ഈഴവ സമുദായം, വികസനാധുനികത, ശ്രീ നാരായണ ഗുരു: വ്യത്യസ്തമാമൊരന്വേഷണം
ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ ഉദാത്തമായ സങ്കല്‍പ്പങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുകയും ജാതിമതചിന്തകള്‍ക്കതീതമായി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെങ്കിലും പില്‍ക്കാലത്ത് ഒരു പ്രത്യേക ജാതിക്കാരുടെ മാത്രം സംഘടനയായി പ്രവര്‍ത്തനം ചുരുങ്ങിപ്പോയതു കൊണ്ടായിരിക്കാം എസ്.എന്‍.ഡി.പി യോഗത്തിന്റ ധനാത്മകവശത്തെക്കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങളും പുനര്‍വായനകളും ഉണ്ടാകാതെ പോയത്. ഈ സാഹചര്യത്തിലാണ് പി. ചന്ദ്രമേഹന്‍ രചിച്ച Developmental Modernity in Kerala : Narayana Guru, SNDP Yogam and Social Reform എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി. യോഗത്തിന്റെ ഉല്‍ഭവം, അതില്‍ ഗുരു വഹിച്ച പങ്ക്, ആദ്യകാലനേതാക്കളും അവരുടെ പ്രവര്‍ത്തനങ്ങളും, തരണംചെയ്ത പ്രതിസന്ധികള്‍, കൈവരിച്ച നേട്ടങ്ങളും വളര്‍ച്ചയും, സംഭവിച്ച പാളിച്ചകള്‍, സമാനമായ പ്രസ്ഥാനങ്ങള്‍ക്കു മാതൃകയായി തീര്‍ന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങളുടെ ഒരു ചരിത്രരേഖയായി മാറുന്നുണ്ട് ഈ പുസ്തകം. ഗ്രന്ഥത്തിൽ പുലര്‍ത്തിയിരിക്കുന്ന അനുഭവസിദ്ധമായ വിശദാംശങ്ങളും ഇതിന്റെ തത്വാധിഷ്ടിതമായ ചട്ടക്കൂടും സാമൂഹ്യസംഘടനകളുടെ ചരിത്രത്തില്‍ താല്‍പ്പര്യമുള്ളവരെല്ലാം നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നായി ഇതിനെ മാറ്റുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ഇന്ത്യ കൈവരിച്ച സാമൂഹ്യ നവോത്ഥാനത്തിലും മാനവമുന്നേറ്റത്തിലും വിവിധ മത-ആത്മീയ-സാമൂഹിക സംഘടനകള്‍ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ടെന്നു കാണാം. ഈ ശക്തിവിശേഷം വേണ്ട രീതിയില്‍ കണ്ടറിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു സ്വാമി വിവേകാനന്ദന്‍. തന്റെ സമുദായാംഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ക്രൂരമായ അവഗണനയില്‍ മനംനൊന്ത് അതിനൊരു പരിഹാരം കാണുന്നതിനു സംഘടന രൂപവത് കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം തേടിയ ഡോ. പല്‍പ്പുവിനോട് സ്വന്തം നാട്ടില്‍നിന്ന് ആത്മീയപ്രഭാവനായ ഒരു ഗുരുവിനെ കണ്ടെത്തി അദ്ദേഹത്തിന്റെ നേതൃത്വം സ്വീകരിക്കാന്‍ സ്വാമി നല്‍കിയ ഉപദേശത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാകും. ഇത്തരത്തില്‍ രൂപവത്കൃതമായി സ്വന്തം ദൗത്യം മിക്കവാറുമെക്കെ നേടാന്‍ കഴിഞ്ഞ പ്രസ്ഥാനങ്ങളെക്കുറിച്ച് ഇപ്പോള്‍ അക്കാദമികമായും അല്ലാതെയും പുനരന്വേഷണങ്ങളും പുനര്‍വായനകളും ഗവേഷണങ്ങളും പ്രാദേശികതലത്തിലും ദേശീയതലത്തിലും മാത്രമല്ല അന്താരാഷ്ട്രതലത്തിലും ധാരാളമായി നടക്കുന്നുണ്ട്. ആഗോളീകരണത്തിന്റെ സര്‍വ്വാശ്ലേഷിയായ ധൃതരാഷ്ട്രാലിംഗനത്തില്‍പ്പെട്ടു സ്വത്വം നഷ്ടപ്പെട്ടുപോകാതിരിക്കന്‍ ഓരോ ജനതയും നടത്തുന്ന ചെറുത്തുനില്‍പ്പായി ഇത്തരം പഠനാന്വേഷണങ്ങളെ കണക്കാക്കാം. പ്രാദേശികമായി നടന്ന ഇത്തരം വിവിധ മുന്നേറ്റങ്ങളുടെ ആകെത്തുകയായാണു ഭാരതീയ ദേശീയ നവോത്ഥാന പ്രസ്ഥാനമെന്നും പറയാം. ഇന്ത്യയെപ്പോലെയുള്ള വിശാലമായ ഭൂപ്രദേശത്തിന്റെ സവിശേഷതകൊണ്ടും ആശയവിനിമയോപാധികളുടെ അപര്യാപ്തകൊണ്ടും അക്കാലത്ത് ഇവയില്‍ പല പ്രാദേശിക പ്രസ്ഥാനങ്ങളും പരസ്പരം അറിയാതെയും മനസ്സിലാക്കപ്പെടാതെയും താന്താങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണുണ്ടായതെങ്കിലും അവയെ പരസ്പരം കൂട്ടിയിണക്കുന്ന അദൃശ്യമായ ചരട് എങ്ങനെയോ രൂപപ്പെട്ടിരുന്നതായാണു പില്‍ക്കാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ്ഭാഷാ പഠനത്തിലൂടെയും പാശ്ചാത്യസമ്പര്‍ക്കത്തിലൂടെയും ഭാരതീയര്‍ക്കു കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല അനുഗ്രഹങ്ങളിലൊന്നാണ് ഈ നവോത്ഥാന മുന്നേറ്റങ്ങള്‍.
