ശ്രീനാരായണ ധര്‍മവീഥിയിലെ വിലമതിയാത്ത വിളക്കുകള്‍

ഇപ്പോഴത്തെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തില്‍ മാത്രമല്ല, പുറംനാടുകളില്‍പോലും ഒരു പ്രത്യേക സമുദായത്തിന്റെ ആത്മീയാചാര്യന്‍ മാത്രമായി ഗുരു മുദ്രകുത്തപ്പെടുകയും അങ്ങനെ ഗുരുവിന്റെ ദാര്‍ശനികപ്രഭാവം ചുരുങ്ങിപ്പോകുന്നതുമാണ് ഇതിനു കാരണം. കേരളീയരോ ഭാരതീയരോ അല്ലാത്ത എത്ര പേര്‍ ഗുരുവിനെയും ഗുരുവിന്റെ ദര്‍ശനത്തെയും മനസ്സിലാക്കാനും പഠിക്കാനുമായി മുന്നോട്ടുവരുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ശിവഗിരി തീര്‍ഥാടനം പോലെയുള്ള ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ ഔപചാരികമായി ക്ഷണിച്ചുകൊണ്ടുവരുന്നവരല്ലാതെ ജിജ്ഞാസുക്കളായി എത്തുന്നവരുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഭാരതീയരല്ലാത്തവരെക്കുറിച്ച് പ്രത്യേകമായെടുത്തു ആരും ഇതുവരെ പഠിച്ചതായി അറിവില്ല. അങ്ങിനെയുള്ള രണ്ടു വ്യക്തികളെക്കുറിച്ച് അല്‍പ്പമൊന്നു ഇവിടെ പ്രതിപാദിച്ചു കൊള്ളട്ടെ.

നാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരുപാടു പരിശ്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതുകൂടാതെ ഗുരുവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ഇന്ന് അക്കാദമിക ലോകത്തും അല്ലാതെയും നടക്കുന്നുമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അന്യദേശങ്ങളിലും അന്യമതങ്ങളിലും പെട്ടവരിലേക്ക് ഗുരുദേവദര്‍ശനം കാര്യക്ഷമമായി ഇനിയും കടന്നുചെന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഗുരുവിന്റെ സമകാലീനരായിരുന്നവരും അതിനുശേഷം വന്നവരുമായ ഭാരതീയ ആത്മീയാചാര്യന്മാര്‍ക്ക് ദേശദേശാന്തരങ്ങളില്‍ ലഭിച്ചിട്ടുള്ള അംഗീകാരവും സ്വീകാര്യതുയും ഗുരുവിന് ഇനിയും ലഭിച്ചിട്ടില്ല എന്നു കാണാം. കേരളത്തിനകത്തും കേരളത്തിനുവെളിയിലുമുള്ള ശങ്കരാചാര്യപീഠങ്ങള്‍ പോലെയുള്ള മത-വൈദികപഠനശാലകളിലും ആധ്യാത്മ-വിദ്വല്‍ സദസ്സുകളിലും അഥീനങ്ങളിലും സര്‍വ്വകലാശാലകളിലും ഗുരുവിന്റെ തത്വദര്‍ശനത്തിന് വേണ്ട പരിഗണനയും അംഗീകാരവും ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്. അഥവാ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുകയാണെങ്കില്‍ അത് ഗുരു നടത്തിയ സാമൂഹ്യ പരിഷ്‌കരണയത്‌നങ്ങളുടെ പേരില്‍ മാത്രമായിരിക്കുകയും ചെയ്യും. ഇപ്പോഴത്തെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഫലമായി കേരളത്തില്‍ മാത്രമല്ല, പുറംനാടുകളില്‍പോലും ഒരു പ്രത്യേക സമുദായത്തിന്റെ ആത്മീയാചാര്യന്‍ മാത്രമായി ഗുരു മുദ്രകുത്തപ്പെടുകയും അങ്ങനെ ഗുരുവിന്റെ ദാര്‍ശനികപ്രഭാവം ചുരുങ്ങിപ്പോകുന്നതുമാണ് ഇതിനു കാരണം. കേരളീയരോ ഭാരതീയരോ അല്ലാത്ത എത്ര പേര്‍ ഗുരുവിനെയും ഗുരുവിന്റെ ദര്‍ശനത്തെയും മനസ്സിലാക്കാനും പഠിക്കാനുമായി മുന്നോട്ടു വരുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ശിവഗിരി തീര്‍ഥാടനം പോലെയുള്ള ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ ഔപചാരികമായി ക്ഷണിച്ചുകൊണ്ടുവരുന്നവരല്ലാതെ ജിജ്ഞാസുക്കളായി എത്തുന്നവരുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഭാരതീയരല്ലാത്തവരെക്കുറിച്ച് പ്രത്യേകമായെടുത്ത് ആരും ഇതുവരെ പഠിച്ചതായി അറിവില്ല. അങ്ങനെയുള്ള രണ്ടു വ്യക്തികളെക്കുറിച്ച് അല്‍പ്പമൊന്നു ഇവിടെ പ്രതിപാദിച്ചു കൊള്ളട്ടെ.

