ്ട്ര പുസ്തക പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചത് ഈ താത്പര്യത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ഗുരുകൃതികള്‍ ഇംഗ്ലീഷിൽ 

മലയാളത്തിലും സംസ്കൃതത്തിലും തമിഴിലുമായി 60ഓളം കൃതികളാണ് ഗുരുവിന്‍റേതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളതും പഠനമനനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുള്ളതും. ഏതു മഹാകവിയെയും വെല്ലുന്ന തരത്തിലുള്ളതാണ് ഗുരുവിന്‍റെ കവനപാടവം. സാധാരണ കവികളാരും ഉപയോഗിക്കാത്ത വൃത്തങ്ങളും അലങ്കാരങ്ങളും പദങ്ങളും പദസംയുക്തങ്ങളും കാവ്യബിംബങ്ങളും ഗുരു അനായാസം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കവികള്‍ പൊതുവെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടിയല്ല, മറിച്ച് അതിഗഹനങ്ങളും സങ്കീര്‍ണങ്ങളുമായ ദാര്‍ശനിക വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ഗുരുദേവന്‍ തന്‍റെ കവനകല ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കവിതകള്‍ അനായാസ പരിഭാഷക്കു വഴങ്ങുന്നവയല്ല. ഗുരുവിന് ദര്‍ശനഗോചരമായ ആശയലോകം അതിന്‍റെ വ്യാപ്തിയിലും ആഴത്തിലും കുറെയെങ്കിലും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്കു മാത്രമേ ആ കൃതികളുടെ ആന്തരതത്ത്വം ഗ്രഹിക്കാനും അവയെ മറ്റൊരു ഭാഷയിൽ പരിഭാഷപ്പെടുത്താനും കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെയാണ് ഗുരുകൃതികള്‍ ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് അത്രയധികം പരിശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലാത്തത്.

ഗുരുവിന്‍റെ സച്ഛിഷ്യനും ഗുരുപരമ്പരയിലെ പിന്‍ഗാമിയുമായ നടരാജ ഗുരുവാണ് ഗുരുവിന്‍റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ആദ്യ പരിശ്രമങ്ങള്‍ നടത്തിയത്. 1952ൽ പ്രസിദ്ധീകരിച്ച നടരാജഗുരുവിന്‍റെ “ദ് വേർഡ് ഓഫ് ദി ഗുരു”വിന്റെ (The Word of the Guru) മൂന്നാം ഖണ്ഡത്തിൽ ഗുരുവിന്‍റെ തിരഞ്ഞെടുത്ത ഏഴു കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും, അവ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം വിശദമാക്കിക്കൊണ്ട് കൊടുത്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ഗുരുവിന്‍റെ 13 കൃതികള്‍കൂടി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യഖ്യാനിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇവയിൽ നിന്ന് അതത് കൃതികളുടെ പാഠം (text) മാത്രം വേര്‍തിരിച്ചെടുത്ത് നാരായണ ഗുരുകുലം “ആൻ ആന്തോളജി ഓഫ് ദി പോയംസ് ഓഫ് നാരായണ ഗുരു” (An Anthology of the Poems of Narayana Guru) എന്ന പേരിൽ 1977ൽ ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തി. ആകെ 20 ഗുരു കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയാണിതിലുള്ളത്. ഇതിന് പിന്നീട് അനേകം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.

പിന്നീട് നിത്യചൈതന്യയതി ഗുരുവിന്‍റെ എട്ടു കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മുനി നാരായണപ്രസാദ് ഗുരുവിന്‍റെ 52 പദ്യകൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും എട്ടെണ്ണത്തിന് വ്യാഖ്യാനം എഴുതുകയും ചെയ്തു. അദ്ദേഹം നടത്തിയ ഗുരുകൃതികളുടെ പരിഭാഷ “നാരായണ ഗുരു: കംപ്ലീറ്റ് വർക്സ്” (Narayana Guru Complete Works) എന്ന പേരിൽ നാഷ്ണൽ ബുക്ക് ട്രസ്റ്റ് ഇൻഡ്യ 2006ൽ ആദ്യമായി പ്രസിദ്ധീകരിച്ചു. പിന്നീട് ഇതിന് പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. “Hymns, Philosophical Works, Works of Moral Import” എന്ന് മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ഗുരുവിന്‍റെ 52 പദ്യകൃതികള്‍ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യം വേണ്ടിടങ്ങളിൽ വാക്കുകളുടെ അര്‍ത്ഥം വിശദമാക്കിയിട്ടുണ്ട്.

