ബഹുജന രാഷ്ട്രീയേച്ഛയുടെ കഥകൾ

ജന്മിത്തവും ഫാഷിസവും ജാതീയതയും എന്തുകൊണ്ട് ഇന്നും യഥേഷ്ടം നിലനിൽക്കുന്നു, അവയ്ക്ക് ആരാണ് കാരണക്കാർ, എന്തുകൊണ്ട് അവയ്ക്ക് അനുദിനം തഴച്ചുവളരാൻ കഴിയുന്നു എന്നിങ്ങനെ സമൂഹിക ശരീരത്തിന്റെ എല്ലിൽത്തട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന കഥകളാണ് പി.കെ.പ്രകാശിന്റേത്. ഉത്തരാധുനികാന്തര സമകാല കഥാലോകത്തിന്റെ സവിശേഷതകളെന്ത് എന്ന ചോദ്യം ഉയർന്നാൽ, അതിലൊന്ന് പി.കെ.പ്രകാശിന്റെ കഥാലോകം മുന്നോട്ടുവെയ്ക്കുന്ന ‘ഫാഷിസ്റ്റ് വിരുദ്ധ ബഹുജന രാഷ്ട്രീയേച്ഛ’ എന്ന ഉത്തരം കൂടിയുണ്ടാവും. ഡോ. എം.ബി.മനോജ് എഴുതുന്നു.

“പി.കെ.പ്രകാശിന്റെ കഥകൾ മുന്നിൽ വെച്ചുകൊണ്ട് ഈവിധം ഒരു ചരിത്ര ചർച്ച നമുക്ക് ഇനിയും തുടരേണ്ടി വന്നേക്കാം. എന്തെന്നാൽ വാക്കുകൾക്ക് അർഥം മാത്രമല്ല ഉള്ളതെന്നും അവയ്ക്ക് ഒരു ചരിത്രം ഉണ്ടെന്നുള്ളതും സാഹിത്യ നിരൂപണം തന്നെ മറ്റൊരു നിലയിൽ ചരിത്രമാണ് എന്നുള്ളതും പുതിയ സന്ദർഭത്തിലെ ഒരറിവായി മനസിലാക്കേണ്ടതുണ്ട്. സാഹിത്യം ഒരു ഭാവുകത്വനിർമിതിയുടെ പ്രേരണ മാത്രമല്ല, ചരിത്രത്തിലെ ഒരു നയവും കൂടിയാണ് എന്നതാണ് ഇവിടെ വിവക്ഷ.” ~ വി.വി.സ്വാമി 

പി.കെ.പ്രകാശ് 1974ൽ പിറവത്ത് ജനിച്ചു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. എംഫിൽ, നെറ്റ് എന്നിവ കരസ്ഥമാക്കി. ഗവേഷണം പൂർത്തിയാക്കിയില്ല. സൂചകം മാസിക, ഫോൾസ് ന്യൂസ്, നയലപം മലയാളം വാരിക എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കഥാസമാഹാരം ‘മർദ്ദിതം ശബ്ദംപോലും’ 2019ൽ പ്രസിദ്ധീകരിച്ചു. 2014ൽ സമകാലിക മലയാളം വാരികയിൽ മുഹമ്മദ് ഇർഷാദ് പി.കെ.പ്രകാശിനെ കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി. ഡോ. എ.കെ.വാസുവാണ് പ്രകാശിനെ പരാമർശിച്ചുകൊണ്ട് എഴുതിയ മറ്റൊരാൾ. ഈ രണ്ടു കുറിപ്പുകളും വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ പരാമർശിച്ചു കൊണ്ടുള്ള കുറിപ്പുകൾ ആയിരുന്നു. ബിരുദാനന്തരബിരുദവും നെറ്റുമുള്ള, ഉയർന്ന മെറിറ്റുള്ള, എഴുത്തുകാരനായ ഒരാൾ എറണാകുളം നഗരത്തിൽ ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്നു എന്നതായിരുന്നു രണ്ട് കുറുപ്പിന്റെയും ലക്ഷ്യം. എഴുത്തിനെയും വ്യക്തിജീവിതത്തിൽ രണ്ടായി കാണണമെന്ന നിരീക്ഷണങ്ങൾ നിലനിൽക്കെ തന്നെയാണ് ഇങ്ങനെയൊരു പരാമർശത്തിലൂടെ പി.ക.പ്രകാശിനെ കുറിച്ച് എഴുതി തുടങ്ങേണ്ടി വരുന്നത്. ഇത് ഒരർഥത്തിൽ അത്യപൂർവ്വമായി തോന്നാവുന്ന ഒരു കാര്യമാവാം. എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ അദ്ദേഹത്തെ പരിചയമുണ്ട്. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി എഴുതുകയും സംസാരിക്കുകയും ചെയ്തുവന്നിരുന്ന പ്രകാശ് തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും ചേരുകയുണ്ടായി. ഇതിനിടയിലുള്ള ചില വർഷങ്ങളിൽ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ കാണുന്നത് കാര്യവട്ടം ക്യാമ്പസിലെ റിസർച്ച് ഹോസ്റ്റലിൽ വച്ചാണ്. അവിടെ പ്രവർത്തിച്ചിരുന്ന ഒരു ദലിത് വിദ്യാർഥി കൂട്ടായ്മയോട് അനുഭാവമുള്ള ഒരാളായിട്ടാണ് തുടർന്ന് അദ്ദേഹവുമായി അടുപ്പം വളരുന്നത്. 

ഇതിനിടയിൽ ഒരു ദിവസം അദ്ദേഹത്തിന്റെ തിരോധാനമാണ് സംഭവിച്ചത്. അത് തികച്ചും ഗുണാത്മകമായ അപ്രത്യക്ഷമാകലയാണ് എല്ലാവരും ധരിച്ചുവന്നിരുന്നത്. പി.എസ്.സിയുടെ കോളേജ് അധ്യാപക സപ്ലിമെന്റിൽ ഇടം കിട്ടിയിരുന്ന അദ്ദേഹത്തിന് പാലക്കാട്‌ ജില്ലയിൽ ഒരു കോളേജിൽ ജോലി കിട്ടി എന്നതായിരുന്നു അതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാർത്ത. ഇത് ശരിയാണോ എന്നൊന്നും ആരും അന്വേഷിക്കാൻ പോയില്ല. ഗവേഷണ പ്രബന്ധം സർപ്പിച്ചിട്ടാണ് പോയത് എന്നും പറഞ്ഞു കേട്ടിരുന്നു. രണ്ടായിരത്തി പത്തിലോ മറ്റോ ആണെന്ന് തോന്നുന്നു കാര്യവട്ടം റിസർച്ച് ഹോസ്റ്റലിൽ പോയപ്പോൾ അദ്ദേഹത്തിന്റെ  മുറിയിൽ പോയി. അവിടിരുന്ന് ഒരുപാട് നേരം സംസാരിച്ചു. അതായിരുന്നു എന്നെ സംബന്ധിടത്തോളം പി.കെ.പ്രകാശിനെ കണ്ട അവസാനത്തെ കൂടിക്കാഴ്ച. പിന്നീട് അദ്ദേഹം അപ്രത്യക്ഷനായി. അത്ര തന്നെ. പടിപടിയായി കുട്ടികൾ മനസിലാക്കിയെടുത്തു, ഈ പറഞ്ഞ കോളേജുകളിൽ ഈ പേരിൽ ഒരാളില്ല എന്ന്.

വളരെപതുക്കെ മൂന്നാലുവർഷം കൊണ്ട് എല്ലാവരും പ്രകാശിനെ മറന്നു. അവരവരുടെ ലോകത്ത് ജീവിച്ചു. എന്നാൽ ഇതിനിടയിലൊരു ദിവസം എ.കെ.വാസു എന്ന ഹയർസെക്കന്ററി അധ്യാപകൻ എറണാകുളം നഗരത്തിൽ വെച്ച്, ഒരാളെ കണ്ടുമുട്ടി. ലോട്ടറി വിൽപ്പനക്കാരനായ ഒരാൾ. അത് പി.കെ.പ്രകാശായിരുന്നു. ഈ കാലം കൊണ്ട് അയാൾ അയാളുടേതായ ഒരു ജീവിതമണ്ഡലം നിർമിച്ചെടുത്തിരുന്നു. എറണാകുളം അയാൾക്കു മുന്നിൽ ഇന്നില്ല. അതിനയാൾ ഒരുപേരിട്ടിട്ടുണ്ട്. മഹാരാജാസ് കോളേജും അയാൾക്കു മുന്നിലില്ല. പകരം ‘തമ്പുരാൻ കോളേജ്’ എന്നയാൾ അതിനെ വിളിക്കുന്നു. 