സ്വാമി ജോണ്‍ സ്പിയേഴ്‌സ്

കേരളത്തില്‍ മാത്രമല്ല പുറംനാടുകളിലും ഗുരുവിന്റെ ജ്ഞാനപാരമ്പര്യത്തെ മാത്രം മുന്‍നിറുത്തി പ്രവര്‍ത്തിക്കാനും ആ വഴിക്ക് കേരളത്തിനു വെളിയിലുള്ളവരിലും വിദേശികള്‍ക്കിടയിലും ഗുരുദര്‍ശനം എത്തിക്കാനും നാരായണഗുരുകുല പ്രസ്ഥാനത്തിനു കാര്യമായ തോതില്‍ കഴിഞ്ഞിട്ടുണ്ട്. നടരാജഗുരുവിനും ഗുരു നിത്യചൈതന്യയതിക്കും ശേഷം ഇപ്പോള്‍ മുനി നാരായണ പ്രസാദ് ആ ദൗത്യം ആവുന്ന മട്ടില്‍ തുടര്‍ന്നുപോരുന്നു. ഈ യത്‌നത്തിന്റെ ഫലമായി വിദേശികളായ നിരവധിപേരെ ആകര്‍ഷിക്കാനും അവരിലൂടെ ഗുരുവിന്റെ ദര്‍ശനം ഇംഗ്ലീഷ് ഭാഷയിലൂടെ ലോകത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും നാരായണഗുരുകുലത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാരതീയദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ഇന്ത്യയില്‍ എത്തിച്ചേരുകയും ശരിയായ സമയത്ത് നടരാജഗുരുവിനെ കണ്ടുമുട്ടാനിടയായതുകൊണ്ട് നാരായണഗുരുവിനെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും മറ്റാര്‍ക്കും കഴിയാത്ത തരത്തിലുള്ള സംഭാവനകള്‍ ഈ മേഖലയില്‍ നല്‍കാനും കഴിഞ്ഞ ഒരു വ്യക്തിയാണ് സ്വാമി ജോണ്‍ സ്പിയേഴ്‌സ്. അദ്ദേഹം 1907 നവംബര്‍ 28-ന് സ്‌കോട്ട്‌ലന്റിലെ പെര്‍ത്തില്‍ ഒരു കാല്‍വനിസ്റ്റ് കുടുംബത്തില്‍ ജനിച്ചു. വളരെ ചെറുപ്രായത്തില്‍ പിതാവ് നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ബാല്യകാലം അത്ര സുഖകരമായിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ അസാധാരണമായ വായനാശീലമുള്ളയാളായിരുന്നു ജോണ്‍. ഏതുവിഷയത്തിലുള്ള ഗ്രന്ഥമായാലും അവയുടെ പരിഭാഷകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി മൂലഗ്രന്ഥം തന്നെ വായിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പരന്ന വായനയുടെ ഫലമായി പൗരസ്ത്യദര്‍ശനങ്ങളോടും ആ വിഷയത്തില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളോടും അവയുടെ കര്‍ത്താക്കന്മാരായിരുന്ന ഋഷിമാരോടും വളരെ താല്‍പര്യം തോന്നിത്തുടങ്ങി. പതിനാലാമത്തെ വയസ്സില്‍ അദ്ദേഹം ആദ്യമായി ഭഗവദ്ഗീത വായിച്ചു. അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെ ആകെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. ശിഷ്ടജീവിതകാലം മുഴുവന്‍ ഗീത തന്റെ സഹയാത്രികനായിത്തീര്‍ന്നു എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ശാങ്കരഭാഷ്യം മുതല്‍ ഏറ്റവും ആധുനികകാലത്ത് എഴുതപ്പെട്ടതുവരെയുള്ള എല്ലാ ഗീതാവ്യാഖ്യാനങ്ങളും അദ്ദേഹം പില്‍ക്കാലത്തു വായിച്ചിട്ടുണ്ട്. ഗീതയെ ശാസ്ത്രീയമായി സമീപിക്കുന്നതിനുള്ള ഒരു മാര്‍ഗരേഖതന്നെ അദ്ദേഹം തന്റെ പില്‍ക്കാലകൃതികളിലൊന്നില്‍ വിശദമാക്കുന്നുന്നുണ്ട്. ഈ കാലത്തുതന്നെ അദ്ദേഹം തിയോസഫിക്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെടുകയും മാഡം ബ്ലാവസ്‌കിയുടെ ‘The Secret Doctrine’ വായിക്കുകയും ചെയ്തു. ഏതു വിഷയത്തിന്റെതായാലും അതിന്റെ മൂലസ്രോതസ്സ് മനസ്സിലാക്കുക എന്ന ശീലം അദ്ദേഹത്തെ ആദ്യം പ്രകൃതിയിലേക്കും പിന്നീട് ഒരു ഗുരുവിന്റെ പാദത്തിലുമെത്തിച്ചു. ആത്മീയാന്വേഷണത്തിന്റെ ഭാഗമായി 1930-ല്‍, ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചേര്‍ന്നു. ഇന്ത്യ അദ്ദേഹത്തെ എത്രമാത്രം ആകര്‍ഷിച്ചുവെന്ന് മനസ്സിലാക്കുന്നതിന് അദ്ദേഹത്തിന്റെ ‘What India means to me’ എന്ന കൃതിയിലെ താഴെ കൊടുത്തിരിക്കുന്ന ഖണ്ഡികയില്‍നിന്നു വ്യക്തമാകും.

‘അത്ഭുതങ്ങളുടെ മറ്റൊരു പേര് എന്ന നിലയില്‍ ഇന്ത്യ യൂറോപ്യരെ എന്നും ഏറെ ആകര്‍ഷിച്ചിരുന്നു. എന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വര്‍ഷങ്ങളോളം ഇന്ത്യയില്‍ പട്ടാളക്കാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അങ്ങനെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ ഇന്ത്യയെക്കുറിച്ച് ഒരുപാട് കേട്ടുതുടങ്ങി. എന്റെ സ്‌കൂള്‍ പഠനകാലത്ത് ഈജിപ്റ്റ്, ബാബിലോണ്‍, ഗ്രീസ് തുടങ്ങിയ പുരാതന സംസ്‌കാരങ്ങളെക്കുറിച്ച് എനിക്ക് താല്‍പര്യം ജനിച്ചുതുടങ്ങുകയും പുസ്തകങ്ങളിലൂടെ ഞാന്‍ അവയെക്കുറിച്ച് പര്യവേഷണം നടത്തിത്തുടങ്ങിയതോടെ പൗരസ്ത്യ സംസ്‌കാരങ്ങളുടെ സ്രോതസ്സായി ഇന്ത്യയെ ഞാന്‍ സ്വയം കണ്ടെത്തി.’

ഇന്ത്യയിലെത്തിയ ജോണ്‍ ഉത്തരേന്ത്യയിലെ പര്‍വ്വതപ്രദേശങ്ങളിലും ടിബറ്റ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലും അസാധാരണരായ സിദ്ധന്മാരെയും യോഗികളെയും കണ്ടും അവരുമായി ഇടപഴകിയും പ്രകൃതിഭംഗി ആസ്വദിച്ചും കറങ്ങിനടന്നു. ഈ യാത്രയിലെ അനുഭവങ്ങള്‍ അദ്ദേഹത്തിന് പുതിയ ഉള്‍ക്കാഴ്ചയും മനസ്സിന് പരിപാകവും പ്രദാനം ചെയ്തിരിക്കണം. ഈ കാലയളവില്‍ അദ്ദേഹം ജി. കൃഷ്ണമൂര്‍ത്തി, ആനി ബസന്‍റ്, വി.കെ കൃഷ്ണ മേനോന്‍ തുടങ്ങിയവരുമായി പരിചയപ്പെടുകയും ആ ബന്ധം പില്‍ക്കാലത്തും തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍, 1937-ല്‍ തിയോസഫിസ്റ്റുകളായ ഒരു ദമ്പതിമാര്‍ നല്‍കിയ പാര്‍ട്ടിയില്‍വെച്ച് ജോണ്‍ ആദ്യമായി നടരാജഗുരുവിനെ1 കണ്ടുമുട്ടി. നടരാജഗുരുവിന്റെ വ്യക്തിപ്രഭാവത്തിലും ആശയങ്ങളിലും താന്‍ തേടിനടന്ന ആത്മീയതേജസ്സ് അദ്ദേഹം കണ്ടെത്തിയെന്നു പറയാം. എന്നാല്‍ അത്ര എളുപ്പത്തില്‍ ഗുരു അദ്ദേഹത്തിന് പ്രാപ്യമായിത്തീര്‍ന്നില്ല. ഇതിനിടയില്‍ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരനായിരുന്നിട്ടും തന്റെ കൊളോണിയല്‍ വിരുദ്ധ ചിന്താഗതികൊണ്ടും സ്വാതന്ത്യസമരത്തോടുണ്ടായിരുന്ന അനുഭാവംകൊണ്ടും ആദ്യമൊന്നും അദ്ദേഹം പട്ടാളസേവനത്തിന് തയ്യാറായില്ല. എന്നാലും ഒടുവില്‍ അദ്ദേഹം ബാംഗ്ലൂരില്‍ അഭയാര്‍ഥികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ‘War News’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപ സ്ഥാനം വഹിക്കുകയും ചെയ്തു.