ഭാരതീയമായ ഈ നവോത്ഥാന മുന്നേറ്റത്തിന്റെ കേരളീയ പരിസരത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ട് കേരളത്തിലെ പില്‍ക്കാല സാമൂഹിക മുന്നേറ്റങ്ങള്‍ക്കെല്ലാം ചാലകശക്തിയായി വര്‍ത്തിച്ച പ്രസ്ഥാനമായിരുന്നു എസ്.എന്‍.ഡി.പി യോഗം. എന്നാല്‍ യോഗത്തിന്റെ ഈ ധനാത്മക വശത്തെക്കുറിച്ച് ആധുനിക പഠനങ്ങളൊന്നും വേണ്ട രീതിയില്‍ നടന്നിട്ടില്ല എന്നതാണു പരമാര്‍ഥം. ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ, ഉദാത്തമായ സങ്കല്‍പ്പങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കുകയും ജാതിമതചിന്തകള്‍ക്കതീതമായി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെങ്കിലും പില്‍ക്കാലത്ത് സവിശേഷ ജാതിക്കാരുടെ മാത്രം സംഘടനയായി പ്രവര്‍ത്തനം ചുരുങ്ങിപ്പോയതു കൊണ്ടായിരിക്കാം ഗൗരവപൂര്‍ണമായ പഠനങ്ങളും പുനര്‍വായനകളും ഈ സംഘടനയെക്കുറിച്ച് ഉണ്ടാകാതെ പോയത്. ഈ സാഹചര്യത്തിലാണ് ശ്രീ പി. ചന്ദ്രമേഹന്‍ രചിച്ച Developmental Modernity in Kerala – Narayana Guru, SNDP Yogam and Social Reform (ഡെവലെപ്മെന്റൽ മോഡേനിറ്റി ഇൻ കേരള-നാരായണഗുരു,എസ്എൻഡിപിയോഗം ആൻഡ് സോഷ്യൽ റിഫോം) എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി.
ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സെന്റര് ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ 1982-ല്‍ ശ്രീ ചന്ദ്രമോഹൻ സമര്‍പ്പിച്ച Social and Political Protest in Travancore : A Study of the Sree Narayana Dharma Paripalana Yogam (1900 – 1938)[സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ പ്രൊട്ടെസ്റ്റ് ഇൻ ട്രാവൻകൂര്‍ : എ സ്റ്റഡി ഒഫ് ദ് ശ്രീനാരായണധര്‍മപരിപാലന യോഗം ] എന്ന എം. ഫില്‍ ഡെസര്‍ട്ടേഷഷന്‍ കാലോചിതമായി പരിഷ്‌കരിച്ചതാണ് ഈ ഗ്രന്ഥം. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങളുപയോഗിച്ച് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായി തിരുവിതാംകൂര്‍ ജനത ആര്‍ജിച്ച സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളെ പഠനവിധേയമാക്കുകയാണു താന്‍ ചെയ്തിട്ടുള്ളതെന്നു് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ഒപ്പം തന്നെ, ഈഴവര്‍ക്കിടയില്‍ സാമ്പത്തികമായി ശക്തിയാര്‍ജിച്ചു തുടങ്ങിയ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവം, ശ്രീ നാരായണഗുരുവിന്റെ സാമൂഹികവും ആത്മീയവുമായ തത്ത്വങ്ങള്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെ പിറവി, അതിന്റെ വര്‍ഗപരമായ സ്വഭാവസ വിശേഷതകള്‍, ഈഴവര്‍ അനുഭവിക്കേണ്ടിവന്ന സാമൂഹികവും മതപരവും രാഷ്ട്രീയവും ഭരണപരവുമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി സംഘടന നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശകലനം നടത്തി അവതരിപ്പിക്കാനുള്ള പരിശ്രമവും നടത്തിയിട്ടുണ്ടെന്നു ഗ്രന്ഥകാരന്‍ പിന്നീടു വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഈ പ്രസ്ഥാനത്തിനു വന്നുഭവിച്ച ചില പോരായ്കള്‍ പരിശോധിച്ചുനോക്കാന്‍ ഗ്രന്ഥകാരൻ തുനിയുന്നുണ്ടെങ്കിലും അവയെക്കുറിച്ച് അദ്ദേഹമായിട്ടു തീര്‍പ്പൊന്നും കല്‍പ്പിക്കുന്നില്ലെന്നും ഗുരുവിന്റെ ആശയങ്ങളോട് യോഗാംഗങ്ങള്‍ക്കുണ്ടായിരുന്ന മനോഭാവവും കാലാന്തരത്തില്‍ അതിനു വന്നുചേര്‍ന്ന മാറ്റങ്ങളും വിശകലനവിധേയമാക്കുക മാത്രമാണു ചെയ്തതെന്നുള്ള നിലപാടും ഗ്രന്ഥകാരന്‍ സ്പഷ്ടമാക്കുന്നുണ്ട്.