ഇങ്ങനെ കഥയും ജീവിതവും മാറി മറിഞ്ഞു കിടക്കുന്ന ഒരു അവസ്ഥയിൽ നിന്നു കൊണ്ടാണ് എനിക്ക് ഈ കഥകളെ വായിക്കേണ്ടി വരുന്നത്. മർദ്ദിതം ശബ്ദം പോലും എന്ന കഥാസമാഹാരത്തിൽ 32 കഥകളുണ്ട്. അതിൽനിന്നും നാലു കഥകളെ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മർദ്ദിതം ശബ്ദം പോലും, ലോകത്തിന്റെ അവസാനം, സവർണഭയം, ഒരു ബി.എസ്.പി  കഥ എന്നിവയാണ് കഥകൾ. ഒരുപക്ഷേ ഓരോ കഥയും വിശദമായി പഠിക്കേണ്ടുന്ന കഥകളായതിനാൽ ചിലപ്പോൾ ഈ കഥകളോട് വേണ്ടത്ര നീതിപുലർത്താൻ ഈ കുറിപ്പിന് സാധിക്കില്ല. ചില സന്ദർഭങ്ങളിൽ ഈ കഥകൾ തമ്മിൽ പരസ്പരം വെച്ചുമാറുകയും ചെയ്യേണ്ടിവരുന്നുണ്ട്. 

“ഞങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളാണ്. ഈയിടെ ബോർഡ്‌ മീറ്റിംഗ് കൂടിയപ്പോൾ കേരളത്തിലെ തൊഴിലില്ലാത്ത ബിരുദധാരികളായ ദലിതുകളെക്കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടായി. അതിന്റെ വെളിച്ചത്തിൽ താങ്കളെ കുറിച്ച് ചിലതൊക്കെ അറിയാൻ വന്നതാ” എന്ന് പറഞ്ഞുകൊണ്ടാണ് ഒരു ബി.എസ്.പി കഥ എന്ന കഥ ആരംഭിക്കുന്നത്. 

പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളോട് അയാൾ മറുപടി പറയുന്നതിങ്ങനെയാണ്. “ഉവ്വ്, ഇന്നലെ രാത്രി തന്നെ കത്തിക്കേണ്ട വസ്തുക്കളും കൊണ്ടു പോകേണ്ട വസ്തുക്കളും തരംതിരിച്ചു. ഇന്നുരാത്രി 12.30ന് ഹോസ്റ്റൽ അന്തേവാസികളെല്ലാം ഉറക്കത്തിലായാൽ കത്തിക്കാനുള്ള ചിലത്: 1.ദലിത് ചരിത്രമുന്നേറ്റ ചരിത്ര സംഹിതകൾ, ദലിതരെഴുതിയ ചില കൃതികൾ; ‘പൂച്ചക്കാര് മണികെട്ടും’ മുതലായവ (മനോരമ കമ്പനി പ്രസിദ്ധീകരിച്ചത്), 2.ഒരുപാട് പഴയ പത്രങ്ങളും പേപ്പറുകളും. റിസർച്ചിലൂടെ ഞാൻതന്നെ കണ്ടെത്തിയ ചില രഹസ്യങ്ങളും നോട്ടുകളും. പട്ടികജാതിക്കാരുടെ ഗ്രാന്റ് ലഭിക്കാൻ പൂരിപ്പിച്ചുകൊടുക്കേണ്ടിയിരുന്ന അപേക്ഷാ ഫോമിന്റെ കുറേ കോപ്പികൾ. അത് കുറച്ചധികം ഉണ്ടായിരുന്നു. 3.അഞ്ചു വർഷത്തിനിടയിൽ തേഞ്ഞതും കീറിയതുമായ കുറച്ചു പഴയ വസ്ത്രങ്ങൾ, ചെരിപ്പുകൾ”. 

എന്നാൽ പി.എസ്.സി. അംഗങ്ങൾ തുടർന്ന് പറയുന്നത് മറ്റൊന്നാണ്. “നിങ്ങൾ പി.എസ്.സി. ലക്ചർ തസ്തികയിലേക്ക് അപേക്ഷിച്ചപ്പോൾതന്നെ ഞങ്ങൾ നോട്ട് ചെയ്തിരുന്നു. എന്തുവന്നാലും തന്നെ ജോലിക്കെടുക്കാൻ പാടില്ല എന്നായിരുന്നു കരയോഗം വഴി പാർട്ടി ഓഫീസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച അറിയിപ്പ്. നിങ്ങൾ അതിനെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലേ?”

അറിഞ്ഞിരുന്നു എന്നാണ് ആ യുവാവ് പറയുന്നത്. അയാൾ പറയുന്നതിങ്ങനെയാണ്. അമ്പതു ശതമാനം മാർക്ക്‌ മതിയായിരുന്നു തനിക്ക് ജോലി ലഭിക്കാൻ. എന്നാൽ തനിക്ക് 53 ശതമാനം മാർക്കുണ്ടായിരുന്നു. എന്നാൽ മറ്റാർക്കോ വേണ്ടി ആ ലിസ്റ്റ് അട്ടിമറിക്കുകയായിരുന്നു. അങ്ങനെ തന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.

“തനിക്ക് ഒരു എൽഡിസിയോ പ്യുൺ പോസ്റ്റോ എഴുതി ജയിക്കാമായിരുന്നില്ലേ” എന്നതാണ് അടുത്ത ചോദ്യം. ആ ചോദ്യത്തിനും ആ ചെറുപ്പക്കാരന് ഉത്തരമുണ്ട്. അവൻ പറയുന്നു. ‘ഇല്ല ബിഎ 3 വർഷം, എംഎ 2 വർഷം, എംഫിൽ 1 വർഷം, റിസർച്ച് 5 വർഷം. മൊത്തം 11 വർഷം മലയാളം പഠിച്ചു. ഇപ്പോൾ തലയ്ക്കുള്ളിൽ ഒരു ‘ഴ’ മാത്രമുണ്ട്. കൊഴ, കൊഴ, കൊഴ മലയാളം.”

വീണ്ടും അവർ ചോദിക്കുന്നു: “നാട്ടിൽച്ചെന്ന് എന്ത് ചെയ്യും?”

അയാൾ അതിനു മറുപടി പറഞ്ഞു: “ആളുകളെ പറ്റിച്ചു  തന്നെ ജീവിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ലോട്ടറി എടുപ്പിച്ച് അവരിൽനിന്ന് കാശുവാങ്ങി സർക്കാരിന് കൊടുത്ത്, പോലീസിന്റേതുപോലെ ഒരു തരം ഗുണ്ടാപ്പണിയാണിത്. അവർക്ക് കൊടുക്കുന്ന മാതിരി നമ്പറും കിട്ടും. ലെക്ചർമാർ സാഹിത്യം പറഞ്ഞ് വിദ്യാർഥികളെ പറ്റിച്ച് ശമ്പളം വാങ്ങുന്നത് പോലെ തന്നെയാണിത്.”