ഈ കാലയളവില്‍ നടരാജഗുരുവും ജോണും തമ്മില്‍ നിരന്തരമായി കാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഒരു ഗുരുശിഷ്യ ബന്ധം സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കാരണം ഇരുവരും പരസ്പരം കണ്ടെത്തേണ്ട ഒരു പ്രക്രിയയാണത്. തന്റെ ജ്ഞാനതൃഷ്ണ ശമിപ്പിക്കാന്‍ ഗുരുവിനാകുമോ എന്നു ശിഷ്യന് ബോധ്യമാകണം. സാധാരണഗതിയില്‍ ശിഷ്യരെ ഒഴിവാക്കാറുള്ള ഗുരുക്കന്മാര്‍ക്കാകട്ടെ, താന്‍ പകര്‍ന്നു നല്‍കുന്ന ജ്ഞാനരഹസ്യം ഉള്‍ക്കൊള്ളാനുള്ള യോഗ്യത ശിഷ്യനുണ്ടോ എന്നു പരീക്ഷിച്ചു ബോധ്യംവരികയും വേണം. ഈ പരീക്ഷണം ഇവിടെയും നടന്നു. ഇതിന്റെ അവസാനം അവര്‍ക്കിരുവര്‍ക്കും പരസ്പരം ബോധ്യംവന്നതിന്റെ ഫലമായി 1946-ല്‍ നടരാജഗുരു ജോണ്‍ സ്പിയേഴ്‌സിനെ ഊട്ടിയിലെ നാരായണഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്തു. ബ്രഹ്മവിദ്യയോടുള്ള നടരാജഗുരുവിന്റെ അചഞ്ചലമായ സമര്‍പ്പണം ജോണിനെ ആകെ ഉലച്ചുകളഞ്ഞു. 1948-ഓടെ അവര്‍ക്കിരുവര്‍ക്കുമിടയില്‍ പാരസ്പര്യത്തിലധിഷ്ഠിതമായ യഥാര്‍ത്ഥ ഗുരുശിഷ്യബന്ധം വളര്‍ന്നു പുഷ്‌കലമാവാന്‍ തുടങ്ങി. നടരാജഗുരു എന്ന പേരില്‍ പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന ഡോ. പി. നടരാജനെ ആദ്യമായി ഗുരു എന്നു സംബോധന ചെയ്തത് ജോണ്‍ ആയിരിക്കണം.