യോഗത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തി പഠനവിധേയമാക്കുന്ന ഏതാനും ഗ്രന്ഥങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഗ്രന്ഥകാരന്‍ എടുത്തു പറയുന്നുണ്ട്. കേരളത്തിലെ ഈഴവമുന്നേറ്റത്തെ ഉത്തരേന്ത്യയിലെ യാദവമുന്നേറ്റവുമായി താരതമ്യം ചെയ്യുന്ന എം.എസ്.എ റാവുവിന്റെ Social Movements and Social Transformation (സോഷ്യൽ മൂവ്മെന്റ്സ് ആൻഡ് സോഷ്യൽ ട്രാൻസ്ഫോമേഷൻ) ആണ് അവയില്‍ മുഖ്യമെന്നും യോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ അധികരിച്ചെഴുതിയ മറ്റു പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ് ഡോ. ടി. കെ രവീന്ദ്രന്റെ Asan and Social Revolution (ആശാൻ ആൻഡ് സോഷ്യൽ റെവലൂഷൻ), Vaikom Satyagraha and Gandhi (വൈക്കം സത്യഗ്രഹ ആൻഡ് ഗാന്ധി), കെ. കെ കുസുമന്റെ Abstention Movement(അബ്സ്റ്റെൻഷൻ മൂവ്മെന്റ്) എന്നിവയെന്നും അദ്ദേഹം പറയുന്നു. ഈഴവര്‍ക്കു നേരിടേണ്ടിവന്നിരുന്ന ജാതിപ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനും ഗുരുവിന്റെ കാലിക പ്രസക്തി എടുത്തുകാണിക്കുന്നതിനും പ്രാമുഖ്യം കൊടുത്തുകൊണ്ടു രചിക്കപ്പെട്ടതിനാല്‍ പല തരത്തിലും അപര്യാപ്തങ്ങളായിരുന്നു ഈ പറഞ്ഞ ഗ്രന്ഥങ്ങളെന്നു പറയാം. ഈ പ്രസ്ഥാനം കടന്നുപോന്ന വിവിധങ്ങളായ ചരിത്ര മൂഹൂര്‍ത്തങ്ങളെയും നയിച്ച പോരാട്ടങ്ങളെയും സംബന്ധിക്കുന്ന അസ്സല്‍ ചരിത്രരേഖകളുടെ വിപുലമായ ശേഖരം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഇവയുടെ കര്‍ത്താക്കള്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. അക്കാദമികമായ ഈ അപര്യാപ്തതയാണ് ഈ പ്രസ്ഥാനത്തെ ഗൗരവത്തിലെടുത്തു പുനര്‍പഠനത്തിനു വിധേയമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു് ശ്രീ. ചന്ദ്രമേഹന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഉദ്ദേശ്യസാക്ഷാല്‍ക്കാരത്തിനു വേണ്ടി ഭാരതസര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെയും ആര്‍ക്കൈവല്‍ രേഖകള്‍, ദില്ലിയിലെ നെഹ്രു മെമോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, പുതുപ്പിള്ളി രാഘവന്‍, കെ. പ്രഭാകരന്‍ തുടങ്ങിയ വ്യക്തികളുടെ പക്കലുണ്ടായിരുന്ന രേഖകളുടെ സ്വകാര്യ ശേഖരം, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, അക്കാലത്തെ വര്‍ത്തമാന പത്രങ്ങള്‍, ജേണലുകള്‍, പ്രമുഖ വ്യക്തികളുടെ സ്വകാര്യ രേഖകള്‍, ആത്മകഥകളും ജീവിതചരിത്രങ്ങളും കൂടാതെ, വായ്‌മൊഴിയായി കിട്ടിയ അറിവുകളും ഉപയോഗപ്പെടുത്തിയിട്ടുള്ളതായി ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നുണ്ട്.
ഗ്രന്ഥത്തിന്റെ രൂപഘടന
വിഷയക്രമമനുസരിച്ച് ഏഴ് അധ്യായങ്ങളായിട്ടാണു ഗ്രന്ഥത്തിന്റെ രൂപഘടന. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക- സാമ്പത്തിക ഘടനയെക്കുറിച്ചും സാമൂഹികമായ ബന്ധങ്ങളെക്കുറിച്ചുമാണ് ആദ്യ അധ്യായമായ The Structure of Society in Travancore : Late Nineteenth Century and Early Twentieth Century പ്രതിപാദിക്കുന്നത്. എസ്.എന്‍.ഡി.പി യോഗത്തെ, അതിന്റെ സാമൂഹികവും ചരിത്രപരവുമായ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കുന്നതിന് ഈ പശ്ചാത്തല വിവരണം നന്നായി പ്രയോജനം ചെയ്യുന്നുണ്ട്. ഈഴവര്‍ ഒരു ജാതിയായി രൂപം കൊള്ളുന്നതിന്റെ ചരിത്ര പശ്ചാത്തലം തിരയുന്നതിനും ഈഴവര്‍ക്കിടയില്‍ സാമ്പത്തികശേഷിയുള്ള മധ്യവര്‍ഗം ഉരുവം കൊള്ളാന്‍ തുടങ്ങുന്ന കാര്യം ചര്‍ച്ചചെയ്യുന്നതിനും ഇതിന്റെ ഫലമായി ഒരു പ്രസ്ഥാനമായി എസ്.എന്‍.ഡി.പി യോഗം പിറവിയെടുക്കുന്നതുമാണു Genesis of the Sree Narayana Dharma Paripalana (SNDP) Yogam എന്ന രണ്ടാം അധ്യായത്തില്‍ വിശദീകരിക്കുന്നത്.
നവീനതയും പാരമ്പര്യവും ഒത്തുചേരുന്ന സവിശേഷ സാഹചര്യത്തില്‍ ശ്രീനാരായണഗുരുവിന്റെ സാമൂഹികവും മതപരവുമായ ആശയങ്ങളെക്കുറിച്ചു സവിസ്തരം ചര്‍ച്ചചെയ്യുന്നതിനാണു മൂന്നാമത്തെ അധ്യായമായ Narayana Guru : Beyond Tradition –Modernity Dualism മാറ്റിവെച്ചിട്ടുള്ളത്. സാമൂഹിക പുരോഗതിക്കായി ഗുരുവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പലതരത്തിലുള്ള സമാരംഭങ്ങളെ ഓരോന്നായി എടുത്തു വിശദമായ പഠനത്തിനു വിധേയമാക്കുകയാണു ഗ്രന്ഥകാരന്‍ ഈ അധ്യായത്തില്‍ ചെയ്യുന്നത്. നവീനതയും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കിക്കൊണ്ട് മതേതരമായ വിവിധ മേഖലകളോടൊപ്പം, മതപരവും ആത്മീയവുമായ മേഖലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ഒരുപോലെ കാഴ്ചവെയ്ക്കാന്‍ ഗുരുവിന് എങ്ങനെ കഴിഞ്ഞുവെന്ന് ഇവിടെ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ദാര്‍ശനിക മേഖലയില്‍ ഗുരുവിന്റെ സംഭാവനകള്‍ വിലയിരുത്തിക്കൊണ്ട് ഈടുറ്റ ധാരാളം പഠനങ്ങള്‍ നാരായണഗുരുകുലത്തില്‍നിന്ന് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകള്‍ വിലയിരുത്തിക്കൊണ്ട് ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഇത്ര സമഗ്രമായ പഠനം ഇംഗ്ലീഷില്‍ അധികമൊന്നും എഴുതപ്പെട്ടതായി അറിവില്ല.