ശ്രീനിവാസൻ നായകനായി അഭിനയിച്ച ചിതറിയവർ എന്ന സിനിമയിലേതുപോലെ ഒരു ആന്തരികമായ പിളർപ്പ് ആണ് ഈ കഥ മുന്നോട്ടുവയ്ക്കുന്ന വായനാനുഭവം. മലയാളിയുടെ രാഷ്ട്രീയ വ്യവഹാരത്തിന്റെ നിഗൂഢവും, ചതി നിറഞ്ഞതുമായ ആന്തരബോധത്തോടെയാണ് ഈ കഥ നോക്കിക്കാണുന്നത്. തികച്ചും ഒരു രാഷ്ട്രീയ കഥയാണ് ഇത്. എന്നാൽ രാഷ്ട്രീയമാകട്ടെ മലയാള മനസിന്റെ  പരിണാമത്തെയാണ് നോക്കി കാണാൻ ശ്രമിക്കുന്നത്. വർത്തമാനകാലത്തിൽ, കാലുകളൂന്നി നിൽക്കുന്ന കഥകൾ ഭൂത-ഭാവിയെക്കുറിച്ചല്ല സംസാരിക്കുന്നത്. വർത്തമാനത്തെ കുറിച്ച് തന്നെയാണ് ഈ കഥ വിശദമാക്കുന്നത്

തൊണ്ണൂറുകളോടെ രൂപപ്പെട്ട ഇൻഡ്യൻ സാഹചര്യങ്ങളെ പിന്നോട്ട് പിടിച്ചുവലിച്ച ഒരു മുദ്രാവാക്യം കേരളത്തിൽ വ്യാപകമാവുകയുണ്ടായി. ‘നായരീഴവ സഖ്യം’ എന്നായിരുന്നു പ്രസ്തുത മുദ്രാവാക്യം. അതിന് യാതൊരുവിധ സ്വീകരണവും നൽകാൻ നായർ സമൂഹം തയ്യാറായില്ല. എങ്കിലും കിട്ടാത്ത മുന്തിരി പോലെ ഈ മുദ്രാവാക്യം കേരളത്തിന്റെ  വായുവിനെ മലിനമാക്കികൊണ്ടേയിരുന്നു. ഇൻഡ്യൻ സാമൂഹിക ചലനത്തിന് ഏറ്റവും പക്വവും നവീനവുമായ പരിവർത്തനത്തിന്റെയും സോഷ്യൽ എൻജിനീയറിങ്ങിന്റെയും ഘട്ടത്തിലാണ് ഇത്തരത്തിലൊരു രാഷ്ട്രീയ മുദ്രാവാക്യം രൂപംകൊണ്ടത്. ബഹുജനസമൂഹങ്ങളുടെ ഐക്യത്തിന്റെ ഏറ്റവും പക്വമായ ഇൻഡ്യൻ സാഹചര്യത്തെ പിന്നോട്ടടിപ്പിച്ച, പിന്നോക്ക ഒബിസി സമൂഹങ്ങളുടെ മനുവാദ മനശാസ്ത്രത്തെ നോക്കിക്കാണുന്നു എന്നതാണ് പി.കെ.പ്രകാശിന്റെ കഥകളുടെ പ്രത്യേകത. 

തൊണ്ണൂറുകൾക്ക്  ശേഷമുള്ള കഥകൾ എന്നും, രണ്ടായിരത്തിനുശേഷമുള്ള കഥകൾ എന്നും രണ്ടായി വിഭജിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കഥകളിൽ രണ്ടായിരത്തിനു ശേഷമുള്ള കഥകൾ കേരളത്തിന്റെ മുൻചൊന്ന പിൻനടത്തത്തെ അതിസൂക്ഷമമായി നോക്കിക്കാണുകയാണ് ചെയ്യുന്നത്. ‘മനുവാദികൾ’ എന്നും ‘ബഹുജനങ്ങൾ’ എന്നും അദ്ദേഹം സമൂഹത്തെ രണ്ടായി വിഭജിക്കുന്നു. വ്യവസ്ഥാപിതമായി നിലനിൽക്കുന്നതും സ്ഥാപിതമായിട്ടുള്ളതുമായ പദങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ കഥകൾ അകന്നു നിൽക്കുന്നു.

വി.വി.സ്വാമി ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, “അടിച്ചമർത്തപ്പെട്ടവർ, പീഡിതർ, ദരിദ്രർ” തുടങ്ങിയ പദങ്ങളാലല്ല അഭിസംബോധന ചെയ്യുന്നത. അതുപോലെ തന്നെ ഉടമകൾ, അധികാരികൾ, തുടങ്ങിയ പ്രയോഗങ്ങൾക്കു പകരം “തൊഴിൽദായകർ”, “തൊഴിൽ ദായകസംഘം”, “മഞ്ഞനിറക്കാർ” എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കുന്നു. മാനസികമായി അടിമകളായിത്തീർന്നവർ എന്ന നിലയിൽ ‘അടിമകൾ’ എന്ന് ഉപയോഗിക്കുമ്പോൾത്തന്നെ, ആത്മാഭിമാനത്തിന്റെ സൂചനയെന്ന നിലയിൽ ‘കറുത്തനിറക്കാർ’ എന്ന് പ്രയോഗിക്കുകയും ചെയ്യുന്നു. 

ഗാന്ധിയന്മാരും, മാർക്സിയൻ ചിന്തകരും, ദൈവപ്രസ്ഥാനക്കാരും, ദലിത്  പ്രസ്ഥാനക്കാരും ഒരേസമയം പ്രഛന്ന മനുവാദികളാണെന്നു വിലയിരുത്താനാണ് ഇതിലെ കഥകൾ ശ്രമിക്കുന്നത്. അതേസമയം ബഹുജന ചിന്തകളെയാണ് സാധാരണക്കാരുടെ പ്രതീക്ഷയായി ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നത്. മർദ്ദിതം ശബ്ദംപോലും എന്ന കഥയിൽ ഇത് കൂടുതൽ വ്യക്തമാണ്. 

എംഎ പാസായെങ്കിലും തുടർന്നുള്ള പഠനം ഒഴിവാക്കിയ ഒരു ബഹുജന യുവാവാണ് ഈ കഥയിലെ ഗോപൻ അങ്കിൾ എന്ന കഥാപാത്രം. ഗവേഷണം ചെയ്യാൻ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യുവാൻ ആ ചെറുപ്പക്കാരൻ ശ്രമിച്ചില്ല എന്നത് വളരെ നല്ല ഒരു കാര്യമായിരുന്നു അന്നാട്ടിലെ മനുഷ്യർ കണ്ടിരുന്നത്. അന്നാട്ടിലെ ഒരു  പ്രമാണി അത് വ്യക്തമാക്കുകയും ചെയ്തു. “നീ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ഞങ്ങളുടെ പറമ്പിലെ തൂമ്പാപണിക്കാരനായ നിന്റെ തന്തക്ക് ഒരല്‍പം ആശ്വാസം കൊടുക്കാൻ എത്രനാളായെടാ നിന്നോട് ഞാൻ പറയുന്നു. നീയങ്ങ് ഐഎഎസ് പഠിക്കാൻ നടക്കുകയായിരുന്നല്ലോ. എന്നിട്ടോ ഉണ്ടാക്കിയവനെ ഉതകാതെ പോയി നിന്റെ തന്ത കിളച്ചുകൊണ്ടിരുന്നപ്പോൾ വീണു പിടഞ്ഞു തീർന്നു. ജീവിച്ചിരിക്കുന്ന തള്ളക്കെങ്കിലും പണിയെടുത്ത് തിന്നാൻ കൊടുക്കെടാ. നിനക്ക് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പുണ്യം കിട്ടും.” ഉണ്ണി നായരുടെ വാക്കുകളിൽ ശരിയുണ്ടോ എന്ന് അവൻ ഓർത്തു നോക്കി. ശരിയല്ലാതില്ല, എന്നാലും ശരി കൂടുതൽ അവന്റെ ഭാഗത്തായിരുന്നു. അവന്റെ പിതാവ് ഒരിക്കൽ അവനോട് പറഞ്ഞത് അവൻ ഓർത്തു. അത് ഇങ്ങനെയായിരുന്നു. “നീ പഠിച്ചാൽ മതി നിനക്കുള്ള വക ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്. പഠിച്ച് ഒരു ഉദ്യോഗം വാങ്ങിക്ക്. എന്നിട്ട് ഞങ്ങളെ സന്തോഷിപ്പിക്ക്. ആ നായരുടെ പുഞ്ചയിൽ മീൻ പിടിച്ചു നടക്കരുത്.”

അവൻ അങ്ങനെ മാതാപിതാക്കൾ പറഞ്ഞ വഴിയെ നടക്കാൻ തുടങ്ങി. കൂടുതൽ വായിച്ചു. ക്ലാസിക് കൃതികൾ ഉൾപ്പെടെയുള്ളവ വായിച്ചു. സർക്കാർ ജോലി കിട്ടാനും മാത്രം ബുദ്ധി അവനില്ലായിരുന്നു. എന്നാൽ അവൻ അറിവുള്ളവനായി മാറി. ഇങ്ങനെ പഠിക്കുന്ന ദിവസങ്ങളിലൊന്നിലാണ് പിതാവിന്റെ മരണവാർത്ത അവൻ അറിയുന്നത്. ഉണ്ണി നായരുടെ വീട്ടിലെ, ലാൻഡ് ഫോണിൽ നിന്നും അവന്റെ ഹോസ്റ്റലിലേക്ക് വിളിച്ചായിരുന്നു അതറിയിച്ചത്. അവൻ നാട്ടിലേക്ക് വണ്ടി കയറി. അവന്റെ കയ്യിൽ കാശില്ലായിരുന്നു. വീട്ടിൽ വന്നു കയറിയ അവന്റെ ചെവിയിൽ ഉണ്ണി നായർ പറഞ്ഞു, “ഇരുപതിനായിരം രൂപ നിന്റെ തള്ളയുടെ കൈവശം ഏൽപ്പിച്ചിട്ടുണ്ട്. സംസ്കാരത്തിന് ആ കാശ് എടുത്തോ. പിന്നീട് തന്നാൽ മതി. കുറച്ച് പലിശ മാത്രമേ ഉള്ളൂ. നിനക്ക് ഇതൊരു സഹായം ആണല്ലോ അല്ലേ.”