പില്‍ക്കാലത്ത് വിഖ്യാതമായിത്തീര്‍ന്ന നാരായണഗുരുവിന്റെ ജീവചരിത്രഗ്രന്ഥമായ ‘The Word of the Guru’വിന്റെ പണിപ്പുരയിലായിരുന്നു അക്കാലത്ത് നടരാജഗുരു. അദ്ദേഹം ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ‘The Way of the Guru’ എന്ന പേരില്‍ ജനീവയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘The Sufi Quarterly’-യില്‍ 1928-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിക്കാനിടയായ പ്രശസ്ത ചിന്തകന്‍ റൊമെയ്ന്‍ റോളണ്ട് നാരായണഗുരുവിനെ ‘ജ്ഞാനിയായ കര്‍മ്മയോഗി’ (Jnanin of action) എന്നാണ് വിശേഷിപ്പിച്ചത്.2 ഗ്രന്ഥത്തിന്റെ ഈ ഭാഗം 1931-ല്‍ ആദ്യമായി ജനീവയിലും പിന്നീട് 1942-ല്‍ ഇന്ത്യയിലും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. നാരായണഗുരുവിനെ പുറംലോകത്തുള്ളവര്‍ക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വേണ്ടത്ര തയ്യാറെടുപ്പുകള്‍കൂടാതെയാണ് ഈ ആദ്യഭാഗം നടരാജ ഗുരു തിടുക്കത്തില്‍ എഴുതിയത്. പിന്നീട് ഇരുപതിലധികം വര്‍ഷത്തെ നിരന്തരമായ പഠനമനനങ്ങള്‍കൊണ്ട് അദ്ദേഹം വേണ്ടത്ര വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവധാനപൂര്‍വ്വം വിപുലീകരിച്ചെടുത്തതാണ് ഇന്നു കാണുന്ന ഗ്രന്ഥം. 1951-ല്‍ ഇതിന്റെ കൈയ്യെഴുത്തുപ്രതി നടരാജഗുരു പൂര്‍ത്തിയാക്കിയിരുന്നു. ഇതിനകം ബൗദ്ധികമായും ആത്മീയമായും തന്റെ ശിഷ്യത്വം സ്വീകരിച്ച ജോണ്‍ സ്പിയേഴ്‌സിനെ അദ്ദേഹമത് എഡിറ്റിങ്ങിനായി ഏല്‍പ്പിച്ചു. ജോണ്‍ തികഞ്ഞ അര്‍പ്പണബോധത്തോടെ ആ കൃത്യം നിര്‍വ്വഹിക്കുകയും ചെയ്തു. എഡിറ്റിങ്ങില്‍ മാത്രമല്ല പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട പുസ്തരൂപകല്‍പ്പനയിലും അച്ചടിയിലും പ്രൂഫ്‌നോട്ടത്തിലും ജോണ്‍ സ്പിയേഴ്‌സിനുണ്ടായിരുന്ന പ്രാവീണ്യത്തിന്റെ ഉത്തമോദാഹരണമായി ഈ ഗ്രന്ഥത്തെ കണക്കാക്കാം. ഈ ഗ്രന്ഥത്തിന്റെ സഫലീകരണത്തിനായി സ്‌കോട്ടില്‍ നിന്നും ജോണിനെ ദൈവം അയച്ചുതന്നു എന്നാണ് നടരാജഗുരു ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇതിനെക്കുറിച്ച് പറയുന്നത്. ജോണ്‍ തന്നെ ഈ ഗ്രന്ഥത്തിന് ഒരു അവതാരികയും എഴുതിയിട്ടുണ്ട്. പില്‍ക്കാല ശ്രീനാരായണ ദര്‍ശനപഠിതാക്കള്‍ക്കെല്ലാം വഴികാട്ടിയായത്തീര്‍ന്ന അനശ്വരമായ ‘The Word of the Guru’ ഇങ്ങനെയാണ് 1952-ല്‍ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇതിനുശേഷം നടരാജഗുരു എഴുതിയ ‘An integrated science of the Absolute, One hundred verses of self instruction, The Bhagavad Gita’ (യഥാക്രമം ദര്‍ശന മാലയുടെയും ആത്മോപദേശശതകത്തിന്റെയും ഭഗവദ്ഗീതയുടെയും വ്യാഖ്യാനങ്ങള്‍), ‘The Autobiography of an Absolutist’ (ആത്മകഥ) തുടങ്ങിയ ഗ്രന്ഥങ്ങ ളെല്ലാം ഈ ഗുരുശിഷ്യബന്ധത്തില്‍ നിന്നാണ് പിറവിയെടുത്തത്. ഈ സംരംഭങ്ങളില്‍ ഗുരുവിന്റെ മനസ്സറിഞ്ഞ ഒരുത്തമ ശിഷ്യനായി മാറാന്‍ ജോണിനു കഴിഞ്ഞു. രചനയുടെ ഓരോ ഘട്ടത്തിലും ഉചിതമായ ചോദ്യങ്ങള്‍കൊണ്ട് ഗുരുവിനെ പ്രകോപിച്ച് കൂടുതല്‍ ആഴങ്ങളിലേക്കും മാനങ്ങളിലേക്കും രചനയെ കൊണ്ടെത്തിച്ചും, ഗുരു മൊഴിയുന്ന ഓരോ വാക്കും അര്‍ഥമറിഞ്ഞ് കേട്ടെഴുതിയെടുത്തും പിന്നീട് അതിന്റെ ടൈപ്പ് കോപ്പിയും അസ്സലും തയ്യാറാക്കിയും വര്‍ഷങ്ങളോളം ആ ഗുരുവും ശിഷ്യനും ഒരേമനസ്സോടെ തപസ്സനുഷ്ഠിച്ചതിന്റെ ഫലമാണ് ഇന്നു നാം കാണുന്ന നടരാജഗുരുവിന്റെ പ്രശസ്തങ്ങളായ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെല്ലാം. ഭഗവദ്ഗീതയോട് ജോണിനുണ്ടായിരുന്ന ആഭിമുഖ്യംകൊണ്ട് ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് നടരാജഗുരു സ്വന്തമായി ഗീതാവ്യാഖ്യാനം എഴുതിയപ്പോഴാണ്. അന്നുവരെ എഴുതപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ഏതാണ്ട് എല്ലാ ഗീതാവ്യാഖ്യാനങ്ങളും ജോണ്‍ അതിനകം വായിച്ചിട്ടുണ്ടായിരുന്നു. ഈ അര്‍പ്പണമനോഭാവം കൊണ്ടാണ് അതുവരെയുള്ള ഗീതാവ്യാഖ്യാതാക്കളാരും തുനിയാത്ത തരത്തില്‍ ഗീതയെ സമീപിക്കാനും പുതിയ അര്‍ഥങ്ങളും മാനങ്ങളും കണ്ടെത്താനും ഈ ഗീതാവ്യാഖ്യാനത്തിന് കഴിഞ്ഞിട്ടുള്ളത്. നാരായണ ഗുരുകുലത്തിന് ഇന്നത്തെപ്പോലെയുള്ള ആളും അര്‍ഥവുമില്ലാതിരുന്ന കാലത്ത് ഇച്ഛാശക്തിയും ഏറ്റെടുത്ത ദൗത്യത്തോടുള്ള അര്‍പ്പണ മനോഭാവും മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്ന കൈമുതല്‍. ഈ ഗ്രന്ഥങ്ങളുടെ മുഖവുരയിലും സ്വന്തം ആത്മകഥയിലും നടരാജഗുരു ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.3

ആ ഗുരുശിഷ്യന്മാരുടെ ജീവിതത്തെക്കുറിച്ച് ഗുരുനിത്യചൈതന്യയതി ‘ഭയതിചരിതം’ എന്ന തന്റെ ആത്മകഥയില്‍ (‘Love and Blessings’ എന്ന പേരില്‍ ഈ ആത്മകഥ ഇംഗ്ലീഷിലും ലഭ്യമാണ്) ഇങ്ങനെ അനുസ്മരിക്കുന്നുണ്ട് : “ഒരു സായാഹ്നത്തില്‍ ബാംഗ്ലൂരില്‍നിന്ന് ജോണ്‍ സ്പിയേഴ്‌സ് ഫേണ്‍ഹില്ലില്‍ എത്തി ച്ചേര്‍ന്നു. നടരാജഗുരുവിന് ജോണ്‍ ആത്മസുഹൃത്തിനെപ്പോലെയായിരുന്നു. ഇന്ത്യക്കാരായ ആരാധകരുടെയും ശിഷ്യരുടെയും നേര്‍ക്ക് കാണിക്കാറുള്ള ശുണ്ഠിയൊന്നും ജോണ്‍ വന്നപ്പോള്‍ ഗുരുവില്‍ കണ്ടില്ല. അവരുടെ ഇടയില്‍ സാര്‍വ്വലൗകികതയുടെ അന്തരീക്ഷം വിടര്‍ന്നു നിറഞ്ഞതുപോലെ തോന്നി. കവിത, തത്വചിന്ത, മിസ്റ്റിസിസം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു പുതുതായിറങ്ങിയ പുസ്തകങ്ങളെക്കുറിച്ചും ലോകരാഷ്ട്രീയരംഗത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളുമായാണ് ജോണ്‍ വരിക.

രണ്ടു തത്വജ്ഞാനികളുടെ സല്ലാപംപോലെയായിരുന്നു അവരുടെ കൂടിച്ചേരല്‍. അവരുടെ സംഭാഷണങ്ങളില്‍ വ്യക്തിപരമായ അഹന്തയുടെ ചെറിയൊരു അംശംപോലും ഉണ്ടായിരുന്നില്ല. അതിവിദഗ്ധരായ രണ്ടു വില്ലാളികളെപ്പോലെ അവര്‍ വാദപ്രതിവാദങ്ങളുടെ വാഗ്ശരങ്ങള്‍ പരസ്പരം എയ്തുകൊണ്ടിരിക്കും. ഗുരുശിഷ്യപാരസ്പര്യത്തിലെ പൂര്‍വ്വപക്ഷവും സിദ്ധാന്തപക്ഷവും പോലെയായിരുന്നു അവരിരുവരും പെരുമാറിയിരുന്നത്. ഉറക്കമൊഴിച്ചുള്ള നേരങ്ങളിലെല്ലാം അവരുടെ ഈ സംവാദം തുടര്‍ന്നുകൊണ്ടിരുന്നു. സംസാരത്തിനിടയില്‍ത്തന്നെ ജോണ്‍ നല്ല ചായയുണ്ടാക്കി ചൂടോടെ ഞങ്ങളുടെ മുന്നിലുള്ള മൂന്നു കപ്പുകളിലും വീണ്ടുംവീണ്ടും നിറച്ചുകൊണ്ടിരിക്കും.”