യോഗത്തിന്റെ രൂപവത്കരണം, അതിന്റെ വര്‍ഗപരമായ ഘടനാവിശേഷം, വളര്‍ച്ചയും വികാസവും, വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സര്‍വീസ് മേഖലയിലും കീഴാളര്‍ അനുഭവിച്ചിരുന്ന അവഗണനയ്‌ക്കെതിരായുള്ള പോരാട്ടം, വാണിജ്യ-വ്യവസായ പുരോഗതിക്കുവേണ്ടി കൈക്കൊണ്ട നടപടികള്‍ എന്നിവയാണ് നാലാമത്തെ അധ്യാമായ Influence of Yogam in Non-Religious Domains വിശദമാക്കുന്നത്. യോഗത്തിന്റെ രൂപവത്കരണവേളയിലും തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഘട്ടങ്ങളിലും ധനസമാഹരണത്തിനായും ഭരണസംബന്ധമായ നടത്തിപ്പിനുമായി സ്ഥാപക നേതാക്കള്‍ സ്വീകരിച്ച നടപടികള്‍, അവയുടെ നേട്ടങ്ങളും കോട്ടങ്ങളും തുടങ്ങി ഇന്നത്തെ യോഗാംഗങ്ങള്‍ക്കു മാത്രമല്ല നേതൃനിരയിലുള്ളവര്‍ക്കുപോലും അജ്ഞാതമായ, എന്നാല്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വസ്തുതകള്‍ ഗ്രന്ഥകാരന്‍ ഇവിടെ അനാവരണം ചെയ്യുന്നുണ്ട്. ഗുരുവിന്റെ നേതൃത്വത്തില്‍ അരുവിപ്പുറം ക്ഷേത്രയോഗമായി ആരംഭിച്ച പ്രസ്ഥാനം നാലുവര്‍ഷകാലയളവിനുള്ളില്‍ ആശ്രമമായും പിന്നീടു ജോയന്‍റ് സ്റ്റോക്ക് കമ്പനിയായും മാറിയ സാഹചര്യങ്ങളെന്തൊക്കെയാണെന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ അവയ്ക്കു വിശദമായ കാരണങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണു ചെയ്യുന്നത്.
ഒരു ആശ്രമത്തോട് അനുബന്ധിച്ചു പ്രവര്‍ത്തനമാരംഭിച്ച യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങളുടെ പ്രചാരണമായിരുന്നെങ്കിലും യോഗത്തിന്റെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഒഫ് അസോസിയേഷനും ബൈലോയും പരിശോധിച്ചാല്‍ ഗുരുവിന്റെ തത്ത്വങ്ങളുടെ പ്രചാരണത്തിനോ കേരളത്തിലെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിനുവേണ്ടിയുള്ള സംഘടന എന്നതിനുപരിയായി, വാണിജ്യപരമായ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ക്കായിരുന്നു മുന്‍ഗണനയെന്നു കാണാനാകുമെന്നു ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുകയും ഈ വാദഗതിക്ക് ഉപോദ്ബലകമായ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട്.
ഒരു ആശ്രമത്തോട് അനുബന്ധിച്ചു പ്രവര്‍ത്തനമാരംഭിച്ച യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ശ്രീനാരായണഗുരുവിന്റെ തത്ത്വങ്ങളുടെ പ്രചാരണമായിരുന്നെങ്കിലും യോഗത്തിന്റെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഒഫ് അസോസിയേഷനും ബൈലോയും പരിശോധിച്ചാല്‍ ഗുരുവിന്റെ തത്ത്വങ്ങളുടെ പ്രചാരണത്തിനോ കേരളത്തിലെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിനുവേണ്ടിയുള്ള സംഘടന എന്നതിനുപരിയായി, വാണിജ്യപരമായ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ക്കായിരുന്നു മുന്‍ഗണനയെന്നു കാണാനാകുമെന്നു ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുകയും ഈ വാദഗതിക്ക് ഉപോദ്ബലകമായ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട്. 1903-ല്‍ യോഗം ആരംഭിക്കുമ്പോള്‍ നൂറു രൂപയായിരുന്നു ഒരു ഓഹരിയുടെ മുഖവില എന്ന കാര്യം ഇന്നാലോചിക്കുമ്പോള്‍ അദ്ഭുതകരമായി തോന്നും. അന്നത്തെ സാഹചര്യത്തില്‍ അതിനു വകയുണ്ടായിരുന്ന പത്തു പേര്‍ ചേര്‍ന്നായിരുന്നു പ്രാരംഭ നടപടികള്‍ തുടങ്ങുകയും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തത്. യോഗത്തിന്റെ അധികാരഘടനയും സമ്പത്തിന്റെ വിനിയോഗത്തിനായുള്ള നിയമങ്ങളുടെ കാര്‍ക്കശ്യവും ഭരണപരമായ കാര്യങ്ങള്‍ നടത്തേണ്ടതിനുള്ള വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിവെച്ചതിന് സ്ഥാപക നേതാക്കള്‍ കാണിച്ച ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും എത്രമാത്രമായിരുന്നു എന്നുള്ളതിനു നിരവധി ഉദാഹരണങ്ങള്‍ ഇവിടെ എടുത്തു കണിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍, പില്‍ക്കാലത്തുണ്ടായ പലതരം പ്രതിസന്ധികളും കോളിളക്കങ്ങളും അതിജീവിച്ച് ഈ പ്രസ്ഥാനം ഇന്നും നിലനില്‍ക്കുന്നതിന്റെ രഹസ്യം നമുക്കു മനസ്സിലാക്കാന്‍ കഴിയും.
ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ രൂപംകൊണ്ട സാമൂഹികവും മതപരവുമായ നവോത്ഥാന പ്രസ്ഥാനങ്ങളും ഗുരുവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യപഠനമാണ് അഞ്ചാം അധ്യായമായ Religiosity-Sociality Continuum. ഗുരു നടത്തിയ ക്ഷേത്രപ്രതിഷ്ഠകള്‍, ആരാധനാരീതികളുടെ പരിഷ്‌കരണം, അനാചാരങ്ങളുടെ ഉച്ചാടനം, മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ അന്തസുയര്‍ത്തുന്നതിനായി നടപ്പിലാക്കിയ വിദ്യാഭ്യാസം, കൈത്തൊഴില്‍, മദ്യവര്‍ജനത്തിനുള്ള ആഹ്വാനം തുടങ്ങിയ സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ നവോത്ഥാന യത്‌നങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ള വിഷയങ്ങളെ ഓരോന്നായെടുത്തു വിശകലനം ചെയ്ത് ആ പ്രവൃത്തികളോരോന്നിന്റെയും ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്ന് സാമൂഹികശാസ്ത്രജ്ഞന്റെ കുശലതയോടെ ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
അക്കാലത്തു നിലനിന്നിരുന്ന അസ്പൃശ്യതയും ജാതിമതപരമായ അനാചാരങ്ങളും തുടച്ചുനീക്കുന്നതിന് ഗുരുവും യോഗവും നടത്തിയ പരിശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് അടുത്ത അധ്യായമായ Dogmatism of the Caste System. രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നതിന് സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും സമുദായ നേതാക്കളെയും പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും അതിനെത്തുടര്‍ന്നു് യോഗത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ ഗതിമാറ്റവുമാണ് ഏഴാമത്തെ അധ്യായമായ Politics and Protest-ന്റെ പ്രതിപാദന വിഷയം. കേരളത്തിലെ ഈഴവരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ചേര്‍ന്നു രൂപം കൊടുത്ത പുതിയ കൂട്ടുകെട്ടിനെക്കുറിച്ചും സാമൂഹികമായ അവകാശങ്ങള്‍ക്കായി, അവരൊന്നിച്ചു നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
ഈ ഏഴ് അധ്യായങ്ങളിലായി നടത്തിയ പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുപരിയായി, യോഗത്തിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളിലും സ്വഭാവത്തിലും വരുത്തേണ്ട ചില ദിശാമാറ്റങ്ങളെക്കുറിച്ചാണ് ഉപസംഹാരത്തില്‍ ഗ്രന്ഥകാരന്‍ പ്രതിപാദിക്കുന്നത്.
ആദരണീയമായ ഗവേഷണപാടവം
ശ്രീ നാരായണസാഹിത്യം എന്ന സംജ്ഞ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ട ഒന്നാണ്. മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി ആയിരത്തിലധികം പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഗാന്ധിസാഹിത്യം കഴിഞ്ഞാല്‍, ഇന്ത്യയില്‍ ഒരു മഹാനെ കേന്ദ്രീകരിച്ച് ഇങ്ങനെയൊരു സാഹിത്യശാഖ രൂപപ്പെട്ടിട്ടുണ്ടാവില്ല. ഗുരു സശരീനായിരുന്നപ്പോള്‍ അയ്യാക്കുട്ടി ജഡ്ജി, കുമാരനാശാന്‍ എന്നിവര്‍ എഴുതിയ ജീവിതചരിത്രങ്ങള്‍, ഏതാനും ഗുരുദേവകൃതികള്‍ക്കുണ്ടായ വ്യാഖ്യാനങ്ങള്‍ എന്നിവയില്‍ നിന്നാരംഭിച്ച് ഇപ്പോഴും നിരവധിയായ പഠന-വ്യാഖ്യാന-ഗവേഷണ ഗ്രന്ഥങ്ങളിലൂടെ, നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹിത്യശാഖയാണിത്.
എന്നാല്‍ ഇവയില്‍ ഒട്ടുമിക്ക പുസ്തകങ്ങളും, നേരത്തെ മറ്റുള്ളവര്‍ പറഞ്ഞുവെച്ച ആശയങ്ങളും വസ്തുതകളും അവലംബിച്ച് എഴുതപ്പെട്ടവയാണ്. പ്രതിപാദ്യവിഷയത്തെ അക്കാദമികമായോ ചരിത്രപരമായോ ഉള്ള താല്‍പ്പര്യത്തോടെ, വിമര്‍ശനപരമായി സമീപിക്കുന്നതില്‍ ഇവയില്‍ മിക്ക ഗ്രന്ഥങ്ങളുടെയും കര്‍ത്താക്കള്‍ തുനിഞ്ഞിട്ടില്ല. അതുകൊണ്ട് ഗുരുവിനെക്കുറിച്ചോ ഗുരുദര്‍ശനത്തെക്കുറിച്ചോ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചോ പുതിയ ഉള്‍ക്കാഴ്ചകളോ അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ അവതരിപ്പിക്കുന്നതിന് ഇവയില്‍ പലതിനും കഴിഞ്ഞിട്ടില്ല. താന്‍ ഉന്നയിക്കുന്ന ആശയങ്ങള്‍ക്കു പ്രമാണമായി ഗുരുവിന്റെ ചില തത്ത്വങ്ങളോ വാക്യങ്ങളോ പ്രവൃത്തികളോ എടുത്തുകാണിച്ച് ആധികാരികത നേടിയെടുക്കുക എന്ന പരിമിതമായ താല്‍പ്പര്യം മാത്രമേ ഇവയില്‍ പലതിലും