അതേസമയം തന്റെ വായനയും പഠനവും തന്നെ മറ്റൊരു മനുഷ്യനാക്കി തീർത്തിരുന്ന കാര്യം അവനറിഞ്ഞു. തന്റെ പിതാവ് പരിനിർവ്വാണം പ്രാപിച്ചതാണെന്ന് അവൻ കരുതി. ഇനിയൊരിക്കൽ തന്റെ മാതാവും അതിനു ശേഷം താനും പരിനിർവ്വാണം പ്രാപിക്കും. അതൊരു പ്രപഞ്ച സത്യമാണ്. എന്നാൽ തന്റെ ചിന്തയെ പിന്തുണയ്ക്കുന്ന ഒരാളുപോലും അവിടെ ഉണ്ടായിരുന്നില്ല എന്ന് വളരെ പെട്ടെന്ന് അവൻ മനസിലാക്കി. അവിടെ നടന്ന ചടങ്ങുകൾ അവനിഷ്ടമില്ലാത്തതായിരുന്നു. “എന്നെ ആശങ്കയിലേക്കും  ഭയങ്ങളിലേക്കും തള്ളിവിട്ട് ഒരു സംസ്കാരം ഉടനെ അവിടെ തുടർന്നങ്ങോട്ട് നടക്കാൻ തുടങ്ങി. തന്ത്രം പഠിച്ച് പൂജാരിയായ ഒരു പിന്നോക്കഗുരു ഉടനെ അവിടെ വന്നു ബലിയിടാനും പിണ്ഡം വയ്ക്കാനും അയാളും മറ്റുള്ളവരും പറഞ്ഞപ്പോൾ ഡോ. ബി.ആർ.അംബേഡ്കറുടെ ബുദ്ധദീക്ഷാവേളയിലെ പ്രതിജ്ഞകൾ ഓരോന്നായി ഓർമയിൽ വരാൻ തുടങ്ങി. അവ കൃത്യമായും ഞാൻ ഓർത്തെടുത്തു.”

ഹിന്ദുമതത്തിൽ നിന്നും പുറത്തുകടന്ന ആ യുവാവ്, തന്റെ കുടുംബാംഗങ്ങളുടെ അടിമത്തെ മനോഭാവം കണ്ട് സഹതപിക്കുകയായിരുന്നു. എല്ലാവരും കേൾക്കേ അവൻ പറഞ്ഞു, “നിങ്ങളുടെ ആചാരങ്ങൾ ഞാൻ അനുസരിക്കില്ല.” അവന്റെ വാക്കുകൾ കേട്ട്, നാട്ടുകാരും വീട്ടുകാരും അവനെ അവിടുന്ന് എഴുന്നേൽപിച്ചു വിട്ടിട്ട് , മറ്റൊരു ബന്ധുവിനെ അവിടെ പിടിച്ചിരുത്തി ഹൈന്ദവ കർമങ്ങൾ ചെയ്തു. അടുത്ത ദിവസങ്ങളിലും ഓരോരോ കർമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. അങ്ങനെ ഉണ്ണിനായർ കൊടുത്ത ഇരുപതിനായിരം രൂപയും തീർന്നു. എന്നിട്ടും ചടങ്ങുകൾ തീർന്നില്ല. ഇനി ഒരു ഗണപതി ഹോമം കൂടിയുണ്ട്. അതിന് കാശില്ല, നീ കണ്ടുപിടിക്കണം എന്നായി ബന്ധുക്കൾ. ‘കാശു തീർന്നെങ്കിൽ കർമം നിർത്തിക്കൊ” എന്ന അവന്റെ മറുപടി കേട്ട് ബന്ധുക്കൾ പോയി, അമ്മ അവനെ ശപിച്ച. എന്നാൽ ആ യുവാവ് കുരുതിയതുപോലെ അവന് ഒറ്റയ്ക്ക് ആ സമൂഹത്തെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല. മനുവാദികളുടെ അടിമകളായിരുന്നു തന്റെ ബന്ധുക്കളും, തൊഴിലാളികളും സാധാരണക്കാരും, ആയതിനാൽ കീഴടങ്ങുകയല്ലാതെ മാർഗമൊന്നുമില്ലായിരുന്നു, അറിവുണ്ടായിരുന്ന ആ ചെറുപ്പക്കാരന്. അവൻ മറ്റേതൊരു അടിമത്തൊഴിലാളിയെയും പോലെ അടിമയാകാൻ തീരുമാനിച്ചു. മനുവാദികൾക്ക് ഒരിക്കലും എതിർപ്പു തോന്നാത്ത തൊഴിൽ സ്വീകരിക്കാനും തീരുമാനിച്ചു. ശുചീകരണത്തൊഴിലായിരുന്നു അവൻ തിരഞ്ഞെടുത്ത തൊഴിൽ.

ഒരു ലൈംഗികത്തൊഴിലാളിയുടെയും ഒരു തൊഴിൽരഹിതന്റെയും കഥയാണ് സവർണഭയം എന്ന കഥ. ശശി എന്ന ചെറുപ്പകാരൻ, ഉപരിപഠനം പൂർത്തിയാക്കിയ ഒരു യുവാവായിരുന്നു. ശശിയുടെ മാതാപിതാക്കൾ ഗ്രാമത്തിലുള്ള തൊഴിൽദായകരായ കർഷകരുടെ വീടുകളിൽ പണിയെടുത്തിരുന്ന അടിമകൾ ആയിരുന്നു. വിസർജ്ജനത്തിന് സൗകര്യമുള്ള വീട് ഒരുക്കാതെയും നിവർന്ന് ഒന്നു നടക്കാനുള്ള വിസ്തീർണത്തിൽ കുറച്ചുഭൂമി കൈവശം വെയ്ക്കാതെയും അവന്റെ മാതാപിതാക്കൾ അടിമപ്പണി ചെയ്തുകിട്ടുന്ന കൂലിവാങ്ങി ദിവസവും ചിലവു നടത്തിക്കൊണ്ടിരുന്നു.

തൂട്ടപ്പീറ്റ് നഗരത്തിലെ തമ്പുരാൻ കോളേജിൽ അവൻ പഠിച്ചു. തലസ്ഥാന നഗരത്തിലെ കോളേജിൽ ഗവേഷണത്തിനു ചേർന്നു. കഴിയുന്നത്രയും വിജ്ഞാനം സമ്പാദിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം . എ.കെ.ജിയെയും ഗുപ്തൻനായരെയും വായിച്ച അവൻ, ഗാന്ധിയെയും മോദിയെയും എതിർത്തു. അവന്റെ ആഴത്തിലുള്ള പഠനത്തിലൂടെ ഒരു കാര്യം തിരിച്ചറിയുകയുണ്ടായി. അതിങ്ങനെയായിരുന്നു. “സവർണർ എല്ലാം കയ്യിലൊതുക്കിവെച്ചിരിക്കുകയാണ്. നൂറ്റാണ്ടുകാലം മുഴുവൻ അനുഭവിച്ചു തീർക്കാനുള്ള സ്വത്തൊന്നുമല്ല അവരുടെ കൈവശം ഉള്ളത്. രാജ്യം നിലനിൽക്കുന്നിടത്തോളം കാലം ആ സമ്പത്ത് അവർ കൈകാര്യം ചെയ്യും. അതവർ ആർക്കും കൊടുക്കില്ല. വേണമെങ്കിൽ പച്ചവെള്ളം കൊടുക്കും. തന്റെ പിതാവ് പണക്കാരുടെ പറമ്പ് കിളച്ചിട്ട്, അവരുടെ വീട്ടിൽനിന്നും പച്ചവെള്ളം ആർത്തിയോടെ കുടിച്ചിരുന്ന രംഗം അവനോർത്തു.” 