ഗുരുവിന്‍റെ 34 കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും അടങ്ങുന്നതാണ് 2020ൽ പെന്‍ഗ്വിന്‍ ബുക്സ് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച പ്രൊഫ. ജി.കെ ശശിധരന്‍റെ “നോട്ട് മെനി, ബട്ട്‌ വൺ” (Not Many, But One). സാധാരണ വായനക്കാര്‍ക്ക് സുഗ്രാഹ്യമായ ശൈലിയിൽ ഗുരുകൃതികളെ ലളിതമായി വ്യഖ്യാനിക്കുന്നതിലൂടെ ഗുരുദേവന്‍റെ തത്ത്വദര്‍ശനം വ്യക്തമാക്കുന്നതാണ് ഈ കൃതി.

ഇതുകൂടാതെ ഡോ. കെ. ശ്രീനിവാസന്‍ “സോങ് ഓഫ് ദി സെൽഫ്” (Song of the Self) എന്ന പേരിൽ ആത്മോപദേശ ശതകത്തിന് ഇംഗ്ലീഷ് പരിഭാഷയും വ്യഖ്യാനവുമെഴുതിയത് ജയശ്രീ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം 1994ൽ പ്രസിദ്ധീകരിച്ചു. മുട്ടത്ത് സുധ ഗുരുവിന്‍റെ 28 പദ്യകൃതികള്‍ ഇംഗ്ലീഷിൽ തര്‍ജ്ജമ ചെയ്തത് “സം പോയംസ് ഓഫ് ശ്രീനാരായണ ഗുരു” (Some Poems of Sri Narayana Guru) എന്ന പേരി കേരള പാണിനി പബ്വിഷേഴ്സ്, മാവേലിക്കര 2010ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ചില ഗുരുകൃതികള്‍ക്ക് വേറെ പലരും ഇംഗ്ലീഷ് പരിഭാഷകള്‍ തയ്യാറാക്കിയിട്ടുള്ളതായിറിയാം.

വിനയചൈതന്യയുടെ പരിഭാഷ

നടരാജഗുരുവിന്‍റെ ശിഷ്യന്‍ വിനയചൈതന്യ 35 വര്‍ഷത്തെ ധ്യാനമനനങ്ങളുടെ ഫലമായി സാക്ഷാത്കരിച്ചതാണ് ഈ കൃതി. ഇംഗ്ലീഷിലേക്ക് പരിഭാഷ നടത്തുക മാത്രമല്ല വിനയചൈതന്യ ഇതിൽ ചെയ്തിട്ടുള്ളത്. ഭാഷ്യക്കപ്പുറമുള്ള മേഖലകളെ കുറിച്ചുകൂടി അദ്ദേത്തിന് അവബോധമുള്ളതുകൊണ്ട് ഗുരു കൃതികളിലോരോന്നിലും അതിസൂക്ഷ്മമായി ഇഴചേര്‍ത്തുവച്ചിരിക്കുന്ന ദാര്‍ശനികാനുഭൂതിയും സൂചനകളും തത്ത്വങ്ങളും ഭാഷാപരമായ സവിശേഷതകളും കണ്ടെത്തി പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന കാര്യത്തിന് സാക്ഷ്യമാണ് ഇതിലെ ഓരോ വരിയും. ഗുരുകൃതികളുടെ സമാഹാരങ്ങളിൽ സാധാരണ പിന്‍തുടര്‍ന്നു വരുന്ന ക്രമത്തിൽ നിന്ന് വ്യത്യസ്തമായൊരു ക്രമത്തിൽ കൃതികളെ അടുക്കിവെച്ച് അവതരിപ്പിക്കുന്നതിൽ നിന്ന് വിഷയത്തോട് അദ്ദേഹം പുലര്‍ത്തുന്ന സവിശേഷമായ സമീപനം വ്യക്തമാകുന്നുണ്ട്. കൃതികളെ കാലാനുക്രമത്തിലോ വിഷയക്രമത്തിലോ അല്ല ഇവിടെ ക്രമീകരിച്ചിരിക്കുന്നത്, പകരം നടരാജഗുരു നിര്‍ദേശിച്ച പ്രകാരം ആശയങ്ങളുടെ അനുക്രമമായ വികാസത്തിന്‍റെ ക്രമത്തിലാണ് കൃതികളെ അടുക്കിയിരിക്കുന്നത്. 1885ൽ ഗുരു എഴുതിയ പിണ്ഡനന്ദിയാണ് ആദ്യം. ഇതിന് അദ്ദേഹം പറയുന്ന ന്യായം, ആധുനികനായ ഒരു ജീവശാസ്ത്രജ്ഞന്‍റെ കണിശതയോടെ ഗുരു മനുഷ്യഭ്രൂണത്തെ ആരംഭബിന്ദുവായി എടുത്തുകൊണ്ട് അതിന്‍റെ ചരിത്രത്തെ ഒരു അന്വേഷകന്‍റെ ശാസ്ത്രബുദ്ധിയോടുകൂടി മുന്നേറുന്നു എന്നാണ്. ദൈവചിന്തനവും ആത്മവിലാസവുമാണ് തുടര്‍ന്നു കൊടുത്തിരിക്കുന്നത്.