ഭാരതത്തിലെ അധ്യാത്മമേഖലയില്‍ ഗുരു നടത്തിയ, ഒരുപക്ഷേ അരുവിപ്പുറം പ്രതിഷ്ഠയെക്കാളും കണ്ണാടിപ്രതിഷ്ഠയെക്കാളും വലിയ ഈ വിപ്ലവത്തിനും ആചാരപരിഷ്‌കരണത്തിനും വേണ്ടത്ര പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. പില്‍ക്കാലത്ത് ഒട്ടേറെ ഹൈടെക്ക് ആത്മീയാചാര്യന്മാരുടെ പലവിധത്തിലുള്ള കസര്‍ത്തുവേലകളും ഇന്ത്യയിലെ ആധ്യാത്മികമേഖലയില്‍ നടന്നുവെങ്കിലും അതൊന്നും ബ്രിട്ടീഷ്ഭരണകാലത്ത് ഒരു ധ്വരയ്ക്കു ടൈ നല്‍കിക്കൊണ്ട് സന്യാസ ദീക്ഷ നല്‍കുന്നിടത്തോളം വരുകയില്ല. ‘നമുക്ക് സന്യാസം നല്‍കിയത് സായിപ്പുമാരാണല്ലോ’, എന്ന ഗുരുദേവവചനത്തോടൊപ്പം ഇക്കാര്യം ചേര്‍ത്തുവെച്ചു വായിച്ചുനോക്കിയാല്‍ ഇതിന് ഒരുപാട് അര്‍ഥതലങ്ങളുള്ളതായി മനസ്സിലാക്കാനാകും. ഇപ്പോള്‍ ശിവഗിരിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ ശതവത്സരാഘോങ്ങള്‍ പോലെ തന്നെ നടത്തേണ്ട ഒന്നാണ് ഈ സന്യാസദീക്ഷാദാനത്തിന്റെ ശതവത്സരാഘോഷവും.

ഇതുകൂടാതെ ജോണ്‍ തന്നില്‍ വളര്‍ത്തിയെടുത്ത വായനാഭിരുചി, വസ്തുതകള്‍ മനസ്സിലാക്കാനായി സ്വീകരിക്കേണ്ട ചിന്താപദ്ധതി, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, പെരുമാറ്റശീലങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ഗുരുനിത്യ പില്‍ക്കാലത്ത് ‘മറക്കാനാവാത്തവര്‍’ എന്ന കൃതിയില്‍ കൃജ്ഞതയോടെ അനുസ്മരിക്കുന്നുണ്ട്. ‘അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇംഗ്ലീഷ് ഭാഷയില്‍ പുസ്തകരചന നടത്തുവാന്‍ ധൈര്യം കാണിക്കുകയില്ലായിരുന്നു’ എന്നാണ് ഗുരുനിത്യയുടെ വാക്കുകള്‍.

കൂടാതെ, ജോണ്‍ നാരായണഗുരുകുല പ്രസ്ഥാനത്തിന് അടിത്തറപാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നാരായണഗുരുവിനെ ജനങ്ങള്‍ക്കു ശരിയായ അര്‍ഥത്തില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുവേണ്ടി അദ്ദേഹം വളരെയധികം ബുദ്ധിമുട്ടുള്ള പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ഇതിനായി അദ്ദേഹം പത്രാധിപരായി ‘Values’ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് മാസിക ആരംഭിച്ചു. 1955 സെപ്തംബര്‍ 11-ന് ചതയദിനത്തില്‍ തൃശ്ശിനാപ്പിള്ളിയില്‍വെച്ച് നടരാജഗുരു, മംഗളാന്ദസ്വാമി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഇതിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തത്. values is the voice of unitive wisdom for all humanity എന്ന ശീര്‍ഷകവചനമാണ് ഈ മാസികയ്ക്ക് ജോണ്‍ കൊടുത്തിരുന്നത്. ഈ മാസികയില്‍ അദ്ദേഹവും നടരാജഗുരുവും മറ്റും എഴുതിയ ലേഖനങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യത്യസ്തരായ അനേകം പേര്‍ക്കിടയില്‍ നാരായണഗുരുവിനെ പരിചയപ്പെടുത്തുന്നതിന് ഇടനല്‍കി. ഇപ്പോള്‍ പുസ്തകരൂപത്തില്‍ ലഭിക്കുന്ന നടരാജഗുരുവിന്റെ മിക്ക കൃതികളും (Word of the Guru, An integrated science of the Absolute എന്നിവയൊഴിച്ച്) ഈ മാസികയിലാണ് ആദ്യമായി ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത്. അങ്ങനെ നടരാജഗുരുവിനെക്കൊണ്ട് മുടങ്ങാതെ മാസംതോറും ഓരോന്നും എഴുതിക്കുന്നതിന് ജോണിന് ഈ മാസികകൊണ്ട് സാധിച്ചു. ജോണ്‍ തന്റെ ജീവചരിത്രം എഴുതുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ട് സ്വന്തം വ്യക്തിജീവിതം മറ്റൊരാള്‍ ഊഹിച്ചെഴുതേണ്ടെന്നു കരുതി മാത്രമാണ് താന്‍ ആത്മകഥ എഴുതുന്നതെന്ന് നടരാജഗുരു ആത്മകഥയുടെ മുഖവുരയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ അര്‍ഥത്തില്‍ നടരാജഗുരുവില്‍നിന്ന് ഇത്രയും ജ്ഞാനസമ്പത്ത് കറന്നെടുത്തതില്‍ നാമെല്ലാം ജോണിനോടു കടപ്പെട്ടവരാണ്.