ഇൻഡ്യനവസ്ഥയുടെ ഈ സൂക്ഷമമായ ഗൂഢതന്ത്രത്തിന്റെ മേൽ ഉത്തരാധുനിക കാലത്ത് ആദ്യത്തെ പ്രഹരമേൽപ്പിച്ചത് കാൻഷിറാം എന്ന നേതാവായിരുന്നു. എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്തുവാൻ എല്ലാത്തരം മനുവാദികളും കൈകോർത്തു. ഹിന്ദുസവർണ മനുവാദികൾ പരസ്യമായി രംഗത്തുവന്നു. മാർക്സിയൻ-ഗാന്ധിയൻ-സോഷ്യലിസ്റ്റ്-മനുഷ്യാവകാശ-സ്വാതന്ത്ര മനുവാദികൾ ഐക്യപ്പെട്ട് ബഹുജനചിന്തക്കെതിരെ നിലകൊണ്ടു. അതിലൂടെ അവർ ഒന്നടങ്കം ഹിന്ദുസവർണ മനുവാദത്തിന് യഥേഷ്ടം പടർന്നുപന്തലിക്കാൻ അവസരമൊരുക്കിക്കൊടുത്തു. ഇന്ന് ഭരണകൂടത്താൽ വേട്ടയാടപ്പെടുന്ന ആനന്ദ് തെൽതുംദേയും ശരൺകുമാർ ലിംബാലയെപ്പോലുള്ള എഴുത്തുകാരും ഇത് പല രൂപത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുസവർണ മനുവാദം ജയിക്കണം എന്നു തന്നെയാണ് ഇതര മനുവാദികൾ ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കുവാൻ യൂറോപ്പിലേക്കൊന്നും പോകേണ്ട. മണ്ഡലാനന്തര, മസ്ജിദാനന്തര ഇൻഡ്യൻ രാഷ്ട്രീയത്തിലെ ചലനങ്ങൾ നോക്കിയാൽ മാത്രം മതി. ഓരോ തവണയും സ്വയംപിളർന്നും പിളർത്തിയും അവർ ഹിന്ദുമനുവാദത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

ഒരു സോഷ്യലിസ്റ്റ് ഗാന്ധിയനായിരുന്ന വി.പി.സിങിനെ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവെയ്പ്പിക്കുന്നതുവരെ അത് എത്തിച്ചേർന്നു. ഹിന്ദു മനുവാദത്തിനുവേണ്ടിയുള്ള ഒത്തുകളിയും ഒളിച്ചുകളിയുമായിരുന്നു അതെല്ലാം. കഥയിലെ യുവാവ് തന്റെ പ്രദേശത്തു നടക്കുന്ന അതിന്റെ സൂചനകൾ കണ്ടെത്തുന്നുണ്ട്. “ഗ്രാമത്തിലെ തൊഴിൽദായകരായ കർഷകർ അധികവും സവർണർ ആയിരുന്നില്ല. സവർണരെപ്പോലെ മഞ്ഞനിറവും പരിനിർവാണാനന്തരം സ്വർഗനഗരങ്ങൾ കാണുമെന്ന് കരുതി ദൈവത്തെ ആരാധിക്കുന്നതിൽ മത്സരബുദ്ധിയും ഉണ്ടായിരുന്ന പിന്നോക്കക്കാരോ, ന്യൂനപക്ഷ മതങ്ങളിൽ ഉൾപ്പെടുന്നവരോ ആയിരുന്നു അവർ. സവർണരുടെ അപരന്മാരായിട്ടാണ് അവർ ഗ്രാമത്തിൽ പ്രവർത്തിച്ചത്.” 

അവർക്ക് ഒത്താശ ചെയ്യുന്ന പട്ടികജാതി-വർഗ അടിമകളെയും ആ യുവാവ് തന്റെ ഗ്രാമത്തിൽ കണ്ടിരുന്നു. അവരെക്കുറിച്ച് ആ യുവാവ് പറയുന്നതിങ്ങനെയാണ്.

“അവർ ഇടതോ വലതോ ദൈവാധിഷ്ഠിതമോ ആയ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് പലതരം സൗജന്യങ്ങളും നേടി സവർണാപരന്മാരുടെയും അപരന്മാരായിത്തീരുകയായിരുന്നു.” 

ഇത്തരം അപരന്മാരുടെ അപരന്മാർ സ്വയം ചിതറിയും കൂണുപോലെ ദലിത് സംഘടനകളുണ്ടാക്കിയും സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പരാജയപ്പെടുന്നതിന് ഒരു കാരണമുണ്ടായിരുന്നു. ബഹുജന രാഷ്ട്രീയത്തെ തകർക്കുക എന്നതായിരുന്നു ഇതുകൊണ്ട് ഇവർ ലക്ഷ്യമിട്ടിരുന്നത്. അത് ആ യുവാവ് മനസിലാക്കുകയുണ്ടായി. കാരണം അവർക്കില്ലാത്ത ഒന്ന് ആ യുവാവിനുണ്ടായിരുന്നു. പരന്ന വായന, ദീർഘവീക്ഷണം, വിമർശനബുദ്ധിയോടെ സ്വയം നോക്കിക്കാണുവാനുള്ള കഴിവ്, ജ്ഞാനാവബോധം. ആ യുവാവ് ചിലതെല്ലാം നോക്കിക്കണ്ടു. തിരിച്ചറിഞ്ഞു. അതിൽ ഒന്ന് ഇങ്ങനെയായിരുന്നു:

“ദലിതരും ആദിവാസികളും ജനാധിപത്യത്തിൽ പങ്കെടുത്ത് ദേശീയ രാഷ്ട്രീയം ഉന്നയിച്ചു തുടങ്ങുന്നതും വോട്ടുനേടി ഭരണം ഏറ്റെടുക്കുന്നതും അങ്ങനെ സാമൂഹികമാറ്റം ഉണ്ടാക്കുന്നതും തൊഴിൽദായകർക്കു വിദഗ്ധമായി തടയുവാൻ കഴിഞ്ഞു. രാജ്യത്തെല്ലായിടത്തും ബഹുജൻ സമാജ് പാർട്ടി നടത്തിവന്ന ദൗത്യം ഏറ്റെടുക്കാനും ദലിതരും ആദിവാസികളും ബുദ്ധമതത്തിലേക്ക് എത്തിച്ചേരുവാനും തയ്യാറാകാതിരുന്നതിനാൽ, സവർണരും സവർണാപരന്മാരും നിരന്തരം പീഡിപ്പിക്കുന്നതിനായി അവരെ തെരെഞ്ഞടുത്തുകൊണ്ടിരുന്നു.” 

ദലിതർ നടത്തിവന്നിരുന്ന സമരങ്ങൾ പലതും അശാസ്ത്രീയമായതാണെന്ന് ആ യുവാവ് വിലയിരുത്തി. ആർക്കും ഒരു ഐക്യവും ഇല്ല. ഓരോരോ കൂണ്  സംഘടനകൾ, ഓരോരുത്തരും സമരം ചെയ്യുന്നു. ഒരിക്കലും അത് വിജയിക്കുന്നില്ല. മാത്രവുമല്ല ഇത് അനാവശ്യമായ മാനസിക സംഘർഷത്തിലേക്ക് എത്തിക്കുന്നു. വായിക്കുന്നതിനും പഠിക്കുന്നതിനും അറിവു നേടുന്നതിനും തടയിടുവാൻ ഇത്തരം മാനസികസംഘർഷങ്ങൾ കാരണമായിത്തീരുന്നു. ചില സമരങ്ങൾ പോലീസുകാരാൽ മർദ്ദനം ഏൽക്കുന്നതിന് കാരണമാകുന്നു. അങ്ങനെ തൊഴിൽ ദാതാക്കളായ സവർണരുടെ ആസ്പത്രിയിൽ ചികിത്സ തേടിയെത്തുന്നു. ഇതും സവർണരെ സാമ്പത്തികമായി സഹായിക്കുന്നു. ഇതിനെല്ലാം പിന്നിൽ മനുവാദികളുടെ കൈയുണ്ട് എന്ന് ആ യുവാവ് തിരിച്ചറിയുന്നു. അയാൾ തന്റെ ഗവേഷണം വേണ്ടെന്നു വച്ച് റിസർച്ച് ഹോസ്റ്റലിൽ നിന്നും പുറത്ത് കടക്കുകയാണ്. തുടർന്ന് പഠിച്ച പുസ്തകങ്ങളും വാങ്ങിച്ച പുസ്തകങ്ങളും സൗജന്യമായി കിട്ടിയ പുസ്തകങ്ങളും എല്ലാം ഒരു ചാക്കിലാക്കി വിലപ്പെട്ട ആ പുസ്തകങ്ങളെല്ലാം പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ കൊണ്ട് കൊടുക്കുന്നു. 150 രൂപ അതിന്റെ വിലയായി കിട്ടുന്നു. അതുമായി അയാൾ തൂട്ടപ്പിറ്റ് എന്ന നഗരത്തിലേക്ക് വണ്ടി കയറുന്നു.