വിനയചൈതന്യ

“മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമുള്ള കൃതികളോട് കഴിയുന്നത്ര ചേര്‍ന്നുപോകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ചില അവസരങ്ങളിൽ ഈ ചേര്‍ച്ച വായനക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നത്രയും ആയിട്ടുണ്ടോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. കഴിയുന്നതും പുറത്തുനിന്ന് ഒന്നും കൂട്ടിച്ചേര്‍ക്കാതെ, അസ്സൽ കൃതിയുമായി ഒത്തുപോകുന്നതിനാണ് എന്‍റെ ശ്രമമെങ്കിലും അനിവാര്യമായ ചില ഘട്ടങ്ങളിൽ അൽപം വ്യത്യസ്തമായ ഒരു സമീപനം കൈക്കോള്ളാന്‍ ഞാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. എന്നിരുന്നാലും ഉദ്ദേശിച്ച അര്‍ത്ഥം നിലനിറുത്താന്‍ കഴിയുന്നത്ര ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്”. ഗുരുവിന്‍റേതു തന്നെയെന്ന് നിസംശയം തെളിയിച്ചിട്ടുള്ള കൃതികള്‍ മാത്രമേ ഇതി ഉള്‍പ്പെടുത്തിയിട്ടുള്ളു എന്നാണ് ആമുഖത്തിൽ വിനയചൈതന്യ വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന തര്‍ജ്ജമയുടെ സ്വഭാവം വ്യക്തമാണ്. ഗുരുവിന്‍റെ കവനസിദ്ധിയുടെ മകുടോദാഹരണമായ, അതിഗഹനമായ വേദാന്തതത്ത്വങ്ങള്‍ മത്തേഭം വൃത്തത്തിൽ കാവ്യരസം വഴിയുന്ന ശൈലിയിൽ രചിച്ച ജനനീനവരത്നമഞ്ജരിയിലെ ആദ്യ ശ്ലോകത്തിന്‍റെ പരിഭാഷ നോക്കാം:

From the one great mind, a thousand tri-petals come;

Self-awareness forgotten then, quickly, fondness for food and such arises;

My mind-source, as one, falls into the sea of sorrow and struggles;

To merge it in the realm of sound that gives birth to the onward path,

To mix and melt in that navel of consciousness, wherein appears spreading light;

That these triplets cease, and be cooled, when will it be, O Mother?

പരിഭാഷയിൽ വൃത്തം ദീക്ഷിക്കാനാവില്ലെങ്കിലും അതിന്‍റെ താളവും ലയവും ഈ ഇംഗ്ലീഷ് പരിഭാഷയിൽ അനുഭവിക്കാനാവുന്നുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള, ജാതിനിര്‍ണയത്തിലെ കുറെക്കൂടി ലളിതമായ രണ്ടാം ശ്ലോകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്:

Man is of one caste, one religion and one God, Of one same womb, one same form, with no difference at all.