കാണാറുള്ളൂ. തങ്ങള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്കു ഹേതുവായ കാര്യകാരണങ്ങളെക്കുറിച്ചു ഗഹനമായി ചിന്തിക്കുക, ഗവേഷണം നടത്തുക, റഫറന്‍സായി സ്വീകരിക്കുന്ന രേഖകളേതൊക്കെ എന്നു വ്യക്തമാക്കുക, സ്വീകരിക്കുന്ന ആശയങ്ങളുടെയും വസ്തുതകളുടെയും സ്രോതസ് വെളിപ്പെടുത്തുക, തങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനങ്ങള്‍ അല്ലെങ്കില്‍ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകാതെ പോയതിനു കാരണങ്ങള്‍ എന്തൊക്കെയെന്നു വെളിപ്പെടുത്തുക തുടങ്ങി, ഗ്രന്ഥരചനയെ ഗൗരവമായി എടുക്കുന്നവര്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദ നമ്മുടെ ഒട്ടുമിക്ക ഗ്രന്ഥകാരന്മാര്‍ക്കും അവയുടെ പ്രസാധകര്‍ക്കും ഇല്ല എന്നുള്ളതാണു വാസ്തവം. വൈജ്ഞാനിക സാഹിത്യത്തിന് ആധികാരികതയും സ്വീകാര്യതയും ലഭിക്കുന്നതിനായി ലോകത്തെവിടെയും ഈ രീതി കണിശമായി പിന്‍തുടരാറുണ്ട്. ഇങ്ങനെയൊരു കാര്യം ആവശ്യമാണെന്ന കാര്യത്തില്‍ മലയാളത്തിലിറങ്ങുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ പലരും തീര്‍ത്തും അജ്ഞരായാണു കണ്ടുവരുന്നത്. അക്കാദമികമായ താല്‍പ്പര്യത്തോടെ രചിക്കപ്പെടുന്ന ഏതാനും ചില ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും മാത്രമാണിതിന് ഒരപവാദം. ബാക്കിയുള്ളതില്‍ മിക്കവയും അതാതു ഗ്രന്ഥകാരന്മാരുടെ താല്‍ക്കാലിക സംതൃപ്തിക്കു മാത്രമായി പടച്ചുവിടുന്നവയാണ്. ഈ സ്ഥിതിവിശേഷത്തില്‍നിന്നു തികച്ചും വ്യത്യസ്ഥമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ഗ്രന്ഥം. ഇവിടെ ഗ്രന്ഥകാരന്‍ ഗുരുവിനെയും ഗുരുദേവപ്രസ്ഥാനങ്ങളെയും ശരിയായ രീതിയില്‍ വിലയിരുത്തിക്കൊണ്ട് തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.
ഈ ഗ്രന്ഥത്തില്‍ ശ്രീ ചന്ദ്രമോഹന്‍ പുലര്‍ത്തുന്ന ഗവേഷണ പാടവവും വിശകലന രീതിയും, താന്‍ അവലംബിക്കുന്ന ഓരോ വസ്തുതകള്‍ക്കും ഉന്നയിക്കുന്ന ഓരോ വാദമുഖങ്ങള്‍ക്കും ഉപോല്‍ബലകമായ അസ്സല്‍ ചരിത്രരേഖകളുടെ പിന്‍ബലം ഉറപ്പുവരുത്തുന്നതില്‍ കാണിക്കുന്ന കണിശതയും അഭിനന്ദനീയമാണ്. ഈ സമീപനം ഈ ഗ്രന്ഥത്തിന്റെ ആധികാരികതയും മേന്മയും ഉറപ്പുവരുത്തുന്നതോടൊപ്പം അക്കാദമികലോകത്തില്‍ ഇതിനു മാന്യമായ സ്വീകാര്യത ഉറപ്പുവരുത്തുക കൂടി ചെയ്യും. നമ്മുടെ ഗ്രന്ഥകാരന്മാരും പ്രസാധകരും പത്രാധിപന്മാരും കണ്ടു പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ ഗുണവിശേഷമാണ് ഈ ഗവേഷണ ത്വരയും പ്രതിപാദ്യവിഷയത്തോടു പുലര്‍ത്തുന്ന, ചരിത്രപരവും വിമര്‍ശനാത്മകവുമായ സമീപനവും, സ്രോതസ്സുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന ഈ രീതി. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സെന്റര് ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ നടത്തിയ ഗവേഷണവും നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയിലെ ക്യൂറേറ്ററായി ചെലവഴിച്ച ഔദ്യോഗിക ജീവിതവുമാണ് ഗ്രന്ഥകാരനെ ഇതിനു പ്രാപ്തനാക്കിയത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള ഡോ. പല്‍പ്പുവിന്റെ സ്വകാര്യ രേഖകളുടെ ശേഖരം ഗ്രന്ഥകാരന്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കണം ഏതെങ്കിലുമൊരു ഗവേഷകനോ ഗ്രന്ഥകാരനോ ഈ രേഖകള്‍ ഇത്രയും ഗൗരവത്തോടെ സമീപിക്കുന്നത്.
1914-ല്‍ യോഗത്തിന്റെ പതിനൊന്നാമതു വാര്‍ഷിക സമ്മേളനത്തിലെ തീരുമാന പ്രകാരം ഈഴവര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തുന്നതിന് ധനസഹായം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി ലക്ഷം രൂപയുടെ മൂലധനത്തോടെ മലബാര്‍ ഇക്കണോമിക്ക് യൂണിയന്‍ എന്ന പേരില്‍ കമ്പനി, യോഗം ആരംഭിക്കുകയുണ്ടായി. ദൂരവ്യാപകമായ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഈ നവീന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് ശ്രീനാരായണഗുരുവായിരുന്നു. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ഗുരുവെന്ന് പ്രൊഫസര്‍ കെ.എന്‍ പണിക്കര്‍ ഈ ഗ്രന്ഥത്തിന് എഴുതിയ അവതാരികയില്‍ പറയുന്നുണ്ട്.