അറിഞ്ഞതെല്ലാം സ്വയം മെരുക്കുന്നതിന് വേണ്ടിയുള്ള അറിവുകൾ ആയിരുന്നു എന്ന് തിരിച്ചറിവാകാം അയാളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്.

ഇവിടെയാണ് ഞാൻ മുമ്പ് സൂചിപ്പിച്ച കഥകളുടെ വെച്ചുമാറ്റം അനിവാര്യമായിത്തീർന്നത്. സവർണഭയമെന്ന ഈ കഥ മറ്റൊരു കഥയായ ഒരു ബി എസ് പി കഥയുടെ തുടർച്ച കൂടിയാണ്. അവിടെയും അവസാനിക്കുന്നില്ല. മർദ്ദിതം ശബ്ദംപോലും എന്ന കഥയിലും ലോകത്തിലെ അവസാനം എന്ന കഥയിലും നമുക്ക് ഇതേ യുവാവിനെ കണ്ടുമുട്ടാൻ സാധിക്കുന്നു.

ഇനി ഇവിടെ ഈ പഠന കുറിപ്പിൽ,  ഞാൻ രണ്ടു കഥകളെ പരസ്പരം കൂട്ടിച്ചേർത്ത്, ബ്ലന്റ്  ചെയ്ത് പഠിക്കുവാൻ ശ്രമിക്കുന്നു. സവർണഭയം എന്ന കഥയിലെ ശശി എന്ന ചെറുപ്പക്കാരൻ, അറിവും തിരിച്ചറിവുമുള്ളയാളാണ്. ഇതേ ആൾ തന്നെയാണ്, മർദ്ദിതം ശബ്ദംപോലും എന്ന കഥയിലെ ഗോപനങ്കിൾ എന്ന ചെറുപ്പക്കാരനും. ഈ ഗോപൻ അങ്കിളിനെ നമുക്ക് ലോകത്തിന്റെ അവസാനം എന്ന കഥയിൽ കാണാം. എന്തെന്നാൽ വിദ്യാസമ്പന്നനായ ആ യുവാവ്, സുധീർ എന്ന ചെറുപ്പക്കാരനായ ലോകത്തിന്റെ അവസാനം എന്ന കഥയിൽ പരകായപ്രവേശം നടത്തിയിട്ടുണ്ട്. ആയതിനാൽ നാലു കഥകളെ പരസ്പരം വെച്ച് മാറുകയും നാലു യുവാക്കളിലൂടെ ഒരു യുവാവ് പരകായപ്രവേശം നടത്തുന്നതായും ഇവിടെ മനസിലാവുന്നു. സുധീർ, ശശി,  ഗോപൻ അങ്കിൾ, ബിഎസ്പി കഥയിലെ യുവാവ് എന്നീ കഥകളിലൂടെ എല്ലാം ഒരേ യുവാവ്, വിദ്യാസമ്പന്നനായ, ബഹുജനവാദി പരകായ പ്രവേശം ചെയ്തിരിക്കുന്നു. അയാൾ തന്റെ നിലപാടുതറയിൽ ഉറച്ചുനിൽക്കുന്നു. മനുവാദ വരേണ്യ ലോകത്തിന്റെ അതിനിഗൂഢവും മനുഷ്യവിരുദ്ധമായ ചര്യകളെയും പ്രവൃത്തികളെയും അതിസൂക്ഷ്മമായി തിരിച്ചറിയുന്നു. വൃത്താന്തത്തിൽ വരാത്തവ എന്ന കഥയിൽ എത്തുമ്പോൾ ആ യുവാവ് തന്റെ നിലപാടുകളിൽ ഉറച്ചു നിന്നതിന്റെ വിജയം പ്രഖ്യാപിക്കുന്നുമുണ്ട്.

പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്

സവർണഭയം എന്ന കഥയിലെ യുവാവ് തൂട്ടപ്പീറ്റിലേക്ക് ബസ് കയറുമ്പോൾ അദ്ദേഹത്തിന് ബസ്സിലെ ഒരു സീറ്റിൽ വെച്ച് പതിനായിരം രൂപ വീണു കിട്ടുന്നുണ്ട്. അയാൾ ആ പണവുമായി തുട്ടപീറ്റ് നഗരത്തിൽ അലയുകയും ചെയ്യുന്നു. എന്നാൽ അയാൾ ആ നഗരത്തിൽ തൊഴിൽ ദായകരുടെ നിരവധി സ്ഥാപനങ്ങൾ കാണുന്നുണ്ട്. “കടകൾ, ആശുപത്രികൾ, ആർട്ട് ഗാലറികൾ, ഇന്റർനെറ്റ് കഫേകൾ, ട്രാവൽ ഏജൻസികൾ, സിനിമ തീയറ്ററുകൾ, കൺസ്ട്രക്ഷൻ കമ്പനികൾ, പ്രൈവറ്റ് കോളേജുകൾ, ബുക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ, ഫ്ലാറ്റുകൾ, വില്ല, ലോട്ടറിക്കടകൾ, കോർപറേറ്റ് അക്കൗണ്ട് ട്രെയിനിങ് സെന്ററുകൾ, ബാങ്കുകൾ, ആയുർവ്വേദ ആസ്പത്രികൾ, ഡെന്റൽ ക്ലിനിക്കുകൾ, വാച്ചുകളും, ജ്വല്ലറികളും, വിൽക്കുന്ന കടകൾ മുതലായവയൊക്കെ തൊഴിൽദായകർ ആ നഗരത്തിൽ നടത്തിവന്നത് അവൻ കണ്ടു”. അപ്പോൾ അവൻ വർഷങ്ങൾക്കുമുമ്പ് അവിടെ ഒരു ദലിത്-ആദിവാസി നേതാവ് നടത്തിയ പ്രസംഗത്തെ ഓർത്തു. അതിങ്ങനെയായിരുന്നു. “ഇപ്പോൾ ഒരു മഴപെയ്യട്ടെ, സുഹൃത്തുക്കളെ അതിൽ നനയാതെ കയറിനിൽക്കാൻ ഈ മഹാനഗരത്തിൽ ഒരു കടത്തിണ്ണ പോലുമില്ല ദലിതർക്കും ആദിവാസികൾക്കും” എന്നു വിളിച്ചുപറഞ്ഞ കടുത്തയുടെ വാക്കുകൾ അയാൾ ഓർത്തു.

നഗരത്തിലൂടെ പലയിടത്തും നടന്ന് പാർക്കിന്റെ ഒരു കോണിൽ വെച്ച് ഒരു കറുത്ത പെൺകുട്ടിയെ അയാൾ കണ്ടു. അവളുടെ അടുത്ത് അവൻ ഇരുന്നു . അയാളെ നോക്കി അവൾ ചിരിച്ചു. അവൻ, അവൾക്ക് ഒരു പൊതി കടലവാങ്ങി ക്കൊടുത്തു. അവളത് വാങ്ങിച്ചു. അവർ സംസാരിച്ചു. തമ്പുരാൻ കോളേജിലെ വിദ്യാർഥികളും ഇതുപോലെ അവിടെ പലയിടത്തായി ഇരിക്കുന്നുണ്ടായിരുന്നു. 

അവരുടെ സംഭാഷണത്തിനിടയിൽ അവൾ പറഞ്ഞു. അവൾക്കു പണം വേണം. മറ്റൊന്നിനുമല്ല അത്. അവൾക്ക് പണത്തോട് ആർത്തിയുമില്ല. എന്നാൽ പല കാര്യങ്ങൾ നടക്കാനും പണം വേണം. അവൾക്ക് ഭർത്താവുണ്ട്. മൂന്നുമക്കളുണ്ട്. അവൾ പറഞ്ഞു: “കഴിവുകെട്ടവനാ. ചെലവിനു തരില്ല. മൂന്നുമക്കളെയുണ്ടാക്കി കാൽക്കാശിനു വകയില്ലാതെ, അവൻ നടക്കുന്നു.”