ഗുരുദര്‍ശനം കൂടാതെ മനുഷ്യരാശിയെ ഗുണപരമായി സ്വാധീനിക്കാന്‍ ഉതകുന്ന മൂല്യവത്തായ ഏതു വിഷയങ്ങളെക്കുറിച്ചും ജോണ്‍ ഈ മാസികയില്‍ വേണ്ടത്ര ശുഷ്‌കാന്തിയോടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സാഹിത്യവും കലയും കവിതയും പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയും ചരിത്രവും എന്നുവേണ്ട അന്ന് ആനുകാലികങ്ങളിലൊന്നും ചര്‍ച്ചചെയ്തു തുടങ്ങിയിട്ടില്ലാത്ത മനശാസ്ത്രവും നരവംശശാസ്ത്രവും വരെ ഉള്‍പ്പെട്ടിരുന്നു. പ്രതിപാദനവിഷയം എന്തായിരുന്നാലും അതിനോടുള്ള സമീപനത്താലും ഉപയോഗിക്കുന്ന ഭാഷയാലും അവതരണരീതിയാലും അവയ്‌ക്കെല്ലാം തന്റെതായ വ്യക്തിത്വവും അനന്യതയും നല്‍കാന്‍ ജോണിനു കഴിഞ്ഞു. പ്രിയപ്പെട്ട ഒരു സ്‌നേഹിതനെപ്പോലെ നമ്മുടെ കൈപിടിച്ചുകൊണ്ട് തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ മൃദുവായി മൊഴിഞ്ഞു നടന്നുനീങ്ങുന്ന ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ രചനകള്‍ക്കെല്ലാം പൊതുവായുള്ള സവിശേഷത. നാരായണ ഗുരുവിനെക്കുറിച്ചും ഗുരുദര്‍ശനത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളോടു കിടപിടിക്കുന്നവ പിന്നീട് വിദേശികളായ ആരും എഴുതിക്കണ്ടിട്ടില്ല. ജാതിമതദേശചിന്തകളുടെ ഇടുങ്ങിയ മാനസികഘടനയ്ക്കപ്പുറം ഗുരുവിനെ കൃതികളിലൂടെ മനസ്സിലാക്കാനായ ഒരു വിശ്വമനസ്സിനെ നമുക്ക് ഇവയില്‍ കണ്ടെത്താം.

മാസികയുടെ എഡിറ്റിങ് ജോലിക്കു പുറമെ അച്ചടി, പായ്ക്കിങ്, പോസ്റ്റിങ്, വരിസംഖ്യയും പരസ്യവും പിരിക്കല്‍ തുടങ്ങിയ ജോലികളെല്ലാം അദ്ദേഹം ഒറ്റയ്ക്കു ചെയ്തുപോന്നു. കൂടാതെ ചിത്രകലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാടവം വ്യക്തമാക്കുന്നവയാണ് മാസികയുടെ മുഖചിത്രങ്ങള്‍ മിക്കതും. 1970-കളുടെ ആദ്യംവരെ ഈ മാസിക മുടക്കംകൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യേകമായി തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടായിരുന്നു ഓരോ ലക്കവും പ്രസിദ്ധീകരിച്ചിരുന്നത്. അടുത്ത മാസത്തെ വിഷയം മുന്‍കൂട്ടി പ്രസ്താവിക്കുകയും ചെയ്യുമായിരുന്നു. ഒരു വര്‍ഷത്തെ മാസികകളെ ഒരു വാള്യമായി കണക്കാക്കി ആ വര്‍ഷമിറങ്ങുന്ന ലക്കങ്ങള്‍ക്കെല്ലാം ക്രമമായാണ് പേജു നമ്പര്‍ കൊടുത്തിരുന്നത്. ഇങ്ങനെ പില്‍ക്കാലത്ത് കേരളത്തില്‍ വളര്‍ന്നു പുഷ്ടിപ്രാപിച്ച ഇതര വൈജ്ഞാനിക ആനുകാലികങ്ങള്‍ക്ക് വേണ്ട മാതൃക സൃഷ്ടിക്കുന്നതിനും ‘വാല്യൂസി’ന് അതിന്റെതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നടരാജഗുരു ജോണിന് 1952-ല്‍ സന്യാസദീക്ഷ നല്‍കി നാരായണഗുരുകുലത്തിന്റെ ഗുരുപരമ്പരക്ക് രൂപംനല്‍കി. അന്നുമുതല്‍ അദ്ദേഹം സ്വാമി ജോണ്‍ സ്പിയേഴ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ ആശ്രമങ്ങളെയും സന്യാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെയൊന്നും അദ്ദേഹം വകവെച്ചിരുന്നുമില്ല. ചില വ്യക്തിപരമായ കാരണങ്ങളാല്‍ 1971-ല്‍ ജോണ്‍ ഗുരുപരമ്പര ഉപേക്ഷിച്ചുകൊണ്ട് ഗുരുകുലവാസം തുടര്‍ന്നു. ഗുരുപരമ്പര ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ 1971 ഏപ്രില്‍ ലക്കം വാല്യൂസിന്റെ മുഖപ്രസംഗത്തില്‍ അദ്ദേഹം ഇങ്ങിനെ വ്യക്തമാക്കുന്നുണ്ട് : “Personal differences between Nataraja Guru and I which have been growing during the last ten years have made it impossible for me in fairness to him and to all concerned, to continue association with the Narayana Gurukula Movement. My love and reverence for Narayana Guru and his global wisdom as a Jagat-Guru must be beyond question after a quarter of a century of dedicated service. My loyalty to Guruhood itself, wherever represented by Nataraja Guru, also remains at vertical level…. Sitting in the same classroom for twenty five years has been for me a bit too much. I have not disadopted the verticality of the situation, but merely the horizontal aspects. Please don’t think that I have any desire to set myself up as Guru or rival. Nor do I seek disciples. Indeed when people have called me their Guru, I have sent them to Nataraja Guru all these years.”

തന്റെ വ്യക്തിപ്രഭാവവും വിവിധ വിഷയങ്ങളിലുള്ള പ്രായോഗിക പരിജ്ഞാനവും കൊണ്ട് നാരായണഗുരുവിന്റെ ജ്ഞാനപാരമ്പര്യം കലര്‍പ്പില്ലാതെ പിന്‍തുടരുന്നതിന് നാരായണ ഗുരുകുലത്തിന് എക്കാലത്തേക്കുമായി വേണ്ട മാതൃക ഒരുക്കിക്കൊടുക്കുന്നതിന് സ്വാമി ജോണ്‍ സ്പിയേഴ്‌സിനു കഴിഞ്ഞു. അവസാന കാലം വരെ കാവിമുണ്ടും ജുബ്ബയും രണ്ടാംമുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. അക്കാലത്ത് നാട്ടിലും വിദേശങ്ങളിലുമുള്ള ഒരുപാട് വിദ്വല്‍സമ്മേളനങ്ങളിലും സര്‍വ്വകലാശാലകളിലും ഗുരുവിനെക്കുറിച്ച് സംസാരിക്കാനായി അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിനടുത്ത് കക്ഷളിപുരയില്‍, മിക്കവാറും സ്വന്തം കൈകൊണ്ടു നിര്‍മ്മിച്ച, വൈദ്യുതിപോലുമില്ലാത്ത പര്‍ണശാലയില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം മാസികയുടെ എഡിറ്റിങ് ജോലികള്‍ മുഴുവന്‍ നടത്തിയിരുന്നത്. വിവിധ വിജ്ഞാനശാഖകളിലുള്ള അനേകം പുസ്തങ്ങളുള്ള നല്ലൊരു ലൈബ്രറി അദ്ദേഹത്തിന് അവിടെ സ്വന്തമായുണ്ടായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിതരീതികളുടെ നന്മകളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം പിന്‍തുടര്‍ന്നിരുന്നത്. ‘ജോണ്‍ ഏറെക്കുറെ കേരളീയരുടെ ആഹാരം ഇംഗ്ലീഷ് രീതിയില്‍ കഴിക്കുന്നയാളാണ്. പ്രാതല്‍ ദോശയും കറിയും ചായയും; ഉച്ചയ്ക്ക് ചോറും സാമ്പാറും പപ്പടവും; വൈകിട്ട് സൂപ്പ്. കൂടാതെ സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു,’ എന്നാണ് അദ്ദേഹത്തിന്റെ ജീവിതശൈലിയെക്കുറിച്ച് ഗുരുനിത്യ ‘Love and Blessings’ എന്ന ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു തികഞ്ഞ അധ്യാത്മപുരുഷനായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലുമൊരു മതവിശ്വാസിയായിരുന്നില്ല. താന്‍ വന്നുപിറക്കാനിടയായ ക്രിസ്ത്യന്‍മതത്തോടുപോലും അദ്ദേഹത്തിന് തീരെ മതിപ്പുമുണ്ടായിരുന്നില്ല. മാത്രമല്ല ആ മതത്തിലെ പല പോരായ്മകളെയും വൈകല്യങ്ങളെയും കുറിച്ച് അദ്ദേഹം തന്റെ കൃതികളില്‍ നിശിതമായി വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് സ്വന്തം കുടുംബത്തില്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയിരുന്ന പൊള്ളയായ ആചാരങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ പൂര്‍ത്തിയാക്കാതെ പോയ ആത്മകഥയായ ‘World of memory’യില്‍ വിവരിക്കുന്നുണ്ട്.