കാളീനാടകത്തിലെ “സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാ സംഹരിച്ചും രസിച്ചും രമിച്ചും” എന്നാരംഭിക്കുന്ന ഭാഗം മലയാളവാക്കുകളുടെ ചാരുതയും താളബോധവും ലയവും ഒട്ടും ചോരാതെ ഇംഗ്ലീഷിലാക്കിയിരിക്കുന്നത് ഇങ്ങനെയാണ്:

Bringing forth the whole universe

and ruling over it,

destroying them in sport,

tasting, enjoying, playing, writhing,

shouting out frightening cries,

and residing in the realm of joy,

appearing, disappearing, filling

and spilling out the universe

and permeating it

like oil fills the sesame seed

remaining as the core,

turning, twisting, pouring out

streams of ever-growing bliss;

knowing the daily troubles

that come to the devotees of Your lotus feet,

and burning out the seed of sorrow;

the enlightened ones who remember You,

even for a very short time,

know no other form

of the ultimate state.

ക്ലാസിക്കൽ സംസ്കൃതത്തിലുള്ള ഗുരുകൃതിയായ ഹോമമന്ത്രം പരിഭാഷപ്പെടുത്തിയിരിക്കുന്നതിങ്ങിനെയാണ്:

O Fire, that brightness in You

it belongs to the Absolute.

Therefore, that you are the Absolute

become visible.

The sense-organs, mind and intelligence

are your seven tongues.

Into you, I offer this ghee.

Be pleased with us, grant us

blessings both spiritual and

worldly,

Aum Peace, Peace, Peace.

മറ്റൊരു സംസ്കൃതകൃതിയായ ആശ്രമത്തിന്‍റെ പരിഭാഷ ഇങ്ങിനെയാണ് :

In this asrama, a guru should be,

learned, contemplative, of generous disposition,

equal-minded, clam, of profound insight

and a master of his senses.

He should be helpful to others, kindly to

those suffering, speak only the truth

and find joy in true conduct, do briskly what

must be done, without stalling.

Following his guidance, and auspicious

assembly should be made;

all who come together there

should be of the attitude of brotherhood.

As here, in all places, such assemblies,

schools and asramas should be made,

separately for women and men.

Each of these places should have a guide,

insightful, these are the principles to be

followed by all in the advaitasrama, daily.

തമിഴ് കൃതിയായ തേവാപ്പതികങ്കളുടെ ഒന്നാം ശ്ലോകത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്:

O dawn of wisdom, wisdom taken form,

O onward path without name or form;

me or you, who is the first, the supreme, won’t You tell?

O Lord of Arumanoor, ever sought by devotees

who live in joy in the sky-firmament city,

O One who has the doe-eyed Parvati sharing his body,

O leader of the leading saints

ഇങ്ങനെ നോക്കിയാൽ മൂന്നു ഭാഷകളിലുമുള്ള ഗുരുകൃതികള്‍ ഒരു പോലെ സ്വാംശീകരിച്ചുകൊണ്ട് വാച്യാര്‍ത്ഥവും വ്യംഗാര്‍ത്ഥവും അറിഞ്ഞ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന കാര്യത്തിൽ വിനയചൈതന്യ സ്തുത്യര്‍ഹമായ കൈയ്യടക്കം പുലര്‍ത്തുന്നതായി കാണാം. മലയാളികളല്ലാത്ത ഗുരുപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒരുത്തമ സഹായമായിരിക്കും ഈ കൃതി എന്നു സംശയംകൂടാതെ പറയാം.

വിനയചൈതന്യ: 1952ൽ മുവാറ്റുപുഴയിൽ ജനിച്ചു. യു.സി കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നടരാജഗുരുവിന്‍റെ സ്വാധീനത്തിൽ വരികയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഗുരുദേവന്‍റെ സമ്പൂര്‍ണ കൃതികളുടെ കന്നഡ പരിഭാഷ, അക്കമഹാദേവിയുടെ വചനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ, മിലരേപയുടെ മലയാളം പരിഭാഷ, ഗുരുദേവന്‍റെ തിരഞ്ഞെടുത്ത വചനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ, തോമസ് എഴുതിയ സുവിശേഷത്തിന്‍റെ മലയാളം പരിഭാഷ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Top