അവനും അവളുമായുള്ള അടുപ്പവും സംസാരവും അതിരുകളില്ലാത്ത ഒന്നായിത്തീർന്നു. അവൾക്ക് മുന്തിയ ഹോട്ടലിൽ നിന്ന് നല്ല ഭക്ഷണം അവൻ വാങ്ങിക്കൊടുത്തു. അവരുടെ സംഭാഷണത്തിൽ നാട്ടിലെ അധികാര വ്യവസ്ഥയോടുള്ള വിയോജിപ്പുകൾക്കൂടി ഉണ്ടായിരുന്നു. അവർ ആ നഗരത്തിലൂടെ നടന്നു. പല കാഴ്ചകളും കണ്ടു. ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ ചെന്നു. ആളില്ലാത്ത ഒരു തീവണ്ടി ബോഗി കണ്ടുപിടിച്ചു. അതിൽ കയറി അവർ ശയിച്ചു. അവൾ ചോദിച്ച അത്രയും രൂപ അവൻ അവൾക്കു കൊടുത്തു. കൂടാതെ ഇരുപതു രൂപ കൂടി ചോദിച്ചു. അത് വണ്ടിക്കൂലിക്കു വേണ്ടിയാണെന്നു പറഞ്ഞു. അതും വാങ്ങി അവൾ വണ്ടികയറിപ്പോയി. 

ഒരു തൊഴിൽദാതാവായി അവൻ മാറിത്തീരുകയായിരുന്നു. തൂട്ടപ്പീറ്റ് നഗരത്തിൽ അവിടുത്തെ അതികാൽപനിക ഭാവനകളിൽ, തമ്പുരാൻ കോളേജിന്റെ പരിസരങ്ങളിൽ, മഞ്ഞനിറക്കാരായ, സുന്ദരികളായ പെൺകുട്ടികൾക്കും സമ്പന്നരായ പുരുഷന്മാർക്കുമിടയിൽ, അംബരചുംബികളായ കെട്ടിടങ്ങൾക്കു നടുവിൽ അവൻ തന്റെ ദുഃഖങ്ങൾ ഇറക്കി വെയ്ക്കുകയായിരുന്നു. ലൈംഗികത്തൊഴിലിന് അനുമതിയില്ലാത്ത ഒരു ദേശത്ത, ലൈംഗികത ഒരു യാഥാർത്ഥ്യമാണെന്നും അത് ചൂഷണവും മർദ്ദനവും ആയിത്തീരാതെ, രണ്ടുപേരുടെ അടുപ്പമായി മാറുമോ എന്നുള്ള ചോദ്യങ്ങളിലേയ്ക്ക് കഥ നമ്മെ കൊണ്ടുപോകുന്നു. ലൈംഗികതയുടെയും രതിയുടെയും ഉടൽകാമനയുടെയും വെളുത്ത വംശീയാധികാരങ്ങളുടെ അതിപ്രബലമായ കാമനാലോകത്തെ പ്രത്യാക്രമിക്കുകയാണ് വിദ്യാസമ്പന്നനും, തൊഴിൽരഹിതനും, കറുത്തവനും വിരൂപനുമായ ഈ ചെറുപ്പക്കാരൻ.

ഒരുപക്ഷേ ഈ ചെറുപ്പക്കാരൻ ഇതേ നഗരത്തിൽ തന്റേതായ, ഒരു തൊഴിൽ സ്വീകരിച്ചു ജീവിക്കുന്നവനാണ്. ലോകത്തിന്റെ അവസാനം എന്ന കഥയിൽ ഈ വിദ്യാസമ്പന്നൻ, നിഴൽ നാടകങ്ങൾ നടത്തി പണം സമ്പാദിക്കുന്നവനാണ് . ശുചീകരണത്തൊഴിലാളിയാണ് മർദ്ദിതം ശബ്ദംപോലും എന്ന കഥയിലെ യുവാവ്, മറ്റൊരു കഥയിലെ യുവാവാകട്ടെ, ലോട്ടറി വില്പനയെ തൊഴിലായി സ്വീകരിക്കാൻ ശ്രമിക്കുന്നയാളാണ്. അതേസമയം, ബഹുജന സമൂഹങ്ങളുടെ ഉണർച്ചയും ഉയർച്ചയും നിരന്തരം സ്വപ്നം കാണുന്ന, അംബേഡ്കർ കൃതികൾ വായിക്കുന്ന, ഉന്നതബോധം സൂക്ഷിക്കുന്ന ഹിന്ദുവരേണ്യതയ്ക്ക് പുറത്തു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ഓരോ കഥയിലെയും യുവാക്കൾ. 

അതിനാലാണ് വൃത്താന്തത്തിൽ വരാത്തവ എന്ന കഥയിൽ പ്രസ്തുത യുവാവായ സീനു തന്റെ വ്യക്തിത്വം പുറത്തെടുത്ത് മാതൃകാ ജീവിതം നയിക്കുന്നത് . തന്റെ നാട്ടിലെ കവലയിൽ നിൽക്കുന്നവരെ സീനു എന്ന യുവാവ് വിലയിരുത്തിക്കഴിഞ്ഞതാണ്. അതിങ്ങനെയാണ് :

“നാട്ടുകാരെന്ന നിലയിൽ അവരോട് മതിപ്പുമില്ല. നാടിനുവേണ്ടി എന്താണ് ഇവരൊക്കെ ചെയ്തിട്ടുള്ളത്, ഒന്നുമില്ല. അതാതു കാലഘട്ടങ്ങളിൽ അധികാരത്തിനായി പരിശ്രമിക്കുകയാണ് അവർ.” വിദ്യാർഥിയായിരുന്ന കാലത്ത് മഞ്ഞനിറമുള്ള ഒരു പെൺകുട്ടിയോട് അവന് സ്നേഹമുണ്ടായിരുന്നു. എന്നാൽ അത് തന്റെ അനുഭവലോകം വളർത്താൻ സഹായകമായി എന്നവൻ കരുതുന്നു. കുറേക്കഴിഞ്ഞ് പല അനുഭവങ്ങൾ കിട്ടി. വകതിരിവോടെ ഇന്നു ചിന്തിക്കുമ്പോൾ, ഓർക്കുന്നത് ഉമിനീർ, വിയർപ്പ്, മൂക്കൊലിപ്പ്, മലം, ലിംഗത്തിലെ സ്രവങ്ങൾ ഇവയെല്ലാം നിരന്തരം നിക്ഷേപിക്കുന്ന മനുഷ്യ ശരീരത്തെക്കുറിച്ചു മാത്രം. പ്രേമത്തിന്റെ ഛായങ്ങൾ മായ്ച്ചുകളഞ്ഞാൽ അതിൽ നിന്നും പരിശുദ്ധിയുള്ള അവശിഷ്ടമായി കിട്ടുന്നതാണത്. ഗൃഹാതുരത്വത്തിനും രക്ഷയില്ലാത്ത ശുദ്ധിയുടെ ലോകമാണത്. ജന്മത്തെക്കുറിക്കുന്ന വലിയ നേരും. സീനുവിന്റെ തിരിച്ചറിവാണ് ശാശ്വതമായ പാഠം. മനുവാദികളുടെ വികൃതമായ ചിന്താമണ്ഡലങ്ങൾക്ക് അപ്പുറത്താണ് മനുഷ്യൻ എന്ന യാഥാർഥ്യം എന്ന് സീനു മനസിലാക്കിക്കഴിഞ്ഞു. അത്രയും ഉയർച്ച നേടാൻ കഴിഞ്ഞിട്ടില്ലാത്ത, വികൃത ജന്മങ്ങളായ മനുവാദികൾ, അവരുടെ ഇടുങ്ങിയതും ശുഷ്കവുമായ ലോകത്തെ നിരന്തരം ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു. അതിനുവേണ്ടി ഏതുതരം അശാസ്ത്രീയവും അയുക്തവുമായ വഴികളും രീതികളും അവർ തിരഞ്ഞടുക്കുന്നു. ഈ കഥയിലെ സീനു എന്ന യുവാവ് ബുക്കു കച്ചവടക്കാരനാണ്. അയാൾ അയാളുടേതായ മാന്യമായ ജീവിതം നയിച്ചു വരുന്ന വ്യക്തിയാണിന്ന്. ഒരുപക്ഷേ അത്, ശശിയിൽ നിന്നും സുധീറിൽ നിന്നും ഗോപനിൽ നിന്നുമുള്ള തുടർച്ചയും ആവാം. 