കക്ഷളിപുരയിലുണ്ടായിരുന്ന ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സ്വാമി ജോണ്‍ സ്പിയേഴ്‌സ് 1979 സെപ്തംബര്‍ 19-ന് ബാംഗ്ലൂരില്‍ സമാധിയടഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചിതാഭസ്മം ആശ്രമത്തിലെ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ നിക്ഷേപിക്കുകയുമാണ് ചെയ്ത്. ശവശരീരം ചക്കിലാട്ടി വളമാക്കി തെങ്ങിനിട്ടാല്‍ കൊള്ളാമെന്ന നാരായണ ഗുരുവിന്റെ വാക്കുകള്‍ പലപ്പോഴും നര്‍മ്മപൂര്‍വ്വം അനുസ്മരിക്കാറുണ്ടായിരുന്ന ജോണിന് ഉചിതമായ അന്ത്യമായി ഇതിനെ കാണാവുന്നതാണ്.

വാല്യൂസില്‍ പ്രസിദ്ധീകരിച്ചിരുന്ന ജോണിന്റെ ഏതാനും ലേഖനങ്ങള്‍

അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ശ്രീ പൂത്തട്ട് നാരായണന്‍ 44 പൂത്തട്ട് നാരായണന്‍ (1924- ), കണ്ണൂര്‍, അഴീക്കല്‍ സ്വദേശി. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയശേഷം ‘പിയേഴ്‌സ് ലസ്ലി’ എന്ന ബ്രിട്ടീഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗത്തില്‍നിന്നു വിരമിച്ചശേഷം കുറച്ചു കാലം കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇടപ്പള്ളിയില്‍ മകന്റെ കൂടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുന്നു.

പില്‍ക്കാലത്ത് സമാഹരിച്ച് സ്വന്തം ചിലവില്‍ ‘Guru the Unknown’,  ‘What shall I read?’ എന്നീ പേരുകളില്‍ രണ്ടു ചെറിയ വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. ഇവമാത്രമാണ് ഇന്ന് പുസ്തകരൂപത്തില്‍ ലഭ്യമായിട്ടുള്ള ജോണിന്റെ കൃതികള്‍. നാരായണഗുരുവിനെക്കുറിച്ചുള്ള ‘A Warrior Rishi’ എന്ന ജോണിന്റെ പുസ്തകം വലുപ്പത്തില്‍ ചെറുതാണെങ്കിലും വളരെ പ്രശസ്തവും ആധികാരികവുമാണ്. 1947-ല്‍ നാരായണഗുരുവിന്റെ 93-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊളംബോയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ‘ഒരു വീരമഹര്‍ഷി’ എന്ന പേരില്‍ മംഗളാനന്ദസ്വാമി ഇതിന് എഴുതിയ മലയാള പരിഭാഷ ഇപ്പോഴും ലഭ്യമാണ്. ഇതുകൂടാതെ ഇന്നും അപ്രകാശിതങ്ങളായ ‘What India means to me’, ‘What Europe means to me’, ‘Pagan Europe’, ‘World of memory’ എന്നീ കൃതികളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

സ്വാമി ഏണസ്റ്റ് കിര്‍ക്ക്

നാരായണഗുരു സശരീരനായിരുന്നപ്പോള്‍തന്നെ ഏണസ്റ്റ് കിര്‍ക്ക് (Ernest Kirk) എന്ന ഒരു ഇംഗ്ലീഷുകാരന്‍ ഗുരുവില്‍ ആകൃഷ്ടനായി വരികയും ഗുരു അദ്ദേഹത്തിന് തികച്ചും ആധുനികവും അതുവരെ കേട്ടുകേഴ്‌വിപോലുമില്ലാത്ത രീതിയില്‍ ഒരു ടൈ കൊടുത്തുകൊണ്ട് സന്യാസദീക്ഷ നല്‍കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ടൈ ധരിച്ചുകൊണ്ട് നടന്നിരുന്നതായി രേഖപ്പെടു ത്തിയിട്ടുണ്ട്. ഭാരതത്തിലെ അധ്യാത്മമേഖലയില്‍ ഗുരു നടത്തിയ, ഒരുപക്ഷേ അരുവിപ്പുറം പ്രതിഷ്ഠയെക്കാളും കണ്ണാടിപ്രതിഷ്ഠയെക്കാളും വലിയ ഈ വിപ്ലവത്തിനും ആചാരപരിഷ്‌കരണത്തിനും വേണ്ടത്ര പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. പില്‍ക്കാലത്ത് ഒട്ടേറെ ഹൈടെക്ക് ആത്മീയാചാര്യന്മാരുടെ പലവിധത്തിലുള്ള കസര്‍ത്തുവേലകളും ഇന്ത്യയിലെ ആധ്യാത്മികമേഖലയില്‍ നടന്നുവെങ്കിലും അതൊന്നും ബ്രിട്ടീഷ്ഭരണകാലത്ത് ഒരു ധ്വരയ്ക്കു ടൈ നല്‍കിക്കൊണ്ട് സന്യാസ ദീക്ഷ നല്‍കുന്നിടത്തോളം വരുകയില്ല. ‘നമുക്ക് സന്യാസം നല്‍കിയത് സായിപ്പുമ്മാരാണല്ലോ’, എന്ന ഗുരുദേവവചനത്തോടൊപ്പം ഇക്കാര്യം ചേര്‍ത്തുവെച്ചു വായി ച്ചുനോക്കിയാല്‍ ഇതിന് ഒരുപാട് അര്‍ഥതലങ്ങളുള്ളതായി മനസ്സിലാക്കാനാകും. ഇപ്പോള്‍ ശിവഗിരിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ ശതവത്സരാഘോങ്ങള്‍ പോലെ തന്നെ നടത്തേണ്ട ഒന്നാണ് ഈ സന്യാസദീക്ഷാദാനത്തിന്റെ ശതവത്സരാഘോഷവും.