ഈ പരിശ്രമങ്ങളുടെ ഫലമായി ഇതുവരെ ആരും പറയാതിരുന്ന ഒരുപാടു ചരിത്ര വസ്തുതകള്‍ വെളിവാക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. വാണിജ്യ-വ്യവസായ മേഖലകളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി വ്യവസായ പ്രദര്‍ശനങ്ങള്‍, കമ്പനികളുടെ രൂപവത്കരണം തുടങ്ങി യോഗം നടപ്പിലാക്കിയ പല നൂതന ഇടപെടലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍, ഡോ. പല്‍പ്പുവിന്റെ രേഖകളെ അവലംബമാക്കി, കൃത്യമായ കണക്കുകളുടെ പിന്‍ബലത്തോടെ ഗ്രന്ഥകാരന്‍ അണിനിരത്തുന്നുണ്ട്.1914-ല്‍ യോഗത്തിന്റെ പതിനൊന്നാമതു വാര്‍ഷിക സമ്മേളനത്തിലെ തീരുമാന പ്രകാരം ഈഴവര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തുന്നതിന് ധനസഹായം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി ലക്ഷം രൂപയുടെ മൂലധനത്തോടെ മലബാര്‍ ഇക്കണോമിക്ക് യൂണിയന്‍ എന്ന പേരില്‍ കമ്പനി, യോഗം ആരംഭിക്കുകയുണ്ടായി. ദൂരവ്യാപകമായ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഈ നവീന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് ശ്രീനാരായണഗുരുവായിരുന്നു. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ഗുരുവെന്ന് പ്രൊഫസര്‍ കെ.എന്‍ പണിക്കര്‍ ഈ ഗ്രന്ഥത്തിന് എഴുതിയ അവതാരികയില്‍ പറയുന്നുണ്ട്.
ഹൃദ്യമായ അവതരണരീതി
ഈ ഗുണവിശേഷങ്ങളോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം, വിഷയത്തോടു ഗ്രന്ഥകാരന്‍ പുലര്‍ത്തുന്ന സമീപനമാണ്. ഒരിക്കലും വിഷയത്തോട് അമിതമായ മമതയോ ഉന്നയിക്കുന്ന വാദമുഖങ്ങളില്‍ കടുംപിടുത്തമോ പക്ഷപാതമോ അദ്ദേഹം കാണിക്കുന്നില്ല. മറിച്ച്, ഒരു ശാസ്ത്രജ്ഞന്റെ നിര്‍മമതയോടും സൂക്ഷ്മദൃക്കായ ഗവേഷകന്റെ നിരീക്ഷണപാടവത്തോടും കൂടി വിഷയത്തെ സമീപക്കുന്ന, തികച്ചും അക്കാദമികമായ രീതിയാണ് ഗ്രന്ഥത്തിലുടനീളം പുലര്‍ത്തുന്നത്. എന്നാല്‍ ഇത് അതിരുകടന്ന് വെറും അക്കാദമിക ധൈഷണിക കസര്‍ത്തുവിദ്യയായി അധഃപതിക്കാതിരിക്കുന്നതിനുള്ള ആര്‍ജവം, വിഷയത്തെ സമീപിക്കുന്ന രീതിയിലും അതു പ്രതിപാദിക്കുന്ന ശൈലിയിലും ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അങ്ങേയറ്റം പാരായണക്ഷമമാണ്. ഒന്നാന്തരം റഫറന്‍സ് ഗ്രന്ഥവുമാണിത്.
ഭൂതകാലത്തിലേക്കു പലനിലകളിലും തലങ്ങളിലുമായി നടത്തുന്ന വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍, ചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതോടൊപ്പം ചരിത്രവസ്തുതകള്‍ യഥാതദമായി വെളിവാക്കുന്നതിനും സഹായകമാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഗ്രന്ഥം. പല ദുരുദ്ദേശങ്ങളോടും കൂടി ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന, ചരിത്രത്തിന്റെ തെറ്റായ പുനര്‍നിര്‍മിതിയെ പ്രതിരോധിക്കുന്നതിന് ഇത്തരം പരിശ്രമങ്ങള്‍ ആവശ്യമാണ്. ഗുരുവിനെ ദൈവമായി കണ്ട് ആരാധിക്കുന്ന പ്രത്യേക വിഭാഗം ജനതയുടെ അംഗസംഖ്യയില്‍ കണ്ണുവെച്ചുകൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിനായി, ഗുരുവിനെ വികലമായി അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഹീനമായ ശ്രമങ്ങള്‍ക്ക് അറുതിയിടുന്നതിന് ചരിത്രത്തിന്റെ ഈ പുനര്‍വായനകൊണ്ടു സാധ്യമാകും. എന്നാല്‍ അത്തരം നിക്ഷിപ്ത താല്‍പ്പര്യങ്ങളെ നേരിട്ടെതിര്‍ക്കുകയോ വിമര്‍ശിക്കുകയോ അല്ല ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. പരമ്പരാഗത സാമൂഹിക സങ്കല്‍പ്പങ്ങളും ആധുനികതയും തമ്മിലുള്ള സാങ്കല്‍പ്പികവും പ്രായോഗികവുമായ കൊള്ളക്കൊടുക്കലുകളെ, യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനത്തിനു വിധേയമാക്കുകയാണു് ഗ്രന്ഥകാരന്റെ ഉദ്ദേശ്യം. ഗുരുവിന്റെ സവിശേഷമായ ഗുണവിശേഷങ്ങള്‍ എടുത്തു പറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ സ്വാധീനഫലമായി സംജാതമായ സാമൂഹികവും മതപരവുമായ പരിഷ്‌കരണസംരംങ്ങളെക്കുറിച്ചും സവിസ്തരം ചര്‍ച്ചചെയ്യുന്നുണ്ട്. അതോടൊപ്പം ആ കാലയളില്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഉണ്ടായ സമാന മുന്നേറ്റങ്ങളുമായി ഇവയോരൊന്നും താരതമ്യത്തിനു വിധേയമാക്കുന്നുമുണ്ട്. കൂടാതെ യോഗത്തിന്റെ ആദ്യകാല സാരഥികളായിരുന്ന ഡോ. പല്‍പ്പു, ടി. കെ മാധവന്‍, സി. വി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ സംഭാവനകളെ ശരിയായ തോതില്‍ വിലയിരുത്തുന്നതോടാപ്പം വിവിധ കാലങ്ങളില്‍, വിവിധ സന്ദര്‍ങ്ങളില്‍ യോഗനേതൃത്വത്തിനു വന്നുഭവിച്ച പല തരത്തിലുള്ള നയവ്യതിയാനങ്ങളും തല്‍ഫലമായി ഉണ്ടായ നേട്ടകോട്ടങ്ങളും സമര്‍ഥമായി പ്രതിപാദിക്കുന്നതില്‍ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്.