എന്നാൽ തന്റെ നാട്ടിലെ മനുഷ്യർ, അവർക്ക് ഇന്നും സീനു ഒരു ചോദ്യമാണ്. അവർക്കൊപ്പം നടക്കാത്തവനാണ് ആ ചെറുപ്പക്കാരൻ. അന്നും പതിവുപോലെ മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അവർ ഒന്നിച്ചു കൂടിയിരിക്കുന്നതയാൾ കണ്ടു. അവിടെയിരുന്നവരെ സീനു ശ്രദ്ധിച്ചു. “ദൈവാധിഷ്ഠിത പാർട്ടിക്കാരും ഗാന്ധിയന്മാരും അവിടെ പതുങ്ങിയിരിക്കുന്നു.” ലോക്കൽ കമ്മറ്റി അറിഞ്ഞു കൊണ്ടുള്ള ഇരുപ്പാണത്. ആദിവാസി-ദലിത്-പീഢിത സംഭവ പ്രവർത്തകർ അവിടെയുണ്ട് . അവൻ നോക്കി ബിഎസ്പിക്കാർ ആക്കൂടെയില്ല.” സീനുവിനെ അവർ വിളിച്ചു. സീനു അവിടെ ചെന്നു. ഒറ്റതിരിഞ്ഞുള്ള നിന്റെ നടത്തം കൊളളൂലകെട്ടോ, എന്ന് അതിൽ നിന്നാരോ അവനോടു പറഞ്ഞു . ആ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും അവന് മറുപടിയുണ്ടായിരുന്നു. “ഞാൻ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയക്കാരനാണ്.” 

അതായിരുന്നു സീനുവിന്റെ മറുപടി. മനുവാദികളായ അവർക്ക് ആർക്കും ആ ഉത്തരം ഇഷ്ടപ്പെട്ടില്ല. എന്നാൽ സീനു എന്ന ചെറുപ്പക്കാരൻ അവിടെ നിൽക്കാതെ നടന്നു. വീട്ടിൽ വന്നു. കളിച്ചു. ഭാര്യയുണ്ടാക്കിയ ആഹാരം കഴിച്ചു. മക്കൾക്ക് പഠിക്കാനുള്ള ചില എളുപ്പവഴികൾ പറഞ്ഞുകൊടുത്തു. സ്വസ്ഥമായി ഉറങ്ങി. 

സീനു എന്ന ചെറുപ്പക്കാരനെപ്പോലെ, വൃത്താന്തത്തിൽ വരാത്തവരാണ് പി.കെ. പ്രകാശിന്റെ കഥകളിലെ കേന്ദ്ര കഥാപാത്രങ്ങൾ, അവർ കാണുന്ന ലോകം അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ലോകമാണ്. രാഷ്ട്രീയ ബോധമുള്ളവരും വിദ്യാസമ്പന്നരും, അധികാരികളുടെ നിഗൂഢ ശ്രമങ്ങൾ തിരിച്ചറിയുന്നവരുമാണ്. വിദ്യാസമ്പന്നതയാണ് അവരുടെ മുഖമുദ്ര. സർക്കാർ ജോലികിട്ടാത്തവരോ, സമ്പന്നരോ, മഞ്ഞ നിറമുള്ളവരോ അല്ല അവർ.

എന്നാൽ അവർ വിദ്യാഭ്യാസവും രാഷ്ട്രീയ വിദ്യാഭ്യാസവും നേടിയവരാണ്. അംബേഡ്കറൈറ്റുകളാണ്. ബഹുജന ചിന്തയുള്ളവരും ബുദ്ധിസ്റ്റുകളുമാണ്. ആയതിനാൽ അവർക്കൊരു ജീവിതബോധമുണ്ട്. കോളനികളിലും ചേരികളിലും അടിഞ്ഞുകൂടുന്ന ഹിന്ദു പട്ടികജാതി വർഗക്കാരനല്ല പ്രകാശിന്റെ കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. സ്വന്തമായി തൊഴിലു കണ്ടെത്തുന്ന, മദ്യപാനികളാകാത്ത ഭരണകൂടത്തിന്റെ മർദ്ദനത്തിന് ഉപകരണമോ, ഇരയോ ആകാൻ നിന്നുകൊടുക്കാത്ത വ്യക്തിത്വങ്ങളാണവർ. 

അവർ തിരിച്ചറിയുന്ന ലോകമാണ് ശരിയായ ലോകം. അധികാരത്തിനു വേണ്ടിയുള്ള കുത്സിത നീക്കങ്ങളുടെ ലോകം, തൊഴിൽ അടിമകളെ അതായി നിലനിർത്താനുള്ള ഭരണവർഗങ്ങളുടെ നിരന്തരമായ നിഗൂഢ പ്രവർത്തനങ്ങളുടെ ലോകം, മനുവാദ നിയമങ്ങൾക്ക് അടിമപ്പെട്ടുപോയ പിന്നോക്ക, ന്യൂനപക്ഷ, പട്ടികവിഭാഗ സമൂഹങ്ങളുടെ ലോകം, സാംസ്കാരികവും ആത്മീയവും ജനപ്രിയവുമായ കടന്നാക്രമണങ്ങളുടെ ലോകം, അതിന്റെ പ്രവർത്തന രീതികൾ, ബലതന്ത്രങ്ങൾ വിജയങ്ങൾ. പ്രകാശിന്റെ കഥയിലെ കഥാപാത്രങ്ങൾ അവയെ നോക്കിക്കാണുന്നു. അതിനകത്തു ജീവിക്കുന്നു. എന്നാൽ അതിന് പിടികൊടുക്കാതെ കുതറി മാറുന്നു. മറ്റൊരു ജീവനലോകം നിർമിക്കുന്നു. ഉത്തരാധുനിക മലയാള കഥകളെ നിരൂപകർ പലരൂപത്തിൽ പാരായണപ്പെടുത്തുന്നുണ്ട്. അതേസമയം ബഹുജന കഥകൾ എന്ന ഒരു പാരായണം രൂപപ്പെടുകയുണ്ടായില്ല. ഏറ്റവും ശക്തമായ തിരിച്ചറിവിന്റെയും, പ്രതിരോധത്തിന്റെയും, മാതൃക ജീവിതത്തിന്റെയും ഭാവനകൾ നിർമിക്കുവാൻ ഇൻഡ്യൻ ജനതയിലെ ബഹുജന സമൂഹങ്ങൾക്കു സാധിച്ചിട്ടുണ്ട്. 

അവയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ജന്മിത്തവും ഫാഷിസവും ജാതീയതയും എന്തുകൊണ്ട് ഇന്നും യഥേഷ്ടം നിലനിൽക്കുന്നു, അവയ്ക്ക് ആരാണ് കാരണക്കാർ, എന്തുകൊണ്ട് അവയ്ക്ക് അനുദിനം തഴച്ചുവളരാൻ കഴിയുന്നു എന്നിങ്ങനെ സമൂഹിക ശരീരത്തിന്റെ എല്ലിൽത്തട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന കഥകളാണ് പി.കെ.പ്രകാശിന്റേത്. ഉത്തരാധുനികാന്തര സമകാല കഥാലോകത്തിന്റെ സവിശേഷതകളെന്ത് എന്ന ചോദ്യം ഉയർന്നാൽ, അതിലൊന്ന് പി.കെ.പ്രകാശിന്റെ കഥാലോകം മുന്നോട്ടുവെയ്ക്കുന്ന ‘ഫാഷിസ്റ്റ് വിരുദ്ധ ബഹുജന രാഷ്ട്രീയേച്ഛ’ എന്ന ഉത്തരം കൂടിയുണ്ടാവും. ആഗോളീകരണാനന്തര കാലമെന്നും, ഫാഷിസമെന്നും, സത്യാനന്തരകാലമെന്നും പറഞ്ഞ് സ്വയം രക്ഷയ്ക്കൊരുങ്ങുമ്പോൾ, അവയോട് നേർക്കുനേർ ഏറ്റുമുട്ടുന്ന മനുവാദവിരുദ്ധ ബഹുജന രാഷ്ട്രീയേച്ഛയുടെ സജീവ മാതൃകൾ മുന്നോട്ടുവെയ്ക്കുന്നു പി.കെ. പ്രകാശിന്റെ കഥകൾ.

Top