ആധുനിക സാങ്കേതികവിദ്യകളോടു ഗുരുവിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഭിമുഖ്യം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരുന്നതിനുള്ള ചില പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുരു അദ്ദേഹത്തെ ചുമതലപ്പെടുത്തിയെങ്കിലും ഗുരുവിന്റെ കാലശേഷം മാറിയ സാഹചര്യത്തില്‍ ആ സംരംഭങ്ങളൊന്നും ഫലപ്രാപ്തിയിലെത്താതെ കലാശിക്കുകയാണുണ്ടായത്. ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹം അവസാനകാലം ശിവഗിരി വിട്ട് ഊട്ടിക്കടുത്ത് കൂനൂരില്‍ ശിഷ്ടകാലം താമസിക്കുകയാണുണ്ടായത്. ‘Life’ എന്ന പേരില്‍ അദ്ദേഹം ഒരു ഇംഗ്ലീഷ് മാസിക നടത്തിയിരുന്നതായും 1961-ല്‍, 85-ാമത്തെ വയസ്സില്‍ സമാധിയടഞ്ഞതായും ജോണ്‍ സ്പിയേഴ്‌സ് വാല്യൂസില്‍ രേഖപ്പെടുത്തുന്നുണ്ട്.

നാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും കൃതികളും ആഗോളമായി പ്രചരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വിദേശികളായ ഈ രണ്ടു സ്വാമിമാരെ ആരും വേണ്ടരീതിയില്‍ ഓര്‍ക്കുകയോ അവരുടെ സംഭാവനകള്‍ മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാമി ജോണ്‍ സ്പിയേഴ്‌സിന്റെ കൃതികളെല്ലാം കണ്ടെടുത്ത് നവീനരീതിയില്‍ പ്രസിദ്ധീകരിക്കുന്നതിനോ അവയുടെ പഠനങ്ങളോ പുനര്‍വായനകളോ നടത്തുന്നതിന് അദ്ദേഹവും കൂടി അധ്വാനിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനം പോലും എന്തെങ്കിലും ചെയ്തതായി അറിവില്ല. അക്കാദമികമായ താല്‍പര്യത്തോടെ ഗവേഷണപദ്ധതികളില്‍ ഏര്‍പ്പെടുന്ന യുവാക്കളിലാരെങ്കിലും കാലയവനികയ്ക്കപ്പുറം മറഞ്ഞ ഈ രണ്ടു കൃപാലുക്കളുടെ വിലമതിയാത്ത സേവനങ്ങളെ ഇനിയെങ്കിലും ഗവേഷണവിഷയമായി സ്വീകരിക്കുന്നതു നന്നായിരിക്കും. ഈ സാഹചര്യത്തില്‍, സൗഹൃദത്തിന്റെ പേരില്‍ ശ്രീ പൂത്തട്ട് നാരായണന്‍ സ്വാമി ജോണ്‍ സ്പിയേഴ്‌സിന്റെ പുസ്തകങ്ങള്‍ സ്വന്തംനിലയില്‍ പ്രസിദ്ധീകരിക്കാന്‍ തുനിഞ്ഞതിനെ നാം അറിഞ്ഞ് അംഗീകരിക്കുകയെങ്കിലും ചെയ്യണം.

കുറിപ്പുകള്‍:

1-നടരാജഗുരു (1895-1973) ഡോ.പി.പല്‍പ്പുവിന്റെ മകന്‍. നാരായണഗുരുവിന്റെ ശിഷ്യപ്രമുഖനും നാരായണ ഗുരുകുലപ്രസ്ഥാനത്തിന്റെ സ്ഥാപകനും. പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഹെന്‍ട്രി ബര്‍ഗ്‌സണ്‍ന്റെ കീഴില്‍ പഠിച്ച് വിദ്യാഭ്യാസമനശ്ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. നാരായണഗുരുവിന്റെ പ്രധാനകൃതികളൊക്കെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും അവയ്ക്ക് വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
2- The Life of Ramakrishna by Romain Rolland Chapter VII
3-ഈ ഇംഗ്ലീഷ്ഗ്രന്ഥങ്ങളും അവയുടെ മലയാളപരിഭാഷകളും വര്‍ക്കല നാരായണ ഗുരുകുലത്തില്‍ഇപ്പോള്‍ ലഭ്യമാണ്.

(ദീര്‍ഘകാലമായി നാരായണഗുരുകുലത്തിന്റെ സഹചാരിയാണ് ലേഖകന്‍. ഇപ്പോള്‍ കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസില്‍ (KUFOS) സെക്ഷന്‍ ഓഫീസര്‍. മേല്‍വിലാസം : പുതുവല്‍ പറമ്പില്‍ (JRA  59), മഞ്ഞുമ്മല്‍ പി. ഒ., എറണാകുളം ജില്ല – 683501. മൊബൈല്‍ : 9288137485 /email : appukkily@gmail.com))

  • What shall I read, Guru the Unknown (Essays) Compiled and published by Poothat Narayanan, 34/2423-D, `Vignesh’, Govt. High School Road, Edappally, Kochi – 682 024.
  • The Word of the Guru – Nataraja Guru (2008) D.K. Printworld (P) Ltd., New Delhi.
  • Autobiography of an Absolutist – Nataraja Guru (1989) Narayana Gurukulam, Varkala.
  • Love and Blessings – Nitya Chaitanya Yati (2000) Narayana Gurukulam, Varkala.
  • മറക്കാനാവാത്തവര്‍ - നിത്യചൈതന്യയതി (2003) സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് , കൊല്ലം.
  • യതിചരിതം - നിത്യചൈതന്യയതി (2011) മലയാള പഠനഗവേഷണകേന്ദ്രം, തൃശൂര്‍.
  • മുനി നാരായണപ്രസാദ്, ശ്രീ പൂത്തട്ട് നാരായണന്‍ എന്നിവരുമയി ലേഖകന്‍ നടത്തിയ സംഭാഷണം.
  • വാല്യൂസ്, ഗുരുകുലം മാസികകളുടെ പഴയ ലക്കങ്ങള്‍.
Top