ഭൂതകാലത്തിലേക്കു പലനിലകളിലും തലങ്ങളിലുമായി നടത്തുന്ന വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍, ചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതോടൊപ്പം ചരിത്രവസ്തുതകള്‍ യഥാതദമായി വെളിവാക്കുന്നതിനും സഹായകമാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഗ്രന്ഥം. പല ദുരുദ്ദേശങ്ങളോടും കൂടി ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന, ചരിത്രത്തിന്റെ തെറ്റായ പുനര്‍നിര്‍മിതിയെ പ്രതിരോധിക്കുന്നതിന് ഇത്തരം പരിശ്രമങ്ങള്‍ ആവശ്യമാണ്.
ചുരുക്കത്തില്‍, ഗ്രന്ഥകാരന്‍ നടത്തുന്ന വിശദമായ ഈ പഠനം യോഗത്തിന്റെ ഉല്‍ഭവം, അതില്‍ ഗുരു വഹിച്ച പങ്ക്, ആദ്യകാല നേതാക്കളും അവരുടെ പ്രവര്‍ത്തനങ്ങളും, തരണംചെയ്ത പ്രതിസന്ധികള്‍, കൈവരിച്ച നേട്ടങ്ങളും വളര്‍ച്ചയും, സംഭവിച്ച പാളിച്ചകള്‍, സമാനമായ പ്രസ്ഥാനങ്ങള്‍ക്കു മാതൃകയായി തീര്‍ന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങളുടെ ചരിത്രരേഖയായി മാറുന്നുണ്ട്. എന്നാല്‍, താന്‍ തുടങ്ങിവെച്ച പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന് അകലുന്നതുകണ്ട് പില്‍ക്കാലത്ത് വ്യഥയോടെ ഗുരു ആ പ്രസ്ഥാനത്തെ, ‘മുമ്പൊക്കെ മനസ്സില്‍നിന്നു വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും’ വിടാനിടയായ സന്ദര്‍ഭം വേണ്ടത്ര പ്രാധാന്യത്തോടെ വിവരിക്കുന്നില്ല എന്നതും ഗുരുവിനെ പ്രതിയാക്കി സ്വത്തിന്റെ പേരില്‍ കോടതിവ്യവഹാരങ്ങള്‍ക്കുവരെ ഈ സംഘടന തുനിഞ്ഞ കാര്യവും ചരിത്രകാരന്‍ തീരെ പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞതു വലിയൊരു പോരായ്മയായി അനുഭവപ്പെടും; വിശേഷിച്ച് ചരിത്രം കുറച്ചൊക്കെ വായിച്ചിട്ടുള്ള മലയാളികളായ വായനക്കാര്‍ക്ക്.
പ്രൊഫസര്‍ കെ. എന്‍. പണിക്കര്‍ ഈ ഗ്രന്ഥത്തിന് എഴുതിയ അവതാരികയില്‍ പറയുന്നതുപോലെ, ഈ ഗ്രന്ഥത്തില്‍ പുലര്‍ത്തിയിരിക്കുന്ന അനുഭവസിദ്ധമായ വിശദാംശങ്ങളും ഇതിന്റെ തത്ത്വാധിഷ്ടിതമായ ചട്ടക്കൂടും സാമൂഹിക സംഘടനകളുടെ ചരിത്രത്തില്‍ താല്‍പ്പര്യമുള്ളവരെല്ലാം നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നായി ഇതിനെ മാറ്റുന്നുണ്ട്. വര്‍ത്തമാനകാലത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാല്‍, ഗുരുവിന്റെ വാക്കുകളോ പ്രവൃത്തികളോ ആയി യാതൊരു ബന്ധവുമില്ലാത്ത പല വിഷയങ്ങിലേക്കും ആ നാമം വലിച്ചിഴക്കപ്പെടുകയും പുതിയ ചരിത്രനിര്‍മിതികള്‍ തന്നെ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗുരുവിന്റെ യഥാര്‍ഥ മഹത്വം ഉദ്‌ഘോഷിക്കുന്ന ഇത്തരമൊരു പഠനം വളരെ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഈ ഗ്രന്ഥത്തിന് മലയാളപരിഭാഷ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗ്രന്ഥകാരന്‍ അല്ലെങ്കില്‍ യോഗ്യരായ മറ്റേതെങ്കിലും പ്രസ്ഥാനങ്ങളോ വ്യക്തികളോ ആ സമാരംഭത്തിനു തുനിയുന്നതു നന്നായിരിക്കും.
പി. ചന്ദ്രമോഹന്‍
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നെല്ലേക്കാട്ട് എന്‍. ദാമോദരന്റെയും പറമ്പത്ത് പി. അമ്മുക്കുട്ടയമ്മയുടെ മകന്‍. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയശേഷം ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സെന്റര് ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ ആധുനിക തിരുവിതാംകൂറിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ചരിത്രത്തില്‍ ഗവേഷണം നടത്തി. നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ ഗവേഷകനായി ഔദ്യോഗികജീവതം ആരംഭിച്ചു. മുപ്പതുവര്‍ഷത്തോളം വിവിധനിലകളില്‍ പ്രവര്‍ത്തിച്ചശേഷം മ്യൂസിയം ക്യൂറേറ്ററായി 2011-ല്‍ വിരമിച്ചു. ചെറുപ്പത്തില്‍ എം. ഗോവിന്ദനുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് എം.എന്‍. റോയി നല്‍കിയ സംഭാവനകളെക്കുറിച്ച് ഒരു മോണോഗ്രാഫ് രചിച്ചിട്ടുണ്ട്. Studies in History, Indian Historical Review, State and Society, Journal of South Indian History തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ചില സമഹാരഗ്രന്ഥങ്ങളിലും കേരളചരിത്രവും സംസ്‌കാരവും സംബന്ധിച്ച് പഠനങ്ങള്‍ എഴുതിയിട്ടുണ്ട്. email : pcmohan1952@gmail.com
‘ഗുരുദേവന്‍’ മാസികയുടെ എഡിറ്ററാണ് ലേഖകന്‍.